Showing posts with label സാമ്പത്തികം. Show all posts
Showing posts with label സാമ്പത്തികം. Show all posts

Apr 29, 2010

ഐപിഎല്‍ എന്ന അശ്ലീലം

ഐപിഎല്ലിന്റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയാനുള്ള ധാര്‍മികവും നിയമപരവുമായ ബാധ്യത മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുണ്ടെന്ന് ജെജെ

What do they know of cricket who only know of cricket? - CLR James, 1901-89

ഒരുകൂട്ടം ആരോപണങ്ങളുടെ പേരില്‍ തത്കാലത്തേക്ക് പുറത്താക്കപ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമ്മിഷണര്‍ ലളിത് മോഡി കേള്‍ക്കാന്‍ സാധ്യതയുള്ള ഒരു പേരല്ല കാള്‍ മാര്‍ക്സിന്റേത്. എന്നാല്‍ പ്രമുഖചരിത്രകാരനും, മനുഷ്യാവകാശ പ്രവര്‍ത്തകനും, അതിലുമുപരി മാര്‍ക്സിസ്റ്റ് ചിന്തകനുമായ സിഎല്‍‌ആര്‍ ജെയിംസിനെ ഒരു പക്ഷേ മോഡി കേട്ടിട്ടുണ്ടാകും. ക്രിക്കറ്റുകളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും, മനോഹരവുമായ പുസ്തകം ഈ വെസ്റ്റിന്ത്യന്‍ (ട്രിനിഡാഡ്) ചിന്തകന്റേതാണ് -- ഒരു ബൗണ്ടറിക്കപ്പുറം (Beyond A Boundary). മോഡിക്കു രുചിച്ചാലും ഇല്ലെങ്കിലും, ക്രിക്കറ്റിനു ഒരു വര്‍ഗസ്വഭാവമുണ്ടെന്നും, കളി പലപ്പോളും ഒരു വര്‍ഗപ്രശ്നത്തിന്റെ ഘടനയിലേക്കു ബൗണ്‍സു ചെയ്തു പോകുന്നുണ്ടെന്നും ജെയിംസ് ചിന്തിച്ചു. വെസ്റ്റ് ഇന്ത്യന്‍, ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തെ ഒരു വര്‍ഗവിശകലന രീതിയില്‍ വായിച്ചെടുക്കുകയായിരുന്നു സിഎല്‍‌ആര്‍ ബൗണ്ടറി ലൈനിനകത്തു നടക്കുന്ന കളികള്‍ക്കും (കാര്യങ്ങള്‍ക്കും) ബൗണ്ടറിക്കു പുറത്തുള്ള കളികള്‍ക്കും (കാര്യങ്ങള്‍ക്കും) തമ്മില്‍ ഇഴപിരിക്കാനാവത്ത ബന്ധമുണ്ടെന്നു പറഞ്ഞ പുസ്തകമായിരുന്നു അത്. കുടുംബങ്ങളുടെ, ദേശങ്ങളുടെ, രാജ്യങ്ങളുടെ ചരിത്രത്തില്‍ സക്രിയവും, അതേസമയം, സംഘര്‍ഷാത്മകവുമായി ഇടപെട്ടുകൊണ്ടാണ് ക്രിക്കറ്റിന്റെ പ്രശ്നപരിസരം വികസിക്കുന്നത്. അതിനാല്‍ തന്നെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭജനങ്ങളും, വിവേചനങ്ങളും പലപ്പോഴും ക്രിക്കറ്റും പിച്ചിലേറ്റുന്നു. ഇതു മനസിലാക്കിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്ത ചോദ്യം സി‌എല്‍‌ആര്‍ ചോദിച്ചത്. ട്രിനിഡാഡ് ലീഗിനു വേണ്ടി ഫസ്റ്റ്‌ ക്ലാസ്സ് ക്രിക്കറ്റു കളിച്ചിട്ടുള്ള ആ ചിന്തകനു തന്റെ കളിജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അവഗണനകള്‍ ചെറുതൊന്നുമല്ലായിരുന്നു. എന്നിട്ടും ക്രിക്കറ്റിനെ ആ മാര്‍ക്സിസ്റ്റ് ഒരു പാടു സ്നേഹിച്ചു. ബിബിസി റേഡിയോ 4 സി‌എല്‍‌ആറിനെക്കുറിച്ചെടുത്ത ജീവചരിത്ര ഡോക്യുമെന്ററിയുടെ പേരു പലര്‍ക്കും ഒരു കൗതുകമാണ്: "C.L.R. James: Marx, Cricket, and World Revolution."

ഇന്ത്യന്‍ പണച്ചാക്ക് ലീഗ്

ക്രിക്കറ്റില്‍ മാര്‍ക്സുണ്ടെന്നറിയില്ലെങ്കിലും, ഒരു പക്ഷെ, മറ്റാരേക്കാളും ഭ്രാന്തമായി ഈ കളിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് ഇന്ത്യക്കാര്‍. പക്ഷെ, നമ്മള്‍ ബൗണ്ടറിലൈനിനു പുറത്തു നടക്കുന്ന കളികള്‍ അറിഞ്ഞിരുന്നില്ല. ഉള്ളവന്‍ ഇല്ലാത്തവന്റെ വികാരങ്ങളെ അതിവിദഗ്ദമായി വിറ്റുകാശാക്കുന്ന ഒരു കളിയായി ക്രിക്കറ്റ് മാറി എന്നു പലരും തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇന്ത്യന്‍ പണച്ചാക്കു ലീഗ് സംഭവിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയില്‍ സംഭവിക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണം പടച്ചുവിട്ട പരിഷ്കാരങ്ങളുടെ സുഗമമായ പിച്ചില്‍ കളിച്ചു കൊഴുത്ത മധ്യവര്‍ഗം ഐപി‌എല്‍ പോലുള്ള ഒരു ചീത്തക്കാശുമാമാങ്കത്തിനു വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു."ഒരര്‍ഥത്തില്‍ മന്മോഹന്‍ സിംഗിന്റെ സാമ്പത്തിക അവ്യവസ്ഥ സൃഷ്ടിച്ചുവിട്ട ഒരു ഭൂതമാണ് മോഡിമുതല്‍ ഐപി‌എല്‍ വരെ," പറയുന്നത് ദില്ലിയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍. ഉദാരീകരണവും, ഇരുപതുകളിയും തമ്മിലെന്തു ബന്ധമെന്നു അതിശയിക്കുമ്പോള്‍ നമുക്കു മറ്റു ചിലതു കൂടി മനസ്സിലാകുന്നു. ഒരു ജനതക്ക് കളിയോടുള്ള വൈകാരികക്കൂറിനെ വിറ്റുതുലയ്ക്കാമെന്നു ഒരുമ്പെട്ടിറങ്ങിയവര്‍ക്കു തുണയായത് ഒരു സാമൂഹിക വ്യവസ്ഥകൂടിയാണ്. പഴയതിനെയും, പതിയെ നീങ്ങുന്നതിനെയും മടുത്ത് പുത്തന്‍ ചടുലജീവിതം കൊതിച്ചു പായുന്ന ഒരു ആഗോള ഇന്ത്യന്‍ സാമൂഹിക സാംസ്കാരിക പരിസരത്തിലാണ് ഐപി‌എല്‍ സംഭവിക്കുന്നത്. വേഗം കൂടിയ, എണ്ണം കുറഞ്ഞ, കാശുകൂടിയ ക്രിക്കറ്റ് അങ്ങനെയാണ് ഇഴയുന്ന റ്റെസ്റ്റുകള്‍ക്കും, മൊത്തം നൂറോവര്‍ ഏറിയേണ്ടിവരുന്ന ഏകദിനമാച്ചുകള്‍ക്കും ഒരു ഉത്തരാധുനിക പകരക്കാരനായത്. റ്റെസ്റ്റ് ക്രിക്കറ്റ് ഒരു പരീക്ഷയാണെങ്കില്‍ (examination), ഏകദിനം ഒരു പ്രദര്‍ശനമാണെന്നു (exhibition) പറഞ്ഞത് പ്രശസ്ത കളിയെഴുത്തുകാരന്‍ ഹെന്‍റി ബ്ലോഫെല്‍ഡാണ്. റ്റ്വന്റി റ്റ്വന്റിയെ അദ്ദേഹം എന്തു വിളിക്കുമെന്നറിയില്ല; ഒരു പക്ഷെ, അപമാനം (embarrassment) എന്നായിരിക്കുമൊ?

എന്തായാലും ക്രിക്കറ്റിനു ഐപി‌എല്‍ വരുത്തിവച്ച അപമാനം ചെറുതല്ല. കൊളംബിയയിലെയടക്കം പല ലത്തീനമേരിക്കന്‍ രാഷ്ട്രങ്ങളിലും മാഫിയ സംഘങ്ങള്‍ പണംതട്ടുന്നതിനും, ആയുധങ്ങള്‍ വാങ്ങി കുന്നുകൂട്ടുന്നതിനും പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കേട്ടിട്ടുണ്ടെങ്കിലും, അന്നാടുകളിലുള്ള ഫുട്ബോള്‍ പ്രേമത്തെ കവര്‍ച്ച ചെയ്തതായി പൊതു അറിവിലില്ല. തങ്ങളുടെ കീശ വീര്‍പ്പിക്കുന്നതിനായി മോഡിയടക്കം ഐപി‌എല്ലുമായി ബന്ധപ്പെട്ട കുത്തകമുതലാളിമാരും, കള്ളപ്പണക്കാരും നടത്തിയെന്നു ഇപ്പോള്‍ വെളിവാകുന്ന തിരിമറികള്‍ അതീവ ഹീനമാകുന്നതു ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഒരു ബ്രാന്‍ഡിംഗ് ഫിനാന്‍സ് റിപോര്‍ട്ടനുസരിച്ച് ഐപി‌എല്‍ എന്ന ബ്രാന്‍ഡിന്റെ മൊത്തം കച്ചവടമൂല്യം ഈവര്‍ഷം ഏതാണ്ട് 19,000 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് ഏതാണ്ട് 9,300 കോടിയായിരുന്നു. ഏതാണ്ടൊരു പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡിനു 1.6 ബില്യണ്‍ ഡോളര്‍ വരുമാനം ഐപി‌എല്‍ വഴി ഉണ്ടാകുമെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ എത്രയൊക്കെ ആരോപണങ്ങളുണ്ടായാലും, പൊന്മുട്ടയിടുന്ന ഈ താറവിനെ ഇല്ലാതാക്കാന്‍ കൃഷിമന്ത്രി ശരദ്പവാര്‍ നയിക്കുന്ന ബിസിസിഐ തയ്യാറാകില്ല. ഇത്രയും അധികം പണം വന്നു വീഴുന്നു എന്നതു തന്നെയാണ് ഐപി‌എലിനെ അശ്ലീലമാക്കുന്നത്. ഇതില്‍ ഏറെ പങ്കും കണക്കില്‍‌പെടാത്ത വകയാണ്.

ഉത്തരം പറയേണ്ടത് മന്മോഹന്‍ 

ഏതുകണക്കില്‍, എങ്ങിനെ എന്നു നികുതിവകുപ്പു ചോദിക്കാന്‍ തുടങ്ങിയ ആ വിനാഴികയില്‍ കുഴപ്പങ്ങള്‍ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു കൊല്ലത്തോളമായി ഇതു സമ്പന്ധിച്ച ഫയലുകളുമായി തപസ്സു ചെയ്യുകയായിരുന്നു നികുതി വകുപ്പ്. ആരാണ് അവരെ തടഞ്ഞു പോന്നത് എന്നതിനുത്തരം പറയേണ്ടത് പ്രധാനമന്ത്രി മന്മോഹന്‍ സിംഗാണ്. കാരണം ഐപി‌എല്‍ കുംഭകോണം ഒരു അസാധാരണ വിഷയമല്ല എന്നും, അതിലെ തിരിമറികള്‍ അന്വേഷിക്കാന്‍ ഒരു പാര്‍ലിമെന്ററി കമ്മിറ്റി വേണ്ട എന്നും അടച്ചു പറയുക വഴി തന്റെ വിശ്വാസ്യതയുടെ (അങ്ങിനെയൊന്നുണ്ടെങ്കില്‍) വിക്കറ്റെടുക്കുകയാണ് മന്മോഹന്‍ ചെയ്തത്. അതും പാര്‍ലമെന്റിനകത്ത് പറയാനുള്ള ധൈര്യം പോലും കാണിച്ചില്ല പ്രധാന പ്രമാണി. ഈ ക്രിക്കറ്റ് അഴിമതിയുമായി മാധ്യമങ്ങള്‍ ചേര്‍ത്തുവായിക്കുന്ന പേരുകളില്‍ മന്മോഹന്റെ തോഴര്‍ നിരവധിയുണ്ട്: ശരദ്പവാര്‍, വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല, പുറത്തുപോയ ശശി തരൂര്‍ അങ്ങനെ ഒരുപാട്. പവാറിന്റെ മകള്‍ പാര്‍ലമെന്റംഗം സുപ്രിയ സുലെയുടെ ഭര്‍ത്താവ് സദാനന്ദിനു ഐപി‌എല്‍ അഴിമതിയില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന മള്‍ട്ടി സ്ക്രീന്‍ മീഡിയ എന്ന മാധ്യമ മാര്‍ക്കറ്റിങ് കമ്പനിയില്‍ പത്തു ശതമാനം ഓഹരിയുണ്ടെന്നു സുലെ തന്നെ സമ്മതിക്കുകയുണ്ടായി. ഇത്രയധികം സാമജികര്‍ക്കു പരോക്ഷമായെങ്കിലും പങ്കുള്ള ഒരു പൊറാട്ടു നാടകത്തെ നിസാരമെന്നു കരുതി മന്മോഹന്‍ സിംഗ് തള്ളിക്കളയുന്നതും, ഈ വിഷയത്തില്‍ യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും പുലര്‍ത്തുന്ന മൗനവും അപകടകരമാണ്.

അത്രതന്നെ അപകടകരമാണ് ഐപി‌എല്‍ പോലൊരു കെടുകാര്യസ്ഥത വളര്‍ന്നു വരാന്‍ അനുവദിച്ച നമ്മുടെ നികുതി വ്യവസ്ഥ. ഇതിന്റെ മൂലം കിടക്കുന്നത് മുന്‍ ബിജെപി ഗവണ്മെന്റിന്റെ കാലത്തും. അന്ന്, യശ്വന്ത് സിന്‍‌ഹ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ മൗറീഷ്യസ്സുമായി ഒപ്പുവച്ച ഇരട്ടനികുതി ഒഴിവാക്കുന്ന സന്ധി (double taxation avoidance treaty) ഇന്നു ഒരു വിനയായിരിക്കുകയാണ്. ഇത് കള്ളപ്പണം ഒഴുക്കാനുള്ള ഒരു ചാനലകുമെന്നു കണ്ട് അതിനെ അന്നു ഇടതുപക്ഷം എതിര്‍ത്തിരുന്നു. ഒരേ നികുതി സമ്പ്രദായമുള്ള രാഷ്ട്രങ്ങള്‍ക്കിടയിലാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്. എന്നാല്‍ ഇന്ത്യയിലേപ്പൊലെ ഒരു മൂലധനവര്‍ധിത നികുതി (capital gains tax) മൗറീഷ്യസ്സില്‍ ഇല്ല. അതിനാല്‍, ഇന്ത്യയില്‍ നികുതി ഒഴിവാക്കി, മൗറീഷ്യസ്സില്‍ നിന്നും കള്ളപ്പണം ഒഴുക്കാന്‍ യശ്വന്ത് സിന്‍‌ഹയുടെ സന്ധി ഒരുപാടു മുതലാളിമാരെ കണക്കറ്റു സഹായിച്ചു. ഐപി‌എല്‍ കള്ളകച്ചവടത്തിലെ ഒരു വലിയ പങ്കു പണവും മൗറീഷ്യസ്സില്‍ നിന്നായിരുന്നു ഒഴുകിയെത്തിയത്. ഇതു മൂലം സര്‍ക്കാരിനുണ്ടായ നികുതി നഷ്ടം അതിഭീമമാണ്. ഇതുകൂടാതെ വിവിധയിനം തുറസുകളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തു കൊടുത്ത മറ്റനേകം ഇളവുകള്‍. സാധാരണഗതിയില്‍ കായികമേളകള്‍ക്കു നികുതിയടക്കമുള്ള ഇളവുകള്‍ അനുവദിക്കുന്നതു നല്ലകാര്യമാണ്. എന്നാല്‍ ഇതുപോലുള്ള വമ്പന്‍ കച്ചവടക്രിക്കറ്റു ശിക്കാറിനു, അതും കോടികളുടെ മുതല്‍മുടക്കും, ലാഭവുമുള്ള ഒരു കയ്യാങ്കളിക്കു, എന്തിനാണു ഇളവുകള്‍ നല്‍കിയതെന്നു സര്‍ക്കാര്‍, പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് ഉത്തരം പറയേണ്ടിയിരിക്കുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് നല്‍കിയ വിനോദനികുതി ഇളവുകള്‍ ഓഡിറ്റര്‍ ജനറലിന്റെ രോഷം പിടിച്ചുവാങ്ങിയിരുന്നു. പലയിടത്തും ഒരു ഐപി‌എല്‍ ടിക്കറ്റിനു നാല്പ്പതിനായിരം രൂപ വരെ വില വന്നിരുന്നു. ഇതു കൊള്ളക്കച്ചവടമല്ലെങ്കില്‍ മറ്റെന്താണ്? ഇന്ത്യല്‍ എയര്‍ലൈന്‍സു പോലും, ഐപി‌എല്‍ താരങ്ങള്‍ക്കായുള്ള ഒരു ടാക്സി സര്‍‌വീസുപോലെ തരം താഴ്ന്നുപോയതിനു പ്രഫുല്‍ പട്ടേല്‍ മറുപടി പറയണം; പ്രത്യേകിച്ചും പട്ടേലിന്റെ മകള്‍ ഐ‌പി‌ഏലിന്റെ ഉല്‍സാഹക്കമിറ്റിയുടെ തലപ്പത്തിരിക്കുന്ന അവസ്ഥയില്‍. "ക്രിക്കറ്റിനു രാഷ്ട്രീയമായി ബന്ധമില്ല എന്നു പറയുന്നത്, ക്രിക്കറ്റിനു ജീവിതവുമായി ബന്ധമില്ല എന്നു പറയുന്നതു പോലെയാണ്," എന്നു പറഞ്ഞത് ഇംഗ്ലീഷ് പത്രക്കാരനായ ജോണ്‍ ആര്‍ലോട്ടാണ്. ഇതു നമ്മുടെ മന്ത്രിക്കറിയുമോ എന്നറിയില്ല.

ഐപിഏലിന്റെ രാഷ്ട്രീയം ഇവിടെ തീരുന്നില്ല. ഇപ്പോള്‍ മോഡിക്കെതിരെ നടക്കുന്ന അന്വേഷണം കേന്ദ്രസര്‍ക്കരും (കോണ്‍ഗ്രസ്സ്) ബിസിസിഐയും ചേര്‍ന്നു നടത്തുന്ന ഒരു നാടകമാണെന്നു ചില അടക്കം പറച്ചിലുകള്‍ ഉയരുന്നുണ്ട്. ഇതിനു ചില കാരണങ്ങളുണ്ട്. ഒന്ന്, ഇത്രയും കാലം മോഡി ഒറ്റക്കു കളിക്കുകയായിരുന്നെന്നു കരുതുക വയ്യ. ഇന്നു മോഡിയെ കെടുകാര്യസ്ഥതയുടെ പേരില്‍ ആക്രമിക്കുന്നവര്‍, ഇത്രയും കാലം കണ്ണുമടച്ചിരുട്ടാക്കുകയായിരുന്നെന്നു വേണം അനുമാനിക്കാന്‍. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ബിസിസി‌ഐ ഒഴിവാക്കിയിരിക്കുന്ന വിഷയങ്ങളിലേക്കു ഒന്നു കണ്ണോടിച്ചാല്‍ ഇതിലെ ചുറ്റിക്കളി വ്യക്തമാകും. ഒന്നാമതായി, മോഡിക്കെതിരെയുള്ള സാമ്പത്തിക തിരിമറികള്‍ മുഴുവനും ബിസിസി‌ഐ അന്വേഷിക്കില്ല; ലേലത്തില്‍ ഒത്തുകളിക്കാന്‍ ഒത്താശ ചെയ്ത വസ്തുതയും അന്വേഷണ പരിധിയിലില്ല; രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡ് ഓഫ് ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍‌വസ്റ്റ്മെന്റുമായി മോഡിക്കുണ്ടായിരുന്ന ഭൂമിയിടപാടുകളും അന്വേഷണത്തിലില്ല. ഇതൊന്നും അന്വേഷിക്കാനുള്ളത്ര രേഖകള്‍ തങ്ങളുടെ പക്കലില്ലെന്ന മുടന്തന്‍ ന്യായമാണ് ബിസിസി‌ഐ പറയുന്നത്. കണ്ടുപിടിക്കണം ഹേ, എന്നു പറയേണ്ട മന്മോഹന്‍ സര്‍ക്കാര്‍ മൗനത്തിലും. ഇതൊക്കെക്കൊണ്ടു തന്നെയാണ് നാം ഇന്നു ജീവിക്കുന്ന കാലത്തിനു പറ്റിയ രൂപകമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നു മുതിര്‍ന്ന സാമ്പത്തിക പത്രപ്രവര്‍ത്തകന്‍ ടീഎന്‍ നൈനാന്‍ എഴുതിയത്. ഒരു ജനതക്കു അവര്‍ അര്‍ഹിക്കുന്ന രാഷ്ട്രത്തലവനെ ലഭിക്കുമെന്നു പറയുന്ന പോലെ, ഒരു ജനതക്കു അവരര്‍ഹിക്കുന്ന കായികവിനോദമേ കിട്ടൂ എന്നു ഈ പ്രീമിയര്‍ ലീഗു നോക്കി ആരും പറയരുതെന്നേ നമുക്കാശിക്കാനാകൂ.

