ഉള്ളു നീറുമ്പോഴും ഒരു കഥയും പറഞ്ഞു ഫലിപ്പിക്കാനാവാത്ത എഴുത്തുകാരിയാണ് അമ്മയെന്ന് സജിന്‍ പിജെ
എന്റെ അമ്മയുടെ മണം പുല്ലിന്റെയായിരുന്നു. കട്ടന്‍പയറിന്റേയും, കമ്യൂണിസ്റ്റ് പള്ളയുടേയും ചെറു കടലാടിയേയും, പ്ലക്കാടിയുടേയും, പട്ടിച്ചെവിയ്യന്റേയും മണം. ആര്‍ത്തിയോടെ അതു തിന്നുന്ന പശുവിന്റെ പല്ലുകള്‍ തമ്മിലുരുമ്മുന്ന ഒച്ച കേള്‍ക്കാന്‍ ഞാന്‍ തൊഴുത്തില്‍ പോയിരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ അവിടിരുന്നു പരീക്ഷയ്ക്ക് പഠിച്ചിട്ടു പോലുമുണ്ട്. രാവിലെ പാലപ്രയ്ക്ക് അമ്മ പപ്പായ്ക്ക് കാപ്പി കൊണ്ടു പോകും. അതൊരു ഓട്ടമാണ്. കുറുക്കു വഴികളിലൂടെ, കയ്യാലകള്‍ ചാടി കടന്ന് വീടിനേയും എന്നെയും പിന്നിലാക്കി പായുന്ന ഒരു മാരത്തോണ്‍. അമ്മ പോയിക്കഴിയുമ്പോഴെ എനിക്കു സങ്കടം തൊണ്ടയില്‍ ഒരുണ്ടു കൂടും. ചിലപ്പോഴെക്കെ അമ്മ എന്നേയും കൂടെ കൊണ്ടു പോയിരുന്നു. തിരിയെ വരുമ്പോള്‍ അമ്മയുടേയും പപ്പായുടേയും തലയില്‍ ഓരോ കെട്ട് പുല്ലുണ്ടാവും. മുഖം പോലും കാണാന്‍ കഴിയാത്ത വണ്ണം പുല്ല് മൂടിയിരിക്കും. പിന്നില്‍ നിന്നു നോക്കുമ്പോള്‍ അവര്‍ മനുഷ്യരുടെ ഉടലും പുല്ലുകൊണ്ടുള്ള തലയുമുള്ളവരായി. അന്നൊക്കെ വീട്ടില്‍ ഒരുപാടു പേരുണ്ട്. പപ്പായുടെ പെങ്ങന്മാരും, അപ്പച്ചനും അടങ്ങിയ ഒരു വലിയ കുടുംബം. അത്രയും തന്നെ വലിയ വഴക്കുകളും പിണക്കങ്ങളും. എപ്പോഴും അമ്മയാണെതിര്‍ വശത്ത്. ഒരിക്കലും അമ്മ ജയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ അമ്മ, ജയിക്കാനായിരിക്കണം, മുട്ടന്‍ വഴക്കുകള്‍ക്കു ശേഷം വെറുതെ ഒരു കാര്യവുമില്ലാതെ എന്നെ തല്ലിയിരുന്നു. ഒരു ദിവസം ഇതുപോലൊരു വഴക്കിനു ശേഷം, എല്ലാ വഴക്കിനും ശേഷം ഒരു നിശബ്ദതയില്ലെ, അങ്ങിനെ എല്ലാമെരിയുന്ന ഒരു നിശബ്ദതയില്‍ എന്തോ ചോദിച്ചു കൊണ്ട് സാരിത്തുമ്പില്‍ പിടിച്ചപ്പോള്‍ അമ്മയെന്നെ അടുക്കള വശത്തെ മുറ്റത്തേക്ക് വലിച്ചിറക്കി പൊതിരെ തല്ലി. കഞ്ഞി ഇളക്കി കൊണ്ടിരുന്ന തവണ കൊണ്ടുള്ള ആ വിജയത്തിനു ശേഷം അമ്മയുടെ കണ്ണുകള്‍ നിറയുകയും, എന്നെ ഉപേക്ഷിച്ച് അടുക്കളയില്‍ കയറി വാതിലടയ്ക്കുകയും ചെയ്തു. ഒറ്റപ്പെടലിന്റെ വേദന. ചുറ്റും ഇരുട്ടു പരക്കുന്നതായി എനിക്കു തോന്നി. ഫ്രയിമിനു വെളിയില്‍ ഒരുപാട് ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴും അതിനുള്ളിലെ പേടിപ്പെടുത്തുന്ന ഏകന്തത. പിന്നെ പലപ്പോഴായി ഇതറിഞ്ഞതിനെ തുടര്‍ന്ന്‍ ഇപ്പോള്‍ ഇതൊരു പ്രശ്നമേ അല്ലാതായിരിക്കുന്നു. പക്ഷേ, അവള്‍ പോയപ്പോള്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടിരുന്നു. അവളെ അമ്മയ്കറിയാമായിരുന്നു. ഇടയ്ക്കൊക്കെ അമ്മ അവ്ലെ പറ്റി തിരക്കാറുമുണ്ടായിരുന്നു. ആരോടും ഒന്നും പറയാതെ ഞാന്‍ വിങ്ങി നടന്നിരുന്ന കാലം. അപ്പോഴൊരു ദിവസം അമ്മയെന്നെ വിളിച്ചു. അവരുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നെ ആരോ കുറേ ആള്‍ക്കാര്‍ ഉപദ്രവിക്കുന്നത് അമ്മ സ്വപ്നം കണ്ടു. എന്റെ ഉള്ളു നിറയേ എന്തോ വേദന തിങ്ങി തിളയ്ക്കുന്നത് അമ്മയറിഞ്ഞു. അമ്മയെന്നോട് കുത്തികുത്തി ചോദിച്ചെങ്കിലും പറഞ്ഞില്ല, ഞാന്‍ അവളുടെ വീട്ടില്‍ പോകാനിരിക്കുകയായിരുന്നുവെന്ന്. അന്നു വൈകുന്നേരം ഞാന്‍ എന്റെ കൂട്ടുകാരി കുണുവിന്റെ മുന്‍പില്‍ സ്വയം തുറന്നു. പിന്നീടവളാണ് എന്നെ ജീവിതത്തിലേക്ക് തിരിയെ കൊണ്ടു വന്നത്. എന്നെ ചുറ്റുന്ന വിഷാദത്തിന്റെ വള്ളികളെ കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എനിക്കു കിട്ടിയ ഉത്തരം അമ്മയെന്ന വികാരമാണ്. അതു പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഒരു പക്ഷേ ആ വാക്ക് ഉച്ചരിക്കുമ്പോള്‍ അപ്പച്ചെമ്പിലിരിക്കുന്ന വിയര്‍ത്തിലിച്ച കൊഴുക്കട്ട എനിക്കോര്‍മ വരും. ആവി കൊണ്ട് അകവും പുറവും വേവുന്ന ഒരനുഭവം. അതാണെനിക്കമ്മ. അമ്മ ഗോതമ്പുണ്ട കട്ടന്‍ കാപ്പിയും കൂട്ടി അടുക്കളപ്പടിയിലിരുന്ന് തിന്നുന്നത് ഞാനോര്‍ക്കുന്നു. റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന പുഴു പിടിച്ച ഗോതമ്പ് കഴുകിയുണക്കി പൊടിച്ചുണ്ടാക്കുന്ന ഉണ്ട. അന്നൊക്കെ എല്ലാ ദിവസവും വീട്ടില്‍ ഇതായിരുന്നു കാപ്പിക്ക്. ഇന്നും