Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Apr 29, 2010

ഐപിഎല്‍ എന്ന അശ്ലീലം

ഐപിഎല്ലിന്റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയാനുള്ള ധാര്‍മികവും നിയമപരവുമായ ബാധ്യത മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുണ്ടെന്ന് ജെജെ

What do they know of cricket who only know of cricket? - CLR James, 1901-89

ഒരുകൂട്ടം ആരോപണങ്ങളുടെ പേരില്‍ തത്കാലത്തേക്ക് പുറത്താക്കപ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമ്മിഷണര്‍ ലളിത് മോഡി കേള്‍ക്കാന്‍ സാധ്യതയുള്ള ഒരു പേരല്ല കാള്‍ മാര്‍ക്സിന്റേത്. എന്നാല്‍ പ്രമുഖചരിത്രകാരനും, മനുഷ്യാവകാശ പ്രവര്‍ത്തകനും, അതിലുമുപരി മാര്‍ക്സിസ്റ്റ് ചിന്തകനുമായ സിഎല്‍‌ആര്‍ ജെയിംസിനെ ഒരു പക്ഷേ മോഡി കേട്ടിട്ടുണ്ടാകും. ക്രിക്കറ്റുകളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും, മനോഹരവുമായ പുസ്തകം ഈ വെസ്റ്റിന്ത്യന്‍ (ട്രിനിഡാഡ്) ചിന്തകന്റേതാണ് -- ഒരു ബൗണ്ടറിക്കപ്പുറം (Beyond A Boundary). മോഡിക്കു രുചിച്ചാലും ഇല്ലെങ്കിലും, ക്രിക്കറ്റിനു ഒരു വര്‍ഗസ്വഭാവമുണ്ടെന്നും, കളി പലപ്പോളും ഒരു വര്‍ഗപ്രശ്നത്തിന്റെ ഘടനയിലേക്കു ബൗണ്‍സു ചെയ്തു പോകുന്നുണ്ടെന്നും ജെയിംസ് ചിന്തിച്ചു. വെസ്റ്റ് ഇന്ത്യന്‍, ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തെ ഒരു വര്‍ഗവിശകലന രീതിയില്‍ വായിച്ചെടുക്കുകയായിരുന്നു സിഎല്‍‌ആര്‍ ബൗണ്ടറി ലൈനിനകത്തു നടക്കുന്ന കളികള്‍ക്കും (കാര്യങ്ങള്‍ക്കും) ബൗണ്ടറിക്കു പുറത്തുള്ള കളികള്‍ക്കും (കാര്യങ്ങള്‍ക്കും) തമ്മില്‍ ഇഴപിരിക്കാനാവത്ത ബന്ധമുണ്ടെന്നു പറഞ്ഞ പുസ്തകമായിരുന്നു അത്. കുടുംബങ്ങളുടെ, ദേശങ്ങളുടെ, രാജ്യങ്ങളുടെ ചരിത്രത്തില്‍ സക്രിയവും, അതേസമയം, സംഘര്‍ഷാത്മകവുമായി ഇടപെട്ടുകൊണ്ടാണ് ക്രിക്കറ്റിന്റെ പ്രശ്നപരിസരം വികസിക്കുന്നത്. അതിനാല്‍ തന്നെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന വിഭജനങ്ങളും, വിവേചനങ്ങളും പലപ്പോഴും ക്രിക്കറ്റും പിച്ചിലേറ്റുന്നു. ഇതു മനസിലാക്കിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്ത ചോദ്യം സി‌എല്‍‌ആര്‍ ചോദിച്ചത്. ട്രിനിഡാഡ് ലീഗിനു വേണ്ടി ഫസ്റ്റ്‌ ക്ലാസ്സ് ക്രിക്കറ്റു കളിച്ചിട്ടുള്ള ആ ചിന്തകനു തന്റെ കളിജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അവഗണനകള്‍ ചെറുതൊന്നുമല്ലായിരുന്നു. എന്നിട്ടും ക്രിക്കറ്റിനെ ആ മാര്‍ക്സിസ്റ്റ് ഒരു പാടു സ്നേഹിച്ചു. ബിബിസി റേഡിയോ 4 സി‌എല്‍‌ആറിനെക്കുറിച്ചെടുത്ത ജീവചരിത്ര ഡോക്യുമെന്ററിയുടെ പേരു പലര്‍ക്കും ഒരു കൗതുകമാണ്: "C.L.R. James: Marx, Cricket, and World Revolution."

ഇന്ത്യന്‍ പണച്ചാക്ക് ലീഗ്

ക്രിക്കറ്റില്‍ മാര്‍ക്സുണ്ടെന്നറിയില്ലെങ്കിലും, ഒരു പക്ഷെ, മറ്റാരേക്കാളും ഭ്രാന്തമായി ഈ കളിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് ഇന്ത്യക്കാര്‍. പക്ഷെ, നമ്മള്‍ ബൗണ്ടറിലൈനിനു പുറത്തു നടക്കുന്ന കളികള്‍ അറിഞ്ഞിരുന്നില്ല. ഉള്ളവന്‍ ഇല്ലാത്തവന്റെ വികാരങ്ങളെ അതിവിദഗ്ദമായി വിറ്റുകാശാക്കുന്ന ഒരു കളിയായി ക്രിക്കറ്റ് മാറി എന്നു പലരും തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇന്ത്യന്‍ പണച്ചാക്കു ലീഗ് സംഭവിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയില്‍ സംഭവിക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണം പടച്ചുവിട്ട പരിഷ്കാരങ്ങളുടെ സുഗമമായ പിച്ചില്‍ കളിച്ചു കൊഴുത്ത മധ്യവര്‍ഗം ഐപി‌എല്‍ പോലുള്ള ഒരു ചീത്തക്കാശുമാമാങ്കത്തിനു വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു."ഒരര്‍ഥത്തില്‍ മന്മോഹന്‍ സിംഗിന്റെ സാമ്പത്തിക അവ്യവസ്ഥ സൃഷ്ടിച്ചുവിട്ട ഒരു ഭൂതമാണ് മോഡിമുതല്‍ ഐപി‌എല്‍ വരെ," പറയുന്നത് ദില്ലിയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍. ഉദാരീകരണവും, ഇരുപതുകളിയും തമ്മിലെന്തു ബന്ധമെന്നു അതിശയിക്കുമ്പോള്‍ നമുക്കു മറ്റു ചിലതു കൂടി മനസ്സിലാകുന്നു. ഒരു ജനതക്ക് കളിയോടുള്ള വൈകാരികക്കൂറിനെ വിറ്റുതുലയ്ക്കാമെന്നു ഒരുമ്പെട്ടിറങ്ങിയവര്‍ക്കു തുണയായത് ഒരു സാമൂഹിക വ്യവസ്ഥകൂടിയാണ്. പഴയതിനെയും, പതിയെ നീങ്ങുന്നതിനെയും മടുത്ത് പുത്തന്‍ ചടുലജീവിതം കൊതിച്ചു പായുന്ന ഒരു ആഗോള ഇന്ത്യന്‍ സാമൂഹിക സാംസ്കാരിക പരിസരത്തിലാണ് ഐപി‌എല്‍ സംഭവിക്കുന്നത്. വേഗം കൂടിയ, എണ്ണം കുറഞ്ഞ, കാശുകൂടിയ ക്രിക്കറ്റ് അങ്ങനെയാണ് ഇഴയുന്ന റ്റെസ്റ്റുകള്‍ക്കും, മൊത്തം നൂറോവര്‍ ഏറിയേണ്ടിവരുന്ന ഏകദിനമാച്ചുകള്‍ക്കും ഒരു ഉത്തരാധുനിക പകരക്കാരനായത്. റ്റെസ്റ്റ് ക്രിക്കറ്റ് ഒരു പരീക്ഷയാണെങ്കില്‍ (examination), ഏകദിനം ഒരു പ്രദര്‍ശനമാണെന്നു (exhibition) പറഞ്ഞത് പ്രശസ്ത കളിയെഴുത്തുകാരന്‍ ഹെന്‍റി ബ്ലോഫെല്‍ഡാണ്. റ്റ്വന്റി റ്റ്വന്റിയെ അദ്ദേഹം എന്തു വിളിക്കുമെന്നറിയില്ല; ഒരു പക്ഷെ, അപമാനം (embarrassment) എന്നായിരിക്കുമൊ?

എന്തായാലും ക്രിക്കറ്റിനു ഐപി‌എല്‍ വരുത്തിവച്ച അപമാനം ചെറുതല്ല. കൊളംബിയയിലെയടക്കം പല ലത്തീനമേരിക്കന്‍ രാഷ്ട്രങ്ങളിലും മാഫിയ സംഘങ്ങള്‍ പണംതട്ടുന്നതിനും, ആയുധങ്ങള്‍ വാങ്ങി കുന്നുകൂട്ടുന്നതിനും പലവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കേട്ടിട്ടുണ്ടെങ്കിലും, അന്നാടുകളിലുള്ള ഫുട്ബോള്‍ പ്രേമത്തെ കവര്‍ച്ച ചെയ്തതായി പൊതു അറിവിലില്ല. തങ്ങളുടെ കീശ വീര്‍പ്പിക്കുന്നതിനായി മോഡിയടക്കം ഐപി‌എല്ലുമായി ബന്ധപ്പെട്ട കുത്തകമുതലാളിമാരും, കള്ളപ്പണക്കാരും നടത്തിയെന്നു ഇപ്പോള്‍ വെളിവാകുന്ന തിരിമറികള്‍ അതീവ ഹീനമാകുന്നതു ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഒരു ബ്രാന്‍ഡിംഗ് ഫിനാന്‍സ് റിപോര്‍ട്ടനുസരിച്ച് ഐപി‌എല്‍ എന്ന ബ്രാന്‍ഡിന്റെ മൊത്തം കച്ചവടമൂല്യം ഈവര്‍ഷം ഏതാണ്ട് 19,000 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് ഏതാണ്ട് 9,300 കോടിയായിരുന്നു. ഏതാണ്ടൊരു പത്തുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡിനു 1.6 ബില്യണ്‍ ഡോളര്‍ വരുമാനം ഐപി‌എല്‍ വഴി ഉണ്ടാകുമെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ എത്രയൊക്കെ ആരോപണങ്ങളുണ്ടായാലും, പൊന്മുട്ടയിടുന്ന ഈ താറവിനെ ഇല്ലാതാക്കാന്‍ കൃഷിമന്ത്രി ശരദ്പവാര്‍ നയിക്കുന്ന ബിസിസിഐ തയ്യാറാകില്ല. ഇത്രയും അധികം പണം വന്നു വീഴുന്നു എന്നതു തന്നെയാണ് ഐപി‌എലിനെ അശ്ലീലമാക്കുന്നത്. ഇതില്‍ ഏറെ പങ്കും കണക്കില്‍‌പെടാത്ത വകയാണ്.

