നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇംഗ്ലീഷ് സാഹിത്യത്തിന്റെ ആരംഭംകുറിച്ച ഒരു യാത്ര നടന്നിരുന്നു. തോമസ് ബെക്കറ്റ് എന്ന ആര്‍ച്ച് ബിഷപ്പിന്റെ ശവകുടീരത്തിലേക്കു നടത്തിയ തീര്‍ത്ഥാടന യാത്രാവഴിയില്‍ പറഞ്ഞ കഥകളാണ് ജെഫ്‌റി ചോസര്‍ കാന്റബറി ടെയ്‌ല്‍സില്‍ അവതരിപ്പിച്ചത്. കാലം ഒരുപാടു നീങ്ങി. ഇന്ന് ലോകത്തെ രാഷ്‌ട്രത്തലവന്മാര്‍ മറ്റൊരു തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണ്. ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗണ്‍ നഗരത്തിലേക്കാണ് ഈ 21ാം നൂറ്റാണ്ടിലെ തീര്‍ത്ഥാടനം.തീര്‍ത്ഥാടനം എന്ന വാക്ക് ശരിയാണോ? സാങ്കേതികമായി തെറ്റോ ശരിയോ ആകട്ടെ. കാന്റബറി ടെയ്‌ല്‍സിലെ തീര്‍ത്ഥാടനവും കോപ്പന്‍ഹേഗണ്‍ ഉച്ചകോടിയിലേക്കുള്ള യാത്രയും തമ്മില്‍ തീര്‍ച്ചയായും ഒരു സാമ്യം ദൃശ്യമാണ്. കഥകള്‍ തന്നയാണ് ആ സാമ്യം. 'കഥയമമ കഥയമമ കഥകളതിസാദരം' - ഒത്തിരി കഥകള്‍ പറഞ്ഞുകൊണ്ടാണ് ലോകം കോപന്‍ഗണിലേക്ക് പോകുന്നത്. ഈ കഥകളെല്ലാം തന്നെ മാനവജന്മത്തിന്റെ ഭാവിയിലേക്കുള്ള ദിശാസൂചികളാണ്.
എന്താണീ ക്ലൈമറ്റ് കോണ്‍ഫറന്‍സ്?
ഭൗമാന്തരീക്ഷത്തിലെ അസാമാന്യ മാറ്റങ്ങള്‍ ലോകജനതയ്‌ക്ക് മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനായി (കു)തന്ത്രങ്ങള്‍ മെനയാനുള്ള ഒരൊത്തുചേരലാണ് കോപന്‍ഹേഗണില്‍ ഡിസംബര്‍ 7ന് തുടങ്ങാനിരിക്കുന്ന സമ്മേളനം (കോപ് 15). അതൊരു വണ്‍ലൈനര്‍. യഥാര്‍ത്ഥ കഥ കുറച്ചു നീണ്ടതാണ്. ഒരു ചെറുകഥയാക്കി പറയാം. ഭൂമി ചൂടായിക്കൊണ്ടിരിക്കുന്നു. അഥവാ ഭൗമതാപം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം 0.7 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണ് താപനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ധന 90 ശതമാനവും മനുഷ്യന്റെ കൈയ്യിലിരിപ്പുകൊണ്ടാണെന്നാണ് ഐപിസിസി (Intergovernmental Panel on Climate Change) പറയുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ അതിപ്രസാരണം, വനനശീകരണം, ഗതാഗതം, വ്യവസായം തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് ഈ വാദം മുന്നോട്ട് വയ്ക്കുന്നത്.
ഈ അവസ്ഥ മറികടക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി വിലയിരുത്തപ്പെടുന്നു. അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും കരകേറാന്‍ ഹരിതഗൃഹ വാതകങ്ങളുടെ പ്രസാരണത്തിനുമേല്‍ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. ഇതിനുവേണ്ടി മുമ്പ് രണ്ടു തവണ ആഗോളതല സമ്മേളനങ്ങള്‍ നടത്തിയിട്ടുള്ളതുമാണ്.
