തിലകനോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അല്‍പ്പമെങ്കിലുമുള്ള അനുഭാവവും അഴീക്കോട് രംഗത്തിറങ്ങുന്നതോടെ ഇല്ലാതാകുമെന്ന് വിഎസ് സനോജ്
'വൃദ്ധന്‍' എന്ന പേരില്‍ മോപ്പസാങിന്റെ ഒരു കഥയുണ്ട്. ഒരു പ്രദേശത്തെ ചില വാര്‍ധക്യ സൗഹൃദങ്ങളെ ചുറ്റിപറ്റിയുള്ള കഥയില്‍ ഒരു വൃദ്ധന്‍ മരിക്കുന്നു. മരിച്ചവനെത്രയാണ് പ്രായമെന്ന് സുഹൃത്തായ വൃദ്ധന്‍ മറ്റൊരുത്തനോട് ചോദിക്കുന്നു. "എണ്‍പത്", എന്ന് മറുപടി. ഉടന്‍ മറ്റൊരു വൃദ്ധന്റെ കമന്റ്, "ഓ അപ്പോള്‍ ശ്രദ്ധയില്ലായ്‌മയാണ് മരണകാരണം, അല്ലാതെ വയസ്സായി മരിച്ചതല്ല......"
മലയാളസിനിമയില്‍ തിലകനും മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റും സുകുമാര്‍ അഴീക്കോടും ടി പത്മനാഭനുമെല്ലാം പങ്കുചേരുന്ന പുതിയ പ്രസ്‌താവന വിവാദങ്ങള്‍ മോപ്പസാങിന്റെ വയസ്സന്‍മാരെ ഓര്‍ക്കാന്‍ കാരണമായി. ഇവിടെയും സംഭവിക്കുന്നത് വൃദ്ധന്‍മാരുടെ ഈഗോ പ്രശ്‌നങ്ങളാണല്ലോ. അമ്പതുകഴിഞ്ഞവന്റെയും ഗള്‍ഫ് ഗേറ്റുകളുടെ കാരുണ്യത്താല്‍ സൂപ്പര്‍താര വിഗ് ജീവിതം നയിക്കുന്നവന്റേയും കുശുമ്പും കുന്നായ്‌മയും കൊതിക്കെറുവുകളും കോക്കസ് കളിയും സ്‌തുതിഗീതങ്ങളുമെല്ലാമാണ് മലയാളസിനിമയിലെ പുതിയ പ്രതിസന്ധികളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്നതാണ് സത്യം. മലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടന്‍മാരില്‍ ഒരാളായ (അങ്ങനെ കുറച്ചുപേരെയുള്ളൂ) തിലകന്‍ പറയുന്ന ആരോപണങ്ങളില്‍ പല കാര്യത്തിലും കഴമ്പുണ്ടെങ്കിലും തിലകന്റെ ക്ഷിപ്രകോപം പ്രശ്‌നങ്ങളെ കൂടുതല്‍ ഗുരുതരമാക്കിയെന്ന് പറയാം. അഴീക്കോട് ന്യായീകരിച്ചാലും എതിര്‍ത്താലും പ്രശ്‌നമാണ്...ഒരു മാരണമായി അത് തുടരും. അദ്ദേഹത്തിന്റെ പിന്തുണ കൊണ്ട് ആര്‍ക്കും ഗുണമുണ്ടായതായി കേട്ടിട്ടില്ല. ദോഷമുണ്ടായിട്ടുണ്ടുതാനും. അപ്രഖ്യാപിത വിലക്കുകളുടേയും കോക്കസ് കളിയുടേയും ശുപാര്‍ശയും കാലുനക്കലും കാലുവെച്ച് വീഴ്‌ത്തലും സാമാന്യം തരക്കേടില്ലാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു ഫീല്‍ഡ് തന്നെയാണ് മലയാളസിനിമ. സംഘടനാപരമായി ഞങ്ങള്‍ വിലക്കിയിട്ടില്ല, എന്തുരേഖയുണ്ട്..എന്നെല്ലാം ഏതൊരു നേതാവിന്റേയും ഭാഷയില്‍ ചോദിക്കാമെന്നല്ലാതെ ഇത്തരം പ്രവണതകളില്‍ നിന്ന് വിമുക്തമൊന്നുമല്ല സിനിമാരംഗമെന്ന് ഏതാണെന്ന് എല്ലാവര്‍ക്കുമറിയാം.
