Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Apr 21, 2010

പഠിക്കാത്ത ദാസനും പഠിച്ച സംവിധായകനും

വന്‍ സിനിമാ കോലാഹലങ്ങള്‍ക്കിടയില്‍ ഇറങ്ങിയ 'ടിഡി ദാസന്‍ സ്റ്റാന്‍ഡാര്‍ഡ് ആറു ബി' എന്ന ചിത്രം പുതുമയും നന്മയുമുള്ളതാണെന്ന് സുനീഷ്

തമ്മിലടിയും വിവാദങ്ങളും തെല്ലൊന്ന് അടങ്ങിയ ആഴ്ചയില്‍ തിയറ്ററിലെത്തിയതാണ് 'ടിഡി ദാസന്‍ സ്റ്റാന്‍ഡാര്‍ഡ് ആറു ബി' എന്ന ചിത്രം. പുതുമുഖം മോഹന്‍ രാഘവന്‍ സംവിധാനം ചെയ്ത ടിഡി ദാസന്‍ പേരു സൂചിപ്പിക്കുന്നതു പോലെ പുതുമയുള്ളതാണ്. കഴിഞ്ഞ മൂന്നര മാസത്തിനുള്ളില്‍ മലയാളത്തില്‍ ഇറങ്ങിയത് 26 സിനിമകള്‍ അതില്‍ പലതും വന്‍ തോക്കുകളുടേത്. പക്ഷേ, വിജയിച്ചത് കേവലം രണ്ട് സിനിമകള്‍ മാത്രം. എന്തേയിങ്ങനെയെന്ന് സിനിമയെടുത്തവരും, എന്തിന് അഭിനയിച്ചവര്‍ പോലും ചോദിക്കില്ല. നടന്‍ നെടുമുടി പോലും കുമ്പസാരിക്കുന്നത് ഇങ്ങിനെ: "തമിഴ്, തെലുങ്കു പടങ്ങള്‍ ചവച്ചു തുപ്പിയത് വീണ്ടും നൊട്ടിനുണയുകയാണ് മയലാള സിനിമാക്കാര്‍. സിനിമാ പ്രസിദ്ധീകരണങ്ങള്‍ പരസ്യം പോകുന്നത് പേടിച്ച് എല്ലാം നല്ലതെന്ന് വാഴ്ത്തുന്നു. ആര്‍ക്ക് നഷ്ടം എന്നേ ഇനി നോക്കേണ്ടതുള്ളൂ.."

'പ്രമാണി' ചെയ്ത ഉണ്ണികൃഷ്ണന്‍ ബിയുടെ തൊലിക്കട്ടിയാണ് ഇന്നത്തെ ഭൂരിഭാഗം മലയാളം സംവിധായകര്‍ക്കും. പ്രമാണി എന്ന മമ്മുട്ടി ചിത്രം കണ്ടിരിക്കണമെങ്കില്‍ കണ്ണു കെട്ടാനും, ചെവിയിലും വായിലും തിരുകാനുമുള്ള തുണിയുമായി വേണം തിയറ്ററില്‍ പോകാന്‍. ഇമ്മാതിരി സിനിമകള്‍ പിടിച്ചതിനു ശേഷവും താന്‍ ഏതോ മഹത് കൃത്യം ചെയ്തു എന്ന ഭാവമാണ് മൂപ്പര്‍ക്ക് (തൊലിക്കട്ടി അപാരം). സംവിധായകന്റെ പണി അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന സിനിമയുണ്ടാക്കലാണെന്ന് ഉണ്ണികൃഷ്ണനെപോലുള്ളവര്‍ എന്നു മനസിലാക്കുന്നുവോ അന്നു തീരാവുന്നതേയുള്ളൂ മലയാള സിനിമയുടെ പ്രതിസന്ധി. അല്ലാതെ, പടമെടുക്കുന്നവര്‍ക്ക് ഒച്ച വയ്ക്കാനും സ്ഥാനമാനങ്ങള്‍ ലഭിക്കാനുമുള്ള ഒരിടം മാത്രമായി മലയാള സിനിമയ്ക്ക് എത്ര കാലം മുന്നോട്ടു പോകാനാവും?

പ്രമാണിയെ ചെന്നു കണ്ടതിന്റെ ആഘാതം മാറുന്നതിനു മുന്‍പാണ് ദാസനെ കാണാന്‍ പോകുന്നത്.
ഒന്നര വയസുള്ളപ്പോള്‍ തന്നേയും അമ്മയേയും ഉപേക്ഷിച്ച് പോയ അച്ഛന് ആറാം ക്ലാസുകാരനായ ദാസന്‍ എഴുതുന്ന കത്തുകളിലൂടെയാണ് കഥാതന്തു വികസിക്കുന്നത്. ബാംഗ്ലൂരിലെ ഒരു വീട്ടില്‍ കാര്‍ ഡ്രൈവറായിരുന്നു ദാസന്റെ അച്ഛന്‍ ദിവാകരന്‍. സ്ഥലം മാറിയും സംസ്ഥാനം മാറിയും ഒടുവില്‍ ദിവാകരന്‍ ആരുമറിയാതെ മഞ്ഞപ്പിത്തം വന്ന് മരിക്കുന്നു.    

എന്നാല്‍ അമ്മ തകരപ്പെട്ടിയില്‍ സൂക്ഷിച്ചു വച്ച വിലാസത്തില്‍ ദാസന്‍ കത്തെഴുതുകയാണ്. അവന്റെ ആവശ്യം തനിക്ക് അച്ഛനുണ്ടെന്ന് തെളിയിക്കാനുള്ള ഒരു മറുപടി കത്തു മാത്രം. ക്ലാസിലെ തോമസ് കുട്ടി അച്ഛനില്ലാത്തവന്‍ എന്നു വിളിച്ച് കളിയാക്കുന്നു. അതവസാനിപ്പിക്കണം. നാലാള്‍ കേള്‍ക്കെ അത് പറയണം. മറുപടി കിട്ടാതായപ്പോള്‍ അവന്‍ സങ്കടപൂര്‍വം മറ്റൊരു കത്തെഴുതുന്നു, അച്ഛന് തന്നോട് ഒട്ടും സ്നേഹമില്ലെന്ന്. ആര്‍ട് ഡയറക്റ്ററായ നന്ദകുമാറിന്റെ (ബിജു മേനോന്‍) വീട്ടിലാണ് ഈ കത്തുകള്‍ ലഭിക്കുന്നത്. ബന്ധു കൂടിയായ വീടുപണീക്കാരന്റെ (ജഗദീഷ്) അശ്രദ്ധ അതിനെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. അവിടെ നിന്ന് സ്കൂള്‍ കുട്ടിയായ അമ്മു (നന്ദകുമാറിന്റെ മകള്‍) കത്ത് തുറന്നു വായിക്കുകയും അതിന് അച്ഛനായി സങ്കല്പിച്ച് മറുപടി എഴുതുകയുമാണ്.

ദാസന്റെ കത്തില്‍ നന്ദകുമാര്‍ കാണുന്നത് ഒരു സിനിമാ പ്രമേയമാണ്. അയാള്‍ ഇതേ കുറിച്ച് സുഹൃത്തായ ഒരു തിരക്കഥാകൃത്തുമായി ചര്‍ച്ച നടത്തുന്നുണ്ട്. ദിവാകരനെ ഗുണ്ടയും, ചീത്തയുമായി ചിത്രീകരിച്ചാണ് നന്ദകുമാര്‍ കഥ മെനയുന്നത്. എന്നാല്‍ ഇതിനു സമാന്തരമായാണ് ദാസന്‍ കത്തുകളിലൂടെ അച്ഛനുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. വൈകിയാണെങ്കിലും, അമ്മു ദാസന് അച്ഛനാണെന്നു പറഞ്ഞു കൊണ്ട് കത്തുകളെഴുതാറുണ്ടെന്ന് നന്ദകുമാര്‍ മനസിലാക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും സമാധാനം അറിയിക്കാന്‍ പാലക്കാട് ചിറ്റൂരിലെ ഒരു സ്കൂളിലെ പഠിക്കുന്ന ദാസനെ തേടി നന്ദകുമാറെത്തുമ്പോഴെക്കും ദാസന്റെ ജീവിതം വല്ലാതെ വഴിമാറി ഒഴുകി പോയിരുന്നു. കഥ നടക്കുന്നത് പ്ലാച്ചിമട സമരക്കാലത്താണെന്നതിന് നിരവധി സൂചനകളും, സമരചിത്രങ്ങളും സിനിമയിലുണ്ട്.

ബാംഗ്ലൂരിലേക്ക് അച്ഛനെ കാണാന്‍ ദാസന്‍ അനുവാദം ചോദിച്ചു കൊണ്ട് എഴുതിയ കത്തിന് ലഭിക്കുന്ന മറുപടി ദാസന്റെ അമ്മയുടെ (ശ്വേത മേനോന്‍) കയ്യിലാണ് ലഭിക്കുന്നത്. സമയം കിട്ടുമ്പോള്‍ തന്നെ വന്നു കാണാം എന്നാണ് കത്തിലെ അച്ഛന്‍ പറയുന്നത്. എന്നാല്‍ അമ്മയ്ക്ക് ഇതൊട്ടും സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല. അത്ര രസത്തിലല്ലാതെ പിരിഞ്ഞ ബന്ധത്തിന് അയാളുടെ തിരിച്ചു വരവ് ഉണ്ടാക്കിയേക്കാവുന്ന മാറ്റത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒരു നിഴലായി പരക്കുന്നുണ്ട്. താമസിയാതെ ദാസന്റെ അമ്മയും മരിക്കുന്നു. പിന്നീട് അച്ഛനും അമ്മയും നഷ്ടപ്പെട്ട ദാസനാണ് നന്ദകുമാറിനും, അമ്മുവിനും മുന്നില്‍ നില്‍ക്കുന്നത്. നന്ദകുമാര്‍ അച്ഛനാണെന്ന് തെറ്റിദ്ധരിക്കുന്ന ദാസനെ നമുക്ക് കുറ്റപ്പെടുത്താനാവില്ല. തിരിച്ചു പോകുന്നതിനിടെ അമ്മുവിലെ സ്നേഹം, കരുതല്‍ ദാസന് വീണ്ടും പ്രതീക്ഷ നല്‍കുന്നു.

പഠിച്ച ദാസന്‍
പാഠങ്ങള്‍ കൃത്യമായി പഠിച്ച ദാസനാണ് സിനിമയുടെ സംവിധായകന്‍ മോഹന്‍ രാഘവന്‍.തനിക്ക് ഇത്രയും ലളിതമായ കഥയാണ് പറയേണ്ടതെന്ന് തീരുമാനിക്കുന്നു. സുഹൃത്തുക്കളായ രണ്ടു പേരെ നിര്‍മാതാക്കളായി കിട്ടുന്നു. വിതരണം സ്വയം ഏറ്റെടുക്കുന്നു. ആര്‍ട് ഡയറക്റ്ററുടെ വേഷത്തിലെത്താന്‍ സൂപര്‍ സ്റ്റാറുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്ന പ്രേക്ഷകരെ മോഹന്‍ കുറ്റപ്പെടുത്തുന്നുമില്ല. തന്റെ കൈപിടിയില്‍ ഒതുങ്ങുന്ന ഒരാള്‍. തനിക്കു പറയാനുള്ളത് കേള്‍ക്കുന്ന ഒരാള്‍. അതാണ് തനിക്കു വേണ്ടത്. ഭംഗിയായി ചെയ്തു എന്ന ചാരിതാര്‍ത്ഥ്യവും. നിര്‍മാതാവിനെ കിട്ടിയതും, വിതരണം ഏറ്റെടുക്കാന്‍ കഴിഞ്ഞതും ഭാഗ്യത്തിന്റെ സൂചനയാകാമെന്നും ഇദ്ദേഹം പറയുന്നു.

പാലക്കാടിന്റേയും, ബാംഗ്ലൂരിന്റേയും ഭൂമിശാസ്ത്രത്തില്‍ നിന്നു കൊണ്ട് നല്ല ഭംഗിയോടെയാണ് കഥ പറയുന്നതെന്ന മെച്ചവും സിനിമയ്ക്കുണ്ട്. അമ്മുവും ദാസനും ഫ്രെയിമില്‍ നിന്നു മറഞ്ഞാലും പ്രേക്ഷകരുടെയുള്ളില്‍ നിന്നും മായാന്‍ സമയമെടുക്കും. സ്നേഹം തോന്നിപ്പിക്കുന്ന അഭിനയമാണ് ഇരുവരുടേയും. അമ്മ വേഷത്തിലും സാധ്യതകളുണ്ടെന്ന് തെളിയിക്കാന്‍ ശ്വേതയ്ക്കു കഴിഞ്ഞു. സ്ഥിരം കവിയൂര്‍ പൊന്നമ്മയ്ക്കും, കെപിഎസ്സി ലളിതയ്ക്കും ശേഷമുള്ള അമ്മയല്ല താനെന്ന് അഭിനയിച്ചു കാട്ടാന്‍ ശ്വേതയ്ക്കായി. തനിക്കു പരിചയമുള്ളതും ഉറപ്പുള്ളതുമായ അഭിനേതാക്കളെ വച്ച് മോഹന്‍ എടുത്ത ചിത്രം കണ്ടിരിക്കാന്‍ കൊള്ളാവുന്നതാണെന്ന് ഒറ്റയടിക്കു പറയാം.

***
പരാജയപ്പെട്ട 24 ചിത്രങ്ങളെ നോക്കി നെടുവീര്‍പ്പിടുകയോ, കഷ്ടിച്ചു രക്ഷപ്പെട്ട സിനിമകളെ നോക്കി ആശ്വസിക്കുകയോ അല്ല വേണ്ടത്. ടിഡി ദാസന്മാര്‍ വന്നു പോകുമ്പോള്‍ ഒന്ന് ഉറക്കെ കയ്യടിക്കുകയെങ്കിലും ചെയ്യണം. എങ്കിലേ ഉണ്ണികൃഷ്ണന്മാര്‍ ഉറക്കം ഞെട്ടിയെഴുന്നേറ്റ് ഒന്നു മൂത്രമൊഴിച്ച് പോയി കിടന്നുറങ്ങുകയെങ്കിലും ചെയ്യൂ.

സുനീഷിന്റെ മറ്റു ലേഖനങ്ങള്‍  

മല്ലികാ സാരാഭായിക്ക് പറയാനുള്ളത്
ജീവിതം എന്ന കുറ്റവും ശിക്ഷയും

Apr 3, 2010

മനുഷ്യസ്‌നേഹിയായ ചലച്ചിത്രകാരന്‍

അടുത്തിടെ അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകന്‍ ശരത് ചന്ദ്രനെ കുറിച്ച് വര്‍ഗീസ് ആന്റണി

മുഖ്യധാരയിലെ കെട്ടുകാഴ്‌ചകളില്‍ നിന്നകന്ന്‌, ദൃശ്യങ്ങളുടെ ആഴത്തിലുള്ള സംവേദനക്ഷമതയേക്കുറിച്ച്‌ മാത്രം ആലോചിച്ചിരുന്ന ചലച്ചിത്രകാരനായിരുന്നു സി ശരത്‌ചന്ദ്രന്‍. സിനിമയായിരുന്നു അയാളുടെ ആത്മാവ്‌. അതിനായി ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍ എന്ന്‌ പരിചയപ്പെടുത്തുന്നതു പോലെ കാണുമ്പോഴെല്ലാം നല്ല സിനിമകളേക്കുറിച്ച്‌ മാത്രം സംസാരിച്ചു അദ്ദേഹം.എംജി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത്‌ ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ്‌ ശരത്‌ചന്ദ്രനെ ആദ്യമായി കാണുന്നത്‌. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ആ ഫെസ്റ്റിവലിലേക്ക്‌ തോള്‍സഞ്ചിയില്‍ ഡിവിഡികളും കൈയില്‍ വീഡിയോ പ്രൊജക്ടറുമായി കടന്നുവന്ന അദ്ദേഹത്തെ കൗതുകത്തോടെയായിരുന്നു ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടത്‌. പ്രതിഫലമായി വലിയ പണമൊന്നും നല്‍കിയിരുന്നില്ല. ഓരോ ചിത്രവും ആരംഭിക്കുന്നതിന്‌ മുന്‍പും അവസാനിച്ച ശേഷവും അതിനേക്കുറിച്ച്‌ ഹ്രസ്വമായ ഒരു വിവരണവും നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സിനിമയുടെ ചരിത്രവും, വിവിധ പ്രസ്ഥാനങ്ങളുമെല്ലാം ഈ വര്‍ത്തമാനങ്ങളില്‍ കടന്നുവന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ സിനിമ മനസിലാകാന്‍ ഇത്‌ സഹായകമായി. ഏതോ കാലത്ത്‌‌, വ്യത്യസ്ഥമായ രാഷ്ട്രീയ അന്തരീക്ഷങ്ങളില്‍ നിര്‍മിക്കപ്പെടുന്ന സിനിമകള്‍ അതിന്റെ ചരിത്രപരമായ പശ്ചാത്തലംകൂടി മനസിലാക്കി ആസ്വദിക്കപ്പെടണമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിനായി വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചു. ലോകസിനിമയിലെ ക്ലാസിക്കുകള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ആ മേള അക്കാലത്ത്‌ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പഠിച്ചിരുന്ന സിനിമാ പ്രേമികളായ വിദ്യാര്‍ത്ഥികളാരും മറക്കില്ല. (മാതൃഭൂമിയിലെ ഡോണ്‍ ജോര്‍ജിന്റെ സഹായത്തോടെ ക്യാംപസില്‍ നടത്തിവന്ന ഫിലിം ഫെസ്‌റ്റിവലുകള്‍ പുതിയ സിനിമകളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌).

കലയെന്ന നിലയില്‍ സിനിമയെ സമീപിക്കുന്നവരേയും വിദ്യാര്‍ത്ഥികളേയും നല്ല ചിത്രങ്ങള്‍ കാണിക്കുന്നതില്‍ സന്തോഷിച്ചിരുന്നയാളായിരുന്നു ശരത്‌ചന്ദ്രന്‍. ഫിലിം സൊസൈറ്റികളിലും സര്‍വകലാശാലാ ക്യാംപസുകളിലും കോളെജുകളിലും സ്‌കൂളുകളിലും ഇതിനായി അദ്ദേഹം ചലച്ചിത്ര മേളകള്‍ നടത്തി. പലപ്പോഴും പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഈ ശ്രമങ്ങള്‍. തന്റെ സ്വകാര്യ ശേഖരത്തിലെ ഡിവിഡികള്‍ ഇത്തരം മേളകള്‍ക്കായി അദ്ദേഹം ഉപയോഗിച്ചു. വീഡിയോ പ്രൊജക്ടര്‍ സംഘടിപ്പിക്കാമെങ്കില്‍ ചലച്ചിത്രമേളകള്‍ നടത്താന്‍ സഹായിക്കാമെന്ന വാഗ്‌ദാനം ഫണ്ടില്ലാത്ത സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പലപ്പോഴും അനുഗ്രഹമായിരുന്നു.

കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ രണ്‌ട്‌ വര്‍ഷം മുന്‍പ്‌ നടത്തിയ ഒരു ഫിലിം ക്യാമ്പിലാണ്‌ അദ്ദേഹത്തിന്റെ ഇത്തരം പരിശ്രമങ്ങളുടെ വ്യാപ്‌തി അടുത്തറിയാന്‍ അവസരം ലഭിച്ചത്‌. മൂന്ന്‌ ദിവസം നീണ്‌ടു നിന്ന ക്യാമ്പ്‌ തീരുമ്പോഴേക്കും അമ്പതോളം വരുന്ന കുട്ടികള്‍ നല്ല സിനിമയുടെ ആരാധകരായി മാറിയിരുന്നു. ആക്‌ഷനും കോമഡിയും പാട്ടും ഡാന്‍സും നിറഞ്ഞ കച്ചവട സിനിമകള്‍ക്കപ്പുറം ലോകത്ത്‌ വിവിധ ഭാഷകളില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നുണ്ടെന്നും അവ തേടിപ്പിടിക്കാന്‍ ശ്രമിക്കണമെന്നും ശരത്‌ അവരോട്‌ ഇടതടവില്ലാതെ പറയുന്നുണ്‌ടായിരുന്നു. ക്യാമ്പിന്റെ ഒടുവില്‍ കുട്ടികള്‍ വീഡിയോ ഫോര്‍മാറ്റില്‍ മൂന്ന്‌ ലഘു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സംഘാടകരായിരുന്ന ഞങ്ങളെയെല്ലാം അദ്‌ഭുതപ്പെടുത്ത വിധം മനോഹരങ്ങളായിരുന്നു ആ ചിത്രങ്ങള്‍. അവരുടെ മാറിയ സിനിമാ ബോധത്തിന്റെ സാക്ഷ്യങ്ങളായിരുന്നു അവ. കേരളത്തിലെ സ്‌കൂളുകളില്‍ ഇത്തരം നിരവധി ക്യാമ്പുകള്‍ നടത്തുക എന്നത്‌ ശരത്‌ചന്ദ്രന്റെ സ്വപ്‌നമായിരുന്നു.
തിരുവനന്തപുരത്തെ 'മീഡിയാ ആക്‌ട്‌' ഫോര്‍ട്ട്‌ കൊച്ചിയില്‍ സംഘടിപ്പിച്ച ഫിലിം അപ്രിസിയേഷന്‍ കോഴ്‌സില്‍ വച്ചാണ്‌ അദ്ദേഹത്തെ അവസാനമായി കണ്‌ടത്‌. ക്ലാസിന്റെ ഭാഗമായി ഒരു തമിഴ്‌ ഡോക്യുമെന്ററി അദ്ദേഹം പ്രദര്‍ശിപ്പിച്ചു. നല്ല സിനിമകളേക്കുറിച്ച്‌ ദീര്‍ഘനേരം അവിടെ കൂടിയിരുന്നവരോട്‌ സംസാരിച്ചു. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവുമധികം ഡോക്യുമെന്ററികളുടെ ശേഖരമുള്ളത്‌ ശരത്‌ചന്ദ്രന്റെ കൈയിലായിരുന്നു. അവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദികളുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തരാമെന്ന വാഗ്‌ദാനം നല്‍കിയാണ്‌ ശരത്‌ അന്ന്‌ പിരിഞ്ഞത്‌.

ഫേസ്‌ബുക്കില്‍ സജീവമായിരുന്നു ശരത്‌ചന്ദ്രന്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ അധികവും. മണിപ്പൂരിലെ ഇറോം ഷര്‍മ്മിള വര്‍ഷങ്ങളായി തുടരുന്ന നിരാഹാര സമരത്തിന്റെ ഒരു പോസ്റ്ററാണ്‌ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രം. ഷര്‍മ്മിളയുടെ സമരത്തേക്കുറിച്ച്‌ ആഴ്‌ചകളോളം നീണ്‌ട പ്രചാരണം തന്നെ ശരത്‌ ഫേസ്‌ബുക്കില്‍ നടത്തി. ഒറീസയിലെ കലിംഗനഗറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ചുള്ളതായിരുന്നു ശരത്തിന്റെ അവസാനത്തെ പോസ്റ്റ്‌. ഏപ്രില്‍ ഏഴിന്‌ എറണാകുളത്ത്‌ സംഘടിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ വിവരമാണ്‌ അദ്ദേഹത്തിന്റെ അവസാനത്തെ മറ്റൊരു പോസ്റ്റ്‌. " inside the revolution: journey into the heart of venezuela'- directed by Roberto Navarrete, will be in Ernakulam on 7th of April. anybody interested to join? അദ്ദേഹം ചോദിക്കുന്നു. പതിറ്റാണ്ടുകളായി ക്യാമറയും കൈയിലേന്തി സൈലന്റ്‌വാലിയിലും പ്ലാച്ചിമടയിലും മാവൂരിലും ചെങ്ങറയിലും ചുറ്റിക്കറങ്ങിയ ഒരാളുടെ അവസാനിക്കാത്ത വിപ്ലവ സ്വപ്‌നം. ജോണ്‍ എബ്രഹാമിന്റേയും അരവിന്ദന്റേയും ബക്കറിന്റേയുമൊക്കെയൊപ്പം സിനിമാ സ്വപ്‌നങ്ങള്‍ കണ്‌ട തലമുറയില്‍ ഇന്നും സജീവമായ കണ്ണിയായിരുന്നു സി. ശരത്‌ചന്ദ്രന്‍. ജോണിനും അരവിന്ദനുമൊപ്പം പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളില്‍ പറയുമായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇന്ന്‌ കേരളത്തില്‍ അന്യം നിന്നു പോയ നിലയിലാണെങ്കിലും, എഴുപതുകളിലെ അതേ ആവേശം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ചിലരെങ്കിലുമുണ്‌ട്‌. അവരിലൊരാളായിരുന്നു ശരത്‌.
പീഡിപ്പിക്കപ്പെടുന്ന പ്രകൃതിയോട്‌, അശരണരോട്‌, ഭരണകൂടത്തിന്റെ മര്‍ദ്ദനമേറ്റുവാങ്ങേണ്‌ടി വരുന്ന ചെറുപക്ഷങ്ങളോട്‌ അദ്ദേഹത്തിനുണ്‌ടായിരുന്ന കരുണയായിരുന്നു ക്യാമറയും പേറിയുള്ള ഈ അലച്ചിലില്‍ ഇന്ധനം. ഇങ്ങനൊരാള്‍ ഇവിടെ ജിവിച്ചിരുന്നു എന്ന്‌ മലയാളികള്‍ അധികംപേര്‍ അറിയാനിടയില്ല. അറിയുന്നവരെങ്കിലും ശരത്‌ചന്ദ്രനെ മറന്നുപോകാതിരിക്കട്ടെ. അദ്ദേഹത്തിന്റെ സിനിമാ പ്രവര്‍ത്തനങ്ങളേക്കുറിച്ച്‌ ആരെങ്കിലും വിശദമായി എഴുതിയിരുന്നെങ്കില്‍ എന്ന്‌ ആശിച്ചുപോകുന്നു.

