Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

Apr 26, 2010

ആഴങ്ങളില്‍ ടൈറ്റാനിക്‌ ഇന്നും അത്ഭുതം

'ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന വിശേഷണവുമായി യാത്ര തിരിച്ച ടൈറ്റാനിക് ആഴക്കടലില്‍ യാത്രയവസാനിപ്പിച്ചിട്ട് കഴിഞ്ഞ ഏപ്രില്‍ 15ന് 98 വര്‍ഷം തികഞ്ഞു. ടൈറ്റാനിക് സാങ്കേതികമായി അത്രയൊന്നും മേന്മയവകാശപ്പെടാന്‍ പറ്റുന്ന കപ്പലായിരുന്നില്ലെന്ന് എന്‍എസ് അരുണ്‍കുമാര്‍ 

മറ്റൊരു ഏപ്രില്‍ 15 കൂടി കഴിഞ്ഞു പോയിരിക്കുകയാണ്. ലോകം എന്നുമോര്‍ക്കുന്ന ടൈറ്റാനിക്‌ ദുരന്തത്തിന്റെ ഓര്‍മയുമായി. മഞ്ഞുകട്ടയുടെ രൂപമാര്‍ജിച്ചു നിന്ന മരണത്തിനു കീഴടങ്ങി ആയിരത്തഞ്ഞൂറിലേറെ ജീവിതങ്ങളുമായി ആഴിയുടെ അഗാധതയിലേക്ക്‌ ടൈറ്റാനിക്‌ വിടവാങ്ങിയത്‌ 1912 ഏപ്രില്‍ 15നായിരുന്നു. ഒരു നൂറ്റാണ്ടിന്റെ പഴമയ്‌ക്ക്‌ ഇനിയും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഒരു ചരിത്രസ്‌മാരകമായി അറ്റ്‌ലാന്റിക്കിനു താഴെ ഇന്നും നിലനിന്നു കൊണ്ട്‌ ടൈറ്റാനിക്‌ കഥ തുടരുകയാണ്‌.

`ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന്‌ നിര്‍മാതാക്കള്‍ നല്‍കിയ വിശേഷണവുമായി യാത്ര തിരിച്ചെന്നും അതിനു വിപരീതമായി കന്നിയാത്രയില്‍തന്നെ സ്വയമൊടുങ്ങിയെന്നതുമാണ്‌ ടൈറ്റാനിക്കിനെ സംബന്ധിക്കുന്ന ഏറ്റവും പ്രശസ്‌തമായ കേട്ടുകേള്‍വി. ടൈറ്റാനിക്കിന്റെ നിര്‍മ്മാതാക്കളായ `വൈറ്റ്‌ സ്റ്റാര്‍'  കമ്പനിയെ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും പിന്തുടരുന്ന മറ്റൊരു അപഖ്യാതിയില്ല. ബെല്‍ഫാസ്റ്റിലെ ഹാര്‍ലന്‍ഡ്‌ ആന്‍ഡ്‌ വോള്‍ഫ്‌ ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ആര്‍എംഎസ്‌ ടൈറ്റാനിക്‌ അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്നുവെങ്കിലും സാങ്കേതികമായി അതൊരു കാലഹരണപ്പെട്ട മാതൃകയായിരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. മുന്നില്‍ക്കണ്ട മഞ്ഞുകട്ടയിലിടിക്കാതിരിക്കാന്‍ തക്കവണ്ണം പെട്ടെന്ന്‌ ഗതിമാറ്റാന്‍ ടൈറ്റാനിക്കിന്‌ കഴിയാതിരുന്നത്‌ സമകാലീനമായിരുന്ന ചെറിയ യന്ത്രസംവിധാനം  (Counter and Rudder System) ആണ് അതിനുണ്ടായിരുന്നത് എന്നതിനാലായിരുന്നുവെന്ന കാര്യം പിന്നീടാണ്‌ വെളിപ്പെടുത്തപ്പെട്ടത്‌.

അമിതവേഗമായിരുന്നു ടൈറ്റാനിക്കിനെ ദുരന്തത്തിലേക്കു നയിച്ചത്‌ എന്നതായിരുന്നു മറ്റൊരു കഥ. കുറഞ്ഞ സമയംകൊണ്ട്‌ അറ്റ്‌ലാന്റിക്‌ മുറിച്ചുകടക്കുന്ന ഏറ്റവും വലിയ കപ്പല്‍ എന്ന റെക്കോഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ ടൈറ്റാനിക്‌ അപകടത്തില്‍പ്പെട്ടതത്രേ. ന്യൂഫൗണ്ട്‌ ലാന്‍ഡ്‌ എന്ന ദ്വീപിനു തെക്കുകിഴക്കായി നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ മഞ്ഞുകട്ടയിലിടിക്കുന്ന നിമിഷം വരെയും ടൈറ്റാനിക്കിലെ എല്ലാ ആവി എന്‍ജിനുകളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നില്ല. ഒരു റെക്കോഡ്‌ ലക്ഷ്യവുമായി അവ ഒന്നിച്ച്‌ പ്രവര്‍ത്തിക്കപ്പെട്ടിരുന്നെങ്കില്‍പോലും 21 നോട്ടിക്കല്‍ മൈലിനുമപ്പുറമുള്ള വേഗമാര്‍ജിക്കാന്‍ ടൈറ്റാനിക്കിന്‌ കഴിയുമായിരുന്നുമില്ല. വേഗം ഒരു മല്‍സരലക്ഷ്യവുമായി ടൈറ്റാനിക്‌ നിര്‍മാതാക്കാളായ വൈറ്റ്‌ സ്റ്റാര്‍കമ്പനിക്കു മുന്നിലുണ്ടാകാതിരിക്കാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു. 1899ല്‍ ഇക്കാര്യത്തില്‍ അക്കാലത്തുള്ള മറ്റൊരു പ്രധാന കപ്പല്‍നിര്‍മാണകമ്പനി(The Cunarders)യുമായി മല്‍സരിച്ചുകൊണ്ട്‌ വൈറ്റ്‌ സ്റ്റാര്‍ പുറത്തിറക്കിയ `ഒളിമ്പിക്‌' ഭാരിച്ച സാമ്പത്തികബാധ്യത വരുത്തി വച്ചിരുന്നു. അതുകൊണ്ടു തന്നെ താരതമ്യേന ചെലവ്‌ കുറഞ്ഞതും ശക്തി കുറഞ്ഞതുമായ ആവിയന്ത്രങ്ങളാണ്‌ ടൈറ്റാനിക്കിനായി നിശ്ചയിക്കപ്പെട്ടത്‌.

ചെറിയ സാങ്കേതികപ്പിഴവുകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാവുന്നതിനുള്ള ആദ്യ ഉദാഹരണമായിരുന്നു ടൈറ്റാനിക്‌. ഡോ റോബര്‍ട്ട്‌ ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം 1985ല്‍ അറ്റ്‌ലാന്റിക്കിനിടയില്‍ അത്‌ കണ്ടെത്താനിടയാക്കിയ ശ്രമങ്ങള്‍ക്കും ഒരടിസ്ഥാനം കപ്പല്‍ സാങ്കേതികതയില്‍ വന്നു പോയേക്കാവുന്ന അത്തരം പിഴവുകളെക്കുറിച്ചുള്ള ശ്രദ്ധയും പഠനവുമായിരുന്നു. 1987ല്‍ തുടങ്ങി ആറു പര്യവേക്ഷണദൗത്യങ്ങള്‍ നാളിതുവരെയായി ടൈറ്റാനിക്‌ ലക്ഷ്യമായി നടത്തപ്പെട്ടിട്ടുണ്ട്‌. അമേരിക്കന്‍ ഗവേഷണസ്ഥാപനമായ നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റമോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ 2004 മെയ്‌ 27 മുതല്‍ ജൂണ്‍ 12 വരെ നടത്തിയ ഗവേഷണങ്ങളായിരുന്നു ഇവയില്‍ ഒടുവിലത്തേത്‌.

ലേഖകന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ്

Apr 3, 2010

മനുഷ്യസ്‌നേഹിയായ ചലച്ചിത്രകാരന്‍

അടുത്തിടെ അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകന്‍ ശരത് ചന്ദ്രനെ കുറിച്ച് വര്‍ഗീസ് ആന്റണി

മുഖ്യധാരയിലെ കെട്ടുകാഴ്‌ചകളില്‍ നിന്നകന്ന്‌, ദൃശ്യങ്ങളുടെ ആഴത്തിലുള്ള സംവേദനക്ഷമതയേക്കുറിച്ച്‌ മാത്രം ആലോചിച്ചിരുന്ന ചലച്ചിത്രകാരനായിരുന്നു സി ശരത്‌ചന്ദ്രന്‍. സിനിമയായിരുന്നു അയാളുടെ ആത്മാവ്‌. അതിനായി ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍ എന്ന്‌ പരിചയപ്പെടുത്തുന്നതു പോലെ കാണുമ്പോഴെല്ലാം നല്ല സിനിമകളേക്കുറിച്ച്‌ മാത്രം സംസാരിച്ചു അദ്ദേഹം.എംജി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത്‌ ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ്‌ ശരത്‌ചന്ദ്രനെ ആദ്യമായി കാണുന്നത്‌. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ആ ഫെസ്റ്റിവലിലേക്ക്‌ തോള്‍സഞ്ചിയില്‍ ഡിവിഡികളും കൈയില്‍ വീഡിയോ പ്രൊജക്ടറുമായി കടന്നുവന്ന അദ്ദേഹത്തെ കൗതുകത്തോടെയായിരുന്നു ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടത്‌. പ്രതിഫലമായി വലിയ പണമൊന്നും നല്‍കിയിരുന്നില്ല. ഓരോ ചിത്രവും ആരംഭിക്കുന്നതിന്‌ മുന്‍പും അവസാനിച്ച ശേഷവും അതിനേക്കുറിച്ച്‌ ഹ്രസ്വമായ ഒരു വിവരണവും നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സിനിമയുടെ ചരിത്രവും, വിവിധ പ്രസ്ഥാനങ്ങളുമെല്ലാം ഈ വര്‍ത്തമാനങ്ങളില്‍ കടന്നുവന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ സിനിമ മനസിലാകാന്‍ ഇത്‌ സഹായകമായി. ഏതോ കാലത്ത്‌‌, വ്യത്യസ്ഥമായ രാഷ്ട്രീയ അന്തരീക്ഷങ്ങളില്‍ നിര്‍മിക്കപ്പെടുന്ന സിനിമകള്‍ അതിന്റെ ചരിത്രപരമായ പശ്ചാത്തലംകൂടി മനസിലാക്കി ആസ്വദിക്കപ്പെടണമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിനായി വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചു. ലോകസിനിമയിലെ ക്ലാസിക്കുകള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ആ മേള അക്കാലത്ത്‌ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പഠിച്ചിരുന്ന സിനിമാ പ്രേമികളായ വിദ്യാര്‍ത്ഥികളാരും മറക്കില്ല. (മാതൃഭൂമിയിലെ ഡോണ്‍ ജോര്‍ജിന്റെ സഹായത്തോടെ ക്യാംപസില്‍ നടത്തിവന്ന ഫിലിം ഫെസ്‌റ്റിവലുകള്‍ പുതിയ സിനിമകളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌).

കലയെന്ന നിലയില്‍ സിനിമയെ സമീപിക്കുന്നവരേയും വിദ്യാര്‍ത്ഥികളേയും നല്ല ചിത്രങ്ങള്‍ കാണിക്കുന്നതില്‍ സന്തോഷിച്ചിരുന്നയാളായിരുന്നു ശരത്‌ചന്ദ്രന്‍. ഫിലിം സൊസൈറ്റികളിലും സര്‍വകലാശാലാ ക്യാംപസുകളിലും കോളെജുകളിലും സ്‌കൂളുകളിലും ഇതിനായി അദ്ദേഹം ചലച്ചിത്ര മേളകള്‍ നടത്തി. പലപ്പോഴും പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഈ ശ്രമങ്ങള്‍. തന്റെ സ്വകാര്യ ശേഖരത്തിലെ ഡിവിഡികള്‍ ഇത്തരം മേളകള്‍ക്കായി അദ്ദേഹം ഉപയോഗിച്ചു. വീഡിയോ പ്രൊജക്ടര്‍ സംഘടിപ്പിക്കാമെങ്കില്‍ ചലച്ചിത്രമേളകള്‍ നടത്താന്‍ സഹായിക്കാമെന്ന വാഗ്‌ദാനം ഫണ്ടില്ലാത്ത സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പലപ്പോഴും അനുഗ്രഹമായിരുന്നു.

കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ രണ്‌ട്‌ വര്‍ഷം മുന്‍പ്‌ നടത്തിയ ഒരു ഫിലിം ക്യാമ്പിലാണ്‌ അദ്ദേഹത്തിന്റെ ഇത്തരം പരിശ്രമങ്ങളുടെ വ്യാപ്‌തി അടുത്തറിയാന്‍ അവസരം ലഭിച്ചത്‌. മൂന്ന്‌ ദിവസം നീണ്‌ടു നിന്ന ക്യാമ്പ്‌ തീരുമ്പോഴേക്കും അമ്പതോളം വരുന്ന കുട്ടികള്‍ നല്ല സിനിമയുടെ ആരാധകരായി മാറിയിരുന്നു. ആക്‌ഷനും കോമഡിയും പാട്ടും ഡാന്‍സും നിറഞ്ഞ കച്ചവട സിനിമകള്‍ക്കപ്പുറം ലോകത്ത്‌ വിവിധ ഭാഷകളില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നുണ്ടെന്നും അവ തേടിപ്പിടിക്കാന്‍ ശ്രമിക്കണമെന്നും ശരത്‌ അവരോട്‌ ഇടതടവില്ലാതെ പറയുന്നുണ്‌ടായിരുന്നു. ക്യാമ്പിന്റെ ഒടുവില്‍ കുട്ടികള്‍ വീഡിയോ ഫോര്‍മാറ്റില്‍ മൂന്ന്‌ ലഘു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സംഘാടകരായിരുന്ന ഞങ്ങളെയെല്ലാം അദ്‌ഭുതപ്പെടുത്ത വിധം മനോഹരങ്ങളായിരുന്നു ആ ചിത്രങ്ങള്‍. അവരുടെ മാറിയ സിനിമാ ബോധത്തിന്റെ സാക്ഷ്യങ്ങളായിരുന്നു അവ. കേരളത്തിലെ സ്‌കൂളുകളില്‍ ഇത്തരം നിരവധി ക്യാമ്പുകള്‍ നടത്തുക എന്നത്‌ ശരത്‌ചന്ദ്രന്റെ സ്വപ്‌നമായിരുന്നു.
തിരുവനന്തപുരത്തെ 'മീഡിയാ ആക്‌ട്‌' ഫോര്‍ട്ട്‌ കൊച്ചിയില്‍ സംഘടിപ്പിച്ച ഫിലിം അപ്രിസിയേഷന്‍ കോഴ്‌സില്‍ വച്ചാണ്‌ അദ്ദേഹത്തെ അവസാനമായി കണ്‌ടത്‌. ക്ലാസിന്റെ ഭാഗമായി ഒരു തമിഴ്‌ ഡോക്യുമെന്ററി അദ്ദേഹം പ്രദര്‍ശിപ്പിച്ചു. നല്ല സിനിമകളേക്കുറിച്ച്‌ ദീര്‍ഘനേരം അവിടെ കൂടിയിരുന്നവരോട്‌ സംസാരിച്ചു. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവുമധികം ഡോക്യുമെന്ററികളുടെ ശേഖരമുള്ളത്‌ ശരത്‌ചന്ദ്രന്റെ കൈയിലായിരുന്നു. അവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദികളുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തരാമെന്ന വാഗ്‌ദാനം നല്‍കിയാണ്‌ ശരത്‌ അന്ന്‌ പിരിഞ്ഞത്‌.

ഫേസ്‌ബുക്കില്‍ സജീവമായിരുന്നു ശരത്‌ചന്ദ്രന്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ അധികവും. മണിപ്പൂരിലെ ഇറോം ഷര്‍മ്മിള വര്‍ഷങ്ങളായി തുടരുന്ന നിരാഹാര സമരത്തിന്റെ ഒരു പോസ്റ്ററാണ്‌ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രം. ഷര്‍മ്മിളയുടെ സമരത്തേക്കുറിച്ച്‌ ആഴ്‌ചകളോളം നീണ്‌ട പ്രചാരണം തന്നെ ശരത്‌ ഫേസ്‌ബുക്കില്‍ നടത്തി. ഒറീസയിലെ കലിംഗനഗറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ചുള്ളതായിരുന്നു ശരത്തിന്റെ അവസാനത്തെ പോസ്റ്റ്‌. ഏപ്രില്‍ ഏഴിന്‌ എറണാകുളത്ത്‌ സംഘടിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ വിവരമാണ്‌ അദ്ദേഹത്തിന്റെ അവസാനത്തെ മറ്റൊരു പോസ്റ്റ്‌. " inside the revolution: journey into the heart of venezuela'- directed by Roberto Navarrete, will be in Ernakulam on 7th of April. anybody interested to join? അദ്ദേഹം ചോദിക്കുന്നു. പതിറ്റാണ്ടുകളായി ക്യാമറയും കൈയിലേന്തി സൈലന്റ്‌വാലിയിലും പ്ലാച്ചിമടയിലും മാവൂരിലും ചെങ്ങറയിലും ചുറ്റിക്കറങ്ങിയ ഒരാളുടെ അവസാനിക്കാത്ത വിപ്ലവ സ്വപ്‌നം. ജോണ്‍ എബ്രഹാമിന്റേയും അരവിന്ദന്റേയും ബക്കറിന്റേയുമൊക്കെയൊപ്പം സിനിമാ സ്വപ്‌നങ്ങള്‍ കണ്‌ട തലമുറയില്‍ ഇന്നും സജീവമായ കണ്ണിയായിരുന്നു സി. ശരത്‌ചന്ദ്രന്‍. ജോണിനും അരവിന്ദനുമൊപ്പം പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളില്‍ പറയുമായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇന്ന്‌ കേരളത്തില്‍ അന്യം നിന്നു പോയ നിലയിലാണെങ്കിലും, എഴുപതുകളിലെ അതേ ആവേശം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ചിലരെങ്കിലുമുണ്‌ട്‌. അവരിലൊരാളായിരുന്നു ശരത്‌.
പീഡിപ്പിക്കപ്പെടുന്ന പ്രകൃതിയോട്‌, അശരണരോട്‌, ഭരണകൂടത്തിന്റെ മര്‍ദ്ദനമേറ്റുവാങ്ങേണ്‌ടി വരുന്ന ചെറുപക്ഷങ്ങളോട്‌ അദ്ദേഹത്തിനുണ്‌ടായിരുന്ന കരുണയായിരുന്നു ക്യാമറയും പേറിയുള്ള ഈ അലച്ചിലില്‍ ഇന്ധനം. ഇങ്ങനൊരാള്‍ ഇവിടെ ജിവിച്ചിരുന്നു എന്ന്‌ മലയാളികള്‍ അധികംപേര്‍ അറിയാനിടയില്ല. അറിയുന്നവരെങ്കിലും ശരത്‌ചന്ദ്രനെ മറന്നുപോകാതിരിക്കട്ടെ. അദ്ദേഹത്തിന്റെ സിനിമാ പ്രവര്‍ത്തനങ്ങളേക്കുറിച്ച്‌ ആരെങ്കിലും വിശദമായി എഴുതിയിരുന്നെങ്കില്‍ എന്ന്‌ ആശിച്ചുപോകുന്നു.

Mar 25, 2010

നക്‌സല്‍ബാരിയിലേക്കുള്ള വഴി

ഒരിക്കല്‍ കനു സന്യാല്‍ ഒരു പ്രതീക്ഷയും പ്രസ്ഥാനവുമായിരുന്നു. ഒരു തൂങ്ങിമരണം കൊണ്ട് തന്റെ ജീവിത വിപ്ലവത്തിനു വിരാമചിഹ്നമിടുമ്പോള്‍ സന്യാല്‍ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? വി‌എസ് സനോജ് അന്വേഷിക്കുന്നു

United Naxalites alone can guide the movement on the right path.
I urge all Naxalite factions to form a common platform and take
the anti-farmland acquisition movement to every corner of the state.
Forget about the elections, just make a collective effort to intensify
and sustain the struggle generated out of Singur and Nandigram...
-- kanu sanyal

 തൃശൂര്‍ ജില്ലയിലെ ഒരു നാട്ടിന്‍പുറത്ത്‌ ബോധി എന്ന പാരലല്‍ കോളേജ്‌ നടത്തുന്ന ശേഖരന്‍ മാഷിന്റെ മക്കള്‍ക്ക്‌ സന്യാലെന്നും സന്താളെന്നും പേരിട്ടത്‌ എന്തിനാണെന്ന്‌ അന്ന്‌ ട്യൂഷന്‌ പോയിരുന്ന ഏഴാം ക്ലാസുകാരനായ എനിക്ക്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല. ഞാനടക്കമുള്ളവരുടെ കണ്ണില്‍ മാത്രമല്ല നാട്ടിന്‍പുറത്തെ പ്രായമായവര്‍ക്കുപോലും അപരിചിതമായിരുന്നു ആ പേരുകള്‍. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ മാഷ്‌ നക്‌സലാണെന്നും അത്‌ ബംഗാളി പേരുകളാണെന്നും അതിന്‌ മുന്നില്‍ കനു എന്നും ജംഗള്‍ എന്നുമുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. കനുസന്യാല്‍ ചാരുമജൂംദാറും ആവേശവും ആരാധനയുമായി കൂടെക്കൂടി. ഇതൊരു നാട്ടിന്‍പുറ അനുഭവം. ഒപ്പം ഓര്‍ക്കാന്‍ മറ്റൊന്നുകൂടിയുണ്ട്‌: ഭരതന്‍ എന്ന നക്‌സലിനെക്കുറിച്ച്.
കോങ്ങാട്‌ വധക്കേസിലെ പ്രതിയായിരുന്ന ഭരതേട്ടന്‍ തൂങ്ങിമരിച്ചപ്പോഴാണ്‌ നക്‌സല്‍ കാലത്തെ ആവേശങ്ങളുടെ ബാക്കിപത്രങ്ങള്‍ക്ക്‌ സംഭവിക്കുന്ന സ്വാഭാവിക പരിണാമങ്ങളുടെ ആഴം ബോധ്യപ്പെട്ടത്‌. വഴിപിരിഞ്ഞ മുന്‍ നക്സല്‍ നേതാവ് കെ. വേണുവിനെ പോലെ സക്രിയമായ സംവാദാത്മകത സൃഷ്ടിക്കാനോ വെള്ളത്തൂവല്‍ സ്റ്റീഫനെപ്പോലെ ദൈവവിളിക്ക്‌ കാതോര്‍ക്കാനോ കഴിയാത്തവന്റെ തോറ്റുപോയ ജീവിതമായിരുന്നു ഭരതേട്ടന്‍ എന്ന മനുഷ്യന്‍ . വ്യക്തിജീവിതത്തിലെ അവഗണനയും രോഗാതുരതയും, ഒപ്പം രാഷ്ട്രീയ പരാജയവും കൂടിയാകുമ്പോള്‍ സത്യസന്ധമായ ഒരു ജീവിതത്തില്‍ പിന്നെന്ത്‌ സംഭവിക്കാം എന്നതിന്റെ തെളിവായിരുന്നു ആ മരണം. എല്ലാ അര്‍ത്ഥത്തിലും നിരാശയുടെ ആഴക്കടലിലകപ്പെട്ട ഒരാളായിരുന്നു സഖാവ് ഭരതന് ‍. മുഖ്യധാരാ ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്നിട്ടുകൂടി,  നാട്ടുകാര്‍ ഭീതിയോടെയും പുച്ഛത്തോടെയും മാത്രം അയാളെ കണ്ടു.
കനു സന്യാല്‍ തൂങ്ങിമരിച്ചുവെന്ന ന്യൂസ്‌ ഫ്‌ളാഷ്‌ കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്ക്‌ ഓടിയെത്തിയതും പുലര്‍ച്ചെ സ്വന്തം വീടിന്‌ മുന്നില്‍ തൂങ്ങിനില്‍ക്കുന്ന ഭരതേട്ടന്റെ രൂപമായിരുന്നു. പാവപ്പെട്ടവന്റെ മോചനം സ്വപ്‌നം കണ്ടു എന്ന 'വലിയ' തെറ്റായിരുന്നു മറ്റുപലരേയും പോലെ അദ്ദേഹവും ചെയ്‌തത്‌. അടിസ്ഥാനവര്‍ഗത്തിനു വേണ്ടി ജന്മിത്വത്തിനെതിരെ ഉന്‍മൂലസിദ്ധാന്തവുമായി വിപ്ലവപാതയിലൂടെ ഇവരെല്ലാം ഇറങ്ങിത്തിരിച്ചു. ഭരതേട്ടനും കനുബാബുവിനും സംഭവിച്ചത്‌ ഒന്നുതന്നെ. ഭരതേട്ടന്‍ പ്രശസ്‌തനായില്ല, സന്യാല്‍ പ്രശസ്‌തനായ കമ്യൂണിസ്റ്റായി. കടുത്ത ഏകാന്തത, വ്യക്തിജീവിതത്തിലെ അവഗണനകള്‍, വിഷാദരോഗം‍...ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും, സിംഗൂര്‍ മാതൃകയിലുള്ള ചൂഴ്നിലകളും വളയഞ്ഞു കുരുക്കൂന്ന ബംഗാളിലെ ഗ്രാമങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ വൈകിപ്പോയിരിക്കുന്നു എന്ന്‌ ബോധ്യമാണ്‌ സന്യാലിന്‌ നല്‍കുന്നത്‌ എന്നൊരു തോന്നല്‍.
കാര്‍ഷികവിരുദ്ധമായ ഈ 'ചിദ്രജനിതക വഴുതനങ്ങാകാലം' കനു സന്യാലിനെ പോലുള്ളവര്‍ക്കായി ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതാവാം ആ സന്ദേഹത്തിന്‌ കാരണം. ഈ നിരീക്ഷണം ശരിയാവാം തെറ്റാവാം. 1960-കളില്‍ ബംഗാളിലെ ഒരു ക്ലര്‍ക്കിന്റെ ജീവിതം, അത്‌ ഘട്ടക്കിന്റേയും റേയുടേയും സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിരസമായ, വര്‍ണ്ണാഭമല്ലാത്ത ഒരു ജീവിതസ്ഥലിയായിരിക്കും എന്നുറപ്പാണ്‌. അതുകൊണ്ടുതന്നെ ഒരു വിപ്ലവ സ്വപ്‌നത്തിന്റെ വസന്താഗമനം അധികമകലെയായില്ല. അത്‌ ബിഥാന്‍ ചന്ദ്ര റോയിയെ കരിങ്കൊടി കാണിച്ചതുകൊണ്ടുമാത്രം തീര്‍ന്നില്ല. 1964-ലെ വേദനിപ്പിക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍പ്പില്‍, 1969-ലെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍, 1970-ലെ പാര്‍വതീപുരം ഗൂഢാലോചനാകേസിന്റെ അറസ്‌റ്റില്‍, പുതിയ ആശയഭിന്നതകളില്‍, ചേരിസഖ്യങ്ങളില്‍, ചാരുംമജൂംദാറുമായുള്ള രാഷ്ട്രീയ ഭിന്നതയില്‍, പിളര്‍പ്പിന്റെ നൈരന്തര്യങ്ങളില്‍, തീര്‍പ്പു കല്‍പ്പിക്കാനാകാത്ത പ്രത്യയശാസ്‌ത്ര-രാഷ്ട്രീയ വ്യവഹാരങ്ങളില്‍... അതങ്ങനെ തുടര്‍ന്നു.
രാഷ്ട്രീയ ആത്മഹത്യയേക്കാള്‍ മാന്യമാണ്‌ രാഷ്ട്രീയവനവാസമെന്ന തിരിച്ചറിവ്‌ അധികാരം തൊട്ടുനക്കാന്‍ വിയോജിപ്പുള്ളവന്റെ അവസാനത്തെ വഴിയാണ്‌. എന്നിട്ടും സിംഗൂരിലെ പ്രക്ഷോഭങ്ങളിലേക്ക്‌ അദ്ദേഹം തന്റെ വാര്‍ദ്ധക്യത്തിലും തിരിച്ചുവന്നു. 2006-ല്‍ സിലിഗുരിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ച്‌ ട്രെയിന്‍ തടഞ്ഞതിന്‌ അറസ്‌റ്റിലായത്‌ അങ്ങനെയാണ്‌. 'മുപ്പതുമുക്കോടി' മാവോയിസ്‌റ്റ്‌ ഗ്രൂപ്പുകളുള്ള ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ച്‌ ഒരു 'പൊളിറ്റിക്കല്‍ ഔട്ട്‌ സൈഡര്‍' ആണ്‌ കനു സന്യാല്‍ എന്നും പറയാം. ഭീകരപ്രവര്‍ത്തനത്തിലേക്ക്‌ വഴിമാറിപ്പോയ മാവോ ശിഷ്യന്‍മാരുടെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയസന്യാസികള്‍ അപൂര്‍വമായ ഈ കാലത്ത്‌ കനു ഒരപൂര്‍വ്വതയാണ്‌. ജ്യോതിബസുവിന്റെ പ്രത്യേക താല്‍പര്യത്താല്‍ ജയിലിന്‌ പുറത്തുകടന്ന കനു സന്യാല്‍ ബുദ്ധദേവിന്റെ ഔദാര്യമൊന്നും വേണ്ടെന്ന നിലപാടെടുത്തത്‌ സിംഗൂരും നന്ദിഗ്രാമും നല്‍കുന്ന മുറിവുകളുടെ ഉത്തരമായിരിക്കാം.
'കോണ്‍ഗ്രസുകാരില്‍ നന്‍മയുള്ളവരെ കമ്യൂണിസ്‌റ്റുകാരെന്നും കമ്യൂണിസ്‌റ്റുകാരില്‍ സത്യസന്ധതയുള്ളവരെ നക്‌സലുകളെന്നും വിളിച്ചു'വെന്ന്‌ പണ്ട്‌ ആരോ പറഞ്ഞത്‌ ചരിത്രം ശരിയെന്ന്‌ ബോധ്യപ്പെടുത്തുന്ന ഈ ഗ്രീന്‍ ഹണ്ടിന്റെ കാലത്ത്‌ കനുവിന്റെ എഴുതപ്പെട്ട 'ഗൂഗിള്‍' ചരിത്രത്തിലേക്കിനി പോകുന്നില്ല. നക്‌സാല്‍ബാരി ഇന്നും മാവോയിസ്‌റ്റ്‌ ഗ്രൂപ്പുകളുടെ അധീനതയിലുള്ള ഒരു പട്ടിണിഗ്രാമമാണ്‌. ബംഗാളിലെ പല ഗ്രാമങ്ങളെയും പോലെ. അവിടെയെല്ലാം വസന്തം വിരിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ പിന്‍മുറക്കാരുണ്ട്‌. അധികാരം എന്ന മധുരമനോജ്ഞപദം അവരിലേക്ക്‌ കടന്നുവന്നിട്ട്‌ കാലമേറെയായി. അതിനിയും കാണാന്‍ നില്‍ക്കാതെ സന്യാല്‍ തന്റെ പിന്‍വാങ്ങലുകളെ ആത്മഹത്യ എന്ന ഒറ്റവരിയിലേക്ക്‌ കാവ്യാത്മകമായി വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. അത്‌ ഭഗത്‌സിങ്‌ ജീവന്‍ വെടിഞ്ഞ ദിനത്തിലായിപ്പോയത്‌ കേവല യാദൃശ്ചികതയാണോ എന്നറിയില്ല.
1967-ല്‍ ബീജിങ്‌ റേഡിയോയും, പീപ്പിള്‍സ്‌ ഡെയ്‌ലിയും വസന്തത്തിന്റെ ഇടിമുഴക്കം എന്ന്‌ വിളിച്ച ഉദിച്ചുയരലിന്റെ തലതൊട്ടപ്പന്‍ പക്ഷേ അവസാനകാലത്ത്‌ പറഞ്ഞ വാക്കുകളാണ്‌ ഈ കുറിപ്പിന്റെ തുടക്കത്തിലുള്ളത്‌. പ്രതീക്ഷയുടെ സമ്മോഹനമായ കൂടിച്ചേരലിന്‌ ആഗ്രഹിക്കുന്ന മനസ്സ്‌ ആ വാക്കുകളില്‍ കാണാം. 'നമ്മള്‍ കൊയ്യും വയലെല്ലാം കുത്തകളുടേതാകും പൈങ്കിളിയേ' എന്ന്‌ വിപ്ലവ കാവ്യവിചാരത്തെ അപനിര്‍മ്മിക്കേണ്ടിവരുന്ന ഈ കാലത്ത്‌, അവശേഷിക്കുന്ന ഭൂസമരങ്ങളെ പോലും അശ്ലീലവ്യവഹാരമായി ഭരണകൂടം വിധിയെഴുതുന്ന ഈ കാലത്ത്‌, ആത്മവഞ്ചകര്‍ക്ക്‌ ചൂണ്ടിക്കാട്ടാന്‍ ഒരു നല്ല മനുഷ്യന്‍ കൂടി ഇല്ലാതായിരിക്കുന്നു. ഭരതേട്ടന്‍ അഞ്ച്‌ വര്‍ഷം മുമ്പ തിരഞ്ഞെടുത്ത അതേ വഴി എന്റെ നാട്ടില്‍ നിന്ന്‌ സിലിഗുരിയിലേക്ക്‌ നീണ്ടുപോയിരിക്കുന്നു. ലാല്‍സലാം.

സനോജിന്റെ ലേഖനങ്ങള്‍

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!
മലയാള സിനിമയിലെ വാര്‍ധക്യപുരാണം
ബാസുവിന്‌ ശേഷം ഇനിയെന്ത്‌?

Feb 21, 2010

അമ്മവഴിയിലൂടെ...

ഉള്ളു നീറുമ്പോഴും ഒരു കഥയും പറഞ്ഞു ഫലിപ്പിക്കാനാവാത്ത എഴുത്തുകാരിയാണ് അമ്മയെന്ന് സജിന്‍ പിജെ
എന്റെ അമ്മയുടെ മണം പുല്ലിന്റെയായിരുന്നു. കട്ടന്‍പയറിന്റേയും, കമ്യൂണിസ്റ്റ് പള്ളയുടേയും ചെറു കടലാടിയേയും, പ്ലക്കാടിയുടേയും, പട്ടിച്ചെവിയ്യന്റേയും മണം. ആര്‍ത്തിയോടെ അതു തിന്നുന്ന പശുവിന്റെ പല്ലുകള്‍ തമ്മിലുരുമ്മുന്ന ഒച്ച കേള്‍ക്കാന്‍ ഞാന്‍ തൊഴുത്തില്‍ പോയിരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ അവിടിരുന്നു പരീക്ഷയ്ക്ക് പഠിച്ചിട്ടു പോലുമുണ്ട്. രാവിലെ പാലപ്രയ്ക്ക് അമ്മ പപ്പായ്ക്ക് കാപ്പി കൊണ്ടു പോകും. അതൊരു ഓട്ടമാണ്. കുറുക്കു വഴികളിലൂടെ, കയ്യാലകള്‍ ചാടി കടന്ന് വീടിനേയും എന്നെയും പിന്നിലാക്കി പായുന്ന ഒരു മാരത്തോണ്‍. അമ്മ പോയിക്കഴിയുമ്പോഴെ എനിക്കു സങ്കടം തൊണ്ടയില്‍ ഒരുണ്ടു കൂടും. ചിലപ്പോഴെക്കെ അമ്മ എന്നേയും കൂടെ കൊണ്ടു പോയിരുന്നു. തിരിയെ വരുമ്പോള്‍ അമ്മയുടേയും പപ്പായുടേയും തലയില്‍ ഓരോ കെട്ട് പുല്ലുണ്ടാവും. മുഖം പോലും കാണാന്‍ കഴിയാത്ത വണ്ണം പുല്ല് മൂടിയിരിക്കും. പിന്നില്‍ നിന്നു നോക്കുമ്പോള്‍ അവര്‍ മനുഷ്യരുടെ ഉടലും പുല്ലുകൊണ്ടുള്ള തലയുമുള്ളവരായി. അന്നൊക്കെ വീട്ടില്‍ ഒരുപാടു പേരുണ്ട്. പപ്പായുടെ പെങ്ങന്മാരും, അപ്പച്ചനും അടങ്ങിയ ഒരു വലിയ കുടുംബം. അത്രയും തന്നെ വലിയ വഴക്കുകളും പിണക്കങ്ങളും. എപ്പോഴും അമ്മയാണെതിര്‍ വശത്ത്. ഒരിക്കലും അമ്മ ജയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ അമ്മ, ജയിക്കാനായിരിക്കണം, മുട്ടന്‍ വഴക്കുകള്‍ക്കു ശേഷം വെറുതെ ഒരു കാര്യവുമില്ലാതെ എന്നെ തല്ലിയിരുന്നു. ഒരു ദിവസം ഇതുപോലൊരു വഴക്കിനു ശേഷം, എല്ലാ വഴക്കിനും ശേഷം ഒരു നിശബ്ദതയില്ലെ, അങ്ങിനെ എല്ലാമെരിയുന്ന ഒരു നിശബ്ദതയില്‍ എന്തോ ചോദിച്ചു കൊണ്ട് സാരിത്തുമ്പില്‍ പിടിച്ചപ്പോള്‍ അമ്മയെന്നെ അടുക്കള വശത്തെ മുറ്റത്തേക്ക് വലിച്ചിറക്കി പൊതിരെ തല്ലി. കഞ്ഞി ഇളക്കി കൊണ്ടിരുന്ന തവണ കൊണ്ടുള്ള ആ വിജയത്തിനു ശേഷം അമ്മയുടെ കണ്ണുകള്‍ നിറയുകയും, എന്നെ ഉപേക്ഷിച്ച് അടുക്കളയില്‍ കയറി വാതിലടയ്ക്കുകയും ചെയ്തു. ഒറ്റപ്പെടലിന്റെ വേദന. ചുറ്റും ഇരുട്ടു പരക്കുന്നതായി എനിക്കു തോന്നി. ഫ്രയിമിനു വെളിയില്‍ ഒരുപാട് ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴും അതിനുള്ളിലെ പേടിപ്പെടുത്തുന്ന ഏകന്തത. പിന്നെ പലപ്പോഴായി ഇതറിഞ്ഞതിനെ തുടര്‍ന്ന്‍ ഇപ്പോള്‍ ഇതൊരു പ്രശ്നമേ അല്ലാതായിരിക്കുന്നു. പക്ഷേ, അവള്‍ പോയപ്പോള്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടിരുന്നു. അവളെ അമ്മയ്കറിയാമായിരുന്നു. ഇടയ്ക്കൊക്കെ അമ്മ അവ്ലെ പറ്റി തിരക്കാറുമുണ്ടായിരുന്നു. ആരോടും ഒന്നും പറയാതെ ഞാന്‍ വിങ്ങി നടന്നിരുന്ന കാലം. അപ്പോഴൊരു ദിവസം അമ്മയെന്നെ വിളിച്ചു. അവരുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നെ ആരോ കുറേ ആള്‍ക്കാര്‍ ഉപദ്രവിക്കുന്നത് അമ്മ സ്വപ്നം കണ്ടു. എന്റെ ഉള്ളു നിറയേ എന്തോ വേദന തിങ്ങി തിളയ്ക്കുന്നത് അമ്മയറിഞ്ഞു. അമ്മയെന്നോട് കുത്തികുത്തി ചോദിച്ചെങ്കിലും പറഞ്ഞില്ല, ഞാന്‍ അവളുടെ വീട്ടില്‍ പോകാനിരിക്കുകയായിരുന്നുവെന്ന്. അന്നു വൈകുന്നേരം ഞാന്‍ എന്റെ കൂട്ടുകാരി കുണുവിന്റെ മുന്‍പില്‍ സ്വയം തുറന്നു. പിന്നീടവളാണ് എന്നെ ജീവിതത്തിലേക്ക് തിരിയെ കൊണ്ടു വന്നത്. എന്നെ ചുറ്റുന്ന വിഷാദത്തിന്റെ വള്ളികളെ കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എനിക്കു കിട്ടിയ ഉത്തരം അമ്മയെന്ന വികാരമാണ്. അതു പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഒരു പക്ഷേ ആ വാക്ക് ഉച്ചരിക്കുമ്പോള്‍ അപ്പച്ചെമ്പിലിരിക്കുന്ന വിയര്‍ത്തിലിച്ച കൊഴുക്കട്ട എനിക്കോര്‍മ വരും. ആവി കൊണ്ട് അകവും പുറവും വേവുന്ന ഒരനുഭവം. അതാണെനിക്കമ്മ. അമ്മ ഗോതമ്പുണ്ട കട്ടന്‍ കാപ്പിയും കൂട്ടി അടുക്കളപ്പടിയിലിരുന്ന് തിന്നുന്നത് ഞാനോര്‍ക്കുന്നു. റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന പുഴു പിടിച്ച ഗോതമ്പ് കഴുകിയുണക്കി പൊടിച്ചുണ്ടാക്കുന്ന ഉണ്ട. അന്നൊക്കെ എല്ലാ ദിവസവും വീട്ടില്‍ ഇതായിരുന്നു കാപ്പിക്ക്. ഇന്നും ഗോതമ്പു കൊണ്ടുള്ളതൊന്നും എനിക്കിഷ്ടമല്ല. ചെറുപ്പത്തിലെ മതി മറന്നുള്ള ചില കളികള്‍ക്കിടയിലാവും അപ്പച്ച (പപ്പായുടെ അപ്പന്‍) ഗോതമ്പു പൊടിക്കാന്‍ ചോറ്റിക്കു പോകാന്‍ പറയുന്നത്. ഗോതമ്പിന്റേയും, അരിയുടേയും പൊടി മഞ്ഞു പോലെ പെയ്തു കിടക്കുന്ന മില്ലില്‍ വലിയൊരു ഇരുമ്പു ബോര്‍ഡില്‍ പച്ചയും ചുവപ്പും സ്വിച്ചുകളുണ്ട്. അതില്‍ പച്ചയില്‍ പിടിച്ചു ഞെക്കിയാല്‍ ഭീമാകാരനഅയ ഒരു ജീവിയെ പോലെ മെഷീന്‍ മുരണ്ടു തുടങ്ങും. അപ്പോള്‍ മുകളിലത്തെ തുറവിയില്‍ പൊടിക്കാനുള്ളത് ഇട്ടു കൊടുക്കണം. അതിന്റെ ഒരു വശത്ത് ഒരു നീണ്ട തുണിക്കുഴലുണ്ട്. മെഷീന്‍ ഓടി തുടങ്ങുമ്പോഴെ അതു വീര്‍ക്കും. മോട്ടോറില്‍ നിന്നും മെഷീനിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ബെല്‍റ്റ് ചിലപ്പോള്‍ പൊട്ടുമെന്നും അതു ശരീരത്തിലടിച്ച് മുന്‍പ് പലരും മരിച്ചിട്ടുണ്ടെന്നും മറ്റുമുള്ള അമ്മയുടെ മുന്നറിയിപ്പുകളെ കവച്ചു കടന്ന് ഞാന്‍ പലപ്പോഴും ബെല്‍റ്റിന്റെ അരികിലോളം എത്തിയിട്ടുണ്ട്. അമ്മയുപേക്ഷിച്ച അരിപ്പ കൊണ്ട് മില്ലുണ്ടാക്കി മണ്ണും കട്ടപ്പൊടിയുമൊക്കെ അരിച്ച് കൂട്ടുകാരികള്‍ക്ക് കഞ്ഞീം കറീം കളിക്കാന്‍ കൊടുക്കുമ്പോള്‍ സെന്റ് ജോര്‍ജ് കുടയുടെ നീളന്‍ കവര്‍ തുണിക്കുഴലിനു പകരമായി ഞാന്‍ തന്നെ ഊതി വീര്‍പ്പിച്ച് അരികില്‍ കെട്ടുമായിരുന്നു. ആദ്യമായി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ വെളിച്ചിയാനി സെന്റ് ജോസഫ് സ്കൂളിന്റെ തോടിനക്കരെയുള്‍ല ഒന്നാം ക്ലാസിലേക്ക് അമ്മയെന്നെ കൊണ്ടു പോയി. കന്യാസ്ത്രീകളെ മൊട്ടച്ചിമാരെന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. അവര്‍ നടത്തുന്ന സ്കൂളാണത്. മുടിയില്‍ പേനുള്ള പിള്ളേരുടെ തല അവര്‍ മൊട്ടയടിക്കുമെന്നുള്ള ഒരു പേടിയെ പെങ്ങള്‍ എന്റെയുള്ളില്‍ നട്ടിരുന്നു. എന്റെ തലയിലാണെങ്കില്‍ ആവശ്യത്തിനു പേനുണ്ട് താനും. കുട്ടികള്‍ കല്ലുപെന്‍സില്‍ ഉരച്ചതിന്റെ പാടുള്ള പാലം കടന്ന് അമ്മയും ഞാനും ക്ലാസിലെത്തി. എനിക്ക് കടക്കാനുണ്ടായിരുന്ന കടമ്പ ഈ പാലം മാത്രമായിരുന്നു. അല്ലാതെ എന്റ്രന്‍സും ഇന്റര്വ്യൂവും ഒന്നുമല്ലായിരുന്നു. പലക കൊണ്ടുള്ള സ്ക്രീന്‍മുറി മറച്ചിരിക്കുന്ന ക്ലാസ് മുറി. ആ സ്ക്രീനുകള്‍ക്ക് മറയ്ക്കാന്‍ കഴിഞ്ഞത് പക്ഷേ ഞങ്ങള്‍ കുട്ടികള്‍ പരസ്പരം കാണുന്നത് മാത്രമായിരുന്നു. എല്ലാ വഴക്കുപറച്ചിലുകളും, കരച്ചിലുകളും, ഏങ്ങലടികളും ആ സ്ക്രീന്‍ കടന്ന് എല്ലാ ക്ലാസിലും പടര്‍ന്നു. കുട്ടികളുടെ കരച്ചിലുകള്‍ പരസ്പരം കൂട്ടിതുന്നിയതാണ്. അതുകൊണ്ട് തന്നെ അങ്ങേയറ്റത്തെ ക്ലാസില്‍ ഒരാള്‍ കരഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരും അയാള്‍ക്ക് കമ്പനി കൊടുത്തു. എന്റെയുള്ളിലാണെങ്കില്‍ തല മൊട്ടയടിക്കുമോ എന്ന വേവലാതിയുമുണ്ട്. മുന്‍ബെഞ്ചിലിരിക്കുമ്പോഴും എന്റെ നോട്ടം വാതിലിനപ്പുറം അമ്മ മറ്റു അമ്മമാരുമായി വര്‍ത്തമാനം പറയുന്നിടത്തായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ വിജയന്‍ പറയുന്നതു പോലെ ഞാന്‍ കൊമ്പ് മുകളിലേക്ക് വലിച്ചു കയറ്റി കൊണ്ടിരിക്കുമ്പോള്‍ റ്റീച്ചര്‍ എന്നെ വിളിക്കും. ഞാന്‍ തിരിഞ്ഞു നോക്കുന്ന സമയം കൊണ്ട് അമ്മ വാതിലില്‍ നിന്നും അപ്രത്യക്ഷയാകും. ഒറ്റയ്ക്കായ പോലെ ഒരു തോന്നലാണപ്പോള്‍. പിന്നെ എനിക്കവിടെ ഇരിക്കാന്‍ കഴിയില്ല. എഴുന്നേറ്റ് ഒരോട്ടമാണ്. ആദ്യം വഴി തെറ്റിയോടിയെത്തിയത് അമ്മയുടെ മുമ്പില്‍. അങ്ങിനെയാണ് ആ കുറുക്കു വഴി ഞാന്‍ കണ്ടു പിടിച്ചത്. റബര്‍ മരങ്ങള്‍ക്കിടയിലൂടെ കൈത്തോട് ചാടി കടന്ന് വലിച്ചു വിട്ടാല്‍ അമ്മയെ വീട്ടിലെത്തുന്നതിനു മുന്‍പെ ബാങ്കിന്റെ മുന്‍പിലിട്ടു പിടിക്കാം. പിന്നെയങ്ങോട്ട് പൊതിരെ തല്ലാണ്. തിരികെ ക്ലാസിലെത്തും വരെ അപ്പയുടേയും, കൊന്നയുടേയും കമ്പു കൊണ്ട് അമ്മയെന്നെ ഓമനിക്കും. എന്നാലും പിന്നെയും ഞാനിറങ്ങിയോടും. അമ്മയ്ക്കറിയില്ലല്ലോ മുടി പോകുന്നതോര്‍ക്കുമ്പോഴുള്ള ഒരു ചെറുക്കന്റെ പൊറുതി മുട്ട്. ചിലപ്പോള്‍ തോന്നും അമ്മയ്ക്കതുമറിയാമായിരുന്നെന്ന്. അറിയാവുന്നത് പലതും ഒളിപ്പിക്കുമ്പോഴാണ് അമ്മ അമ്മയാകുന്നത്. ഇപ്പോള്‍ കണ്ണാടിയില്‍ ചാണ കയറിയ തല കാണുമ്പോള്‍ ഞാന്‍ കുറുക്കു വഴികളിലൂടെയുള്ള എന്റെ ഓട്ടങ്ങള്‍ ഓര്‍ക്കും. സമയത്തെ തോല്പിക്കാന്‍ പിന്നീട് ലോല ഓടുന്ന ഓട്ടം പിന്നീട് സിനിമയില്‍ (റണ്‍ ലോല റണ്‍) ഞാന്‍ എന്റെ ഈ പഴയ ഓട്ടങ്ങളിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്.പലരും പറയുമ്പോലെ വീടെനിക്കൊരിക്കലും ഒരു അഭയമായി തോന്നിയിട്ടില്ല. പക്ഷേ, പപ്പായുമായി വഴക്കിട്ട് വീടു വിട്ടിറങ്ങിയപ്പോഴെല്ലാം അമ്മയെന്നെ തിരിയെ വിളിച്ചിരുന്നു. സത്യത്തില്‍ അമ്മയല്ല, അമ്മയെന്ന ആ വികാരം. ഗോതമ്പുണ്ട പോലെയെന്ന് മുന്‍പ് പറഞ്ഞില്ലെ, അത്. ഞാനുള്‍പ്പെടെ എല്ലാവരും വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞാലും അമ്മ ഒന്നും തിരിച്ചു പറയില്ല. അവര്‍ക്ക് തിരിച്ചു പറയാന്‍ അറിയില്ലായിരുന്നു. ഉള്ളു നീറുമ്പോഴും ഒന്നും പറഞ്ഞറിയിക്കാനാവാത്ത എഴുത്തുകാരിയുടെ/കാരന്റെ വേദന. അപ്പോള്‍ അവളുടെ/അയാളുടെ ഉള്ളം നിറയെ വാക്കുകള്‍ ചീഞ്ഞു നാറും. താങ്ങാനാവാത്ത ഹൃദയ ഭാരത്താല്‍ കരയും. അപ്പോള്‍ നിങ്ങള്‍ മനക്കരുത്തില്ലാത്തവര്‍ എന്നു വിളിച്ച് കളിയാക്കും. നിങ്ങള്‍ക്കറിയില്ല എഴുതി കഴിയുന്ന നിമിഷം മുതല്‍ ഓരോ വായനക്കാരിയുടേയും/കാരന്റേയും മരിച്ചു പോകുന്നതിന്റെ വേദന. നിങ്ങളുടെ ഓരോ വായനയും ആ ശരീരത്തെ കീറി മുറിക്കലാണ്. ഓരോ വായനയും ഓരോ പത്തേമാരികളാണ്. നിങ്ങള്‍ക്കതില്‍ സുഖമായി യാത്ര ചെയ്യാം. അപ്പോഴും കീറി മുറിക്കപ്പെടുന്ന സമുദ്രം നിങ്ങള്‍ക്കൊരു കടല്‍ ചൊരുക്കെങ്കിലും തരാതിരിക്കില്ല. തീര്‍ച്ച. അമ്മ പറഞ്ഞു ഫലിപ്പിക്കാന്‍ അറിയാത്ത ഒരു എഴുത്തുകാരിയാണ്. എല്ലാ വൈകുന്നേരവും അമ്മ പ്രാര്‍ത്ഥിക്കുമ്പോള്‍ കൊച്ചുകുഞ്ഞു പരദേശിയുടെ ഒരു പാട്ടു പാടും. അതിന്റെ വരികളില്‍ അമ്മ നിറയ്ക്കുന്ന സങ്കടം മാത്രം മതി ഞാനെഴുതിയ എല്ലാ കവിതകളെക്കാളും വലിയ അമ്മയുടെ കവിതയാകാന്‍. ആ വരികള്‍ ഇങ്ങിനെയാണ്: ദുഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയ പാടീടും ഞാന്‍".

