Showing posts with label അന്തര്‍ദേശീയം. Show all posts
Showing posts with label അന്തര്‍ദേശീയം. Show all posts

Apr 6, 2010

ബാഗ്ദാദ് വിഡിയോ ഗെയിം

2007 ജൂലൈ 12ന് അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ ഒരു 'തീവ്രവാദ വേട്ട'യുടെ വീഡിയോ ദൃശ്യമാണ് ചുവടെ. ന്യൂ ബാഗ്ദാദ് തെരുവില്‍ കൂട്ടം കൂടി നിന്നിരുന്ന ഒരു പറ്റം ഇറാഖികള്‍ക്കു നേരെ അപ്പാച്ചെ ഹെലികോപ്റ്ററിലെത്തിയെ അമേരിക്കന്‍ പട്ടാളക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുന്നു. കൊല്ലപ്പെട്ട പന്ത്രണ്ടു പേരില്‍ റൊയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ യുദ്ധ ഫോട്ടോഗ്രാഫര്‍ നമീര്‍ നൂര്‍ എല്‍ദീനും അദ്ദേഹത്തിന്റെ ഡ്രൈവറുമുള്‍പ്പെടും. ഈ കൂട്ടക്കുരുതിയുടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വീഡിയോ പുറത്തു വിട്ടിരുന്നില്ല. പിന്നീട് നടന്ന സൈനിക അന്വേഷണം അമേരിക്കന്‍ സൈനികള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിചിത്രമായ കണ്ടെത്തലില്‍ കലാശിച്ചു. wikileaks.org എന്ന വെബ് സൈറ്റാണ് വീഡിയോ പുറത്തുവിടുന്നത്.

Feb 3, 2010

അടുത്ത നൂറു വര്‍ഷങ്ങള്‍

അടുത്ത നൂറു വര്‍ഷങ്ങളില്‍ ലോകം എങ്ങിനെയായിരിക്കും? സ്ട്രാറ്റ്ഫോര്‍ സ്ഥാപകന്‍ ജോര്‍ജ് ഫ്രീഡ്മാന്റെ വിശകലനം   
1493ല്‍ കൊളംബസ് പടിഞ്ഞാറോട്ട് യാത്രയാരംഭിച്ചു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. ഈ രണ്ടു സംഭവങ്ങള്‍ക്കിടയ്ക്കുള്ള കാലമാണ് യൂറോപ്യന്‍ യുഗം എന്നറിയപ്പെടുന്നത്. ഒരു കാലത്ത് മംഗോളിയക്കാര്‍ എന്നൊരു വിഭാഗമുണ്ടെന്ന് തന്നെ മായന്മാര്‍ക്ക് അറിയില്ലായിരുന്നു. സൂലുക്കളുണ്ടെന്ന് (Zulu) മംഗോളിയക്കാര്‍ക്കും അറിയില്ലായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ലോകത്തെ കീഴടക്കാനുള്ള പ്രയാണമാരംഭിച്ച യൂറോപ്യന്മാര്‍ ചരിത്രത്തിലെ ആദ്യ ആഗോള ഭൗമരാഷ്ട്രീയ വ്യവസ്ഥിതി (global geopolitical system) സൃഷ്ടിച്ചു. ഫലം: ആസ്ത്രേലിയയിലെ അബോറിജിനുകളുടെ വിധി അയര്‍ലണ്ടിലെ ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ തീരുമാനിക്കപ്പെടുന്ന പുതിയൊരവസ്ഥ സംജാതമായി. അഞ്ചു നൂറ്റാണ്ടുകാലം നീണ്ടു നിന്ന യൂറോപ്പിന്റെ സര്‍വാധിപത്യത്തിന്റെ ചരിത്രം രക്തരൂഷിതമായ ആഭ്യന്തരയുദ്ധങ്ങളുടെ കൂടി ചരിത്രമാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം, ഒരു ആഗോളശക്തിയെന്നു വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരൊറ്റ യൂറോപ്യന്‍ രാജ്യം പോലുമുണ്ടായിരുന്നില്ല.

അമേരിക്ക
അഞ്ഞൂറു വര്‍ഷക്കാലം, നോര്‍ത്ത് അറ്റ്ലാന്റിക് നിയന്ത്രിച്ചിരുന്നതാരോ അവരായിരുന്നു ആഗോള വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്. 1980 ആയപ്പോഴേക്കും വ്യാപാരത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറി. അറ്റ്ലാന്റിക്കിനൊപ്പം തന്നെ പസഫിക്ക് സമുദ്രവും പ്രധാനപ്പെട്ടതായി. അതുകൊണ്ട് തന്നെ ഈ രണ്ടു സമുദ്രങ്ങളിലും സ്വാധീനമുള്ളവര്‍ പ്രധാനശക്തികളായുയര്‍ന്നു. ഈ സമയത്താണ് വടക്കനമേരിക്ക, പ്രത്യേകിച്ചും അമേരിക്കന്‍ ഐക്യനാടുകള്‍, ആഗോള വ്യവസ്ഥിതിയുടെ കേന്ദ്രസ്ഥാനത്തേക്കുയരുന്നത്. അമേരിക്കയുടെ ഉയര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ച ഒരു ഘടകമാണ് അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍. കടല്‍-കര ആക്രമണങ്ങളില്‍ നിന്നും അമേരിക്ക ഭൂമിശാസ്ത്രപരമായി തന്നെ സം രക്ഷിതമാണ്. രണ്ടാം ലോകയുദ്ധം കൊണ്ട് നേട്ടമുണ്ടാക്കിയ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് അമേരിക്ക. വ്യവസായ മേഖലയെ മൊത്തത്തില്‍ ആധുനികവത്കരിക്കാന്‍ കഴിഞ്ഞു എന്നയിടത്താണ് അമേരിക്കയുടെ നേട്ടം. ഈ സാമ്പത്തിക നേട്ടത്തിന്റെ കാരണങ്ങളും ഭൂമിശാസ്ത്രത്തില്‍ കണ്ടെത്താനാകും. അപ്പലേഷ്യന്‍-റോക്കി മലനിരകള്‍ക്കിടയ്ക്കുള്ള ഫലഭൂയിഷ്ടമായ മണ്ണും, സമ്പന്നമായ നദീ സംവിധാനവും പത്തൊമ്പതാം നൂറ്റാണ്ടില്‍ ഏറെ പിന്നിലായിരുന്ന ഒരു സമ്പദ് വ്യവസ്ഥയെ ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ള ഘടകങ്ങളാണ്. അമേരിക്കയുടെ വളര്‍ച്ചാസാധ്യതകള്‍ ഇനിയും അനന്തമാണ്. മറ്റുരാജ്യങ്ങളെ പോലെ ഒരു ജനസംഖ്യാ പ്രതിസന്ധി അമേരിക്കയെ കാത്തിരിപ്പില്ല. അമേരിക്ക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി തുടരുന്നത് ഭരണകൂടത്തിതിന്റെ നന്മ കൊണ്ടോ, അമേരിക്കക്കാരുടെ മികവു കൊണ്ടോ അല്ല. മറിച്ച് യൂറോപിന്റെ പരാജയങ്ങളും ആഗോള വ്യാപാര രീതികളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമാണ് അമേരിക്കയെ നയിക്കുന്നത്.

ഇത് ചരിത്രത്തെ ഭൂമിശസ്ത്രത്തിലൂടെ വായിക്കാനുള്ള ശ്രമമാണ്. ഭൂമിശാസ്ത്രമാണ് അധികാരത്തെ നിര്‍വചിക്കുന്നതെന്ന്‍ വാദിക്കുന്ന ശാഖയാണ് ഭൗമരാഷ്ട്രീയം (geopolitics). ഒരു രാഷ്ട്രത്തിന്റെ സ്വഭാവം വലിയ തോതില്‍ അതിന്റെ ഭൂമിശാസ്ത്രപരമഅയ പ്രത്യേകതകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഭരണകര്‍ത്താക്കളേയും രാഷ്ട്രങ്ങളേയും കുറിച്ചുള്ള അഭിപ്രായങ്ങളൂം, അവരുടേ സത്പേരും ഒരു പരിധിക്കപ്പുറത്തേക്ക് പ്രധാനപ്പെട്ട ഘടകങ്ങളേയല്ല. സംഭവങ്ങള്‍ക്കും, അവ എത്ര പ്രധാനപ്പെട്ടതാണെന്ന് തോന്നിച്ചാലും, ഒരു പരിധിയില്‍ കവിഞ്ഞ പ്രാധാന്യമില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പ്രധാനപ്പെട്ടതാണ്. പക്ഷേ, നില നില്‍ക്കുന്ന ആഗോള അധികാര ഘടനയെ സ്വാധീനിക്കാനുള്ള ശേഷിയൊന്നും അതിനില്ല. അതുപോലെ തന്നെ അമേരിക്കന്‍ ശക്തി ശോഷിച്ചു കൊണ്ടിരിക്കുകയാണെന്ന നിരീക്ഷണം ഭാവനാസമ്പന്നമാണ്. അമേരിക്ക ഒന്നാം സ്ഥാനത്തു നിന്നും പിന്തള്ളപ്പെടണമെങ്കില്‍ മറ്റു ചില രാജ്യങ്ങള്‍ അമേരിക്കയെ മറി കടക്കേണ്ടതില്ലെ? അങ്ങിനെയാരും തന്നെ തത്കാലത്തേക്കില്ല എന്നതാണ് വാസ്തവം.

ചൈന
ചൈനയുടെ കാര്യം തന്നെയെടുക്കൂ. അമേരിക്കയുടെ എതിരാളിയായി പലരും ഇന്ന് ചൂണ്ടി കാണിക്കുന്നത് ചൈനയെയാണ്. എന്നാല്‍ ഇന്നത്തെ ഹാന്‍ ചൈന നാല് അര്‍ധരാഷ്ട്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മഞ്ചൂരിയ, അന്തര്‍ മംഗോളിയ, സിംഗ്ജിയാംഗ്, റ്റിബറ്റ്. ഈ പ്രദേശങ്ങള്‍ ചൈനയോടൊപ്പമില്ലെങ്കില്‍ ചൈന ദുര്‍ബലയാണ്. ചൈനയുടെ വലിയൊരു ഭൂരിഭാഗം ജനങ്ങളും പസഫിക് തീരത്തു നിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കകലെയാണ് ജീവിക്കുന്നത്. എന്നാല്‍ ചൈനയുടെ വന്‍ വ്യവസായങ്ങളെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് തീരപ്രദേശത്തോ അതിനോടടുത്ത പ്രൊവിന്‍സുകളിലോ ആണ്. ഔദ്യോഗിക കണക്കനുസരിച്ച് ആറര കോടി ചൈനക്കാര്‍ 20,000 ഡോളര്‍ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഏകദേശം 16.5 കോടി ജനങ്ങളുടെ വാര്‍ഷിക കുടുംബവരുമാനം 2,000-20,000 ഡോളറിനുള്ളില്‍ വരും. ഇവരില്‍ ഭൂരിഭാഗവും ജീവിക്കുന്നത് തീരപ്രദേശത്തിന് വെറും നൂറു മൈല്‍ ദൂരത്തിനുള്ളിലാണ്. ഏകദേശം 40 കോടി ജനങ്ങളുടെ വരുമാനം 1,000 ഡോളറിനും 2,000 ഡോളറിനുമിടയിലാണെങ്കില്‍ 67 കോടി ജനങ്ങളുടെ വരുമാനം 1,000 ഡോളറില്‍ താഴെയാണ്. അതായത്, ചൈന ഇന്നും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് സാരം. ആഭ്യന്തരോത്പാദനത്തിന്റെ (GDP) കാര്യത്തിലെങ്കിലും അമേരിക്കയെ മറികടക്കണമെങ്കില്‍ ചൈനീസ് സാമ്പത്തിക വ്യവസ്ഥ മൂന്നിരട്ടിയായി വളരുകയും അമേരിക്കയുടെ വളര്‍ച്ച മുരടിക്കുകയും വേണം. മാത്രമല്ല, ചൈന സൈനീകപരമായി ഒരു വന്‍ ശക്തിയൊന്നുമല്ല. ആണെങ്കില്‍ തന്നെ അതിനിയും തെളിയിക്കേണ്ടിയിരിക്കുന്നു. ചൈനയ്ക്ക് അതിപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ തീര്‍ച്ചയായും അഭിമുഖീകരിക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ അത്തരമൊരു മാറ്റത്തിന് ആ രാഷ്ട്രം കുറഞ്ഞത് ഒരു നൂറ്റാണ്ടെങ്കിലുമെടുക്കും.

യൂറോപ് എന്നെങ്കിലും ഒരൊറ്റ സൈനീക-സാമ്പത്തിക ശക്തിയായി സ്വയം പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ അത്തരമൊരു ശക്തി തീര്‍ച്ചയായും അമേരിക്കക്ക് ഒരു വെല്ലുവിളിയാകുമായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് കണ്ടതു പോലെ ദേശീയത യൂറോപ്യന്‍ ഭൂഖണ്ഡത്തെ ഇപ്പോഴും വലിയൊരളവില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. ഏകീകൃമായ ഒരു സാമ്പത്തിക-സൈനിക സംവിധാനത്തിന് കീഴില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തെ മൊത്തം അണിനിരത്തുക എന്നത് ചൈന സൂപ്പര്‍ പവറാകും എന്നതു പോലുള്ള ഒരു സ്വപ്നമാണിന്ന്.

ലോകം അമേരിക്കന്‍ കേന്ദ്രിതമാണ്. വടക്കനമേരിക്കയുടെ സാമ്പത്തിക വിഭവങ്ങളെല്ലാം ഇന്ന് ഐക്യനാടുകളുടെ നിയന്ത്രണത്തിലാണ്. ലോകത്തിലെ സമുദ്രങ്ങളും, ബഹിരാകാശം പോലും അമേരിക്ക നിയന്ത്രിക്കുന്നു. ഒരിക്കല്‍ ബ്രിട്ടന്‍ യൂറോപിനെന്തായിരുന്നോ അതാണ് ലോകത്തിന് അമേരിക്കയിന്ന്. അമേരിക്കയുടെ പ്രാഥമിക ലക്ഷ്യം തങ്ങളുടെ അധീശത്വത്തെ ചോദ്യം ചെയ്യാവുന്ന നിലയിലേക്ക് മറ്റൊരു രാഷ്ട്രം ഉയരുന്നത് തടയുക എന്നതാണ്. സോവിയറ്റ് യൂനിയന്റെ പതനവും, ചൈനയുടെ പരിമിതികളും യൂറോപ്പിലെ വിഭാഗീയതയും ചേരുമ്പോള്‍ നിലവില്‍ അമേരിക്കക്ക് വെല്ലുവിളികളില്ല. റഷയുടെ തിരിച്ചുവരവിനെ തടയാന്‍ അമേരിക്ക നിരന്തരമായി ശ്രമിക്കുന്നുണ്ട്. പോളണ്ട്, തുര്‍ക്കി തുടങ്ങിയ റഷന്‍ അയല്‍ രാജ്യങ്ങളുമായി നല്ലബന്ധമുള്ള അമേരിക്ക ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യാവകാശ പ്രശ്നങ്ങളുയര്‍ത്തി പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

എന്നാല്‍ പുതിയ നൂറ്റാണ്ടില്‍ ശക്തികള്‍ ഉയര്‍ന്നു വരും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മനിയും, ജപ്പാനും, ഇറ്റലിയും വന്‍ശക്തികളായി മാറിയെങ്കില്‍ ഇരുപതാം നൂറ്റാണ്ടില്‍ വന്‍ശക്തികളായിരുന്ന ബ്രിട്ടനും ഫ്രാന്‍സിനും തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപ്പെട്ടു. ഓരോ നൂറ്റാണ്ടിലും ആഗോള തലത്തില്‍ നടക്കുന്ന അധികാര മാറ്റങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്. പ്രവചനാതീതമായ ചിലത് നമുക്കു പ്രവചിക്കാന്‍ ശ്രമിക്കാം.


ജപ്പാന്‍, തുര്‍ക്കി, പോളണ്ട്
പ്രാദേശിക ശക്തികളുമായുള്ള സഖ്യം അമേരിക്കയുടെ വിദേശനയത്തിന്റെ പ്രധാന ഭാഗമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അമേരിക്കക്ക് ഒഴിവാക്കാന്‍ പറ്റാത്ത മൂന്നു പ്രാദേശിക ശക്തികളുണ്ടാവും -- ജപ്പാന്‍, തുര്‍ക്കി, പോളണ്ട്. ജപ്പാന്‍ ഇപ്പോള്‍ തന്നെ ഒരു വന്‍ ശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന് കിഴക്കനേഷ്യയിലെ ഏറ്റവും ശക്തമായ നാവിക ശക്തിയും കൂടിയാണ്. തുര്‍ക്കി ഇന്ന് ലോകത്തെ ഏറ്റവും വലിയ പതിനേഴാമത്തെ സാമ്പത്തിക ശക്തിയാണ്. യൂറോപ്പിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിലൊന്നും കൂടിയാണ് തുര്‍ക്കി. കൊക്കാസസിലും, ബാള്‍ക്കന്‍ മേഖലയിലും, മധേഷ്യയിലും, അറബ് ലോകത്തും തുര്‍ക്കിയുടെ സ്വാധീനം ഇപ്പോള്‍ തന്നെ വലുതാണ്. ചരിത്രപരമായി മുസ്ലിം ലോകത്തിന്റെ നേതൃസ്ഥാനത്തിരുന്നിരുന്ന ഒരു രാജ്യം കൂടിയാണ് തുര്‍ക്കിയെന്നോര്‍ക്കണം. റഷ ദുര്‍ബലപ്പെട്ടാല്‍ യുറേഷ്യയിലെ വന്‍ശക്തിയായുയര്‍ന്നു വരിക തുര്‍ക്കിയായിരിക്കും.

ലോകത്തെ പതിനെട്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് പോളണ്ട്. മുന്‍ സോവിയറ്റ് സഖ്യശക്തികളില്‍ ഏറ്റവും വലുത്. അമേരിക്കയും റഷയും തമ്മില്‍ ശക്തിപ്പെടുന്ന മത്സരത്തില്‍ വാഷിംഗ്ടണിന്റെ സഖ്യശക്തിയായിരിക്കും പോളണ്ട്. ഭൂമിശാസ്ത്രപരമായി യൂറോപ്പിനും റഷക്കുമിടയിലാണ് പോളണ്ട്. അതുകൊണ്ട് തന്നെയാണ് അമേരിക്ക-പോളണ്ട് ബന്ധം നിര്‍ണായകമാവുന്നതും. ഈ മത്സരത്തില്‍ നിന്നും പോളണ്ട് എങ്ങിനെ നേട്ടമുണ്ടാക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ദക്ഷിണ കൊറിയ. ആ രാജ്യം ഇന്നത്തെ വ്യാവസായിക ശക്തിയായുയരുമെന്ന് 1950ല്‍ ആരെങ്കിലും പ്രവചിച്ചിരുന്നോ? ഇസ്രയേലും, കൊറിയയും എങ്ങിനെയാണോ അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധത്തില്‍ (strategic relationship) നിന്നും നേട്ടമുണ്ടാക്കിയത്, അതേ വഴി തന്നെ പോളണ്ടും മുന്നേറും.

റഷയ്ക്ക് അതിന്റെ ഇന്നത്തെ ജനസംഖ്യാപരവും, സാമ്പത്തികവുമായ വെല്ലുവിളികളെ അതിജീവിക്കാനാവില്ല. ചൈന അതിന്റെ അന്തമില്ലാത്ത സാമൂഹ്യപ്രശ്നങ്ങളില്‍ പെട്ടുഴലും. അതായത്, അസ്ഥിരമായ, വിഭജിക്കപ്പെട്ട ഒരു യുറേഷ്യയില്‍ ആരാണ് നേതൃ സ്ഥാനത്തേക്കുയരുക എന്ന് ചിന്തിച്ചു നോക്കു. മൂന്നു ശക്തികളുടെ ഒരു വലയമാണ് മേഖലയെ നിയന്ത്രിക്കാന്‍ പോകുന്നത് -- കിഴക്ക് ജപ്പാന്‍, തെക്ക് തുര്‍ക്കി, പടിഞ്ഞാറ് പോളണ്ട്. റഷന്‍-അമേരിക്കന്‍ മത്സരത്തിന്റെ കാലത്ത് ഈ മൂന്നു രാജ്യങ്ങളും അമേരിക്കയുമായി സഖ്യത്തിലായിരിക്കും. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ, ജപ്പാനും തുര്‍ക്കിയും സമുദ്ര ശക്തികളായുയരുന്നതോടെ, ഈ സമവാക്യത്തില്‍ മാറ്റം വരും. സമുദ്രപാതയിലും, കടല്‍ യുദ്ധങ്ങളിലും ശക്തിയാര്‍ജിക്കുന്ന ഏതു ശക്തിയും ഭീഷണിയാണെന്നാണ് അമേരിക്കയുടെ പരമ്പരാഗതമായ കാഴ്ചപാട്. അമേരിക്കക്കെതിരെ ഒരു ജപ്പാന്‍-തുര്‍ക്കി സഖ്യം രൂപപ്പെടുന്നതൊന്ന് സങ്കല്പിച്ച് നോക്കുക. വിചിത്രമാണെന്ന് തോന്നിയേക്കാമെങ്കിലും 1939ലെ ജപ്പാന്‍-ജര്‍മനി സഖ്യത്തേക്കാള്‍ വിചിത്രമായിരിക്കില്ല. ഈ സഖ്യം ലോകാധിപത്യം ലാക്കാക്കി അമേരിക്കക്കെതിരെ തിരിയുന്നതോടെ പുതിയ ലോകയുദ്ധത്തിനുള്ള കളമൊരുങ്ങുകയായി. എന്നാല്‍ സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന ഒരു ലോകത്ത് പുതിയ യുദ്ധം നടക്കുക ഭൂമിയില്‍ വച്ചായിരിക്കില്ല, ബഹിരാകാശത്ത് വച്ചായിരിക്കും. 2050ഓടെ അമേരിക്ക ഒരു ബഹിരാകാശ സൂപ്പര്‍ പവറായി മാറി കഴിഞ്ഞിരിക്കും. അമേരിക്കയുടെ ശക്തിയെ വെല്ലുവിളിക്കണമെങ്കില്‍ ഈ ബഹിരാകാശ ശേഷിയെ തന്നെ തകര്‍ക്കണം. അതുകൊണ്ട് തന്നെ യുര്‍ക്കിയും-ജപ്പാനും അമേരിക്കയുടെ ബഹിരാകാശ കേന്ദ്രങ്ങളെ ആക്രമിക്കും. വന്‍ തിരിച്ചടികള്‍ നേരിട്ടേക്കാമെങ്കിലും ഈ യുദ്ധത്തില്‍ അമേരിക്ക-പോളണ്ട് സഖ്യം പരാജയപ്പെടുമെന്ന് സങ്കല്പ്പിക്കാന്‍ പ്രയാസമാണ്.

