Showing posts with label ആദിവാസി. Show all posts
Showing posts with label ആദിവാസി. Show all posts

Apr 23, 2010

കാടിന്റെ അവകാശികള്‍ കുടിയേറ്റക്കാരോ?

ജൂലൈ 31നകം 1975ലെ ആദിവാസി ഭൂനിയമം നടപ്പാക്കണമെന്നും ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി ആദിവാസികള്‍ക്ക് എന്തായിരുന്നുവെന്നും, വയനാട്ടില്‍ അതെങ്ങിനെ അന്യാധീനപ്പെട്ടു പോയെന്നും വിനോദ് കോട്ടയില്‍ കാളിദാസന്‍ എഴുതുന്നു

മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങളില്‍ ഒന്നാണ് ഭൂമി. എല്ലാ മനുഷ്യരും ഒരു പോലെ അര്‍ഹിക്കുന്ന ഒന്ന്. വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം എന്നിങ്ങനെ ആധുനിക മനുഷ്യന്‍ മൂന്നായി തരം തിരിച്ചിട്ടുള്ള പ്രാഥമികാവശ്യങ്ങളില്‍ 'പാര്‍പ്പിടം' വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഭുമിയെ പ്രതിനിധീകരിക്കുന്നുള്ളൂ. ഇത് ഒരു പക്ഷേ വളരെ പ്രകടമായതും എന്നാല്‍ കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു വൈജാത്യത്തെ ചുണ്ടി കാണിക്കുന്നുണ്ട് -- ഭുമിയും, പാര്‍പ്പിടവും തമ്മിലുള്ള വൈജാത്യത്തെ. ഗോത്ര സമുഹങ്ങള്‍ ഭുമിയെ മനസിലാക്കുന്ന രീതിയിലാണോ മുഖ്യധാര സമുഹം പാര്‍പ്പിടത്തെ മനസിലാക്കുന്നത്‌? തീര്‍ച്ചയായും അല്ല. ആദിവാസികള്‍ക്ക് ഭുമി വെറുമൊരു പാര്‍പ്പിടം മാത്രമല്ല. അത് അവരുടെ കാരണവരും, ദൈവങ്ങളും, കൂട്ടുസമുഹ വ്യവസ്ഥിതിയും അതിസങ്കീര്‍ണമായ രീതിയല്‍ സഹവര്‍ത്തിക്കുന്ന ഒരു ആവാസ വ്യവസ്ഥയാണ്‌. അതിനാല്‍ ഭുമി ആദിവാസിയുടെ നിലനില്പ് തന്നെയാണെന്ന് പറയാം. ആദിവാസിയുടെ അറിയപ്പെടുന്ന എല്ലാ ഗോത്ര സ്മൃതികളും, പഴങ്കഥകളും, പാട്ട് സാഹിത്യവും ആചാരാനുഷ്ഠാനങ്ങളും എല്ലാം ഭുമിയില്‍/മോഡേണ്‍ എന്ന് പറയപ്പെടുന്നതില്‍ നിന്നും അഭിന്നമത്രേ. പ്രസ്തുത ആശയം ആധുനിക സാഹിത്യവും സമകാലിന സിനിമയും വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും പകല്‍ പോലെ വ്യക്തവുമാണ്. ഒടുവില്‍ 'അവതാര്‍' എന്ന ഹോളിവുഡ് സിനിമ പറയാന്‍ ശ്രമിച്ചതും ഇതേ വിഷയം തന്നെ.

ഇത്രയും ചെറിയ ഒരു കുറിപ്പില്‍ ആദിവാസികളും അവരുടെ ഭുമിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നത് നിശ്ചയമായും അസാധ്യം. ഒരു ചെറിയ ഉപമയിലുടെ ഈ സങ്കീര്‍ണമായ ബന്ധം അവതിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ മനസിലേക്കു വരുന്നത് ശ്വസനമെന്ന ജൈവപ്രക്രിയയാണ്. ആദിവാസികള്‍ക്ക് ഭുമി ശ്വാസവായു തന്നെയാണ്. പ്രാക്തന കാലം മുതല്‍ക്കു വയനാട്ടില്‍ ജീവിച്ചു പോരുന്ന  ഗോത്രവര്‍ഗക്കാര്‍ക്ക് അവരുടെ ആവാസവ്യവസ്ഥ കൈമോശം വന്നു തുടങ്ങുന്നത് പടിഞ്ഞാറന്‍ അധിനിവേശ ഭരണത്തിനും അല്പം മുന്‍പ് മുതല്‍ക്കാണ്. മറ്റു പ്രേദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും ഇന്നത്തെ തമിഴ് നാട്, കര്‍ണാടകം തുടങ്ങിയ മേഖലകളില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറി പാര്‍ത്ത ഉന്നത ജാതിക്കാര്‍, പണിയറടക്കമുള്ള ആദിവാസികളെ അടിമകളാക്കുകയും അവരുടെ ഭുമി സ്വന്തമാക്കുകയും ചെയ്തു. തങ്ങള്‍ സ്വയം പടച്ചു വച്ച ചരിത്രം ആദിവാസികളെ പഠിപ്പിച്ചു. അങ്ങിനെ പണിയരുടെ  ഏറ്റവും പഴയ ചരിത്രം അടിമത്ത കാലഘട്ടത്തില്‍ തുടങ്ങുന്നതാക്കി  മാറ്റി.

ഉത്തപ്പന്‍ ഉത്തമമ എന്നീ ആദിമ പണിയരെ ഉന്നത ജാതിക്കാര്‍ വലവച്ചു പിടിച്ചു അടിമകളക്കുനത് മുതല്‍ക്കാണ് പണിയരുടെ ചരിത്രം തുടങ്ങുന്നതെന്ന് മുഖ്യധാര ചരിത്രപണ്ഡിതര്‍ എഴുതിവച്ചു. 'നാടു ഗന്ധിക' എന്ന കൃതിയില്‍ കെജെ ബേബി ഒരു ആദിവാസി നാടന്‍ പാട്ട് വിവരിക്കുന്നുണ്ട് :
"അയ്യന്റടിയന്‍ നാങ്കളേ
മാമുണ്ടതടിയന്‍ നാങ്കളേ
മേലേലടിയന്‍ നാങ്കളേ
ചേറ്റിലടിയന്‍ നാങ്കളേ"
(ഞങ്ങള്‍ അയ്യന്‍മാരുടെയും മാമുണ്ടാന്മാരുടെയും മലയില്‍ തമ്പുരാന്മാരുടെയും മലഭൂമി നാഥന്മാരുടെയും അടിമകളാകുന്നു.). പണിയരെ കൊണ്ട് നമ്മുടെ ചരിത്രം "നാങ്ക ശാതിക്കെല്ലാ താന്തജാതി" (ഞങ്ങള്‍ എല്ലാ ജാതികളിലും താണ ജാതിക്കാര്‍) എന്ന് പറയിപ്പിച്ചു.

തുടര്‍ന്ന് അധിനിവേശ സര്‍ക്കാരിന്റെ ഭരണകാലത്ത് കുടിയേറ്റവും ഭുമി കയ്യേറ്റവും സര്‍വസാധാരണമായി മാറി. അതോടൊപ്പം അടിമത്ത വ്യവസ്ഥിതി ശക്തിപ്പെടുകയും കുടുതല്‍ വ്യവസ്ഥാപിതമാകുകയും ചെയ്തു. അടിമകളാകാന്‍ മാത്രം വിധിക്കപ്പെട്ട ആദിവാസി ജീവിതം എരിഞ്ഞൊടുങ്ങി കൊണ്ടിരുന്നു. ബ്രിട്ടീഷ്‌  സര്‍ക്കാര്‍ പിന്നീട് അടിമത്തവ്യവസ്ഥിതി അവസാനിപ്പിച്ചെങ്കിലും പണിയരും മറ്റു ചില ഗോത്രവര്‍ഗക്കാരും അടിമകളുടേതിനു സമാനമായ ജീവിതം തുടരുന്നതിന് നിര്‍ബന്ധിതരായി. കുറിച്യര്‍, കുറുമര്‍, എന്നീ ഗോത്രവിഭാഗക്കാര്‍ അപ്പോഴും വേട്ടയാടിയും കാട്ട് കായ്കള്‍ ശേഖരിച്ചുമുള്ള ജീവിത ശൈലി തുടര്‍ന്നെങ്കിലും അധികകാലം അതു മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ക്ക് സാധിച്ചില്ല. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ധനാര്‍ത്തി ചായ, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനു മലബാറിലെ ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിച്ചു. ഇതു വ്യാപകമായ വനശോഷണത്തിന് കാരണമായി.കുടുതല്‍ വനങ്ങള്‍ വെളുപ്പിച്ച് തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങിയതോടെ കുറിച്ച്യരും കുറുമരും കാടിറക്കപ്പെട്ടു.

തേയില തോട്ടങ്ങളിലും മറ്റും പണിയെടുക്കുന്നതിനായി ആദിവാസികളെ കൊണ്ട് വന്നത് പുതിയൊരു അധിനിവേശ സംസ്കാരത്തിന്റെ നാന്ദി കുറിച്ചുകൊണ്ടായിരുന്നു. അതോടൊപ്പം അതിപുരാതന ഗോത്ര സംസ്കൃതികളുടെ അന്ത്യവും കുറിക്കപ്പെട്ടു. ഇതേ തുടര്‍ന്നു കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കിനു തന്നെ വയനാട് സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യലബ്ധിയോടെ കുടിയേറ്റത്തിനു ആക്കം കുട്ടി. അതോടൊപ്പം വനശോഷനത്തിനും. സര്‍ക്കാര്‍ തന്നെ കുടിയേറ്റി പാര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ മുതല്‍ കൃഷിയിടം അന്വേഷിച്ചിറങ്ങിയ തെക്കന്‍ കര്‍ഷകര്‍ വരെ ആയിരങ്ങള്‍ വയനാട്ടിലേക്ക് പ്രവേശിച്ചു. കാറ്റില്‍ നിന്ന് വലിചിറക്കപ്പെട്ട ആദിവാസികള്‍ക്ക് കാടുമില്ല നാടുമില്ല എന്ന നില വന്നു.

കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ആദിവാസികള്‍ക്ക് തങ്ങളുടെ മണ്ണിലുള്ള നിയമപരമായ അവകാശവും നഷ്ടപ്പെട്ടു. 'കൃഷി ഭുമി കര്‍ഷകന് ' എന്ന തത്വത്തില്‍ വര്‍ത്തിച്ച സര്‍ക്കാര്‍ "കാട് ആദിവാസിക്ക് " എന്ന തത്വം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. 'കാട്' എന്ന ആവാസ വ്യവസ്ഥയെ 'forest' എന്ന് പരിഭാഷപ്പെടുത്തി സര്‍ക്കാര്‍ 'സംരക്ഷിത പ്രദേശങ്ങള്‍' നിലവില്‍ വരുത്തി. ഈ നിയമം നിലവിലുള്ള വനങ്ങളില്‍ മനുഷ്യവാസം വിലക്കി. കാടുകള്‍ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളായി മാറ്റപ്പെട്ടപ്പോള്‍ നാടായി മാറിയ കാടുകളാകട്ടെ 'വില്‍ക്കാനും വാങ്ങുവാനും  പറ്റുന്ന സ്വകാര്യ സ്വത്തുക്കളായി മാറി.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വേദനയായി ആദിവാസി ചരിത്രവും ഗോത്ര സ്മൃതികളും മണ്ണടിഞ്ഞു(കൊണ്ടിരിക്കുന്നു). പലപ്പോഴായി പൊട്ടിപുറപ്പെട്ട ആദിവാസി പ്രക്ഷോഭങ്ങളെല്ലാം തന്നെ അടിച്ചമര്‍ത്തപ്പെട്ടു. കള്ളന്മാരും തെമ്മാടികളുമായി ആദിവാസികള്‍ മുദ്രകുത്തപ്പെട്ടു. തൊഴിലില്ലായ്മയിലും ദാരിദ്ര്യത്തിലും ഉഴലുന്ന ഇന്നത്തെ ആദിവാസികള്‍ തലചായ്ക്കാന്‍ ഒരിഞ്ചു ഭുമിക്കു വേണ്ടി ഇന്ന് സര്‍ക്കാരിന്റെ കനിവിനായ് കാത്തു നില്‍ക്കേണ്ട അവസ്ഥയിലെത്തി. വന്‍ പ്രഭുക്കന്‍മാരും, തോട്ടമുടമകളും കര്‍ഷക, രാഷ്ട്രിയ പ്രമാണിമാരും ആദിവാസി ഭുമിയില്‍ അവകാശം ഉറപ്പിച്ചിരിക്കുന്നു. അപ്പോഴും സംസ്കാര സമ്പന്നര്‍ എന്ന് അവകാശപ്പെടുന്ന മുഖ്യധാര സമുഹം അവരെ കുറ്റപ്പെടുത്തുന്നു: മടിയന്മാര്‍, ക്രിമിനലുകള്‍, വേശ്യകള്‍ എന്നൊക്കെ മുദ്ര കുത്തുന്നു.

ലേഖകന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്

Apr 18, 2010

ദണ്ഡകാരണ്യത്തിന്റെ മാറ്റൊലികള്‍

ആധുനിക ഇന്ത്യയുടെ ഇസ്തിരിയിട്ട ജനാധിപത്യബോധം വച്ചല്ല ദന്തേവാഡയിലെ ആദിവാസികളുടേയും, പാവങ്ങളുടേയും ജീവിതം മനസിലാക്കാന് ശ്രമിക്കേണ്ടതെന്ന് ഡി ശ്രീജിത്ത്


വാര്‍ത്തകളുടെ തലേക്കെട്ടുകളില്‍ നിന്ന്‌ ദന്തേവാഡ പതുക്കെ അപ്രത്യക്ഷമാവുകയാണ്‌. സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍, വന്‍കിട കമ്പിനികളുടെ പദ്ധതികള്‍ തടസപ്പെടുമ്പോള്‍, റെയില്‍മാര്ഗം തകര്‍ക്കപ്പെടുമ്പോള്‍, വീണ്ടും മാധ്യമങ്ങളുടെ തലേക്കെട്ടുകളിലേയ്‌ക്ക്‌ ദന്തേവാഡയും മാവോയിസ്റ്റുകളും ജാര്‍ഖണ്ഡും ഒറീസയും തിരിച്ചെത്തും. ഗണപതി മുതല്‍ കിഷന്‍ജി വരെയുള്ളവരുടെ വര്‍ത്തമാനവും ഭൂതകാലവും സുന്ദരമായ കഥകളായി അവതരിക്കും. നേപ്പാള്‍ മുതല്‍ കേരളം വരെ ചുവന്ന ഇടനാഴിയുണ്ടെന്ന്‌ നമുക്കപ്പോള്‍ ബോധ്യമാകും. അതുവരെ നമുക്ക്‌ ശശിതരൂര്‍, ഐപിഎല്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ സംസാരിക്കാം. പക്ഷേ അതിനിടയിലും ദന്തേവാഡയിലും ബീജാപ്പൂരും കാങ്കേറിലും രാജ്‌നന്ദ്‌ഗാവിലും ലാത്തേഹാറിലും പലാമൂവിലും ഘാട്‌സിലയിലും മിഡ്‌നാപ്പൂരിലും ആദിവാസികുടിലുകളില്‍ മാവോയിസ്റ്റുകളുടെ വേരുകള്‍ തിരക്കി സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തുന്നുണ്ട്‌. ഛത്തീസ്‌ഗഢിലും ജാര്‍ഖണ്ഡിലും ഒറീസയിലും ഗ്രാമഗ്രാമാന്തരങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ പുതിയ പുതിയ താവളങ്ങള്‍ ഉറപ്പിക്കുന്നുണ്ട്‌. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച്‌ പകല്‍ മുഴുവന്‍ അലയുന്നുണ്ട്‌. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്‌. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്‌. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച്‌ അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്‌, മരിക്കുന്നുണ്ട്‌.

****
ആദ്യമേ പറയട്ടേ, ഇതു മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന, അവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്ന ലേഖനമല്ല. ദളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണരെ അല്ലാതെ ഒരു മാവോയിസ്റ്റു നേതാവിനേയും ഞാനിതുവരെ കണ്ടിട്ടില്ല. മാവോയിസം പ്രബലമായിരിക്കുന്ന ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയും അതിന്‌ ശേഷവും ആ മേഖലയുമായി തുടരുന്ന ബന്ധവും മാത്രമാണ്‌ ഈ ലേഖനത്തിന്റെ അടിസ്ഥാനം. ദില്ലിപോസ്റ്റിന്റെ വായനക്കാരില്‍ ആരെങ്കിലും എഴുപതിലധികം സിആര്‍പിഎഫ്‌ ഭടന്മാരുടെ മരണത്തില്‍ വേദനിക്കാതിരിക്കും എന്നും കരുതുന്നില്ല. പക്ഷേ, ഒരു സംശയം. എഴുപത്തിമൂന്ന്‌ പേര്‍ കൊല്ലപ്പെട്ടതില്‍ ഒരു ഓഫീസര്‍ പോലുമില്ലാത്തത്‌ എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢിന്റെ ഗ്രാമങ്ങളെ കുറിച്ച്‌ യാതൊരു ധാരണയില്ലാത്ത ഉത്തര്‍പ്രദേശുകാരും ബീഹാറികളും തമിഴരുമായ ഭടന്മാരെ എന്തു നിശ്ചയത്തിന്റെ പേരിലാണ്‌ കാടുകളിലേയ്‌ക്ക്‌ അയയ്ക്കുന്നത്? ഈ പ്രദേശങ്ങളില്‍ നിന്ന്‌ പോലീസിന്‌ എപ്പോഴും തെറ്റായ `ഇന്റലിജന്‍സ്‌' ലഭ്യമാകുന്നത്‌ എന്തുകൊണ്ടാണ്‌? മാവോയിസ്റ്റുകള് ആക്രമണങ്ങളിലെല്ലാം ഒരേ യുദ്ധതന്ത്രം പയറ്റിയിട്ടും എന്തുകൊണ്ടാണ്‌ വീണ്ടും വീണ്ടും സുരക്ഷാസൈനികര്‍ കൊല്ലപ്പെടുന്നത്‌? ഇത്രയും വലിയ ബുദ്ധിശൂന്യതയിലേയ്‌ക്ക്‌ സിആര്പിഎഫ്‌ ഭടന്മാരെ വലിച്ചെറിഞ്ഞ ഓഫീസര്‍മാര്‍ക്കെതിരെ ഒരു ചെറിയ നടപടി പോലും ഇല്ലാത്തത്‌ എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢിലും ഒറീസയിലും ബഹുരാഷ്ട്രകുത്തകകള്‍ ഭൂമി കൈയ്യേറ്റം നടത്തുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ മാവോയിസ്റ്റുകളെ സഹായിക്കലാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ ഇടതു‌പക്ഷം എന്താണ്‌ നോക്കി നില്‍ക്കുന്നത്‌? ജാമിയ മിലിയ സര്വകലാശാല താലിബാന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അതേ രാഷ്ട്രീയം ജെഎന്‍യു മാവോയിസ്റ്റുകളുടെ കേന്ദ്രമാണെന്ന്‌ ആരോപിക്കുമ്പോള്‍ അതിന്‌ പിന്നിലുള്ള വലിയ അജന്ഡകളെ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ച്‌ എതിര്‍ക്കാന്‍ ആകാത്തത്‌ എന്തുകൊണ്ടാണ്‌? ജനാധിപത്യത്തിനെതിരായാണ്‌ മാവോയിസ്റ്റുകള് പ്രവര്‍ത്തിക്കുന്നത്‌ എന്നതുകൊണ്ട്‌ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ അവര്‍ക്കെതിരെ ജനാധിപത്യ വരുദ്ധമായി പ്രവര്‍ത്തിക്കാം എന്നുള്ളത്‌ ഫാഷിസ്റ്റുകളുടെ നിലപാടല്ലേ?

