ഉത്തേജക നടപടികളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വന്‍ പ്രതിസന്ധിക്കിടയിലും പിടിച്ചു നില്‍ക്കാന്‍ സഹായിച്ചതെന്ന് പ്രമോദ് തോമസ്
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് ഇപ്പോള്‍ ഏറെക്കുറെ പൂര്‍ത്തിയായി കാണും. ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഫെബ്രുവരി 26 വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടത്താന്‍ പോകുന്ന ബജറ്റ് പ്രസംഗം സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഇന്ത്യന്‍ സമ്പദ്രംഗം എങ്ങിനെയായിരിക്കണം എന്നതിന്റെ ബ്ലു പ്രിന്റായിരിക്കും. അതുകൊണ്ടു തന്നെ, ഓഹരി വിപണിയും, വ്യവസായവും, സര്‍വോപരി അടിമുടി വിലക്കയറ്റം മൂലം വലയുന്ന സാധരണക്കാരും ഒരുപോലെ ആ ബജറ്റിനു വേണ്ടി കാത്തിരിക്കുകയാണ്. ഓഹരി വിപണിയെ ഉത്തേജിപ്പിക്കുക എന്നതിനേക്കാളേറെ, ധനമന്ത്രിയുടെ ശ്രദ്ധ ധനക്കമ്മി നിയന്ത്രണത്തിലും, സാമ്പത്തിക വളര്‍ച്ചയിലും ആയിരിക്കും എന്നതിനാല്‍ തന്നെ, ബജറ്റ് വിപണിയെ സംബന്ധിച്ചിടത്തോളം ഒരു നോണ്‍ ഇവന്റ് ആകും എന്ന അഭിപ്രായമുണ്ട്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ പിന്‍സീറ്റിലേക്ക് തള്ളപ്പെടാനാണ് സാധ്യത എന്നതിനാല്‍, നിക്ഷേപകര്‍ ബജറ്റിനോട് രൂക്ഷമായി പ്രതികരിക്കാനാണ് സാധ്യത. മുന്‍വര്‍ഷങ്ങളിലെ ബജറ്റിനോടനുബധിച്ച് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വിപണിയില്‍ ദൃശ്യമായിരുന്നു.
ബജറ്റിനെ സാധാരണ ജനം ഉറ്റുനോക്കുന്നത് വിലക്കയറ്റം വീര്‍പ്പു മുട്ടിക്കുന്ന സമകാലിക സാഹചര്യത്തില്‍ നിന്നാണ്. ജനുവരിയിലെ രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് 8.56 ശതമാനമായുയര്‍ന്നു. മാര്‍ച്ചോടെ ഇതു രണ്ടക്കം തൊടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഈ മാസം അവസാനത്തോടെയേ, റിസര്‍വ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ച കരുതല്‍ ധന അനുപാതത്തിലെ വര്‍ധന പൂര്‍ണമായും പ്രാബല്യത്തില്‍ വരികയുള്ളൂ. ഏകദേശം 36,000 കോടിയോളം രൂപ പൊതു വിപണിയില്‍ നിന്നും വടിച്ചു നീക്കാന്‍ ഈ നടപടി ഉപകരിക്കുമെന്ന് കരുതുന്നു. എന്നാല്‍ വിലക്കയറ്റത്തെ, പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലയെ, നിയന്ത്രിക്കാന്‍ ഈ നടപടി കൊണ്ടാവും എന്നു പ്രതീക്ഷിക്കാന്‍ ന്യായമായി വകയില്ല. മറ്റൊരു പ്രശ്നം ധനക്കമ്മിയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ കമ്മി ആഭ്യന്തരോത്പാദനത്തിന്റെ 6.8-7 ശതമാനാമാവാനാണ് സാധ്യത. കമ്മിയിലെ വര്‍ധന ക്രെഡിറ്റ് റേറ്റിംഗില്‍ ഇന്ത്യയെ താഴ്ത്തും. അങ്ങിനെ വന്നാല്‍ വിദേശ നിക്ഷേപം കുറയാന്‍ അത് ഇട വരുത്തും.
രാജ്യത്തിന്റെ നെടുംതൂണായ സര്‍വീസ് മേഖലയെയാണ് അത് പ്രതികൂലമായി ബാധിക്കുക. റ്റൂറിസം മേഖലയില്‍ സംഭവിക്കുന്ന ഇടിവും കണ്ടില്ലെന്ന് നടിച്ചു കൂടാ. രാജ്യത്ത് പുതിയ നികുതി സമ്പ്രദായം നടപ്പാക്കുക എന്ന പ്രസ്റ്റീജ് പദ്ധതിയെ പറ്റി ബജറ്റ് എന്തു പറയുന്നു എന്ന് സാമ്പത്തിക ലോകം ഉറ്റു നോക്കുകയാണ്. കിരിത് പാരിഖ് റിപോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പെട്റോളിയം ഉത്പന്നങ്ങളുടെ സ്വതന്ത്ര വില നിര്‍ണയം മറ്റൊരു വിഷയമാണ്. ആഗോള സാമ്പത്തിക മാന്ദ്യം കരുത്തു മുഴുവന്‍ ചോര്‍ത്തി കളഞ്ഞ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളാണ് നിലനില്‍ക്കാനുള്ള ഊര്‍ജം നല്‍കിയത്. യൂറോപ്പില്‍ നിന്ന് വായ്പാ പ്രതിസന്ധിയുടെ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ ഉത്തേജക പദ്ധതികള്‍ നില നിര്‍ത്തണോ വേണ്ടയോ എന്ന എന്ന കാര്യം ബജറ്റില്‍ വ്യക്തമാക്കേണ്ടതുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനത്തോളം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രവചനം. എന്നാല്‍, വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയത് ഈ ഉത്തേജക പദ്ധതികളാണെന്ന് മറക്കരുത്. അതുകൂടെ പരിഗണിച്ചാല്‍, യഥാര്‍ത്ഥ വളര്‍ച്ച 5-6 ശതമാനമേ ഉള്ളൂ എന്നു പറയേണ്ടി വരും.
നാണ്യപെരുപ്പം വന്‍ ഭീഷണിയായുയരുന്ന സാഹചര്യത്തില്‍, ബജറ്റിനു ശേഷം റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. കൂടാതെ, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായി കൂടുതല്‍ ധനവ്യയം എന്തായാലും ഉണ്ടാകാനിടയുണ്ട്. എന്നാല്‍ വിലക്കയറ്റത്തിന്റെ മേഖലയിലാണ് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടത്. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുകയും പൂഴ്തിവപ്പും, കരിഞ്ചന്തയു ഒഴിവാക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എന്തായാലും തുടരാനാണ് സാധ്യത. വമ്പിച്ച ധനക്കമ്മി നേരിടുന്ന സര്‍ക്കാര്‍ ധന സമാഹരണത്തിനായി സാധ്യമായ എല്ല വാഴികളും തേടും. അത്തരമൊരു നീക്കം ഓഹരി വിപണിയില്‍ ഓളങ്ങളുണ്ടാക്കുമെന്നാണ് പൊതുവെ വിശ്വാസമെങ്കിലും അടുത്തിടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഹരി വില്പനയോട് വിപണി മന്ദമായാണ് പ്രതികരിച്ചതെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. പ്രണബ് മുഖര്‍ജിയുടെ പരിമിതമായ ആവനാഴിയില്‍ മാന്ത്രികാസ്ത്രങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. അതായത്, വിപണി കടുത്ത രീതിയില്‍ പ്രതികരിക്കാനാണ് സാധ്യത.
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍


