Showing posts with label ഹിന്ദുത്വ. Show all posts
Showing posts with label ഹിന്ദുത്വ. Show all posts

Feb 19, 2010

മല്ലികാ സാരാഭായിക്ക് പറയാനുള്ളത്

ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള അമിതാഭ് ബച്ചന്റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച മല്ലികാ സാരാഭായി ഒരു കലാകാരിയുടെ/കാരന്റെ രാഷ്ട്രീയം എന്താവണം എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണെന്ന് സുനീഷ്
ഇന്ത്യന്‍ നൃത്ത വേദിയിലെ നാലു പതിറ്റാണ്ടിന്റെ പ്രകാശ ശോഭയാണ് മല്ലികാ സാരാഭായി‍. ഭരതനാട്യത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും കുച്ചിപ്പുടിയിലും സമാനതകളില്ലാത്ത നര്‍ത്തകിയായുയര്‍ന്ന അഹമ്മദാബാദുകാരിയായ മല്ലിക ഒരു കലാകാരിയുടെ/കാരന്റെ രാഷ്ട്രീയമെന്തായിരിക്കണം എന്ന ചോദ്യത്തിനുള്ള ജീവിക്കുന്ന മറുപടി കൂടിയാണിന്ന്. തന്നെ രാഷ്ട്രീയത്തിലെത്തിച്ചത് സ്വന്തം നാട്ടില്‍ അരങ്ങേറിയ വംശഹത്യയാണെന്ന് തുറന്നു പറയാനുള്ള ധീരത കാണിച്ച മല്ലികയുടെ ജീവിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംഭവ ബഹുലമായിരുന്നു. ഈ വര്‍ഷമാദ്യം രാഷ്ട്റം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിച്ചു. ഈ ബഹുമതി പ്രഖ്യാപിക്കപ്പെട്ട് ആഴ്ചകള്‍ക്കകമാണ് 'ഇന്ത്യ അന്ന്, ഇന്ന്, എന്നും' എന്ന നൃത്ത ശില്പവുമായി മല്ലിക കോഴിക്കോട്ടെത്തിയത്. നിറഞ്ഞ വേദിയില്‍ കടല്‍ക്കാറ്റേറ്റ് മല്ലിക നൃത്തം ചെയ്തു. അത് കോഴിക്കോട്ടെ ആരാധകര്‍ക്കും കലാസ്നേഹികള്‍ക്കും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന മറ്റൊരു നൃത്ത സന്ധ്യയായി. വൈജാത്യങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് നമ്മുടെ കലകള്‍ നഷ്ടപ്പെട്ട് പോകാത്തതെന്ന് മല്ലിക പറയുന്നു. അവരാകട്ടെ അതിന്റെ ശക്തമായ സംരക്ഷകയുമാണ്.

ചെറുപ്പത്തില്‍ തന്നെ അമ്മയുടെ കീഴില്‍ നൃത്തച്ചുവടുകള്‍ പഠിച്ചു തുടങ്ങിയ മല്ലിക പതിനഞ്ചാം വയസില്‍ വിഖ്യാത നാടക സംവിധായകന്‍ പീറ്റര്‍ ബ്രൂക്കിന്റെ 'ദ മഹാഭാരത'യില്‍ ദ്രൗപതിയുടെ വേഷമണിഞ്ഞ് അരങ്ങിലുമെത്തിയിരുന്നു. ദ്രൗപതിയെ ചടുലമാക്കിയ മല്ലികയുടെ പ്രതിഭയെ അന്നേ കണ്ടറിഞ്ഞവര്‍ ഏറെ. തുടര്‍ന്ന് അഞ്ചു വര്‍ഷമാണ് ആ വേഷവുമായി അവര്‍ ലോകം ചുറ്റിയത്. ഹിന്ദി, ഇംഗ്ലിഷ്, ഗുജറാത്തി, മലയാളം തുടങ്ങിയ ഭാഷകളിലായി മുപ്പതോളം സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തി ചിത്രങ്ങളിലെ അഭിനയത്തിന് ഒന്നിലധികം തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിലും അത്ഭുതമില്ല. 2002ല്‍ ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത 'ഡാനി' എന്ന ചിത്രത്തിലൂടെയാണ് മല്ലിക മലയാളത്തിലെത്തുന്നത്. വലിയ ചരിത്രങ്ങളുമായി കൂട്ടിക്കലര്‍ത്തി സാധാരണക്കാരനായ ഡാനിയല്‍ തോംസന്റെ കഥ പറയുന്ന ചിത്രത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്.

2002ല്‍ അരങ്ങേറിയ ഗുജറാത്ത് വംശഹത്യ മനുഷ്യസ്നേഹികളായ പലരേയും പോലെ മല്ലികയേയും നടുക്കി കളഞ്ഞു. രണ്ടായിരത്തിലധികം മനുഷ്യരെ ഹിന്ദു വര്‍ഗീയവാദികള്‍ കൊന്നു തള്ളുമ്പോള്‍ ന്യൂട്ടന്റെ ചലന നിയമം ഉദ്ധരിച്ച് വംശഹത്യയെ ന്യായീകരിച്ച നരേന്ദ്ര മോഡിക്കും, ബിജെപിക്കുമെതിരെ ശബ്ദമുയര്‍ത്തുക എന്നത് മല്ലികയെ സംബന്ധിച്ച് സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. അതിന്റെ പേരില്‍ ഒത്തിരി പഴി കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട് അവര്‍ക്ക്. എന്നാല്‍ വര്‍ഗീയ വാദികളുമായി സമവായം മല്ലികക്യ്ക്ക് അംഗീകരിക്കാന്‍ പറ്റാവുന്നതിലും അപ്പുറമായിരുന്നു. അതു കൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അദ്വാനിക്കെതിരെ ഗാന്ധിഗറില്‍ നിന്ന് മത്സരിക്കാന്‍ അവര്‍ തയ്യാറായതും.

ആ രാഷ്ട്റീയ നിലപാടിന്റെ ദൃഢതയും, വര്‍ഗീയ കൊലപാതകികളോടുള്ള വെറുപ്പും, സമവായക്കാരോടുള്ള എതിര്‍പ്പും കോഴിക്കോട് ഒത്തുകൂടിയ മലയാളികള്‍ക്ക് നേരിട്ടു കാണാനായി എന്നതായിരുന്നു അവരുടെ സന്ദര്‍ശനത്തിന്റെ വലിയൊരു പ്രത്യേകത. ഒരു പക്ഷേ, നമ്മില്‍ പലരും ചെറിയൊരു നടുക്കത്തോടെ വായിച്ച വാര്‍ത്തയായിരിക്കും അമിതാഭ് ബച്ചന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നുവെന്നത്. അവസരവാദത്തിന്റെ പടവുകള്‍ ബച്ചന് അന്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഇതല്പം കടന്ന കൈയായി പോയില്ലെ എന്നു ചിന്തിച്ചവര്‍ ഏറെ. കോണ്‍ഗ്രസിനും, കോര്‍പറേറ്റുകള്‍ക്കും, സമാജ് വാദി പാര്‍ടിക്കുമൊക്കെ ഒപ്പം മാറിമാറി നിന്നിട്ടുള്ള ബച്ചന്‍ ഒടുവില്‍ സംഘപരിവാര്‍ ലബോറട്ടറിയുടെ അംബാസഡറാവുമ്പോള്‍, ജനാധിപത്യവാദികളും മനുഷ്യസ്നേഹികളും പ്രതികരിക്കേണ്ടതെങ്ങിനെ? ആ ആശങ്കയാണ് മല്ലിക മലയാളികളുമായി പങ്കു വച്ചത്.
ബച്ചന്റെ സ്വാര്‍ത്ഥതയാണ് അദ്ദേഹത്തെ മോഡി പാളയത്തിലെത്തിച്ചതെന്ന് പറയാന്‍ മല്ലിക ധൈര്യം കാട്ടി. കേരളത്തിലായതു കൊണ്ടും, കോഴിക്കോട്ടായതു കൊണ്ടും, ഈ ധൈര്യം പുറംലോകം കാര്യമായി അറിഞ്ഞില്ല. ബച്ചന്‍ ചിത്രങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കാനും അടുത്തു തന്നെ ആരംഭിക്കാനിരിക്കുന്ന ഫിലിം സിറ്റിക്ക് ഗുജറാത്തില്‍ സൗജന്യമായി ഭൂമി നേടിയെടുക്കാനും, ഭാര്യ ജയാ ബച്ചന് വീണ്ടും രാജ്യ സഭയില്‍ സീറ്റുറപ്പിക്കാനും ലക്ഷ്യമിട്ടാണ് ബച്ചന്റെ പരിപാടിയെന്ന് അവര്‍ പറയുന്നു. "മോഡി സര്‍ക്കാരിന്റെ അംബാസഡറാകാന്‍ ഒരു ഗുജറാത്തിയും ഇഷ്ടപ്പെടുന്നില്ല. ഗുജറാത്ത് എന്റെ കര്‍മഭൂമിയാണ്. അവിടം വിട്ട് പോകാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇരുപതിയഞ്ചു വര്‍ഷം ഗുജറാത്തില്‍ നിന്ന് എംപിയായിരുന്നയാളാണ് അദ്വാനി. അദ്ദേഹത്തിന് ഗുജറാത്തിനെ പറ്റി ഒന്നുമറിയില്ല."

പാവപ്പെട്ടവര്‍ക്കു വേണ്ടിയും, ഫാഷിസത്തിനെതിരെയുമാണ് താന്‍ പോരാടുന്നതെന്നു പറഞ്ഞ മല്ലിക
"ഏറെ പുരോഗതി പ്രാപിച്ച" കേരളത്തിലും സാമൂഹ്യപ്രശ്നങ്ങള്‍ നിരവധിയാണെന്ന് പറയുന്നു. "സ്ത്രീധന പ്രശ്നം കാരണം പെണ്‍കുട്ടികള്‍ പ്രയാസപ്പെടുകയാണ്. അതാണ് ഹരിയാണക്കാര്‍ ഇവിടെ നിന്ന് സ്ത്രീകളെ കല്യാണം കഴിച്ചു കൊണ്ടു പോകുന്നത്."

നൃത്തവും രാഷ്ട്രീയവും അവര്‍ക്ക് രണ്ടല്ല. തുറന്ന വേദിയില്‍ കടല്‍ കാറ്റേറ്റ് നൃത്തം ചെയ്യുക സന്തോഷമുള്ള കാര്യമാണെന്നാണ് മല്ലിക പറയുന്നത്. ഭരതനാട്യമാണ് തന്റെ പ്രിയപ്പെട്ട ഇനം എന്നവര്‍ പറഞ്ഞു. കലയ്ക്ക് തടസങ്ങളില്ലാതെ ഗ്രാമത്തിലെ മനുഷ്യരുടെ ഇടയിലേക്ക് കടന്നു ചെല്ലാം. കലയുടെ ശക്തി തിരിച്ചറിയണമെന്നേ ഇവര്‍ക്ക് പറയാനുള്ളൂ. നൂറ്റാണ്ടുകളിലൂടെ ഇന്ത്യ പിന്നിട്ട പാരമ്പര്യം പഴമ ചേര്‍ത്ത് മല്ലിക സാരാഭായി അരങ്ങിലെത്തിച്ചു. അതില്‍ ആദിവാസി നൃത്തവും തമിഴ് നാടിന്റെ ഭരതനാട്യവും, ആന്ധ്രയുടെ കുച്ചിപ്പുടിയും ഉണ്ടായിരുന്നു. ഗുജറാത്തിലെ നവരാത്രി നൃത്തങ്ങളും രാജസ്ഥാനിലെ നിറങ്ങളുടെ സമ്മേളനമായ സംഘനൃത്തവും ഇഴ ചേര്‍ന്നു. പുരാണ കഥയിലെ കൃഷ്ണനും രാധയുമായി ഗീതങ്ങള്‍ പാടി. സത്യമന്വേഷിക്കുന്ന കാലവും, ആയോധന കലകളുടെ നൃത്ത സങ്കലനങ്ങളും വേദിയിലെത്തി. കലയുടെ മാസ്മരികതയില്‍ മുങ്ങി നിവര്‍ന്ന് കാണികളുടെ ഹൃദയം ആനന്ദത്താല്‍ നിറഞ്ഞു തുളുമ്പി.

എതിര്‍ക്കാം. പക്ഷേ, ഒന്നും വ്യക്തിപരമാകരുതെന്ന് ഉറച്ച് വിശ്വസിക്കുന്ന, അനീതി എന്നു തോന്നിയാല്‍ പ്രതികരിക്കുന്ന, നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന മല്ലിക സാരാഭായി ജീവിക്കുന്നത് ഗുജറാത്തിലാണല്ലോ എന്ന ഭീതി പക്ഷേ അവശേഷിക്കുന്നു.

സുനീഷിന്റെ മറ്റു ലേഖനങ്ങള്‍

ഇവിടം സ്വര്‍ഗമാണോ?
ജീവിതം എന്ന കുറ്റവും ശിക്ഷയും

Jan 10, 2010

സംഘപരിവാര്‍ തിരിച്ചു വരുന്നു

കേരളത്തില്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ വലതുപക്ഷ രാഷ്ട്രീയം പിടി മുറുക്കുന്നുവെന്ന്  
 മനു വി ദേവദേവന്‍

കഴിഞ്ഞ ഡിസംബര്‍ 6ന് ചാലക്കുടിയില്‍ നിന്നും കായംകുളത്തേക്ക് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്ത സീറ്റില്‍ ഒരു കാരണവരുമുണ്ട്. നേരം പോക്കാന്‍ വേണ്ടി അദ്ദേഹത്തോട് കുശലം ചോദിച്ചുകൊണ്ടിരുന്നു. വണ്ടി കോട്ടയത്തെത്തിയപ്പോള്‍ രണ്ട് പായ്ക്കറ്റ് സംഭാരം വാങ്ങി. ഒന്നു കാരണവര്‍ക്കു കൊടുത്തു. "വേണ്ടായിരുന്നു" എന്നാണ് പറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ മുഖം വിടര്‍ന്നു. കാരണവര്‍ പറഞ്ഞു: "സംഭാരമാണ് നല്ലത് , നമ്മള്‍ ഹിന്ദുക്കള്‍ പണ്ടൊക്കെ ചായയൊന്നും കുടിക്കാറില്ല. സംഭാരമാണ് പതിവ്."

നിര്‍ദോഷമായ ഒരു വാചകം. അദ്ദേഹം പറഞ്ഞത് നേരാണു താനും. പക്ഷേ, എന്തോ ഒരു ചേര്‍ച്ചക്കുറവുണ്ടായിരുന്നു ആ പറഞ്ഞതില്‍, പൊന്നുരുക്കുന്നിടത്തു വന്നു നില്‍ക്കുന്ന പൂച്ചയെപ്പോലെ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ആശങ്കാജനകമായ പല സംഭവവികാസങ്ങളുടെയും അടയാളം കാരണവരുടെ അറിവുകൂടാതെ തന്നെ പതിഞ്ഞു കിടന്നിരുന്ന വാചകമാണത്. "നമ്മള്‍ ഹിന്ദുക്കള്‍" വര്‍ഗീയ പ്രലോഭനമോ മതപരമായ പ്രചോദനമോ ഇല്ലാത്ത ഒരു സംഭാഷണ ശകലത്തിലാണ് ഈ പ്രയോഗം. അതുവരെ ഞങ്ങള്‍ സംസാരിച്ചിരുന്നത് വിലക്കയറ്റത്തെ പറ്റിയും ചാലിയാര്‍ ബോട്ടപകടത്തെ പറ്റിയും  ഒക്കെയായിരുന്നു. അതിനിടയ്ക്കാണ് "നമ്മള്‍ ഹിന്ദുക്കള്‍" കടന്നു വരുന്നത്. അതു പറയുമ്പോള്‍ ഇന്നു ഡിസംബര്‍ 6 ആണെന്നും നാട്ടിലെങ്ങും ചുവരുകളില്‍ "ഹിന്ദു ശൗര്യ ദിനം" എന്ന തലക്കെട്ടോടെ സംഘ പരിവാര്‍ "വിജയ ദിവസം" ആഘോഷിക്കുന്നതിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചു വച്ചിട്ടുണ്ടോ എന്നും ഓര്‍ത്തിരിക്കാന്‍ ഇടയില്ല അദ്ദേഹം. സംഭാരവും ഹിന്ദു ശൗര്യവും തമ്മില്‍ എന്തു ബന്ധം?

"നമ്മള്‍ ഹിന്ദുക്കള്‍". ഒരുപക്ഷേ അറുപതുകളിലും എഴുപതുകളിലുമൊക്കെ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഊഹിക്കാന്‍ പോലും സാധ്യമല്ലാത്ത ഒരു പ്രയോഗമായിരുന്നു അത് . ഇന്നത് നമ്മുടെ നിത്യ സംഭാഷണത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് പെട്ടന്നുണ്ടായ ഒരു മാറ്റമല്ല. ചുരുങ്ങിയത് മൂന്നു നാലു പതിറ്റാണ്ടുകളുടെയെങ്കിലും  ചരിത്രമുണ്ട് ഇതിനു പിന്നില്‍. ബിന്‍ ലദനെ "ലാദാ, സഹോദരാ" എന്നു വിളിക്കാന്‍ മുതിര്‍ന്ന ഒവി വിജയനു പോലും ഖസാക്കിന്റെ ഇതിഹാസം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ പണിക്കന്മാരെ ഹിന്ദൂസാക്കാനും റാവുത്തന്മാരെ മുസ്ലിംസാക്കാനും പ്രേരിപ്പിച്ച മാറ്റമാണത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.  പറഞ്ഞുവരുന്നത്, നമ്മുടെ അബോധ തലങ്ങളെ പോലും കുറേശെ സ്വാധീനിച്ചു തുടങ്ങിയ മാറ്റമാണിത് എന്നാണ്.

സംഘ പരിവാറിന്റെ  കൊടിക്കീഴില്‍ രൂപം കൊണ്ട  ഈ വ്യതിയാനങ്ങള്‍ക്ക് കഴിഞ്ഞ ചില മാസങ്ങളില്‍, അതായത്  മന്‍മോഹന്‍ സിംഗ് ഭരണം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചതിനു ശേഷം, പുതിയൊരു ഊര്‍ജം കൈവന്നിട്ടുണ്ട്.  ഇതിന്റെ അലകള്‍ കേരളത്തില്‍ എമ്പാടും കണ്മാനുണ്ടു താനും. പരിവാറിന്റെ തിരിച്ചു വരവു എന്നു വേണം ഇതിനെ വിശേഷിപ്പിക്കാന്‍. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നു സംഘടനാ തലത്തിലും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിവാറിന്റെ നയത്തിലും  ഉണ്ടായിട്ടുള്ള അഴിച്ചുപണികള്‍ ചില്ലറയൊന്നുമല്ല.

തുക്കിടി ഹിന്ദുക്കള്‍
 2002-ലെ ഗോധ്രാ സംഭവത്തിനു ശേഷം ഇന്ത്യയിലെങ്ങും എന്ന പോലെ കേരളത്തിലും സംഘ പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ പുതിയൊരു ദിശയിലേക്ക് തിരിഞ്ഞിരുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക  എന്നതായിരുന്നു പരിവാറിന്റെ പുതിയ അപ്രഖ്യാപിത നയം. അതുവരെ ക്ഷേത്രങ്ങള്‍ക്ക് പരിവാറിന്റെ അജന്‍ഡയില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ക്ഷേത്രങ്ങള്‍ അവരുടെ ഫോക്കല്‍ പോയിന്റായി മാറി. അതിന്റെ ഭാഗമായിട്ട് ആദ്യം തന്നെ കേരളത്തിലെ ക്ഷേത്രങ്ങളുടെ കണക്കെടുപ്പും, ക്ഷേത്ര മാഹത്മ്യം, സ്ഥല പുരാണം എന്നിവയുടെ ശേഖരണവും നടന്നു. അങ്ങനെ ക്ഷേത്രങ്ങളെക്കുറിച്ച് റെവന്യൂ വകുപ്പിലുള്ളതിനെക്കാള്‍  ആധികാരികമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കാന്‍ പരിവാറിനു സാധിച്ചു. പിന്നീട് പല ക്ഷേത്രങ്ങളുടേയും സ്വര്‍ണപ്രശ്നവും, പുനരുദ്ധാരണവും, പുനപ്രതിഷ്ഠയും ശുദ്ധികലശവും നടന്നു. പ്രശ്നം വയ്പ്പില്‍ ഔചിത്യം കുറഞ്ഞ കണ്ടെത്തലുകള്‍ ഉണ്ടായ ചില  സാഹചര്യങ്ങളിലെങ്കിലും "പ്രശ്നക്കാരന്‍" വൈകാതെ തന്നെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കഥകള്‍ അതാതു ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ക്കു പറയാനുണ്ട്. പുനരുദ്ധാരണത്തിനും, പുനപ്രതിഷ്ഠയ്ക്കും വലിയ തോതില്‍ ചിലവായത് ഗള്‍ഫ് പണമാണെന്ന് അടുത്ത കാലത്ത് ഈ ലേഖകന്‍ നടത്തിയ ഒരു പൈലറ്റ് സര്‍വേ വെളിപ്പെടുത്തുന്നു.

2005-നു ശേഷം കേരളത്തില്‍ സംഘപരിവാറിന്റെ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് കുറേശെ മങ്ങലേറ്റു തുടങ്ങിയതായി കാണുന്നു. നാട്ടിലെങ്ങും തങ്ങളുടെ അജന്‍ഡ നടപ്പിലാക്കാന്‍ സ്ഥലങ്ങളിലെ പ്രമാണിമാര്‍ പലരും സഹര്‍ഷം മുന്നോട്ടു വന്നതാണ് ഇതിനു കരണം എന്നു പറയാം. ഗ്രാമതലത്തിലും പഞ്ചായത്ത് തലത്തിലുമൊക്കെ സ്ഥാപിത താല്പര്യങ്ങളുള്ള പല നാട്ടു പ്രമാണിമാരും 2005-നു ശേഷം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും സ്വര്‍ണപ്രശ്നം പോലെയുള്ള സംരംഭങ്ങള്‍ സ്പോണ്‍സര്‍ ചെയ്യന്‍ മുന്നോട്ടു വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ അജന്‍ഡ വിജയിച്ചു തുടങ്ങി എന്ന വിശ്വാസത്തില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി പരിവാര്‍. ഒരുതരം ഔട്ട്-സോഴ്സിങ്ങ് എന്നു വിളിക്കാം ഇതിനെ. വികസനം എന്ന മുദ്രാവാക്യം സ്വീകരിക്കുവാന്‍ തുടങ്ങിയ  പരിവാര്‍ പൊതുവേദികളിലും മറ്റും ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കാതെയായി. അതാതു സ്ഥലത്തെ (ഔട്ട്-സോഴ്സിങ്ങ് ഏറ്റെടുത്ത) തുക്കിടി ഹിന്ദുക്കള്‍ അതു ഭംഗിയായി നിറവേറ്റുന്നുണ്ട് എന്ന വിശ്വാസമായിരുന്നു ഈ  പുതിയ നയത്തിനു പിന്നില്‍.

ഈ വിശ്വാസം അസ്ഥാനത്തായിരുന്നു എന്ന് 2009-ലെ പൊതു തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അഖിലേന്ത്യാ തലത്തില്‍ ബിജെപിയുടെ വോട്ട്  2004ലേതില്‍ നിന്നും 3.5 ശതമാനം കുറഞ്ഞ് 18.8 ശതമാനത്തിലേക്കെത്തി. കേരളത്തിലാണെങ്കില്‍ ഇത് 2004ലെ 10.39 ശതമാനത്തില്‍ നിന്നും 6.43 ശതമാനത്തിലേക്ക് കൂപ്പു കുത്തി. ഇതാകട്ടെ 1999ല്‍ ലഭിച്ച 6.56 ശതമാനത്തിനും താഴെയായിരുന്നു. ഇത് നിര്‍ണായകമായ ഒരു തിരിച്ചറിവിലേക്കാണ് സംഘപരിവാറിനെ കൊണ്ടെത്തിച്ചത്. തുക്കിടി ഹിന്ദുക്കള്‍ പ്രവര്‍ത്തിക്കുന്നത് പരിവാറിനു വേണ്ടിയല്ല, അവരവരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. അതോടൊപ്പം തന്നെ മറ്റൊരു സത്യം കൂടി പരിവാര്‍ മനസിലാക്കി. ഹിന്ദുത്വ പോലുള്ള ആശയം പ്രചരിപ്പിക്കാന്‍ ബിജെപിയും, ആര്‍എസ്എസും, ബജരംഗ് ദളും ഒന്നും വേണ്ട. സംഘടിത  കൂട്ടായ്മകളുടെ ആവശ്യമില്ല  വര്‍ഗീയത പ്രചരിക്കാന്‍. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നു പോയാല്‍ വൈകാതെ തന്നെ സംഘപരിവാര്‍ പ്രസക്തി നഷ്ടപ്പെട്ട ഒരു കൂട്ടായ്മയായിത്തീരും. അതുകൊണ്ട് ഉടന്‍ തന്നെ ഗ്രാസ് റൂട്ട് തലത്തിലെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താതെ നിര്‍വാഹമില്ല. ഈ തിരിച്ചറിവാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാണുന്ന ആര്‍എസ്എസിന്റെ ആവേശം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍.

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുക
ഇന്നു കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ്. തലശേരി തിരുവങ്ങാട് ക്ഷേത്രം പോലുള്ള ചിലയിടത്ത് പ്രകോപനകരമായ രീതിയില്‍ തന്നെ സാന്നിധ്യം അറിയാനുണ്ട്. മിക്ക ഉത്സവങ്ങളിലും ആര്‍എസ്എസ് സ്വാധീനം പ്രകടമായി കാണാം. കഴിഞ്ഞ നവംബര്‍ പത്താം തിയതി  അവസാനിച്ച  പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമൊക്കെ ശക്തമായ ആര്‍എസ്എസ് മേല്‍നോട്ടത്തിലായിരുന്നു നടന്നത്. കാലദോഷം ബാധിച്ചു കിടന്നിരുന്ന ചക്കുളത്തു കാവിലമ്മയും ആറ്റുകാലമ്മയും ഒക്കെ ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പെട്ടന്ന് സെലിബ്രിറ്റികളായി മാറിയത് നമ്മുടെ കണ്‍മുന്‍പില്‍ വച്ചാണ്. ഇന്ന് അവിടങ്ങളില്‍ പൊങ്കാലയിടാന്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ എത്തിച്ചേരുന്നു. (ചക്കുളത്തുകാവിന്റെ തലപ്പത്തിരിക്കുന്ന ഭാരവാഹികളില്‍ രണ്ട് പേര്‍ എംബിഎക്കാരാണ്). കഴിഞ്ഞ പൊങ്കാല നടന്നത് ആര്‍എസ്എസിന്റെ പെനോപ്റ്റിക്കണ്‍ ചുവട്ടിലായിരുന്നു. മണ്ണാര്‍കാട്-ശ്രീക്രഷ്ണപുരം റൂട്ടിലുള്ള തീരെ അറിയപ്പെടാത്ത ഒരു കൊച്ചു ക്ഷേത്രമാണ് തിരുവളയനാട് ഭഗവതി ക്ഷേത്രം. അവിടെ കഴിഞ്ഞ ഡിസംബര്‍ ഒന്നാം തിയതി, കാര്‍ത്തികവിളക്കിന്റെയന്ന്, പരിവാര്‍ പിന്‍ബലത്തോടെ ലക്ഷം ദീപ സമര്‍പ്പണം നടന്നു. പറയാതെ നിവൃത്തിയില്ല, കണ്ണഞ്ചിപ്പിക്കുന്ന ഒരു ദ്ര്യശ്യവിസ്മയമായിരുന്നു അത്. ചെര്‍പ്പുളശേരി അയ്യപ്പന്‍ കാവിലും, കല്ലടിക്കോട്ട് കാട്ടുശേരി അയ്യപ്പക്ഷേത്രത്തിലും, തേനൂര്‍ സുബ്രമണ്യ ക്ഷേത്രത്തിലും, അതുപോലെ മാങ്കുറിശിയിലും, പത്തിരിപ്പാലയിലും, അങ്ങേക്കാവിലും, ഇങ്ങേക്കാവിലും എല്ലായിടത്തും കാര്‍ത്തിക വിളക്കു പൊടിച്ചു.
ആരോരും അറിയാത്ത കോഴഞ്ചേരി മേലുകര സുബ്രമണ്യ ക്ഷേത്രം തുടങ്ങി കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ  തിരുവണ്‍വണ്ടൂര്‍ ക്ഷേത്രം വരെ  പലയിടത്തും ഭാഗവത പാരായണവും സപ്താഹവായനയും നടന്നു. പാമ്പാടിയിലുള്ള പാമ്പ് കാവില്‍ പോലും നവംബര്‍ 15മുതല്‍ 21 വരെ  ഭാഗവത സപ്താഹ യജ്ഞം ആചരിക്കുകയുണ്ടായി. കുചേലവൃത്തവും, രുഗ്മിണി സ്വയംവരവും, കൃഷ്ണാവതാരവും അജാമിളമോക്ഷവുമൊക്കെയാണ് അവിടെ പാരായണത്തിനു തെരഞ്ഞെടുത്തത്. നാഗാരാധനയുടെ കേന്ദ്രമായ ഈ കാവില്‍ കാളിയമര്‍ദ്ദനം കൂടി അവതരിപ്പിക്കാന്‍ മടിച്ചില്ല സംഘാടകര്‍. ഹിന്ദുത്വ എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്ന വൈഷ്ണവൈസേഷന്‍ എത്രകണ്ട് വികൃതമായിത്തീരാം എന്നതിന്റെ നല്ല ഉദാഹരണമാണ് പാമ്പാടിയില്‍ അരങ്ങേറിയത്.


മാറുന്ന ചിഹ്നങ്ങള്‍
ഇന്ന് കേരളത്തിലുള്ള ശരാശരി "ഹിന്ദുക്കള്‍" പലരും കൈയ്യില്‍ രക്ഷ കെട്ടിക്കൊണ്ടു നടക്കുന്നത് ഒരു സാധാരണ ദൃശ്യമത്രെ. ചന്ദനക്കുറി തൊടുന്ന മലയാളിക്കു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. പകരം ചുവന്ന കുറി തൊടുന്നവരാണ് ഇപ്പോള്‍. ഹരിഹരന്‍ സംവിധാനം  ചെയ്ത കേരളവര്‍മ്മ പഴശ്ശിരാജാ എന്ന സിനിമയില്‍ പോലും മാക്കം എന്ന കഥാപാത്രം ചില അവസരങ്ങളില്‍ ചുവന്ന കുറി തൊട്ടുകൊണ്ട് രംഗത്തെത്തുന്നു. വിവഹിതരായ സ്ത്രീകള്‍ മുടി പകുത്തിട്ട് അവിടെ കുങ്കുമം പൂശുന്ന ഒരു ട്രൈബല്‍ ആചാരമുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ഈ ആചാരം കേരളം ഒഴികെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രചാരം നേടി. കൊളോനിയല്‍ കാലഘട്ടത്തില്‍ വടക്കെ ഇന്ത്യയിലും ചില ഇടങ്ങളില്‍ സുമംഗലികള്‍ ഈ ആചാരം സ്വന്തമാക്കി.എന്നാല്‍ കേരളത്തിലെ "ഹിന്ദു" വനിതകള്‍ അടുത്ത കാലം വരെ കുങ്കുമം കൊണ്ടുള്ള ഈ നെറ്റിപ്പട്ടം അണിയാന്‍ കൂട്ടാക്കിയിരുന്നില്ല. പക്ഷെ ഇന്നത് ദ്രൗപതിയുടെ അഴിഞ്ഞ മുടിയേക്കാള്‍ പ്രക്ഷോഭകരമായ ഒരു ചിഹ്നമായി മാറിയിട്ടുണ്ട് കേരളത്തില്‍.