മെക്സിക്കോ
പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യകാലഘട്ടം വരെ ലോകാധിപത്യത്തിനു വേണ്ടി മത്സരിച്ചിരുന്ന രണ്ട് തലസ്ഥാനങ്ങളുണ്ടായിരുന്നു. വാഷിംഗ്ടണും മെക്സിക്കോ സിറ്റിയും. 1840ല്‍ അമേരിക്ക വടക്കന്‍ മെക്സിക്കോയെ പരാജയപ്പെടുത്തിയതിനു ശേഷം അമേരിക്കയാണ് മെക്സിക്കോയെ 150 കൊല്ലത്തോളം നിയന്ത്രിച്ചിരുന്നത്. ഇന്ന് ലോകത്തെ പതിമൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാണ് മെക്സിക്കോ. ഇന്ന് ആ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നു പോരാട്ടങ്ങളാണ്. എന്നാല്‍ ഈ മരുന്നു രാജാക്കന്മാരുടെ കാലം കഴിഞ്ഞാല്‍ മെക്സിക്കോയ്ക്കുണ്ടാവാന്‍ പോകുന്ന മാറ്റം അഭൂതപൂര്‍വമായിരിക്കും. നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലായിരിക്കും മെക്സിക്കോയുടെ യുഗം തുടങ്ങുക. തെക്കു പടിഞ്ഞാറന്‍ അമേരിക്ക ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്ന് കരുതുന്ന മെക്സിക്കോക്കാര്‍ ഇപ്പോഴത്തെ കീഴടങ്ങല്‍ മനോഭാവം എന്നും തുടര്‍ന്നു കൊള്ളണമെന്നില്ല.

അഞ്ഞൂറു വര്‍ഷം ലോകത്തെ നിയന്ത്രിച്ച യൂറോപ് ഇന്ന് ചിത്രത്തിലേ ഇല്ല. അതുപോലെ തന്നെ വടക്കനമേരിക്കയുടെ ലോകാധിപത്യത്തിനും ഒരുറപ്പും നല്‍കാനാവില്ല. അമേരിക്കന്‍ ശക്തി ക്ഷയിക്കുന്നതോ, മെക്സിക്കോ വന്‍ശക്തിയായുയരുന്നതോ, അല്ലെങ്കില്‍ അമേരിക്കന്‍ മേല്‍ക്കോയ്മ നൂറ്റാണ്ടുകളോളം തുടരുന്നതോ ആയ സാഹചര്യങ്ങള്‍ ആര്‍ക്കും സങ്കല്പ്പിക്കാം. ഭൗമശാസ്ത്രപരമായ ക്രമം മാറിക്കൊണ്ടേയിരിക്കും. അമേരിക്കന്‍ യുഗം അവസാനിക്കും. പക്ഷേ, അതുടനെയുണ്ടാവില്ല; ഒരു നൂറ്റാണ്ടു കാലത്തേക്കെങ്കിലും.

ഫ്രീഡ്മാന്‍ തന്റെ പുതിയ പുസ്തകത്തെ -- The Next 100 Years: A Forecast for the 21st Century -- പരിചയപ്പെടുത്തിക്കൊണ്ട് 'ന്യൂസ്റ്റേറ്റ്സ്മാനി'ല്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

Jan 30, 2010

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Jan 25, 2010

Sajithspeak സജിത്-സ്പീക്


ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Dec 13, 2009

ഒബാമയുടെ അഫ്ഘാന്‍ മുറ

ഒബാമയുടെ അഫ്-പാക് നയം സൂചിപ്പിക്കുന്നത് അഫ്ഘാനിസ്ഥാനെ അമേരിക്ക വൈകാതെ ഉപേക്ഷിച്ചേക്കുമെന്നാണെന്ന് ടികെ വിനീത്
കഴിഞ്ഞ ഒക്ടോബര്‍ 9നാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള സമ്മാന ജേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് നോബല്‍ കമ്മിറ്റി പ്രഖ്യാപിക്കുന്നത്. ലോകസമാധാനത്തിനുള്ള ഒബാമയുടെ സംഭാവനയെ പരിഗണിച്ചാണ് സമ്മാനം നല്‍കുന്നത് എന്നായിരുന്നു കമ്മിറ്റിയുടെ വാദം. സമാധാനകാംക്ഷിയായ പ്രസിഡന്റിന്റെ പുതിയ അഫ്-പാക് നയം വരാന്‍ കൃത്യം രണ്ടു മാസം തികഞ്ഞില്ല. ഡിസംബര്‍ 1ന് ന്യൂയോര്‍ക്കിലെ വെസ്റ്റ് പോയിന്റ് മിലിറ്ററി അക്കഡമിയില്‍ പ്രസംഗിക്കവെയാണ് യുദ്ധക്കെടുതിയില്‍ പെട്ടുഴലുന്ന അഫ്ഘാനിസ്ഥാനിലേക്ക് 30,000 അധിക സൈനികരെ അയയ്ക്കുമെന്ന് ഒബാമ പ്രഖ്യാപിക്കുന്നത്. യുദ്ധത്തിനും സമാധാനത്തിനുമിടയ്ക്കുള്ള ഈ രൂക്ഷവൈരുധ്യത്തെ കുറിച്ച് ഒരു ഫ്രഞ്ച് പത്രപ്രവര്‍ത്തക അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജനറല്‍ ജെയിംസ് ജോണ്‍സിനോട് ചോദിച്ചിരുന്നു. "അഫ്ഘാന്‍ യുദ്ധത്തിന്റെ ലക്ഷ്യം സമാധാനമായതു കൊണ്ട്, ഒബാമയുടെ തീരുമാനത്തില്‍ യാതൊരു വൈരുധ്യവുമില്ല" എന്നായിരുന്നു ഉപദേശിയുടെ മറുപടി.

പതിറ്റാണ്ടുകളായി അധിനിവേശത്തിന്റേയും, ഭീകരവാദത്തിന്റേയും, ആഭ്യന്തര യുദ്ധത്തിന്റേയുമെല്ലാം കയ്പു പേറുന്ന ഒരു രാജ്യമാണ് അഫ്ഘാനിസ്ഥാന്‍. അധിക സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം പലരും സ്വാഗതം ചെയ്തിരുന്നു. അത്തരമൊരു നീക്കം താലിബാന്‍-അല്‍ക്ക്വയ്ദ ഭീകരരെ ഒതുക്കാന്‍ സഹായിച്ചേക്കും എന്ന പ്രതീക്ഷയിന്മേലാണ് ഈ സ്വാഗതം പറച്ചില്‍. എന്നാല്‍ ഡിസംബര്‍ 1-നു പ്രഖ്യാപിച്ച അഫ്-പാക് നയത്തിലെ സൂക്ഷ്മ വസ്തുതകള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ ഇതു വെറും ഇടക്കാലാശ്വാസം മാത്രമാണെന്നു മനസ്സിലാകും. ഒറ്റയടിക്കു 30,000 സൈനികരെ അയയ്ക്കുന്ന ഈ ക്ഷിപ്ര മുന്നേറ്റം (sudden surge), അണയാന്‍ പോകുന്നതിനു മുന്‍പുള്ള ഒരു ആളിക്കത്തല്‍ മാത്രമാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും, അതോടെ സൈന്യത്തെ പിന്‍വലിക്കാനാവുമെന്നുമാണ് ഒബാമയുടെ പ്രതീക്ഷ. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു ശേഷം, അദ്ദേഹം പറഞ്ഞതു അല്പ്പം കൂടിപ്പോയെന്ന മട്ടില്‍ ഹില്ലരി ക്ലിന്റനുള്‍പ്പടെയുള്ള ചില മുന്‍നിര ഉദ്യോഗസ്ഥര്‍ വീര്യം കുറഞ്ഞ വിശദീകരണങ്ങളുമായി രംഗത്തു വന്നത് അഫ്-പാക് നയത്തെക്കുറിച്ച് ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന സൂചനകള്‍ തന്നിരുന്നെങ്കിലും ഒബാമയുടെ യഥാര്‍ത്ഥ പ്ലാനില്‍ കാര്യമായ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല.

ഒബാമയുടെ പ്രഖ്യാപിത നയം തന്നെ അമേരിക്കന്‍ പട്ടാളക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പോയിക്കിടന്ന് കഷ്ടപ്പെടേണ്ട എന്നാണ്. ബുഷിന്റെ അന്തവും കുന്തവുമില്ലാത്ത ഇറാഖ് നയം മൂലം അമേരിക്കക്കുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിനും, ആള്‍ നാശത്തിനും, സര്‍വോപരി മുസ്ലീം രാജ്യങ്ങളുടെ ശത്രുതയ്ക്കുമെതിരെയുള്ള ജനവികാരം ഇളക്കി വിട്ടാണു ഒബാമ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നേറിയതും ജനപ്രീതി നേടിയതും എന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

അഫ്ഘാനിസ്ഥാന്‍ എന്ന കീറാമുട്ടി
അഫ്ഗാനിസ്ഥാന്‍
ഒരു പ്രഹേളികയായി തുടരുകയാണ്. അല്‍ഖ്വയ്ദ-താലിബാന്‍ തീവ്രവാദികളുടെ അംഗബലം ഏകദേശം 25,000 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളം ശ്രമിച്ചിട്ടും അമേരിക്കയുള്‍പ്പെടുന്ന സഖ്യ കക്ഷികള്‍ക്ക് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെയൊ, താലിബാനെയൊ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.

ഇപ്പോള്‍ തന്നെ ഏകദേശം 70,000 അമേരിക്കന്‍ സൈനികര്‍ അഫ്ഘാനിസ്ഥാനില്‍ ഉണ്ട്. കൂടാതെ ഒബാമയുടെ സംഭാവന 30,000 വേറെ. നാറ്റോയുടെയും (NATO) മറ്റു സഖ്യ കക്ഷികളുടെയും കൂടി ഒരു 40,000ന്റെ പട വേറെയും ഉണ്ട്. കഷ്ടിച്ചു ഒന്നര ലക്ഷം വരുന്ന ഈ വൈദേശിക പട്ടാളവും അഫ്ഘാനിസ്ഥാനിലെ 90,000 സൈനികരും കൂടിയാല്‍ ഒരു നല്ലൊരു സംഖ്യയാവും. തന്ത്രം കൊണ്ട് പറ്റിയില്ലെങ്കില്‍ താലിബാനെ ഇനി എണ്ണം കൊണ്ട് തോല്പിക്കാമെന്നാവും!
ഒബാമ പറഞ്ഞിരിക്കുന്നതു ജൂലൈ 2011ഓടെ പിന്മാറ്റത്തിനുള്ള അവസ്ഥ സംജാതമാകുമെന്നാണ്. ലാദനെ പിടിക്കാനുള്ള ശ്രമം അമേരിക്ക ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എങ്ങനെയെങ്കിലും അഫ്ഘാന്‍ ദൗത്യം ഉപേക്ഷിച്ച് പോയാല്‍ മതിയെന്ന അവസ്ഥയായി. നാറ്റോ കക്ഷികളും മുഷിഞ്ഞു തുടങ്ങി. കാനഡക്ക് 2011 ജൂലൈയ്ക്കു ശേഷം അഫ്ഘാനിസ്ഥാനില്‍ തുടരണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണം. ഒബാമയുടെ പിന്നാലെ നാറ്റോയും 7,000 സൈനികരെ അഫ്ഘാനിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രധാന രാജ്യങ്ങളായ ഫ്രാന്സും ജര്‍മനിയും സൈനികരെ അയയ്ക്കുന്നില്ല.
അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കാബൂളിലെ ഹമീദ് കര്‍സായി ഭരണകൂടമാണ് അധിനിവേശ ശക്തികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കാര്‍സായിയെ കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിനുള്ള മതിപ്പൊക്കെ പോയ മട്ടാണ്. ഈക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണത്തിനു ശേഷം പ്രത്യേകിച്ചും. താലിബാനെ ഒറ്റക്കു തുരത്താനുള്ള കോപ്പ് അഫ്ഘാന്‍ സര്‍ക്കാരിനുണ്ടെന്ന് ആരും പറയില്ല. കര്‍സായിക്ക് കാര്യങ്ങള്‍ എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.

ഇന്ത്യയുടെ തലവേദന
ഇവിടെയാണ്
ഇന്ത്യക്കുള്ള കെണി. കാരണം താലിബാന്റെ നിയന്ത്രണം ഒട്ടുമുക്കാലും പാകിസ്ഥാനില്‍ നിന്നാണ്. അമേരിക്കയും നാറ്റോയും അഫ്ഘാനിസ്ഥാനില്‍ നിന്ന് പിന്മാറുന്ന അവസ്ഥ ഉണ്ടായാല്‍ , താലിബാന്‍ എത്ര കണ്ട് തകര്‍ക്കപ്പെട്ട അവസ്ഥയില്‍ നിന്നാണെങ്കില്‍ പോലും ഉയിര്‍ത്തെഴുന്നേക്കും, പാകിസ്ഥാന്‍ പട്ടാളത്തിന്റെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പിന്തുണയോടു കൂടി. പാകിസ്ഥാനില്‍ നിന്നും ദിവസേന വരുന്ന സ്ഫോടന വാര്‍ത്തകള്‍ ഭീകര അരാജകവാദം അവിടെ എങ്ങിനെ പിടിമുറുക്കുന്നുവെന്ന് കാണിക്കുന്നു. ഒരു പട്ടാള അട്ടിമറി പോലും തള്ളിക്കളയാനാകില്ല. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഒരുപോലെ കലാപ ഭൂമിയായാല്‍ അതിന്റെ അലകള്‍ ഇന്ത്യയിലേക്കും താമസിയാതെ എത്തും.

ശ്രദ്ധേയമായ ഒരു വാദം ഉയര്‍ന്നു വന്നിട്ടുള്ളത്, ബിന്‍ ലാദന്‍ അഫ്-പാക് പ്രദേശത്ത് ഇല്ലെന്നാണ് -- ഒന്നുകില്‍ ആക്രമണത്തിലോ അല്ലെങ്കില്‍ അസുഖം മൂലമോ മരിച്ചിരിക്കാം. അല്ലെന്ന് തെളിയിക്കാന്‍ തെളിവുകളില്ലാത്തിടത്തോളം കാലം ഈയൊരു സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കൂടാതെ അല്‍ഖ്വയ്ദയും താലിബാനും തമ്മില്‍ തെറ്റിയെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. താലിബാന്റെ പിന്തുണയില്ലാതെ അല്‍ഖ്വയ്ദയ്ക്ക് അഫ്ഘാനിസ്ഥാനില്‍ നില്പ്പില്ല. അടുത്തിടെ ഒബാമയുടെ (ബുഷിന്റേയും) പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗെയിറ്റ്സ് തന്നെ പറഞ്ഞത്, ലാദനെക്കുറിച്ച് എന്തെങ്കിലും കേട്ടിട്ട് വര്‍ഷങ്ങളായെന്നാണ്. ഇതെല്ലാം വച്ചു നോക്കുമ്പോള്‍ അഫ്ഘാനിസ്ഥാനില്‍ ലാദന്‍ ഇല്ലെന്ന തോന്നല്‍ അമേരിക്ക് വന്നിട്ടുണ്ടെന്ന് വേണം കരുതാന്‍.

അപ്പോള്‍ എന്താണ് അമേരിക്കയുടെ ലക്ഷ്യം? കൂടുതല്‍ അഫ്ഘാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കി, അല്‍ഖ്വയ്ദയുടെ പ്രഹരശേഷി കുറച്ച് അഫ്ഘാനിസ്ഥാന്‍ വിടുക എന്നതു തന്നെയായിരിക്കും. അതിനപ്പുറത്തേക്കുള്ള വലിയ ലക്ഷ്യങ്ങളേറ്റെടുക്കാനുള്ള ശേഷി ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്തിനില്ലെന്ന് ഒബാമക്കറിയും. ആവശ്യം കഴിഞ്ഞാല്‍ ആശ്രിതരെ ഉപേക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത രാജ്യമാണ് അമേരിക്ക എന്ന് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. 1989-ല്‍ റഷ്യ അഫ്ഘാനിസ്ഥാനില്‍ നിന്നും പിന്മാറിയതിനു പുറകേ അമേരിക്കയും അഫ്ഘാനിസ്ഥാനെ ചൂലു പോലെ ഉപേക്ഷിച്ചിരുന്നു.

അഫ്ഘാന്‍ ഉപേക്ഷിച്ചാല്‍ പാകിസ്ഥാനോടുള്ള അമേരിക്കയുടെ ഉദാര മനസ്ഥിതിയും മാറാന്‍ സാധ്യതയുണ്ട്. ലാദനെയും അല്‍ഖ്വയ്ദക്കാരെയും പിടിക്കാന്‍ പാകിസ്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ തൂങ്ങിപ്പിടിച്ചാണ് അമേരിക്ക പാകിസ്താന് പണവും ദ്രവ്യവും വാരിക്കോരി കൊടുക്കുന്നത്. ഒറ്റപ്പെട്ട പാകിസ്താന്‍ എന്നത് പ്രത്യക്ഷത്തില്‍ ഇന്ത്യക്ക് ആവേശകരമായി തോന്നുമെങ്കിലും, അതുയര്‍ത്തുന്ന തന്ത്രപരമായ വെല്ലുവിളികള്‍ അനന്തമായിരിക്കും. പ്രത്യേകിച്ചും ദക്ഷിണേഷ്യയിലേക്ക് നുഴഞ്ഞു കയറാന്‍ ചൈന തക്കം പാര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍. ഇന്ത്യ ഇതിനെ എങ്ങിനെ നേരിടും എന്നതായിരിക്കും ദില്ലിയിലെ നയ രൂപകര്‍ത്താക്കളുടെ അടുത്ത പ്രധാന തലവേദന.

ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്

Dec 3, 2009

കോപന്‍ഹേഗണ്‍: കാലാവസ്ഥയുടെ കഥകള്‍

ബാഹ്യമായ പൊറാട്ടുകള്‍ കൊണ്ട്‌ ആഗോള താപനത്തിന് പരിഹാരം കാണാനാവില്ലെന്ന് കൃഷ്ണകുമാര്‍ ജി
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ ആരംഭംകുറിച്ച ഒരു യാത്ര നടന്നിരുന്നു. തോമസ്‌ ബെക്കറ്റ്‌ എന്ന ആര്‍ച്ച്‌ ബിഷപ്പിന്റെ ശവകുടീരത്തിലേക്കു നടത്തിയ തീര്‍ത്ഥാടന യാത്രാവഴിയില്‍ പറഞ്ഞ കഥകളാണ്‌ ജെഫ്‌റി ചോസര്‍ കാന്റബറി ടെയ്‌ല്‍സില്‍ അവതരിപ്പിച്ചത്‌. കാലം ഒരുപാടു നീങ്ങി. ഇന്ന്‌ ലോകത്തെ രാഷ്‌ട്രത്തലവന്മാര്‍ മറ്റൊരു തീര്‍ത്ഥാടനത്തിന്‌ ഒരുങ്ങുകയാണ്‌. ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗണ്‍ നഗരത്തിലേക്കാണ്‌ ഈ 21ാം നൂറ്റാണ്ടിലെ തീര്‍ത്ഥാടനം.

തീര്‍ത്ഥാടനം എന്ന വാക്ക്‌ ശരിയാണോ? സാങ്കേതികമായി തെറ്റോ ശരിയോ ആകട്ടെ. കാന്റബറി ടെയ്‌ല്‍സിലെ തീര്‍ത്ഥാടനവും കോപ്പന്‍ഹേഗണ്‍ ഉച്ചകോടിയിലേക്കുള്ള യാത്രയും തമ്മില്‍ തീര്‍ച്ചയായും ഒരു സാമ്യം ദൃശ്യമാണ്‌. കഥകള്‍ തന്നയാണ്‌ ആ സാമ്യം. 'കഥയമമ കഥയമമ കഥകളതിസാദരം' - ഒത്തിരി കഥകള്‍ പറഞ്ഞുകൊണ്ടാണ്‌ ലോകം കോപന്‍ഗണിലേക്ക്‌ പോകുന്നത്‌. ഈ കഥകളെല്ലാം തന്നെ മാനവജന്മത്തിന്റെ ഭാവിയിലേക്കുള്ള ദിശാസൂചികളാണ്‌.

എന്താണീ ക്ലൈമറ്റ്‌ കോണ്‍ഫറന്‍സ്‌?
ഭൗമാന്തരീക്ഷത്തിലെ അസാമാന്യ മാറ്റങ്ങള്‍ ലോകജനതയ്‌ക്ക്‌ മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനായി (കു)തന്ത്രങ്ങള്‍ മെനയാനുള്ള ഒരൊത്തുചേരലാണ്‌ കോപന്‍ഹേഗണില്‍ ഡിസംബര്‍ 7ന് തുടങ്ങാനിരിക്കുന്ന സമ്മേളനം (കോപ് 15)‍. അതൊരു വണ്‍ലൈനര്‍. യഥാര്‍ത്ഥ കഥ കുറച്ചു നീണ്ടതാണ്‌. ഒരു ചെറുകഥയാക്കി പറയാം. ഭൂമി ചൂടായിക്കൊണ്ടിരിക്കുന്നു. അഥവാ ഭൗമതാപം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം 0.7 ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ധനവാണ്‌ താപനിലയില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഈ വര്‍ധന 90 ശതമാനവും മനുഷ്യന്റെ കൈയ്യിലിരിപ്പുകൊണ്ടാണെന്നാണ് ഐപിസിസി (Intergovernmental Panel on Climate Change) പറയുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ അതിപ്രസാരണം, വനനശീകരണം, ഗതാഗതം, വ്യവസായം തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ്‌ ഈ വാദം മുന്നോട്ട്‌ വയ്ക്കുന്നത്‌.

ഈ അവസ്ഥ മറികടക്കേണ്ടത്‌ മനുഷ്യന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി വിലയിരുത്തപ്പെടുന്നു. അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും കരകേറാന്‍ ഹരിതഗൃഹ വാതകങ്ങളുടെ പ്രസാരണത്തിനുമേല്‍ കടിഞ്ഞാണിടേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിനുവേണ്ടി മുമ്പ്‌ രണ്ടു തവണ ആഗോളതല സമ്മേളനങ്ങള്‍ നടത്തിയിട്ടുള്ളതുമാണ്‌.

