Sep 26, 2009

ചൈന ഡെങ്ങിനെയും ഉപേക്ഷിക്കുമോ‍?

ആഗോളവത്കരണം പിന്മടങ്ങുകയും, അമേരിക്കന്‍ ധ്രുവ ലോകം തകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ചൈന എന്തു ചെയ്യുകയാണ്? എംജെഎസ് എഴുതുന്നു.അങ്ങേയറ്റം ചലനാത്മകമായ ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി ലോകക്രമത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്കു നേരെ വെല്ലുവിളികളുയര്‍ത്തുന്നു; ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യൂറോപ്യന്‍ യൂനിയന്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ മറി കടക്കാനായി ചൈനയുടേയും റഷ്യയുടേയും കനിവു തേടുന്നു; അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സൈനിക മേധാവിത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ വെല്ലുവിളിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതായത് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം നിലവില്‍ വന്ന നവലിബറല്‍ ലോകക്രമം അനിവാര്യമായ മാറ്റത്തിലൂടെ കടന്നുപോയികൊണ്ടിരികുന്നുവെന്നു പറയാം.

ലോകത്തെ അടുത്ത വന്‍ശക്തിയായി പല ചരിത്രകാരും കാണുന്ന ചൈന എങ്ങിനെയാണ് ഈ മാറ്റങ്ങളോട് പ്രതികരിക്കുന്നത്? മൂന്നു പതിറ്റാണ്ടു മുമ്പ്, സോവിയറ്റ് സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും, ജോണ്‍ കെയ്ന്‍സിനു പകരം മില്‍ട്ടണ്‍ ഫ്രീഡ്മാനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് റീഗനും താച്ചറും ആഗോള സമ്പദ്വ്യവസ്ഥയെ മൂലധനത്തിനനുകൂലമായി പൊളിച്ചെഴുതാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ചൈന മാവോയെ വേണ്ടെന്നു വച്ചത്. ഒരു വിപ്ലവത്തില്‍ ജയിക്കുകയും സാംസ്കാരിക വിപ്ലവത്തില്‍ പരാജയപ്പെടുകയും ചെയ്ത മാവോയെ ഒരു 'ഫാദര്‍ ഫിഗറാ'ക്കി മാറ്റി അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ നിന്ന് ഓടിയകലുക എന്നതായിരുന്നു അന്നു ചൈനയുടെ നയം. അന്നു മുതല്‍ ചെനയുടെ സാമ്പത്തിക നയത്തേയും വിദേശനയത്തേയും ഡെങ് സിയാവോ പിങ്ങിനോളം സ്വാധീനിച്ച മറ്റൊരു നേതാവില്ല. സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു കൊണ്ടു തന്നെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ അധികാര കുത്തക നില നിര്‍ത്തി കൊണ്ട്, ഫ്രീഡ്മാനിയന്‍ സ്വതന്ത്ര കമ്പോളത്തിന്റെ അനന്ത സാധ്യതകള്‍ ആരായുകയായിരുന്നു ഡെങ്ങിന്റെ ഉദ്ദേശ്യം. ഡെങ്ങിന്റെ കാലത്തും അദ്ദേഹത്തിനു ശേഷവും ചൈനീസ് പാര്‍ടിയും ഭരണകൂടവും സഞ്ചരിച്ചത് ഇതേ വഴിയിലൂടെയായിരുന്നുവെന്ന് കാണാം.

പടിഞ്ഞാറിന്റെ പതനം

1970കളില്‍ സംഭവിച്ച മാറ്റത്തിനു ശേഷം മൂലധന കേന്ദ്രിത ലോകക്രമം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു സമയമാണ് ഇപ്പോഴത്തേത്. ഏകദേശം ആറു പതിറ്റാണ്ടോളം നീണ്ട അമേരിക്കയുടെ ലോക പൊലീസിംഗ് അതിന്റെ അന്ത്യത്തോടടുക്കുന്നു. "രക്തരൂഷിതമായ ഇരുപതാം നൂറ്റാണ്ട് പടിഞ്ഞാറന്‍ ലോകത്തിന്റെ പതനത്തിനും ലോകത്തിന്റെ പുനക്രമീകരണത്തിനും സാക്ഷ്യം വഹിച്ചു"വെന്ന് ചരിത്രകാരന്‍ നിയാള്‍ ഫെര്‍ഗൂസണ്‍ എഴുതുന്നു. ഈ പുനക്രമീകരണം കിഴക്കന്‍ ലോകത്തിനനുകൂലമായി തീരുമെന്നാണ് ഫെര്‍ഗൂസന്റെ നിരീക്ഷണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ച, യുഎന്‍ രക്ഷാ സമിതിയില്‍ അംഗത്വമുള്ള, ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ചൈനയെയാണ് സ്വാഭാവികമായും അടുത്ത ലോകാധിപതിയായി പലരും കാണുന്നത്. പക്ഷേ, അത്തരമൊരു നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഡെങ്ങിന്റെ ചൈന തയ്യാറാവുമോ എന്നതാണ് ചോദ്യം.

