Showing posts with label വികസനം. Show all posts
Showing posts with label വികസനം. Show all posts

Apr 18, 2010

ദണ്ഡകാരണ്യത്തിന്റെ മാറ്റൊലികള്‍

ആധുനിക ഇന്ത്യയുടെ ഇസ്തിരിയിട്ട ജനാധിപത്യബോധം വച്ചല്ല ദന്തേവാഡയിലെ ആദിവാസികളുടേയും, പാവങ്ങളുടേയും ജീവിതം മനസിലാക്കാന് ശ്രമിക്കേണ്ടതെന്ന് ഡി ശ്രീജിത്ത്


വാര്‍ത്തകളുടെ തലേക്കെട്ടുകളില്‍ നിന്ന്‌ ദന്തേവാഡ പതുക്കെ അപ്രത്യക്ഷമാവുകയാണ്‌. സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുമ്പോള്‍, വന്‍കിട കമ്പിനികളുടെ പദ്ധതികള്‍ തടസപ്പെടുമ്പോള്‍, റെയില്‍മാര്ഗം തകര്‍ക്കപ്പെടുമ്പോള്‍, വീണ്ടും മാധ്യമങ്ങളുടെ തലേക്കെട്ടുകളിലേയ്‌ക്ക്‌ ദന്തേവാഡയും മാവോയിസ്റ്റുകളും ജാര്‍ഖണ്ഡും ഒറീസയും തിരിച്ചെത്തും. ഗണപതി മുതല്‍ കിഷന്‍ജി വരെയുള്ളവരുടെ വര്‍ത്തമാനവും ഭൂതകാലവും സുന്ദരമായ കഥകളായി അവതരിക്കും. നേപ്പാള്‍ മുതല്‍ കേരളം വരെ ചുവന്ന ഇടനാഴിയുണ്ടെന്ന്‌ നമുക്കപ്പോള്‍ ബോധ്യമാകും. അതുവരെ നമുക്ക്‌ ശശിതരൂര്‍, ഐപിഎല്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ സംസാരിക്കാം. പക്ഷേ അതിനിടയിലും ദന്തേവാഡയിലും ബീജാപ്പൂരും കാങ്കേറിലും രാജ്‌നന്ദ്‌ഗാവിലും ലാത്തേഹാറിലും പലാമൂവിലും ഘാട്‌സിലയിലും മിഡ്‌നാപ്പൂരിലും ആദിവാസികുടിലുകളില്‍ മാവോയിസ്റ്റുകളുടെ വേരുകള്‍ തിരക്കി സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തുന്നുണ്ട്‌. ഛത്തീസ്‌ഗഢിലും ജാര്‍ഖണ്ഡിലും ഒറീസയിലും ഗ്രാമഗ്രാമാന്തരങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ പുതിയ പുതിയ താവളങ്ങള്‍ ഉറപ്പിക്കുന്നുണ്ട്‌. ആറുവയസു കഴിയുമ്പോഴേക്കും കുഞ്ഞുങ്ങള്‍ കന്നുകാലി കൂട്ടങ്ങളെ നയിച്ച്‌ പകല്‍ മുഴുവന്‍ അലയുന്നുണ്ട്‌. പോഷകാഹാര കുറവും അസുഖങ്ങളും മൂലം ജനങ്ങള്‍ മരിച്ചൊടുങ്ങുന്നുണ്ട്‌. പതിനാലു വയസിനുള്ളില്‍ പുതു തലമുറയെ ജനിപ്പിക്കുന്നുണ്ട്‌. ഒരിക്കലും വോട്ടു ചെയ്യാതെ, ഒരിക്കലും ഇന്ത്യാ മഹാരാജ്യത്തെ കുറിച്ച്‌ അറിവില്ലാതെ, ഒരിക്കലും ക്രിക്കറ്റും സിനിമകളും കാണാതെ, വൈദ്യുതിയും വിദ്യാലയങ്ങളും എന്തെന്നറിയാതെ ജീവിക്കുന്നുണ്ട്‌, മരിക്കുന്നുണ്ട്‌.

****
ആദ്യമേ പറയട്ടേ, ഇതു മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന, അവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്ന ലേഖനമല്ല. ദളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണരെ അല്ലാതെ ഒരു മാവോയിസ്റ്റു നേതാവിനേയും ഞാനിതുവരെ കണ്ടിട്ടില്ല. മാവോയിസം പ്രബലമായിരിക്കുന്ന ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയും അതിന്‌ ശേഷവും ആ മേഖലയുമായി തുടരുന്ന ബന്ധവും മാത്രമാണ്‌ ഈ ലേഖനത്തിന്റെ അടിസ്ഥാനം. ദില്ലിപോസ്റ്റിന്റെ വായനക്കാരില്‍ ആരെങ്കിലും എഴുപതിലധികം സിആര്‍പിഎഫ്‌ ഭടന്മാരുടെ മരണത്തില്‍ വേദനിക്കാതിരിക്കും എന്നും കരുതുന്നില്ല. പക്ഷേ, ഒരു സംശയം. എഴുപത്തിമൂന്ന്‌ പേര്‍ കൊല്ലപ്പെട്ടതില്‍ ഒരു ഓഫീസര്‍ പോലുമില്ലാത്തത്‌ എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢിന്റെ ഗ്രാമങ്ങളെ കുറിച്ച്‌ യാതൊരു ധാരണയില്ലാത്ത ഉത്തര്‍പ്രദേശുകാരും ബീഹാറികളും തമിഴരുമായ ഭടന്മാരെ എന്തു നിശ്ചയത്തിന്റെ പേരിലാണ്‌ കാടുകളിലേയ്‌ക്ക്‌ അയയ്ക്കുന്നത്? ഈ പ്രദേശങ്ങളില്‍ നിന്ന്‌ പോലീസിന്‌ എപ്പോഴും തെറ്റായ `ഇന്റലിജന്‍സ്‌' ലഭ്യമാകുന്നത്‌ എന്തുകൊണ്ടാണ്‌? മാവോയിസ്റ്റുകള് ആക്രമണങ്ങളിലെല്ലാം ഒരേ യുദ്ധതന്ത്രം പയറ്റിയിട്ടും എന്തുകൊണ്ടാണ്‌ വീണ്ടും വീണ്ടും സുരക്ഷാസൈനികര്‍ കൊല്ലപ്പെടുന്നത്‌? ഇത്രയും വലിയ ബുദ്ധിശൂന്യതയിലേയ്‌ക്ക്‌ സിആര്പിഎഫ്‌ ഭടന്മാരെ വലിച്ചെറിഞ്ഞ ഓഫീസര്‍മാര്‍ക്കെതിരെ ഒരു ചെറിയ നടപടി പോലും ഇല്ലാത്തത്‌ എന്തുകൊണ്ടാണ്‌? ഛത്തീസ്‌ഗഢിലും ഒറീസയിലും ബഹുരാഷ്ട്രകുത്തകകള്‍ ഭൂമി കൈയ്യേറ്റം നടത്തുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ മാവോയിസ്റ്റുകളെ സഹായിക്കലാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുമ്പോള്‍ ഇടതു‌പക്ഷം എന്താണ്‌ നോക്കി നില്‍ക്കുന്നത്‌? ജാമിയ മിലിയ സര്വകലാശാല താലിബാന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അതേ രാഷ്ട്രീയം ജെഎന്‍യു മാവോയിസ്റ്റുകളുടെ കേന്ദ്രമാണെന്ന്‌ ആരോപിക്കുമ്പോള്‍ അതിന്‌ പിന്നിലുള്ള വലിയ അജന്ഡകളെ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ച്‌ എതിര്‍ക്കാന്‍ ആകാത്തത്‌ എന്തുകൊണ്ടാണ്‌? ജനാധിപത്യത്തിനെതിരായാണ്‌ മാവോയിസ്റ്റുകള് പ്രവര്‍ത്തിക്കുന്നത്‌ എന്നതുകൊണ്ട്‌ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ അവര്‍ക്കെതിരെ ജനാധിപത്യ വരുദ്ധമായി പ്രവര്‍ത്തിക്കാം എന്നുള്ളത്‌ ഫാഷിസ്റ്റുകളുടെ നിലപാടല്ലേ?

ചോദ്യങ്ങള്‍ ഒട്ടേറെയാണ്‌. ഉത്തരങ്ങള്‍ എന്തു തന്നെയായാലും ദന്തേവാഡയിലേയും ബീജാപ്പൂരിലേയും പലാമൂവിലേയും ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നില്ല. ജാര്‍ഖണ്ഡില്‍ റാഞ്ചി-ജംഷേഡ്‌പൂര്‍ ദേശീയ പാതയില്‍ തലയറുത്ത നിലയില്‍ കാണപ്പെട്ട ഫ്രാന്‍സിസ്‌ ഇന്‍ഡ്‌വാര്‍ എന്ന പോലീസ്‌ ഇന്‍സ്‌പെക്ടറുടെ കൊലപാതകവും മഹാരാഷ്ട്രയുടെ ഛത്തീസ്‌ഗഢ്‌ അതിര്‍ത്തിയോടടുത്ത ഗഡ്‌ചറോളി ജില്ലയില്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്‌ 18 സിആര്‍പിഎഫ്‌ ഭടന്മാര്‍ കൊല്ലപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞ സമയത്താണ്‌ ഈ മേഖലയിലെ സാമൂഹ്യ-സാമ്പത്തികാവസ്ഥ നേരിട്ടറിയുന്നതിന്‌ ഒരു യാത്ര നടത്തിയത്‌.

1960-കളിലുണ്ടായ നക്‌സല്‍ബാരി ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ ശേഷം മാര്‍ക്‌സിസ്റ്റ്‌‌-ലെനിനിസ്റ്റ്‌-മാവോയിസ്റ്റ്‌ തത്വചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഇന്ത്യയിലെ പലമേഖലകളിലും അനീതികളെ എതിര്‍ക്കാനായി ഉയര്‍ത്തെഴുന്നേറ്റ തീവ്ര ഇടതു‌പക്ഷം പല പരീക്ഷണ ഘട്ടങ്ങള്‍ക്ക്‌ ശേഷമാണ്‌ ആദിവാസി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. പല വിഭാഗങ്ങള്‍, പല തരത്തില്‍ ഉന്മൂലന സിദ്ധാന്തത്തില്‍ അടിയുറച്ച്‌ പുതിയ ദേശീയതയ്‌ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിച്ച്‌ പ്രവര്‍ത്തിച്ചു. ഇതില്‍ രണ്ട്‌ പ്രധാന വിഭാഗങ്ങളുടെ (ഇവ തന്നെ വിവിധ ഘടകങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ കൂടിച്ചേര്‍ന്നുണ്ടായതാണ്‌) 2004-ലെ കൂടിച്ചേരലാണ്‌ സിപിഐ (മാവോയിസ്റ്റ്‌) പാര്ടി രൂപവത്‌കരിച്ചത്‌. പക്ഷേ, ഒരു പ്രധാന ചോദ്യമായിരുന്നു ആദ്യലക്ഷ്യസ്ഥാനമായ ഛത്തീസ്‌ഗഢിലേയ്‌ക്ക്‌ തിരിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത്‌ -- എന്തുകൊണ്ടാണ്‌ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പ്‌ എന്ന പ്രബല ഗ്രൂപ്പ്‌ (സംഘടനാ ശേഷിയിലും ആസൂത്രണത്തിലും രണ്ടാമത്തെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ്‌ മാവോയിസ്റ്റ്‌ സെന്ററിനേക്കാള്‍ മികവും അച്ചടക്കവും പുലര്‍ത്തിയിരുന്നു പിഡബ്‌ളിയുജി) അവരുടെ പ്രധാനപ്രവര്‍ത്തന കേന്ദ്രമായിരുന്ന ആന്ധ്രപ്രദേശില്‍ നിന്ന്‌ ദണ്ഡകാരണ്യ വനത്തിലൂടെ ദന്തേവാഡയിലേയ്‌ക്കും പരിസരപ്രദേശങ്ങളിലേയക്കും മാറ്റിയത്‌? ഈ മേഖലയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും അതിനുത്തരം നല്‍കും.