ഇതോടോപ്പം വായിക്കാവുന്നത് 

ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

Feb 24, 2010

പ്രണബിന്റെ ബജറ്റ്: വെല്ലുവിളികളും പ്രതീക്ഷകളും

ഉത്തേജക നടപടികളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വന്‍ പ്രതിസന്ധിക്കിടയിലും പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതെന്ന് പ്രമോദ് തോമസ് 

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് ഇപ്പോള്‍ ഏറെക്കുറെ പൂര്‍ത്തിയായി കാണും. ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഫെബ്രുവരി 26 വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടത്താന്‍ പോകുന്ന ബജറ്റ് പ്രസംഗം സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഇന്ത്യന്‍ സമ്പദ്രംഗം എങ്ങിനെയായിരിക്കണം എന്നതിന്റെ ബ്ലു പ്രിന്റായിരിക്കും. അതുകൊണ്ടു തന്നെ, ഓഹരി വിപണിയും, വ്യവസായവും, സര്‍വോപരി അടിമുടി വിലക്കയറ്റം മൂലം വലയുന്ന സാധരണക്കാരും ഒരുപോലെ ആ ബജറ്റിനു വേണ്ടി കാത്തിരിക്കുകയാണ്. ഓഹരി വിപണിയെ ഉത്തേജിപ്പിക്കുക എന്നതിനേക്കാളേറെ, ധനമന്ത്രിയുടെ ശ്രദ്ധ ധനക്കമ്മി നിയന്ത്രണത്തിലും, സാമ്പത്തിക വളര്‍ച്ചയിലും ആയിരിക്കും എന്നതിനാല്‍ തന്നെ, ബജറ്റ് വിപണിയെ സംബന്ധിച്ചിടത്തോളം ഒരു നോണ്‍ ഇവന്റ് ആകും എന്ന അഭിപ്രായമുണ്ട്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ പിന്‍സീറ്റിലേക്ക് തള്ളപ്പെടാനാണ് സാധ്യത എന്നതിനാല്‍, നിക്ഷേപകര്‍ ബജറ്റിനോട് രൂക്ഷമായി പ്രതികരിക്കാനാണ് സാധ്യത. മുന്‍വര്‍ഷങ്ങളിലെ ബജറ്റിനോടനുബധിച്ച് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വിപണിയില്‍ ദൃശ്യമായിരുന്നു.

ബജറ്റിനെ സാധാരണ ജനം ഉറ്റുനോക്കുന്നത് വിലക്കയറ്റം വീര്‍പ്പു മുട്ടിക്കുന്ന സമകാലിക സാഹചര്യത്തില്‍ നിന്നാണ്. ജനുവരിയിലെ രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് 8.56 ശതമാനമായുയര്‍ന്നു. മാര്‍ച്ചോടെ ഇതു രണ്ടക്കം തൊടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം അവസാനത്തോടെയേ, റിസര്‍വ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ച കരുതല്‍ ധന അനുപാതത്തിലെ വര്‍ധന പൂര്‍ണമായും പ്രാബല്യത്തില്‍ വരികയുള്ളൂ. ഏകദേശം 36,000 കോടിയോളം രൂപ പൊതു വിപണിയില്‍ നിന്നും വടിച്ചു നീക്കാന്‍ ഈ നടപടി ഉപകരിക്കുമെന്ന് കരുതുന്നു. എന്നാല്‍ വിലക്കയറ്റത്തെ, പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലയെ, നിയന്ത്രിക്കാന്‍ ഈ നടപടി കൊണ്ടാവും എന്നു പ്രതീക്ഷിക്കാന്‍ ന്യായമായി വകയില്ല. മറ്റൊരു പ്രശ്നം ധനക്കമ്മിയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ കമ്മി ആഭ്യന്തരോത്പാദനത്തിന്റെ 6.8-7 ശതമാനാമാവാനാണ് സാധ്യത. കമ്മിയിലെ വര്‍ധന ക്രെഡിറ്റ് റേറ്റിംഗില്‍ ഇന്ത്യയെ താഴ്ത്തും. അങ്ങിനെ വന്നാല്‍ വിദേശ നിക്ഷേപം കുറയാന്‍ അത് ഇട വരുത്തും.

രാജ്യത്തിന്റെ നെടുംതൂണായ സര്‍വീസ് മേഖലയെയാണ് അത് പ്രതികൂലമായി ബാധിക്കുക. റ്റൂറിസം മേഖലയില്‍ സംഭവിക്കുന്ന ഇടിവും കണ്ടില്ലെന്ന് നടിച്ചു കൂടാ. രാജ്യത്ത് പുതിയ നികുതി സമ്പ്രദായം നടപ്പാക്കുക എന്ന പ്രസ്റ്റീജ് പദ്ധതിയെ പറ്റി ബജറ്റ് എന്തു പറയുന്നു എന്ന് സാമ്പത്തിക ലോകം ഉറ്റു നോക്കുകയാണ്. കിരിത് പാരിഖ് റിപോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പെട്റോളിയം ഉത്പന്നങ്ങളുടെ സ്വതന്ത്ര വില നിര്‍ണയം മറ്റൊരു വിഷയമാണ്. ആഗോള സാമ്പത്തിക മാന്ദ്യം കരുത്തു മുഴുവന്‍ ചോര്‍ത്തി കളഞ്ഞ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളാണ് നിലനില്‍ക്കാനുള്ള ഊര്‍ജം നല്‍കിയത്. യൂറോപ്പില്‍ നിന്ന് വായ്പാ പ്രതിസന്ധിയുടെ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ ഉത്തേജക പദ്ധതികള്‍ നില നിര്‍ത്തണോ വേണ്ടയോ എന്ന എന്ന കാര്യം ബജറ്റില്‍ വ്യക്തമാക്കേണ്ടതുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനത്തോളം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രവചനം. എന്നാല്‍, വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയത് ഈ ഉത്തേജക പദ്ധതികളാണെന്ന് മറക്കരുത്. അതുകൂടെ പരിഗണിച്ചാല്‍, യഥാര്‍ത്ഥ വളര്‍ച്ച 5-6 ശതമാനമേ ഉള്ളൂ എന്നു പറയേണ്ടി വരും.

നാണ്യപെരുപ്പം വന്‍ ഭീഷണിയായുയരുന്ന സാഹചര്യത്തില്‍, ബജറ്റിനു ശേഷം റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. കൂടാതെ, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായി കൂടുതല്‍ ധനവ്യയം എന്തായാലും ഉണ്ടാകാനിടയുണ്ട്. എന്നാല്‍ വിലക്കയറ്റത്തിന്റെ മേഖലയിലാണ് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടത്. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുകയും പൂഴ്തിവപ്പും, കരിഞ്ചന്തയു ഒഴിവാക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എന്തായാലും തുടരാനാണ് സാധ്യത. വമ്പിച്ച ധനക്കമ്മി നേരിടുന്ന സര്‍ക്കാര്‍ ധന സമാഹരണത്തിനായി സാധ്യമായ എല്ല വാഴികളും തേടും. അത്തരമൊരു നീക്കം ഓഹരി വിപണിയില്‍ ഓളങ്ങളുണ്ടാക്കുമെന്നാണ് പൊതുവെ വിശ്വാസമെങ്കിലും അടുത്തിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഹരി വില്പനയോട് വിപണി മന്ദമായാണ് പ്രതികരിച്ചതെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. പ്രണബ് മുഖര്‍ജിയുടെ പരിമിതമായ ആവനാഴിയില്‍ മാന്ത്രികാസ്ത്രങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. അതായത്, വിപണി കടുത്ത രീതിയില്‍ പ്രതികരിക്കാനാണ് സാധ്യത.

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍ 

Feb 5, 2010

ഏണ്ണരാജാക്കന്മാരുടെ സ്വന്തം യുപിഎ

എണ്ണക്കമ്പനികള്‍ക്കു വേണ്ടി യുപിഎ പൊതുജനങ്ങളെ കൊള്ള ചെയ്യാനൊരുങ്ങുകയാണെന്ന് എംജെഎസ്

പെട്രോളിയം മന്ത്രി ഫെബ്രുവരി 2ന് നടത്തിയ ഒരു പ്രസ്താവന കേട്ടാല്‍ തോന്നുക വിലക്കയറ്റത്തില്‍ ഏറ്റവുമധികം വേദനിക്കുന്ന യുപിഎ മന്ത്രി അദ്ദേഹമാണെന്നാണ്. കിരിത് പാരിഖ് കമ്മിറ്റി റിപോര്‍ട്ട് വരുന്നതു വരെ ഇന്ധന വില വര്‍ധിപ്പിക്കുന്ന കാര്യം തങ്ങളുടെ അജന്‍ഡയിലേ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. "വിലക്കയറ്റം എത്ര വലിയ വെല്ലുവിളിയാണെന്ന് സര്‍ക്കാരിനറിയാം. ഈയവസ്ഥയില്‍ പെട്രോള്‍-ഡീസല്‍ വില 2-3 രൂപ വര്‍ധിപ്പിച്ചാല്‍ പോലും അത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാവും," ദിയോറ ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതു കേട്ട് കേന്ദ്ര മന്ത്രിയുടെ സാധുജന സ്നേഹത്തെ കുറിച്ചോര്‍ത്ത് പുളകം കൊണ്ട ശുദ്ധഹൃദയക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മറുപടിയായി തൊട്ടടുത്ത ദിവസം തലസ്ഥാനത്ത് മറ്റൊരു പത്രസമ്മേളനവും നടന്നു. എണ്ണവില നിര്‍ണയത്തെ കുറിച്ച് പഠിക്കാന്‍ പ്രധാന മന്ത്രി നിയമിച്ച കമ്മിറ്റി ചെയര്‍മാന്‍ കിരിത് പാരിഖ് നടത്തിയ സമ്മേളനം. കമ്മിറ്റി റിപോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് ബുധനാഴ്ച മന്ത്രി ദിയോറയോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനായെത്തിയത്. കമ്മിറ്റിയുടെ കണ്ടെത്തലുകളാകട്ടെ ഇന്നാട്ടിലെ കോര്‍പറേറ്റ് മാധ്യമങ്ങളും, എണ്ണ ഭീമന്മാരും, പെട്രോളിയം മന്ത്രാലയവും കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും അണുകിട വ്യത്യസ്ഥമായിരുന്നില്ല എന്നതാണ് തമാശ.

കമ്മിറ്റി ശുപാര്‍ശകള്‍

പാരിഖ് കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ പെട്രോളിന്റേയും ഡീസലിന്റേയും വില നിര്‍ണയിക്കുന്ന നിലവിലുള്ള സംവിധാനം എടുത്തു കളയണമെന്നതാണ്. പകരം, കമ്പോള നിയന്ത്രിത വിലനിര്‍ണയ സംവിധാനം  (അതായത് എണ്ണകമ്പനികള്‍ക്ക് റിട്ടെയില്‍ മാര്‍ക്കറ്റിലെ എണ്ണയുടെ വില നിര്‍ണയിക്കാന്‍ അധികാരമുണ്ടായിരിക്കുമെന്ന്) നടപ്പാക്കണമെന്ന് മുന്‍ ആസൂത്ര കമ്മിഷന്‍ അംഗമായിരുന്ന പാരിഖ് പറയുന്നു. ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകം, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് പരിമിതമായ അളവില്‍ സര്‍ക്കാര്‍ സബ്സിഡി ആവാമെങ്കിലും നിലവിലെ അവസ്ഥ തുടരാനൊക്കില്ലെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു സിലിണ്ടര്‍ പാചകവാതകത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 287 രൂപയാണ്. ഈ സംവിധാനം മാറ്റി മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (GDP) വളര്‍ച്ചയായി പാചക വാതക വിലയേയും, കാര്‍ഷികോത്പാദനത്തിന്റെ വളര്‍ച്ചയായി മണ്ണെണ്ണ വിലയേയും ബന്ധിപ്പിക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. അതായത്, ഇതിനു മുന്‍പ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ച മാര്‍ച്ച് 2002 മുതലുള്ള GDP വളര്‍ച്ചയുടെ -- 66 ശതമാനം -- അനുപാതമെടുത്താല്‍ മണ്ണെണ്ണ വില ഒരു ലിറ്ററിന് 6 രൂപ വര്‍ധിക്കും. അതു പോലെ തന്നെ ഗ്യാസിന്റെ വിലയും കൂടും. 2004-05 മുതല്‍ നഗരജനതയുടെ ആഭ്യന്തരോത്പാദനത്തിലുണ്ടായ 85 ശതമാനം വളര്‍ച്ച പരിഗണിക്കുമ്പോള്‍ നഗരങ്ങളില്‍ പാചക വാതകം സിലിണ്ടറിന് ഏകദേശം 485 രൂപയാവും.

ഈ പരിഷ്കാരങ്ങള്‍ നടത്താന്‍ പറ്റിയ ഏറ്റവും ഉചിതമായ സമയമാണിതെന്നാണ് പാരിഖിന്റെ കണ്ടെത്തല്‍. സബ്സിഡി ഭാരം സര്‍ക്കാരിന്റെ തലയില്‍ നിന്നും ഒഴിവായാല്‍ അത് ധനക്കമ്മി കുറയ്ക്കുമെന്നും അതുകൊണ്ട് തന്നെ നിര്‍ദേശിത പരിഷ്കാരങ്ങളുടെ നേട്ടം സാധാരണ ജനങ്ങള്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം പറയുന്നു. വില വര്‍ധനയ്ക്കും, വില നിര്‍ണയ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതിനും അദ്ദേഹം പറയുന്ന ന്യായമാവട്ടെ, എണ്ണകമ്പനികള്‍ വന്‍ സാമ്പത്തിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നതാണ്. "നമ്മുടെ എണ്ണ വ്യാപാര കമ്പനികളുടെ സാമ്പത്തിക ആരോഗ്യം അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയ വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില നിര്‍ണയിക്കാനുള്ള അധികാരം കിട്ടിയാലേ, മത്സരോത്സുകമായ എണ്ണ വിപണിയില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനാവൂ...," അദ്ദേഹം പറയുന്നു.

എണ്ണക്കമ്പനികള്‍ നഷ്ടത്തിലോ?

എണ്ണകമ്പനികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നത് ഇന്ത്യയില്‍ സര്‍ക്കാരും മാധ്യമങ്ങളും ഒരുപോലെ നടത്തുന്ന ഒരു പ്രചാരണമാണ്. ഇതില്‍ എത്ര മാത്രമുണ്ട് വാസ്തവം. രാജ്യത്തെ പ്രധാന എണ്ണ വ്യാപാര കമ്പനികളുടെ കാര്യം തന്നെ നോക്കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഐഒസിയുടെ (Indian Oil Corp) ലാഭം 696.5 കോടി രൂപയാണ്. ബിപിസിഎല്‍ (Bharat Petroleum Corp), എച്പിസിഎല്‍ (Hindustan Petroleum Corp) എന്നീ കമ്പനികള്‍ ഇതേ സമയത്ത് ഉണ്ടാക്കിയ ലാഭം യഥാക്രമം 379 കോടി, 31 കോടി എന്നിങ്ങനെയാണ്. ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, റിലയന്‍സ് എന്നീ എണ്ണയുത്പാദന കമ്പനികളുടെ ലാഭമാകട്ടെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കുതിച്ചുയരുകയാണ് ചെയ്തത്. സ്വകാര്യ എണ്ണകമ്പനിയായ എസ്സാര്‍ ഓയില്‍ മാത്രമാണ് ഡിസംബര്‍ പാദത്തില്‍ നഷ്ടമുണ്ടാക്കിയ ഒരേയൊരു എണ്ണ കമ്പനി. എന്നാല്‍ എസ്സാറിന്റെ നഷ്ടം 2008 ഡിസംബര്‍ പാദത്തിലെ 1,230 കോടി രൂപയില്‍ നിന്ന് 2009ല്‍ 226 കോടിയിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. അതായത്, വെറും മൂന്നുമാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രമുഖ ആറ് എണ്ണകമ്പനികള്‍ ഉണ്ടാക്കിയ ലാഭം 8,877.36 കോടി രൂപ വരും (താഴെയുള്ള ചാര്‍ട്ട് നോക്കുക). ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, ഏതു നഷ്ടത്തിന്റെ കണക്കാണ് മുരളി ദിയോറയും കിരിത് പാരിഖും പ്രധാന മന്ത്രി തന്നെയും വിളമ്പി കൊണ്ടിരിക്കുന്നത്?      
അണ്ടര്‍-റിക്കവറി നഷ്ടമല്ല
ഇവിടെയാണ് അണ്ടര്‍-റിക്കവറി എന്ന വില്ലന്‍ കടന്നു വരുന്നത്. ഏണ്ണഭീമന്മാര്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപയുടെ അണ്ടര്‍-റിക്കവറിയാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇത് പൊതുവെ പലരും ധരിച്ചിരിക്കുന്നതു പോലെ നഷ്ടമല്ല. എന്താണ് ഈ അണ്ടര്‍-റിക്കവറി? അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാങ്ങുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഒരു കമ്പനി ആഭ്യന്തര മാര്‍ക്കറ്റില്‍ എണ്ണ വില്‍ക്കുന്നതെങ്കില്‍ ഈ വ്യത്യാസമാണ് അണ്ടര്‍-റിക്കവറി എന്നറിയപ്പെടുന്നത്. എന്നാല്‍ ഇത് നഷ്ടമായി കണക്കാക്കപ്പെടാത്തതിന്റെ കാരണം ഈ പണം, ലാഭം സഹിതം സര്‍ക്കാര്‍ സബ്സിഡിയായി കമ്പനികള്‍ക്ക് ലഭിക്കുമെന്നതിനാലാണ്. ഇത് ഓയില്‍ ബോണ്ടുകള്‍ വഴിയോ, പണമായോ കമ്പനികള്‍ക്ക് ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കും. ഇത് സമയത്ത് കിട്ടാത്തതു കൊണ്ട് അണ്ടര്‍-റിക്കവറിയായി കണക്കാക്കപ്പെടുന്നു.

ഈ സംവിധാനമെങ്ങിനെ വന്‍ലാഭമുണ്ടാക്കി കൊണ്ടിരിക്കുന്ന കമ്പനികളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുമെന്ന് യുക്തിസഹം ചിന്തിക്കുന്ന ആര്‍ക്കും മനസിലായി കൊള്ളണമെന്നില്ല. എങ്കിലും, രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിയും, അദ്ദേഹത്തിന്റെ എണ്ണ മന്ത്രിയും പറയുന്നു എണ്ണക്കമ്പനികളുടെ ആരോഗ്യം അപകടത്തിലാണെന്ന്. ഇവര്‍ രണ്ടും ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയും പറയുന്നതങ്ങിനെയാണ്. ഇതിനു പരിഹാരമായി, മന്ത്രാലയവും കമ്മിറ്റിയും ആവശ്യപ്പെടുന്നത്, വില നിര്‍ണയത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നാണ്. ഇന്ത്യയിലെ എണ്ണ വിലനിര്‍ണയ സംവിധാനം ഇതുവരെ പൂര്‍ണമായും കമ്പോളശക്തികള്‍ക്കു കീഴ്പെട്ടിട്ടില്ല. അതായത്, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില എത്ര കൂടിയാലും അതിനനുസരിച്ച് ആഭ്യന്ത റിട്ടെയില്‍ വിപണിയില്‍ വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം എണ്ണ കമ്പനികള്‍ക്കില്ല. ഈ സംവിധാനത്തിനു പകരം, അങ്ങേയറ്റം അസ്ഥിരമായ അതാരാഷ്ട്ര എണ്ണ വിപണിയിലെ വിലനിലവാരത്തിനനുസരിച്ച് റിട്ടെയില്‍ മാര്‍ക്കറ്റില്‍ എണ്ണയുടെ വില തീരുമാനിക്കാനുള്ള അധികാരം യഥേഷ്ടം കമ്പനികള്‍ക്ക് പതിച്ചു നല്‍കണമെന്ന് സാരം.