ഗോതമ്പു കൊണ്ടുള്ളതൊന്നും എനിക്കിഷ്ടമല്ല. ചെറുപ്പത്തിലെ മതി മറന്നുള്ള ചില കളികള്‍ക്കിടയിലാവും അപ്പച്ച (പപ്പായുടെ അപ്പന്‍) ഗോതമ്പു പൊടിക്കാന്‍ ചോറ്റിക്കു പോകാന്‍ പറയുന്നത്. ഗോതമ്പിന്റേയും, അരിയുടേയും പൊടി മഞ്ഞു പോലെ പെയ്തു കിടക്കുന്ന മില്ലില്‍ വലിയൊരു ഇരുമ്പു ബോര്‍ഡില്‍ പച്ചയും ചുവപ്പും സ്വിച്ചുകളുണ്ട്. അതില്‍ പച്ചയില്‍ പിടിച്ചു ഞെക്കിയാല്‍ ഭീമാകാരനഅയ ഒരു ജീവിയെ പോലെ മെഷീന്‍ മുരണ്ടു തുടങ്ങും. അപ്പോള്‍ മുകളിലത്തെ തുറവിയില്‍ പൊടിക്കാനുള്ളത് ഇട്ടു കൊടുക്കണം. അതിന്റെ ഒരു വശത്ത് ഒരു നീണ്ട തുണിക്കുഴലുണ്ട്. മെഷീന്‍ ഓടി തുടങ്ങുമ്പോഴെ അതു വീര്‍ക്കും. മോട്ടോറില്‍ നിന്നും മെഷീനിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ബെല്‍റ്റ് ചിലപ്പോള്‍ പൊട്ടുമെന്നും അതു ശരീരത്തിലടിച്ച് മുന്‍പ് പലരും മരിച്ചിട്ടുണ്ടെന്നും മറ്റുമുള്ള അമ്മയുടെ മുന്നറിയിപ്പുകളെ കവച്ചു കടന്ന് ഞാന്‍ പലപ്പോഴും ബെല്‍റ്റിന്റെ അരികിലോളം എത്തിയിട്ടുണ്ട്. അമ്മയുപേക്ഷിച്ച അരിപ്പ കൊണ്ട് മില്ലുണ്ടാക്കി മണ്ണും കട്ടപ്പൊടിയുമൊക്കെ അരിച്ച് കൂട്ടുകാരികള്‍ക്ക് കഞ്ഞീം കറീം കളിക്കാന്‍ കൊടുക്കുമ്പോള്‍ സെന്റ് ജോര്‍ജ് കുടയുടെ നീളന്‍ കവര്‍ തുണിക്കുഴലിനു പകരമായി ഞാന്‍ തന്നെ ഊതി വീര്‍പ്പിച്ച് അരികില്‍ കെട്ടുമായിരുന്നു. ആദ്യമായി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ വെളിച്ചിയാനി സെന്റ് ജോസഫ് സ്കൂളിന്റെ തോടിനക്കരെയുള്‍ല ഒന്നാം ക്ലാസിലേക്ക് അമ്മയെന്നെ കൊണ്ടു പോയി. കന്യാസ്ത്രീകളെ മൊട്ടച്ചിമാരെന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. അവര്‍ നടത്തുന്ന സ്കൂളാണത്. മുടിയില്‍ പേനുള്ള പിള്ളേരുടെ തല അവര്‍ മൊട്ടയടിക്കുമെന്നുള്ള ഒരു പേടിയെ പെങ്ങള്‍ എന്റെയുള്ളില്‍ നട്ടിരുന്നു. എന്റെ തലയിലാണെങ്കില്‍ ആവശ്യത്തിനു പേനുണ്ട് താനും. കുട്ടികള്‍ കല്ലുപെന്‍സില്‍ ഉരച്ചതിന്റെ പാടുള്ള പാലം കടന്ന് അമ്മയും ഞാനും ക്ലാസിലെത്തി. എനിക്ക് കടക്കാനുണ്ടായിരുന്ന കടമ്പ ഈ പാലം