ഉത്തരം പറയേണ്ടത് മന്മോഹന്‍ 

ഏതുകണക്കില്‍, എങ്ങിനെ എന്നു നികുതിവകുപ്പു ചോദിക്കാന്‍ തുടങ്ങിയ ആ വിനാഴികയില്‍ കുഴപ്പങ്ങള്‍ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു കൊല്ലത്തോളമായി ഇതു സമ്പന്ധിച്ച ഫയലുകളുമായി തപസ്സു ചെയ്യുകയായിരുന്നു നികുതി വകുപ്പ്. ആരാണ് അവരെ തടഞ്ഞു പോന്നത് എന്നതിനുത്തരം പറയേണ്ടത് പ്രധാനമന്ത്രി മന്മോഹന്‍ സിംഗാണ്. കാരണം ഐപി‌എല്‍ കുംഭകോണം ഒരു അസാധാരണ വിഷയമല്ല എന്നും, അതിലെ തിരിമറികള്‍ അന്വേഷിക്കാന്‍ ഒരു പാര്‍ലിമെന്ററി കമ്മിറ്റി വേണ്ട എന്നും അടച്ചു പറയുക വഴി തന്റെ വിശ്വാസ്യതയുടെ (അങ്ങിനെയൊന്നുണ്ടെങ്കില്‍) വിക്കറ്റെടുക്കുകയാണ് മന്മോഹന്‍ ചെയ്തത്. അതും പാര്‍ലമെന്റിനകത്ത് പറയാനുള്ള ധൈര്യം പോലും കാണിച്ചില്ല പ്രധാന പ്രമാണി. ഈ ക്രിക്കറ്റ് അഴിമതിയുമായി മാധ്യമങ്ങള്‍ ചേര്‍ത്തുവായിക്കുന്ന പേരുകളില്‍ മന്മോഹന്റെ തോഴര്‍ നിരവധിയുണ്ട്: ശരദ്പവാര്‍, വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ല, പുറത്തുപോയ ശശി തരൂര്‍ അങ്ങനെ ഒരുപാട്. പവാറിന്റെ മകള്‍ പാര്‍ലമെന്റംഗം സുപ്രിയ സുലെയുടെ ഭര്‍ത്താവ് സദാനന്ദിനു ഐപി‌എല്‍ അഴിമതിയില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന മള്‍ട്ടി സ്ക്രീന്‍ മീഡിയ എന്ന മാധ്യമ മാര്‍ക്കറ്റിങ് കമ്പനിയില്‍ പത്തു ശതമാനം ഓഹരിയുണ്ടെന്നു സുലെ തന്നെ സമ്മതിക്കുകയുണ്ടായി. ഇത്രയധികം സാമജികര്‍ക്കു പരോക്ഷമായെങ്കിലും പങ്കുള്ള ഒരു പൊറാട്ടു നാടകത്തെ നിസാരമെന്നു കരുതി മന്മോഹന്‍ സിംഗ് തള്ളിക്കളയുന്നതും, ഈ വിഷയത്തില്‍ യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും പുലര്‍ത്തുന്ന മൗനവും അപകടകരമാണ്.

അത്രതന്നെ അപകടകരമാണ് ഐപി‌എല്‍ പോലൊരു കെടുകാര്യസ്ഥത വളര്‍ന്നു വരാന്‍ അനുവദിച്ച നമ്മുടെ നികുതി വ്യവസ്ഥ. ഇതിന്റെ മൂലം കിടക്കുന്നത് മുന്‍ ബിജെപി ഗവണ്മെന്റിന്റെ കാലത്തും. അന്ന്, യശ്വന്ത് സിന്‍‌ഹ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ മൗറീഷ്യസ്സുമായി ഒപ്പുവച്ച ഇരട്ടനികുതി ഒഴിവാക്കുന്ന സന്ധി (double taxation avoidance treaty) ഇന്നു ഒരു വിനയായിരിക്കുകയാണ്. ഇത് കള്ളപ്പണം ഒഴുക്കാനുള്ള ഒരു ചാനലകുമെന്നു കണ്ട് അതിനെ അന്നു ഇടതുപക്ഷം എതിര്‍ത്തിരുന്നു. ഒരേ നികുതി സമ്പ്രദായമുള്ള രാഷ്ട്രങ്ങള്‍ക്കിടയിലാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്. എന്നാല്‍ ഇന്ത്യയിലേപ്പൊലെ ഒരു മൂലധനവര്‍ധിത നികുതി (capital gains tax) മൗറീഷ്യസ്സില്‍ ഇല്ല. അതിനാല്‍, ഇന്ത്യയില്‍ നികുതി ഒഴിവാക്കി, മൗറീഷ്യസ്സില്‍ നിന്നും കള്ളപ്പണം ഒഴുക്കാന്‍ യശ്വന്ത് സിന്‍‌ഹയുടെ സന്ധി ഒരുപാടു മുതലാളിമാരെ കണക്കറ്റു സഹായിച്ചു. ഐപി‌എല്‍ കള്ളകച്ചവടത്തിലെ ഒരു വലിയ പങ്കു പണവും മൗറീഷ്യസ്സില്‍ നിന്നായിരുന്നു ഒഴുകിയെത്തിയത്. ഇതു മൂലം സര്‍ക്കാരിനുണ്ടായ നികുതി നഷ്ടം അതിഭീമമാണ്. ഇതുകൂടാതെ വിവിധയിനം തുറസുകളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തു കൊടുത്ത മറ്റനേകം ഇളവുകള്‍. സാധാരണഗതിയില്‍ കായികമേളകള്‍ക്കു നികുതിയടക്കമുള്ള ഇളവുകള്‍ അനുവദിക്കുന്നതു നല്ലകാര്യമാണ്. എന്നാല്‍ ഇതുപോലുള്ള വമ്പന്‍ കച്ചവടക്രിക്കറ്റു ശിക്കാറിനു, അതും കോടികളുടെ മുതല്‍മുടക്കും, ലാഭവുമുള്ള ഒരു കയ്യാങ്കളിക്കു, എന്തിനാണു ഇളവുകള്‍ നല്‍കിയതെന്നു സര്‍ക്കാര്‍, പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് ഉത്തരം പറയേണ്ടിയിരിക്കുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് ഗവണ്മെന്റ് നല്‍കിയ വിനോദനികുതി ഇളവുകള്‍ ഓഡിറ്റര്‍ ജനറലിന്റെ രോഷം പിടിച്ചുവാങ്ങിയിരുന്നു. പലയിടത്തും ഒരു ഐപി‌എല്‍ ടിക്കറ്റിനു നാല്പ്പതിനായിരം രൂപ വരെ വില വന്നിരുന്നു. ഇതു കൊള്ളക്കച്ചവടമല്ലെങ്കില്‍ മറ്റെന്താണ്? ഇന്ത്യല്‍ എയര്‍ലൈന്‍സു പോലും, ഐപി‌എല്‍ താരങ്ങള്‍ക്കായുള്ള ഒരു ടാക്സി സര്‍‌വീസുപോലെ തരം താഴ്ന്നുപോയതിനു പ്രഫുല്‍ പട്ടേല്‍ മറുപടി പറയണം; പ്രത്യേകിച്ചും പട്ടേലിന്റെ മകള്‍ ഐ‌പി‌ഏലിന്റെ ഉല്‍സാഹക്കമിറ്റിയുടെ തലപ്പത്തിരിക്കുന്ന അവസ്ഥയില്‍. "ക്രിക്കറ്റിനു രാഷ്ട്രീയമായി ബന്ധമില്ല എന്നു പറയുന്നത്, ക്രിക്കറ്റിനു ജീവിതവുമായി ബന്ധമില്ല എന്നു പറയുന്നതു പോലെയാണ്," എന്നു പറഞ്ഞത് ഇംഗ്ലീഷ് പത്രക്കാരനായ ജോണ്‍ ആര്‍ലോട്ടാണ്. ഇതു നമ്മുടെ മന്ത്രിക്കറിയുമോ എന്നറിയില്ല.

ഐപിഏലിന്റെ രാഷ്ട്രീയം ഇവിടെ തീരുന്നില്ല. ഇപ്പോള്‍ മോഡിക്കെതിരെ നടക്കുന്ന അന്വേഷണം കേന്ദ്രസര്‍ക്കരും (കോണ്‍ഗ്രസ്സ്) ബിസിസിഐയും ചേര്‍ന്നു നടത്തുന്ന ഒരു നാടകമാണെന്നു ചില അടക്കം പറച്ചിലുകള്‍ ഉയരുന്നുണ്ട്. ഇതിനു ചില കാരണങ്ങളുണ്ട്. ഒന്ന്, ഇത്രയും കാലം മോഡി ഒറ്റക്കു കളിക്കുകയായിരുന്നെന്നു കരുതുക വയ്യ. ഇന്നു മോഡിയെ കെടുകാര്യസ്ഥതയുടെ പേരില്‍ ആക്രമിക്കുന്നവര്‍, ഇത്രയും കാലം കണ്ണുമടച്ചിരുട്ടാക്കുകയായിരുന്നെന്നു വേണം അനുമാനിക്കാന്‍. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ബിസിസി‌ഐ ഒഴിവാക്കിയിരിക്കുന്ന വിഷയങ്ങളിലേക്കു ഒന്നു കണ്ണോടിച്ചാല്‍ ഇതിലെ ചുറ്റിക്കളി വ്യക്തമാകും. ഒന്നാമതായി, മോഡിക്കെതിരെയുള്ള സാമ്പത്തിക തിരിമറികള്‍ മുഴുവനും ബിസിസി‌ഐ അന്വേഷിക്കില്ല; ലേലത്തില്‍ ഒത്തുകളിക്കാന്‍ ഒത്താശ ചെയ്ത വസ്തുതയും അന്വേഷണ പരിധിയിലില്ല; രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡ് ഓഫ് ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍‌വസ്റ്റ്മെന്റുമായി മോഡിക്കുണ്ടായിരുന്ന ഭൂമിയിടപാടുകളും അന്വേഷണത്തിലില്ല. ഇതൊന്നും അന്വേഷിക്കാനുള്ളത്ര രേഖകള്‍ തങ്ങളുടെ പക്കലില്ലെന്ന മുടന്തന്‍ ന്യായമാണ് ബിസിസി‌ഐ പറയുന്നത്. കണ്ടുപിടിക്കണം ഹേ, എന്നു പറയേണ്ട മന്മോഹന്‍ സര്‍ക്കാര്‍ മൗനത്തിലും. ഇതൊക്കെക്കൊണ്ടു തന്നെയാണ് നാം ഇന്നു ജീവിക്കുന്ന കാലത്തിനു പറ്റിയ രൂപകമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നു മുതിര്‍ന്ന സാമ്പത്തിക പത്രപ്രവര്‍ത്തകന്‍ ടീഎന്‍ നൈനാന്‍ എഴുതിയത്. ഒരു ജനതക്കു അവര്‍ അര്‍ഹിക്കുന്ന രാഷ്ട്രത്തലവനെ ലഭിക്കുമെന്നു പറയുന്ന പോലെ, ഒരു ജനതക്കു അവരര്‍ഹിക്കുന്ന കായികവിനോദമേ കിട്ടൂ എന്നു ഈ പ്രീമിയര്‍ ലീഗു നോക്കി ആരും പറയരുതെന്നേ നമുക്കാശിക്കാനാകൂ.

ഇതോടോപ്പം വായിക്കാവുന്നത് 

ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

Apr 15, 2010

ദ ഗ്രേറ്റ് ഇന്റര്‍നാഷനല്‍ ശശി

വലിഞ്ഞമര്‍ന്നു, ഉയര്‍ന്നു ചാടി, ഉടലുവെട്ടിച്ചു, വഴിയൊതുങ്ങി, പതിഞ്ഞുവെട്ടി തരൂര്‍തമ്പ്രാക്കള്‍ രാഷ്ട്രീയക്കളരിയില്‍ മെയ്‌വഴക്കം നേടുകയാണ്. ഒരേസമയം പല ചുവടുകള്‍; പിശകില്ലാത്ത, പിഴവില്ലാത്ത മുറകള്‍. കളിയും കാര്യവും ഒപ്പത്തിനൊപ്പം. എന്നിട്ടും ചില ദോഷൈകദൃക്കുകള്‍ എന്തിനാണു ചതി, ചതിയെന്നാര്‍ക്കുന്നതെന്ന് സി ബഷീര്‍ അഹമ്മദ്


പേര് ശശി. അടുത്തറിയാവുന്നവര്‍ ശശിയണ്ണാ എന്നു വിളീക്കും. ആരാധകര്‍ വിശ്വപൗരനെന്നും, നയതന്ത്രജ്ഞനെന്നും മറ്റുമുള്ള വിശേഷണങ്ങള്‍ ചേര്‍ത്തേ പേരു പോലും ഉച്ചരിക്കൂ. ഐക്യരാഷ്ട്ര സഭയിലെ ഉന്നതോദ്യോഗത്തിനു ശേഷം കാംഗ്രസ് പാര്‍ടിയില്‍ ചേര്‍ന്നതിനാല്‍ ശശീജി എന്നുമറിയപ്പെടും. കേള്‍‌വി പെറ്റ മലയാളിയാണ്. രാജഭക്തനായ നായരുമാണ്. ഒന്നിലധികം ഗ്രന്ഥങ്ങള്‍ നിര്‍മിച്ചിട്ടുള്ള പണ്ഡിതന്‍. പോരാത്തതിന് സുന്ദരന്‍. കാളിയുടയാന്‍ ചന്ത്രക്കാറനും, രാജമാര്‍ത്താണ്ഢനും ഒന്നു ചേര്‍ന്ന പൗരുഷം. തിരുവാങ്കോട്ടു ദേശം മുന്‍പു ഭരിച്ചിട്ടില്ലെന്ന ഒരൊറ്റ കുറവു മാത്രം; തിരോന്തരത്തുകാര്‍ക്ക് ഇതില്‍ കൂടുതല്‍ ഭാഗ്യം ഇനിയെന്തു കിട്ടാന്‍! മഹാന്മാരില്‍ മഹാനായ സര്‍വ്വോത്തമന്‍ സര്‍ സീപിയുടെ പ്രോജ്വല സ്മരണയില്‍ ഇന്നും പുളകം കൊള്ളുന്നവരാണ് അനന്തപുരിവാസികള്‍; സീപ്പിക്കു ശേഷം പാര്‍വതി പുത്തനാറിലൂടെ വെള്ളം ഒരുപാടൊഴുകിയെങ്കിലും രാജഭക്തിയും വീരാരാധനയും ഉടവുതട്ടാത്ത കൊങ്കകണക്ക്. രണ്ടു വാക്ക് ഇംഗ്ലിഷില്‍ തികച്ചു പറയാനറിയാത്ത, ലോകം കണ്ടിട്ടില്ലാത്ത ഈ കൊച്ചു കേരളത്തിലെ രാഷ്ട്രീയക്കാരോട് സീപിയുടെ ജനത്തിന് പുച്ഛം തോന്നിയിട്ടുണ്ടേങ്കില്‍ കുറ്റം പറയാനൊക്കുമോ?

ഇല്ലെന്ന് മന്‍‌മോഹന്‍ സിങ്ങുപോലും പറയും. അതുകൊണ്ടല്ലേ, ശശീജിയെ പ്രൈം മോണ്‍സ്റ്റര്‍ നേരെ തിരുവനന്തപുരത്തേക്കിറക്കിയത്. സിപിയില്ലെങ്കിലെന്താ ശശി വന്നല്ലോ എന്നായി ആസ്ഥാനനഗരിയിലെ വികസനപ്രേമികള്‍. ആചാരവെടി വച്ചു സ്വീകരണം. മണ്ഠലത്തെ ലണ്ടനാക്കാമെന്ന ഐക്യരാഷ്ട്രന്റെ വാഗ്ദാനത്തില്‍ തെല്ലഞ്ചാറ് പുളകങ്ങളെല്ലാം കൊണ്ട് പോയതില്‍ തിരോന്തരത്തുകാരെ എന്തരു പറയണം. ശശിസാറു പാട്ടും പാടി ജയിച്ചു കയറി. അണ്ണന്റെ സിംഹാസനം എവിടെ വേണം എന്ന കാര്യത്തില്‍ ഗുരുവും നേതാവുമായ മനമോഹന് തെല്ലുമുണ്ടായിരുന്നില്ല സംശയം. നേരെ കയറ്റി വിദേശകാര്യമന്ത്രിയാക്കിയാല്‍ കാംഗ്രസിലെ ഒരു വഴിക്കും പോവാത്ത താപ്പാനകള്‍ ഇടഞ്ഞാലോ എന്നു ഭയന്നാകണം സഹമന്ത്രിയുടെ കുപ്പായം കല്പ്പിച്ചു കൊടുത്തു. ഐക്യരാഷ്ട്ര സഭയുടെ ദിവാനാവാന്‍ കച്ചയും മുറുക്കിയിരുന്നിരുന്ന ശശിയണ്ണന്‍ ഒടുവില്‍ എസെം കൃഷ്ണയുടെ ജൂനിയര്‍ കിണ്ടി. ആര്‍ക്കു പോയി? മിണ്ടാത്തതിലും നല്ലതല്ലേ കൊഞ്ഞപ്പ്! കൈയും നീട്ടിയങ്ങു സ്വീകരിച്ചു ശശി മന്ത്രിസ്ഥാനം. കളി ശശിയൊടും ജെയിംസിനോടും (ബോണ്ട്) വേണ്ട.

കളിക്കാന്‍ ശശിമാഷിനു സ്ഥലങ്ങള്‍ അനവധി. ഇന്ദ്രപ്രസ്ഥം മുതല്‍ ഇന്റര്‍നെറ്റു വരെ. പടക്കു മുമ്പില്‍ ഫാന്‍സുകാര്‍. എന്തിനും തയ്യാര്‍. തിരുനാവായ മട്ടില്‍ തിരുവാങ്കോട്ടു ദേശത്തു മാമാങ്കം വരെ നടത്തും. മമ്മൂട്ടിക്കും, മോഹന്‍ലാലിനും, (ദിലീപിനും) മാത്രമല്ല തിരോന്തരം വാണരുളുന്ന രാജാവിനും വേണ്ടേ ഫാന്‍സു പട. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഒന്നു ചെന്നു നോക്കൂ. ശശിയണ്ണന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ വികസനോന്മുഖമാക്കി മാറ്റിപണിയാനെത്തിയിരിക്കുന്ന മിശിഹായാണെന്നു വരെയാണ് വാദം. അല്ലെന്നു തെളിയിക്കാന്‍ ലിങ്കുറപ്പുള്ളവരുണ്ടോ? ശശിയണ്ണന്‍ ഊച്ചാളി രാഷ്ട്രീയക്കാരെ പോലെയൊന്നുമല്ല. കേരളമെന്ന ഈ ഇട്ടാവട്ടത്തില്‍ കിടന്ന് പാളത്താറുകാരോട് തായം കളിക്കാന്‍ അറിയാഞ്ഞിട്ടല്ല, അദ്ദ്യേത്തിനു താത്പര്യമില്ല. ഒരു ഉദാഹരണം പറയാം. സാധാരണ രാഷ്ട്രീയക്കാര്‍ സര്‍ക്കാര്‍ വക വീടുകള്‍ വിട്ടു കൊടുക്കില്ലെന്നാണ് പരാതി. ഇത്തരം പെറുക്കികളായ ബ്ലഡി ഇന്ത്യന്‍സിനുള്ള മാതൃകയാണ് ശശീജി. മന്ത്രിക്കുപ്പായവും വാങ്ങി നേരെ പോയത് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്. ഒരു രാത്രി അന്തിയുറങ്ങി തിരിച്ചു വരാനൊന്നുമല്ല. വാസം മാസങ്ങളോളം. വാര്‍ത്ത വായിച്ച് തിരോന്തരത്തും, ഓണ്‍ലൈനിലുമായി ജീവിക്കുന്ന തരൂര്‍ ഫാന്‍സുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കണ്ട് ആവേശോജ്വലരായി കീജേ വിളിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ വിമര്‍ശിക്കാന്‍ വികസനവിരോധികളായ ഇടതുപക്ഷക്കാര്‍ മാത്രമേ ഉണ്ടാവൂ. സുക്രുതക്ഷയം!