അണ്ടര്‍-റിക്കവറി എന്നത് സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കാനായി ഇക്കൂട്ടര്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു തന്ത്രം മാത്രമാണ്. ഉറപ്പായിട്ടും റിക്കവര്‍ ചെയ്യപ്പെടുന്ന പണമാണെങ്കില്‍ ഇത് കമ്പനികളെ ബാധിക്കുന്ന  ഒരു സാഹചര്യവുമില്ല. മുകളില്‍ സൂചിപ്പിച്ചതു പോലെ, ഒരു കമ്പനിയും കടബാധ്യതയോ, മറ്റു സാമ്പത്തിക പ്രശ്നങ്ങളോ നേരിടുന്നുമില്ല. അപ്പോള്‍ പിന്നെ എന്താണ് പെട്രോളിയം മന്ത്രാലയത്തിന്റെ അജന്‍ഡ? ഉത്തരം ലളിതം -- ഇന്ത്യയിലെ എണ്ണ മാര്‍ക്കറ്റിനെ പൂര്‍ണമായും വിപണി ശക്തികള്‍ക്ക് വിട്ടു കൊടൂക്കുക. റിലയന്‍സിനെ പോലുളള ഭീമന്മാര്‍ റിട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്ന സമയത്തു തന്നെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളെ ആട്ടിപായിച്ച് വിപണിയെ 'ശുദ്ധീകരി'ക്കാനുള്ള നീക്കവുമായി എണ്ണ മന്ത്രി തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് പാരിഖ് കമ്മിറ്റിയുടെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

മൂന്നുമാസത്തിനുള്ളില്‍ ഒമ്പതിനായിരത്തോളം കോടി രൂപ ലാഭമുണ്ടാക്കിയ എണ്ണകമ്പനികള്‍ക്കു വേണ്ടിയാണ് മന്ത്രിയും, മന്ത്രാലയവും, കമ്മിറ്റിയും, പത്രങ്ങളുമെല്ലാം സംഘമായി കണ്ണീരൊഴുക്കുന്നത്. പരിഖ് കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കിയാല്‍ അതു കൊണ്ട് സാമാന്യ ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആരുമില്ല. കമ്പോളത്തിന്റെ ദയാവായ്പ്പിനു മുന്നിലേക്ക് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമെറിഞ്ഞു കൊടുക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സര്‍ക്കാര്‍ കമ്പനികളുടെ ആരോഗ്യത്തെ കുറിച്ച് അത്രയേറെ ആശങ്കയുള്ള ഒരു പ്രധാനമന്ത്രിയാണ് മന്മോഹന്‍ സിംഗെങ്കില്‍ ആദ്യം ഇടപെടേണ്ടത് സര്‍ക്കാര്‍-നിയന്ത്രിത റ്റെലികോം കമ്പനികളുടെ കാര്യത്തിലാണ്. ബിഎസ്എന്‍എല്ലിനേയും, എംറ്റിഎന്‍എല്ലിനേയും എങ്ങിനെയെല്ലാം നശിപ്പിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മന്ത്രിയേയും ഉദ്യോഗസ്ഥരേയും അരിയിട്ട് വാഴിച്ചിരുത്തിയിരിക്കുന്ന ഒരു സര്‍ക്കാരാണിത്. എയര്‍ ഇന്ത്യയെ കുത്തുപാളയെടുപ്പിച്ചതും ഇതേ സര്‍ക്കാര്‍ തന്നെ. ഇതിലൊന്നും ഒരു വേവലാതിയുമില്ലാത്ത യുപിഎ ആണ് എണ്ണ കമ്പനികളുടെ പേരും പറഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യാനായിറങ്ങിയിരിക്കുന്നത്.  
  
ഇതിന്റെ മറ്റൊരു വിരോധാഭാസം അനിയന്ത്രിത വിപണിക്കു (Unbridled Market) വേണ്ടിയുള്ള ഈ കരച്ചിലിന്റെ സമയമാണ്. സാമ്പത്തിക പ്രതിസന്ധിക്കു ശേഷം വിപണി മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്ക പോലും മാര്‍ക്കറ്റില്‍ കടുത്ത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് പറയുന്ന ഒരു സമയത്താണ് നമ്മുടെ തുക്കിടി സായിപ്പന്മാര്‍ അനിയന്ത്രിത വിപണി സിദ്ധാന്തവുമായെത്തുന്നത്. അതും വിലക്കയറ്റം ഇന്ത്യാ മഹാരാജ്യത്തിലെ പാവപ്പെട്ടവരുടെ ജീവിതം അനുദിനം ദുഷ്കരമാക്കി കൊണ്ടിരിക്കുന്ന ഒരു കാലത്ത്. ഇനിയും എത്ര സാമ്പത്തിക പ്രതിസന്ധികളുണ്ടായാലാണ് ഈ കമ്പോള മൗലികവാദികള്‍ പാഠം പഠിക്കുക? കോര്‍പറേഷനുകളുടെ ചീര്‍ത്ത ലാഭക്കണക്കുകള്‍ക്കു പകരം എന്നാണ് സാമാന്യ ജനങ്ങളുടെ ജീവിതം ഇവരുടെ ചിന്തയിലേക്ക് കടന്നു വരിക?

Dec 7, 2009

കൊല്ലും യുപിഎ, തിന്നും മന്ത്രിമാര്‍

രാജ്യത്തെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ലാത്ത പ്രധാന മന്ത്രിയും, ചോദ്യം ചോദിച്ചാല്‍ ചൂടാവുന്ന ധനമന്ത്രിയും. യുപിഎ സര്‍ക്കാരിനെ കുറിച്ച് കെഎന്‍ അശോക് എഴുതുന്നു കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറാണ് പ്രണബ് മുഖര്‍ജി. വയസ് 75 ആയെങ്കിലും ഓര്‍മശക്തിക്കോ, പരിഹാസ ശേഷിക്കോ യാതൊരു കോട്ടവും തട്ടിയിട്ടില്ല. അദ്ദേഹത്തിന് പിടിപാടില്ലാത്ത വിഷയങ്ങള്‍ ചുരുക്കമെന്ന് ദില്ലിയിലെ ഭക്തര്‍ പറയുന്നു. ധീരുഭായ് അംബാനിയേയും, മക്കളേയും ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പ്രണബ്ദാ വഹിച്ച പങ്ക് അറിയേണ്ടവര്‍ക്കെല്ലാമറിയാം. ഇന്ദിരാജിയുടെ കാലം മുതല്‍ സര്‍ക്കാര്‍ ഖജനാവ് കാത്തുപോന്നയാളാണ്. എന്നിട്ടും, 2004ല്‍ അധികാരം പിടിച്ചെടുത്തപ്പോളും, 2009ല്‍ അത് കാത്തപ്പോഴും, പ്രണബിനെ പ്രധാനമന്ത്രി കസേരയിലിരുത്താന്‍ മരുമകള്‍ ഗാന്ധി തയ്യാറായില്ല. തനിക്ക് ഹിന്ദി പരിജ്ഞാനമില്ലാത്തതാണ് പ്രധാന മന്ത്രിയാവാന്‍ തടസമെന്ന് വന്ദ്യവയോധികന്‍ വിശദീകരിച്ചിരുന്നെങ്കിലും അതു പലര്‍ക്കും വിശ്വാസം പോര. പ്രധാനമന്ത്രിയല്ലെങ്കിലും, പ്രണബ് ഇല്ലാതെ സര്‍ക്കാര്‍ വണ്ടി ഓടില്ലെന്നതാണ് സ്ഥിതി. അമ്പതോളം മന്ത്രിതല സമിതികളുടെ അധ്യക്ഷസ്ഥാനവും ഇഷ്ടവകുപ്പുകളും കയ്യില്‍ ഭദ്രം. അങ്ങിനെയുള്ള മന്ത്രിപുംഗവനോട്, അദ്ദേഹത്തിനോ സര്‍ക്കാരിനോ യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളെ കുറിച്ച് ചോദ്യം ചോദിക്കാന്‍ വൃന്ദാ കാരാട്ടിനോടാരു പറഞ്ഞു?

പ്രധാനമന്ത്രി പദം വഹിക്കുന്ന മന്മോഹന്‍ സര്‍ ഭാര്യയേയും കൂട്ടി അമേരിക്കയില്‍ വിരുന്നിനു പോയ (അന്ന് ഒബാമ കുടുംബം ഇരുവര്‍ക്കുമായി നിരത്തിയ വിഭവങ്ങളുടെ പട്ടികയെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയ വിവരണം വായിച്ച് പാവം ഇന്ത്യന്‍ മധ്യവര്‍ഗത്തിനണിഞ്ഞ പുളകം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലത്രേ!) തക്കത്തിന് മന്ത്രിസഭയുടെ അധ്യക്ഷ സ്ഥാനത്തൊക്കെ ഇരുന്നരുളിയ ആളാണ് പ്രണബ്ദാ. ആ ദേഹത്തോടാണ് ഡിസംബര്‍ ഒന്നിന് പഞ്ചസാരയുടെ വിലക്കയറ്റത്തെ കുറിച്ച് (ച്ഛേ...) വൃന്ദ ചോദ്യമുന്നയിക്കുന്നത്. പുംഗവന്‍ പൊറുക്കുമോ? "നിങ്ങളുടെ ദേഷ്യമൊന്നും ഇവിടെ വേണ്ട; അതു വേറെ വല്ലയിടത്തും കൊണ്ടു പോയി കാണിച്ചാല്‍ മതി"യെന്നായിരുന്നു സുരേഷ് ഗോപി സ്റ്റൈല്‍ മറുപടി. അപ്പോള്‍ പിന്നെ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി എംപിമാര്‍ വിമാനവും പിടിച്ച് ഇടയ്ക്കിടെ ദില്ലിയില്‍ വരുന്നതിന്റെ ഗുട്ടന്‍സെന്താണ് സര്‍?

അതിനുള്ള മറുപടി അതേ ദിവസം തന്നെ നല്‍കിയത്, പ്രണബിന്റെ സഹപ്രവര്‍ത്തകനും, രാഹുല്‍ജിയുടെ ഗ്രാമീണ ഇന്ത്യക്ക് പുതിയ മുഖം നല്‍കുന്നതിന് നിയുക്തപ്പെട്ടവനുമായ ഡോ. പിസി ജോഷി സാറാണ്. "ഞങ്ങളുടെ പാര്‍ടി (സര്‍ക്കാരല്ല) ഓരോ പദ്ധതികള്‍ ആവിഷ്കരിക്കുകയും അതെങ്ങിനെ നടപ്പാക്കണമെന്ന് ഞങ്ങള്‍ തന്നെ തീരുമാനിക്കുകയും ചെയ്യും. നിങ്ങളിതില്‍ ഇടപെടേണ്ട കാര്യമില്ല" എന്നായിരുന്നു വിശിഷ്ടനായ ഗ്രാമീണ വികസന മന്ത്രിയുടെ തുറന്നു പറച്ചില്‍. പ്രണബ് മുഖര്‍ജീ കാര്യങ്ങള്‍ കുറച്ചു കൂടി വിശദമാക്കി: "വിലക്കയറ്റ പ്രശ്നത്തില്‍ സര്‍ക്കാരിന് അതീവ ഉത്കണ്ഠയുണ്ട്. കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുമുണ്ട്." അതു പോരെങ്കില്‍, "272 സീറ്റു നേടി നിങ്ങള്‍ വന്നു ഭരിച്ചോളൂ; എന്നിട്ടിഷ്ടമുള്ളതൊക്കെ ചെയ്യൂ" എന്ന് ഇടതിന്റെ നെഞ്ചിലൊരു കുത്തും. സമീപഭാവിയിലൊന്നും നടക്കാത്ത കാര്യമായതു കൊണ്ട് ഇടതര്‍ക്കൊപ്പം ബിജെപിയും വിഷമം ചിരിച്ചു കളഞ്ഞു.

സര്‍ക്കാര്‍ ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്ന് സാക്ഷാല്‍ പ്രണബ് മുഖര്‍ജി വിശദമാക്കിയ സ്ഥിതിക്ക് ഇനി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ കാര്യമൊന്നുമില്ല. "വില കുറച്ച് ഭക്ഷ്യധാന്യങ്ങള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഫെഡറലിസത്തിന്റെ അവകാശങ്ങളെ കുറിച്ച് മാത്രം പറഞ്ഞിരിക്കാതെ സംസ്ഥാനങ്ങള്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണ"മെന്നതാണ് പുതിയ പ്രണബ് വചനം. ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തെ പൊതുവിതരണ സംവിധാനം മുച്ചൂടും നശിപ്പിച്ച് സബ്സിഡികളെല്ലാം വെട്ടിക്കുറച്ച അധികാരികള്‍ തന്നെ പൊതുവിതരണത്തെ കുറിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ എന്തായാലും നല്ല ഇമ്പമുണ്ട്. ഇനി രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പൊതുവിതരണ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന കേരളത്തിലെ സ്ഥിതിയൊന്നു നോക്കുക. വിലവിവര പട്ടികയാണ് ചുവടെ:
കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ റേഷന്‍ കട പോലുമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ കാര്യം പറയാതിരിക്കുകയല്ലെ ഭേദം. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നതല്ലാതെ ഇവിടെ നിന്നും വരുന്ന എംപിമാര്‍ക്ക് പിന്നെന്തു ചെയ്യാന്‍ കഴിയും.

ദക്ഷിണേന്ത്യയിലെ അതിവര്‍ഷവും, ഉത്തരേന്ത്യയിലെ വരള്‍ച്ചയും മൂലം ഭക്ഷ്യധാന്യങ്ങളുടെ ഉതപാദനത്തിലുണ്ടായ കുറവും, അന്താരാഷ്ട്ര വിപണിയിലെ ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യവുമാണ് വിലക്കയറ്റത്തിനു കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കരിഞ്ചന്തയും, പൂഴ്ത്തിവപ്പും ഈ സാഹചര്യം രൂക്ഷമാക്കുന്നുവെന്ന് കൃഷി-ക്രിക്കറ്റ് മന്ത്രി ശരത് പവാറും വെളിപ്പെടുത്തി. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, ഇതേ സര്‍ക്കാര്‍ തന്നെ പച്ചപ്പരവതഅനി വിരിച്ച് ആനയിച്ച് വാഴിച്ചിരിക്കുന്ന റിട്ടെയില്‍ ഭീമന്മാരാണ് ഏറ്റവും വലിയ പൂഴ്ത്തിവപ്പുകാരെന്നത് പരസ്യമായ രഹസ്യമാണ്. ഈ കുത്തകകള്‍ക്കെതിരെ ആരെങ്കിലും എന്തെങ്കിലും നടപടിയെടുക്കുമോ? അങ്ങിനെ സര്‍ക്കാര്‍ കാഴ്ചക്കാരായി തുടരുമ്പോള്‍ രാജ്യത്തെ ഭക്ഷ്യവില സൂചിക 17.47 ശതമാനത്തിലെത്തി നില്‍ക്കുന്നു.

ജനസംഖ്യയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി കാര്‍ഷികോത്പാദനം കൂടുന്നില്ലെന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഉദാഹരണത്തിന് കരിമ്പു കൃഷി വ്യാപകമായി കുറഞ്ഞതാണ് പഞ്ചസാര കയ്ക്കാന്‍ ഇടയാക്കിയത്. ഭരണകൂടം കുത്തകകള്‍ക്കൊപ്പം വ്യവസായവത്കരണം, പ്രത്യേക സാമ്പത്തിക മേഖല (സെസ്) എന്നൊക്കെ പറഞ്ഞുള്ള പാച്ചില്‍ തുടങ്ങിയപ്പോഴേ വിവരമുള്ളവര്‍ പറഞ്ഞിരുന്നു ഇത് കാര്‍ഷിക പ്രതിസന്ധിയിലേക്കു നയിക്കുമെന്ന്. ജനസംഖ്യ കൂടുകയും മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ ശേഷി ഉയരുകയും ചെയ്തതോടെ സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി. എന്നാല്‍ ഉത്പാദനം വര്‍ധിക്കാത്തതു മൂലം ഉള്ള സാധനങ്ങളുടെ വില മേലോട്ട് കുതിക്കും. കൂടുതല്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഭൂമിയൊട്ടില്ല താനും.

ജനങ്ങളുടെ വാങ്ങല്‍ശേഷി കൂടുകയെന്നു പറഞ്ഞാല്‍ അവരുടെ ജീവിതനിലവാരം കൂടുകയെന്നതാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതുകൊണ്ടാണ് തങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ തുടര്‍ച്ചയായി ജയിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു. വില കയറി തുടങ്ങിയപ്പോള്‍ തന്നെയാണ് ഡല്‍ഹി നിലനിര്‍ത്തിയതും മിസോറാമും രാജസ്ഥാനും കോണ്‍ഗ്രസ് തിരിച്ചു പിടിച്ചതും. പൊതുതെരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ തകര്‍ത്തെറിഞ്ഞ് അധികാരം നിലനിര്‍ത്തിയപ്പോഴും വിലക്കയറ്റമുണ്ടായിരുന്നു. മഹാരാഷ്ട്രയും, ഹരിയാണയും, അരുണാചല്‍ പ്രദേശും നില നിര്‍ത്തികൊണ്ട് തങ്ങളുടെ വാദത്തിന് അവര്‍ അടിവരയിടുന്നു. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ വിധിയും മറിച്ചാവാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ പണ്ഡിതരുടെ വിലയിരുത്തല്‍. അപ്പോള്‍ ആര്‍ക്കാണ് പരാതി? ഇതാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്ന ചോദ്യം. ഇതിന് ജനങ്ങളുടെ ഭാഗത്തു നിന്ന്‍ ഉത്തരം കിട്ടാത്തിടത്തോളം കാലം വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. എന്നു മാത്രമല്ല, പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാമെന്നു വച്ചാല്‍, പ്രണബ്ദായുടെ വഴക്കും കേട്ടേക്കാം.

ദില്ലിയില്‍ ഇങ്ങിനെ ഒരുപാട് കാര്യങ്ങള്‍ നടക്കുമ്പോള്‍, രാജ്യത്തിന് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. പക്ഷേ, വിലക്കയറ്റം പോലുള്ള പെറ്റി കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മന്‍മോഹന്‍ സാറിനെവിടെ സമയം. ഒബാമ ചൈനയില്‍ പോയി കാണേണ്ടവരെയൊക്കെ കണ്ട് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തതിനു തൊട്ടു പിന്നാലെ കാഴ്ചദ്രവ്യങ്ങളും പത്രശിങ്കിടികളുമായി നേരെ വിട്ടു അദ്ദേഹം അമേരിക്കയിലേക്ക്. വില കയറിയതിനെ തുടര്‍ന്ന് വീട്ടില്‍ നിരോധിച്ച പരിപ്പു കറിയൊക്കെ കൂട്ടി അന്തസായി ഉണ്ടു തിരിച്ചു പോന്നു. പട്ടാളത്തേയും കൂട്ടി എപ്പോള്‍ വേണമെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒബാമ തമ്പ്രാനെ ക്ഷണിക്കുകയും ചെയ്തു. ഇനിയും യാത്രയാണ്. ഇപ്പോള്‍ റഷയിലേക്ക് തിരിച്ചിരിക്കുന്നു. കോപന്‍ഹേഗണില്‍ പോകാന്‍ താത്പര്യമുണ്ടായിട്ടല്ല. പക്ഷേ, ഒബാമയും, വെന്‍ ജിയബാവോയും, സര്‍കോസിയുമെല്ലാം പോകുന്നതല്ലെ. ആ ഭാഗമൊക്കെ ഒന്നു ചുറ്റിക്കറങ്ങി കളയാം. അവിടെ പോയി പറയേണ്ട കാര്യം ജയറാം സര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. രാജ്യത്തെ കാര്യങ്ങള്‍ നോക്കാന്‍ പ്രണബ്ദായുമുണ്ട്. പ്രധാനമന്ത്രി കസേരയിലിരിക്കുകയെന്നു പറഞ്ഞാല്‍ ഇങ്ങിനെ തന്നെയിരിക്കണം.

ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്.

Dec 2, 2009

ഐഎംഎഫിന്റെ തിരിച്ചുവരവ്

പരാജയത്തിന്റെ കഥ മാത്രം പറയാനുള്ള നാണ്യ നിധിയെ രക്ഷക വേഷം കെട്ടിക്കുന്നതാര്?
ആഗോള ധനകാര്യ സ്ഥാപനങ്ങളിലൊന്നായ അന്തര്‍ദേശീയ നാണ്യ നിധി (IMF) അതിന്റെ പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട് തിരിച്ചു വരവിനൊരൂഴം കാത്തിരിക്കുകയായിരുന്നു. ഏകദേശം ഒരു വര്‍ഷം മുന്‍പ് നാണ്യനിധിയെ പലരും പൂര്‍ണമായും എഴുതി തള്ളിയതാണ്. ഒരുകാലത്ത് കടുത്ത വ്യവസ്ഥകളുണ്ടായിട്ടു പോലും നിധിയില്‍ നിന്ന് വന്‍തോതില്‍ കടമെടുത്തിരുന്ന മിക്കവാറും വികസ്വര രാജ്യങ്ങള്‍, പിന്നീട് സ്ഥാപനം പറയുന്നത് അവഗണിച്ചു തുടങ്ങിയിരുന്നു. അതിനു കാരണം, ലോകസമ്പദ് രംഗത്തെ പിടിച്ചു കുലുക്കിയ പല പ്രതിസന്ധികളും മുന്‍കൂട്ടി കാണാനോ, അവയെ ശരിയായി നേരിടാനോ നാണ്യ നിധിക്ക് കഴിഞ്ഞില്ല എന്നതാണ്. അതിനു പുറമേ, സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ പോലും അലങ്കോലമാക്കിയെന്ന വിമര്‍ശനം കൂടിയായപ്പോള്‍ ഐഎംഎഫ് വന്‍ പ്രതിസന്ധിയിലായി കഴിഞ്ഞിരുന്നു.

