Jun 27, 2009

മിഖായീലിന്റെ ചരിതം

He say one day you will see
His place in world history
He dares to be recognized

The fires deep in his eyes...
(ആല്‍ബം: ഹിസ്റ്ററി)

ബുധനാഴ്ചകളില്‍ കൊമ്പൊടി പള്ളിയില്‍ കുര്‍ബാന വൈകീട്ടാക്കുന്ന പതിവുണ്ട്. പടര്‍ന്നുവീണ മഞ്ഞവെയിലില്‍ തിളങ്ങിവിളറിയ ഒരു അന്തിയില്‍ ഞാന്‍ ഒരു ബുധനാഴ്ച കുര്‍ബാന കഴിഞ്ഞു വീട്ടിലേക്കു പാഞ്ഞു വരുമ്പോള്‍ എന്നെ വഴിയില്‍ കാത്തുനിന്നതു ഒരു ചേര്‍ച്ച യില്ലയ്മയയിരുന്നു: അലയടിക്കുന്ന വെങ്കടേശ്വര സുപ്രഭാതം, അതിനൊപ്പിചു മൈക്കല്‍ ജാക്സന്റെ ചടുല ചലനങ്ങളുമായി എന്റെ സുഹ്രുത്ത് ഹരി. അതിശയം നിഴലിച്ച കണ്ണുമായി ഞാന്‍ ഹരിയുടെ മാറാലകള്‍ തൊങ്ങലുകെട്ടിയ ആ വീട്ടിലേക്കു ചെന്നു. വീടിന്റെ വലതുമൂലയില്‍ പതുങ്ങിക്കിടന്നിരുന്ന അയാളുടെ മുറി നിറയെ ജാക്കൊയുടെ ചിത്രങ്ങളും, കസെറ്റുകളും ചിതറിക്കിടന്നിരുന്നു. അതിനിടയിലുള്ള ഇത്തിരിയിടത്ത് ആ ചെറുപ്പക്കാരന്‍ മതിമറന്നു നൃത്തം ചെയ്യുന്നു. ഉന്മാദത്തിന്റെ അതിശയിപ്പിക്കുന്ന വൈരുധ്യം. അല്പം കഴിഞ്ഞപ്പോള്‍ സുബ്ബലക്ഷ്മി പാട്ടുനിര്‍ത്തി. സുപ്രഭാതത്തിന്റെ കാസെറ്റ് പാടിത്തീര്‍ന്നതായിരിക്കും. യന്ത്രത്തിന്റെ ശബ്ദം നിലച്ചപാടെ ഹരിയുടെ ശബ്ദം ഉയര്‍ന്നു പതഞ്ഞു. I wanna, wanna be where you are...anywhere you are..."