ദന്തേവാഡയിപ്പോള്‍ നക്‌സല്‍ വിനോദ സഞ്ചാരമേഖലയാണ്‌. റായിപൂരില്‍ നിന്നോ വിശാഖപട്ടണത്ത് നിന്ന്‌ ജഗദല്‍പൂര്‍ വഴിയോ ദന്തേവാഡയില്‍ ജനമെത്തും. പട്ടണമെന്നുപോലും വിളിക്കാന്‍ പറ്റാത്ത, ഒരു ഓട്ടോറിക്ഷ പോലുമില്ലാത്ത ജില്ലാ ആസ്ഥാനമാണ്‌ ദന്തേവാഡ ഇപ്പോഴും. ഒരേയൊരു ഹോട്ടലും ഒരു ടൂറിസ്റ്റ്‌ ബംഗ്ലാവും 500 മീറ്റര്‍ നീളത്തില്‍ മാത്രം വലുതായ ഈ പട്ടണത്തിലുണ്ട്‌. പട്ടണത്തെ കാക്കാന്‍ ദന്തേവാഡ ദേവിയും -- കാളി, സര്‍വ്വശക്ത. ദന്തേവാഡ ശാന്തമാണ്‌. നിരായുധരായ ആദിവാസികളെ മാവോയിസ്റ്റുകളില് നിന്ന്‌ അകറ്റാന്‍ സായുധരായ ആദിവാസികളെ കൊണ്ട്‌ നേരിടാമെന്നും പൊലീസിന്റെ അധികാരങ്ങള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക്‌ നല്‍കാമെന്നും കണ്ടുപിടിച്ച, ആദിവാസിനേതാക്കളിലൊരാളായ മഹേന്ദ്രകര്മയുടെ പരസ്‌പാള്‍ ഗ്രാമം പട്ടണത്തോട്‌ ചേര്‍ന്നുതന്നെയാണ്‌. മാവോയിസ്റ്റുകള്‍ക്കെതിരെ അഥവാ ആദിവാസികള്‍ സംഘടിക്കുന്നതിരെ കോണ്‍ഗ്രസും ബിജെപിയും ഐക്യപ്പെടുന്നതിന്റെ അശ്ലീലക്കാഴ്‌ചയ്ക്ക് കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഈ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. സല്‍വാജൂഡൂം എന്നാണ്‌ ഈ ആദിവാസി പീഢകരുടെ നാമം. ആന്ധ്രയിലെ പോലീസ്‌ വേട്ടയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ദണ്ഡകാരണ്യ വനത്തിന്റെ മറുഭാഗത്തേയ്‌ക്ക്‌ പാലായനം ചെയ്‌തിരുന്ന പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പിന്റെ താത്‌കാലിക ആസ്ഥാനം മാത്രമായിരുന്നു സല്‍വാജൂഢൂം പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത്‌ ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന മേഖല. ഏകദേശം പത്തുവര്‍ഷത്തോളം വലിയ വളര്‍ച്ചയൊന്നുമില്ലാതെ ചില പോക്കറ്റുകളില്‍ ഒതുങ്ങി നിന്നിരുന്ന നക്സലേറ്റുകള്‍ സല്‍വാജൂഡിന്റെ ആവിര്‍ഭാവത്തോടെ 22 മടങ്ങ്‌ ശക്തരായി എന്നുള്ളത്‌ എന്റെ ഊഹക്കണക്കല്ല, പൊലീസ്‌ റിക്കാര്‍ഡുകള്‍ നോക്കി സല്‍വാജൂഡൂമിന്റെ സംരക്ഷകനും പുതിയ `ഹരിതവേട്ട`യുടെ പ്രയോക്താവുമായ ദന്തേവാഡ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ അമരേന്ദ്‌ മിശ്ര പറഞ്ഞു തന്നതാണ്‌. ഇപ്പോള്‍ ദന്തേവാഡയിലെ അഞ്ച്‌ സബ്‌ഡിവിഷനുകളില്‍ നാലെണ്ണവും `മാവോ ബാധിത' മാണെന്നും അദ്ദേഹം പറഞ്ഞു. ദന്തേവാഡ ഡിവിഷന്‍ മാത്രമാണ്‌ പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്‌. ദ്രോണപാല്‍, കോണ്ട, കിരന്ദൂര്‍ സബ്‌ഡിവിഷനുകളില്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍ നാമമാത്രമാണ്‌. സുഖ്‌മ ഡിവിഷന്‍ പോലീസ്‌ കണക്കില്‍ ഫിഫ്‌റ്റി ഫിഫ്‌റ്റി.

ശരിയാണ്‌, ഇപ്പോള്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള് സര്‍ക്കാരിനെ പ്രവേശിപ്പിക്കാത്തതുകൊണ്ട്‌ അവിടേ‌ക്ക്‌ വികസനം എത്തിക്കാന്‍ കഴിയുന്നില്ല. പക്ഷേ, സര്‍/മാഡം, പത്തുവര്‍ഷം മുമ്പു വരെ ഇവിടം നിങ്ങളുടെ നോട്ടത്തില്‍ പെടില്ലായിരുന്നല്ലോ? കാലാകാലങ്ങളോളം ആ ദേശത്തിന്റെ ഉടയോരായവര്‍ക്ക്‌ മേല്‍ ഈ പ്രദേശങ്ങളില്‍ കടന്നുചെന്ന്‌ അധികാരത്തിന്റെ ചുട്ടിക്കുത്താന്‍ ശ്രമിച്ച നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചടികളേറ്റു പുളയുമ്പോഴല്ലേ ഈ ദേശങ്ങള്‍ നിങ്ങളുടെ ദൃഷ്ടിപഥങ്ങളില്‍ പെടുന്നത്‌? ദന്തേവാഡയും ബീജാപ്പൂരും അടങ്ങുന്ന ദേശങ്ങള്‍ ബസ്‌തര്‍ എന്ന ഒറ്റ ജില്ലയുടെ പരിധിയില്‍ പെടുന്നതായിരുന്നു ഈയടുത്ത സമയം വരെ. കേരളത്തിന്റെ രണ്ടിരട്ടി വരുന്ന ഈ പ്രദേശങ്ങളെ ഒരു ജില്ലാ ഭരണകൂടം എങ്ങനെ നിയന്ത്രിക്കും എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്‌? ആദിവാസികള്‍ക്കും ഭരണകൂടത്തിനും ഇടനിലയായി പ്രവര്‍ത്തിച്ചിരുന്ന, ഒരു കൂട്ടം ചൂഷകര്‍ക്ക്‌ മാവോയിസ്റ്റുകളുടെ സാന്നിധ്യം അസന്തുഷ്ടി സൃഷ്ടിച്ചപ്പോള്‍ മാത്രമാണ്‌ പ്രദേശിക ഭരണകൂടം ഈ മേഖലയില്‍ ഇടപെടാന്‍ ആരംഭിക്കുന്നത്‌. കാലാവസ്ഥകൊണ്ട്‌ സമ്പന്നമായ ദണ്ഡകാരണ്യവനത്തില്‍ മൗവ്വയും തണ്ടു പത്തയും മറ്റ്‌ വനവിഭവങ്ങളും തഴച്ചു വളര്‍ന്നിരുന്നു. ഇവിടത്തെ കനത്ത വനമേഖലയില്‍ ആദിവാസി ഊരുകളിലെ നിയമങ്ങള്‍ നടപ്പിലായി. ആരും ആരേയും അന്വേഷിച്ച്‌ വന്നില്ല. പുറം ലോകത്തോട്‌ ബന്ധപ്പെടുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം കമ്മ്യൂണിസ്റ്റുകളും സജീവമായിരുന്നു. കുറേ കൂടി അകത്തേയ്ക്ക് ആരുമില്ല. നാഗരിക വിദ്യാഭ്യാസവും പൊതു ആരോഗ്യരക്ഷാ മാര്ഗങ്ങളും എത്തിനോക്കിയിട്ടില്ല. അവിടേയ്‌‌ക്ക്‌ പിന്നീടെത്തിയ സര്‍ക്കാര്‍ ഇടനിലക്കാരും കച്ചവടക്കാരുമാണ്‌ ചൂഷണത്തിന്റെ ആദ്യ ആഘാതങ്ങള്‍ ആദിവാസി ജീവിതങ്ങള്‍ക്ക്‌ നല്‍കിയത്‌.

സഹിച്ചും പൊറുത്തും ജീവിച്ചിരുന്ന ഈ ജീവിതങ്ങളെ തൊണ്ണൂറുകളില്‍ ആന്ധ്രയില്‍ നിന്ന്‌ എത്തിയ പിഡബ്‌ളിയുജി നക്‌സലുകള്‍ വലുതായി ആകര്‍ഷിച്ചിട്ടൊന്നുമില്ല. എന്നാല്‍ സല്‍വാജുദൂമിന്‌ ശേഷം കഥമാറി. നക്‌സലുകളെ തേടി സല്‍വാജൂദൂം കാരും പുറത്തുനിന്നെത്തിയ അര്ധസൈനിക വിഭാഗവും ആദിവാസി കുടിലുകള്‍ കയറിയിറങ്ങിയതോടെ പതുക്കെ പതുക്കെ നക്‌സലുകളുടെ അടിത്തറ വിപുലമായിത്തുടങ്ങി. വെടിയുണ്ടകളും നാടന്‍ ബോംബുകളും കാര്യങ്ങള്‍ നിയന്ത്രിച്ച തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങളിലും പുതിയ നൂറ്റാണ്ടിലെ ആദ്യ പതിറ്റാണ്ടിലും മറ്റ്‌ രാഷ്ട്രീയ കക്ഷികളും സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്ണണമായും ഈ പ്രദേശങ്ങളില്‍ നിന്ന്‌ പിന്മാറി.

