Aug 23, 2009

വൈറ്റില എന്ന രൂപകം

"ഈ പദ്ധതി മുന്നോട്ടു തന്നെ പോകണം". ഈ വാചകം ഒരു പക്ഷെ ഇന്നു കേരളത്തില്‍ നടക്കുന്ന മൊത്തം വികസനചര്‍ച്ചകളുടെയും പൊതുന്യായമായിത്തീര്‍ന്ന ഒന്നാണ്. ഒരുപാടു ജനവിരുദ്ധ പദ്ധതികള്‍ ഈ വാചകത്തിന്റെ വീര്യത്തില്‍ തൂങ്ങി മുന്നോട്ടുപോയിട്ടുണ്ട്. അടുത്തിടെ ഇതു കേട്ട ഒരു സന്ദര്‍ഭം - വൈറ്റില മൊബിലിറ്റി ഹബ് - അല്പം കൂടി ഗൗരവമര്‍ഹിക്കുന്നതാണ്. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്.

സംസ്ഥാന കൃഷി വകുപ്പിനു കീഴില്‍ എറണാകുളം നഗരത്തോടു ചേര്‍ന്നുകിടക്കുന്ന വൈറ്റിലയുടെ ഒരറ്റത്തായുള്ള ഒരു തെങ്ങിന്‍തോട്ടം നിര്‍ദ്ദിഷ്ട മെഗാ ബസ് റ്റെര്‍മിനല്‍ പണിയാന്‍ വിട്ടു കൊടുക്കുന്നതിനെതിരെ ഒരു പാടു പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം മറികടന്ന് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 20ന്, മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യോഗം റ്റെര്‍മിനലിന് പച്ചക്കൊടി കാട്ടി. ഈ പദ്ധതിക്കെതിരെ തെങ്ങിന്‍ തോട്ടത്തിന്റെ ഉടമസ്ഥരായ കൃഷിവകുപ്പില്‍ നിന്നു തന്നെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ അവയോടുള്ള പ്രതികരണങ്ങള്‍ പലതും മേല്പറഞ്ഞ 'മുന്നോട്ടുപോകല്‍' ന്യയത്തിന്റെ പര്യായങ്ങളായിരുന്നു.

എറണാകുളത്തിന്റെ പഴയ നഗരകേന്ദ്രത്തിന് സമാന്തരമായി കിടക്കുന്ന വൈറ്റിലയില്‍ നിറയെ ബഹുനില കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമാണ്. ഇതിനിടയില്‍ ഈ തെങ്ങിന്‍തോപ്പ് ഒരു പച്ചപ്പിന്റെ വേറിട്ട കാഴ്ചയാണ്. എന്നാല്‍, രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് കാഴ്ച വേറൊന്നായിരുന്നു: വയലുകള്‍ നിറഞ്ഞ, ആളൊഴിഞ്ഞ ഒരിടം. പച്ചപ്പിനെ രണ്ടായി മുറിക്കുന്ന പുഴയുടെ കൈവഴി കിഴക്ക് ചിത്രപുഴയുമായി സമീപപ്രദേശമായ തേവരയുടെ കായല്പരപ്പുകളോട് ചേരുന്നു. ജലഗതാഗതവും, അതിനോടുചേര്‍ന്ന പൊടിപൊടീക്കുന്ന് കച്ചവടവും ഇവിടെ സാധാരണമായിരുന്നു. എന്നാല്‍ പടിപടിയായി പടര്‍ന്നുകയറിയ നഗരം വൈറ്റിലയെ വിഴുങ്ങി. ഇന്ന്, എര്‍ണാകുളം നഗരത്തിന്റെ, ഏതൊരു യാത്രക്കാരനും പരിചിതമായ ഗതാഗത കുരുക്കുകള്‍ക്കുള്ള ഏക ഉത്തരമായാണ് വൈറ്റ്ല ബസ് റ്റെര്‍മിനലിനെ വികസന പ്രേമികള്‍ ചിത്രീകരിക്കുന്നത്. വെറുമൊരു റ്റെര്‍മിനലിനപ്പുറം ഷോപ്പിംഗ് മോളുകളും, ഹോട്ടലും, സ്വിമ്മിംഗ് പൂളും, സാംസ്കാരിക കേന്ദ്രവും തുടങ്ങി ബോട്ടു ജട്ടി വരെയുള്‍പ്പെടുന്നതാണ് പ്രസ്തുത പദ്ധതി. നാഗരികതയുടെ ചടുലമായി മാറിക്കൊണ്ടിരിക്കുന്ന നിഖണ്ടുവില്‍ ഇതൊരു 'മൊബിലിറ്റി ഹൗസ്' ആണ്.

