2004-ല്‍ ആദ്യ ദില്ലിവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഒരു ക്ഷണക്കത്താണ് എന്നെ കാത്തിരുന്നത്. കമല സുരയ്യയുമൊത്ത് യുവ എഴുത്തുകാരുടെ ഒരു ഒത്തുചേരല്‍. പൂര്‍ണസമ്മതം. രണ്ടാഴ്ച കഴിഞ്ഞ്, കൊച്ചി കടവന്ത്രയിലുള്ള കമല സുരയ്യയുടെ ഫ്ലാറ്റിലെത്താന്‍ ആവശ്യപ്പെട്ട് സംഘാടകരുടെ ഫോണ്‍ വന്നു. കൂടിക്കാഴ്ച്ചയുടെ തലേന്നു തന്നെ കൊച്ചിയിലെത്തി; കഥാകൃത്തും സുഹൃത്തുമായ വി ദിലീപിനൊപ്പം ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങി. ദിലീപിനു ഒരു ആവലാതി: "എടാ, അവരുടെ മുന്നില്‍ ചെന്നു നമ്മള്‍ എഴുതിയ കഥക ളുടേയും, വാങ്ങിയ പുരസ്കാരങ്ങളുടേയും കണക്കു പറയേണ്ടി വരുമൊ?" ഞാന്‍ മൗനം നടിച്ചു. പിറ്റേന്ന് കമലാ സുരയ്യയുടെ ഫ്ലാറ്റിനടുത്തെത്തിയപ്പോള്‍ മലയാളത്തിലെ യുവ എഴുത്തുകാര്‍ മിക്ക പേരും അവിടുണ്ട്. കെ സുരേഷ് കുമാര്‍, അര്‍ഷാദ് ബത്തേരി, എംഎസ് പ്രവീണ്‍, ഇന്ദു മേനോന്‍ , റോഷ്‌നി സ്വപ്ന...ഭംഗിയുള്ള പര്‍ദയില്‍ സുരയ്യ പ്രൗഢയായ ഒരു സുല്‍ത്താനയെപ്പോലെ. കണ്ണുകളില്‍ മിന്നാമിനുങ്ങുകളുടെ തിളക്കം. ചുറ്റിലും ഞങ്ങളിരുന്നു. സംഘാടകരായി മാധ്യമത്തില്‍ നിന്ന് അഹമ്മദ്ക്ക (പികെ പാറക്കടവ്), ടിപി ചെറൂപ്പ സാര്‍ തുടങ്ങിയവരുണ്ട്. മലയാള ചെറുകഥയുടെ പുതിയ വാഗ്ദാനങ്ങളിതാ ഇരിക്കുന്നൂ എന്ന മട്ടില്‍ ഉപവിഷ്ഠരായ ഞങ്ങളെ നോക്കി കമല പറഞ്ഞു: "നിങ്ങളൊക്കെയാണ് പുതിയ എഴുത്തുകാര്‍ അല്ലേ? എനിക്ക് പുതിയ എഴുത്തുകാരെ പരിചയമില്ല, അര്‍ഷാദിനെ അല്ലാതെ. അര്‍ഷാദിന്റെ പോത്ത് എന്ന കഥ എന്താ ഒരു കഥ അല്ലേ? ഇതിന്റെടേല് 'റ്റൈംസ് ഓഫ് ഇന്ത്യ'യില്‍ നിന്ന് ഒരു കുട്ടി വന്ന് മലയാളത്തിലെ പുതിയ എഴുത്തുകാരെപ്പറ്റി ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാന്‍ പറ്റീല്ല..ഇനീപ്പം നിങ്ങടെ പേരൊക്കെ പറയാല്ലോ...അല്ലേ." നിഷ്കളങ്കത വിരിയുന്ന വാക്കുകള്‍. ഞങ്ങളുടെ ഇടയില്‍ നിന്ന് ആരോ ചോദിച്ചു: "ഞങ്ങള്‍ എന്താണ് വിളിക്കേണ്ട്. മാഡമേന്നോ..അമ്മയെന്നോ..അതോ.." "എന്നെ ഉമ്മ എന്നു വിളിക്കൂ.."പതുക്കെ, മിനുമിനുത്ത പളുങ്കു പോലുള്ള ചിരി. മുഖത്തുപടരുന്ന പൗര്‍ണമി.
