കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറാണ് പ്രണബ് മുഖര്‍ജി. വയസ് 75 ആയെങ്കിലും ഓര്‍മശക്തിക്കോ, പരിഹാസ ശേഷിക്കോ യാതൊരു കോട്ടവും തട്ടിയിട്ടില്ല. അദ്ദേഹത്തിന് പിടിപാടില്ലാത്ത വിഷയങ്ങള്‍ ചുരുക്കമെന്ന് ദില്ലിയിലെ ഭക്തര്‍ പറയുന്നു. ധീരുഭായ് അംബാനിയേയും, മക്കളേയും ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പ്രണബ്ദാ വഹിച്ച പങ്ക് അറിയേണ്ടവര്‍ക്കെല്ലാമറിയാം. ഇന്ദിരാജിയുടെ കാലം മുതല്‍ സര്‍ക്കാര്‍ ഖജനാവ് കാത്തുപോന്നയാളാണ്. എന്നിട്ടും, 2004ല്‍ അധികാരം പിടിച്ചെടുത്തപ്പോളും, 2009ല്‍ അത് കാത്തപ്പോഴും, പ്രണബിനെ പ്രധാനമന്ത്രി കസേരയിലിരുത്താന്‍ മരുമകള്‍ ഗാന്ധി തയ്യാറായില്ല. തനിക്ക് ഹിന്ദി പരിജ്ഞാനമില്ലാത്തതാണ് പ്രധാന മന്ത്രിയാവാന്‍ തടസമെന്ന് വന്ദ്യവയോധികന്‍ വിശദീകരിച്ചിരുന്നെങ്കിലും അതു പലര്‍ക്കും വിശ്വാസം പോര. പ്രധാനമന്ത്രിയല്ലെങ്കിലും, പ്രണബ് ഇല്ലാതെ സര്‍ക്കാര്‍ വണ്ടി ഓടില്ലെന്നതാണ് സ്ഥിതി. അമ്പതോളം മന്ത്രിതല സമിതികളുടെ അധ്യക്ഷസ്ഥാനവും ഇഷ്ടവകുപ്പുകളും കയ്യില്‍ ഭദ്രം. അങ്ങിനെയുള്ള മന്ത്രിപുംഗവനോട്, അദ്ദേഹത്തിനോ സര്‍ക്കാരിനോ യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളെ കുറിച്ച് ചോദ്യം ചോദിക്കാന്‍ വൃന്ദാ കാരാട്ടിനോടാരു പറഞ്ഞു?പ്രധാനമന്ത്രി പദം വഹിക്കുന്ന മന്മോഹന്‍ സര്‍ ഭാര്യയേയും കൂട്ടി അമേരിക്കയില്‍ വിരുന്നിനു പോയ (അന്ന് ഒബാമ കുടുംബം ഇരുവര്‍ക്കുമായി നിരത്തിയ വിഭവങ്ങളുടെ പട്ടികയെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയ വിവരണം വായിച്ച് പാവം ഇന്ത്യന്‍ മധ്യവര്‍ഗത്തിനണിഞ്ഞ പുളകം ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലത്രേ!) തക്കത്തിന് മന്ത്രിസഭയുടെ അധ്യക്ഷ സ്ഥാനത്തൊക്കെ ഇരുന്നരുളിയ ആളാണ് പ്രണബ്ദാ. ആ ദേഹത്തോടാണ് ഡിസംബര്‍ ഒന്നിന് പഞ്ചസാരയുടെ വിലക്കയറ്റത്തെ കുറിച്ച് (ച്ഛേ...) വൃന്ദ ചോദ്യമുന്നയിക്കുന്നത്. പുംഗവന്‍ പൊറുക്കുമോ? "നിങ്ങളുടെ ദേഷ്യമൊന്നും ഇവിടെ വേണ്ട; അതു വേറെ വല്ലയിടത്തും കൊണ്ടു പോയി കാണിച്ചാല്‍ മതി"യെന്നായിരുന്നു സുരേഷ് ഗോപി സ്റ്റൈല്‍ മറുപടി. അപ്പോള്‍ പിന്നെ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി എംപിമാര്‍ വിമാനവും പിടിച്ച് ഇടയ്ക്കിടെ ദില്ലിയില്‍ വരുന്നതിന്റെ ഗുട്ടന്‍സെന്താണ് സര്‍?
