എണ്ണക്കമ്പനികള്‍ക്കു വേണ്ടി യുപിഎ പൊതുജനങ്ങളെ കൊള്ള ചെയ്യാനൊരുങ്ങുകയാണെന്ന് എംജെഎസ്
പെട്രോളിയം മന്ത്രി ഫെബ്രുവരി 2ന് നടത്തിയ ഒരു പ്രസ്താവന കേട്ടാല്‍ തോന്നുക വിലക്കയറ്റത്തില്‍ ഏറ്റവുമധികം വേദനിക്കുന്ന യുപിഎ മന്ത്രി അദ്ദേഹമാണെന്നാണ്. കിരിത് പാരിഖ് കമ്മിറ്റി റിപോര്‍ട്ട് വരുന്നതു വരെ ഇന്ധന വില വര്‍ധിപ്പിക്കുന്ന കാര്യം തങ്ങളുടെ അജന്‍ഡയിലേ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. "വിലക്കയറ്റം എത്ര വലിയ വെല്ലുവിളിയാണെന്ന് സര്‍ക്കാരിനറിയാം. ഈയവസ്ഥയില്‍ പെട്രോള്‍-ഡീസല്‍ വില 2-3 രൂപ വര്‍ധിപ്പിച്ചാല്‍ പോലും അത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാവും," ദിയോറ ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതു കേട്ട് കേന്ദ്ര മന്ത്രിയുടെ സാധുജന സ്നേഹത്തെ കുറിച്ചോര്‍ത്ത് പുളകം കൊണ്ട ശുദ്ധഹൃദയക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മറുപടിയായി തൊട്ടടുത്ത ദിവസം തലസ്ഥാനത്ത് മറ്റൊരു പത്രസമ്മേളനവും നടന്നു. എണ്ണവില നിര്‍ണയത്തെ കുറിച്ച് പഠിക്കാന്‍ പ്രധാന മന്ത്രി നിയമിച്ച കമ്മിറ്റി ചെയര്‍മാന്‍ കിരിത് പാരിഖ് നടത്തിയ സമ്മേളനം. കമ്മിറ്റി റിപോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് ബുധനാഴ്ച മന്ത്രി ദിയോറയോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനായെത്തിയത്. കമ്മിറ്റിയുടെ കണ്ടെത്തലുകളാകട്ടെ ഇന്നാട്ടിലെ കോര്‍പറേറ്റ് മാധ്യമങ്ങളും, എണ്ണ ഭീമന്മാരും, പെട്രോളിയം മന്ത്രാലയവും കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും അണുകിട വ്യത്യസ്ഥമായിരുന്നില്ല എന്നതാണ് തമാശ.
കമ്മിറ്റി ശുപാര്‍ശകള്‍
പാരിഖ് കമ്മിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ പെട്രോളിന്റേയും ഡീസലിന്റേയും വില നിര്‍ണയിക്കുന്ന നിലവിലുള്ള സംവിധാനം എടുത്തു കളയണമെന്നതാണ്. പകരം, കമ്പോള നിയന്ത്രിത വിലനിര്‍ണയ സംവിധാനം (അതായത് എണ്ണകമ്പനികള്‍ക്ക് റിട്ടെയില്‍ മാര്‍ക്കറ്റിലെ എണ്ണയുടെ വില നിര്‍ണയിക്കാന്‍ അധികാരമുണ്ടായിരിക്കുമെന്ന്) നടപ്പാക്കണമെന്ന് മുന്‍ ആസൂത്ര കമ്മിഷന്‍ അംഗമായിരുന്ന പാരിഖ് പറയുന്നു. ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകം, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് പരിമിതമായ അളവില്‍ സര്‍ക്കാര്‍ സബ്സിഡി ആവാമെങ്കിലും നിലവിലെ അവസ്ഥ തുടരാനൊക്കില്ലെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു സിലിണ്ടര്‍ പാചകവാതകത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 287 രൂപയാണ്. ഈ സംവിധാനം മാറ്റി മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ (GDP) വളര്‍ച്ചയായി പാചക വാതക വിലയേയും, കാര്‍ഷികോത്പാദനത്തിന്റെ വളര്‍ച്ചയായി മണ്ണെണ്ണ വിലയേയും ബന്ധിപ്പിക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. അതായത്, ഇതിനു മുന്‍പ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ച മാര്‍ച്ച് 2002 മുതലുള്ള GDP വളര്‍ച്ചയുടെ -- 66 ശതമാനം -- അനുപാതമെടുത്താല്‍ മണ്ണെണ്ണ വില ഒരു ലിറ്ററിന് 6 രൂപ വര്‍ധിക്കും. അതു പോലെ തന്നെ ഗ്യാസിന്റെ വിലയും കൂടും. 2004-05 മുതല്‍ നഗരജനതയുടെ ആഭ്യന്തരോത്പാദനത്തിലുണ്ടായ 85 ശതമാനം വളര്‍ച്ച പരിഗണിക്കുമ്പോള്‍ നഗരങ്ങളില്‍ പാചക വാതകം സിലിണ്ടറിന് ഏകദേശം 485 രൂപയാവും.
ഈ പരിഷ്കാരങ്ങള്‍ നടത്താന്‍ പറ്റിയ ഏറ്റവും ഉചിതമായ സമയമാണിതെന്നാണ് പാരിഖിന്റെ കണ്ടെത്തല്‍. സബ്സിഡി ഭാരം സര്‍ക്കാരിന്റെ തലയില്‍ നിന്നും ഒഴിവായാല്‍ അത് ധനക്കമ്മി കുറയ്ക്കുമെന്നും അതുകൊണ്ട് തന്നെ നിര്‍ദേശിത പരിഷ്കാരങ്ങളുടെ നേട്ടം സാധാരണ ജനങ്ങള്‍ക്കും ലഭ്യമാകുമെന്നും അദ്ദേഹം പറയുന്നു. വില വര്‍ധനയ്ക്കും, വില നിര്‍ണയ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതിനും അദ്ദേഹം പറയുന്ന ന്യായമാവട്ടെ, എണ്ണകമ്പനികള്‍ വന്‍ സാമ്പത്തിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നതാണ്. "നമ്മുടെ എണ്ണ വ്യാപാര കമ്പനികളുടെ സാമ്പത്തിക ആരോഗ്യം അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയ വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില നിര്‍ണയിക്കാനുള്ള അധികാരം കിട്ടിയാലേ, മത്സരോത്സുകമായ എണ്ണ വിപണിയില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനാവൂ...," അദ്ദേഹം പറയുന്നു.
എണ്ണക്കമ്പനികള്‍ നഷ്ടത്തിലോ?
എണ്ണകമ്പനികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നത് ഇന്ത്യയില്‍ സര്‍ക്കാരും മാധ്യമങ്ങളും ഒരുപോലെ നടത്തുന്ന ഒരു പ്രചാരണമാണ്. ഇതില്‍ എത്ര മാത്രമുണ്ട് വാസ്തവം. രാജ്യത്തെ പ്രധാന എണ്ണ വ്യാപാര കമ്പനികളുടെ കാര്യം തന്നെ നോക്കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഐഒസിയുടെ (Indian Oil Corp) ലാഭം 696.5 കോടി രൂപയാണ്. ബിപിസിഎല്‍ (Bharat Petroleum Corp), എച്പിസിഎല്‍ (Hindustan Petroleum Corp) എന്നീ കമ്പനികള്‍ ഇതേ സമയത്ത് ഉണ്ടാക്കിയ ലാഭം യഥാക്രമം 379 കോടി, 31 കോടി എന്നിങ്ങനെയാണ്. ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, റിലയന്‍സ് എന്നീ എണ്ണയുത്പാദന കമ്പനികളുടെ ലാഭമാകട്ടെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കുതിച്ചുയരുകയാണ് ചെയ്തത്. സ്വകാര്യ എണ്ണകമ്പനിയായ എസ്സാര്‍ ഓയില്‍ മാത്രമാണ് ഡിസംബര്‍ പാദത്തില്‍ നഷ്ടമുണ്ടാക്കിയ ഒരേയൊരു എണ്ണ കമ്പനി. എന്നാല്‍ എസ്സാറിന്റെ നഷ്ടം 2008 ഡിസംബര്‍ പാദത്തിലെ 1,230 കോടി രൂപയില്‍ നിന്ന് 2009ല്‍ 226 കോടിയിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. അതായത്, വെറും മൂന്നുമാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രമുഖ ആറ് എണ്ണകമ്പനികള്‍ ഉണ്ടാക്കിയ ലാഭം 8,877.36 കോടി രൂപ വരും (താഴെയുള്ള ചാര്‍ട്ട് നോക്കുക). ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, ഏതു നഷ്ടത്തിന്റെ കണക്കാണ് മുരളി ദിയോറയും കിരിത് പാരിഖും പ്രധാന മന്ത്രി തന്നെയും വിളമ്പി കൊണ്ടിരിക്കുന്നത്?