ചോദ്യങ്ങള്‍ ഒട്ടേറെയാണ്‌. ഉത്തരങ്ങള്‍ എന്തു തന്നെയായാലും ദന്തേവാഡയിലേയും ബീജാപ്പൂരിലേയും പലാമൂവിലേയും ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നില്ല. ജാര്‍ഖണ്ഡില്‍ റാഞ്ചി-ജംഷേഡ്‌പൂര്‍ ദേശീയ പാതയില്‍ തലയറുത്ത നിലയില്‍ കാണപ്പെട്ട ഫ്രാന്‍സിസ്‌ ഇന്‍ഡ്‌വാര്‍ എന്ന പോലീസ്‌ ഇന്‍സ്‌പെക്ടറുടെ കൊലപാതകവും മഹാരാഷ്ട്രയുടെ ഛത്തീസ്‌ഗഢ്‌ അതിര്‍ത്തിയോടടുത്ത ഗഡ്‌ചറോളി ജില്ലയില്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്‌ 18 സിആര്‍പിഎഫ്‌ ഭടന്മാര്‍ കൊല്ലപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞ സമയത്താണ്‌ ഈ മേഖലയിലെ സാമൂഹ്യ-സാമ്പത്തികാവസ്ഥ നേരിട്ടറിയുന്നതിന്‌ ഒരു യാത്ര നടത്തിയത്‌.

1960-കളിലുണ്ടായ നക്‌സല്‍ബാരി ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ ശേഷം മാര്‍ക്‌സിസ്റ്റ്‌‌-ലെനിനിസ്റ്റ്‌-മാവോയിസ്റ്റ്‌ തത്വചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഇന്ത്യയിലെ പലമേഖലകളിലും അനീതികളെ എതിര്‍ക്കാനായി ഉയര്‍ത്തെഴുന്നേറ്റ തീവ്ര ഇടതു‌പക്ഷം പല പരീക്ഷണ ഘട്ടങ്ങള്‍ക്ക്‌ ശേഷമാണ്‌ ആദിവാസി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. പല വിഭാഗങ്ങള്‍, പല തരത്തില്‍ ഉന്മൂലന സിദ്ധാന്തത്തില്‍ അടിയുറച്ച്‌ പുതിയ ദേശീയതയ്‌ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച്‌ പ്രവര്‍ത്തിച്ചു. ഇതില്‍ രണ്ട്‌ പ്രധാന വിഭാഗങ്ങളുടെ (ഇവ തന്നെ വിവിധ ഘടകങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ കൂടിച്ചേര്‍ന്നുണ്ടായതാണ്‌) 2004-ലെ കൂടിച്ചേരലാണ്‌ സിപിഐ (മാവോയിസ്റ്റ്‌) പാര്ടി രൂപവത്‌കരിച്ചത്‌. പക്ഷേ, ഒരു പ്രധാന ചോദ്യമായിരുന്നു ആദ്യലക്ഷ്യസ്ഥാനമായ ഛത്തീസ്‌ഗഢിലേയ്‌ക്ക്‌ തിരിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത്‌ -- എന്തുകൊണ്ടാണ്‌ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പ്‌ എന്ന പ്രബല ഗ്രൂപ്പ്‌ (സംഘടനാ ശേഷിയിലും ആസൂത്രണത്തിലും രണ്ടാമത്തെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ്‌ മാവോയിസ്റ്റ്‌ സെന്ററിനേക്കാള്‍ മികവും അച്ചടക്കവും പുലര്‍ത്തിയിരുന്നു പിഡബ്‌ളിയുജി) അവരുടെ പ്രധാനപ്രവര്‍ത്തന കേന്ദ്രമായിരുന്ന ആന്ധ്രപ്രദേശില്‍ നിന്ന്‌ ദണ്ഡകാരണ്യ വനത്തിലൂടെ ദന്തേവാഡയിലേയ്‌ക്കും പരിസരപ്രദേശങ്ങളിലേയക്കും മാറ്റിയത്‌? ഈ മേഖലയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും അതിനുത്തരം നല്‍കും.

ദന്തേവാഡയിപ്പോള്‍ നക്‌സല്‍ വിനോദ സഞ്ചാരമേഖലയാണ്‌. റായിപൂരില്‍ നിന്നോ വിശാഖപട്ടണത്ത് നിന്ന്‌ ജഗദല്‍പൂര്‍ വഴിയോ ദന്തേവാഡയില്‍ ജനമെത്തും. പട്ടണമെന്നുപോലും വിളിക്കാന്‍ പറ്റാത്ത, ഒരു ഓട്ടോറിക്ഷ പോലുമില്ലാത്ത ജില്ലാ ആസ്ഥാനമാണ്‌ ദന്തേവാഡ ഇപ്പോഴും. ഒരേയൊരു ഹോട്ടലും ഒരു ടൂറിസ്റ്റ്‌ ബംഗ്ലാവും 500 മീറ്റര്‍ നീളത്തില്‍ മാത്രം വലുതായ ഈ പട്ടണത്തിലുണ്ട്‌. പട്ടണത്തെ കാക്കാന്‍ ദന്തേവാഡ ദേവിയും -- കാളി, സര്‍വ്വശക്ത. ദന്തേവാഡ ശാന്തമാണ്‌. നിരായുധരായ ആദിവാസികളെ മാവോയിസ്റ്റുകളില് നിന്ന്‌ അകറ്റാന്‍ സായുധരായ ആദിവാസികളെ കൊണ്ട്‌ നേരിടാമെന്നും പൊലീസിന്റെ അധികാരങ്ങള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക്‌ നല്‍കാമെന്നും കണ്ടുപിടിച്ച, ആദിവാസിനേതാക്കളിലൊരാളായ മഹേന്ദ്രകര്മയുടെ പരസ്‌പാള്‍ ഗ്രാമം പട്ടണത്തോട്‌ ചേര്‍ന്നുതന്നെയാണ്‌. മാവോയിസ്റ്റുകള്‍ക്കെതിരെ അഥവാ ആദിവാസികള്‍ സംഘടിക്കുന്നതിരെ കോണ്‍ഗ്രസും ബിജെപിയും ഐക്യപ്പെടുന്നതിന്റെ അശ്ലീലക്കാഴ്‌ചയ്ക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഈ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. സല്‍വാജൂഡൂം എന്നാണ്‌ ഈ ആദിവാസി പീഢകരുടെ നാമം. ആന്ധ്രയിലെ പോലീസ്‌ വേട്ടയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ദണ്ഡകാരണ്യ വനത്തിന്റെ മറുഭാഗത്തേയ്‌ക്ക്‌ പാലായനം ചെയ്‌തിരുന്ന പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പിന്റെ താത്‌കാലിക ആസ്ഥാനം മാത്രമായിരുന്നു സല്‍വാജൂഢൂം പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത്‌ ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന മേഖല. ഏകദേശം പത്തുവര്‍ഷത്തോളം വലിയ വളര്‍ച്ചയൊന്നുമില്ലാതെ ചില പോക്കറ്റുകളില്‍ ഒതുങ്ങി നിന്നിരുന്ന നക്സലേറ്റുകള്‍ സല്‍വാജൂഡിന്റെ ആവിര്‍ഭാവത്തോടെ 22 മടങ്ങ്‌ ശക്തരായി എന്നുള്ളത്‌ എന്റെ ഊഹക്കണക്കല്ല, പൊലീസ്‌ റിക്കാര്‍ഡുകള്‍ നോക്കി സല്‍വാജൂഡൂമിന്റെ സംരക്ഷകനും പുതിയ `ഹരിതവേട്ട`യുടെ പ്രയോക്താവുമായ ദന്തേവാഡ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ അമരേന്ദ്‌ മിശ്ര പറഞ്ഞു തന്നതാണ്‌. ഇപ്പോള്‍ ദന്തേവാഡയിലെ അഞ്ച്‌ സബ്‌ഡിവിഷനുകളില്‍ നാലെണ്ണവും `മാവോ ബാധിത' മാണെന്നും അദ്ദേഹം പറഞ്ഞു. ദന്തേവാഡ ഡിവിഷന്‍ മാത്രമാണ്‌ പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്‌. ദ്രോണപാല്‍, കോണ്ട, കിരന്ദൂര്‍ സബ്‌ഡിവിഷനുകളില്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍ നാമമാത്രമാണ്‌. സുഖ്‌മ ഡിവിഷന്‍ പോലീസ്‌ കണക്കില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി.

ശരിയാണ്‌, ഇപ്പോള്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള് സര്‍ക്കാരിനെ പ്രവേശിപ്പിക്കാത്തതുകൊണ്ട്‌ അവിടേ‌ക്ക്‌ വികസനം എത്തിക്കാന്‍ കഴിയുന്നില്ല. പക്ഷേ, സര്‍/മാഡം, പത്തുവര്‍ഷം മുമ്പു വരെ ഇവിടം നിങ്ങളുടെ നോട്ടത്തില്‍ പെടില്ലായിരുന്നല്ലോ? കാലാകാലങ്ങളോളം ആ ദേശത്തിന്റെ ഉടയോരായവര്‍ക്ക്‌ മേല്‍ ഈ പ്രദേശങ്ങളില്‍ കടന്നുചെന്ന്‌ അധികാരത്തിന്റെ ചുട്ടിക്കുത്താന്‍ ശ്രമിച്ച നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചടികളേറ്റു പുളയുമ്പോഴല്ലേ ഈ ദേശങ്ങള്‍ നിങ്ങളുടെ ദൃഷ്ടിപഥങ്ങളില്‍ പെടുന്നത്‌? ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന ദേശങ്ങള്‍ ബസ്‌തര്‍ എന്ന ഒറ്റ ജില്ലയുടെ പരിധിയില്‍ പെടുന്നതായിരുന്നു ഈയടുത്ത സമയം വരെ. കേരളത്തിന്റെ രണ്ടിരട്ടി വരുന്ന ഈ പ്രദേശങ്ങളെ ഒരു ജില്ലാ ഭരണകൂടം എങ്ങനെ നിയന്ത്രിക്കും എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്‌? ആദിവാസികള്‍ക്കും ഭരണകൂടത്തിനും ഇടനിലയായി പ്രവര്‍ത്തിച്ചിരുന്ന, ഒരു കൂട്ടം ചൂഷകര്‍ക്ക്‌ മാവോയിസ്റ്റുകളുടെ സാന്നിധ്യം അസന്തുഷ്ടി സൃഷ്ടിച്ചപ്പോള്‍ മാത്രമാണ്‌ പ്രദേശിക ഭരണകൂടം ഈ മേഖലയില്‍ ഇടപെടാന്‍ ആരംഭിക്കുന്നത്‌. കാലാവസ്ഥകൊണ്ട്‌ സമ്പന്നമായ ദണ്ഡകാരണ്യവനത്തില്‍ മൗവ്വയും തണ്ടു പത്തയും മറ്റ്‌ വനവിഭവങ്ങളും തഴച്ചു വളര്‍ന്നിരുന്നു. ഇവിടത്തെ കനത്ത വനമേഖലയില്‍ ആദിവാസി ഊരുകളിലെ നിയമങ്ങള്‍ നടപ്പിലായി. ആരും ആരേയും അന്വേഷിച്ച്‌ വന്നില്ല. പുറം ലോകത്തോട്‌ ബന്ധപ്പെടുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റുകളും സജീവമായിരുന്നു. കുറേ കൂടി അകത്തേയ്ക്ക് ആരുമില്ല. നാഗരിക വിദ്യാഭ്യാസവും പൊതു ആരോഗ്യരക്ഷാ മാര്ഗങ്ങളും എത്തിനോക്കിയിട്ടില്ല. അവിടേയ്‌‌ക്ക്‌ പിന്നീടെത്തിയ സര്‍ക്കാര്‍ ഇടനിലക്കാരും കച്ചവടക്കാരുമാണ്‌ ചൂഷണത്തിന്റെ ആദ്യ ആഘാതങ്ങള്‍ ആദിവാസി ജീവിതങ്ങള്‍ക്ക്‌ നല്‍കിയത്‌.