മാത്രമായിരുന്നു. അല്ലാതെ എന്റ്രന്‍സും ഇന്റര്വ്യൂവും ഒന്നുമല്ലായിരുന്നു. പലക കൊണ്ടുള്ള സ്ക്രീന്‍മുറി മറച്ചിരിക്കുന്ന ക്ലാസ് മുറി. ആ സ്ക്രീനുകള്‍ക്ക് മറയ്ക്കാന്‍ കഴിഞ്ഞത് പക്ഷേ ഞങ്ങള്‍ കുട്ടികള്‍ പരസ്പരം കാണുന്നത് മാത്രമായിരുന്നു. എല്ലാ വഴക്കുപറച്ചിലുകളും, കരച്ചിലുകളും, ഏങ്ങലടികളും ആ സ്ക്രീന്‍ കടന്ന് എല്ലാ ക്ലാസിലും പടര്‍ന്നു. കുട്ടികളുടെ കരച്ചിലുകള്‍ പരസ്പരം കൂട്ടിതുന്നിയതാണ്. അതുകൊണ്ട് തന്നെ അങ്ങേയറ്റത്തെ ക്ലാസില്‍ ഒരാള്‍ കരഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരും അയാള്‍ക്ക് കമ്പനി കൊടുത്തു. എന്റെയുള്ളിലാണെങ്കില്‍ തല മൊട്ടയടിക്കുമോ എന്ന വേവലാതിയുമുണ്ട്. മുന്‍ബെഞ്ചിലിരിക്കുമ്പോഴും എന്റെ നോട്ടം വാതിലിനപ്പുറം അമ്മ മറ്റു അമ്മമാരുമായി വര്‍ത്തമാനം പറയുന്നിടത്തായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ വിജയന്‍ പറയുന്നതു പോലെ ഞാന്‍ കൊമ്പ് മുകളിലേക്ക് വലിച്ചു കയറ്റി കൊണ്ടിരിക്കുമ്പോള്‍ റ്റീച്ചര്‍ എന്നെ വിളിക്കും. ഞാന്‍ തിരിഞ്ഞു നോക്കുന്ന സമയം കൊണ്ട് അമ്മ വാതിലില്‍ നിന്നും അപ്രത്യക്ഷയാകും. ഒറ്റയ്ക്കായ പോലെ ഒരു തോന്നലാണപ്പോള്‍. പിന്നെ എനിക്കവിടെ ഇരിക്കാന്‍ കഴിയില്ല. എഴുന്നേറ്റ് ഒരോട്ടമാണ്. ആദ്യം വഴി തെറ്റിയോടിയെത്തിയത് അമ്മയുടെ മുമ്പില്‍. അങ്ങിനെയാണ് ആ കുറുക്കു വഴി ഞാന്‍ കണ്ടു പിടിച്ചത്. റബര്‍ മരങ്ങള്‍ക്കിടയിലൂടെ കൈത്തോട് ചാടി കടന്ന് വലിച്ചു വിട്ടാല്‍ അമ്മയെ വീട്ടിലെത്തുന്നതിനു മുന്‍പെ ബാങ്കിന്റെ മുന്‍പിലിട്ടു പിടിക്കാം. പിന്നെയങ്ങോട്ട് പൊതിരെ തല്ലാണ്. തിരികെ ക്ലാസിലെത്തും വരെ അപ്പയുടേയും, കൊന്നയുടേയും കമ്പു കൊണ്ട് അമ്മയെന്നെ ഓമനിക്കും. എന്നാലും പിന്നെയും ഞാനിറങ്ങിയോടും. അമ്മയ്ക്കറിയില്ലല്ലോ മുടി പോകുന്നതോര്‍ക്കുമ്പോഴുള്ള ഒരു ചെറുക്കന്റെ പൊറുതി മുട്ട്. ചിലപ്പോള്‍ തോന്നും അമ്മയ്ക്കതുമറിയാമായിരുന്നെന്ന്. അറിയാവുന്നത് പലതും ഒളിപ്പിക്കുമ്പോഴാണ് അമ്മ അമ്മയാകുന്നത്. ഇപ്പോള്‍ കണ്ണാടിയില്‍ ചാണ കയറിയ തല കാണുമ്പോള്‍ ഞാന്‍ കുറുക്കു വഴികളിലൂടെയുള്ള എന്റെ ഓട്ടങ്ങള്‍ ഓര്‍ക്കും. സമയത്തെ തോല്പിക്കാന്‍ പിന്നീട് ലോല ഓടുന്ന ഓട്ടം പിന്നീട് സിനിമയില്‍ (റണ്‍ ലോല റണ്‍) ഞാന്‍ എന്റെ ഈ പഴയ ഓട്ടങ്ങളിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്.