ഡികെ പട്ടമ്മാള്‍ വിടപറഞ്ഞതോടുകൂടി കര്‍ണാടക സംഗീതത്തിലെ ഒരു തലമുറ അവസാനിച്ചു. എംഎസ് സുബ്ബലക്ഷ്‌മി, എംഎല്‍ വസന്തകുമാരി എന്നിവരുടെ ശ്രേണിയിലുള്‍പ്പെട്ട പട്ടമ്മാളുടെ സംഗീതം രക്തി ഭാവത്തിന്റെയും ലയസമ്പൂര്‍ണതയുടെയും മികച്ച ഉദാഹരണമായിരുന്നു. പാരമ്പര്യത്തില്‍ ഉറച്ച് നിന്നു കൊണ്ടു തന്നെ പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു പട്ടമ്മാള്‍ പാടിയത്. അതുവരെ ബ്രാഹ്മണസ്‌ത്രീകള്‍ക്ക് നിഷിദ്ധമായിരുന്ന പൊതുവേദിയില്‍ കച്ചേരി അവതരിപ്പിച്ച് അവര്‍ പുതിയൊരു തുടക്കത്തിന് നാന്ദികുറിച്ചു.കാഞ്ചീപുരത്ത് സംഗീത പാരമ്പര്യമുളള ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ 1919 മാര്‍ച്ച് 28-നാണ് പട്ടമ്മാള്‍ ജനിച്ചത്. അച്ഛന്‍ ഡി. കൃഷ്‌ണസ്വാമി ദീക്ഷിതര്‍, അമ്മ രാജമ്മാള്‍. അച്ഛന്‍ സംഗീതത്തില്‍ ഏറെ അറിവുളളവനായിരുന്നു. അമ്മ സംഗീതജ്ഞയും. പാട്ടുകാരായ മൂന്നു സഹോദരങ്ങള്‍ - ഡികെ രംഗനാഥന്‍, ഡികെ നാഗരാജന്‍, ഡികെ ജയരാമന്‍. പതിമൂന്നാമത്തെ വയസ്സിലായിരുന്നു പട്ടമ്മാളുടെ അരങ്ങേറ്റം; മദ്രാസിലെ രസികരഞ്‌ജിനി സഭയില്‍. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുളള ബ്രാഹ്മണ സ്‌ത്രീകളുടെ വരവിന്റെ തുടക്കം കൂടിയായിരുന്നു ഈ അരങ്ങേറ്റം. അതിനാല്‍ തന്നെ ഇന്നു കര്‍ണ്ണാടക സംഗീത വേദികളില്‍ ഉയരുന്ന മിക്ക സ്‌ത്രീശബ്ദങ്ങളുടെയും പിറകില്‍ പട്ടമ്മാളുടെ കരവും പരിശ്രമവമുണ്ടെന്ന് പറയാം.
പട്ടമ്മാള്‍ക്ക് മാത്രം അവകാശപ്പെടാനുളള ബഹുമതികള്‍ ഏറെയാണ്. മൃദംഗ വിദ്വാനായ മധുരൈ മണി അയ്യര്‍ പക്കമേളം വായിച്ച ഏക സംഗീതജ്ഞയാണ് പട്ടമ്മാള്‍. പുരുഷന്‍മാര്‍ക്കു മാത്രമേ ശുദ്ധസംഗീതം പാടാന്‍ സാധിക്കൂ എന്നു ധരിച്ചിരുന്ന മൃദംഗ ചക്രവര്‍ത്തി മണി അയ്യര്‍ക്ക് പക്ഷേ പട്ടമ്മാളുടെ പാട്ടിനെ അംഗീകരിക്കേണ്ടി വന്നു. രാഗം താനം പല്ലവി ആദ്യമായി പാടിയ സ്‌ത്രീ എന്ന ബഹുമതിയും പട്ടമ്മാള്‍ക്ക് സ്വന്തം.
നേരിട്ടു കൃതികള്‍ പഠിച്ചു പാടുകയാണ് അവര്‍ ചെയ്തത്. പിന്നീട് ശിഷ്യന്മാരെ പഠിപ്പിക്കുന്നതിലും ഇതേ രീതി തന്നെയാണ് അവര്‍ സ്വീകരിച്ചത്. കര്‍ണ്ണാടക സംഗീത പഠനത്തില്‍ സാധാരണയായി അനുവര്‍ത്തിച്ചു വരാറുളള പാഠ്യപദ്ധതി - സരളിവരിശകള്‍, ജണ്ഡവരിശികള്‍, അലങ്കാരം, ഗീതം, വര്‍ണ്ണം, കീര്‍ത്തനം - രീതിയിലൂടെയായിരുന്നില്ല പട്ടമ്മാളുടെ പഠനം. നേരിട്ടു ചിട്ടയായ ഗുരുകുല പഠനം നേടിയിരുന്നില്ലെങ്കിലും പല വിദ്വാന്‍മാരുടെ കീഴിലും പഠിക്കാനുളള ഭാഗ്യം അവര്‍ക്കുണ്ടായി. ദീക്ഷിതര്‍ കൃതികള്‍ പാടുന്നതില്‍ അതിനിപുണയായിരുന്നു പട്ടമ്മാള്‍.