സഹിച്ചും പൊറുത്തും ജീവിച്ചിരുന്ന ഈ ജീവിതങ്ങളെ തൊണ്ണൂറുകളില്‍ ആന്ധ്രയില്‍ നിന്ന്‌ എത്തിയ പിഡബ്‌ളിയുജി നക്‌സലുകള്‍ വലുതായി ആകര്‍ഷിച്ചിട്ടൊന്നുമില്ല. എന്നാല്‍ സല്‍വാജുദൂമിന്‌ ശേഷം കഥമാറി. നക്‌സലുകളെ തേടി സല്‍വാജൂദൂം കാരും പുറത്തുനിന്നെത്തിയ അര്ധസൈനിക വിഭാഗവും ആദിവാസി കുടിലുകള്‍ കയറിയിറങ്ങിയതോടെ പതുക്കെ പതുക്കെ നക്‌സലുകളുടെ അടിത്തറ വിപുലമായിത്തുടങ്ങി. വെടിയുണ്ടകളും നാടന്‍ ബോംബുകളും കാര്യങ്ങള്‍ നിയന്ത്രിച്ച തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങളിലും പുതിയ നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിലും മറ്റ്‌ രാഷ്ട്രീയ കക്ഷികളും സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്ണണമായും ഈ പ്രദേശങ്ങളില്‍ നിന്ന്‌ പിന്മാറി.

ആദിവാസികളുടെ ജീവിതാവസ്ഥയില്‍ എന്തുമാറ്റമാണ്‌ ഉണ്ടായത്‌? വികസിത സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ യാതൊരു മാറ്റവും നടന്നിട്ടില്ല. ഇപ്പോഴും അവര്‍ 14 പൂര്‍ത്തിയാകമ്പോഴേക്കും ഇണകള്‍ക്കൊപ്പം പാര്‍പ്പുതുടങ്ങും. ഉടനെ മാതാക്കളും പിതാക്കളുമാകും. മൂന്ന്‌ വയസുമുതല്‍ കുട്ടികള്‍ ഇളയ കുട്ടികളെ സംരക്ഷിക്കാന്‍ തുടങ്ങും. ആറുവയസു മുതല്‍ കന്നുകാലിക്കൂട്ടങ്ങളെ നയിച്ച്‌ ലോകത്തിനെ നേരിടാന്‍ ഇറങ്ങും. കൈകകളും കാലുകളും ഉറയ്‌ക്കുമ്പോഴേയ്‌ക്കും കൃഷിപ്പണികളില്‍ സഹായിക്കാന്‍ തുടങ്ങും. മിക്കവാറും പേര്‍ നേരത്തേ മരിക്കും. നക്‌സലേറ്റുകള്‍ക്ക്‌ മുമ്പും പിമ്പും ഇതാണ്‌ സ്ഥിതി. പക്ഷേ, പലരില്‍ നിന്നും വാമൊഴിയായി ശേഖരിച്ച ഈ ചരിത്രത്തില്‍ നിന്ന്‌ ഒരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞു. അതിതാണ്‌- തെണ്ടുപത്ത എന്ന ബീഡിയില പെറുക്കി വില്‍ക്കുന്നത്‌ ആദിവാസികളുടെ ഊരുകളുടെ വരുമാനങ്ങളിലൊന്നാണ്‌. നൂറുകെട്ടുകളടങ്ങിയ ഒരു സേക്ട തെണ്ടു പത്തയ്‌ക്ക്‌ നക്‌സല്‍ ആവിര്‍ഭാവത്തിന്‌ മുമ്പ്‌ ഇടനിലക്കാര്‍ നല്‍കിയിരുന്നത്‌ രണ്ട്‌ രൂപമുതല്‍ പത്തു രൂപവരെയാണ്‌. ഇപ്പോഴത്‌ നൂറു രൂപമുതല്‍ 120 രൂപവരെ ഉയര്‍ന്നിരിക്കുന്നു. ദന്തേവാഡയുടെ തന്നെ നക്‌സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത്‌ 60 രൂപമാത്രമാണെന്നു കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. തര്‍ക്കങ്ങള്‍ പരിഹരിക്കുകയും പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം നിലയക്ക്‌ തുടങ്ങിയും ചിലയിടങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ഉപദ്രവിക്കാതെയും നക്‌സലുകള്‍ സമാന്തരമായ ഒരു ലോകമിവിടെ സൃഷ്ടിക്കുന്നുണ്ട്‌. ജനാധിപത്യത്തിന്റെ പരിരക്ഷകള്‍ മുഴുവന്‍ അനുഭവിച്ച്‌ ജീവിക്കുന്ന എന്നെ സംബന്ധിച്ചടത്തോളം അത്‌ അപൂര്ണവും അപരിഷ്‌കൃതവും അസംബന്ധവുമാണ്‌. പക്ഷേ, എനിക്കറിയാം എന്റെ യുക്തിയല്ല, എന്റെ കാഴ്‌ചയല്ല, എന്റെ ഇസ്‌തിരിയിട്ട ജനാധിപത്യ ബോധമല്ല അവരെ നിര്ണയിക്കുന്നതെന്നും നയിക്കുന്നതെന്നും നിയന്ത്രിക്കുന്നതെന്നും.

****
ദന്തേവാഡയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയെ കുറിച്ച്‌ എഴുതണമെന്നായിരുന്നു ദില്ലിപോസ്റ്റ് ആവശ്യപ്പെട്ടിരുന്നത്‌. ദന്തേവാഡയിലെ ബൈലാഡില്ലയിലെ ദേശീയ ഖനന കോര്‍പറേഷനും എസ്സാര്‍ സ്റ്റീല്‍ കമ്പിനിയുടെ പ്ലാന്റും ആദിവാസി പൊലീസും ജാര്‍ഖണ്ഡിലെ റ്റാറ്റാ സ്റ്റീല്‍സും ഒറീസയിലെ വേദാന്ത ഗ്രൂപ്‌സും ഈ വനമേഖലയിലെ വിഭവങ്ങള്‍ക്ക്‌ മേലുള്ള നിരന്തരമായ ചൂഷണവും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍ ആദിവാസികള്‍ കൂട്ടത്തോടെ കുടിയൊഴിക്കപ്പെടുന്നതുമായിരുന്നു എഴുതേണ്ട വിഷയം. പക്ഷേ, ചുരുക്കി പറയാന്‍ മാത്രം ചെറുതല്ല, ഈ ജീവിതങ്ങള്‍. ശീലവും തൊഴിലുമായ പത്രഭാഷ വളഞ്ഞും പുളഞ്ഞും പരിധിയില്‍ നില്‍ക്കുന്നില്ല. നിക്‌പക്ഷത എന്ന കാപട്യം കുട പിടിക്കുന്നതുമില്ല.

ശ്രീജിത്തിന്റെ മറ്റൊരു ലേഖനം:
ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി

Apr 12, 2010

മാവോയിസ്റ്റുകളും വികസനവും

മാവോയിസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടത് വെടിത്തിരകള്‍ കൊണ്ടല്ലെന്ന് സുനിത നരൈന്‍


ഛത്തീസ്ഗഢിലെ ദന്തേവാദ ജില്ലയില്‍ എഴൂപത്താറു പൊലീസുകാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റ് നടപടി അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കം നിയമവിരുദ്ധവും, തെറ്റുമാണ്. എന്നാല്‍ അതേ സമയം തന്നെ പല ഗ്രാമങ്ങളിലും, ഗിരിവര്‍ഗ പ്രദേശങ്ങളിലും അമര്‍ഷവും, സംഘര്‍ഷവും സൃഷ്ടിക്കുന്ന ദാരിദ്ര്യവും, ഒറ്റപ്പെടലും, നീതി നിഷേധവും നമുക്കു തള്ളിക്കളയാവുന്നതല്ല. കോണ്‍ഗ്രസ് പറയുന്ന പോലെ, ഈ വികസന സംബന്ധിയായ പ്രശ്നങ്ങള്‍ ദീര്‍ഘകാല പരിഗണന വേണ്ടതും , അടിയന്തിരമായി ചെയ്യേണ്ടത് നക്സലുകളെ തുടച്ചു നീക്കലുമല്ല. കാരണം, ഇവിടെ മുറിഞ്ഞതെന്തോ, അതു നമുക്കു ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉറപ്പായും നമുക്കു പിന്നെ അതിനു കഴിഞ്ഞെന്നു വരില്ല.

ഇന്ത്യയുടെ ധാതു, ജല, വനസമ്പന്ന മേഖലകള്‍, സാമൂഹിക ജീവിത നിലവാരത്തിന്റെയും, വികസനത്തിന്റെയും കാര്യത്തില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതിനെപ്പറ്റി ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍, ഏറ്റവും പാവപ്പെട്ടവരാകുന്നതു? നാം ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥ മാറുന്നതു വരെ.

ഈ പ്രദേശങ്ങളിലുള്ള സമ്പുഷ്ട വിഭങ്ങങ്ങളിലുള്ള നമ്മുടെ കൂട്ടുകൊള്ളയുടെ ലാഭം പറ്റുന്നതു നക്സലുകളാണെന്നു നമുക്കറിയാം. നമ്മുടെ വീട്ടിലെത്തുന്ന വൈദ്യുതി ഈ ദേശത്തിന്റെ വിഭങ്ങങ്ങളില്‍ നിന്നാണുണ്ടാകുന്നതു. എന്നാല്‍, ഇവിടെ ജീവിക്കുന്നവരാകട്ടെ നിത്യവും ഇരുട്ടിലും. ഈ ധാതു സമ്പത്തിന്റെയും, വനസമ്പത്തിന്റെയും ഉടമകള്‍ അവരാണ്. അതിന്റെ ഗുണഫലങ്ങള്‍ പറ്റേണ്ടതും അവരാണ്. അതു നടക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ ഭൂമി പിടിച്ചു പറിക്കാന്‍ നമ്മള്‍ നിയമങ്ങളുണ്ടാക്കുന്നു. അവരുടെ കാടു കയ്യേറുന്നു, വെള്ളം വിഷലിപ്തമാക്കുന്നു, ജീവിതോപാധികള്‍ തച്ചുടക്കുന്നു. നമ്മുടെ ഈ വികസനം അവരെ എന്നന്നേക്കും നിസ്വരാക്കുന്നു.

ഇതാണു വാസ്തവമെന്നിരിക്കെ, നാം ഇതിനൊന്നും ചെവി കൊടുക്കുന്നില്ല. നാം എത്രമാത്രം അസഹിഷ്ണുക്കളായി മാറി എന്നതിനു ഒരു ഉദാഹരണം പറയാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഖനനവും, പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ച ഞങ്ങളുടെ പഠനം പുറത്തുവിടുന്ന വേള. ആ മുറി എന്തുവിലകൊടുത്തും ഭൂമി കൊള്ളയടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്പനികളുടെ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. ഖനനത്തെയും, അതുമൂലമുള്ള ദാരിദ്ര്യത്തെയും, മറ്റു പ്രശ്നങ്ങളെയും കുറിച്ചുയര്‍ന്ന ശബ്ദങ്ങളെല്ലാം അവര്‍ ഓരിയിട്ടോടിച്ചു. ആ റിപ്പോര്‍ട്ടിന്റെ ആദ്യ പ്രതി പുറത്തിറക്കിയ ഗവര്‍ണര്‍ പോലും ഞങ്ങളെ, ഇത്തരം അസുഖകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍, തീവ്രവാദികള്‍ എന്നു മുദ്ര കുത്താന്‍ തിടുക്കം കാണിച്ചു. എങ്കിലും, ഞങ്ങളുടെ കണക്കുകളെയോ, വിശകലനങ്ങളേയൊ തള്ളിക്കളയാന്‍ അദ്ദേഹത്തിനായില്ല.

അടുത്ത ദിവസം, ഭരണകൂടം കുറെക്കൂടെ ഉത്സാഹശാലിയായി ഞങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. എന്നാല്‍ ഖനനത്തില്‍കൂടി ലഭിക്കുന്ന വരുമാനം, ഏതു വിധത്തിലാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നതു എന്നതിനെക്കുറിച്ചു യാതൊരു വിധ കണക്കുകളും അവര്‍ പുറത്തുവിട്ടില്ല. മാത്രമല്ല, ധാതുസമ്പന്നമേഖലകളില്‍ കമ്പനികള്‍ വരുത്തിവയ്ക്കുന്ന അതിഭീകര മലിനീകരണത്തെ എങ്ങനെയാണ് നിയമങ്ങളെ വളച്ചാടിച്ചും തുറന്ന ചൂഷണത്താലും തദ്ദേശവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതിന്റെ പൊരുളും അവര്‍ക്ക് വിശദീകരിക്കാനായില്ല. ഖനന നിയമങ്ങളെ ചോദ്യം ചെയ്യുന്നവരെ വികസന വിരുദ്ധരെന്നു വിളിക്കാനായിരുന്നു ഭരണകൂടത്തിനു താത്പര്യം. ഞങ്ങള്‍ ഭരണകൂടത്തിനെതിരാണെന്നും, അതിനാല്‍ തന്നെ, നക്സലുകളുടെ പക്ഷത്തണെന്നും സമര്‍ത്ഥിക്കുകയായിരുന്നു അടുത്ത പടി. ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ അവര്‍ക്കൊപ്പം. ഇതു യുദ്ധത്തിന്റെ ലക്ഷണമാണ്. ഇതു നമുക്കു സമാധാനം തരില്ല.

നമ്മുടെ വെല്ലുവിളിയിതാണ്: ഒരു പ്രദേശത്തിന്റെ പ്രകൃത്യാ ഉള്ള സമ്പത്ത് അവിടെ താമസിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാനുതകുന്ന ഒരു സാമ്പത്തിക വളര്‍ച്ചാ മാതൃക എങ്ങനെ നമുക്കു സൃഷ്ടിക്കാം? ഉത്തരം ബുദ്ധിമുട്ടേറിയതാണ്. അപ്പോള്‍, ഈ പാവങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്നു നമുക്കു ചോദിക്കേണ്ടിവരും. കൂടാതെ, തങ്ങളുടെ മുറ്റത്ത് ഖനനം വേണോ എന്നും, തങ്ങളുടെ കാടു നശിപ്പിക്കണോ എന്നും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്നു കൂടി നമുക്കു അംഗീകരിക്കേണ്ടി വരും. ജനാധിപത്യത്തെ നമുക്കു അല്പം ഗൗരവമായിത്തന്നെ കാണേണ്ടിയും വരും.

ഈ വസ്തുത അംഗീകരിച്ചാല്‍ നമുക്കു ഇന്നു നടക്കുന്ന വന്‍‌കിട വികസന പദ്ധതികള്‍ക്കെതിരായ ജനകീയ സമരങ്ങളെ മറ്റൊരു രീതിയില്‍ കാണേണ്ടി വരും. ഒറീസയിലെ നിയമഗിരി കുന്നുകളിലും, ചത്തീസ്ഗഡിലെ റ്റാറ്റായുടെ ഉരുക്കുനിര്‍മ്മാണശാലക്കെതിരേയും സമരം നടത്തുന്നവര്‍ വഴിതെറ്റിയവരോ, നക്സലുകളോ അല്ല. ഇവരുടെ ഈ എണ്ണമറ്റ കലാപങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചേ മതിയാകൂ. ഇതിനു മറുപടിയായി, നമുക്കു നാം ഇന്നു ചെയ്യുന്നതെന്തോ അതു ചെയ്യാന്‍ പാടില്ല. അവരുടെ സന്ദേഹങ്ങളെ ദില്ലിയിലോ, മറ്റെവിടെയെങ്കിലൊ ഇരിക്കുന്ന ഒരു കമ്മിറ്റിയുടെ വിശകലനവിനോദങ്ങള്‍ക്കനുസരിച്ചു തള്ളിക്കളയാന്‍ പാടില്ല. ഈ മനുഷ്യര്‍ക്കു വേണ്ടതെന്തെന്നു തീരുമാനിക്കേണ്ടതു നമ്മളല്ല.

വികസന പദ്ധതികളില്‍മേല്‍ തദ്ദേശവാസികള്‍ക്കു തീര്‍പ്പുകല്പിക്കാനുള്ള അവകാശത്തെ നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍, അതു നമ്മെ കഠിനമായ ഒരു പദ്ധതിയിലേക്കു നയിക്കും. നമുക്കു അവരുമായി ഗൗരവമാം‌ വണ്ണം സം‌വദിക്കേണ്ടി വരും, ആ പദ്ധതികള്‍ എല്ലാവര്‍ക്കും പ്രയോജനകരമാക്കേണ്ടിയും വരും. ഇതിനര്‍ത്ഥം ജനങ്ങളുടെ ധാതുസമ്പത്തു പിഴിഞ്ഞുള്ള ധനം അവരുമായി പങ്കു വയ്ക്കേണ്ടിവരുമെന്നതു കൂടിയാണ് -- അവര്‍ക്കു നമ്മള്‍ ഇപ്പോള്‍ കൊടുക്കുന്ന വിഷഗുളികകള്‍ പോരാതെ വരും. മാത്രമല്ല, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും, മുന്‍‌ഗണനകളും മാറ്റേണ്ടിവരും. ഇന്നു നിലനില്‍ക്കുന്ന വനങ്ങളാണ് നമ്മുടെ ജലവിഭവങ്ങളേയും, വന്യജീവികളേയും, നമ്മുടെ മലിനമല്ലാത്ത ഭാവിതന്നെയും കാത്തു സൂക്ഷിക്കുന്നതെന്നു നമുക്കു അംഗീകരിക്കേണ്ടി വരും. അപ്പോള്‍, പ്രകൃതിയെ സം‌രക്ഷിച്ച്, അതിന്റെ ഗുണഫലങ്ങളുത്പാദിപ്പിക്കാന്‍ വനവാസികള്‍ക്കു കൂടുതല്‍ പണം നല്‍കേണ്ടിയും വരും.

എല്ലാറ്റിലും ഉപരിയായി, ഈ വിമതശബ്ധങ്ങള്‍ക്കു ചെവികൊടുക്കുകയാണെങ്കില്‍, നമുക്കു വികസനത്തെ തന്നെ ഉടച്ചുവാര്‍ക്കേണ്ടി വരും. നമ്മുടെ കാടുകളിലുള്ള കല്‍ക്കരിയും, ബോക്സൈറ്റും ഒന്നടങ്കം ഊറ്റിയെടുക്കാന്‍ പറ്റില്ല എന്നും നമുക്കു സമ്മതിക്കേണ്ടിവരും. വളര്‍ച്ചക്കായി നമ്മുടെ ധാതു സമ്പത്തിനെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ നമുക്കു അതീവശ്രദ്ധാലുക്കളാകേണ്ടി വരും. കുറഞ്ഞ ഉറവിടങ്ങള്‍ കൊണ്ട് നമുക്കു കൂടുതല്‍ ചെയ്യേണ്ടി വരും. ഈ ദരിദ്രര്‍ നമ്മെ പഠിപ്പിക്കുന്നതിതാണ്: ഭൂമിയെ പരുക്കേല്പ്പിക്കാതെ നടക്കൂ. അതിനു നമ്മള്‍ വെടിത്തിരകള്‍ കൊണ്ടല്ല അവര്‍ക്കു മറുപടി കൊടുക്കേണ്ടത്.