1992ല്‍ ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനെയ്‌റോവില്‍ വെച്ചു നടന്ന ഭൗമ ഉച്ചകോടിയില്‍ വച്ച് രൂപപ്പെട്ട യുഎന്‍എഫ്സിസി (UN Framework Convention on Climate Change) ആണ്‌ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. 192 കക്ഷികളാണ്‌ യുഎന്‍എഫ്സിസിയില്‍ ചേര്‍ന്നിട്ടുള്ളത്‌. ഈ കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ ഇന്നത്തെയും ഇനി വരുന്നതുമായ തലമുറകള്‍ക്കു വേണ്ടി കാലാവസ്ഥാ വ്യവസ്ഥയെ സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്‌തു. വികസിത വികസ്വര രാജ്യങ്ങള്‍ക്ക്‌ ഇതിനുള്ള പങ്ക്‌ പ്രത്യേകം തരം തിരിക്കപ്പെട്ടു.

ഇതിനു ശേഷം 1997ലാണ് സുപ്രധാനമായ ക്യോട്ടോ പ്രോട്ടോകോള്‍ നിലവില്‍ വന്നത്. ഈ പ്രോട്ടോകോള്‍ പ്രകാരം വികസിത രാജ്യങ്ങള്‍ക്കു മുമ്പില്‍ ആദ്യമായി നിയമബന്ധിതമായ പ്രസരണ നിയന്ത്രണ ലക്ഷ്യം വന്നു. ഹരിതഗൃഹ വാതക പ്രസരണത്തില്‍ 2008നും 2012നും ഇടയ്‌ക്ക്‌ 1990ലേതിനേക്കാള്‍ 5.2 ശതമാനം കുറവ്‌ കൊണ്ടു വരണമെന്ന്‌ നിര്‍ദേശിച്ചു. ഈ നിയന്ത്രണ നിര്‍ദ്ദേശം വികസിത രാജ്യങ്ങള്‍ക്കു മാത്രമായിരുന്നു ബാധകം എന്നത്‌ ശ്രദ്ധേയമായ വസ്‌തുതയാണ്‌.

നിരവധി മാര്‍ഗങ്ങളാണ്‌ ക്യോട്ടോ പ്രോട്ടോകോള്‍ മുന്നോട്ടുവച്ചത്‌. കാര്‍ബണ്‍ ട്രേഡിംങ്‌, ക്ലീന്‍ ഡിവലെപ്‌മെന്റ്‌ മെക്കനിസം തുടങ്ങിയവ ഇതില്‍ ചിലതാണ്‌. 2005ഓടെ 192 രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ ഇക്കൂട്ടത്തില്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ ഉണ്ടായിരുന്നില്ല. ലോകപോലീസെന്ന് സ്വയം അവകാശപ്പെടുന്ന (വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും) അമേരിക്ക കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നത്‌ കോപന്‍ഹേഗണ്‍ സമ്മേളനം നേരിടുന്ന വലിയൊരു വെല്ലുവിളി തന്നെയാണ്‌. ഏറ്റവുമധികം പ്രസാരണം നടത്തുന്ന രാജ്യമായ അമേരിക്കയുടെ ഈ നിലപാട്‌ ലോകത്തോട്‌ തന്നെയുള്ള ധാര്‍ഷ്‌ഠ്യമാണ്‌. ക്യോട്ടോ പ്രോട്ടോകോളിലെ അംഗങ്ങള്‍ 2007ല്‍ ബാലി കര്‍മ പരിപാടിക്ക്‌ രൂപം നല്‍കുകയുണ്ടായി. ഇതിലൂടെ അമേരിക്കയെ മറ്റു വികസിത രാജ്യങ്ങളുടെ പാതയിലേക്ക്‌ കൊണ്ടു വരാനുള്ള ശ്രമങ്ങളും തുടങ്ങി. 2013ല്‍ ആരംഭിക്കുന്ന ക്യോട്ടോ പ്രോട്ടോക്കോളിന്റെ രണ്ടാം പാദത്തില്‍ പ്രോട്ടോകോളിന്റെ ലക്ഷ്യങ്ങള്‍ പാലിക്കാന്‍ അവര്‍ക്ക്‌ നിര്‍ദേശം നല്‍കി.

ബാലി പരിപാടിയനുസരിച്ച്‌ കോപ്-15ല്‍ അഞ്ചു പ്രധാന മേഖലകളില്‍ ധാരണയിലെത്തേണ്ടതായി നിഷ്‌കര്‍ഷിക്കുന്നു. നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ഒരു പൊതുധാരണ, അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ്‌ കുറച്ച്‌ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുക, ഒഴിവാക്കാന്‍ കഴിയാത്ത മാറ്റങ്ങളോട്‌ പൊരുത്തപ്പെടുക, കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനായി വികസ്വര രാജ്യങ്ങള്‍ക്ക്‌ വേണ്ട സാങ്കേതിക സഹായങ്ങള്‍ ചെയ്യുക, ഇവയ്‌ക്കെല്ലാം വേണ്ടി സാമ്പത്തിക നിക്ഷേപം ഉറപ്പു വരുത്തുക എന്നിവയാണ്‌ അഞ്ചു പ്രധാന മേഖലകള്‍. ഇതില്‍ ഓരോന്നിലും വളരെ വിശദമായ കര്‍മ പദ്ധതിയാണ്‌ ചേര്‍ത്തിരിക്കുന്നത്‌.

ഇതിന്റെയെല്ലാം കൊട്ടിക്കലാശമാണ്‌ കോപന്‍ഹേഗണില്‍ നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര സമ്മേളനം. ആഗോളതാപനത്തിന്റെ കരാളഹസ്‌തങ്ങളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുകയെന്ന വിശുദ്ധ ലക്ഷ്യവുമായാണ്‌ ലോകരാഷ്‌ട്രത്തലവന്മാര്‍ ഡെന്‍മാര്‍ക്കിലേക്ക്‌ യാത്രതിരിക്കുന്നത്‌.

ആഗോളതാപനം: വാദം/വിവാദം
ഭൗമോപരിതലത്തിലെ
താപനിലയില്‍ ഉണ്ടായ വര്‍ധനയാണ്‌ ആഗോളതാപനം. ഹിമയുഗത്തില്‍ നിന്നും മുന്നോട്ട്‌ പോയപ്പോള്‍ സ്വാഭാവികമായ വര്‍ധന താപനിലയില്‍ സംഭവിച്ചിട്ടുണ്ട്‌. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്രമാതീതമായി താപനില ഉയര്‍ന്നതായി ശാസ്‌ത്ര പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ധനയ്‌ക്ക്‌ ഹേതുവായിത്തീര്‍ന്നത്‌ മനുഷ്യന്റെ വികസന ദുരാഗ്രഹ ജന്യമായ അശാസ്‌ത്രീയ പ്രക്രിയകളാണെന്ന്‌ ഐപിസിസിയിലെ ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. Anthropogenic global warming എന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌.

കാലാവസ്ഥാ മാതൃകയെ അടിസ്ഥാനമാക്കിയുള്ള ഈ കണ്ടെത്തലിനെതിരെ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌. കാലാവസ്ഥാ വ്യതിയാന മാതൃകകള്‍ സൃഷ്‌ടിക്കുന്നതില്‍ അഴിമതി നടന്നതായി ഇക്കൂട്ടര്‍ ആരോപിക്കുന്നു. ആഗോളതാപനം കച്ചവടകേന്ദ്രിതമായ വികസിത സമൂഹത്തിന്റെ ഭാവനാസൃഷ്‌ടി മാത്രമാണെന്ന്‌ ഇവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണത്തിന്റെ ശാസ്‌ത്രീയമായ ശരിതെറ്റുകള്‍ എന്തുമാകട്ടെ, ഭൗമോപരിതലത്തിന്റെ താപനില വര്‍ധിച്ചു വരുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അതു മനസ്സിലാക്കാന്‍ ശാസ്‌ത്രീയ പഠനങ്ങളുടെ പിന്തുണയോ മറുവാദങ്ങളുടെ ഖണ്‌ഡനമോ ആവശ്യമില്ല. സാമാന്യ ബോധത്തിന്റെ പ്രശ്‌നം മാത്രമാണത്‌. ഇതില്‍ തീര്‍ച്ചയായും ഒരു വാണിജ്യവല്‍ക്കരണം നടക്കുന്നുണ്ട്‌. പക്ഷേ അത്തരം പ്രവണതകളൊന്നും തന്നെ ആഗോളതാപനം ഒരു മിഥ്യയാക്കുന്നില്ല. ഈ പ്രശ്‌നത്തെ വാണിജ്യ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്നത്‌ എതിര്‍ക്കപ്പെടേണ്ട കാര്യം തന്നെയാണ്‌. പക്ഷേ അതിന്‌ സംശയാസ്‌പദ സമീപനമല്ല ഉചിതം. മിറച്ച്‌ സംഘടിത പ്രതിരോധമാണ്‌. ഇവിടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ശരിയായ ശാസ്‌ത്രീയ അവലോകനം അനിവാര്യവുമാണ്‌.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ തമ്മില്‍ നടത്തിയ ഇ-മെയ്ല്‍ സന്ദേശങ്ങള്‍ ചോര്‍ന്നത് അടുത്ത കാലത്ത് പത്രത്താളുകളെയാകെ നിറച്ച ഒരു സംഭവമായിരുന്നു. ഈ സന്ദേശങ്ങളെ മുന്‍നിര്‍ത്തി ആഗോളതാപനം കേവലമൊരു ഭാവനാ സൃഷ്ടിയാണെന്ന് വിമര്‍ശകര്‍ വാദിച്ചു. ഈ വിവാദം ആഗോളതാപനത്തെപ്പറ്റി വെറുമൊരു ആശയക്കുപ്പം സൃഷ്ടിക്കല്‍ മാത്രമാണ് ചെയ്തത്. കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയല്ലാതെ ക്രിയാത്മകമായ വിശകലനം നടത്തുകയോ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തില്ല. ഈ വിവാദ പര്‍വ്വത്തെ മര്‍ഡോക്കിയന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ദി ഗാഡിയന്‍ ദിനപത്രം സൂക്ഷ്മമായി ഇതിനെ വിശകലനം ചെയ്ത് ലേഖനം പ്രസ്ദ്ധീകരിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ (കച്ചവട താത്പര്യത്തോടെയോ അല്ലാതെയോ) ആഗോള കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നു.

കോപന്‍ഹേഗണ്‍ സമസ്യകള്‍
നിരവധി കഥകളും പ്രതികഥകളും പേറിയാണ്‌ കോപന്‍ഹേഗണ്‍ തീര്‍ത്ഥയാത്ര പുരോഗമിക്കുന്നത്‌ എന്ന് പറഞ്ഞുവല്ലോ. ഈ കഥാവൈപരീത്യങ്ങളെ സമ്മേളിപ്പിച്ച്‌ അനുയോജ്യമായ തീരുമാനങ്ങള്‍ ഉണ്ടാക്കുക എന്നത്‌ അത്യന്തം ശ്രമകരമായ ദൗത്യമാണ്‌, ഇതിലേക്കായി പല നിര്‍ദ്ദേശങ്ങളും പല സംഘടനകളും മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും‌.കോപന്‍ഹേഗണില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്‌ ചില ലോകശക്തികളാണ്‌. ജി-77, ആഫ്രിക്കന്‍ ഗ്രൂപ്പ്‌, യൂറോപ്യന്‍ യൂനിയന്‍ എന്നീ മൂന്നു സംഘങ്ങള്‍ ഇതില്‍ പ്രമുഖരാണ്‌. അമേരിക്കന്‍ നിലപാടും നിര്‍ണ്ണായകമായി സ്വാധീനിക്കും. കോപ്-15ന്‌ മുന്നോടിയായി നടന്ന ന്യൂയോര്‍ക്ക്‌, ബാങ്കോക്ക്‌ സമ്മേളനങ്ങളിലൊന്നും തന്നെ കോപന്‍ഹേഗണില്‍ എന്തു സംഭവിക്കും എന്ന്‌ വ്യക്തമായി പ്രഖ്യാപിച്ചില്ല.

കാലാവസ്ഥാ വ്യതിയാനം ആദ്യം ബാധിക്കുന്ന രാജ്യങ്ങളിലൊന്നായ മാലിദ്വീപിലെ മന്ത്രിസഭ കടലിനടിയില്‍ യോഗം ചേര്‍ന്നതും മാലി രാഷ്‌ട്രപതി ന്യൂയോര്‍ക്കില്‍ വികാരാധീനനായി സംസാരിച്ചതും വികസിത രാജ്യങ്ങളുടെ അലസ സമീപനത്തോടുള്ള കടുത്ത പ്രതിഷേധത്തിന്റെ സൂചകങ്ങളാണ്‌.
ബാഹ്യമായ പൊറാട്ടുകള്‍ കൊണ്ട്‌ പരിഹാരം കാണാവുന്ന ഒന്നല്ല ആഗോളതാപനം. ഈ പ്രതിഭാസത്തിന്റെ ദൂരവ്യാപകമായ നിരവധി ദോഷഫലങ്ങള്‍ ശാസ്‌ത്രസമൂഹം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്‌. ആഫ്രിക്കയിലെ കാലാഹാരി മരൂഭൂമിയുടെ വികസനം, ശുദ്ധജല ക്ഷാമം, കൊടുങ്കാറ്റുകള്‍ പോലുള്ള പ്രകൃതി ക്ഷോഭങ്ങള്‍, ഹിമപിണ്‌ഡങ്ങളുടെ ഉരുകല്‍ തുടങ്ങി ലോകാവസാനം അടുത്തെത്തിയെന്ന്‌ തോന്നിക്കുമാറ്‌ ഭീകരമായ മാറ്റങ്ങള്‍ ആഗോളതാപനം മൂലം ഉണ്ടായേക്കാമെന്ന്‌ ശാസ്‌ത്രസമൂഹം നമുക്ക്‌ മുന്നറിയിപ്പ്‌ തരുന്നു.

ഇങ്ങനെ അടിയന്തിര നടപടി ആവശ്യമായ ഒരു അവസ്ഥയില്‍ അച്ചടക്കത്തോടെയുള്ള സമീപനമാണ്‌ വേണ്ടത്‌. എന്നാലത്‌ ഇനിയും സാധിക്കാത്ത ഒന്നായി അവശേഷിക്കുന്നു. കോപ്പന്‍ഹേഗണു മുന്നൊരുക്കമായി നടന്ന ന്യുയോര്‍ക്ക്‌ സമ്മേളനത്തില്‍ ആഗോളതാപന വിപത്തിനെപ്പറ്റി വാതോരാതെ വാഗ്വാദം നടത്തിയതിന്റെ ചൂടാറും മുമ്പു തന്നെ അമേരിക്ക ഷെല്‍ എന്ന എണ്ണ ഭീമനുവേണ്ടി ഉത്തര ധ്രുവ മേഖലയില്‍ ആഴക്കടല്‍ ഖനനത്തിന്‌ അനുമതി നല്‍കിയത്‌ വാക്കുകള്‍ വെറും വാക്കുകളായിത്തന്നെ അവശേഷിക്കുന്നുവെന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം മനോഭാവം കോപ്പന്‍ഹേഗണിലും ആവര്‍ത്തിച്ചാല്‍ എല്ലാ ലക്ഷ്യങ്ങളും വെറും കടലാസു കുറിപ്പുകളായി ഒടുങ്ങുകയേ ഉള്ളൂ.

യാത്രയുടെ അന്ത്യം
കോപന്‍ഹേഗണ്‍ കോണ്‍ഫറന്‍സ്‌ ഒരു 'തമാശ' തീര്‍ത്ഥാടനമാകുന്നത്‌ ഇപ്രകാരമാണ്‌. ആഗോളതാപനം ആരുടേയോ പ്രശ്‌നമാണെന്നും തങ്ങള്‍ക്ക്‌ അതില്‍ ഒന്നും തന്നെ ചെയ്യാനില്ല എന്നും ഒന്നാം ലോകം തീരുമാനിച്ചാല്‍ ഭൂമി ഒരു 'ശൂന്യ ഗൃഹ'മാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. കാന്റബറി ടെയ്‌ല്‍സിലെ തീര്‍ത്ഥാടകര്‍ യാത്രാക്ലേശം മറക്കാന്‍ പറയുന്ന കഥകള്‍ പോലെ കോപന്‍ഹേഗണ്‍ യാത്രയ്‌ക്കു മുമ്പു പറഞ്ഞ കഥകളും അവശേഷിക്കും. ഒരു പക്ഷേ ചോസറെപ്പോലെ തന്നെ പറയാന്‍ ഉദ്ദേശിച്ച എല്ലാ കഥകളും പറയാന്‍ സാധിക്കാതെ പാതിവഴിയെ ഉപേക്ഷിക്കപ്പെട്ടെന്നുമിരിക്കാം. ഇതില്‍ എന്തു തന്നെ സംഭവിച്ചാലും അതിന്‌ നാമെല്ലാവരും ഉത്തരവാദികളായിരിക്കും, പറഞ്ഞു കലഹിക്കാന്‍ പക്ഷേ ഭൂമി അവശേഷിക്കണമെന്നില്ല. അതായിരിക്കാം ഈ യാത്രയുടെ അന്ത്യം.

ദുബായില്‍ നിന്നിറങ്ങുന്ന 'എര്‍ത്ത് വിറ്റ്നസ്' മാഗസിന്റെ അസിസ്റ്റന്റ് എഡിറ്ററാണ് കൃഷ്ണകുമാര്‍

Dec 2, 2009

ഐഎംഎഫിന്റെ തിരിച്ചുവരവ്

പരാജയത്തിന്റെ കഥ മാത്രം പറയാനുള്ള നാണ്യ നിധിയെ രക്ഷക വേഷം കെട്ടിക്കുന്നതാര്?
ആഗോള ധനകാര്യ സ്ഥാപനങ്ങളിലൊന്നായ അന്തര്‍ദേശീയ നാണ്യ നിധി (IMF) അതിന്റെ പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട് തിരിച്ചു വരവിനൊരൂഴം കാത്തിരിക്കുകയായിരുന്നു. ഏകദേശം ഒരു വര്‍ഷം മുന്‍പ് നാണ്യനിധിയെ പലരും പൂര്‍ണമായും എഴുതി തള്ളിയതാണ്. ഒരുകാലത്ത് കടുത്ത വ്യവസ്ഥകളുണ്ടായിട്ടു പോലും നിധിയില്‍ നിന്ന് വന്‍തോതില്‍ കടമെടുത്തിരുന്ന മിക്കവാറും വികസ്വര രാജ്യങ്ങള്‍, പിന്നീട് സ്ഥാപനം പറയുന്നത് അവഗണിച്ചു തുടങ്ങിയിരുന്നു. അതിനു കാരണം, ലോകസമ്പദ് രംഗത്തെ പിടിച്ചു കുലുക്കിയ പല പ്രതിസന്ധികളും മുന്‍കൂട്ടി കാണാനോ, അവയെ ശരിയായി നേരിടാനോ നാണ്യ നിധിക്ക് കഴിഞ്ഞില്ല എന്നതാണ്. അതിനു പുറമേ, സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ പോലും അലങ്കോലമാക്കിയെന്ന വിമര്‍ശനം കൂടിയായപ്പോള്‍ ഐഎംഎഫ് വന്‍ പ്രതിസന്ധിയിലായി കഴിഞ്ഞിരുന്നു.

ഐഎംഎഫിന്റെ നയനിര്‍ദേശങ്ങള്‍ പലപ്പോഴും ഇടുങ്ങിയതും, ഭാവനാശൂന്യവുമാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. വിവിധ സമ്പദ് വ്യവസ്ഥകള്‍ക്കും, വ്യത്യസ്ഥ സന്ദര്‍ഭങ്ങള്‍ക്കുമെല്ലാം നാണ്യനിധി മുന്നോട്ടു വച്ചത് ഒരേ നിര്‍ദേശങ്ങളായിരുന്നു. സൈദ്ധാന്തിക തലത്തില്‍ നോക്കിയാല്‍ പോലും നാണ്യനിധിയുടെ നിര്‍ദേശങ്ങള്‍ക്ക് കാലിക പ്രസക്തി പോലുമുണ്ടായിരുന്നില്ലെന്ന് കാണാം.

1990കളും 2000ന്റെ ആദ്യ വര്‍ഷങ്ങളും ഐഎംഎഫിനെ സംബന്ധിച്ച് മോശം സമയമായിരുന്നു. ഈ കാലയളവില്‍ ലോകത്ത് പല ഭാഗത്തായുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ -- തായ് ലാന്‍ഡും ദക്ഷിണ കൊറിയയും മുതല്‍ ടര്‍ക്കിയും അര്‍ജന്റീനയും വരെ -- മനസിലാക്കുന്നതിലോ, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലോ നിധി ദയനീയമായി പരാജയപ്പെട്ടു. പ്രതിസന്ധിക്കു കാരണം സ്വകാര്യ രംഗത്തിന്റെ പിടിപ്പുകേടാണെങ്കില്‍ നിധിയുടെ സാമ്പത്തികശാസ്ത്രജ്ഞര്‍ രാജ്യങ്ങള്‍ ധനക്കമ്മി ഇല്ലാതാക്കണമെന്ന് വാദിച്ചു; കമ്പോളത്തില്‍ വന്‍തോതില്‍ വിലയിടിവുണ്ടായാല്‍, ഇക്കൂട്ടര്‍ ഉയര്‍ന്ന പലിശ നിരക്കുകളും, അയവില്ലാത്ത പണനയവും വേണമെന്ന് നിര്‍ദേശിച്ചു; ഇനി സാമ്പത്തിക വളര്‍ച്ച താഴോട്ടു പോയാല്‍, സര്‍ക്കാര്‍ ചിലവ് വെട്ടിച്ചുരുക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. പ്രതിസന്ധിയെ മറികടന്ന രാജ്യങ്ങള്‍ പലപ്പോഴും നിധിയുടെ നിര്‍ദേശങ്ങളെ അവഗണിച്ച് ബദല്‍ സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചവയായിരുന്നു.

2002 മുതല്‍ ലോക ബാങ്കിനെ പോലെ നാണ്യനിധിക്കും കൊടുക്കുന്ന കടത്തിനേക്കാളേറെ അടവിനത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വികസ്വര രഷ്ട്രങ്ങള്‍ സ്വകാര്യ കടങ്ങള്‍ തീര്‍ക്കുന്നതിലേക്കും ബോണ്ട് കമ്പോളത്തിലേക്കും ശ്രദ്ധ തിരിച്ചതോടെ ഐഎംഎഫിന്റെ പ്രാധാന്യം വെല്ലുവിളിക്കപ്പെട്ടു തുടങ്ങി. അവികസിത രാജ്യങ്ങളാവട്ടെ കടം വാങ്ങാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ചൈനയും, തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളും ഒരു പരിധി വരെ ഇന്ത്യയും ഈ രാജ്യങ്ങളില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായതോടെ നാണ്യനിധിയിന്മേലുള്ള ആശ്രിതത്വം അവര്‍ക്ക് കുറയ്ക്കാനായി.