വികസനത്തെക്കുറിച്ചു മാഷിനു മറ്റാര്‍ക്കുമില്ലാത്ത കാഴ്ച്ചപ്പാടുണ്ട്. ഇന്ത്യാമഹാരാജ്യത്തിന്റെ ഏറ്റവും വലിയ ശാപം കാശിനു കൊള്ളാത്ത ദരിദ്രരാണെന്ന കാര്യത്തില്‍ മാറ്റാര്‍ക്കു സംശയമുണ്ടെങ്കിലും, കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ പൂര്‍ണദരിദ്രര്‍ മാത്രമല്ല മധ്യവര്‍ഗവും പ്രശ്നക്കാരാണെന്നാണ് ശശി മതം. അതിനാല്‍, വിമാനത്തിന്റെ ഇക്കണോമി ക്ലാസ് വെറും കന്നാലി ക്ലാസാണെന്ന മഹാ സത്യം തുറന്നു പറയാനുള്ള ധീരത അദ്ദേഹം കാണിച്ചത് (ഡാ കന്നാല്യേ! എന്ന ഇട്ടൂപ്പ് ലൈനിലാണോ?, അപ്രിയ സത്യങ്ങള്‍ തുറന്നു പറയാനുള്ള അങ്ങയുടെ ധീരതയുണ്ടല്ലോ അത് അഭിനന്ദനീയമാണ് സര്‍. അങ്ങയെ പോലുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശസുയര്‍ത്തുപ്പിടിക്കാനായി മിനിമം നൂറു വര്‍ഷമെങ്കിലും ജീവിക്കണം). അണ്ണന്‍ എന്തായാലും ഈ രാജ്യത്തെ തീവണ്ടിയാപ്പീസുകള്‍ നേരില്‍ കണ്ടു കാണാനിടയില്ല. ഒരു ദിവസം ദില്ലിയിലെ തീവണ്ടീയാപ്പീസ് കൂടി ഒന്നു നേരില്‍ കാണാനുള്ള സാഹചര്യം മന്ത്രീജിക്കുണ്ടാക്കി കൊടുക്കണമെന്ന് ആരാധകരിലാര്‍ക്കെങ്കിലും പ്രധാനമന്ത്രിക്കൊരു കത്തെഴുതാവുന്നതാണ്. സത്യത്തില്‍ ചാലിച്ചെടുത്ത കൂടുതല്‍ മഹത്വചനങ്ങള്‍ കേള്‍ക്കാനുള്ള കൊതി കൊണ്ടാണ്. മദ്വജനങ്ങള്‍ക്കു മാര്‍ദ്ദവവും കൂടും, ഉദ്ദേശ്ശശുദ്ധി വിസ്തരിച്ചുണ്ടാകുംതാനും.

തെരഞ്ഞെടുപ്പും കഴിഞ്ഞ് പൊടിയും തട്ടി മണ്ഡലം വിട്ടുപോകുന്ന സാധാരണ എംപിയല്ല അണ്ണന്‍. ആഗോള പൗരനു സ്വന്തം കര്‍മ്മമണ്ഠലം ശ്രീപത്മനാഭനെ ചുറ്റിമാത്രമല്ലതാനും. അതു കൊണ്ടാണ് ചാച്ചന്‍ കൊച്ചി വരെ പോയത്. കൊച്ചിക്ക് അത്യാവശ്യമായി വേണ്ടതെന്താണെന്നു ചോദിച്ചാല്‍ ഏതു കൊച്ചു കുട്ടിയും പറയും ഐപിഎല്‍ റ്റീമാണെന്ന്. സ്വന്തം നഗരത്തിന്റെ പേരില്‍ ഒരു ഐപിഎല്‍ റ്റീമെങ്കിലുമില്ലെങ്കില്‍ എങ്ങിനെ ജീവിക്കും ഈ നാട്ടില്‍. ഐപിഎല്‍ റ്റീമുകള്‍ കൊണ്ടൂ വരുന്ന വികസനത്തിന്റെ ഏദന്‍ തോട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ചൊമല ട്രൗസര്‍കാര്‍ക്ക് മാത്രമേ പറ്റൂ. സ്വന്തമായി റ്റീമില്ലാത്തതിനാല്‍ കൊച്ചിക്കാര്‍ നന്നായൊന്നുറങ്ങിയിട്ട് തന്നെ നാളുകളായിരുന്നു. ഇനി പൊതുജന താത്പര്യം പരിഗണിച്ച് ആരെങ്കിലും ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചേക്കുമോ എന്ന സന്നിഗ്ദാവസ്ഥയില്‍ നഗരം നില്‍ക്കുമ്പോഴാണ് രക്ഷകനായി ശശിയവര്‍കള്‍ അവതരിക്കുന്നത്.

കേരളത്തേയും, മലയാളീകളേയും സ്നേഹിക്കുന്ന, നാടിന്റെ സ്പന്ദനങ്ങള്‍ പോലും മനസു കൊണ്ട് തൊട്ടറിയുന്ന നേതാവിന് എങ്ങിനെ വെറുതെയിരിക്കാനാവും? പറ്റില്ല. അതു കൊണ്ടാണ് പഞ്ചനക്ഷത്ര ജീവിതവും, എന്തിന് റ്റ്വീറ്റിങ്ങു പോലും വേണ്ടെന്ന് വച്ചിട്ട് നായകന്‍ കൊച്ചിക്കു ക്രിക്കറ്റ് റ്റീമുണ്ടാക്കാനായി ഇറങ്ങി തിരിച്ചത്. ഒടുവില്‍ ലേലം‌വിളി കഴിഞ്ഞപ്പോള്‍, പൂണെ സഹാറ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ ബിഡ് കൊച്ചി  റോന്‍ഡെവ്യൂവിന്റേത്. അന്നു രാത്രി കൊച്ചിക്കാര്‍ നീലക്കണ്ണുള്ള തരൂരിനേയ്യും മനസില്‍ സ്വപ്നം കണ്ട് സമാധാനമായുറങ്ങി. കൊച്ചി തെരുവുകളില്‍ ജീവിതം സാധാരണ ഗതിയിലായി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ശശിയണ്ണന്റെ ലിങ്കുകള്‍ പെരുമഴയായി പെയ്തിറങ്ങി. പിന്നെ, കൊച്ചി കണ്ടവനു എന്താണു വേണ്ടാത്തതെന്ന കാര്യത്തില്‍ അണ്ണനു തീര്‍പ്പും ഉണ്ടായിരുന്നു.

അപ്പോഴാണ് ഒരു ചിന്ന പ്രച്നം. ഇന്നലത്തെ മഴയ്ക്ക് കിളുത്ത പയ്യന്‍ ലളിത് മോഡി ട്വിറ്റര്‍ഗെയ്റ്റുമായിറങ്ങിയിരിക്കുന്നു. കൊച്ചി ഐപിഎല്‍ റ്റീമില്‍ തനിക്ക് യാതൊരു സാമ്പത്തിക നേട്ടവുമില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പ്രസംഗിച്ചു നടന്നിരുന്ന തരൂരണ്ണന്റെ മുഖമടിച്ചടിയായി പോയി ക്രിക്കറ്റ് മോഡിയുടെ ട്വീറ്റ്. മന്ത്രീജിയുടെ ഏറ്റവും പുതിയ കാമുകി സുനന്ദ പുഷ്കറിന്റെ കയ്യില്‍ റ്റീം കൊച്ചിയുടെ 4.5 ശതമാനം ഓഹരിവിഹിതം ഭദ്രം. അതും സൗജന്യമായി ലഭിച്ചത്! ഏകദേശം 70 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ സുനന്ദാജിക്ക് എങ്ങിനെ കിട്ടി? പയ്യന്‍ മോഡിയുടെ ട്വീറ്റിനു ശേഷം വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് റ്റീം പ്രൊമോട്ടറായ റെന്‍ഡെവ്യൂവിന് സൗജന്യമായി ലഭിച്ച 26 ശതമാനം ഓഹരിയുടെ ഏകദേശം 18 ശതമാനമാണ് മന്ത്രികൂട്ടുകാരിയുടെ പേരിലുള്ളത്. റ്റീം കൊച്ചിയുടെ ഓഹരി വിഹിതം വെളിപ്പെടുത്തിയ മോഡിക്ക് വ്യക്തിപരമായ അജന്‍ഡയുണ്ടെന്ന് തിരിച്ചടിക്കാന്‍ ശശീജി മറന്നില്ല. ബിഡ്ഡിങ്ങില്‍ സാക്ഷാല്‍ മുട്ടാള്‍ മോഡിയുടെ അഹമ്മദാബാദിനു വേണ്ടി പക്ഷം പിടിച്ച പയ്യന്‍ മോഡി കേരളത്തിന് റ്റീം കിട്ടുന്നതിന് എതിരായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും ബഹുമാന്യനായ മുന്‍ ഐക്യരഷ്ട്ര സഭ അണ്ടര്‍ സെക്രട്ടറി പുറത്തു വിട്ടു. വാര്‍ത്ത കേട്ട് രാജ്യം കുലുങ്ങി. പക്ഷേ എന്നിട്ടുമടങ്ങുന്നില്ല ചില കന്നാലികളുടെ കലി. മോഡി പയ്യനാണ്, അവന്‍ കളിക്കട്ടെ; പക്ഷേ, വിദേശകാര്യ സഹമന്ത്രിക്കിതിലെന്തു കാര്യം എന്നാണ് ഇവന്മാരുടെ ചോദ്യം? റെന്‍ഡെവ്യൂ കണ്‍സോര്‍ഷ്യത്തിനു ബിഡ് കിട്ടാന്‍ വേണ്ടി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒന്നു കളിച്ചു നോക്കിയതിനു കിട്ടിയ പ്രതിഫലമാണ് സുനന്ദാജിയുടെ പേരില്‍ പോന്ന ഓഹരികള്‍ എന്നു വരെ എഴുതി പിടിപ്പിക്കുന്നുണ്ട് ദോഷൈദൃക്കുകളായ ശ്മശ്രുക്കള്‍.