അന്തര്‍ദേശീയ രംഗത്തെ പ്രധാന വിഷയങ്ങളില്‍ നിന്നെല്ലാം സ്വയം അകലം പാലിച്ച് സ്വന്തം സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള വളര്‍ച്ചയായിരുന്നു ചൈനയുടേത്. അന്തര്‍ദേശീയ വിഷയങ്ങളില്‍ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുക, ലോകത്തിലെ സംഭവ വികാസങ്ങള്‍ ക്ഷമാപൂര്‍വം വീക്ഷിക്കുക, സ്വന്തം ശേഷി മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് പരമാവധി മറച്ചു പിടിക്കുക എന്ന തീര്‍ത്തും വ്യത്യസ്ഥമായ പാതയാണ് ഡെങ്ങിന്റെ ചൈന സ്വീകരിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുടെ സമീപകാല പ്രസ്താവനകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ നിക്ഷ്പക്ഷ വേഷം എന്നന്നേക്കുമായി അഴിച്ച് വച്ച് വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ചൈന തയ്യാറാവുന്നതായി കാണാം.

കഴിഞ്ഞ ജനുവരിയില്‍ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ചൈനീസ് പ്രധാന മന്ത്രി വെന്‍ ജിയാബോ പറഞ്ഞത്, ചൈന "സമാധാന കാംക്ഷിയായ, സഹകരണ മനോഭാവമുള്ള ഒരു വന്‍ശക്തിയാണെന്നാണ്". ചില നയതന്ത്ര നിരീക്ഷകര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ 'വന്‍ശക്തി' പ്രയോഗത്തിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയുണ്ടായി. അവരുടെ അഭിപ്രായത്തില്‍ ആദ്യമായാണ് ഒരു ചൈനീസ് ഭരണാധികാരി ചൈനയെ ഒരു വന്‍ശക്തിയെന്ന് വിളിക്കുന്നത്. അതു ഡെങ് വിഭാവനം ചെയത 'നിശബ്ദ ഉയര്‍ച്ച'ക്ക് നേര്‍ വിപരീതമാണ്. വെന്‍ ജിയാബോയുടെ പ്രസംഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം നടന്ന ഒരു സംഭവം ചൈനയുടെ ചിന്താരീതിയില്‍ വന്നിട്ടുള്ള മാറ്റം കൂടുതല്‍ വ്യക്തമാക്കുന്നു. സൗത്ത് ചൈന സമുദ്രത്തില്‍ നിരീക്ഷണത്തിലേര്‍പ്പെട്ടിരുന്ന 'ഇംപെക്കബള്‍' എന്ന അമേരിക്കന്‍ കപ്പലിനെ ചൈനീസ് ബോട്ടുകള്‍ വലയം ചെയ്യുകയുണ്ടായി. ചൈനീസ് സമുദ്രാതിര്‍ത്തിക്ക് 75 മൈല്‍ ദൂരെയായിട്ടു കൂടി ഇംപെക്കബളിനെ വെറുതെ വിടാന്‍ ചൈന തയ്യാറായില്ല. ഒടുവില്‍ ഇംപെക്കബളിനെ രക്ഷിക്കാന്‍ അമേരിക്കക്ക് ഒരു മിസൈല്‍ നശീകരണ കപ്പലയയ്ക്കേണ്ടി വന്നു. അതായത് ഒരു സാമ്പത്തിക സൈനീക ശക്തിയായുള്ള ചൈനയുടെ ഉദയം അമേരിക്കന്‍ സാമ്രാജ്യം പോലും തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞു. പ്രൈമറി ഇലക്ഷന്റെ കാലത്ത് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രസംഗിച്ചിരുന്ന ഹില്ലാരി ക്ലിന്റണ്‍, സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയില്‍ ബീജിങ്ങിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ പറഞ്ഞത് ചൈനയുടെ മനുഷ്യാവകാശ റെക്കോര്‍ഡ് ഇരു രാജ്യങ്ങളുടേയും സഹകരണത്തിന് ഒരു തടസമാവരുതെന്നാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, ആഗോള താപനത്തെ നിയന്ത്രിക്കാനും ചൈനയുടെ സഹകരണം കൂടിയേ തീരൂ എന്നാണ് ക്ലിന്റണ്‍ പറഞ്ഞത്.