Feb 26, 2010

മലയാള സിനിമയിലെ വാര്‍ധക്യപുരാണം

തിലകനോട്‌ ജനങ്ങള്‍ക്കുള്ള സ്‌നേഹവും അല്‍പ്പമെങ്കിലുമുള്ള അനുഭാവവും അഴീക്കോട്‌ രംഗത്തിറങ്ങുന്നതോടെ ഇല്ലാതാകുമെന്ന് വിഎസ് സനോജ്  

'വൃദ്ധന്‍' എന്ന പേരില്‍ മോപ്പസാങിന്റെ ഒരു കഥയുണ്ട്‌. ഒരു പ്രദേശത്തെ ചില വാര്‍ധക്യ സൗഹൃദങ്ങളെ ചുറ്റിപറ്റിയുള്ള കഥയില്‍ ഒരു വൃദ്ധന്‍ മരിക്കുന്നു. മരിച്ചവനെത്രയാണ് പ്രായമെന്ന്‌ സുഹൃത്തായ വൃദ്ധന്‍ മറ്റൊരുത്തനോട്‌ ചോദിക്കുന്നു. "എണ്‍പത്", എന്ന് മറുപടി. ഉടന്‍ മറ്റൊരു വൃദ്ധന്റെ കമന്റ്‌, "ഓ അപ്പോള്‍ ശ്രദ്ധയില്ലായ്‌മയാണ്‌ മരണകാരണം, അല്ലാതെ വയസ്സായി മരിച്ചതല്ല......"

മലയാളസിനിമയില്‍ തിലകനും മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റും സുകുമാര്‍ അഴീക്കോടും ടി പത്മനാഭനുമെല്ലാം പങ്കുചേരുന്ന പുതിയ പ്രസ്‌താവന വിവാദങ്ങള്‍ മോപ്പസാങിന്റെ വയസ്സന്‍മാരെ ഓര്‍ക്കാന്‍ കാരണമായി. ഇവിടെയും സംഭവിക്കുന്നത്‌ വൃദ്ധന്‍മാരുടെ ഈഗോ പ്രശ്‌നങ്ങളാണല്ലോ. അമ്പതുകഴിഞ്ഞവന്റെയും ഗള്‍ഫ്‌ ഗേറ്റുകളുടെ കാരുണ്യത്താല്‍ സൂപ്പര്‍താര വിഗ്‌ ജീവിതം നയിക്കുന്നവന്റേയും കുശുമ്പും കുന്നായ്‌മയും കൊതിക്കെറുവുകളും കോക്കസ്‌ കളിയും സ്‌തുതിഗീതങ്ങളുമെല്ലാമാണ്‌ മലയാളസിനിമയിലെ പുതിയ പ്രതിസന്ധികളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്നതാണ്‌ സത്യം. മലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടന്‍മാരില്‍ ഒരാളായ (അങ്ങനെ കുറച്ചുപേരെയുള്ളൂ) തിലകന്‍ പറയുന്ന ആരോപണങ്ങളില്‍ പല കാര്യത്തിലും കഴമ്പുണ്ടെങ്കിലും തിലകന്റെ ക്ഷിപ്രകോപം പ്രശ്‌നങ്ങളെ കൂടുതല്‍ ഗുരുതരമാക്കിയെന്ന്‌ പറയാം. അഴീക്കോട്‌ ന്യായീകരിച്ചാലും എതിര്‍ത്താലും പ്രശ്‌നമാണ്‌...ഒരു മാരണമായി അത്‌ തുടരും. അദ്ദേഹത്തിന്റെ പിന്തുണ കൊണ്ട്‌ ആര്‍ക്കും ഗുണമുണ്ടായതായി കേട്ടിട്ടില്ല. ദോഷമുണ്ടായിട്ടുണ്ടുതാനും. അപ്രഖ്യാപിത വിലക്കുകളുടേയും കോക്കസ്‌ കളിയുടേയും ശുപാര്‍ശയും കാലുനക്കലും കാലുവെച്ച്‌ വീഴ്‌ത്തലും സാമാന്യം തരക്കേടില്ലാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു ഫീല്‍ഡ്‌ തന്നെയാണ്‌ മലയാളസിനിമ. സംഘടനാപരമായി ഞങ്ങള്‍ വിലക്കിയിട്ടില്ല, എന്തുരേഖയുണ്ട്‌..എന്നെല്ലാം ഏതൊരു നേതാവിന്റേയും ഭാഷയില്‍ ചോദിക്കാമെന്നല്ലാതെ ഇത്തരം പ്രവണതകളില്‍ നിന്ന്‌ വിമുക്തമൊന്നുമല്ല സിനിമാരംഗമെന്ന്‌ ഏതാണെന്ന്‌ എല്ലാവര്‍ക്കുമറിയാം.

ബി ഉണ്ണികൃഷ്‌ണന്‍ മധ്യവര്‍ഗ ബുദ്ധിജീവിഭാഷയില്‍ താത്വികവിശദീകരണം നടത്തിയതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നില്ല, പരിഹരിക്കപ്പെടുന്നുമില്ല. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന ചിത്രത്തില്‍ നിന്ന്‌ അഡ്വാന്‍സ്‌ നല്‍കി ബുക്ക്‌ ചെയ്‌ത നടനെ ഒഴിവാക്കിയതാണല്ലോ പുതിയ വിവാദങ്ങളുടെ മൂലകാരണമെന്ന്‌ വിചാരിക്കരുത്‌. അതൊരു താല്‍ക്കാലിക കാരണം മാത്രമാണ്‌. ഫാന്‍സുകാരെ പോലും ലജ്ജിപ്പിക്കുന്ന ഫാന്‍സ്‌ സംവിധായകരുള്ള രംഗമാണ്‌ മലയാള സിനിമ. നടനെ സോപ്പിട്ട്‌ ചാക്കിട്ട്‌ നിര്‍ത്തി ലക്ഷങ്ങള്‍ കൊയ്യാനും, ഗുണ്ട്‌ പടമെടുക്കാനും വേണ്ടി ഏത്‌ കോക്കസ്‌ കളികള്‍ക്കും തയ്യാറുള്ളവരുടെ വന്‍നിരയാണ്‌ ഇവിടെയുള്ളത്‌ (അങ്ങനെ അല്ലാത്തവരുമുണ്ട്‌ എന്നറിയാം). തിലകന്‍ സംഭവത്തിലുമുണ്ടായത്‌ അതുതന്നെ. ഇത്‌ കാലങ്ങളായുള്ള ചില പതിവുസമ്പ്രദായങ്ങളും കീഴ്‌ വഴക്കങ്ങളുമാണെന്ന്‌ ഫീല്‍ഡിലുള്ളവര്‍ക്ക് എല്ലാമറിയാം. അടുത്തപടം ഇല്ലാതാകാതിരിക്കാന്‍ എന്തു ചെയ്യാം എന്നാണ്‌ പലരും ഒരു പടം പോകുമ്പോള്‍ ആലോചിക്കാറ്‌ എന്നുമാത്രം. നടന്‍ മാള അരവിന്ദനും ക്യാപ്‌റ്റന്‍ രാജുവും ചെയ്‌തത്‌ അതാണ്‌. ജീവിക്കാനുള്ള ഗതികേടാകാം അതിനവരെ പ്രേരിപ്പിച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ കീഴടങ്ങാതിരിക്കാന്‍ തിലകന്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതേസമയം തിലകനും ചില പ്രശ്‌നങ്ങളുണ്ട്‌. അദ്ദേഹം ഒരു വല്ലാത്ത തരം ഭയാശങ്കകളുടെയും അനാവശ്യവും അകാരണവുമായ നിഴല്‍യുദ്ധങ്ങളുടേയും കൂടി ആശാനാണ്‌. ഇപ്പോള്‍ വാര്‍ധക്യം ബാധിച്ചതോടെ അത്തരം ഭയാശങ്കകള്‍ കലശലായിത്തീര്‍ന്നുവെന്ന്‌ മാത്രം. ഇങ്ങിനെ എന്തിനും ഏതിനും കൊമ്പു കോര്‍ക്കുന്നതുകൊണ്ടാണ്‌ തിലകന്‍ ചില കാര്യത്തില്‍ പറയുന്ന സത്യങ്ങള്‍ പോലും അവഗണിക്കപ്പെടുന്നത്‌.

പുലി വരുന്നേ പുലി വരുന്നേ എന്ന്‌ വിളിച്ചുപറഞ്ഞ്‌ നാട്ടുകാരെ കബളിപ്പിച്ച കുട്ടിയെ ഒടുവില്‍ പുലി പിടിക്കുമ്പോള്‍ ആരും രക്ഷയ്‌ക്കെത്താതിരുന്ന കഥ എല്‍പി സ്‌കൂളില്‍ പഠിച്ചതുപോലെയാണ്‌ തിലകന്റെ അവസ്ഥ. സ്വാഭാവികമായും സൂപ്പര്‍താരങ്ങളും ചലച്ചിത്ര സൗരയൂഥത്തിലെ താരാഗണങ്ങളും ഉപഗ്രഹങ്ങളും ഉല്‍ക്കകളും ധൂമകേതുവും പരസ്‌പരം ഏറ്റുമുട്ടുകയോ തലപൊക്കുന്നവനെ തമോഗര്‍ത്തത്തിലേക്ക്‌ തള്ളിവിടുകയോ ചെയ്യുന്നു. അതാണ്‌ മലയാളസിനിമയിലും സംഭവിക്കുന്നത്‌. തിലകന്റെ മറ്റൊരു പരിമിതി ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാനുള്ള കഴിവ്‌ കുറവാണ്‌ എന്നതാണ്‌. തന്നെ ന്യായീകരിക്കുന്നവന്‌ വേണ്ടി അദ്ദേഹം രംഗത്തിറങ്ങും. വിനയനെ പോലുള്ളവരുടെ വാക്കുകളെ തിലകന്‍ മുഖവിലയ്‌ക്കെടുക്കുന്നത്‌ അതുകൊണ്ടാണ്‌. അഴീക്കോടിന്റെ കാര്യം പറയാതിരിക്കുന്നതാണ്‌ നല്ലത്‌. അഴീക്കോടിന്റെ വാക്കും നിലപാടും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതുകൊണ്ട്‌ അദ്ദേഹത്തെ വെറുതെ വിടാം. കഴിഞ്ഞ അറുപത്‌ വര്‍ഷത്തിനുള്ളില്‍ ഇത്രയും നിലപാടില്ലാത്ത, പറഞ്ഞ വാക്കിന്‌ വ്യവസ്ഥയില്ലാത്ത ഒരു വ്യക്തി എങ്ങനെ ഇത്രയും വലിയ സാംസ്‌കാരിക നായകനായി എന്നതാണ്‌ സൂപ്പര്‍താര രാഷ്ട്രീയത്തേക്കാളും ലജ്ജാകരം. തിലകനോട്‌ ജനങ്ങള്‍ക്കുള്ള സ്‌നേഹവും അല്‍പ്പമെങ്കിലുമുള്ള അനുഭാവവും അഴീക്കോട്‌ രംഗത്തിറങ്ങുന്നതോടെ ഇല്ലാതാകും എന്നതാണ്‌ സത്യം. ടി പത്മനാഭന്റെ സ്ഥിതി ഇതിലും കഷ്ടമാണ്‌. വൈരാഗ്യവും വെറുപ്പും മാത്രമാണ്‌ ഈ കഥാകാരന്റെ കൈമുതല്‍. എം കൃഷ്‌ണന്‍നായര്‍ പറഞ്ഞതു പോലെ സര്‍ഗാത്മകത എന്നേ വറ്റിപ്പോയെങ്കിലും കുശുമ്പും ക്രൗര്യവും വറ്റിപ്പോയിട്ടില്ല അദ്ദേഹത്തിന്‌. ചലചിത്രരംഗത്ത്‌ അസാസ്‌കാരികമായ പ്രവണതകള്‍ ഉണ്ടാകുന്നതിന്‌ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്‌.

പണം മുഖ്യ ഉപാധിയായ മേഖലകളിലെല്ലാം സംഭവിക്കുന്ന കൊടുക്കല്‍-വാങ്ങലുകളുടെ അതീജീവനത്തിന്റെ കൂടിക്കൊടുപ്പ്‌ ന്യായങ്ങളാണ്‌ സിനിമയെ പൊതുവില്‍ ഭരിക്കുന്നത്‌. നല്ല സിനിമയെടുക്കുക എന്നതൊന്നുമല്ല നല്ല രീതിയില്‍ പൈസയുണ്ടാക്കുക എന്നതാണ്‌ സിനിമാപ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം എന്ന തരത്തില്‍ അതിന്റെ ഫോക്കസ്‌ മാറുമ്പോള്‍ സ്വാഭാവികമായും ഉല്‍പാദിപ്പിക്കപ്പെടുക ഇത്തരം രീതിശാസ്‌ത്രങ്ങള്‍ തന്നെയാണ്‌. പുതിയ തലമുറയിലെ സംവിധായകരുടേയും ലക്ഷ്യം മറ്റൊന്നല്ല. സൂപ്പര്‍താരങ്ങള്‍ പോക്കറ്റിലാവുക എന്ന ലക്ഷ്യമാണ്‌ ഇവിടെ പ്രധാനം. അതുകൊണ്ട്‌ പലരും പടച്ചുവിടുന്ന നാലാം കിട തറ സിനിമകള്‍ കാണുകയും പോരാത്തതിന്‌ അവരുടെ അങ്ങാടി വാണിഭം കേള്‍ക്കേണ്ടിവരുകയും ചെയ്യുന്ന ഗതികേട്‌ ആര്‍ക്കും തടയാനുമാകില്ല. പൈസ കൊടുത്താല്‍ കല്യാണം പോലുള്ള ചടങ്ങുകള്‍ക്ക്‌ പങ്കെടുക്കുന്ന ഫാഷന്‍ തരംഗം മുംബൈയില്‍ ബോളിവുഡില്‍ മാത്രമല്ല കേരളത്തിലേക്കും വ്യാപിച്ചുതുടങ്ങുന്നു. ക്ഷണിക്കുന്നത്‌ രാഷ്ട്രീയ നേതാവാണെങ്കില്‍ ഒന്നും നോക്കേണ്ട ആ നേതാവിന്റെ പാര്‍ടിയുടെ പേരുപോലും ശരിക്ക്‌ പറയാനാവാത്ത നായികാ-നായകന്‍മാര്‍ അണിഞ്ഞൊരുങ്ങി പടയായി പോകുന്നു. ഇവരെല്ലാം ഇതിന്റെ പകുതി അഭിനയം ക്യാമറയ്‌ക്ക്‌ മുന്നില്‍ കാഴ്‌ച്ചവച്ചിരുന്നെങ്കില്‍ എന്ന്‌ ചിലപ്പോള്‍ നമ്മള്‍ക്കു തന്നെ തോന്നിപ്പോകും. നടന്‍ ജഗതി പറയുന്നത്‌ തിലകന് വിലക്കില്ല എന്നാണ്‌. പ്രഖ്യാപിത വിലക്കുകള്‍ സൃഷ്ടിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല സിനിമാക്കാര്‍ എന്ന്‌ ആദ്യം ഓര്‍ക്കേണ്ടത്‌ ജഗതിയാണ്‌. അദ്ദേഹം അത്തരം സംഭവങ്ങളെ നേരിട്ടയാളാണ്‌. ജഗതി അത്‌ ബോധപൂര്‍വം മറന്നുകളയുന്നു. അപ്രഖ്യാപിത ഊരുവിലക്കുകളുടെ സാമ്രാജ്യമാണ്‌ സിനിമാരംഗം. നാട്ടിന്‍പുറത്തെ മഹല്ല്‌ കമ്മിറ്റിയുടെ വിലക്കുപോലെയാണ്‌ തിലകന്റെ വിലക്ക്‌ എന്ന്‌ കവി കുരീപ്പുഴ പറഞ്ഞതുപോലെ.

ഞാന്‍ കമ്മിറ്റഡാണ്‌ എന്നും തിലകനിലെ നടന്‍ ആത്മഹത്യ ചെയ്‌തിരിക്കുന്നുവെന്നും മാതൃഭൂമി ആഴ്‌ച്ചപതിപ്പില്‍ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നു. ആരോട്‌ കമ്മിറ്റഡാണ്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്‌? അദ്ദേഹത്തിനുള്ളിലെ കലാകാരന്‍ ജീവനോടെയുണ്ടോ. ഞാന്‍ ഒരു ആത്മവഞ്ചകനാണ്‌ എന്ന്‌ വിളിച്ചുപറയാന്‍ സാഹിത്യത്തില്‍ ഒരു ബാലചന്ദ്രന്‍ ചുള്ളിക്കാടുണ്ടായെങ്കില്‍ സിനിമയില്‍ ആരുമുണ്ടാക്കാത്തതെന്താണ്‌? ഉണ്ണികൃഷ്‌ണന്‌ കമ്മിറ്റ്‌മെന്റ്‌ ആരോടാണ്‌ സൂപ്പര്‍താരങ്ങളോടോ..? മാടമ്പി, പ്രമാണി ഇത്യാദി..ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ പഴകി തികട്ടിയ എച്ചില്‍ രൂപങ്ങളെ തിരിച്ചും മറച്ചുമിട്ട്‌ തിരക്കഥയുണ്ടാക്കുന്നതാണോ കമ്മിറ്റ്‌മെന്റ്‌. നേരാവണ്ണം നല്ല ഹൃസ്വചിത്രം ചെയ്യാനുള്ള അപൂര്‍വ അവസരം (സാമ്പത്തികലാഭം നോക്കാതെ) രഞ്‌ജിത്തിന്റെ കേരള കഫേയില്‍ കിട്ടിയിട്ടുപോലും നല്ല പടമെടുക്കാന്‍ കഴിയാതിരുന്നയാളാണ്‌ ഉണ്ണികൃഷ്‌ണന്‍. പ്രസ്‌താവനയുദ്ധക്കാരില്‍ പലരുടേയും സ്ഥിതി അതുതന്നെ. ലാലിനും മമ്മൂട്ടിയ്‌ക്കും വേണ്ടി ഫോണിലൂടെ തെറിവിളി നടത്തുന്ന ഫാന്‍സുകാരെ കേരളത്തില്‍ നിന്ന്‌ നാടുകടത്തിയില്ലെങ്കില്‍ സിനിമയെന്നല്ല സമൂഹം തന്നെ രക്ഷപ്പെടില്ല. പല ചിത്രങ്ങളും തിയ്യറ്ററില്‍ പോയി കാണാന്‍ പറ്റാത്ത അവസ്ഥയാണ്‌ ഫാന്‍സുകാരുടെ തോന്നിവാസങ്ങള്‍ കാരണം. എന്നിട്ട്‌ ആരോപണം വന്നാല്‍ ഞങ്ങളല്ല, എന്ന പാര്‍ടി ഭാഷ എഴുതിയിട്ട്‌ ഫാന്‍സ്‌ നേതാക്കള്‍ രക്ഷപ്പെടും. രഞ്‌ജിത്തിന്റെ സിനിമാപരീക്ഷണത്തെ അദ്ദേഹമടക്കമുള്ളവര്‍ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്‌ഠന്‍മാര്‍ തന്നെയാണ്‌ കൂകിവിളിച്ചതെന്ന്‌ മാധ്യമം ആഴ്‌ച്ചപതിപ്പ് എഴുതിയതുപോലെ. ചുറ്റും പരിവാരങ്ങളും കൂറ്റന്‍ കാറുകളും പലതരം കണ്ണടകളുമായി വരുന്ന സൂപ്പര്‍താരങ്ങളുടെ ഇത്രയും സാമൂഹികാശ്ലീലം നിറഞ്ഞ രൂപം ലജ്ജിപ്പിക്കുന്നതാണ്‌. താരം സെറ്റില്‍ വന്നാല്‍ കസേരയില്‍ നിന്ന്‌ എഴുന്നേറ്റ്‌ നില്‍ക്കണം. പിന്നെ ഛായാഗ്രാഹകനെ ക്യാമറ വയ്‌ക്കാന്‍ പഠിപ്പിക്കുന്നു, നൃത്തസംവിധായകനെ തിരുത്തുന്നു. ഇത്യാദി സാഹസങ്ങള്‍ വേറെ. ലൈറ്റ്‌ ബോയ്‌ നല്ല ഷര്‍ട്ടിട്ടുവന്നാല്‍ അതിന്‌ ദേഷ്യപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ വരെയുണ്ട്‌ മലയാളത്തില്‍. കോഴിക്കോട്‌ ഉദ്‌ഘാടനത്തിന്‌ വന്ന നടനെ ആരാധനയോടെ ഒന്നുതൊടാന്‍ ശ്രമിച്ചതിന്‌ അവനെ തല്ലാനോങ്ങിയ ദൃശ്യം യൂട്യൂബില്‍ നമ്മളെല്ലാം കണ്ടതാണ്‌. ഒരു ഗള്‍ഫ്‌ ഷോയില്‍ അപഹാസ്യമായി ആടിപ്പാടുന്ന മറ്റൊരു താരം ഒരാളെ വേദിയില്‍ നിന്ന്‌ തള്ളിയിടുന്നതും അടുത്തിടെ കണ്ടു. എന്നിട്ട്‌ സാംസ്‌കാരികബിംബമായി അവരെ അവതരിപ്പിച്ച്‌ പത്മശ്രീയും ഡിലിറ്റും മേജര്‍പദവിയും വലിച്ചുവാരി പൗഡറിട്ട്‌ വിഗ്ഗുംവച്ച്‌ നടക്കുന്നു. സത്യത്തില്‍ ഉദയനാണ്‌ താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സൂപ്പര്‍താരത്തിന്റെ മാനറിസത്തില്‍ കുറഞ്ഞതൊന്നും സിനിമാരംഗത്തില്ല.

എത്രയൊന്നും കോടികള്‍ വാങ്ങിയിട്ടും പോരാതെ പരസ്യത്തിലൂടെ നുണ പറഞ്ഞുകൊണ്ടിരിക്കാന്‍ ഇവര്‍ക്ക്‌ യാതൊരു മടിയുമില്ല. തമിഴ്‌ ജനതയെ അപഹസിക്കാന്‍ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള മലയാളി സമൂഹം രജനീകാന്ത്‌ അടക്കമുള്ള നടന്‍മാരില്‍ നിന്ന്‌ മാതൃകയാക്കേണ്ട, പഠിക്കേണ്ട ചിലതുണ്ട്‌. അത്‌ സാമൂഹികമര്യാദയും വിനയവും മാത്രമല്ല വിഗ്ഗില്ലാതെ മെയ്‌ക്കപ്പില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനും അങ്ങേയറ്റം മെയ്‌ക്കപ്പോടെ സിനിമയിലെ കഥാപാത്രമായി മാറാനുള്ള ആര്‍ജ്ജവമാണ്‌. കമല്‍ഹാസന്‍ അടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്ന ഭാഷയും സാംസ്‌കാരിക ഔന്നത്യവും അവര്‍ക്ക്‌ ശേഷമുള്ളവരായാലും പുതുമുഖങ്ങള്‍ പോലും പൊതുവേദിയില്‍ കാണിക്കുന്ന വിനയം ഒന്നു കാണേണ്ടതു തന്നെയാണ്‌... ഈ വാര്‍ധക്യപുരാണം ആരെയും നന്നാക്കില്ലെന്നുറപ്പാണ്‌. നല്ല സിനിമ കണി കാണാന്‍ പോലുമാകാത്ത തരത്തിലേക്ക്‌ പോയിക്കൊണ്ടിരിക്കുന്ന മലയാളസിനിമയില്‍ ശിങ്കിടികളുടേയും സ്‌തുതിപാഠകരുടേയും ഈ ശീതസമരം ഇനിയും തുടരും കാരണം, ഇവരെല്ലാം കമ്മിറ്റഡാണ്‌... അവരുടെ ഏമാന്‍മാരോട്‌...

ലേഖകന്‍ മാധ്യമപ്രവര്‍ത്തകനാണ്

Feb 19, 2010

മല്ലികാ സാരാഭായിക്ക് പറയാനുള്ളത്

ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള അമിതാഭ് ബച്ചന്റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച മല്ലികാ സാരാഭായി ഒരു കലാകാരിയുടെ/കാരന്റെ രാഷ്ട്രീയം എന്താവണം എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണെന്ന് സുനീഷ്
ഇന്ത്യന്‍ നൃത്ത വേദിയിലെ നാലു പതിറ്റാണ്ടിന്റെ പ്രകാശ ശോഭയാണ് മല്ലികാ സാരാഭായി‍. ഭരതനാട്യത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും കുച്ചിപ്പുടിയിലും സമാനതകളില്ലാത്ത നര്‍ത്തകിയായുയര്‍ന്ന അഹമ്മദാബാദുകാരിയായ മല്ലിക ഒരു കലാകാരിയുടെ/കാരന്റെ രാഷ്ട്രീയമെന്തായിരിക്കണം എന്ന ചോദ്യത്തിനുള്ള ജീവിക്കുന്ന മറുപടി കൂടിയാണിന്ന്. തന്നെ രാഷ്ട്രീയത്തിലെത്തിച്ചത് സ്വന്തം നാട്ടില്‍ അരങ്ങേറിയ വംശഹത്യയാണെന്ന് തുറന്നു പറയാനുള്ള ധീരത കാണിച്ച മല്ലികയുടെ ജീവിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംഭവ ബഹുലമായിരുന്നു. ഈ വര്‍ഷമാദ്യം രാഷ്ട്റം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിച്ചു. ഈ ബഹുമതി പ്രഖ്യാപിക്കപ്പെട്ട് ആഴ്ചകള്‍ക്കകമാണ് 'ഇന്ത്യ അന്ന്, ഇന്ന്, എന്നും' എന്ന നൃത്ത ശില്പവുമായി മല്ലിക കോഴിക്കോട്ടെത്തിയത്. നിറഞ്ഞ വേദിയില്‍ കടല്‍ക്കാറ്റേറ്റ് മല്ലിക നൃത്തം ചെയ്തു. അത് കോഴിക്കോട്ടെ ആരാധകര്‍ക്കും കലാസ്നേഹികള്‍ക്കും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന മറ്റൊരു നൃത്ത സന്ധ്യയായി. വൈജാത്യങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് നമ്മുടെ കലകള്‍ നഷ്ടപ്പെട്ട് പോകാത്തതെന്ന് മല്ലിക പറയുന്നു. അവരാകട്ടെ അതിന്റെ ശക്തമായ സംരക്ഷകയുമാണ്.

ചെറുപ്പത്തില്‍ തന്നെ അമ്മയുടെ കീഴില്‍ നൃത്തച്ചുവടുകള്‍ പഠിച്ചു തുടങ്ങിയ മല്ലിക പതിനഞ്ചാം വയസില്‍ വിഖ്യാത നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക്കിന്റെ 'ദ മഹാഭാരത'യില്‍ ദ്രൗപതിയുടെ വേഷമണിഞ്ഞ് അരങ്ങിലുമെത്തിയിരുന്നു. ദ്രൗപതിയെ ചടുലമാക്കിയ മല്ലികയുടെ പ്രതിഭയെ അന്നേ കണ്ടറിഞ്ഞവര്‍ ഏറെ. തുടര്‍ന്ന് അഞ്ചു വര്‍ഷമാണ് ആ വേഷവുമായി അവര്‍ ലോകം ചുറ്റിയത്. ഹിന്ദി, ഇംഗ്ലിഷ്, ഗുജറാത്തി, മലയാളം തുടങ്ങിയ ഭാഷകളിലായി മുപ്പതോളം സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തി ചിത്രങ്ങളിലെ അഭിനയത്തിന് ഒന്നിലധികം തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിലും അത്ഭുതമില്ല. 2002ല്‍ ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത 'ഡാനി' എന്ന ചിത്രത്തിലൂടെയാണ് മല്ലിക മലയാളത്തിലെത്തുന്നത്. വലിയ ചരിത്രങ്ങളുമായി കൂട്ടിക്കലര്‍ത്തി സാധാരണക്കാരനായ ഡാനിയല്‍ തോംസന്റെ കഥ പറയുന്ന ചിത്രത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്.

2002ല്‍ അരങ്ങേറിയ ഗുജറാത്ത് വംശഹത്യ മനുഷ്യസ്നേഹികളായ പലരേയും പോലെ മല്ലികയേയും നടുക്കി കളഞ്ഞു. രണ്ടായിരത്തിലധികം മനുഷ്യരെ ഹിന്ദു വര്‍ഗീയവാദികള്‍ കൊന്നു തള്ളുമ്പോള്‍ ന്യൂട്ടന്റെ ചലന നിയമം ഉദ്ധരിച്ച് വംശഹത്യയെ ന്യായീകരിച്ച നരേന്ദ്ര മോഡിക്കും, ബിജെപിക്കുമെതിരെ ശബ്ദമുയര്‍ത്തുക എന്നത് മല്ലികയെ സംബന്ധിച്ച് സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. അതിന്റെ പേരില്‍ ഒത്തിരി പഴി കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട് അവര്‍ക്ക്. എന്നാല്‍ വര്‍ഗീയ വാദികളുമായി സമവായം മല്ലികക്യ്ക്ക് അംഗീകരിക്കാന്‍ പറ്റാവുന്നതിലും അപ്പുറമായിരുന്നു. അതു കൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അദ്വാനിക്കെതിരെ ഗാന്ധിഗറില്‍ നിന്ന് മത്സരിക്കാന്‍ അവര്‍ തയ്യാറായതും.

ആ രാഷ്ട്റീയ നിലപാടിന്റെ ദൃഢതയും, വര്‍ഗീയ കൊലപാതകികളോടുള്ള വെറുപ്പും, സമവായക്കാരോടുള്ള എതിര്‍പ്പും കോഴിക്കോട് ഒത്തുകൂടിയ മലയാളികള്‍ക്ക് നേരിട്ടു കാണാനായി എന്നതായിരുന്നു അവരുടെ സന്ദര്‍ശനത്തിന്റെ വലിയൊരു പ്രത്യേകത. ഒരു പക്ഷേ, നമ്മില്‍ പലരും ചെറിയൊരു നടുക്കത്തോടെ വായിച്ച വാര്‍ത്തയായിരിക്കും അമിതാഭ് ബച്ചന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നുവെന്നത്. അവസരവാദത്തിന്റെ പടവുകള്‍ ബച്ചന് അന്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഇതല്പം കടന്ന കൈയായി പോയില്ലെ എന്നു ചിന്തിച്ചവര്‍ ഏറെ. കോണ്‍ഗ്രസിനും, കോര്‍പറേറ്റുകള്‍ക്കും, സമാജ് വാദി പാര്‍ടിക്കുമൊക്കെ ഒപ്പം മാറിമാറി നിന്നിട്ടുള്ള ബച്ചന്‍ ഒടുവില്‍ സംഘപരിവാര്‍ ലബോറട്ടറിയുടെ അംബാസഡറാവുമ്പോള്‍, ജനാധിപത്യവാദികളും മനുഷ്യസ്നേഹികളും പ്രതികരിക്കേണ്ടതെങ്ങിനെ? ആ ആശങ്കയാണ് മല്ലിക മലയാളികളുമായി പങ്കു വച്ചത്.
ബച്ചന്റെ സ്വാര്‍ത്ഥതയാണ് അദ്ദേഹത്തെ മോഡി പാളയത്തിലെത്തിച്ചതെന്ന് പറയാന്‍ മല്ലിക ധൈര്യം കാട്ടി. കേരളത്തിലായതു കൊണ്ടും, കോഴിക്കോട്ടായതു കൊണ്ടും, ഈ ധൈര്യം പുറംലോകം കാര്യമായി അറിഞ്ഞില്ല. ബച്ചന്‍ ചിത്രങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കാനും അടുത്തു തന്നെ ആരംഭിക്കാനിരിക്കുന്ന ഫിലിം സിറ്റിക്ക് ഗുജറാത്തില്‍ സൗജന്യമായി ഭൂമി നേടിയെടുക്കാനും, ഭാര്യ ജയാ ബച്ചന് വീണ്ടും രാജ്യ സഭയില്‍ സീറ്റുറപ്പിക്കാനും ലക്ഷ്യമിട്ടാണ് ബച്ചന്റെ പരിപാടിയെന്ന് അവര്‍ പറയുന്നു. "മോഡി സര്‍ക്കാരിന്റെ അംബാസഡറാകാന്‍ ഒരു ഗുജറാത്തിയും ഇഷ്ടപ്പെടുന്നില്ല. ഗുജറാത്ത് എന്റെ കര്‍മഭൂമിയാണ്. അവിടം വിട്ട് പോകാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇരുപതിയഞ്ചു വര്‍ഷം ഗുജറാത്തില്‍ നിന്ന് എംപിയായിരുന്നയാളാണ് അദ്വാനി. അദ്ദേഹത്തിന് ഗുജറാത്തിനെ പറ്റി ഒന്നുമറിയില്ല."

പാവപ്പെട്ടവര്‍ക്കു വേണ്ടിയും, ഫാഷിസത്തിനെതിരെയുമാണ് താന്‍ പോരാടുന്നതെന്നു പറഞ്ഞ മല്ലിക
"ഏറെ പുരോഗതി പ്രാപിച്ച" കേരളത്തിലും സാമൂഹ്യപ്രശ്നങ്ങള്‍ നിരവധിയാണെന്ന് പറയുന്നു. "സ്ത്രീധന പ്രശ്നം കാരണം പെണ്‍കുട്ടികള്‍ പ്രയാസപ്പെടുകയാണ്. അതാണ് ഹരിയാണക്കാര്‍ ഇവിടെ നിന്ന് സ്ത്രീകളെ കല്യാണം കഴിച്ചു കൊണ്ടു പോകുന്നത്."

നൃത്തവും രാഷ്ട്രീയവും അവര്‍ക്ക് രണ്ടല്ല. തുറന്ന വേദിയില്‍ കടല്‍ കാറ്റേറ്റ് നൃത്തം ചെയ്യുക സന്തോഷമുള്ള കാര്യമാണെന്നാണ് മല്ലിക പറയുന്നത്. ഭരതനാട്യമാണ് തന്റെ പ്രിയപ്പെട്ട ഇനം എന്നവര്‍ പറഞ്ഞു. കലയ്ക്ക് തടസങ്ങളില്ലാതെ ഗ്രാമത്തിലെ മനുഷ്യരുടെ ഇടയിലേക്ക് കടന്നു ചെല്ലാം. കലയുടെ ശക്തി തിരിച്ചറിയണമെന്നേ ഇവര്‍ക്ക് പറയാനുള്ളൂ. നൂറ്റാണ്ടുകളിലൂടെ ഇന്ത്യ പിന്നിട്ട പാരമ്പര്യം പഴമ ചേര്‍ത്ത് മല്ലിക സാരാഭായി അരങ്ങിലെത്തിച്ചു. അതില്‍ ആദിവാസി നൃത്തവും തമിഴ് നാടിന്റെ ഭരതനാട്യവും, ആന്ധ്രയുടെ കുച്ചിപ്പുടിയും ഉണ്ടായിരുന്നു. ഗുജറാത്തിലെ നവരാത്രി നൃത്തങ്ങളും രാജസ്ഥാനിലെ നിറങ്ങളുടെ സമ്മേളനമായ സംഘനൃത്തവും ഇഴ ചേര്‍ന്നു. പുരാണ കഥയിലെ കൃഷ്ണനും രാധയുമായി ഗീതങ്ങള്‍ പാടി. സത്യമന്വേഷിക്കുന്ന കാലവും, ആയോധന കലകളുടെ നൃത്ത സങ്കലനങ്ങളും വേദിയിലെത്തി. കലയുടെ മാസ്മരികതയില്‍ മുങ്ങി നിവര്‍ന്ന് കാണികളുടെ ഹൃദയം ആനന്ദത്താല്‍ നിറഞ്ഞു തുളുമ്പി.

എതിര്‍ക്കാം. പക്ഷേ, ഒന്നും വ്യക്തിപരമാകരുതെന്ന് ഉറച്ച് വിശ്വസിക്കുന്ന, അനീതി എന്നു തോന്നിയാല്‍ പ്രതികരിക്കുന്ന, നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന മല്ലിക സാരാഭായി ജീവിക്കുന്നത് ഗുജറാത്തിലാണല്ലോ എന്ന ഭീതി പക്ഷേ അവശേഷിക്കുന്നു.

സുനീഷിന്റെ മറ്റു ലേഖനങ്ങള്‍

ഇവിടം സ്വര്‍ഗമാണോ?
ജീവിതം എന്ന കുറ്റവും ശിക്ഷയും

Feb 14, 2010

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!

തിരക്കഥയുടെ കെട്ടുറപ്പോ, ഫാന്‍സുകാരെ സന്തോഷിപ്പിക്കാനുള്ള ജാഡകളോ സംവിധായകന്റെ തലയെടുപ്പോ ആ സിനിമകള്‍ക്ക്  പറയാനില്ലായിരുന്നു. എന്നിട്ടും തലമുറകള്‍ അവയിലേക്ക് ഇരമ്പിപ്പെയ്തിറങ്ങി. ഉടലുവിറക്കുന്ന ഉന്മാദത്തിന്റെ നിഴലും വെളിച്ചവും നിറഞ്ഞ ആ ടാക്കീസുകള്‍. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം എന്ന മാദകമന്ത്രത്തിന്റെ സിരവിറപ്പിക്കുന്ന വശ്യത നെഞ്ചിലേറ്റിയ ആ ബോര്‍ഡുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുകയാണിവിടെ. സ്‌ക്രീനുകള്‍ക്ക്‌ മാദകമാര്‍ന്ന തീ പിടിച്ച ആ ടാക്കീസ്‌ കാലത്തെക്കുറിച്ച്‌ വിഎസ് സനോജ് 


ഓര്‍ക്കുന്നുണ്ടോ നമ്മുടെ (എ) (A) ടാക്കീസുകളെ? ലൈംഗികത ഇണചേര്‍ന്ന ആ ദൃശ്യഭാഷ മലയാളിയെ എത്രമാത്രം സ്വാധീനിച്ചിരുന്നു. അത്‌ തീര്‍ച്ചയായും നാട്ടിലെ തിയ്യറ്ററുകളുമായും, ജനപ്രിയ സിനിമകളുമായും എല്ലാം ബന്ധപ്പെട്ടുകിടക്കുന്നു. സിനിമ എന്നത്‌ എത്ര ജനകീയമായാണ്‌ മലയാളിയെ സ്വാധീനിച്ചതെന്നതിന്‌ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലുകളല്ല സാക്ഷി; മറിച്ച് ഇവിടെ നിലനിന്നിരുന്ന, നാമാവശേഷ മായിക്കൊണ്ടിരിക്കുന്ന ടാക്കീസുകളാണ്‌. തിയ്യറ്ററുകള്‍ അടച്ചുപൂട്ടുകയും, പുതിയ ദൃശ്യസംസ്‌കാരം രൂപപ്പെടുകയും, നമ്മളെല്ലാം തിരശ്ശീലയില്‍ നിന്ന്‌ ഡിവിഡിയിലേക്ക്‌ കൂടുമാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തും കുറെ ടാക്കീസുകള്‍ സൃഷ്ടിച്ച ദൃശ്യസന്നിവേശത്തിന്റെ ആവേശത്തെ മറക്കാന്‍ കഴിയുമോ?

ഗിരിജയുടെ നിറഞ്ഞ യൗവ്വനം
തൃശൂരിലെ യുവത്വത്തെ പല കാലം നെഞ്ചിടിപ്പിച്ച ഗിരിജ തിയ്യറ്റിന്റെ രൂപാന്തരമാണ് ഈ ടാക്കീസുകളെക്കുറിച്ചോര്‍ക്കാന്‍ കാരണം. നഗരപ്രാന്തങ്ങളേയും ഗ്രാമങ്ങളേയും അവ ഒരുകാലത്ത്‌ വ്യാപകമായി വശീകരിച്ചിരുന്ന 'എ' പടങ്ങള്‍ കളിച്ചിരുന്ന ടാക്കീസുകള്‍ ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതായി. സമൂഹത്തിന്റെ  ചടുലപരിണാമങ്ങളില്‍, സാങ്കേതികവിദ്യ തുറന്നുവിട്ട സാധ്യതകളുടെ കുലംകുത്തലില്‍ അവ അപ്രസക്തമായി. അരനൂറ്റാണ്ട്‌ മുന്‍പ്‌ സ്ഥാപിക്കപ്പെട്ട്‌, കാല്‍നൂറ്റാണ്ട്‌ കാലം എ പടങ്ങള്‍ മാത്രം കളിച്ച തൃശൂര്‍ ഗിരിജയുടെ മാറ്റത്തെക്കുറിച്ച് ഒരു തൃശൂരുകാരന്‍ സുഹൃത്ത് പറയുന്നു: "സദാചാരത്തിന്റെ പേരുദോഷ പട്ടികയില്‍ നിന്ന്‌ ഗിരിജക്ക് കാലത്തിന്റെ മാമോദീസ".

സിഡി, ഡിവിഡികളൊന്നുമില്ലാത്ത ഒരു വലിയ കാലയളവ്‌ പിന്നിട്ടുപോന്ന മലയാളിക്ക്‌ സിനിമയുണ്ടാക്കിയ അത്ഭുതം വിചിത്രമായ ഒന്നുതന്നെയാണ്‌. തിയ്യറ്ററിനെ കുറിച്ച്‌ പങ്കുവെക്കുന്ന ഓര്‍മ്മകളില്‍ പോലും മലയാളി ഒരു സദാചാരം കാത്തുസൂക്ഷിക്കുന്ന പോലെ. പലരും ജീവിതനൗകയും ചെമ്മീനും അങ്ങാടിയും കണ്ട ടാക്കീസിനെക്കുറിച്ച്‌ മാത്രമേ പറയൂ. അതിനേക്കാളേറെ തവണ അവര്‍ നെഞ്ചിടിപ്പോടെ പോയിവന്ന ഗിരിജയും ഗീതയും പുഷ്‌പയും ദുര്‍ഗയും ഗംഗയും വിജയയും (എല്ലാം പെണ്‍പേരുകള്‍!)  ഓര്‍മ്മയില്ലാതാകുന്നു. ദൃശ്യങ്ങളുടെ കൗമാരസ്വപ്‌നങ്ങളിലേക്ക്‌ എത്രയോ തലമുറയെ കൈപിടിച്ചുയര്‍ത്തിയ (എ) ടാക്കീസുകള്‍ക്ക് നമ്മുടെ ഓര്‍ത്തെടുക്കലുകളില്‍ സീറ്റുകിട്ടുന്നില്ല.

അതൊരു സങ്കടത്തിന്റെ റീല്‍. അതിനു ഒരുപാടു അനുബന്ധങ്ങളുണ്ട്: ഫിലിം പ്രൊജക്ടറുടെ ജീവിതം മുതല്‍ ഒരുപാട് കഥകള്‍. സിനിമയെക്കുറിച്ച്‌ സാങ്കേതികമായി ഒന്നും അറിയാത്ത കാലത്ത്‌, ലോകോത്തര സിനിമാപ്രവര്‍ത്തകരേയും ചിത്രങ്ങളേയും അറിയാത്ത കാലത്ത്‌, ടാക്കീസില്‍ കാഴചക്കാരന്റെ പുറകിലൂടെ അരിച്ചുവന്നിരുന്ന വെളിച്ചം ശീലയില്‍ സിനിമയാകുന്നത് ഒരു അത്ഭുതമായിരുന്നു. 



അതിനൊപ്പം, ആ വെള്ളിവെളിച്ചത്തിന്റെ നിയന്താവിനോട് കൗതുകം കലര്‍ന്ന ആരാധാനയും. നാട്ടിന്‍പുറത്തെ ഒരു ഫിലിം ഓപ്പറേറ്റര്‍ ബിംബം മനസ്സിലേക്ക്‌ വരുമ്പോള്‍ സ്വാഭാവികമായും അയാള്‍ക്കു  കുതിരവട്ടം പപ്പുവിന്റെ മുഖച്ഛായ വരുന്നു. അതല്ലെങ്കില്‍ മാമുക്കോയയുടെ. തലയില്‍ ചിലപ്പോള്‍ ടവല്‍ കൊണ്ട്‌ ഒരു കെട്ട്. അല്ലെങ്കില്‍ മുണ്ടിന്റെ ഒരു തല അരയിലേക്ക്‌ എടുത്തുകുത്തിയിരിക്കും. ഷര്‍ട്ടഴിച്ച്‌ ഏതെങ്കിലും ഒരു മെഷീനടുത്ത്‌ തൂക്കിയിരിക്കും. സിനിമയുടെ എല്ലാമെല്ലാമായ അത്ഭുതമായിരുന്നു അയാള്‍. താനാണ്‌ ഇതിന്റെയെല്ലാം സൃഷ്ടാവ്‌ എന്ന ഭാവം അയാളുടെ മുഖത്തും ഇടയ്‌ക്കിടെ മിന്നിമറഞ്ഞിരുന്നു. ഡിജിറ്റല്‍ സിനിമയുടെ ഈ കാലത്ത്‌ അത്തരമൊരു രൂപത്തെക്കുറിച്ചുള്ള ചിന്ത അപ്രസക്തമായിരിക്കുന്നു.

അതിനു കാരണമുണ്ട്. ഗ്രാമങ്ങളില്‍ സിനിമക്കുള്ള പദവി ഒന്നുവേറെ തന്നെയായിരുന്നു. കല്ല്യാണം കഴിഞ്ഞ് രണ്ട്‌ ആഴ്‌ച്ചക്കുള്ളില്‍ പെണ്ണിനെ സിനിമക്കു കൊണ്ടുപോകാത്ത പുമാനെ നാട്ടുകാര്‍  കൊള്ളാത്തവനായി കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന കാലം. കൂലിപ്പണിക്ക്‌ പോയിവന്ന്‌ ഗൃഹനാഥനും കുടുംബവും സിനിമക്ക്‌ പോകും. ചെറ്റപ്പുരയുടെ വാതില്‍, ഉള്ളിലേക്ക്‌ ചേര്‍ത്തടച്ച്‌, നാലുകട്ട ടോര്‍ച്ചുമെടുത്ത്‌ സിനിമക്ക്‌ പോകുമ്പോള്‍ വീട്ടിലുള്ള എവിടെ നിന്നോ വന്നുചേര്‍ന്ന ആ നായയെ കൂടി കൊണ്ടുപോകും. ഓല ടാക്കീസിലെ പൂഴിമണലില്‍ നായയും കിടന്ന്‌ സിനിമ കാണും. സ്റ്റണ്ട്‌ വരുമ്പോള്‍ വിരണ്ട ശ്വാനന്റെ ഉച്ചസ്ഥായിയിലുള്ള സദിര്!

നാടന്‍ കൊട്ടകകളുമായി ചേര്‍ന്ന്‌ എത്രയോ അനുഭവങ്ങള്‍. ആ വാക്കുപോലും പലര്‍ക്കും അപരിചിതമായിരിക്കുന്നു. പണ്ട്‌ സിനിമ കാണാന്‍ പോയി കറന്റ്‌ പോയാല്‍ ചിലയിടത്ത്‌ പിന്നെ ഷോ ഉണ്ടാകില്ല. പിറ്റേന്ന്‌ ടിക്കറ്റിന്റെ പകുതി കൊണ്ടുവന്നാല്‍ വീണ്ടും കാണാം. ചിലയിടത്ത്‌ പെട്രോമാക്‌സുമായി ഒരാള്‍ വന്ന്‌ ബാക്കി കഥ പറഞ്ഞുകൊടുത്തിരുന്നു. ബീഡിക്കുറ്റി നിറഞ്ഞ, പൂഴി നിറച്ചിട്ട തറയാണ്‌ ടാക്കീസിന്റെ പ്രധാന മേഖല. മരബഞ്ചില്‍ ഇരിക്കുന്നവര്‍ക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ വിഭാഗത്തില്‍ പെടും. സീറ്റിലിരിക്കുന്നവന്‍ ഇരിപ്പില്‍ ഉന്നതകുലജാതന്‍. കടലയും ബീഡിയും വൃത്തിയാക്കാത്ത മൂത്രപ്പുരയും ഈ കാഴ്‌ച്ചകളെ പൂര്‍ണ്ണമാക്കുന്നു. രണ്ട്‌ പേര്‍ക്ക്‌ മാത്രമേ നാട്ടിന്‍പുറ ജീവിതത്തില്‍ അക്കാലത്ത്‌ കളക്ടര്‍ പദവിയുണ്ടായിരുന്നുള്ളൂ. ഒന്ന്‌ ഓപ്പറേറ്റര്‍ മറ്റൊന്ന്‌ അനൗണ്‍സര്‍. എന്തായിരുന്നു അവരുടെ വീമ്പ്‌. നാട്ടിലെ ഒരു അനൗണ്‍സറുടെ വാക്കുകള്‍ക്ക്‌ കേട്ടാണ്‌ വെള്ളിയാഴ്‌ച്ചകള്‍ പിറന്നുവീണത്‌. ഘനഗാംഭീര്യമുള്ള അയാളുടെ വാക്കുകള്‍ക്ക്‌, ശബ്ദത്തിനോട്‌ ആരാധനയും കൗതുകവും കൂട്ടുപോയി. അനൗണ്‍സ്‌മെന്റ്‌ വാഹനത്തിന്‌ പുറകേ ഓടി നോട്ടീസ്‌ പെറുക്കിയെടുത്തിരുന്ന കുട്ടികളില്‍ ഒരാള്‍ ഞാനായിരുന്നു. നാട്ടിന്‍പുറത്ത്‌ ആ അനൗണ്‍സറെ, അല്ലെങ്കില്‍ ഓപ്പറേറ്ററെ പരിചയമുള്ളവനാകുക എന്നതായിരുന്നു ഏറ്റവും ദുഷ്‌കരമായ ദൗത്യം. സിനിമാ തീയ്യറ്ററിലെത്തുമ്പോള്‍ നാട്ടുകാരുടെ, പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച്‌ അയാള്‍ എന്നോട്ട്‌ മാത്രമായി എന്തെങ്കിലും ലോഹ്യം പറഞ്ഞാല്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു. നാട്ടിലെ കൊട്ടകള്‍ക്ക്‌ വര്‍ഷത്തില്‍ രണ്ടുതവണ മാത്രമേ അവധിയുള്ളൂ. ഒന്ന്‌ ഓണത്തിനുള്ള കരി ഓയില്‍ പൂശലിന്‌. മറ്റൊന്ന്‌ മഴക്കാലത്തിന്‌ മുമ്പുള്ള ഓലമേച്ചിലിന്‌.