ആദിവാസികളുടെ ജീവിതാവസ്ഥയില്‍ എന്തുമാറ്റമാണ്‌ ഉണ്ടായത്‌? വികസിത സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ യാതൊരു മാറ്റവും നടന്നിട്ടില്ല. ഇപ്പോഴും അവര്‍ 14 പൂര്‍ത്തിയാകമ്പോഴേക്കും ഇണകള്‍ക്കൊപ്പം പാര്‍പ്പുതുടങ്ങും. ഉടനെ മാതാക്കളും പിതാക്കളുമാകും. മൂന്ന്‌ വയസുമുതല്‍ കുട്ടികള്‍ ഇളയ കുട്ടികളെ സംരക്ഷിക്കാന്‍ തുടങ്ങും. ആറുവയസു മുതല്‍ കന്നുകാലിക്കൂട്ടങ്ങളെ നയിച്ച്‌ ലോകത്തിനെ നേരിടാന്‍ ഇറങ്ങും. കൈകകളും കാലുകളും ഉറയ്‌ക്കുമ്പോഴേയ്‌ക്കും കൃഷിപ്പണികളില്‍ സഹായിക്കാന്‍ തുടങ്ങും. മിക്കവാറും പേര്‍ നേരത്തേ മരിക്കും. നക്‌സലേറ്റുകള്‍ക്ക്‌ മുമ്പും പിമ്പും ഇതാണ്‌ സ്ഥിതി. പക്ഷേ, പലരില്‍ നിന്നും വാമൊഴിയായി ശേഖരിച്ച ഈ ചരിത്രത്തില്‍ നിന്ന്‌ ഒരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞു. അതിതാണ്‌- തെണ്ടുപത്ത എന്ന ബീഡിയില പെറുക്കി വില്‍ക്കുന്നത്‌ ആദിവാസികളുടെ ഊരുകളുടെ വരുമാനങ്ങളിലൊന്നാണ്‌. നൂറുകെട്ടുകളടങ്ങിയ ഒരു സേക്ട തെണ്ടു പത്തയ്‌ക്ക്‌ നക്‌സല്‍ ആവിര്‍ഭാവത്തിന്‌ മുമ്പ്‌ ഇടനിലക്കാര്‍ നല്‍കിയിരുന്നത്‌ രണ്ട്‌ രൂപമുതല്‍ പത്തു രൂപവരെയാണ്‌. ഇപ്പോഴത്‌ നൂറു രൂപമുതല്‍ 120 രൂപവരെ ഉയര്‍ന്നിരിക്കുന്നു. ദന്തേവാഡയുടെ തന്നെ നക്‌സലുകള്‍ ശക്തമല്ലാത്ത മേഖലകളില്‍ ഇത്‌ 60 രൂപമാത്രമാണെന്നു കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. തര്‍ക്കങ്ങള്‍ പരിഹരിക്കുകയും പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം നിലയക്ക്‌ തുടങ്ങിയും ചിലയിടങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ഉപദ്രവിക്കാതെയും നക്‌സലുകള്‍ സമാന്തരമായ ഒരു ലോകമിവിടെ സൃഷ്ടിക്കുന്നുണ്ട്‌. ജനാധിപത്യത്തിന്റെ പരിരക്ഷകള്‍ മുഴുവന്‍ അനുഭവിച്ച്‌ ജീവിക്കുന്ന എന്നെ സംബന്ധിച്ചടത്തോളം അത്‌ അപൂര്ണവും അപരിഷ്‌കൃതവും അസംബന്ധവുമാണ്‌. പക്ഷേ, എനിക്കറിയാം എന്റെ യുക്തിയല്ല, എന്റെ കാഴ്‌ചയല്ല, എന്റെ ഇസ്‌തിരിയിട്ട ജനാധിപത്യ ബോധമല്ല അവരെ നിര്ണയിക്കുന്നതെന്നും നയിക്കുന്നതെന്നും നിയന്ത്രിക്കുന്നതെന്നും.

****
ദന്തേവാഡയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയെ കുറിച്ച്‌ എഴുതണമെന്നായിരുന്നു ദില്ലിപോസ്റ്റ് ആവശ്യപ്പെട്ടിരുന്നത്‌. ദന്തേവാഡയിലെ ബൈലാഡില്ലയിലെ ദേശീയ ഖനന കോര്‍പറേഷനും എസ്സാര്‍ സ്റ്റീല്‍ കമ്പിനിയുടെ പ്ലാന്റും ആദിവാസി പൊലീസും ജാര്‍ഖണ്ഡിലെ റ്റാറ്റാ സ്റ്റീല്‍സും ഒറീസയിലെ വേദാന്ത ഗ്രൂപ്‌സും ഈ വനമേഖലയിലെ വിഭവങ്ങള്‍ക്ക്‌ മേലുള്ള നിരന്തരമായ ചൂഷണവും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍ ആദിവാസികള്‍ കൂട്ടത്തോടെ കുടിയൊഴിക്കപ്പെടുന്നതുമായിരുന്നു എഴുതേണ്ട വിഷയം. പക്ഷേ, ചുരുക്കി പറയാന്‍ മാത്രം ചെറുതല്ല, ഈ ജീവിതങ്ങള്‍. ശീലവും തൊഴിലുമായ പത്രഭാഷ വളഞ്ഞും പുളഞ്ഞും പരിധിയില്‍ നില്‍ക്കുന്നില്ല. നിക്‌പക്ഷത എന്ന കാപട്യം കുട പിടിക്കുന്നതുമില്ല.

ശ്രീജിത്തിന്റെ മറ്റൊരു ലേഖനം:
ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി

Apr 12, 2010

മാവോയിസ്റ്റുകളും വികസനവും

മാവോയിസ്റ്റുകള്‍ക്ക് മറുപടി കൊടുക്കേണ്ടത് വെടിത്തിരകള്‍ കൊണ്ടല്ലെന്ന് സുനിത നരൈന്‍


ഛത്തീസ്ഗഢിലെ ദന്തേവാദ ജില്ലയില്‍ എഴൂപത്താറു പൊലീസുകാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റ് നടപടി അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കം നിയമവിരുദ്ധവും, തെറ്റുമാണ്. എന്നാല്‍ അതേ സമയം തന്നെ പല ഗ്രാമങ്ങളിലും, ഗിരിവര്‍ഗ പ്രദേശങ്ങളിലും അമര്‍ഷവും, സംഘര്‍ഷവും സൃഷ്ടിക്കുന്ന ദാരിദ്ര്യവും, ഒറ്റപ്പെടലും, നീതി നിഷേധവും നമുക്കു തള്ളിക്കളയാവുന്നതല്ല. കോണ്‍ഗ്രസ് പറയുന്ന പോലെ, ഈ വികസന സംബന്ധിയായ പ്രശ്നങ്ങള്‍ ദീര്‍ഘകാല പരിഗണന വേണ്ടതും , അടിയന്തിരമായി ചെയ്യേണ്ടത് നക്സലുകളെ തുടച്ചു നീക്കലുമല്ല. കാരണം, ഇവിടെ മുറിഞ്ഞതെന്തോ, അതു നമുക്കു ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉറപ്പായും നമുക്കു പിന്നെ അതിനു കഴിഞ്ഞെന്നു വരില്ല.

ഇന്ത്യയുടെ ധാതു, ജല, വനസമ്പന്ന മേഖലകള്‍, സാമൂഹിക ജീവിത നിലവാരത്തിന്റെയും, വികസനത്തിന്റെയും കാര്യത്തില്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നതിനെപ്പറ്റി ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍, ഏറ്റവും പാവപ്പെട്ടവരാകുന്നതു? നാം ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥ മാറുന്നതു വരെ.

ഈ പ്രദേശങ്ങളിലുള്ള സമ്പുഷ്ട വിഭങ്ങങ്ങളിലുള്ള നമ്മുടെ കൂട്ടുകൊള്ളയുടെ ലാഭം പറ്റുന്നതു നക്സലുകളാണെന്നു നമുക്കറിയാം. നമ്മുടെ വീട്ടിലെത്തുന്ന വൈദ്യുതി ഈ ദേശത്തിന്റെ വിഭങ്ങങ്ങളില്‍ നിന്നാണുണ്ടാകുന്നതു. എന്നാല്‍, ഇവിടെ ജീവിക്കുന്നവരാകട്ടെ നിത്യവും ഇരുട്ടിലും. ഈ ധാതു സമ്പത്തിന്റെയും, വനസമ്പത്തിന്റെയും ഉടമകള്‍ അവരാണ്. അതിന്റെ ഗുണഫലങ്ങള്‍ പറ്റേണ്ടതും അവരാണ്. അതു നടക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ ഭൂമി പിടിച്ചു പറിക്കാന്‍ നമ്മള്‍ നിയമങ്ങളുണ്ടാക്കുന്നു. അവരുടെ കാടു കയ്യേറുന്നു, വെള്ളം വിഷലിപ്തമാക്കുന്നു, ജീവിതോപാധികള്‍ തച്ചുടക്കുന്നു. നമ്മുടെ ഈ വികസനം അവരെ എന്നന്നേക്കും നിസ്വരാക്കുന്നു.

ഇതാണു വാസ്തവമെന്നിരിക്കെ, നാം ഇതിനൊന്നും ചെവി കൊടുക്കുന്നില്ല. നാം എത്രമാത്രം അസഹിഷ്ണുക്കളായി മാറി എന്നതിനു ഒരു ഉദാഹരണം പറയാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഖനനവും, പാരിസ്ഥിതിക പ്രശ്നങ്ങളും സംബന്ധിച്ച ഞങ്ങളുടെ പഠനം പുറത്തുവിടുന്ന വേള. ആ മുറി എന്തുവിലകൊടുത്തും ഭൂമി കൊള്ളയടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്പനികളുടെ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. ഖനനത്തെയും, അതുമൂലമുള്ള ദാരിദ്ര്യത്തെയും, മറ്റു പ്രശ്നങ്ങളെയും കുറിച്ചുയര്‍ന്ന ശബ്ദങ്ങളെല്ലാം അവര്‍ ഓരിയിട്ടോടിച്ചു. ആ റിപ്പോര്‍ട്ടിന്റെ ആദ്യ പ്രതി പുറത്തിറക്കിയ ഗവര്‍ണര്‍ പോലും ഞങ്ങളെ, ഇത്തരം അസുഖകരമായ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിന്റെ പേരില്‍, തീവ്രവാദികള്‍ എന്നു മുദ്ര കുത്താന്‍ തിടുക്കം കാണിച്ചു. എങ്കിലും, ഞങ്ങളുടെ കണക്കുകളെയോ, വിശകലനങ്ങളേയൊ തള്ളിക്കളയാന്‍ അദ്ദേഹത്തിനായില്ല.

അടുത്ത ദിവസം, ഭരണകൂടം കുറെക്കൂടെ ഉത്സാഹശാലിയായി ഞങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. എന്നാല്‍ ഖനനത്തില്‍കൂടി ലഭിക്കുന്ന വരുമാനം, ഏതു വിധത്തിലാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നതു എന്നതിനെക്കുറിച്ചു യാതൊരു വിധ കണക്കുകളും അവര്‍ പുറത്തുവിട്ടില്ല. മാത്രമല്ല, ധാതുസമ്പന്നമേഖലകളില്‍ കമ്പനികള്‍ വരുത്തിവയ്ക്കുന്ന അതിഭീകര മലിനീകരണത്തെ എങ്ങനെയാണ് നിയമങ്ങളെ വളച്ചാടിച്ചും തുറന്ന ചൂഷണത്താലും തദ്ദേശവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുന്നതിന്റെ പൊരുളും അവര്‍ക്ക് വിശദീകരിക്കാനായില്ല. ഖനന നിയമങ്ങളെ ചോദ്യം ചെയ്യുന്നവരെ വികസന വിരുദ്ധരെന്നു വിളിക്കാനായിരുന്നു ഭരണകൂടത്തിനു താത്പര്യം. ഞങ്ങള്‍ ഭരണകൂടത്തിനെതിരാണെന്നും, അതിനാല്‍ തന്നെ, നക്സലുകളുടെ പക്ഷത്തണെന്നും സമര്‍ത്ഥിക്കുകയായിരുന്നു അടുത്ത പടി. ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ അവര്‍ക്കൊപ്പം. ഇതു യുദ്ധത്തിന്റെ ലക്ഷണമാണ്. ഇതു നമുക്കു സമാധാനം തരില്ല.

നമ്മുടെ വെല്ലുവിളിയിതാണ്: ഒരു പ്രദേശത്തിന്റെ പ്രകൃത്യാ ഉള്ള സമ്പത്ത് അവിടെ താമസിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിക്കാനുതകുന്ന ഒരു സാമ്പത്തിക വളര്‍ച്ചാ മാതൃക എങ്ങനെ നമുക്കു സൃഷ്ടിക്കാം? ഉത്തരം ബുദ്ധിമുട്ടേറിയതാണ്. അപ്പോള്‍, ഈ പാവങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്നു നമുക്കു ചോദിക്കേണ്ടിവരും. കൂടാതെ, തങ്ങളുടെ മുറ്റത്ത് ഖനനം വേണോ എന്നും, തങ്ങളുടെ കാടു നശിപ്പിക്കണോ എന്നും തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്നു കൂടി നമുക്കു അംഗീകരിക്കേണ്ടി വരും. ജനാധിപത്യത്തെ നമുക്കു അല്പം ഗൗരവമായിത്തന്നെ കാണേണ്ടിയും വരും.

ഈ വസ്തുത അംഗീകരിച്ചാല്‍ നമുക്കു ഇന്നു നടക്കുന്ന വന്‍‌കിട വികസന പദ്ധതികള്‍ക്കെതിരായ ജനകീയ സമരങ്ങളെ മറ്റൊരു രീതിയില്‍ കാണേണ്ടി വരും. ഒറീസയിലെ നിയമഗിരി കുന്നുകളിലും, ചത്തീസ്ഗഡിലെ റ്റാറ്റായുടെ ഉരുക്കുനിര്‍മ്മാണശാലക്കെതിരേയും സമരം നടത്തുന്നവര്‍ വഴിതെറ്റിയവരോ, നക്സലുകളോ അല്ല. ഇവരുടെ ഈ എണ്ണമറ്റ കലാപങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചേ മതിയാകൂ. ഇതിനു മറുപടിയായി, നമുക്കു നാം ഇന്നു ചെയ്യുന്നതെന്തോ അതു ചെയ്യാന്‍ പാടില്ല. അവരുടെ സന്ദേഹങ്ങളെ ദില്ലിയിലോ, മറ്റെവിടെയെങ്കിലൊ ഇരിക്കുന്ന ഒരു കമ്മിറ്റിയുടെ വിശകലനവിനോദങ്ങള്‍ക്കനുസരിച്ചു തള്ളിക്കളയാന്‍ പാടില്ല. ഈ മനുഷ്യര്‍ക്കു വേണ്ടതെന്തെന്നു തീരുമാനിക്കേണ്ടതു നമ്മളല്ല.

വികസന പദ്ധതികളില്‍മേല്‍ തദ്ദേശവാസികള്‍ക്കു തീര്‍പ്പുകല്പിക്കാനുള്ള അവകാശത്തെ നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍, അതു നമ്മെ കഠിനമായ ഒരു പദ്ധതിയിലേക്കു നയിക്കും. നമുക്കു അവരുമായി ഗൗരവമാം‌ വണ്ണം സം‌വദിക്കേണ്ടി വരും, ആ പദ്ധതികള്‍ എല്ലാവര്‍ക്കും പ്രയോജനകരമാക്കേണ്ടിയും വരും. ഇതിനര്‍ത്ഥം ജനങ്ങളുടെ ധാതുസമ്പത്തു പിഴിഞ്ഞുള്ള ധനം അവരുമായി പങ്കു വയ്ക്കേണ്ടിവരുമെന്നതു കൂടിയാണ് -- അവര്‍ക്കു നമ്മള്‍ ഇപ്പോള്‍ കൊടുക്കുന്ന വിഷഗുളികകള്‍ പോരാതെ വരും. മാത്രമല്ല, വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും, മുന്‍‌ഗണനകളും മാറ്റേണ്ടിവരും. ഇന്നു നിലനില്‍ക്കുന്ന വനങ്ങളാണ് നമ്മുടെ ജലവിഭവങ്ങളേയും, വന്യജീവികളേയും, നമ്മുടെ മലിനമല്ലാത്ത ഭാവിതന്നെയും കാത്തു സൂക്ഷിക്കുന്നതെന്നു നമുക്കു അംഗീകരിക്കേണ്ടി വരും. അപ്പോള്‍, പ്രകൃതിയെ സം‌രക്ഷിച്ച്, അതിന്റെ ഗുണഫലങ്ങളുത്പാദിപ്പിക്കാന്‍ വനവാസികള്‍ക്കു കൂടുതല്‍ പണം നല്‍കേണ്ടിയും വരും.

എല്ലാറ്റിലും ഉപരിയായി, ഈ വിമതശബ്ധങ്ങള്‍ക്കു ചെവികൊടുക്കുകയാണെങ്കില്‍, നമുക്കു വികസനത്തെ തന്നെ ഉടച്ചുവാര്‍ക്കേണ്ടി വരും. നമ്മുടെ കാടുകളിലുള്ള കല്‍ക്കരിയും, ബോക്സൈറ്റും ഒന്നടങ്കം ഊറ്റിയെടുക്കാന്‍ പറ്റില്ല എന്നും നമുക്കു സമ്മതിക്കേണ്ടിവരും. വളര്‍ച്ചക്കായി നമ്മുടെ ധാതു സമ്പത്തിനെ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ നമുക്കു അതീവശ്രദ്ധാലുക്കളാകേണ്ടി വരും. കുറഞ്ഞ ഉറവിടങ്ങള്‍ കൊണ്ട് നമുക്കു കൂടുതല്‍ ചെയ്യേണ്ടി വരും. ഈ ദരിദ്രര്‍ നമ്മെ പഠിപ്പിക്കുന്നതിതാണ്: ഭൂമിയെ പരുക്കേല്പ്പിക്കാതെ നടക്കൂ. അതിനു നമ്മള്‍ വെടിത്തിരകള്‍ കൊണ്ടല്ല അവര്‍ക്കു മറുപടി കൊടുക്കേണ്ടത്.

പരിസ്ഥിതി പ്രവര്‍ത്തകയായ ലേഖിക 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡി'ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Mar 18, 2010

തൊഴിലാളികളുടെ ചോരക്കറ പുരണ്ട ഗെയിംസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് തെയ്യാറെടുപ്പുകളുടെ മറവില്‍ ദില്ലിയില്‍ നടക്കുന്ന നഗ്നമായ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും തൊഴിലാളി പീഡനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റേയും, അധികാരികളുടേയും ഒത്താശയുണ്ടോ എന്ന് ഉമേഷ് ഒ. 
Each page a victory
At whose expense the victory ball?
Every ten years a great man,
Who paid the piper?     Bertolt Brecht


എഴുപത്തിയൊന്ന് ദേശീയ പതാകകളുടെ നടുവില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു പാറികളിക്കും. ഇന്ത്യന്‍ ദേശീയഗാനം എല്ലാത്തിനും മുകളില്‍ മുഴങ്ങി കേള്‍ക്കും. രാജ്യത്തിന്റെ പേരും പ്രശസ്തിയും ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ചെന്നെത്തും. ദേശസ്നേഹവും, തന്റെ മാതൃരാജ്യത്തെകുറിച്ചുള്ള ഓരോ പൗരന്റെയും അഭിമാനവും വാനോളം കൊണ്ടെത്തിക്കാന്‍ പോകുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനെ കുറിച്ച് ഇങ്ങനെ പറയപെടുന്നതെല്ലാം. വിസ്മയകാഴ്ചകളുടെ ഈ ഉത്സവം വന്നണയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി. 2010 ഒക്ടോബര്‍ 3 മുതല്‍ 14 വരെ നടക്കുന്ന ഈ ലോക രാജ്യങ്ങളുടെ സംഗമത്തിന് ദില്ലി തയ്യാറായി കൊണ്ടിരിക്കുകയാണ്. മാനവികതയും സമത്വവും ആപ്തവാഖ്യങ്ങളായുള്ള ഈ മഹോത്സവത്തിന്റെ സന്ദേശം ലോകസമാധാനമാണ്. എന്നാല്‍ ഇവയൊക്കെ സ്വപനം പോലും കാണാന്‍ കഴിയാത്ത ഒരു മഹാ ഭുരിപക്ഷം ജനതയുടെ ദീനരോദനത്തിന്റെ കഥകള്‍ കുറച്ചു കാലമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും ദില്ലി സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഇതു കേട്ടതായി പോലും നടിച്ചില്ല. ഇവര്‍ക്ക് മുകളില്‍ ഒരു ഇടിവെട്ടു പോലെയാണ് ഫെബ്രുബരി 4നു ദില്ലി ഹൈക്കോടതി തൊഴിലാളി നിയമങ്ങളുടെ ലംഘനത്തിനു സംസ്ഥാന സര്‍ക്കാരിനോട്  മറുപടി ആവശ്യപെട്ടത്.

ഇന്ത്യയിലുള്ള മറ്റു തൊഴിലാളി പ്രശ്നങ്ങളില്‍ നിന്നും, അതുമായി ബന്ധപെട്ട കേസുകളില്‍നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത്, ഇതു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിര്‍മാണ പ്രവര്ത്തനവുമായി ബന്ധപെട്ടു ഒരു സര്‍ക്കാര്‍ നേരിട്ടു ചെയ്ത കുറ്റം എന്ന നിലയ്ക്കാണ്. ഭരണഘടന സ്ഥാപങ്ങള്‍ ആയ സംസ്ഥാന സര്‍ക്കാരിനും, ദില്ലി വികസന അതോറിറ്റിക്കുമാണ് (DDA ) കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പ് ചുമതല. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതാവട്ടെ കോണ്‍ഗ്രസ്‌ നേതവായ ഷീല ദീക്ഷിത്താണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഡിഡിഎയുടെ നിയന്ത്രണം ബിജെപിയുടെ കൈയ്യിലാണ്. 2009ന്റെ ആദ്യപാദങ്ങളിലാണ് ഇതുമായി ബന്ധപെട്ടു കോടതിയില്‍ ആദ്യമായി കേസുകള്‍ എത്തുന്നത്. എന്നാല്‍ അന്ന് കോടതി ഗെയിംസ് വില്ലേജ് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാത്രമേ പരിഗണിച്ചുള്ളൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും ഒരു കമ്മറ്റി ഉണ്ടാക്കാന്‍ ഡിഡിഎയോട് ഹൈക്കോടതി ആവശ്യപെട്ടു. എന്നാല്‍ 2009 ജൂലൈയില്‍ സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയുകയും നിര്‍മാണ പ്രവര്ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിനെ അനുവദിക്കുകയും ചെയ്തു. 2009 നവംബര്‍ മാസത്തില്‍ ഒരു കൂടം തൊഴില്‍ കേസുകള്‍ ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തതോടെയാണ് കാര്യങ്ങളുടെ ഗതി മാറാന്‍ തുടങ്ങിയത്.

ഈ തൊഴില്‍ പ്രശ്നം രണ്ടുതരത്തില്‍ നടന്ന ചുഷണങ്ങളിലേക്കാണ്‌ വിരല്‍ ചുണ്ടുന്നത്. ആദ്യമായി 1996ല്‍ പാര്‍ലമെന്റ് പാസാക്കിയ നിര്‍മാണ തൊഴിലാളി നിയമത്തിന്റെയും (Building and other Construction Workers' Act, or BCW), നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സ് ( Building and other Construction Workers' Welfare Cess Act) നിയമത്തിന്റെയും  ലംഘനമാണ്. ഈ നിയമങ്ങള്‍ പ്രകാരം നിര്‍മാണ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള ബാധ്യത നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി അവരെ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ട്. എല്ലാ സംസ്ഥാനങ്ങളും തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ സ്ഥാപിക്കാനും, ഈ നിയമം നടപ്പില്‍ വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ഏജന്സികള്‍ സ്ഥാപിക്കണം മേല്പറഞ്ഞ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.  നിയമം പാസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2002ലാണ് ഇതു നടപ്പാക്കാനായി ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം നെല്‍കേണ്ട തൊഴില്‍സ്ഥലത്തെ സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, ഇന്‍ഷുറന്‍സ്, താമസിക്കാനുള്ള സ്ഥലം മുതലായവ ദില്ലി ഭരണകൂടം ഉറപ്പുവരുത്തുന്നില്ല എന്നു പറഞ്ഞാണ് തൊഴിലാളികള്‍ കോടതി കയറിയത്.

തൊഴിലാളികള്‍ ഉയര്‍ത്തിയ രണ്ടാമത്തേ പരാതി ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചവിഷയമായ 1948ലെ മിനിമം കൂലി നിയമത്തിന്റെ (Minimum Wages Act 1948) ലംഘനമാണ്. അതതു കാലത്ത് ഈ നിയമ പ്രകാരം തൊഴിലാളികളുടെ മിനിമം കൂലി എല്ലാ സംസ്ഥാന സര്‍ക്കാരുകളും  പുനര്‍നിര്‍ണയിക്കാറുണ്ട്. 2008 മാര്‍ച്ചില്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ നിയമപ്രകാരം മിനിമം കൂലി പുനര്‍നിര്‍ണയം നടത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് 142 രൂപയും വിദഗ്ദ്ധ തൊഴിലാളിക്ക് 158 രൂപയും മിനിമം കൂലിയായി കിട്ടണം. ഇതോടൊപ്പം ജോലി സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തുകയും വേണം. എട്ടു മണിക്കുറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ആനുപാതികമായി കൂലി നല്‍കാന്‍ 1979ലെ അന്തര്‍ സംസ്ഥാന തൊഴിലാളി നിയമം (Inter State Workmen Act) അനുശാസിക്കുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുന്നൊരുക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ഇതൊന്നും പാലിച്ചിട്ടില്ല. ഇവരുടെ ജോലിസമയം പതിനൊന്നു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരയാണ്. അധിക സമയവും കൂടി കൂട്ടിയാല്‍ നിയമാനുസൃതം ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക്  280 രൂപയും ഒരു വിദഗ്ദ്ധ തൊഴിലാളിക്ക് 310 രൂപയും കുറഞ്ഞത്‌ കൂലിയായി കിട്ടേണ്ടതാണ്. എന്നാല്‍ യഥാക്രമം 90 രൂപയും 120 രൂപയും ആണ് ഇവര്‍ക്ക് നിലവില്‍ കിട്ടുന്നത്. കോണ്ട്രാക്ടര്‍മാരാണ് ഇതിനുത്തരവാദികള്‍ എന്നു പറഞ്ഞു ഒഴിഞ്ഞുമാറിയെങ്കിലും പ്രധാന തൊഴില്‍ ദാതാവ് (Principal Job Giver) എന്ന നിലയില്‍ ദില്ലിയിലെ സര്‍ക്കാരിനാണ് ഇതു ഉറപ്പു വരുത്താനുള്ള ബാധ്യത. ഇതു പലവട്ടം കോടതികള്‍ സംശയത്തിന് ഇടമില്ലാതെ പറഞ്ഞിട്ടുള്ളതാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മാര്‍ച്ച് മാസത്തിന്റെ അവസാനത്തോട് കൂടി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ, മാര്‍ച്ച് 9തിനു മിനിമം കൂലി വര്‍ദ്ധിപ്പിച്ച് കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാനുള്ള സുത്രപണി കൂടി കാണിക്കാന്‍ ഷീല ദീക്ഷിത്തിന്റെ സര്‍ക്കാര്‍ മടിച്ചില്ല.

ഫെബ്രുവരി 4ന് ഹൈക്കോടതി വാദങ്ങള്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ 'ആം ആദ്മി' (Aam Aadmi) സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരാന്‍ തുടങ്ങി. എത്ര തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരം നല്കാന്‍ പോകുന്ന ഒരു രേഖയും സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. വിവിധ സംഘടനകളുടെ കണക്കനുസരിച്ചു ഒരു ലക്ഷത്തോളം തൊഴിലാളികള്‍ കോമണ്‍വെല്‍ത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്‌, രാജസ്ഥാന്‍, ബീഹാര്‍, മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇവരില്‍ ഭുരിപക്ഷവും. കുടിയേറ്റ തൊഴിലാളി നിയമമനുസരിച്ച് ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ രേഖപെടുത്തേണ്ടതാണ്. അങ്ങനെയിരിക്കെ ഒരു ഏകദേശ കണക്കുപോലും പറയാന്‍ കഴിഞ്ഞില്ല എന്നത് സര്‍ക്കാരിന്റെ തൊഴിലാളികളോടുള്ള സമിപനത്തിനുള്ള ഉദാഹരണമല്ലാതെ മറ്റെന്താണ്?ദില്ല്ലിയെ അപേക്ഷിച്ച് ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ കൂലി നന്നെ കുറവാണ്. ഈ അവസരം മുതലാക്കി, ഇവിടുത്തെ തൊഴിലാളികളെ പരമാവധി ചുഷണം ചെയ്യുക എന്നതായിരുന്നു സര്‍ക്കാരിന്റെ നയം എന്നു വ്യക്തമാണ്. തൊഴിലാളികളുടെ പേരും മറ്റും ഔദ്യോദികമായി രേഖപ്പെടുത്തുന്നത് ഇതിനു ഒരു തടസമാകും എന്നതുകൊണ്ടാണ് നിയമപ്രകാരം പാലിക്കേണ്ടുന്ന ഒരു നടപടിക്രമവും പാലിക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്.

ദില്ലിയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും ബിജെപിയുടെ വികസന അതോറിറ്റിയുടെയും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉദാഹരണം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ എത്ര ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കണക്കാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരാള്‍ക്കുപോലും ഒരപകടവും സംഭവിച്ചിട്ടില്ല. ഈ വാദത്തിന്റെ പൊള്ളത്തരം മനസിലാക്കാന്‍ മറ്റുചില കണക്കുകള്‍ കണ്ടാല്‍ മതി. 2008ലെ ബീജിംഗ്  ഒളിമ്പിക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആറു തൊഴിലാളികള്‍ മരിച്ചതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി രേഖപെടുത്തിയിട്ടുണ്ട്‌. പതിനാലു പേര്‍ 2004 എഥന്‍സ് ഒളിമ്പിക്സിലും ഒരാള്‍ 2000ലെ സിഡ്നി ഒളിമ്പിക്സിന്റെ തയ്യറെടുപ്പുകള്‍ക്കിടയിലും മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് പരക്കുപറ്റിയതായി അതതു സമയത്ത് ഈ ഗെയിംസിന്റെ സംഘാടകര്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഇവിടെല്ലാം തൊഴിലാളി നിയമങ്ങള്‍ നടപ്പിലാക്കാന്‍ കര്‍ശനമായ നടപടികള്‍ എടുത്തതായി അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സാക്ഷ്യപ്പെടുത്തുന്നു. ഇതിനൊന്നും ഒരു പുല്ലുവില പോലും കല്പിക്കാതെ ദില്ലി സര്‍ക്കാര്‍, ഇവിടെ ഒരു മരണം പോലും സംഭവിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അതു മുഖവിലക്ക് എടുക്കാന്‍ മനുഷ്യത്വവും സാമാന്യ ബുദ്ധിയും ഉള്ളവര്‍ തയ്യാറാകും എന്നു തോന്നുനില്ല. People's Union For Democratic Rights എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കിടയില്‍ ഇതുവരെ 59 പേര്‍ മരിക്കുകയും 150ഓളം പേര്‍ക്ക് ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ മറിഞ്ഞുവീണു പരിക്ക് പറ്റിയവര്‍ എന്നും വണ്ടിമുട്ടി കൊല്ലപ്പെട്ടവര്‍ എന്നും മറ്റും  ആശുപത്രി രേഖകളില്‍ കാണിച്ച് സര്‍ക്കാര്‍ ഒരു രൂപ പോലും നഷ്ട്ട പരിഹാരം കൊടുക്കാതെ അവരോടുള്ള നന്ദി കാട്ടി. തൊഴിലാളിയുടെ ചോരയിലും കണ്ണീരിലും മുക്കി ഉണക്കിയ പരവതാനികള്‍ നാളെ ഗെയിംസ് വില്ലേജില്‍ വിരിക്കുമ്പോള്‍ എല്ലാം നേടി എന്ന ഭാവത്തില്‍ ഇന്ത്യയിലെ ഉപരി-മധ്യവര്‍ഗക്കാര്‍ അഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉണര്‍ത്തു പാട്ടുകളുമായി തെരുവുകള്‍ കയ്യടക്കുകയും ആഘോഷത്തില്‍ മുഴുകുകയും ചെയ്യും. 'ആം ആദ്മിക്കു' ഇതില്‍പരം എന്തു സന്തോഷമാണ് കിട്ടാനുള്ളത്.

ഈ തൊഴിലാളി വിരുദ്ധത ദില്ലിയിലെ കോണ്‍ഗ്രസുകാര്‍ക്ക് പുതിയ കാര്യമൊന്നുമല്ല. 1982ല്‍ ദില്ലിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസുമായി ബന്ധപെട്ടു നടന്ന തൊഴിലാളി ചൂഷണങ്ങളുടെ പേരില്‍ അന്നത്തെ ഡിഡിഎ ഭരിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ സുപ്രീം കോടതി ഒരുപാടു കയറിയിറങ്ങിയിട്ടുള്ളതാണ്. അതിന്റെ പേരില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായിത്തന്നെ സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയതിന്റെ പേരില്‍ തെരുവില്‍ നാടകം കളിച്ചുകൊണ്ടിരിക്കെ സഫ്ദര്‍ ഹാഷ്മിയെ തലക്ക് അടിച്ചു കൊന്നവര്‍ ഇന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ തന്നെയുണ്ട്. സഫ്ദറിന്റെ രക്തകറ കയ്യില്‍ ഇപ്പോഴും ഉള്ളവര്‍ തിരിക്കുന്ന ഭരണചക്രത്തിനു ഇങ്ങനെയല്ലാതെ എങ്ങനെയാണ് തൊഴിലാളികളോട് പെരുമാറാന്‍ കഴിയുക?