ബി ഉണ്ണികൃഷ്‌ണന്‍ മധ്യവര്‍ഗ ബുദ്ധിജീവിഭാഷയില്‍ താത്വികവിശദീകരണം നടത്തിയതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നില്ല, പരിഹരിക്കപ്പെടുന്നുമില്ല. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്ന് അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്‌ത നടനെ ഒഴിവാക്കിയതാണല്ലോ പുതിയ വിവാദങ്ങളുടെ മൂലകാരണമെന്ന് വിചാരിക്കരുത്. അതൊരു താല്‍ക്കാലിക കാരണം മാത്രമാണ്. ഫാന്‍സുകാരെ പോലും ലജ്ജിപ്പിക്കുന്ന ഫാന്‍സ് സംവിധായകരുള്ള രംഗമാണ് മലയാള സിനിമ. നടനെ സോപ്പിട്ട് ചാക്കിട്ട് നിര്‍ത്തി ലക്ഷങ്ങള്‍ കൊയ്യാനും, ഗുണ്ട് പടമെടുക്കാനും വേണ്ടി ഏത് കോക്കസ് കളികള്‍ക്കും തയ്യാറുള്ളവരുടെ വന്‍നിരയാണ് ഇവിടെയുള്ളത് (അങ്ങനെ അല്ലാത്തവരുമുണ്ട് എന്നറിയാം). തിലകന്‍ സംഭവത്തിലുമുണ്ടായത് അതുതന്നെ. ഇത് കാലങ്ങളായുള്ള ചില പതിവുസമ്പ്രദായങ്ങളും കീഴ് വഴക്കങ്ങളുമാണെന്ന് ഫീല്‍ഡിലുള്ളവര്‍ക്ക് എല്ലാമറിയാം. അടുത്തപടം ഇല്ലാതാകാതിരിക്കാന്‍ എന്തു ചെയ്യാം എന്നാണ് പലരും ഒരു പടം പോകുമ്പോള്‍ ആലോചിക്കാറ് എന്നുമാത്രം. നടന്‍ മാള അരവിന്ദനും ക്യാപ്‌റ്റന്‍ രാജുവും ചെയ്‌തത് അതാണ്. ജീവിക്കാനുള്ള ഗതികേടാകാം അതിനവരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കീഴടങ്ങാതിരിക്കാന്‍ തിലകന്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതേസമയം തിലകനും ചില പ്രശ്‌നങ്ങളുണ്ട്. അദ്ദേഹം ഒരു വല്ലാത്ത തരം ഭയാശങ്കകളുടെയും അനാവശ്യവും അകാരണവുമായ നിഴല്‍യുദ്ധങ്ങളുടേയും കൂടി ആശാനാണ്. ഇപ്പോള്‍ വാര്‍ധക്യം ബാധിച്ചതോടെ അത്തരം ഭയാശങ്കകള്‍ കലശലായിത്തീര്‍ന്നുവെന്ന് മാത്രം. ഇങ്ങിനെ എന്തിനും ഏതിനും കൊമ്പു കോര്‍ക്കുന്നതുകൊണ്ടാണ് തിലകന്‍ ചില കാര്യത്തില്‍ പറയുന്ന സത്യങ്ങള്‍ പോലും അവഗണിക്കപ്പെടുന്നത്.
പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചുപറഞ്ഞ് നാട്ടുകാരെ കബളിപ്പിച്ച കുട്ടിയെ ഒടുവില്‍ പുലി പിടിക്കുമ്പോള്‍ ആരും രക്ഷയ്‌ക്കെത്താതിരുന്ന കഥ എല്‍പി സ്‌കൂളില്‍ പഠിച്ചതുപോലെയാണ് തിലകന്റെ അവസ്ഥ. സ്വാഭാവികമായും സൂപ്പര്‍താരങ്ങളും ചലച്ചിത്ര സൗരയൂഥത്തിലെ താരാഗണങ്ങളും ഉപഗ്രഹങ്ങളും ഉല്‍ക്കകളും ധൂമകേതുവും പരസ്‌പരം ഏറ്റുമുട്ടുകയോ തലപൊക്കുന്നവനെ തമോഗര്‍ത്തത്തിലേക്ക് തള്ളിവിടുകയോ ചെയ്യുന്നു. അതാണ് മലയാളസിനിമയിലും സംഭവിക്കുന്നത്. തിലകന്റെ മറ്റൊരു പരിമിതി ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാനുള്ള കഴിവ് കുറവാണ് എന്നതാണ്. തന്നെ ന്യായീകരിക്കുന്നവന് വേണ്ടി അദ്ദേഹം രംഗത്തിറങ്ങും. വിനയനെ പോലുള്ളവരുടെ വാക്കുകളെ തിലകന്‍ മുഖവിലയ്‌ക്കെടുക്കുന്നത് അതുകൊണ്ടാണ്. അഴീക്കോടിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. അഴീക്കോടിന്റെ വാക്കും നിലപാടും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതുകൊണ്ട് അദ്ദേഹത്തെ വെറുതെ വിടാം. കഴിഞ്ഞ അറുപത് വര്‍ഷത്തിനുള്ളില്‍ ഇത്രയും നിലപാടില്ലാത്ത, പറഞ്ഞ വാക്കിന് വ്യവസ്ഥയില്ലാത്ത ഒരു വ്യക്തി എങ്ങനെ ഇത്രയും വലിയ സാംസ്‌കാരിക നായകനായി എന്നതാണ് സൂപ്പര്‍താര രാഷ്ട്രീയത്തേക്കാളും ലജ്ജാകരം. തിലകനോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അല്‍പ്പമെങ്കിലുമുള്ള അനുഭാവവും അഴീക്കോട് രംഗത്തിറങ്ങുന്നതോടെ ഇല്ലാതാകും എന്നതാണ് സത്യം. ടി പത്മനാഭന്റെ സ്ഥിതി ഇതിലും കഷ്ടമാണ്. വൈരാഗ്യവും വെറുപ്പും മാത്രമാണ് ഈ കഥാകാരന്റെ കൈമുതല്‍. എം കൃഷ്‌ണന്‍നായര്‍ പറഞ്ഞതു പോലെ സര്‍ഗാത്മകത എന്നേ വറ്റിപ്പോയെങ്കിലും കുശുമ്പും ക്രൗര്യവും വറ്റിപ്പോയിട്ടില്ല അദ്ദേഹത്തിന്. ചലചിത്രരംഗത്ത് അസാസ്‌കാരികമായ പ്രവണതകള്‍ ഉണ്ടാകുന്നതിന് നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്.
പണം മുഖ്യ ഉപാധിയായ മേഖലകളിലെല്ലാം സംഭവിക്കുന്ന കൊടുക്കല്‍-വാങ്ങലുകളുടെ അതീജീവനത്തിന്റെ കൂടിക്കൊടുപ്പ് ന്യായങ്ങളാണ് സിനിമയെ പൊതുവില്‍ ഭരിക്കുന്നത്. നല്ല സിനിമയെടുക്കുക എന്നതൊന്നുമല്ല നല്ല രീതിയില്‍ പൈസയുണ്ടാക്കുക എന്നതാണ് സിനിമാപ്രവര്‍ത്തനത്തിന്റെ മുഖ്യലക്ഷ്യം എന്ന തരത്തില്‍ അതിന്റെ ഫോക്കസ് മാറുമ്പോള്‍ സ്വാഭാവികമായും ഉല്‍പാദിപ്പിക്കപ്പെടുക ഇത്തരം രീതിശാസ്‌ത്രങ്ങള്‍ തന്നെയാണ്. പുതിയ തലമുറയിലെ സംവിധായകരുടേയും ലക്ഷ്യം മറ്റൊന്നല്ല. സൂപ്പര്‍താരങ്ങള്‍ പോക്കറ്റിലാവുക എന്ന ലക്ഷ്യമാണ് ഇവിടെ പ്രധാനം. അതുകൊണ്ട് പലരും പടച്ചുവിടുന്ന നാലാം കിട തറ സിനിമകള്‍ കാണുകയും പോരാത്തതിന് അവരുടെ അങ്ങാടി വാണിഭം കേള്‍ക്കേണ്ടിവരുകയും ചെയ്യുന്ന ഗതികേട് ആര്‍ക്കും തടയാനുമാകില്ല. പൈസ കൊടുത്താല്‍ കല്യാണം പോലുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്ന ഫാഷന്‍ തരംഗം മുംബൈയില്‍ ബോളിവുഡില്‍ മാത്രമല്ല കേരളത്തിലേക്കും വ്യാപിച്ചുതുടങ്ങുന്നു. ക്ഷണിക്കുന്നത് രാഷ്ട്രീയ നേതാവാണെങ്കില്‍ ഒന്നും നോക്കേണ്ട ആ നേതാവിന്റെ പാര്‍ടിയുടെ പേരുപോലും ശരിക്ക് പറയാനാവാത്ത നായികാ-നായകന്‍മാര്‍ അണിഞ്ഞൊരുങ്ങി പടയായി പോകുന്നു. ഇവരെല്ലാം ഇതിന്റെ പകുതി അഭിനയം ക്യാമറയ്‌ക്ക് മുന്നില്‍ കാഴ്‌ച്ചവച്ചിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ നമ്മള്‍ക്കു തന്നെ തോന്നിപ്പോകും. നടന്‍ ജഗതി പറയുന്നത് തിലകന് വിലക്കില്ല എന്നാണ്. പ്രഖ്യാപിത വിലക്കുകള്‍ സൃഷ്ടിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല സിനിമാക്കാര്‍ എന്ന് ആദ്യം ഓര്‍ക്കേണ്ടത് ജഗതിയാണ്. അദ്ദേഹം അത്തരം സംഭവങ്ങളെ നേരിട്ടയാളാണ്. ജഗതി അത് ബോധപൂര്‍വം മറന്നുകളയുന്നു. അപ്രഖ്യാപിത ഊരുവിലക്കുകളുടെ സാമ്രാജ്യമാണ് സിനിമാരംഗം. നാട്ടിന്‍പുറത്തെ മഹല്ല് കമ്മിറ്റിയുടെ വിലക്കുപോലെയാണ് തിലകന്റെ വിലക്ക് എന്ന് കവി കുരീപ്പുഴ പറഞ്ഞതുപോലെ.