ഇത്തരമൊരു സാഹചര്യത്തിലണ് അഗോള സാമ്പത്തിക പ്രതിസന്ധിയും, മാന്ദ്യവും നാണ്യനിധിക്കു മുന്നില്‍ പുത്തന്‍ അവസരങ്ങള്‍ തുറന്നിടുന്നത്. 2008 സെപ്തംബറില്‍ ലിമാന്‍ ബ്രദേഴ്സ് പൊളിഞ്ഞതിനു ശേഷമുണ്ടായ അങ്കലാപ്പില്‍ പ്രതിസന്ധികള്‍ പ്രവചിക്കുന്നതിലോ, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലോ ഒരു മികവും അവകാശപ്പെടാനില്ലാത്ത നാണ്യ നിധിയുടെ ചരിത്രം പലരും മറന്നു പോവുകയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് ഐക്യരാഷ്ട്ര സഭയെ പോലും മറികടന്നു കൊണ്ട് അഗോള സമ്പദ്ഘടനയുടെ രക്ഷകനായവതരിച്ച ജി-20 നാണ്യ നിധിക്ക് അധിക വിഭവങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുന്നത്. പ്രതിസന്ധിയില്‍ പെട്ടുഴലുന്ന വികസ്വര കമ്പോളങ്ങള്‍ക്ക് സഹായഹസ്തമായി ധനസഹായം നല്‍കുന്നതിനും ജി-20 നിധിയെ ചുമതലപ്പെടുത്തി. ഇങ്ങിനെ അധിക വിഭവവും, അധികാരവും നല്‍കുന്നത് ഐഎംഎഫിന്റെ ഇപ്പോഴത്തെ അധികാര ഘടനയില്‍ കാതലായ ഒരു മാറ്റവും വരുത്താതെയാണ്. ഇപ്പോഴും അമേരിക്കയും, ഒരു പരിധി വരെ യൂറോപ്പുമാണ് നാണ്യനിധിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.അങ്ങിനെ ജി-20ന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെ ഐഎംഎഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ സബ്-പ്രൈം കമ്പോളത്തിന്റെ തകര്‍ച്ച മുന്‍കൂട്ടി കാണാന്‍ പറ്റാതിരുന്ന, പല രാജ്യങ്ങളിലേയും സാമ്പത്തിക പ്രശ്നങ്ങള്‍ വഷളാക്കിയ അതേ സംഘടനയെ തന്നെ എന്തു കൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള ചുമതലയേല്പ്പിക്കുന്നുവെന്ന് പലരും അത്ഭുതപ്പെട്ടേക്കാം. ഐസ്ലാന്‍ഡിന്റെ സാമ്പത്തിക രംഗം ശക്തമാണെന്നും, ഒരു വെല്ലുവിളിയും നേരിടുന്നില്ലെന്നും ഐഎംഎഫ് പറഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ആ രാജ്യം കൂപ്പു കുത്തിയതെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കുക. ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും ഐഎംഎഫ് കാര്യമായെന്തെങ്കിലും പഠിച്ചിട്ടുണ്ടോ എന്നതാണ്. ഇനി എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഫലപ്രദമായി നടപ്പാക്കാന്‍ നാണ്യ നിധിയുടെ ഇരട്ടത്താപ്പ് സമ്മതിക്കുമോ?

ഉദാഹരണത്തിന്, പ്രതിസന്ധിയില്‍ നിന്നും കരകേറുന്നതിനായി ഐഎംഎഫിന്റെ സഹായം തേടേണ്ട ഗതികേടു വന്നിരിക്കുന്ന രാജ്യങ്ങളുടെ മുന്നില്‍ പതിവു പോലെ കടുത്ത വ്യവസ്ഥകളാണ് നിരത്തപ്പെട്ടിരിക്കുന്നത്. പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ ചെലവ് വെട്ടിച്ചുരുക്കുക എന്നിവയാണ് അവയില്‍ ചിലത്. കയറ്റുമതി കുറയുകയും, മൂലധനം വറ്റി വരണ്ടു പോവുകയും, തൊഴിലവസരങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്ത ചെറുരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഈ നിര്‍ദേശങ്ങള്‍ അത്യന്തം വിനാശകരമാണ്. ഐഎംഎഫ് ലോണിനായി കാത്തിരിക്കുന്ന ഉക്രൈന്‍, പാകിസ്ഥാന്‍, ലാത്വിയ എന്നീ രാജ്യങ്ങളോട് ആദ്യം നിരക്കുകള്‍, ഉയര്‍ത്താനും, ചെലവ് വെട്ടിച്ചുരുക്കാനും, സര്‍ക്കാര്‍ സര്‍വീസുകളുടെ ചാര്‍ജ് ഉയര്‍ത്താനുമാണ് നിധി ആവശ്യപ്പെട്ടത്.

ഇത്തരത്തിലുള്ള നയങ്ങള്‍ സ്വീകരിച്ചാല്‍, അത് ഈ ദുര്‍ബല രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുമെന്നും, വന്‍ പ്രതിസന്ധിക്ക് കളമൊരുക്കുമെന്നും ഐഎംഎഫ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി ആഗോള പ്രതിസന്ധിയുടെ പിടിയില്‍ നിന്നും കരകയറുന്നതിനുള്ള യഥാര്‍ത്ഥ മരുന്നാണ് ഈ നിര്‍ദേശങ്ങളെന്നും, സുസ്ഥിരമായ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നതിനു മുന്‍പ് ഇത്തരത്തിലുള്ള ഒരു പരീക്ഷണ ഘട്ടത്തിലൂടെ രാജ്യങ്ങള്‍ കടന്നു പോകണമെന്നുമാണ് നാണ്യ നിധി വാദിക്കുന്നത്. ഈ വാദം എക്കാലത്തും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഐഎംഎഫ് വ്യവസ്ഥകള്‍ എല്ലായ്പോഴും അവ നടപ്പിലാക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളി വിടുക മാത്രമേ ചെയ്യൂ. പ്രതിസന്ധിയില്‍ നിന്നും കരകേറാന്‍ ഇതൊട്ടും സഹായിക്കുകയുമില്ല. ഐഎംഎഫ് ആദ്യം ചെയ്യേണ്ടത് ഈ മരുന്ന് സ്വന്തം സംഘടനാ സംവിധാനം ശരിയാക്കാന്‍ ഉപയോഗിക്കുകയാണ്.

ജയതി ഘോഷ്
'മിന്റ്' പത്രത്തില്‍ വന്ന ലേഖനത്തിന്റെ തര്‍ജമ

Nov 24, 2009

ഇന്ത്യ ചൈനയെ പേടിക്കേണ്ടതുണ്ടോ?

ഏഷ്യയിലെ ഒന്നാം നമ്പര്‍ ശക്തിയാവാനായി കുതിക്കുന്ന ചൈന ഇന്ത്യക്ക് എങ്ങിനെയാണ് ഭീഷണിയാവുന്നതെന്ന് അഭിലാഷ് ടി ഒടുവില്‍ ചൈന അതിന്റെ "നിശബ്ദ വളര്‍ച്ചാ‍" സിദ്ധാന്തം ഉപേക്ഷിക്കുന്നുവെന്നതിനെ തെളിവായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിനു ടിയാന്‍മെന്‍ സ്ക്വയറില്‍ നടന്ന സൈനീക ശക്തിപ്രകടനം. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ആഘോഷങ്ങളിലൂടെ ചൈന എന്താണു ലോകത്തോട് പറയാന്‍ ശ്രമിച്ചത്? ഉത്തരം വളരെ ലളിതമാണു -- ചൈന ഇന്ന് ആഭ്യന്തര വൈദേശിക വെല്ലുവിളികള്‍ക്ക് അതീതമായ ഒരു സമഗ്രാധിപത്യ രജ്യമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജപ്പാന്റെയും പ്രഷ്യയുടെയും നിശബ്ദമായ ഉയര്‍ച്ചയും ഏതാണ്ട് ഇതു പോലെയായിരുന്നു. അതുകൊണ്ട് തന്നെ നിലനില്‍ക്കുന്ന ഏകധ്രുവലോക ക്രമത്തില്‍ തങ്ങള്‍ നേടിയെടുത്ത സ്ഥാനത്തു നിന്നു കൊണ്ട് എങ്ങിനെ വിലപേശല്‍ നടത്താം എന്നാണു ചൈന ഇപ്പോള്‍ ചിന്തിക്കുന്നത്. ഈയൊരു വിലപേശലിനായി ചൈന ആദ്യം ചെയ്തത് ഏഷ്യയിലെ, പ്രത്യേകിച്ചും ദക്ഷിണേഷ്യയിലെ, ഒന്നാമന്‍ എന്ന പദവിയിലേക്കെത്തുക എന്നതായിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ അവര്‍ 1990കളില്‍ തന്നെ ആരംഭിച്ചു. അത്തരത്തില്‍ ആര്‍ജിച്ച ബലത്തിന്റെ ശേഷിയിലാണ് ഇന്ന് ചൈന പടിഞ്ഞാറുമായി പ്രതിരോധം മുതല്‍ കച്ചവടം വരെയുള്ള കാര്യങ്ങളില്‍ വിലപേശല്‍ നടത്തുന്നത്. എന്നാല്‍ ഏഷ്യന്‍ വന്‍ശക്തിയാവാനുള്ള ഈ യാത്രയില്‍ ചൈന ആദ്യം ചെയ്തത് തങ്ങള്‍ക്കു വെല്ലുവിളിയായേക്കാവുന്ന ഇന്ത്യയെ 'നേരിടുക' എന്നതായിരുന്നു. ആ ഉദ്യമത്തില്‍ അവര്‍ വിജയിച്ചു എന്നു വേണം കരുതാന്‍.

ചൈനയുടെ ഇന്ത്യയെ കണ്ടെത്തല്‍
നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തിലിനു നേര്‍വിപരീതമായിരുന്നു ചൈനയുടേത്. ഇന്ത്യയാണെങ്കില്‍ സമ്പദ് വ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും ബാലദശയില്‍ തന്നെ അവരോട് ഒരു യുദ്ധത്തില്‍ പരാജയപ്പേടുകയും ചെയ്തു. ആ തോല്‍വിയുടെ ഭാരവും മുറിവികളും പിന്നീടെക്കാലവും ഇന്ത്യയെ പിന്തുടര്‍ന്നു. ചൈനയെ സംബന്ധിച്ച് ഇന്ത്യ എന്നത് സ്വന്തം രാജ്യത്തെ 'കുറുമ്പന്മാരായ' ബുദ്ധസന്ന്യാസിമാര്‍ക്കു അഭയം നല്‍കുകയും തങ്ങളുടെ ചില പ്രദേശങ്ങള്‍ കൈവശം വച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കൂഴപ്പക്കാരനായ അയല്‍ക്കാരനാണ്. അപ്പോള്‍ അവരെ നേരിടുക തന്നെ വേണം. അതുകൊണ്ട് ദക്ഷിണേഷ്യയില്‍ ഇന്ത്യക്കുള്ള സ്വാധീനത്തെ ചെറുക്കുക എന്നത് ചൈനയുടെ ആവശ്യവും അജന്‍ഡയുമാണ്. പുതിയൊരു സാമ്രാജ്യത്വ ശക്തിയായി ഉയര്‍ന്നു വരാന്‍ ചൈനയ്ക്കു അടുത്തൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല. അമേരിക്കയേയും ബ്രിട്ടനേയുമെല്ലാം വന്‍ശക്തികളാക്കി തീര്‍ക്കുന്നതില്‍ അവരുടെ നാവികശേഷിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന ഇക്കാര്യത്തില്‍ ഇപ്പോഴും ബഹുദൂരം പിന്നിലാണ്.[1] എങ്കിലും വളര്‍ച്ചാനിരക്ക്, കയറ്റുമതി (ആയുധ വ്യാപാരമടക്കം) എന്നിവ ഉപയോഗിച്ചു കൊണ്ട് ഇപ്പോള്‍ നില നില്‍ക്കുന്ന സാമ്രാജ്യത്വ അധികാരക്രമത്തില്‍ ഒരു ശക്തികേന്ദ്രമായി മാറാന്‍ ചൈനയ്ക്കു കഴിയും. ഇക്കാര്യങ്ങള്‍ മറ്റാരെക്കാളും നന്നായി ചൈനയ്ക്കറിയാം. അതുകൊണ്ടാണ് അവര്‍ ആദ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി അവര്‍ കൂട്ടുപിടിക്കുന്നതോ, ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളെയും.

ചെറുമീനുകളുടെ 'ഭാഗ്യം'
ചൈനയുടെ ദക്ഷിണേഷ്യയിലേക്കും അതുവഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുമുള്ള വ്യാപനം (String of Pearls) ഉന്നം വയ്ക്കുന്നത് ഈ മേഖലയില്‍ അവരുടെ ഭൗമരാഷ്ട്രീയ (geopolitical) താല്പര്യങ്ങളുടെ സാധൂകരണത്തിനാണെന്നു കരുതാം. ചൈന ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതാവട്ടെ ദക്ഷിണേഷ്യയിലെ
ഇന്ത്യയുമായി അസ്വാരസ്യത്തിലായിരിക്കുന്ന ചെറു രാജ്യങ്ങളെ പ്രീണിപ്പിച്ചു കൊണ്ടും അവരുടെ വ്യോമ-നാവിക ഗതാഗത പദ്ധതികള്‍ക്കു ധനസഹായം നല്‍കിക്കൊണ്ടുമാണ്. പ്രത്യേക ഉഭയകക്ഷിബന്ധങ്ങള്‍ സ്ഥാപിക്കുക, സൈന്യത്തെ ആധുനികവത്കരിക്കുക എന്നിങ്ങനെ പോവുന്നു ചൈനയുടെ മാര്‍ഗങ്ങള്‍‍. പാകിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ പടിവതില്‍ക്കല്‍ സ്ഥിതി ചെയ്യുന്ന ഗ്വാദര്‍ തുറമുഖം ചൈനീസ് സഹായത്തോടെയാണ് നിര്‍മിച്ചതെന്നോര്‍ക്കുക. ഈ തുറമുഖത്തുനിന്നും പൈപ് ലൈനുകള്‍ ഉപയോഗിച്ച് ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കു പെട്രോളിയം, പ്രകൃതിവാതകം എന്നിവ കൊണ്ട് പോകാന്‍ കഴിയും. തെക്കന്‍ ശ്രീലങ്കയിലെ ഹന്‍ബന്തോട്ട ജില്ലയില്‍ ചൈനീസ് സഹായത്തോടെ പണിയുന്ന തുറമുഖമാണ് ഇത്തരത്തിലുള്ള മറ്റൊരു പദ്ധതി. അന്താരാഷ്ട്ര സമുദ്ര പാതയില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഈ തുറമുഖം ചൈനയ്ക്കു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുവടുറപ്പിക്കന്‍ സഹായമാവും. പദ്ധതി തുടങ്ങുന്നതിനു മുന്‍പ് ശ്രീലങ്കന്‍ സര്‍ക്കാരിനു വടക്കുകിഴക്കന്‍ മേഖലയിലെ റിബലുകളെ പരാജയപ്പെടുത്താന്‍ ചൈന ആയുധവും നല്‍കിയിരുന്നു. ഇതിനു പുറമെ യുദ്ധത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരുന്ന അന്താരാഷ്ട്ര സമ്മര്ദ്ദങ്ങളില്‍ നിന്നും ലങ്കയെ സംരക്ഷിക്കാമെന്ന ഉറപ്പും ബീജിംഗ് നല്‍കി. 2009ല്‍ ലങ്കയ്ക്കു ഏറ്റ്വുമധികം സാമ്പത്തിക സഹായം നല്‍കിയ രാജ്യവും ചൈന തന്നെയണ്. അമേരിക്ക 7.4 മില്യണ്‍ ഡോളറും ബ്രിട്ടണ്‍ 1. 25 മില്യണ്‍ ഡോളറും നല്‍കിയപ്പോള്‍ ചൈന നല്‍കിയത് 1 ബില്ല്യണ്‍ ഡോളറായിരുന്നു. ഹന്‍ബന്തോട്ട പദ്ധതി ആദ്യം ലങ്ക ഇന്ത്യക്കു നല്‍കിയതായിരുന്നു. എന്നാല്‍ ഇന്ത്യ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ചൈന രംഗത്തേക്കു കടക്കുന്നത്. അങ്ങിനെ ഇന്ത്യയുടെ നഷ്ടം ചൈനയുടെ നേട്ടമായി.

ബംഗ്ലാദേശിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ചിറ്റഗോംഗിലെ തുറമുഖ വികസന പദ്ധതിക്കു ധനസഹായം നല്‍കുന്നതു ചൈനയാണ്. വലിയ വികസന പ്രവര്‍ത്തനങ്ങളിലൊന്നും ബംഗ്ലാദേശുമായി സഹകരിക്കാന്‍ ഇന്ത്യക്കു കഴിയില്ല. അവാമി ലീഗ് അധികാരത്തില്‍ വരുമ്പോള്‍ ഊഷ്മളമാവുകയും ബംഗ്ലാദേശ് നാഷണല്‍ പാര്‍ടി (ബിഎന്‍പി) ഭരിക്കുമ്പോള്‍ വഷളാവുകയും ചെയ്യുന്ന ഒരു ഉഭയകക്ഷി ബന്ധമാണു ദില്ലിക്കും ധാക്കക്കുമിടയില്‍ നില്‍നില്‍ക്കുന്നത് എന്നതു തന്നെ അതിനു കാരണം. അതിനാല്‍ തന്നെ ചൈനയുമായുള്ള സഹകരണം അവര്‍ക്കു ഗുണപ്രദമാണ്. ചൈനയെയും ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മ്മണത്തിനു ബീജിംഗ് ഏറെ ഊന്നല്‍ കൊടുക്കുന്നുണ്ട്.[2] ഇതുകൂടാതെ ബര്‍മ പടിഞ്ഞാറന്‍ തുറമുഖങ്ങളായ ക്യക്ഫു, സിത്താവെ എന്നിവിടങ്ങളില്‍ ചൈന സ്വന്തം നാവിക താവളങ്ങള്‍ തുറന്നു കഴിഞ്ഞു.

കിഴക്കന്‍ മേഖലയില്‍ ഇത്രമേല്‍ ആധിപത്യം നേടിക്കഴിഞ്ഞ ചൈന പടിഞ്ഞാറന്‍ ഭാഗത്തെയും ഒഴിവാക്കുന്നില്ല. മാലിദ്വീപ്, സെയ്ഷെല്‍സ് എന്നീ രാജ്യങ്ങളിലും സ്വന്തം സൈനിക താവളങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ബീജിംഗ് തുടങ്ങിക്കഴിഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കന്‍ പര്യടനത്തിനു പോയ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ സെയ്ഷല്‍സില്‍ ഇറങ്ങിയിരുന്നു. കാര്യമായൊന്നും ഇങ്ങോട്ട് കിട്ടാനില്ലാതിരുന്നിട്ടു കൂടി അഞ്ച് ഉടമ്പടികളാണു ചൈന ആ രാജ്യവുമായി ഒപ്പു വച്ചത്. ചൈനയെ ഇതിനു പ്രേരിപ്പിച്ചത് സെയ്ഷെല്‍സിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം മത്രമണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ നാവിക താവളമായ ഡീഗോ ഗാര്‍ഷ്യയുമായി വളരെയടുത്താണ് സെയ്ഷെല്‍സ് നിലകൊള്ളുന്നത് എന്നതു തന്നെ ഇതിന്റെ പ്രധാന കാരണം.

2009 ഫെബ്രുവരിയിലെ ഹു ജിന്റാവോയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് വ്യോമയാന മേഖലയുടെ വികസനത്തിനായി 260 മില്ല്യണ്‍ ഡോളറാണു ചൈന മാല്‍ദ്വിവ്സിനു അനുവദിച്ചത്.[3] ദക്ഷിണേഷ്യയിലെ 'ചെറുമീനുകളെ' സംബന്ധിച്ച് ചൈനയുടെ സഹകരണം അവരുടെ വല്ല്യേട്ടന്‍ ചമയുന്ന ഇന്ത്യക്കുള്ള മറുപടി കൂടിയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി തങ്ങളെ കാര്യമായൊന്നും സഹായിച്ചിട്ടില്ലാത്ത ഇന്ത്യയേക്കാള്‍ എല്ലാം ചെയ്തു തരുന്ന ചൈനയെയണു ഇന്നു അവര്‍ക്കാവശ്യം.വ്യാളിയുടെ സ്വപ്നങ്ങള്‍
തങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്കു മറ്റു രാജ്യങ്ങള്‍ (പ്രത്യേകിച്ച് അയല്‍ക്കാര്‍) തടസമാവുന്നത് ചൈനയ്ക്ക് സഹിക്കാനാവില്ല. ലക്ഷ്യപ്രാപ്തിക്കായി എന്തും ചെയ്യാന്‍ അവര്‍ തയാറാണ്. ദേശരാഷ്ട്ര (nation state) സങ്കല്പത്തോട് ചൈനയ്ക്ക് അത്ര വലിയ പ്രതിപത്തിയൊന്നുമില്ല. വെസ്റ്റ്ഫാലിയന്‍ കരാറിനു ശേഷം ആധുനിക ദേശരാഷ്ട്ര സങ്കല്പങ്ങള്‍ നിലവില്‍ വരുന്നതിനും എത്രയോ മുന്‍പ് ചൈന ഒരു സംസ്കാരമായി നില നിന്നിരുന്നുവെന്ന് ചരിത്രകാര്‍ പറയുന്നു. അതായത് ഒരു ദേശരാഷ്ട്രം എന്നതിനേക്കാള്‍ സാംസ്കാരിക രാഷ്ട്രമാണ് (civilisation state) ചൈന. ഒരുപക്ഷെ അതുകൊണ്ടാവാം ദേശരാഷ്ട്രങ്ങളുടെ പരികല്പനകളെ അനുസരിക്കാനോ പിന്തുടരാനോ അവര്‍ വിമുഖരാവുന്നത്.[4] ദക്ഷിണേഷ്യയില്‍ ഏതു വിധേനയും തങ്ങളുടെ ശക്തി വ്യാപിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ശരാശരി ഒമ്പതു ശതമാനം വളര്‍ച്ചാ നിരക, ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുമുള്ള ചൈനയ്ക്ക് ഈ ലക്ഷ്യം നേടണമെങ്കില്‍ അതിനു സമാനമായ വിഭവ സസമാഹരണം (resource mobisliation) നടത്തേണ്ടതുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ വളര്‍ന്നു വരുന്ന ബന്ധങ്ങള്‍ ഇതിനെയാണു സൂചിപ്പിക്കുന്നത്.[5] അതിനുവേണ്ടി ചൈനക്കു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുവടുറപ്പിച്ചേ മതിയാവൂ.