ലേഖകന്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്

Nov 17, 2009

മാവോയിസത്തിനും ഹിന്ദുത്വയ്ക്കും തമ്മിലെന്ത്?

കഴിഞ്ഞ നാലു പതിറ്റാണ്ടു നീണ്ട പ്രക്ഷോഭത്തിനിടയില്‍ ഹിന്ദുത്വ ശക്തികളെ പരാജപ്പെടുത്തുന്നതിനായി നക്സലൈറ്റുകള്‍ കാര്യമായെന്തെങ്കിലും ചെയ്തിട്ടുണ്ടോ?There are crimes of passion and crimes of logic – Albert Camus

ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിക്കുന്നത് 1967 ഏപ്രിലില്‍ ഡാര്‍ജിലിങ്ങിലെ നക്സല്‍ബാരി ജില്ലയില്‍ നിന്നാണ്. ചൈനീസ് കമ്യൂണീസ്റ്റ് പാര്‍ടിയുടെ അഭിപ്രായത്തില്‍ ഇന്ത്യയ്ക്കു മുകളില്‍ വെട്ടിയ വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നു നക്സല്‍ബാരിയില്‍ നിന്നു തുടങ്ങിയ മാവോയിസ്റ്റ് അക്രമപരമ്പരകള്‍. സിപിഎമ്മിന്റെ ജില്ലാതല നേതാവായിരുന്ന ചാരുമദുംദാറാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) സ്ഥാപിക്കുന്നതും അക്കാലത്ത് നക്സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. കഴിഞ്ഞ 42 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസ്ഥാനം പലവിധ പിളര്‍പ്പുകളിലൂടെ കടന്നു പോയി. പക്ഷേ, മാവോയിസ്റ്റുകള്‍ ഇന്നും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു. സായുധാക്രമണങ്ങള്‍ വര്‍ധിക്കുന്നു. മാവോയിസ്റ്റുകള്‍ പൊലീസുകാരുടേയും, സര്‍ക്കാര്‍ മാവോയിസ്റ്റുകളുടേയും ക്രൂരകൃത്യങ്ങളുടെ കണക്കെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്നിലേക്കെറിയുന്നു.

അക്രമവും പ്രത്യയശാസ്ത്രവും
ഫ്രാന്‍സിസ് ഇദുവര്‍ എന്ന ഝാര്‍ഖണ്ഡ് പൊലീസ് ഉദ്യോഗസ്ഥനെ മാവോയിസ്റ്റുകള്‍ അടുത്തിടെ കഴുത്തറുത്ത് കൊന്ന സംഭവം വന്‍തോതില്‍ പ്രതിഷേധം വിളിച്ചു വരുത്തുകയുണ്ടായി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സായുധപ്രതിഷേധം പ്രതിരോധത്തിനുള്ള ഉപാധിയാണെന്നാണ് നക്സലൈറ്റുകളുടെ മതം. പലപ്പോഴും ഭരണകൂട ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് തങ്ങളുടെ ആക്രമണങ്ങള്‍ അവര്‍ ന്യായീകരിക്കുക. എന്നാല്‍ പൊലീസ് ഭീകരതയോടുള്ള സ്വാഭാവിക പ്രതികരണമോ, പ്രതിരോധത്തിലധിഷ്ഠിതമായ സായുധ പ്രവര്‍ത്തനങ്ങളോ മാത്രമാണോ മാവോയിസ്റ്റുകളെ നിരന്തരമായ യുദ്ധത്തിലേക്ക് നയിക്കുന്നത്? മാവോയിസ്റ്റു സിദ്ധാന്തമനുസരിച്ച് ഇന്ത്യയുടേത് ഒരു അര്‍ധ-കൊളോനിയല്‍ രാഷ്ട്രീയ വ്യവസ്ഥയും, ജനങ്ങളുടെ യഥാര്‍ത്ഥ ഇച്ഛയെ പ്രതിനിധീകരിക്കാത്ത ഭരണഘടനയുമാണ്. ഇത് രണ്ടും സായുധ മാര്‍ഗത്തിലൂടെ പറിച്ചെറിയപ്പെടണം. തങ്ങളുടെ നടപടികളെല്ലാം മാവോയിസ്റ്റ് സഖാക്കള്‍ക്ക് വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമാണ്. സായുധ സമരം അവര്‍ക്ക് 'ഏറ്റവും പ്രധാനപ്പെട്ടതും, ഉദാത്തവുമായ' സമര മാര്‍ഗവും 'ജനകീയ സൈന്യം' ഏറ്റവും പ്രധാനപ്പെട്ട സംഘടനാ രൂപവുമാണ്. യുദ്ധത്തില്‍ ധാര്‍മികതയ്ക്ക് ഒരു സ്ഥാനവുമില്ല.

2004 ആഗസ്റ്റ് 15ന് മാവോയിസ്റ്റുകള്‍ ആന്ധ്രാ പ്രദേശില്‍ ഒമ്പതു പേരെ കൊലപ്പെടുത്തി. ഇതില്‍ ഒരു ഡ്രൈവറും, ഒരു നിയമസാമാജികനും, ഒരു മുനിസിപ്പല്‍ തൊഴിലാളിയുമുള്‍പ്പെടും. കൃത്യം ഒരു വര്‍ഷത്തിനു ശേഷം കരീംനഗറില്‍ പാചകക്കാരിയായി ജോലിയെടുത്തിരുന്ന 52 വയസുകാരി സലീമയെ പൊലീസിനു വിവരം ചോര്‍ത്തി കൊടുക്കുന്നുവെന്നാരോപിച്ച് അവര്‍ തല്ലിക്കൊന്നു. രണ്ടാഴ്ച കാലയളവിനുള്ളില്‍ നക്സലൈറ്റുകള്‍ കൊല്ലുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു സലീമ. മുന്‍ നക്സലൈറ്റായിരുന്ന 18കാരി ഭുക്യ പദ്മയെ ജൂലൈ 30ന് അവര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 12ന് ബീഹാറിലെ ബേല്‍വാദരി ഗ്രാമത്തില്‍ 17 പേരെയാണ് ഇവര്‍ കഴുത്തു മുറിച്ചു കൊലപ്പെടുത്തിയത്. 2006 ഫെബ്രുവരിയില്‍ ഛത്തീസ്ഗഡ്ഡിലെ ദണ്ഡേവാഡയിലുണ്ടായ കുഴിബോംബാക്രമണത്തില്‍ 26 ആദിവാസികള്‍ കൊലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ച് 25നുണ്ടായ മറ്റൊരു സ്ഫോടനം 13 പേരെ കൊലപ്പെടുത്തി.

ഈ പറഞ്ഞവയിലെ ചില സംഭവങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയായിരിക്കാം. ചിലത് പ്രാദേശിക കേഡര്‍മാര്‍ മേല്‍ക്കമ്മിറ്റിയുടെ സമ്മതമില്ലാതെ നടപ്പിലാക്കിയതുമാവാം. പക്ഷേ, ഒരു കാര്യം തീര്‍ച്ചയാണ്. രാഷ്ടീയ കൊലപാതകങ്ങളോട് സഖാക്കള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. പലപ്പോഴും പ്രാചീന ആയുധങ്ങളുപയോഗിച്ചാണ് ഇവര്‍ കൊലകള്‍ നടത്തുന്നത്. ഇവിടെ ശരി തെറ്റുകള്‍ പ്രശ്നമല്ല. കാരണം 'പാര്‍ടിയാണ് എല്ലായ്പോഴും ശരി'. ഇരകള്‍ക്ക് മാപ്പപേക്ഷിക്കാനുള്ള അര്‍ഹതയില്ല. മിഷന്‍ നടപ്പാക്കുമ്പോള്‍ നിരപരാധികള്‍ കൊല ചെയ്യാന്‍ പാടില്ല എന്നുമില്ല. കൊളാറ്ററല്‍ ഡാമേജും യുദ്ധത്തിന്റെ ഭാഗമാണ്.

ഭരണഘടനാ വിരുദ്ധത
ഇന്ത്യന്‍ ഭരണഘടനയോടുള്ള മാവോയിസ്റ്റുകളുടെ നിലപാട് രഹസ്യമൊന്നുമല്ല. ചൂഷണത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ മുഖംമൂടി മാത്രമാണ് ഭരണഘടനയെന്നവര്‍ പറയുന്നു. ഇവിടെ പ്രസക്തമായ മറ്റൊരു ചോദ്യം നിയമ പുസ്തകത്തോടുമുള്ള നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളുടെ നിലപാടെന്താണെന്നതാണ്. ആദിവാസി ഭൂമിയെ കയ്യേറ്റത്തില്‍ നിന്നും സംരക്ഷിക്കുന്ന ഭരണഘടനയിലെ അഞ്ചാം പട്ടിക ഇല്ലാതാക്കാന്‍ എന്‍ഡിഎ ഭരണകൂടം ശ്രമിച്ചതെന്തിനായിരുന്നു? കാരണം ഒന്നേയുള്ളൂ. വന്‍ധാതു നിക്ഷേപങ്ങളുള്ള മണ്ണിലാണ് ആദിവാസികള്‍ ജീവിക്കുന്നത്. ഈ ധാതു നിക്ഷേപങ്ങള്‍ ലഭിക്കാനായി ലോകം മുഴുവനുമുള്ള ക്യാപിറ്റലിസ്റ്റുകള്‍ എന്തും ചെയ്യാന്‍ തെയ്യാറാവുമെന്ന് ഭരിക്കുന്നവര്‍ക്കറിയാം.