അമേരിക്കയുടെ ഈ നിലപാടു മാറ്റം തന്നെ ലോക ശാക്തിക ക്രമത്തില്‍ വന്നു കൊണ്ടിരിക്കുന്ന വന്‍ മാറ്റം വിളിച്ചോതുന്നു. 2001ല്‍ ഒരമേരിക്കന്‍ ചാര വിമാനത്തെ ചൈനീസ് ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടതോര്‍ക്കുക. അതിന്റെ പേരില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വന്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇംപെക്കബളിനെ ചൈനീസ് ബോട്ടുകള്‍ വലഞ്ഞ് അമേരിക്കയെ തന്നെ നാണം കെടുത്തിയിട്ടും, ഒബാമ ഭരണകൂടം കാര്യമയൊന്നു പ്രതിഷേധിക്കുക പോലുമുണ്ടായില്ല. 2001ല്‍ ലോകത്തെ ഒരേയൊരു വന്‍ശക്തിയായിരുന്നു അമേരിക്ക. വികസ്വര രാജ്യങ്ങള്‍ പോയിട്ട്, തങ്ങളുടെ പരമ്പരാഗത സഖ്യശക്തികളെ പോലും കാര്യമായെടുക്കാന്‍ അന്നത്തെ അമേരിക്ക തയ്യാറായിരുന്നില്ല. എന്നാല്‍ എട്ടു വര്‍ഷത്തിനു ശേഷം, പുതിയ അമേരിക്കന്‍ പ്രസിഡന്റ് സംസാരിക്കുന്നത് ജോര്‍ജ് ബുഷിനു തീരെ അപരിചിതമായ ഭാഷയിലാണ്.ചൈനയുടെ സാധ്യതകള്‍

ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകനായ മാര്‍ട്ടിന്‍ ജാക്വസിന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ലോക ചരിത്രത്തില്‍ തന്നെയുണ്ടായേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അധികാര കൈമാറ്റത്തിന്റെ തുടക്കമാണ്. ഒരേ സമയം പടിഞ്ഞാറന്‍ കേന്ദ്രിത ലോകക്രമത്തിന്റെ തകര്‍ച്ചയും, ഒരു വന്‍ ശക്തിയെന്ന നിലയില്‍ അമേരിക്കയുടെ അവസാനവും ഈ പ്രതിസന്ധി കുറിക്കുന്നുവെന്ന് അദ്ദേഹമെഴുതുന്നു. പടിഞ്ഞാറന്‍ ചിന്താരീതിയെ 1970കള്‍ മുതല്‍ സ്വാധീനിച്ചിരുന്ന നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പരാജമാണ് ഇതു വിളിച്ചോതുന്നത്. അതായത്, 1930കള്‍ മുതല്‍ പടിഞ്ഞാറന്‍ ലോകം നേരിടുന്ന ഏറ്റവും ശക്തമായ സമ്പത്തിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് ഇപ്പോഴത്തേത് എന്നു പറയാം.