ആദ്യമായാണ് കമലാ സുരയ്യയെ ഞാന്‍ കാണുന്നത്. (കുറെ മുമ്പ് അങ്കണം സംഘടിപ്പിച്ച ഒരു കഥാ ക്യാമ്പിന്റെ ഭാഗമായി അവരെ കാണാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും, നടന്നില്ല. ആമി എന്നൊരു കൂട്ടുകാരി പോലും എനിക്കുണ്ടായിരുന്നു.) ഇടയ്ക്ക് ചെറൂപ്പ സാര്‍ ഇടപെട്ടു. ചര്‍ച്ചയ്ക്ക് മുമ്പ് നിങ്ങള്‍ തയ്യാറാക്കി വന്ന കുറിപ്പുകള്‍ വായിക്കണം. ഒരോരുത്തരും സ്വയം പരിചയപ്പെടുത്തി. എഴുതിയ പുസ്തകങ്ങളുടേയും വാങ്ങിയ പുരസ്കാരങ്ങളുടേയും ഒരു ചെറു ചരിത്രം പറഞ്ഞു വേണം തുടങ്ങാന്‍ . ദിലീപിനെ നോക്കി ഞാന്‍ ചിരിച്ചു. ഒരു മിന്നല്‍ച്ചിരി തിരികെ. എഴുത്തുകാരുടെ ഇടയില്‍ കുറച്ചു പ്രായമുള്ള ഒരു സ്ത്രീയെ കണ്ട് പെട്ടെന്ന് കമല ചോദിച്ചു: "ഇതാരാണ്?" "എന്റെ അമ്മയാണ്..." ഇന്ദു മേനോന്‍ ഭവ്യതയോടെ പറഞ്ഞു. "ഹോ..ഞാന്‍ പേടിച്ചു. ഞാന്‍ കരുതി വല്ല യുവ എഴുത്തുകാരികളും ആയിരിക്കുമെന്ന്.." അവര്‍ പിന്നെയും തമാശയുടെ നിറം പടര്‍ത്തി ചിരിക്കുകയാണ്. യുവ എഴുത്തുകാര്‍ സ്വയം പരിചയപ്പെടുത്തി, തങ്ങള്‍ എഴുതിയ കുറിപ്പുകള്‍ വായിക്കാനാരംഭിച്ചു. അതെല്ലാം കേട്ട് അവര്‍ നിശബ്ദയായി ഇരുന്നു. വായിച്ചു തീരുമ്പോള്‍ കുറിക്കു കൊള്ളുന്ന ചില കമന്റുകള്‍ തൊടുത്തു. ചിലപ്പോള്‍ അത് പഴം പുരാണത്തിലേക്ക് നീളും; പിന്നെ ഒരു ചര്‍ച്ചയിലേക്ക് പടര്‍ന്നു കയറും. ഇതായിരുന്നു രീതി. ഊഴമായപ്പോള്‍ ഞാന്‍ സ്വയം പരിചയപ്പെടുത്തി. ടൈപ്പു ചെയ്തു കൊണ്ടു വന്ന കുറിപ്പെടുത്ത് വരണ്ട തൊണ്ടയില്‍ വായിച്ചു: "പേരക്കയുടെ മണം". "വീടു വിട്ട് നാട്ടിലേക്കിറങ്ങി നഗരക്കാഴ്ചകള്‍ കണ്ടു ഭ്രമിച്ച്, ഒടുവില്‍ വഴിതെറ്റി അലഞ്ഞു നടക്കാറുള്ള ഒരു മനുഷ്യനെക്കുറിച്ച് ഇഷ്ടത്തോടെ ചിലപ്പോഴെല്ലാം ഓര്‍ക്കാറുണ്ട്. സ്‌നേഹമാണ് അയാളുടെ ഭാഷ. തീര്‍ച്ചയായും നല്ല വായനക്കാരന്‍ അല്ലെങ്കില്‍ ഒരു നല്ല ആസ്വാദകനാണ് അയാള്‍. പട്ടണത്തിലെ നിയോണ്‍ വെളിച്ച മഴയ്ക്കിടയിലും തിരക്കിന്റെ ശീതോഷ്ണ പ്രവാഹത്തിലും വേവലാതിയോടെ അയാള്‍ ഓര്‍ക്കുന്നത് തന്റെ നാടിനെപ്പറ്റിയാണ്. തെളിനീരിന്റെ അലുത്ത് മിനുങ്ങുന്ന ചിരിയുമായി അവിടെ അയാളുടെ പുഴ കാത്തിരിക്കുന്നു.... എന്റേയും ചോദ്യമതാണ്. വായനക്കാര്‍ സ്വപ്‌നം കാണുന്ന ആ സ്പര്‍ശം , ആ പഴുത്ത നാട്ടു പേരയ്ക്കയുടെ മണം. തീര്‍ച്ചയായും അങ്ങനെയൊന്ന് ഉണ്ട് എന്നു തന്നെയാണ് വിശ്വാസം. ഇപ്പോഴും പുതിയ എഴുത്തിനായി, കഥയ്ക്കായി ഞാന്‍ കാത്തിരിക്കുന്നതും ആ ഉറപ്പിന്‍ മേലാണ്." വായിച്ചു തീര്‍ന്നപ്പോള്‍ സുരയ്യയുടെ കമന്റ്: "എഴുതിയത് കുളൂസാണെങ്കിലും കേള്‍ക്കാന്‍ നല്ല രസംണ്ട് ല്ലേ..ഒരു വട്ടം കൂടി അത് വായിക്കൂ.." മൈലാഞ്ചിക്കൈകള്‍ കൊണ്ട് അവര്‍ എന്നെ വാത്സല്യത്തോടെ തൊടുകയാണെന്നെനിക്കു തോന്നി. വികാരധീനനായി, കണ്ഠം ശരിയാക്കി ഞാന്‍ വീണ്ടും വായിച്ചു തുടങ്ങി.
"കുട്ടി ദല്‍ഹീലാണെന്നല്ലേ പറഞ്ഞത്..ഇങ്ങോട്ടൊന്നും തിരിച്ചു വരണ്ടാട്ടോ..ദല്‍ഹി നല്ല സ്ഥലാണ്...അവിടെ തന്നെ നിന്നോളൂ. കേരളത്തെക്കാലും ദല്‍ഹി തന്ന്യാ നല്ലത്.." അമ്മ സ്‌നേഹത്തോടെ നിര്‍ദേശിക്കുന്നു. എഴുത്തിനെപ്പറ്റി പറഞ്ഞു വന്നപ്പോള്‍ അവര്‍ പറയുകയായിരുന്നു, "എഴുത്തുകാരന്/എഴുത്തുകാരിക്ക് ഗ്രാമത്തിന്റെയും പട്ടണത്തിന്റെയും ദേശത്തിന്റേയും ലോകത്തിന്റെ തന്നെയും അതിരുകള്‍ തകര്‍ക്കാനാവണം. കേരളീയനെന്നോ ഇന്ത്യക്കാരനെന്നോ ഏഷ്യക്കാരനെന്നോ ഒക്കെയുള്ള പരിമിതികള്‍ എഴുത്തുകാരന് ഉണ്ടാവരുത്. എവിടെ ചെന്നാലും റൈറ്റര്‍ തിളങ്ങണം. കേരളീയര്‍, കേരളീയത എന്നതൊക്കെ എഴുത്തിനു മേല്‍ മുദ്ര പതിപ്പിക്കലാണ്. ഈ മുദ്ര നമ്മളെ ചെറുതാക്കും. രാജ്യാന്തരമായ ഷെല്ലുകള്‍ തകര്‍ത്ത് പോര്‍ക്കളത്തിലെ കുതിരയെപ്പോലെ കുതിക്കുകയാണ് റൈറ്റര്‍ ചെയ്യുന്നത്. ഇങ്ങനെ കുതിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എഴുത്തുകാരന് നിലനില്‍പില്ല."