യാങ്കിയുടെ നേട്ടം
ചൈനയുടെ വളര്‍ച്ചയെ ഇത്തരത്തില്‍ മനസിലാക്കിയ അമേരിക്ക ഇന്നു ചൈനയുമായി കൂടുതല്‍ അടുക്കാനാണു ശ്രമിക്കുന്നത്. അതുകൊണ്ടാവാം കഴിഞ്ഞ മാസം പ്രവാസി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയെ കാണാന്‍ ഒബാമ വിസമ്മതിച്ചത്. അമേരിക്കയെ സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയില്‍ ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്കു ചൈനയുടെ പിന്തുണ കൂടിയേ തീരൂ. അതുകൊണ്ട് തന്നെ അവരെ പിണക്കാന്‍ അമേരിക്കയ്ക്കു താല്പര്യമില്ല. ബര്‍മയിലെ സൈനീക സര്‍ക്കാരിനെ സഹായിക്കുന്ന ചൈനയെ വിമര്‍ശിക്കാന്‍ പോലും ഇന്ന് അമേരിക്ക തയ്യാറാവുന്നില്ല എന്നതു ചൈനയുടെ വിജയം തന്നെയാണു. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ചൈന അതിന്റെ കരുത്തു തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുമായുള്ള പരമ്പരാഗത വിഷയമായ അരുണാചല്‍ പ്രദേശിനെക്കുറിച്ച് വീണ്ടും സംസാരിക്കുന്നതും, ഇന്ത്യന്‍ നിയന്ത്രിത കാഷ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക വിസ നല്‍കുന്നതും, അതിനേക്കളുപരി ചൈനയും അമേരിക്കയും തമ്മുലുള്ള ചര്‍ച്ചകളില്‍ 'കാശ്മീര്‍ പ്രശ്നം' ചര്‍ച്ച ചെയ്യുന്നതും. 1990നു ശേഷം മാറിയ ലോകക്രമത്തില്‍ 'തന്ത്രപരമായ പങ്കാളിത്തത്തിനായി' (strategic partnership)[6] അമേരിക്കയുമായി കൂടുതല്‍ അടുക്കണമെന്ന് ഇന്ത്യയെ ഉപദേശിച്ച റിയലിസ്റ്റുകള്‍ ചരിത്രത്തില്‍ ഇങ്ങനെയൊരു തിരിവുണ്ടാവും എന്നു കരുതിയിരിക്കില്ല. അമേരിക്ക ഒരുപക്ഷെ ഭാവിയിലും ഇന്ത്യയുടെ സുഹൃത്തൊക്കെയായിരിക്കും, എന്നാല്‍ അമേരിക്കയെ സംബന്ധിച്ച് ഏഷ്യയിലെ 'പ്രത്യേക സുഹൃത്താണ്' (special friend) ചൈന. അങ്ങിനെയാണെങ്കില്‍ ചൈന തന്നെയാവും ഭാവിയില്‍ ഏഷ്യയെ മുന്നില്‍ നിന്നും നയിക്കുക. അങ്ങിനെ ചൈന നയിക്കുന്ന ഒരു നവ ഏഷ്യന്‍ അധികാര ശ്രേണിയില്‍ (new Asian order) രണ്ടാമതാവാന്‍ പോവുന്ന ഇന്ത്യയുടെ സ്ഥിതി എന്താണു? ഇവിടെയാണു ഈ ലേഖനത്തിന്റെ തലക്കെട്ടിലെ ചോദ്യത്തിനു പ്രസക്തിയേറുന്നത്.

കുറിപ്പുകള്‍
[1] George Friedman, "The Next Hundred Years: A Forecast for the 21st Century", Doubleday, New York, 2009.

[2] Gulf Times, 2009 October 30, http://www.gulf-times.com/site/topics/article.asp?cu_no=2&item_no=323201&version=1&template_id=44&parent_id=24

[3] C. Raja Mohan, "Circling Mauritius", Indian Express, 11 February, 2009.

]4] Martin Jacquez, "When China Rules the World: The Rise of the Middle Kingdom and the End of the Western World", Allen Lane,London, 2009.

[5], See "The New Colonialists: A 14 Page Special Report on China's Thirst for Resources", The Economist, March 15-21, 2008.

[6] C. Raja Mohan, "Crossing the Rubicon: The Shaping of India's New Foreign Policy", Penguin, New Delhi, 2003.

Nov 9, 2009

സ്രെബ്രിനിച്ച മുതല്‍ കിള്ളിനോച്ചി വരെ

ഒന്നര പതിറ്റാണ്ടു മുന്‍പ് സെബ്രിനിച്ചയെ പ്രേതനഗരമാക്കിയ സെര്‍ബുകളുടെ അതേ വഴിയാണ് ശ്രീലങ്കന്‍ ഭരണകൂടവും സഞ്ചരിക്കുന്നതെന്ന് അഭിലാഷ് ടി "ബിഹൈന്‍ഡ് എനിമി ലൈന്‍സ്" [1] എന്ന ഹോളിവുഡ് ചിത്രത്തില്‍, ബോസ്നിയന്‍ എയര്‍ സ്പ്പേസില്‍ കയറിയ അമേരിക്കന്‍ യുദ്ധവിമാനത്തെ സെര്ബിയന്‍ സേന വെടിവച്ചു വീഴ്ത്തിയതിനെ തുടര്‍ന്ന് വൈമാനികന്‍ ക്രിസ് ബര്‍ണറ്റ് സെര്‍ബിയന്‍ പട്ടാളത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന രംഗമുണ്ട്. ഓട്ടത്തിനിടയില്‍ ബര്‍ണറ്റ് അഴുകിയ ശവശരീരങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു മാസ് ഗ്രേവില്‍ ചെന്നു വീഴുന്നു. പ്രേക്ഷകരുടെ ഹൃദയം നുറുക്കി കളയുന്ന ഈ രംഗത്തിനു പിന്നിലെ ചരിത്രം കൂടിയറിഞ്ഞാലെ സിനിമാനുഭവം പൂര്‍ണമാവൂ. ബോസ്നിയ-ഹെര്‍സഗോവിനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമയ സ്രെബ്രിനിച്ചയില്‍ 1995 ജൂലൈ മാസം നിരായുധരായ പതിനായിരത്തോളം മുസ്ലിങ്ങളെ സെര്‍ബിയന്‍ പട്ടാളം യുഎന്‍ സമാധാന സേനയെ നോക്കുകുത്തിയക്കിക്കൊണ്ട് കൂട്ടക്കൊല ചെയ്തതിന്റെ പരിഛേതമാണ് ഈ സിനിമ.

രണ്ടാം ലോകയുധത്തിനു ശേഷം യൂറോപ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യക്കുരുതിയായിരുന്നു അന്ന് അവിടെ നടന്നത്. ഇത്തരമൊരു കൂട്ടക്കൊല നടപ്പിലാക്കാന്‍ ഉത്തരവിട്ട സെര്‍ബിയര്‍ നേതാവ് റൊഡോവന്‍ കരാഡ്ജിക് ഇന്ന് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുകയാണ്. എന്നാല്‍ ഈ 'ഉത്തരവു' നടപ്പിലാക്കിയ സെര്‍ബിയന്‍ മിലിറ്ററി കമാന്‍ഡര്‍ ലൂകാ മ്ലാടിക്‌ ഇന്നും സെര്‍ബിയയില്‍ സുഖമായി ജീവിക്കുന്നു. 1990നു ശേഷം നടന്ന ബാള്‍ക്കന്‍ വംശീയ യുദ്ധത്തിന്റെ ഒരു ഭാഗം മാത്രമാണ് സ്രെബ്രിനിച്ച എങ്കിലും മറ്റെന്തിനെക്കാളും ഇതിന് ലോകശ്രദ്ധ കിട്ടുകയും ഡെയ്റ്റ്ണ്‍ കരാര്‍ പ്രകാരം (ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി) സമാധാനം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.

സെബ്രിനിച്ചയിലെ ചരിത്രം ദക്ഷിണേഷ്യയിലെ തമിള്‍ നഗരമായ കിള്ളിനോച്ചിയുടേയും ചരിത്രമാവാന്‍ ഒന്നര പതിറ്റാണ്ടേ വേണ്ടി വന്നുള്ളൂ. ശ്രീലങ്കയില്‍ 2009 മെയ് മാസം അവസാനിച്ച നാലാം ഈലം യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയിക്കുകയും എല്‍ടിടിഇ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ കൊളംബോയെ സംബന്ധിച്ച് ഈ യുദ്ധം കേവലം റിബലുകള്‍ക്കു മേല്‍ സര്‍ക്കാര്‍ നേടിയ/നേടേണ്ടിയിരുന്ന വിജയമായിരുന്നില്ല, മറിച്ച് ഭുരിപക്ഷ സിന്‍ഹള സാംസ്കാരിക ദേശീയത തമിഴനുമേല്‍ നേടിയ വിജയമായിരുന്നു. അതിനുവേണ്ടി കൊളംബോ കണ്ടെത്തിയ മാര്‍ഗം കോസവോയില്‍ സെര്‍ബുകള്‍ സ്വീകരിച്ച വംശഹത്യ എന്ന ആയുധമായിരുന്നു.യുദ്ധത്തിനു ശേഷം അവര്‍ ഉപയോഗിക്കുന്ന മാര്‍ഗവും ഇതു തന്നെയാണെന്ന് ശ്രീലങ്കയില്‍ നിന്നും പുറത്തു വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാം. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് മഹിന്ദ രാജപക്സെ ദക്ഷിണേഷ്യയിലെ റൊഡോവന്‍ കരാഡ്ജികും അദ്ദേഹത്തിന്റെ മിലിറ്ററി കമാന്റര്‍ ശരത് ഫൊന്‍സേക ലൂകാ മ്ലാടിക്കുമൊക്കെയായി മാറുന്നത്. അന്താരാഷ്ട്ര സ്മൂഹത്തിന്റെ സമ്മതത്തോടെ എല്‍ടിടിഇ എന്ന ഭീകരവാദ സംഘടനയെ ഉന്മൂലനം ചെയ്യനായി തുടങ്ങിയ ലങ്കന്‍ സര്‍ക്കരിന്റെ നാലാം ഈലം യുദ്ധം ഇന്ന് അവിടുത്തെ തമിഴരുടെ വംശഹത്യയിലാണ് എത്തിനില്‍ക്കുന്നത്. സ്രെബ്രിനിച്ചയ്ക്കു വേണ്ടി കണ്ണീരൊഴുക്കിയവര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്? ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോടെയണു ലങ്കന്‍ സ്റ്റേറ്റ് ഈ വംശഹത്യ നടത്തുന്നതെന്നു വേണം കരുതാന്‍.

സിന്‍ഹളന്റെ അവസാന യുദ്ധം
ചന്ദ്രിക കുമാരതുംഗെ സമാധാനത്തിനു വേണ്ടിയാണു യുദ്ധം ചെയ്തതെങ്കില്‍ രാജപാക്സെയുടേത് വിജയത്തിനു വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അതിനുള്ള മാര്‍ഗങ്ങളുടെ സൃഷ്ടാവും നടത്തിപ്പുകാരനും അദ്ദേഹം തന്നെയായിരുന്നു. ആയുധം നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചപ്പോള്‍ അവര്‍ ചൈനയുടെ സഹായം തേടി. പകരം രാജപക്സെയുടെ ജന്മദേശമായ ഹന്‍ബന്തോട്ട ജില്ലയില്‍ ഒരു തുറമുഖം പണിയാനുള്ള കരാര്‍ ചൈന നേടിയെടുത്തു. ചൈനയെ സംബന്ധിച്ച് ഈ പദ്ധതി മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതായിരുന്നു. അന്താരഷ്ട്ര സമുദ്ര പാതയില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഈ തുറമുഖം ചൈനയ്ക്കു ഇന്‍ഡ്യന്‍ മഹസമുദ്രത്തില്‍ ചുവടുറപ്പിക്കന്‍ സഹായമാവും. ആയുധം നല്കുന്നതിനു പുറമെ യുദ്ധത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മര്ദ്ദങ്ങളില്‍ നിന്നും ലങ്കയെ സംരക്ഷിക്കമെന്ന ഉറപ്പായിരുന്നു ചൈനയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.

മാര്‍ച്ച് രണ്ടാം വാരം ഓസ്ടിയയും, മെക്സിക്കോയും, കൊസ്റ്റാ റിക്കയും ചേര്‍ന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച ശ്രീലങ്കയെ കുറിച്ചുള്ള പ്രമേയത്തെ ചൈന വീറ്റോ ചെയ്തത് ഇതിന്റെ തുടര്‍ച്ചയായിരുന്നു. ലങ്കയിലെ മനുഷ്യാവകാശ പ്രശ്നത്തില്‍ യുഎന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍, ചൈന പറഞ്ഞത് തമിഴ് തമിഴ് കൊളംബോയുടെ ആഭ്യന്തര പ്രശ്നമണെന്നായിരുന്നു. അമേരിക്കയെ സംബന്ധിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങാളാണു ശ്രിലങ്കന്‍ പ്രശ്നത്തിലുള്ള വിമുഖതയ്ക്കു കാരണം. ഒന്ന്, പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്നങ്ങള്ക്ക് സുരക്ഷാ സമിതിയുടെ സഹായം വേണ്ടതിനാല്‍ ചൈനയെ പിണക്കാന്‍ കഴിയില്ല. രണ്ട്, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ പ്രധാന സുഹൃത്തായ ഇന്‍ഡ്യയുമായുള്ള ബന്ധത്തില്‍ ശ്രീലങ്കന്‍ പ്രശ്നം ഇന്നൊരു ഒരു നിര്‍ണായ ഘടകമല്ല. മൂന്ന്, തമിഴ് ദേശീയതക്ക് (എല്‍ടിടിഇ മുന്നോട്ടുവച്ച) അമേരിക്കയിലെ ലോബി ഗ്രൂപ്പുകളില്‍ നിര്‍ണായക സ്വാധീനവുമില്ല.

ഇതിനേക്കളൊക്കെ ഉപരിയായി വംശീയ അടിസ്ഥാനത്തില്‍ ദക്ഷിണേഷ്യയില്‍ ഒരു രാജ്യം വരുന്നതിലുള്ള ഇന്‍ഡ്യയുടെ താല്പ്പര്യക്കുറവവും രാജപക്സെയ്ക്ക് ആരെയും ഭയക്കാതെ പുലികളെ ഉന്മൂലനം ചെയ്യാനുള്ള മൗനാനുവാദമായിരുന്നു. പക്ഷെ പുലികള്‍ക്കു മേല്‍ വിജയം നേടുക എന്ന ലക്ഷ്യം മത്രമല്ല രാജപക്സെയ്ക്കു ഉണ്ടായിരുന്നത്. അതിനുമപ്പുറം "ഭീകരവാദം" എന്ന പേരില്‍ ഒരു സമൂഹത്തിന്റെ വംശഹത്യയാണു രാജപക്സെ ലക്ഷ്യമിടുന്നത്. കാരണം ശ്രീലങ്കയുടെ ചരിത്രം അതാണു സൂചിപ്പിക്കുന്നത്. "ഭീകരവാദം" എന്ന പദം എങ്ങിനെയാണു രാജപക്സെ ഒരു ജനതയ്ക്കു നേരെ ഉപയോഗിക്കുന്നതെന്നു നോക്കാം. എഴുപതുകളില്‍ ശ്രീലങ്കയില്‍ സിന്‍ഹള തീവ്രദേശീയ വാദികളായ ജനത വിമുക്തി പെരമുന (ജെവിപി) നടത്തിയ ഭീകരവാദത്തിനു സമാനമായ ആഭ്യന്തരയുദ്ധത്തില്‍ തമിഴര്‍ക്കും സിന്‍ഹളര്‍ക്കും ഒരുപോലെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. അന്ന് സര്‍ക്കാരും ജെവിപി ഭീകരവാദികളും തമ്മില്‍ നടത്തിയ സന്ധി ഭാഷണത്തില്‍ പങ്കാളിയായിരുന്നു രാജപക്സെ. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഫില്‍ റീസ് [2] ഇതിനെക്കുറിച്ച് രാജപക്സെയോട് ചോദിച്ചപ്പോള്‍ ജെവിപി വെറും "കലാപകാരികള്‍" മാത്രമണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തത്വത്തില്‍ എല്‍ടിടിഇയും ജെവിപിയും വ്യത്യസ്ത വംശീയതകള്‍ മുന്നോട്ട് വയ്ക്കുന്ന ഒരേ മാര്‍ഗം പിന്തുടരുന്ന സംഘടനകളാണെന്ന് ലോകജനത വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞതാണ്. അപ്പോള്‍ ഒരു സമൂഹത്തെ മാത്രം ഭീകരവാദികളായി മുദ്രകുത്തുന്നതിലൂടെ മറ്റുചില രാഷ്ട്രീയ ലക്ഷ്യങ്ങളാണു ശ്രീലങ്കന്‍ പ്രസിഡന്‍ഡ് മുന്നോട്ടു വയ്ക്കുന്നത്.

വായ് മുടിയ മാധ്യമങ്ങള്‍
പുലികള്‍ക്കു മേല്‍ നേടിയ അന്തിമ വിജയം രാജപക്സെ സര്‍ക്കാരിനു വടക്കു കിഴക്കന്‍ മേഖലയില്‍ എന്തും ചെയ്യാനുള്ള 'അവകാശമായപ്പോള്‍' അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചത് മാധ്യമങ്ങളായിരുന്നു. അഭയാര്‍ഥി ക്യാമ്പുകളിലെ തമിഴരുടെ ജീവിതം സ്വര്‍ഗ തുല്ല്യമാണെന്നു അവിടം സന്ദര്‍ശിച്ച ദ ഹിന്ദുവിന്റെ പത്രാധിപര്‍ നമ്മോട് പറയുമ്പോള്‍ ഓരോ ക്യാമ്പുകളും ഓരോ ജയിലുകളാണെന്ന സത്യം ലോകത്തോടു പറഞ്ഞ ദ ടൈംസ് ലേഖകന്‍ ജെര്‍മി പേജ്, ചാനല്‍-4 ലേഖകന്‍ നിക് പാറ്റണ്‍-വാല്‍ഷ് എന്നിവരുടെ ലങ്കന്‍ വിസ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. തദ്ദേശിയ പത്രപ്രവര്‍ത്തകരുടെ കാര്യം ഇതിലും ഭീകരമാണ്.

മനുഷ്യാവകാശത്തെക്കുറിച്ച് എഴുതിയാല്‍ കൊല്ലപ്പെടുകയോ, ജയിലില്‍ അടക്കപ്പെടുകയോ ആവും ഓരോ ശ്രീലങ്കന്‍ പത്രക്കാരന്റെയും വിധി. ദ സണ്‍ഡെ ലീഡര്‍ പത്രാധിപര്‍ ലസന്ത വിക്രമതുംഗെ ഉള്‍പ്പടെ 11 മാധ്യമ പ്രവര്‍ത്തകരാണു കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്[3]. ഇപ്പോഴും വടക്കു കിഴക്കന്‍ മേഖലയിലെ പല അഭയാര്‍ത്ഥി ക്യാമ്പുകളിലും പത്രക്കാര്‍ക്ക് പ്രവേശനമില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ 50 മീറ്റര്‍ ദൂരം കണക്കാക്കി വേര്‍തിരിച്ച മുള്ളുവേലിക്കു അപ്പുറവും ഇപ്പുറവും നിന്നും ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടുവെന്നു ഫില്‍ റീസ് തന്റെ ഡോകുമെന്ററിയില്‍ പറയുന്നുണ്ട് [4]. ഇത്തരം തന്ത്രങ്ങള്‍ വംശീയത കത്തി നിന്ന എണ്‍പതുകളില്‍ തെക്കന്‍ ശ്രീലങ്കയിലെ ജയിലുകളില്‍ ഉപയോഗിച്ചിരുന്നതാണെന്ന് തമിഴ് എഴുത്തുകാരന്‍ ഷോഭാ ശക്തി പറയുന്നുണ്ട്. ശ്രീലങ്കയില്‍ വംശീയത മുന്‍ കാലങ്ങളിലെക്കാളും ശക്തമായി തിരിച്ചുവരുകയാണു. ഇരുപത്തഞ്ച് വര്‍ഷത്തെ ഈലം യുദ്ധം സിന്‍ഹള വംശീയതയുടെ ആഴം കുറയ്ക്കാനല്ല മറിച്ച് കൂട്ടാനാണു ഉപകരിച്ചതെന്നുള്ള വസ്തുത ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. യുദ്ധ/യുദ്ധാനന്തര ലോകത്തെ ക്രൂരതകളും, മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങളും, അഭയാര്‍ത്ഥികളും എക്കാലത്തും വലിയ പങ്ക് വഹിച്ചിട്ടിണ്ട്. ഉദാഹരണത്തിന് ഡേവിഡ് രോഹ്ദെയുടെ റിപ്പോര്‍ട്ടുകളാണ് കോസവോയിലെ സംഭവവികാസങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്[5].

എന്നാല്‍ ശ്രീലങ്കയുടെ കാര്യത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കരുതെന്ന് ഗവണ്മെന്റിനു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണവര്‍ക്ക് യുദ്ധത്തിന്റെ അവസാന നാളുകളില്‍ പുലികള്‍ക്കെതിരെ എന്ന പോലെ തന്നെ കിള്ളിനോച്ചിയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മേഖലയിലെ സാധാരണ ജനങ്ങളുടേ നേര്‍ക്ക് യന്ത്രത്തോക്കുകള്‍ തിരിച്ചുവയ്ക്കന്‍ കഴിഞ്ഞത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്നു തിരിച്ചുപോവാന്‍ കഴിയും എന്ന കാര്യത്തില്‍ ഇതുവരെ ഒരു ഉറപ്പുമില്ല. യുദ്ധമേഖലയിലെ കുഴിബോംബുകള്‍ നീക്കം ചെയ്ത ശേഷം മത്രമെ അവിടേക്ക് പോകാന്‍ തമിഴരെ അനുവദിക്കൂ എന്നാണ് രാജ്പക്സെ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാള്‍ക്കന്‍ രാജ്യങ്ങളില്‍ യുദ്ധം അവസാനിച്ച് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഡി-മൈനിങ് പൂര്‍ത്തിയായിട്ടില്ല എന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ ഒരു ജനതയെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തളച്ചിടാനുള്ള തന്ത്രമാണ് ഡി-മൈനിംങ് എന്നത് വ്യക്തമാണ്.

സ്രെബ്രിനിച്ചയിലെ കൊടുംക്രൂരതകള്‍ പിന്നിട്ട് 10 വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രവര്‍ത്തകനായ ലെസ്ലി വുഡ്ഹെഡ് ബിബിസിയുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ അവിടെയെത്തുന്നുണ്ട്[6]. വംശീയതയുടെ മുറിവുകള്‍ ഏറ്റുവാങ്ങിയ ആ പ്രേത നഗരം ഇന്നൊരു സെര്‍ബിയന്‍ നഗരമാണ്. ബോസ്നിയന്‍ മുസ്ലീമുകളുടെതായി ഒന്നും അവിടെ അവശേഷിക്കുന്നില്ല. ഈ കഥയ്ക്കു ഒരു ശ്രീലങ്കന്‍ ക്ലൈമാക്സ് കൂടി ഭാവിയില്‍ ഉണ്ടാവും. തമിള്‍ നഗരമായ കില്ലിനോച്ചിയില്‍ എന്നെങ്കിലും പോവണം എന്നു തീരുമാനിച്ചിരിക്കുന്ന ചരിത്രകാരനും തമിഴ് രാഷ്ട്രീയ നിരീക്ഷകനുമായ എന്റ സുഹൃത്ത് അഭിലാഷ് മലയില്‍ ഒരുപക്ഷേ അവിടെയെത്തുമ്പോള്‍ കാണുന്നത് ഓര്‍മകളിലെ തമിള്‍ നഗരത്തിനു പകരം ഒരു സിന്‍ഹള നഗരത്തെയാവും.

കുറിപ്പുകള്‍:

[1]'Behind Enemy Lines', Directed by John Moore, 2001.

[2] Phill Rees, 'Dining with Terrorists', Documentary, Al Jazeera, 2009 (http://www.youtube.com/watch?v=gLDeDEFtzAU).

[3] Angilee Shah ' Colombo Blacklists Outside Observers', Far Eastern Economic Review, June 2009, (page .18).

[4] See No.1

[5] David Rohde, 'End Game: The Betrayal and Fall of Srebrenica', West view Press, Colorado, 1997.

[6] Leslie Woodhead, 'A Cry From the Grave', Documentary, BBC,2005.

Nov 4, 2009

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Oct 21, 2009

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Oct 13, 2009

അമീബ: ക്രിസ്മസ് കാരള്‍

ജീവശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ കാരള്‍ ഗ്രീഡറെക്കുറിച്ച് ഒരു കുറിപ്പ്
കൊച്ചു കാരളിന് ഒരു വലിയ സങ്കടമുണ്ടായിരുന്നു. സ്കൂളില്‍ ടീച്ചര്‍ പറയുന്ന പലതും മനസ്സിലാകുന്നുണ്ടെങ്കിലും, എഴുതുന്നതു നേരാംവണ്ണം വായിക്കനോ, ചിഹ്നങ്ങളും മറ്റും ഗ്രഹിക്കനോ വല്ലാത്ത പൊല്ലാപ്പ്. അവള്‍ക്ക് ഡിസ്ലെക്സിയ (dyslexia) എന്നൊരു പ്രശ്നമുണ്ടെന്നു കൊച്ചു കാരളിനെ രക്ഷിതാക്കള്‍ പറഞ്ഞു മനസ്സിലാക്കി. "എനിക്കു ബുദ്ധികുറഞ്ഞവര്‍ക്കുള്ള പ്രത്യേക ക്ലാസ്സുണ്ടായിരുന്നു. ഞാന്‍ ഒരു പൊട്ടത്തിയാണെന്നെനിക്കു തോന്നിയിരുന്നു," ഏതാണ്ട് നാല്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ഡോക്ടര്‍ കാരള്‍ ഗ്രീഡര്‍ പറയുന്നു. "അതു മറികടക്കുക ദുഷ്കരമായിരുന്നു. എന്നാല്‍, ഞാനതിനെ ചെറുക്കാന്‍ വഴികള്‍ തേടി. വാക്കുകളെ അക്ഷരങ്ങള്‍ ഇഴതിരിച്ച് വായിക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ അവയെ അപ്പാടെ ഓര്‍ത്തു വയ്ക്കാന്‍ തുടങ്ങി. എന്റേതായ ചില ഓര്‍മ്മപ്പണികള്‍." ഇതു ഫലിച്ചു. "പിന്നീട് മുതിര്‍ന്ന് അധ്യാപികയായപ്പോള്‍ രസതന്ത്രവും, ശരീരശാസ്ത്രവും പഠിപ്പിക്കാന്‍ ഇതു ഒരുപാടു സഹായിച്ചു."

അക്ഷരം വായിക്കാന്‍ പറ്റാതെ കരഞ്ഞുറങ്ങിയിരുന്ന ആ കൊച്ചുമിടുക്കിക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ -- കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ എലിസബെത്ത് ബ്ലാക്ബേണും, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ജാക്ക് സൊസാക്കും ഒപ്പം. കാരള്‍ ഇപ്പോള്‍ ജോണ്‍സ് ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിനില്‍ ശാസ്ത്രജ്ഞയാണ്. 1980കളില്‍ ഇവര്‍ വിജയകരമായി നടത്തിയ ഒരു കണ്ടെത്തലിനാണ് നൊബേല്‍. കോശവിഭജനവേളയില്‍ ക്രോമൊസോമുകള്‍ എങ്ങനെ ചുരുങ്ങിച്ചെറുതായി നശിച്ചു പോകാതിരിക്കുന്നു എന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്തും, പ്രത്യേകിച്ച് വൈദ്യശാസ്ത്രരംഗത്ത്, ഒരുപാടു മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. ജീവന്റെ സകലരഹസ്യങ്ങളും കുടികൊള്ളുന്ന ജീനുകളെ ഉള്‍ക്കൊള്ളുന്ന നീണ്ടുരുണ്ട തന്തുക്കാളാണ് ക്രോമൊസോമുകള്‍. കോശവിഭജന സമയത്ത് ക്രോമൊസോമുകളെ സംരക്ഷിക്കുന്നത് റ്റെലൊമീര്‍സ് (telomeres) എന്ന ഒരു തൊപ്പിയാണ്. ഈ തൊപ്പി ഒരു ഷൂലേസിന്റെ അറ്റത്തെ നീളന്‍അടപ്പുപോലെയാണ്. റ്റെലൊമീര്‍സ് ഉത്പാദിപ്പിക്കുന്ന റ്റെലൊമെറെയ്സ് (‌telomerase) എന്ന രാസാഗ്നിയാണ് ക്രോമോസോമുകളെ സംരക്ഷിച്ചു നിര്‍ത്തുന്നത്. ഈ രാസാഗ്നികള്‍ ഈ പ്രതിരോധം എങ്ങനെ സാധിച്ചെടുക്കുന്നു എന്നാണ് കാരള്‍ രണ്ടുപതിറ്റാണ്ടുമുന്‍പ് കണ്ടെത്തിയത്.

റ്റെലൊമീര്‍സ് ഒരു പുതിയ വസ്തുതയായിരുന്നില്ല. 1940കളില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ എച് ജെമുള്ളറും, ബാര്‍ബറ മക്ലിന്റോക്കും ഇതെപ്പറ്റിയുള്ള പഠനങ്ങള്‍ തുടങ്ങിവച്ചിരുന്നു. ക്രോമൊസോമുകളുടെ തുഞ്ചത്ത് ഒരു സംരക്ഷണകവചം കണ്ടേക്കാമെന്നു ഇവര്‍ അനുമാനിച്ചിരുന്നു. 1978ല്‍ കാര്യങ്ങള്‍ കുറെക്കൂടെ വ്യക്തമായി. എലിസബെത്ത് ബ്ലാക്ബേണും, ജോ ഗാള്ളും ചേര്‍ന്ന് റ്റെലൊമീര്‍സിന്റെ ജനിതക ഘടന കണ്ടെത്തി. ഈ ചിന്തകളെയെല്ലാം, അതിന്റെ കാവ്യാത്മകമായ പരിസമാപ്തിയിലേക്ക് കൊണ്ടുപോയത് കാരള്‍.

1984ലായിരുന്നു അത്. ക്രിസ്മസ് ദിനം. "എന്റെ പരീക്ഷണശാലയിലാരുന്നു ഞാന്‍. നിരന്തരമായ നിരീക്ഷണത്തിനൊടുവില്‍ എനിക്കതു ബോധ്യമായി. റ്റെലൊമെറെയ്സ് എന്ന ആ എന്‍സൈം ആണ് റ്റെലൊമീറുകളെ പൊഴിഞുപോകാതെയും, നശിച്ചുപോകാതെയും കാത്തുസൂക്ഷിക്കുന്നത്," കാരള്‍ പറയുന്നു. "അതു കണ്ടുപിടിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വീട്ടിലേക്കുപോയി. അന്നത്തെ ഒരു ഹിറ്റുഗാനം -- ബ്രൂസ് സ്പ്രിങ്സ്റ്റീനിന്റെ 'ബോണ്‍ ഇന്‍ യുഎസ്എ' -- വച്ചു; എന്നിട്ടു തുള്ളിച്ചാടിക്കൊണ്ടിരുന്നു, മതിയാകുവോളം."

റ്റെലൊമെറുകളെപ്പറ്റിയുള്ള ഈ കണ്ടുപിടുത്തം പ്രാധാന്യമേറിയതാണ്. മുറിഞ്ഞതോ, കുറിയതോ ആയ റ്റെലോമെറുകള്‍ ഒരു കൂട്ടം അസുഖങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കോശങ്ങള്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വയം വിഭജിക്കാന്‍ കഴിയാതെ വരുന്നതിന്റെ പുറകില്‍ ഇതേ രാസാഗ്നികളുടെ അഭാവമാണെന്നു വരുന്നതോടെ അതു വൈദ്യശാസ്ത്രരംഗത്ത് വലിയൊരു മാറ്റത്തിനു തുടക്കമിട്ടു. കാന്‍സര്‍ അടക്കം പല രോഗങ്ങളുടെയും ചികിത്സയില്‍ അതു വലിയ മാറ്റങ്ങളുണ്ടാക്കി.

എല്ലാ അര്‍ത്ഥത്തിലും നമ്മുടെ ഗവേഷകസമൂഹത്തിനു സംഭവിക്കുന്ന ഒരു പൊതുപ്രശ്നത്തിനുള്ള ഉത്തരമാണ് കാരള്‍. ഇന്ത്യപോലെയുള്ള രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ചും എന്തുകൊണ്ട് വിഖ്യാതമാകുന്ന ഗവേഷണങ്ങള്‍ വരുന്നില്ല എന്നതിനു കാരണം മറ്റൊന്നുമല്ല: ചെയ്യുന്ന ജോലി ആസ്വദിക്കാന്‍ കഴിയാത്ത ഒരു ഗവേഷകനും ക്രിയാത്മകമായ ഒന്നും പുറപ്പെടുവിക്കാനാവില്ല. ഗവേഷണത്തില്‍ മതിമറന്നു ആനന്ദിക്കുന്ന കാരള്‍ നമ്മെ ഒരുപാടു പഠിപ്പിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ ശാസ്ത്രസമസ്യകളൂടെ ചുരുക്കഴിക്കുന്നതിലും, അതിന്റെ ഗുണഫലങ്ങള്‍ ചുറ്റുമുള്ളവരുടെ ദുരിതജീവിതങ്ങളെ ഒരു നുള്ളെങ്കിലും മെച്ചെപ്പെടുത്തിയേക്കുമെന്ന സാധ്യതയിലും കാരളിനെപ്പോലുള്ളവര്‍ അനുഭവിച്ചറിയുന്ന ആനന്ദം നമുക്കു പരിചയമുള്ള എത്ര ഗവേഷകര്‍ക്കുണ്ട്, ശാസ്ത്രമായാലും, മാനവിക വിഷയങ്ങളായാലും?

തന്റെ ഗവേഷണനേട്ടം രണ്ടുപതിറ്റാണ്ടുകള്‍ പിന്നിട്ടശേഷം ലോകത്തിന്റെ മൊത്തം അംഗീകാരം നേടുമ്പോള്‍ ഈ ജീവശാസ്ത്രജ്ഞ അമേരിക്കയിലെ തന്റെ വസതിയില്‍ തുണി കഴുകിയിടുകയായിരുന്നു; അതും അതിരാവിലെ. അതു കഴിഞ്ഞിട്ട് അവര്‍ക്ക് അയല്‍വക്കത്തുള്ള സുഹൃത്തുക്കളുമൊത്ത് ഒരു സ്പിന്നിങ്ങ് ക്ലാസ്സെടുക്കാനുണ്ടായിരുന്നു. കുട്ടിക്കാലത്ത് അക്ഷരപ്പിശകുവരുത്തിയതിനു തന്നെ ശാസിക്കാന്‍ വിളിക്കുന്ന റ്റീച്ചറെ അഭിമുഖീകരിക്കുന്ന ആശങ്കയോടെയും, അല്പം മടിയോടെയും, കാരള്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു; എന്നിട്ടു പറഞ്ഞു: "ക്ഷമിക്കണം, ഇന്നു ക്ലാസ്സില്ല കേട്ടൊ. ഒരു ചെറിയ സംഗതിയുണ്ട്...എനിക്ക് നൊബേല്‍ സമ്മാനം കിട്ടിയിരിക്കുന്നു.."

Oct 10, 2009

യുദ്ധവും സമാധാനവും

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് ലഭിച്ച നൊബേല്‍ സമാധാന പുരസ്കാരം ലോകത്ത് സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാക്കിയത്. ആ പുരസ്കാരയുക്തിയെ വിശകലനം ചെയ്യുകയാണ് എംജെഎസ്
"യാത്രക്കാരെ അരവരെ വെള്ളത്തില്‍ ഇറക്കിവിടുന്ന മകന്‍ വഞ്ചിക്കാരനായി വന്നപ്പോള്‍ മുട്ടറ്റം വരെ വെള്ളത്തില്‍ ഇറക്കിവിട്ടിരുന്ന അവന്റെ തന്ത മഹാനായ കഥയില്ലേ, അതിന്റെ റിവേഴ്സ് വെര്‍ഷന്‍." സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കാ ണെന്നറിഞ്ഞപ്പോള്‍ ‍ഒരു സുഹൃത്ത്‌ പറഞ്ഞതാണിത്. അതിനടുത്ത ദിവസം, ഒക്ടോബര്‍ 10ന് ഒബ്സര്‍വര്‍ പത്രത്തിന്റെ വിദേശകാര്യ എഡിറ്റര്‍ പീറ്റര്‍ ബ്യൂമൊണ്ട് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "സത്യത്തില്‍, താന്‍ എന്തല്ല എന്നതിനുള്ള അംഗീകാരമാണ് ഒബാമയ്ക്കുള്ള നോബല്‍ സമ്മാനം -- ജോര്‍ജ് ബുഷ് അല്ലല്ലോ എന്നതിനുള്ള സമ്മാനം."

അധികാരത്തിലിരിക്കുമ്പോള്‍ നോബല്‍ സമ്മാനം ലഭിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. റഷയും ജപ്പാനും തമ്മില്‍ സമാധാനകരാറിനു മധ്യസ്ഥം വഹിച്ച തിയഡോര്‍ റൂസ്വെല്‍റ്റിന് 1906ല്‍ സമാധാനത്തിനുള്ള സമ്മാനം ലഭിച്ചപ്പോള്‍, ലീഗ് ഓഫ് നേഷന്‍സ് സ്ഥാപകന്‍ തോമസ് വുഡ്റോ വില്‍സനെ തേടി 1919ല്‍ നൊബേലെത്തി. ഇവര്‍ രണ്ടുപേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒബാമയുടെ നേട്ടങ്ങളുടെ പട്ടികയില്‍ എന്തുണ്ടെന്നാണ് വിമര്‍ശകരുടെ ചോദ്യം. അന്തര്‍ദേശീയ രംഗത്ത് നയതന്ത്രവും, സഹകരണവും ശക്തിപ്പെടൂത്താനായി ഒബാമ സ്വീകരിച്ച "അസാധാരണ ശ്രമങ്ങള്‍ക്കുള്ള" ബഹുമതിയാണ് ഈ വര്‍ഷത്തെ നൊബേല്‍ എന്നാണ് അവാര്‍ഡ് ജൂറി പറഞ്ഞത്. ഒപ്പം, ഒരു ആണവവിരുദ്ധ ലോകം കെട്ടിപ്പെടുക്കു ന്നതിനായുള്ള ഒബാമയുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരവും.

വാഗ്ദാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഒബാമയുടെ രാഷ്ട്രീയജീവിതം. അമേരിക്കയുടെ ആരോഗ്യരംഗം അഴിച്ചു പണിയും, നിയമ വിരുദ്ധ തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടും, ഇറാഖ് യുദ്ധം അവസാനിപ്പിക്കും, അഫ്ഘാനിസ്ഥാനില്‍ താലിബാനെ തോല്പ്പിക്കും, ഇറാന്‍ ആണവ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണും, ആഗോള താപനത്തിന് പ്രതിവിധി കാണാനായി മറ്റു രാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും... എന്നിങ്ങനെ ഒരു വ്യാഴവട്ടക്കാലത്തേക്കുള്ള വാഗ്ദാനങ്ങള്‍ ഒബാമ ഇതിനകം തന്നെ നല്‍കി കഴിഞ്ഞു. എന്നാല്‍ ഒരു കണക്കെടുപ്പു നടത്തിയാല്‍ ഇതില്‍ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടുള്ളതായി കാണാമോ? വിദേശകാര്യ രംഗത്ത് ശ്രദ്ധേയമായിട്ടുള്ള ഒരു നീക്കവും ഒബാമയുടേതായില്ല. ഇറാഖില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അനന്തമായി നീളുന്നു. അഫ്ഘാനിസ്ഥാനിലെ "അനിവാര്യ" യുദ്ധം പരാജയത്തിന്റെ വക്കിലാണെന്ന് അമേരിക്കന്‍ പട്ടാള ജനറല്‍മാര്‍ തന്നെ സമ്മതിക്കുന്നു. ഒബാമ പ്രസിഡന്റായതിനു ശേഷം 30,000ലേറെ സൈനീകരെ അഫ്ഘാനിസ്ഥാനിലേക്കയച്ചു കഴിഞ്ഞു. പക്ഷേ, താലിബാന്‍ കൂടുതല്‍ ശക്തിപ്പെട്ടിട്ടേയുള്ളു. കൂടുതല്‍ സൈന്യത്തെ വേണമെന്നാണ് ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ ആവശ്യപ്പെടുന്നത്. അമേരിക്കയുടെ വ്യോമാക്രമണത്തിന് പലപ്പോഴും ഇരകളാവേണ്ടി വരുന്നത് സാധാരണക്കാരാണെന്നും, അതിനാല്‍ തന്നെ, വിദേശസൈനികരോടൂള്ള തദ്ദേശീയരുടെ രോഷം ഇരട്ടിക്കുകയാണെന്നും, ഈ രോഷമാണ് താലിബാനടക്കമുള്ള കൊലയാളികള്‍ ആളെക്കൂട്ടാന്‍ ഉപയോഗിക്കുന്നതെന്നും സ്വതന്ത്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിട്ടും, ഫലപ്രദമായ ഒരു 'അഫ്-പാക്' തന്ത്രം മുന്നോട്ടു വയ്ക്കാന്‍ ഒബാമയുടെ വിദേശകാര്യ സംഘത്തിനായിട്ടില്ല.

ഇതേ സ്ഥിതിയാണ് ഇറാന്റെ കാര്യത്തിലും. എങ്ങിനെയാണോ ബുഷ് ഇറാനെതിരെ പ്രബല രാഷ്ട്രങ്ങളെ അണിനിരത്താന്‍ ശ്രമിച്ചിരുന്നത്, അതേ പാതയില്‍ തന്നെയാണ് ഒബാമയും. ഇറാന്‍ അണ്വായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം 2003ല്‍ അവസാനിപ്പിച്ചുവെന്ന് 2007ലെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറഞ്ഞെങ്കിലും, അത് ബുഷിന്റെ ഇറാന്‍ നയത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല. ഇപ്പോള്‍ ഒബാമയുടെ ഇന്റലിജന്‍സ് ചാരന്മാര്‍ പറയുന്നു ഇറാനിലെ ഖൂം നഗരത്തില്‍ രഹസ്യ ആണവനിലയമുണ്ടെന്ന്. നിലയത്തിന്റെ വ്യാപ്തിയും സൗകര്യങ്ങളും വച്ചു നോക്കുമ്പോള്‍, അതില്‍ ബോംബു നിര്‍മിക്കാനാവശ്യമായ അളവില്‍ യുറേനിയം സമ്പുഷ്ടമാക്കാന്‍ പറ്റുമെന്നും അതിനാല്‍ തന്നെ ഇറാന്‍ ലോകസമാധാനത്തിന് വെല്ലുവിളിയാണെന്നുമാണ് അമേരിക്കയുടെയും യൂറോപ്യന്‍ നേതാക്കളുടേയും ഭാഷ്യം. അപ്പോള്‍, ഇറാനെ നേര്‍വഴിക്കു കൊണ്ടു വരണമെങ്കില്‍ സാമ്പത്തിക പ്രതിരോധമേര്‍പ്പെടുത്തണം. അങ്ങിനെയൊരു നീക്കം ഐക്യരാഷ്ട്രസഭയില്‍ വരുമ്പോള്‍ റഷയും ചൈനയും സമ്മതിക്കണം. കിഴക്കന്‍ യൂറോപ്പില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനുള്ള ബുഷിന്റെ പദ്ധതി ഉപേക്ഷിക്കാനാണ് ഒബാമ തീരുമാനിച്ചത്. ഇതിനെ മുകളില്പറഞ്ഞ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണേണ്ടതെന്ന് പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ പില്‍ജര്‍ പറയുന്നു. മിസൈല്‍ പ്രതിരോധ സംവിധാനത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്ന റഷയെ ഈ നീക്കം വഴി അനുനയിപ്പിക്കാനും, ഇറാന്‍ വിരുദ്ധ നീക്കത്തില്‍ കൂടെ നിര്‍ത്താനുമാണ് ഒബാമയുടേയും, കൂട്ടരുടേയും ശ്രമമെന്ന് പില്‍ജര്‍.

ഇതാണ് നൊബേല്‍ കമ്മിറ്റി ശ്ലാഘിച്ച ഒബാമയുടെ അന്തര്‍ദേശീയ നയതന്ത്ര ശ്രമങ്ങള്‍. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിലും ക്രിയാത്മകമായി ഇടപെടാന്‍ ഒബാമയ്ക്ക് ഇതേ വരെ കഴിഞ്ഞിട്ടില്ല. ഒബാമ അധികാര മേറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ ഗാസയെ ആക്രമിച്ച്, ഹമാസിനെ വേട്ടയാടുന്നു എന്ന പേരില്‍, ആയിരക്കണക്കിന് പലസ്തീന്‍കാരെ കൊന്നൊടുക്കിയത്. 'സമാധാന പ്രേമി'യായ ഒബാമയെ സംബന്ധിച്ച് അതൊരു വിഷയമേ ആയിരുന്നില്ല. ഗാസ ആക്രമണത്തില്‍ ഇസ്രയേല്‍ മനപൂര്‍വം സാധാരണക്കരെ കൂട്ടക്കൊല നടത്തിയെന്നും അതു യുദ്ധക്കുറ്റമാണെന്നും യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് തന്നെ കണ്ടെത്തിയെങ്കിലും, ഒബാമയെ സംബന്ധിച്ചിടത്തോളം ആ റിപ്പോര്‍ട്ട് "അപ്രസക്ത"മാണ്. സമാധാന ശ്രമങ്ങള്‍ മുന്നോട്ടു പോകണമെങ്കില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തിവരുന്ന കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വയ്ക്കണമെന്ന് പരസ്യപ്രസ്താവന നടത്തി കയ്യടി നേടിയെങ്കിലും ഈ ദിശയില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഇതു വരെ കഴിഞ്ഞിട്ടില്ല.

സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കില്‍ വച്ച് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും കണ്ടശേഷം ഒബാമ പറഞ്ഞത് വെസ്റ്റ് ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ "നിയന്ത്രിക്കാനുള്ള" നടപടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, ഇസ്രയേല്‍ അവ പ്രവര്‍ത്തിയിലേക്കു കൊണ്ടു വരണമെന്നുമായിരുന്നു. രണ്ടു ദിവസത്തിനു ശേഷം, നെതന്യാഹു ഒബാമയുടെ വാക്കുകള്‍ എടുത്തു പറയുകയുണ്ടായി. "എനിക്കും ഇംഗ്ലിഷ് അറിയാം. സെറ്റില്‍മെന്റ്സ് നിയന്ത്രിക്കാനാണ്, അല്ലാതെ നിര്‍ത്തി വയ്ക്കാനല്ല, പ്രസിഡന്റ് പറഞ്ഞത്," നെതന്യാഹു പറഞ്ഞു. ഒബാമയുടെ സമാധാന ശ്രമങ്ങളില്‍ ഇതും ഉള്‍പ്പെടും.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, ഒബാമയുടെ നൊബേല്‍ സമ്മാനം കണ്ട് അതിശയിക്കേണ്ട കാര്യമൊന്നുമില്ല. ഈ നൊബേല്‍ കമ്മിറ്റിക്കാര്‍ വലിയ തമാശക്കാരാണ്. മഹാത്മാഗാന്ധി എന്നൊരു മനുഷ്യനെ പറ്റി ഇവര്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. എന്നാല്‍, വിയറ്റ്നാമിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ച്, ഒടുവില്‍ യുദ്ധപരാജയത്തിന്റെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനായി ആ രാജ്യവുമായി സമാധാന കാരാറിലേര്‍പ്പെട്ട അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ചര്‍ക്ക് 1973ല്‍ സമാധാന സമ്മാനം കിട്ടിയിട്ടുമുണ്ട്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റത്തിന്റെ ശക്തമായ വക്താക്കളിലൊരാളായിരുന്ന ഷിമോണ്‍ പെരസിനും കിട്ടി ഒരെണ്ണം -- 1994ല്‍. ഒബാമ എന്തായാലും കിസിഞ്ചറല്ലല്ലോ, എന്നായിരിക്കും പലരുടേയും ആശ്വാസം.

ഇതെഴുതുന്നയാളുടെ സഹപ്രവര്‍ത്തകയായ ദേവിരൂപാ മിത്രയുടെ ഗൂഗ്ള്‍ സ്റ്റാറ്റസ് മെസേജില്‍ കണ്ടതുപോലെ, "ഇനിയെനിക്കും വേണം ഒരു നോബല്‍ സമ്മാനം. ലോകത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കണമെന്നും, ആണവായുധ ങ്ങളില്ലാതാക്കണമെന്നും, ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥപിക്കണ മെന്നുമെല്ലാം എനിക്കുമാഗ്രഹമുണ്ട്."

Oct 6, 2009

കിഴക്കിന്റെ വിദൂരതകളില്‍ ഒരു ചരമക്കുറിപ്പ്

ഏഷ്യയിലെ പ്രമുഖ സാമ്പത്തിക, രാഷ്ട്രീയ പ്രസിദ്ധീകരണമായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു വരുന്ന ഡിസംബറില്‍ അടച്ചുപൂട്ടുന്നു. ഒരു അനുസ്മരണം.

ഹോങ്കോങ്ങ്, ജനുവരി 29, 2009
പ്രിയ ജെ.ജെ.,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യുവില്‍ ചേരാനുള്ള ആഗ്രഹംകാണിച്ചയച്ച
ഇമെയില്‍ കിട്ടി. നന്ദി. പക്ഷെ, നിങ്ങളെപ്പോലെ ഒരു കോപ്പി എഡിറ്റര്‍ക്ക്
ഇവിടെ ഇടമുണ്ടോ എന്നു ഞാന്‍ ശങ്കിക്കുന്നു. കാരണം ഇപ്പോള്‍ ഇതൊരു ചെറിയ
പരിപാടി (operation) മാത്രമാണ്. രണ്ടു എഡിറ്റര്‍മാര്‍ ഹോങ്കോങ്ങില്‍,
അത്രമാത്രം. അതു കൊണ്ടു നിങ്ങളെപ്പോലെ ഒരാളെ ഇവിടെ ഇനി
ആവശ്യമുണ്ടാകുമെന്നു തോന്നുന്നില്ല.
സ്നേഹത്തോടെ,
ഹ്യൂഗൊ റെസ്റ്റാള്‍
മുഖ്യപത്രാധിപര്‍,
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു.

ഹോങ്കോങ്ങ്/ന്യൂയോര്‍ക്ക്: സെപ്തം: 22 (റോയിട്ടേഴ്സ്)
ഏഷ്യയിലെ പ്രമുഖ മാസികയായ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു അടച്ചുപൂട്ടാന്‍ പ്രസാധകരായ ന്യൂസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. വരിക്കാരുടെ കുറവും, പരസ്യവരുമാനത്തിലുള്ള ഇടിവുമാണ് തീരുമാനത്തിനു
പുറകിലെന്നു പ്രസാധകര്‍ അറിയിച്ചു. മാധ്യമ മുഗള്‍ റൂപ്പര്‍ട്ട് മര്‍ഡൊക്കിന്റെ ഉടമയിലുള്ളതാണ് ന്യൂസ് കോര്‍പ്പറേഷന്‍. മാസിക ഡിസംബറില്‍ അടക്കും. കഴിഞ്ഞ 63 വര്‍ഷമായി ഏഷ്യയിലെ സാമ്പത്തിക, രാഷ്ട്രീയ
പത്രപ്രവര്‍ത്തനത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കി വന്നിരുന്ന പ്രസിദ്ധീകരണമാണ് റിവ്യൂ...

ഈ വാര്‍ത്തവായിക്കുമ്പോള്‍ അസ്വസ്ഥതയേക്കളേറെ, എനിക്കു സങ്കടമായിരുന്നു. ഒരു മാധ്യമത്തിന്റെ നിലനില്പ്പിനുപുറകില്‍ പരസ്യങ്ങള്‍ക്കുള്ള സ്ഥാനം എന്താണെന്നു ഈ ചുരുങ്ങിയകാലത്തെ ജേര്‍ണലിസജീവിതം, പ്രത്യേകിച്ചും ബിസിനസ് പത്രപ്രവര്‍ത്തനം, എന്നെ പഠിപ്പിച്ചിരുന്നു. എന്നിട്ടും റിവ്യുവിന്റെ ഈ ദയാവധത്തില്‍, ഉറ്റവരാരോ മരിക്കുന്ന വിധം എനിക്കു നൊന്തു. കഴിഞ്ഞ ജനുവരിയില്‍, റിവ്യൂവിന്‍ലെ കോപ്പി ഡെസ്ക്കില്‍ ചേര്‍ന്നുപ്രവ്രുത്തിക്കാനുള്ള ആഗ്രഹവുമായി ആ കത്തയക്കുമ്പോള്‍ ഏതു സാഹസികതയാണ് ആ ഊര്‍ജ്ജം തന്നതെന്ന് എനിക്കു നിശ്ചയമുണ്ടായിരുന്നു. പല പ്രമുഖ പത്രപ്രവര്‍ത്തകരുടെ കുറിപ്പുകളിലൂടെ ഒരുപാടുകാലത്തെ പരിചയമുള്ള റിവ്യൂ. മരിച്ചുപോയ എം പി നാരായണപിള്ള റിവ്യൂവില്‍ സഹപത്രാധിപരായിരുന്നു. പിന്നീട് ടിജെഎസ് ജോര്‍ജ്ജ് അതില്‍ റിപ്പോര്‍ട്ടറായി. തങ്ങളുടെ കുറിപ്പുകളില്‍ അവര്‍ റിവ്യുവിന്റെ പലവിധമുഖങ്ങള്‍ എന്റെ തലമുറക്കു കാണിച്ചു തന്നിരുന്നു. ജോര്‍ജ്ജിന്റെ ഈയടുത്തു പുറത്തിറങ്ങിയ ആത്മകഥ, ഘോഷയാത്ര, പ്രത്യേകിച്ചും.

നാണപ്പന്റെ ലേഖനങ്ങളും, അതിന്റെ ചുവടുപിടിച്ചുള്ള മറ്റുള്ള കുറിപ്പുകളും വായിച്ച് ഹരം കയറി എന്റെ കൗമാരത്തില്‍ ഞാന്‍ ത്രിശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും റിവ്യൂവിന്റെ പഴയ ലക്കങ്ങള്‍ തിരഞ്ഞുപിടിച്ചു, വിലപേശിവാങ്ങി വായിച്ചു തിമിര്‍ത്തു. ആഴചകളുടെ പഴക്കവും, ഏതോ വായനശാലകളില്‍ ആരുടെയൊക്കെയോ ആകാംക്ഷകൂര്‍ത്ത വിരലുകളൂം ചേര്‍ന്നു നിറംകെടുത്തി അറ്റം ചുരുട്ടിവിട്ട പേജുകള്‍, പക്ഷെ, ഏഷ്യന്‍ദുനിയാവിന്റെ സകലമിടിപ്പും തിരിച്ചറിഞ്ഞു ത്രസിച്ച നാഡീതന്തുക്കളെപ്പോലെ തലപിടഞ്ഞു കുടഞ്ഞുകിടന്നു. ലോകത്തെ ഏതു പ്രസിദ്ധീകരണവും കിട്ടുന്ന ത്രിശ്ശൂര്‍ റൗണ്ട് ഇനി മുതല്‍ തീര്‍ച്ചയായും റിവ്യൂവിനെക്കുറിച്ചോര്‍ത്തു പിടയും.

ഇന്നു നമ്മെ വാപിളരുന്നു വിഴുങ്ങുന്ന സാമ്പത്തിക സംഘര്‍ഷങ്ങളുടെ വിത്തുപാകല്‍ ആഗോളതലത്തില്‍ നടന്ന കാലമായിരുന്നു അത്. തൊണ്ണൂറ്കളുടെ തുടക്കം. ഗാട്ടു കരാര്‍ അടക്കമുള്ള കെടുതികള്‍, ഐ.എം.എഫും, ലോക-ഏഷ്യന്‍ ബാങ്കുകളും ചിറ്കു വച്ചു പറന്നു നടന്ന നാളുകള്‍. അപ്പോളേക്കും സത്യസന്ധമായ മധ്യവര്‍ത്തി റിപ്പോര്‍ട്ടിങ്ങിന്റെ തിളങ്ങുന്ന മുഖമായി മാറിക്കഴിഞ്ഞിരുന്നു റിവ്യു. ഏഷ്യയുടെ സ്വന്തം വീക്കിലി. ഏഷ്യയെകുലുക്കിമറിച്ച രാഷ്ട്രീയ-സാമ്പത്തിക സംഭവങ്ങളെയെല്ലാം ഉശിരന്‍ പത്രപ്രവര്‍ത്തനം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. ശീതസമരത്തിന്റെ ബാക്കിപത്രമായ ജിയോപൊളിറ്റിക്കല്‍ വടംവലികള്‍, തായ് കറന്‍സി ബാറ്റിന്റെ (Thai Baht) തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ 1997ലെ ഏഷ്യന്‍ സാമ്പത്തിക മാന്ദ്യം, സിങ്കപ്പൂരിന്റെയും, മലേഷ്യയുടെയും വളര്‍ച്ച, ഇന്തോനേഷ്യയിലെ പൊട്ടിത്തെറികള്‍, മ്യാന്മാറിലെ അട്ടിമറികള്‍, ഇതിനൊക്കെ വളരെ മുന്‍പ് വിയറ്റ്നാം, കമ്പോഡിയായിലെ പൂജ്യവര്‍ഷം (Year Zero); അതുകൊണ്ടുവന്ന കൂട്ടക്കൊലകള്‍, കുറെക്കൂടി പുറകില്‍ ചൈനയിലെ സാംസ്കാരിക വിപ്ലവം. റിവ്യൂ ഒരു ഇടതുപക്ഷ പ്രസിദ്ധീകരണമായിരുന്നില്ല. എന്നിട്ടും അതിന്റെ സത്യസന്ധതയും, പ്രൊഫഷണലിസവും എന്റെ കൂട്ടത്തെ ഒരുപാട് ആകര്‍ഷിച്ചു. ആ സത്യസന്ധത റിവ്യൂവിനു ഒരുപാട് ശത്രുക്കളെ കൊണ്ടുതന്നിരുന്നു. പല രാജ്യങ്ങളും ഈ വീക്കിലി നിരോധിച്ചു, പലവട്ടം. സിങ്കപ്പൂര്‍ പ്രത്യേകിച്ചും.

അന്ന് മര്‍ഡോക് ആയിരുന്നില്ല റിവ്യുവിന്റെ ഉടമ. ഡോവ് ജോണ്‍സ് കമ്പനിയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് മര്‍ഡോകിന്റെ ന്യൂസ് കോര്‍പറേഷന്‍ ഡോവ്ജോണ്‍സ് വാങ്ങുന്നത്. രണ്ടാം ലോകയുദ്ധകാലത്തെ ചൈനയിലാണ്
റിവ്യൂവിന്റെ ഉത്ഭവം. സ്ഥാപകന്‍ എറിക് ഹാള്‍പെര്‍ എന്ന ഒരു വിയന്നക്കാരന്‍ ജൂതപ്രവാസി. ദശാബ്ദങ്ങള്‍ക്കിപ്പുറം, അതേ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി മാറുന്ന കാലത്താണ് റിവ്യൂ അടച്ചുപൂട്ടുന്നത്. ഏഷ്യയുടെ സാമ്പത്തികകുതിപ്പിന്റെ ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലാണ് ഇതു സംഭവിക്കുന്നതെന്നത് മറ്റൊരു ഐറണി. റിവ്യുവിന്റെ അഭാവത്തില്‍ ഏഷ്യയുടെ കുതിപ്പിന്റെ പ്രവേഗവും, കരുത്തും അളക്കാന്‍ മറ്റേതൊരു പ്രസിദ്ധീകരണമുണ്ട്?

മറ്റൊരു വശം കൂടിയുണ്ട്. ദി ഇക്കണോമിസ്റ്റ് ചൂണ്ടിക്കാണിച്ചപോലെ, ഏഷ്യഎന്ന ഒരു അസ്തിത്വം ഇല്ലാതാകുന്നതിന്റെ ഒരു സൂചനകൂടിയാകാം റിവ്യുവിന്റെ ഈ ദയാവധം. യൂറോപ്പ് പോലെ ഒരു സംഘടിതശക്തിയല്ല ഏഷ്യ. മാത്രമല്ല, അതിന്റെ ദേശീയതകള്‍ ഒറ്റക്കൊറ്റക്ക് -- ചൈന, ഇന്ത്യ, ജപ്പാന്‍ അടക്കം -- ഒരുപാട് കനം വച്ചുകഴിഞ്ഞു. ഇനിയൊരിക്കല്പോലും സംഘടിതമായ ഒരു അസ്തിത്വം സ്വാശീകരിച്ചെടുക്കാന്‍ പറ്റാത്തവിധത്തില്‍. അത്തരമൊരു സാഹചര്യത്തില്‍ ഏഷ്യ എന്ന വികേന്ദ്രീക്രുതവിപണിയില്‍ റിവ്യൂവിനെപ്പോലെ ഒരു ഏഷ്യകേന്ദ്രീക്രിത പ്രസിദ്ധീകരണത്തിനു പ്രസക്തി മങ്ങുന്നു. അതു കൊണ്ടുതന്നെ, കഴിഞ്ഞ കുറെക്കാലമായി ഈ വീക്കിലി ഒരു മാസികയായി സൗകര്യമുള്ള മറ്റൊരു രൂപം സ്വീകരിച്ചിരുന്നു. എന്നിട്ടും രക്ഷപ്പെട്ടില്ല.

എന്തായാലും, ഒന്നിലധികം കാലഘട്ടങ്ങളുടെ ചുറുചുറുക്കുള്ള ഒരു അടയാളപ്പെടുത്തലായിരുന്നു ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ. നിര്‍ഭയമായ, നിഷ്പക്ഷമായ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യം; ഒരു പക്ഷെ,
മര്‍ഡോക്കിനു മനസിലാകാത്ത ജേര്‍ണലിസം. ഒടുവില്‍, അതു വേരറ്റുവീഴുമ്പോള്‍ വേദനിക്കാന്‍ നമ്മള്‍ ചിലര്‍ ബാക്കി. ഡിസംബറില്‍ റിവ്യു അച്ചടിച്ചിറക്കുന്നതു അതിന്റെ അവസാന ലക്കമായിരിക്കുമെന്ന വാര്‍ത്തവായിച്ച്, സങ്കടക്കൂടുതലില്‍, ഞാന്‍ ഹ്യൂഗൊ റെസ്റ്റാളിനെ ഓര്‍ത്തു. രണ്ടുപേര്‍ മാത്രമെ ഇവിടെ ഏഡിറ്റര്‍മാരയുള്ളൂ എന്ന തന്റെ നാലുവരിക്കത്തില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ആ മനുഷ്യന്‍ തങ്ങള്‍ക്കു വന്നുപെടുന്ന ആ ദുരിതത്തിന്റെ ആശങ്കകള്‍ എന്നോടുകൂടി പറയുകയായിരുന്നോ?

ഞാന്‍ തിരിച്ചെഴുതി:
പ്രിയ ഹ്യൂഗൊ,
ഒരുപാടു വേദനയൊടെയാണ് ഞാന്‍ റിവ്യൂ അടച്ചുപൂട്ടുന്ന വാര്‍ത്തകേട്ടത്.
നിങ്ങളെല്ലാം ഇപ്പോള്‍ എന്തു ചെയ്യുന്നു? എന്തെങ്കിലും പ്രതീക്ഷ ഉണ്ടൊ?
ഞങ്ങളെപ്പോലെ ചിലര്‍ വരിക്കാരായലെങ്കിലും തീരുമോ നിങ്ങളുടെ പ്രശ്നങ്ങള്‍?
ഇനി നിങ്ങള്‍ തന്നെ അവിടെ ഇല്ലെന്നുണ്ടോ?
ഒരുപാടു സങ്കടത്തോടെ,
ജെ.ജെ.
ദില്ലി, ഒക്ടോബര്‍ 03,2009

.........എനിക്കു ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.

Oct 2, 2009

ആസിയാനൊരുക്കുന്ന ചതിക്കുഴികള്‍

ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ കേരള കര്‍ഷകരുടെ നടുവൊടിക്കുമെന്ന് സുബിന്‍ ഡെന്നിസ്
അന്താരാഷ്ട്രവ്യാപാരത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ വികസിതരാജ്യങ്ങളുടെ വക്താക്കളും മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞരും സ്വതന്ത്രവ്യാപാരത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുന്നത്‌ പതിവാണ്‌. ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ്‌ വ്യാപാരം സ്വതന്ത്രമാക്കുമ്പോള്‍ ആഭ്യന്തര ഉത്പാദകരുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിക്കും; ഓരോ രാജ്യവും താന്താങ്ങള്‍ക്ക്‌ ഏറ്റവും കാര്യക്ഷമമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളിള്‍ സ്പെഷ്യലൈസ്‌ ചെയ്യുക വഴി എല്ലാ രാജ്യങ്ങളുടെയും ഉത്പാദനം വര്‍ധിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്യും - ഇതാണ്‌ അവരുടെ വാദഗതികളുടെ രത്നചുരുക്കം.

എന്നാല്‍ ബ്രിട്ടനും അമേരിക്കയും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളൊന്നും തന്നെ സ്വതന്ത്രവ്യാപാരത്തിലൂടെയല്ല വളര്‍ന്നത്‌ എന്നതാണ്‌ വസ്തുത. ഇറ്റലി, ബല്‍ജിയം, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ ഉത്പന്നങ്ങളുമായി മല്‍സരിക്കാന്‍ കഴിയാത്തതിനാല്‍ അവയ്ക്കെതിരെ ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ്‌ ബ്രിട്ടന്‍ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്‌. അതിനുശേഷം ബ്രിട്ടന്‍ അമേരിക്കയ്ക്കുപദേശിച്ചു കൊടുത്തതും, എന്നാല്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച് തദ്ദേശവ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും സംരക്ഷിച്ചുനിര്‍ത്തിയും വളര്‍ന്ന അമേരിക്ക തങ്ങളുടെ ലോകമേധാവിത്വം ഉറച്ചുകഴിഞ്ഞപ്പോള്‍ മറ്റുരാജ്യങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാന്‍ തുടങ്ങിയതുമായ മന്ത്രമാണ്‌ സ്വതന്ത്രവ്യാപാരം.

ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തദ്ദേശീയ ഉത്പാദകര്‍ക്കു വളരാനുള്ള സാഹചര്യമൊരുക്കിയും സാമ്പത്തിക വളര്‍ച്ച കൈവരിച്ച്‌ വികസിതരാജ്യ പദവി നേടിയതിനു ശേഷമാണ്‌ ഈ രാജ്യങ്ങള്‍ മറ്റുരാജ്യങ്ങളെ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കുന്നത്‌ എന്ന്‌ ആദ്യം ചൂണ്ടിക്കാണിച്ചവരില്‍ പ്രമുഖനായിരുന്നു ജര്മന്‍ സാമ്പത്തികശാസ്ത്രജ്ഞനായ ഫ്രഡറിക്‌ ലിസ്റ്റ്‌. വികസിതരാജ്യങ്ങളുടെ ഈ തന്ത്രത്തെ ലിസ്റ്റ്‌ ഉപമിച്ചത്, ഗോവണി ഉപയോഗിച്ച്‌ മുകളിലെത്തിയതിനുശേഷം, തങ്ങളുടെ സ്ഥാനത്തിനു വെല്ലുവിളി നേരിടാതിരിക്കാന്‍ വേണ്ടി ആ ഗോവണി തട്ടി മാറ്റുന്നതിനോടാണ് (Kicking away the ladder)‌.