ഐഎംഎഫിന്റെ നയനിര്‍ദേശങ്ങള്‍ പലപ്പോഴും ഇടുങ്ങിയതും, ഭാവനാശൂന്യവുമാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. വിവിധ സമ്പദ് വ്യവസ്ഥകള്‍ക്കും, വ്യത്യസ്ഥ സന്ദര്‍ഭങ്ങള്‍ക്കുമെല്ലാം നാണ്യനിധി മുന്നോട്ടു വച്ചത് ഒരേ നിര്‍ദേശങ്ങളായിരുന്നു. സൈദ്ധാന്തിക തലത്തില്‍ നോക്കിയാല്‍ പോലും നാണ്യനിധിയുടെ നിര്‍ദേശങ്ങള്‍ക്ക് കാലിക പ്രസക്തി പോലുമുണ്ടായിരുന്നില്ലെന്ന് കാണാം.

1990കളും 2000ന്റെ ആദ്യ വര്‍ഷങ്ങളും ഐഎംഎഫിനെ സംബന്ധിച്ച് മോശം സമയമായിരുന്നു. ഈ കാലയളവില്‍ ലോകത്ത് പല ഭാഗത്തായുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ -- തായ് ലാന്‍ഡും ദക്ഷിണ കൊറിയയും മുതല്‍ ടര്‍ക്കിയും അര്‍ജന്റീനയും വരെ -- മനസിലാക്കുന്നതിലോ, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലോ നിധി ദയനീയമായി പരാജയപ്പെട്ടു. പ്രതിസന്ധിക്കു കാരണം സ്വകാര്യ രംഗത്തിന്റെ പിടിപ്പുകേടാണെങ്കില്‍ നിധിയുടെ സാമ്പത്തികശാസ്ത്രജ്ഞര്‍ രാജ്യങ്ങള്‍ ധനക്കമ്മി ഇല്ലാതാക്കണമെന്ന് വാദിച്ചു; കമ്പോളത്തില്‍ വന്‍തോതില്‍ വിലയിടിവുണ്ടായാല്‍, ഇക്കൂട്ടര്‍ ഉയര്‍ന്ന പലിശ നിരക്കുകളും, അയവില്ലാത്ത പണനയവും വേണമെന്ന് നിര്‍ദേശിച്ചു; ഇനി സാമ്പത്തിക വളര്‍ച്ച താഴോട്ടു പോയാല്‍, സര്‍ക്കാര്‍ ചിലവ് വെട്ടിച്ചുരുക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. പ്രതിസന്ധിയെ മറികടന്ന രാജ്യങ്ങള്‍ പലപ്പോഴും നിധിയുടെ നിര്‍ദേശങ്ങളെ അവഗണിച്ച് ബദല്‍ സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചവയായിരുന്നു.

2002 മുതല്‍ ലോക ബാങ്കിനെ പോലെ നാണ്യനിധിക്കും കൊടുക്കുന്ന കടത്തിനേക്കാളേറെ അടവിനത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വികസ്വര രഷ്ട്രങ്ങള്‍ സ്വകാര്യ കടങ്ങള്‍ തീര്‍ക്കുന്നതിലേക്കും ബോണ്ട് കമ്പോളത്തിലേക്കും ശ്രദ്ധ തിരിച്ചതോടെ ഐഎംഎഫിന്റെ പ്രാധാന്യം വെല്ലുവിളിക്കപ്പെട്ടു തുടങ്ങി. അവികസിത രാജ്യങ്ങളാവട്ടെ കടം വാങ്ങാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ചൈനയും, തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളും ഒരു പരിധി വരെ ഇന്ത്യയും ഈ രാജ്യങ്ങളില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായതോടെ നാണ്യനിധിയിന്മേലുള്ള ആശ്രിതത്വം അവര്‍ക്ക് കുറയ്ക്കാനായി.

ഇത്തരമൊരു സാഹചര്യത്തിലണ് അഗോള സാമ്പത്തിക പ്രതിസന്ധിയും, മാന്ദ്യവും നാണ്യനിധിക്കു മുന്നില്‍ പുത്തന്‍ അവസരങ്ങള്‍ തുറന്നിടുന്നത്. 2008 സെപ്തംബറില്‍ ലിമാന്‍ ബ്രദേഴ്സ് പൊളിഞ്ഞതിനു ശേഷമുണ്ടായ അങ്കലാപ്പില്‍ പ്രതിസന്ധികള്‍ പ്രവചിക്കുന്നതിലോ, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലോ ഒരു മികവും അവകാശപ്പെടാനില്ലാത്ത നാണ്യ നിധിയുടെ ചരിത്രം പലരും മറന്നു പോവുകയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായാണ് ഐക്യരാഷ്ട്ര സഭയെ പോലും മറികടന്നു കൊണ്ട് അഗോള സമ്പദ്ഘടനയുടെ രക്ഷകനായവതരിച്ച ജി-20 നാണ്യ നിധിക്ക് അധിക വിഭവങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുന്നത്. പ്രതിസന്ധിയില്‍ പെട്ടുഴലുന്ന വികസ്വര കമ്പോളങ്ങള്‍ക്ക് സഹായഹസ്തമായി ധനസഹായം നല്‍കുന്നതിനും ജി-20 നിധിയെ ചുമതലപ്പെടുത്തി. ഇങ്ങിനെ അധിക വിഭവവും, അധികാരവും നല്‍കുന്നത് ഐഎംഎഫിന്റെ ഇപ്പോഴത്തെ അധികാര ഘടനയില്‍ കാതലായ ഒരു മാറ്റവും വരുത്താതെയാണ്. ഇപ്പോഴും അമേരിക്കയും, ഒരു പരിധി വരെ യൂറോപ്പുമാണ് നാണ്യനിധിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.അങ്ങിനെ ജി-20ന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെ ഐഎംഎഫ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ സബ്-പ്രൈം കമ്പോളത്തിന്റെ തകര്‍ച്ച മുന്‍കൂട്ടി കാണാന്‍ പറ്റാതിരുന്ന, പല രാജ്യങ്ങളിലേയും സാമ്പത്തിക പ്രശ്നങ്ങള്‍ വഷളാക്കിയ അതേ സംഘടനയെ തന്നെ എന്തു കൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള ചുമതലയേല്പ്പിക്കുന്നുവെന്ന് പലരും അത്ഭുതപ്പെട്ടേക്കാം. ഐസ്ലാന്‍ഡിന്റെ സാമ്പത്തിക രംഗം ശക്തമാണെന്നും, ഒരു വെല്ലുവിളിയും നേരിടുന്നില്ലെന്നും ഐഎംഎഫ് പറഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ആ രാജ്യം കൂപ്പു കുത്തിയതെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കുക. ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും ഐഎംഎഫ് കാര്യമായെന്തെങ്കിലും പഠിച്ചിട്ടുണ്ടോ എന്നതാണ്. ഇനി എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഫലപ്രദമായി നടപ്പാക്കാന്‍ നാണ്യ നിധിയുടെ ഇരട്ടത്താപ്പ് സമ്മതിക്കുമോ?

ഉദാഹരണത്തിന്, പ്രതിസന്ധിയില്‍ നിന്നും കരകേറുന്നതിനായി ഐഎംഎഫിന്റെ സഹായം തേടേണ്ട ഗതികേടു വന്നിരിക്കുന്ന രാജ്യങ്ങളുടെ മുന്നില്‍ പതിവു പോലെ കടുത്ത വ്യവസ്ഥകളാണ് നിരത്തപ്പെട്ടിരിക്കുന്നത്. പലിശനിരക്കുകള്‍ വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ ചെലവ് വെട്ടിച്ചുരുക്കുക എന്നിവയാണ് അവയില്‍ ചിലത്. കയറ്റുമതി കുറയുകയും, മൂലധനം വറ്റി വരണ്ടു പോവുകയും, തൊഴിലവസരങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്ത ചെറുരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഈ നിര്‍ദേശങ്ങള്‍ അത്യന്തം വിനാശകരമാണ്. ഐഎംഎഫ് ലോണിനായി കാത്തിരിക്കുന്ന ഉക്രൈന്‍, പാകിസ്ഥാന്‍, ലാത്വിയ എന്നീ രാജ്യങ്ങളോട് ആദ്യം നിരക്കുകള്‍, ഉയര്‍ത്താനും, ചെലവ് വെട്ടിച്ചുരുക്കാനും, സര്‍ക്കാര്‍ സര്‍വീസുകളുടെ ചാര്‍ജ് ഉയര്‍ത്താനുമാണ് നിധി ആവശ്യപ്പെട്ടത്.

ഇത്തരത്തിലുള്ള നയങ്ങള്‍ സ്വീകരിച്ചാല്‍, അത് ഈ ദുര്‍ബല രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുമെന്നും, വന്‍ പ്രതിസന്ധിക്ക് കളമൊരുക്കുമെന്നും ഐഎംഎഫ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി ആഗോള പ്രതിസന്ധിയുടെ പിടിയില്‍ നിന്നും കരകയറുന്നതിനുള്ള യഥാര്‍ത്ഥ മരുന്നാണ് ഈ നിര്‍ദേശങ്ങളെന്നും, സുസ്ഥിരമായ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നതിനു മുന്‍പ് ഇത്തരത്തിലുള്ള ഒരു പരീക്ഷണ ഘട്ടത്തിലൂടെ രാജ്യങ്ങള്‍ കടന്നു പോകണമെന്നുമാണ് നാണ്യ നിധി വാദിക്കുന്നത്. ഈ വാദം എക്കാലത്തും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഐഎംഎഫ് വ്യവസ്ഥകള്‍ എല്ലായ്പോഴും അവ നടപ്പിലാക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളി വിടുക മാത്രമേ ചെയ്യൂ. പ്രതിസന്ധിയില്‍ നിന്നും കരകേറാന്‍ ഇതൊട്ടും സഹായിക്കുകയുമില്ല. ഐഎംഎഫ് ആദ്യം ചെയ്യേണ്ടത് ഈ മരുന്ന് സ്വന്തം സംഘടനാ സംവിധാനം ശരിയാക്കാന്‍ ഉപയോഗിക്കുകയാണ്.

ജയതി ഘോഷ്
'മിന്റ്' പത്രത്തില്‍ വന്ന ലേഖനത്തിന്റെ തര്‍ജമ

Nov 24, 2009

ഇന്ത്യ ചൈനയെ പേടിക്കേണ്ടതുണ്ടോ?

ഏഷ്യയിലെ ഒന്നാം നമ്പര്‍ ശക്തിയാവാനായി കുതിക്കുന്ന ചൈന ഇന്ത്യക്ക് എങ്ങിനെയാണ് ഭീഷണിയാവുന്നതെന്ന് അഭിലാഷ് ടി ഒടുവില്‍ ചൈന അതിന്റെ "നിശബ്ദ വളര്‍ച്ചാ‍" സിദ്ധാന്തം ഉപേക്ഷിക്കുന്നുവെന്നതിനെ തെളിവായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിനു ടിയാന്‍മെന്‍ സ്ക്വയറില്‍ നടന്ന സൈനീക ശക്തിപ്രകടനം. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ആഘോഷങ്ങളിലൂടെ ചൈന എന്താണു ലോകത്തോട് പറയാന്‍ ശ്രമിച്ചത്? ഉത്തരം വളരെ ലളിതമാണു -- ചൈന ഇന്ന് ആഭ്യന്തര വൈദേശിക വെല്ലുവിളികള്‍ക്ക് അതീതമായ ഒരു സമഗ്രാധിപത്യ രജ്യമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജപ്പാന്റെയും പ്രഷ്യയുടെയും നിശബ്ദമായ ഉയര്‍ച്ചയും ഏതാണ്ട് ഇതു പോലെയായിരുന്നു. അതുകൊണ്ട് തന്നെ നിലനില്‍ക്കുന്ന ഏകധ്രുവലോക ക്രമത്തില്‍ തങ്ങള്‍ നേടിയെടുത്ത സ്ഥാനത്തു നിന്നു കൊണ്ട് എങ്ങിനെ വിലപേശല്‍ നടത്താം എന്നാണു ചൈന ഇപ്പോള്‍ ചിന്തിക്കുന്നത്. ഈയൊരു വിലപേശലിനായി ചൈന ആദ്യം ചെയ്തത് ഏഷ്യയിലെ, പ്രത്യേകിച്ചും ദക്ഷിണേഷ്യയിലെ, ഒന്നാമന്‍ എന്ന പദവിയിലേക്കെത്തുക എന്നതായിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ അവര്‍ 1990കളില്‍ തന്നെ ആരംഭിച്ചു. അത്തരത്തില്‍ ആര്‍ജിച്ച ബലത്തിന്റെ ശേഷിയിലാണ് ഇന്ന് ചൈന പടിഞ്ഞാറുമായി പ്രതിരോധം മുതല്‍ കച്ചവടം വരെയുള്ള കാര്യങ്ങളില്‍ വിലപേശല്‍ നടത്തുന്നത്. എന്നാല്‍ ഏഷ്യന്‍ വന്‍ശക്തിയാവാനുള്ള ഈ യാത്രയില്‍ ചൈന ആദ്യം ചെയ്തത് തങ്ങള്‍ക്കു വെല്ലുവിളിയായേക്കാവുന്ന ഇന്ത്യയെ 'നേരിടുക' എന്നതായിരുന്നു. ആ ഉദ്യമത്തില്‍ അവര്‍ വിജയിച്ചു എന്നു വേണം കരുതാന്‍.

ചൈനയുടെ ഇന്ത്യയെ കണ്ടെത്തല്‍
നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തിലിനു നേര്‍വിപരീതമായിരുന്നു ചൈനയുടേത്. ഇന്ത്യയാണെങ്കില്‍ സമ്പദ് വ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും ബാലദശയില്‍ തന്നെ അവരോട് ഒരു യുദ്ധത്തില്‍ പരാജയപ്പേടുകയും ചെയ്തു. ആ തോല്‍വിയുടെ ഭാരവും മുറിവികളും പിന്നീടെക്കാലവും ഇന്ത്യയെ പിന്തുടര്‍ന്നു. ചൈനയെ സംബന്ധിച്ച് ഇന്ത്യ എന്നത് സ്വന്തം രാജ്യത്തെ 'കുറുമ്പന്മാരായ' ബുദ്ധസന്ന്യാസിമാര്‍ക്കു അഭയം നല്‍കുകയും തങ്ങളുടെ ചില പ്രദേശങ്ങള്‍ കൈവശം വച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കൂഴപ്പക്കാരനായ അയല്‍ക്കാരനാണ്. അപ്പോള്‍ അവരെ നേരിടുക തന്നെ വേണം. അതുകൊണ്ട് ദക്ഷിണേഷ്യയില്‍ ഇന്ത്യക്കുള്ള സ്വാധീനത്തെ ചെറുക്കുക എന്നത് ചൈനയുടെ ആവശ്യവും അജന്‍ഡയുമാണ്. പുതിയൊരു സാമ്രാജ്യത്വ ശക്തിയായി ഉയര്‍ന്നു വരാന്‍ ചൈനയ്ക്കു അടുത്തൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല. അമേരിക്കയേയും ബ്രിട്ടനേയുമെല്ലാം വന്‍ശക്തികളാക്കി തീര്‍ക്കുന്നതില്‍ അവരുടെ നാവികശേഷിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന ഇക്കാര്യത്തില്‍ ഇപ്പോഴും ബഹുദൂരം പിന്നിലാണ്.[1] എങ്കിലും വളര്‍ച്ചാനിരക്ക്, കയറ്റുമതി (ആയുധ വ്യാപാരമടക്കം) എന്നിവ ഉപയോഗിച്ചു കൊണ്ട് ഇപ്പോള്‍ നില നില്‍ക്കുന്ന സാമ്രാജ്യത്വ അധികാരക്രമത്തില്‍ ഒരു ശക്തികേന്ദ്രമായി മാറാന്‍ ചൈനയ്ക്കു കഴിയും. ഇക്കാര്യങ്ങള്‍ മറ്റാരെക്കാളും നന്നായി ചൈനയ്ക്കറിയാം. അതുകൊണ്ടാണ് അവര്‍ ആദ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി അവര്‍ കൂട്ടുപിടിക്കുന്നതോ, ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളെയും.

ചെറുമീനുകളുടെ 'ഭാഗ്യം'
ചൈനയുടെ ദക്ഷിണേഷ്യയിലേക്കും അതുവഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുമുള്ള വ്യാപനം (String of Pearls) ഉന്നം വയ്ക്കുന്നത് ഈ മേഖലയില്‍ അവരുടെ ഭൗമരാഷ്ട്രീയ (geopolitical) താല്പര്യങ്ങളുടെ സാധൂകരണത്തിനാണെന്നു കരുതാം. ചൈന ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതാവട്ടെ ദക്ഷിണേഷ്യയിലെ
ഇന്ത്യയുമായി അസ്വാരസ്യത്തിലായിരിക്കുന്ന ചെറു രാജ്യങ്ങളെ പ്രീണിപ്പിച്ചു കൊണ്ടും അവരുടെ വ്യോമ-നാവിക ഗതാഗത പദ്ധതികള്‍ക്കു ധനസഹായം നല്‍കിക്കൊണ്ടുമാണ്. പ്രത്യേക ഉഭയകക്ഷിബന്ധങ്ങള്‍ സ്ഥാപിക്കുക, സൈന്യത്തെ ആധുനികവത്കരിക്കുക എന്നിങ്ങനെ പോവുന്നു ചൈനയുടെ മാര്‍ഗങ്ങള്‍‍. പാകിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ പടിവതില്‍ക്കല്‍ സ്ഥിതി ചെയ്യുന്ന ഗ്വാദര്‍ തുറമുഖം ചൈനീസ് സഹായത്തോടെയാണ് നിര്‍മിച്ചതെന്നോര്‍ക്കുക. ഈ തുറമുഖത്തുനിന്നും പൈപ് ലൈനുകള്‍ ഉപയോഗിച്ച് ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കു പെട്രോളിയം, പ്രകൃതിവാതകം എന്നിവ കൊണ്ട് പോകാന്‍ കഴിയും. തെക്കന്‍ ശ്രീലങ്കയിലെ ഹന്‍ബന്തോട്ട ജില്ലയില്‍ ചൈനീസ് സഹായത്തോടെ പണിയുന്ന തുറമുഖമാണ് ഇത്തരത്തിലുള്ള മറ്റൊരു പദ്ധതി. അന്താരാഷ്ട്ര സമുദ്ര പാതയില്‍ നിന്നും കേവലം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയുന്ന ഈ തുറമുഖം ചൈനയ്ക്കു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുവടുറപ്പിക്കന്‍ സഹായമാവും. പദ്ധതി തുടങ്ങുന്നതിനു മുന്‍പ് ശ്രീലങ്കന്‍ സര്‍ക്കാരിനു വടക്കുകിഴക്കന്‍ മേഖലയിലെ റിബലുകളെ പരാജയപ്പെടുത്താന്‍ ചൈന ആയുധവും നല്‍കിയിരുന്നു. ഇതിനു പുറമെ യുദ്ധത്തിനെതിരെ ഉയര്‍ന്നു കൊണ്ടിരുന്ന അന്താരാഷ്ട്ര സമ്മര്ദ്ദങ്ങളില്‍ നിന്നും ലങ്കയെ സംരക്ഷിക്കാമെന്ന ഉറപ്പും ബീജിംഗ് നല്‍കി. 2009ല്‍ ലങ്കയ്ക്കു ഏറ്റ്വുമധികം സാമ്പത്തിക സഹായം നല്‍കിയ രാജ്യവും ചൈന തന്നെയണ്. അമേരിക്ക 7.4 മില്യണ്‍ ഡോളറും ബ്രിട്ടണ്‍ 1. 25 മില്യണ്‍ ഡോളറും നല്‍കിയപ്പോള്‍ ചൈന നല്‍കിയത് 1 ബില്ല്യണ്‍ ഡോളറായിരുന്നു. ഹന്‍ബന്തോട്ട പദ്ധതി ആദ്യം ലങ്ക ഇന്ത്യക്കു നല്‍കിയതായിരുന്നു. എന്നാല്‍ ഇന്ത്യ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ചൈന രംഗത്തേക്കു കടക്കുന്നത്. അങ്ങിനെ ഇന്ത്യയുടെ നഷ്ടം ചൈനയുടെ നേട്ടമായി.