1992ല്‍ ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനെയ്‌റോവില്‍ വെച്ചു നടന്ന ഭൗമ ഉച്ചകോടിയില്‍ വച്ച് രൂപപ്പെട്ട യുഎന്‍എഫ്സിസി (UN Framework Convention on Climate Change) ആണ് കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 192 കക്ഷികളാണ് യുഎന്‍എഫ്സിസിയില്‍ ചേര്‍ന്നിട്ടുള്ളത്. ഈ കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ ഇന്നത്തെയും ഇനി വരുന്നതുമായ തലമുറകള്‍ക്കു വേണ്ടി കാലാവസ്ഥാ വ്യവസ്ഥയെ സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്‌തു. വികസിത വികസ്വര രാജ്യങ്ങള്‍ക്ക് ഇതിനുള്ള പങ്ക് പ്രത്യേകം തരം തിരിക്കപ്പെട്ടു.
ഇതിനു ശേഷം 1997ലാണ് സുപ്രധാനമായ ക്യോട്ടോ പ്രോട്ടോകോള്‍ നിലവില്‍ വന്നത്. ഈ പ്രോട്ടോകോള്‍ പ്രകാരം വികസിത രാജ്യങ്ങള്‍ക്കു മുമ്പില്‍ ആദ്യമായി നിയമബന്ധിതമായ പ്രസരണ നിയന്ത്രണ ലക്ഷ്യം വന്നു. ഹരിതഗൃഹ വാതക പ്രസരണത്തില്‍ 2008നും 2012നും ഇടയ്‌ക്ക് 1990ലേതിനേക്കാള്‍ 5.2 ശതമാനം കുറവ് കൊണ്ടു വരണമെന്ന് നിര്‍ദേശിച്ചു. ഈ നിയന്ത്രണ നിര്‍ദ്ദേശം വികസിത രാജ്യങ്ങള്‍ക്കു മാത്രമായിരുന്നു ബാധകം എന്നത് ശ്രദ്ധേയമായ വസ്‌തുതയാണ്.
നിരവധി മാര്‍ഗങ്ങളാണ് ക്യോട്ടോ പ്രോട്ടോകോള്‍ മുന്നോട്ടുവച്ചത്. കാര്‍ബണ്‍ ട്രേഡിംങ്, ക്ലീന്‍ ഡിവലെപ്‌മെന്റ് മെക്കനിസം തുടങ്ങിയവ ഇതില്‍ ചിലതാണ്. 2005ഓടെ 192 രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ ഇക്കൂട്ടത്തില്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ ഉണ്ടായിരുന്നില്ല. ലോകപോലീസെന്ന് സ്വയം അവകാശപ്പെടുന്ന (വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും) അമേരിക്ക കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നത് കോപന്‍ഹേഗണ്‍ സമ്മേളനം നേരിടുന്ന വലിയൊരു വെല്ലുവിളി തന്നെയാണ്. ഏറ്റവുമധികം പ്രസാരണം നടത്തുന്ന രാജ്യമായ അമേരിക്കയുടെ ഈ നിലപാട് ലോകത്തോട് തന്നെയുള്ള ധാര്‍ഷ്‌ഠ്യമാണ്. ക്യോട്ടോ പ്രോട്ടോകോളിലെ അംഗങ്ങള്‍ 2007ല്‍ ബാലി കര്‍മ പരിപാടിക്ക് രൂപം നല്‍കുകയുണ്ടായി. ഇതിലൂടെ അമേരിക്കയെ മറ്റു വികസിത രാജ്യങ്ങളുടെ പാതയിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളും തുടങ്ങി. 2013ല്‍ ആരംഭിക്കുന്ന ക്യോട്ടോ പ്രോട്ടോക്കോളിന്റെ രണ്ടാം പാദത്തില്‍ പ്രോട്ടോകോളിന്റെ ലക്ഷ്യങ്ങള്‍ പാലിക്കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കി.
ബാലി പരിപാടിയനുസരിച്ച് കോപ്-15ല്‍ അഞ്ചു പ്രധാന മേഖലകളില്‍ ധാരണയിലെത്തേണ്ടതായി നിഷ്‌കര്‍ഷിക്കുന്നു. നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പൊതുധാരണ, അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുക, ഒഴിവാക്കാന്‍ കഴിയാത്ത മാറ്റങ്ങളോട് പൊരുത്തപ്പെടുക, കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനായി വികസ്വര രാജ്യങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ചെയ്യുക, ഇവയ്‌ക്കെല്ലാം വേണ്ടി സാമ്പത്തിക നിക്ഷേപം ഉറപ്പു വരുത്തുക എന്നിവയാണ് അഞ്ചു പ്രധാന മേഖലകള്‍. ഇതില്‍ ഓരോന്നിലും വളരെ വിശദമായ കര്‍മ പദ്ധതിയാണ് ചേര്‍ത്തിരിക്കുന്നത്.
ഇതിന്റെയെല്ലാം കൊട്ടിക്കലാശമാണ് കോപന്‍ഹേഗണില്‍ നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര സമ്മേളനം. ആഗോളതാപനത്തിന്റെ കരാളഹസ്‌തങ്ങളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുകയെന്ന വിശുദ്ധ ലക്ഷ്യവുമായാണ് ലോകരാഷ്‌ട്രത്തലവന്മാര്‍ ഡെന്‍മാര്‍ക്കിലേക്ക് യാത്രതിരിക്കുന്നത്.
ആഗോളതാപനം: വാദം/വിവാദം
ഭൗമോപരിതലത്തിലെ താപനിലയില്‍ ഉണ്ടായ വര്‍ധനയാണ് ആഗോളതാപനം. ഹിമയുഗത്തില്‍ നിന്നും മുന്നോട്ട് പോയപ്പോള്‍ സ്വാഭാവികമായ വര്‍ധന താപനിലയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്രമാതീതമായി താപനില ഉയര്‍ന്നതായി ശാസ്‌ത്ര പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ധനയ്‌ക്ക് ഹേതുവായിത്തീര്‍ന്നത് മനുഷ്യന്റെ വികസന ദുരാഗ്രഹ ജന്യമായ അശാസ്‌ത്രീയ പ്രക്രിയകളാണെന്ന് ഐപിസിസിയിലെ ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. Anthropogenic global warming എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
കാലാവസ്ഥാ മാതൃകയെ അടിസ്ഥാനമാക്കിയുള്ള ഈ കണ്ടെത്തലിനെതിരെ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കാലാവസ്ഥാ വ്യതിയാന മാതൃകകള്‍ സൃഷ്‌ടിക്കുന്നതില്‍ അഴിമതി നടന്നതായി ഇക്കൂട്ടര്‍ ആരോപിക്കുന്നു. ആഗോളതാപനം കച്ചവടകേന്ദ്രിതമായ വികസിത സമൂഹത്തിന്റെ ഭാവനാസൃഷ്‌ടി മാത്രമാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചരണത്തിന്റെ ശാസ്‌ത്രീയമായ ശരിതെറ്റുകള്‍ എന്തുമാകട്ടെ, ഭൗമോപരിതലത്തിന്റെ താപനില വര്‍ധിച്ചു വരുന്നുവെന്നത് ഒരു വസ്‌തുതയാണ്. അതു മനസ്സിലാക്കാന്‍ ശാസ്‌ത്രീയ പഠനങ്ങളുടെ പിന്തുണയോ മറുവാദങ്ങളുടെ ഖണ്‌ഡനമോ ആവശ്യമില്ല. സാമാന്യ ബോധത്തിന്റെ പ്രശ്‌നം മാത്രമാണത്. ഇതില്‍ തീര്‍ച്ചയായും ഒരു വാണിജ്യവല്‍ക്കരണം നടക്കുന്നുണ്ട്. പക്ഷേ അത്തരം പ്രവണതകളൊന്നും തന്നെ ആഗോളതാപനം ഒരു മിഥ്യയാക്കുന്നില്ല. ഈ പ്രശ്‌നത്തെ വാണിജ്യ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിക്കുന്നത് എതിര്‍ക്കപ്പെടേണ്ട കാര്യം തന്നെയാണ്. പക്ഷേ അതിന് സംശയാസ്‌പദ സമീപനമല്ല ഉചിതം. മിറച്ച് സംഘടിത പ്രതിരോധമാണ്. ഇവിടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ശരിയായ ശാസ്‌ത്രീയ അവലോകനം അനിവാര്യവുമാണ്.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ തമ്മില്‍ നടത്തിയ ഇ-മെയ്ല്‍ സന്ദേശങ്ങള്‍ ചോര്‍ന്നത് അടുത്ത കാലത്ത് പത്രത്താളുകളെയാകെ നിറച്ച ഒരു സംഭവമായിരുന്നു. ഈ സന്ദേശങ്ങളെ മുന്‍നിര്‍ത്തി ആഗോളതാപനം കേവലമൊരു ഭാവനാ സൃഷ്ടിയാണെന്ന് വിമര്‍ശകര്‍ വാദിച്ചു. ഈ വിവാദം ആഗോളതാപനത്തെപ്പറ്റി വെറുമൊരു ആശയക്കുപ്പം സൃഷ്ടിക്കല്‍ മാത്രമാണ് ചെയ്തത്. കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയല്ലാതെ ക്രിയാത്മകമായ വിശകലനം നടത്തുകയോ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തില്ല. ഈ വിവാദ പര്‍വ്വത്തെ മര്‍ഡോക്കിയന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ദി ഗാഡിയന്‍ ദിനപത്രം സൂക്ഷ്മമായി ഇതിനെ വിശകലനം ചെയ്ത് ലേഖനം പ്രസ്ദ്ധീകരിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ (കച്ചവട താത്പര്യത്തോടെയോ അല്ലാതെയോ) ആഗോള കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നു.
കോപന്‍ഹേഗണ്‍ സമസ്യകള്‍
നിരവധി കഥകളും പ്രതികഥകളും പേറിയാണ് കോപന്‍ഹേഗണ്‍ തീര്‍ത്ഥയാത്ര പുരോഗമിക്കുന്നത് എന്ന് പറഞ്ഞുവല്ലോ. ഈ കഥാവൈപരീത്യങ്ങളെ സമ്മേളിപ്പിച്ച് അനുയോജ്യമായ തീരുമാനങ്ങള്‍ ഉണ്ടാക്കുക എന്നത് അത്യന്തം ശ്രമകരമായ ദൗത്യമാണ്, ഇതിലേക്കായി പല നിര്‍ദ്ദേശങ്ങളും പല സംഘടനകളും മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും.
കോപന്‍ഹേഗണില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ചില ലോകശക്തികളാണ്. ജി-77, ആഫ്രിക്കന്‍ ഗ്രൂപ്പ്, യൂറോപ്യന്‍ യൂനിയന്‍ എന്നീ മൂന്നു സംഘങ്ങള്‍ ഇതില്‍ പ്രമുഖരാണ്. അമേരിക്കന്‍ നിലപാടും നിര്‍ണ്ണായകമായി സ്വാധീനിക്കും. കോപ്-15ന് മുന്നോടിയായി നടന്ന ന്യൂയോര്‍ക്ക്, ബാങ്കോക്ക് സമ്മേളനങ്ങളിലൊന്നും തന്നെ കോപന്‍ഹേഗണില്‍ എന്തു സംഭവിക്കും എന്ന് വ്യക്തമായി പ്രഖ്യാപിച്ചില്ല.കാലാവസ്ഥാ വ്യതിയാനം ആദ്യം ബാധിക്കുന്ന രാജ്യങ്ങളിലൊന്നായ മാലിദ്വീപിലെ മന്ത്രിസഭ കടലിനടിയില്‍ യോഗം ചേര്‍ന്നതും മാലി രാഷ്‌ട്രപതി ന്യൂയോര്‍ക്കില്‍ വികാരാധീനനായി സംസാരിച്ചതും വികസിത രാജ്യങ്ങളുടെ അലസ സമീപനത്തോടുള്ള കടുത്ത പ്രതിഷേധത്തിന്റെ സൂചകങ്ങളാണ്.