ഇല്ലാതായ എല്ലാരുടേയും ഇടങ്ങള്‍
ടിവിയും കേബിളും പ്രചാരത്തിലില്ലാത്ത ആ കാലം. അന്ന്‌ സിനിമയുടെ ഏക ആശ്രയവും ഇത്തരം ടാക്കീസുകളായിരുന്നു. ഇന്ന്‌ ടാക്കീസുകള്‍ മിക്കതും കല്ല്യാണമണ്ഡപങ്ങളോ, ആധുനിക തിയ്യറ്റര്‍ സമുച്ചയങ്ങളോ ആയി മനം മാറ്റത്തിനും വിധേയമായി. മലയാളിയുടെ ജീവിതത്തില്‍ ഒരു കാലത്ത്‌ നാടകവും പിന്നീട്‌ സിനിമയും ചെലുത്തിയ സ്വാധീനത്തിന്റെ സ്ഥിതിവിവര കണക്കുകളില്‍ ഇത്തരം ടാക്കീസുകളിലെ അനുഭവങ്ങളും ഉണ്ടാകുമെന്നുറപ്പാണ്‌. ചിത്രം സെക്‌സ്‌ ആയാലും അല്ലെങ്കിലും അവിടെ സൃഷ്ടിക്കപ്പെട്ടിരുന്ന പൊതു ഇടമാണ്‌ ഇവയുടെ അഭാവത്തോടെ ഇല്ലാതായത്‌ എന്നും പറയാം. തിയ്യറ്ററിലേക്ക്‌ കത്തിയെറിഞ്ഞ്‌ നായകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കാലത്തില്‍ നിന്ന്‌ യാഥാര്‍ത്ഥ്യബോധത്തോടെ സമൂഹം രക്ഷപ്പെട്ടെങ്കിലും അവിടെയെല്ലാം പ്രസക്തമാക്കപ്പെട്ട ഒരു കാര്യം സിനിമ എന്ന ശക്തമായ ദൃശ്യാനുഭത്തിന്റെ കരുത്ത്‌ തന്നെ. അതുകൊണ്ടാണ്‌ മൂട്ടയുടെ കടിയും പൊളിഞ്ഞ സീറ്റും അക്കാലത്ത്‌ പലര്‍ക്കും ഒരു പ്രശ്‌നമല്ലാതിരുന്നത്‌. കേവലം ഫിലിം പ്രൊജക്ടര്‍ എന്ന ഒരൊറ്റ സാങ്കേതിക സാധ്യത മാത്രമുണ്ടായിരുന്ന ആ കാലത്ത്‌ എത്രയോ തലമുറകള്‍ അവിടേക്ക്‌ ഈയാംപാറ്റകളെ പോലെയെത്തി ടാക്കീസുകളാല്‍, പ്രത്യേകിച്ചും ഇക്കിളിപ്പടങ്ങള്‍ക്ക്, വശീകരിക്കപ്പെട്ടത്‌.

ചിലര്‍ തലയില്‍ മുണ്ടിട്ടും മുണ്ടിടാതെയും വികലാംഗരെ പോലെ അഭിനയിച്ചും സിനിമക്കെത്തിയത്‌. ചിലര്‍ പടം തുടങ്ങിക്കഴിഞ്ഞ്‌ മാത്രം വന്നു. മറ്റുചിലര്‍ സിനിമ കഴിയുന്നതിന്‌ തൊട്ടുമുമ്പേ തിയ്യറ്റര്‍ വിട്ടു. ക്ഷമയുടെ നെല്ലിപ്പലകകള്‍ക്ക്‌ ടാക്കീസുകള്‍ പലവട്ടം സാക്ഷ്യം വഹിച്ചു. ആരെങ്കിലും ഒന്ന്‌ കാലില്‍ ചവുട്ടിയാല്‍ പോലും അവര്‍ വഴക്കടിച്ചില്ല. മൂട്ടകടിയില്‍ അസഹ്യരായില്ല. ചിലര്‍ ചായയും ബീഡിയും പോലും ഒഴിവാക്കി. പലര്‍ക്കും അതിന്‌ കഴിയില്ലായിരുന്നു. വഴക്കുണ്ടാക്കിയാല്‍ നാട്ടുകാരോ വീടിനടുത്തള്ളവരോ തിരിച്ചറിഞ്ഞാലോ എന്ന ഭയമായിരിക്കാം ഈ ജനാധിപത്യബോധത്തിന്‌ കാരണം. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവരുടെ ജീവിതസാഹചര്യങ്ങളില്‍ മറ്റൊരു സാധ്യതയുമില്ലായിരുന്നു. ഈ സഹിഷ്ണുതയെപ്പറ്റിയുമുണ്ടൊരു കഥ. ഷക്കീല തരംഗം സജീവമായ കാലത്ത്‌ മദ്രാസില്‍ ഒരു ചിത്രമെടുക്കുന്നത്‌ നാല്‌ ചിത്രങ്ങള്‍ക്ക്‌ വേണ്ട വിഷ്വല്‍ എടുത്തിട്ടാണത്രെ. എന്നിട്ട്‌ നാല്‌ കോപ്പി ഉണ്ടാക്കി വില്‍ക്കും. ഒരു ചിത്രത്തില്‍ മിസ് ആര്‍ നായികയാണെങ്കില്‍ മറ്റൊന്നില്‍ പെങ്ങളായിരിക്കും, അടുത്തതില്‍ അയലത്തെ വീട്ടിലെ പെണ്‍കുട്ടി. അങ്ങനെ നഗരത്തില്‍ ഒരു ചിത്രം കളിക്കുന്നു. ചിത്രത്തില്‍ നായികയും നായകനും തമ്മിലുള്ള കിടപ്പറ രംഗം. എരിവു പോര. പെട്ടെന്ന്‌ കൂവലുയര്‍ന്നു. ഉചിതഞ്ജനായ ഫിലിം ഓപ്പറേറ്റര്‍ ആവശ്യമുള്ള ബിറ്റ്‌ ഇട്ടുകൊടുത്തു. നിര്‍ഭാഗ്യത്തിന്‌ ബിറ്റില്‍ അഭിനയിച്ച നടി കണ്ടുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കഥ പ്രകാരം കഥാനായകന്റെ പെങ്ങളായിരുന്നത്രെ. എന്നിട്ടും, പ്രേക്ഷകര്‍ പ്രശ്‌നമുണ്ടാക്കിയില്ല!

ഏത്‌ നിമിഷവും പൊട്ടിമുളക്കാവുന്ന സര്‍ഗാത്മകതയുടെ എത്രയോ ചടുലന്‍ വാഴ്‌വുകള്‍ എ ടാക്കീസുകള്‍ നമുക്കു നല്‍കി. കുറിക്കു കൊള്ളുന്ന കമന്റുകള്‍. നല്ല സിനിമയെന്നത്‌ വിശ്വസാഹിത്യമാണെങ്കില്‍ അശ്ലീല സിനിമക്ക്‌ ചുവരെഴുത്തിന്റെ രാശിയാണ്‌ സമൂഹം സമ്മാനിച്ചത്‌. കുളിമുറിയിലും ഹോസ്‌റ്റല്‍ ചുവരിലും ചില എഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുപോലെ ആവിഷ്‌കാരത്തിന്റെ ഭിന്നപ്രകൃതിയുടെ പ്രതിനിധാനമായാണ്‌ ഇത്തരം സിനിമകള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അധമവാസനകളുടെ എഴുത്തെന്ന്‌ പരമ്പരാഗതമായി ബ്രാന്‍ഡ്‌ ചെയ്യപ്പെടുമ്പോഴും ചുവരെഴുത്തുകള്‍ക്കുള്ള പ്രസക്തിയും ധര്‍മ്മവും തന്നെയാണ്‌ ഇത്തരം ചിത്രങ്ങളില്‍ സമൂഹത്തിന്‌ നല്‍കിയത്‌. ഇത്തരത്തില്‍ പല വൈരുദ്ധ്യങ്ങളും വൈകൃതങ്ങളും ഇത്തരം ദൃശ്യപരിശ്രമങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ഇതെല്ലാം ഒരു തരത്തിലില്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യനെ, പ്രത്യേകിച്ച്‌ പുരുഷനെ, സ്വാധീനിച്ചിരിക്കാം. മലയാളിയുടെ സ്വതസിദ്ധമായ കാപട്യത്തിനും ഇത്തരം സംഭവങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ എന്നതാണ്‌ സത്യം. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം ചിത്രങ്ങളിലൂടെയും സമൂഹം കടന്നുപോയിട്ടുണ്ട്‌.

'വികാരി'യച്ചന്‍ മാറ്റിനി!
പാലക്കാട്ടെ ഇത്തരം ചിത്രങ്ങള്‍ കളിച്ചിരുന്ന ഒരു തിയ്യറ്ററില്‍ ഇടവേളക്ക്‌ പ്രത്യേക സമയക്രമമൊന്നുമുണ്ടായിരുന്നില്ല. അപ്പുറത്ത്‌ താമസിക്കുന്ന ചായക്കാരന്‍ ചേട്ടന്‍ ചായയും കടിയുമായി വരുന്നത്‌ എപ്പോഴാണോ അപ്പോള്‍ ഇടവേള; ഇതായിരുന്നു നിയമം. കൊണ്ടുവരുന്ന ചായയും ബീഡിയും കടലയും പരിപ്പുവടയും നിരത്തിവെച്ച്‌ അയാള്‍ ടാക്കീസിന്റെ വാതില്‍ പുറത്തുനിന്ന്‌ തുറക്കും. ചായ തീര്‍ന്നാല്‍ രണ്ടാം പകുതി. പലരും ചായ താല്‍പര്യമില്ലാതിരുന്നിട്ടും വേഗം കുടിച്ചുതീര്‍ത്തു. ഇയാളൊന്ന്‌ പോയിക്കിട്ടാന്‍. ഷോ തുടങ്ങാന്‍ വേണ്ടി രണ്ടുചായയും രണ്ട്‌ കടിയും കഴിച്ചവരുമുണ്ട്‌. വയനാട്ടിലെ ഒരു എ പടം കളിച്ചിരുന്ന തിയ്യറ്റര്‍ അടുത്തകാലത്ത്‌ രൂപഭാവം വരുത്തിയപ്പോള്‍ ഉണ്ടായത്‌ കല്ല്യാണമണ്ഡപമോ ഷോപ്പിങ്‌ കോംപ്ലക്‌സോ അല്ല മറിച്ച്‌ ഒരു ക്രിസ്‌ത്യന്‍ പള്ളി. പള്ളിയായി മാറിയ തിയ്യറ്ററിനെ നാട്ടുകാര്‍ "ഷക്കീലപ്പള്ളി" എന്നു വിളിക്കുന്നു. വയനാട്ടില്‍ തന്നെ അടുത്തിടെ ഒരു എ ടാക്കീസില്‍ പടം കളിച്ചുകൊണ്ടിരിക്കെ തീപിടുത്തമുണ്ടായപ്പോള്‍ കാണാന്‍ പോയ പലരും പരിക്കേറ്റ്‌ ആസ്‌പത്രിയിലായി. അവര്‍ക്ക്‌ ഒരൊറ്റ അഭ്യര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ; ഡോക്ടറോടല്ല, പത്രക്കാരോട്; അപകടത്തില്‍ പെട്ടവരുടെ പേര്‌ കൊടുക്കരുത്‌.

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലില്‍ നിന്ന്‌ തൊട്ടയല്‍ വക്കത്തുള്ള തേഞ്ഞിപ്പാലം രമ്യയിലേക്ക്‌ 'എ' പടങ്ങള്‍ക്ക്‌ പോയിരുന്നവനാണ്‌ ഇതെഴുന്നയാളും. അത്തരമൊരു ഷോയ്ക്കിടയില്‍ വേണ്ടത്ര എക്‌സ്‌ട്രാ ഇല്ലാത്തതില്‍ പ്രതിഷേധിച്ച്‌ ഒരു പ്രേക്ഷകന്‍ ഷര്‍ട്ടൂരി ഫിലിം പ്രൊജക്ടറിന്റെ വെളിച്ചം വരുന്ന ചതുരത്തില്‍ കെട്ടിത്തൂക്കി! നായിക കുളിക്കുന്ന ദൃശ്യം തുടങ്ങുമ്പോള്‍ മുന്നിലൂടെ പാഞ്ഞുപോകുന്ന ട്രെയിന്‍ ഏതെങ്കിലും ദിവസം വൈകി വരുമെന്ന്‌ പ്രതീക്ഷിച്ച്‌ എല്ലാ ദിവസവും ഷോ കാണാന്‍ പോയ ഒരാളെക്കുറിച്ച്‌ നിരൂപകനായ എം കൃഷ്‌ണന്‍നായര്‍ സാഹിത്യവാരഫലത്തില്‍ എഴുതിയിരുന്നു. മനസ്സിന്റെ ഏതു വികാരങ്ങളെന്ന്‌ പേരിട്ടും വിളിച്ചാലും ശരി, മലയാളിയെ ഈ സിനിമകളും, ടാക്കീസുകളും സ്വാധീനിച്ചിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ടെക്‌നോളജിയുടെ സ്വാധീനം മൂലം മനുഷ്യന്‍ കൂടുതല്‍ വളരുമ്പോഴും അവന്റെ സ്വകാര്യതയും, അതിനനുസരിച്ച്‌ അവന്റെ ദുഷ്‌സ്വാതന്ത്ര്യവും, വളര്‍ന്നു എന്നത്‌ മറ്റൊരു സത്യം.

ടാക്കീസിന്റെ പൊതു ഇടത്തില്‍ നിന്ന്‌ അഥവാ പേരിനെങ്കിലും ഒരുമിച്ചിരുന്നുള്ള കാല്‍പ്പനിക സോഷ്യലിസത്തില്‍ നിന്ന്‌ സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കും പിന്നെ സ്വന്തം ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും അവന്റെ ദൃശ്യതാല്‍പര്യങ്ങള്‍ വളര്‍ന്നു. അത്‌ അവനെ സാമൂഹ്യവിരുദ്ധനായി പരിണമിപ്പിച്ചിക്കുന്നതില്‍ പങ്കുവഹിച്ചിരിക്കാം. സമൂഹത്തിന്റെ പേരുദോഷ പട്ടികയില്‍ നിന്ന്‌ അങ്ങനെ കുറെ പ്രേക്ഷക ഭൂരിപക്ഷങ്ങളും ചില ടാക്കീസുകളും കാലക്രമേണ, ഗിരിജയെപ്പോലെ, ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടു. ചില ടാക്കീസുകള്‍ യൗവ്വനയുക്തരായി ഉപനയനം ചെയ്യപ്പെട്ടു. കുറെയധികം എണ്ണം അടച്ചുപൂട്ടി. ഫിലിം ഓപ്പറേറ്റര്‍മാരുടേതടക്കം കുറെ കുടുംബങ്ങള്‍ വഴിയാധാരമായി. അവരില്‍ പലരുടേയും ജീവിതം പഴയ ഫിലിം റോള്‍ പോലെ ദാരിദ്യത്താല്‍ ചുറ്റപ്പെട്ടുകഴിഞ്ഞിരുന്നു.

ഇടയ്‌ക്കെല്ലാം എ പടങ്ങള്‍ വിരുന്നെത്തിയിരുന്ന ഒരു നാട്ടിന്‍പുറ ടാക്കീസിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകനായ ഒരു സുഹൃത്ത്‌ പറഞ്ഞതിങ്ങനെ ''സത്യത്തില്‍ മനസ്സിലായിരുന്നു ആരാധന. സ്വാഭാവികമായും ഓരോ നടീനടന്‍മാരും സങ്കല്‍പ്പങ്ങള്‍ക്കും ഭാവനകള്‍ക്കുമനുസരിച്ച്‌ വളര്‍ന്നു. ആ ഭാവനകളില്‍ അവര്‍ കുളിച്ച്‌ കുറിതൊട്ട്‌ പൂചൂടി, അണിഞ്ഞൊരുങ്ങി ആ ഇടവഴികളില്‍ അനുരാധയായും ജയഭാരതിയായും ഞങ്ങളെ കാത്തുനിന്നു. ചിലര്‍ ഭാര്യയുടെയോ കാമുകിയുടേയോ അയലത്തെ വീട്ടിലെ പെണ്‍കുട്ടിയുടേയോ ഛായ അവരില്‍ മെനഞ്ഞു. കുറച്ചുകാലം മുമ്പ്‌ വരെ, നാട്ടില്‍ ഉത്സവത്തോടനുബന്ധിച്ച്‌ ചില ടാക്കീസുകളില്‍ 'എ സ്‌പെഷ്യല്‍' ഓടിയിരുന്നു. ഉത്സവവും എ പടവും തമ്മില്‍ എന്താണ്‌ ബന്ധമെന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ലെങ്കിലും അത്തരം സ്‌പെഷ്യല്‍ ഷോകള്‍ ഏതെങ്കിലും അമ്പലക്കമ്മിറ്റികളോ പെരുന്നാള്‍ കമ്മിറ്റികളോ വിലക്കിയതായി ഓര്‍മ്മയിലില്ല.

അടുത്തിടെ പഴയ നടി അനുരാധയുമായി ഒരു അഭിമുഖത്തില്‍ അക്കാലത്തെ നടിമാരുടെ മേനിപ്രദര്‍ശനത്തെപ്പറ്റിയുള്ള ചോദ്യത്തിന്‌ അവര്‍ പറഞ്ഞ ഒരഭിപ്രായം ഇങ്ങനെയായിരുന്നു. ''ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടി കുറച്ചൊക്കെ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ നായികമാര്‍ ചെയ്യുന്നതിനോളം ഞങ്ങള്‍ ചെയ്‌തിട്ടില്ല". കോടമ്പാക്കം നടികള്‍ എന്ന്‌ പേരില്‍ ആക്ഷേപിക്കപ്പെട്ട അവരെ പോലും ലജ്ജിപ്പിക്കുന്ന പ്രമേയങ്ങളും രംഗങ്ങളും കാണാന്‍ മലയാളി കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നു്‌ എന്നതൊരു സത്യമാണ്‌. അന്ന്‌ പ്രേക്ഷകന്റെ മേല്‍ ഈ ദൃശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടില്ല എന്നതാണ്‌ ശരി. കാരണം നിങ്ങള്‍ക്ക്‌ അത്തരം ചിത്രങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതി. എന്നാല്‍ ഇന്ന്‌ സ്വീകരണമുറിയിലെ ടെലിവിഷനില്‍ അത്‌ ഒരു സ്വാഭാവിക കാഴച്ച മാത്രം. സിനിമയിലും ഇതു തന്നെ. മലയാളത്തിലെ നല്ല പിള്ള, തമിഴിലും തെലുങ്കിലും തുടയിളക്കി!  ചെന്നൈയില്‍ ഇപ്പോഴും സിനിമാജീവിതം എന്ന്‌ വിളിക്കാവുന്ന എന്നാല്‍ സിനിമാ ജീവിതത്തിന്റെ സുഖഭോഗങ്ങളിലും ആര്‍ഭാടങ്ങളിലും പ്രശസ്‌തിയുടെ അപാരതയിലുമൊന്നും പെടാതെ കഴിയുന്ന നിരവധി പേരുണ്ട്‌. പക്ഷേ 'എ' പടം കളിപ്പിക്കുന്ന തിയ്യറ്ററിലെ ഓപ്പറേറ്റര്‍ക്ക്‌ പോലും പേരുദോഷമാണ്‌ സമൂഹം കരുതിവെച്ചതെന്നോര്‍ക്കുക. അപ്പോള്‍ പിന്നെ നടിയുടെ കാര്യം പറയണോ. ലൈറ്റ്‌ ബോയ്‌ മുതല്‍ ഫിലിം ഓപ്പറേറ്റര്‍ വരെ ആ അനുഭവത്തിന്റെ, വിവേചനത്തിന്റെ ഭാഗമായി പോയെന്ന്‌ ചുരുക്കം.

സാധാരണക്കാരായ മധ്യവയസ്‌ക്കരുടെ സമൂഹത്തെ ഒരറ്റത്തേക്ക്‌ മാറ്റിനിര്‍ത്തുകയാണ്‌ സാങ്കേതികവിദ്യ ചെയ്‌തതെന്നതിന്‌ എ പടങ്ങള്‍ നല്ലൊരു ഉദാഹരണമാണ്‌. ടാക്കീസുകളിലെ ഒരു ശക്തമായ ന്യൂനപക്ഷം അവരായിരുന്നല്ലോ. വാസ്തവത്തില്‍ ടെക്‌നോളജി അവര്‍ക്ക്‌ ഒരു പൊതു ഇടം ഇല്ലാതാക്കുകയാണ്‌ ചെയ്‌തത്‌. കേരളീയ സാമ്പത്തികാവസ്ഥയുടെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ തിയ്യറ്ററിലെ ദൃശ്യാനുഭവത്തില്‍ നിന്ന്‌ ടെക്‌നോളജിയുടെ വളര്‍ച്ച ഒരു വ്യക്തിയെ അവനിലേക്ക്‌ കൂടുതല്‍ ചുരുക്കുകയാണ്‌ ചെയ്‌തത്‌. അതോടെ നഷ്ടമായത്‌ സിനിമ കാണല്‍ എന്ന പ്രക്രിയയുടെ സാമൂഹികമായ ഇടമാണ്‌. വ്യക്തിക്ക്‌ അയാള്‍ കാണുന്ന ദൃശ്യത്തിന്‌ മേല്‍ സ്വാഭാവികമായി കൈവരുന്ന മേല്‍ക്കോയ്‌മയുടെ കാര്യത്തില്‍ പൂര്‍ണ്ണത ലഭിക്കുമെങ്കിലും അതിന്റെ സാമൂഹ്യസ്‌പര്‍ശവും ജൈവതയും നഷ്ടപ്പെട്ടുപോകുന്നു. കേരളത്തിന്റെ കുടുംബസാഹചര്യങ്ങളും സദാചാരനിഷ്‌ഠമായ ജീവിതത്തിന്റെ സ്വാഭാവികമായ സവിശേഷതകളും ഒരു പ്രത്യേക പ്രായത്തിനപ്പുറം സെക്‌സ്‌ കടന്നുവരാതിരിക്കാനുള്ള സാഹചര്യങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. ഇത്‌ ദൃശ്യരതിയെ തേടി പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന്‌ ഒരു കാരണമാണ്‌. ടെക്‌നോളജി സൃഷ്ടിച്ച സാധ്യതകളെ പുതുതലമുറ ഉപയോഗപ്പെടുത്തി മാനസികമായ ദൃശ്യാനുഭവ സംതൃപ്‌തി നേടിയപ്പോള്‍ മധ്യവയസ്‌കര്‍ക്ക്‌ തങ്ങളുടെ ലൈംഗിക ഛോദനകളുടെ ബദല്‍ സാധ്യതകളുടെ പഴുതടയ്‌ക്കപ്പെടുകയാണ്‌ ഉണ്ടായത്. സ്വാഭാവികമായും അവരുടെ ലൈംഗിക താല്‍പര്യങ്ങളെ അവര്‍ പൊതുസ്ഥലങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും സംക്രമിപ്പിച്ചു. ഇത്‌ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഒരു പരിധി വരെ കാരണമായിട്ടുണ്ടാകാം.

പടം എന്തായാലും ഒരു പൊതു ഇടം എന്ന രീതിയില്‍ ടാക്കീസുകള്‍ക്ക്‌ പ്രസക്തിയുണ്ട്‌. അതില്ലാതാകുന്നതോടെ പൊതു ഇടങ്ങള്‍ തകരുന്നു, എല്ലാം സ്വകാര്യതയുടെ മറവിലേക്ക്‌ മാറുകയും ചെയ്യുന്നു. ലൈംഗികതയെക്കുറിച്ച്‌ മാത്രമല്ല പറഞ്ഞുവന്നത്‌ മനുഷ്യന്റെ ആഘോഷങ്ങളെക്കുറിച്ചുതന്നെയാണ്‌. അതിനാല്‍ തന്നെ, ഒന്നുകൂടി ചോദിക്കുകയാണ്: ഓര്‍മ്മയുണ്ടോ നാട്ടിലെ ആ പഴയ എ ടാക്കീസിനെ?

ലേഖകന്‍ പത്രപ്രവര്‍ത്തകനാണ്

Jan 26, 2010

ഇവിടം സ്വര്‍ഗമാണോ?