അതുപോലെ മറ്റൊരു ചിഹ്നമാണ് പ്രവീണ്‍ തൊഗാഡിയ. വടക്കെ ഇന്ത്യയിലെ സംഘ പരിവാര്‍ അനുയായികളില്‍ തന്നെ പലരും അയളെ ഇതിനകം മറന്നുകാണും. പക്ഷെ കേരളത്തില്‍ അയാളുടെ സാന്നിധ്യം ഇപ്പോഴും സജീവമാണ്. അടുത്ത കാലത്തു നടന്ന രണ്ട് ജാഥകളില്‍ തൊഗാഡിയയുടെ ചിത്രം കാണാനിടയായി ഈ ലേഖകന്‍. ഒന്നു വര്‍ക്കലയില്‍, മറ്റൊന്ന് കൊടുങ്ങല്ലൂരില്‍. പട്ടാമ്പിയില്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിനടുത്ത് ഒരു മാസത്തിലേറെക്കാലം തൊഗാഡിയയുടെ ഒരു ചിത്രം കാണാനുണ്ടായിരുന്നു. ഇപ്പോഴും കാണും ചിലപ്പോള്‍.

ഇന്നു കേരളത്തില്‍ ഏറ്റവുമധികം സൈന്‍-ബോര്‍ഡുകളുള്ളത്  ക്ഷേത്രത്തിന്റെതാണ്. ഏറ്റവുമധികം വിറ്റ് പോവുന്നത് കുരുക്ഷേത്ര, വിദ്യാരംഗം, ദേവി ബുക്സ്റ്റാള്‍ എന്നീ പ്രസാധകര്‍ ഇറക്കുന്ന വ്യാഖ്യാനസഹിതമായ ഭാഗവതവും ഗീതയും, നാരായണീയവും വേദോപനിഷത്തുകളും, പിന്നെ സഹസ്രനാമം, മുകുന്ദമാല തുടങ്ങിയ സ്തോത്രങ്ങളും. ഹിന്ദു ദേവാലയങ്ങള്‍, ഹിന്ദു ആചാരങ്ങള്‍, ഹിന്ദു പൂജാവിധി എന്നൊക്കെ പേരുകളുള്ള കൃതികളും. ഗോല്‍വാക്കറെ പോലെയുള്ള "ഗുരു"ക്കന്മാരുടെ ജീവചരിത്രങ്ങളുമാണ്. ഗുരുവായൂര്‍ കൃഷ്ണ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹദേവ ക്ഷേത്രം, പെരളശേരി സുബ്രമണ്യ ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവയുടെ നടയ്ക്കല്‍ ആര്‍എസ്എസ് സ്വാധീനമുള്ള ബുക്സ്റ്റാളുകളുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് സംഘപരിവാറിന്റെ ധനസഹായം ഒഴുകിയെത്തുന്നു. മാടായിക്കാവിന്റെ പുനരുദ്ധാരണത്തിനു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് എഡിയൂരപ്പ സംഭാവന ചെയ്തത് 27 ലക്ഷം രൂപയാണ്.  2008ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അദ്ദേഹം മാടായിക്കവില്‍ തൊഴാനെത്തി. തെരഞ്ഞെടുപ്പു കഴിഞ്ഞ് മുഖ്യമന്ത്രിയായ ശേഷവും പലതവണ മാടായിക്കാവ് സന്ദര്‍ശിക്കുകയുണ്ടായി എഡിയൂരപ്പ.

ഫാഷിസത്തിന്റെ തിരിച്ചുവരവ്
ട്രെയിനില്‍ വെച്ച് കണ്ടുമുട്ടിയ കാരണവര്‍ "നമ്മള്‍ ഹിന്ദുക്കള്‍ പണ്ടൊക്കെ ചായയൊന്നും കുടിക്കാറില്ല" എന്നു പറഞ്ഞത് കഴിഞ്ഞ ഡിസംബര്‍  6നാണ്. അന്ന് കേരളത്തില്‍ വിജയദിവസം ആഘോഷിക്കപ്പെട്ടു. സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു എല്ലാ ആഘോഷങ്ങളും. കേരളത്തില്‍ എല്ലാ വര്‍ഷവും ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം ആഘോഷിക്കുക പതിവാണ്. അതാതു സ്ഥലത്തെ ആര്‍എസ്എസ് കാരും, തുക്കിടി ഹിന്ദുക്കളായ നാട്ടുപ്രമാണിമാരുമാണ് ഇതിനു നേതൃത്വം വഹിക്കാറ്. ഹിന്ദു ശൗര്യത്തെപ്പറ്റിയും ഹിന്ദുമതം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയുമൊക്കെ ജനങ്ങളെ "ബോധവാന്മാരക്കുന്ന", കൈകൊണ്ടെഴുതിയ പോസ്റ്ററുകള്‍ ഡിസംബര്‍ മാസത്തില്‍ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. പതിനെട്ട് വര്‍ഷമായി മുടങ്ങാതെ നടന്നുപോരുന്ന അനുഷ്ഠാനം. പക്ഷേ കഴിഞ്ഞ ഡിസംബര്‍ വ്യത്യസ്തമായിരുന്നു. കൂടുതല്‍ കേന്ദ്രീകൃതമായിരുന്നു ഇത്തവണ ആഘോഷങ്ങള്‍. എല്ലായിടത്തും ഒരേതരത്തിലുള്ള പോസ്റ്ററുകള്‍. കൈകൊണ്ടെഴുതിയതല്ല, അച്ചടിച്ചതു തന്നെ.അതില്‍ അമ്പെയ്തുകൊണ്ടു നില്‍ക്കുന്ന രാമന്റെ ചിത്രവും "ഹിന്ദു ശൗര്യ ദിനം" എന്ന പ്രഖ്യാപനവും. അതുപോലെ പതിനെട്ടാം നൂറ്റാണ്ടില്‍ ബംഗാളിലെ ബ്രാഹ്മണനു തോന്നിയ വികൃതിയുടെ ഫലമായി രാമായണത്തില്‍ നുഴഞ്ഞുകയറിയ "ജനനി ജന്മഭുമിശ്ച സ്വര്‍ഗാതപി ഗരീയസി"എന്ന ശ്ലോകത്തിന്റെ മലയാള വിവര്‍ത്തനം അടങ്ങിയ മറ്റൊരു പോസ്റ്ററും. ഒറ്റക്കെട്ടായിട്ടണ് ഇത്തവണ സംഘപരിവാര്‍ കേരളത്തില്‍ "വിജയ ദിവസം" ആചരിച്ചത്.

സംഘപരിവാര്‍ തിരിച്ചു വരുന്നു. അവസാനം അത്രയെ പറയാനുള്ളു. കുറേ വിട്ടുവീഴ്ച്ചകള്‍ക്കുശേഷം, കുറേ പരാജയങ്ങള്‍ക്ക് ശേഷം സംഘപരിവാര്‍ തിരിച്ചുവരുന്നു.

ലേഖകന്‍ മംഗലാപുരം സര്‍വകലാശാലയില്‍ ചരിത്ര ഗവേഷകനാണ്.

Jan 5, 2010

ഭീകരതയുടെ ആള്‍ക്കൂട്ട വിചാരണ

നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്നാണ് മദനി-സൂഫിയ മദനി കേസുകള്‍ തെളിയിക്കുന്നതെന്ന്  
എ റശീദുദ്ദീന്‍
സൂഫിയ മദനിയെ അറസ്റ്റ് ചെയ്ത നീക്കവും തുടര്‍സംഭവങ്ങളും നിയമത്തിന്റെ പതിവു നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സംസ്ഥാന ആഭ്യന്ത മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കേരളത്തില്‍ പൊതുവേയും, ദക്ഷിണകേരളത്തില്‍ വിശേഷിച്ചും മുസ്ലിം വോട്ടു ബാങ്ക് കുറേക്കൂടി ഇടതുപക്ഷോന്മുഖമാവുകയും, സവര്‍ണ ഹിന്ദു വോട്ട് ബാങ്ക് ബിജെപിയുമായുള്ള പരീക്ഷണമവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് ചായാന്‍ തുടങ്ങുകയും ചെയ്യുന്ന കാലത്താണ് ഈ അറസ്റ്റും അനുബന്ധ നാടകങ്ങളും നടക്കുന്നത്. മദനി കുടുംബത്തിലെ രണ്ടാമത്തെ ഒരംഗം കൂടി നിയമവാഴ്ചയുടെ രാവണന്‍കോട്ടയില്‍കൂടെ വര്‍ഷങ്ങള്‍ നടന്ന് സത്യസന്ധത തെളിയിക്കേണ്ട ഈ ദുരവസ്ഥ ആഭ്യന്തര മന്ത്രി കൈ മലര്‍ത്തുന്നതു പോലെ തനിയെ ഉണ്ടാവുന്നതല്ല. മറിച്ച് ബോധപൂര്‍വം, സൃഷ്ടിക്കപ്പെടുന്നതാണ്. ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ നെറികേട് മുതല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുര്‍നാടകങ്ങളും അതിലുപരി ദേശത്തിന്റെ നയങ്ങളെന്ന പേരില്‍ അടിച്ചേല്പ്പിക്കപ്പെടുന്ന പുത്തന്‍ശീലങ്ങളുമൊക്കെ ഇതിലുണ്ട്.

പഴുതുകളുള്ള നിയമവ്യവസ്ഥ 
ബസ് കത്തിക്കല്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന നിയമപീഠത്തിന്റെ കണ്ടെത്തലില്‍ നിന്നു തന്നെയാവട്ടെ ചര്‍ച്ചയുടെ തുടക്കം. പ്രഥമദൃഷ്ട്യാ പൊതുമുതല്‍ നശിപ്പിച്ച കുറ്റം. അത് കേവലമൊരു പ്രതിഷേധ സമരമാണെന്ന് ഇതേ കോടതിയില്‍ നേരത്തേ സമര്‍പ്പിക്കപ്പെട്ട സത്യവാങ് മൂലം നിലനില്‍ക്കവേ തെളിവുകളുടേയും, വിചാരണയുടേയും അടിസ്ഥാനത്തിലാണ് ഭീകരവാദ കേസായി മാറേണ്ടിയിരുന്നത്. കളമശേരി ബസ് കത്തിക്കല്‍ ഭീകരതയാണെന്ന് അഭിപ്രായപ്പെടാനാവുന്ന എന്ത് തെളിവാണ് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിയുടെ മുന്‍പാകെ ഉണ്ടായിരുന്നത്? ഈ കേസില്‍ സൂഫിയാ ഉള്‍പ്പെട്ടു എന്നു തന്നെ കരുതുക. യാത്രക്കാരെ പുറത്തിറക്കി ബസ് കത്തിക്കുന്നവര്‍ എന്തിനെയാണ് ഉന്നം വയ്ക്കുന്നതെന്ന് ആര്‍ക്കും അറിയാഞ്ഞിട്ടല്ല. പ്രതിഷേധത്തിന്റെ ലക്ഷ്യമോ മാര്‍ഗമോ അല്ല, പ്രതിഷേധിച്ചവരുടെ തരമാണ് ഇവിടെ ചര്‍ച്ചയാക്കപ്പെടുന്നത്. രാഷ്ട്ര സങ്കല്പ്പങ്ങളെ ആശയപരമായി പുഷ്ടിപ്പെടുത്താന്‍ കഴിയുമെങ്കിലേ ജഡ്ജിമാര്‍ പൊതുവായ നിരീക്ഷണങ്ങള്‍ നടത്തേണ്ട ആവശ്യമുള്ളൂ എന്നാണ് നിയമ പണ്ഡിതരുടെ മതം. ബസ് കത്തിക്കല്‍ ഭീകരതയാണെന്ന നിരീക്ഷണവും, അതിനെതിരായ പ്രതികരണം ദേശസ്നേഹമാണെന്ന പ്രചാരണവും ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ചര്‍ച്ചയ്ക്കെടുക്കേണ്ടത്. ഭീകരതയ്ക്കെതിരെ പൊതു ജനം പ്രതികരിക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം. ആ പരാമര്‍ശത്തിന്റെ നിയമപരമായ സാധുതയും വ്യാഖ്യാനവും വിശദമാക്കപ്പെടേണ്ടതുണ്ട്. ഭീകരര്‍ എന്ന് മാധ്യമങ്ങള്‍ വിളിച്ചു കൂവുന്നവരുടെ കാര്യത്തില്‍ പൊതുജനം നിയമം കയ്യിലെടുക്കണമോ?

കേരള ഹൈക്കോടതിയില്‍ ലവ്ജിഹാദിനെ കുറിച്ച് ആദ്യം വിവാദമുണ്ടാക്കിയ ജസ്റ്റിസ് തന്നെയാണ് സൂഫിയാ മദനി കേസിലും വാദം കേട്ടത്. ലവ്ജിഹാദിനെ കുറിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ മറുവശമെന്തായിരുന്നുവെന്ന് പിന്നീട് കണ്ടു. താടിവയ്ക്കല്‍ താലിബാന്‍ വത്കരണമാണെന്ന് സുപ്രീം കോടതിയിലെ വിശിഷ്ട ന്യായാധിപന്മാരിലൊരാള്‍ ഈയിടെ പറഞ്ഞത് ശ്രദ്ധിക്കുക. ഒരു വ്യക്തി തന്നിഷ്ടപ്രകാരം ശരീര ഭാഗങ്ങളില്‍ രോമം വളര്‍ത്തുന്നതിന് നിയമപരമായ എന്തെങ്കിലും വ്യാഖ്യാനം സാധ്യമായിരുന്നോ? ഗണേശപൂജക്കാലത്ത് ജലാശയങ്ങളില്‍ അരങ്ങേറുന്ന വിഗ്രഹനിമജ്ഞനത്തിനെതിരെ സാലിക് ചന്ദ് ജെയിന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച വിധി മതപരമായ അവകാശങ്ങളെ കുറിച്ച് ഒരു തരം ശുദ്ധിപത്രമാണ് എന്ന് പറയേണ്ടി വരും. വ്യക്തികള്‍ക്ക് തന്നിഷ്ടപ്രകാരമുള്ള മതം ആചരിക്കാനുള്ള അവകാശമുണ്ടെന്നാണ് ഈ കേസില്‍ വിധിയുണ്ടായത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള പൊതുസമൂഹത്തിന്റെ അവകാശം പോലും വ്യക്തികള്‍ക്ക് മതാചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള വിശാലമായ ഭരണഘടനാ താല്പര്യങ്ങള്‍ക്ക് അതീതമല്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടി കാട്ടുന്നതിന്റെ അന്തസത്ത. ഒരു മതസമൂഹത്തിന്റെ വിശ്വാസപരമായ ചിഹ്നത്തെ കുറിച്ച് ഒരേ കോടതിയിലെ രണ്ട് ജഡ്ജിമാര്‍ പറഞ്ഞ അഭിപ്രായങ്ങളായി ഇവയെ കണക്കിലെടുക്കുക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ പോലും അഭിപ്രായവ്യത്യാസത്തിന് പഴുതുകളുള്ള നിയമമാണ് നമ്മുടേത് എന്നല്ലേ വരുന്നത്?

മദനി ഭീകരനായിരുന്നോ?
വര്‍ഗീയമെന്ന് തോന്നിപ്പിക്കുന്ന വിധം മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്ന കേസുകളില്‍ കുറേക്കൂടി യുക്തിപൂര്‍വകമായി ഇടപെടുന്നില്ലെങ്കില്‍ കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. മദനിയുടെ കാര്യത്തില്‍ നേരത്തെ സംഭവിച്ച കൊടും പിഴവിന്റെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ 'വരണ്ട' വഴിയിലൂടെ പോകാതിരിക്കലായിരുന്നൂ നീതിപീഠത്തിനു നല്ലത്. സൂഫിയ ഏതു വിദേശരാജ്യത്തേക്കു പോകുമെന്നാണ് പൊലീസ് ആരോപിക്കുന്നത്. പാക്കിസ്ഥാനിലേക്കോ? ബംഗ്ലാദേശിലേക്കോ? പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കാന്‍ പറഞ്ഞാല്‍ തീരുന്ന കേസാണ് പ്രൊസിക്യൂഷന്റെ അവഗണിക്കാനാവാത്ത എതിര്‍ വാദമായി മാറുന്നത്. മദനിക്ക് ജാമ്യം നിഷേധിച്ചതിന്റെ ന്യായങ്ങളും ഈ മട്ടിലുള്ള വര്‍ത്തമാനങ്ങളായിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ മദനി ഭീകരനായിരുന്നോ? ആയിരുന്നെങ്കില്‍ പിന്നീട് വിട്ടയയ്ക്കപ്പെടുകയും, ഈ കേസില്‍ പൊലീസിനെ അടച്ചാക്ഷേപിക്കും വിധം പില്‍ക്കാലത്ത് കോടതിവിധികളുണ്ടാവുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണ്? ഭീകരന്‍ എന്ന പദപ്രയോഗവും, ഭീകരത എന്ന ആശയവും നിയമപരമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തവയായി മാറുന്നുണ്ട്.

മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ മുന്‍പിലെത്തിയ അവസരങ്ങളിലൊന്നില്‍ ബഞ്ചിലുണ്ടായിരുന്ന ഒരു ജഡ്ജി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പൊതുബോധത്തിന്റെ മുന്‍വിധി പ്രകടമായിരുന്നു. "ഒരു ഭീകരന്റെ കാര്യത്തിലാണോ നിങ്ങള്‍ സര്‍വസാധാരണമായ രോഗങ്ങളെ കുറിച്ച ഈ പരാതിയുമായി എത്തിയിരിക്കുന്നത്?," എന്നായിരുന്നു ക്രിമിനല്‍ അഭിഭാഷകനായ സുശീല്‍ കുമാറിനോട് കോടതി ചോദിച്ചത്. "ജഡ്ജിയായ എനിക്കും അഭിഭാഷകനായ താങ്കള്‍ക്കും പ്രമേഹവും, ബ്ലഡ് പ്രഷറും, കൊളസ്ട്രോളുമൊക്കെ ഉള്ളതല്ലെ," എന്ന നിരീക്ഷണം പൊതു യുക്തിയുടെ ഭാഗമായിരുന്നു. സുപ്രീം കോടതിയില്‍ മദനിയുടെ ജാമ്യാപേക്ഷ വിചാരണയ്ക്കു വരുന്ന ദിവസങ്ങളിലൊക്കെയും പ്രമുഖ ഇംഗ്ലിഷ് ദിനപ്പത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഐഎസ്ഐ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രാധാന്യം എന്തായിരുന്നുവെന്ന് കോടതി നടപടികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. "ജഡ്ജിയും പത്രം വായിക്കുന്നുണ്ട്. നിയമപരമായ അവകാശങ്ങള്‍ക്കായുള്ള സമരം കോടതി മുറികളില്‍ മാത്രം നടത്തിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും പൊതുസമൂഹത്തിലും മാധ്യമങ്ങളിലും കൂടി അവ നടക്കാത്തിടത്തോളം നീതി ലഭിക്കുക എളുപ്പമല്ലെന്നും," ഈ കേസിനെ കുറിച്ച് അന്ന് നന്ദിതാ ഹക്സര്‍ പറഞ്ഞതോര്‍ക്കുക.

തത്വവും വിവേചനവും
നിയമത്തിന്റെ നിഘണ്ടുവനുസരിച്ചും ഭരണഘടനയുടെ മൂല്യങ്ങളുടെ വെളിച്ചത്തിലും കൊടും കുറ്റവാളിയുടെ ലക്ഷണങ്ങള്‍ ഭേസുന്ന ലാല്‍ കൃഷ്ണ അഡ്വാനി സാങ്കേതികത്വങ്ങളുടെ മറ പിടിച്ച് ഒരു വിചാരണ പോലും നേരിടാതെ രക്ഷപ്പെടുന്നത് പൊതുസമൂഹം കാണുന്നുണ്ട്. അന്വേഷണ കമ്മിഷനു മുമ്പാകെ നുണയന്മാരെ ഹാജരാക്കി മറ്റൊരു മുഖ്യമന്ത്രി നരഹത്യാ കേസുകളില്‍ നിന്നും തടിയൂരിയതും ജനം നോക്കി നില്‍ക്കവെയാണ്. സാങ്കേതികമായി ഈ നടപടിക്രമങ്ങള്‍ ശരിയായിരിക്കാം. മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി പ്രജ്ഞാ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ച് ലോക്സഭയില്‍ അടിയന്തിര പ്രമേയം കൊണ്ടു വന്നതും പ്രധാന മന്ത്രി മറുപടി പറഞ്ഞതും ഇതോടു ചേര്‍ത്തു വായിക്കുക. പക്ഷേ, ഈ തത്വത്തെ കുറിച്ച് മറ്റൊരു അവസരത്തിലും നമ്മുടെ പ്രധാന മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഓര്‍മയുണ്ടായിട്ടില്ല. കേസന്വേഷണത്തിലുമുണ്ട് ഇത്തരം ചില ശരിതെറ്റുകള്‍. കേണല്‍ പുരോഹിത് പിടിയിലാവുന്നതിനു മുന്‍പുള്ള കാലത്ത് നാന്ദേഡ് സ്ഫോടന കേസിലെ പ്രതികളെ സിബിഐ അന്വേഷണം വെള്ള പൂശുകയാണ് ചെയ്തത്.
        
പക്ഷേ ഇവ തത്വമാവുന്നതും, വിവേചനമാവുന്നതും തമ്മിലുള്ള വ്യത്യാസം പൊതുജനത്തിന് വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിയണം. വര്‍ഗീയ കലാപങ്ങളേയും ഭീകരാക്രമണങ്ങളേയും നയിച്ചവര്‍ക്ക് ചില പ്രത്യേക കേസുകളില്‍ ബാധകമായ ഈ സാങ്കേതികത്വം ഗുജറാത്തിലേതെന്നോ, ദില്ലിയിലേതെന്നൊ, കേരളത്തിലേതെന്നോ വേര്‍ത്തിരിക്കാനാകില്ല. രാഷ്ട്രീയമോ, മതപരമോ ആയ ഏതെങ്കിലും സാമ്യതകളില്‍ ഈ ആനുകൂല്യങ്ങള്‍ പരിമിതമാവുന്നില്ലെന്നാണ് കോടതികള്‍ ഉറപ്പു വരുത്തേണ്ടത്.
മാധ്യമങ്ങളുടെ ദുസ്വാധീനത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അങ്ങേയറ്റം സൂക്ഷ്മത പാലിക്കേണ്ടിയിരുന്ന ജഡ്ജിമാര്‍ അവരുടെ പ്രചാരണങ്ങളെ ഏറ്റു പിടിക്കുന്നുവെന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്ന സ്ഥിതിവിശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും സൃഷ്ടിക്കപ്പെടുന്നത്. വരാണസി സ്ഫോടനങ്ങളുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഫുല്പൂരിലെ ഇമാം വലിയുള്ളയെ "ലഷ്കര്‍ ഭീകരനായ സ്ഥിതിക്ക് തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ്" വിചാരണ വേളയില്‍ നീതിപീഠം അഭിപ്രായപ്പെട്ടത്. വലിയുള്ളയുടെ ഹര്‍ജിയെ തുടര്‍ന്ന് മറ്റൊരു ബഞ്ചിലേക്കു മാറ്റി വാദം തുടര്‍ന്ന കേസ് ഒടുവില്‍ എവിടെയെത്തി? പൊലീസ് ഹാജരാക്കിയ മുഴുവന്‍ രാജ്യദ്രോഹ കേസുകളും ഒടുവില്‍ തെളിവില്ലെന്നു കണ്ട് തള്ളുകയാണുണ്ടായത്.

സൂഫിയയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലുമുണ്ട് പൊലീസിന്റെ ഭാവനാ വിലാസങ്ങള്‍. അവര്‍ കുറ്റം സമ്മതിച്ചു എന്ന വാര്‍ത്ത തന്നെ ഉദാഹരണം. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും, പൊലീസ് തന്റെ പേരില്‍ നുണ പറയുകയാണെന്നും സൂഫിയയുടെ വിശദീകരണം പുറകെ വന്നു. ഇത്തരത്തിലുള്ള പല വാര്‍ത്തകളുടേയും യാഥാര്‍ത്ഥ്യം പൊതു സമൂഹം അറിയുന്നതേയില്ല. നൂരിഷാ ത്വരീഖത്ത് എന്ന ചിന്താധാരയുടെ സമീപകാല വളര്‍ച്ച മുസ്ലിം സമൂഹത്തിലെ സംഘടനാ സമവാക്യങ്ങളുടെ സ്വാഭാവിക ഘടനയ്ക്കു തന്നെ വിരുദ്ധമാണ്. ഇതിന്റെ വേരുകളില്‍ ചിലതെങ്കിലും രാഷ്ട്രീയ സംഘടനകളുമായും ഭരണകൂട ഉപകരണങ്ങളുമായും ബന്ധപ്പെടുന്നവയാണെന്ന് സംശയിക്കേണ്ടി വരുന്നു. തീഹാര്‍ ജയിലില്‍ നിന്നും നവാബ് കമറും ഇര്‍ഷാദ് അലിയും പ്രധാന മന്ത്രിക്കയച്ച കത്തിനെ കുറിച്ച് സിബിഐ അന്വേഷണം പുറത്തു കൊണ്ടു വന്ന സത്യങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷന വകുപ്പ് എങ്ങിനെയാണ് ഒരു സമുദായത്തെ ഭീകരരായി മാറ്റിയെടുക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയുണ്ട്. മുസ്ലിം സംഘടനകളില്‍ ഏതിലൊക്കെ 'ടൂളുകള്‍' നുഴഞ്ഞു കയറി അജന്‍ഡ നിശ്ചയിച്ചുവെന്ന് ഈ കക്കകൂട്ടങ്ങളില്‍ ഒറ്റയെണ്ണം പോലും തിരിച്ചറിയുന്നില്ല.

മദനിയെ ആര്‍ക്കാണ് ഭയം?
അവനവനിലെ വര്‍ഗീയതയെ സുഖിപ്പിക്കാനാണ് നിയമം അതിന്റെ വഴിയെ പോകട്ടെയെന്ന കാപട്യത്തെ മലയാളിയും കൂട്ടു പിടിക്കുന്നത്. നിയമനടപടികള്‍ വര്‍ഗീയമായി മാറുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഒരു സൂക്ഷ്മതയും നമുക്കില്ല. രേഖകളിലോ, വാക്കുകളിലോ പുതിയ ഒന്നും ഹാജരാക്കതെയാണ് സൂഫിയ കേസ് വീണ്ടും രാഷ്ട്രീയ നേതൃത്വം പൊടിതട്ടിയെടുക്കുന്നത്. നായന്മാരും, ഈഴവരും, കൃസ്ത്യാനികളും, സാമുദായിക വോട്ടുബാങ്കുകളായിട്ടുള്ള ദക്ഷിണ കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍ഡിഎഫിന് ഇടക്കാലത്ത് ലഭിച്ച പിന്തുണ മദനിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുന്നതാണ് വിഷയത്തിന്റെ മര്‍മം. രണ്ട് മുന്നണികളേയും ഭയപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ സാന്നിധ്യമായി പിഡിപി മാറിക്കഴിഞ്ഞു. എന്‍ഡിഎഫിന്റെ വോട്ടു ബാങ്ക് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് ലഭിച്ചിരുന്നതെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനു ശേഷം മദനി സ്വന്തം നിലയിലാണ് മുന്നോട്ടു പോകുന്നത്. മദനിയെ ലക്ഷ്യം വയ്ക്കുന്നവര്‍ മറുഭാഗത്ത് എന്‍ഡിഎഫിനെ തലോടുകയാണ് ചെയ്യുന്നതും.

മുസ്ലിങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ഭീകരര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ ദിശയുടെ നേരെ എതിരെയാണ് ജയില്‍ മോചിതനായ മദനി മുന്നോട്ടു പോകുന്നത്. ജയില്‍ വാസം അദ്ദേഹത്തിനു നല്‍കിയ അനുഭവ പാഠങ്ങളാവണം ഒരുപക്ഷേ ഈ പുതിയ നിലപാടിന്റെ പ്രചോദനം. അതിനെ എന്തു കൊണ്ട് ഭരണവര്‍ഗം മുഖവിലയ്ക്കെടുക്കുന്നില്ല? അദ്ദേഹം പറയുന്ന മുഖമല്ല, പൊലീസ് ആരോപിക്കുന്ന മുഖമാണ് പിഡിപിക്ക് ഉണ്ടാക്കിയെടുക്കേണ്ടതെങ്കില്‍ അതു കൊണ്ട് രാജ്യത്തിന് എന്താണ് നേട്ടം? മറുഭാഗത്ത് എന്‍ഡിഎഫിനോടുള്ള സമീപനം പകല്‍ പോലെ പൊതു ജനം കാണുന്നുമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന ദിശയാണ് മുസ്ലിം സമുദായത്തിന് വേണ്ടതെന്നാണോ 'ആഗോള ഭീകരവിരുദ്ധ യുദ്ധ'കാലത്തെ ആഭ്യന്തര നയം? എന്‍ഡിഎഫിനോടും പിഡിപിയോടുമുള്ള ഈ ഇരട്ട സമീപനങ്ങളില്‍ മുസ്ലിം സമൂഹം നേര്‍വഴിക്കു സഞ്ചരിക്കരുതെന്ന ഒരു താത്പര്യം പ്രകടമായി തന്നെ കാണാവുന്നില്ലെ? ഒന്നുകില്‍ 'മതേതര'മായ ബാനറിലുള്ള നപുംസകങ്ങള്‍, അല്ലെങ്കില്‍ ഭീകരത പരസ്യമായി ഉദ്ഘോഷിക്കുന്നവര്‍. ഇതു രണ്ടുമല്ലാത്ത ഒരു മുസ്ലിമിനും ഇന്ത്യയില്‍ രാഷ്ടീയപ്രവര്‍ത്തനം സാധ്യമല്ലെന്നല്ലെ സ്ഥാപിക്കപ്പെടുന്നത്? 

ഒരു പൊതുതെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്ന ബിജെപി വോട്ട് ഇക്കുറി എങ്ങോട്ട് പോകുമെന്ന് അറിയാത്തതിന്റെ ആശങ്കയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഈ നാടകത്തിന്റെ കേന്ദ്രബിന്ദുക്കളിലൊന്നായി മാറുന്നുണ്ട്. കേസിന്റെ വഴി കേരളത്തില്‍ നിന്നല്ല തുടങ്ങുന്നതെന്ന് ശ്രദ്ധിക്കുക. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്രം അന്വേഷിച്ചാല്‍ മതിയെന്ന പുതിയ നിയമത്തിലെ വകുപ്പ് രമേശ് ചെന്നിത്തലയും കൂട്ടരും സമര്‍ത്ഥമായി ഉപകാരപ്പെടുത്തുകയാണെന്ന് കൂട്ടി വായിക്കാവുന്നതേയുള്ളൂ. എന്‍ഐഎ എന്ന അവതാരം ഒരര്‍ത്ഥത്തില്‍ അഡ്വാനിയുടെ പൊലീസ് നവീകരണ സംരഭങ്ങളുടെ പുതിയ മുഖമാണ്. ഈ 'നവീകരണ' പദ്ധതികള്‍ ഏറ്റവും ഉത്സാഹപൂര്‍വം ആവിഷ്കരിക്കുകയും സ്വന്തമായി ഭീകരവിരുദ്ധ നിയമം നടപ്പാക്കുകയും ചെയ്ത മഹാരാഷ്ട്രയിലായിരുന്നു അഭിനവ് ഭാരത് ജന്മം കൊണ്ടതെന്നോര്‍ക്കുക. ഏറ്റവുമധികം ഭീകരാക്രമണങ്ങളുണ്ടായ സംസ്ഥാനവും അതാണ്. മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റേയും, ആന്ധ്രയുടേയും, രാജസ്ഥാന്റേയും, മധ്യ പ്രദേശിന്റേയും, യുപിയുടേയും വഴിയില്‍ കേരളത്തെ നടത്തിക്കാന്‍ കേസന്വേഷണം കേന്ദ്രം നേരില്‍ ഏറ്റെടുക്കേണ്ടി വന്നു എന്നു മാത്രം.

കൊടിയേരിയുടെ പൊലീസും, അച്യുതാനന്ദന്റെ പ്രൊസിക്യൂട്ടറും, വാദം കേള്‍ക്കുന്ന ജഡ്ജിയും, ഭീകരതയെ കുറിച്ച് കേസുകള്‍ അന്വേഷിക്കുന്ന ഐഎന്‍എയും ഈ വിവരങ്ങള്‍ ജനത്തെ അറിയിക്കുന്ന മാധ്യമങ്ങളും ഒരു സാമൂഹ്യക്രമത്തിന്റേയും കൂടി ഭാഗമാണ്. ഇവരിലെല്ലാമുള്ള വ്യക്തികളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മുഴച്ചു നില്‍ക്കുന്നതെന്നാണ് വ്യക്തമാവുന്നത്. നിയമത്തിന് നാട്ടുവഴിയും കാട്ടുവഴിയുമുണ്ടെന്ന് അനുഭവ സാക്ഷ്യം. രഹസ്യമായി ഒതുക്കേണ്ടവരെയാണ് കാട്ടുവഴിയിലൂടെ അയയ്ക്കുന്നത്. ഇപ്പോഴത്തെ കോലാഹലങ്ങളുടെ പൊരുള്‍ ഭീകരതയും അതിനെ ചെറുക്കലുമല്ല. ഭീകരതയെ കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങളെ ആള്‍കൂട്ട വിചാരണയ്ക്ക് എറിഞ്ഞു കൊടുക്കലാണ്.