സ്വതന്ത്രവ്യാപാരത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന വികസിതരാജ്യങ്ങള്‍ തന്നെ ഭീമമായ തുകകള്‍ ഓരോ വര്‍ഷവും സബ്സിഡി നല്‍കിയും മറ്റനേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തങ്ങളുടെ കാര്‍ഷികരംഗം സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്‌. ലോകവ്യാപാരസംഘടനയുടെ വരവോടെ ഇറക്കുമതിത്തീരുവയില്‍ ലോകമെമ്പാടും കുറവു വന്നിട്ടുണ്ടെങ്കിലും മറ്റുനിയന്ത്രണങ്ങളും സബ്സിഡികളും നിലനില്‍ക്കുന്നതില്‍ നിന്നു ഒരു കാര്യം വ്യക്തമാണ്‌ - വികസിതരാജ്യങ്ങള്‍ക്കു തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനറിയാം. ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടാണെങ്കില്‍ അങ്ങനെ, സ്വതന്ത്രവ്യാപാരത്തിന്റെ പേരില്‍ മൂന്നാം ലോകരാജ്യങ്ങളുടെ വിപണി തുറന്നെടുത്തിട്ടാണെങ്കില്‍ അങ്ങനെ. അതേസമയം കൊളോണിയല്‍ ഭരണത്തിനുകീഴില്‍ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായ ഇന്ത്യയുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം മൂന്നാം ലോകരാജ്യങ്ങള്‍ക്കു വന്ന ദുര്‍ഗതി ഇതിന്റെ മറുവശമാണ്‌.

ഏതുവ്യാപാരക്കരാറിലും ഉള്‍പ്പെട്ടിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കരാറിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ബലാബലത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ലോകവ്യാപാരസംഘടനയുടെ കരാര്‍ വ്യവസ്ഥകള്‍ വികസിതരാജ്യങ്ങള്‍ക്കു കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തിലായത്‌ വെറുതെയല്ല. പക്ഷേ തെക്കുകിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാനുമായി ഇന്ത്യ വ്യാപാരക്കരാറിലേര്‍പ്പെടുമ്പോള്‍ സംഗതി കുറച്ച്‌ വ്യത്യസ്തമാണ്‌. ആസിയാന്‍ രാജ്യങ്ങള്‍ പൊതുവെ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണെങ്കില്‍ തന്നെയും വികസ്വരരാജ്യങ്ങള്‍ തന്നെയാണ്‌. ലോകവ്യാപാരസംഘടനയുടെ ചര്‍ച്ചകളില്‍ സംഭവിക്കാറുള്ളതു പോലെ അടച്ചിട്ട മുറികളില്‍ നടത്തുന്ന വിലപേശലുകളും വികസിതരാജ്യപ്രതിനിധികളുടെ സമ്മര്‍ദവുമൊന്നും ഇവിടെ പ്രശ്നമല്ല. അങ്ങനെവരുമ്പോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നതരത്തിലായിരിക്കും കരാര്‍ വ്യവസ്ഥകള്‍ക്കു രൂപം നല്‍കിയിരിക്കുക എന്നു കരുതുന്നത്‌ ന്യായമാണല്ലോ. ഈ പശ്ചാത്തലത്തില്‍ ആസിയാന്‍ കരാര്‍ പരിശോധിക്കുമ്പോഴാണ്‌ പ്രതീക്ഷകള്‍ക്കു പാളം തെറ്റുന്നതും ഈ കരാര്‍ എത്രത്തോളം അപകടകരമാണെന്നു വ്യക്തമാവുന്നതും.

ചരക്കുകളുടെ വ്യാപാരം ഉദാരമാക്കുന്നതിനുള്ള കരാറാണ്‌ ഓഗസ്റ്റ്‌ 13-ന്‌ ഇന്ത്യയും ആസിയാനും ഒപ്പുവച്ചത്‌. ഇതിന്റെ ഫലമായി ചുരുക്കം ചില വ്യവസായങ്ങള്‍ക്കു മാത്രമേ നേട്ടമുണ്ടാവുകയുള്ളൂ എന്ന് വ്യവസായ പ്രതിനിധികള്‍ തന്നെ പറയുന്നു. കൂടുതല്‍ നേട്ടമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നത്‌ സേവന മേഖലയിലാണ്‌. സേവനങ്ങളുടെ വ്യാപാരത്തെ സംബന്ധിക്കുന്ന കരാര്‍ ഒപ്പുവയ്ക്കാനിരിക്കുന്നതേയുള്ളൂ താനും. ആ കരാര്‍ ഒപ്പിടാന്‍ വേണ്ടി എന്തൊക്കെ വിട്ടുവീഴ്ചകള്‍ക്കാണ്‌ സര്‍ക്കാര്‍ തയ്യാറാവുക എന്ന് കാത്തിരുന്നു കാണാം. പക്ഷേ കേരളത്തിലെ കര്‍ഷകരെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക്‌ തള്ളിവിടാന്‍ നിലവിലുള്ള കരാറിലെ വ്യവസ്ഥകള്‍ തന്നെ ധാരാളം.

കരാര്‍
വ്യവസ്ഥകള്‍ ചുരുക്കത്തില്‍

ഇന്ത്യയും ആസിയാനും തമ്മില്‍ വ്യാപാരം നടക്കുന്ന അയ്യായിരത്തോളം ഉത്പന്നങ്ങളെ സംബന്ധിക്കുന്നതാണ്‌ കരാര്‍. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുമേലുള്ള നിയന്ത്രണങ്ങള്‍ - പ്രധാനമായും ഇറക്കുമതിത്തീരുവ (ചുങ്കനിരക്കുകള്‍) - നിശ്ചിത കാലയളവിനുള്ളില്‍ വെട്ടിക്കുറച്ച്‌ വ്യാപാരം ഉദാരമാക്കണം എന്നതാണ്‌ കരാറിന്റെ കാതല്‍. ഇതിനായി ഉത്പന്നങ്ങളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌:

1) നോര്‍മല്‍ ട്രാക്ക്‌ (ഇതില്‍ത്തന്നെ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌ - നോര്‍മല്‍ ട്രാക്ക്‌ 1, നോര്‍മല്‍ ട്രാക്ക്‌ 2 എന്നിവ)
2) സെന്‍സിറ്റിവ്‌ ട്രാക്ക്‌
3) ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റുകള്‍
4) എക്സ്ക്ലൂഷന്‍ ലിസ്റ്റ്‌ (സംരക്ഷിതപ്പട്ടിക അല്ലെങ്കില്‍ ഋണപ്പട്ടിക)
5) സ്പെഷ്യല്‍ പ്രോഡക്സ്‌ (പ്രത്യേക ഉത്പന്നങ്ങള്‍)

ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ കുറച്ചുകൊണ്ടുവരുന്നതിനെ സംബന്ധിച്ച്‌ ഓരോ രാജ്യവും വെവ്വേറെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ പട്ടികയില്‍ 80 ശതമാനത്തോളം ഉത്പന്നങ്ങള്‍ നോര്‍മല്‍ ട്രാക്കിലാണ്‌. നോര്‍മല്‍ ട്രാക്ക്‌ 1-ലാണ്‌ ഭൂരിപക്ഷം ഉത്പന്നങ്ങളും. ഇവയുടെ ചുങ്കനിരക്ക്‌ 2013 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം. നോര്‍മല്‍ ട്രാക്ക്‌ 2-ല്‍പ്പെട്ട ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ 2016 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം.

ഏകദേശം 10 ശതമാനം ഉത്പന്നങ്ങളാണ്‌ സെന്‍സിറ്റിവ്‌ ട്രാക്കിലുള്ളത്‌. ഇവയുടെ ചുങ്കനിരക്ക്‌ 2016-നകം 5 ശതമാനമായി കുറയ്ക്കണമെന്നാണ്‌ വ്യവസ്ഥ. ചുരുക്കം ചില ഉത്പന്നങ്ങളെ ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റില്‍ പെടുത്താം. ഇവയുടെ ചുങ്കനിരക്കുകള്‍ നിശ്ചിതകാലയളവിനുള്ളില്‍ 50 ശതമാനമായോ 50 അല്ലെങ്കില്‍ 25 ശതമാനം കണ്ടോ കുറയ്ക്കണം. ഇന്ത്യ ഈ ലിസ്റ്റില്‍ ഒരുത്പന്നം പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്‌ കൗതുകകരമായ മറ്റൊരുകാര്യം. ഓരോ രാജ്യവും ഇറക്കുമതിമൂലം ഏറ്റവുമധികം പ്രതിസന്ധിയിലാകാന്‍ സാധ്യതയുള്ളതും തങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനാഗ്രഹിക്കുന്നതുമായ ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ സംരക്ഷിതപ്പട്ടികയിലാണ്‌. 2007-ല്‍ നിലനില്‍ക്കുന്ന ചുങ്കനിരക്കുകള്‍ അതേപടി നിലനിര്‍ത്താം എന്നതാണ്‌ ഈ പട്ടികയില്‍പ്പെട്ട ഉത്പന്നങ്ങളുടെ പ്രത്യേകത. 489 ഉത്പന്നങ്ങളെയാണ്‌ ഇന്ത്യ ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്‌.

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഒന്നാണ്‌ കരാറിലെ പ്രത്യേക ഉത്പന്നങ്ങളുടെ പട്ടിക. കേരളത്തിനു സമാനമായ കാലാവസ്ഥ നിലനില്‍ക്കുന്ന ആസിയാന്‍ രാജ്യങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതും ഇന്ത്യന്‍ വിപണിയിലേയ്ക്കു കടന്നുകയറാന്‍ ഏറ്റവും സുപ്രധാനമായ മാര്‍ഗമായി അവര്‍ കാണുന്നതുമായ അഞ്ച്‌ ഉത്പന്നങ്ങള്‍ മാത്രമാണ്‌ ഈ വിഭാഗത്തിലുള്ളത്‌. അസംസ്കൃത പാമോയില്‍, സംസ്കരിച്ച പാമോയില്‍, തേയില, കാപ്പി, കുരുമുളക്‌ എന്നിവയാണ്‌ ഈ ഉത്പന്നങ്ങള്‍. താഴെക്കാണുന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്നതു പ്രകാരമാണ്‌ ഇവയുടെ ചുങ്കനിരക്കുകള്‍ കുറയ്ക്കേണ്ടത്‌.
പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യഥാര്‍ത്ഥ ചുങ്കനിരക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌. പാമോയിലിന്‌ 90 ശതമാനം ചുങ്കം ചുമത്താനുള്ള അനുവാദമുണ്ടായിട്ടു കൂടി ഇന്ത്യ ഇപ്പോള്‍ ചുങ്കം ചുമത്തുന്നതേയില്ല. പോരെങ്കില്‍ ഇറക്കുമതി ചെയ്യുന്ന പാമോയിലിന്‌ കിലോയ്ക്ക്‌ 15 രൂപ റേഷന്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടുതാനും. കേരളത്തിലെ കേരകൃഷി ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണെന്നും വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ മുഖ്യപ്രതി പാമോയില്‍ ഇറക്കുമതിയാണെന്നും എല്ലാവര്‍ക്കും അറിവുള്ളതാണ്‌. പാമോയില്‍ ഇറക്കുമതിയില്‍ ഉണ്ടാവുന്ന വര്‍ധനവ്‌ കേരകര്‍ഷകര്‍ക്ക്‌ താങ്ങാവുന്നതിലും വലിയ ആഘാതമാവും ഉണ്ടാക്കുക. സമാനമായ സ്ഥിതിവിശേഷമാണ്‌ തേയില, കാപ്പി, കുരുമുളക്‌ എന്നിവയുടെ കാര്യത്തിലുമുള്ളത്‌. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള തേയിലയും കാപ്പിയും കുരുമുളകും വിലകുറച്ച്‌ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടാന്‍ കളമൊരുങ്ങുകയാണ്‌.

കരാറിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു വാദം, 50 ശതമാനത്തിനടുത്തു ചുങ്കനിരക്ക്‌ ചുമത്താന്‍ അനുവാദമുള്ള സ്ഥിതിക്ക്‌ കാര്‍ഷികവിളകളെ സംരക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കരാറിലുണ്ടെന്നാണ്‌. പക്ഷേ അന്താരാഷ്ട്രവിപണിയിലെ വിലകള്‍ രാജ്യങ്ങളുടെ കറന്‍സി വിനിമയ നിരക്കുകളെക്കൂടി ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. വിനിമയനിരക്കില്‍ കാലാകാലങ്ങളായി ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക്‌ കര്‍ഷകര്‍ ഉത്തരവാദികളല്ല. ഉദാഹരണത്തിന്‌, മലേഷ്യന്‍ കറന്‍സിയായ റിന്‍ഗ്ഗിറ്റിന്റെ മൂല്യം കുറഞ്ഞാല്‍ മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക്‌ വില കുറയുകയും ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം സംഭവവികാസങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്നും സംരക്ഷണം നല്‍കാനാണ്‌ ഉയര്‍ന്ന നിരക്കില്‍ ചുങ്കം ചുമത്താനുള്ള അവകാശം രാജ്യങ്ങള്‍ നിലനിര്‍ത്തുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ആസിയാന്‍ കരാര്‍ ഫലത്തില്‍ ചെയ്യുന്നത്‌, കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായിരുന്ന ഈ സംരക്ഷണകവചം എടുത്തുകളയുകയാണ്‌. മറ്റുസംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിളകള്‍ ഒട്ടുമുക്കാലും സംരക്ഷിതപ്പട്ടികയിലാണെന്നോര്‍ക്കണം. 'പ്രത്യേക ഉത്പന്നങ്ങളു'ടെ കാര്യത്തില്‍, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പന്നങ്ങള്‍ക്കു 50 ശതമാനം ചുങ്കനിരക്കുകള്‍ കൂട്ടിയാലും ഇവിടെത്തെക്കാള്‍ കുറഞ്ഞ വിലയാണുണ്ടാവുക.

സ്വാഭാവിക റബ്ബര്‍ സംരക്ഷിതപ്പട്ടികയിലാണെങ്കിലും അതിനു നിലവില്‍ ചുമത്താവുന്ന ചുങ്കനിരക്ക്‌ 20 ശതമാനം മാത്രമാണ്‌. ലോകവ്യാപാരസംഘടന റബ്ബറിനെ വ്യാവസായികോത്പന്നങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നതിനാലാണ്‌ ഇത്‌. കാര്‍ഷികോത്പന്നങ്ങള്‍ക്ക്‌ 300 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താവുന്നതാണ്‌. റബ്ബറിനെ കാര്‍ഷികോത്പന്നങ്ങളുടെ ഗണത്തില്‍പ്പെടുത്തണമെന്നത്‌ കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന കാര്യം ഓര്‍മിക്കുമല്ലോ. ക്രൂഡ്‌ ഓയിലിന്റെ വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ്‌ റബ്ബറിന്‌ ഇന്നുള്ള വിലയെങ്കിലും ലഭിക്കുന്നത്‌. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഇടിഞ്ഞാല്‍ റബ്ബറിനെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. പോരെങ്കില്‍ കൃത്രിമ റബ്ബറും ബഹുഭൂരിപക്ഷം റബ്ബറുത്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണു താനും. വിലകുറഞ്ഞ റബ്ബറുത്പന്നങ്ങളുടെ ഇറക്കുമതി തദ്ദേശ വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചാല്‍ റബ്ബറിന്റെ ഡിമാന്‍ഡ് കുറയുന്നതിനും വില പിന്നെയുമിടിയുന്നതിനും ഇടയാകും.

രണ്ടേകാല്‍ ലക്ഷം പേര്‍ പണിയെടുക്കുന്ന മത്സ്യബന്ധനമേഖല നേരിടാന്‍ പോകുന്ന പ്രതിസന്ധി ഇതിനെല്ലാം പുറമേയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പല മത്സ്യങ്ങളും എല്ലാത്തരത്തിലുള്ള സംസ്കരിച്ച മത്സ്യവും നോര്‍മല്‍ ട്രാക്കിലാണ്‌. മത്സ്യബന്ധനവും മത്സ്യസംസ്കരണവും ലാഭകരമല്ലാതെയാവുന്നതോടെ പട്ടിണിയും കടയും നമ്മുടെ തീരദേശമേഖലയിലാകെ കരിനിഴല്‍ വീഴ്ത്തും.ഉത്പാദനക്ഷമതാവാദം

ഉത്പാദനക്ഷമത
കുറവായതാണ്‌ കേരളത്തിലെ കൃഷിയുടെ പ്രശ്നമെന്നും അതു വര്‍ധിപ്പിച്ചു കൊണ്ട്‌ വിലയിടിവിനെ നേരിടാമെന്നും വാദിക്കുന്നുണ്ടു ചിലര്‍. ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നത്‌, ഉത്പാദനക്ഷമതയും ചെലവും തമ്മിലുള്ള വ്യത്യാസമാണ്‌. തേയില, കുരുമുളക്‌, കാപ്പി, നാളികേരം എന്നിവയുടെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ കേരളം പിന്നിലാണെന്നതു ശരിതന്നെ. പക്ഷേ റബ്ബറിന്റെ ഉത്പാദനക്ഷമതയില്‍ കേരളം ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌ - ഒരു ഹെക്ടറില്‍ ശരാശരി 1,471 കിലോഗ്രാം റബ്ബറാണ്‌ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്‌. എന്നിട്ടും ആസിയാന്‍ കരാര്‍ കേരളത്തിലെ റബ്ബര്‍ കൃഷിക്കു ഭീഷണിയാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍ കാര്‍ഷികോത്പാദനത്തിന്റെ ചെലവ്‌ താരതമ്യേന കുറവാണ്‌ എന്നതു തന്നെ കാരണം.

ഉത്പാദനച്ചെലവില്‍ തൊഴിലാളികളുടെ വേതനവും മറ്റു ചെലവുകളും ഉള്‍പ്പെടുന്നു. തൊണ്ണൂറുകളില്‍ ഉദാരീകരണം ആരംഭിച്ചതു മുതല്‍ കാര്‍ഷികരംഗത്തെ നിക്ഷേപത്തെ സര്‍ക്കാര്‍ അവഗണിച്ചതും സബ്സിഡികള്‍ വെട്ടിക്കുറച്ചതുമൊക്കെത്തന്നെയാണ്‌ വിത്തും വളവും ജലസേചനവും ഉള്‍പ്പെടെയുള്ള അനുബന്ധച്ചെലവുകള്‍ വര്‍ധിച്ചതിനു പിന്നില്‍. തൊഴിലാളികളുടെ വേതനം കേരളത്തില്‍ കൂടുതലാണ്‌ എന്നതും ശരിതന്നെ. അതുകൊണ്ട്‌ വേതനം വെട്ടിക്കുറയ്ക്കുകയാണോ നമുക്കുമുന്നിലുള്ള പോംവഴി? ഏതുവിധേനയും ചെലവുകുറയ്ക്കുക എന്നതാണു ലക്ഷ്യമെങ്കിൽ അടിമസമ്പ്രദായം നടപ്പിലാക്കിയാല്‍ മതിയല്ലോ. വലിച്ചുനീട്ടില്ലാതെ പറഞ്ഞാല്‍, ഈ പ്രശ്നത്തോടുള്ള നമ്മുടെ സമീപനം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടനുസരിച്ചിരിക്കും. കര്‍ഷകരും തൊഴിലാളികളുമടക്കം എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുകയാണു ലക്ഷ്യമെങ്കില്‍, ഏതുവിധേനയും ചെലവു ചുരുക്കി സ്വതന്ത്രവ്യാപാരമേഖകളില്‍ ചേര്‍ന്നു മത്സരിക്കാന്‍ ശ്രമിക്കുന്നത്‌ ആ ലക്ഷ്യത്തിനു കടകവിരുദ്ധമാകും എന്നു സാരം.

സ്വാഭാവികമായും ഒരു സംശയം തോന്നാം. കേരളം റബ്ബര്‍ കൃഷിയില്‍ ലോകത്താരോടും കിടപിടിക്കാവുന്ന നിലയിലെത്തിയപ്പോള്‍ മറ്റു വിളകളുടെ കാര്യത്തില്‍ പിന്നാക്കം പോയതെങ്ങനെ? റബ്ബര്‍ കൃഷിയുടെ വളര്‍ച്ചയെ സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്‌. കര്‍ഷകര്‍ക്ക്‌ മുന്തിയ വിത്തിനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനും മികച്ച കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡികളും വായ്പകളും നല്‍കി സാമ്പത്തികസഹായം നല്‍കുന്നതിനും ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവിലുള്ള വിളയാണ്‌ റബ്ബര്‍. എന്നാല്‍ പുത്തന്‍ കൃഷിരീതികളും വിത്തിനങ്ങളൂമൊക്കെ സ്വീകരിക്കാനും കൃഷിയില്‍ താത്പര്യമെടുത്ത്‌ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും കേരളത്തിലെ കര്‍ഷകരെ പ്രാപ്തരാക്കിയത്‌ റബ്ബറിനുലഭിച്ച ഉയര്‍ന്ന വിലയാണെന്നും പഠനങ്ങള്‍ സംശയലേശമെന്യേ വ്യക്തമാക്കുന്നു. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടത്‌ കര്‍ഷകര്‍ക്കു വേണ്ട പിന്തുണ നല്‍കുന്നതിനുള്ള പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ന്യായമായ വിലയും അതുവഴി ഉയര്‍ന്ന വരുമാനവും ഉറപ്പുവരുത്തുകയുമാണെന്നര്‍ത്ഥം.

ആഗോളീകരണത്തിന്റെ അടിസ്ഥാനയുക്തികളിലൊന്നാണ്‌ "Race to the bottom". കാര്‍ഷികവിളകളുടെ വിലയിടിച്ചു കൊണ്ടും തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചുകൊണ്ടും ആഗോള വ്യാപാരമേഖലയില്‍ പിടിച്ചുനില്‍ക്കാനും മൂലധനം ആകര്‍ഷിക്കാനും രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്ന പ്രതിഭാസത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ഇന്ത്യ-ആസിയാന്‍ കരാര്‍ പോലെയുള്ള സ്വതന്ത്രവ്യാപാരക്കരാറുകള്‍ പിന്തുടരുന്നതും ഇതേ യുക്തി തന്നെ. മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ജീവിതനിലവാരം വര്‍ധിക്കുന്നതിനെ പുരോഗതി എന്നു വിളിക്കാമെങ്കില്‍ അത്തരത്തില്‍ പുരോഗാത്മകമായ ദിശയിലുള്ള സാമൂഹ്യ വികാസത്തെ പിറകോട്ടടിക്കുന്നതിനേ ഈ യുക്തിയെ പിന്‍പറ്റിയുള്ള ചിന്തകള്‍ ഉതകൂ എന്നതാണ്‌ ചരിത്രം നല്‍കുന്ന പാഠം.

സുബിന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.