'ഇവിടം സ്വര്‍ഗമാണ്' പതിവു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് സുനീഷ്
ദേശീയ അവാര്‍ഡുകളില്‍ മലയാളത്തിന് കാര്യമായ പരിഗണനയൊന്നും ലഭിച്ചില്ലെന്നതാണ് സിനിമാ ലോകത്തെ നിലവിലെ സംസാര വിഷയം. 2008ലിറങ്ങിയ സിനിമകളാണ് പ്രതിക്കൂട്ടില്‍. അവയില്‍ തള്ളാവുന്നവയേവ, കൊള്ളാവുന്നവയേവ എന്ന ചര്‍ച്ച ഒരു ഭാഗത്ത് തുടരട്ടെ. പക്ഷേ, മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അല്പമൊക്കെ വ്യത്യസ്ഥമായ ഒരു വര്‍ഷമായിരുന്നു 2009. മാറ്റത്തിന്റെ അലകള്‍ കേട്ടു തുടങ്ങിയ വര്‍ഷം. 'ഇങ്ങിനെയൊക്കെ ആയാല്‍ പോരെ' എന്ന പതിവു സിനിമാപിടുത്തവുമായി അധികകാലം മുന്നോട്ടു പോകാനൊക്കില്ലെന്ന് മലയാള സിനിമാ സംവിധായകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന വര്‍ഷം.ജൂറി അധ്യക്ഷന്‍ ഷാജി എന്‍ കരുണിനു പോലും ഇക്കാര്യത്തില്‍ മറിച്ചൊരഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല. ഈ മാറ്റങ്ങളോട് ഗുണപരമായി സംവദിക്കുന്ന ഒരു ചിത്രമാണ് ഡിസംബറില്‍ പുറത്തിറങ്ങിയ 'ഇവിടം സ്വര്‍ഗമാണ്'. പല എ ക്ലാസ് തിയറ്ററുകളിലും ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ഈ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ടിപ്പിക്കല്‍ മോഹന്‍ലാല്‍ സിനിമകള്‍ക്ക് സുപരിചിതമായ വഴികളിലൂടെയല്ല നടക്കുന്നത് എന്നതു തന്നെ അതിനെ വ്യത്യസ്ഥമാക്കുന്നു.   

ജര്‍മിയാസിന്റെ ലോകം

പരമ്പരാഗത കര്‍ഷകനായ ജര്‍മിയാസി (തിലകന്‍)ന്റെ മകന്‍ മാത്യൂസിന് (മോഹന്‍ലാല്‍) അനുഭവിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മണ്ണ് ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നമായി മാറി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് റിയല്‍ എസ്റ്റേറ്റുകാരുടെ ഭീഷണിയെ പോലും ചെറുത്തുകൊണ്ട് കൃഷിയോടും മണ്ണിനോടും ചേര്‍ന്നു നില്‍ക്കുന്ന ഒരു കര്‍ഷകന്റെ കഥയുമായി റോഷന്‍ വരുന്നതെന്ന് സിനിമയുടെ സാമൂഹ്യപ്രാധാന്യം വര്‍ധിപ്പിക്കുന്നു. ചാണകം വാരല്‍, പശുവിന് തീറ്റ കൊടുക്കല്‍, കുളിപ്പിക്കല്‍, പുല്ലരിയല്‍, തുടങ്ങിയ കാര്യങ്ങള്‍ നാട്ടിലും വീട്ടിലും പലരും കാണുന്നതും പലപ്പോഴൊക്കെ ചെയ്യുന്നതുമാണ്. അത് സിനിമയിലെത്തിയാലോ... 'അയ്യേ ഇതു കാണാനാണോ തിയറ്ററിലെത്തിയിരിക്കുന്നത്' എന്ന ഭാവമാണ് മലയാളികള്‍ക്ക് പൊതുവെ. ഈ മനോഭാവത്തെ മെരുക്കിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ചിത്രത്തിലുണ്ട്. തൊഴുത്തില്‍ ഒരു ചെറുചിരിക്കുള്ള വകയുമായെത്തുന്ന അനൂപ് ചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടു. അതേ സമയം, പലപ്പോഴും അരോചകമായി അനുഭവപ്പെടുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഈ രംഗങ്ങളെ കൃത്രിമമാക്കുന്നുമുണ്ട്.

കഥ പോവുന്ന വഴി

പണ്ട് ക്ലാസില്‍ റ്റീച്ചര്‍ കോമ്പോസിഷന്‍ എഴുതിച്ചപ്പോള്‍ തനിക്ക് കര്‍ഷകനാകണമെന്ന് അഭിമാനത്തോടെ പറഞ്ഞ വിദ്യാര്‍ത്ഥി മാത്യൂസിനുള്ളില്‍ എന്നും ജീവിച്ചിരുന്നിരുന്നു. എഴുതി കൊടുത്തത് റ്റീച്ചറന്ന് കീറി കളഞ്ഞെങ്കിലും അവന്‍ തന്റെ വഴിയെ തന്നെ നടന്നു. ഒടുവില്‍ നാട്ടുകാര്‍ക്ക് പച്ചക്കറിയും, പാലും മറ്റു കാര്‍ഷികോത്പന്നങ്ങളും നല്‍കുന്ന വലിയ കൃഷിക്കാരനായി. ഇവിടെയാണ് ലാലു അലക്സിന്റെ റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരന്‍ ആലുവാ ചാണ്ടി വില്ലനായെത്തുന്നത്. മുംബയില്‍ നിന്നുള്ള ബിഗ് ബോസിന് പുഴയുടെ തീരത്ത് കിടക്കുന്ന മാത്യൂസിന്റെ സ്ഥലം ഇഷ്ടമാവുന്നു. അയാള്‍ക്ക് അതു വേണം. മാത്യൂസിന് ആണെങ്കില്‍ തന്റെ മണ്ണ് വിട്ട് പോകാനും പറ്റുന്നില്ല. ആലുവാ ചാണ്ടി അവിടെ റ്റൗണ്‍ഷിപ് ഉണ്ടാക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പരത്തുന്നതിനെ തുടര്‍ന്ന് ഗ്രാമത്തിലെ ആളുകള്‍ മാത്യൂസിനെതിരാവുന്നു. അങ്ങിനെ മാത്യൂസ് വികസനവിരോധിയായി മാറുന്നു.

അയല്വാസികളും ആലുവാ ചാണ്ടിയും ശത്രുക്കളായതിനു പുറമേ, സര്‍ക്കാരും ഒടുവില്‍ മാത്യൂസിന് എതിരാവുന്നു. സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ ഇവിടെ പണം കൊടുത്ത് സ്വാധീനിക്കാന്‍ പറ്റുന്ന ഡിപാര്‍ട്മെന്റാണ്. വികസനത്തിന് എതിരായ സമീപനമാണ് സിപിഎം കൈകൊള്ളുന്നതെന്ന് ഏരിയ സെക്രട്ടറിയായ ബാലചന്ദ്രന്‍ ചുള്ളീക്കാടിന്റെ കഥാപാത്രം പറയുന്നുണ്ട്. തുടര്‍ന്ന് റ്റൗണ്‍ഷിപ്പിന് അനുകൂലമായ തീരുമാനം എടുക്കുന്നതായും കാണാം. ഈ കഥാപാത്രത്തിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ടിയെ താറടിച്ചു കാണിക്കാനുള്ള ശ്രമം അതിശയോക്തിപരമായി തന്നെ സിനിമയില്‍ നടക്കുന്നുണ്ട്. ഏതൊരു രാഷ്ട്രീയ പാര്‍ടിയും ഒരു കൗതുക വസ്തു എന്നതിനപ്പുറം പാര്‍ടിയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ജീവവായുവാണെന്ന് ചിലപ്പോഴെങ്കിലും വിമര്‍ശകര്‍ മറന്നു പോകാറുണ്ട്. ഒന്നിനോടും ആത്മാര്‍ത്ഥത വേണ്ടാത്തവരുടെ ലോകമാണ് കാഴ്ചയിലെ ആനന്ദമെന്ന് കരുതുന്നവരുടെ ശരിയില്‍ കഴിയുമ്പോള്‍ എല്ലാം മറക്കാം. വ്യവസായാനന്തര (അരാജക) മധ്യവര്‍ഗത്തിന്റെ സംഘാടനവിരുദ്ധ രാഷ്ട്രീയമാണിതെന്നു കരുതി ആശ്വസിക്കാന്‍ ശ്രമിക്കാം.

ഏറ്റുമുട്ടല്‍

വില്ലനേയും നായകനേയും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഏറ്റുമുട്ടലിനെ കുറിച്ച് പറയാതെ പോകുന്നത് ശരിയല്ലല്ലോ. അവസാന കളിക്ക് മാത്യൂസും ആലുവാ ചാണ്ടിയും ഒരുങ്ങുന്നു. പക്ഷേ മോഹന്‍ലാലിന് സിനിമാറ്റിക് ചവിട്ടിലും, കയറിപിടിക്കലിനുമൊന്നും സംവിധായകന്‍ അവസരം നല്‍കുന്നില്ല. അമിക്കസ് ക്യൂറിയായെത്തുന ശ്രീനിവാസന്‍ ആലുവാ ചാണ്ടിയുടെ അഡ്വക്കേറ്റ് മണിയന്‍ പിള്ള രാജു എന്നിവരും അവസാന ഭാഗത്ത് സിനിമയ്ക്ക് രസവും താളവും നല്‍കുന്നുണ്ട്. ലാലു അലക്സിന്റെ ഏകാംഗ പ്രകടനവും, ജഗതി ശ്രീകുമാറിന്റെ ആധാരമെഴുത്തും അരങ്ങു തകര്‍ക്കുമ്പോള്‍ സിനിമ കാണാനെത്തിയവര്‍ ആശ്വസിക്കും. ചിരിക്കും, കയ്യടിക്കും. ആധാരമെഴുത്തിലെ കള്ളക്കളികള്‍ തിരിച്ചു കളിക്കുന്നതിലൂടെ മാത്യൂസും സംഘവും ജയിക്കുന്നു. തോല്‍ക്കുന്നവരില്‍ മന്ത്രി പണിക്കാര്‍ വരെ പെടും.

ചാനല്‍ വിപ്ലവം

ബ്ലെസിയുടെ 'കല്‍ക്കത്ത ന്യൂസ്' മുതല്‍ പല പടങ്ങളിലും തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെട്ട കാഴ്ചവസ്തുക്കളാണ് മാധ്യപ്രവര്‍ത്തകരും അവരുടെ നൂറുകൂട്ടം അഭ്യാസങ്ങളും. എന്നിരുന്നാലും മലയാളി പ്രേക്ഷകനേയും, സംവിധായകരേയും ഒരുപോലെ ആകര്‍ഷിക്കാവും വിശ്വാസമാര്‍ജിക്കാനും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. 'ഇവിടം സ്വര്‍ഗമാണി'ലുമുണ്ട് ഒരു ചാനല്‍ പ്രവര്‍ത്തകയും അവര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളും. മാത്യൂസിന്റെ വിജയകഥയിലെ സഹായിയാണ് ഇവര്‍.

ഒറ്റവാക്ക്

എല്ലായ്പോഴും സിനിമ സിനിമാറ്റിക് ആയിരിക്കണമെന്നില്ല. ഒരു അഭിനേതാവിന്റെ ജീവിതം കിടക്കുന്നത് ലാഭനഷ്ടക്കണക്കുകളുടെ ഗ്രാഫിന്റെ പുറത്ത് മാത്രമല്ലല്ലോ. സൂപ്പര്‍ഹിറ്റുകളുടെ എണ്ണത്ത്ലും കനത്തിലും താരപ്പൊലിമ വിലയിരുത്തപ്പെടുമ്പോഴാണ് സാധാരണ ജീവിതം നമ്മുടെ താരങ്ങള്‍ പലരും മറന്നു പോകുന്നത്. ഈ മറക്കലിന്റെ പേരില്‍ ഒരുപാട് പഴി കേട്ടിട്ടുള്ള നടനാണ് മോഹന്‍ലാല്‍. 'സമ്പൂര്‍ണമായ നായകസങ്കല്പങ്ങളില്‍' നിന്നും സാധാരണ ജീവിതത്തിലേക്ക് ഇറങ്ങി വരാന്‍ വല്ലപ്പോഴും മോഹന്‍ലാലിനെ പോലുള്ളവര്‍ തയ്യാറാവുന്നുണ്ടല്ലോ. അത്രയും നല്ലതാണെന്ന് കരുതുക.

സുനീഷിന്റെ മറ്റു ലേഖനങ്ങള്‍
ജീവിതം എന്ന കുറ്റവും ശിക്ഷയും
കഫേയിലെ കാഴ്ചകള്‍

Dec 28, 2009

മൂന്നാം സിനിമ: ആഖ്യാനത്തിലെ പ്രതിസന്ധി

ഒരുകാലത്ത് ചെറുത്തുനില്പുകളുടെ ആവേശം പേറിയിരുന്ന പ്രതിരോധ സിനിമകള്‍ ഇന്ന് ആഖ്യാന പ്രതിസന്ധി നേരിടുന്നുവെന്ന് വര്‍ഗീസ് ആന്റണി  

കാഴ്‌ചയുടെ രാഷ്‌ട്രീയത്തെ പുനര്‍നിര്‍ണയിക്കുന്നൊരു ദശാസന്ധിയുടേതാണ്‌ വര്‍ത്തമാന കാലം. ആഗോളമായൊരു ദൃശ്യബോധം കലയിലേയും സംസ്‌കാരത്തിലേയും പ്രാദേശികതകളേയും ഉപദേശീയതകളേയും മായ്‌ച്ച്‌ കളയുകയും പുനഃസൃഷ്‌ടിക്കുകയും ചെയ്യുന്നു എന്നത്‌ പുതിയ പ്രതിസന്ധി എന്ന നിലയിലല്ല കണക്കാക്കപ്പെടുന്നത്‌. എന്നാല്‍ രാഷ്‌ട്രീയ നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പ്പുകള്‍ നിസാരമാക്കും വിധം അത്‌ വേരുകള്‍ പടര്‍ത്തിക്കഴിഞ്ഞു എന്നത്‌ പുതിയ വര്‍ത്തമാനങ്ങളില്‍പ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ദൂരവ്യാപകമായി നിലനില്‍ക്കുന്നൊരു ചലനത്തിന്റെ സൂചനകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ്‌ തിരുവനന്തപുരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സമാപിച്ചത്‌. മാനകമാക്കപ്പെടുന്ന ദൃശ്യഭാഷയിലേക്ക്‌ മൂന്നാംലോകത്തിന്റെ ക്യാമറക്കണ്ണുകളും തുറക്കുന്നതിന്‌ നിരവധി ഉദാഹരണങ്ങളാണ്‌ ഈ മേള സമ്മാനിച്ചത്‌. കച്ചവട മൂല്യങ്ങളെ ആഖ്യാനത്തിന്റെ വഴിയില്‍ പരസ്യമായി ആഘോഷിക്കുകയും, അതേസമയം തന്നെ പ്രമേയപരമായ രാഷ്‌ട്രീയ ബോധം മൂന്നാം സിനിമയുടെ (Third Cinema) പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക്‌ ഊന്നുകയും ചെയ്യുന്ന അസാധാരണമായ കാഴ്‌ച. ഒരു ആഖ്യാനപ്രതിസന്ധി എന്ന നിലയില്‍ത്തന്നെ വിലയിരുത്താവുന്നൊരു ഘട്ടത്തിലേക്കാണ്‌ ഇതിന്റെ വളര്‍ച്ച.

ഭാവുകത്വപരമായ മേധാവിത്വം

പോസ്റ്റ്‌കൊളോനിയല്‍ ചെറുത്തുനില്‍പ്പുകളുടെ പ്രചണ്‌ഡമായ ആവേശം പോറുന്നൊരു ആഖ്യാനമായിരുന്നു മൂന്നാം സിനിമ. സാമ്രാജ്യത്വ-കോളനി രാജ്യങ്ങളുടെ സമ്മര്‍ദങ്ങളിലൂടെ സ്ഥാപിക്കപ്പെട്ട സാമ്പത്തിക/സാമൂഹിക/രാഷ്‌ട്രീയ/സാംസ്‌കാരിക ബിംബങ്ങള്‍ക്കെതിരായ സമരമായിരുന്നു അത്‌. പോരാട്ടത്തിന്റെ ആത്മവിശ്വാസവും വിപ്ലവത്തിന്റെ പുത്തന്‍ പ്രതീക്ഷയും സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരായ ശബ്‌ദവുമൊക്കെ ഇവയില്‍ പ്രമേയങ്ങളായി. 1960കളില്‍ ആരംഭംകൊണ്ട പ്രതിരോധ സിനിമ അതിന്റെ രണ്ടാംഘട്ടത്തില്‍ വിപ്ലവത്തിന്റെ തകര്‍ച്ചയേയും പ്രമേയവത്‌കരിക്കുന്നുണ്ട്‌. 1980കളോടെ മുദ്രാവാക്യങ്ങളും ആശയസമരങ്ങളും അണഞ്ഞുതുടങ്ങിയെങ്കിലും, ആ പ്രതിസന്ധിയേയും അതിജീവിക്കുന്നൊരു പ്രസ്ഥാനമായി മൂന്നാം സിനിമ നിലനിന്നു, സുഘടിതമായൊരു മുന്നേറ്റം എന്ന നിലയില്‍ ആയിരുന്നില്ലെങ്കിലും. വര്‍ഗപരമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പെട്ട ശ്രമങ്ങളായിരുന്നു നിലനിന്നത്‌. കണ്ണ്‌ മഞ്ഞളിക്കുന്ന ദൃശ്യഘോഷയാത്രയുടെ വിപണി തന്ത്രങ്ങള്‍ക്കും, അച്ചടക്കത്തിന്റെ സൂക്ഷ്‌മ സ്‌പന്ദനങ്ങള്‍ പോലും ഫ്രെയിമിലൊതുക്കിയ കാവ്യാത്മക പ്രതിപാദനത്തിന്റെ ആര്‍ട് ഹൗസ്‌ ശീലങ്ങള്‍ക്കും ഇടയില്‍ അവ വേറിട്ടുനിന്നു. ആഫ്രിക്കയില്‍നിന്നും ലാറ്റിനമേരിക്കന്‍/ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന രാഷ്‌ട്രീയ സിനിമകളില്‍ മൂന്നാം സിനിമ അന്യം നിന്നുപോകാതെ സാന്നിധ്യമായി നിലകൊണ്ടിരുന്നു. സിനിമ എന്ന കലയിലെ വ്യാപാരമൂല്യങ്ങളെ അത്‌ നിരാകരിച്ചു.

കോമഡി, മെലോഡ്രാമ, ഹൊറര്‍ ത്രയങ്ങളാണ്‌ കച്ചവട സിനിമകളുടെ പതിവു ചേരുവകളിലെ പ്രധാന ഇനങ്ങള്‍. മറിച്ചും തിരിച്ചും സൃഷ്‌ടിക്കുന്ന പുത്തന്‍ പ്രതീതിയാകട്ടെ ബോക്‌സ്‌ ഓഫീസുകളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്‌. കച്ചവട സിനിമയുടെ മെക്കയായ ഹോളിവുഡ്‌ ലോകമെങ്ങുമുള്ള പ്രാദേശിക സിനിമാ വ്യവസായങ്ങള്‍ക്ക്‌ ഭീഷണിയായി പടര്‍ന്ന്‌ പന്തലിച്ചു കഴിഞ്ഞു. ഹോളിവുഡിനെ പ്രധിരോധിക്കാന്‍ യൂറോപ്യന്‍ സര്‍ക്കാരുകള്‍ തദ്ദേശ സിനിമകള്‍ക്ക്‌ കനത്ത സബ്‌സിഡികളാണ്‌ അനുവദിച്ചു വരുന്നത്‌. എന്നിട്ടും പിടിച്ചു നില്‍ക്കാനാകാത്ത വിധം ഇംഗ്ലണ്ടും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിലീസ്‌ ചെയ്യുന്ന സിനിമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുകഴിഞ്ഞു. ഒമ്പതു പതിറ്റാണ്ടുകള്‍ കൊണ്ട്‌ ഹോളിവുഡ്‌ തീര്‍ത്ത ഭാവുകത്വപരമായ മേധാവിത്വത്തിന്‌ പ്രതിരോധങ്ങള്‍ ദുര്‍ബലമാവുകയാണെന്ന നിലവിട്ട തിരിച്ചറിവിലേക്കാണ്‌ ഓരോ ചലച്ചിത്രമേളയും പ്രേക്ഷകരെ ആനയിക്കുന്നത്‌.

മൂന്നാം സിനിമയുടെ പ്രതിരോധത്തിനും വാണിജ്യ സിനിമയുടെ വിസ്‌മയക്കാഴ്‌ചകള്‍ക്കുമിടയിലാണ്‌ യൂറോപ്യന്‍ ആര്‍ട്ട്‌ഹൗസ്‌ സിനിമകളുടെ സ്ഥാനം. ജംപ്‌കട്ടുകളിലൂടെയും (jump cuts) ക്യാമറ കൈയില്‍ വച്ച്‌ ഷൂട്ട്‌ ചെയ്യുന്ന രീതിയിലൂടെയും (hand-held camera) മൂന്നാം സിനിമയോട്‌ ആഖ്യാനപരമായ സാദൃശ്യം ആര്‍ട് ഹൗസ്‌ സിനിമകള്‍ ആദ്യകാലത്ത്‌ പുലര്‍ത്തി. കച്ചവടത്തെ ലാക്കാക്കാതെ സര്‍ഗാത്മക താത്‌പര്യങ്ങള്‍ക്ക്‌ മാത്രം ഊന്നല്‍ നല്‍കിയ ഈ പ്രസ്ഥാനമാണ്‌ ലോകസിനിമയില്‍ ഏറ്റവുമധികം പ്രതിഭകളെ ആകര്‍ഷിച്ചതെന്ന്‌ നിസംശയം പറയാം. സാമൂഹ്യവും രാഷ്‌ട്രീയപരവുമായ പ്രമേയങ്ങളും ഇടക്കിടെ കടന്നുവന്നെങ്കിലും ലാവണ്യപരമായ പുതുമകളിലായിരുന്നു ആര്‍ട് ഹൗസ്‌ സിനിമകളുടെ കണ്ണ്‌. കഥാപാത്രങ്ങളുടെ വ്യക്തിനിഷ്‌ടമായ അനുഭവേലാകം സൂക്ഷ്‌മമായിത്തന്നെ പകര്‍ത്തപ്പെട്ടു ഇവയില്‍. രാഷ്‌ട്രീയ സമീപനം, ആഖ്യാന സമ്പ്രദായം എന്നിവയില്‍ വ്യത്യാസങ്ങള്‍ പുലര്‍ത്തിക്കൊണ്ട്‌ വാണിജ്യസിനിമകളോടും ഹോളിവുഡിനോടും പോരാടിയ ഇതര സിനിമാ പ്രസ്ഥാനങ്ങളും കാലാകാലങ്ങളിലുണ്ടായി. 1920കളിലും 30കളിലും ഫ്രാന്‍സില്‍ പ്രചാരം നേടിയ അവാന്ത്‌ഗാര്‍ഡ്‌ മൂവ്‌മെന്റും, 50കള്‍ മുതല്‍ 70കള്‍ വരെ ഇന്ത്യന്‍ സിനിമയില്‍ സ്വാധീനം ചെലുത്തിയ സമാന്തര സിനിമയും ഇവയില്‍പ്പെടുന്നു. അതിലുമേറെ ശക്തമായി 60കളിലെ ഫ്രഞ്ച്‌ ന്യൂവേവും 80കള്‍ മുതലിങ്ങോട്ട്‌ രണ്ട്‌ പതിറ്റാണ്ടുകാലം അമേരിക്കയില്‍ ശക്തമായിരുന്ന സ്വതന്ത്ര സിനിമ (independent cinema)യുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്‌. ചിലപ്പോഴെങ്കിലും ഇവയെല്ലാം പരസ്‌പരം കൊണ്ടും കൊടുത്തും നിലനിന്ന്‌, സിനിമയിലെ വാണിജ്യമൂല്യങ്ങളോട്‌ പൊരുതുകയായിരുന്നു.

പ്രേക്ഷകന്റെ വികാര വിചാരങ്ങളെ അടക്കിവാഴുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും, അതി ദ്രുതത്തിലുള്ള കഥാഗതിയും, വിസ്‌മയിപ്പിക്കുന്ന പ്രകാശവിതാനവുമൊക്കെയായി തിയറ്ററുകളെ അദ്‌ഭുതക്കൊട്ടകകള്‍ ആക്കുന്ന ചെപ്പടിവിദ്യയാണ്‌ കച്ചവട സിനിമകളുടെ പതിവുരീതി. പ്രമേയമാകട്ടെ ആദിമധ്യാന്തപ്പൊരുത്തത്തോടെ സകല പ്രശ്‌നങ്ങളുടേയും കുരുക്കഴിക്കും. അതിന്‌ അമാനുഷ ശക്തിയുള്ള നായകന്‍മാര്‍. തിയറ്റര്‍ സ്‌ക്രീന്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ വെള്ളിവെളിച്ചത്തില്‍ തിളങ്ങും. പ്രേക്ഷകരെ രസിപ്പിക്കുക എന്നതൊഴിച്ചാല്‍ ഗ്രോസ്‌ കലക്‌ഷന്‍ റിപോര്‍ട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാണിജ്യ സിനിമകളുടെ ആഖ്യാന സമ്പ്രദായത്തിലേക്കാണ്‌ ഇപ്പോള്‍ പ്രതിരോധ സിനിമകളും ചെന്നെത്തുന്നത്‌. ഈ വിധം ജനപ്രിയ സാംസ്‌കാരിക രൂപം സമാന്തരപാതയിലേക്കും കടന്നുകയറുന്നതിന്‌ ഉദാഹരണങ്ങളാണ്‌, തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിച്ച ഈജിപ്‌ഷ്യന്‍ ചിത്രമായ "ഷെഹ്‌റസാദാ, റ്റെല്‍ മി എ സ്റ്റോറി"യും, ഇന്ത്യന്‍ ചിത്രമായ "ജസ്റ്റ്‌ വണ്‍ ചാന്‍സും (ഏക്‌ തോ ചാന്‍സ്‌)".