പലരും പറയുമ്പോലെ വീടെനിക്കൊരിക്കലും ഒരു അഭയമായി തോന്നിയിട്ടില്ല. പക്ഷേ, പപ്പായുമായി വഴക്കിട്ട് വീടു വിട്ടിറങ്ങിയപ്പോഴെല്ലാം അമ്മയെന്നെ തിരിയെ വിളിച്ചിരുന്നു. സത്യത്തില്‍ അമ്മയല്ല, അമ്മയെന്ന ആ വികാരം. ഗോതമ്പുണ്ട പോലെയെന്ന് മുന്‍പ് പറഞ്ഞില്ലെ, അത്. ഞാനുള്‍പ്പെടെ എല്ലാവരും വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞാലും അമ്മ ഒന്നും തിരിച്ചു പറയില്ല. അവര്‍ക്ക് തിരിച്ചു പറയാന്‍ അറിയില്ലായിരുന്നു. ഉള്ളു നീറുമ്പോഴും ഒന്നും പറഞ്ഞറിയിക്കാനാവാത്ത എഴുത്തുകാരിയുടെ/കാരന്റെ വേദന. അപ്പോള്‍ അവളുടെ/അയാളുടെ ഉള്ളം നിറയെ വാക്കുകള്‍ ചീഞ്ഞു നാറും. താങ്ങാനാവാത്ത ഹൃദയ ഭാരത്താല്‍ കരയും. അപ്പോള്‍ നിങ്ങള്‍ മനക്കരുത്തില്ലാത്തവര്‍ എന്നു വിളിച്ച് കളിയാക്കും. നിങ്ങള്‍ക്കറിയില്ല എഴുതി കഴിയുന്ന നിമിഷം മുതല്‍ ഓരോ വായനക്കാരിയുടേയും/കാരന്റേയും മരിച്ചു പോകുന്നതിന്റെ വേദന. നിങ്ങളുടെ ഓരോ വായനയും ആ ശരീരത്തെ കീറി മുറിക്കലാണ്. ഓരോ വായനയും ഓരോ പത്തേമാരികളാണ്. നിങ്ങള്‍ക്കതില്‍ സുഖമായി യാത്ര ചെയ്യാം. അപ്പോഴും കീറി മുറിക്കപ്പെടുന്ന സമുദ്രം നിങ്ങള്‍ക്കൊരു കടല്‍ ചൊരുക്കെങ്കിലും തരാതിരിക്കില്ല. തീര്‍ച്ച. അമ്മ പറഞ്ഞു ഫലിപ്പിക്കാന്‍ അറിയാത്ത ഒരു എഴുത്തുകാരിയാണ്. എല്ലാ വൈകുന്നേരവും അമ്മ പ്രാര്‍ത്ഥിക്കുമ്പോള്‍ കൊച്ചുകുഞ്ഞു പരദേശിയുടെ ഒരു പാട്ടു പാടും. അതിന്റെ വരികളില്‍ അമ്മ നിറയ്ക്കുന്ന സങ്കടം മാത്രം മതി ഞാനെഴുതിയ എല്ലാ കവിതകളെക്കാളും വലിയ അമ്മയുടെ കവിതയാകാന്‍. ആ വരികള്‍ ഇങ്ങിനെയാണ്: ദുഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടതു വാങ്ങി ഹല്ലേലൂയ പാടീടും ഞാന്‍".
സജിന്‍ എംജി സര്‍വകലാശാലയില്‍ ഗവേഷകനാണ്.