ഒരു കഥയും കഥയിലെ പശുവുമായി പിന്നീടവരുടെ ആശങ്കകളില്‍. "എന്റെ വീട്ടില്‍ അടിച്ചു വാരുന്ന ഒരു പെണ്ണുണ്ട് - സുധ. ഒരു ദിവസം സുധേടെ പശുവിനെ കാണാതായി. പലേടത്തും അന്വേഷിച്ചു. കിട്ടിയില്ല. ഞാന്‍ പറഞ്ഞു, 'നമുക്ക് പ്രാര്‍ത്ഥിക്കാം'. ഒരു ദിവസം അതാ പശു തിരിച്ചെത്തി. ഞാന്‍ പറഞ്ഞു, 'പശൂനെ കൊണ്ടു പോയി ചവിട്ടിക്ക്. കുഞ്ഞുണ്ടായാല്‍ പാലായി. കുട്ടി കുടിച്ചിട്ടുള്ള ബാക്കി പാല്‍ ഞാന്‍ വാങ്ങും'. അതൊന്നും വേണ്ടത്രേ..സുധ പറഞ്ഞു. 'കലൂര് ഒരു ഡോക്ടറുണ്ടേത്രേ..അവിടെ കൊണ്ടു ചെന്നാല്‍ അയാള്‍ ഗര്‍ഭമാവാനുള്ള ഒരു ഇഞ്ചക്ഷന്‍ കൊടുക്കും. 120 രൂപ മതീത്രേ'... പാവം, പശു..പശൂനും ഇണ്ടാവില്ലേ ആഗ്രഹങ്ങള്..."
ഒരു നിമിഷം കമലാ സുരയ്യയുടെ മൂഖപടത്തിനു പിറകില്‍ നിന്ന് മാധവിക്കുട്ടി സങ്കടപ്പെട്ടോ? ഇങ്ങനെ പലതും ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു അവര്‍. കൂട്ടത്തിലെ റോഷ്‌നി സ്വപ്‌ന പാട്ടുകാരിയാണെന്നറിഞ്ഞപ്പോള്‍ പാടണമെന്നായി അവര്‍. റോഷ്‌നി പാടുക തന്നെ ചെയ്തു. അവര്‍ക്ക് തന്റെ നഷ്ടപ്പെട്ട നീലാംബരി തിരിച്ചു കിട്ടിയ സന്തോഷം. എന്തോ, പണ്ട് മുതിര്‍ന്ന എഴുത്തുകാരെ കാണുമ്പോള്‍ ചെയ്തിരുന്ന ഒരു ശീലം - ഓട്ടോഗ്രാഫ് വാങ്ങല്‍ - ഞാന്‍ ഇക്കുറി ചെയ്തില്ല. പിന്നീട് ഫ്ലാറ്റിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ മനസ് പറഞ്ഞു: ആ ജീവിതം തന്നെ പ്രണയത്തിന്റെ ഒരു ഓട്ടോഗ്രാഫ് അല്ലേ, മറ്റെന്തിനാകും അതിന് പകരം വയ്ക്കാന്‍ ?
വിഎച്ച് നിഷാദ്
മലയാളത്തില്‍ കഥകള്‍ എഴുതുന്നു.