സജിന്‍ എംജി സര്‍വകലാശാലയില്‍ ഗവേഷകനാണ്.

Feb 14, 2010

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!

തിരക്കഥയുടെ കെട്ടുറപ്പോ, ഫാന്‍സുകാരെ സന്തോഷിപ്പിക്കാനുള്ള ജാഡകളോ സംവിധായകന്റെ തലയെടുപ്പോ ആ സിനിമകള്‍ക്ക്  പറയാനില്ലായിരുന്നു. എന്നിട്ടും തലമുറകള്‍ അവയിലേക്ക് ഇരമ്പിപ്പെയ്തിറങ്ങി. ഉടലുവിറക്കുന്ന ഉന്മാദത്തിന്റെ നിഴലും വെളിച്ചവും നിറഞ്ഞ ആ ടാക്കീസുകള്‍. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം എന്ന മാദകമന്ത്രത്തിന്റെ സിരവിറപ്പിക്കുന്ന വശ്യത നെഞ്ചിലേറ്റിയ ആ ബോര്‍ഡുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുകയാണിവിടെ. സ്‌ക്രീനുകള്‍ക്ക്‌ മാദകമാര്‍ന്ന തീ പിടിച്ച ആ ടാക്കീസ്‌ കാലത്തെക്കുറിച്ച്‌ വിഎസ് സനോജ് 


ഓര്‍ക്കുന്നുണ്ടോ നമ്മുടെ (എ) (A) ടാക്കീസുകളെ? ലൈംഗികത ഇണചേര്‍ന്ന ആ ദൃശ്യഭാഷ മലയാളിയെ എത്രമാത്രം സ്വാധീനിച്ചിരുന്നു. അത്‌ തീര്‍ച്ചയായും നാട്ടിലെ തിയ്യറ്ററുകളുമായും, ജനപ്രിയ സിനിമകളുമായും എല്ലാം ബന്ധപ്പെട്ടുകിടക്കുന്നു. സിനിമ എന്നത്‌ എത്ര ജനകീയമായാണ്‌ മലയാളിയെ സ്വാധീനിച്ചതെന്നതിന്‌ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളല്ല സാക്ഷി; മറിച്ച് ഇവിടെ നിലനിന്നിരുന്ന, നാമാവശേഷ മായിക്കൊണ്ടിരിക്കുന്ന ടാക്കീസുകളാണ്‌. തിയ്യറ്ററുകള്‍ അടച്ചുപൂട്ടുകയും, പുതിയ ദൃശ്യസംസ്‌കാരം രൂപപ്പെടുകയും, നമ്മളെല്ലാം തിരശ്ശീലയില്‍ നിന്ന്‌ ഡിവിഡിയിലേക്ക്‌ കൂടുമാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തും കുറെ ടാക്കീസുകള്‍ സൃഷ്ടിച്ച ദൃശ്യസന്നിവേശത്തിന്റെ ആവേശത്തെ മറക്കാന്‍ കഴിയുമോ?

ഗിരിജയുടെ നിറഞ്ഞ യൗവ്വനം
തൃശൂരിലെ യുവത്വത്തെ പല കാലം നെഞ്ചിടിപ്പിച്ച ഗിരിജ തിയ്യറ്റിന്റെ രൂപാന്തരമാണ് ഈ ടാക്കീസുകളെക്കുറിച്ചോര്‍ക്കാന്‍ കാരണം. നഗരപ്രാന്തങ്ങളേയും ഗ്രാമങ്ങളേയും അവ ഒരുകാലത്ത്‌ വ്യാപകമായി വശീകരിച്ചിരുന്ന 'എ' പടങ്ങള്‍ കളിച്ചിരുന്ന ടാക്കീസുകള്‍ ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതായി. സമൂഹത്തിന്റെ  ചടുലപരിണാമങ്ങളില്‍, സാങ്കേതികവിദ്യ തുറന്നുവിട്ട സാധ്യതകളുടെ കുലംകുത്തലില്‍ അവ അപ്രസക്തമായി. അരനൂറ്റാണ്ട്‌ മുന്‍പ്‌ സ്ഥാപിക്കപ്പെട്ട്‌, കാല്‍നൂറ്റാണ്ട്‌ കാലം എ പടങ്ങള്‍ മാത്രം കളിച്ച തൃശൂര്‍ ഗിരിജയുടെ മാറ്റത്തെക്കുറിച്ച് ഒരു തൃശൂരുകാരന്‍ സുഹൃത്ത് പറയുന്നു: "സദാചാരത്തിന്റെ പേരുദോഷ പട്ടികയില്‍ നിന്ന്‌ ഗിരിജക്ക് കാലത്തിന്റെ മാമോദീസ".

സിഡി, ഡിവിഡികളൊന്നുമില്ലാത്ത ഒരു വലിയ കാലയളവ്‌ പിന്നിട്ടുപോന്ന മലയാളിക്ക്‌ സിനിമയുണ്ടാക്കിയ അത്ഭുതം വിചിത്രമായ ഒന്നുതന്നെയാണ്‌. തിയ്യറ്ററിനെ കുറിച്ച്‌ പങ്കുവെക്കുന്ന ഓര്‍മ്മകളില്‍ പോലും മലയാളി ഒരു സദാചാരം കാത്തുസൂക്ഷിക്കുന്ന പോലെ. പലരും ജീവിതനൗകയും ചെമ്മീനും അങ്ങാടിയും കണ്ട ടാക്കീസിനെക്കുറിച്ച്‌ മാത്രമേ പറയൂ. അതിനേക്കാളേറെ തവണ അവര്‍ നെഞ്ചിടിപ്പോടെ പോയിവന്ന ഗിരിജയും ഗീതയും പുഷ്‌പയും ദുര്‍ഗയും ഗംഗയും വിജയയും (എല്ലാം പെണ്‍പേരുകള്‍!)  ഓര്‍മ്മയില്ലാതാകുന്നു. ദൃശ്യങ്ങളുടെ കൗമാരസ്വപ്‌നങ്ങളിലേക്ക്‌ എത്രയോ തലമുറയെ കൈപിടിച്ചുയര്‍ത്തിയ (എ) ടാക്കീസുകള്‍ക്ക് നമ്മുടെ ഓര്‍ത്തെടുക്കലുകളില്‍ സീറ്റുകിട്ടുന്നില്ല.

അതൊരു സങ്കടത്തിന്റെ റീല്‍. അതിനു ഒരുപാടു അനുബന്ധങ്ങളുണ്ട്: ഫിലിം പ്രൊജക്ടറുടെ ജീവിതം മുതല്‍ ഒരുപാട് കഥകള്‍. സിനിമയെക്കുറിച്ച്‌ സാങ്കേതികമായി ഒന്നും അറിയാത്ത കാലത്ത്‌, ലോകോത്തര സിനിമാപ്രവര്‍ത്തകരേയും ചിത്രങ്ങളേയും അറിയാത്ത കാലത്ത്‌, ടാക്കീസില്‍ കാഴചക്കാരന്റെ പുറകിലൂടെ അരിച്ചുവന്നിരുന്ന വെളിച്ചം ശീലയില്‍ സിനിമയാകുന്നത് ഒരു അത്ഭുതമായിരുന്നു. 



അതിനൊപ്പം, ആ വെള്ളിവെളിച്ചത്തിന്റെ നിയന്താവിനോട് കൗതുകം കലര്‍ന്ന ആരാധാനയും. നാട്ടിന്‍പുറത്തെ ഒരു ഫിലിം ഓപ്പറേറ്റര്‍ ബിംബം മനസ്സിലേക്ക്‌ വരുമ്പോള്‍ സ്വാഭാവികമായും അയാള്‍ക്കു  കുതിരവട്ടം പപ്പുവിന്റെ മുഖച്ഛായ വരുന്നു. അതല്ലെങ്കില്‍ മാമുക്കോയയുടെ. തലയില്‍ ചിലപ്പോള്‍ ടവല്‍ കൊണ്ട്‌ ഒരു കെട്ട്. അല്ലെങ്കില്‍ മുണ്ടിന്റെ ഒരു തല അരയിലേക്ക്‌ എടുത്തുകുത്തിയിരിക്കും. ഷര്‍ട്ടഴിച്ച്‌ ഏതെങ്കിലും ഒരു മെഷീനടുത്ത്‌ തൂക്കിയിരിക്കും. സിനിമയുടെ എല്ലാമെല്ലാമായ അത്ഭുതമായിരുന്നു അയാള്‍. താനാണ്‌ ഇതിന്റെയെല്ലാം സൃഷ്ടാവ്‌ എന്ന ഭാവം അയാളുടെ മുഖത്തും ഇടയ്‌ക്കിടെ മിന്നിമറഞ്ഞിരുന്നു. ഡിജിറ്റല്‍ സിനിമയുടെ ഈ കാലത്ത്‌ അത്തരമൊരു രൂപത്തെക്കുറിച്ചുള്ള ചിന്ത അപ്രസക്തമായിരിക്കുന്നു.

അതിനു കാരണമുണ്ട്. ഗ്രാമങ്ങളില്‍ സിനിമക്കുള്ള പദവി ഒന്നുവേറെ തന്നെയായിരുന്നു. കല്ല്യാണം കഴിഞ്ഞ് രണ്ട്‌ ആഴ്‌ച്ചക്കുള്ളില്‍ പെണ്ണിനെ സിനിമക്കു കൊണ്ടുപോകാത്ത പുമാനെ നാട്ടുകാര്‍  കൊള്ളാത്തവനായി കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന കാലം. കൂലിപ്പണിക്ക്‌ പോയിവന്ന്‌ ഗൃഹനാഥനും കുടുംബവും സിനിമക്ക്‌ പോകും. ചെറ്റപ്പുരയുടെ വാതില്‍, ഉള്ളിലേക്ക്‌ ചേര്‍ത്തടച്ച്‌, നാലുകട്ട ടോര്‍ച്ചുമെടുത്ത്‌ സിനിമക്ക്‌ പോകുമ്പോള്‍ വീട്ടിലുള്ള എവിടെ നിന്നോ വന്നുചേര്‍ന്ന ആ നായയെ കൂടി കൊണ്ടുപോകും. ഓല ടാക്കീസിലെ പൂഴിമണലില്‍ നായയും കിടന്ന്‌ സിനിമ കാണും. സ്റ്റണ്ട്‌ വരുമ്പോള്‍ വിരണ്ട ശ്വാനന്റെ ഉച്ചസ്ഥായിയിലുള്ള സദിര്!

നാടന്‍ കൊട്ടകകളുമായി ചേര്‍ന്ന്‌ എത്രയോ അനുഭവങ്ങള്‍. ആ വാക്കുപോലും പലര്‍ക്കും അപരിചിതമായിരിക്കുന്നു. പണ്ട്‌ സിനിമ കാണാന്‍ പോയി കറന്റ്‌ പോയാല്‍ ചിലയിടത്ത്‌ പിന്നെ ഷോ ഉണ്ടാകില്ല. പിറ്റേന്ന്‌ ടിക്കറ്റിന്റെ പകുതി കൊണ്ടുവന്നാല്‍ വീണ്ടും കാണാം. ചിലയിടത്ത്‌ പെട്രോമാക്‌സുമായി ഒരാള്‍ വന്ന്‌ ബാക്കി കഥ പറഞ്ഞുകൊടുത്തിരുന്നു. ബീഡിക്കുറ്റി നിറഞ്ഞ, പൂഴി നിറച്ചിട്ട തറയാണ്‌ ടാക്കീസിന്റെ പ്രധാന മേഖല. മരബഞ്ചില്‍ ഇരിക്കുന്നവര്‍ക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ വിഭാഗത്തില്‍ പെടും. സീറ്റിലിരിക്കുന്നവന്‍ ഇരിപ്പില്‍ ഉന്നതകുലജാതന്‍. കടലയും ബീഡിയും വൃത്തിയാക്കാത്ത മൂത്രപ്പുരയും ഈ കാഴ്‌ച്ചകളെ പൂര്‍ണ്ണമാക്കുന്നു. രണ്ട്‌ പേര്‍ക്ക്‌ മാത്രമേ നാട്ടിന്‍പുറ ജീവിതത്തില്‍ അക്കാലത്ത്‌ കളക്ടര്‍ പദവിയുണ്ടായിരുന്നുള്ളൂ. ഒന്ന്‌ ഓപ്പറേറ്റര്‍ മറ്റൊന്ന്‌ അനൗണ്‍സര്‍. എന്തായിരുന്നു അവരുടെ വീമ്പ്‌. നാട്ടിലെ ഒരു അനൗണ്‍സറുടെ വാക്കുകള്‍ക്ക്‌ കേട്ടാണ്‌ വെള്ളിയാഴ്‌ച്ചകള്‍ പിറന്നുവീണത്‌. ഘനഗാംഭീര്യമുള്ള അയാളുടെ വാക്കുകള്‍ക്ക്‌, ശബ്ദത്തിനോട്‌ ആരാധനയും കൗതുകവും കൂട്ടുപോയി. അനൗണ്‍സ്‌മെന്റ്‌ വാഹനത്തിന്‌ പുറകേ ഓടി നോട്ടീസ്‌ പെറുക്കിയെടുത്തിരുന്ന കുട്ടികളില്‍ ഒരാള്‍ ഞാനായിരുന്നു. നാട്ടിന്‍പുറത്ത്‌ ആ അനൗണ്‍സറെ, അല്ലെങ്കില്‍ ഓപ്പറേറ്ററെ പരിചയമുള്ളവനാകുക എന്നതായിരുന്നു ഏറ്റവും ദുഷ്‌കരമായ ദൗത്യം. സിനിമാ തീയ്യറ്ററിലെത്തുമ്പോള്‍ നാട്ടുകാരുടെ, പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച്‌ അയാള്‍ എന്നോട്ട്‌ മാത്രമായി എന്തെങ്കിലും ലോഹ്യം പറഞ്ഞാല്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു. നാട്ടിലെ കൊട്ടകള്‍ക്ക്‌ വര്‍ഷത്തില്‍ രണ്ടുതവണ മാത്രമേ അവധിയുള്ളൂ. ഒന്ന്‌ ഓണത്തിനുള്ള കരി ഓയില്‍ പൂശലിന്‌. മറ്റൊന്ന്‌ മഴക്കാലത്തിന്‌ മുമ്പുള്ള ഓലമേച്ചിലിന്‌.

ഇല്ലാതായ എല്ലാരുടേയും ഇടങ്ങള്‍
ടിവിയും കേബിളും പ്രചാരത്തിലില്ലാത്ത ആ കാലം. അന്ന്‌ സിനിമയുടെ ഏക ആശ്രയവും ഇത്തരം ടാക്കീസുകളായിരുന്നു. ഇന്ന്‌ ടാക്കീസുകള്‍ മിക്കതും കല്ല്യാണമണ്ഡപങ്ങളോ, ആധുനിക തിയ്യറ്റര്‍ സമുച്ചയങ്ങളോ ആയി മനം മാറ്റത്തിനും വിധേയമായി. മലയാളിയുടെ ജീവിതത്തില്‍ ഒരു കാലത്ത്‌ നാടകവും പിന്നീട്‌ സിനിമയും ചെലുത്തിയ സ്വാധീനത്തിന്റെ സ്ഥിതിവിവര കണക്കുകളില്‍ ഇത്തരം ടാക്കീസുകളിലെ അനുഭവങ്ങളും ഉണ്ടാകുമെന്നുറപ്പാണ്‌. ചിത്രം സെക്‌സ്‌ ആയാലും അല്ലെങ്കിലും അവിടെ സൃഷ്ടിക്കപ്പെട്ടിരുന്ന പൊതു ഇടമാണ്‌ ഇവയുടെ അഭാവത്തോടെ ഇല്ലാതായത്‌ എന്നും പറയാം. തിയ്യറ്ററിലേക്ക്‌ കത്തിയെറിഞ്ഞ്‌ നായകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കാലത്തില്‍ നിന്ന്‌ യാഥാര്‍ത്ഥ്യബോധത്തോടെ സമൂഹം രക്ഷപ്പെട്ടെങ്കിലും അവിടെയെല്ലാം പ്രസക്തമാക്കപ്പെട്ട ഒരു കാര്യം സിനിമ എന്ന ശക്തമായ ദൃശ്യാനുഭത്തിന്റെ കരുത്ത്‌ തന്നെ. അതുകൊണ്ടാണ്‌ മൂട്ടയുടെ കടിയും പൊളിഞ്ഞ സീറ്റും അക്കാലത്ത്‌ പലര്‍ക്കും ഒരു പ്രശ്‌നമല്ലാതിരുന്നത്‌. കേവലം ഫിലിം പ്രൊജക്ടര്‍ എന്ന ഒരൊറ്റ സാങ്കേതിക സാധ്യത മാത്രമുണ്ടായിരുന്ന ആ കാലത്ത്‌ എത്രയോ തലമുറകള്‍ അവിടേക്ക്‌ ഈയാംപാറ്റകളെ പോലെയെത്തി ടാക്കീസുകളാല്‍, പ്രത്യേകിച്ചും ഇക്കിളിപ്പടങ്ങള്‍ക്ക്, വശീകരിക്കപ്പെട്ടത്‌.