ലേഖകന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

Dec 31, 2009

അനാശാസ്യ (മാധ്യമ)പ്രവര്‍ത്തനം

മലയാളി മനസിനെ മാധ്യമങ്ങള്‍ രോഗാതുരമാക്കുന്നുവെന്ന് യാമിനി ഉണ്ണികൃഷ്ണന്‍


ഇന്ത്യയില്‍ ആദ്യവും അവസാനവുമായി ഒരു ബസ്‌ കത്തിച്ച സംഭവമുണ്ടായത്‌ കളമശേരിയിലാണോ? അതെയെന്ന്‌ തോന്നിപ്പോവും മലയാളത്തിലെ ചാനലുകള്‍ കാണുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്‌താല്‍. കേസിലെ പത്താംപ്രതി സൂഫിയ മദനിയെ വിടാതെ വേട്ടയാടുന്ന മാധ്യമങ്ങളുടെ അജന്‍ഡയെന്താണ്? നമ്മുടെ പൊതുബോധത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്‌ത്രീവിരുദ്ധതയുടെയും മുസ്ലീം വിരുദ്ധതയുടെയും ലാവാപ്രവാഹമാണ്‌ ഈ വാര്‍ത്തകളില്‍ കാണാനാവുന്നത്‌. മുഖ്യധാരാമാധ്യമങ്ങളുടെ മുന്‍വിധിയുടെയും സമ്മതിനിര്‍മിതിക്കായുള്ള (consent manufacturing) ത്വരയുടെയും ഇരയായി സൂഫിയാ മദനി ഇപ്പോള്‍ മാറിയിരിക്കുന്നു.

സൂഫിയ മദനിയെ ന്യായീകരിക്കാനോ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനോ അല്ല മുതിരുന്നത്‌. കേസന്വേഷണത്തിനും വിചാരണക്കും ഒടുവില്‍ ഏതെങ്കിലും കാലം സൂഫിയ മദനി കുറ്റക്കാരിയല്ലെന്ന്‌ 'ബഹുമാനപ്പെട്ട' ജുഡീഷ്യറി വിധിക്കുകയാണെന്നിരിക്കട്ടെ. ആ സ്‌ത്രീക്ക്‌ ഈ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത 'തീവ്രവാദിനി' പട്ടം തിരിച്ചെടുക്കാന്‍ കഴിയുമോ. അന്നന്നത്തെ അഷ്ടിക്കുള്ള വഹ തേടുമ്പോള്‍ കിട്ടുന്ന എന്തും ആഘോഷമാക്കുന്ന ചാനല്‍ ലേഖകരുടെയും ചാനല്‍ സായാഹ്‌നങ്ങളിലെ ന്യൂസ്‌ അവറിനും കൗണ്ടര്‍പോയിന്റിനും മറ്റും പ്രതിഫലമില്ലാതെ പാഞ്ഞെത്തുന്ന `ചര്‍ച്ചാംദേഹി'കളുടെയും കയ്യില്‍പുരണ്ട ചോരയുടെ മണം ഏതു സുഗന്ധദ്രവ്യം കൊണ്ടാണ്‌ മായ്‌ക്കാന്‍ കഴിയുക. കേസിന്റെ നടപടികള്‍ തുടങ്ങും മുമ്പുതന്നെ വിധി പറയാന്‍ ഇവിടുത്തെ മാധ്യമ ന്യായാധിപന്മാര്‍ക്ക്‌ ആരും ഒരവകാശവും കല്‍പ്പിച്ചു നല്‍കിയിട്ടില്ല. അവരുടെ ജീനുകളില്‍ നൂറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ ന്യൂനപക്ഷ-സ്‌ത്രീ വിരോധത്തിന്റെ ഇളകിയാടലുകളാണ്‌ ഇപ്പോള്‍ കേരളത്തിലെ സാമൂഹ്യജീവിതത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നത്‌.
എല്ലാ മുസ്ലീമും തീവ്രവാദി ആണെന്ന (എല്ലാ തമിഴനും മോഷ്ടാവുമാണെന്നും ചേര്‍ത്തുവായിക്കുക) മുന്‍വിധി മലയാളികളുടെ പൊതുബോധത്തെ ഗ്രസിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍.

രോഗാതുരമായ മലയാളി മനസ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന മദനിയെ കോടതി വെറുതെ വിടുകയും തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ അദ്ദേഹം പരസ്യമായി തള്ളിപ്പറയുകയും ചെയ്‌തിട്ടും അദ്ദേഹത്തെ വീണ്ടും തീവ്രവാദിയായി മുദ്രകുത്തുന്ന രോഗാതുരമായ മനസാണ്‌ കേരളത്തില്‍ രൂപപ്പെട്ടുവരുന്നത്‌. തന്റെ കാല്‍ തകര്‍ത്ത ആര്‍എസ്‌എസുകാരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ വേണ്ടിയുള്ള നിലപാട്‌ സ്വീകരിച്ചയാളാണ്‌ മദനിയെന്നും ഓര്‍ക്കുക. മുംബൈ കലാപങ്ങളുടെ പേരില്‍ ശ്രീകൃഷ്‌ണാ കമ്മിഷന്‍ കുറ്റപ്പെടുത്തിയ ബാല്‍ താക്കറെയും ബാബ്‌രി മസ്‌ജിദ്‌ തകര്‍ത്തതിന്‌ ലിബര്‍ഹാന്‍ കമ്മിഷന്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ അദ്വാനി, വാജ്പായി, മുര്‍ളി മനോഹര്‍ ജോഷി തുടങ്ങിയവരും ഞെളിഞ്ഞു നടക്കുന്ന രാജ്യത്തു തന്നെയാണ്‌ കോടതി കുറ്റവിമുക്തനാക്കിയ മദനി വേട്ടയാടപ്പെടുന്നത്‌. താക്കറെക്കും അദ്വാനിക്കും വാജ്പായിക്കും ജോഷിക്കും നമ്മുടെ മാധ്യമങ്ങള്‍ അനുവദിക്കുന്ന സഹിഷ്‌ണുതയുടെ ഒരു തരിമ്പെങ്കിലും മദനിക്കും അവകാശപ്പെട്ടതല്ലേ.

മദനിക്കു പിന്നാലെ സൂഫിയ മദനിയും. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കമന്ററിയുടെ പശ്‌ചാത്തലത്തില്‍ സൂഫിയയുടെ ദൃശ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ പര്‍ദയെ പെണ്‍ഫിദായീനുകളുടെ യൂണിഫോമാക്കി മാറ്റുന്ന ഒരു ബോധനിര്‍മിതിയിലേക്ക്‌ നമ്മുടെ ചാനലുകള്‍ വളര്‍ത്തിക്കഴിഞ്ഞു. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കാനും ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താനും ആയുധവുമായി പോകുന്ന ഗണവേഷധാരികളുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിക്കൊടുക്കുന്ന സ്‌ത്രീകള്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളായി ചിത്രീകരിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. മുംബൈയിലെ തീവ്രവാദ ആക്രമണത്തിനിടെ ഹേമന്ത്‌ കര്‍ക്കറെ എന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ വധിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന ഭാര്യ കവിത കര്‍ക്കറെയുടെ പരാതികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ അവഗണിച്ചത്‌ അവരുടെ അബോധത്തിലെ ന്യൂനപക്ഷ വിരുദ്ധതയും മൃദുഹിന്ദുത്വവും കൊണ്ടാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ വിവരമൊന്നും വേണ്ട.


അടിയന്‍ ലച്ചിപ്പോം
മദനിക്കും ഭാര്യക്കുമെതിരെയുള്ള മാധ്യമങ്ങളുടെ കുറ്റവിചാരണക്കും പരിഹാസങ്ങള്‍ക്കും തൊട്ടുമുമ്പായിരുന്നു ലൗജിഹാദിന്റെ പേരിലുള്ള ഇളകിയാട്ടങ്ങള്‍. സംഘപരിവാര്‍ അനുകൂലികളുടെ വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ നമുക്കു മുമ്പില്‍ വിളമ്പിയവരാണ്‌ മുഖ്യധാരാ മാധ്യമങ്ങള്‍. ലൗജിഹാദിന്റെ കഥകള്‍ മെനയുന്നതില്‍ കണ്ട ആവേശമൊന്നും പിന്നീട്‌ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ലൗജിഹാദ്‌ ഒരു മിഥ്യയാണെന്ന്‌ വെളിപ്പെടുത്തിയപ്പോള്‍ കണ്ടില്ല.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അനാശാസ്യപ്രവര്‍ത്തനം മഞ്ചേരിക്കാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ അത്‌ മറച്ചുവയ്‌ക്കാന്‍ ഏഷ്യാനെറ്റ്‌ ന്യൂസും ഇന്ത്യാവിഷനും മനോരമ വിഷനും മാതൃഭൂമിയും മലയാള മനോരമയും കാട്ടിയ ഉത്‌സാഹം സമീപകാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നായിരുന്നു. ചാനലുകളുടെ ഓമനയാണ്‌ ഉണ്ണിത്താന്‍. എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ ഉണ്ണിത്താന്‍ കോണ്‍ഗ്രസുകാര്‍ അടങ്ങുന്ന വേദിയില്‍ സൂഫിയ മദനിയെയും പിണറായി വിജയനെയും ചേര്‍ത്ത്‌ നടത്തിയ പരാമര്‍ശങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടിയവരാണ്‌ ഇന്ത്യാവിഷന്‍. ഇത്‌ സംപ്രേഷണം ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകമാണ്‌ ഉണ്ണിത്താന്‍ പിടിക്കപ്പെട്ടത്‌. എന്നാല്‍ ഡിസംബര്‍ 21ന്‌ ഉച്ചവരെ ഈ വാര്‍ത്ത മറച്ചു വയ്‌ക്കാന്‍ എന്തിനാണിവര്‍ തിടുക്കം കാട്ടിയത്‌. കുറ്റാരോപിതയായ ഒരു സ്‌ത്രീയെ വാക്കുകള്‍ കൊണ്ട്‌ പരസ്യമായി ആക്ഷേപിച്ച മനുഷ്യന്‍ തന്നെ മണിക്കൂറുകള്‍ക്കകം അനാശാസ്യപ്രവര്‍ത്തനത്തിന്‌ പിടിക്കപ്പെട്ടതില്‍ വാര്‍ത്തയില്ലെന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെ എഞ്ചുവടി പഠിക്കാത്തവര്‍ പോലും പറയില്ല. എന്നിട്ടും ഏത്‌ സദാചാരമൂല്യങ്ങളുടെ പേരിലാണ്‌ അടിയന്‍ ലച്ചിപ്പോം എന്ന മട്ടില്‍ നമ്മുടെ മാധ്യമങ്ങള്‍ ഉണ്ണിത്താനെ സംരക്ഷിച്ചത്‌.

അനുബന്ധം: ഡിസംബര്‍ 29ന്‌ വൈകുന്നേരം, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പിറ്റേന്ന്‌ കോടതിയില്‍ ഹാജരാവുമെന്ന വാര്‍ത്ത ചാനലുകള്‍ സ്‌ക്രോള്‍ബാറില്‍ നല്‍കിയത്‌ ഇങ്ങനെ: "പിണറായി നാളെ ഹൈക്കോടതിയില്‍ ഹാജരായേക്കും/ പിണറായി കൊച്ചിയില്‍ വിമാനമിറങ്ങി/ പിണറായി അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി."

ഉണ്ണിത്താന്റെ അനാശാസ്യം ചാനലുകള്‍ മുക്കിയതുമൂലം സ്‌ക്രോള്‍ ബാറില്‍ കാഴ്‌ചക്കാര്‍ക്ക്‌ നഷ്ടമായ ചില തുണ്ടുകള്‍ ഇങ്ങനെ: "ഉണ്ണിത്താന്‍ കയറിയ വീട്‌ നാട്ടുകാര്‍ വളഞ്ഞു/ ഉണ്ണിത്താന്റെ ഇടതു കവിളില്‍ പ്രഹരമേറ്റു/ഉണ്ണിത്താന്റെ മുണ്ടഴിഞ്ഞു/ഉണ്ണിത്താന്‍ നാട്ടുകാരെ അസഭ്യം പറഞ്ഞു/ഉണ്ണിത്താന്‍ പൊലീസ്‌ ജീപ്പില്‍ കയറി/ ഉണ്ണിത്താനും യുവതിക്കും ജാമ്യം."

ലേഖിക മാധ്യമ പ്രവര്‍ത്തകയാണ്.

Nov 27, 2009

ലിബര്‍ഹാന്‍: നാടകങ്ങളുടെ പരിണാമഗുപ്തി

ലിബര്‍ഹാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് രാജ്യത്ത് ഒരു ചലനവുമുണ്ടാക്കിയില്ലെന്ന് ഡി ശ്രീജിത്ത് The struggle of people against power is the struggle of memory against forgetting - Milan Kundera

"എനിക്ക് ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള വിദ്യയറിയാം; പക്ഷേ അവരുടെ നാടകത്തെ ഞാനെങ്ങനെ നേരിടും?". ബാബ്റി മസ്ജിദും മതേതര ഇന്ത്യയും ഒരേദിനം തകര്‍ക്കപ്പെട്ടപ്പോള്‍ ശാന്തനായി പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നിരുന്ന - ഒരു പക്ഷേ ഇന്ത്യകണ്ട ഏറ്റവും കുടില ബുദ്ധിക്കാരനായ - പ്രധാനമന്ത്രി 1992 ഡിസംബര്‍ ആറിന് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ബഹളത്തിനൊടുവിലെ മറുപടിയില്‍ പറഞ്ഞതിതാണ്. മനോഹരമായിരുന്നു ആ നാടകീയ മറുപടി; വായടപ്പിക്കുന്നതും. ഇടതുപക്ഷമായിരുന്നു അന്നത്തെ ബഹളത്തിന്റെ ചാലകശക്തി. സോമനാഥ് ചാറ്റര്‍ജി, ഇന്ദ്രജിത് ഗുപ്ത എന്നീ അഗ്രഗണ്യര്‍ തൊടുത്തു വിട്ട കൂരമ്പുപോലുള്ള വിമര്‍ശനത്തിനും അടല്‍ ബിഹാരി വാജ്പായി എന്ന പരാജയപ്പെട്ട കവിയുടെ വൈകാരിക ക്ഷോഭത്തിനും ശേഷമായിരുന്നു സാക്ഷാല്‍ പിവി നരസിംഹറാവുവിന്റെ പ്രകടനം. വിവിധ ഭാഷകളില്‍ സംസാരിക്കാനും എഴുതാനും അറിഞ്ഞിരുന്ന, തെക്കനമേരിക്കന്‍ സാഹിത്യം മുതല്‍ ഒവി വിജയന്റെ കൃതികള്‍ വരെ വായിച്ചിരുന്ന, നരസിംഹറാവുവടങ്ങുന്ന പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒരു കാലത്തും ബുദ്ധിക്കും നാടകീയതയ്ക്കും കുറവില്ലായിരുന്നു. രാഷ്ട്രീയ ജീവിതമുപേക്ഷിച്ച് പൂര്‍ണമായ വായനയ്ക്കായി വിശ്രമ ജീവിതം ലക്ഷ്യമാക്കി നടക്കുമ്പോഴാണ് നരസിംഹ റാവുവിന് പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് ക്ഷണം വന്നത്.