ഇനി ഇന്ത്യയില്‍ നടന്നിട്ടുള്ള വന്‍ ലഹളകളുടെ കാര്യം തന്നെയെടുക്കുക. 1984ലും 2002ലും നടന്ന കൂട്ടക്കൊലകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നില്ലെ? എന്തു കൊണ്ടാണ് അവരെയൊന്നും നിയമത്തിന്റെ മുന്നിലേക്കു കൊണ്ടു വരാന്‍ നമുക്കു കഴിയാതിരുന്നത്? 1987ല്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോന്‍സ്റ്റാബുലറിയുടെ കസ്റ്റഡിയില്‍ വച്ചു മരിച്ചത് 40 മുസ്ലിങ്ങളാണ്. ഈ കേസ് കോടതിയിലെത്താന്‍ 18 വര്‍ഷമെടുത്തു. ഛത്തീസ്ഗഡ്ഡില്‍ സാല്‍വാ ജുദൂം എന്ന അത്യന്തം വിനാശകാരിയായ ഒരു സ്വകാര്യ സൈന്യത്തിന് വര്‍ഷങ്ങളായി ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ ഒരു പോലെ പിന്തുണ നല്‍കി വരുന്നു. സര്‍ക്കാരിന്റെ നയങ്ങളിലെ നിയമവിരുദ്ധതയും ശ്രദ്ധയില്ലായ്മയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും ചൂണ്ടി കാണിച്ചിരുന്നുവെന്നോര്‍ക്കുക. 2007ല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നന്ദിഗ്രാമിലെ തങ്ങളുടെ എതിരാളികളെ എങ്ങിനെ നേരിട്ടു എന്നത് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്ത്യയിലെ ഭരണാധികാരികള്‍ എന്നും കുറ്റവാളികളെ സംരക്ഷിച്ചിട്ടേയുള്ളൂ. ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതറിയാം. ഉത്തരവാദിത്വത്തോടെ ജോലി നോക്കാത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ലഭിക്കുന്നു. കൂട്ടക്കൊലയാളികള്‍ വീരന്മാരായി വാഴിക്കപ്പെടുന്നു. അഴിമതിക്കാരായ, നിയമസംവിധാനത്തെ തെല്ലും ബഹുമാനിക്കാത്ത ഭരണാധികാരികള്‍ തന്നെയാണ് മാവോയിസ്റ്റുകള്‍ക്ക് വഴിയൊരുക്കി കൊടുക്കുന്നത്.

ഇങ്ങിനെ ദുഷിപ്പു നിറഞ്ഞ ഒരു വ്യവസ്ഥിതിയെ എതിര്‍ക്കുന്നുവെന്ന പേരില്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതാവട്ടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കി മാറ്റുകയെന്നതും. ഇന്ത്യയിലെ വലതുപക്ഷ തീവ്രവാദികളെ പോലെ വീരവാദത്തിലധിഷ്ഠിതമാണ് മാവോയിസ്റ്റുകളുടെ പരസ്യ പ്രസ്താവനകളും‍. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് മറ്റാരേക്കാള്‍ തങ്ങള്‍ക്കറിയാമെന്ന് നക്സലൈറ്റുകള്‍ അവകാശപ്പെടുന്നു. നീതിക്കു വേണ്ടി പൊരുതുന്നുവെന്ന പേരില്‍ തീര്‍പ്പു കല്പ്പിക്കുന്നവരും ആരാച്ചര്‍മാരും ഒരേ കൂട്ടര്‍ തന്നെയാവുന്നു. ഓരോ കൊലപാതകവും പ്രതികാരങ്ങളുടേയും ആഘാതങ്ങളുടേയും പുതിയൊരു ചക്രത്തിലേക്കു നയിക്കുന്നു.

പാവപ്പെട്ടവരുടെ ഹിന്ദുത്വ
പ്രതീകാത്മകതയ്ക്ക് എക്കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. മാവോയിസ്റ്റ് പാര്‍ടി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തെയ്യാറാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ അവര്‍ക്ക് ഒരു നിര്‍ദേശം മുന്നോട്ടു വയ്ക്കാവുന്നതാണ്. പാര്‍ലമെന്റ് സെന്‍ട്റല്‍ ഹാളില്‍ വച്ചിരിക്കുന്ന വിഡി സവര്‍ക്കറുടെ ചിത്രം എടുത്തു മാറ്റണമെന്ന് അവര്‍ സര്‍ക്കാരിനോടാവശ്യപ്പെടണം. എന്‍ഡിഎ ഭരണകാലത്ത് 2003ലാണ് സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റില്‍ വയ്ക്കുന്നത്. സവര്‍ക്കറുടെ ചിത്രം നീക്കാന്‍ തെയ്യാറായില്ലെങ്കില്‍ അതോടൊപ്പം ചാരുമജുംദാറുടെ ചിത്രം കൂടി വയ്ക്കണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. എന്തുകൊണ്ട് പാടില്ല? രണ്ടൂ പേരും തീവ്രവാദികളായ രാജ്യ സ്നേഹികളായിരുന്നു. രണ്ടു പേരും രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിശ്വസിച്ചിരുന്നു. രണ്ടു പേരും ഗാന്ധിയെ വെറുത്തു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന് രണ്ടു പേരും വിശ്വസിച്ചു.
ഈ നിര്‍ദേശം പലരേയും ചൊടിപ്പിച്ചേക്കാം. എന്നാല്‍ ഈ രണ്ടൂ തീവ്രവാദ സംഘങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഇന്ത്യന്‍ ചരിത്രത്തിലെ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ വസ്തുതയാണ്. പണക്കാരുടെ മാവോയിസമാണ് ഹിന്ദുത്വ. 1969ല്‍ ഒരു തീവ്ര ഇടതുപക്ഷ ഹിന്ദി എഴുത്തുകാരന്‍ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ട് 'ഗാന്ധി ബേനകാബ്' എന്ന പേരില്‍ ഒരു ലേഖനമെഴുതിയിരുന്നു. അതില്‍ നാഥുറാം ഗോഡ്സെയെ 'ഇന്ത്യയുടെ യഥാര്‍ത്ഥ പുത്രയ്'നെന്നായിരുന്നു എഴുത്തുകാരന്‍ വിളിച്ചത്. കഴിഞ്ഞ നാലു പതിറ്റാണ്ടു നീണ്ട കാലയളവില്‍ നക്സലൈറ്റുകള്‍ ഹിന്ദുത്വ ശക്തികളെ പരാജപ്പെടുത്തുന്നതിനായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്നതല്ലെ വാസ്തവം! കഴിഞ്ഞ ആഗസ്റ്റില്‍ ഒറീസയിലെ കാന്ധമാലില്‍ വിശ്വ ഹിന്ദു പരിഷദ് നേതാവ് സ്വാമിയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവം തന്നെ നോക്കുക. കുറ്റം ചെയ്തത് മാവോയിസ്റ്റുകള്‍. പക്ഷേ, സംഘപരിവാര്‍ ഇതിന്റെ പേരില്‍ വേട്ടയാടിയതാകട്ടെ പാവപ്പെട്ട ക്രിസ്ത്യന്‍ ഗ്രാമീണരേയും. ആയിരക്കണക്കിനാളുകള്‍ക്ക് അവരുടെ കിടപ്പാടം വിട്ടു പോകേണ്ടി വന്നു. മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഈ അക്രമപരമ്പരയെ ചെറുത്തു തോല്പ്പിക്കാന്‍ ഒന്നും ചെയ്യാന്‍ മാവോയിസ്റ്റുകള്‍ക്കായില്ല. അത്രയ്ക്കുണ്ട് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ക്കുള്ള പ്രതിബദ്ധത.

സവര്‍ക്കറുടെ അരുമ ശിഷ്യന്‍ ഗോഡ്സെ 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി. ഗാന്ധിയുടെ കൊലപാതകം സത്യത്തില്‍ ആസൂത്രണം ചെയ്തത് സാക്ഷാല്‍ സവര്‍ക്കര്‍ തന്നെയായിരുന്നുവെന്ന് ജസ്റ്റിസ് ജിവന്‍ലാല്‍ കപൂര്‍ കമ്മിഷന്‍ 1969ല്‍ കണ്ടെത്തിയിരുന്നു. ഇതേ കാര്യം 1948ല്‍ സര്‍ദാര്‍ പട്ടേല്‍ നെഹ്രുവിനോടു പറഞ്ഞിരുന്നു. അങ്ങിനെയുള്ള സവര്‍ക്കറെ രാഷ്ട്രം ആദരിക്കുന്നുണ്ടെങ്കില്‍ ചാരുമജുംദാറിനേയും ആദരിക്കാം. ഇന്ത്യന്‍ ഭരണകൂടം ഇതിനു തെയ്യാറാവില്ലെന്നുറപ്പുള്ളതു കൊണ്ട് നമുക്ക് ചര്‍ച്ച വേറൊരു രീതിയിലാക്കാം. എന്തു കൊണ്ടാണ് ചില രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏവര്‍ക്കും സ്വീകാര്യമാവുന്നതും മറ്റു ചിലത് അസ്വീകാര്യമാവുന്നതും?

ചരിത്രകാരനായ ദിലീപ് സൈമണ്‍ ഹിമാല്‍ മാസികയിലെഴുതിയ ലേഖനത്തിന്റെ തര്‍ജമ

Aug 23, 2009

വൈറ്റില എന്ന രൂപകം

"ഈ പദ്ധതി മുന്നോട്ടു തന്നെ പോകണം". ഈ വാചകം ഒരു പക്ഷെ ഇന്നു കേരളത്തില്‍ നടക്കുന്ന മൊത്തം വികസനചര്‍ച്ചകളുടെയും പൊതുന്യായമായിത്തീര്‍ന്ന ഒന്നാണ്. ഒരുപാടു ജനവിരുദ്ധ പദ്ധതികള്‍ ഈ വാചകത്തിന്റെ വീര്യത്തില്‍ തൂങ്ങി മുന്നോട്ടുപോയിട്ടുണ്ട്. അടുത്തിടെ ഇതു കേട്ട ഒരു സന്ദര്‍ഭം - വൈറ്റില മൊബിലിറ്റി ഹബ് - അല്പം കൂടി ഗൗരവമര്‍ഹിക്കുന്നതാണ്. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്.

സംസ്ഥാന കൃഷി വകുപ്പിനു കീഴില്‍ എറണാകുളം നഗരത്തോടു ചേര്‍ന്നുകിടക്കുന്ന വൈറ്റിലയുടെ ഒരറ്റത്തായുള്ള ഒരു തെങ്ങിന്‍തോട്ടം നിര്‍ദ്ദിഷ്ട മെഗാ ബസ് റ്റെര്‍മിനല്‍ പണിയാന്‍ വിട്ടു കൊടുക്കുന്നതിനെതിരെ ഒരു പാടു പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം മറികടന്ന് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇക്കഴിഞ്ഞ ആഗസ്ത് 20ന്, മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യോഗം റ്റെര്‍മിനലിന് പച്ചക്കൊടി കാട്ടി. ഈ പദ്ധതിക്കെതിരെ തെങ്ങിന്‍ തോട്ടത്തിന്റെ ഉടമസ്ഥരായ കൃഷിവകുപ്പില്‍ നിന്നു തന്നെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ അവയോടുള്ള പ്രതികരണങ്ങള്‍ പലതും മേല്പറഞ്ഞ 'മുന്നോട്ടുപോകല്‍' ന്യയത്തിന്റെ പര്യായങ്ങളായിരുന്നു.