ചിലര്‍ തലയില്‍ മുണ്ടിട്ടും മുണ്ടിടാതെയും വികലാംഗരെ പോലെ അഭിനയിച്ചും സിനിമക്കെത്തിയത്‌. ചിലര്‍ പടം തുടങ്ങിക്കഴിഞ്ഞ്‌ മാത്രം വന്നു. മറ്റുചിലര്‍ സിനിമ കഴിയുന്നതിന്‌ തൊട്ടുമുമ്പേ തിയ്യറ്റര്‍ വിട്ടു. ക്ഷമയുടെ നെല്ലിപ്പലകകള്‍ക്ക്‌ ടാക്കീസുകള്‍ പലവട്ടം സാക്ഷ്യം വഹിച്ചു. ആരെങ്കിലും ഒന്ന്‌ കാലില്‍ ചവുട്ടിയാല്‍ പോലും അവര്‍ വഴക്കടിച്ചില്ല. മൂട്ടകടിയില്‍ അസഹ്യരായില്ല. ചിലര്‍ ചായയും ബീഡിയും പോലും ഒഴിവാക്കി. പലര്‍ക്കും അതിന്‌ കഴിയില്ലായിരുന്നു. വഴക്കുണ്ടാക്കിയാല്‍ നാട്ടുകാരോ വീടിനടുത്തള്ളവരോ തിരിച്ചറിഞ്ഞാലോ എന്ന ഭയമായിരിക്കാം ഈ ജനാധിപത്യബോധത്തിന്‌ കാരണം. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവരുടെ ജീവിതസാഹചര്യങ്ങളില്‍ മറ്റൊരു സാധ്യതയുമില്ലായിരുന്നു. ഈ സഹിഷ്ണുതയെപ്പറ്റിയുമുണ്ടൊരു കഥ. ഷക്കീല തരംഗം സജീവമായ കാലത്ത്‌ മദ്രാസില്‍ ഒരു ചിത്രമെടുക്കുന്നത്‌ നാല്‌ ചിത്രങ്ങള്‍ക്ക്‌ വേണ്ട വിഷ്വല്‍ എടുത്തിട്ടാണത്രെ. എന്നിട്ട്‌ നാല്‌ കോപ്പി ഉണ്ടാക്കി വില്‍ക്കും. ഒരു ചിത്രത്തില്‍ മിസ് ആര്‍ നായികയാണെങ്കില്‍ മറ്റൊന്നില്‍ പെങ്ങളായിരിക്കും, അടുത്തതില്‍ അയലത്തെ വീട്ടിലെ പെണ്‍കുട്ടി. അങ്ങനെ നഗരത്തില്‍ ഒരു ചിത്രം കളിക്കുന്നു. ചിത്രത്തില്‍ നായികയും നായകനും തമ്മിലുള്ള കിടപ്പറ രംഗം. എരിവു പോര. പെട്ടെന്ന്‌ കൂവലുയര്‍ന്നു. ഉചിതഞ്ജനായ ഫിലിം ഓപ്പറേറ്റര്‍ ആവശ്യമുള്ള ബിറ്റ്‌ ഇട്ടുകൊടുത്തു. നിര്‍ഭാഗ്യത്തിന്‌ ബിറ്റില്‍ അഭിനയിച്ച നടി കണ്ടുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കഥ പ്രകാരം കഥാനായകന്റെ പെങ്ങളായിരുന്നത്രെ. എന്നിട്ടും, പ്രേക്ഷകര്‍ പ്രശ്‌നമുണ്ടാക്കിയില്ല!

ഏത്‌ നിമിഷവും പൊട്ടിമുളക്കാവുന്ന സര്‍ഗാത്മകതയുടെ എത്രയോ ചടുലന്‍ വാഴ്‌വുകള്‍ എ ടാക്കീസുകള്‍ നമുക്കു നല്‍കി. കുറിക്കു കൊള്ളുന്ന കമന്റുകള്‍. നല്ല സിനിമയെന്നത്‌ വിശ്വസാഹിത്യമാണെങ്കില്‍ അശ്ലീല സിനിമക്ക്‌ ചുവരെഴുത്തിന്റെ രാശിയാണ്‌ സമൂഹം സമ്മാനിച്ചത്‌. കുളിമുറിയിലും ഹോസ്‌റ്റല്‍ ചുവരിലും ചില എഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ആവിഷ്‌കാരത്തിന്റെ ഭിന്നപ്രകൃതിയുടെ പ്രതിനിധാനമായാണ്‌ ഇത്തരം സിനിമകള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അധമവാസനകളുടെ എഴുത്തെന്ന്‌ പരമ്പരാഗതമായി ബ്രാന്‍ഡ്‌ ചെയ്യപ്പെടുമ്പോഴും ചുവരെഴുത്തുകള്‍ക്കുള്ള പ്രസക്തിയും ധര്‍മ്മവും തന്നെയാണ്‌ ഇത്തരം ചിത്രങ്ങളില്‍ സമൂഹത്തിന്‌ നല്‍കിയത്‌. ഇത്തരത്തില്‍ പല വൈരുദ്ധ്യങ്ങളും വൈകൃതങ്ങളും ഇത്തരം ദൃശ്യപരിശ്രമങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ഇതെല്ലാം ഒരു തരത്തിലില്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനെ, പ്രത്യേകിച്ച്‌ പുരുഷനെ, സ്വാധീനിച്ചിരിക്കാം. മലയാളിയുടെ സ്വതസിദ്ധമായ കാപട്യത്തിനും ഇത്തരം സംഭവങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ എന്നതാണ്‌ സത്യം. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം ചിത്രങ്ങളിലൂടെയും സമൂഹം കടന്നുപോയിട്ടുണ്ട്‌.

'വികാരി'യച്ചന്‍ മാറ്റിനി!
പാലക്കാട്ടെ ഇത്തരം ചിത്രങ്ങള്‍ കളിച്ചിരുന്ന ഒരു തിയ്യറ്ററില്‍ ഇടവേളക്ക്‌ പ്രത്യേക സമയക്രമമൊന്നുമുണ്ടായിരുന്നില്ല. അപ്പുറത്ത്‌ താമസിക്കുന്ന ചായക്കാരന്‍ ചേട്ടന്‍ ചായയും കടിയുമായി വരുന്നത്‌ എപ്പോഴാണോ അപ്പോള്‍ ഇടവേള; ഇതായിരുന്നു നിയമം. കൊണ്ടുവരുന്ന ചായയും ബീഡിയും കടലയും പരിപ്പുവടയും നിരത്തിവെച്ച്‌ അയാള്‍ ടാക്കീസിന്റെ വാതില്‍ പുറത്തുനിന്ന്‌ തുറക്കും. ചായ തീര്‍ന്നാല്‍ രണ്ടാം പകുതി. പലരും ചായ താല്‍പര്യമില്ലാതിരുന്നിട്ടും വേഗം കുടിച്ചുതീര്‍ത്തു. ഇയാളൊന്ന്‌ പോയിക്കിട്ടാന്‍. ഷോ തുടങ്ങാന്‍ വേണ്ടി രണ്ടുചായയും രണ്ട്‌ കടിയും കഴിച്ചവരുമുണ്ട്‌. വയനാട്ടിലെ ഒരു എ പടം കളിച്ചിരുന്ന തിയ്യറ്റര്‍ അടുത്തകാലത്ത്‌ രൂപഭാവം വരുത്തിയപ്പോള്‍ ഉണ്ടായത്‌ കല്ല്യാണമണ്ഡപമോ ഷോപ്പിങ്‌ കോംപ്ലക്‌സോ അല്ല മറിച്ച്‌ ഒരു ക്രിസ്‌ത്യന്‍ പള്ളി. പള്ളിയായി മാറിയ തിയ്യറ്ററിനെ നാട്ടുകാര്‍ "ഷക്കീലപ്പള്ളി" എന്നു വിളിക്കുന്നു. വയനാട്ടില്‍ തന്നെ അടുത്തിടെ ഒരു എ ടാക്കീസില്‍ പടം കളിച്ചുകൊണ്ടിരിക്കെ തീപിടുത്തമുണ്ടായപ്പോള്‍ കാണാന്‍ പോയ പലരും പരിക്കേറ്റ്‌ ആസ്‌പത്രിയിലായി. അവര്‍ക്ക്‌ ഒരൊറ്റ അഭ്യര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ; ഡോക്ടറോടല്ല, പത്രക്കാരോട്; അപകടത്തില്‍ പെട്ടവരുടെ പേര്‌ കൊടുക്കരുത്‌.

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലില്‍ നിന്ന്‌ തൊട്ടയല്‍ വക്കത്തുള്ള തേഞ്ഞിപ്പാലം രമ്യയിലേക്ക്‌ 'എ' പടങ്ങള്‍ക്ക്‌ പോയിരുന്നവനാണ്‌ ഇതെഴുന്നയാളും. അത്തരമൊരു ഷോയ്ക്കിടയില്‍ വേണ്ടത്ര എക്‌സ്‌ട്രാ ഇല്ലാത്തതില്‍ പ്രതിഷേധിച്ച്‌ ഒരു പ്രേക്ഷകന്‍ ഷര്‍ട്ടൂരി ഫിലിം പ്രൊജക്ടറിന്റെ വെളിച്ചം വരുന്ന ചതുരത്തില്‍ കെട്ടിത്തൂക്കി! നായിക കുളിക്കുന്ന ദൃശ്യം തുടങ്ങുമ്പോള്‍ മുന്നിലൂടെ പാഞ്ഞുപോകുന്ന ട്രെയിന്‍ ഏതെങ്കിലും ദിവസം വൈകി വരുമെന്ന്‌ പ്രതീക്ഷിച്ച്‌ എല്ലാ ദിവസവും ഷോ കാണാന്‍ പോയ ഒരാളെക്കുറിച്ച്‌ നിരൂപകനായ എം കൃഷ്‌ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ എഴുതിയിരുന്നു. മനസ്സിന്റെ ഏതു വികാരങ്ങളെന്ന്‌ പേരിട്ടും വിളിച്ചാലും ശരി, മലയാളിയെ ഈ സിനിമകളും, ടാക്കീസുകളും സ്വാധീനിച്ചിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടെക്‌നോളജിയുടെ സ്വാധീനം മൂലം മനുഷ്യന്‍ കൂടുതല്‍ വളരുമ്പോഴും അവന്റെ സ്വകാര്യതയും, അതിനനുസരിച്ച്‌ അവന്റെ ദുഷ്‌സ്വാതന്ത്ര്യവും, വളര്‍ന്നു എന്നത്‌ മറ്റൊരു സത്യം.

ടാക്കീസിന്റെ പൊതു ഇടത്തില്‍ നിന്ന്‌ അഥവാ പേരിനെങ്കിലും ഒരുമിച്ചിരുന്നുള്ള കാല്‍പ്പനിക സോഷ്യലിസത്തില്‍ നിന്ന്‌ സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കും പിന്നെ സ്വന്തം ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും അവന്റെ ദൃശ്യതാല്‍പര്യങ്ങള്‍ വളര്‍ന്നു. അത്‌ അവനെ സാമൂഹ്യവിരുദ്ധനായി പരിണമിപ്പിച്ചിക്കുന്നതില്‍ പങ്കുവഹിച്ചിരിക്കാം. സമൂഹത്തിന്റെ പേരുദോഷ പട്ടികയില്‍ നിന്ന്‌ അങ്ങനെ കുറെ പ്രേക്ഷക ഭൂരിപക്ഷങ്ങളും ചില ടാക്കീസുകളും കാലക്രമേണ, ഗിരിജയെപ്പോലെ, ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടു. ചില ടാക്കീസുകള്‍ യൗവ്വനയുക്തരായി ഉപനയനം ചെയ്യപ്പെട്ടു. കുറെയധികം എണ്ണം അടച്ചുപൂട്ടി. ഫിലിം ഓപ്പറേറ്റര്‍മാരുടേതടക്കം കുറെ കുടുംബങ്ങള്‍ വഴിയാധാരമായി. അവരില്‍ പലരുടേയും ജീവിതം പഴയ ഫിലിം റോള്‍ പോലെ ദാരിദ്യത്താല്‍ ചുറ്റപ്പെട്ടുകഴിഞ്ഞിരുന്നു.

ഇടയ്‌ക്കെല്ലാം എ പടങ്ങള്‍ വിരുന്നെത്തിയിരുന്ന ഒരു നാട്ടിന്‍പുറ ടാക്കീസിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകനായ ഒരു സുഹൃത്ത്‌ പറഞ്ഞതിങ്ങനെ ''സത്യത്തില്‍ മനസ്സിലായിരുന്നു ആരാധന. സ്വാഭാവികമായും ഓരോ നടീനടന്‍മാരും സങ്കല്‍പ്പങ്ങള്‍ക്കും ഭാവനകള്‍ക്കുമനുസരിച്ച്‌ വളര്‍ന്നു. ആ ഭാവനകളില്‍ അവര്‍ കുളിച്ച്‌ കുറിതൊട്ട്‌ പൂചൂടി, അണിഞ്ഞൊരുങ്ങി ആ ഇടവഴികളില്‍ അനുരാധയായും ജയഭാരതിയായും ഞങ്ങളെ കാത്തുനിന്നു. ചിലര്‍ ഭാര്യയുടെയോ കാമുകിയുടേയോ അയലത്തെ വീട്ടിലെ പെണ്‍കുട്ടിയുടേയോ ഛായ അവരില്‍ മെനഞ്ഞു. കുറച്ചുകാലം മുമ്പ്‌ വരെ, നാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച്‌ ചില ടാക്കീസുകളില്‍ 'എ സ്‌പെഷ്യല്‍' ഓടിയിരുന്നു. ഉത്സവവും എ പടവും തമ്മില്‍ എന്താണ്‌ ബന്ധമെന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ലെങ്കിലും അത്തരം സ്‌പെഷ്യല്‍ ഷോകള്‍ ഏതെങ്കിലും അമ്പലക്കമ്മിറ്റികളോ പെരുന്നാള്‍ കമ്മിറ്റികളോ വിലക്കിയതായി ഓര്‍മ്മയിലില്ല.

അടുത്തിടെ പഴയ നടി അനുരാധയുമായി ഒരു അഭിമുഖത്തില്‍ അക്കാലത്തെ നടിമാരുടെ മേനിപ്രദര്‍ശനത്തെപ്പറ്റിയുള്ള ചോദ്യത്തിന്‌ അവര്‍ പറഞ്ഞ ഒരഭിപ്രായം ഇങ്ങനെയായിരുന്നു. ''ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി കുറച്ചൊക്കെ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ നായികമാര്‍ ചെയ്യുന്നതിനോളം ഞങ്ങള്‍ ചെയ്‌തിട്ടില്ല". കോടമ്പാക്കം നടികള്‍ എന്ന്‌ പേരില്‍ ആക്ഷേപിക്കപ്പെട്ട അവരെ പോലും ലജ്ജിപ്പിക്കുന്ന പ്രമേയങ്ങളും രംഗങ്ങളും കാണാന്‍ മലയാളി കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നു്‌ എന്നതൊരു സത്യമാണ്‌. അന്ന്‌ പ്രേക്ഷകന്റെ മേല്‍ ഈ ദൃശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടില്ല എന്നതാണ്‌ ശരി. കാരണം നിങ്ങള്‍ക്ക്‌ അത്തരം ചിത്രങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതി. എന്നാല്‍ ഇന്ന്‌ സ്വീകരണമുറിയിലെ ടെലിവിഷനില്‍ അത്‌ ഒരു സ്വാഭാവിക കാഴച്ച മാത്രം. സിനിമയിലും ഇതു തന്നെ. മലയാളത്തിലെ നല്ല പിള്ള, തമിഴിലും തെലുങ്കിലും തുടയിളക്കി!  ചെന്നൈയില്‍ ഇപ്പോഴും സിനിമാജീവിതം എന്ന്‌ വിളിക്കാവുന്ന എന്നാല്‍ സിനിമാ ജീവിതത്തിന്റെ സുഖഭോഗങ്ങളിലും ആര്‍ഭാടങ്ങളിലും പ്രശസ്‌തിയുടെ അപാരതയിലുമൊന്നും പെടാതെ കഴിയുന്ന നിരവധി പേരുണ്ട്‌. പക്ഷേ 'എ' പടം കളിപ്പിക്കുന്ന തിയ്യറ്ററിലെ ഓപ്പറേറ്റര്‍ക്ക്‌ പോലും പേരുദോഷമാണ്‌ സമൂഹം കരുതിവെച്ചതെന്നോര്‍ക്കുക. അപ്പോള്‍ പിന്നെ നടിയുടെ കാര്യം പറയണോ. ലൈറ്റ്‌ ബോയ്‌ മുതല്‍ ഫിലിം ഓപ്പറേറ്റര്‍ വരെ ആ അനുഭവത്തിന്റെ, വിവേചനത്തിന്റെ ഭാഗമായി പോയെന്ന്‌ ചുരുക്കം.

സാധാരണക്കാരായ മധ്യവയസ്‌ക്കരുടെ സമൂഹത്തെ ഒരറ്റത്തേക്ക്‌ മാറ്റിനിര്‍ത്തുകയാണ്‌ സാങ്കേതികവിദ്യ ചെയ്‌തതെന്നതിന്‌ എ പടങ്ങള്‍ നല്ലൊരു ഉദാഹരണമാണ്‌. ടാക്കീസുകളിലെ ഒരു ശക്തമായ ന്യൂനപക്ഷം അവരായിരുന്നല്ലോ. വാസ്തവത്തില്‍ ടെക്‌നോളജി അവര്‍ക്ക്‌ ഒരു പൊതു ഇടം ഇല്ലാതാക്കുകയാണ്‌ ചെയ്‌തത്‌. കേരളീയ സാമ്പത്തികാവസ്ഥയുടെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ തിയ്യറ്ററിലെ ദൃശ്യാനുഭവത്തില്‍ നിന്ന്‌ ടെക്‌നോളജിയുടെ വളര്‍ച്ച ഒരു വ്യക്തിയെ അവനിലേക്ക്‌ കൂടുതല്‍ ചുരുക്കുകയാണ്‌ ചെയ്‌തത്‌. അതോടെ നഷ്ടമായത്‌ സിനിമ കാണല്‍ എന്ന പ്രക്രിയയുടെ സാമൂഹികമായ ഇടമാണ്‌. വ്യക്തിക്ക്‌ അയാള്‍ കാണുന്ന ദൃശ്യത്തിന്‌ മേല്‍ സ്വാഭാവികമായി കൈവരുന്ന മേല്‍ക്കോയ്‌മയുടെ കാര്യത്തില്‍ പൂര്‍ണ്ണത ലഭിക്കുമെങ്കിലും അതിന്റെ സാമൂഹ്യസ്‌പര്‍ശവും ജൈവതയും നഷ്ടപ്പെട്ടുപോകുന്നു. കേരളത്തിന്റെ കുടുംബസാഹചര്യങ്ങളും സദാചാരനിഷ്‌ഠമായ ജീവിതത്തിന്റെ സ്വാഭാവികമായ സവിശേഷതകളും ഒരു പ്രത്യേക പ്രായത്തിനപ്പുറം സെക്‌സ്‌ കടന്നുവരാതിരിക്കാനുള്ള സാഹചര്യങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. ഇത്‌ ദൃശ്യരതിയെ തേടി പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന്‌ ഒരു കാരണമാണ്‌. ടെക്‌നോളജി സൃഷ്ടിച്ച സാധ്യതകളെ പുതുതലമുറ ഉപയോഗപ്പെടുത്തി മാനസികമായ ദൃശ്യാനുഭവ സംതൃപ്‌തി നേടിയപ്പോള്‍ മധ്യവയസ്‌കര്‍ക്ക്‌ തങ്ങളുടെ ലൈംഗിക ഛോദനകളുടെ ബദല്‍ സാധ്യതകളുടെ പഴുതടയ്‌ക്കപ്പെടുകയാണ്‌ ഉണ്ടായത്. സ്വാഭാവികമായും അവരുടെ ലൈംഗിക താല്‍പര്യങ്ങളെ അവര്‍ പൊതുസ്ഥലങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും സംക്രമിപ്പിച്ചു. ഇത്‌ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഒരു പരിധി വരെ കാരണമായിട്ടുണ്ടാകാം.

പടം എന്തായാലും ഒരു പൊതു ഇടം എന്ന രീതിയില്‍ ടാക്കീസുകള്‍ക്ക്‌ പ്രസക്തിയുണ്ട്‌. അതില്ലാതാകുന്നതോടെ പൊതു ഇടങ്ങള്‍ തകരുന്നു, എല്ലാം സ്വകാര്യതയുടെ മറവിലേക്ക്‌ മാറുകയും ചെയ്യുന്നു. ലൈംഗികതയെക്കുറിച്ച്‌ മാത്രമല്ല പറഞ്ഞുവന്നത്‌ മനുഷ്യന്റെ ആഘോഷങ്ങളെക്കുറിച്ചുതന്നെയാണ്‌. അതിനാല്‍ തന്നെ, ഒന്നുകൂടി ചോദിക്കുകയാണ്: ഓര്‍മ്മയുണ്ടോ നാട്ടിലെ ആ പഴയ എ ടാക്കീസിനെ?

ലേഖകന്‍ പത്രപ്രവര്‍ത്തകനാണ്

Jan 18, 2010

ബാസുവിന്‌ ശേഷം ഇനിയെന്ത്‌?

'ബംഗാള്‍: ബാസുവിന്‌ ശേഷവും മുമ്പും' എന്ന വര്‍ഗീകരണത്തിന്‌ രാഷ്ട്രീയപ്രസക്തിയുണ്ടെന്ന്  വിഎസ് സനോജ്

''എനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ല,
സംശയങ്ങളും സങ്കടങ്ങളും മാത്രം,
പത്രം, റേഡിയോ, ടെലിവിഷന്‍
ആരും നേരു പറയുന്നില്ല,
അവിടെ എന്തോ നടക്കുന്നുണ്ട്‌,
കാലം പഴയതല്ല''

ബംഗാള്‍ - കെജി ശങ്കരപ്പിള്ള



ബംഗാള്‍ രാഷ്ട്രീയം പുതിയൊരു ദിശയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ജ്യോതി ബാസു വിടപറയുന്നത്‌. ജ്യോതിദാ എന്ന വിളിപ്പേരിന്റെ വൈകാരിക മൂര്‍ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന മറ്റേതെങ്കിലും നേതാവ് വംഗനാട്ടില്‍ ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. ജ്യോതിബസു എന്ന മനുഷ്യന്‍ സൃഷ്ടിച്ച രാഷ്ട്രീയപ്രഭാവമാണ്‌ തോട്ടിപ്പണിക്കാരുടേയും ഭിക്ഷയെടുക്കുന്നവരുടേയും വേശ്യകളുടേയും ഉന്തുവണ്ടിക്കാരുടേയും കല്‍ക്കട്ടയെ ഇന്നത്തെ കൊല്‍ക്കത്തയായി പരിവര്‍ത്തിപ്പിച്ചത്‌. വൈകാരിക രാഷ്ട്രീയ സാഹചര്യത്തെ ഉപജീവിക്കുകയും അതിജീവിക്കുകയും ചെയ്‌ത ബംഗാളിലെ ഇടതുപക്ഷം ഇപ്പോള്‍ ആ ജനതയോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ പുതിയ കാലത്തെ കാഴ്‌ച്ചകളോട്‌ പൊരുത്തപ്പെടാനാണ്‌ ആ പരിവര്‍ത്തനത്തിന്റെ ഗതിയെന്തായി എന്നത്‌ രാഷ്ട്രീയമായി മാത്രമല്ല സാമൂഹ്യശാസ്‌ത്രപരമായും വിലയിരുത്തപ്പെടേണ്ട ഒന്നാണ്‌.