പരിസ്ഥിതി പ്രവര്‍ത്തകയായ ലേഖിക 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡി'ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Mar 25, 2010

നക്‌സല്‍ബാരിയിലേക്കുള്ള വഴി

ഒരിക്കല്‍ കനു സന്യാല്‍ ഒരു പ്രതീക്ഷയും പ്രസ്ഥാനവുമായിരുന്നു. ഒരു തൂങ്ങിമരണം കൊണ്ട് തന്റെ ജീവിത വിപ്ലവത്തിനു വിരാമചിഹ്നമിടുമ്പോള്‍ സന്യാല്‍ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? വി‌എസ് സനോജ് അന്വേഷിക്കുന്നു

United Naxalites alone can guide the movement on the right path.
I urge all Naxalite factions to form a common platform and take
the anti-farmland acquisition movement to every corner of the state.
Forget about the elections, just make a collective effort to intensify
and sustain the struggle generated out of Singur and Nandigram...
-- kanu sanyal

 തൃശൂര്‍ ജില്ലയിലെ ഒരു നാട്ടിന്‍പുറത്ത്‌ ബോധി എന്ന പാരലല്‍ കോളേജ്‌ നടത്തുന്ന ശേഖരന്‍ മാഷിന്റെ മക്കള്‍ക്ക്‌ സന്യാലെന്നും സന്താളെന്നും പേരിട്ടത്‌ എന്തിനാണെന്ന്‌ അന്ന്‌ ട്യൂഷന്‌ പോയിരുന്ന ഏഴാം ക്ലാസുകാരനായ എനിക്ക്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല. ഞാനടക്കമുള്ളവരുടെ കണ്ണില്‍ മാത്രമല്ല നാട്ടിന്‍പുറത്തെ പ്രായമായവര്‍ക്കുപോലും അപരിചിതമായിരുന്നു ആ പേരുകള്‍. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ മാഷ്‌ നക്‌സലാണെന്നും അത്‌ ബംഗാളി പേരുകളാണെന്നും അതിന്‌ മുന്നില്‍ കനു എന്നും ജംഗള്‍ എന്നുമുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. കനുസന്യാല്‍ ചാരുമജൂംദാറും ആവേശവും ആരാധനയുമായി കൂടെക്കൂടി. ഇതൊരു നാട്ടിന്‍പുറ അനുഭവം. ഒപ്പം ഓര്‍ക്കാന്‍ മറ്റൊന്നുകൂടിയുണ്ട്‌: ഭരതന്‍ എന്ന നക്‌സലിനെക്കുറിച്ച്.
കോങ്ങാട്‌ വധക്കേസിലെ പ്രതിയായിരുന്ന ഭരതേട്ടന്‍ തൂങ്ങിമരിച്ചപ്പോഴാണ്‌ നക്‌സല്‍ കാലത്തെ ആവേശങ്ങളുടെ ബാക്കിപത്രങ്ങള്‍ക്ക്‌ സംഭവിക്കുന്ന സ്വാഭാവിക പരിണാമങ്ങളുടെ ആഴം ബോധ്യപ്പെട്ടത്‌. വഴിപിരിഞ്ഞ മുന്‍ നക്സല്‍ നേതാവ് കെ. വേണുവിനെ പോലെ സക്രിയമായ സംവാദാത്മകത സൃഷ്ടിക്കാനോ വെള്ളത്തൂവല്‍ സ്റ്റീഫനെപ്പോലെ ദൈവവിളിക്ക്‌ കാതോര്‍ക്കാനോ കഴിയാത്തവന്റെ തോറ്റുപോയ ജീവിതമായിരുന്നു ഭരതേട്ടന്‍ എന്ന മനുഷ്യന്‍ . വ്യക്തിജീവിതത്തിലെ അവഗണനയും രോഗാതുരതയും, ഒപ്പം രാഷ്ട്രീയ പരാജയവും കൂടിയാകുമ്പോള്‍ സത്യസന്ധമായ ഒരു ജീവിതത്തില്‍ പിന്നെന്ത്‌ സംഭവിക്കാം എന്നതിന്റെ തെളിവായിരുന്നു ആ മരണം. എല്ലാ അര്‍ത്ഥത്തിലും നിരാശയുടെ ആഴക്കടലിലകപ്പെട്ട ഒരാളായിരുന്നു സഖാവ് ഭരതന് ‍. മുഖ്യധാരാ ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്നിട്ടുകൂടി,  നാട്ടുകാര്‍ ഭീതിയോടെയും പുച്ഛത്തോടെയും മാത്രം അയാളെ കണ്ടു.
കനു സന്യാല്‍ തൂങ്ങിമരിച്ചുവെന്ന ന്യൂസ്‌ ഫ്‌ളാഷ്‌ കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്ക്‌ ഓടിയെത്തിയതും പുലര്‍ച്ചെ സ്വന്തം വീടിന്‌ മുന്നില്‍ തൂങ്ങിനില്‍ക്കുന്ന ഭരതേട്ടന്റെ രൂപമായിരുന്നു. പാവപ്പെട്ടവന്റെ മോചനം സ്വപ്‌നം കണ്ടു എന്ന 'വലിയ' തെറ്റായിരുന്നു മറ്റുപലരേയും പോലെ അദ്ദേഹവും ചെയ്‌തത്‌. അടിസ്ഥാനവര്‍ഗത്തിനു വേണ്ടി ജന്മിത്വത്തിനെതിരെ ഉന്‍മൂലസിദ്ധാന്തവുമായി വിപ്ലവപാതയിലൂടെ ഇവരെല്ലാം ഇറങ്ങിത്തിരിച്ചു. ഭരതേട്ടനും കനുബാബുവിനും സംഭവിച്ചത്‌ ഒന്നുതന്നെ. ഭരതേട്ടന്‍ പ്രശസ്‌തനായില്ല, സന്യാല്‍ പ്രശസ്‌തനായ കമ്യൂണിസ്റ്റായി. കടുത്ത ഏകാന്തത, വ്യക്തിജീവിതത്തിലെ അവഗണനകള്‍, വിഷാദരോഗം‍...ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും, സിംഗൂര്‍ മാതൃകയിലുള്ള ചൂഴ്നിലകളും വളയഞ്ഞു കുരുക്കൂന്ന ബംഗാളിലെ ഗ്രാമങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ വൈകിപ്പോയിരിക്കുന്നു എന്ന്‌ ബോധ്യമാണ്‌ സന്യാലിന്‌ നല്‍കുന്നത്‌ എന്നൊരു തോന്നല്‍.
കാര്‍ഷികവിരുദ്ധമായ ഈ 'ചിദ്രജനിതക വഴുതനങ്ങാകാലം' കനു സന്യാലിനെ പോലുള്ളവര്‍ക്കായി ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതാവാം ആ സന്ദേഹത്തിന്‌ കാരണം. ഈ നിരീക്ഷണം ശരിയാവാം തെറ്റാവാം. 1960-കളില്‍ ബംഗാളിലെ ഒരു ക്ലര്‍ക്കിന്റെ ജീവിതം, അത്‌ ഘട്ടക്കിന്റേയും റേയുടേയും സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിരസമായ, വര്‍ണ്ണാഭമല്ലാത്ത ഒരു ജീവിതസ്ഥലിയായിരിക്കും എന്നുറപ്പാണ്‌. അതുകൊണ്ടുതന്നെ ഒരു വിപ്ലവ സ്വപ്‌നത്തിന്റെ വസന്താഗമനം അധികമകലെയായില്ല. അത്‌ ബിഥാന്‍ ചന്ദ്ര റോയിയെ കരിങ്കൊടി കാണിച്ചതുകൊണ്ടുമാത്രം തീര്‍ന്നില്ല. 1964-ലെ വേദനിപ്പിക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍പ്പില്‍, 1969-ലെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍, 1970-ലെ പാര്‍വതീപുരം ഗൂഢാലോചനാകേസിന്റെ അറസ്‌റ്റില്‍, പുതിയ ആശയഭിന്നതകളില്‍, ചേരിസഖ്യങ്ങളില്‍, ചാരുംമജൂംദാറുമായുള്ള രാഷ്ട്രീയ ഭിന്നതയില്‍, പിളര്‍പ്പിന്റെ നൈരന്തര്യങ്ങളില്‍, തീര്‍പ്പു കല്‍പ്പിക്കാനാകാത്ത പ്രത്യയശാസ്‌ത്ര-രാഷ്ട്രീയ വ്യവഹാരങ്ങളില്‍... അതങ്ങനെ തുടര്‍ന്നു.
രാഷ്ട്രീയ ആത്മഹത്യയേക്കാള്‍ മാന്യമാണ്‌ രാഷ്ട്രീയവനവാസമെന്ന തിരിച്ചറിവ്‌ അധികാരം തൊട്ടുനക്കാന്‍ വിയോജിപ്പുള്ളവന്റെ അവസാനത്തെ വഴിയാണ്‌. എന്നിട്ടും സിംഗൂരിലെ പ്രക്ഷോഭങ്ങളിലേക്ക്‌ അദ്ദേഹം തന്റെ വാര്‍ദ്ധക്യത്തിലും തിരിച്ചുവന്നു. 2006-ല്‍ സിലിഗുരിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഉപരോധിച്ച്‌ ട്രെയിന്‍ തടഞ്ഞതിന്‌ അറസ്‌റ്റിലായത്‌ അങ്ങനെയാണ്‌. 'മുപ്പതുമുക്കോടി' മാവോയിസ്‌റ്റ്‌ ഗ്രൂപ്പുകളുള്ള ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ച്‌ ഒരു 'പൊളിറ്റിക്കല്‍ ഔട്ട്‌ സൈഡര്‍' ആണ്‌ കനു സന്യാല്‍ എന്നും പറയാം. ഭീകരപ്രവര്‍ത്തനത്തിലേക്ക്‌ വഴിമാറിപ്പോയ മാവോ ശിഷ്യന്‍മാരുടെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയസന്യാസികള്‍ അപൂര്‍വമായ ഈ കാലത്ത്‌ കനു ഒരപൂര്‍വ്വതയാണ്‌. ജ്യോതിബസുവിന്റെ പ്രത്യേക താല്‍പര്യത്താല്‍ ജയിലിന്‌ പുറത്തുകടന്ന കനു സന്യാല്‍ ബുദ്ധദേവിന്റെ ഔദാര്യമൊന്നും വേണ്ടെന്ന നിലപാടെടുത്തത്‌ സിംഗൂരും നന്ദിഗ്രാമും നല്‍കുന്ന മുറിവുകളുടെ ഉത്തരമായിരിക്കാം.
'കോണ്‍ഗ്രസുകാരില്‍ നന്‍മയുള്ളവരെ കമ്യൂണിസ്‌റ്റുകാരെന്നും കമ്യൂണിസ്‌റ്റുകാരില്‍ സത്യസന്ധതയുള്ളവരെ നക്‌സലുകളെന്നും വിളിച്ചു'വെന്ന്‌ പണ്ട്‌ ആരോ പറഞ്ഞത്‌ ചരിത്രം ശരിയെന്ന്‌ ബോധ്യപ്പെടുത്തുന്ന ഈ ഗ്രീന്‍ ഹണ്ടിന്റെ കാലത്ത്‌ കനുവിന്റെ എഴുതപ്പെട്ട 'ഗൂഗിള്‍' ചരിത്രത്തിലേക്കിനി പോകുന്നില്ല. നക്‌സാല്‍ബാരി ഇന്നും മാവോയിസ്‌റ്റ്‌ ഗ്രൂപ്പുകളുടെ അധീനതയിലുള്ള ഒരു പട്ടിണിഗ്രാമമാണ്‌. ബംഗാളിലെ പല ഗ്രാമങ്ങളെയും പോലെ. അവിടെയെല്ലാം വസന്തം വിരിയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ പിന്‍മുറക്കാരുണ്ട്‌. അധികാരം എന്ന മധുരമനോജ്ഞപദം അവരിലേക്ക്‌ കടന്നുവന്നിട്ട്‌ കാലമേറെയായി. അതിനിയും കാണാന്‍ നില്‍ക്കാതെ സന്യാല്‍ തന്റെ പിന്‍വാങ്ങലുകളെ ആത്മഹത്യ എന്ന ഒറ്റവരിയിലേക്ക്‌ കാവ്യാത്മകമായി വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. അത്‌ ഭഗത്‌സിങ്‌ ജീവന്‍ വെടിഞ്ഞ ദിനത്തിലായിപ്പോയത്‌ കേവല യാദൃശ്ചികതയാണോ എന്നറിയില്ല.
1967-ല്‍ ബീജിങ്‌ റേഡിയോയും, പീപ്പിള്‍സ്‌ ഡെയ്‌ലിയും വസന്തത്തിന്റെ ഇടിമുഴക്കം എന്ന്‌ വിളിച്ച ഉദിച്ചുയരലിന്റെ തലതൊട്ടപ്പന്‍ പക്ഷേ അവസാനകാലത്ത്‌ പറഞ്ഞ വാക്കുകളാണ്‌ ഈ കുറിപ്പിന്റെ തുടക്കത്തിലുള്ളത്‌. പ്രതീക്ഷയുടെ സമ്മോഹനമായ കൂടിച്ചേരലിന്‌ ആഗ്രഹിക്കുന്ന മനസ്സ്‌ ആ വാക്കുകളില്‍ കാണാം. 'നമ്മള്‍ കൊയ്യും വയലെല്ലാം കുത്തകളുടേതാകും പൈങ്കിളിയേ' എന്ന്‌ വിപ്ലവ കാവ്യവിചാരത്തെ അപനിര്‍മ്മിക്കേണ്ടിവരുന്ന ഈ കാലത്ത്‌, അവശേഷിക്കുന്ന ഭൂസമരങ്ങളെ പോലും അശ്ലീലവ്യവഹാരമായി ഭരണകൂടം വിധിയെഴുതുന്ന ഈ കാലത്ത്‌, ആത്മവഞ്ചകര്‍ക്ക്‌ ചൂണ്ടിക്കാട്ടാന്‍ ഒരു നല്ല മനുഷ്യന്‍ കൂടി ഇല്ലാതായിരിക്കുന്നു. ഭരതേട്ടന്‍ അഞ്ച്‌ വര്‍ഷം മുമ്പ തിരഞ്ഞെടുത്ത അതേ വഴി എന്റെ നാട്ടില്‍ നിന്ന്‌ സിലിഗുരിയിലേക്ക്‌ നീണ്ടുപോയിരിക്കുന്നു. ലാല്‍സലാം.