അണ്ടര്‍-റിക്കവറി നഷ്ടമല്ല
ഇവിടെയാണ് അണ്ടര്‍-റിക്കവറി എന്ന വില്ലന്‍ കടന്നു വരുന്നത്. ഏണ്ണഭീമന്മാര്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപയുടെ അണ്ടര്‍-റിക്കവറിയാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഇത് പൊതുവെ പലരും ധരിച്ചിരിക്കുന്നതു പോലെ നഷ്ടമല്ല. എന്താണ് ഈ അണ്ടര്‍-റിക്കവറി? അന്താരാഷ്ട്ര വിപണിയില്‍ നിന്നും വാങ്ങുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഒരു കമ്പനി ആഭ്യന്തര മാര്‍ക്കറ്റില്‍ എണ്ണ വില്‍ക്കുന്നതെങ്കില്‍ ഈ വ്യത്യാസമാണ് അണ്ടര്‍-റിക്കവറി എന്നറിയപ്പെടുന്നത്. എന്നാല്‍ ഇത് നഷ്ടമായി കണക്കാക്കപ്പെടാത്തതിന്റെ കാരണം ഈ പണം, ലാഭം സഹിതം സര്‍ക്കാര്‍ സബ്സിഡിയായി കമ്പനികള്‍ക്ക് ലഭിക്കുമെന്നതിനാലാണ്. ഇത് ഓയില്‍ ബോണ്ടുകള്‍ വഴിയോ, പണമായോ കമ്പനികള്‍ക്ക് ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കും. ഇത് സമയത്ത് കിട്ടാത്തതു കൊണ്ട് അണ്ടര്‍-റിക്കവറിയായി കണക്കാക്കപ്പെടുന്നു.
ഈ സംവിധാനമെങ്ങിനെ വന്‍ലാഭമുണ്ടാക്കി കൊണ്ടിരിക്കുന്ന കമ്പനികളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുമെന്ന് യുക്തിസഹം ചിന്തിക്കുന്ന ആര്‍ക്കും മനസിലായി കൊള്ളണമെന്നില്ല. എങ്കിലും, രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിയും, അദ്ദേഹത്തിന്റെ എണ്ണ മന്ത്രിയും പറയുന്നു എണ്ണക്കമ്പനികളുടെ ആരോഗ്യം അപകടത്തിലാണെന്ന്. ഇവര്‍ രണ്ടും ചേര്‍ന്ന് രൂപീകരിച്ച കമ്മിറ്റിയും പറയുന്നതങ്ങിനെയാണ്. ഇതിനു പരിഹാരമായി, മന്ത്രാലയവും കമ്മിറ്റിയും ആവശ്യപ്പെടുന്നത്, വില നിര്‍ണയത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നാണ്. ഇന്ത്യയിലെ എണ്ണ വിലനിര്‍ണയ സംവിധാനം ഇതുവരെ പൂര്‍ണമായും കമ്പോളശക്തികള്‍ക്കു കീഴ്പെട്ടിട്ടില്ല. അതായത്, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില എത്ര കൂടിയാലും അതിനനുസരിച്ച് ആഭ്യന്ത റിട്ടെയില്‍ വിപണിയില്‍ വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം എണ്ണ കമ്പനികള്‍ക്കില്ല. ഈ സംവിധാനത്തിനു പകരം, അങ്ങേയറ്റം അസ്ഥിരമായ അതാരാഷ്ട്ര എണ്ണ വിപണിയിലെ വിലനിലവാരത്തിനനുസരിച്ച് റിട്ടെയില്‍ മാര്‍ക്കറ്റില്‍ എണ്ണയുടെ വില തീരുമാനിക്കാനുള്ള അധികാരം യഥേഷ്ടം കമ്പനികള്‍ക്ക് പതിച്ചു നല്‍കണമെന്ന് സാരം.