ബാഹ്യമായ പൊറാട്ടുകള്‍ കൊണ്ട് പരിഹാരം കാണാവുന്ന ഒന്നല്ല ആഗോളതാപനം. ഈ പ്രതിഭാസത്തിന്റെ ദൂരവ്യാപകമായ നിരവധി ദോഷഫലങ്ങള്‍ ശാസ്‌ത്രസമൂഹം ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ കാലാഹാരി മരൂഭൂമിയുടെ വികസനം, ശുദ്ധജല ക്ഷാമം, കൊടുങ്കാറ്റുകള്‍ പോലുള്ള പ്രകൃതി ക്ഷോഭങ്ങള്‍, ഹിമപിണ്‌ഡങ്ങളുടെ ഉരുകല്‍ തുടങ്ങി ലോകാവസാനം അടുത്തെത്തിയെന്ന് തോന്നിക്കുമാറ് ഭീകരമായ മാറ്റങ്ങള്‍ ആഗോളതാപനം മൂലം ഉണ്ടായേക്കാമെന്ന് ശാസ്‌ത്രസമൂഹം നമുക്ക് മുന്നറിയിപ്പ് തരുന്നു.
ഇങ്ങനെ അടിയന്തിര നടപടി ആവശ്യമായ ഒരു അവസ്ഥയില്‍ അച്ചടക്കത്തോടെയുള്ള സമീപനമാണ് വേണ്ടത്. എന്നാലത് ഇനിയും സാധിക്കാത്ത ഒന്നായി അവശേഷിക്കുന്നു. കോപ്പന്‍ഹേഗണു മുന്നൊരുക്കമായി നടന്ന ന്യുയോര്‍ക്ക് സമ്മേളനത്തില്‍ ആഗോളതാപന വിപത്തിനെപ്പറ്റി വാതോരാതെ വാഗ്വാദം നടത്തിയതിന്റെ ചൂടാറും മുമ്പു തന്നെ അമേരിക്ക ഷെല്‍ എന്ന എണ്ണ ഭീമനുവേണ്ടി ഉത്തര ധ്രുവ മേഖലയില്‍ ആഴക്കടല്‍ ഖനനത്തിന് അനുമതി നല്‍കിയത് വാക്കുകള്‍ വെറും വാക്കുകളായിത്തന്നെ അവശേഷിക്കുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം മനോഭാവം കോപ്പന്‍ഹേഗണിലും ആവര്‍ത്തിച്ചാല്‍ എല്ലാ ലക്ഷ്യങ്ങളും വെറും കടലാസു കുറിപ്പുകളായി ഒടുങ്ങുകയേ ഉള്ളൂ.
യാത്രയുടെ അന്ത്യം
കോപന്‍ഹേഗണ്‍ കോണ്‍ഫറന്‍സ് ഒരു 'തമാശ' തീര്‍ത്ഥാടനമാകുന്നത് ഇപ്രകാരമാണ്. ആഗോളതാപനം ആരുടേയോ പ്രശ്‌നമാണെന്നും തങ്ങള്‍ക്ക് അതില്‍ ഒന്നും തന്നെ ചെയ്യാനില്ല എന്നും ഒന്നാം ലോകം തീരുമാനിച്ചാല്‍ ഭൂമി ഒരു 'ശൂന്യ ഗൃഹ'മാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. കാന്റബറി ടെയ്‌ല്‍സിലെ തീര്‍ത്ഥാടകര്‍ യാത്രാക്ലേശം മറക്കാന്‍ പറയുന്ന കഥകള്‍ പോലെ കോപന്‍ഹേഗണ്‍ യാത്രയ്‌ക്കു മുമ്പു പറഞ്ഞ കഥകളും അവശേഷിക്കും. ഒരു പക്ഷേ ചോസറെപ്പോലെ തന്നെ പറയാന്‍ ഉദ്ദേശിച്ച എല്ലാ കഥകളും പറയാന്‍ സാധിക്കാതെ പാതിവഴിയെ ഉപേക്ഷിക്കപ്പെട്ടെന്നുമിരിക്കാം. ഇതില്‍ എന്തു തന്നെ സംഭവിച്ചാലും അതിന് നാമെല്ലാവരും ഉത്തരവാദികളായിരിക്കും, പറഞ്ഞു കലഹിക്കാന്‍ പക്ഷേ ഭൂമി അവശേഷിക്കണമെന്നില്ല. അതായിരിക്കാം ഈ യാത്രയുടെ അന്ത്യം.
ദുബായില്‍ നിന്നിറങ്ങുന്ന 'എര്‍ത്ത് വിറ്റ്നസ്' മാഗസിന്റെ അസിസ്റ്റന്റ് എഡിറ്ററാണ് കൃഷ്ണകുമാര്‍