ഹല്ലേ ഇതെന്തൊരു പുകില്? താന്‍ മൂന്നാമതും കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഭാര്യയായേക്കാവുന്ന ഒരു സ്ത്രീവേഷത്തിനു ചില്ലറ ഫ്രീ ഷെയര്‍ ഒരു ക്രിക്കറ്റ് റ്റീമില്‍ കിട്ടിയതിന് താനെന്തു പിഴച്ചു എന്നാണ് അണ്ണന്റെ നിലപാട്. അതിന്റെ പേരില്‍ ശശി തരൂര്‍ രാജി വയ്ക്കണമെന്നൊക്കെ വിളീച്ചു കൂവുന്നവര്‍ വെറും വികസനവിരോധികള്‍. അല്ലെങ്കില്‍, ക്രിക്കറ്റ് വിരോധികള്‍. അതുമല്ലെങ്കില്‍ കേരളാവിരോധികള്‍. ഈ അത്താഴം മുടക്കികളെ എങ്ങിനെ നേരിടണമെന്നൊക്കെ അറിയാനുള്ള രാഷ്ട്രീയ പരിചയമായിട്ടുണ്ട് നയതന്ത്രജ്ഞന്. ഇതിന്റെ പേരില്‍ രാഷ്ട്രീജീവിതമവസാനിപ്പിച്ച് പോകാനായിരുന്നെങ്കില്‍ അമേരിക്കാവില്‍ നിന്നും കച്ചയും കെട്ടി തിരോന്തരം വരെ വരേണ്ടതുണ്ടായിരുന്നോ? കാര്യങ്ങളെല്ലാം മനമോഹനനറിയാം. നല്ല വെടിപ്പുള്ള ഇംഗ്രീസില്‍ വാര്‍ത്താകുറിപ്പുമിറക്കിയിട്ടുണ്ട്. കാംഗ്രസില്‍ നില്‍ക്കുന്നിടത്തോളം കാലം അതു തന്നെ ധാരാളം. ആരോപണങ്ങളെ കാറ്റില്‍ പറത്തി അഗ്നിശുദ്ധി വരുത്തി നില്‍ക്കുന്ന ജനനായകന്റെ പേരില്‍ തിരോന്തരത്തിന് ഒരു നൂറ്റാണ്ടു കാലത്തേക്കെങ്കിലും അഭിമാനിക്കാം. വാടാക്കരളും പെരുകയ്യും കൊണ്ട കുലപതി. എംപിയായി ഒരു കൊല്ലത്തിനുള്ളില്‍ ഇത്രയൊക്കെ ഒപ്പിക്കാനായില്ലെ. ഇനിയും നാലു വര്‍ഷം കിടക്കുകയല്ലെ. സച്ചിനല്ലെ പോയുള്ളൂ... ടെന്‍ഡുല്‍ക്കര്‍ ഇനിയും കെടക്കുന്നു...

വാല്‍ക്കഷണം: ശശി തരൂര്‍ മൂന്നാമതും ഒരു നേരമ്പോക്കിനു തുനിയുന്നതില്‍ സദാചാരക്കുറവ് ആരോപിച്ച് കേരളത്തിലെ ഇടതുപക്ഷസദാചാര പൊലീസാണ് തരൂരിനെ ആക്രമിക്കുന്നതെന്ന് കറിയാച്ചനോ, തിരോന്തരത്തെ ച്ചീച്ചീചേച്ചിമാരോ മറ്റു ഉത്തരാധുനിക വിപ്ലവകാരികളോ എഴുതി പോയാല്‍ ആരും നാളെ ഞെട്ടരുത്.

Feb 28, 2010

സചിന്‍: ക്രീസിലെ ഗ്ലാഡിയേറ്റര്‍

ക്രിക്കറ്റിനെ ഒരേസമയം കലയും പോരാട്ടവുമായി ഉയര്‍ത്തിയ മഹാനായ കലാകാരനാണ് സചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പികെ ആനന്ദ് 

തിങ്ങിനിറഞ്ഞ, ഗ്വാളിയറിലെ ക്യാപ്റ്റന്‍ രൂപ്‌ സിംഗ് മൈതാനം. മഞ്ഞുകാലത്തിനു മേല്‍ ജയമുറപ്പിച്ചെരിയുന്ന സായംകാല സൂര്യനെ അവഗണിച്ചു കൊണ്ട് ആരവങ്ങളുമായി ആ അപൂര്‍വ നിമിഷത്തിന് കാത്തിരിക്കുന്ന പതിനായിരങ്ങള്‍. ഗ്രൗണ്ടിനു നടുവില്‍ തന്റെ വില്ലോയെ ആയുധമാക്കി ശക്തരായ ദക്ഷിണാഫ്രിക്കന്‍ ബോളിംഗ്-ഫീല്‍ഡിംഗ് നിരയെ തരിപ്പണമാക്കി കൊണ്ടിരിക്കുന്ന ഗ്ലാഡിയേറ്റര്‍. ചരിത്രത്തിലേക്ക് ഏതാനും ചുവടുകള്‍ മാത്രം. സൂര്യ ചിഹ്നം പതിച്ചിട്ടുള്ള ആ ഹെല്മെറ്റിനു കീഴെയുള്ള കണ്ണുകള്‍ക്ക് ലക്ഷ്യം തെറ്റുക അപൂര്‍വം. ഫെബ്രുവരി 24-ലെ ആ സായന്തനത്തില്‍ സചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ക്ക് ലക്ഷ്യം തെറ്റുക എന്നത് നൂറു കോടി ആരാധകര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. പതിവു പോലെ അദ്ദേഹം ആരേയും നിരാശരാക്കിയില്ല. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സച്ചിന്‍ വരച്ചെടുത്തപ്പോള്‍ അദ്ദേഹത്തിനേയും ക്രിക്കറ്റിന്റേയും മഹത്വം ഒരു കൊടുമുടി കൂടി കയറുകയായിരുന്നു. സചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങിനെയാണ്. ക്രീസിലെ സചിന്‍ ചക്രവ്യൂഹത്തിലകപ്പെട്ട പോരാളിയെ പോലെയാണ്. പതിനൊന്നു ശത്രുക്കളുടെ ഒരു വലയത്തിനെതിരെ ഒറ്റയ്ക്കു പൊരുതുന്ന യോദ്ധാവ്. സചിന്‍ ക്രിക്കറ്റിനെ ഒരേ സമയം കലയും പോരട്ടവുമാക്കി മാറ്റുന്നു.