അണ്ടര്‍-റിക്കവറി എന്നത് സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കാനായി ഇക്കൂട്ടര്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു തന്ത്രം മാത്രമാണ്. ഉറപ്പായിട്ടും റിക്കവര്‍ ചെയ്യപ്പെടുന്ന പണമാണെങ്കില്‍ ഇത് കമ്പനികളെ ബാധിക്കുന്ന ഒരു സാഹചര്യവുമില്ല. മുകളില്‍ സൂചിപ്പിച്ചതു പോലെ, ഒരു കമ്പനിയും കടബാധ്യതയോ, മറ്റു സാമ്പത്തിക പ്രശ്നങ്ങളോ നേരിടുന്നുമില്ല. അപ്പോള്‍ പിന്നെ എന്താണ് പെട്രോളിയം മന്ത്രാലയത്തിന്റെ അജന്‍ഡ? ഉത്തരം ലളിതം -- ഇന്ത്യയിലെ എണ്ണ മാര്‍ക്കറ്റിനെ പൂര്‍ണമായും വിപണി ശക്തികള്‍ക്ക് വിട്ടു കൊടൂക്കുക. റിലയന്‍സിനെ പോലുളള ഭീമന്മാര്‍ റിട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്ന സമയത്തു തന്നെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളെ ആട്ടിപായിച്ച് വിപണിയെ 'ശുദ്ധീകരി'ക്കാനുള്ള നീക്കവുമായി എണ്ണ മന്ത്രി തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് പാരിഖ് കമ്മിറ്റിയുടെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
മൂന്നുമാസത്തിനുള്ളില്‍ ഒമ്പതിനായിരത്തോളം കോടി രൂപ ലാഭമുണ്ടാക്കിയ എണ്ണകമ്പനികള്‍ക്കു വേണ്ടിയാണ് മന്ത്രിയും, മന്ത്രാലയവും, കമ്മിറ്റിയും, പത്രങ്ങളുമെല്ലാം സംഘമായി കണ്ണീരൊഴുക്കുന്നത്. പരിഖ് കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കിയാല്‍ അതു കൊണ്ട് സാമാന്യ ജനങ്ങള്‍ക്കുണ്ടാവുന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആരുമില്ല. കമ്പോളത്തിന്റെ ദയാവായ്പ്പിനു മുന്നിലേക്ക് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതമെറിഞ്ഞു കൊടുക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സര്‍ക്കാര്‍ കമ്പനികളുടെ ആരോഗ്യത്തെ കുറിച്ച് അത്രയേറെ ആശങ്കയുള്ള ഒരു പ്രധാനമന്ത്രിയാണ് മന്മോഹന്‍ സിംഗെങ്കില്‍ ആദ്യം ഇടപെടേണ്ടത് സര്‍ക്കാര്‍-നിയന്ത്രിത റ്റെലികോം കമ്പനികളുടെ കാര്യത്തിലാണ്. ബിഎസ്എന്‍എല്ലിനേയും, എംറ്റിഎന്‍എല്ലിനേയും എങ്ങിനെയെല്ലാം നശിപ്പിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മന്ത്രിയേയും ഉദ്യോഗസ്ഥരേയും അരിയിട്ട് വാഴിച്ചിരുത്തിയിരിക്കുന്ന ഒരു സര്‍ക്കാരാണിത്. എയര്‍ ഇന്ത്യയെ കുത്തുപാളയെടുപ്പിച്ചതും ഇതേ സര്‍ക്കാര്‍ തന്നെ. ഇതിലൊന്നും ഒരു വേവലാതിയുമില്ലാത്ത യുപിഎ ആണ് എണ്ണ കമ്പനികളുടെ പേരും പറഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യാനായിറങ്ങിയിരിക്കുന്നത്.
ഇതിന്റെ മറ്റൊരു വിരോധാഭാസം അനിയന്ത്രിത വിപണിക്കു (Unbridled Market) വേണ്ടിയുള്ള ഈ കരച്ചിലിന്റെ സമയമാണ്. സാമ്പത്തിക പ്രതിസന്ധിക്കു ശേഷം വിപണി മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്ക പോലും മാര്‍ക്കറ്റില്‍ കടുത്ത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് പറയുന്ന ഒരു സമയത്താണ് നമ്മുടെ തുക്കിടി സായിപ്പന്മാര്‍ അനിയന്ത്രിത വിപണി സിദ്ധാന്തവുമായെത്തുന്നത്. അതും വിലക്കയറ്റം ഇന്ത്യാ മഹാരാജ്യത്തിലെ പാവപ്പെട്ടവരുടെ ജീവിതം അനുദിനം ദുഷ്കരമാക്കി കൊണ്ടിരിക്കുന്ന ഒരു കാലത്ത്. ഇനിയും എത്ര സാമ്പത്തിക പ്രതിസന്ധികളുണ്ടായാലാണ് ഈ കമ്പോള മൗലികവാദികള്‍ പാഠം പഠിക്കുക? കോര്‍പറേഷനുകളുടെ ചീര്‍ത്ത ലാഭക്കണക്കുകള്‍ക്കു പകരം എന്നാണ് സാമാന്യ ജനങ്ങളുടെ ജീവിതം ഇവരുടെ ചിന്തയിലേക്ക് കടന്നു വരിക?