രണ്ടു ദിവസം മുമ്പ്,ജൂണ്‍ 25, 2009, ഒരു ഹൃദയാഘാതം കൊണ്ടു അവസാനത്തെ ചുവടുവച്ച മൈക്കല്‍ ജോസഫ് ജാക്സന്‍ എന്ന പോപ്പ് ഇതിഹാസത്തെ ഞാന്‍ പരിചയപ്പെട്ടതു ഇങ്ങനെ ഒരു അസംബന്ധ സന്ധ്യയിലായിരുന്നു. ഹരിക്കന്നു പ്രായം 22, എനിക്കു 13. അന്നത്തെ ആ അന്തിവെയിലില്‍ വീണു ചിതറിയ സുപ്രഭാതത്തിന്റെ പൊരുത്തക്കേടിനു ശേഷം ഞാന്‍ പലവട്ടം ഹരിയെ കാണാന്‍ ചെന്നു. അപ്പോളെല്ലാം അയാള്‍ എന്നോട് ജാക്കൊയെപ്പറ്റി വാതോരാതെ പറഞ്ഞു തന്നു. ടിപ്പുവിന്റെ പടയോട്ടത്തിനു തൊട്ടുപിന്നാലെ കേരളത്തിലേക്കു കിടപ്പുമാറ്റിയ ഒരു കൂട്ടം തമിഴ് നായിഡു കൂട്ടരിലെ കീഴറ്റമായിരുന്നു ഹരി. ചെറുപ്പം തൊട്ടേ ഒരുപാടു അസ്വസ്ഥതകളുമായി, ഒപ്പം അസ്വാഭാവികതകളുമായി വളര്‍ന്ന പയ്യന്‍ ‍. ജാക്കോയുടെ കുട്ടിക്കാലവും ഹരിയെപ്പോലെ ഒരു വലിയ വായുള്ള വ്യാകുലതയായിരുന്നെന്ന് ഞാന്‍ അറിഞ്ഞെത്തിയപ്പോഴേക്കും, അതൊക്കെ സംസാരിക്കാനുള്ള സ്വാഭാവികത ഹരിയില്‍ നിന്നും ചോര്‍ന്നു വീണൊലിച്ചൊടുങ്ങിയിരുന്നു. തന്റെ പൂര്‍വികരിലെ ചിലരെപ്പോലെ ഒരു നനഞ്ഞ ചിരി മാത്രം മുഖത്തു പറ്റിച്ചുവച്ചു അയാള്‍ കൊമ്പൊടി ജംഗ്ഷനില്‍ നിന്നും സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു. അങ്ങോട്ടും, ഇങ്ങോട്ടും, ഒരു കാരണവുമില്ലാതെ. അപ്പോളെല്ലാം ഒരു മുജ്ജന്മ ബന്ധം പോലെ അയാള്‍ മൈക്കല്‍ ജാക്സന്റെ പാട്ടുകള്‍ പാടിപ്പുലമ്പിക്കൊണ്ടിരുന്നു. People always told me be careful of what you do... And mother always told me be careful of who you love.. And be careful of what you do cause the lie becomes the truth.... പലതിലും അയാള്‍ വാക്കുകള്‍ കടിച്ചിറക്കുകയും, തുപ്പിക്കളയുകയും ചെയ്തു. അയാള്‍ ബോണി എമ്മിന്റെയും ആരാധകനായിരുന്നു. പക്ഷെ ജാക്കൊയുടെ കറുത്ത, പുളയുന്ന മിന്നല്‍ പോലുള്ള ശരീരത്തില്‍ ഹരി തനിക്കു മാത്രം മനസിലാക്കാന്‍ പറ്റുന്ന ചില അങ്കലാപ്പുകളൂടെ ഛായാപടങ്ങള്‍ കണ്ടെത്തിയപോലെ തോന്നി. ജാക്കൊയുടെ ഒരു ഇംപ്രഷനിസ്റ്റ് ബിംബം പോലെ അയാള്‍ കുറെക്കാലം ഞങ്ങളുടെ ഗ്രാമത്തില്‍ അലിഞ്ഞു കിടന്നു.

ഹരിയുടെ നൊസ്സിനു കൊലുസിട്ട പാട്ടുകളെല്ലാം ജാക്സന്‍ 1972നും 1991നും ഇടക്കു ചെയ്തതായിരുന്നു. കറുത്തവന്റെ ദുരിതബാല്യത്തിന്റെ കടുന്തുടിത്താളങ്ങളില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍. തന്റെ അധകൃത ജീവിതത്തോടുള്ള മറുപടി പോലുള്ള പാട്ടുകള്‍; പലതും പിഞ്ഞിയ പിച്ചകപ്പൂ പോലുള്ള തന്റെ കുട്ടിക്കാലത്തോടുള്ള ആത്മഭാഷണങ്ങള്‍. "With a child's heart, Nothing can ever get you down, With a child's heart, You've got no reason to frown, Love is as welcome, As a sunny sunny day, No grown-up thoughts, To lead our hearts astray..." തനിക്കു നഷ്ടപ്പെട്ട ബാല്യത്തിന്റെ വേദനയില്‍ ജാക്കൊ വളരാന്‍ മടിചു, വാശിപിടിച്ചു നിന്നു. മുതിര്‍ന്നവരുടെ ലോകം കാലുഷ്യത്തിന്റെയും, ക്രോധത്തിന്റെയും ഒരു വക്രിച്ച രൂപമായി ജാക്കൊ എന്ന കുട്ടി വായിച്ചെടുത്തു. താന്‍ ലോകം ത്രസിപ്പിക്കുന്ന ഉന്മാദമായി വളരുകയാണെന്ന നേരിനെ അയാള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങികൂട്ടി നേരിട്ടു.തന്റെ വസതിയില്‍ നിറയെ കുട്ടികളെ വേണമായിരുന്നു അയാള്‍ക്കു. താന്‍ വളര്‍ന്നുവെന്നു അയാള്‍ സമ്മതിച്ചില്ല.