ഈ റ്റെര്‍മിനലിനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചക്ക് രണ്ടു പ്രധാന മുഖങ്ങളുണ്ട്. ഒന്ന് ഇന്നത്തെക്കാലത്ത് വികസനത്തോട് പുറം തിരിഞ്ഞ് നിര്‍ക്കാനാവില്ല എന്നും, അതിനാല്‍, പദ്ധതി മുന്നോട്ട് പോയേ തീരൂ എന്നുമുള്ള സമീപനം. വൈറ്റിലയെപ്പോലുള്ള ഒരു പട്ടണത്തിനു കൃഷി ചേരില്ല എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. രണ്ടാമത്തേതാകട്ടെ, കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ, അതായത് പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകളുടെ സമയം മുതല്‍ക്കേ, കൃഷി വകുപ്പ് ഉയര്‍ത്തിയിട്ടുള്ള എതിര്‍പ്പുകളുമായി ബന്ധപ്പെട്ടതാണ്. പദ്ധതി പ്രദേശത്ത് കൃഷി വകുപ്പ് നടത്തുന്ന തെങ്ങു നഴ്സറിയുടെ ഉല്പാദനക്ഷമതയേയും, പ്രയോജനത്തേയും, കാര്യക്ഷമതയെയും പറ്റിയുള്ള തെറ്റായ പ്രചാരണങ്ങള്‍ ഇതിന്റെ ഒരു പ്രധാന ഘടകമാണ്. പദ്ധതിക്കായി ഈ തോട്ടം കൈമാറിയാല്‍, കിഴക്കന്‍ മലമ്പ്രദേശത്തേക്ക് തെങ്ങു തൈകള്‍ പറിച്ചു നടാനുള്ള നീക്കമുണ്ടായിരുന്നു. എന്നല്‍, തെങ്ങിനനുയോജ്യം മണല്‍ കൂടുതല്‍ കലര്‍ന്ന മണ്ണാണെന്ന കാരണത്താല്‍ അതു നടന്നില്ല. പക്ഷെ, കൃഷിവകുപ്പും അതിന്റെ വാദഗതികളും വികസനവിരുദ്ധരും ജനവിരുദ്ധവുമാണെന്ന അഭിപ്രായം മേല്‍ക്കൈ നേടി.

എന്നാല്‍, വാസ്തവത്തില്‍ ഈ പദ്ധതി യുക്തിക്കു നിരക്കുന്നതാണോ? എറണാകുളത്തെ ഗതാഗത കുരുക്കുകള്‍ തീര്‍ക്കാന്‍ ‍, ബസുകളെ നഗരത്തിനു വെളിയില്‍ തമ്പടിപ്പിച്ചാല്‍ മതിയൊ? അടുത്തിടെ പുതിയ നഗരവികസന പദ്ധതികളുടെ ഭാഗമായി ഒഴിപ്പിക്കപ്പെട്ടവര്‍ പോലും കൃഷിവകുപ്പിന്റെ വാദഗതികളെ സര്‍ക്കാര്‍ കൂടുതല്‍ ശക്തിയായി എതിര്‍ക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ച് കാണുന്നത്. വാസസ്ഥാനങ്ങളുടെ നഷ്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ കൃഷിയിടങ്ങളുടേത് അത്ര ഗുരുതരമല്ല എന്ന ചിന്തയാവാം ഇതിനാധാരം. ഇവിടെയാണ് നമ്മുടെ അടിയന്തിരമായ രാഷ്ട്രീയ അന്വേഷണങ്ങളും പ്രതികരണങ്ങളും പ്രസക്തമാവുന്നതും, പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും നാം ചുവടു മാറ്റേണ്ടതും.

ആദ്യം ഉയര്‍ത്തേണ്ട ചോദ്യം ആരാണ് ബസുള്‍പ്പെടുന്ന പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് എന്നതു തന്നെ. വാഹനങ്ങളുടെ ശരാശരി ഉപയോഗം ഏറ്റവും കുറവുള്ള സാധാരണക്കാരാണ് പൊതുഗതാഗത മാര്‍ഗങ്ങളുടെ മുഖ്യ ഉപയോക്താക്കള്‍. നഗരത്തിലെ റോഡുകള്‍ മുഖ്യമായും കൈയേറിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങളും. ഇവയിലൊരു വലിയ പങ്ക് പലപ്പോഴും കാലി സീറ്റുകളുമായോടുന്ന മുന്തിയ എസി കാറുകളും. ഇങ്ങിനെയെന്നിരിക്കെ, സ്വകാര്യ വാഹനങ്ങളുടെ ഈ ആഡംബരത്തിനെ നഗരത്തില്‍ നിന്നു പറിച്ചെറിയുവാനും, യാത്രക്കാരെ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാനുമുള്ള പദ്ധതികളെ കുറിച്ചല്ലെ നാം കാര്യമായി ചിന്തിക്കേണ്ടത്. അടിക്കടി ഉയരുന്ന അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിഹാരം കൂടിയാവും ഇത്തരം നടപടികള്‍.