ബംഗ്ലാദേശിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ചിറ്റഗോംഗിലെ തുറമുഖ വികസന പദ്ധതിക്കു ധനസഹായം നല്‍കുന്നതു ചൈനയാണ്. വലിയ വികസന പ്രവര്‍ത്തനങ്ങളിലൊന്നും ബംഗ്ലാദേശുമായി സഹകരിക്കാന്‍ ഇന്ത്യക്കു കഴിയില്ല. അവാമി ലീഗ് അധികാരത്തില്‍ വരുമ്പോള്‍ ഊഷ്മളമാവുകയും ബംഗ്ലാദേശ് നാഷണല്‍ പാര്‍ടി (ബിഎന്‍പി) ഭരിക്കുമ്പോള്‍ വഷളാവുകയും ചെയ്യുന്ന ഒരു ഉഭയകക്ഷി ബന്ധമാണു ദില്ലിക്കും ധാക്കക്കുമിടയില്‍ നില്‍നില്‍ക്കുന്നത് എന്നതു തന്നെ അതിനു കാരണം. അതിനാല്‍ തന്നെ ചൈനയുമായുള്ള സഹകരണം അവര്‍ക്കു ഗുണപ്രദമാണ്. ചൈനയെയും ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മ്മണത്തിനു ബീജിംഗ് ഏറെ ഊന്നല്‍ കൊടുക്കുന്നുണ്ട്.[2] ഇതുകൂടാതെ ബര്‍മ പടിഞ്ഞാറന്‍ തുറമുഖങ്ങളായ ക്യക്ഫു, സിത്താവെ എന്നിവിടങ്ങളില്‍ ചൈന സ്വന്തം നാവിക താവളങ്ങള്‍ തുറന്നു കഴിഞ്ഞു.

കിഴക്കന്‍ മേഖലയില്‍ ഇത്രമേല്‍ ആധിപത്യം നേടിക്കഴിഞ്ഞ ചൈന പടിഞ്ഞാറന്‍ ഭാഗത്തെയും ഒഴിവാക്കുന്നില്ല. മാലിദ്വീപ്, സെയ്ഷെല്‍സ് എന്നീ രാജ്യങ്ങളിലും സ്വന്തം സൈനിക താവളങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ബീജിംഗ് തുടങ്ങിക്കഴിഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കന്‍ പര്യടനത്തിനു പോയ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ സെയ്ഷല്‍സില്‍ ഇറങ്ങിയിരുന്നു. കാര്യമായൊന്നും ഇങ്ങോട്ട് കിട്ടാനില്ലാതിരുന്നിട്ടു കൂടി അഞ്ച് ഉടമ്പടികളാണു ചൈന ആ രാജ്യവുമായി ഒപ്പു വച്ചത്. ചൈനയെ ഇതിനു പ്രേരിപ്പിച്ചത് സെയ്ഷെല്‍സിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം മത്രമണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ നാവിക താവളമായ ഡീഗോ ഗാര്‍ഷ്യയുമായി വളരെയടുത്താണ് സെയ്ഷെല്‍സ് നിലകൊള്ളുന്നത് എന്നതു തന്നെ ഇതിന്റെ പ്രധാന കാരണം.

2009 ഫെബ്രുവരിയിലെ ഹു ജിന്റാവോയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് വ്യോമയാന മേഖലയുടെ വികസനത്തിനായി 260 മില്ല്യണ്‍ ഡോളറാണു ചൈന മാല്‍ദ്വിവ്സിനു അനുവദിച്ചത്.[3] ദക്ഷിണേഷ്യയിലെ 'ചെറുമീനുകളെ' സംബന്ധിച്ച് ചൈനയുടെ സഹകരണം അവരുടെ വല്ല്യേട്ടന്‍ ചമയുന്ന ഇന്ത്യക്കുള്ള മറുപടി കൂടിയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി തങ്ങളെ കാര്യമായൊന്നും സഹായിച്ചിട്ടില്ലാത്ത ഇന്ത്യയേക്കാള്‍ എല്ലാം ചെയ്തു തരുന്ന ചൈനയെയണു ഇന്നു അവര്‍ക്കാവശ്യം.വ്യാളിയുടെ സ്വപ്നങ്ങള്‍
തങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്കു മറ്റു രാജ്യങ്ങള്‍ (പ്രത്യേകിച്ച് അയല്‍ക്കാര്‍) തടസമാവുന്നത് ചൈനയ്ക്ക് സഹിക്കാനാവില്ല. ലക്ഷ്യപ്രാപ്തിക്കായി എന്തും ചെയ്യാന്‍ അവര്‍ തയാറാണ്. ദേശരാഷ്ട്ര (nation state) സങ്കല്പത്തോട് ചൈനയ്ക്ക് അത്ര വലിയ പ്രതിപത്തിയൊന്നുമില്ല. വെസ്റ്റ്ഫാലിയന്‍ കരാറിനു ശേഷം ആധുനിക ദേശരാഷ്ട്ര സങ്കല്പങ്ങള്‍ നിലവില്‍ വരുന്നതിനും എത്രയോ മുന്‍പ് ചൈന ഒരു സംസ്കാരമായി നില നിന്നിരുന്നുവെന്ന് ചരിത്രകാര്‍ പറയുന്നു. അതായത് ഒരു ദേശരാഷ്ട്രം എന്നതിനേക്കാള്‍ സാംസ്കാരിക രാഷ്ട്രമാണ് (civilisation state) ചൈന. ഒരുപക്ഷെ അതുകൊണ്ടാവാം ദേശരാഷ്ട്രങ്ങളുടെ പരികല്പനകളെ അനുസരിക്കാനോ പിന്തുടരാനോ അവര്‍ വിമുഖരാവുന്നത്.[4] ദക്ഷിണേഷ്യയില്‍ ഏതു വിധേനയും തങ്ങളുടെ ശക്തി വ്യാപിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ശരാശരി ഒമ്പതു ശതമാനം വളര്‍ച്ചാ നിരക, ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുമുള്ള ചൈനയ്ക്ക് ഈ ലക്ഷ്യം നേടണമെങ്കില്‍ അതിനു സമാനമായ വിഭവ സസമാഹരണം (resource mobisliation) നടത്തേണ്ടതുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ വളര്‍ന്നു വരുന്ന ബന്ധങ്ങള്‍ ഇതിനെയാണു സൂചിപ്പിക്കുന്നത്.[5] അതിനുവേണ്ടി ചൈനക്കു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുവടുറപ്പിച്ചേ മതിയാവൂ.

യാങ്കിയുടെ നേട്ടം
ചൈനയുടെ വളര്‍ച്ചയെ ഇത്തരത്തില്‍ മനസിലാക്കിയ അമേരിക്ക ഇന്നു ചൈനയുമായി കൂടുതല്‍ അടുക്കാനാണു ശ്രമിക്കുന്നത്. അതുകൊണ്ടാവാം കഴിഞ്ഞ മാസം പ്രവാസി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയെ കാണാന്‍ ഒബാമ വിസമ്മതിച്ചത്. അമേരിക്കയെ സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയില്‍ ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്കു ചൈനയുടെ പിന്തുണ കൂടിയേ തീരൂ. അതുകൊണ്ട് തന്നെ അവരെ പിണക്കാന്‍ അമേരിക്കയ്ക്കു താല്പര്യമില്ല. ബര്‍മയിലെ സൈനീക സര്‍ക്കാരിനെ സഹായിക്കുന്ന ചൈനയെ വിമര്‍ശിക്കാന്‍ പോലും ഇന്ന് അമേരിക്ക തയ്യാറാവുന്നില്ല എന്നതു ചൈനയുടെ വിജയം തന്നെയാണു. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ചൈന അതിന്റെ കരുത്തു തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുമായുള്ള പരമ്പരാഗത വിഷയമായ അരുണാചല്‍ പ്രദേശിനെക്കുറിച്ച് വീണ്ടും സംസാരിക്കുന്നതും, ഇന്ത്യന്‍ നിയന്ത്രിത കാഷ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക വിസ നല്‍കുന്നതും, അതിനേക്കളുപരി ചൈനയും അമേരിക്കയും തമ്മുലുള്ള ചര്‍ച്ചകളില്‍ 'കാശ്മീര്‍ പ്രശ്നം' ചര്‍ച്ച ചെയ്യുന്നതും. 1990നു ശേഷം മാറിയ ലോകക്രമത്തില്‍ 'തന്ത്രപരമായ പങ്കാളിത്തത്തിനായി' (strategic partnership)[6] അമേരിക്കയുമായി കൂടുതല്‍ അടുക്കണമെന്ന് ഇന്ത്യയെ ഉപദേശിച്ച റിയലിസ്റ്റുകള്‍ ചരിത്രത്തില്‍ ഇങ്ങനെയൊരു തിരിവുണ്ടാവും എന്നു കരുതിയിരിക്കില്ല. അമേരിക്ക ഒരുപക്ഷെ ഭാവിയിലും ഇന്ത്യയുടെ സുഹൃത്തൊക്കെയായിരിക്കും, എന്നാല്‍ അമേരിക്കയെ സംബന്ധിച്ച് ഏഷ്യയിലെ 'പ്രത്യേക സുഹൃത്താണ്' (special friend) ചൈന. അങ്ങിനെയാണെങ്കില്‍ ചൈന തന്നെയാവും ഭാവിയില്‍ ഏഷ്യയെ മുന്നില്‍ നിന്നും നയിക്കുക. അങ്ങിനെ ചൈന നയിക്കുന്ന ഒരു നവ ഏഷ്യന്‍ അധികാര ശ്രേണിയില്‍ (new Asian order) രണ്ടാമതാവാന്‍ പോവുന്ന ഇന്ത്യയുടെ സ്ഥിതി എന്താണു? ഇവിടെയാണു ഈ ലേഖനത്തിന്റെ തലക്കെട്ടിലെ ചോദ്യത്തിനു പ്രസക്തിയേറുന്നത്.

കുറിപ്പുകള്‍
[1] George Friedman, "The Next Hundred Years: A Forecast for the 21st Century", Doubleday, New York, 2009.

[2] Gulf Times, 2009 October 30, http://www.gulf-times.com/site/topics/article.asp?cu_no=2&item_no=323201&version=1&template_id=44&parent_id=24

[3] C. Raja Mohan, "Circling Mauritius", Indian Express, 11 February, 2009.

]4] Martin Jacquez, "When China Rules the World: The Rise of the Middle Kingdom and the End of the Western World", Allen Lane,London, 2009.

[5], See "The New Colonialists: A 14 Page Special Report on China's Thirst for Resources", The Economist, March 15-21, 2008.

[6] C. Raja Mohan, "Crossing the Rubicon: The Shaping of India's New Foreign Policy", Penguin, New Delhi, 2003.

Oct 12, 2009

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Oct 2, 2009

ആസിയാനൊരുക്കുന്ന ചതിക്കുഴികള്‍

ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ കേരള കര്‍ഷകരുടെ നടുവൊടിക്കുമെന്ന് സുബിന്‍ ഡെന്നിസ്
അന്താരാഷ്ട്രവ്യാപാരത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ വികസിതരാജ്യങ്ങളുടെ വക്താക്കളും മുഖ്യധാരാ സാമ്പത്തികശാസ്ത്രജ്ഞരും സ്വതന്ത്രവ്യാപാരത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുന്നത്‌ പതിവാണ്‌. ഇറക്കുമതി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ്‌ വ്യാപാരം സ്വതന്ത്രമാക്കുമ്പോള്‍ ആഭ്യന്തര ഉത്പാദകരുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിക്കും; ഓരോ രാജ്യവും താന്താങ്ങള്‍ക്ക്‌ ഏറ്റവും കാര്യക്ഷമമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങളിള്‍ സ്പെഷ്യലൈസ്‌ ചെയ്യുക വഴി എല്ലാ രാജ്യങ്ങളുടെയും ഉത്പാദനം വര്‍ധിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്യും - ഇതാണ്‌ അവരുടെ വാദഗതികളുടെ രത്നചുരുക്കം.

എന്നാല്‍ ബ്രിട്ടനും അമേരിക്കയും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളൊന്നും തന്നെ സ്വതന്ത്രവ്യാപാരത്തിലൂടെയല്ല വളര്‍ന്നത്‌ എന്നതാണ്‌ വസ്തുത. ഇറ്റലി, ബല്‍ജിയം, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളുടെ ഉത്പന്നങ്ങളുമായി മല്‍സരിക്കാന്‍ കഴിയാത്തതിനാല്‍ അവയ്ക്കെതിരെ ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ്‌ ബ്രിട്ടന്‍ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്‌. അതിനുശേഷം ബ്രിട്ടന്‍ അമേരിക്കയ്ക്കുപദേശിച്ചു കൊടുത്തതും, എന്നാല്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച് തദ്ദേശവ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും സംരക്ഷിച്ചുനിര്‍ത്തിയും വളര്‍ന്ന അമേരിക്ക തങ്ങളുടെ ലോകമേധാവിത്വം ഉറച്ചുകഴിഞ്ഞപ്പോള്‍ മറ്റുരാജ്യങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാന്‍ തുടങ്ങിയതുമായ മന്ത്രമാണ്‌ സ്വതന്ത്രവ്യാപാരം.

ഇറക്കുമതിനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തദ്ദേശീയ ഉത്പാദകര്‍ക്കു വളരാനുള്ള സാഹചര്യമൊരുക്കിയും സാമ്പത്തിക വളര്‍ച്ച കൈവരിച്ച്‌ വികസിതരാജ്യ പദവി നേടിയതിനു ശേഷമാണ്‌ ഈ രാജ്യങ്ങള്‍ മറ്റുരാജ്യങ്ങളെ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കുന്നത്‌ എന്ന്‌ ആദ്യം ചൂണ്ടിക്കാണിച്ചവരില്‍ പ്രമുഖനായിരുന്നു ജര്മന്‍ സാമ്പത്തികശാസ്ത്രജ്ഞനായ ഫ്രഡറിക്‌ ലിസ്റ്റ്‌. വികസിതരാജ്യങ്ങളുടെ ഈ തന്ത്രത്തെ ലിസ്റ്റ്‌ ഉപമിച്ചത്, ഗോവണി ഉപയോഗിച്ച്‌ മുകളിലെത്തിയതിനുശേഷം, തങ്ങളുടെ സ്ഥാനത്തിനു വെല്ലുവിളി നേരിടാതിരിക്കാന്‍ വേണ്ടി ആ ഗോവണി തട്ടി മാറ്റുന്നതിനോടാണ് (Kicking away the ladder)‌.

സ്വതന്ത്രവ്യാപാരത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന വികസിതരാജ്യങ്ങള്‍ തന്നെ ഭീമമായ തുകകള്‍ ഓരോ വര്‍ഷവും സബ്സിഡി നല്‍കിയും മറ്റനേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും തങ്ങളുടെ കാര്‍ഷികരംഗം സംരക്ഷിച്ചു നിര്‍ത്തുന്നുണ്ട്‌. ലോകവ്യാപാരസംഘടനയുടെ വരവോടെ ഇറക്കുമതിത്തീരുവയില്‍ ലോകമെമ്പാടും കുറവു വന്നിട്ടുണ്ടെങ്കിലും മറ്റുനിയന്ത്രണങ്ങളും സബ്സിഡികളും നിലനില്‍ക്കുന്നതില്‍ നിന്നു ഒരു കാര്യം വ്യക്തമാണ്‌ - വികസിതരാജ്യങ്ങള്‍ക്കു തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനറിയാം. ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടാണെങ്കില്‍ അങ്ങനെ, സ്വതന്ത്രവ്യാപാരത്തിന്റെ പേരില്‍ മൂന്നാം ലോകരാജ്യങ്ങളുടെ വിപണി തുറന്നെടുത്തിട്ടാണെങ്കില്‍ അങ്ങനെ. അതേസമയം കൊളോണിയല്‍ ഭരണത്തിനുകീഴില്‍ സ്വതന്ത്രവ്യാപാരം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായ ഇന്ത്യയുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം മൂന്നാം ലോകരാജ്യങ്ങള്‍ക്കു വന്ന ദുര്‍ഗതി ഇതിന്റെ മറുവശമാണ്‌.

ഏതുവ്യാപാരക്കരാറിലും ഉള്‍പ്പെട്ടിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കരാറിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ബലാബലത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ലോകവ്യാപാരസംഘടനയുടെ കരാര്‍ വ്യവസ്ഥകള്‍ വികസിതരാജ്യങ്ങള്‍ക്കു കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തിലായത്‌ വെറുതെയല്ല. പക്ഷേ തെക്കുകിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാനുമായി ഇന്ത്യ വ്യാപാരക്കരാറിലേര്‍പ്പെടുമ്പോള്‍ സംഗതി കുറച്ച്‌ വ്യത്യസ്തമാണ്‌. ആസിയാന്‍ രാജ്യങ്ങള്‍ പൊതുവെ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണെങ്കില്‍ തന്നെയും വികസ്വരരാജ്യങ്ങള്‍ തന്നെയാണ്‌. ലോകവ്യാപാരസംഘടനയുടെ ചര്‍ച്ചകളില്‍ സംഭവിക്കാറുള്ളതു പോലെ അടച്ചിട്ട മുറികളില്‍ നടത്തുന്ന വിലപേശലുകളും വികസിതരാജ്യപ്രതിനിധികളുടെ സമ്മര്‍ദവുമൊന്നും ഇവിടെ പ്രശ്നമല്ല. അങ്ങനെവരുമ്പോള്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നതരത്തിലായിരിക്കും കരാര്‍ വ്യവസ്ഥകള്‍ക്കു രൂപം നല്‍കിയിരിക്കുക എന്നു കരുതുന്നത്‌ ന്യായമാണല്ലോ. ഈ പശ്ചാത്തലത്തില്‍ ആസിയാന്‍ കരാര്‍ പരിശോധിക്കുമ്പോഴാണ്‌ പ്രതീക്ഷകള്‍ക്കു പാളം തെറ്റുന്നതും ഈ കരാര്‍ എത്രത്തോളം അപകടകരമാണെന്നു വ്യക്തമാവുന്നതും.

ചരക്കുകളുടെ വ്യാപാരം ഉദാരമാക്കുന്നതിനുള്ള കരാറാണ്‌ ഓഗസ്റ്റ്‌ 13-ന്‌ ഇന്ത്യയും ആസിയാനും ഒപ്പുവച്ചത്‌. ഇതിന്റെ ഫലമായി ചുരുക്കം ചില വ്യവസായങ്ങള്‍ക്കു മാത്രമേ നേട്ടമുണ്ടാവുകയുള്ളൂ എന്ന് വ്യവസായ പ്രതിനിധികള്‍ തന്നെ പറയുന്നു. കൂടുതല്‍ നേട്ടമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നത്‌ സേവന മേഖലയിലാണ്‌. സേവനങ്ങളുടെ വ്യാപാരത്തെ സംബന്ധിക്കുന്ന കരാര്‍ ഒപ്പുവയ്ക്കാനിരിക്കുന്നതേയുള്ളൂ താനും. ആ കരാര്‍ ഒപ്പിടാന്‍ വേണ്ടി എന്തൊക്കെ വിട്ടുവീഴ്ചകള്‍ക്കാണ്‌ സര്‍ക്കാര്‍ തയ്യാറാവുക എന്ന് കാത്തിരുന്നു കാണാം. പക്ഷേ കേരളത്തിലെ കര്‍ഷകരെ നാശത്തിന്റെ പടുകുഴിയിലേയ്ക്ക്‌ തള്ളിവിടാന്‍ നിലവിലുള്ള കരാറിലെ വ്യവസ്ഥകള്‍ തന്നെ ധാരാളം.

കരാര്‍
വ്യവസ്ഥകള്‍ ചുരുക്കത്തില്‍

ഇന്ത്യയും ആസിയാനും തമ്മില്‍ വ്യാപാരം നടക്കുന്ന അയ്യായിരത്തോളം ഉത്പന്നങ്ങളെ സംബന്ധിക്കുന്നതാണ്‌ കരാര്‍. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുമേലുള്ള നിയന്ത്രണങ്ങള്‍ - പ്രധാനമായും ഇറക്കുമതിത്തീരുവ (ചുങ്കനിരക്കുകള്‍) - നിശ്ചിത കാലയളവിനുള്ളില്‍ വെട്ടിക്കുറച്ച്‌ വ്യാപാരം ഉദാരമാക്കണം എന്നതാണ്‌ കരാറിന്റെ കാതല്‍. ഇതിനായി ഉത്പന്നങ്ങളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌:

1) നോര്‍മല്‍ ട്രാക്ക്‌ (ഇതില്‍ത്തന്നെ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌ - നോര്‍മല്‍ ട്രാക്ക്‌ 1, നോര്‍മല്‍ ട്രാക്ക്‌ 2 എന്നിവ)
2) സെന്‍സിറ്റിവ്‌ ട്രാക്ക്‌
3) ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റുകള്‍
4) എക്സ്ക്ലൂഷന്‍ ലിസ്റ്റ്‌ (സംരക്ഷിതപ്പട്ടിക അല്ലെങ്കില്‍ ഋണപ്പട്ടിക)
5) സ്പെഷ്യല്‍ പ്രോഡക്സ്‌ (പ്രത്യേക ഉത്പന്നങ്ങള്‍)

ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ കുറച്ചുകൊണ്ടുവരുന്നതിനെ സംബന്ധിച്ച്‌ ഓരോ രാജ്യവും വെവ്വേറെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ പട്ടികയില്‍ 80 ശതമാനത്തോളം ഉത്പന്നങ്ങള്‍ നോര്‍മല്‍ ട്രാക്കിലാണ്‌. നോര്‍മല്‍ ട്രാക്ക്‌ 1-ലാണ്‌ ഭൂരിപക്ഷം ഉത്പന്നങ്ങളും. ഇവയുടെ ചുങ്കനിരക്ക്‌ 2013 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം. നോര്‍മല്‍ ട്രാക്ക്‌ 2-ല്‍പ്പെട്ട ഉത്പന്നങ്ങളുടെ ചുങ്കനിരക്ക്‌ 2016 ഡിസംബര്‍ 31-നകം പൂജ്യത്തിലെത്തിക്കണം.