ഈ ചരിത്രസന്ധി തങ്ങള്‍ക്കു മുന്നില്‍ വലിയ സാധ്യതകള്‍ തുറനിടുനുണ്ടെന്ന് ചൈനക്കറിയാം. അതുകൊണ്ട് തന്നെ ബീജിങ്ങിന്റെ പ്രതികരണവും കരുതലോടെയാണ്. ജി-20 സംഘത്തിനു പകരം ജി-2 (ചൈനയും അമേരിക്കയും) രാജ്യങ്ങള്‍ക്കേ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ കര കയറ്റാന്‍ കഴിയൂ എന്നാണ് പല സാമ്പത്തിക വിദഗ്ധരുടേയും അഭിപ്രായം. പീറ്റേഴ്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ ഇക്കണോമിക്സിലെ ഫ്രെഡ് ബെര്‍ഗ്സ്റ്റണ്‍ കഴിഞ്ഞ വര്‍ഷം ഫോറീന്‍ അഫയേഴ്സ് മാസികയിലെഴുതിയ ഒരു ലേഖനത്തില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിച്ചിരുന്നു. വന്‍ശക്തിയായി മാറി കഴിഞ്ഞ ചൈന ഒരു ചെറിയ രാജ്യമാണെന്ന് നാട്യം അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ചൈനയും അമേരിക്കയും സംയുക്ത നേതൃത്വം നല്‍കണമെന്നാണ് ബെര്‍ഗ്സ്റ്റണ്‍ നിര്‍ദേശിച്ചത്. ലോക ബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സീലിക്കും ബാങ്കിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജസ്റ്റിന്‍ യിഫു ലിനും ഈ നിര്‍ദേശത്തെ പിന്തുണച്ചു കൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയിരുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ ഹൃദയഭൂമിയിലുടലെടുത്ത പ്രതിസന്ധി പരിഹരിക്കേണ്ടത് എങ്ങിനെ തങ്ങളുടെ ഉത്തരവാദിത്വമാവും എന്നതാണ് ചൈനയുടെ നിലപാട്. മാത്രമല്ല, അമേരിക്കയുമായുള്ള സഹകരണം ലോകമേധാവിത്വത്തിലേക്കുള്ള തങ്ങളുടെ സ്വാഭാവിക വളര്‍ച്ചക്ക് വിലങ്ങുതടിയാവുമോ എന്നും ചൈനീസ് ഭരണാധികാരികള്‍ ഭയക്കുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി അന്താരഷ്ട്ര നാണ്യ നിധിയുടെ (International monetary Fund) വിഭവമൂലധനം വര്‍ധിപ്പിക്കണമെന്നായിരുന്നു മുതലാളിത്ത രാജ്യങ്ങളുടെ തീരുമാനം. ഈ ഫണ്ടിലേക്കായി അമേരിക്കയും ജപ്പാനും 10,000 കോടി ഡോളര്‍ വീതം നല്‍കാമെന്നു വാഗ്ദാനവും നല്‍കിയിട്ടുണ്ട്. എങ്കിലും, ചൈനയുടെ സഹായമില്ലാതെ നിധിയുടെ മൂലധനാവശ്യങ്ങള്‍ നിറവേറ്റപ്പെടില്ലെന്നുറപ്പാണ്. എന്നാല്‍, പണം നല്‍കണമെങ്കില്‍ നാണ്യ നിധിയെ സമൂലമായി പരിഷ്കരിക്കണം എന്നാണ് ചൈന പറയുന്നത്. അതായത്, വന്‍പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന നിലവിലെ സാമ്പത്തിക സംവിധാനത്തെ അതേരീതിയില്‍ രക്ഷിച്ചെടുക്കുന്നതിനോട് ബീജിങ്ങിന് താല്പര്യമില്ല. ചൈനയുടെ സഹായമില്ലാതെ ഒരു തിരിച്ചുവരവ് ലോക മുതലാളിത്തത്തിന് സാധ്യവുമല്ല. ഇതാണ് നവലിബറല്‍ ലോക ക്രമം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പുതിയ ലോകക്രമം

പുതിയ ലോകക്രമം ചൈന-കേന്ദ്രിതമായിരിക്കുമെന്ന് പല ചരിത്രകാരും കരുതുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ബ്രിട്ടന്റെ അവസ്ഥയിലേക്ക് അമേരിക്ക എത്തിച്ചേരാന്‍ ഇനി അധികകാലമില്ല. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വ ചിഹ്നമായിരുന്നെങ്കില്‍, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ ഡോളറിന്റെ നില ഇപ്പോള്‍ തന്നെ പരുങ്ങലിലാണ്. അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള ചൈനക്ക് വളരെയെളുപ്പത്തില്‍ ഇന്ന് ഡോളറിന്റെ വില നിര്‍ണയിക്കാനാവും. ഈ നിക്ഷേപം തന്നെയാണ് ചൈനയുടെ ഏറ്റവും വലിയ ബാര്‍ഗയിനിംഗ് ചിപ്. അമേരിക്കന്‍ ബോണ്ടുകള്‍ കൂട്ടത്തോടെ വിറ്റഴിക്കാന്‍ ചൈന തുനിഞ്ഞാല്‍ ( അങ്ങിനെ സംഭവിക്കാന്‍ തത്കാലം സാധ്യതയില്ലെങ്കിലും) അതോടെ ഡോളറിന്റെ കഥ തീരും.

അതായത് ചൈനയുടെ ആപേക്ഷിക ശക്തി ഉയരുകയാണെന്നും അമേരിക്കയുടെ നില ദിനംപ്രതി പരുങ്ങലിലാവുകയാണെന്നും ആര്‍ക്കും സംശയമില്ല. മുന്‍പ് മാവോയെ ഉപേക്ഷിച്ചതു പോലെ ഇപ്പോള്‍ ഡേങ്ങിനേയും പൂര്‍ണമായും ഉപേക്ഷിച്ച്, നവലിബറല്‍ സാമ്പത്തിക ക്രമത്തെ കൈവെടിഞ്ഞ്, പുതിയതായി ഉരുത്തിരിഞ്ഞ് വരുന്ന ലോകക്രമത്തിന്റെ നേതൃസ്ഥാനമേറ്റെടുക്കാന്‍ ചൈന മുന്നോട്ടു വന്നാല്‍, സമീപകാല ചരിത്രത്തില്‍ സംഭവിക്കുന്ന ഏറ്റവും വിപ്ലവകരമായ മാറ്റമായിരിക്കുമത്.