അതിനുള്ള മറുപടി അതേ ദിവസം തന്നെ നല്‍കിയത്, പ്രണബിന്റെ സഹപ്രവര്‍ത്തകനും, രാഹുല്‍ജിയുടെ ഗ്രാമീണ ഇന്ത്യക്ക് പുതിയ മുഖം നല്‍കുന്നതിന് നിയുക്തപ്പെട്ടവനുമായ ഡോ. പിസി ജോഷി സാറാണ്. "ഞങ്ങളുടെ പാര്‍ടി (സര്‍ക്കാരല്ല) ഓരോ പദ്ധതികള്‍ ആവിഷ്കരിക്കുകയും അതെങ്ങിനെ നടപ്പാക്കണമെന്ന് ഞങ്ങള്‍ തന്നെ തീരുമാനിക്കുകയും ചെയ്യും. നിങ്ങളിതില്‍ ഇടപെടേണ്ട കാര്യമില്ല" എന്നായിരുന്നു വിശിഷ്ടനായ ഗ്രാമീണ വികസന മന്ത്രിയുടെ തുറന്നു പറച്ചില്‍. പ്രണബ് മുഖര്‍ജീ കാര്യങ്ങള്‍ കുറച്ചു കൂടി വിശദമാക്കി: "വിലക്കയറ്റ പ്രശ്നത്തില്‍ സര്‍ക്കാരിന് അതീവ ഉത്കണ്ഠയുണ്ട്. കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുമുണ്ട്." അതു പോരെങ്കില്‍, "272 സീറ്റു നേടി നിങ്ങള്‍ വന്നു ഭരിച്ചോളൂ; എന്നിട്ടിഷ്ടമുള്ളതൊക്കെ ചെയ്യൂ" എന്ന് ഇടതിന്റെ നെഞ്ചിലൊരു കുത്തും. സമീപഭാവിയിലൊന്നും നടക്കാത്ത കാര്യമായതു കൊണ്ട് ഇടതര്‍ക്കൊപ്പം ബിജെപിയും വിഷമം ചിരിച്ചു കളഞ്ഞു.
സര്‍ക്കാര്‍ ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്ന് സാക്ഷാല്‍ പ്രണബ് മുഖര്‍ജി വിശദമാക്കിയ സ്ഥിതിക്ക് ഇനി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ കാര്യമൊന്നുമില്ല. "വില കുറച്ച് ഭക്ഷ്യധാന്യങ്ങള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഫെഡറലിസത്തിന്റെ അവകാശങ്ങളെ കുറിച്ച് മാത്രം പറഞ്ഞിരിക്കാതെ സംസ്ഥാനങ്ങള്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണ"മെന്നതാണ് പുതിയ പ്രണബ് വചനം. ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്തെ പൊതുവിതരണ സംവിധാനം മുച്ചൂടും നശിപ്പിച്ച് സബ്സിഡികളെല്ലാം വെട്ടിക്കുറച്ച അധികാരികള്‍ തന്നെ പൊതുവിതരണത്തെ കുറിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ എന്തായാലും നല്ല ഇമ്പമുണ്ട്. ഇനി രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പൊതുവിതരണ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന കേരളത്തിലെ സ്ഥിതിയൊന്നു നോക്കുക. വിലവിവര പട്ടികയാണ് ചുവടെ:
കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ റേഷന്‍ കട പോലുമില്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ കാര്യം പറയാതിരിക്കുകയല്ലെ ഭേദം. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നതല്ലാതെ ഇവിടെ നിന്നും വരുന്ന എംപിമാര്‍ക്ക് പിന്നെന്തു ചെയ്യാന്‍ കഴിയും.ദക്ഷിണേന്ത്യയിലെ അതിവര്‍ഷവും, ഉത്തരേന്ത്യയിലെ വരള്‍ച്ചയും മൂലം ഭക്ഷ്യധാന്യങ്ങളുടെ ഉതപാദനത്തിലുണ്ടായ കുറവും, അന്താരാഷ്ട്ര വിപണിയിലെ ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യവുമാണ് വിലക്കയറ്റത്തിനു കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കരിഞ്ചന്തയും, പൂഴ്ത്തിവപ്പും ഈ സാഹചര്യം രൂക്ഷമാക്കുന്നുവെന്ന് കൃഷി-ക്രിക്കറ്റ് മന്ത്രി ശരത് പവാറും വെളിപ്പെടുത്തി. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, ഇതേ സര്‍ക്കാര്‍ തന്നെ പച്ചപ്പരവതഅനി വിരിച്ച് ആനയിച്ച് വാഴിച്ചിരിക്കുന്ന റിട്ടെയില്‍ ഭീമന്മാരാണ് ഏറ്റവും വലിയ പൂഴ്ത്തിവപ്പുകാരെന്നത് പരസ്യമായ രഹസ്യമാണ്. ഈ കുത്തകകള്‍ക്കെതിരെ ആരെങ്കിലും എന്തെങ്കിലും നടപടിയെടുക്കുമോ? അങ്ങിനെ സര്‍ക്കാര്‍ കാഴ്ചക്കാരായി തുടരുമ്പോള്‍ രാജ്യത്തെ ഭക്ഷ്യവില സൂചിക 17.47 ശതമാനത്തിലെത്തി നില്‍ക്കുന്നു.