സനോജിന്റെ ലേഖനങ്ങള്‍

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം!
മലയാള സിനിമയിലെ വാര്‍ധക്യപുരാണം
ബാസുവിന്‌ ശേഷം ഇനിയെന്ത്‌?

Feb 11, 2010

Dillipost Interview: കോഴിമല രാജാവ്

വനസംരക്ഷണക്കാരുടെ ലക്ഷ്യം ആദിവാസികളെ പുറത്താക്കല്‍
കോഴിമല അരിയന്‍ രാജമന്നാന്‍ രാജാവിനെ കാണാന്‍ ഇടുക്കി ജില്ലയിലെ കോഴിമലയിലേക്ക് പോകുമ്പോള്‍ കിരീടവും ചെങ്കോലും തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞ ഒരു പ്രമാണിയായിരുന്നു മനസില്‍. എന്നാല്‍ കോഴിമലയിലെ മുരിക്കാട്ടുകുടിയില്‍ ഞങ്ങള്‍ കണ്ട കേരളത്തിലെ ഏക ആദിവാസി രാജാവ് നിലനില്പ്പിനായി അനുദിനം പോരാടേണ്ടി വരുന്ന ഒരു സമൂഹത്തെ മുന്നില്‍ നിന്നും നയിക്കുന്ന ഒരു സാധാരണ ആദിവാസി യുവാവായിരുന്നു. 2007ല്‍ അമ്മാവന്‍ കോവില്‍മല തേവന്‍ രാജമന്നാന്റെ മരണശേഷമാണ് അരിയന്‍ രാജാവാകുന്നത്. മന്നാന്മാര്‍ക്കിടയില്‍ മരുമക്കത്തായ സംവിധാനമാണ് നില നില്‍ക്കുന്നതെന്ന് രാജാവ് പറയുന്നു. കേരളത്തിലെ ആദിവാസികളുടെ ഭൂമി പ്രശ്നത്തെ കുറിച്ചും, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യത്തേക്കുറിച്ചും, ഉദ്യോഗസ്ഥ പ്രഭുത്വത്തത്തിന്റെ ചൂഷണങ്ങളെ കുറിച്ചുമെല്ലാം കോഴിമല രാജാവ് ദില്ലിപോസ്റ്റിന്റെ അഭിലാഷ് ടിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:       

രാജാവ് എന്ന നിലയിലുള്ള അധികാരങ്ങള്‍ എന്തൊക്കെയാണ്?
നമ്മുടെ കൂട്ടം ഏപ്പിച്ചു തന്നിരിക്കുന്ന ഒരു പദവിയാണിത്. ഇതിനങ്ങിനെ അത്ര വലിയ അധികാരങ്ങളൊന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ അധികാരം എന്ന് പറയാനും പറ്റില്ല. നിങ്ങക്കും നമ്മക്കും ഒക്കെ അറിയാം രാജാധികാരം അവസനിച്ചിട്ട് നാളുകളായെന്ന്. നമ്മുടെ കൂട്ടത്തിനെ കൂട്ടായ്മയില്‍ നിര്‍ത്തുക, സ്വന്തം കലയെയും ആചാരങ്ങളെയും സംരക്ഷിക്കാനായി നമ്മുടെ തലമുറയ്ക്ക് വഴികാട്ടിയാവുക. പിന്നെ നമ്മുടെ ആവകാശങ്ങളൊക്കെ സര്‍ക്കാരിനോട് പറയാനും നേടിയെടുക്കാനും സ്വന്തം ആള്‍ക്കാരെ പ്രാപ്തരാക്കുക. ഇതൊക്കെയാണ് ഈ പദവികൊണ്ട് ഉദ്ദേശിക്കുന്നത്.

കോഴിമലയില്‍ എത്ര ആദിവാസി കുടുംബങ്ങളുണ്ട്?
നമ്മള് മന്നാമ്മാര് മാത്രം ഏകദേശം 46 കുടികളിലായി 140 കുടുംബങ്ങളുണ്ട്. മലമ്പണ്ടാരത്തില്‍പ്പെടുന്നവര്‍ എത്രയാണെന്ന് പറയാന്‍ കഴിയില്ല. കാരണം അവര്‍ ഇപ്പോഴും കാട്ടില്‍ തന്നെയാണ് കഴിയുന്നത്.

ഇവര്‍ക്കെല്ലാവര്‍ക്കും സ്വന്തമായി ഭൂമിയുണ്ടോ?
മന്നാന്‍ സമുദായത്തില്‍പ്പെട്ട ഏകദേശം എല്ലാവര്‍ക്കും തന്നെ ഭൂമിയുണ്ട്. പക്ഷെ അതില്‍ തന്നെ കൂടുതലും അഞ്ചു സെന്റില്‍ താഴെയാണ്. അത് പലപ്പോഴും കൃഷിയോഗ്യവുമല്ല. 

കേരളാ സര്‍ക്കാരുമായുള്ള രാജാവിന്റെ ബന്ധമെങ്ങിനെയാണ്?
നിയമപരമായി രാജാവ് എന്ന നിലയില്‍ അധികാരമൊന്നുമില്ലെന്ന്  മുമ്പ് പറഞ്ഞല്ലോ. എങ്കിലും, നമ്മുടെ  അടിയന്തിര ആവശ്യങ്ങളൊക്കെ അധികാരികളെ അറിയിച്ചാല്‍ അവരത് ചെയ്തു തരാറുണ്ട്. ഉദാഹരണത്തിന് പദ്ധതിവിഹിതത്തിന്റെ ഭാഗമായ അരിവിതരണത്തിന് കാലതാമസം, പുര കെട്ടുന്നതിന്റെ ബില്ലു മാറുക, മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളില്‍ പടിക്കുന്ന നമ്മടെ പിള്ളാരുടെ കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയ്ക്കൊക്കെ അധികാരികളില്‍ നിന്നും സഹായം ലഭിക്കാറുണ്ട്.