പതിനാറാം വയസ്സില്‍, 1989ല്‍ തുടങ്ങിയ ആ യത്ര, അടങ്ങാതെ ഒതുങ്ങാതെ ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലേക്ക് നടത്തിയ ആദ്യ റ്റൂര്‍ണമെന്റ് തന്നെ സചിന് തീ കൊണ്ടുള്ള മമോദീസയായിരുന്നു. വസിം അക്രമും വാഖ്‌ആര്‍ യുനിസും മറ്റുമടങ്ങുന്ന ഉശിരന്‍ പേയ്സ് നിരയും അവരെ നയിക്കുന്ന നായകനായ ഇമ്രാന്‍ ഖാനും സച്ചിനും കൂട്ടര്‍ക്കും കൂറ്റന്‍ വെല്ലുവിളിയാണ് മുന്നോട്ടു വച്ചത്. തന്റെ ആദ്യ റ്റെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ച്ചവയ്ക്കാനാവാത്ത സച്ചിന്‍ രണ്ടാം റ്റെസ്റ്റില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍, വഖ്‌ആറിന്റെ കുതിച്ചുയര്‍ന്ന പന്ത് നേരെ വന്നു പതിച്ചത് മുഖത്ത്. മൂക്കില്‍ നിന്നും ചോര വാര്‍ന്നൊഴുകിയിട്ടും പതറാതെ സച്ചിന്‍ വാഖ്‌ആറിന്റെ അതേ ഓവറില്‍ ബൌണ്ടറി നേടി; കൂടാതെ ആ ഇന്നിങ്ങ്സില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. വാസ്തവത്തില്‍ സച്ചിന്റെ പോരാട്ടങ്ങള്‍ മുംബൈ മണ്ണില്‍ ഇതിനകം തന്നെ വിഖ്യാതമായിരുന്നു. ഹാരിസ് ഷീല്‍ഡ് മത്സരങ്ങളില്‍ മാറ്റുരച്ചു കൊണ്ട് ഈ പയ്യന്‍സ് സ്കൂള്‍ ക്രിക്കറ്റ്‌ അരങ്ങു കൈയ്യേറിയിരുന്നു. തന്റെ സ്കൂളായ ശാരധാശ്രത്തിന്നു വേണ്ടി ചങ്ങാതിയായ വിനോദ് കാംബ്ലിയോടൊപ്പം 664 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടും പണിതുയര്‍ത്തു. നന്നേ ചെറു പ്രായത്തില്‍ തന്നെ തന്റെ ജേഷ്ഠനായ അജിത്തിന്റെ സ്നേഹാദരങ്ങളോടെ കോച്ച് രമാകാന്ത് അച്ച്രെക്കറുടെ കളരിയായ ശിവാജി പാര്‍ക്കില്‍ പരിശീലനമാരംഭിച്ചു. ക്രിക്കറ്റിനോട് സമ്പൂര്‍ണമായ അര്‍പണ ബോധവും ആത്മാര്‍ഥതയും അന്ന് മുതലേ സച്ചിന്‍ തന്റെയുള്ളില്‍ സ്വരുക്കൂട്ടിയിരുന്നു. ആ മുതല്‍ക്കൂട്ട് ആഭ്യന്തര റ്റൂര്‍ണമെന്റുകളായ രണ്‍ജി ട്രോഫി, ഇറാനി  ട്രോഫി എന്നിവയില്‍ തെളയിക്കാനും സച്ചിനു കഴിഞ്ഞു. തകര്‍പ്പന്‍ ഫോമോടുകൂടിയായിരുന്നു സച്ചിന്‍ അന്താരാഷ്ട്രിയ ക്രിക്കറ്റ്‌ ലോകത്തേക്ക് കയറി വന്നത്. ആ ചെറു പ്രായത്തില്‍ നിന്നും സച്ചിന്‍ കൂറ്റന്‍ കോട്ടകള്‍ പണിയാന്‍ തുടങ്ങിയത് വളരെ വേഗത്തിലായിരുന്നു. തൊണ്ണൂറുകളുടെ കാലഘട്ടം സചിന്റെ പല വിസ്മയങ്ങള്‍ക്കും സാക്ഷിയായി. ആ കാലം സച്ചിന്റെ ബാറ്റിംഗ് ഇന്നിങ്ങ്സുകളുടേതായിരുന്നു; അന്ന് ഇന്ത്യ ജയിക്കുന്നതിനേക്കാള്‍ സചിന്‍ പടു കൂറ്റന്‍ സ്കോറുകള്‍ ഉയര്‍ത്തണമെന്നായിരുന്നു ഏവരുടെയും പ്രാര്‍ത്ഥനയും ശരണംവിളികളും. ആ കാലഘട്ടത്തില്‍ പിറന്ന ചില ഇന്നിങ്ങ്സുകളെ കുറിച്ച് മനസ്സൊന്നു പിന്നോട്ട് പായിച്ചാല്‍ ഓടി വരുന്നത് പല നല്ല ഓര്‍മകളാണ്. റ്റെസ്റ്റുകളില്‍ ലോകത്തെ വേഗമേറിയ പിച്ചായ പെര്‍ത്തില്‍ മക്ടെര്‍മോട്ടും  മെര്‍വ്ഹുഘ്സും, മൈക്ക് വിട്നിയും അടങ്ങുന്ന ശക്തമായ ഓസ്സി പേസ് നിരയെ കണ്ണഞ്ചിപിക്കുന്ന രീതിയല്‍ ഫ്രന്റ്‌ ഫുട്ടിലും ബാക്ക് ഫുട്ടിലും രചിച്ച കാവ്യമായ സെഞ്ച്വറി; അതെ പര്യടനത്തില്‍ സിഡ്നിയില്‍ നേടിയ മറ്റൊരു ശതകം; ഏകദിനത്തില്‍ '96 ലോക കപ്പില്‍ നേടിയ ഉയര്‍ന്ന സ്കോറുകള്‍; ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി നേടിയ രണ്ടു സെഞ്ച്വറികള്‍ - പ്രത്യേകിച്ച് കാസ്പ്രോവിചിനെയും ഷെയിന്‍ വാര്‍നിനെയും പേടി സ്വപ്നങ്ങള്‍ കാണിച്ച ചില ഷോട്ടുകള്‍.

ബാറ്സ്മന്ഷിപ്പിനെ (batsmanship) ഒരു ജനപ്രിയ കലയായുയര്‍ത്തിയ കലാകാരന്‍ സചിനാണെന്ന് പറയാം. ഒരു കലാകാരന്‍ വലിയ ക്യാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചമച്ചു ഒരു ചിത്രം തീര്‍ക്കുന്നതുപോലെ, ഒരു സംഗീതജ്ഞന്‍ സ്വരമാധുര്യത്തോടെ രചിക്കുന്ന സൃഷ്ടിയെ പോലെയാണ് സചിന്‍ തന്റെ ബാറ്റിംഗ് ലോകത്തിനു മുന്നില്‍ അര്‍പിക്കുന്നത്‌. അങ്ങനെ വരുമ്പോള്‍ സചിന്റെ ബാറ്റിംഗ് ഒരു ചിത്രമാണ്, കാവ്യമാണ്. മനോഹരതയാര്‍ന്ന ചിത്രങ്ങളും, ശോഭിതമായ കാവ്യങ്ങളും, ഗാനങ്ങളും തീര്‍ക്കപെടുന്ന കലതന്നെയാണ് സചിന്‍ തന്റെ ബാറ്റുകൊണ്ട് തീര്‍ക്കുന്നത്. ആ ദൃശ്യചാരുതയില്‍ ഈ നാടിന്റെ നൂറു കോടി ജനങ്ങള്‍; ജാതിയുടെയും, മതത്തിന്റേയും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ താണ്ടി പ്രതീക്ഷകളും, സ്വപ്നങ്ങളും നെഞ്ചിലേറ്റി കഴിയുന്ന ആരാധകര്‍ക്ക് നാവിന്‍തുമ്പത്തുള്ള ഒരേ നാമമാണ് സചിന്‍. ആ ഭാരമേറിയ വില്ലോ ബാറ്റില്‍ നിന്നും ഉയരുന്ന ഷോട്ടുകളുടെ പ്രവാഹം കണ്ടാലും മതി -- ആധികാരികമായ സ്ട്രിയിറ്റ് ഡ്രൈവ്, കനത്ത ഹുക്കും, പുള്‍ ഷോട്ടും, മനോഹരമായ പാട്ല്‍ സ്വീപ്, കണ്ണഞ്ചിപ്പിക്കുന്ന രീതിയില്‍ പിച്ചിന്റെ താഴേക്കു കുതിച്ചു ബൌളറിന്റെ തലയ്ക്കു മുകളിലൂടെ പായുന്ന ഷോട്ട്, ത്രസിപ്പിക്കുന്ന ലേറ്റ്-കട്ട്‌, ഉഗ്രന്‍ സ്ക്വയര്‍ കട്ട്‌, ചാരുതയാര്‍ന്ന ലെഗ്-സൈഡ്‌ ഫ്ലിക്.....ഒന്നിനോട് ഒന്ന് മെച്ചമുള്ള ഷോട്ടുകള്‍ (ഗ്വാളിയറില്‍ കണ്ടത് ആ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു). ക്രീസില്‍ കാലുകള്‍ പതിച്ച് ഓരോ പന്തിനേയും നൂതനമായ രീതിയില്‍ നേരിട്ടു കൊണ്ട്, വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയാണ് സചിന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്.

കളിയെ എല്ലാ മേഖലകളിലും എന്നും 100 ശതമാനം സ്വയം അര്‍പിക്കണം എന്ന ഒറ്റ മന്ത്രമാണ് സചിന്‍ എന്ന പ്രതിഭയ്ക്ക് പത്തര മാറ്റിന്റെ ഭംഗി നല്‍കി, നമ്മള്‍ ഏവരെയും പുളകം കൊള്ളിക്കുന്നത്‌. ബാറ്റില്‍ നിന്ന് മാത്രമല്ല ബോളിലും സചിന്‍ തന്റെ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. ഓസ്ട്രെലിയക്കെതിരെ കൊല്‍ക്കത്തയിലെ ഇതിഹാസ റ്റെസ്റ്റില്‍ (2001), അവസാന ദിവസം മൂന്നു വിക്കറ്റുകളാണ് നേടിയത്; അത് പോലെ അഡലയ്ദ് മൈദാനത്തില്‍ (2003) സ്റ്റീവ് വോയുടെയും, ദാമിയെന്‍ മാര്‍ടിന്റെയും വിക്കറ്റുകളും വീഴ്ത്തി ഒരു വന്‍ ജയത്തിന്നു വഴി വച്ചുകൊടുത്തു; ഏകദിനത്തില്‍, കൊച്ചിയില്‍  നേടിയ കരിയറിലെ മികച്ച നേട്ടമായ 5/32 ഓര്‍മയില്‍ വരും. കൂട്ടുകെട്ടുകളെ ഭേദിക്കാന്‍ എന്നും ഇന്ത്യന്‍ ക്യാപറ്റന്‍മാരുടെ മാന്‍ ഫ്രൈഡെയാണ് സചിന്‍.