ജനസംഖ്യയുടെ വളര്‍ച്ചയ്ക്ക് ആനുപാതികമായി കാര്‍ഷികോത്പാദനം കൂടുന്നില്ലെന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഉദാഹരണത്തിന് കരിമ്പു കൃഷി വ്യാപകമായി കുറഞ്ഞതാണ് പഞ്ചസാര കയ്ക്കാന്‍ ഇടയാക്കിയത്. ഭരണകൂടം കുത്തകകള്‍ക്കൊപ്പം വ്യവസായവത്കരണം, പ്രത്യേക സാമ്പത്തിക മേഖല (സെസ്) എന്നൊക്കെ പറഞ്ഞുള്ള പാച്ചില്‍ തുടങ്ങിയപ്പോഴേ വിവരമുള്ളവര്‍ പറഞ്ഞിരുന്നു ഇത് കാര്‍ഷിക പ്രതിസന്ധിയിലേക്കു നയിക്കുമെന്ന്. ജനസംഖ്യ കൂടുകയും മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ ശേഷി ഉയരുകയും ചെയ്തതോടെ സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി. എന്നാല്‍ ഉത്പാദനം വര്‍ധിക്കാത്തതു മൂലം ഉള്ള സാധനങ്ങളുടെ വില മേലോട്ട് കുതിക്കും. കൂടുതല്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഭൂമിയൊട്ടില്ല താനും.
ജനങ്ങളുടെ വാങ്ങല്‍ശേഷി കൂടുകയെന്നു പറഞ്ഞാല്‍ അവരുടെ ജീവിതനിലവാരം കൂടുകയെന്നതാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതുകൊണ്ടാണ് തങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ തുടര്‍ച്ചയായി ജയിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറയുന്നു. വില കയറി തുടങ്ങിയപ്പോള്‍ തന്നെയാണ് ഡല്‍ഹി നിലനിര്‍ത്തിയതും മിസോറാമും രാജസ്ഥാനും കോണ്‍ഗ്രസ് തിരിച്ചു പിടിച്ചതും. പൊതുതെരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ തകര്‍ത്തെറിഞ്ഞ് അധികാരം നിലനിര്‍ത്തിയപ്പോഴും വിലക്കയറ്റമുണ്ടായിരുന്നു. മഹാരാഷ്ട്രയും, ഹരിയാണയും, അരുണാചല്‍ പ്രദേശും നില നിര്‍ത്തികൊണ്ട് തങ്ങളുടെ വാദത്തിന് അവര്‍ അടിവരയിടുന്നു. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ വിധിയും മറിച്ചാവാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ പണ്ഡിതരുടെ വിലയിരുത്തല്‍. അപ്പോള്‍ ആര്‍ക്കാണ് പരാതി? ഇതാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്ന ചോദ്യം. ഇതിന് ജനങ്ങളുടെ ഭാഗത്തു നിന്ന്‍ ഉത്തരം കിട്ടാത്തിടത്തോളം കാലം വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. എന്നു മാത്രമല്ല, പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാമെന്നു വച്ചാല്‍, പ്രണബ്ദായുടെ വഴക്കും കേട്ടേക്കാം.
ദില്ലിയില്‍ ഇങ്ങിനെ ഒരുപാട് കാര്യങ്ങള്‍ നടക്കുമ്പോള്‍, രാജ്യത്തിന് ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. പക്ഷേ, വിലക്കയറ്റം പോലുള്ള പെറ്റി കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മന്‍മോഹന്‍ സാറിനെവിടെ സമയം. ഒബാമ ചൈനയില്‍ പോയി കാണേണ്ടവരെയൊക്കെ കണ്ട് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തതിനു തൊട്ടു പിന്നാലെ കാഴ്ചദ്രവ്യങ്ങളും പത്രശിങ്കിടികളുമായി നേരെ വിട്ടു അദ്ദേഹം അമേരിക്കയിലേക്ക്. വില കയറിയതിനെ തുടര്‍ന്ന് വീട്ടില്‍ നിരോധിച്ച പരിപ്പു കറിയൊക്കെ കൂട്ടി അന്തസായി ഉണ്ടു തിരിച്ചു പോന്നു. പട്ടാളത്തേയും കൂട്ടി എപ്പോള്‍ വേണമെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒബാമ തമ്പ്രാനെ ക്ഷണിക്കുകയും ചെയ്തു. ഇനിയും യാത്രയാണ്. ഇപ്പോള്‍ റഷയിലേക്ക് തിരിച്ചിരിക്കുന്നു. കോപന്‍ഹേഗണില്‍ പോകാന്‍ താത്പര്യമുണ്ടായിട്ടല്ല. പക്ഷേ, ഒബാമയും, വെന്‍ ജിയബാവോയും, സര്‍കോസിയുമെല്ലാം പോകുന്നതല്ലെ. ആ ഭാഗമൊക്കെ ഒന്നു ചുറ്റിക്കറങ്ങി കളയാം. അവിടെ പോയി പറയേണ്ട കാര്യം ജയറാം സര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. രാജ്യത്തെ കാര്യങ്ങള്‍ നോക്കാന്‍ പ്രണബ്ദായുമുണ്ട്. പ്രധാനമന്ത്രി കസേരയിലിരിക്കുകയെന്നു പറഞ്ഞാല്‍ ഇങ്ങിനെ തന്നെയിരിക്കണം.
ലേഖകന്‍ ദില്ലിയില്‍ പത്രപ്രവര്‍ത്തകനാണ്.