റ്റെല്‍ മി എ സ്റ്റോറി


യുസ്രി നസറുള്ള സംവിധാനം ചെയ്‌ത ഷെഹ്‌റസാദ, റ്റെല്‍ മി എ സ്റ്റോറി ഒരു റ്റെലിവിഷന്‍ അവതാരകയുടെ കഥയാണ്‌ അനാവരണം ചെയ്യുന്നത്‌. ജനപ്രിയമായ ഒരു രാഷ്‌ട്രീയ പരിപാടിയുടെ അവതാരകയാണ്‌ ഹെബ്ബ. അവരുടെ ഭര്‍ത്താവ്‌ കരീം ആകട്ടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പത്രത്തിന്റെ എഡിറ്ററും. ഹെബ്ബയുടെ പരിപാടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നു. ഇതേത്തുടര്‍ന്ന്‌ കരീം മുഖേന ഹെബ്ബയുടെ പരിപാടി അവസാനിപ്പിക്കുകയാണ്‌ സര്‍ക്കാരിലെ ചില ഉന്നതര്‍. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പരിപാടി ഹെബ്ബ ആരംഭിക്കുന്നു. ജീവിതത്തില്‍ വ്യത്യസ്‌തമായ അനുഭവങ്ങള്‍ നേരിട്ട സ്‌ത്രീകളെ തല്‍സമയം ഇന്റര്‍വ്യൂ ചെയ്യുന്ന ആ പരിപാടിയും ജനശ്രദ്ധ നേടുന്നു. മൂന്ന്‌ സ്‌ത്രീകളുടെ കഥയാണ്‌ മൂന്ന്‌ എപ്പിസോഡുകളിലായി പുറത്തുവരുന്നത്‌. പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ട ക്രൂരമായ കഥകളാണ്‌ ഓരോ സ്‌ത്രീക്കും പറയാനുള്ളത്‌. ഈജിപ്‌തിലെ രാഷ്‌ട്രീയ സാമൂഹ്യാവസ്ഥയും, സ്‌ത്രീകള്‍ക്ക്‌ സമൂഹത്തിലുള്ള പദവിയും എന്താണെന്ന്‌ ഈ കഥകളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതും സര്‍ക്കാരിന്‌ തലവേദനയാകുകയാണ്‌. അതോടെ ഹെബ്ബയുടേയും കരീമിന്റെയും കുടുംബജീവിതത്തിന്റെ താളം തെറ്റുന്നു. കരീമിന്‌ ലഭിക്കേണ്ടിയിരുന്ന പ്രൊമോഷന്‍ സര്‍ക്കാര്‍ തടയുന്നതായി അയാള്‍ ആരോപിക്കുകയും ഹെബ്ബയെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. നാലാം എപ്പിസോഡിന്റെ ആരംഭത്തിലാണ്‌ സിനിമ അവസാനിക്കുന്നത്‌. നാലാമത്തെ അതിഥി താന്‍ തന്നെയാണെന്ന്‌ ഹെബ്ബ പ്രേക്ഷകരെ അറിയിക്കുന്നു. അവര്‍ ഭര്‍ത്താവില്‍ നിന്ന്‌ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞുതുടങ്ങുന്നതോടെ സിനിമ അവസാനിക്കുകയാണ്‌.

അറേബ്യന്‍ സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ്‌ ഈ സിനിമ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. സ്‌ത്രീപക്ഷമായ പ്രമേയത്തിലൂടെ വര്‍ഗപരമായ നിലപാടാണ്‌ സിനിമ പുലര്‍ത്തുന്നത്‌. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരായ താക്കീതായും പ്രമേയം മാറുന്നു. എന്നാല്‍ ആഖ്യാനപരമായി ഷെഹ്‌റസാദ... കച്ചവട സിനിമയുടെ പതിവു ചുവടുകള്‍ തന്നെയാണ്‌ പിന്‍തുടരുന്നത്‌. അനാവശ്യമായ ഫ്രെയിം മൂവ്‌മെന്റുകളും, ചടുലമായ എഡിറ്റിംഗും ചിത്രത്തെ ശരാശരി നിലവാരത്തില്‍ത്തന്നെ തളച്ചിടുന്നു. ഹോളിവുഡിനെ വെല്ലുന്ന സംഘര്‍ഷ നിമിഷങ്ങളും വേഗതയേറിയ കട്ട്‌-റ്റു-കട്ട്‌ സീക്വന്‍സുകളും സിനിമ പറയാന്‍ ശ്രമിക്കുന്ന ഗൗരവമാര്‍ന്ന വിഷയത്തിന്റെ ആഴം ചോര്‍ത്തിക്കളയുകയാണ്‌. നാലു വ്യത്യസ്‌തമായ കഥകള്‍ എന്നത്‌ പുതുമയല്ലെങ്കിലും ആസ്വാദനത്തിന്റെ തലത്തില്‍ അത്‌ കോര്‍ത്തിണക്കപ്പെടുന്നുണ്ട്‌. എന്നാല്‍ മുന്‍കൂട്ടി പ്രവചിക്കാവുന്ന വിധത്തിലൊരു അന്ത്യത്തിലേക്ക്‌ ഇവയെ എത്തിക്കുന്നത്‌ വ്യാപാര സിനിമയുടെ രീതി മാത്രമാണ്‌. ആസ്വാദനത്തിന്റെ തലത്തിലാണ്‌ ഓരോ സീനും ക്രമപ്പെടുത്തിയിരിക്കുന്നത്‌. ചിലയിടങ്ങളില്‍ അത്‌ ഒരു ത്രില്ലര്‍ സിനിമയടെ ഉദ്വേഗം പ്രേക്ഷകരില്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തവുമാണ്‌. സദാസമയം ഉയര്‍ന്ന സ്ഥായിയില്‍ നില്‍ക്കുന്ന പശ്ചാത്തല സംഗീതമാകട്ടെ ഒരു തട്ടുപൊളിപ്പന്‍ ചിത്രത്തിന്റെ ആസ്വാദന നിലവാരത്തിലേക്ക്‌ പ്രേക്ഷകരെ എത്തിക്കുന്നു.

സമൂഹമനസിന്റെ ലിംഗനീതിയെ വിചാരണ ചെയ്‌തുകൊണ്ട്‌ സ്‌ത്രീ പ്രശ്‌നത്തിന്റെ തിരിച്ചറിവിലേക്ക്‌ പ്രേക്ഷകരെ നയിക്കുന്നു എന്ന പ്രശംസയോടെ ലോകമെങ്ങുമുള്ള സമാന്തരസിനിമാ മേളകളിലേക്ക്‌ ഷെഹ്‌റസാദ... ആനയിക്കപ്പെടുകയാണ്‌. ആഗോളതലത്തില്‍ ശ്രദ്ധേയങ്ങളായ റ്റൊറന്റോ, വെനീസ്‌ ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം അവാര്‍ഡുകള്‍ നേടുകയും ചെയ്‌തു. കോണ്ടമ്പററി ഏഷ്യന്‍ വിഭാഗത്തില്‍പ്പെടുത്തി രാജ്യാന്തമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സിനിമ പ്രമേയപരമായി ബദല്‍ നിലപാടിന്‌ ഊന്നല്‍ നല്‍കുമ്പോഴും ആഖ്യാനപരമായി ജനപ്രിയ/ഹോളിവുഡ്‌ ശീലങ്ങളെ പിന്തുടരുകയാണ്‌ ചെയ്യുന്നത്‌.

സമാന്തരശാഖയുടെ ഭാവി?

സയീദ്‌ അക്തര്‍ മിര്‍സ സംവിധാനം ചെയ്‌ത "ഏക്‌ തോ ചാന്‍സ്‌" മുംബൈ നഗരത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരുടെ കഥയാണ്‌ പറയുന്നത്‌. വിജയ്‌ റാസ്‌ അവതരിപ്പിച്ച കഥാപാത്രമായ കള്ളനിലൂടെ മുംബൈയിലെ സാധാരണക്കാരുടെ ജീവിതത്തിലെ നിസഹായത വെളിപ്പെടുത്തുകയാണ്‌ സയീദ്‌ മിര്‍സ. വ്യത്യസ്ഥരായ കുറേപ്പേരെ ഒരു സംഭവം കൂട്ടിയിണക്കുന്ന തരത്തിലാണ്‌ സിനിമയുടെ ക്രാഫ്‌റ്റ്‌. കള്ളനും, അയാളെ പിടിക്കാന്‍ ബുദ്ധിമുട്ടുന്ന സബ്‌ ഇന്‍സ്‌പെക്റ്ററും, ഫാഷന്‍ ഡിസൈനറും, മോഡലും, ബാറിലെ വേശ്യയുമെല്ലാം ഒരു കൊളാഷുപോലെ കഥയില്‍ നിറയുന്നു. നിത്യജീവിതത്തില്‍ വില്ലന്‍മാരെന്ന്‌ കരുതുന്നവരൊന്നും അങ്ങനെയാകണമെന്നില്ല എന്ന തിരിച്ചറിവാണ്‌ സിനിമയുടെ മേന്‍മയായി എടുത്തു പറയാവുന്നത്‌. വര്‍ഗപരമാകുന്ന ഈ നിലപാടിലൂടെ മുഖ്യധാരാ സിനിമയുടെ പ്രമേയങ്ങളില്‍ നാം കണ്ടുമുട്ടുന്ന പതിവു ചിട്ടവട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സയീദ്‌ മിര്‍സക്ക്‌ കഴിയുന്നുണ്ട്‌. എന്നാല്‍ ആഖ്യാനത്തില്‍ ഇതൊരു പതിവു ബോളിവുഡ്‌ മസാലച്ചിത്രം തന്നെയാണ്‌. ഉയര്‍ന്ന സ്ഥായിയില്‍ പ്രദര്‍ശനശാലയെ പ്രകമ്പനംകൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും, ഇടക്കിടെ മേനിക്കൊഴുപ്പ്‌ പ്രദര്‍ശിപ്പിച്ച്‌ നായികാ നായകന്‍മാര്‍ ആടിത്തിമിര്‍ക്കുന്ന പാട്ടുകളും ഈ ചിത്രത്തെ ഒരു ഷാറൂഖ്‌ ഖാന്‍ ചിത്രത്തിന്റെ നിലവാരത്തിലേക്ക്‌ താഴ്‌ത്തുന്നു. ഹോളിവുഡ്‌/ബോളിവുഡ്‌ രീതിയിലുള്ള ഷോട്ട്‌ വേര്‍തിരിവുകളും എഡിറ്റിംഗിലെ വന്യമായ വേഗതയും ഗൗരവമുള്ള പ്രമേയത്തിന്റെ സത്ത ചോര്‍ത്തിക്കളയുകയാണ്‌.

2010 മാര്‍ച്ചില്‍ ലോകമെങ്ങും കൊമേഴ്‌സ്യല്‍ റിലീസിനൊരുങ്ങുകയാണ്‌ ഏക്‌ തോ ചാന്‍സ്‌. തന്റെ ചിത്രം കമേഴ്‌സ്യല്‍ ബ്ലെന്‍ഡ്‌ ആണെന്ന്‌ മിര്‍സ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താക്കളില്‍ പ്രമുഖനായിരുന്നു സയീദ്‌ അക്തര്‍ മിര്‍സ. ബോളിവുഡിന്റെ പണക്കൊഴുപ്പിനിടയിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന മിര്‍സ 14 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്‌. മിര്‍സയുടെ അവസാന ചിത്രമായ "നസീം" 1995ലെ ദേശീയ അവാര്‍ഡ്‌ നേടിയിരുന്നു. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷമുള്ള ഇന്ത്യന്‍ സാഹചര്യമാണ്‌ ഇതില്‍ പ്രമേയം. പൂണെയിലേയും കൊല്‍ക്കത്തയിലേയും ഫിലിം സ്‌കൂളുകളിലെ പ്രമുഖനായ ഈ അധ്യാപകനും, കച്ചവട സിനിമയുടെ വിപണി വ്യാകരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി സിനിമ നിര്‍മിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ സമാന്തര ശാഖയുടെ ഭാവി എന്താകും എന്നത്‌ പ്രവചനാതീതമാകുകയാണ്‌.


ലേഖകന്‍ ചലച്ചിത്ര സഹസംവിധായകനാണ്.

Dec 9, 2009

ചരിത്രം കുറ്റവാളിയാവുന്ന പലേരി മാണിക്യം

Inquiry should concern itself with seeing historically how effects of truth are produced within discourses which are neither true nor false - Michael Foucault

ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടിനു മുന്‍പ്‌ എഡ്‌ഗര്‍ അലന്‍ പോ എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ ഗ്രഹാംസ്‌ മാസികയില്‍ എഴുതിയ കഥയാണ്‌ 'മര്‍ഡേഴ്‌സ്‌ ഇന്‍ ദി റ്യുമോര്‍ഗ്'‌ (Murders in the Rue Morgue). കുറ്റന്വേഷണ സാഹിത്യവും ഷെര്‍ലക്‌ഹോംസ്‌ അടക്കമുള്ള കാല്‍പനിക കുറ്റാന്വേഷണ ബുദ്ധിരാക്ഷസന്മാര്‍ക്കു മാതൃകയായ ഷെവലിയാര്‍ അഗസ്റ്റ്‌ ഡ്യൂപിന്‍ എന്ന കുറ്റാന്വേഷകനും ഉടലെടുത്തത്‌ പോയുടെ ഇ കഥയിലൂടെയായിരുന്നു. പാരീസിലെ നഗരപ്രാന്തത്തില്‍ താമസിച്ചിരുന്ന രണ്ടു സ്‌ത്രീകളുടെ നിഷ്ഠൂര കൊലപാതകത്തെക്കുറിച്ചായിരുന്നു ഡ്യൂപിന്റെ ആദ്യ അന്വേഷണം. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം, കാലത്തെ ചരിത്രപരമായി രേഖപ്പെടുത്തിയാല്‍ കേരളസംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യത്തെ ഇംഎംഎസ്‌ മന്ത്രിസഭ അധികാരമേറ്റെടുക്കുന്നതിനോടടുത്ത്‌ വടക്കേമലബാറിലെ പലേരി എന്ന കുഗ്രാമത്തില്‍ കൊലചെയ്യപ്പെട്ട നിരാലംബയായ ഒരു ദലിത്‌ യുവതിയുടെ കഥ ടിപി രാജീവന്‍ തന്റെ കുറ്റാന്വേഷണ നോവലായ 'പലേരി മാണിക്യം ഒരു പാതിരാക്കൊലപാതക'ത്തിന്‌ വിഷയമാക്കിയത്‌ ചരിത്രത്തിന്റെ അനിവാര്യമായ ആകസ്‌മികതയാവാം.

പത്ത്‌ പേര്‍ ചേര്‍ന്നൊരുക്കിയ 'കേരളാ കഫേ' എന്ന വ്യത്യസ്‌തമായ ദൃശ്യാനുഭവത്തിന്റെ അമരക്കാരനായ ശേഷം ചലച്ചിത്രകാരന്‍ രഞ്‌ജിത്‌ ഈ നോവല്‍ അഭ്രപാളിയില്‍ പുനര്‍സൃഷ്ടിച്ചപ്പോള്‍ ഇതിലും അധികമായി എന്തെങ്കിലും മലയാളി പ്രേക്ഷകന്‍ പ്രതീഷിച്ചെങ്കില്‍ നിഷ്ടകളങ്കമായി ഒന്നു നെടുവീര്‍പ്പിടേണ്ടിവരും. 'സുബ്രമണ്യപുരം' എന്ന തമിഴ്‌ ചലച്ചിത്രത്തിലെ വയലന്‍സ്‌ മലയാളികളുടെ ചലച്ചിത്രഭാവുകത്വത്തെ ഉണര്‍ത്തിയത്‌ ഭീതിയോടെ കണ്ട രഞ്‌ജിത്‌ പലേരിമാണിക്യം എന്ന സാഹിത്യകൃതിക്ക്‌ ദൃശ്യഭാഷയൊരുക്കുമ്പോള്‍ തന്റെ പേടി മാറ്റിവച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു മികച്ച സൃഷ്ടിയായി ഇതു മാറുമായിരുന്നു. എങ്കിലും രഞ്‌ജിത്‌ ഒരുക്കിയ ദൃശ്യഭാഷ ബോക്‌സോഫീസിന്റെ കാണിക്കക്കണക്കുകള്‍പ്പുറം മലയാളത്തിലെ രാഷ്ട്രീയചരിത്രസിനിമകളുടെ അത്യപൂര്‍വമായ ജനുസിലേക്ക്‌ പിന്‍വാതിലിലൂടെയെങ്കിലും കടന്നുകയറുന്നുണ്ട്‌. കേരളീയ സമൂഹത്തില്‍ ഒരു മിത്തായി മാറിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ്‌ നന്മയുടെ അപചയം ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ആരംഭിച്ചതല്ലെന്നും അതിന്‌ ഒരു ശരാശരി മലയാളി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആഘോഷദിനമായി കാണുന്ന കമ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ അധികാര ലബ്ധിയുടെ കാലം മുതല്‍ക്കേ ആരംഭിച്ചിരുന്നുവെന്നും വിളിച്ചു പറയുന്ന ഒരു ചിത്രമെന്ന നിലയില്‍ ചില ചര്‍ച്ചകള്‍ ഈ ചിത്രം ആവശ്യപ്പെടുന്നു.

മുസ്ലീം ഫ്യൂഡലിസത്തിന്റെ കാഴ്ചകള്‍
മലയാളത്തിലെ
അത്യപൂര്‍വമായ കുറ്റാന്വേഷണ കഥയാണ്‌ ടിപി രാജീവന്റെ നോവല്‍. കേവലമായ കുറ്റാന്വേഷണ കഥയ്‌ക്കപ്പുറം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു ആഖ്യാനം കൂടിയാണ്‌ ഈ ചിത്രം. എംപി നാരായണപിള്ളയുടെ 'പരിണാമ'ത്തിനു ശേഷം കുറ്റാന്വേഷണ കഥയുടെ സംഭ്രാമാത്മക ഘടനയില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ വിളക്കിച്ചേര്‍ത്ത നോവലാണ്‌ പലേരി മാണിക്യം. ഒരു ചരിത്രാത്മക അതികഥനത്തിന്റെ (historiographic metafiction) ആഖ്യാനസങ്കേതങ്ങളെ മികച്ചരീതിയില്‍ ഉപയോഗിക്കുന്നുമുണ്ട്‌ ഈ പുസ്തകം. മലയാളിയുടെ സാമൂഹിക ബോധത്തിലും ചലച്ചിത്ര ബോധത്തിലും ഹൈന്ദവ സവര്‍ണ ഫ്യൂഡലിസത്തിന്റെ ശൂലങ്ങള്‍ തുളച്ചുകയറ്റിയ രഞ്‌ജിത്‌ വ്യത്യസ്‌തമായ ഒരു ചലച്ചിത്ര പരീക്ഷണത്തില്‍ മുസ്ലീം ഫ്യൂഡലിസത്തിന്റെ ചില കാണാക്കാഴ്‌ചകളിലേയ്‌ക്കാണ്‌ അതേ ശൂലങ്ങള്‍ വീശുന്നത്‌. സ്വയം നിര്‍മിച്ചെടുത്ത ഒരു വൃത്തത്തിന്റെ ആരം അല്‌പം പോലും കൂട്ടാന്‍ കഴിയത്ത സംവിധായകനാണ്‌ രഞ്‌ജിത്‌. ചിത്രത്തിലെ ഹിംസാത്മതമായ ലൈംഗികതയുടെ ദൃശ്യങ്ങള്‍ രഞ്‌ജിത്തിലെ അമച്വറിസത്തെയാണ്‌ മറനീക്കിക്കാണിക്കുന്നത്‌.

മുരിക്കും കുന്നത്ത്‌ അഹമദ്‌ ഹാജിയെന്ന പെണ്‍വേട്ടക്കാരനായ ഫ്യൂഡല്‍ മാടമ്പിയാണ്‌ ചിത്രത്തിലെ മുഖ്യകഥാപാത്രം. സ്വന്തം പുരയിടത്തില്‍ നിന്നും തേങ്ങ മോഷ്ടിച്ച അടിയാളനെ കന്നിന്‌ പകരം പുറത്ത്‌ നുകം വച്ചുകെട്ടി കണ്ടം പൂട്ടിക്കുന്ന ക്രൂരനായ മാടമ്പി. "കുളിച്ചു ഈറന്‍ മാറാതെ വാസനസോപ്പിന്റെ സുഗന്ധം പരത്തി കടന്നു പോകുന്ന പെണ്‍കിടാങ്ങള്‍ അത്‌ വല്ലവരുടെയും ഭാര്യമാരാണെങ്കിലും കുഴപ്പമില്ല തനിക്കു പേരുദോഷം കൂട്ടാന്‍ ഇറങ്ങി പുറപ്പെട്ടവര്‍" എന്നു തമാശ പറയുന്ന അഹമദ്‌ ഹാജിയുടെ ലൈംഗികാതിക്രമങ്ങള്‍ക്ക്‌ ഇരയാകാത്ത പെണ്ണുങ്ങള്‍ അപൂര്‍വമാണ്‌ പലേരിയില്‍. ഹാജിയുടെ പണിക്കാരനായ ഒതേനന്റെ ഭാര്യ ചിരുത ഹാജിയെന്ന പുരുഷാകാരത്തിനു മുന്നില്‍ കീഴ്‌പെട്ടുപോകുന്നുണ്ട്‌. അഹമദ്‌ ഹാജി ചീരുവുമായി വേഴ്‌ചയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അറിയാതെ അകത്തു കയറിയ ഒതേനനെ ഹാജി ചവിട്ടികൊല്ലുകയായിരുന്നുവെന്നാണ് കഥ. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഹാജിയുടെ കണ്ണിലുടക്കിയ മാണിക്യം എന്ന പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ചിരുതയുടെ മകന്‍ പൊട്ടനായ പൊക്കെന്റെ ഭാര്യയാക്കി പലേരിയില്‍ എത്തിക്കുകയാണ്‌ അയാള്‍ ചെയ്യുന്നത്‌. തുന്നിക്കൂട്ടിയ നിരവധി സ്വപ്‌നങ്ങളുമായെത്തിയ ആ പാവം പെണ്‍കുട്ടി വിവാഹം കഴിഞ്ഞ്‌ പതിനൊന്നാം ദിവസം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പടുകയും ചെയ്യുന്നു. 'തുന്നിക്കൂട്ടിയ സ്വപ്‌നം' എന്ന പുകസ നാടകം കാണാന്‍ പൊക്കനൊന്നിച്ചു പോകാനിരുന്ന മാണിക്യത്തെ പലേരിയില്‍ ഒറ്റപ്പെടുത്തി നാട്ടാരെയാകെ നാടകത്തിനു മുന്നിലെത്തിക്കുന്നതാണ്‌ ഹാജിയുടെ ബുദ്ധി.

അഹമദ്‌ ഹാജി പലേരിയില്‍ ഇന്നൊരു മിത്താണ്‌. മിത്തുകള്‍ ഭരണകൂടത്തിന്റെ താത്‌പര്യങ്ങളെ പ്രതിഷ്‌ഠാപനം ചെയ്യുന്ന സത്യങ്ങളായി മാറുന്നുവെന്നാണ്‌ ബാര്‍ത്‌ പറയുന്നതെങ്കിലും കേരളീയ സമൂഹത്തില്‍ നാം കാണുന്ന ചില സത്യങ്ങള്‍ ഇത്തരം മിത്തുകളെ യാഥാര്‍ത്ഥ്യങ്ങളാക്കി വിശ്വസിപ്പിക്കുന്നു. ഫാരിസ്‌ അബൂബക്കര്‍ എന്ന ഭൂമാഫിയക്കാരന്‍ കമ്യൂണിസ്റ്റ പാര്‍ടിയുടെ ചാര്‍ച്ചക്കാരനാകുന്നതിന്റെ ആര്‍ക്കിറ്റൈപ്പാണ്‌ മുരിക്കും കുന്നത്ത്‌ അഹമദ്‌ ഹാജിയും അയാളെ കുറ്റവിമുക്തമാക്കാന്‍ സഹായിക്കുന്ന പാര്‍ടിയും. താന്‍ നിശബ്ദയാക്കിയ മാണിക്യമെന്ന ദലിത്‌ യുവതിയുടെ നിലവിളികള്‍ക്കു മേല്‍ ഹാജി നല്‍കിയ പത്തേക്കര്‍ ഭുമിയിലാണ് അയാള്‍ക്കു മറച്ചു വയ്‌ക്കാനുള്ള സത്യങ്ങള്‍ കുഴിച്ചുമൂടി പാര്‍ടി അതിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ പണിയുന്നത്‌.

അടിസ്ഥാന വര്‍ഗത്തിന്റെ പ്രതിസന്ധി
തൊഴിലാളി വര്‍ഗത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും എന്ന ക്ലീഷേ പ്രയോഗത്തെ ആക്ഷേപിക്കാന്‍ രാജീവനും രഞ്‌ജിതും ഒരുക്കിയിരിക്കുന്ന കഥാപാത്രമാണ്‌ ക്ഷുരകനായ കേശവന്‍. സിനിമയില്‍ ക്ഷുരകന്റെ വൃദ്ധ കാലഘട്ടം അവതരിപ്പിക്കുന്നത്‌ ശ്രീനിവാസനാണ്‌. മലയാളത്തില്‍ ക്ഷുരകകഥാപാത്രങ്ങളുടെ (കാലാപാനി, കഥ പറയുമ്പോള്‍) മൊത്തക്കച്ചവടം ശ്രീനിവാസനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നു തോന്നുന്നു. പാര്‍ടിയില്‍ എന്നും ഉണ്ടായിരുന്ന സവര്‍ണമേധാവിത്വത്തിന്റെ അപര പ്രതിനിധിയായാണ്‌ കേശവന്‍. 57-ല്‍ സഖാവ്‌ ഇഎംഎസ്‌ അധികാരമേല്‍ക്കുന്നയന്ന്‌ കയ്യടിച്ച്‌ ആഹ്ലാദിക്കുന്ന കേശവനെ വീട്ടില്‍ വിളിച്ചു വരുത്തി മുടി മുറിപ്പിക്കുന്ന നായര്‍ കമ്യൂണിസ്റ്റുണ്ട്‌ ചിത്രത്തില്‍. മാണിക്യത്തിന്റെ കൊലപാതകത്തിനു പിന്നില്‍ ഹാജിക്കുള്ള പങ്കിനെക്കുറിച്ച്‌ കേശവന്‍ കൊണ്ടു നടക്കുന്ന സംശയങ്ങളെ പാര്‍ടി മുളയിടലേ നുള്ളുകയാണ്‌. കാരണം ആളായിട്ടും അര്‍ത്ഥമായിട്ടും ഹാജി പാര്‍ട്ടിക്കു ഒരു സഹായിയാണ്‌. മാണിക്യത്തെ ക്രൂരമായി മാനഭംപ്പെടുത്തുകയും കൊല്ലുകയും ചെയ്‌തവരുടെ നരകിച്ച മരണത്തില്‍ ആഹ്ലാദിക്കുന്ന കേശവനോട്‌ കുറ്റാന്വേഷകന്‍ ഇതൊരു കമ്യൂണിസ്‌റ്റ്‌ കാരന്റെ വാക്കുകളല്ല, മറിച്ച്‌ ഒരു വിശ്വാസിയുടേതാണ്‌ എന്ന്‌ ഓര്‍മിപ്പിക്കുന്നുണ്ട്‌. അതിന്‌ അയാള്‍ പറയുന്ന മറുപടി 'താന്‍ കമ്യൂണിസ്റ്റുമല്ല, വിശാവാസിയുമല്ല, ഒരു ക്ഷുരകന്‍ മാത്രം' എന്നാണ്. വിശ്വാസത്തിന്റെ പൊള്ളത്തരങ്ങളും പാര്‍ടിയുടെ കള്ളത്തരങ്ങളും അടിസ്ഥാന വര്‍ഗത്തിന്റെ അസ്‌തിത്വത്തെ അറ്റമില്ലാത്ത പ്രതിസന്ധിയിലേക്ക്‌ എത്തിക്കുന്നുവെന്ന്‌ ഈ മറുപടി അടിവരയിടുന്നു. ജാതീയമായും തൊഴില്‍പരമായും സ്വത്വത്തെ അടയാളപ്പെടുത്തേണ്ടി വരുന്നത്‌ ഇവിടുത്തെ മുഴുവന്‍ ദലിത്‌ ജനവിഭഗത്തിന്റെയും സംഘര്‍ഷമാണ്‌.

ലൈംഗീകതയുടെ ജനപ്രിയ നിര്‍മിതികള്‍
രഞ്‌ജിത്തിനെപോലുള്ള ഒരു സംവിധായകന്‍ കാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്ന സ്‌ത്രൈണതയുടെ വാര്‍പ്പുരൂപങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചിരിക്കുകയാണ്‌. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നമ്മുടെ നീതിബോധത്തെ മുറിപ്പെടുത്താത്തതിനു കാരണം സ്‌ത്രീ ലൈംഗീകതയുടെ ഇത്തരം ജനപ്രിയ നിര്‍മിതികള്‍ തന്നെയാണ്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടന്ന ഒരു കൊലപാതകത്തേക്കുറിച്ചു അന്വേഷണം നടത്തുന്നതിന്‌ കാരണമായി കുറ്റാന്വേഷകന്‍ പറയുന്നത്‌ ഒരു പാവം പെണ്‍കുട്ടിയെ ഉടലിന്റെ കരുത്തുകൊണ്ട്‌ പിച്ചിച്ചീന്തിയതിന്റെ ദുരൂഹത പുറത്തറിയാനാണെന്നാണ്‌. ഒരു പുരുഷ കഥാപാത്രത്തെ ഇത്തരത്തില്‍ വാചാലമാക്കിയ ശേഷം അയാളുടെ ഒപ്പമുള്ള തികച്ചും അപ്രസക്തമായ കഥാപാത്രം ചെയ്യുന്ന പെണ്‍കുട്ടിയുടെ ഉടല്‍ വടിവുകളിലൂടെ വലംവയ്‌ക്കുന്ന ക്യാമറയുടെ കണ്ണ്‌ മലയാളിയുടെ വോയുറിസ്‌റ്റിക്‌ കാമനകളെ തൃപ്‌തിപ്പെടുത്താന്‍ തന്നെയാണ്‌.

പുരുഷന്റെ കാല്‍ക്കീഴില്‍ ഞരിഞ്ഞമരുന്ന സ്‌ത്രീ എന്ന ക്ലീഷേ അതേ മട്ടില്‍ ദൃശ്യവത്‌കരിച്ചിരിക്കുന്ന ഒരു രംഗമുണ്ട്‌. ചീരുവിന്റെ ശരീരത്തോട്‌ ഹാജിക്കുണ്ടാകുന്ന താത്‌പര്യം അവളെ അറിയിക്കുന്ന കുന്നുപുറത്ത്‌ വേലായുധന്‍ എന്ന ശിങ്കിടിയോട്‌ ചീരു ഹാജിക്ക്‌ കിടന്നുകൊടുക്കാന്‍ തയാറല്ലയെന്ന്‌ ആക്രോശിക്കുന്നുണ്ട്‌. ഒപ്പം താന്‍ സഹോദരനെപ്പോലെ കാണുന്ന വേലായുധന്‍ ഇത്തരമൊരു ആവശ്യം പറഞ്ഞതില്‍ സങ്കടപ്പെടുകയും ചെയ്യുന്നു. ഹാജിക്കുള്ള മറുപടി താന്‍ നേരിട്ടു കൊടുത്തോളാമെന്ന്‌ പറഞ്ഞ്‌ ക്രുദ്ധയായി ചെല്ലുന്ന ചീരുവിന്റെ നാഭിച്ചുഴിയില്‍ കാലിന്റെ പെരുവിരല്‍ കൊണ്ടുഴിയുന്നതോടെ ചീരു കീഴ്‌പ്പെടുന്നു. കന്മദമെന്നചിത്രത്തില്‍ വാക്കത്തിയുമായി പുരുഷനെ നേരിടുന്ന മഞ്‌ജുവാര്യരുടെ കഥാപാത്രം ഒരു ചുംബനത്തിലൂടെ മോഹന്‍ ലാലിന്റെ നായകന് കീഴടങ്ങുന്നത്‌ നാം കണ്ടതാണല്ലോ (ലോഹിതദാസിനാണ്‌ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത). പിന്നീട്‌ ഹാജി അവളുടെ ഭര്‍ത്താവിനെ അവളുടെ കണ്‍മുന്നിലിട്ടു ചവിട്ടിക്കൊല്ലുമ്പോള്‍ പ്രതിഷേധിക്കാന്‍ അവള്‍ അശക്തയാണ്‌. തുടര്‍ന്ന്‌ ഹാജി അവളെ ഒരു ഗ്രാമവേശ്യേ (village concubin) ആയി ഉയര്‍ത്തുകയും ചെയ്യുന്നു. മാനഭംഗത്തിനുശേഷം സത്യം പുറത്തു പറയുമെന്നു പറയുന്ന മാണിക്യത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ ഹാജി വേലായുധനോട്‌ പറയുന്നു. കഴുത്തു ഞരിച്ചു കൊന്ന ശേഷം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്താന്‍ പോകുന്ന വഴി ചാക്കില്‍ നിന്നുമുയരുന്ന ജീവന്റെ ഞരക്കം വേ‌ലായുധനില്‍ കാമമുണര്‍ത്തുന്നു. എന്നാല്‍, ആ രംഗത്തിന്റെ തീവ്രതയും പൈശാചികതയും രഞ്‌ജിത്തൊരുക്കിയ ദൃശ്യത്തിലൂടെ പ്രേക്ഷകരിലേയ്‌ക്കെത്തുന്നില്ല. എഡ്‌ഗര്‍ അലന്‍ പോയുടെ കഥയില്‍ ഇരു സ്‌ത്രീകളെയും കൊല്ലുന്നത്‌ ഒരു ഒറാംങ്‌ ഉട്ടാങാണ്‌. മൃഗങ്ങളേക്കാള്‍ മൃഗീയനായ മനുഷ്യന്റെ ക്രൗര്യം സിനിമയുടെ ദൃശ്യസാധ്യതകള്‍ ഉപയോഗിക്കേണ്ട സംവിധായകന്‍ പേടിച്ചരണ്ട്‌ നില്‍ക്കുന്നതിനാല്‍ ഈ രംഗം ഒരു കാലത്ത്‌ മലയാളസിനിമയെ താങ്ങിനിര്‍ത്തിയ ഷക്കീല സിനിമകളെ ഓര്‍മപ്പെടുത്തിക്കളയുന്നു.

ആഖ്യാനത്തിന്റെ ത്രിമാനസ്വഭാവം
മരണത്തിനുശേഷം ഓരോ വ്യക്തിയും ഒരു കഥയാണ്‌ എന്ന മട്ടിലുള്ള ഒരു സംഭാഷണ ശകലമുണ്ട്‌ ചിത്രത്തില്‍. കുറ്റവാളിയും കൊലചെയ്‌തവനും സാക്ഷികളും സംശയിക്കപ്പെടുന്നവരുമെല്ലാം ചേരുന്ന ഒരു രാഷ്ട്രീയ ശരീരമാണ്‌ ഒരു കുറ്റാന്വേഷണ കഥ. മൃതമായ ഒരു ശരീരത്തിന്റെ കഥ പറയുന്നതോടെ കുറ്റകൃത്യങ്ങളുടെ ഒരു ചരിത്രം കുടിയാണ്‌ തെളിയുന്നത്. കൊക്കെയ്‌ന്‍ തെളിയിച്ച ബുദ്ധിയുമായി ലണ്ടന്‍ തെരുവുകളിലൂടെ ഷെര്‍ലക്‌ ഹോംസ്‌ നടന്നപ്പോള്‍ കഥയായത്‌ നാഗരികതയുടെ ക്രൂര ചരിത്രം കൂടിയായിരുന്നു.
തന്റെ ജനനത്തിന്റെയന്നു തന്നെ പലേരി എന്ന കുഗ്രാമത്തില്‍ നടന്ന രണ്ടു കൊലപാതകത്തിന്റെ തെളിയിക്കപ്പെടാതെ പോയ സത്യങ്ങളിലേയ്‌ക്ക്‌ ഭൂതക്കണ്ണാടി നീട്ടുന്ന ഹരിദാസ്‌ അഹമദ്‌ എന്ന പ്രൈവറ്റ്‌ ഡിറ്റക്ടീവില്‍ നിന്നാണ്‌ ചിത്രമാരംഭിക്കുന്നത്‌. ഈ അന്വേഷണങ്ങള്‍ക്കുള്ള മറ്റൊരു ഉദ്ദേശ്യം കണ്ടെത്താന്‍ പോകുന്ന സത്യങ്ങള്‍ ഒരു നോവലാക്കുക എന്നതാണ്‌. അങ്ങനെ ആഖ്യാനത്തിന്റെ ത്രിമാനസ്വഭാവത്തെ ദൃശ്യവത്‌കരിക്കുന്നതിന്‌ ചലച്ചിത്ര ഭാഷയുടെ വ്യാകരണമറിയാതെ കുഴങ്ങി നില്‍ക്കുന്ന സംവിധായകനെ കാണാം. ഒരേ സമയം സിനിമയ്‌ക്കും തന്റെ അന്വേഷണത്തനും നോവലിനുമുള്ള നാന്ദിയില്‍ (ഫോക്‌ലോറില്‍ താത്‌പര്യമുള്ളവര്‍ക്ക്‌ തോറ്റംപാട്ട്‌ എന്നു തിരുത്തിവായിക്കാം) മറ്റുള്ളവരുടെ ജീവിതത്തിലേയ്‌ക്ക്‌ ഒരിക്കലും എത്തി നോക്കാന്‍ ഇഷ്ടപ്പെടാത്ത താന്‍ ഒരു ഡിറ്റക്ടടീവായതില്‍ അത്‌ഭുതപ്പെടുന്നുണ്ട്‌. അയാളുടേത്‌ ഒരു കേസ്‌ അന്വേഷണ(investigation)മല്ല, മറിച്ച്‌ ആത്മാന്വേഷണ(introspection)മാണ്‌. ഈ അന്വേഷണം അയാളെ കൊണ്ടെത്തിക്കുന്നത്‌ സ്വന്തം പിതാവിന്റെയും അര്‍ധസഹോദരന്റെയും നിഷ്ഠൂരതകളില്‍ സ്വന്തം പ്രതിബിംബവും കണ്ടെത്തുന്നതിലാണ്‌. പിതാവ്‌ അഹമദ്‌ ഹാജി ഗ്രാമത്തിലെ ക്രൂരനും ധനികനുമായ മാടമ്പി. അര്‍ധസഹോദരന്‍ ഉന്നതവിദ്യാഭ്യാസം നേടിയയാള്‍. ഗ്രാമത്തിലെ നിരവധിയായ കീഴാളസ്‌ത്രികളില്‍ ഹിംസാത്മകമായ ലൈംഗീക ചോദനകളുടെ വിത്തു മുളപ്പിച്ച പിതാവിനെയും അതേ ചോദനകളെ ഏറ്റുവാങ്ങിയ അര്‍ധസഹോദരനെയും വെറുപ്പോടെ കാണുന്ന ഹരിദാസ്‌ അഹമദ്‌ കാണാതെ പോകുന്നത്‌ അതേ ചോദനകളുടെ കാല്‌പനികമായ ഒരു അംശം തന്നിലുമുണ്ടെന്നാണ്‌. അന്യന്റെ ഭാര്യയെ അപ്രസക്തവും നിരര്‍ഥകവുമായ ഒരു ജോലിക്കാരിയുടെ മറവില്‍ കൂടെ കൊണ്ടു നടക്കുന്നതിലാണ്‌ ഇതു വ്യക്തമാകുന്നത്‌. ഈ മൂന്നുവേഷവും ഒരേ നടനെത്തന്നെ ഏല്‍പ്പിച്ചുവെന്നതില്‍ രജ്ഞിത്തിന്‌ അഭിമാനിക്കാം. ഈ മൂന്നു കഥാപാത്രങ്ങളും പങ്കുവയ്‌ക്കുന്ന സ്വത്വപരമായ സാമ്യങ്ങളെ കാഴ്‌ചയില്‍ ദൃഢപ്പെടുത്തുന്നതില്‍ ഈ കാസ്റ്റിംഗ്‌ സഹായിക്കുന്നുണ്ട്‌. മുന്നു വേഷങ്ങളും ചെയ്‌തിരിക്കുന്നത്‌ മമ്മുട്ടിയാണ്‌. വിധേയനിലെ ഭാസ്‌ക്കര പട്ടേലര്‍ക്കു ശേഷം മ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമാണ്‌ അഹമദ്‌ ഹാജി. രൂപം കൊണ്ടും ഭാവം കൊണ്ടും ആ കഥാപാത്രം മമ്മുട്ടി അനശ്വരമാക്കിയിരിക്കുന്നു.

ഈഡിപ്പസ്‌ രാജാവിന്റെ കഥ മികച്ചൊരു കുറ്റാന്വേഷണ കഥകൂടിയാണല്ലോ. കുറ്റവാളിയും അന്വേഷകനും ഒരാളായിമാറുന്ന സങ്കീര്‍ണമായ ആത്മസംഘര്‍ഷമാണ്‌ ഈഡിപ്പസ്‌ അനുഭവിക്കുന്നത്‌. അതേ ആത്സസംഘര്‍ഷത്തിലൂടെ കടന്നുപോകുന്നയാളാണ്‌ ഹരിദാസ്‌ അഹമദ്‌. എങ്കിലും ആ ആത്മസംഘര്‍ഷങ്ങള്‍ സന്നിവേശിപ്പിക്കാന്‍ തിരക്കഥാകൃത്തിനും പ്രകടിപ്പിക്കാന്‍ മമ്മൂട്ടിക്കും കഴിയുന്നില്ല. നാട്ടുരാജാവ്‌ എന്ന ഷാജി കൈലാസ്‌ ചിത്രത്തില്‍ സിനിമയില്‍ അച്‌ഹാംലെറ്റ്‌ ഡിലെമ പേറുന്ന ഒരു സങ്കീര്‍ണതയാണ്‌ ഹരിദാസ് അഹമദിന്റെയും കഥാപാത്രം. ക്രൂരനായ ജന്മിയ്‌ക്ക്‌ അന്യജാതിയില്‍ പിഴച്ചുണ്ടായ സന്തതിയുടെ അപകര്‍ഷത എഴുത്തുകാരന്റെ വരേണ്യ അസ്ഥിത്വത്തില്‍ മൂടിവയ്‌ക്കുകയാണ്‌ അയാള്‍.
സിനിമയെക്കുറിച്ചുള്ള ഈ കുറിപ്പ്‌ അതിന്‌ ആധാരമായ എഴുത്തുകാരനെ കുറിച്ചുള്ളത്‌ ആയിപ്പോയതിന്‌ രഞ്‌ജിത്തിന്റെ പേരില്‍ മാപ്പ്‌ ചോദിക്കുന്നു.

ജോര്‍ജ്‌ സെബാസ്റ്റ്യന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഗവേഷകനാണ്

Nov 22, 2009

കഫേയിലെ കാഴ്ചകള്‍

'കേരള കഫേ'യില്‍ നല്ല വിശേഷങ്ങളും ചീത്ത വിശേഷങ്ങളുമുണ്ടെന്ന് സുനീഷ് മലയാള സിനിമയില്‍ ഒരു പരീക്ഷണം നടന്നിരിക്കുന്നു എന്നാണ് പുതിയ വര്‍ത്തമാനം. കേരള കഫേയുടെ വരവാണ് അത്തരത്തില്‍ പരീക്ഷണമായത്. എത്ര സംവിധായകര്‍ ബോക്‌സോഫീസ് തകര്‍ക്കും പടങ്ങള്‍ എടുത്തു. എന്നിട്ട് അവര്‍ക്കാര്‍ക്കും കഴിയാത്ത കാര്യമാണ് രഞ്ജിതിന്റെ നേതൃത്വത്തില്‍ 10 സംവിധായകര്‍ ഒരുചിത്രത്തിന് ഒരുമിച്ചത്. പരീക്ഷണത്തെ കുറിച്ചും ആസ്വാദകര്‍ കാണേണ്ട പടമാണെന്നും പറയുന്നത് നമ്മളൊന്നുമല്ല. സാക്ഷാല്‍ സത്യന്‍ അന്തിക്കാടാണ്.

ചിത്രം കുണ്ടു തുടങ്ങുന്നതിന് മുമ്പ് അന്തിക്കാടിന്റെ പരസ്യവാചകം കേള്‍ക്കാം. മുപ്പത്തഞ്ചുരൂപ കൊടുത്ത് പടം കാണുന്നവര്‍ക്ക് മുന്നിലാണ് സത്യന്‍ അന്തിക്കാട് പരീക്ഷണചിത്രത്തെ കുറിച്ച് വാചാലനാവുന്നത്. കാശ് പോയാല്‍ പരീക്ഷണചിത്രമെന്ന് ആശ്വസിക്കാമെന്ന് ചുരുക്കം. മണിക്കൂറില്‍ നാല്‍പ്പത് വട്ടം മലയാളിയുടെ ആസ്വാദനനിലവാര തകര്‍ച്ചയെ കുറിച്ച് കുറ്റം പറയുന്നവര്‍ക്കുള്ള മറുപടിയാണ് കേരള കഫേയുടെ തരക്കേടില്ലാത്ത പ്രദര്‍ശനവിജയം. പത്തുസിനിമകള്‍ രുമണിക്കൂറിലേറെ നേരം ആസ്വദിക്കാന്‍ കഴിയുന്ന മലയാളിക്ക് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യത്വവും സ്‌നേഹവും ബാക്കിയുള്ളത് കൊണ്ടാണെന്ന് സമ്മതിക്കുകയും വേണം.

കഫേയില്‍ നിന്ന് തുടക്കം
പലതരം ജീവിതങ്ങളിലൂടെയും കടന്നുപോകാന്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും നിര്‍ബന്ധിതരാകുന്ന സാഹചര്യം മലയാളിക്ക് വന്നു ചേര്‍ന്നിട്ടു്. ഇങ്ങനെയൊരു ഗുണകരമായ പാഠമാകാം ഐലന്റ് എക്പ്രസിലെ നായകന്‍ നല്‍കുന്നത്. പെരുമണ്‍ ദുരന്തത്തിലെ ജീവിക്കുന്ന മുഖങ്ങളെ കണ്ടുമുട്ടാനിടയായതിന് അയാള്‍ റ്റെക്‌നോളജിയോടാണ് നന്ദി പറയുന്നത്.

നൊസ്റ്റാള്‍ജിയ (എം പത്മകുമാര്‍), ഐലന്റ് എക്‌സ്പ്രസ്(ശങ്കര്‍ രാമകൃഷ്ണന്‍), ലളിതം ഹിരണ്‍മയം (ഷാജി കൈലാസ്), മൃത്യുഞ്ജയം (ഉദയ് അനന്തന്‍), ഹാപ്പി ജേണി (അഞ്ജലി മേനോന്‍), ഓഫ് സീസണ് ‍(ശ്യാമപ്രസാദ്), മകള്‍ (രേവതി), അവിരാമം (ബി ഉണ്ണികൃഷ്ണന്‍), ദ ബ്രിഡ്ജ് (അന്‍വര്‍ റഷീദ്) ,പുറം കാഴ്ചകള്‍ (ലാല്‍ ജോസ്) എന്നിങ്ങനെ 10 ഹ്രസ്വ സിനിമകളാണ് കേരള കഫേയില്‍ ഉള്ളത്. ശ്യാമപ്രസാദ് മുതല്‍ ഉദയ് അനന്തന്‍ വരെയുള്ള മുതിര്‍ന്നവരും പുതുതലമുറയില്‍ പെടുന്ന സംവിധായകരും സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നു. കേരള കഫേയില്‍ എത്തുന്ന 10 യാത്രക്കാരുടെ കഥകളാണ് സിനിമ.

അടൂര്‍ ഗോപാലകൃഷ്ണന്‍ തകഴിയുടെ ചെറുകഥകള്‍ക്ക് സിനിമാവിഷ്കാരം ഉണ്ടാക്കിയത് രണ്ടു വര്‍ഷം മുമ്പാണ്. അന്നതൊരു പുതുമ എന്നതിന് പകരം വിഖ്യാത സാഹിത്യകാരന്റെ കഥകള്‍ക്ക് സിനിമ എന്ന മാധ്യമത്തില്‍ പകര്‍പ്പ് ഉണ്ടാക്കുകയാണെന്ന തോന്നലുകളാണ് പൊതുവെ കണ്ടത്. കേരളത്തിലെ പഴയകാല ജീവിതാനുഭവങ്ങള്‍ നല്‍കാന്‍ അതിലെ നാലു ചെറു സിനിമകള്‍ സാധിക്കുന്നുണ്ടെന്നെ നിലയിലാണ് പുറത്തെ ചലച്ചിത്രപ്രേമികള്‍ ചിത്രത്തെ സമീപിച്ചതും.

പുറത്ത് കളയുന്നത്
കേരള കഫെയില്‍ മികച്ച സിനിമ എന്ന് രണ്ടാമതൊരു വട്ടം ആലോചിക്കാതെ പറയാന്‍ കഴിയുന്ന ചിത്രമാണ് 'ദ ബ്രിഡ്ജ്'. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പടം രുതരം ജീവിതാനുഭവങ്ങളെ കുറിച്ചാണ് പറയുന്നത്. ഇഷ്ടവും ഇഷ്ടക്കേടും എന്ന് അതിനെചുരുക്കി പറയാം.

കുട്ടിക്ക് പൂച്ചയോടുള്ള ഇഷ്ടവും അലക്കുകാരന് അമ്മയോടുള്ള ഇഷ്ടക്കേടുമാണ് കഥ. പൂച്ചയെ കുട്ടിയുടെ പപ്പ നഗരത്തിന്റെ കുപ്പ തൊട്ടിയിലേക്ക് വലിച്ചെറിയുകയാണ്. അലക്കുകാരന്‍ അമ്മയെ നഗരത്തിലെ സിനിമാ തിയറ്ററില്‍ ഉപേക്ഷിക്കുന്നു. വലിച്ചെറിയപ്പെടുന്ന പൂച്ചയെ കുട്ടി പനിച്ചു വിറയ്ക്കുമ്പോള്‍ പപ്പ അന്വേഷിക്കുന്നുണ്ട്. കണ്ണു കാണാത്ത, പ്രായാധിക്യം തളര്‍ത്തിയ പെറ്റമ്മയെ ഉപേക്ഷിക്കുന്നയാള്‍ക്ക് ഒരുപക്ഷേ സങ്കടമുണ്ടായിരിക്കാം.എന്നാല്‍ അതിനെക്കാളൊക്കെ വലുതായി അയാളെ നയിക്കുന്നത് ഭാര്യയും മകളും നൂറുകൂട്ടം പ്രശ്‌നങ്ങളും അവരുടെ സന്തോഷവുമാണ്.