വിശ്രമത്തില്‍ നിന്ന് പിന്മടങ്ങി റാവു പ്രധാനമന്ത്രിയായ മുഹൂര്‍ത്തം, ഇന്ത്യയെ അതിന് മുന്‍പ്-പിന്‍പ് എന്ന് വിശേഷിപ്പാക്കാവുന്ന വിധം പ്രധാനമാണ്. മതേതര ഇന്ത്യയും സാമ്പത്തിക ഇന്ത്യയും റാവുവിന് മുന്‍പും പിന്‍പും രണ്ടാണ്. പതിനേഴുകൊല്ലം കഴിയുമ്പോള്‍ ഇതാ, അന്ന് റാവു നിയമിച്ച ജസ്റ്റിസ് മന്‍മോഹന്‍സിങ്ങ് ലിബര്‍ഹാന്‍ നാടകീയത ഒട്ടും ചോരാതെ റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നു. ബാബ്റി മസ്ജിദ് തകര്‍ത്തതിന് തൊട്ടുശേഷമാണ് -- 10 ദിവസത്തിന് ശേഷം -- ഇതിലേയ്ക്കു നയിച്ച സംഭവവികാസങ്ങളെ കുറിച്ചന്വേഷിക്കാന്‍ ജസ്റ്റിസ് ലിബര്‍ഹാനെ നിയമിച്ചത്. പതിനേഴുവര്‍ഷം, 48 എക്‌സ്സ്റ്റന്‍ഷനുകള്‍... ഇതിന് ശേഷമാണ് യാതൊരു അസ്വാഭാവികതയുമില്ലാതെ റിപ്പോര്‍ട്ട് കഴിഞ്ഞ ജൂണ്‍ 30ന് സര്‍ക്കാരിന് കമ്മിഷന്‍ കൈമാറിയത്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണം ലിബര്‍ഹാന്‍ പൂര്‍ത്തിയാക്കുന്നതിനിടെ, കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മുലായം സിംഗ് യാദവ് പറഞ്ഞതുപോലെ, വൃദ്ധര്‍ മരിച്ചുപോവുകയും യുവാക്കള്‍ വൃദ്ധരാവുകയും കുട്ടികള്‍ യുവാക്കളാവുകയും ചെയ്തു. ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിനിടയില്‍ സന്തോഷം സഹിക്ക വയ്യാതെ അന്നത്തെ ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയെ കെട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ ചുമലിലേറിയും സന്തോഷിച്ച ഉമാഭാരതി ബിജെപി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശ് എന്ന ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ ഭരണവും വിഭവങ്ങളും സംഘപരിവാര്‍ നേതൃത്വത്തിന് മുന്നില്‍ അടിയറവച്ച്, പള്ളി തകര്‍ത്തെറിയാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് പരിവാര കുടംബത്തെ തള്ളിപ്പറഞ്ഞ്, ബിജെപിയുടെ കൊടും ശത്രുക്കളായ സമാജ്‌വാദി പാര്‍ടിക്കൊപ്പം പോവുകയും അവിടെ നിന്നും പടിയിറക്കപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ നിന്നെത്തി ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ചൂട്ടുകത്തിച്ചിറങ്ങിയ ശങ്കര്‍സിങ്ങ് വഗേല എന്ന ഹൈന്ദവ തീവ്രവാദി അതിലും വലിയ തീവ്രവാദി രംഗത്തിറങ്ങിയതോടെ ബിജെപി വിട്ടിറങ്ങി കോണ്‍ഗ്രസ് പാളയത്തിലെത്തി കേന്ദ്ര മന്ത്രിയായി. എല്ലാ നാടകങ്ങളുടെയും നിശബ്ദസാക്ഷിയും -- കമ്മീഷന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭരണഘടനാ പരിമതികള്‍ മൂലം നിഷ്ക്രിയനായിപ്പോയ ഭരണാധികാരിയായ -- ഒരര്‍ത്ഥത്തില്‍ നിശബ്ദപങ്കാളിയുമായ നരസിംഹറാവു ജീവിതനാടകത്തില്‍ നിന്നുതന്നെ അപ്രത്യക്ഷനായി, മറ്റു പലരേയും പോലെ.

എന്താണ് പതിനേഴു വര്‍ഷം നീണ്ട കടുത്ത അന്വേഷണത്തിന് ശേഷം ലിബര്‍ഹാന്‍ കണ്ടുപിടിച്ചിട്ടുള്ളത്? ആയിരത്തി ഇരുപത്തി ഒന്‍പതു പേജുകളിലായി, 16 അധ്യായങ്ങളിലും അനുബന്ധങ്ങളിലും മനോഹരമായി ഇംഗ്ലീഷില്‍ കവിതയും തത്വചിന്തയും ഉദ്ധരിച്ച് ലിബര്‍ഹാന്‍ എഴുതി പിടിപ്പിച്ചിരിക്കുന്നതില്‍ പുതിയതായി എന്താണുള്ളത്. അക്ഷരങ്ങള്‍ക്കും വരികള്‍ക്കുമിടയിലെ വെളുപ്പില്‍ ഗൂഢാര്‍ത്ഥങ്ങളുടെ കടലുകളുണ്ടോ? അതിലേയ്ക്ക് കടക്കും മുമ്പ്, ലിബര്‍ഹാന്റെ റിപ്പോര്‍ട്ട് സഭയില്‍ എത്തുന്നതിന്റെ നാടകീയത കൂടി കാണണം.

2009 ജൂണിലാണ് ലിബര്‍ഹാന്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കോണ്‍ഗ്രസ് സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയതിന് തൊട്ടു ശേഷം. റിപ്പോര്‍ട്ടിന്റെ ഉള്ളിലെന്തായാലും ലിബര്‍ഹാന്‍ എന്നു കേള്‍ക്കുന്നത് ബിജെപി നേതൃത്വത്തിന് സുഖകരമാണ്. അവരുടെ സമൃദ്ധിയുടെ ഭൂതകാലത്തെയാണ് ലിബര്‍ഹാന്‍ ഓര്‍മിപ്പിക്കുന്നത് -- ഒത്തൊരുമയുടെ സന്തോഷകാലത്തെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തളര്‍ന്നും തകര്‍ന്നും തമ്മിലടിച്ചും നില്‍ക്കുന്ന ബിജെപിക്ക് അത്തരമൊരു സന്തോഷം നല്‍കേണ്ട എന്നു കരുതി ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പേര്‍ട്ട് ആഭ്യന്തരമന്ത്രി പി ചിദംബരം അട്ടത്തില്‍ വച്ചു -- കുശാഗ്രബുദ്ധിക്കാരനാണ് ചിദംബരം. ഇക്കാര്യത്തില്‍ ചിദംബരത്തിന്റെ വക്കീല്‍ ബുദ്ധിയേയും സോണിയാ ഗാന്ധിയുടെ പ്രായോഗിക ബുദ്ധിയേയും പിന്തുണയ്ക്കുന്നത് പ്രണബ് മുഖര്‍ജിയാണ് -- കോണ്‍ഗ്രസിന്റെ നവകാല ചാണക്യന്‍. ആറുമാസം ഹിന്ദിയിലേയ്ക്കുള്ള വിവര്‍ത്തനത്തിനും മറ്റുമായി സമയം ചോദിക്കാം എന്ന വകുപ്പുകപയോഗിച്ച് മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും നാവടക്കി. മഹാരാഷ്ട്ര, അസം, ഹരിയാണ തിരഞ്ഞെടുപ്പുകള്‍, ഉപതിരഞ്ഞെടുപ്പുകള്‍... തുടങ്ങിയ വിജയത്തിന്റെ വഴിയില്‍ സമാധാമായി മുന്നേറുമ്പോഴാണ് ശിശിരകാല സമ്മേളനവും വിലക്കയറ്റവും ഒറ്റയടിക്ക് വരുന്നത്. കരിമ്പ് കര്‍ഷകര്‍ അക്രമാസക്തരായാണ് തലസ്ഥാനത്തെത്തിയത്. പയറുവര്‍ഗങ്ങളുടെ വില കുതിച്ചുകയറുകയാണ്. ബുന്ദേല്‍ഖണ്ഡില്‍ രാഹുല്‍ ഗാന്ധി എത്ര പോയി താമസിച്ചിട്ടും ഉപതിരഞ്ഞെടുപ്പില്‍ യാതൊരു ഗുണവുമുണ്ടായിട്ടില്ല. ഫിറോസാബാദില്‍ പാട്ടും പാടി തോറ്റിട്ടും അടങ്ങി നില്‍ക്കാതെ, കല്യാണ്‍ സിംഗിനെ വഴിയിലുപേക്ഷിച്ച്, കരിമ്പ് കര്‍ഷരേയും കൂട്ടുപിടിച്ച് മുലായം സിങ്ങ് ശൗര്യത്തില്‍ തന്നെ രംഗത്തുണ്ട്.

കരിമ്പ് കര്‍ഷരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുകുത്തി നിന്നു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് ഒരുകാര്യം വ്യക്തമായി. ഔദ്യോഗികമായി ഭരണപക്ഷത്തും പ്രാവര്‍ത്തികമായി പ്രതിപക്ഷത്തുമുള്ള സമാജ്വാദി പാര്‍ടി, ബിഎസ് പി, ആര്‍ജെഡി എന്നിവരെയൊന്നും ഒരുമിച്ച് നില്‍ക്കാന്‍ സമ്മതിക്കരുത് -- പ്രത്യേകിച്ചും പാര്‍ലമെന്റ് സമ്മേളന സമയത്ത്. കാരണം വ്യക്തം. ബിജെപിയുടെ പ്രതാപം മങ്ങിയെങ്ങിലും ഘടാഘടികന്മാരാണ് ലോകസഭയില്‍ ഉള്ളത്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം `മുഝേ സ്മരണ്‍ ഹേ' എന്നു പറഞ്ഞ് ബോറടിപ്പിക്കുമെങ്കിലും പ്രസക്തിനഷ്ടപ്പെടാത്ത എല്‍കെ അദ്വാനി, രാജ്‌നാഥ്‌ സിംഗ്, മുരളി മനോഹര്‍ ജോഷി, അനന്ത് കുമാര്‍, ഗോപിനാഥ് മുണ്ടെ, യശ്വന്ത്‌ സിന്‍ഹ.. അദ്വാനിക്ക് പിന്നില്‍ വിനയ പൂര്‍വം ഒതുങ്ങി നിന്നിരുന്ന പാവം പ്രൊഫ. വിജയകുമാര്‍ മല്‍ഹോത്രയുടെ സ്ഥാനത്ത് അദ്വാനിയെ പോലും സംസാരിക്കാന്‍ വിടാത്ത, നാവില്‍ നിന്ന് തീപ്പൊരി തെറിക്കുന്ന സുഷമ സ്വരാജാണ് ഉപനേതാവ്. തൊട്ടടുത്ത് ശിവസേനയുടെ അനന്ത് ഗീഥെ, ജെഡിയുവിന്റെ ശരദ് യാദവ്. അവരൊഴിച്ചുള്ള പ്രതിപക്ഷത്താണെങ്കില്‍ ബിജെഡിയുടെ അര്‍ജുണ്‍ ചരണ്‍ സേഥി, എസ് പിയുടെ മുലായം സിംഗ്, ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവ്. സിപിഎമ്മിന്റെ ബസുദേവ് ആചാര്യയുടെ നാവിന്റെ മൂര്‍ഛയെ ഭയക്കേണ്ടങ്കിലും പ്രയോഗിക ജ്ഞാനത്തെ ഭയക്കണം. സിപിഐയുടെ ഗുരുദാസ് ദാസ് ഗുപ്തയാണെങ്കില്‍ ജയ്പാല്‍ റെഡ്ഢിയെ വെല്ലുന്ന ഇംഗ്ലീഷുകാരനാണ്. സംസാരത്തില്‍ വിട്ടുവീഴ്ചയുടെ പ്രശ്‌നമില്ല. സുരക്ഷിതമായ അവസ്ഥയാണെങ്കിലും ഇവര്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ഭയക്കണം. ഭയന്നേ തീരൂ. പ്രത്യേകിച്ചും രാഷ്ട്രീയമെന്ന കളരിയില്‍ പഠിച്ചിറങ്ങിയവര്‍ ഇന്ന് കോണ്‍ഗ്രസുകാരില്‍ വളരെ കുറവായതു കൊണ്ട്. ദാ, അപ്പോള്‍ നാടകീയത കോണ്‍ഗ്രസിനെ ഭദ്രമായി രക്ഷിക്കുന്നു.

വിലക്കയറ്റം തലയ്ക്കുമുകളില്‍ നില്‍ക്കുമ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതേ പടി പത്രത്തില്‍ വരുന്നു. എന്തൊരു എക്‌സ്ക്ലൂസീവ്, എന്തൊരു എക്സ്‌പ്ലോസീവ്. ജസ്റ്റിസ് ലിബര്‍ഹാന്റെ കൈയ്യിലും തന്റെ കയ്യിലും മാത്രമേ റിപ്പോര്‍ട്ട് ഉള്ളൂ എന്നാണ് ചിദംബരം സഭയില്‍ പറഞ്ഞത്. അപ്പോള്‍ ഇതുവരെ വിവര്‍ത്തനത്തിന് കൊടുത്തില്ലേ എന്ന് പ്രതിപക്ഷം ചോദിച്ചല്ല. പകരം ഇന്നലെ വരെ തോളോടു തോള്‍ നിന്നവര്‍ തമ്മിലടിക്കാന്‍ തുടങ്ങി. കരിമ്പ് കര്‍ഷകര്‍ക്ക് സംയുക്തമായി തെരുവിലിറങ്ങിയ അമര്‍സിങ്ങും ബിജെപി നേതാവ് എസ്എസ് അലുവാലിയയും രാജ്യസഭയില്‍ ശാരീരികമായി ഏറ്റുമുട്ടി. അതിനിടയില്‍ ഹിന്ദി വിവര്‍ത്തനം ഇല്ലാതെതന്നെ ചിദംബരം റിപ്പോര്‍ട്ട് സഭയില്‍ വച്ചു.കുടംതുറന്നുവിടുന്ന ഭൂതം കുഴപ്പങ്ങള്‍ പലതുമുണ്ടാക്കുമെന്ന് വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം സ്തംഭിച്ച സഭ പിന്നീടുള്ള ദിവസങ്ങളില്‍ ഭദ്രമായി പ്രവര്‍ത്തിക്കുന്നു. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ യാതൊരു പ്രശ്‌നങ്ങളുമില്ല. പതിനേഴുവര്‍ഷം മുമ്പ് കത്തിപ്പടര്‍ന്ന, ഇപ്പോഴും പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന, തീയുടെ സ്രോതസു തേടിയുള്ള അന്വേഷണമായിരുന്നു ഇത്. എന്നിട്ടെന്താണ് രാജ്യത്ത് ഇതുമൂലം ഒരുചലനവും ഇല്ലാത്തത്?

അതാണ് ലിബര്‍ഹാന്റെ നാടകീയത. എല്ലാവര്‍ക്കും പ്രയോജനമുള്ള കാര്യങ്ങളാണ് ലിബര്‍ഹാന്‍ പറഞ്ഞത്. എന്നാല്‍ ഒരു ശുപാര്‍ശയുമില്ല. ലിബര്‍ഹാന്റെ കണ്ടുപിടുത്തങ്ങളില്‍ ഒന്ന് -- ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതൃത്വമാണ് അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള എല്ലാം ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയേക്കാളും ആസൂത്രിതവും മുന്‍കൂര്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു ഒരോ പദ്ധതികളും. ഇവര്‍ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം കൊണ്ടുനടക്കുന്നവരാണ് -- ആരു നിഷേധിക്കുന്നു ഇതിനെയെല്ലാം. ഇതെല്ലാമാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സംഘപരിവാര്‍ നേതൃത്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അത് സര്‍ക്കാരും ലിബര്‍ഹാനും പറഞ്ഞാല്‍ ആര്‍ക്കു ചേതം? ആലോചിച്ചാല്‍ സംഘപരിവാരങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കാനുള്ള വകയുമായി. പിന്നെ എല്‍കെ അദ്വാനി, എബി വാജ്‌പായി, എംഎം ജോഷി എന്നിവര്‍ കപടമിതവാദികള്‍ ആണെന്നാണ് ലിബര്‍ഹാന്റെ കണ്ടുപിടുത്തം. യഥാര്‍ത്ഥത്തില്‍ ഇവരെങ്ങാനും 'മിതവാദി'കളായി പോയോ എന്ന ബിജെപി അണികള്‍ സംശയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അണികളുടെ സംശയം മാറ്റിയതിനും ഹൈന്ദവതീവ്രവാദികള്‍ തന്നെയാണ് തങ്ങളെന്ന് മാധ്യമങ്ങള്‍ വഴി വീണ്ടും ഒരു (കു)പ്രസിദ്ധി ലഭിച്ചതിലും അവര്‍രെല്ലാം ലിബര്‍ഹാനോട് കടപ്പെട്ടിരിക്കും. ബിജെപി വിട്ടുപോയ കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവര്‍ക്കും മുരളീധരന്‍ ശൈലിയില്‍ അപേക്ഷനല്‍കി തിരിച്ചുകയറാവുന്ന സാഹചര്യവും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ഇവരെല്ലാം പാര്‍ടിക്കു വേണ്ടി ചെയ്തിട്ടുള്ള ത്യാഗങ്ങള്‍ കമ്മിഷന്‍ എണ്ണമിട്ടല്ലേ നിരത്തുന്നത്.