ദീക്ഷിതര്‍ പാരമ്പര്യം
സുബ്ബലക്ഷ്‌മിക്കും വസന്തകുമാരിക്കും അവകാശപ്പെടാനില്ലാത്ത ഒരു മേല്‍ക്കൈ പട്ടമ്മാള്‍ക്കുണ്ട്. ദീക്ഷിതര്‍ പാരമ്പര്യം. മുത്തുസ്വാമി ദീക്ഷിതരുടെ സഹോദരന്‍ ബാലുസ്വാമി ദീക്ഷിതരുടെ പിന്‍മുറക്കാരനായ അംബി ദീക്ഷിതരുടെ കീഴില്‍ പഠിക്കാനായി പട്ടമ്മാള്‍ക്ക്. അതിനിടയാക്കിയ സംഭവം ഇങ്ങനെ: 1930 ല്‍ ഒരു സര്‍ക്കാര്‍ പരീക്ഷയ്‌ക്ക് പാടാനായി മദ്രാസില്‍ പോയതായിരുന്നു പട്ടമ്മാള്‍. ടൈഗര്‍ വരദാചാരി, പി സാമ്പമൂര്‍ത്തി എന്നിവര്‍ക്കൊപ്പം വിധികര്‍ത്താവായി അംബി ദീക്ഷിതരും ഉണ്ടായിരുന്നു. എന്നാല്‍ വിധികര്‍ത്താവിന്റെ പാരമ്പര്യ മഹിമയൊന്നും വശമില്ലായിരുന്ന പട്ടമ്മാള്‍ പാടാന്‍ തിരഞ്ഞെടുത്ത പാട്ട് ദീക്ഷിതരുടെ കാംബോജി രാഗത്തിലുളള പ്രശസ്‌ത കൃതിയായ ശ്രീ സുബ്രഹ്മണ്യായ നമസ്‌തേ. പക്ഷേ അതു പുതിയൊരു ഗുരു-ശിഷ്യ ബന്ധത്തിന് തുടക്കം കുറിച്ചു. കുട്ടിയുടെ കഴിവു മനസ്സിലാക്കിയ അംബി ദീക്ഷിതര്‍ അവരുടെ ഗുരുനാഥനാവാമെന്നേറ്റു. അങ്ങനെ പരീക്ഷയില്‍ പങ്കെടുക്കാന്‍ വന്ന കുട്ടിക്കും അച്ഛനും തങ്ങളുടെ മദ്രാസ് താമസം ദീര്‍ഘിപ്പിക്കേണ്ടിവന്നു. അംബി ദീക്ഷിതരുടെ കീഴിലും അന്ന് മദ്രാസ് കോടതിയില്‍ അഭിഭാഷകനായിരുന്ന ടിഎല്‍ വെങ്കടരമണ അയ്യരുടെ (അയ്യര്‍ ദീക്ഷിതര്‍ കൃതികളില്‍ പ്രാവീണ്യം നേടിയ ആളായിരുന്നു) കീഴിലും പട്ടമ്മാള്‍ സംഗീതമഭ്യസിച്ചു. ദീക്ഷിതര്‍ കൃതികളുടെ അവസാന വാക്കാവാന്‍ ഈ ശിക്ഷണം മൂലം പട്ടമ്മാള്‍ക്ക് കഴിഞ്ഞു. ഇരുവരുടെ കീഴിലുളള പഠനവും പിന്നീട് പ്രശസ്‌ത വാഗേയകാരന്‍ പാപനാശം ശിവന്റെ കീഴിലുളള അഭ്യസനവും തന്റെ സംഗീതത്തെ ഏറെ ചിട്ടപ്പെടുത്തിയെന്ന് പട്ടമ്മാള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
ബഹുമതികള്‍
കര്‍ണ്ണാടക സംഗീതത്തില്‍ സ്വന്തമായൊരു ശൈലിയും വ്യക്തിത്വവും തീര്‍ത്ത പട്ടമ്മാളെ തേടി ഏറെ ബഹുമതികളും താമസിയാതെ എത്തി. ഗാന സരസ്വതി, 1961ല്‍ സംഗീത നാടക അക്കാഡമി അവാര്‍ഡ്, 1970ല്‍ മ്യൂസിക് അക്കാഡമിയുടെ സംഗീത കലാനിധി പട്ടം (കര്‍ണ്ണാടക സംഗീതജ്ഞര്‍ ഏറ്റവും വിലപ്പെട്ട അംഗീകാരമായി ഇതിനെ കരുതുന്നു), 1971ല്‍ പദ്‌മ ഭൂഷന്‍, 1998ല്‍ പദ്‌മ വിഭൂഷന്‍ തുടങ്ങിയവയും പട്ടമ്മാളെ തേടിയെത്തി. 1992ല്‍ സംഗീത നാടക അക്കാദമി അംഗത്വവും ലഭിച്ചു.
ഘനഗാംഭീര്യമുളള ബാണിയായിരുന്നു പട്ടമ്മാളുടെ സംഗീതത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രുതി ശുദ്ധത, സങ്കീര്‍ണ്ണമായ കണക്കുകള്‍ പ്രയോഗിക്കുന്നതിലുളള പാടവവും കൃത്യതയും, ഭാവ തീവ്രത, രാഗാലപനത്തിലുളള പാടവം എന്നിവ അവരുടെ സംഗീതത്തെ വ്യത്യസ്‌തപ്പെടുത്തി. കഴിഞ്ഞ ജൂലൈ 16ന് ആ ബാണി പെയ്തൊഴിഞ്ഞപ്പോള്‍ നികത്താനാവാത്ത ഒരു വിടവാണ് കര്‍ണ്ണാടക സംഗീതലോകത്തുണ്ടായത്.
കെടിപിആര്‍