ഞാന്‍ കമ്മിറ്റഡാണ് എന്നും തിലകനിലെ നടന്‍ ആത്മഹത്യ ചെയ്‌തിരിക്കുന്നുവെന്നും മാതൃഭൂമി ആഴ്‌ച്ചപതിപ്പില്‍ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നു. ആരോട് കമ്മിറ്റഡാണ് എന്നാണ് അദ്ദേഹം പറയുന്നത്? അദ്ദേഹത്തിനുള്ളിലെ കലാകാരന്‍ ജീവനോടെയുണ്ടോ. ഞാന്‍ ഒരു ആത്മവഞ്ചകനാണ് എന്ന് വിളിച്ചുപറയാന്‍ സാഹിത്യത്തില്‍ ഒരു ബാലചന്ദ്രന്‍ ചുള്ളിക്കാടുണ്ടായെങ്കില്‍ സിനിമയില്‍ ആരുമുണ്ടാക്കാത്തതെന്താണ്? ഉണ്ണികൃഷ്‌ണന് കമ്മിറ്റ്‌മെന്റ് ആരോടാണ് സൂപ്പര്‍താരങ്ങളോടോ..? മാടമ്പി, പ്രമാണി ഇത്യാദി..ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയുടെ പഴകി തികട്ടിയ എച്ചില്‍ രൂപങ്ങളെ തിരിച്ചും മറച്ചുമിട്ട് തിരക്കഥയുണ്ടാക്കുന്നതാണോ കമ്മിറ്റ്‌മെന്റ്. നേരാവണ്ണം നല്ല ഹൃസ്വചിത്രം ചെയ്യാനുള്ള അപൂര്‍വ അവസരം (സാമ്പത്തികലാഭം നോക്കാതെ) രഞ്‌ജിത്തിന്റെ കേരള കഫേയില്‍ കിട്ടിയിട്ടുപോലും നല്ല പടമെടുക്കാന്‍ കഴിയാതിരുന്നയാളാണ് ഉണ്ണികൃഷ്‌ണന്‍. പ്രസ്‌താവനയുദ്ധക്കാരില്‍ പലരുടേയും സ്ഥിതി അതുതന്നെ. ലാലിനും മമ്മൂട്ടിയ്‌ക്കും വേണ്ടി ഫോണിലൂടെ തെറിവിളി നടത്തുന്ന ഫാന്‍സുകാരെ കേരളത്തില്‍ നിന്ന് നാടുകടത്തിയില്ലെങ്കില്‍ സിനിമയെന്നല്ല സമൂഹം തന്നെ രക്ഷപ്പെടില്ല. പല ചിത്രങ്ങളും തിയ്യറ്ററില്‍ പോയി കാണാന്‍ പറ്റാത്ത അവസ്ഥയാണ് ഫാന്‍സുകാരുടെ തോന്നിവാസങ്ങള്‍ കാരണം. എന്നിട്ട് ആരോപണം വന്നാല്‍ ഞങ്ങളല്ല, എന്ന പാര്‍ടി ഭാഷ എഴുതിയിട്ട് ഫാന്‍സ് നേതാക്കള്‍ രക്ഷപ്പെടും. രഞ്‌ജിത്തിന്റെ സിനിമാപരീക്ഷണത്തെ അദ്ദേഹമടക്കമുള്ളവര്‍ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്‌ഠന്‍മാര്‍ തന്നെയാണ് കൂകിവിളിച്ചതെന്ന് മാധ്യമം ആഴ്‌ച്ചപതിപ്പ് എഴുതിയതുപോലെ. ചുറ്റും പരിവാരങ്ങളും കൂറ്റന്‍ കാറുകളും പലതരം കണ്ണടകളുമായി വരുന്ന സൂപ്പര്‍താരങ്ങളുടെ ഇത്രയും സാമൂഹികാശ്ലീലം നിറഞ്ഞ രൂപം ലജ്ജിപ്പിക്കുന്നതാണ്. താരം സെറ്റില്‍ വന്നാല്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കണം. പിന്നെ ഛായാഗ്രാഹകനെ ക്യാമറ വയ്‌ക്കാന്‍ പഠിപ്പിക്കുന്നു, നൃത്തസംവിധായകനെ തിരുത്തുന്നു. ഇത്യാദി സാഹസങ്ങള്‍ വേറെ. ലൈറ്റ് ബോയ് നല്ല ഷര്‍ട്ടിട്ടുവന്നാല്‍ അതിന് ദേഷ്യപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ വരെയുണ്ട് മലയാളത്തില്‍. കോഴിക്കോട് ഉദ്‌ഘാടനത്തിന് വന്ന നടനെ ആരാധനയോടെ ഒന്നുതൊടാന്‍ ശ്രമിച്ചതിന് അവനെ തല്ലാനോങ്ങിയ ദൃശ്യം യൂട്യൂബില്‍ നമ്മളെല്ലാം കണ്ടതാണ്. ഒരു ഗള്‍ഫ് ഷോയില്‍ അപഹാസ്യമായി ആടിപ്പാടുന്ന മറ്റൊരു താരം ഒരാളെ വേദിയില്‍ നിന്ന് തള്ളിയിടുന്നതും അടുത്തിടെ കണ്ടു. എന്നിട്ട് സാംസ്‌കാരികബിംബമായി അവരെ അവതരിപ്പിച്ച് പത്മശ്രീയും ഡിലിറ്റും മേജര്‍പദവിയും വലിച്ചുവാരി പൗഡറിട്ട് വിഗ്ഗുംവച്ച് നടക്കുന്നു. സത്യത്തില്‍ ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സൂപ്പര്‍താരത്തിന്റെ മാനറിസത്തില്‍ കുറഞ്ഞതൊന്നും സിനിമാരംഗത്തില്ല.
എത്രയൊന്നും കോടികള്‍ വാങ്ങിയിട്ടും പോരാതെ പരസ്യത്തിലൂടെ നുണ പറഞ്ഞുകൊണ്ടിരിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. തമിഴ് ജനതയെ അപഹസിക്കാന്‍ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള മലയാളി സമൂഹം രജനീകാന്ത് അടക്കമുള്ള നടന്‍മാരില്‍ നിന്ന് മാതൃകയാക്കേണ്ട, പഠിക്കേണ്ട ചിലതുണ്ട്. അത് സാമൂഹികമര്യാദയും വിനയവും മാത്രമല്ല വിഗ്ഗില്ലാതെ മെയ്‌ക്കപ്പില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനും അങ്ങേയറ്റം മെയ്‌ക്കപ്പോടെ സിനിമയിലെ കഥാപാത്രമായി മാറാനുള്ള ആര്‍ജ്ജവമാണ്. കമല്‍ഹാസന്‍ അടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്ന ഭാഷയും സാംസ്‌കാരിക ഔന്നത്യവും അവര്‍ക്ക് ശേഷമുള്ളവരായാലും പുതുമുഖങ്ങള്‍ പോലും പൊതുവേദിയില്‍ കാണിക്കുന്ന വിനയം ഒന്നു കാണേണ്ടതു തന്നെയാണ്... ഈ വാര്‍ധക്യപുരാണം ആരെയും നന്നാക്കില്ലെന്നുറപ്പാണ്. നല്ല സിനിമ കണി കാണാന്‍ പോലുമാകാത്ത തരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന മലയാളസിനിമയില്‍ ശിങ്കിടികളുടേയും സ്‌തുതിപാഠകരുടേയും ഈ ശീതസമരം ഇനിയും തുടരും കാരണം, ഇവരെല്ലാം കമ്മിറ്റഡാണ്... അവരുടെ ഏമാന്‍മാരോട്...
ലേഖകന്‍ മാധ്യമപ്രവര്‍ത്തകനാണ്