എന്തുകൊണ്ട്‌ ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തി എന്നതിന്‌ അവിടെ ദാരിദ്ര്യമുണ്ടായിരുന്നു എന്നാതാണ്‌ ഏറ്റവും ലളിതമായ ഉത്തരം. നവോത്ഥാന അലകള്‍ ഇളക്കിമറിച്ച ഒരു മണ്ണില്‍ ജനങ്ങളോടൊപ്പം നിന്ന നേതാക്കന്മാരുടെ കരുത്തില്‍, സംഘടനാ രാഷ്ട്രീയത്തിന്റെ മികവിലാണ് ഇടതുപക്ഷം ബംഗാളില്‍ വേരുറപ്പിച്ചത്. വായനയുടേയും സാംസ്‌കാരികമായ ഉണര്‍വുകളുടേയും വലിയ ഊര്‍ജ്ജമുള്ള മണ്ണായിരുന്നു ബംഗാളിലേത്‌. മീനും കാളിദേവിയും കമ്യൂണിസവും കൃഷിയും ബ്രാഹ്മണിസവും ഇടകലര്‍ന്ന ദേശാന്തരപ്രകൃതിയാണ്‌ ബംഗാളിന്‍േത്‌. 1970കള്‍ക്ക്‌ ശേഷം ബംഗാള്‍ രാഷ്ട്രീയം ചുവപ്പിന്റെ ഉരുക്കുകോട്ടകളായി മാറുന്ന കാഴ്‌ച്ച അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിന്‌ ഒട്ടും ദഹിക്കാത്തതായിരുന്നു. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ രാഷ്ട്രീയാധികാരം രാജ്യം മുഴുവന്‍ ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന ഒരുകാലത്ത്‌. കേരളം നിരന്തരമായ സമവായസമരസപ്പെടലിന്റെ രാഷ്ട്രീയത്തെ മാറിമാറി സൃഷ്ടിച്ചപ്പോഴും ബംഗാള്‍ ചുവപ്പിനോടൊപ്പം അടിയുറച്ചു നില്‍ക്കുകയാണ് ചെയ്തത്.

കോണ്‍ഗ്രസ്‌ എന്ന എതിര്‍ചേരിയുടെ വോട്ടുകള്‍ 1990കളുടെ മധ്യത്തോടെ കൊഴിയുന്നതോടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ മേല്‍ക്കോയ്മ കൂടുതല്‍ ശക്തമായി. മമതാ ബാനര്‍ജി എന്ന പുതിയ രാഷ്ട്രീയ താരത്തിന്റെ ഉദയം പോലും ഇടതുപക്ഷത്തെ തുടക്കത്തില്‍ ക്ഷീണിപ്പിക്കാതിരുന്നത് അതുകൊണ്ടാണ്. അന്നെല്ലാം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരുന്നത് കോണ്‍ഗ്രസായിരുന്നു. സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ ഭരണകൂട അപ്രമാദിത്വത്തെ കാവ്യനീതിയോടെ അതിജീവിക്കാനും പുതിയൊരു രാഷ്ട്രീയസാഹചര്യം കാണിച്ചുകൊടുക്കാനും ബാസുവിന്റെ പാര്‍ടിക്ക്‌ കഴിഞ്ഞുവെന്നതാണ്‌ ബംഗാളിലെ ഇടതുനേട്ടം. അതുകൊണ്ടാണ്‌ പ്രമോഷ്‌ ആചാര്യ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍  ഇങ്ങനെ എഴുതിയത്‌: ''കോണ്‍ഗ്രസ്‌ 1990കള്‍ക്ക്‌ ശേഷം ഇടതുഭരണത്തെ അഴിമതി ആരോപണങ്ങളുടെ പേരിലേക്ക്‌ ചേര്‍ത്തപ്പോള്‍ അത്‌ ആരോപിച്ചവരുടെ സദാചാരത്തെപ്പറ്റിയാണ്‌ ബംഗാള്‍ ജനത ആദ്യം ഓര്‍ത്തത്.‌''

ഉദാരവല്‍ക്കരണത്തിന്റെ വരവോടെ രാജ്യം പുതിയൊരു സാമൂഹ്യ-സാമ്പത്തിക ക്രമത്തിലേക്ക് കാലെടുത്ത് വച്ചതോടെ വികസനത്തെ പ്രായോഗിക രാഷ്ട്രീയവുമായി സമാസമം ചേര്‍ക്കുന്ന പുതിയ രാസായനവിദ്യ പരീക്ഷിക്കാന്‍ ബംഗാളിലെ ഇടതുപക്ഷവും തയ്യാറായി. കാര്‍ഷികവത്കരണം എന്ന മുദ്രാവാക്യം വ്യാവസായിക വത്കരണത്തിനു വഴി മാറി. പുതിയ തൊഴിലുകള്‍ ഉതപാദിപ്പിക്കണമെങ്കില്‍, സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ വ്യവസായങ്ങള്‍ വരണം. വ്യവസായങ്ങള്‍ വരണമെങ്കില്‍ ഭൂമി വേണം. ഭൂപരിഷ്കരണം ഏറ്റവും കാര്യക്ഷമയായ രീതിയില്‍ നടപ്പാക്കപ്പെട്ട ബംഗാള്‍ പോലൊരു സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്കായി ഭൂമി കണ്ടെത്തുക എത്ര ദുഷ്കരമാണെന്ന് ബുദ്ധദേവിനും പാര്‍ടിക്കും അനുഭവത്തിലൂടെ തിരിഞ്ഞു കാണണം. ഭരണകൂടം ഭൂമി തെട്ടപ്പോഴാണ് നന്ദിഗ്രാമും സിംഗൂരുമെല്ലാം ഉണ്ടായത്.

ബുദ്ധദേവിന്റെ കയ്യില്‍ ഭരണമെത്തിയതോടെ വികസനചരിത്രത്തിലെ കുതിച്ചുചാട്ടത്തിന്‌ തന്നെ ബംഗാള്‍ സാക്ഷ്യം വഹിച്ചെങ്കിലും ഗ്രാമങ്ങളെ ഇടതുപക്ഷം തമസ്‌കരിക്കുന്നുവെന്ന വിമര്‍ശനത്തിന് ഇക്കാലത്ത് തന്നെ മൂര്‍ച്ചയേറി. വ്യക്തമായ രാഷ്ടീയ അജന്‍ഡയോ, വ്യക്തിപ്രഭാവമുള്ള നേതാക്കളോ ഇല്ലാതിരുന്ന കോണ്‍ഗ്രസ്‌ എന്ന നനഞ്ഞ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് മമത ബാനര്‍ജി ഉയര്‍ന്നതോടെ ബംഗാളിലെ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറി.

വിശാലമായി പടര്‍ന്നുകിടക്കുന്ന ഒരു സംസ്ഥാനമാണ് ബംഗാള്‍ എന്നതും പല മേഖലകളും വികസന കാര്യത്തില്‍ പുറകിലാണെന്നതും മാധ്യമവിസ്‌ഫോടനത്തിന്റെ ഈ കാലത്ത്‌ വന്‍ വാര്‍ത്താപ്രധാന്യം നേടി. അവിടങ്ങളിലെല്ലാം മാവോയിസവും, തൃണമൂല്‍ കോണ്‍ഗ്രസും ശക്തിയാര്‍ജിക്കുന്നു. തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണി സിപിഎമ്മാണെന്ന് തിരിച്ചറിവില്‍ മാവോയിസ്റ്റുകള്‍ പാര്‍ടിയുടെ താഴേതട്ടിലുള്ള നേതാക്കളെ തെരഞ്ഞുപിടിച്ച് വക വരുത്താന്‍ തുടങ്ങി. ലക്ഷ്യം ബഹുജനങ്ങളൂമായുള്ള സിപിഎമ്മിന്റെ കണ്ണികള്‍ അറുത്തു മാറ്റുക എന്നതും. കഴിഞ്ഞ നാല്‌ വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ ഏറ്റവും കൂടുതല്‍ കൊല ചെയ്യപ്പെട്ടത്‌ സിപിഎമ്മുകാരാണ്‌. നന്ദിഗ്രാമിലും മറ്റും സംഭവിച്ച പാളിച്ചകള്‍ തിരുത്താന്‍ തയ്യാറാവുമ്പോഴേക്കും ഇക്കൂട്ടര്‍ പാര്‍ടിക്കു മുന്നിലേക്ക് പുതിയ വെല്ലുവിളികളുയര്‍ത്തി. അതേ സിംഗൂരിന്റെയും നന്ദിഗ്രാമിന്റേയും പേരില്‍ മമത അവസരവാദ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ വെല്ലുവിളികള്‍ പ്രതിസന്ധികളായി മാറുന്നത്. ഇന്ന്‌ ടാറ്റയെ ഒഴിപ്പിച്ച ഭൂമിയില്‍ കോച്ച്‌ ഫാക്ടറി വരുമെന്നറിയുമ്പോഴാണ് മമതയുടെ രാഷ്ട്രീയത്തിന്റെ തനിനിറം ബംഗാളികള്‍ തിരിച്ചറിയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തിരിച്ചടി ഞെട്ടിപ്പിക്കുന്നതാണ്‌. സുഭാഷ്‌ ചക്രവര്‍ത്തിയെ പോലുള്ളവര്‍ കാലങ്ങളായി ജയിച്ചുപോന്ന മണ്ഡലങ്ങള്‍ അടക്കം കൈവിട്ടപ്പോള്‍ ബാസുവാണ്‌ ബുദ്ധദേവിനേയും പാര്‍ടി സെക്രട്ടറി ബിമന്‍ ബോസിനേയും വിളിച്ച്‌ ശാസിച്ചത്‌. ''പോയി തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അറിയൂ. അതിന്‌ പോകേണ്ടത്‌ ഗ്രാമങ്ങളിലേക്കാണ്‍," എന്ന് പറയാന്‍ ബംഗാളില്‍ ഒരു ജ്യോതി ബാസുവുണ്ടായി. വളര്‍ത്തി വലുതാക്കിയ കുടുംബം നഷ്ടപ്പെട്ടുപോകുന്ന ഒരാളിന്റെ വേദനയാണ്‌ ഈ വാക്കുകളില്‍ കാണാനാവുക. ആ വേദന ഒരു പാഠമാണ്‌. തുറന്നുപറച്ചിലിനുള്ള ഈ സഹൃദയത്വമാണ് പുതിയ തലമുറയിലെ നേതാക്കള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തത്.

മരിച്ചുകിടക്കുന്ന സുഭാഷ്‌ ചക്രവര്‍ത്തിക്കരികില്‍ നിന്ന്‌ പൊട്ടിക്കരയുന്ന ബിമന്‍ ബോസിന്റെ ചിത്രം അടുത്തിടെയാണ്‌ മാധ്യമങ്ങളില്‍ വന്നത്‌. ബംഗാളിലെ ഗ്രാമങ്ങളിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുന്ന ബുദ്ധദേവിന്റെ ചിത്രവും പല ഗ്രാമീണപാര്‍ട്ടിയോഗങ്ങളിലും നന്ദിഗ്രാമിലെ വെടിവെപ്പിന്റെ പേരില്‍ മാപ്പുപറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകളും സംഭവിച്ചത്‌ അടുത്തകാലത്ത്‌ തന്നെ. അതാണ്‌ ബംഗാളിന്റെ പ്രത്യേകത. ഒരുപക്ഷേ കെപിആര്‍ ഗോപാലന്റെ മൃതദേഹത്തിനരികെ നിന്ന്‌ പൊട്ടിക്കരയുന്ന നായനാരെയാണ്‌ അപ്പോള്‍ ഓര്‍മ വന്നത്‌. ഈ ഇഴയടുപ്പമാണ് കമ്യൂണിസ്റ്റ് നേതാക്കളെ വ്യത്യസ്തരാക്കുന്നത്. അതാണ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതും. ആക്രോശങ്ങളുടേയും ക്ഷോഭങ്ങളുടേയും പാര്‍ടി നേതൃത്വശൈലിയ്‌ക്ക്‌ വന്‍ മാര്‍ക്കറ്റുള്ള ഈ കാലത്ത്‌ ബസുവിന്റെ തലമുറ പ്രകടിപ്പിച്ച സൗമനസ്യം എത്ര പേര്‍ ഇനി ഓര്‍ക്കും.

ഈ പ്രത്യേകത കൊണ്ടാണ്‌ ബംഗാളിലെ രാഷ്ട്രീയത്തില്‍ ഇപ്പോഴും വൈകാരികതയുടെ അടിയൊഴുക്കുകളുണ്ടെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. കൊല്‍ക്കത്തയെ 'സിറ്റി ഓഫ്‌ ജോയ്‌' എന്ന്‌ വിളിക്കാന്‍ ഡൊമിനിക്‌ ലാപ്പിയറിനെ പ്രേരിപ്പിച്ചതും അതുകൊണ്ടുതന്നെ. തൃണമൂലിന്റെ വളര്‍ച്ചയും, മാവോയിസ്റ്റ്‌ ആക്രമണങ്ങളും സിപിഎമ്മിനെ നോക്കി ക്രൂരമായി ചിരിക്കുന്ന ഈ കാഴ്‌ച്ചകളുടെ അവസാനം കാണാന്‍ ഏതായാലും ഇനി ബാസുവില്ല. കൊല്‍ക്കത്ത നഗരത്തിലെ ക്യാമ്പസുകളില്‍ എസ്‌എഫ്ഐയുടെ മേധാവിത്വം കുറഞ്ഞുവരുന്നതിനെപ്പറ്റിയും തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ തിരഞ്ഞെടുപ്പ്‌ നേട്ടങ്ങളെക്കുറിച്ചും അവിടത്തെ ഒരു സുഹൃത്ത്‌ സൂചിപ്പിച്ചത്‌ ഈയിടെയാണ്‌.

1977 മുതല്‍ സിപിഎമ്മിനൊപ്പം നിന്നിട്ടുള്ള ബെല്‍ഗാച്ചിയ ഈസ്റ്റ്‌ മണ്ഡലമാണ്‌ സുഭാഷ്‌ ചക്രവര്‍ത്തിയുടെ വിയോഗത്തിന്റെ ചൂട്‌ മാറും മുമ്പെ ഒരു സഹതാപതരംഗത്തിന്‌ പോലും വില കല്‍പ്പിക്കാതെ ഇത്തവണ തൃണമൂലിനെ വിജയിപ്പിച്ചത്‌. അതും സുഭാഷ്‌ ചക്രവര്‍ത്തിയുടെ ഭാര്യയാണ്‌ ഇവിടെ സിപിഎമ്മിന്‌ വേണ്ടി മത്സരിച്ചത്‌ എന്നോര്‍ക്കുക. ഇങ്ങനെ പല മണ്ഡലങ്ങളുടേയും രാഷ്ട്രീയ ചരിത്രങ്ങള്‍ ഗ്രാഫുകളും പുതിയ ദിശകളിലേക്ക്‌ മുന്നില്‍ വഴിമാറുകയാണ്‌. ബംഗാള്‍ ബസുവിന്‌ ശേഷവും മുമ്പും എന്ന വര്‍ഗീകരണത്തിന്‌ രാഷ്ട്രീയപ്രസക്തിയുണ്ടാകുന്നത്‌ അതുകൊണ്ടാണ്‌.


ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ദേശീയ പ്രധാന്യമുള്ള, തലയെടുപ്പുള്ള ഒരു നേതാവിനെയാണ്‌ ബസുവിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്‌. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ വിയോഗം പോലെ. 1964ലെ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പിളര്‍പ്പില്‍ നിന്ന്‌ സിപിഎമ്മുണ്ടാക്കാന്‍ ഇറങ്ങിപ്പോന്നവരുടെ കൂട്ടത്തില്‍ ഇനി വിഎസിനൊപ്പം ബാസുവില്ല. പ്രസ്ഥാനത്തെ കെട്ടിപ്പെടുത്ത ഒരു തലമുറയാണ് ഇറങ്ങിപോകുന്നത്. ഈ മാറ്റം പാര്‍ടി എങ്ങിന്‍ ഉള്‍ക്കൊള്ളൂമെന്നതാണ് കാതലായ ചോദ്യം.

Jan 17, 2010

സഖാവിന് ലാല്‍സലാം


ബംഗാളിന്റെ രാഷ്ട്രീയത്തെ ഇടത്തോട്ടു കൊണ്ടു വരികയും പതിറ്റാണ്ടുകളോളം ഇടത്തുതന്നെ നിര്‍ത്തുകയും ചെയ്ത വലിയ നേതാവായിരുന്നു ജ്യോതി ബാസു . ഒരു തലമുറയുടെ ബംഗാളിനെ മാറ്റി തീര്‍ത്ത കമ്യൂണിസ്റ്റുകാരന്‍. സഖാവിന് ദില്ലിപോസ്റ്റിന്റെ ആദരാഞലികള്‍.

ബാസുവിന്റെ ജീവിതപാതയിലൂടെ:


1914 ജൂലൈ 8ന് കല്‍ക്കട്ടയില്‍ ജനനം

പ്രസിഡന്‍സി കോളെജില്‍ നിന്നും ഇംഗ്ലിഷില്‍ ബിരുദം. ലണ്ടനില്‍ നിയമ പഠനം

1940ല്‍ ഇന്ത്യയിലേക്ക് മടക്കം. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേരുന്നു.

1944ല്‍ ബംഗാള്‍ റെയില്‍വേ യൂനിയനില്‍ സജീവ പ്രവര്‍ത്തകന്‍

1946ല്‍ കോണ്‍ഗ്രസിന്റെ ഹുമയൂണ്‍ കബീറിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തുന്നു.

1948ല്‍ കല്‍ക്കട്ട കോണ്‍ഗ്രസിന് ശേഷം സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോകുന്നു

1952ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി.

1952, 1957, 1962, 1967, 1969, 1971 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ബാരാനഗര്‍ നിയമ സഭാ മണ്ഡലത്തില്‍ നിന്നും വിജയം. 1972ലെ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ശിബ്ദാസ് ഭട്ടാചാര്യയോട് ആദ്യത്തേയും അവസാനത്തേയും പരാജയം. പിന്നീട് 1977, 82, 87, 91, 96 വര്‍ഷങ്ങളില്‍ സത്ഗാചിയയില്‍നിന്നും തുടര്‍ച്ചയായ വിജയം.

1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനോടൊപ്പം.

1965ല്‍ പീപ്പിള്‍സ് ഡെമോക്രസിയുടെ സ്ഥാപക പത്രാധിപര്‍.

1967ലെ പശ്ചിമ ബംഗാള്‍ മുന്നണി സര്‍ക്കാരില്‍ ഉപ മുഖ്യമന്ത്രി

1968ല്‍ എട്ടാം പാര്‍ടി കോണ്‍ഗ്രസിനു ശേഷം പോളിറ്റ് ബ്യൂറോയില്‍ അംഗം
 
1977 ജൂണ്‍ 21ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി. 2000 നവംബര്‍ 6 വരെ ഭരണത്തില്‍.

1996ല്‍ പ്രധാനമന്ത്രിയാവാനുള്ള ക്ഷണം ലഭിച്ചെങ്കിലും കേന്ദ്രത്തില്‍ ഭരണം ഏറ്റെടുക്കേണ്ടെന്ന നിലപാടായിരുന്നു പാര്‍ടിയുടേത്. ഈ തീരുമാനത്തെ പിന്നീട് 'ചരിത്രാബദ്ധം' എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുകയുണ്ടായി. 

2000ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നു.

2004ല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുണ്ടായ സഖ്യത്തിന്റെ പ്രധാന ശില്പികളിലൊരാള്‍.

2008 ഏപ്രിലില്‍ ചേര്‍ന്ന പത്തൊന്‍പതാം പാര്‍ടി കോണ്‍ഗ്രസ് തുടര്‍ച്ചയായ അഭ്യര്‍ത്ഥനകള്‍ക്കൊടുവില്‍  ബസുവിന് പോളിറ്റ് ബ്യൂറോവില്‍ നിന്ന് വിടുതല്‍ നല്‍കുന്നു. 

2010 ജനുവരി 17ന് കൊല്‍ക്കത്തയില്‍ വച്ച് മരണം.

Nov 15, 2009

മിത്ത് = വേവിക്കപ്പെടാത്ത ഭാഷ

ഒക്ടോബര്‍ 30ന് നൂറാം വയസില്‍ പാരീസില്‍ വച്ചു മരണമടഞ്ഞ ക്ലോദ് ലെവിസ്ട്റോസിനെ കുറിച്ച് ആര്‍ ജാനകി ഒരു കാലഘട്ടത്തെ നവീന ചിന്തയുടെ നൈരന്തര്യം കൊണ്ട് അടയാളപ്പെടുത്തിയ നരവംശ ശാസ്ത്രജ്ഞനായിരുന്നു ക്ലോദ് ലെവിസ്ട്റോസ്. ഘടനാവാദത്തിന്റെ (structuralism) പരിധിയില്‍ നരവംശശാസ്ത്രത്തെ ഉള്‍പ്പെടുത്തിയ ലെവിസ്ട്റോസാണ് പാശ്ചാത്യ സംസ്കാരം അതിന്റെ ഗുണഗണങ്ങളാല്‍ തന്നെ മുന്തിയതാണെന്ന മുന്‍വിധിയെ താത്വികമായി വെല്ലു വിളിച്ചത്. ഭൂശാസ്ത്രം, മനോവിശ്ലേഷണം, മാര്‍ക്സിസം എന്നീ 'മൂന്നു മിസ്ട്റസുക'ളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടൂള്ള ഒരു ചിന്താപദ്ധതിയിലൂടെയാണ് നരവംശശാസ്ത്ര വീക്ഷണത്തെ പുനക്രമീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. എല്ലാ സമൂഹങ്ങളും അവയുടെ മിത്തുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില പ്രത്യേക ക്രമങ്ങളേയും, ചിന്തകളേയും, പെരുമാറ്റങ്ങളേയും പിന്തുടരുന്നുവെന്നു വാദിച്ച ലെവിസ്ട്റോസിന് പ്രാചീനം/സാംസ്കാരികം എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ സ്വീകാര്യമല്ലായിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് പാശ്ചാത്യ ചിന്താ മണ്ഡലത്തില്‍ ഇത്തരമൊരു വേര്‍ത്തിരിവ് ശക്തമായി കാണപ്പെട്ടു തുടങ്ങുന്നത്. ഫ്രാന്‍സിസ് ബേക്കണ്‍, ദെക്കാര്‍ത്തെ, ന്യൂട്ടണ്‍ തുടങ്ങിയവര്‍ തങ്ങളുടെ 'ശാസ്ത്രീയ ചിന്ത' (scientific thinking) രൂപപ്പെടുത്തിയത് പ്രാചീനമായ മിത്തുകളെ എതിര്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ്. ശാസ്ത്രീയ ചിന്തയുടെ ഉദയത്തോടെ അതിന്റെ നിര്‍വചന പരിധിയില്‍ പെടാത്ത എന്തിനേയും സംസ്കാരശൂന്യമായി കാണാനുള്ള പാശ്ചാത്യ ലോകത്തിന്റെ പ്രവണതയ്ക്ക് അംഗീകാരം ലഭിക്കുകയുമുണ്ടായി. "ഒന്നാം പേജു മുതല്‍ അവസാന പേജു വരെ സത്യസന്ധതയോടെ വായിച്ചാലും ഒരക്ഷരം പോലും മനസിലാക്കാന്‍ സാധിക്കാത്ത ഒരു മാഗസിനാണ് സയന്റിഫിക് അമേരിക്കന്‍" എന്ന് ലെവിസ്ട്റോസ് പറയുമ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത് പാശ്ചാത്യ ചിന്തയുടെ മൂലസങ്കല്പങ്ങള്‍ തന്നെയാണ്. ഇത്തരമൊരഭിപ്രായം ആധുനിക ശാസ്ത്രത്തെ അപക്വമായി വീക്ഷിക്കുന്ന ഒരാളുടേതാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പക്ഷേ, ആധുനിക ഘടനാവാദത്തിന്റെ (modern structuralism) പുതിയ മേഖലകളെ സക്രിയമായി മനസിലാക്കുകയും മിത്ത്/ശാസ്ത്രം അല്ലെങ്കില്‍ പ്രിമിറ്റിവ്/റാഷനല്‍ തുടങ്ങിയ ദ്വന്ദ ബിംബങ്ങളെ ഉടച്ചു വാര്‍ക്കുകയുമായിരുന്നു ലെവിസ്ട്റോസിന്റെ ലക്ഷ്യം.