ഏകദേശം 10 ശതമാനം ഉത്പന്നങ്ങളാണ്‌ സെന്‍സിറ്റിവ്‌ ട്രാക്കിലുള്ളത്‌. ഇവയുടെ ചുങ്കനിരക്ക്‌ 2016-നകം 5 ശതമാനമായി കുറയ്ക്കണമെന്നാണ്‌ വ്യവസ്ഥ. ചുരുക്കം ചില ഉത്പന്നങ്ങളെ ഹൈലി സെന്‍സിറ്റിവ്‌ ലിസ്റ്റില്‍ പെടുത്താം. ഇവയുടെ ചുങ്കനിരക്കുകള്‍ നിശ്ചിതകാലയളവിനുള്ളില്‍ 50 ശതമാനമായോ 50 അല്ലെങ്കില്‍ 25 ശതമാനം കണ്ടോ കുറയ്ക്കണം. ഇന്ത്യ ഈ ലിസ്റ്റില്‍ ഒരുത്പന്നം പോലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്‌ കൗതുകകരമായ മറ്റൊരുകാര്യം. ഓരോ രാജ്യവും ഇറക്കുമതിമൂലം ഏറ്റവുമധികം പ്രതിസന്ധിയിലാകാന്‍ സാധ്യതയുള്ളതും തങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താനാഗ്രഹിക്കുന്നതുമായ ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ സംരക്ഷിതപ്പട്ടികയിലാണ്‌. 2007-ല്‍ നിലനില്‍ക്കുന്ന ചുങ്കനിരക്കുകള്‍ അതേപടി നിലനിര്‍ത്താം എന്നതാണ്‌ ഈ പട്ടികയില്‍പ്പെട്ട ഉത്പന്നങ്ങളുടെ പ്രത്യേകത. 489 ഉത്പന്നങ്ങളെയാണ്‌ ഇന്ത്യ ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്‌.

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഒന്നാണ്‌ കരാറിലെ പ്രത്യേക ഉത്പന്നങ്ങളുടെ പട്ടിക. കേരളത്തിനു സമാനമായ കാലാവസ്ഥ നിലനില്‍ക്കുന്ന ആസിയാന്‍ രാജ്യങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതും ഇന്ത്യന്‍ വിപണിയിലേയ്ക്കു കടന്നുകയറാന്‍ ഏറ്റവും സുപ്രധാനമായ മാര്‍ഗമായി അവര്‍ കാണുന്നതുമായ അഞ്ച്‌ ഉത്പന്നങ്ങള്‍ മാത്രമാണ്‌ ഈ വിഭാഗത്തിലുള്ളത്‌. അസംസ്കൃത പാമോയില്‍, സംസ്കരിച്ച പാമോയില്‍, തേയില, കാപ്പി, കുരുമുളക്‌ എന്നിവയാണ്‌ ഈ ഉത്പന്നങ്ങള്‍. താഴെക്കാണുന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്നതു പ്രകാരമാണ്‌ ഇവയുടെ ചുങ്കനിരക്കുകള്‍ കുറയ്ക്കേണ്ടത്‌.
പരമാവധി ചുമത്താവുന്ന ചുങ്കനിരക്കും യഥാര്‍ത്ഥ ചുങ്കനിരക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌. പാമോയിലിന്‌ 90 ശതമാനം ചുങ്കം ചുമത്താനുള്ള അനുവാദമുണ്ടായിട്ടു കൂടി ഇന്ത്യ ഇപ്പോള്‍ ചുങ്കം ചുമത്തുന്നതേയില്ല. പോരെങ്കില്‍ ഇറക്കുമതി ചെയ്യുന്ന പാമോയിലിന്‌ കിലോയ്ക്ക്‌ 15 രൂപ റേഷന്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടുതാനും. കേരളത്തിലെ കേരകൃഷി ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണെന്നും വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ മുഖ്യപ്രതി പാമോയില്‍ ഇറക്കുമതിയാണെന്നും എല്ലാവര്‍ക്കും അറിവുള്ളതാണ്‌. പാമോയില്‍ ഇറക്കുമതിയില്‍ ഉണ്ടാവുന്ന വര്‍ധനവ്‌ കേരകര്‍ഷകര്‍ക്ക്‌ താങ്ങാവുന്നതിലും വലിയ ആഘാതമാവും ഉണ്ടാക്കുക. സമാനമായ സ്ഥിതിവിശേഷമാണ്‌ തേയില, കാപ്പി, കുരുമുളക്‌ എന്നിവയുടെ കാര്യത്തിലുമുള്ളത്‌. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള തേയിലയും കാപ്പിയും കുരുമുളകും വിലകുറച്ച്‌ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടാന്‍ കളമൊരുങ്ങുകയാണ്‌.

കരാറിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു വാദം, 50 ശതമാനത്തിനടുത്തു ചുങ്കനിരക്ക്‌ ചുമത്താന്‍ അനുവാദമുള്ള സ്ഥിതിക്ക്‌ കാര്‍ഷികവിളകളെ സംരക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കരാറിലുണ്ടെന്നാണ്‌. പക്ഷേ അന്താരാഷ്ട്രവിപണിയിലെ വിലകള്‍ രാജ്യങ്ങളുടെ കറന്‍സി വിനിമയ നിരക്കുകളെക്കൂടി ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. വിനിമയനിരക്കില്‍ കാലാകാലങ്ങളായി ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക്‌ കര്‍ഷകര്‍ ഉത്തരവാദികളല്ല. ഉദാഹരണത്തിന്‌, മലേഷ്യന്‍ കറന്‍സിയായ റിന്‍ഗ്ഗിറ്റിന്റെ മൂല്യം കുറഞ്ഞാല്‍ മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക്‌ വില കുറയുകയും ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം സംഭവവികാസങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്നും സംരക്ഷണം നല്‍കാനാണ്‌ ഉയര്‍ന്ന നിരക്കില്‍ ചുങ്കം ചുമത്താനുള്ള അവകാശം രാജ്യങ്ങള്‍ നിലനിര്‍ത്തുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ആസിയാന്‍ കരാര്‍ ഫലത്തില്‍ ചെയ്യുന്നത്‌, കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായിരുന്ന ഈ സംരക്ഷണകവചം എടുത്തുകളയുകയാണ്‌. മറ്റുസംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിളകള്‍ ഒട്ടുമുക്കാലും സംരക്ഷിതപ്പട്ടികയിലാണെന്നോര്‍ക്കണം. 'പ്രത്യേക ഉത്പന്നങ്ങളു'ടെ കാര്യത്തില്‍, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പന്നങ്ങള്‍ക്കു 50 ശതമാനം ചുങ്കനിരക്കുകള്‍ കൂട്ടിയാലും ഇവിടെത്തെക്കാള്‍ കുറഞ്ഞ വിലയാണുണ്ടാവുക.

സ്വാഭാവിക റബ്ബര്‍ സംരക്ഷിതപ്പട്ടികയിലാണെങ്കിലും അതിനു നിലവില്‍ ചുമത്താവുന്ന ചുങ്കനിരക്ക്‌ 20 ശതമാനം മാത്രമാണ്‌. ലോകവ്യാപാരസംഘടന റബ്ബറിനെ വ്യാവസായികോത്പന്നങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നതിനാലാണ്‌ ഇത്‌. കാര്‍ഷികോത്പന്നങ്ങള്‍ക്ക്‌ 300 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താവുന്നതാണ്‌. റബ്ബറിനെ കാര്‍ഷികോത്പന്നങ്ങളുടെ ഗണത്തില്‍പ്പെടുത്തണമെന്നത്‌ കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന കാര്യം ഓര്‍മിക്കുമല്ലോ. ക്രൂഡ്‌ ഓയിലിന്റെ വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ്‌ റബ്ബറിന്‌ ഇന്നുള്ള വിലയെങ്കിലും ലഭിക്കുന്നത്‌. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഇടിഞ്ഞാല്‍ റബ്ബറിനെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. പോരെങ്കില്‍ കൃത്രിമ റബ്ബറും ബഹുഭൂരിപക്ഷം റബ്ബറുത്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണു താനും. വിലകുറഞ്ഞ റബ്ബറുത്പന്നങ്ങളുടെ ഇറക്കുമതി തദ്ദേശ വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചാല്‍ റബ്ബറിന്റെ ഡിമാന്‍ഡ് കുറയുന്നതിനും വില പിന്നെയുമിടിയുന്നതിനും ഇടയാകും.

രണ്ടേകാല്‍ ലക്ഷം പേര്‍ പണിയെടുക്കുന്ന മത്സ്യബന്ധനമേഖല നേരിടാന്‍ പോകുന്ന പ്രതിസന്ധി ഇതിനെല്ലാം പുറമേയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പല മത്സ്യങ്ങളും എല്ലാത്തരത്തിലുള്ള സംസ്കരിച്ച മത്സ്യവും നോര്‍മല്‍ ട്രാക്കിലാണ്‌. മത്സ്യബന്ധനവും മത്സ്യസംസ്കരണവും ലാഭകരമല്ലാതെയാവുന്നതോടെ പട്ടിണിയും കടയും നമ്മുടെ തീരദേശമേഖലയിലാകെ കരിനിഴല്‍ വീഴ്ത്തും.ഉത്പാദനക്ഷമതാവാദം

ഉത്പാദനക്ഷമത
കുറവായതാണ്‌ കേരളത്തിലെ കൃഷിയുടെ പ്രശ്നമെന്നും അതു വര്‍ധിപ്പിച്ചു കൊണ്ട്‌ വിലയിടിവിനെ നേരിടാമെന്നും വാദിക്കുന്നുണ്ടു ചിലര്‍. ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നത്‌, ഉത്പാദനക്ഷമതയും ചെലവും തമ്മിലുള്ള വ്യത്യാസമാണ്‌. തേയില, കുരുമുളക്‌, കാപ്പി, നാളികേരം എന്നിവയുടെ ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ കേരളം പിന്നിലാണെന്നതു ശരിതന്നെ. പക്ഷേ റബ്ബറിന്റെ ഉത്പാദനക്ഷമതയില്‍ കേരളം ലോകത്ത്‌ ഒന്നാം സ്ഥാനത്താണ്‌ - ഒരു ഹെക്ടറില്‍ ശരാശരി 1,471 കിലോഗ്രാം റബ്ബറാണ്‌ സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്‌. എന്നിട്ടും ആസിയാന്‍ കരാര്‍ കേരളത്തിലെ റബ്ബര്‍ കൃഷിക്കു ഭീഷണിയാണ്‌. ആസിയാന്‍ രാജ്യങ്ങളില്‍ കാര്‍ഷികോത്പാദനത്തിന്റെ ചെലവ്‌ താരതമ്യേന കുറവാണ്‌ എന്നതു തന്നെ കാരണം.

ഉത്പാദനച്ചെലവില്‍ തൊഴിലാളികളുടെ വേതനവും മറ്റു ചെലവുകളും ഉള്‍പ്പെടുന്നു. തൊണ്ണൂറുകളില്‍ ഉദാരീകരണം ആരംഭിച്ചതു മുതല്‍ കാര്‍ഷികരംഗത്തെ നിക്ഷേപത്തെ സര്‍ക്കാര്‍ അവഗണിച്ചതും സബ്സിഡികള്‍ വെട്ടിക്കുറച്ചതുമൊക്കെത്തന്നെയാണ്‌ വിത്തും വളവും ജലസേചനവും ഉള്‍പ്പെടെയുള്ള അനുബന്ധച്ചെലവുകള്‍ വര്‍ധിച്ചതിനു പിന്നില്‍. തൊഴിലാളികളുടെ വേതനം കേരളത്തില്‍ കൂടുതലാണ്‌ എന്നതും ശരിതന്നെ. അതുകൊണ്ട്‌ വേതനം വെട്ടിക്കുറയ്ക്കുകയാണോ നമുക്കുമുന്നിലുള്ള പോംവഴി? ഏതുവിധേനയും ചെലവുകുറയ്ക്കുക എന്നതാണു ലക്ഷ്യമെങ്കിൽ അടിമസമ്പ്രദായം നടപ്പിലാക്കിയാല്‍ മതിയല്ലോ. വലിച്ചുനീട്ടില്ലാതെ പറഞ്ഞാല്‍, ഈ പ്രശ്നത്തോടുള്ള നമ്മുടെ സമീപനം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടനുസരിച്ചിരിക്കും. കര്‍ഷകരും തൊഴിലാളികളുമടക്കം എല്ലാവരുടെയും ജീവിതനിലവാരം ഉയര്‍ത്തുകയാണു ലക്ഷ്യമെങ്കില്‍, ഏതുവിധേനയും ചെലവു ചുരുക്കി സ്വതന്ത്രവ്യാപാരമേഖകളില്‍ ചേര്‍ന്നു മത്സരിക്കാന്‍ ശ്രമിക്കുന്നത്‌ ആ ലക്ഷ്യത്തിനു കടകവിരുദ്ധമാകും എന്നു സാരം.

സ്വാഭാവികമായും ഒരു സംശയം തോന്നാം. കേരളം റബ്ബര്‍ കൃഷിയില്‍ ലോകത്താരോടും കിടപിടിക്കാവുന്ന നിലയിലെത്തിയപ്പോള്‍ മറ്റു വിളകളുടെ കാര്യത്തില്‍ പിന്നാക്കം പോയതെങ്ങനെ? റബ്ബര്‍ കൃഷിയുടെ വളര്‍ച്ചയെ സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്‌. കര്‍ഷകര്‍ക്ക്‌ മുന്തിയ വിത്തിനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനും മികച്ച കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സബ്സിഡികളും വായ്പകളും നല്‍കി സാമ്പത്തികസഹായം നല്‍കുന്നതിനും ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവിലുള്ള വിളയാണ്‌ റബ്ബര്‍. എന്നാല്‍ പുത്തന്‍ കൃഷിരീതികളും വിത്തിനങ്ങളൂമൊക്കെ സ്വീകരിക്കാനും കൃഷിയില്‍ താത്പര്യമെടുത്ത്‌ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും കേരളത്തിലെ കര്‍ഷകരെ പ്രാപ്തരാക്കിയത്‌ റബ്ബറിനുലഭിച്ച ഉയര്‍ന്ന വിലയാണെന്നും പഠനങ്ങള്‍ സംശയലേശമെന്യേ വ്യക്തമാക്കുന്നു. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടത്‌ കര്‍ഷകര്‍ക്കു വേണ്ട പിന്തുണ നല്‍കുന്നതിനുള്ള പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ന്യായമായ വിലയും അതുവഴി ഉയര്‍ന്ന വരുമാനവും ഉറപ്പുവരുത്തുകയുമാണെന്നര്‍ത്ഥം.

ആഗോളീകരണത്തിന്റെ അടിസ്ഥാനയുക്തികളിലൊന്നാണ്‌ "Race to the bottom". കാര്‍ഷികവിളകളുടെ വിലയിടിച്ചു കൊണ്ടും തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചുകൊണ്ടും ആഗോള വ്യാപാരമേഖലയില്‍ പിടിച്ചുനില്‍ക്കാനും മൂലധനം ആകര്‍ഷിക്കാനും രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്ന പ്രതിഭാസത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ഇന്ത്യ-ആസിയാന്‍ കരാര്‍ പോലെയുള്ള സ്വതന്ത്രവ്യാപാരക്കരാറുകള്‍ പിന്തുടരുന്നതും ഇതേ യുക്തി തന്നെ. മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന്റെ ജീവിതനിലവാരം വര്‍ധിക്കുന്നതിനെ പുരോഗതി എന്നു വിളിക്കാമെങ്കില്‍ അത്തരത്തില്‍ പുരോഗാത്മകമായ ദിശയിലുള്ള സാമൂഹ്യ വികാസത്തെ പിറകോട്ടടിക്കുന്നതിനേ ഈ യുക്തിയെ പിന്‍പറ്റിയുള്ള ചിന്തകള്‍ ഉതകൂ എന്നതാണ്‌ ചരിത്രം നല്‍കുന്ന പാഠം.

സുബിന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

Sep 26, 2009

ചൈന ഡെങ്ങിനെയും ഉപേക്ഷിക്കുമോ‍?

ആഗോളവത്കരണം പിന്മടങ്ങുകയും, അമേരിക്കന്‍ ധ്രുവ ലോകം തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ചൈന എന്തു ചെയ്യുകയാണ്? എംജെഎസ് എഴുതുന്നു.അങ്ങേയറ്റം ചലനാത്മകമായ ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി ലോകക്രമത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്കു നേരെ വെല്ലുവിളികളുയര്‍ത്തുന്നു; ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യൂറോപ്യന്‍ യൂനിയന്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ മറി കടക്കാനായി ചൈനയുടേയും റഷ്യയുടേയും കനിവു തേടുന്നു; അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സൈനിക മേധാവിത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ വെല്ലുവിളിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതായത് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം നിലവില്‍ വന്ന നവലിബറല്‍ ലോകക്രമം അനിവാര്യമായ മാറ്റത്തിലൂടെ കടന്നുപോയികൊണ്ടിരികുന്നുവെന്നു പറയാം.

ലോകത്തെ അടുത്ത വന്‍ശക്തിയായി പല ചരിത്രകാരും കാണുന്ന ചൈന എങ്ങിനെയാണ് ഈ മാറ്റങ്ങളോട് പ്രതികരിക്കുന്നത്? മൂന്നു പതിറ്റാണ്ടു മുമ്പ്, സോവിയറ്റ് സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും, ജോണ്‍ കെയ്ന്‍സിനു പകരം മില്‍ട്ടണ്‍ ഫ്രീഡ്മാനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് റീഗനും താച്ചറും ആഗോള സമ്പദ്വ്യവസ്ഥയെ മൂലധനത്തിനനുകൂലമായി പൊളിച്ചെഴുതാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ചൈന മാവോയെ വേണ്ടെന്നു വച്ചത്. ഒരു വിപ്ലവത്തില്‍ ജയിക്കുകയും സാംസ്കാരിക വിപ്ലവത്തില്‍ പരാജയപ്പെടുകയും ചെയ്ത മാവോയെ ഒരു 'ഫാദര്‍ ഫിഗറാ'ക്കി മാറ്റി അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ നിന്ന് ഓടിയകലുക എന്നതായിരുന്നു അന്നു ചൈനയുടെ നയം. അന്നു മുതല്‍ ചെനയുടെ സാമ്പത്തിക നയത്തേയും വിദേശനയത്തേയും ഡെങ് സിയാവോ പിങ്ങിനോളം സ്വാധീനിച്ച മറ്റൊരു നേതാവില്ല. സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു കൊണ്ടു തന്നെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ അധികാര കുത്തക നില നിര്‍ത്തി കൊണ്ട്, ഫ്രീഡ്മാനിയന്‍ സ്വതന്ത്ര കമ്പോളത്തിന്റെ അനന്ത സാധ്യതകള്‍ ആരായുകയായിരുന്നു ഡെങ്ങിന്റെ ഉദ്ദേശ്യം. ഡെങ്ങിന്റെ കാലത്തും അദ്ദേഹത്തിനു ശേഷവും ചൈനീസ് പാര്‍ടിയും ഭരണകൂടവും സഞ്ചരിച്ചത് ഇതേ വഴിയിലൂടെയായിരുന്നുവെന്ന് കാണാം.

പടിഞ്ഞാറിന്റെ പതനം

1970കളില്‍ സംഭവിച്ച മാറ്റത്തിനു ശേഷം മൂലധന കേന്ദ്രിത ലോകക്രമം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു സമയമാണ് ഇപ്പോഴത്തേത്. ഏകദേശം ആറു പതിറ്റാണ്ടോളം നീണ്ട അമേരിക്കയുടെ ലോക പൊലീസിംഗ് അതിന്റെ അന്ത്യത്തോടടുക്കുന്നു. "രക്തരൂഷിതമായ ഇരുപതാം നൂറ്റാണ്ട് പടിഞ്ഞാറന്‍ ലോകത്തിന്റെ പതനത്തിനും ലോകത്തിന്റെ പുനക്രമീകരണത്തിനും സാക്ഷ്യം വഹിച്ചു"വെന്ന് ചരിത്രകാരന്‍ നിയാള്‍ ഫെര്‍ഗൂസണ്‍ എഴുതുന്നു. ഈ പുനക്രമീകരണം കിഴക്കന്‍ ലോകത്തിനനുകൂലമായി തീരുമെന്നാണ് ഫെര്‍ഗൂസന്റെ നിരീക്ഷണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ച, യുഎന്‍ രക്ഷാ സമിതിയില്‍ അംഗത്വമുള്ള, ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ചൈനയെയാണ് സ്വാഭാവികമായും അടുത്ത ലോകാധിപതിയായി പലരും കാണുന്നത്. പക്ഷേ, അത്തരമൊരു നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഡെങ്ങിന്റെ ചൈന തയ്യാറാവുമോ എന്നതാണ് ചോദ്യം.