രാജ്യത്ത് ഏറെനാള്‍ നീണ്ടുനിന്ന അസമാധാനത്തിനും വര്‍ഗീയ വിദ്വേഷത്തിനും -- കമ്മീഷന്റെ ഭാഷയില്‍ തന്നെ -- വഴിതെളിച്ച ക്രമസമാധാന പ്രശ്‌നത്തിനുത്തരവാദികള്‍ക്കെതിരെ ഒരു നടപടിക്കും ശുപാര്‍ശയില്ലേ? ക്ഷമിക്കണം; ഇല്ല. കോണ്‍ഗ്രസിന്, താത്കാലിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടതിനപ്പുറം എന്താണ്? ജനങ്ങളുടെ എളുപ്പത്തില്‍ നശിക്കുന്ന ഓര്‍മയെ ആശ്രയിക്കുക തന്നെ വഴി. രാജ്യത്തെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് അധികാരം കൊടുത്തിരുന്നത് പ്രധാനമായും ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ മുസ്ലീങ്ങളും പിന്നോക്കക്കാരുമാണ്. അവര്‍ പതുക്കെ തിരിച്ചെത്തുന്നുണ്ട്. നരസിംഹറാവു ഈ കുഴപ്പങ്ങള്‍ക്കൊന്നും ഉത്തരവാദിയല്ലെന്ന കമ്മിഷന്റെ കണ്ടെത്തല്‍ അവര്‍ വിശ്വസിക്കുമോ പതിനേഴുവര്‍ഷം മുമ്പുള്ള ചതി ഓര്‍മിച്ചെടുക്കുമോ? കാത്തിരുന്ന് കാണണം.

Nov 23, 2009

Sajithspeak സജിത്-സ്പീക്

ദില്ലി ഫൈനാന്‍ഷ്യൈല്‍ ക്രോണിക്കിളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് സജിത് കുമാര്‍

Nov 20, 2009

ആയാ കല്യാണ്‍ ഗയാ കല്യാണ്‍

വീണ്ടും ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന കല്യാണ്‍ സിംഗിന്റെ മലക്കം മറിച്ചിലുകളെ കുറിച്ച് എംജെഎസ്കൂറുമാറ്റത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുകാലത്തും കുറവുണ്ടായിട്ടില്ല. 1960കളുടെ ഒടുക്കം മുതല്‍ കൂറുമാറ്റക്കാര്‍ക്ക് ഒരോമന പേരുമുണ്ട് -- ആയാറാം ഗയാറാം. ഹരിയാനയിലെ നിയമസഭാ സാമാജികനായ ഗയാ ലാല്‍ 1967ല്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ മൂന്നു തവണ പാര്‍ടി മാറിയതിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു പ്രയോഗം തന്നെയുണ്ടാവുന്നത്. എന്നാല്‍ സംഘപരിവാറിന്റെ പഴയ അയോധ്യാ ഹീറോ കല്യാണ്‍ജി സിംഗ്ജി (ചുരുക്കത്തില്‍ കല്യാണ്‍ സിംഗ്) ഗയാ ലാലിന്റെ ഈ അപൂര്‍വ സ്ഥാനത്തില്‍ നോട്ടമിട്ടിട്ടുണ്ടെന്ന് തോന്നുന്നു. ആയാറാം ഗയാറാം കളിയില്‍ ഇന്ന് മറ്റാരേക്കാളും മുന്‍പിലാണ് കല്യാണ്‍ജി. തെരഞ്ഞെടുപ്പുകാലമായാല്‍ കല്യാണ്‍ജിക്ക് പാര്‍ടി മാറണം. കുറേ മാറി മാറി ഒടുവില്‍ കഴിഞ്ഞ ജനുവരിയില്‍ ഒരു കാലത്തെ ബദ്ധ ശത്രുവായിരുന്ന മുലായംസിംഗ് യാദവിന്റെ സമാജ് വാദി ക്യാമ്പിലുമെത്തി. തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും കഴിഞ്ഞു. പഴയ കല്യാണ്‍ പരിപ്പ് ഇനിയും വേവില്ലെന്ന തിരിച്ചറിവില്‍ മുലായം തിരിഞ്ഞൊരു സലാമും കൊടുത്തു. കല്യാണ്‍ജിയും അരുമസുതന്‍ രാജ്വീര്‍ സിംഗും പെരുവഴിയില്‍. അങ്ങിനെയിരിക്കുമ്പോഴാണ്, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് കല്യാണ്‍ജിക്ക് വെളിപാടുണ്ടാകുന്നത്.

ഹിന്ദുത്വയും കല്യാണ്‍ജിയും തമ്മിലുള്ള ബന്ധം ആന്റണിയും അധികാരവും പോലെയാണ്. ആട്ടിയോടിച്ചാലും ഒന്ന് മറ്റൊന്നിനെ വിട്ടു പോവില്ല. 1991 ഇന്ത്യയിലെ ഹിന്ദു തീവ്രവാദത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണ വര്‍ഷമായിരുന്നു. ആര്‍എസ്എസിന്റെ ബാബ്റി മസ്ജിദ് വിരുദ്ധ രാഷ്ട്രീയം ആളി പടരുന്ന കാലം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 120 സീറ്റു നേടി ഇന്ത്യയില്‍ വര്‍ഗീയ രാഷ്ട്രീയത്തിനു കിട്ടിക്കൊണ്ടിരുന്ന മേല്‍ക്കോയ്മ അടിവരയിട്ടുറപ്പിച്ച വര്‍ഷം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്ന സമയം. യുപിയടക്കം അന്ന് നാലു സംസ്ഥാനങ്ങളിലായിരുന്നു (ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ ,മധ്യ പ്രദേശ്) അന്ന് ബിജെപി ഭരണം. യുപിയിലെ ബിജെപിയുടെ ജയം ബാബ്റിമസ്ജിദ് വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി. ആരു മുഖ്യമന്ത്രിയാവണമെന്ന കാര്യത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ തെല്ലുമുണ്ടായിരുന്നില്ല സംശയം. അമ്പത്തൊമ്പതുകാരനായിരുന്ന വീരഹിന്ദു സിങ്കം കല്യാണ്‍ സിംഗ് തന്നെ തലൈവര്‍.

ബാബ്റി പൊളിക്കലില്‍ കല്യാണ്‍ജി വഹിച്ച പങ്കിനെ കുറിച്ച് അധികമാര്‍ക്കും സംശയമുണ്ടാവില്ല. മുഖ്യമന്ത്രിയായതിനു ശേഷം നേരെ വിവാദഭൂമിയിലേക്കു പോയി രാമക്ഷേത്രം അവിടെ തന്നെയേ പണിയൂ എന്നു ഉഗ്രശപഥമെടുത്തതിനു ശേഷമാണ് അദ്ദേഹം ഭരണം തുടങ്ങിയതു തന്നെ. അത്രയ്ക്കുണ്ടായിരുന്നു അന്ന് ആര്‍എസ്എസ് ഭക്തി. 1992ല്‍ മസ്ജിദിനു തൊട്ടടുത്തായി പരിവാര്‍കൂട്ടം രാമക്ഷേത്രത്തിനുള്ള അടിത്തറ കെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. വിവാദഭൂമിയില്‍ സ്റ്റാറ്റസ്കോ നില നിര്‍ത്തണമെന്ന കോടതി വിധിയുടെ ലംഘനമാണ് അവിടെ നടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷക സംഘം അന്ന് കണ്ടെത്തിയെങ്കിലും കല്യാണ്‍ജിക്കുണ്ടോ കുലുക്കം. അതേ വര്‍ഷം അയോധ്യാ പ്രശ്നം ചര്‍ച്ച ചെയ്യാനായി പ്രധാന മന്ത്രി നരസിംഹ റാവു അദ്ദേഹത്തെ ദില്ലിയിലേക്കു വിളിപ്പിച്ചിരുന്നു. പ്രശ്നം തീര്‍ക്കാന്‍ കോടതി വിധി വരുന്ന വരെ കാത്തിരിക്കണം എന്നാവശ്യപെട്ട പ്രധാന മന്ത്രിയോട് കല്യാണ്‍ജി പറഞ്ഞത്, 'വിവാദ മന്ദിരം' ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്താലേ കുഴപ്പങ്ങള്‍ അവസാനിക്കൂ എന്നാണ്.

ഇങ്ങിനെയൊരു മുഖ്യമന്ത്രി കയ്യിലുണ്ടെങ്കില്‍ പിന്നെ പൊളിക്കലുകാര്‍ക്ക് എന്തെങ്കിലും പേടിക്കാനുണ്ടോ? 1992 ഡിസംബര്‍ 6 ക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള ദിവസമാണെന്ന് വിശ്വ ഹിന്ദു പരിഷദിന്റെ പ്രഖ്യാപനമുണ്ടായി. ക്രമസമാധാന നില അപകടത്തിലാകുമെന്നറിഞ്ഞിട്ടും വിഎച്പിയെ തടയുന്നതിനായി എന്തെങ്കിലും ചെയ്യുന്നതിനു പകരം രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന കര്‍സേവകര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും സര്‍ക്കാര്‍ ചെലവില്‍ ഒരുക്കാനാണ് കല്യാണ്‍ജി തുനിഞ്ഞത്. നവംബര്‍ അവസാനമായപ്പോഴേക്കും ഒരു ലക്ഷത്തോളം കര്‍സേവകര്‍ അയോധ്യയിലെത്തി കഴിഞ്ഞിരുന്നു. ശേഷം എല്ലാവര്‍ക്കുമറിയാവുന്ന ചരിത്രമാണ്. ഡിസംബര്‍ 6ന് ഹിന്ദു തീവ്രവാദികള്‍ ബാബ്റി മസ്ജിദ് പൊളിച്ചടക്കി. പള്ളി പൊളിച്ചതിനെ തുടര്‍ന്ന് യുപി സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടെങ്കിലും രക്തസാക്ഷി പരിവേഷം കൂടി ലഭിച്ച കല്യാണ്‍ജി സംഘപരിവാറിന്റെ യുപിയിലെ അനിഷേധ്യ നേതാവായി മാറി. 1997ല്‍ ബിഎസ് പിയുടെ പിന്തുണയോടെ വീണ്ടും യുപി മുഖ്യമന്ത്രിയുമായി. പള്ളി പൊളിച്ച സംഘഭക്തരുടെ പേരിലുള്ള പല കേസുകളും യുപി സര്‍ക്കാര്‍ പിന്‍വലിച്ചത് ഈ സമയത്താണ്. എന്നാല്‍ ഈ വിശുദ്ധ പരിവാര്‍ ബന്ധം അധികകാലം നീണ്ടില്ല. 1999ല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ബിജെപി കല്യാണ്‍ സിംഗിനെ പുറത്താക്കി. കുസും റായ് എന്ന പാര്‍ടി പ്രവര്‍ത്തകയുമായുള്ള വിവാദ ബന്ധമായിരുന്നു കല്യാണിനെതിരെയുള്ള പടയൊരുക്കം പാര്‍ടിക്കുള്ളില്‍ ശക്തമാവാനുള്ള ഒരു കാരണം. ബിജെപിയില്‍ നിന്ന് പുറത്താക്കിയെന്നു കരുതി രാഷ്ട്രീയ വനവാസം സ്വീകരിക്കാനൊന്നും തയാറായിരുന്നില്ല വീര ഹിന്ദു പുരുഷന്‍. കല്യാണ്‍ജിയും കുസും റായും ചേര്‍ന്ന് രാഷ്ട്രീയ ക്രാന്തി പാര്‍ടി(ദേശീയ വിപ്ലവ പാര്‍ടി!)യുണ്ടാക്കി ഇന്ത്യാ മഹാരാജ്യത്ത് 'സാമൂഹ്യ വിപ്ലവം' കൊണ്ടു വരുമെന്ന് ഉഗ്രശപഥമെടുത്തു. 2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുലായം സിംഗിന്റെ സമാജ് വാദി പാര്‍ടിയുമായി സഖ്യവുമുണ്ടാക്കി. പിന്നീട് മുലായം അധികാരത്തില്‍ വന്നപ്പോള്‍, കുസും റായും കല്യാണ്‍ സുതന്‍ രാജ്വീര്‍ സിംഗും മന്ത്രിമാരുമായി.

പക്ഷേ, സാമൂഹ്യ വിപ്ലവം മതിയാക്കാന്‍ രണ്ടു വര്‍ഷം കൂടിയേ വേണ്ടി വന്നുള്ളൂ. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നായി കല്യാണ്‍ ബിജെപിയിലേക്കു തന്നെ മടങ്ങിയെത്തി. കുസും റായും രാജ്വീറും അനുസരണയോടെ ആ പാദങ്ങള്‍ പിന്തുടര്‍ന്നു. 'വിപ്ലവ പാര്‍ടി'യുണ്ടാക്കാനുള്ള തീരുമാനം 'ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു'വെന്നാണ് കല്യാണ്‍ജി അന്നു മനസു തുറന്നത്. യുപിയില്‍ നഷ്ടപ്പെട്ട സ്വാധീനം കല്യാണിലൂടെ തിരിച്ചു പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടല്‍. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സമാജ് വാദി പാര്‍ടി നേട്ടം കൊയ്തപ്പോള്‍ ബിജെപി നേടിയത് വെറും 10 സീറ്റുകള്‍. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും കല്യാണ്‍ സിംഗിനെ കൊണ്ട് ഗുണമുണ്ടാകുമെന്ന് ബിജെപി ധരിച്ചെങ്കില്‍ ദോഷം പറയാനൊക്കില്ല. അത്രയ്ക്കും പരിതാപകരമായിരുന്നു ജാതി പര്‍ടിയുടെ അന്നത്തെ അവസ്ഥ. തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്ലാസിക്കല്‍ കല്യാണ്‍ തന്ത്രങ്ങളെല്ലാം യുപി ബിജെപി പുറത്തെടുത്തിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വിഷം തുപ്പുന്ന പ്രചാരണങ്ങളടങ്ങിയ സിഡി വിതരണം ചെയ്തതോര്‍ക്കുക. എന്നിട്ടും ബിജെപിയും കല്യാണ്‍ജിയും പച്ച പിടിച്ചില്ല. 402-അംഗ യുപി നിയമസഭയില്‍ 206 സീറ്റ് മായാവതി പിടിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 51 സീറ്റുമായി മൂന്നാം സ്ഥാനം.

ലോക് സഭാകാലമായപ്പോള്‍ വീണ്ടും തുടങ്ങി കല്യാണിന് മുറുമുറുപ്പ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്താനുള്ള സാധ്യത വളരേ കുറവ്. രാഷ്ടീയ പണ്ഡിതരെല്ലാം പ്രവചിച്ചതാകട്ടെ തൂക്കു ലോക് സഭയും. രണ്ടിലൊന്നാലോചിക്കാതെ കല്യാണ്‍ജി ഈ വര്‍ഷമാദ്യം ബിജെപി വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ടിക്കു വേണ്ടി പ്രചരണം നടത്തുമെന്ന പ്രഖ്യാപനവും വന്നു. ധീരസുതന്‍ രാജ്വീര്‍ മുലായം പാര്‍ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി. മുലായത്തോടൊപ്പം നില്‍ക്കുമ്പോള്‍ എന്തു പ്രസംഗിക്കണമെന്ന് കല്യാണ്‍ജിക്കറിയാം. അയോധ്യ നായകന്‍ രായ്ക്കു രാമാനം സംഘപരിവാര്‍ വിരുദ്ധനായി മാറി. ബാബ്റി മസ്ജിദ് പൊളിക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തത് തനിക്കറിയില്ലായിരുന്നുവെന്നാണ് മെയ് മാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞത്. രണ്ട് ബിജെപി നേതാക്കള്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അവര്‍ തന്ന ഉറപ്പിന്മേലാണ് പള്ളി സംരക്ഷിച്ചു കൊള്ളാമെന്ന് താന്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതെന്നുമായിരുന്നു കല്യാണ്‍ ഭാഷ്യം. പള്ളി പൊളിക്കുന്നത് തടയാന്‍ കഴിയാതിരുന്നതിന് യുപിയിലെ ജനങ്ങളോട് മാപ്പും പറഞ്ഞു.