ശാസ്ത്രീയ ചിന്തയ്ക്ക് ലഭിച്ച അപ്രമാദിത്വം മൂലം മനുഷ്യകുലത്തിന് കൈമോശം വന്ന സാംസ്കാരിക തുടര്‍ച്ചകളുടെ വീണ്ടെടുപ്പ് ദുഷ്കരമാണെന്നിരിക്കെ നഷ്ടമായ മിത്തുകളുടേയും സംസ്കാരത്തിന്റേയും ലോകത്തെ കുറിച്ച് നാം ബോധവാന്മാരാവുകയെങ്കിലും ചെയ്യണമെന്ന് അദ്ദേഹം വാദിച്ചു. പ്രതീകാത്മക ആശയവിനിമയം സാധ്യമാക്കുന്ന ഒരു വ്യവസ്ഥയാണ് അദ്ദേഹത്തിന് സംസ്കാരം. ഇങ്ങിനെ ഭൂപരിധികള്‍ക്കപ്പുറത്തേക്ക് പടര്‍ന്നു കിടക്കുന്ന 'വേവിക്കപ്പെടാത്ത' സംസ്കാരങ്ങളേയും അവ ദ്യോതിപ്പിക്കുന്ന അനുഭവങ്ങളേയും കുറിച്ചാണ് 'ദ റോ ആന്‍ഡ് ദ കൂക്ക്ഡി'ല്‍' അദ്ദേഹം അന്വേഷിക്കുന്നത്.

ശാസ്ത്രം ഒരിക്കലും മിത്തുകളുടെയും പ്രകൃതിയുടേയും മതില്‍ക്കെട്ടിനു പുറത്തേക്കു പോകാറില്ല. മറിച്ച്, ഘടനാപരവും യുക്തിയധിഷ്ഠിതവുമായ ഒരു ചിന്താ പദ്ധതിയിലൂടെ 'പുരാതന'മായതിനെ വായനയ്ക്കു വിധേയമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം വായനകള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതാകട്ടെ വളരെ ബാലിശവും നീതിരഹിതവുമായ ചില മുന്‍ധാരണകളിലേക്കാണ്. ഇങ്ങിനെയുള്ള മുന്‍ധാരണകളുടെ സ്വാധീനത്താല്‍ നാം ദ്വന്ദാധിഷ്ഠിതമായ തീര്‍പ്പുകളെ പ്രാപിക്കുന്നു. ഇതു മനസിലാക്കി കൊണ്ടാണ് പുരാതനമായത് എന്ന മുന്‍ധാരണയ്ക്കു പകരം 'എഴുതപ്പെടാത്തത്' എന്ന ആശയം ലെവിസ്ട്റോസ് മുന്നോട്ട് വച്ചത്. പ്രകൃതി-സംസ്കാരം എന്നിങ്ങനെയുള്ള ദ്വന്ദ ബോധത്തിന് നരവംശ ശാസ്ത്രത്തിലും മേല്‍ക്കയ്യുണ്ടായിരുന്ന സമയത്താണ് അദ്ദേഹം മിത്തിന്റെ ഘടനാപരമായ വിശകലനവുമായി വരുന്നത്. നരവംശശാസ്ത്രം അടിസ്ഥാനപരമായി മനുഷ്യനെ പറ്റിയുള്ള പഠനമാണെന്നും, അതിനാല്‍ തന്നെ മനുഷ്യരെ സംസ്കാരശൂന്യര്‍, സംസ്കാര സമ്പന്നര്‍ എന്നിങ്ങനെ വേര്‍ത്തിരിക്കുന്നതില്‍ സാംഗത്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബന്ധുത്വത്തെ (kinship) കുറിച്ചുള്ള പഠനത്തിനിടയിലാണ് ലോകമെമ്പാടും അനുഷ്ഠിച്ചു വരുന്ന വിവാഹാചാരങ്ങളെ ലെവിസ്ട്റോസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. 1935 മുതല്‍ 39 വരെ ബ്രസീലിലെ മച്ചോഗ്രോസോ, ആമസോണ്‍ മഴക്കാടുകള്‍ എന്നിവിടങ്ങളിലും, നംബിക്വാര, ടുപി- കവാഹിബ് എന്നീ ഗോത്രവര്‍ഗക്കാര്‍ക്കിടയിലും അദ്ദേഹം പഠനം നടത്തുകയുണ്ടായി. ബന്ധുത്വ ചിഹ്നങ്ങളെ -- ഭാര്യ, ഭര്‍ത്താവ്; മകന്‍, മകള്‍; സഹോദരി, സഹോദരന്‍ -- പറ്റിയുള്ള പഠനവും സൂക്ഷ്മനിരീക്ഷണവും കണ്ടെത്തലുകളുമെല്ലാം 'ദ എലമെന്ററി സ്ട്രക്ച്ചേഴ്സ് ഓഫ് കിന്‍ഷിപ്' എന്ന പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഭൂശാസ്ത്രപരമോ ചരിത്രപരമോ ആയി ഒരു ബന്ധവുമില്ലാത്ത സംസ്കാരങ്ങളില്‍ പോലും ചില പൊതു സദൃശ്യങ്ങള്‍ കാണാമെന്നും, ഇങ്ങിനെ വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുണ്ടാവുന്ന പരസ്പര ബന്ധത്തെ മനസിലാക്കാന്‍ ഒരു അടിസ്ഥാന ഘടനയുണ്ടെന്നും ലെവിസ്ട്റോസ് വാദിച്ചു. ഈ അടിസ്ഥാന ഘടന മിത്താണ് - അതു വേവിക്കപ്പെടാത്ത ഭാഷയാണ്. ഈ ഭാഷയെ നമുക്ക് ചരിത്രപരമായും സമയപരമായും (diachronic and synchronic) സമീപിക്കാമെങ്കിലും, മിത്ത് ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവ താണ്ടി കാലാതീതമായ ഒരവസ്ഥയിലാണ് നില നില്‍ക്കുന്നത്. ചെറുതാക്കാനോ മാറ്റാനോ സാധ്യമല്ലാത്ത മിത്തിന്റെ അടിസ്ഥാന യൂനിറ്റിനെ ലെവിസ്ട്റോസ് മിത്തീംസ് (mythemes) എന്നാണ് വിളിച്ചത്. മിത്തീമുകള്‍ രൂപപ്പെടുത്തി ഈഡിപ്പസ്, സിന്‍ഡറല്ല തുടങ്ങിയ കഥകളെ അദ്ദേഹം വ്യാഖ്യാനിച്ചിട്ടുണ്ട്.

ഫെര്‍ഡിനാന്‍ഡ് ഡി സൊഷൂറിന്റെ ഘടനാവാദ ഭാഷാശാസ്ത്രത്തിന്റെ (structural linguistics) തത്വങ്ങള്‍ മിത്തോളജിയുടെ പഠനങ്ങളില്‍ ലെവിസ്ട്റോസ് ഉപയോഗിച്ചിരുന്നു. എങ്കിലും ഘടനാവദത്തിന്റെ 'ഘടന'/'കേന്ദ്രം' എന്നീ പോരായ്മകളില്‍ നിന്ന് മോചിപ്പിച്ച് ഉത്തരാധുനികതയുടെ സ്വതന്ത്ര ചിന്താ തലത്തിലേക്കുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മിത്ത് അദ്ദേഹത്തിന് കളിമണ്ണു പോലെയായിരുന്നു. അതിനെ വിവര്‍ത്തനം ചെയ്യാം, വ്യാഖ്യാനിക്കാം, വിമര്‍ശിക്കാം. "മനുഷ്യര്‍ മിത്തുകളെ എങ്ങിനെ മനസിലാക്കുന്നു എന്നല്ല, മറിച്ച് മിത്തുകള്‍ മനുഷ്യ മനസുകളില്‍ അവര്‍ പോലുമറിയാതെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്," അദ്ദേഹം ഒരിക്കല്‍ എഴുതി. മിത്തോളജിയുടെ പുതിയൊരു അപഗ്രഥന സങ്കേതം കണ്ടെത്തുക വഴി രണ്ടാംകിടയായി കണ്ടു വന്നിരുന്ന പാശ്ചാത്യ ഇതര സംസ്കാരങ്ങളെ കൂടി ദാര്‍ശനിക മണ്ഡലത്തിലേക്കുയര്‍ത്താന്‍ ലെവി സ്ട്റോസിനു കഴിഞ്ഞു. ലോകത്തിലെ എല്ലാ സംസ്കാരങ്ങളേയും പരിധികളില്ലാതെ നിര്‍വചിക്കല്‍ സാധ്യമാക്കുന്ന മിത്തെന്ന ഒരു അടിസ്ഥാന ടൂള്‍ കണ്ടെടുത്തു എന്നതാണ് ലെവിസ്ട്റോസ് എന്ന നരവംശശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ സംഭാവന. ചിക്കാഗോ യൂനിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ജെയിംസ് റെഡ്ഫീല്‍ഡിന്റെ അഭിപ്രായത്തില്‍ "ആധുനിക മനസിനെ രൂപപ്പെടുത്തിയ ചിന്തകനാണ് ലെവിസ്ട്റോസ്".

"പല ചിന്തകരും സ്വാധീനശേഷിയുള്ളവരാണ്. ചിലര്‍ ഒരു ചിന്താധാരയ്ക്കു തന്നെ തുടക്കമിടും. അപൂര്‍വം ചിലരാകട്ടെ ഒരു കാലഘട്ടത്തെ തന്നെ സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തും. അക്വിനാസിന്റേയും, ഗോഥേയുടേയും കാലഘട്ടങ്ങളെ കുറിച്ച് നമ്മളിപ്പോള്‍ സംസാരിക്കുന്നതു പോലെ, ഭാവി തലമുറകള്‍ നമ്മള്‍ ജീവിക്കുന്ന സമയത്തെ ലെവി സ്ട്റോസിന്റെ കാലഘട്ടമെന്ന് വിളിച്ചേക്കാം," റെഡ്ഫീല്‍ഡ് പറയുന്നു.

Oct 6, 2009

കിഴക്കിന്റെ വിദൂരതകളില്‍ ഒരു ചരമക്കുറിപ്പ്

ഏഷ്യയിലെ പ്രമുഖ സാമ്പത്തിക, രാഷ്ട്രീയ പ്രസിദ്ധീകരണമായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു വരുന്ന ഡിസംബറില്‍ അടച്ചുപൂട്ടുന്നു. ഒരു അനുസ്മരണം.

ഹോങ്കോങ്ങ്, ജനുവരി 29, 2009
പ്രിയ ജെ.ജെ.,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവില്‍ ചേരാനുള്ള ആഗ്രഹംകാണിച്ചയച്ച
ഇമെയില്‍ കിട്ടി. നന്ദി. പക്ഷെ, നിങ്ങളെപ്പോലെ ഒരു കോപ്പി എഡിറ്റര്‍ക്ക്
ഇവിടെ ഇടമുണ്ടോ എന്നു ഞാന്‍ ശങ്കിക്കുന്നു. കാരണം ഇപ്പോള്‍ ഇതൊരു ചെറിയ
പരിപാടി (operation) മാത്രമാണ്. രണ്ടു എഡിറ്റര്‍മാര്‍ ഹോങ്കോങ്ങില്‍,
അത്രമാത്രം. അതു കൊണ്ടു നിങ്ങളെപ്പോലെ ഒരാളെ ഇവിടെ ഇനി
ആവശ്യമുണ്ടാകുമെന്നു തോന്നുന്നില്ല.
സ്നേഹത്തോടെ,
ഹ്യൂഗൊ റെസ്റ്റാള്‍
മുഖ്യപത്രാധിപര്‍,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു.

ഹോങ്കോങ്ങ്/ന്യൂയോര്‍ക്ക്: സെപ്തം: 22 (റോയിട്ടേഴ്സ്)
ഏഷ്യയിലെ പ്രമുഖ മാസികയായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു അടച്ചുപൂട്ടാന്‍ പ്രസാധകരായ ന്യൂസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. വരിക്കാരുടെ കുറവും, പരസ്യവരുമാനത്തിലുള്ള ഇടിവുമാണ് തീരുമാനത്തിനു
പുറകിലെന്നു പ്രസാധകര്‍ അറിയിച്ചു. മാധ്യമ മുഗള്‍ റൂപ്പര്‍ട്ട് മര്‍ഡൊക്കിന്റെ ഉടമയിലുള്ളതാണ് ന്യൂസ് കോര്‍പ്പറേഷന്‍. മാസിക ഡിസംബറില്‍ അടക്കും. കഴിഞ്ഞ 63 വര്‍ഷമായി ഏഷ്യയിലെ സാമ്പത്തിക, രാഷ്ട്രീയ
പത്രപ്രവര്‍ത്തനത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കി വന്നിരുന്ന പ്രസിദ്ധീകരണമാണ് റിവ്യൂ...

ഈ വാര്‍ത്തവായിക്കുമ്പോള്‍ അസ്വസ്ഥതയേക്കളേറെ, എനിക്കു സങ്കടമായിരുന്നു. ഒരു മാധ്യമത്തിന്റെ നിലനില്പ്പിനുപുറകില്‍ പരസ്യങ്ങള്‍ക്കുള്ള സ്ഥാനം എന്താണെന്നു ഈ ചുരുങ്ങിയകാലത്തെ ജേര്‍ണലിസജീവിതം, പ്രത്യേകിച്ചും ബിസിനസ് പത്രപ്രവര്‍ത്തനം, എന്നെ പഠിപ്പിച്ചിരുന്നു. എന്നിട്ടും റിവ്യുവിന്റെ ഈ ദയാവധത്തില്‍, ഉറ്റവരാരോ മരിക്കുന്ന വിധം എനിക്കു നൊന്തു. കഴിഞ്ഞ ജനുവരിയില്‍, റിവ്യൂവിന്‍ലെ കോപ്പി ഡെസ്ക്കില്‍ ചേര്‍ന്നുപ്രവ്രുത്തിക്കാനുള്ള ആഗ്രഹവുമായി ആ കത്തയക്കുമ്പോള്‍ ഏതു സാഹസികതയാണ് ആ ഊര്‍ജ്ജം തന്നതെന്ന് എനിക്കു നിശ്ചയമുണ്ടായിരുന്നു. പല പ്രമുഖ പത്രപ്രവര്‍ത്തകരുടെ കുറിപ്പുകളിലൂടെ ഒരുപാടുകാലത്തെ പരിചയമുള്ള റിവ്യൂ. മരിച്ചുപോയ എം പി നാരായണപിള്ള റിവ്യൂവില്‍ സഹപത്രാധിപരായിരുന്നു. പിന്നീട് ടിജെഎസ് ജോര്‍ജ്ജ് അതില്‍ റിപ്പോര്‍ട്ടറായി. തങ്ങളുടെ കുറിപ്പുകളില്‍ അവര്‍ റിവ്യുവിന്റെ പലവിധമുഖങ്ങള്‍ എന്റെ തലമുറക്കു കാണിച്ചു തന്നിരുന്നു. ജോര്‍ജ്ജിന്റെ ഈയടുത്തു പുറത്തിറങ്ങിയ ആത്മകഥ, ഘോഷയാത്ര, പ്രത്യേകിച്ചും.

നാണപ്പന്റെ ലേഖനങ്ങളും, അതിന്റെ ചുവടുപിടിച്ചുള്ള മറ്റുള്ള കുറിപ്പുകളും വായിച്ച് ഹരം കയറി എന്റെ കൗമാരത്തില്‍ ഞാന്‍ ത്രിശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും റിവ്യൂവിന്റെ പഴയ ലക്കങ്ങള്‍ തിരഞ്ഞുപിടിച്ചു, വിലപേശിവാങ്ങി വായിച്ചു തിമിര്‍ത്തു. ആഴചകളുടെ പഴക്കവും, ഏതോ വായനശാലകളില്‍ ആരുടെയൊക്കെയോ ആകാംക്ഷകൂര്‍ത്ത വിരലുകളൂം ചേര്‍ന്നു നിറംകെടുത്തി അറ്റം ചുരുട്ടിവിട്ട പേജുകള്‍, പക്ഷെ, ഏഷ്യന്‍ദുനിയാവിന്റെ സകലമിടിപ്പും തിരിച്ചറിഞ്ഞു ത്രസിച്ച നാഡീതന്തുക്കളെപ്പോലെ തലപിടഞ്ഞു കുടഞ്ഞുകിടന്നു. ലോകത്തെ ഏതു പ്രസിദ്ധീകരണവും കിട്ടുന്ന ത്രിശ്ശൂര്‍ റൗണ്ട് ഇനി മുതല്‍ തീര്‍ച്ചയായും റിവ്യൂവിനെക്കുറിച്ചോര്‍ത്തു പിടയും.

ഇന്നു നമ്മെ വാപിളരുന്നു വിഴുങ്ങുന്ന സാമ്പത്തിക സംഘര്‍ഷങ്ങളുടെ വിത്തുപാകല്‍ ആഗോളതലത്തില്‍ നടന്ന കാലമായിരുന്നു അത്. തൊണ്ണൂറ്കളുടെ തുടക്കം. ഗാട്ടു കരാര്‍ അടക്കമുള്ള കെടുതികള്‍, ഐ.എം.എഫും, ലോക-ഏഷ്യന്‍ ബാങ്കുകളും ചിറ്കു വച്ചു പറന്നു നടന്ന നാളുകള്‍. അപ്പോളേക്കും സത്യസന്ധമായ മധ്യവര്‍ത്തി റിപ്പോര്‍ട്ടിങ്ങിന്റെ തിളങ്ങുന്ന മുഖമായി മാറിക്കഴിഞ്ഞിരുന്നു റിവ്യു. ഏഷ്യയുടെ സ്വന്തം വീക്കിലി. ഏഷ്യയെകുലുക്കിമറിച്ച രാഷ്ട്രീയ-സാമ്പത്തിക സംഭവങ്ങളെയെല്ലാം ഉശിരന്‍ പത്രപ്രവര്‍ത്തനം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. ശീതസമരത്തിന്റെ ബാക്കിപത്രമായ ജിയോപൊളിറ്റിക്കല്‍ വടംവലികള്‍, തായ് കറന്‍സി ബാറ്റിന്റെ (Thai Baht) തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ 1997ലെ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യം, സിങ്കപ്പൂരിന്റെയും, മലേഷ്യയുടെയും വളര്‍ച്ച, ഇന്തോനേഷ്യയിലെ പൊട്ടിത്തെറികള്‍, മ്യാന്മാറിലെ അട്ടിമറികള്‍, ഇതിനൊക്കെ വളരെ മുന്‍പ് വിയറ്റ്നാം, കമ്പോഡിയായിലെ പൂജ്യവര്‍ഷം (Year Zero); അതുകൊണ്ടുവന്ന കൂട്ടക്കൊലകള്‍, കുറെക്കൂടി പുറകില്‍ ചൈനയിലെ സാംസ്കാരിക വിപ്ലവം. റിവ്യൂ ഒരു ഇടതുപക്ഷ പ്രസിദ്ധീകരണമായിരുന്നില്ല. എന്നിട്ടും അതിന്റെ സത്യസന്ധതയും, പ്രൊഫഷണലിസവും എന്റെ കൂട്ടത്തെ ഒരുപാട് ആകര്‍ഷിച്ചു. ആ സത്യസന്ധത റിവ്യൂവിനു ഒരുപാട് ശത്രുക്കളെ കൊണ്ടുതന്നിരുന്നു. പല രാജ്യങ്ങളും ഈ വീക്കിലി നിരോധിച്ചു, പലവട്ടം. സിങ്കപ്പൂര്‍ പ്രത്യേകിച്ചും.

അന്ന് മര്‍ഡോക് ആയിരുന്നില്ല റിവ്യുവിന്റെ ഉടമ. ഡോവ് ജോണ്‍സ് കമ്പനിയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് മര്‍ഡോകിന്റെ ന്യൂസ് കോര്‍പറേഷന്‍ ഡോവ്ജോണ്‍സ് വാങ്ങുന്നത്. രണ്ടാം ലോകയുദ്ധകാലത്തെ ചൈനയിലാണ്
റിവ്യൂവിന്റെ ഉത്ഭവം. സ്ഥാപകന്‍ എറിക് ഹാള്‍പെര്‍ എന്ന ഒരു വിയന്നക്കാരന്‍ ജൂതപ്രവാസി. ദശാബ്ദങ്ങള്‍ക്കിപ്പുറം, അതേ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി മാറുന്ന കാലത്താണ് റിവ്യൂ അടച്ചുപൂട്ടുന്നത്. ഏഷ്യയുടെ സാമ്പത്തികകുതിപ്പിന്റെ ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലാണ് ഇതു സംഭവിക്കുന്നതെന്നത് മറ്റൊരു ഐറണി. റിവ്യുവിന്റെ അഭാവത്തില്‍ ഏഷ്യയുടെ കുതിപ്പിന്റെ പ്രവേഗവും, കരുത്തും അളക്കാന്‍ മറ്റേതൊരു പ്രസിദ്ധീകരണമുണ്ട്?