ക്രിക്കറ്റാണ് എന്നും സചിന്റെ ഭാഷ. വിമര്‍ശകര്‍ക്ക് മറുപടി ഗ്രൗണ്ടില്‍ നിന്ന് കിട്ടും.  ക്യപ്റ്റന്‍സിയില്‍ അല്പകാലമുണ്ടയിരുന്നെകിലും, അത് ഒരു കനത്ത ഭാരമായി തന്റെ കളിയെ ബാധിക്കുന്ന ഘട്ടം വന്നപ്പോള്‍, ആ മുള്‍ക്കിരീടം താഴെ വയ്ക്കാനും സച്ചിന്‍ തീരുമാനിച്ചു. ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും; പിന്നീട് ധോണി, സെഹവാഗ്, ഗംഭീര്‍, റൈന, രോഹിത് ശര്‍മ, യുസുഫ് പത്താന്‍ എന്നിവരും സചിന്റെ ഭാരത്തെ പങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. തന്റെ പ്രതിഭയുടെ സര്‍വ്വ പ്രസരിപ്പും പുറത്തുകൊണ്ടുവന്നു തെളിയിക്കാന്‍ സചിനു ഇന്ന് കഴിഞ്ഞിടുണ്ടെങ്കില്‍ അതിനു ഈ കളിക്കാരുടെ സഹായം കുറച്ചൊന്നുമല്ല ഉപകരിച്ചിട്ടുള്ളത്. പരിക്കുകള്‍ കാരണം പല ഷോട്ടുകളും ഉപേക്ഷിച്ചു എന്ന കിംവദന്തിയും, അടുത്തിടെ കളിച്ച പല രോമാഞ്ചകരമായ ഇന്നിങ്ങ്സുകളിലൂടെയും സചിന്‍ പൊളിച്ചിട്ടുണ്ട്. പല കൂറ്റന്‍ അടികളും തന്നെ വിട്ടു പോയിട്ടില്ല എന്ന

പല ഒറ്റയാന്‍ പോരാട്ടങ്ങളും ഈ യാത്രയിലുള്‍പ്പെടുന്നു. പൊള്ളുന്ന ചെന്നൈ ചൂടില്‍, പന്ത് കുത്തി എല്ലാ വശങ്ങളിലേക്കും തിരിയുന്ന പിച്ചില്‍, പുറം വേദനയും കടിച്ചു പിടിച്ചു, 1999-ഇല്‍ പാകിസ്ഥാനെതിരെ വിജയത്തിന്റെ അരികു വരെ കൊണ്ടെത്തിച്ച ആ ധീരമായ മറക്കാനാവാത്ത സെഞ്ച്വറി; തന്റെ അച്ഛന്റെ വേര്‍പാടില്‍ മനം നൊന്തിട്ടും, റ്റീമിന് വേണ്ടിയും, നാടിനു വേണ്ടിയും, തിരിച്ചു വന്നു, കെനിയക്കെതിരെ '99 ലോക കപ്പില്‍ നേടിയ സെഞ്ച്വറി; മുംബൈ തീവ്രവാത്ത ആക്രമണത്തിനു ശേഷം  ചെന്നൈ - തന്റെ പ്രിയപ്പെട്ട ഗ്രൌണ്ടുകളില്‍ ഒന്ന് - റ്റെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലാമിന്നിങ്ങ്സില്‍ നേടിയ വിജയ ശതകം; അടുത്തിടെ ഹൈദ്രബാദില്‍ ഓസ്ട്രേലിയ കെട്ടിപൊക്കിയ 350 എന്ന വിശാലമായ ലക്ഷ്യം, ഒറ്റയ്ക്ക് മറികടക്കാന്‍ നടത്തിയ അങ്കപുറപ്പാടില്‍, അടിച്ചുയര്‍ത്തിയ 175 -വീണ്ടും ജയത്തിനരികെ വന്നു കാല്‍ വഴുതിപ്പോയ അവസരം. ഇത്തരം പല ഇന്നിങ്ങ്സുകളും കാഴ്ച്ചവസ്തുക്കളായി സചിന്‍ നമ്മുക്ക് നല്‍കിയിട്ടുണ്ട്.

ഇതിഹാസങ്ങള്‍ രചിക്കപെടുമ്പോള്‍ നമ്മള്‍ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ന്നാല്‍, കൊടുക്കേണ്ട ഉത്തരം വ്യക്തമാണ്. ഗ്വാളിയറില്‍ ഇതിഹാസത്തിന്റെ എടുകളിലേക്ക് കുറിക്കപ്പെട്ട ആ 200 റണ്‍സിന്റെ മഹാമേരുവിന്റെ ദൃക്സാക്ഷികളായി നാം ഇന്ന് നിലകൊള്ളുന്നു. നീണ്ട 21 വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍പ്പിച്ചു സചിന്റെ ജൈത്രയാത്ര തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിക്കപെടാനായാണ്‌ ഉണ്ടാക്കപെടുന്നത്. പല റെക്കോര്‍ഡുകളും സചിന്‍ ഇതിനകം സ്വരുക്കൂട്ടികഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വെറും റെക്കോര്‍ഡുകളുടെ അളവുകോലില്‍ മാത്രം ഈ പ്രതിഭയെ, അളക്കാന്‍ സാധിക്കില്ല. സ്പോര്‍ട്സിനെ  ഒരു transcendental വികാരമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. വേദനയും, മുറിപ്പടുകളും, ദാരിദ്ര്യവും, കഷ്ടപ്പാടും മറ്റും സഹിച്ചു കഴിയുന്ന ജനതയ്ക്ക് ആശ്വാസം പകരുന്ന ഓക്സിജന്‍ ആയാണ്  ലോകത്തിന്റെ ഈ ഭാഗത്ത്‌ ആളുകള്‍ ക്രിക്കറ്റിനെ കാണുന്നത്. അതിലും വിശേഷമായി സച്ചിന്റെ ഇന്നിങ്ങ്സുകള്‍ നുകരുന്നത്. കോടാനുകോടി ജനങ്ങളുടെ ആകാംക്ഷകളും, പ്രതീക്ഷകളും, സങ്കല്‍പ്പങ്ങളും, നെഞ്ചോടു ചേര്‍ത്തുപിടിച്ച് സചിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു; പഴയ ആ പതിനാറു വയസുകാരന്റെ അതെ ആവേശത്തോടെയും, ശൌര്യത്തോടെയും. ഇനിയും പല നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍, പല കൊടുമുടികളും ചുംബിക്കാന്‍. അത് പോലെ കാത്തിരിപ്പുകളും അവസാനിക്കുന്നില്ല.

Feb 9, 2010

കെറി പാക്കറില്‍ നിന്നും മോഡിയിലേക്ക്

പണം വിതച്ച് പണം കൊയ്യുന്ന പ്രഭുക്കളുടെ കളിയാണ് ക്രിക്കറ്റെന്ന്  പ്രദീപ് എ
ക്രിക്കറ്റില്‍ മുമ്പൊരു കെറിപാക്കറായിരുന്നു പ്രശ്‌നക്കാരന്‍. ഇംഗ്ലണ്ടിലെ ക്രിക്കറ്റ്‌ മൈതാനങ്ങളില്‍ വെള്ള പാന്റും തൊപ്പിയുമണിഞ്ഞ്‌, വായില്‍ ച്യൂയിംഗവുമായി നിന്ന സായിപ്പന്‍മാര്‍ പാക്കറെ തെറി വിളിച്ചു. ക്രിക്കറ്റിന്റെ ആഢ്യത്തത്തെയും, സംസ്‌കാരത്തെയും പണത്തിനു വേണ്ടി കളഞ്ഞു കുളിച്ചവന്‍. ഓസ്ട്രേലിയന്‍ സായിപ്പായ കെറിപാക്കര്‍ പക്ഷേ അതു കേട്ട ഭാവം നടിച്ചില്ല. ഇവിടെ ഇന്ത്യയിലും ക്രിക്കറ്റ്‌ പണ്‌ഡിതന്‍മാര്‍ പാക്കറെ പണക്കൊതിയനെന്നും, ബൂര്‍ഷ്വായെന്നും വിളിച്ചു. പാക്കര്‍ക്കൊന്നും സംഭവിച്ചില്ല. സംഭവിച്ചത്‌ ക്രിക്കറ്റിനായിരുന്നു -- അറുപത് ഓവര്‍ മാച്ചുകള്‍ 50 ഓവറുകളായി ചുരുങ്ങി; പകല്‍-രാത്രി മല്‍സരങ്ങളുണ്ടായി; കളിക്കാര്‍ക്ക്‌ ഏകദിന ക്രിക്കറ്റില്‍ വര്‍ണ വസ്‌ത്രങ്ങളായി; റ്റെസ്റ്റിനു ചുവപ്പും, ഏകദിനത്തിന്‌ വെള്ളയും പന്തുകള്‍ വന്നു. ഏകദിന ക്രിക്കറ്റ്‌ ലോകമെങ്ങും ആവേശമാകാന്‍ തുടങ്ങി, പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തില്‍. താരങ്ങള്‍ ദൈവങ്ങളായി മാറിയതോടെ പരസ്യകമ്പനിക്കാര്‍ അവര്‍ക്കു ചുറ്റും വലംവയ്‌ക്കാന്‍ തുടങ്ങി. ക്രിക്കറ്റ് ലോകം പാക്കര്‍ക്കു മുന്നില്‍ തോറ്റു. നിലനില്‍ക്കാന്‍ പണമാണ്‌ വേണ്ടതെന്ന്‌ കെറിപാക്കര്‍ ക്രിക്കറ്റ്‌ പ്രഭുക്കളെ പഠിപ്പിച്ചു. ഇന്ന് പലരും സമ്മതിക്കുമായിരിക്കും, പാക്കറുടെ തീരുമാനങ്ങള്‍ ഒരു പരിധിവരെ ശരിയായിരുന്നുവെന്ന്‌. ബിസിസിഐയെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിനെ വെല്ലുന്ന തരത്തില്‍ പണമരമാക്കിയത്‌ പാക്കര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ്‌. പണം ക്രിക്കറ്റിന്റെ മറുവാക്കായി മാറുന്നത്‌ ഈ മാറ്റങ്ങള്‍ കൊണ്ടാണ്‌.