എറണാകുളത്തിന്റെ പഴയ നഗരകേന്ദ്രത്തിന് സമാന്തരമായി കിടക്കുന്ന വൈറ്റിലയില്‍ നിറയെ ബഹുനില കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമാണ്. ഇതിനിടയില്‍ ഈ തെങ്ങിന്‍തോപ്പ് ഒരു പച്ചപ്പിന്റെ വേറിട്ട കാഴ്ചയാണ്. എന്നാല്‍, രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് കാഴ്ച വേറൊന്നായിരുന്നു: വയലുകള്‍ നിറഞ്ഞ, ആളൊഴിഞ്ഞ ഒരിടം. പച്ചപ്പിനെ രണ്ടായി മുറിക്കുന്ന പുഴയുടെ കൈവഴി കിഴക്ക് ചിത്രപുഴയുമായി സമീപപ്രദേശമായ തേവരയുടെ കായല്പരപ്പുകളോട് ചേരുന്നു. ജലഗതാഗതവും, അതിനോടുചേര്‍ന്ന പൊടിപൊടീക്കുന്ന് കച്ചവടവും ഇവിടെ സാധാരണമായിരുന്നു. എന്നാല്‍ പടിപടിയായി പടര്‍ന്നുകയറിയ നഗരം വൈറ്റിലയെ വിഴുങ്ങി. ഇന്ന്, എര്‍ണാകുളം നഗരത്തിന്റെ, ഏതൊരു യാത്രക്കാരനും പരിചിതമായ ഗതാഗത കുരുക്കുകള്‍ക്കുള്ള ഏക ഉത്തരമായാണ് വൈറ്റ്ല ബസ് റ്റെര്‍മിനലിനെ വികസന പ്രേമികള്‍ ചിത്രീകരിക്കുന്നത്. വെറുമൊരു റ്റെര്‍മിനലിനപ്പുറം ഷോപ്പിംഗ് മോളുകളും, ഹോട്ടലും, സ്വിമ്മിംഗ് പൂളും, സാംസ്കാരിക കേന്ദ്രവും തുടങ്ങി ബോട്ടു ജട്ടി വരെയുള്‍പ്പെടുന്നതാണ് പ്രസ്തുത പദ്ധതി. നാഗരികതയുടെ ചടുലമായി മാറിക്കൊണ്ടിരിക്കുന്ന നിഖണ്ടുവില്‍ ഇതൊരു 'മൊബിലിറ്റി ഹൗസ്' ആണ്.

ഈ റ്റെര്‍മിനലിനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചക്ക് രണ്ടു പ്രധാന മുഖങ്ങളുണ്ട്. ഒന്ന് ഇന്നത്തെക്കാലത്ത് വികസനത്തോട് പുറം തിരിഞ്ഞ് നിര്‍ക്കാനാവില്ല എന്നും, അതിനാല്‍, പദ്ധതി മുന്നോട്ട് പോയേ തീരൂ എന്നുമുള്ള സമീപനം. വൈറ്റിലയെപ്പോലുള്ള ഒരു പട്ടണത്തിനു കൃഷി ചേരില്ല എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. രണ്ടാമത്തേതാകട്ടെ, കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ, അതായത് പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകളുടെ സമയം മുതല്‍ക്കേ, കൃഷി വകുപ്പ് ഉയര്‍ത്തിയിട്ടുള്ള എതിര്‍പ്പുകളുമായി ബന്ധപ്പെട്ടതാണ്. പദ്ധതി പ്രദേശത്ത് കൃഷി വകുപ്പ് നടത്തുന്ന തെങ്ങു നഴ്സറിയുടെ ഉല്പാദനക്ഷമതയേയും, പ്രയോജനത്തേയും, കാര്യക്ഷമതയെയും പറ്റിയുള്ള തെറ്റായ പ്രചാരണങ്ങള്‍ ഇതിന്റെ ഒരു പ്രധാന ഘടകമാണ്. പദ്ധതിക്കായി ഈ തോട്ടം കൈമാറിയാല്‍, കിഴക്കന്‍ മലമ്പ്രദേശത്തേക്ക് തെങ്ങു തൈകള്‍ പറിച്ചു നടാനുള്ള നീക്കമുണ്ടായിരുന്നു. എന്നല്‍, തെങ്ങിനനുയോജ്യം മണല്‍ കൂടുതല്‍ കലര്‍ന്ന മണ്ണാണെന്ന കാരണത്താല്‍ അതു നടന്നില്ല. പക്ഷെ, കൃഷിവകുപ്പും അതിന്റെ വാദഗതികളും വികസനവിരുദ്ധരും ജനവിരുദ്ധവുമാണെന്ന അഭിപ്രായം മേല്‍ക്കൈ നേടി.

എന്നാല്‍, വാസ്തവത്തില്‍ ഈ പദ്ധതി യുക്തിക്കു നിരക്കുന്നതാണോ? എറണാകുളത്തെ ഗതാഗത കുരുക്കുകള്‍ തീര്‍ക്കാന്‍ ‍, ബസുകളെ നഗരത്തിനു വെളിയില്‍ തമ്പടിപ്പിച്ചാല്‍ മതിയൊ? അടുത്തിടെ പുതിയ നഗരവികസന പദ്ധതികളുടെ ഭാഗമായി ഒഴിപ്പിക്കപ്പെട്ടവര്‍ പോലും കൃഷിവകുപ്പിന്റെ വാദഗതികളെ സര്‍ക്കാര്‍ കൂടുതല്‍ ശക്തിയായി എതിര്‍ക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ച് കാണുന്നത്. വാസസ്ഥാനങ്ങളുടെ നഷ്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ കൃഷിയിടങ്ങളുടേത് അത്ര ഗുരുതരമല്ല എന്ന ചിന്തയാവാം ഇതിനാധാരം. ഇവിടെയാണ് നമ്മുടെ അടിയന്തിരമായ രാഷ്ട്രീയ അന്വേഷണങ്ങളും പ്രതികരണങ്ങളും പ്രസക്തമാവുന്നതും, പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും നാം ചുവടു മാറ്റേണ്ടതും.

ആദ്യം ഉയര്‍ത്തേണ്ട ചോദ്യം ആരാണ് ബസുള്‍പ്പെടുന്ന പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് എന്നതു തന്നെ. വാഹനങ്ങളുടെ ശരാശരി ഉപയോഗം ഏറ്റവും കുറവുള്ള സാധാരണക്കാരാണ് പൊതുഗതാഗത മാര്‍ഗങ്ങളുടെ മുഖ്യ ഉപയോക്താക്കള്‍. നഗരത്തിലെ റോഡുകള്‍ മുഖ്യമായും കൈയേറിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങളും. ഇവയിലൊരു വലിയ പങ്ക് പലപ്പോഴും കാലി സീറ്റുകളുമായോടുന്ന മുന്തിയ എസി കാറുകളും. ഇങ്ങിനെയെന്നിരിക്കെ, സ്വകാര്യ വാഹനങ്ങളുടെ ഈ ആഡംബരത്തിനെ നഗരത്തില്‍ നിന്നു പറിച്ചെറിയുവാനും, യാത്രക്കാരെ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാനുമുള്ള പദ്ധതികളെ കുറിച്ചല്ലെ നാം കാര്യമായി ചിന്തിക്കേണ്ടത്. അടിക്കടി ഉയരുന്ന അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിഹാരം കൂടിയാവും ഇത്തരം നടപടികള്‍.

റ്റെലിവിഷന്‍ ചര്‍ച്ചകളിലെ ബഹളങ്ങള്‍ക്കുപരിയായി, ജനകീയമായ സംവാദങ്ങളും ഇടപെടലുകളും വഴി പച്ചപ്പിന്റെ ഈ ചെറിയ തുരുത്തിനെ സംരക്ഷിക്കുവാന്‍ സാധിക്കും. ഉത്പാദനക്ഷമത കുറവെന്നിരിക്കലും നഗരദൃശ്യങ്ങളില്‍ വ്യത്യസ്തമായി നില്‍ക്കുന്ന തെങ്ങിന്‍തോപ്പിന്റെ പച്ചപ്പ് സംരക്ഷിക്കേണ്ടതും പ്രധാനമാണ്. അന്തരീക്ഷ വിഷനിര്‍മാര്‍ജനത്തില്‍ ഇത്തരം പ്രദേശങ്ങള്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കായലിലേക്കെത്തി ചേരുന്ന പുഴയുടെ കൈവഴിയെ പറ്റിയും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം പല കൈവഴികളും, നഗര മാലിന്യങ്ങളും പായലുമടിഞ്ഞ വരണ്ട ചാലുകളായി മാറി കഴിഞ്ഞിരിക്കുന്നു. ഒപ്പം, പരിസര പ്രദേശങ്ങളിലൊന്നും കൃഷിയില്ല എന്നതു കൊണ്ട് തന്നെ ഒരു കഷണം തെങ്ങിന്‍ തോപ്പ് മാത്രമായി നില നിര്‍ത്തേണ്ട ആവശ്യമില്ല എന്ന അപകടകരമായ വാദത്തിനു പകരം, തെങ്ങിന്‍തോപ്പിനെ കൂടുതല്‍ കൃഷിയിലേക്കുള്ള ആദ്യ പടിയായി എടുത്താലോ?

പഴഞ്ചന്‍ വാദഗതിയെന്ന് തോന്നാം. എന്നാല്‍ 1990കള്‍ക്കു ശേഷം ഉല്പാദനത്തില്‍ വന്ന ഇടിവിനെ പറ്റി കൃഷി വകുപ്പില്‍ നിന്നുയര്‍ന്നിട്ടുള്ള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുക. 1990കളില്‍ ഇന്ത്യയില്‍ വ്യാപകമായി വന്ന മാറ്റങ്ങള്‍ക്കൊപ്പമാണല്ലോ പ്രാഥമിക/പൊതു ഉല്പാദന മേഖലകള്‍ പടിപടിയായി തകര്‍ച്ചയെ നേരിട്ടത്. അതുകാരണം, ജനസംഖ്യയിലെ ഒരു വലിയ വിഭാഗത്തിന്റെ ആഹാരമുള്‍പ്പെടെയുള്ള പ്രാഥമികാവശ്യങ്ങള്‍ പോലും ഒരു ഞാണിന്മേല്‍ക്കളിയായി. അതുകൊണ്ടു തന്നെയാണ്, വൈറ്റിലയിലെ ഈ പദ്ധതി ഒരു വലിയ വികസന ചര്‍ച്ചയുടെ പ്രതീകം ആകുന്നതും - ആരുടെ വികസനം എന്ന അളവുകോലില്‍. ഈ പദ്ധതി ചോദ്യങ്ങളുയര്‍ത്താനുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഉദാഹരണത്തിന്, നഗരത്തിന് ആവശ്യമല്ലാത്തതെന്തും, അത് ആളുകളാവട്ടെ, കൃഷിയിടങ്ങളാവട്ടെ, പുറം തള്ളപ്പെടുന്നത് എങ്ങോട്ടാണ്? യഥാര്‍ത്ഥത്തില്‍ എന്താണ് വികസനം? ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടാണ് ഇവിടെ സംസാരിക്കുന്നത്? ഈ വികസന മാതൃക നമ്മളെ നയിക്കുന്നതെങ്ങോട്ടാണ്?

ഇത്തരം ചോദ്യം ചെയ്യലുകളുടെ അഭാവത്തില്‍ പദ്ധതികള്‍ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു; അവയുടെ വക്താക്കള്‍ കൂടിയുള്‍പ്പെടുന്ന നമ്മളെന്ന വലിയ ജനവിഭാഗത്തെ വിഴുങ്ങിക്കൊണ്ട്. അതുകൊണ്ടു നമുക്കു നമ്മുടെ നിയമസഭാ സാമാജികരെ തിരുത്തിപ്പറയേണ്ടീവരും: "ഈ പദ്ധതി മുന്നോട്ടു പോകരുത്. ഇതെന്നല്ല, ഇത്തരം ഒന്നും".

മാത്യു ആക്കനാട്ട് വര്‍ഗീസ്