മറ്റൊരു വശം കൂടിയുണ്ട്. ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാണിച്ചപോലെ, ഏഷ്യഎന്ന ഒരു അസ്തിത്വം ഇല്ലാതാകുന്നതിന്റെ ഒരു സൂചനകൂടിയാകാം റിവ്യുവിന്റെ ഈ ദയാവധം. യൂറോപ്പ് പോലെ ഒരു സംഘടിതശക്തിയല്ല ഏഷ്യ. മാത്രമല്ല, അതിന്റെ ദേശീയതകള്‍ ഒറ്റക്കൊറ്റക്ക് -- ചൈന, ഇന്ത്യ, ജപ്പാന്‍ അടക്കം -- ഒരുപാട് കനം വച്ചുകഴിഞ്ഞു. ഇനിയൊരിക്കല്പോലും സംഘടിതമായ ഒരു അസ്തിത്വം സ്വാശീകരിച്ചെടുക്കാന്‍ പറ്റാത്തവിധത്തില്‍. അത്തരമൊരു സാഹചര്യത്തില്‍ ഏഷ്യ എന്ന വികേന്ദ്രീക്രുതവിപണിയില്‍ റിവ്യൂവിനെപ്പോലെ ഒരു ഏഷ്യകേന്ദ്രീക്രിത പ്രസിദ്ധീകരണത്തിനു പ്രസക്തി മങ്ങുന്നു. അതു കൊണ്ടുതന്നെ, കഴിഞ്ഞ കുറെക്കാലമായി ഈ വീക്കിലി ഒരു മാസികയായി സൗകര്യമുള്ള മറ്റൊരു രൂപം സ്വീകരിച്ചിരുന്നു. എന്നിട്ടും രക്ഷപ്പെട്ടില്ല.

എന്തായാലും, ഒന്നിലധികം കാലഘട്ടങ്ങളുടെ ചുറുചുറുക്കുള്ള ഒരു അടയാളപ്പെടുത്തലായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. നിര്‍ഭയമായ, നിഷ്പക്ഷമായ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യം; ഒരു പക്ഷെ,
മര്‍ഡോക്കിനു മനസിലാകാത്ത ജേര്‍ണലിസം. ഒടുവില്‍, അതു വേരറ്റുവീഴുമ്പോള്‍ വേദനിക്കാന്‍ നമ്മള്‍ ചിലര്‍ ബാക്കി. ഡിസംബറില്‍ റിവ്യു അച്ചടിച്ചിറക്കുന്നതു അതിന്റെ അവസാന ലക്കമായിരിക്കുമെന്ന വാര്‍ത്തവായിച്ച്, സങ്കടക്കൂടുതലില്‍, ഞാന്‍ ഹ്യൂഗൊ റെസ്റ്റാളിനെ ഓര്‍ത്തു. രണ്ടുപേര്‍ മാത്രമെ ഇവിടെ ഏഡിറ്റര്‍മാരയുള്ളൂ എന്ന തന്റെ നാലുവരിക്കത്തില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ആ മനുഷ്യന്‍ തങ്ങള്‍ക്കു വന്നുപെടുന്ന ആ ദുരിതത്തിന്റെ ആശങ്കകള്‍ എന്നോടുകൂടി പറയുകയായിരുന്നോ?

ഞാന്‍ തിരിച്ചെഴുതി:
പ്രിയ ഹ്യൂഗൊ,
ഒരുപാടു വേദനയൊടെയാണ് ഞാന്‍ റിവ്യൂ അടച്ചുപൂട്ടുന്ന വാര്‍ത്തകേട്ടത്.
നിങ്ങളെല്ലാം ഇപ്പോള്‍ എന്തു ചെയ്യുന്നു? എന്തെങ്കിലും പ്രതീക്ഷ ഉണ്ടൊ?
ഞങ്ങളെപ്പോലെ ചിലര്‍ വരിക്കാരായലെങ്കിലും തീരുമോ നിങ്ങളുടെ പ്രശ്നങ്ങള്‍?
ഇനി നിങ്ങള്‍ തന്നെ അവിടെ ഇല്ലെന്നുണ്ടോ?
ഒരുപാടു സങ്കടത്തോടെ,
ജെ.ജെ.
ദില്ലി, ഒക്ടോബര്‍ 03,2009

.........എനിക്കു ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.

Aug 16, 2009

കമലയുടെ ഓട്ടോഗ്രാഫ്

2004-ല്‍ ആദ്യ ദില്ലിവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒരു ക്ഷണക്കത്താണ് എന്നെ കാത്തിരുന്നത്. കമല സുരയ്യയുമൊത്ത് യുവ എഴുത്തുകാരുടെ ഒരു ഒത്തുചേരല്‍. പൂര്‍ണസമ്മതം. രണ്ടാഴ്ച കഴിഞ്ഞ്, കൊച്ചി കടവന്ത്രയിലുള്ള കമല സുരയ്യയുടെ ഫ്ലാറ്റിലെത്താന്‍ ആവശ്യപ്പെട്ട് സംഘാടകരുടെ ഫോണ്‍ വന്നു. കൂടിക്കാഴ്ച്ചയുടെ തലേന്നു തന്നെ കൊച്ചിയിലെത്തി; കഥാകൃത്തും സുഹൃത്തുമായ വി ദിലീപിനൊപ്പം ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങി. ദിലീപിനു ഒരു ആവലാതി: "എടാ, അവരുടെ മുന്നില്‍ ചെന്നു നമ്മള്‍ എഴുതിയ കഥക ളുടേയും, വാങ്ങിയ പുരസ്കാരങ്ങളുടേയും കണക്കു പറയേണ്ടി വരുമൊ?" ഞാന്‍ മൗനം നടിച്ചു. പിറ്റേന്ന് കമലാ സുരയ്യയുടെ ഫ്ലാറ്റിനടുത്തെത്തിയപ്പോള്‍ മലയാളത്തിലെ യുവ എഴുത്തുകാര്‍ മിക്ക പേരും അവിടുണ്ട്. കെ സുരേഷ് കുമാര്‍, അര്‍ഷാദ് ബത്തേരി, എംഎസ് പ്രവീണ്‍, ഇന്ദു മേനോന്‍ ‍, റോഷ്‌നി സ്വപ്ന...

ഭംഗിയുള്ള പര്‍ദയില്‍ സുരയ്യ പ്രൗഢയായ ഒരു സുല്‍ത്താനയെപ്പോലെ. കണ്ണുകളില്‍ മിന്നാമിനുങ്ങുകളുടെ തിളക്കം. ചുറ്റിലും ഞങ്ങളിരുന്നു. സംഘാടകരായി മാധ്യമത്തില്‍ നിന്ന് അഹമ്മദ്ക്ക (പികെ പാറക്കടവ്), ടിപി ചെറൂപ്പ സാര്‍ തുടങ്ങിയവരുണ്ട്. മലയാള ചെറുകഥയുടെ പുതിയ വാഗ്ദാനങ്ങളിതാ ഇരിക്കുന്നൂ എന്ന മട്ടില്‍ ഉപവിഷ്ഠരായ ഞങ്ങളെ നോക്കി കമല പറഞ്ഞു: "നിങ്ങളൊക്കെയാണ് പുതിയ എഴുത്തുകാര്‍ അല്ലേ? എനിക്ക് പുതിയ എഴുത്തുകാരെ പരിചയമില്ല, അര്‍ഷാദിനെ അല്ലാതെ. അര്‍ഷാദിന്റെ പോത്ത് എന്ന കഥ എന്താ ഒരു കഥ അല്ലേ? ഇതിന്റെടേല് 'റ്റൈംസ് ഓഫ് ഇന്ത്യ'യില്‍ നിന്ന് ഒരു കുട്ടി വന്ന് മലയാളത്തിലെ പുതിയ എഴുത്തുകാരെപ്പറ്റി ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാന്‍ പറ്റീല്ല..ഇനീപ്പം നിങ്ങടെ പേരൊക്കെ പറയാല്ലോ...അല്ലേ." നിഷ്കളങ്കത വിരിയുന്ന വാക്കുകള്‍. ഞങ്ങളുടെ ഇടയില്‍ നിന്ന് ആരോ ചോദിച്ചു: "ഞങ്ങള്‍ എന്താണ് വിളിക്കേണ്ട്. മാഡമേന്നോ..അമ്മയെന്നോ..അതോ.." "എന്നെ ഉമ്മ എന്നു വിളിക്കൂ.."പതുക്കെ, മിനുമിനുത്ത പളുങ്കു പോലുള്ള ചിരി. മുഖത്തുപടരുന്ന പൗര്‍ണമി.

ആദ്യമായാണ് കമലാ സുരയ്യയെ ഞാന്‍ കാണുന്നത്. (കുറെ മുമ്പ് അങ്കണം സംഘടിപ്പിച്ച ഒരു കഥാ ക്യാമ്പിന്റെ ഭാഗമായി അവരെ കാണാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും, നടന്നില്ല. ആമി എന്നൊരു കൂട്ടുകാരി പോലും എനിക്കുണ്ടായിരുന്നു.) ഇടയ്ക്ക് ചെറൂപ്പ സാര്‍ ഇടപെട്ടു. ചര്‍ച്ചയ്ക്ക് മുമ്പ് നിങ്ങള്‍ തയ്യാറാക്കി വന്ന കുറിപ്പുകള്‍ വായിക്കണം. ഒരോരുത്തരും സ്വയം പരിചയപ്പെടുത്തി. എഴുതിയ പുസ്തകങ്ങളുടേയും വാങ്ങിയ പുരസ്കാരങ്ങളുടേയും ഒരു ചെറു ചരിത്രം പറഞ്ഞു വേണം തുടങ്ങാന്‍ ‍. ദിലീപിനെ നോക്കി ഞാന്‍ ചിരിച്ചു. ഒരു മിന്നല്‍ച്ചിരി തിരികെ. എഴുത്തുകാരുടെ ഇടയില്‍ കുറച്ചു പ്രായമുള്ള ഒരു സ്ത്രീയെ കണ്ട് പെട്ടെന്ന് കമല ചോദിച്ചു: "ഇതാരാണ്?" "എന്റെ അമ്മയാണ്..." ഇന്ദു മേനോന്‍ ഭവ്യതയോടെ പറഞ്ഞു. "ഹോ..ഞാന്‍ പേടിച്ചു. ഞാന്‍ കരുതി വല്ല യുവ എഴുത്തുകാരികളും ആയിരിക്കുമെന്ന്.." അവര്‍ പിന്നെയും തമാശയുടെ നിറം പടര്‍ത്തി ചിരിക്കുകയാണ്. യുവ എഴുത്തുകാര്‍ സ്വയം പരിചയപ്പെടുത്തി, തങ്ങള്‍ എഴുതിയ കുറിപ്പുകള്‍ വായിക്കാനാരംഭിച്ചു. അതെല്ലാം കേട്ട് അവര്‍ നിശബ്ദയായി ഇരുന്നു. വായിച്ചു തീരുമ്പോള്‍ കുറിക്കു കൊള്ളുന്ന ചില കമന്റുകള്‍ തൊടുത്തു. ചിലപ്പോള്‍ അത് പഴം പുരാണത്തിലേക്ക് നീളും; പിന്നെ ഒരു ചര്‍ച്ചയിലേക്ക് പടര്‍ന്നു കയറും. ഇതായിരുന്നു രീതി. ഊഴമായപ്പോള്‍ ഞാന്‍ സ്വയം പരിചയപ്പെടുത്തി. ടൈപ്പു ചെയ്തു കൊണ്ടു വന്ന കുറിപ്പെടുത്ത് വരണ്ട തൊണ്ടയില്‍ വായിച്ചു: "പേരക്കയുടെ മണം". "വീടു വിട്ട് നാട്ടിലേക്കിറങ്ങി നഗരക്കാഴ്ചകള്‍ കണ്ടു ഭ്രമിച്ച്, ഒടുവില്‍ വഴിതെറ്റി അലഞ്ഞു നടക്കാറുള്ള ഒരു മനുഷ്യനെക്കുറിച്ച് ഇഷ്ടത്തോടെ ചിലപ്പോഴെല്ലാം ഓര്‍ക്കാറുണ്ട്. സ്‌നേഹമാണ് അയാളുടെ ഭാഷ. തീര്‍ച്ചയായും നല്ല വായനക്കാരന്‍ അല്ലെങ്കില്‍ ഒരു നല്ല ആസ്വാദകനാണ് അയാള്‍. പട്ടണത്തിലെ നിയോണ്‍ വെളിച്ച മഴയ്ക്കിടയിലും തിരക്കിന്റെ ശീതോഷ്ണ പ്രവാഹത്തിലും വേവലാതിയോടെ അയാള്‍ ഓര്‍ക്കുന്നത് തന്റെ നാടിനെപ്പറ്റിയാണ്. തെളിനീരിന്റെ അലുത്ത് മിനുങ്ങുന്ന ചിരിയുമായി അവിടെ അയാളുടെ പുഴ കാത്തിരിക്കുന്നു.... എന്റേയും ചോദ്യമതാണ്. വായനക്കാര്‍ സ്വപ്‌നം കാണുന്ന ആ സ്പര്‍ശം , ആ പഴുത്ത നാട്ടു പേരയ്ക്കയുടെ മണം. തീര്‍ച്ചയായും അങ്ങനെയൊന്ന് ഉണ്ട് എന്നു തന്നെയാണ് വിശ്വാസം. ഇപ്പോഴും പുതിയ എഴുത്തിനായി, കഥയ്ക്കായി ഞാന്‍ കാത്തിരിക്കുന്നതും ആ ഉറപ്പിന്‍ മേലാണ്." വായിച്ചു തീര്‍ന്നപ്പോള്‍ സുരയ്യയുടെ കമന്റ്: "എഴുതിയത് കുളൂസാണെങ്കിലും കേള്‍ക്കാന്‍ നല്ല രസംണ്ട് ല്ലേ..ഒരു വട്ടം കൂടി അത് വായിക്കൂ.." മൈലാഞ്ചിക്കൈകള്‍ കൊണ്ട് അവര്‍ എന്നെ വാത്സല്യത്തോടെ തൊടുകയാണെന്നെനിക്കു തോന്നി. വികാരധീനനായി, കണ്ഠം ശരിയാക്കി ഞാന്‍ വീണ്ടും വായിച്ചു തുടങ്ങി.

"കുട്ടി ദല്‍ഹീലാണെന്നല്ലേ പറഞ്ഞത്..ഇങ്ങോട്ടൊന്നും തിരിച്ചു വരണ്ടാട്ടോ..ദല്‍ഹി നല്ല സ്ഥലാണ്...അവിടെ തന്നെ നിന്നോളൂ. കേരളത്തെക്കാലും ദല്‍ഹി തന്ന്യാ നല്ലത്.." അമ്മ സ്‌നേഹത്തോടെ നിര്‍ദേശിക്കുന്നു. എഴുത്തിനെപ്പറ്റി പറഞ്ഞു വന്നപ്പോള്‍ അവര്‍ പറയുകയായിരുന്നു, "എഴുത്തുകാരന്/എഴുത്തുകാരിക്ക് ഗ്രാമത്തിന്റെയും പട്ടണത്തിന്റെയും ദേശത്തിന്റേയും ലോകത്തിന്റെ തന്നെയും അതിരുകള്‍ തകര്‍ക്കാനാവണം. കേരളീയനെന്നോ ഇന്ത്യക്കാരനെന്നോ ഏഷ്യക്കാരനെന്നോ ഒക്കെയുള്ള പരിമിതികള്‍ എഴുത്തുകാരന് ഉണ്ടാവരുത്. എവിടെ ചെന്നാലും റൈറ്റര്‍ തിളങ്ങണം. കേരളീയര്‍, കേരളീയത എന്നതൊക്കെ എഴുത്തിനു മേല്‍ മുദ്ര പതിപ്പിക്കലാണ്. ഈ മുദ്ര നമ്മളെ ചെറുതാക്കും. രാജ്യാന്തരമായ ഷെല്ലുകള്‍ തകര്‍ത്ത് പോര്‍ക്കളത്തിലെ കുതിരയെപ്പോലെ കുതിക്കുകയാണ് റൈറ്റര്‍ ചെയ്യുന്നത്. ഇങ്ങനെ കുതിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എഴുത്തുകാരന് നിലനില്‍പില്ല."

ഒരു കഥയും കഥയിലെ പശുവുമായി പിന്നീടവരുടെ ആശങ്കകളില്‍. "എന്റെ വീട്ടില്‍ അടിച്ചു വാരുന്ന ഒരു പെണ്ണുണ്ട് - സുധ. ഒരു ദിവസം സുധേടെ പശുവിനെ കാണാതായി. പലേടത്തും അന്വേഷിച്ചു. കിട്ടിയില്ല. ഞാന്‍ പറഞ്ഞു, 'നമുക്ക് പ്രാര്‍ത്ഥിക്കാം'. ഒരു ദിവസം അതാ പശു തിരിച്ചെത്തി. ഞാന്‍ പറഞ്ഞു, 'പശൂനെ കൊണ്ടു പോയി ചവിട്ടിക്ക്. കുഞ്ഞുണ്ടായാല്‍ പാലായി. കുട്ടി കുടിച്ചിട്ടുള്ള ബാക്കി പാല്‍ ഞാന്‍ വാങ്ങും'. അതൊന്നും വേണ്ടത്രേ..സുധ പറഞ്ഞു. 'കലൂര് ഒരു ഡോക്ടറുണ്ടേത്രേ..അവിടെ കൊണ്ടു ചെന്നാല്‍ അയാള്‍ ഗര്‍ഭമാവാനുള്ള ഒരു ഇഞ്ചക്ഷന്‍ കൊടുക്കും. 120 രൂപ മതീത്രേ'... പാവം, പശു..പശൂനും ഇണ്ടാവില്ലേ ആഗ്രഹങ്ങള്..."

ഒരു നിമിഷം കമലാ സുരയ്യയുടെ മൂഖപടത്തിനു പിറകില്‍ നിന്ന് മാധവിക്കുട്ടി സങ്കടപ്പെട്ടോ? ഇങ്ങനെ പലതും ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു അവര്‍. കൂട്ടത്തിലെ റോഷ്‌നി സ്വപ്‌ന പാട്ടുകാരിയാണെന്നറിഞ്ഞപ്പോള്‍ പാടണമെന്നായി അവര്‍. റോഷ്‌നി പാടുക തന്നെ ചെയ്തു. അവര്‍ക്ക് തന്റെ നഷ്ടപ്പെട്ട നീലാംബരി തിരിച്ചു കിട്ടിയ സന്തോഷം. എന്തോ, പണ്ട് മുതിര്‍ന്ന എഴുത്തുകാരെ കാണുമ്പോള്‍ ചെയ്തിരുന്ന ഒരു ശീലം - ഓട്ടോഗ്രാഫ് വാങ്ങല്‍ - ഞാന്‍ ഇക്കുറി ചെയ്തില്ല. പിന്നീട് ഫ്ലാറ്റിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ മനസ് പറഞ്ഞു: ആ ജീവിതം തന്നെ പ്രണയത്തിന്റെ ഒരു ഓട്ടോഗ്രാഫ് അല്ലേ, മറ്റെന്തിനാകും അതിന് പകരം വയ്ക്കാന്‍ ‍?

വിഎച്ച് നിഷാദ്
മലയാളത്തില്‍ കഥകള്‍ എഴുതുന്നു.

Jul 20, 2009

പട്ടമ്മാള്‍ പാട്ട്‌

ഡികെ പട്ടമ്മാള്‍ വിടപറഞ്ഞതോടുകൂടി കര്‍ണാടക സംഗീതത്തിലെ ഒരു തലമുറ അവസാനിച്ചു. എംഎസ്‌ സുബ്ബലക്ഷ്‌മി, എംഎല്‍ വസന്തകുമാരി എന്നിവരുടെ ശ്രേണിയിലുള്‍പ്പെട്ട പട്ടമ്മാളുടെ സംഗീതം രക്തി ഭാവത്തിന്റെയും ലയസമ്പൂര്‍ണതയുടെയും മികച്ച ഉദാഹരണമായിരുന്നു. പാരമ്പര്യത്തില്‍ ഉറച്ച്‌ നിന്നു കൊണ്ടു തന്നെ പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു പട്ടമ്മാള്‍ പാടിയത്‌. അതുവരെ ബ്രാഹ്മണസ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമായിരുന്ന പൊതുവേദിയില്‍ കച്ചേരി അവതരിപ്പിച്ച്‌ അവര്‍ പുതിയൊരു തുടക്കത്തിന്‌ നാന്ദികുറിച്ചു.

കാഞ്ചീപുരത്ത്‌ സംഗീത പാരമ്പര്യമുളള ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ 1919 മാര്‍ച്ച്‌ 28-നാണ്‌ പട്ടമ്മാള്‍ ജനിച്ചത്. അച്ഛന്‍ ഡി. കൃഷ്‌ണസ്വാമി ദീക്ഷിതര്‍, അമ്മ രാജമ്മാള്‍. അച്ഛന്‍ സംഗീതത്തില്‍ ഏറെ അറിവുളളവനായിരുന്നു. അമ്മ സംഗീതജ്ഞയും. പാട്ടുകാരായ മൂന്നു സഹോദരങ്ങള്‍ - ഡികെ രംഗനാഥന്‍, ഡികെ നാഗരാജന്‍, ഡികെ ജയരാമന്‍. പതിമൂന്നാമത്തെ വയസ്സിലായിരുന്നു പട്ടമ്മാളുടെ അരങ്ങേറ്റം; മദ്രാസിലെ രസികരഞ്‌ജിനി സഭയില്‍. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുളള ബ്രാഹ്മണ സ്‌ത്രീകളുടെ വരവിന്റെ തുടക്കം കൂടിയായിരുന്നു ഈ അരങ്ങേറ്റം. അതിനാല്‍ തന്നെ ഇന്നു കര്‍ണ്ണാടക സംഗീത വേദികളില്‍ ഉയരുന്ന മിക്ക സ്‌ത്രീശബ്ദങ്ങളുടെയും പിറകില്‍ പട്ടമ്മാളുടെ കരവും പരിശ്രമവമുണ്ടെന്ന്‌ പറയാം.

പട്ടമ്മാള്‍ക്ക്‌ മാത്രം അവകാശപ്പെടാനുളള ബഹുമതികള്‍ ഏറെയാണ്‌. മൃദംഗ വിദ്വാനായ മധുരൈ മണി അയ്യര്‍ പക്കമേളം വായിച്ച ഏക സംഗീതജ്ഞയാണ്‌ പട്ടമ്മാള്‍. പുരുഷന്‍മാര്‍ക്കു മാത്രമേ ശുദ്ധസംഗീതം പാടാന്‍ സാധിക്കൂ എന്നു ധരിച്ചിരുന്ന മൃദംഗ ചക്രവര്‍ത്തി മണി അയ്യര്‍ക്ക്‌ പക്ഷേ പട്ടമ്മാളുടെ പാട്ടിനെ അംഗീകരിക്കേണ്ടി വന്നു. രാഗം താനം പല്ലവി ആദ്യമായി പാടിയ സ്‌ത്രീ എന്ന ബഹുമതിയും പട്ടമ്മാള്‍ക്ക്‌ സ്വന്തം.

നേരിട്ടു കൃതികള്‍ പഠിച്ചു പാടുകയാണ് അവര്‍ ചെയ്തത്. പിന്നീട് ശിഷ്യന്മാരെ പഠിപ്പിക്കുന്നതിലും ഇതേ രീതി തന്നെയാണ് അവര്‍ സ്വീകരിച്ചത്. കര്‍ണ്ണാടക സംഗീത പഠനത്തില്‍ സാധാരണയായി അനുവര്‍ത്തിച്ചു വരാറുളള പാഠ്യപദ്ധതി - സരളിവരിശകള്‍, ജണ്ഡവരിശികള്‍, അലങ്കാരം, ഗീതം, വര്‍ണ്ണം, കീര്‍ത്തനം - രീതിയിലൂടെയായിരുന്നില്ല പട്ടമ്മാളുടെ പഠനം. നേരിട്ടു ചിട്ടയായ ഗുരുകുല പഠനം നേടിയിരുന്നില്ലെങ്കിലും പല വിദ്വാന്‍മാരുടെ കീഴിലും പഠിക്കാനുളള ഭാഗ്യം അവര്‍ക്കുണ്ടായി. ദീക്ഷിതര്‍ കൃതികള്‍ പാടുന്നതില്‍ അതിനിപുണയായിരുന്നു പട്ടമ്മാള്‍.