അമ്മയെയും പൂച്ചക്കുട്ടിയെയും നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് കാഴ്ചക്കാര്‍ കണ്ടെത്തുന്നു. അലക്കുകാരന്റെയും അലക്കുക്കാരിയുടെയും ജീവിതം മനോഹരമായി ഛായാഗ്രാഹകന്‍ പകര്‍ത്തിയിരിക്കുന്നു. വൃദ്ധയുടെ ഒറ്റപ്പെടലിനെയും സങ്കടത്തെയും എത്രമനോഹരമായാണ് കോഴിക്കോട് ശാന്താദേവി അവതരിപ്പിച്ചിരിക്കുന്നത്!

പൂച്ചക്കുട്ടിയോട് ഇഷ്ടമുള്ള കുട്ടിയുടെ കഥയും ഹൃദ്യമാണ്. വെട്ടിമാറ്റാനും മാറ്റി പറയാനും സാധിക്കാത്ത വിധത്തില്‍ അത്രയും കെട്ടുറപ്പിലാണ് സിനിമ നില്‍ക്കുന്നത്. കമല്‍ മുഹമ്മദ് സംവിധാനം ചെയ്ത സുഭാഷ്ചന്ദ്രന്റെ 'വധക്രമം' എന്ന ഹ്രസ്വ സിനിമയുടെയും മജീദ് മജീദിയുടെ ഇറാന്‍ സിനിമയായ 'കളര്‍ ഓഫ് പാരഡൈസി'ന്റെ ഓര്‍മകളിലേക്കാവും ശരാശരി സിനിമയുടെ ആസ്വാദകന്‍ ഈ സിനിമ കണ്ടുകൊണ്ടിരിക്കെ വീഴുക.

വധക്രമത്തില്‍ അന്ധയായ സഹോദരിയെ തീവണ്ടി പാളത്തില്‍ ഉപേക്ഷിക്കുന്ന സഹോദരാണ് എങ്കില്‍ മജീദിയുടെ പടത്തില്‍ അച്ഛനാണ് സ്വന്തം മകനെ വെള്ളച്ചാട്ടത്തില്‍ ഉപേക്ഷിക്കുന്നത്. രണ്ട് ഉപേക്ഷിക്കലുകളും അവരവരുടെ സ്വന്തം ഇഷ്ടത്തിനും തനിക്ക് ഉണ്ടാകുന്ന കുറച്ചിലുകളും കൊണ്ടാണെന്ന് കാണാം.

ശുഭയാത്ര
അഞ്ജലി മേനോന്റെ 'ഹാപ്പി ജേണി'യും എടുത്ത പറയേണ്ട ചിത്രമാണ്. 'മഞ്ചാടിക്കുരു' എന്ന ചിത്രത്തിലൂടെ രാജ്യാന്തര പ്രശസ്തയായ സിനിമാക്കാരിയാണ് അഞ്ജലി മേനോന്‍. സൂക്ഷ്മമായ നിരീക്ഷണമാണ് ഈസിനിമയുടെ തിരക്കഥയും അതിലെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വ്യക്തമാക്കുന്നത്. തനിച്ച് യാത്രചെയ്യുന്ന കേരളത്തിലെ ഒരു പെണ്‍കുട്ടിക്ക് വന്നു ചേരുന്ന അനുഭവമാണിത്. മോശമായി കൊണ്ടിരിക്കുന്ന അനുഭവത്തില്‍ നിന്ന് വിദഗ്ധമായി പെണ്‍കുട്ടി നടത്തുന്ന രക്ഷപ്പെടല്‍ കാഴ്ചയിലെ തമാശയും അനുഭവത്തിലെ കറുപ്പുമായി മാറുന്നു.

പെണ്‍കുട്ടിയുടെ ചെറുസംഭാഷണങ്ങളിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. അവ പ്രസംഗത്തിലേക്കോ വിരസതയിലേക്കോ പോകുന്നതിന് പകരം താന്‍ പറയുന്നത് സിനിമ എന്ന മാധ്യമം ഉപയോഗിച്ചാണ് എന്ന പൂര്‍ണ ബോധ്യം കഥയെ നല്ല ക്ലൈമാക്‌സിലേക്ക് കൊണ്ടു പോകുന്നു. ജഗതി ശ്രീകുമാറിന്റെ ഗംഭീരമായ ഭാവാഭിനയപ്രകടനത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. സത്യം പറയാമല്ലോ, ആസ്വാദകരെ പിടിച്ചിരുത്തുന്നു ഹാപ്പി ജേണി.

മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളെയും ഗ്രാമങ്ങളെയും സ്‌നേഹിക്കുന്ന പ്രവാസി മലയാളിയാണ് 'നൊസ്റ്റാള്‍ജിയ'യിലെ ദിലീപിന്റെ കഥാപാത്രം. റിംഗ് ടോണ്‍ അറബിക്കഥയിലെ `തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുന്നെ' പാട്ടാണ്. ഇങ്ങനെഒക്കെയാണെങ്കിലും അയാളെ അടിമുടി ഭരിക്കുന്നത് ബിസിനസുകാരന്റെ ബുദ്ധിയും വിചാരവുമാണ്. അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലേക്കും മക്കളെ കോണ്‍വെന്റിലേക്കും അയക്കുന്ന സ്‌നേഹമാണ് അയാളുടേത്. സുഹൃത്തിന്റെ സ്‌നേഹസ്പര്‍ശം കാത്തിരിക്കുന്ന സഹപാഠിയാണ് കേരള കഫേയിലെ വെയ്റ്ററായ സുധീഷ്.

'അവിരാമം', 'ലളിതം ഹിരണ്‍മയം', 'മൃത്യുഞ്ജയം' എന്നീ ചിത്രങ്ങളും കണ്ടിരിക്കാമെന്ന ആശ്വാസം ആസ്വാദകര്‍ക്ക് ഉണ്ടാകാം. 'രേവതിയുടെ മകള്‍' എന്ന ചിത്രം കേട്ടുമടുത്ത പ്രമേയമാണ്. കുട്ടികളെ ദത്തെടുക്കുന്നവെന്ന വ്യാജേന പെണ്‍വാണിഭ റാക്കറ്റുകള്‍ വില്‍പ്പന നടത്തുന്നതിന്റെ കഥയാണ് മകള്‍. ദൃശ്യങ്ങള്‍ രൂപപ്പെടുത്തുന്നതിലും കഥാപാത്രങ്ങളുടെ അവതരണവും കാഴ്ചക്കാരെ ആകര്‍ഷിക്കില്ല.

സിവി ശ്രീരാമന്റെ 'പുറം കാഴ്ചകള്‍' ഏറെ ശ്രദ്ധനേടിയ ചെറുകഥയാണ്. ആ ചെറുകഥയുടെ ആവിഷ്കാരമാണ് പുറംകാഴ്ചകള് എന്ന ചിത്രം. ലാല്‍ജോസാണ് സംവിധായകന്‍. അടുത്തിരിക്കുന്നവരുടെ അനുഭവങ്ങളും ചിന്തകളും എന്തായിരിക്കുമെന്ന് പോലും സമീപത്തുള്ളവര്‍ ഓര്‍ക്കാറില്ല. എത്ര ഭീതിമായ കാഴ്ചയായിരിക്കാം അവ പങ്കുവയ്ക്കുക. എന്നാല്‍ അത്രത്തോളം ആഴത്തില്‍ പുറം കാഴ്ചകള്‍ ആസ്വാദകരെ അലോസരപ്പെടുത്തി എന്നുവരില്ല. കാഴ്ചയ്ക്ക് മമ്മൂട്ടിയും ശ്രിനീവാസനും സിനിമയിലുണ്ട്.കേരള കഫേയുടെ സംവിധായകന്‍ രഞ്ജിതാണ്. നല്ല സിനിമകള്‍ കഫേയിലുണ്ടാവുമ്പോള്‍ തന്നെ നിരാശപ്പെടുത്തുന്ന ചിത്രങ്ങളുമുണ്ട് ഇതില്‍. സുരാജ് വെഞ്ഞാറമൂടിനെവെച്ച് തമാശപ്പടം ചെയ്യാനുള്ള ശ്യാമ പ്രസാദിന്റെ ശ്രമം പാളുന്നത് `ഓഫ് സീസണി'ലൂടെ കാണാം.

മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഹ്രസ്വസിനിമകളുടെ സംരംഭം തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞതിലൂടെ ഉണ്ടായിരിക്കുന്നത്.ഹ്രസ്വ സിനിമയുടെ ഭംഗിയും പുതുമയും ശക്തിയും തിരിച്ചറിയാന്‍ തുടങ്ങിയ സമയത്ത് മലയാള സിനിമ ഒരു മുഴുനീള സിനിമയുണ്ടാക്കി ഒരു പടി കൂടി മുന്നോട്ടുപോയി.

പ്രതീക്ഷ
ചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ഇന്ത്യന്‍ ചിത്രമാണ് 'ദ മാന്‍സ് വുമണ്‍ ആന്‍ഡ് അദര്‍ സ്‌റ്റോറീസ്'. ന്യൂട്രെന്‍സ് ഇന്‍ വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്. മൂന്നു ഹിന്ദി കഥകളുടെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. അമിത്ത് ദത്തയാണ് ചിത്രത്തിന്റെ സംവിധായകന്‍. 74 വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ ചിത്രത്തിന് വെനീസ് മേളയില്‍ അംഗീകാരം ലഭിക്കുന്നത്. പറഞ്ഞു വരുന്ന കാര്യമിതാണ്, ഹ്രസ്വസിനിമകള്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. കേരള കഫേയ്ക്ക് ഈ നിലയില്‍ നല്ല തുടര്‍ച്ചകളാവും ഉണ്ടാകാന്‍ പോകുന്നത്.

Nov 8, 2009

റിടേക്ക്: കാണാകണ്മണിക്ക് പറയാനുള്ളത്

അക്കു അക്ബറിന്റെ കാണാകണ്മണി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് ജിപ്സന്‍ ജേക്കബ്പ്രേതസിനിമകള്‍ എന്തെങ്കിലും ഗുണപരമായ ആശയങ്ങള്‍ എന്നെങ്കിലും പങ്കു വച്ചിട്ടുണ്ടോ എന്നു സംശയമാണ്. പലപ്പോഴും അവ അന്ധവിശ്വാസങ്ങളുടെ ദൃശ്യവല്‍ക്കരണമായിത്തീരാറാണ് പതിവ്. പ്രേതസിനിമയെന്നു വിളിക്കാമോയെന്ന് അറിയില്ലെങ്കിലും നമ്മുടെ സൂപ്പര്‍ഹിറ്റുകളിലൊന്നായ മണിചിത്രത്താഴുപോലും ഇതില്‍ നിന്നും വ്യത്യസ്തമല്ല.* എന്നാല്‍ ഇത്തരമൊരു ഴാനിലൂടെ(genre) ആരെങ്കിലും ഒരു ഗുണപാഠം നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഹിന്ദി ചിത്രമായ 'ഗൌരി ദി അണ്‍ബോണിന്റേയും(2007) അതിന്റെ റീമേക്ക് ആയ ' കാണാകണ്‍മണി(2009)'യുടേയും സംവിധായകന്‍ അക്കു അക്ബര്‍ മാത്രമാവാനാണു സാധ്യത. ഈ തിരഞ്ഞെടുപ്പുതന്നെയാണ് കാണാകണ്‍മണിയുടെ ഏറ്റവും വലിയ പോരായ്മയും.

ഗര്‍ഭചിദ്രം തെറ്റാണെന്നാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിനുവേണ്ടി നമ്മുടെ സ്വന്തം പ്രേതകഥാരൂപം കടമെടുത്തപ്പോഴാണ് അത് പറയാനുദ്ദേശിക്കുന്ന സന്ദേശത്തെപ്പോലും വികൃതമാക്കിയത്. പ്രേക്ഷകന്റെ സഹതാപവും സഹാനുഭൂതിയും പിടിച്ചു പറ്റേണ്ടതിനു പകരം മാതാപിതാക്കളെ വേട്ടയാടുന്ന ഒരു സര്‍വ്വസംഹാരിണിയായാണ് ഗര്‍ഭചിദ്രം വഴി വധിക്കപ്പെട്ട ഗര്‍ഭസ്ഥശിശു(ശിവാനി) ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്. മറ്റുപല പ്രേതസിനിമകളും അവസാനിക്കുന്നതു പോലെ മന്ത്രവാദവും പ്രേതോച്ചാടനവും ഇല്ലാത്തതു കൊണ്ട് ഗുണപാഠം പൂര്‍ണമായും വിപരീതാര്‍ത്ഥത്തില്‍ കലാശിച്ചില്ലെന്നു നമ്മുക്കു സമാധാനിക്കാം.

ഇനി ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അല്‍പം ആലോചനയാവാം. 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ടാണ് (MTP Act,1971) ഗര്‍ഭചിദ്രം ചില വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിയമപരമാക്കിയത്. ഇതുപ്രകാരം അമ്മയുടെ ജീവനു ഭീഷണിയാകുമ്പോഴോ, കുട്ടിയ്ക്ക് എന്തെങ്കിലും സാരമായ വൈകല്യങ്ങള്‍ ഉണ്ടാകാമെന്നുണ്ടെങ്കിലോ ഗര്‍ഭചിദ്രമാകാം. ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയായതാണെങ്കിലും ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ പരാജയപ്പെട്ടുണ്ടായ ഗര്‍ഭമാണെങ്കിലും അബോര്‍ഷന് നിയമപരിരക്ഷ ലഭിക്കാം. എങ്കിലും ആദ്യത്തെ 12 (രണ്ടു ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരമാണെങ്കില്‍ 20) ആഴ്ചകള്‍ക്കുള്ളില്‍ യോഗ്യതയുള്ള ഡോക്ടറുടെ നേതൃത്വത്തില്‍ ഗര്‍ഭിണിയുടെ സമ്മതത്തോടെ അതു നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. **എന്നാല്‍ ഈ നിയമത്തിലെ പല പഴുതുകളും മുതലെടുത്ത് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണങ്ങളെ തിരഞ്ഞുപിടിച്ച് അബോര്‍ഷനു വിധേയമാക്കുവാന്‍ തുടങ്ങിയപ്പോഴാണ് 1994ല്‍ പ്രീനാറ്റല്‍ ഡയഗ്നോസ്റ്റിക്ക് ടെക്നിക്സ് റെഗുലേഷന്‍സ് ആന്‍ഡ് പ്രിവെന്‍ഷന്‍ ഓഫ് മിസ്യൂസ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2002ല്‍ 1971ലെ MTP ആക്ടിനു ചില ഭേദഗതികളും കൊണ്ടുവന്നു.

പക്ഷെ അതുകൊണ്ടൊന്നും പെണ്‍ഭ്രൂണഹത്യയും പെണ്‍ശിശുഹത്യയും തടയിടാനായില്ലെന്നതാണ് സത്യം. എന്നാല്‍ 'കാണാകണ്‍മണി' നമ്മുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നത് ഇത്തരം പ്രശ്നങ്ങളിലേയ്ക്കല്ല. കാരണം മിശ്രവിവാഹിതരായ റോയിയും മായയും തങ്ങളുടെ ആദ്യത്തെ കുഞ്ഞ് പെണ്‍കുഞ്ഞ് ആവണമെന്ന് ആഗ്രഹിക്കുന്നവരാണ്. കൂടാതെ അവള്‍ക്കായി ശിവാനിയെന്നൊരു പേരും അവര്‍ ‍കണ്ടുവയ്ക്കുന്നു. എന്നാല്‍ ആദ്യത്തെ കുഞ്ഞു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മതിയെന്ന തീരുമാനമെടുത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഗര്‍ഭധാരണം. ഇത് ഗര്‍ഭനിയന്ത്രണോപാധികളുടെ പരാജയം മൂലമാവാമെന്ന് പ്രേക്ഷകന് അനുമാനിക്കാവുന്നതാണ്. പിന്നീട് കുഞ്ഞിനെ ഇല്ലാതാക്കാന്‍ അവര്‍ തീരുമാനമെടുക്കുന്നു. തങ്ങള്‍ തീരുമാനിക്കുന്ന സമയത്താണ് തങ്ങളുടെ കുഞ്ഞു ജനിക്കേണ്ടെതെന്നാണ് റോയി ഇതിനു പറയുന്ന ന്യായികരണം. പോരാത്തതിന് നിയമപ്രകാരം ഇതു ശരിയാണു താനും. എന്നാല്‍ ഇതില്‍ വിയോജിപ്പു പ്രകടിപ്പിക്കുന്ന മായയുടെ അച്ഛന്‍ കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്ന പക്ഷക്കാരനാണ്. അബോര്‍ഷനുവേണ്ടി അവര്‍ സമീപിക്കുന്ന ഡോക്ടര്‍ക്കും മറ്റൊരഭിപ്രായമില്ല. അമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഉറപ്പുള്ള ഘട്ടത്തില്‍ മാത്രമേ ഗര്‍ഭചിദ്രത്തിന് അല്‍പ്പമെങ്കിലും ന്യായീകരണമുള്ളൂവെന്നാണ് അവരുടെ വാദം. ഇങ്ങനെ സിനിമയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചില പരാമര്‍ശങ്ങളാണ് ഈ സിനിമയുടെ രാഷ്ട്രീയമെന്ത് എന്ന ചോദ്യമുയര്‍ത്തുന്നത്? അവിടെയാണ് പ്രോലൈഫ് (Prolife)എന്ന പ്രസ്ഥാനം കടന്നുവരുന്നത്. ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രത്യേകിച്ച് കത്തോലിക്കരുടെ ഇടയില്‍ വേരോട്ടമുള്ള ഒരു സംഘടനയാണിത്. ഗര്‍ഭചിദ്രം, ദയാവധം, വധശിക്ഷ,ഹ്യൂമന്‍ ക്ലോണിങ്ങ് എന്നിവയോട് ശക്തമായ വിയോജിപ്പാണ് പ്രോലൈഫിനുള്ളത്. ഇതിലെ ചില വിഭാഗങ്ങള്‍ കൃത്രിമജനനനിയന്ത്രണത്തേയും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പ്രൊലൈഫിന്റെ നിലപാടുകളോട് എതിര്‍പ്പുള്ള പ്രോ-ചോയ്സെന്ന മറ്റൊരു സംഘടനയുണ്ട്. വ്യക്തിസ്വാതന്ത്ര്യം, പ്രത്യുത്പാദനസ്വാതന്ത്ര്യം, പ്രത്യുത്പാദന അവകാശം എന്നീ നിലാപാടുകളിലൂന്നിയാണ് ഈ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ്. ഒന്നു സെറ്റിലായിട്ടുമതി കുഞ്ഞുങ്ങള്‍ എന്ന റോയിയുടേയും മായയുടേയും അഭിപ്രായം പ്രോചോയ്സിന്റെ വാദങ്ങളുമായി ഒത്തുപോകുന്നതാണ്.

അതാണ് വിമര്‍ശനവിധേയമാകുന്നതും. കുട്ടികള്‍ വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം നമുക്കല്ലല്ലോയെന്നു സൂചിപ്പിക്കുന്ന അയ്യര്‍ (നെടുമുടി വേണു) വെറുമൊരു ഈശ്വരവിശ്വാസി മാത്രമാണെന്നു കരുതുക വയ്യ. കൂടാതെ ഗര്‍ഭചിദ്രം മൂലമുണ്ടായേക്കാവുന്ന മറ്റു പ്രശ്നങ്ങളിലേയ്ക്ക് ഒരു കഥാപാത്രം പോലും വിരല്‍ ചൂണ്ടുന്നുമില്ല. അങ്ങിനെ നോക്കുമ്പോള്‍ പ്രശ്നം ധാര്‍മ്മികതയുടെ തലത്തില്‍ മാത്രമേ ഈ സിനിമയില്‍ കൈകാര്യം ചെയ്യപ്പെടുന്നുള്ളൂവെന്നു കാണാവുന്നതാണ്. എന്നാല്‍ നമ്മുടെ പൊതുസമൂഹത്തില്‍ അങ്ങിനെയൊരു തലത്തില്‍ മാത്രമൊതുങ്ങുന്ന അഭിപ്രായസമന്വയം നടന്നിട്ടുണ്ടെന്നു തോന്നുന്നില്ല. ഇതുകൂടാതെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് യുക്തിവാദിയാണെന്നു സ്വയം അവകാശപ്പെടുന്ന ഭാസ്കരനെ(സുരാജ് വെഞ്ഞാറമൂട്)സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന രീതി. ഭൂമിയില്ലാത്ത രണ്ടു കാര്യങ്ങള്‍ ദൈവവും പിശാചുമാണെന്നു പറയുന്ന അയാള്‍ ഏണിയില്‍ നിന്നു കാലു തെറ്റിവീഴുമ്പോള്‍ എന്റെ ദൈവമേ, കാത്തോളണേയെന്നു നിലവിളിക്കുന്നു. ഇവിടെ എല്ലാ യുക്തിവാദികളും പ്രതിസന്ധികളില്‍ അകപ്പെടുമ്പോള്‍ ഈശ്വരനെ വിളിക്കുമെന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതു മാത്രമല്ല അങ്ങിനെയൊരു ചിത്രീകരണത്തിനു കാരണമെന്നുവേണം കരുതാന്‍. കാരണം ദയാവധം പോലുള്ള കാര്യങ്ങളില്‍ യുക്തിവാദികളുടെ നിലപാടുകള്‍ പലപ്പോഴും പ്രൊലൈഫ് പോലുള്ള സംഘടനകളുടെ സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെട്ടുപോകാറില്ല. ഇതുതന്നെയാവണം യുക്തിവാദിയെത്തന്നെ പരിഹാസപാത്രമാക്കാനുള്ള ശ്രമത്തിനു പിന്നിലും. പക്ഷെ എന്തുകൊണ്ടാണ് പ്രൊലൈഫിന്റെ നിലപാടുകള്‍ സിനിമയില്‍ വരുന്നുവെന്നതിന് കൃത്യമായ ഒരു ഉത്തരം പറയാനാവുന്നില്ല. ഒരു പക്ഷേ നിര്‍മ്മാതാക്കളെ (മലയാളത്തില്‍ നീതാ ആന്റോയും ഹിന്ദിയില്‍ ഗുഡ്നൈറ്റ് മോഹനും) ചുറ്റിപറ്റിയൊരന്വേഷണം എന്തെങ്കിലും സൂചന നല്‍കാതിരിക്കുകയില്ല.

ഭ്രൂണത്തേയും ഗര്‍ഭസ്ഥശിശുവിനയും വ്യക്തികളായി പരിഗണിക്കുന്ന സംഘടനയായതുകൊണ്ടാകണം ചിത്രത്തില്‍ വധിക്കപ്പെട്ട ശിശു പ്രേതമായി വീണ്ടും പ്രത്യക്ഷപ്പെടുന്നതും മാതാപിതാക്കളെ വേട്ടയാടാനൊരുങ്ങുന്നതും. പക്ഷെ അപ്പോഴും ഉത്തരം കിട്ടാതെ ബാക്കിനില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. അത് ശിവാനി എന്ന പേര് പ്രേതത്തിനു വന്നതിനെക്കുറിച്ചുള്ളതാണ്. റോയിയും മായയും തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞിനിടാന്‍ വച്ചിരുന്ന പേരാണ് ശിവാനി. എന്നാല്‍ ആദ്യത്തെ കുഞ്ഞിനെ അബോര്‍ട്ടുചെയ്യുന്ന അവര്‍ ആദ്യമുണ്ടാകുന്ന പെണ്‍കുഞ്ഞിന് അനഘ എന്നാണ് പേരിടുന്നത്. അദ്യത്തെ കുഞ്ഞു പെണ്‍കുട്ടിയായുരുന്നുവെന്ന് അവരെങ്ങിനെ ഉറപ്പിച്ചു? ലിംഗനിര്‍ണയം നടത്തിയോ? അങ്ങിനെ ചിന്തിച്ചു തുടങ്ങിയാല്‍ സിനിമയുടെ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമായി മാറിയേക്കാം!

കുറിപ്പുകള്‍: * ജനപ്രിയത: ഹര്‍ഷവും അതിവര്‍ത്തനവും (ഭാഷാപോഷിണി, നവംബര്‍ 2002) എന്ന ലേഖനത്തില്‍ ഉണ്ണികൃഷ്ണന്‍. ബി മണിചിത്രത്താഴില്‍ ശാസ്ത്രത്തിന് ജോതിഷം സര്‍ട്ടഫിക്കറ്റ് നല്‍കുന്നതിനെ എടുത്തുകാട്ടുന്നുണ്ട്.

** ഗര്‍ഭിണി മൈനറോ മാനസികാസ്വാസ്ഥ്യം ഉള്ളവളോ ആണെങ്കില്‍ രക്ഷിതാവിന്റെ സമ്മതത്തോടെ വേണം ഗര്‍ഭചിദ്രം.

അവലംബം:
Patel, Rita. The Practice of Sex Selective Abortion in India: May You Be the Mother of a Hundred Sons(http://cgi.unc.edu/research/pdf/abortion.pdf)
http://www.cehat.org/aap1/kerala.pdf
http://www.mohfw.nic.in/MTP.htm
http://www.bbc.co.uk/ethics/abortion/