അയാള്‍ കരഞ്ഞു വിളിച്ചുകൊണ്ടിരുന്നു...Have you seen my Childhood?.. I'm searching for that wonder in my youth.. Like pirates and adventurous dreams,.. Of conquest and kings on the throne... ഒരു പക്ഷെ, 1993ല്‍ ജാക്സന്റെ കരിയര്‍ തകര്‍ത്ത ആ ശിശു- പീഡന ആരോപണത്തിനു പുറകിലും ഈ അവസ്ഥാന്തരം കണ്ടേക്കാം. ജാക്സന്റെ മരണശേഷം നിരൂപകനായ റിച്ചാര്‍ഡ് കൊറില്ലിസ് എഴുതി: " ജാക്സന്‍ ചെയ്തുവെന്ന് പറയുന്ന പെരുമാറ്റദൂഷ്യങ്ങളുടെ പട്ടികയില്‍ എല്ലാം തന്നെ കൗമാരക്കാര്‍ക്കിടയില്‍ അത്ര പുതുമയുള്ള കാര്യങ്ങളല്ലായിരുന്നു - ഫോണ്‍ ചെയ്തു കളിപ്പിക്കുക, സുഹ്രുത്തുക്കളുമൊത്തു ആരും കാണാതെ അല്പം ലഹരി, അശ്ലീല വെബ്സൈറ്റുകള്‍ കാണുക, ഒപ്പം മുഷ്ടിമൈഥുനത്തെക്കുറിച്ചു ചില പരിശീലനപരിപാടികളും. ജാക്സന്‍ ഇതെല്ലാം ചെയ്തിട്ടുണ്ടെങ്കില്‍, അതൊന്നും തന്നെ ഒരു പീഢകന്റെ മനസോടെയായിരുന്നിരിക്കില്ല, മറിച്ചു, ഒരു സമപ്രായക്കാരന്റെ നിലയിലായിരുന്നിരിക്കും (peer-to-peer)".

എന്നാല്‍ ഇതിനു വിരുദ്ധമായി ഹരി ഗ്രാമത്തിലെ എല്ലാവരുമായും കൂട്ടുകൂടി. കോളേജും, വായനശാലയും, സംസ്ക്കാര ക്ലബ്ബും ഒക്കെയായി ഞാന്‍ നടന്നു നീങ്ങിയപ്പോളും, ഹരി രാവിലെ അഞ്ചുമണിക്കെഴുന്നേറ്റു കുളിച്ച് തൊട്ടടുത്ത ചായക്കടയിലെ ആദ്യത്തെ കസ്റ്റമറായി, അവിടെ വരുത്തിയിരുന്ന ആറു പത്രങ്ങളും വായിച്ച് തന്റെ നനഞ്ഞ ചിരിയുമായി തിരികെ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരുന്നു.

ഞാന്‍ ഹരിയെ കാണുന്നതു അപൂര്‍വ്വമായി. അയാള്‍ പല വേഷങ്ങളും ഇതിനിടയില്‍ കെട്ടിയാടി - ഫുട്ബാള്‍ കളിയില്‍ ഗോളി, പട്ടുനൂല്‍പ്പുഴു കര്‍ഷകന്‍ ‍, ആയുര്‍വേദ വൈദ്യശാലയില്‍ സഹായി, അങ്ങനെയങ്ങിനെ... ഇതിനിടയില്‍ ജാക്കോക്ക് ചുവടുപിഴക്കുന്നുണ്ടായിരുന്നു. കരിയര്‍ തകര്‍ച്ചയുടെ വക്കിലെത്തി. കടബാധ്യതകള്‍ കുന്നോളമായി. പാപ്പരാകാന്‍ ഇനി അധികം നാളില്ലെന്ന വാര്‍ത്ത പരന്നു. ഒരു ദിവസം കോളെജ് ലൈബ്രറിയില്‍ നിന്നും ജാക്കൊയുടെ ആത്മകഥ, 'മൂണ്‍വാക്കിങ്', വായിക്കാനെടുത്തു ഞാന്‍ ‍. വായിച്ചു തീര്‍ന്ന ഉടന്‍ ഹരിയെ തിരക്കിച്ചെന്നു. മധുരമുള്ള മന്ത്രവാദം പോലെയുള്ള ജാക്സന്റെ പാട്ടുകള്‍ അപ്പോഴേക്കും എന്റെയും നാഡികളെ വിറപ്പിച്ചു തുടങ്ങിയിരുന്നു (All I wanna say is that.. They don't really care about us). ഒരുപാടു പ്രതീക്ഷകളോടെ ഞാന്‍ പാഞ്ഞു ചെന്നപ്പോള്‍ കണ്ടതു മറ്റൊരു അപതാളം. ഹരി മുറിയില്‍ ചടഞ്ഞിരുന്നു, നെറ്റിയില്‍ ഭസ്മക്കുറിയുമായി ഒരു പുസ്തകം വായിക്കുന്നു: ജ്യോതിഷരത്നം. എനിക്കൊന്നും ചോദിക്കണമെന്നില്ലായിരുന്നു. ഞാന്‍ പാളി നോക്കി, ജാക്കൊയുടെ ചിത്രങ്ങള്‍ കാണുന്നില്ല, കസെറ്റുകള്‍ ചിലതുണ്ട്. പക്ഷെ, സ്റ്റീരിയോ പൊടിപിടിച്ചു കിടക്കുന്നു.