ഇത്തരം പദ്ധതികളുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ടോ?
പഞ്ചവത്സര പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കലക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിയില്‍ നമ്മള്‍ക്ക് പങ്കാളിത്തമുണ്ട്. അവിടെ നമ്മള്‍ അഭിപ്രായങ്ങള്‍ പറയാറുമുണ്ട്.

ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ ഊരുകൂട്ടം ഇവിടെ നടക്കാറുണ്ടോ?
ഉണ്ട്. അതില്‍ എല്ലാവരും തന്നെ വരാറുണ്ട്.
ആദിവാസികളുമായി ചേര്‍ന്ന് വനം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ രൂപീകരിച്ച എക്കോ-ഡെവലപ്മെന്റ് കമ്മറ്റികളെക്കുറിച്ച് എന്താണഭിപ്രായം?
ആദിവാസികളെ വനത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ഇതുകൊണ്ട് പ്രയോജനം ലഭിക്കുമെന്ന്ആദ്യമൊക്കെ നമുക്കും തോന്നിയിരുന്നു. പക്ഷെ ഫലത്തില്‍ അതിനു ഗുണത്തേക്കാളേറെ ദോഷമാണുള്ളത്. അതാണ് നമ്മടെ അനുഭവം. അവരു നല്‍കിയ പൈസാ കൊണ്ട് കുളം കുഴിക്കല്‍, മരം നട്ടുപിടിപ്പിക്കല്‍ എന്നിവയൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കിലും വനത്തിലേക്കുള്ള ആദിവാസികളുടെ സഞ്ചാരവും, വേട്ടയും , സ്വതന്ത്രമായുള്ള തേന്‍ ശേഖരണവും ഒക്കെ കര്‍ശനമായി നിയന്ത്രിക്കപ്പെട്ടു. നമ്മടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ പോലും ഈ കമ്മറ്റിക്കാര്‍ നമ്മെ അനുവദിക്കില്ല.      

ഇപ്പോഴും ഈ മേഖലയില്‍ ആദിവാസികളുടെ ഭൂമി കൈയ്യേറ്റം ചെയ്യപ്പെടുന്നുണ്ടോ?
വളരെ കുറച്ച്. കുറച്ചു നാളുകളായി ഇല്ലെന്നു തന്നെ പറയാം. നമ്മള്‍ മന്നാന്മാര്‍ കാട്ടുനായ്ക്കര്‍, മലമ്പണ്ടാരം എന്നിവരില്‍ നിന്നൊക്കെ മാറി. നമ്മളും മലയരയരയരെ പോലെ (കോട്ടയം ഇടുക്കി ജില്ലകളില്‍ കഴിയുന്നവര്‍) വളരെ നാളുകളായി ഒരു പ്രദേശത്ത് തന്നെ സ്ഥിരതാമസം നടത്തുന്നവരാണ്. പണ്ടുകാലത്താണങ്കില്‍ ഒരു മലയില്‍ കുറച്ചു കാലം കൃഷി ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് അടുത്ത മലയിലേയ്ക്കു പോകും. എന്നാല്‍ ഇന്നത് പറ്റില്ല. ഒരു സ്ഥലത്തു മാത്രം താമസിക്കേണ്ടതിന്റെ ആവശ്യം ഇന്ന് നമ്മക്കറിയാം. അതു മാത്രമല്ല, നമ്മടെ സമുദായക്കാര്‍ ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയിട്ടുമുണ്ട്.

മന്നാന്‍ സമുദായക്കാരും ഒരു സ്ഥലത്ത് സ്ഥിരതാമസം തുടങ്ങിയെങ്കിലും  കാണിക്കാര്‍, മലയരയര്‍ എന്നീ സമുദായക്കാര്‍ നേടിയെടുത്ത സാമൂഹിക സാമ്പത്തിക പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഇല്ലെന്നു തന്നെ പറയേണ്ടിവരും. അതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. മലയരയരും കാണിക്കാരും വളരെ നേരത്തെ തന്നെ റബ്ബര്‍, കുരുമുളക് എന്നിങ്ങനെയുള്ള നാണ്യവിളകള്‍  കൃഷി ചെയ്തു തുടങ്ങുകയും അതുവഴി ഒരു സ്ഥിരമായ വരുമാനമുണ്ടാവുകയും ചെയ്തു. ഇതിനേക്കാളുപരി അവരുടെ കുട്ടികള്‍ക്ക് സാമന്യം ഭേദപ്പെട്ട വിദ്യാഭ്യാസം ലഭിച്ചതിനാല്‍ സര്‍ക്കാര്‍ ജോലിയും കിട്ടുകയുണ്ടായി. മന്നാന്‍ സമുദായത്തെ സംബന്ധിച്ച് ഈ വളര്‍ച്ച വളരെ പതുക്കെയാണ്. ഇതിനു കാരണം സാമുഹ്യമായ പിന്നോക്കാവസ്ഥയും ഭൂമിശാസ്ത്രപരമായ ചില കാരണങ്ങളുമാണ്. നിങ്ങള്‍ ഈ പറമ്പില്‍ തന്നെ നോക്കു. റബ്ബര്‍ ഇവിടെ വളരുന്നപോലുമില്ല. ഞാനിത് പറയുന്നത് റബ്ബര്‍ മാത്രമാണ് വരുമാനമുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലല്ല. നമ്മുടെ പുതുതലമുറ ഇപ്പോള്‍ വിദ്യാഭ്യാസത്തിലും മറ്റും മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അവരിലൂടെ ഒരു മാറ്റം നമ്മള് പ്രതീക്ഷിക്കുന്നുണ്ട്.

മറ്റ് ആദിവാസി വിഭാഗങ്ങളുമായിട്ടുള്ള ബന്ധം?
ഐക്യ മലയരയ മഹാസഭയുമായി ബന്ധപ്പെട്ട് പട്ടയത്തിന്റെ കാര്യത്തിനായി നമ്മള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നാഷണല്‍ ആദിവാസി ഫെഡറേഷന്‍ ഗോത്രമഹാസഭ എന്നിവരുമായി നല്ല സഹകരണത്തിലാണ്. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെ നമ്മെ അറിയിക്കാറുമുണ്ട് നമ്മള്‍ പങ്കെടുക്കാറുമുണ്ട്. 
ആദിവാസി മേഖലയില്‍ സ്വയംഭരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസാക്കിയ നിയമം കേരളത്തില്‍ നടപ്പിലാക്കിയിലാക്കിയിട്ടില്ല. അതിനെക്കുറിച്ച് എന്തു പറയുന്നു?
അതിവിടെ നടപ്പിലാക്കിയിരുന്നെങ്കില്‍  വളരെ നല്ലതായിരുന്നു. ഇപ്പോഴാണെങ്കില്‍ നമ്മള്‍ സര്‍വത്ര കാര്യത്തിനും ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും കാലു പിടിക്കേണ്ട അവസ്ഥയാണുള്ളത്. നമ്മക്ക് സര്‍ക്കാര്‍ ഒരു വീട്  അനുവദിച്ചാല്‍ അത് എങ്ങിനെ പണിയണം എന്നു തുടക്കം മുതല്‍ അവസാനം വരെ നമ്മളെ നിര്‍ബന്ധിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാവും. അവരു പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പണിയുടെ ഓരോ ഘട്ടത്തിലും ബില്ലു മാറുമ്പോള്‍ ഇല്ലാത്തെ കാരണം പറഞ്ഞ് നമ്മളെ ബുദ്ധിമുട്ടിക്കും. ഇതു തെന്നെയാണ് എല്ലാ ആദിവാസി കോളനികളിലും നടക്കുന്നത്. നിങ്ങള്‍ നോക്ക്.. നമ്മള്‍ പണിയുന്ന ഈ വീടിന്റെ കാര്യവും മറിച്ചല്ല. ഉദ്യോഗസ്ഥര്‍  പലപ്പോഴും അവരുടെ ഔദാര്യം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ ചെയ്തു തരുന്നത്. ഇതിനൊരു അവസാനമുണ്ടായെങ്കില്‍ മാത്രമേ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയൂ.

ഈ പ്രദേശത്ത് ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
ഉണ്ട്..സായിപ്പമ്മാര്‍ നടത്തുന്ന ഒരു സംഘടന ഇവിടെ കുടികളില്‍ കക്കൂസ് കുളിമുറി എനിവയൊക്കെ വച്ചുതരാറുണ്ട്. ഞാനവരുടെ സംഘടനയുടെ പേര് ഓര്‍ക്കുന്നില്ല. 

കേരളത്തിലെ ആദിവാസികളുടെ അവകാശ സമരങ്ങളുടെ ഭാവിയെ എങ്ങിനെയാണ് കാണുന്നത് ?
നമ്മള്‍ ഇന്നും എല്ലാ കാര്യങ്ങളിലും പിന്നോക്കമാണ്. മത്രവുമല്ല നമ്മള്‍ പിന്നോക്കാവസ്ഥയില്‍ കിടക്കേണ്ടത് ആരുടെയോ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ മുമ്പു പറഞ്ഞ നിയമം ഇവിടെ നടപ്പിലാക്കപ്പെടാതെ പോയത്. അതിനുള്ള സാഹചര്യം  നമ്മക്കും നമ്മടെ കുട്ടികള്‍ക്കും കിട്ടുന്നില്ല എന്നതാണ് സത്യം. മാത്രവുമല്ല നമ്മടെ ആവശ്യങ്ങള്‍ക്കായി നാം രാഷ്ടീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആശ്രയിക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഇത് അവസാനിക്കണം. അതിനുവേണ്ടി ആദിവാസിവിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നമ്മക്ക് തോന്നുന്നത്.

ഇതോടൊപ്പം വായിക്കേണ്ടത്
ആദിവാസി വികസനം: കേരള മോഡല്‍