റ്റെലിവിഷന്‍ ചര്‍ച്ചകളിലെ ബഹളങ്ങള്‍ക്കുപരിയായി, ജനകീയമായ സംവാദങ്ങളും ഇടപെടലുകളും വഴി പച്ചപ്പിന്റെ ഈ ചെറിയ തുരുത്തിനെ സംരക്ഷിക്കുവാന്‍ സാധിക്കും. ഉത്പാദനക്ഷമത കുറവെന്നിരിക്കലും നഗരദൃശ്യങ്ങളില്‍ വ്യത്യസ്തമായി നില്‍ക്കുന്ന തെങ്ങിന്‍തോപ്പിന്റെ പച്ചപ്പ് സംരക്ഷിക്കേണ്ടതും പ്രധാനമാണ്. അന്തരീക്ഷ വിഷനിര്‍മാര്‍ജനത്തില്‍ ഇത്തരം പ്രദേശങ്ങള്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കായലിലേക്കെത്തി ചേരുന്ന പുഴയുടെ കൈവഴിയെ പറ്റിയും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം പല കൈവഴികളും, നഗര മാലിന്യങ്ങളും പായലുമടിഞ്ഞ വരണ്ട ചാലുകളായി മാറി കഴിഞ്ഞിരിക്കുന്നു. ഒപ്പം, പരിസര പ്രദേശങ്ങളിലൊന്നും കൃഷിയില്ല എന്നതു കൊണ്ട് തന്നെ ഒരു കഷണം തെങ്ങിന്‍ തോപ്പ് മാത്രമായി നില നിര്‍ത്തേണ്ട ആവശ്യമില്ല എന്ന അപകടകരമായ വാദത്തിനു പകരം, തെങ്ങിന്‍തോപ്പിനെ കൂടുതല്‍ കൃഷിയിലേക്കുള്ള ആദ്യ പടിയായി എടുത്താലോ?

പഴഞ്ചന്‍ വാദഗതിയെന്ന് തോന്നാം. എന്നാല്‍ 1990കള്‍ക്കു ശേഷം ഉല്പാദനത്തില്‍ വന്ന ഇടിവിനെ പറ്റി കൃഷി വകുപ്പില്‍ നിന്നുയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുക. 1990കളില്‍ ഇന്ത്യയില്‍ വ്യാപകമായി വന്ന മാറ്റങ്ങള്‍ക്കൊപ്പമാണല്ലോ പ്രാഥമിക/പൊതു ഉല്പാദന മേഖലകള്‍ പടിപടിയായി തകര്‍ച്ചയെ നേരിട്ടത്. അതുകാരണം, ജനസംഖ്യയിലെ ഒരു വലിയ വിഭാഗത്തിന്റെ ആഹാരമുള്‍പ്പെടെയുള്ള പ്രാഥമികാവശ്യങ്ങള്‍ പോലും ഒരു ഞാണിന്മേല്‍ക്കളിയായി. അതുകൊണ്ടു തന്നെയാണ്, വൈറ്റിലയിലെ ഈ പദ്ധതി ഒരു വലിയ വികസന ചര്‍ച്ചയുടെ പ്രതീകം ആകുന്നതും - ആരുടെ വികസനം എന്ന അളവുകോലില്‍. ഈ പദ്ധതി ചോദ്യങ്ങളുയര്‍ത്താനുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഉദാഹരണത്തിന്, നഗരത്തിന് ആവശ്യമല്ലാത്തതെന്തും, അത് ആളുകളാവട്ടെ, കൃഷിയിടങ്ങളാവട്ടെ, പുറം തള്ളപ്പെടുന്നത് എങ്ങോട്ടാണ്? യഥാര്‍ത്ഥത്തില്‍ എന്താണ് വികസനം? ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടാണ് ഇവിടെ സംസാരിക്കുന്നത്? ഈ വികസന മാതൃക നമ്മളെ നയിക്കുന്നതെങ്ങോട്ടാണ്?

ഇത്തരം ചോദ്യം ചെയ്യലുകളുടെ അഭാവത്തില്‍ പദ്ധതികള്‍ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു; അവയുടെ വക്താക്കള്‍ കൂടിയുള്‍പ്പെടുന്ന നമ്മളെന്ന വലിയ ജനവിഭാഗത്തെ വിഴുങ്ങിക്കൊണ്ട്. അതുകൊണ്ടു നമുക്കു നമ്മുടെ നിയമസഭാ സാമാജികരെ തിരുത്തിപ്പറയേണ്ടീവരും: "ഈ പദ്ധതി മുന്നോട്ടു പോകരുത്. ഇതെന്നല്ല, ഇത്തരം ഒന്നും".

മാത്യു ആക്കനാട്ട് വര്‍ഗീസ്