ഇന്ന്‌ പക്ഷേ ചര്‍ച്ചകള്‍ ഒരിക്കലും കെറി പാക്കറെ കുറിച്ചല്ല. സ്‌പോര്‍ട്‌സ്‌ മാസികകളില്‍ ചിലപ്പോഴെങ്കിലും വരാറുള്ള അപസര്‍പ്പക കഥകളുണ്ട്‌. ഫുട്‌ബോളിനെക്കുറിച്ചും, ക്രിക്കറ്റിനെക്കുറിച്ചുമെല്ലാം. അങ്ങനെ വായിച്ച ഏതോ ഒരു കഥപോലെയായിരുന്നു ട്വന്റി-20 ക്രിക്കറ്റിന്റെ ഇന്ത്യയിലേക്കുള്ള കടന്നു വരവ്‌. പണ്‌ഡിതന്‍മാര്‍ പിന്നെയുമുണര്‍ന്നു വാളോങ്ങിയെങ്കിലും, പണക്കൊതിയെന്നവര്‍ വിളിച്ചു കൂവിയെങ്കിലും ലളിത്‌ മോഡിയെന്ന രാജസ്ഥാനിലെ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റിന്‌ ക്രിക്കറ്റെന്ന പണമരത്തെ എങ്ങനെ ഉപയോഗിക്കണമെന്നറിയായിരുന്നു. ഇവിടെയാണ്‌ പാക്കറും ലളിത്‌ മോഡിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നത്‌. ക്രിക്കറ്റില്‍ നിന്നും എങ്ങനെയൊക്കെ പണമുണ്ടാക്കാം എന്നു കണ്ടുപിടിച്ചവരാണിവര്‍. അല്ലെങ്കില്‍ പിന്നെ ഇംഗ്ലണ്ടിലെ ക്രിക്കറ്റ്‌ ഭ്രാന്തന്‍മാര്‍ തമാശയ്‌ക്കു കളിച്ചിരുന്ന ട്വന്റി-20 എന്ന കുട്ടി രൂപത്തെ ഇന്ത്യയിലേക്ക്‌ പറിച്ചുകൊണ്ടുവരാനും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ തുടങ്ങാനും മോഡിക്കാകുമായിരുന്നില്ല. ഇത്തിരി കാശെറിഞ്ഞാല്‍ ഒത്തിരി കിട്ടുന്ന ചാകരയാണ്‌ ക്രിക്കറ്റെന്ന്‌ പഠിച്ചവരാണ്‌ ഇവര്‍ രണ്ടും. തല്‍ക്കാലം നമുക്ക്‌ പാക്കറെ ഇവിടെ വിടാം. ലളിത്‌ മോഡിയെയും ഐപിഎല്ലിനെയും പിന്തുടരാം.

ഫുട്‌ബോളിന്റെ ചുവടുപിടിച്ചുള്ള ലേലങ്ങളും, കരാറുകളുമൊക്കെ ക്രിക്കറ്റില്‍ പരിചിതമാക്കിയത്‌ ഐപിഎല്ലായിരുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഐപിഎല്‍ ഇന്ത്യയെ കീറി മുറിച്ചു. പഴയ നാട്ടുരാജ്യങ്ങളുടെ പേരുകളും പോരുകളുമുണര്‍ത്തി മാമാങ്കം ചൂടു പിടിച്ചു. ഓരോ ഫ്രാഞ്ചൈസികളും താരങ്ങളെ കോടികള്‍ കൊടുത്ത്‌ സ്വന്തമാക്കി. എന്തിനാണിവരിത്രയും പണം മുടക്കി താരങ്ങളെ സ്വന്തമാക്കുന്നു എന്ന സംശയത്തിനു പെട്ടന്നു തന്നെ മറുപടിയും കിട്ടി. കോടികള്‍ താരങ്ങള്‍ക്കായി മറിയുമ്പോള്‍ റ്റീമുകളുടെ ഷെയര്‍ വാല്യു കുതിക്കാന്‍ തുടങ്ങി. മാര്‍ക്കറ്റിലെ രാജാക്കന്‍മാരാകാന്‍ ഈ റ്റീമുകള്‍ മത്സരിച്ചു. ആ മത്സരഫലമായിരുന്നു പൊള്ളാര്‍ഡും, ബോണ്ടുമൊക്കെ. ചില കാര്യങ്ങള്‍ പറയാതെ വയ്യ, ഇന്ത്യയില്‍ ക്രിക്കറ്റെന്നത്‌ ഭ്രാന്തമായ വികാരമാണ്‌. ആ വികാരത്തെയാണ്‌ ഇത്തരം മാറ്റങ്ങള്‍ ചൂഷണം ചെയ്യുന്നത്‌. കളിയുടെ അന്തസത്തയോ, നിലവാരമോ അല്ല ഇവിടെ പ്രശ്‌നം. പണം മാത്രമാണ്‌. ഓരോ ബോളിലും പന്തിനെ വേലിക്കെട്ടിനു പുറത്തേക്കു പായിക്കുകയെന്ന വണ്‍മാന്‍ഷോയാക്കി ട്വന്റി-20 ക്രിക്കറ്റിനെ മാറ്റി.

ഇത്തവണത്തെ ഐപിഎല്‍ ലേലം ഏറെ വിവാദങ്ങളുയര്‍ത്തിയാണ്‌ അവസാനിച്ചത്‌. പാകിസ്ഥാന്‍ താരങ്ങളെ ലേലത്തില്‍ നിന്നും ഒഴിവാക്കിയത്‌ അക്ഷരാര്‍ത്ഥത്തില്‍ വേദനിപ്പിച്ചത്‌ സാധാരണ ക്രിക്കറ്റ്‌ പ്രേമികളെയായിരുന്നു. അത്തരത്തിലൊന്ന്‌ ഉണ്ടാകാന്‍ പാടില്ല എന്നായിരുന്നു പൊതുവെ പ്രതികരണമുണ്ടായതെങ്കിലും, ക്രിക്കറ്റിനുള്ളിലെ രാഷ്‌ട്രീയം ക്രിക്കറ്റിന്റെ രാഷ്‌ട്രീയത്തെ കവച്ചു വച്ചു. ലളിത്‌ മോഡിയെന്ന സൂത്രശാലിയായ ചെയര്‍മാന്റെ മനസ്സിലെ ഉദ്ദേശ്യം നടപ്പിലായി. സത്യത്തില്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തിയാലുണ്ടാകുന്ന പ്രാദേശിക വികാരങ്ങളെ ഭയന്നാകണം മോഡി അവരെ തിരസ്‌ക്കരിച്ചത്‌. എന്തായാലും കഴിഞ്ഞ വര്‍ഷം മോഡിക്കുണ്ടായ നഷ്‌ടം ചെറുതായിരുന്നില്ല. തെരഞ്ഞെടുപ്പ്‌ കാരണം ഇന്ത്യന്‍ പ്രവാസി ലീഗാകേണ്ടി വന്ന ഗതികേട്‌ ഇത്തവണയുണ്ടാക്കില്ലെന്ന്‌ ചെയര്‍മാന്‍ നേരത്തേ ഉറപ്പിച്ചിരുന്നിരിക്കും. അല്ലെങ്കില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലീഗ്‌ തന്നെ അതു തെളിയച്ചതാണ്‌.

പക്ഷേ താരങ്ങള്‍ പ്രതികരിച്ചത്‌ വളരെ രൂക്ഷമായിട്ടായിരുന്നുവെന്നു മാത്രം. ആ വികാരം മനസ്സിലാക്കാവുന്നതേയുള്ളു. വര്‍ഷത്തില്‍ ഒരു പ്രാവശ്യം നടത്തി ഗംഭീര വിജയം നേടിയതാണ്‌ ഐപിഎല്‍. അതുകൊണ്ടു തന്നെയാണ്‌ വര്‍ഷത്തിലിത്‌ രണ്ടു തവണയാക്കിയാലോയെന്ന ചിന്ത മോഡിക്കുള്ളില്‍ തെളിഞ്ഞത്‌. സ്വര്‍ണ മുട്ടയിടുന്ന താറാവിന്റെ കഥ മാധ്യമങ്ങളും, വിമര്‍ശകരും മോഡിയെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ മോഡിയുടെ ചിന്തകള്‍ അതിനുമപ്പുറത്തായിരുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ രണ്ടു തവണ മത്സരിച്ച്‌ സജ്ഞയ്‌ ദീക്ഷിത്തെന്ന തന്റെ സഹപ്രവര്‍ത്തകനോട്‌ തോറ്റമ്പിയെങ്കിലും, ചാമ്പ്യന്‍സ്‌ ലീഗും, പിന്നെ തന്നെ കൊണ്ട്‌ ചെയ്യാന്‍ പറ്റുന്ന എല്ലാ കളികളും നന്നായി കളിച്ച്‌ മോഡി കാശുണ്ടാക്കി. കൂടാതെ ഇത്തവണ ഐപിഎല്ലില്‍ പുതുതായി രണ്ട്‌ റ്റീമുകള്‍ക്ക്‌ കൂടി അവസരം നല്‍കുമെന്നും വാര്‍ത്തയുണ്ട്‌. വമ്പന്‍മാരെല്ലാം റ്റീമിനെ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്‌. പുതിയ റ്റീമിന്റെ മിനിമം തുകയായി പറഞ്ഞിരിക്കുന്നത്‌ 1,000 കോടി രൂപയാണ്‌. ആദ്യഘട്ടത്തില്‍ ഇതിന്റെ ഇരട്ടിയാകും. ഇതാണ്‌ ഐപിഎല്‍, അഥവാ മോഡിയുടെ ബിസിനസ്‌.

ഓഹരിയുടമകള്‍ ലാഭം കൊയ്യട്ടെ, അതിനുള്ളില്‍ കളിയെക്കുറിച്ച്‌ ആരും സംസാരിക്കരുത്‌. ഓരോ കാലത്തിലും പുതിയതോരൊന്നായി കടന്നു വരും. പണമെന്ന കേന്ദ്ര ബിന്ദുവിനെ അവലംബിച്ച്‌ ആശയങ്ങളുണ്ടാകും. അന്ന്‌ കെറിപാക്കര്‍ ചെയ്‌തതും ഇന്ന്‌ ലളിത്‌ മോഡി ചെയ്‌തുകൊണ്ടിരിക്കുന്നതും ഇക്കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ ശ്രദ്ധിക്കപ്പെടാന്‍ വിവാദങ്ങളുമുണ്ടാകാം. ഓരു വിവാദം ക്ഷണിക്കുന്നത്‌ ആയിരം കണ്ണുകളെയാണെന്നാണ്‌ ലേലവും, അനുബന്ധമായി വരുന്ന വിവാദങ്ങളും നമുക്ക്‌ കാണിച്ചു തരുന്നത്‌. അന്ന്‌ പാക്കര്‍, ഇന്ന്‌ മോഡി, നാളെ പുതിയ രൂപവുമായി മറ്റൊരാള്‍. അവര്‍ വിതയ്‌ക്കുന്ന കാറ്റില്‍ അവര്‍ കൊടുങ്കാറ്റ്‌ കൊയ്യുന്നു. നമ്മള്‍ കാണികള്‍ മാത്രം.