അന്തര്‍ദേശീയ രംഗത്തെ പ്രധാന വിഷയങ്ങളില്‍ നിന്നെല്ലാം സ്വയം അകലം പാലിച്ച് സ്വന്തം സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള വളര്‍ച്ചയായിരുന്നു ചൈനയുടേത്. അന്തര്‍ദേശീയ വിഷയങ്ങളില്‍ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുക, ലോകത്തിലെ സംഭവ വികാസങ്ങള്‍ ക്ഷമാപൂര്‍വം വീക്ഷിക്കുക, സ്വന്തം ശേഷി മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് പരമാവധി മറച്ചു പിടിക്കുക എന്ന തീര്‍ത്തും വ്യത്യസ്ഥമായ പാതയാണ് ഡെങ്ങിന്റെ ചൈന സ്വീകരിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുടെ സമീപകാല പ്രസ്താവനകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ നിക്ഷ്പക്ഷ വേഷം എന്നന്നേക്കുമായി അഴിച്ച് വച്ച് വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ചൈന തയ്യാറാവുന്നതായി കാണാം.

കഴിഞ്ഞ ജനുവരിയില്‍ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ചൈനീസ് പ്രധാന മന്ത്രി വെന്‍ ജിയാബോ പറഞ്ഞത്, ചൈന "സമാധാന കാംക്ഷിയായ, സഹകരണ മനോഭാവമുള്ള ഒരു വന്‍ശക്തിയാണെന്നാണ്". ചില നയതന്ത്ര നിരീക്ഷകര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ 'വന്‍ശക്തി' പ്രയോഗത്തിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയുണ്ടായി. അവരുടെ അഭിപ്രായത്തില്‍ ആദ്യമായാണ് ഒരു ചൈനീസ് ഭരണാധികാരി ചൈനയെ ഒരു വന്‍ശക്തിയെന്ന് വിളിക്കുന്നത്. അതു ഡെങ് വിഭാവനം ചെയത 'നിശബ്ദ ഉയര്‍ച്ച'ക്ക് നേര്‍ വിപരീതമാണ്. വെന്‍ ജിയാബോയുടെ പ്രസംഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം നടന്ന ഒരു സംഭവം ചൈനയുടെ ചിന്താരീതിയില്‍ വന്നിട്ടുള്ള മാറ്റം കൂടുതല്‍ വ്യക്തമാക്കുന്നു. സൗത്ത് ചൈന സമുദ്രത്തില്‍ നിരീക്ഷണത്തിലേര്‍പ്പെട്ടിരുന്ന 'ഇംപെക്കബള്‍' എന്ന അമേരിക്കന്‍ കപ്പലിനെ ചൈനീസ് ബോട്ടുകള്‍ വലയം ചെയ്യുകയുണ്ടായി. ചൈനീസ് സമുദ്രാതിര്‍ത്തിക്ക് 75 മൈല്‍ ദൂരെയായിട്ടു കൂടി ഇംപെക്കബളിനെ വെറുതെ വിടാന്‍ ചൈന തയ്യാറായില്ല. ഒടുവില്‍ ഇംപെക്കബളിനെ രക്ഷിക്കാന്‍ അമേരിക്കക്ക് ഒരു മിസൈല്‍ നശീകരണ കപ്പലയയ്ക്കേണ്ടി വന്നു. അതായത് ഒരു സാമ്പത്തിക സൈനീക ശക്തിയായുള്ള ചൈനയുടെ ഉദയം അമേരിക്കന്‍ സാമ്രാജ്യം പോലും തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞു. പ്രൈമറി ഇലക്ഷന്റെ കാലത്ത് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രസംഗിച്ചിരുന്ന ഹില്ലാരി ക്ലിന്റണ്‍, സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയില്‍ ബീജിങ്ങിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ പറഞ്ഞത് ചൈനയുടെ മനുഷ്യാവകാശ റെക്കോര്‍ഡ് ഇരു രാജ്യങ്ങളുടേയും സഹകരണത്തിന് ഒരു തടസമാവരുതെന്നാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, ആഗോള താപനത്തെ നിയന്ത്രിക്കാനും ചൈനയുടെ സഹകരണം കൂടിയേ തീരൂ എന്നാണ് ക്ലിന്റണ്‍ പറഞ്ഞത്.

അമേരിക്കയുടെ ഈ നിലപാടു മാറ്റം തന്നെ ലോക ശാക്തിക ക്രമത്തില്‍ വന്നു കൊണ്ടിരിക്കുന്ന വന്‍ മാറ്റം വിളിച്ചോതുന്നു. 2001ല്‍ ഒരമേരിക്കന്‍ ചാര വിമാനത്തെ ചൈനീസ് ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടതോര്‍ക്കുക. അതിന്റെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വന്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇംപെക്കബളിനെ ചൈനീസ് ബോട്ടുകള്‍ വലഞ്ഞ് അമേരിക്കയെ തന്നെ നാണം കെടുത്തിയിട്ടും, ഒബാമ ഭരണകൂടം കാര്യമയൊന്നു പ്രതിഷേധിക്കുക പോലുമുണ്ടായില്ല. 2001ല്‍ ലോകത്തെ ഒരേയൊരു വന്‍ശക്തിയായിരുന്നു അമേരിക്ക. വികസ്വര രാജ്യങ്ങള്‍ പോയിട്ട്, തങ്ങളുടെ പരമ്പരാഗത സഖ്യശക്തികളെ പോലും കാര്യമായെടുക്കാന്‍ അന്നത്തെ അമേരിക്ക തയ്യാറായിരുന്നില്ല. എന്നാല്‍ എട്ടു വര്‍ഷത്തിനു ശേഷം, പുതിയ അമേരിക്കന്‍ പ്രസിഡന്റ് സംസാരിക്കുന്നത് ജോര്‍ജ് ബുഷിനു തീരെ അപരിചിതമായ ഭാഷയിലാണ്.ചൈനയുടെ സാധ്യതകള്‍

ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകനായ മാര്‍ട്ടിന്‍ ജാക്വസിന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ലോക ചരിത്രത്തില്‍ തന്നെയുണ്ടായേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അധികാര കൈമാറ്റത്തിന്റെ തുടക്കമാണ്. ഒരേ സമയം പടിഞ്ഞാറന്‍ കേന്ദ്രിത ലോകക്രമത്തിന്റെ തകര്‍ച്ചയും, ഒരു വന്‍ ശക്തിയെന്ന നിലയില്‍ അമേരിക്കയുടെ അവസാനവും ഈ പ്രതിസന്ധി കുറിക്കുന്നുവെന്ന് അദ്ദേഹമെഴുതുന്നു. പടിഞ്ഞാറന്‍ ചിന്താരീതിയെ 1970കള്‍ മുതല്‍ സ്വാധീനിച്ചിരുന്ന നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പരാജമാണ് ഇതു വിളിച്ചോതുന്നത്. അതായത്, 1930കള്‍ മുതല്‍ പടിഞ്ഞാറന്‍ ലോകം നേരിടുന്ന ഏറ്റവും ശക്തമായ സമ്പത്തിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് ഇപ്പോഴത്തേത് എന്നു പറയാം.

ഈ ചരിത്രസന്ധി തങ്ങള്‍ക്കു മുന്നില്‍ വലിയ സാധ്യതകള്‍ തുറനിടുനുണ്ടെന്ന് ചൈനക്കറിയാം. അതുകൊണ്ട് തന്നെ ബീജിങ്ങിന്റെ പ്രതികരണവും കരുതലോടെയാണ്. ജി-20 സംഘത്തിനു പകരം ജി-2 (ചൈനയും അമേരിക്കയും) രാജ്യങ്ങള്‍ക്കേ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ കര കയറ്റാന്‍ കഴിയൂ എന്നാണ് പല സാമ്പത്തിക വിദഗ്ധരുടേയും അഭിപ്രായം. പീറ്റേഴ്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ ഇക്കണോമിക്സിലെ ഫ്രെഡ് ബെര്‍ഗ്സ്റ്റണ്‍ കഴിഞ്ഞ വര്‍ഷം ഫോറീന്‍ അഫയേഴ്സ് മാസികയിലെഴുതിയ ഒരു ലേഖനത്തില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിച്ചിരുന്നു. വന്‍ശക്തിയായി മാറി കഴിഞ്ഞ ചൈന ഒരു ചെറിയ രാജ്യമാണെന്ന് നാട്യം അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ചൈനയും അമേരിക്കയും സംയുക്ത നേതൃത്വം നല്‍കണമെന്നാണ് ബെര്‍ഗ്സ്റ്റണ്‍ നിര്‍ദേശിച്ചത്. ലോക ബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സീലിക്കും ബാങ്കിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജസ്റ്റിന്‍ യിഫു ലിനും ഈ നിര്‍ദേശത്തെ പിന്തുണച്ചു കൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയിരുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ ഹൃദയഭൂമിയിലുടലെടുത്ത പ്രതിസന്ധി പരിഹരിക്കേണ്ടത് എങ്ങിനെ തങ്ങളുടെ ഉത്തരവാദിത്വമാവും എന്നതാണ് ചൈനയുടെ നിലപാട്. മാത്രമല്ല, അമേരിക്കയുമായുള്ള സഹകരണം ലോകമേധാവിത്വത്തിലേക്കുള്ള തങ്ങളുടെ സ്വാഭാവിക വളര്‍ച്ചക്ക് വിലങ്ങുതടിയാവുമോ എന്നും ചൈനീസ് ഭരണാധികാരികള്‍ ഭയക്കുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി അന്താരഷ്ട്ര നാണ്യ നിധിയുടെ (International monetary Fund) വിഭവമൂലധനം വര്‍ധിപ്പിക്കണമെന്നായിരുന്നു മുതലാളിത്ത രാജ്യങ്ങളുടെ തീരുമാനം. ഈ ഫണ്ടിലേക്കായി അമേരിക്കയും ജപ്പാനും 10,000 കോടി ഡോളര്‍ വീതം നല്‍കാമെന്നു വാഗ്ദാനവും നല്‍കിയിട്ടുണ്ട്. എങ്കിലും, ചൈനയുടെ സഹായമില്ലാതെ നിധിയുടെ മൂലധനാവശ്യങ്ങള്‍ നിറവേറ്റപ്പെടില്ലെന്നുറപ്പാണ്. എന്നാല്‍, പണം നല്‍കണമെങ്കില്‍ നാണ്യ നിധിയെ സമൂലമായി പരിഷ്കരിക്കണം എന്നാണ് ചൈന പറയുന്നത്. അതായത്, വന്‍പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന നിലവിലെ സാമ്പത്തിക സംവിധാനത്തെ അതേരീതിയില്‍ രക്ഷിച്ചെടുക്കുന്നതിനോട് ബീജിങ്ങിന് താല്പര്യമില്ല. ചൈനയുടെ സഹായമില്ലാതെ ഒരു തിരിച്ചുവരവ് ലോക മുതലാളിത്തത്തിന് സാധ്യവുമല്ല. ഇതാണ് നവലിബറല്‍ ലോക ക്രമം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പുതിയ ലോകക്രമം

പുതിയ ലോകക്രമം ചൈന-കേന്ദ്രിതമായിരിക്കുമെന്ന് പല ചരിത്രകാരും കരുതുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ബ്രിട്ടന്റെ അവസ്ഥയിലേക്ക് അമേരിക്ക എത്തിച്ചേരാന്‍ ഇനി അധികകാലമില്ല. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വ ചിഹ്നമായിരുന്നെങ്കില്‍, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ ഡോളറിന്റെ നില ഇപ്പോള്‍ തന്നെ പരുങ്ങലിലാണ്. അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള ചൈനക്ക് വളരെയെളുപ്പത്തില്‍ ഇന്ന് ഡോളറിന്റെ വില നിര്‍ണയിക്കാനാവും. ഈ നിക്ഷേപം തന്നെയാണ് ചൈനയുടെ ഏറ്റവും വലിയ ബാര്‍ഗയിനിംഗ് ചിപ്. അമേരിക്കന്‍ ബോണ്ടുകള്‍ കൂട്ടത്തോടെ വിറ്റഴിക്കാന്‍ ചൈന തുനിഞ്ഞാല്‍ ( അങ്ങിനെ സംഭവിക്കാന്‍ തത്കാലം സാധ്യതയില്ലെങ്കിലും) അതോടെ ഡോളറിന്റെ കഥ തീരും.

അതായത് ചൈനയുടെ ആപേക്ഷിക ശക്തി ഉയരുകയാണെന്നും അമേരിക്കയുടെ നില ദിനംപ്രതി പരുങ്ങലിലാവുകയാണെന്നും ആര്‍ക്കും സംശയമില്ല. മുന്‍പ് മാവോയെ ഉപേക്ഷിച്ചതു പോലെ ഇപ്പോള്‍ ഡേങ്ങിനേയും പൂര്‍ണമായും ഉപേക്ഷിച്ച്, നവലിബറല്‍ സാമ്പത്തിക ക്രമത്തെ കൈവെടിഞ്ഞ്, പുതിയതായി ഉരുത്തിരിഞ്ഞ് വരുന്ന ലോകക്രമത്തിന്റെ നേതൃസ്ഥാനമേറ്റെടുക്കാന്‍ ചൈന മുന്നോട്ടു വന്നാല്‍, സമീപകാല ചരിത്രത്തില്‍ സംഭവിക്കുന്ന ഏറ്റവും വിപ്ലവകരമായ മാറ്റമായിരിക്കുമത്.

Sep 23, 2009

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Sep 16, 2009

പതനത്തിന്റെ പാഠഭേദങ്ങള്‍

സടകൊഴിഞ്ഞ മുതലാളിത്തത്തിന്റെ നിലക്കാത്ത കിതപ്പിനിടയില്‍, റിക്കവറി കിനാക്കള്‍ക്കിടയില്‍, ആഗോളപ്രതിസന്ധിക്ക് ഒരു വയസ്. മുതലാളിത്തവും, അമേരിക്കയും നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയെപ്പറ്റി ഒരു പരിശോധന."സാമ്പത്തിക ശാസ്ത്രരംഗത്ത് നടന്നിരുന്ന ആശയസമരങ്ങള്‍ ഇന്ന് പഴങ്കഥയാണ്. ആഗോളവത്കരണത്തേയും നവലിബറല്‍ നയങ്ങളേയുംക്കുറിച്ച് ആഗോള തലത്തില്‍ തന്നെ അഭിപ്രായ സമന്വയം വന്നു കഴിഞ്ഞു," മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജിയിലെ ഒലിവര്‍ ബ്ലങ്കാര്‍ഡ് കഴിഞ്ഞ വര്‍ഷം തുടക്കത്തിലവതരിപ്പിച്ച The State of Macro എന്ന പ്രബന്ധത്തിലെഴുതിയതാണ് ഈ വാചകം. ഇപ്പോള്‍ അന്തര്‍ദേശീയ നാണ്യ നിധിയിലെ (IMF) മുഖ്യ സമ്പത്തിക ശസ്ത്രജ്ഞനാണ് ബ്ലങ്കാര്‍ഡ്. ലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ ഭാവിയെ കുറിച്ച് എത്രത്തോളം ആത്മവിശ്വസമുള്ളവരായിരുന്നുവെന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നു.

എന്നാല്‍, ബ്ലങ്കാര്‍ഡ് പ്രബന്ധമവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ ഫൈനാന്‍സ് ക്യാപിറ്റലിസത്തിന്റെ ശക്തമായ ചിഹ്നങ്ങളിലൊന്നായ ലിമെന്‍ ബ്രദേഴ്സ് നിലംപൊത്തി. മുതലാളിത്തത്തിനെന്തു പറ്റി എന്നു മനസിലാക്കാന്‍ ലോകത്തിന് സമയം കിട്ടുന്നതിനു മുന്‍പേ, മറ്റൊരു ധനകാര്യ മാനേജ്മെന്റ് കമ്പനിയായ മെറില്‍ ലിഞ്ച് 50 ബില്യണ്‍ ഡോളറിന് സ്വയം ബാങ്ക് ഓഫ് അമേരിക്കക്കു വിറ്റു (ഒരു വര്‍ഷം മുന്‍പ് മെറില്‍ ലിഞ്ചിന്റെ മൊത്തം ഷെയര്‍ ആസ്തിയുടെ നേര്‍പകുതിയായിരുന്നു ഈ തുക). അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ അമേരിക്കന്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ പതനം പിന്നാലെ. പിന്നെ പണ ഞെരുക്കം, സാമ്പത്തിക മാന്ദ്യം, സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ച... മുതലാളിത്തത്തിനു ചുവടുപിഴച്ച നാളുകള്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ലോകം ഒരുപാട് മാറി. റിസര്‍വ് ബാങ്ക് മുന്‍ ചെയര്‍മാന്‍ വൈ വി റെഡ്ഡി അടുത്തിടെ പറഞ്ഞ പോലെ, "രണ്ടു വര്‍ഷം മുന്‍പ് യാഥാസ്തിതികമെന്നു കരുതി എഴുതി തള്ളിയിരുന്ന പലതും ഇന്ന് നിലനില്പ്പിന് ആവശ്യമാണ്. അതുപോലെ, പുരോഗമനപരമായ നയങ്ങള്‍ എന്നു കരുതപ്പെട്ടിരുന്ന പലതും ഇന്നു ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു." നോബല്‍ സമ്മാന ജേതാവ് പോള്‍ ക്രൂഗ്മാന്റെ അഭിപ്രായത്തില്‍ 1930കളിലെ മാഹാമാന്ദ്യത്തിനു ശേഷം ലോകത്തെ ഗ്രസിക്കുന്ന ഏറ്റവും ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. അമേരിക്കയിലെ ഭവന കമ്പോളത്തിലെ വിലത്തകര്‍ച്ചയില്‍ നിന്നു തുടങ്ങി, ഫൈനാന്‍സ് ക്യാപിറ്റലിസത്തെ മുഴുവന്‍ പിടിച്ചു കുലുക്കി, ലോകം മുഴുവനുമുള്ള സമ്പദ് വ്യവസ്ഥകളെ മുട്ടിലിഴയിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ഫലം അത് സാമ്പത്തിക ശാക്തിക സമതുലനത്തില്‍ (economic balance of power) കാര്യമായ മാറ്റം വരുത്തിയെന്നതാണ്.

അമേരിക്കയെന്ന കേന്ദ്രം

സ്വതന്ത്രകമ്പോളത്തില്‍ ഉറച്ച മുതലാളിത്തം അമേരിക്കന്‍ മേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രമാണ്. The Rise and Fall of the Great Powerല്‍ പോള്‍ കെന്നഡി എഴുതിയതു പോലെ, ആഗോള നേതൃസ്ഥാനത്തേക്കുയരാനും, ആ സ്ഥാനം നില നിര്‍ത്താനുമുള്ള ഒരു രാജ്യത്തിന്റെ ശക്തി നില നില്‍ക്കുന്നത് അതിന്റെ ഉത്പാദനശേഷിയിലാണ്. കെന്നഡിയുടെ അഭിപ്രായത്തില്‍ 1870നും 1950നുമിടയ്ക്ക് അമേരിക്ക കൈവരിച്ച അതിദ്രുത സാമ്പത്തിക വളര്‍ച്ചയാണ് ആ രാജ്യത്തെ ഇന്നത്തെ സൂപ്പര്‍ പവര്‍ സ്ഥാനത്തേക്കെത്തിച്ചത്. 1870ല്‍ ആഗോള പ്രതിശീര്‍ഷ വരുമാനത്തിന്റെ (ജി ഡി പി) 8 ശതമാനം അമേരിക്കയില്‍ നിന്നായിരുന്നെങ്കില്‍ 1913 ആയപ്പോഴേക്കും ഇത് 18.9 ശതമാനമായുയര്‍ന്നു. 1950ല്‍ അമേരിക്കയുടെ പങ്ക് 27.3 ശതമാനത്തിലേക്കെത്തി. സമാനതകളില്ലാത്ത ഈ സാമ്പത്തിക ശേഷിയാണ് അമേരിക്കയെ ആധുനിക ലോകത്തെ ഏറ്റവും ശക്തമായ സൈനീക, സാംസ്കാരിക ശക്തിയായുയര്‍ത്തിയത്. ശീതയുദ്ധ കാലത്ത് സോവിയറ്റ് ചേരി ശക്തമായ വെല്ലുവിളികളുയര്‍ത്തിയിരുന്നുവെങ്കിലും അമേരിക്ക തന്നെയായിരുന്നു സൂപ്പര്‍ പവര്‍.