ദീക്ഷിതര്‍ പാരമ്പര്യം

സുബ്ബലക്ഷ്‌മിക്കും വസന്തകുമാരിക്കും അവകാശപ്പെടാനില്ലാത്ത ഒരു മേല്‍ക്കൈ പട്ടമ്മാള്‍ക്കുണ്ട്‌. ദീക്ഷിതര്‍ പാരമ്പര്യം. മുത്തുസ്വാമി ദീക്ഷിതരുടെ സഹോദരന്‍ ബാലുസ്വാമി ദീക്ഷിതരുടെ പിന്‍മുറക്കാരനായ അംബി ദീക്ഷിതരുടെ കീഴില്‍ പഠിക്കാനായി പട്ടമ്മാള്‍ക്ക്‌. അതിനിടയാക്കിയ സംഭവം ഇങ്ങനെ: 1930 ല്‍ ഒരു സര്‍ക്കാര്‍ പരീക്ഷയ്‌ക്ക്‌ പാടാനായി മദ്രാസില്‍ പോയതായിരുന്നു പട്ടമ്മാള്‍. ടൈഗര്‍ വരദാചാരി, പി സാമ്പമൂര്‍ത്തി എന്നിവര്‍ക്കൊപ്പം വിധികര്‍ത്താവായി അംബി ദീക്ഷിതരും ഉണ്ടായിരുന്നു. എന്നാല്‍ വിധികര്‍ത്താവിന്റെ പാരമ്പര്യ മഹിമയൊന്നും വശമില്ലായിരുന്ന പട്ടമ്മാള്‍ പാടാന്‍ തിരഞ്ഞെടുത്ത പാട്ട്‌ ദീക്ഷിതരുടെ കാംബോജി രാഗത്തിലുളള പ്രശസ്‌ത കൃതിയായ ശ്രീ സുബ്രഹ്മണ്യായ നമസ്‌തേ. പക്ഷേ അതു പുതിയൊരു ഗുരു-ശിഷ്യ ബന്ധത്തിന്‌ തുടക്കം കുറിച്ചു. കുട്ടിയുടെ കഴിവു മനസ്സിലാക്കിയ അംബി ദീക്ഷിതര്‍ അവരുടെ ഗുരുനാഥനാവാമെന്നേറ്റു. അങ്ങനെ പരീക്ഷയില്‍ പങ്കെടുക്കാന്‍ വന്ന കുട്ടിക്കും അച്ഛനും തങ്ങളുടെ മദ്രാസ്‌ താമസം ദീര്‍ഘിപ്പിക്കേണ്ടിവന്നു. അംബി ദീക്ഷിതരുടെ കീഴിലും അന്ന്‌ മദ്രാസ്‌ കോടതിയില്‍ അഭിഭാഷകനായിരുന്ന ടിഎല്‍ വെങ്കടരമണ അയ്യരുടെ (അയ്യര്‍ ദീക്ഷിതര്‍ കൃതികളില്‍ പ്രാവീണ്യം നേടിയ ആളായിരുന്നു) കീഴിലും പട്ടമ്മാള്‍ സംഗീതമഭ്യസിച്ചു. ദീക്ഷിതര്‍ കൃതികളുടെ അവസാന വാക്കാവാന്‍ ഈ ശിക്ഷണം മൂലം പട്ടമ്മാള്‍ക്ക്‌ കഴിഞ്ഞു. ഇരുവരുടെ കീഴിലുളള പഠനവും പിന്നീട്‌ പ്രശസ്‌ത വാഗേയകാരന്‍ പാപനാശം ശിവന്റെ കീഴിലുളള അഭ്യസനവും തന്റെ സംഗീതത്തെ ഏറെ ചിട്ടപ്പെടുത്തിയെന്ന്‌ പട്ടമ്മാള്‍ പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌.

ബഹുമതികള്‍

കര്‍ണ്ണാടക സംഗീതത്തില്‍ സ്വന്തമായൊരു ശൈലിയും വ്യക്തിത്വവും തീര്‍ത്ത പട്ടമ്മാളെ തേടി ഏറെ ബഹുമതികളും താമസിയാതെ എത്തി. ഗാന സരസ്വതി, 1961ല്‍ സംഗീത നാടക അക്കാഡമി അവാര്‍ഡ്‌, 1970ല്‍ മ്യൂസിക്‌ അക്കാഡമിയുടെ സംഗീത കലാനിധി പട്ടം (കര്‍ണ്ണാടക സംഗീതജ്ഞര്‍ ഏറ്റവും വിലപ്പെട്ട അംഗീകാരമായി ഇതിനെ കരുതുന്നു), 1971ല്‍ പദ്‌മ ഭൂഷന്‍, 1998ല്‍ പദ്‌മ വിഭൂഷന്‍ തുടങ്ങിയവയും പട്ടമ്മാളെ തേടിയെത്തി. 1992ല്‍ സംഗീത നാടക അക്കാദമി അംഗത്വവും ലഭിച്ചു.

ഘനഗാംഭീര്യമുളള ബാണിയായിരുന്നു പട്ടമ്മാളുടെ സംഗീതത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രുതി ശുദ്ധത, സങ്കീര്‍ണ്ണമായ കണക്കുകള്‍ പ്രയോഗിക്കുന്നതിലുളള പാടവവും കൃത്യതയും, ഭാവ തീവ്രത, രാഗാലപനത്തിലുളള പാടവം എന്നിവ അവരുടെ സംഗീതത്തെ വ്യത്യസ്‌തപ്പെടുത്തി. കഴിഞ്ഞ ജൂലൈ 16ന്‌ ആ ബാണി പെയ്തൊഴിഞ്ഞപ്പോള്‍ നികത്താനാവാത്ത ഒരു വിടവാണ്‌ കര്‍ണ്ണാടക സംഗീതലോകത്തുണ്ടായത്.

കെടിപിആര്‍

Jun 27, 2009

മിഖായീലിന്റെ ചരിതം

He say one day you will see
His place in world history
He dares to be recognized

The fires deep in his eyes...
(ആല്‍ബം: ഹിസ്റ്ററി)

ബുധനാഴ്ചകളില്‍ കൊമ്പൊടി പള്ളിയില്‍ കുര്‍ബാന വൈകീട്ടാക്കുന്ന പതിവുണ്ട്. പടര്‍ന്നുവീണ മഞ്ഞവെയിലില്‍ തിളങ്ങിവിളറിയ ഒരു അന്തിയില്‍ ഞാന്‍ ഒരു ബുധനാഴ്ച കുര്‍ബാന കഴിഞ്ഞു വീട്ടിലേക്കു പാഞ്ഞു വരുമ്പോള്‍ എന്നെ വഴിയില്‍ കാത്തുനിന്നതു ഒരു ചേര്‍ച്ച യില്ലയ്മയയിരുന്നു: അലയടിക്കുന്ന വെങ്കടേശ്വര സുപ്രഭാതം, അതിനൊപ്പിചു മൈക്കല്‍ ജാക്സന്റെ ചടുല ചലനങ്ങളുമായി എന്റെ സുഹ്രുത്ത് ഹരി. അതിശയം നിഴലിച്ച കണ്ണുമായി ഞാന്‍ ഹരിയുടെ മാറാലകള്‍ തൊങ്ങലുകെട്ടിയ ആ വീട്ടിലേക്കു ചെന്നു. വീടിന്റെ വലതുമൂലയില്‍ പതുങ്ങിക്കിടന്നിരുന്ന അയാളുടെ മുറി നിറയെ ജാക്കൊയുടെ ചിത്രങ്ങളും, കസെറ്റുകളും ചിതറിക്കിടന്നിരുന്നു. അതിനിടയിലുള്ള ഇത്തിരിയിടത്ത് ആ ചെറുപ്പക്കാരന്‍ മതിമറന്നു നൃത്തം ചെയ്യുന്നു. ഉന്മാദത്തിന്റെ അതിശയിപ്പിക്കുന്ന വൈരുധ്യം. അല്പം കഴിഞ്ഞപ്പോള്‍ സുബ്ബലക്ഷ്മി പാട്ടുനിര്‍ത്തി. സുപ്രഭാതത്തിന്റെ കാസെറ്റ് പാടിത്തീര്‍ന്നതായിരിക്കും. യന്ത്രത്തിന്റെ ശബ്ദം നിലച്ചപാടെ ഹരിയുടെ ശബ്ദം ഉയര്‍ന്നു പതഞ്ഞു. I wanna, wanna be where you are...anywhere you are..."

രണ്ടു ദിവസം മുമ്പ്,ജൂണ്‍ 25, 2009, ഒരു ഹൃദയാഘാതം കൊണ്ടു അവസാനത്തെ ചുവടുവച്ച മൈക്കല്‍ ജോസഫ് ജാക്സന്‍ എന്ന പോപ്പ് ഇതിഹാസത്തെ ഞാന്‍ പരിചയപ്പെട്ടതു ഇങ്ങനെ ഒരു അസംബന്ധ സന്ധ്യയിലായിരുന്നു. ഹരിക്കന്നു പ്രായം 22, എനിക്കു 13. അന്നത്തെ ആ അന്തിവെയിലില്‍ വീണു ചിതറിയ സുപ്രഭാതത്തിന്റെ പൊരുത്തക്കേടിനു ശേഷം ഞാന്‍ പലവട്ടം ഹരിയെ കാണാന്‍ ചെന്നു. അപ്പോളെല്ലാം അയാള്‍ എന്നോട് ജാക്കൊയെപ്പറ്റി വാതോരാതെ പറഞ്ഞു തന്നു. ടിപ്പുവിന്റെ പടയോട്ടത്തിനു തൊട്ടുപിന്നാലെ കേരളത്തിലേക്കു കിടപ്പുമാറ്റിയ ഒരു കൂട്ടം തമിഴ് നായിഡു കൂട്ടരിലെ കീഴറ്റമായിരുന്നു ഹരി. ചെറുപ്പം തൊട്ടേ ഒരുപാടു അസ്വസ്ഥതകളുമായി, ഒപ്പം അസ്വാഭാവികതകളുമായി വളര്‍ന്ന പയ്യന്‍ ‍. ജാക്കോയുടെ കുട്ടിക്കാലവും ഹരിയെപ്പോലെ ഒരു വലിയ വായുള്ള വ്യാകുലതയായിരുന്നെന്ന് ഞാന്‍ അറിഞ്ഞെത്തിയപ്പോഴേക്കും, അതൊക്കെ സംസാരിക്കാനുള്ള സ്വാഭാവികത ഹരിയില്‍ നിന്നും ചോര്‍ന്നു വീണൊലിച്ചൊടുങ്ങിയിരുന്നു. തന്റെ പൂര്‍വികരിലെ ചിലരെപ്പോലെ ഒരു നനഞ്ഞ ചിരി മാത്രം മുഖത്തു പറ്റിച്ചുവച്ചു അയാള്‍ കൊമ്പൊടി ജംഗ്ഷനില്‍ നിന്നും സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു. അങ്ങോട്ടും, ഇങ്ങോട്ടും, ഒരു കാരണവുമില്ലാതെ. അപ്പോളെല്ലാം ഒരു മുജ്ജന്മ ബന്ധം പോലെ അയാള്‍ മൈക്കല്‍ ജാക്സന്റെ പാട്ടുകള്‍ പാടിപ്പുലമ്പിക്കൊണ്ടിരുന്നു. People always told me be careful of what you do... And mother always told me be careful of who you love.. And be careful of what you do cause the lie becomes the truth.... പലതിലും അയാള്‍ വാക്കുകള്‍ കടിച്ചിറക്കുകയും, തുപ്പിക്കളയുകയും ചെയ്തു. അയാള്‍ ബോണി എമ്മിന്റെയും ആരാധകനായിരുന്നു. പക്ഷെ ജാക്കൊയുടെ കറുത്ത, പുളയുന്ന മിന്നല്‍ പോലുള്ള ശരീരത്തില്‍ ഹരി തനിക്കു മാത്രം മനസിലാക്കാന്‍ പറ്റുന്ന ചില അങ്കലാപ്പുകളൂടെ ഛായാപടങ്ങള്‍ കണ്ടെത്തിയപോലെ തോന്നി. ജാക്കൊയുടെ ഒരു ഇംപ്രഷനിസ്റ്റ് ബിംബം പോലെ അയാള്‍ കുറെക്കാലം ഞങ്ങളുടെ ഗ്രാമത്തില്‍ അലിഞ്ഞു കിടന്നു.

ഹരിയുടെ നൊസ്സിനു കൊലുസിട്ട പാട്ടുകളെല്ലാം ജാക്സന്‍ 1972നും 1991നും ഇടക്കു ചെയ്തതായിരുന്നു. കറുത്തവന്റെ ദുരിതബാല്യത്തിന്റെ കടുന്തുടിത്താളങ്ങളില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍. തന്റെ അധകൃത ജീവിതത്തോടുള്ള മറുപടി പോലുള്ള പാട്ടുകള്‍; പലതും പിഞ്ഞിയ പിച്ചകപ്പൂ പോലുള്ള തന്റെ കുട്ടിക്കാലത്തോടുള്ള ആത്മഭാഷണങ്ങള്‍. "With a child's heart, Nothing can ever get you down, With a child's heart, You've got no reason to frown, Love is as welcome, As a sunny sunny day, No grown-up thoughts, To lead our hearts astray..." തനിക്കു നഷ്ടപ്പെട്ട ബാല്യത്തിന്റെ വേദനയില്‍ ജാക്കൊ വളരാന്‍ മടിചു, വാശിപിടിച്ചു നിന്നു. മുതിര്‍ന്നവരുടെ ലോകം കാലുഷ്യത്തിന്റെയും, ക്രോധത്തിന്റെയും ഒരു വക്രിച്ച രൂപമായി ജാക്കൊ എന്ന കുട്ടി വായിച്ചെടുത്തു. താന്‍ ലോകം ത്രസിപ്പിക്കുന്ന ഉന്മാദമായി വളരുകയാണെന്ന നേരിനെ അയാള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങികൂട്ടി നേരിട്ടു.തന്റെ വസതിയില്‍ നിറയെ കുട്ടികളെ വേണമായിരുന്നു അയാള്‍ക്കു. താന്‍ വളര്‍ന്നുവെന്നു അയാള്‍ സമ്മതിച്ചില്ല.

അയാള്‍ കരഞ്ഞു വിളിച്ചുകൊണ്ടിരുന്നു...Have you seen my Childhood?.. I'm searching for that wonder in my youth.. Like pirates and adventurous dreams,.. Of conquest and kings on the throne... ഒരു പക്ഷെ, 1993ല്‍ ജാക്സന്റെ കരിയര്‍ തകര്‍ത്ത ആ ശിശു- പീഡന ആരോപണത്തിനു പുറകിലും അവസ്ഥാന്തരം കണ്ടേക്കാം. ജാക്സന്റെ മരണശേഷം നിരൂപകനായ റിച്ചാര്‍ഡ് കൊറില്ലിസ് എഴുതി: " ജാക്സന്‍ ചെയ്തുവെന്ന് പറയുന്ന പെരുമാറ്റദൂഷ്യങ്ങളുടെ പട്ടികയില്‍ എല്ലാം തന്നെ കൗമാരക്കാര്‍ക്കിടയില്‍ അത്ര പുതുമയുള്ള കാര്യങ്ങളല്ലായിരുന്നു - ഫോണ്‍ ചെയ്തു കളിപ്പിക്കുക, സുഹ്രുത്തുക്കളുമൊത്തു ആരും കാണാതെ അല്പം ലഹരി, അശ്ലീല വെബ്സൈറ്റുകള്‍ കാണുക, ഒപ്പം മുഷ്ടിമൈഥുനത്തെക്കുറിച്ചു ചില പരിശീലനപരിപാടികളും. ജാക്സന്‍ ഇതെല്ലാം ചെയ്തിട്ടുണ്ടെങ്കില്‍, അതൊന്നും തന്നെ ഒരു പീഢകന്റെ മനസോടെയായിരുന്നിരിക്കില്ല, മറിച്ചു, ഒരു സമപ്രായക്കാരന്റെ നിലയിലായിരുന്നിരിക്കും (peer-to-peer)".

എന്നാല്‍ ഇതിനു വിരുദ്ധമായി ഹരി ഗ്രാമത്തിലെ എല്ലാവരുമായും കൂട്ടുകൂടി. കോളേജും, വായനശാലയും, സംസ്ക്കാര ക്ലബ്ബും ഒക്കെയായി ഞാന്‍ നടന്നു നീങ്ങിയപ്പോളും, ഹരി രാവിലെ അഞ്ചുമണിക്കെഴുന്നേറ്റു കുളിച്ച് തൊട്ടടുത്ത ചായക്കടയിലെ ആദ്യത്തെ കസ്റ്റമറായി, അവിടെ വരുത്തിയിരുന്ന ആറു പത്രങ്ങളും വായിച്ച് തന്റെ നനഞ്ഞ ചിരിയുമായി തിരികെ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരുന്നു.

ഞാന്‍ ഹരിയെ കാണുന്നതു അപൂര്‍വ്വമായി. അയാള്‍ പല വേഷങ്ങളും ഇതിനിടയില്‍ കെട്ടിയാടി - ഫുട്ബാള്‍ കളിയില്‍ ഗോളി, പട്ടുനൂല്‍പ്പുഴു കര്‍ഷകന്‍ ‍, ആയുര്‍വേദ വൈദ്യശാലയില്‍ സഹായി, അങ്ങനെയങ്ങിനെ... ഇതിനിടയില്‍ ജാക്കോക്ക് ചുവടുപിഴക്കുന്നുണ്ടായിരുന്നു. കരിയര്‍ തകര്‍ച്ചയുടെ വക്കിലെത്തി. കടബാധ്യതകള്‍ കുന്നോളമായി. പാപ്പരാകാന്‍ ഇനി അധികം നാളില്ലെന്ന വാര്‍ത്ത പരന്നു. ഒരു ദിവസം കോളെജ് ലൈബ്രറിയില്‍ നിന്നും ജാക്കൊയുടെ ആത്മകഥ, 'മൂണ്‍വാക്കിങ്', വായിക്കാനെടുത്തു ഞാന്‍ ‍. വായിച്ചു തീര്‍ന്ന ഉടന്‍ ഹരിയെ തിരക്കിച്ചെന്നു. മധുരമുള്ള മന്ത്രവാദം പോലെയുള്ള ജാക്സന്റെ പാട്ടുകള്‍ അപ്പോഴേക്കും എന്റെയും നാഡികളെ വിറപ്പിച്ചു തുടങ്ങിയിരുന്നു (All I wanna say is that.. They don't really care about us). ഒരുപാടു പ്രതീക്ഷകളോടെ ഞാന്‍ പാഞ്ഞു ചെന്നപ്പോള്‍ കണ്ടതു മറ്റൊരു അപതാളം. ഹരി മുറിയില്‍ ചടഞ്ഞിരുന്നു, നെറ്റിയില്‍ ഭസ്മക്കുറിയുമായി ഒരു പുസ്തകം വായിക്കുന്നു: ജ്യോതിഷരത്നം. എനിക്കൊന്നും ചോദിക്കണമെന്നില്ലായിരുന്നു. ഞാന്‍ പാളി നോക്കി, ജാക്കൊയുടെ ചിത്രങ്ങള്‍ കാണുന്നില്ല, കസെറ്റുകള്‍ ചിലതുണ്ട്. പക്ഷെ, സ്റ്റീരിയോ പൊടിപിടിച്ചു കിടക്കുന്നു.

ഞാന്‍ പക്ഷെ, ജാക്കൊയെ പിന്തുടര്‍ന്നു. യക്ഷിപ്പനകളില്‍ കാറ്റുവീശുന്ന പോലുള്ള ചൂളം വിളികളൂം, തെയ്യക്കോലത്തിന്റെ അലര്‍ച്ചകള്‍ പൊട്ടിത്തിമിര്‍ക്കുന്ന വന്യചലനങ്ങളും ഒക്കെചേര്‍ന്ന ഉച്ചാടനങ്ങള്‍. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ഞാന്‍ ജാക്കോയെക്കുറിച്ചുള്ള ലേഖനങ്ങളുടെ ഫോട്ടോകോപ്പികളും, ലിറിക്കുകളുടെ പ്രിന്റൗട്ടുകളൂം തിരുകിവച്ചു. ദില്ലിയിലെത്തി, ഒരു കംപ്യൂട്ടര്‍ സ്വന്തമാക്കിയപ്പോള്‍ അതില്‍ ജാക്കൊയുടെ ഇന്നുവരെയുള്ള എല്ലാ പാട്ടുകളൂം നിറച്ചുവച്ചു. ജാക്കൊയുടെ മാനിഫെസ്റ്റൊ എന്റേതും ആയിക്കഴിഞിരുന്നു. You have to show them that you're really not scared.. You're playin' with your life, this ain't no truth or dare.. They'll kick you, then they beat you,.. Then they'll tell you it's fair
So beat it, but you wanna be bad..

ഉഷ്ണം പുകഞ്ഞുപെയ്യുന്ന ആ പ്രഭാതത്തില്‍, കനലുപോലെയെരിയുന്ന ദേഹവുമായി, എന്നെപ്പോലുള്ള അമ്പതു പുകയടുപ്പുകളുംപേറി നീങ്ങുന്ന ഒരു ബസില്‍ യമുനക്കു കുറുകെനീങ്ങുമ്പോളാണു എന്നെത്തേടി ഒരു കറുത്തകൂട്ടുകാരന്റെ ഫോണ്‍: മൈക്കല്‍ ജാക്സന്‍ മരിച്ചു. ഉടനെ ഞാന്‍ ഹരിയെ ഓര്‍ത്തു. രണ്ടു സ്റ്റോപ്പുകള്‍ക്കുമപ്പുറെ ആ ബസ് കിതച്ചു നിന്നപ്പോള്‍, ഞാന്‍ ഉടന്‍ ചെയ്തതു, ആരോ എനിക്കു പണ്ടു നല്‍കിയ ഒരു മൊബൈല്‍ നമ്പര്‍ തിരുമ്മിയുണര്‍ത്തുകയാണു. തമിഴ് നാട്ടിലെവിടെയോ ഉള്ള ഒന്നു. അങ്ങേത്തലക്കലെ മണിയൊച്ച പൊടുന്നനെ നിലച്ചു, ചിലമ്പിച്ച ഒരു ഉന്മാദത്തിന്റെ ഈണമുള്ള ഒരു ശബ്ദം ഫോണെടുത്തു: "ഹലോ, നാന്‍, അസ്റ്റ്രാളജര്‍ ഹരിഹരന്‍ പേസ്റേന്‍ ‍..." ഞാന്‍ ഒന്നും പറഞ്ഞില്ല. പുറത്തെ ചൂടിനു ശക്തിമാത്രമെ ഉണ്ടയിരുന്നുള്ളൂ, ഭ്രാന്തില്ലായിരുന്നു. അതുകൊണ്ടു ഞാന്‍ പതിയെ പുലമ്പി: "You came and you changed my world...A love so brand new"... "I can't help it if I wanted to.. I wouldn't help it even if I could...I can't help it if I wanted to.. I wouldn't help it, no"

ജെജെ