ഞാന്‍ പക്ഷെ, ജാക്കൊയെ പിന്തുടര്‍ന്നു. യക്ഷിപ്പനകളില്‍ കാറ്റുവീശുന്ന പോലുള്ള ചൂളം വിളികളൂം, തെയ്യക്കോലത്തിന്റെ അലര്‍ച്ചകള്‍ പൊട്ടിത്തിമിര്‍ക്കുന്ന വന്യചലനങ്ങളും ഒക്കെചേര്‍ന്ന ഉച്ചാടനങ്ങള്‍. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ഞാന്‍ ജാക്കോയെക്കുറിച്ചുള്ള ലേഖനങ്ങളുടെ ഫോട്ടോകോപ്പികളും, ലിറിക്കുകളുടെ പ്രിന്റൗട്ടുകളൂം തിരുകിവച്ചു. ദില്ലിയിലെത്തി, ഒരു കംപ്യൂട്ടര്‍ സ്വന്തമാക്കിയപ്പോള്‍ അതില്‍ ജാക്കൊയുടെ ഇന്നുവരെയുള്ള എല്ലാ പാട്ടുകളൂം നിറച്ചുവച്ചു. ജാക്കൊയുടെ മാനിഫെസ്റ്റൊ എന്റേതും ആയിക്കഴിഞിരുന്നു. You have to show them that you're really not scared.. You're playin' with your life, this ain't no truth or dare.. They'll kick you, then they beat you,.. Then they'll tell you it's fair
So beat it, but you wanna be bad..

ഉഷ്ണം പുകഞ്ഞുപെയ്യുന്ന ആ പ്രഭാതത്തില്‍, കനലുപോലെയെരിയുന്ന ദേഹവുമായി, എന്നെപ്പോലുള്ള അമ്പതു പുകയടുപ്പുകളുംപേറി നീങ്ങുന്ന ഒരു ബസില്‍ യമുനക്കു കുറുകെനീങ്ങുമ്പോളാണു എന്നെത്തേടി ഒരു കറുത്തകൂട്ടുകാരന്റെ ഫോണ്‍: മൈക്കല്‍ ജാക്സന്‍ മരിച്ചു. ഉടനെ ഞാന്‍ ഹരിയെ ഓര്‍ത്തു. രണ്ടു സ്റ്റോപ്പുകള്‍ക്കുമപ്പുറെ ആ ബസ് കിതച്ചു നിന്നപ്പോള്‍, ഞാന്‍ ഉടന്‍ ചെയ്തതു, ആരോ എനിക്കു പണ്ടു നല്‍കിയ ഒരു മൊബൈല്‍ നമ്പര്‍ തിരുമ്മിയുണര്‍ത്തുകയാണു. തമിഴ് നാട്ടിലെവിടെയോ ഉള്ള ഒന്നു. അങ്ങേത്തലക്കലെ മണിയൊച്ച പൊടുന്നനെ നിലച്ചു, ചിലമ്പിച്ച ഒരു ഉന്മാദത്തിന്റെ ഈണമുള്ള ഒരു ശബ്ദം ഫോണെടുത്തു: "ഹലോ, നാന്‍, അസ്റ്റ്രാളജര്‍ ഹരിഹരന്‍ പേസ്റേന്‍ ‍..." ഞാന്‍ ഒന്നും പറഞ്ഞില്ല. പുറത്തെ ചൂടിനു ശക്തിമാത്രമെ ഉണ്ടയിരുന്നുള്ളൂ, ഭ്രാന്തില്ലായിരുന്നു. അതുകൊണ്ടു ഞാന്‍ പതിയെ പുലമ്പി: "You came and you changed my world...A love so brand new"... "I can't help it if I wanted to.. I wouldn't help it even if I could...I can't help it if I wanted to.. I wouldn't help it, no"

ജെജെ