ഈ സമയത്താണ് ഡോളര്‍ ലോകത്തെ ഏറ്റവും ശക്തമായ കറന്‍സിയായി മാറുന്നത്. ലോകയുദ്ധത്തിനു ശേഷം ആഗോള സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനായി രൂപീകരിച്ച ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെല്ലാം, ഫലത്തില്‍ അമേരിക്ക നിയന്ത്രിക്കുന്ന പടിഞ്ഞാറന്‍ ചേരിയുടെ സാമ്പത്തികാധിനിവേശം നില നിര്‍ത്താനുള്ള സ്ഥാപനങ്ങളായി പരിണമിച്ചു. ബ്രിട്ടീഷ് ചിന്തകന്‍ മാര്‍ട്ടിന്‍ ജാക്വസിന്റെ അഭിപ്രായത്തില്‍ 1960കളോടെ പടിഞ്ഞാറന്‍ സംസ്കാരം എന്നത് അമേരിക്കന്‍ സംസ്കാരമായി മാറി കഴിഞ്ഞിരുന്നു. ഹോളിവുഡ് സിനിമകളും റ്റെലിവിഷന്‍ സീരിയലുകളും മുതല്‍ കൊക്ക കോള, ലെവി ജീന്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വരെയുള്‍പ്പെടുന്ന ഒരു പുതിയ പടിഞ്ഞാറന്‍ സംസ്കാരം സ്രുഷ്ടിക്കാനും അതിനെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനും അമേരിക്കക്കു കഴിഞ്ഞു. "ശീതയുദ്ധ സമയത്ത് പാശ്ചാത്യ ആധുനികതയുടെ ഏറ്റവും ശക്തമായ രൂപകമായി അമേരിക്ക മാറി," തന്റെ ഏറ്റവും പുതിയ പുസ്തകമായ "When China Rules the World"ല്‍ ജാക്വസ് എഴുതുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക മുഹൂര്‍ത്തമായിരുന്നു സോവിയറ്റ് യൂനിയന്റെ പതനം. അത് പാശ്ചാത്യ സംസ്കാരത്തിന്റേയും, അമേരിക്കയുടേയും, അതിന്റെ സാമ്പത്തിക പ്രത്യയ ശാസ്ത്രത്തിന്റേയും ആത്യന്തിക വിജയമാണെന്ന് വാഴ്ത്തപ്പെട്ടു. പുതിയ ഏകധ്രുവ ലോകത്തെ അമേരിക്കന്‍ പവര്‍ നിയന്ത്രിക്കുമെന്ന് നവയാഥാസ്തിതിക അക്കാദമിക്കുകള്‍ പാടി നടന്നു. ബ്ലങ്കാര്‍ഡിനും മുന്‍പ്, ഫ്രാന്‍സിസ് ഫുക്കുയാമയെ പോലുള്ളവര്‍ സംഘര്‍ഷങ്ങളുടെ ചരിത്രം അവസാനിച്ചുവെന്നു വരെ വാദിച്ചു. പക്ഷേ, അവര്‍ക്കു എതിരെയാണ് ചരിത്രം നീങ്ങിയത്.

കിതപ്പും, കുതിപ്പും

അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയുടെ ചരിത്രം 1950കളില്‍ അവസാനിച്ചുവെന്ന് സാമ്പത്തിക ചരിത്രകാരന്‍ ആന്‍ഗസ് മാഡിസന്‍ പറയുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ കാലത്താണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും ശക്തിയാര്‍ജിച്ചത്. 1944ല്‍ അമേരിക്കന്‍ ആഭ്യന്തരോല്പാദനം ആഗോള ജി ഡി പിയുടെ 35 ശതമാനമായിരുന്നെങ്കില്‍, 1973ല്‍ ഇത് 22.1 ശതമാനത്തിലേക്കു കൂപ്പു കുത്തി. ഈ സാമ്പത്തിക തകര്‍ച്ച തടഞ്ഞ് അമേരിക്കയുടെ മേല്‍ക്കോയ്മ നിലനിര്‍ത്തുകയെന്നതായിരുന്നു 1970കളില്‍ മില്‍ട്ടണ്‍ ഫ്രീഡ്മാന്റേയും പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റേയും കടമ. അവരതില്‍ വിജയിച്ചില്ലെന്നു പറഞ്ഞു കൂട.

വിപണിയെ തുറന്നിട്ടും, സ്വകാര്യ മൂലധനത്തെ കെട്ടഴിച്ചു വിട്ടും, താഴ്ന്ന വേതന നിരക്കുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റിയും തങ്ങളുടെ അധീശത്വം താത്കാലികമായെങ്കിലും നില നിര്‍ത്താന്‍ പടിഞ്ഞാറന്‍ മുതലാളിത്തത്തിനു കഴിഞ്ഞു. വിവര സാങ്കേതിക മേഖലയിലുണ്ടായ കുതിപ്പ് ഫൈനാന്‍സ് ക്യാപിറ്റലിന്റെ അഴിഞ്ഞാട്ടത്തെ ത്വരിതപ്പെടുത്തിയപ്പോള്‍ ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത പുതിയൊരു ക്യാപിറ്റലിസം ആഗോള സമ്പദ് വ്യവസ്ഥയെ ഭരിക്കുന്ന സ്ഥിതി വന്നു. ഈ ക്യാപിറ്റലിസത്തിന്റെ തകര്‍ച്ചയാണ് ലിമെന്റെ പതനവും, സാമ്പത്തിക പ്രതിസന്ധിയും മറ്റും വിളിച്ചോതുന്നത്. ലോക സമ്പദ് രംഗത്തിന്റെ കേന്ദ്രസ്ഥാനത്തു തുടരാനുള്ള അമേരിക്കയുടെ യോഗ്യതയും ശേഷിയുമാണ് വെല്ലുവിളിക്കപ്പെടുന്നത്. ഉത്പാദനത്തിലും, സാമ്പത്തിക വികാസത്തിലും ഏഷ്യന്‍ രാജ്യങ്ങള്‍ അതിവേഗത്തില്‍ കുതിക്കുമ്പോഴാണ് അമേരിക്കയുടേയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും ഈ കിതപ്പെന്നോര്‍ക്കണം.

വാള്‍ സ്ട്രീറ്റിന്റെ പതനം ഒരു സാമ്പത്തിക തത്വശാസ്ത്രത്തിന്റെ പതനമായിരുന്നു. 2008 സെപ്റ്റംബര്‍ 15ന് ലിമെന്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തതിനു പിറകെ ദില്ലിയില്‍ നടന്ന ഒരു സെമിനാറില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് പറഞ്ഞത് സ്വയം പരിവര്‍ത്തനത്തിലൂടെ മാത്രമേ മുതലാളിത്തത്തിന് ഇനി മുന്നോട്ടു പോകാനാവൂ എന്നാണ്. "ഈ പ്രതിസന്ധിയോടെ മുതലാളിത്തം അവസാനിച്ചു എന്നല്ല, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നില നിന്നിരുന്ന ഫൈനാന്‍സ് ക്യാപിറ്റലിസത്തിന് അതേ രീതിയില്‍ തുടരാനാവില്ല എന്നതാണ് ഈ പ്രതിസന്ധിയുടെ അര്‍ത്ഥം,"അദ്ദേഹം പറഞ്ഞു. ഒലിവര്‍ ബ്ലങ്കാര്‍ഡില്‍ നിന്നും പ്രഭാത് പട്നായിക്കിലേക്ക് ഒരു പാടു ദൂരമുണ്ട്.

എംജെഎസ്

Aug 23, 2009

വൈറ്റില എന്ന രൂപകം

"ഈ പദ്ധതി മുന്നോട്ടു തന്നെ പോകണം". ഈ വാചകം ഒരു പക്ഷെ ഇന്നു കേരളത്തില്‍ നടക്കുന്ന മൊത്തം വികസനചര്‍ച്ചകളുടെയും പൊതുന്യായമായിത്തീര്‍ന്ന ഒന്നാണ്. ഒരുപാടു ജനവിരുദ്ധ പദ്ധതികള്‍ ഈ വാചകത്തിന്റെ വീര്യത്തില്‍ തൂങ്ങി മുന്നോട്ടുപോയിട്ടുണ്ട്. അടുത്തിടെ ഇതു കേട്ട ഒരു സന്ദര്‍ഭം - വൈറ്റില മൊബിലിറ്റി ഹബ് - അല്പം കൂടി ഗൗരവമര്‍ഹിക്കുന്നതാണ്. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്.

സംസ്ഥാന കൃഷി വകുപ്പിനു കീഴില്‍ എറണാകുളം നഗരത്തോടു ചേര്‍ന്നുകിടക്കുന്ന വൈറ്റിലയുടെ ഒരറ്റത്തായുള്ള ഒരു തെങ്ങിന്‍തോട്ടം നിര്‍ദ്ദിഷ്ട മെഗാ ബസ് റ്റെര്‍മിനല്‍ പണിയാന്‍ വിട്ടു കൊടുക്കുന്നതിനെതിരെ ഒരു പാടു പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം മറികടന്ന് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 20ന്, മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യോഗം റ്റെര്‍മിനലിന് പച്ചക്കൊടി കാട്ടി. ഈ പദ്ധതിക്കെതിരെ തെങ്ങിന്‍ തോട്ടത്തിന്റെ ഉടമസ്ഥരായ കൃഷിവകുപ്പില്‍ നിന്നു തന്നെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ അവയോടുള്ള പ്രതികരണങ്ങള്‍ പലതും മേല്പറഞ്ഞ 'മുന്നോട്ടുപോകല്‍' ന്യയത്തിന്റെ പര്യായങ്ങളായിരുന്നു.

എറണാകുളത്തിന്റെ പഴയ നഗരകേന്ദ്രത്തിന് സമാന്തരമായി കിടക്കുന്ന വൈറ്റിലയില്‍ നിറയെ ബഹുനില കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമാണ്. ഇതിനിടയില്‍ ഈ തെങ്ങിന്‍തോപ്പ് ഒരു പച്ചപ്പിന്റെ വേറിട്ട കാഴ്ചയാണ്. എന്നാല്‍, രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് കാഴ്ച വേറൊന്നായിരുന്നു: വയലുകള്‍ നിറഞ്ഞ, ആളൊഴിഞ്ഞ ഒരിടം. പച്ചപ്പിനെ രണ്ടായി മുറിക്കുന്ന പുഴയുടെ കൈവഴി കിഴക്ക് ചിത്രപുഴയുമായി സമീപപ്രദേശമായ തേവരയുടെ കായല്പരപ്പുകളോട് ചേരുന്നു. ജലഗതാഗതവും, അതിനോടുചേര്‍ന്ന പൊടിപൊടീക്കുന്ന് കച്ചവടവും ഇവിടെ സാധാരണമായിരുന്നു. എന്നാല്‍ പടിപടിയായി പടര്‍ന്നുകയറിയ നഗരം വൈറ്റിലയെ വിഴുങ്ങി. ഇന്ന്, എര്‍ണാകുളം നഗരത്തിന്റെ, ഏതൊരു യാത്രക്കാരനും പരിചിതമായ ഗതാഗത കുരുക്കുകള്‍ക്കുള്ള ഏക ഉത്തരമായാണ് വൈറ്റ്ല ബസ് റ്റെര്‍മിനലിനെ വികസന പ്രേമികള്‍ ചിത്രീകരിക്കുന്നത്. വെറുമൊരു റ്റെര്‍മിനലിനപ്പുറം ഷോപ്പിംഗ് മോളുകളും, ഹോട്ടലും, സ്വിമ്മിംഗ് പൂളും, സാംസ്കാരിക കേന്ദ്രവും തുടങ്ങി ബോട്ടു ജട്ടി വരെയുള്‍പ്പെടുന്നതാണ് പ്രസ്തുത പദ്ധതി. നാഗരികതയുടെ ചടുലമായി മാറിക്കൊണ്ടിരിക്കുന്ന നിഖണ്ടുവില്‍ ഇതൊരു 'മൊബിലിറ്റി ഹൗസ്' ആണ്.

ഈ റ്റെര്‍മിനലിനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചക്ക് രണ്ടു പ്രധാന മുഖങ്ങളുണ്ട്. ഒന്ന് ഇന്നത്തെക്കാലത്ത് വികസനത്തോട് പുറം തിരിഞ്ഞ് നിര്‍ക്കാനാവില്ല എന്നും, അതിനാല്‍, പദ്ധതി മുന്നോട്ട് പോയേ തീരൂ എന്നുമുള്ള സമീപനം. വൈറ്റിലയെപ്പോലുള്ള ഒരു പട്ടണത്തിനു കൃഷി ചേരില്ല എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. രണ്ടാമത്തേതാകട്ടെ, കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ, അതായത് പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകളുടെ സമയം മുതല്‍ക്കേ, കൃഷി വകുപ്പ് ഉയര്‍ത്തിയിട്ടുള്ള എതിര്‍പ്പുകളുമായി ബന്ധപ്പെട്ടതാണ്. പദ്ധതി പ്രദേശത്ത് കൃഷി വകുപ്പ് നടത്തുന്ന തെങ്ങു നഴ്സറിയുടെ ഉല്പാദനക്ഷമതയേയും, പ്രയോജനത്തേയും, കാര്യക്ഷമതയെയും പറ്റിയുള്ള തെറ്റായ പ്രചാരണങ്ങള്‍ ഇതിന്റെ ഒരു പ്രധാന ഘടകമാണ്. പദ്ധതിക്കായി ഈ തോട്ടം കൈമാറിയാല്‍, കിഴക്കന്‍ മലമ്പ്രദേശത്തേക്ക് തെങ്ങു തൈകള്‍ പറിച്ചു നടാനുള്ള നീക്കമുണ്ടായിരുന്നു. എന്നല്‍, തെങ്ങിനനുയോജ്യം മണല്‍ കൂടുതല്‍ കലര്‍ന്ന മണ്ണാണെന്ന കാരണത്താല്‍ അതു നടന്നില്ല. പക്ഷെ, കൃഷിവകുപ്പും അതിന്റെ വാദഗതികളും വികസനവിരുദ്ധരും ജനവിരുദ്ധവുമാണെന്ന അഭിപ്രായം മേല്‍ക്കൈ നേടി.

എന്നാല്‍, വാസ്തവത്തില്‍ ഈ പദ്ധതി യുക്തിക്കു നിരക്കുന്നതാണോ? എറണാകുളത്തെ ഗതാഗത കുരുക്കുകള്‍ തീര്‍ക്കാന്‍ ‍, ബസുകളെ നഗരത്തിനു വെളിയില്‍ തമ്പടിപ്പിച്ചാല്‍ മതിയൊ? അടുത്തിടെ പുതിയ നഗരവികസന പദ്ധതികളുടെ ഭാഗമായി ഒഴിപ്പിക്കപ്പെട്ടവര്‍ പോലും കൃഷിവകുപ്പിന്റെ വാദഗതികളെ സര്‍ക്കാര്‍ കൂടുതല്‍ ശക്തിയായി എതിര്‍ക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ച് കാണുന്നത്. വാസസ്ഥാനങ്ങളുടെ നഷ്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ കൃഷിയിടങ്ങളുടേത് അത്ര ഗുരുതരമല്ല എന്ന ചിന്തയാവാം ഇതിനാധാരം. ഇവിടെയാണ് നമ്മുടെ അടിയന്തിരമായ രാഷ്ട്രീയ അന്വേഷണങ്ങളും പ്രതികരണങ്ങളും പ്രസക്തമാവുന്നതും, പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും നാം ചുവടു മാറ്റേണ്ടതും.

ആദ്യം ഉയര്‍ത്തേണ്ട ചോദ്യം ആരാണ് ബസുള്‍പ്പെടുന്ന പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് എന്നതു തന്നെ. വാഹനങ്ങളുടെ ശരാശരി ഉപയോഗം ഏറ്റവും കുറവുള്ള സാധാരണക്കാരാണ് പൊതുഗതാഗത മാര്‍ഗങ്ങളുടെ മുഖ്യ ഉപയോക്താക്കള്‍. നഗരത്തിലെ റോഡുകള്‍ മുഖ്യമായും കൈയേറിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങളും. ഇവയിലൊരു വലിയ പങ്ക് പലപ്പോഴും കാലി സീറ്റുകളുമായോടുന്ന മുന്തിയ എസി കാറുകളും. ഇങ്ങിനെയെന്നിരിക്കെ, സ്വകാര്യ വാഹനങ്ങളുടെ ഈ ആഡംബരത്തിനെ നഗരത്തില്‍ നിന്നു പറിച്ചെറിയുവാനും, യാത്രക്കാരെ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാനുമുള്ള പദ്ധതികളെ കുറിച്ചല്ലെ നാം കാര്യമായി ചിന്തിക്കേണ്ടത്. അടിക്കടി ഉയരുന്ന അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിഹാരം കൂടിയാവും ഇത്തരം നടപടികള്‍.

റ്റെലിവിഷന്‍ ചര്‍ച്ചകളിലെ ബഹളങ്ങള്‍ക്കുപരിയായി, ജനകീയമായ സംവാദങ്ങളും ഇടപെടലുകളും വഴി പച്ചപ്പിന്റെ ഈ ചെറിയ തുരുത്തിനെ സംരക്ഷിക്കുവാന്‍ സാധിക്കും. ഉത്പാദനക്ഷമത കുറവെന്നിരിക്കലും നഗരദൃശ്യങ്ങളില്‍ വ്യത്യസ്തമായി നില്‍ക്കുന്ന തെങ്ങിന്‍തോപ്പിന്റെ പച്ചപ്പ് സംരക്ഷിക്കേണ്ടതും പ്രധാനമാണ്. അന്തരീക്ഷ വിഷനിര്‍മാര്‍ജനത്തില്‍ ഇത്തരം പ്രദേശങ്ങള്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കായലിലേക്കെത്തി ചേരുന്ന പുഴയുടെ കൈവഴിയെ പറ്റിയും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം പല കൈവഴികളും, നഗര മാലിന്യങ്ങളും പായലുമടിഞ്ഞ വരണ്ട ചാലുകളായി മാറി കഴിഞ്ഞിരിക്കുന്നു. ഒപ്പം, പരിസര പ്രദേശങ്ങളിലൊന്നും കൃഷിയില്ല എന്നതു കൊണ്ട് തന്നെ ഒരു കഷണം തെങ്ങിന്‍ തോപ്പ് മാത്രമായി നില നിര്‍ത്തേണ്ട ആവശ്യമില്ല എന്ന അപകടകരമായ വാദത്തിനു പകരം, തെങ്ങിന്‍തോപ്പിനെ കൂടുതല്‍ കൃഷിയിലേക്കുള്ള ആദ്യ പടിയായി എടുത്താലോ?

പഴഞ്ചന്‍ വാദഗതിയെന്ന് തോന്നാം. എന്നാല്‍ 1990കള്‍ക്കു ശേഷം ഉല്പാദനത്തില്‍ വന്ന ഇടിവിനെ പറ്റി കൃഷി വകുപ്പില്‍ നിന്നുയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുക. 1990കളില്‍ ഇന്ത്യയില്‍ വ്യാപകമായി വന്ന മാറ്റങ്ങള്‍ക്കൊപ്പമാണല്ലോ പ്രാഥമിക/പൊതു ഉല്പാദന മേഖലകള്‍ പടിപടിയായി തകര്‍ച്ചയെ നേരിട്ടത്. അതുകാരണം, ജനസംഖ്യയിലെ ഒരു വലിയ വിഭാഗത്തിന്റെ ആഹാരമുള്‍പ്പെടെയുള്ള പ്രാഥമികാവശ്യങ്ങള്‍ പോലും ഒരു ഞാണിന്മേല്‍ക്കളിയായി. അതുകൊണ്ടു തന്നെയാണ്, വൈറ്റിലയിലെ ഈ പദ്ധതി ഒരു വലിയ വികസന ചര്‍ച്ചയുടെ പ്രതീകം ആകുന്നതും - ആരുടെ വികസനം എന്ന അളവുകോലില്‍. ഈ പദ്ധതി ചോദ്യങ്ങളുയര്‍ത്താനുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഉദാഹരണത്തിന്, നഗരത്തിന് ആവശ്യമല്ലാത്തതെന്തും, അത് ആളുകളാവട്ടെ, കൃഷിയിടങ്ങളാവട്ടെ, പുറം തള്ളപ്പെടുന്നത് എങ്ങോട്ടാണ്? യഥാര്‍ത്ഥത്തില്‍ എന്താണ് വികസനം? ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടാണ് ഇവിടെ സംസാരിക്കുന്നത്? ഈ വികസന മാതൃക നമ്മളെ നയിക്കുന്നതെങ്ങോട്ടാണ്?

ഇത്തരം ചോദ്യം ചെയ്യലുകളുടെ അഭാവത്തില്‍ പദ്ധതികള്‍ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു; അവയുടെ വക്താക്കള്‍ കൂടിയുള്‍പ്പെടുന്ന നമ്മളെന്ന വലിയ ജനവിഭാഗത്തെ വിഴുങ്ങിക്കൊണ്ട്. അതുകൊണ്ടു നമുക്കു നമ്മുടെ നിയമസഭാ സാമാജികരെ തിരുത്തിപ്പറയേണ്ടീവരും: "ഈ പദ്ധതി മുന്നോട്ടു പോകരുത്. ഇതെന്നല്ല, ഇത്തരം ഒന്നും".

മാത്യു ആക്കനാട്ട് വര്‍ഗീസ്