എന്നാല്‍ കല്യാണ്‍ ഇഫക്റ്റ് ഗുണത്തേക്കാള്‍ അധികം ദോഷമാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ മുലായത്തിന് അധിക കാലം വേണ്ടി വന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെനു മാത്രമല്ല അതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ടി തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു. ആഗസ്റ്റിലും നവംബറിലുമായി 16 മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരെണ്ണത്തില്‍ പോലും വിജയിക്കാന്‍ മുലായം പാര്‍ടിക്കായില്ല. മാത്രമല്ല, കല്യാണ്‍ ബാന്ധവത്തിന്റെ പേരില്‍, നിരവധി ശക്തരായ നേതാക്കള്‍ പാര്‍ടി വിട്ടു പോകുകയും ചെയ്തു. അങ്ങിനെ സ്വന്തം തടി രക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുലായം കല്യാണിനെ പുറത്താക്കി പാര്‍ടിയുടെ കതകടയ്ക്കുന്നത്.

കല്യാണ്‍ജി ഇനിയെന്തു ചെയ്യും എന്നു കരുതി താടിക്കു കൈ കുത്തേണ്ട ആവശ്യമൊന്നുമില്ല. വീണ്ടും ബിജെപിയിലേക്കു തിരിച്ചു പോകാന്‍ കല്യാണ്‍ സിംഗിന് ഒരു ബുദ്ധിമുട്ടുമില്ല. മുലായം സിംഗ് അവസരവാദിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓമന പുത്രന്‍ സമാജ് വാദി പാര്‍ടി അംഗത്വവും രാജി വച്ചു (പിതാവിനെ ഇതു പോലെ പിന്തുടരുന്ന ഒരു പുത്രനെ പുരാണങ്ങളില്‍ പോലും കാണാനൊക്കില്ല). ഹിന്ദുത്വ പ്രത്യയശാസ്ത്രം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ദേശീയവാദി പാര്‍ടിയായ ബിജെപി ശക്തി വീണ്ടെടുക്കേണ്ടതുണ്ടെന്നുമാണ് ഏറ്റവും പുതിയ കല്യാണ്‍ സൂക്തങ്ങള്‍. പുണ്യഭൂമിയായ അയോധ്യയിലേക്ക് ഒരു സന്ദര്‍ശനവും ഉടന്‍ നടത്തുമത്രേ. ഇനിയും എന്തെല്ലാം കണാനിരിക്കുന്നു വിഭോ...

Nov 17, 2009

മാവോയിസത്തിനും ഹിന്ദുത്വയ്ക്കും തമ്മിലെന്ത്?

കഴിഞ്ഞ നാലു പതിറ്റാണ്ടു നീണ്ട പ്രക്ഷോഭത്തിനിടയില്‍ ഹിന്ദുത്വ ശക്തികളെ പരാജപ്പെടുത്തുന്നതിനായി നക്സലൈറ്റുകള്‍ കാര്യമായെന്തെങ്കിലും ചെയ്തിട്ടുണ്ടോ?There are crimes of passion and crimes of logic – Albert Camus

ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിക്കുന്നത് 1967 ഏപ്രിലില്‍ ഡാര്‍ജിലിങ്ങിലെ നക്സല്‍ബാരി ജില്ലയില്‍ നിന്നാണ്. ചൈനീസ് കമ്യൂണീസ്റ്റ് പാര്‍ടിയുടെ അഭിപ്രായത്തില്‍ ഇന്ത്യയ്ക്കു മുകളില്‍ വെട്ടിയ വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നു നക്സല്‍ബാരിയില്‍ നിന്നു തുടങ്ങിയ മാവോയിസ്റ്റ് അക്രമപരമ്പരകള്‍. സിപിഎമ്മിന്റെ ജില്ലാതല നേതാവായിരുന്ന ചാരുമദുംദാറാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) സ്ഥാപിക്കുന്നതും അക്കാലത്ത് നക്സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. കഴിഞ്ഞ 42 വര്‍ഷങ്ങള്‍ക്കിടയില്‍ പ്രസ്ഥാനം പലവിധ പിളര്‍പ്പുകളിലൂടെ കടന്നു പോയി. പക്ഷേ, മാവോയിസ്റ്റുകള്‍ ഇന്നും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്നു. സായുധാക്രമണങ്ങള്‍ വര്‍ധിക്കുന്നു. മാവോയിസ്റ്റുകള്‍ പൊലീസുകാരുടേയും, സര്‍ക്കാര്‍ മാവോയിസ്റ്റുകളുടേയും ക്രൂരകൃത്യങ്ങളുടെ കണക്കെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്നിലേക്കെറിയുന്നു.

അക്രമവും പ്രത്യയശാസ്ത്രവും
ഫ്രാന്‍സിസ് ഇദുവര്‍ എന്ന ഝാര്‍ഖണ്ഡ് പൊലീസ് ഉദ്യോഗസ്ഥനെ മാവോയിസ്റ്റുകള്‍ അടുത്തിടെ കഴുത്തറുത്ത് കൊന്ന സംഭവം വന്‍തോതില്‍ പ്രതിഷേധം വിളിച്ചു വരുത്തുകയുണ്ടായി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സായുധപ്രതിഷേധം പ്രതിരോധത്തിനുള്ള ഉപാധിയാണെന്നാണ് നക്സലൈറ്റുകളുടെ മതം. പലപ്പോഴും ഭരണകൂട ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് തങ്ങളുടെ ആക്രമണങ്ങള്‍ അവര്‍ ന്യായീകരിക്കുക. എന്നാല്‍ പൊലീസ് ഭീകരതയോടുള്ള സ്വാഭാവിക പ്രതികരണമോ, പ്രതിരോധത്തിലധിഷ്ഠിതമായ സായുധ പ്രവര്‍ത്തനങ്ങളോ മാത്രമാണോ മാവോയിസ്റ്റുകളെ നിരന്തരമായ യുദ്ധത്തിലേക്ക് നയിക്കുന്നത്? മാവോയിസ്റ്റു സിദ്ധാന്തമനുസരിച്ച് ഇന്ത്യയുടേത് ഒരു അര്‍ധ-കൊളോനിയല്‍ രാഷ്ട്രീയ വ്യവസ്ഥയും, ജനങ്ങളുടെ യഥാര്‍ത്ഥ ഇച്ഛയെ പ്രതിനിധീകരിക്കാത്ത ഭരണഘടനയുമാണ്. ഇത് രണ്ടും സായുധ മാര്‍ഗത്തിലൂടെ പറിച്ചെറിയപ്പെടണം. തങ്ങളുടെ നടപടികളെല്ലാം മാവോയിസ്റ്റ് സഖാക്കള്‍ക്ക് വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമാണ്. സായുധ സമരം അവര്‍ക്ക് 'ഏറ്റവും പ്രധാനപ്പെട്ടതും, ഉദാത്തവുമായ' സമര മാര്‍ഗവും 'ജനകീയ സൈന്യം' ഏറ്റവും പ്രധാനപ്പെട്ട സംഘടനാ രൂപവുമാണ്. യുദ്ധത്തില്‍ ധാര്‍മികതയ്ക്ക് ഒരു സ്ഥാനവുമില്ല.

2004 ആഗസ്റ്റ് 15ന് മാവോയിസ്റ്റുകള്‍ ആന്ധ്രാ പ്രദേശില്‍ ഒമ്പതു പേരെ കൊലപ്പെടുത്തി. ഇതില്‍ ഒരു ഡ്രൈവറും, ഒരു നിയമസാമാജികനും, ഒരു മുനിസിപ്പല്‍ തൊഴിലാളിയുമുള്‍പ്പെടും. കൃത്യം ഒരു വര്‍ഷത്തിനു ശേഷം കരീംനഗറില്‍ പാചകക്കാരിയായി ജോലിയെടുത്തിരുന്ന 52 വയസുകാരി സലീമയെ പൊലീസിനു വിവരം ചോര്‍ത്തി കൊടുക്കുന്നുവെന്നാരോപിച്ച് അവര്‍ തല്ലിക്കൊന്നു. രണ്ടാഴ്ച കാലയളവിനുള്ളില്‍ നക്സലൈറ്റുകള്‍ കൊല്ലുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു സലീമ. മുന്‍ നക്സലൈറ്റായിരുന്ന 18കാരി ഭുക്യ പദ്മയെ ജൂലൈ 30ന് അവര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 12ന് ബീഹാറിലെ ബേല്‍വാദരി ഗ്രാമത്തില്‍ 17 പേരെയാണ് ഇവര്‍ കഴുത്തു മുറിച്ചു കൊലപ്പെടുത്തിയത്. 2006 ഫെബ്രുവരിയില്‍ ഛത്തീസ്ഗഡ്ഡിലെ ദണ്ഡേവാഡയിലുണ്ടായ കുഴിബോംബാക്രമണത്തില്‍ 26 ആദിവാസികള്‍ കൊലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ച് 25നുണ്ടായ മറ്റൊരു സ്ഫോടനം 13 പേരെ കൊലപ്പെടുത്തി.

ഈ പറഞ്ഞവയിലെ ചില സംഭവങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയായിരിക്കാം. ചിലത് പ്രാദേശിക കേഡര്‍മാര്‍ മേല്‍ക്കമ്മിറ്റിയുടെ സമ്മതമില്ലാതെ നടപ്പിലാക്കിയതുമാവാം. പക്ഷേ, ഒരു കാര്യം തീര്‍ച്ചയാണ്. രാഷ്ടീയ കൊലപാതകങ്ങളോട് സഖാക്കള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. പലപ്പോഴും പ്രാചീന ആയുധങ്ങളുപയോഗിച്ചാണ് ഇവര്‍ കൊലകള്‍ നടത്തുന്നത്. ഇവിടെ ശരി തെറ്റുകള്‍ പ്രശ്നമല്ല. കാരണം 'പാര്‍ടിയാണ് എല്ലായ്പോഴും ശരി'. ഇരകള്‍ക്ക് മാപ്പപേക്ഷിക്കാനുള്ള അര്‍ഹതയില്ല. മിഷന്‍ നടപ്പാക്കുമ്പോള്‍ നിരപരാധികള്‍ കൊല ചെയ്യാന്‍ പാടില്ല എന്നുമില്ല. കൊളാറ്ററല്‍ ഡാമേജും യുദ്ധത്തിന്റെ ഭാഗമാണ്.

ഭരണഘടനാ വിരുദ്ധത
ഇന്ത്യന്‍ ഭരണഘടനയോടുള്ള മാവോയിസ്റ്റുകളുടെ നിലപാട് രഹസ്യമൊന്നുമല്ല. ചൂഷണത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയുടെ മുഖംമൂടി മാത്രമാണ് ഭരണഘടനയെന്നവര്‍ പറയുന്നു. ഇവിടെ പ്രസക്തമായ മറ്റൊരു ചോദ്യം നിയമ പുസ്തകത്തോടുമുള്ള നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളുടെ നിലപാടെന്താണെന്നതാണ്. ആദിവാസി ഭൂമിയെ കയ്യേറ്റത്തില്‍ നിന്നും സംരക്ഷിക്കുന്ന ഭരണഘടനയിലെ അഞ്ചാം പട്ടിക ഇല്ലാതാക്കാന്‍ എന്‍ഡിഎ ഭരണകൂടം ശ്രമിച്ചതെന്തിനായിരുന്നു? കാരണം ഒന്നേയുള്ളൂ. വന്‍ധാതു നിക്ഷേപങ്ങളുള്ള മണ്ണിലാണ് ആദിവാസികള്‍ ജീവിക്കുന്നത്. ഈ ധാതു നിക്ഷേപങ്ങള്‍ ലഭിക്കാനായി ലോകം മുഴുവനുമുള്ള ക്യാപിറ്റലിസ്റ്റുകള്‍ എന്തും ചെയ്യാന്‍ തെയ്യാറാവുമെന്ന് ഭരിക്കുന്നവര്‍ക്കറിയാം.

ഇനി ഇന്ത്യയില്‍ നടന്നിട്ടുള്ള വന്‍ ലഹളകളുടെ കാര്യം തന്നെയെടുക്കുക. 1984ലും 2002ലും നടന്ന കൂട്ടക്കൊലകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നില്ലെ? എന്തു കൊണ്ടാണ് അവരെയൊന്നും നിയമത്തിന്റെ മുന്നിലേക്കു കൊണ്ടു വരാന്‍ നമുക്കു കഴിയാതിരുന്നത്? 1987ല്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോന്‍സ്റ്റാബുലറിയുടെ കസ്റ്റഡിയില്‍ വച്ചു മരിച്ചത് 40 മുസ്ലിങ്ങളാണ്. ഈ കേസ് കോടതിയിലെത്താന്‍ 18 വര്‍ഷമെടുത്തു. ഛത്തീസ്ഗഡ്ഡില്‍ സാല്‍വാ ജുദൂം എന്ന അത്യന്തം വിനാശകാരിയായ ഒരു സ്വകാര്യ സൈന്യത്തിന് വര്‍ഷങ്ങളായി ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ ഒരു പോലെ പിന്തുണ നല്‍കി വരുന്നു. സര്‍ക്കാരിന്റെ നയങ്ങളിലെ നിയമവിരുദ്ധതയും ശ്രദ്ധയില്ലായ്മയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും ചൂണ്ടി കാണിച്ചിരുന്നുവെന്നോര്‍ക്കുക. 2007ല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നന്ദിഗ്രാമിലെ തങ്ങളുടെ എതിരാളികളെ എങ്ങിനെ നേരിട്ടു എന്നത് ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്ത്യയിലെ ഭരണാധികാരികള്‍ എന്നും കുറ്റവാളികളെ സംരക്ഷിച്ചിട്ടേയുള്ളൂ. ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതറിയാം. ഉത്തരവാദിത്വത്തോടെ ജോലി നോക്കാത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ലഭിക്കുന്നു. കൂട്ടക്കൊലയാളികള്‍ വീരന്മാരായി വാഴിക്കപ്പെടുന്നു. അഴിമതിക്കാരായ, നിയമസംവിധാനത്തെ തെല്ലും ബഹുമാനിക്കാത്ത ഭരണാധികാരികള്‍ തന്നെയാണ് മാവോയിസ്റ്റുകള്‍ക്ക് വഴിയൊരുക്കി കൊടുക്കുന്നത്.

ഇങ്ങിനെ ദുഷിപ്പു നിറഞ്ഞ ഒരു വ്യവസ്ഥിതിയെ എതിര്‍ക്കുന്നുവെന്ന പേരില്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതാവട്ടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കി മാറ്റുകയെന്നതും. ഇന്ത്യയിലെ വലതുപക്ഷ തീവ്രവാദികളെ പോലെ വീരവാദത്തിലധിഷ്ഠിതമാണ് മാവോയിസ്റ്റുകളുടെ പരസ്യ പ്രസ്താവനകളും‍. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് മറ്റാരേക്കാള്‍ തങ്ങള്‍ക്കറിയാമെന്ന് നക്സലൈറ്റുകള്‍ അവകാശപ്പെടുന്നു. നീതിക്കു വേണ്ടി പൊരുതുന്നുവെന്ന പേരില്‍ തീര്‍പ്പു കല്പ്പിക്കുന്നവരും ആരാച്ചര്‍മാരും ഒരേ കൂട്ടര്‍ തന്നെയാവുന്നു. ഓരോ കൊലപാതകവും പ്രതികാരങ്ങളുടേയും ആഘാതങ്ങളുടേയും പുതിയൊരു ചക്രത്തിലേക്കു നയിക്കുന്നു.

പാവപ്പെട്ടവരുടെ ഹിന്ദുത്വ
പ്രതീകാത്മകതയ്ക്ക് എക്കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. മാവോയിസ്റ്റ് പാര്‍ടി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തെയ്യാറാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ അവര്‍ക്ക് ഒരു നിര്‍ദേശം മുന്നോട്ടു വയ്ക്കാവുന്നതാണ്. പാര്‍ലമെന്റ് സെന്‍ട്റല്‍ ഹാളില്‍ വച്ചിരിക്കുന്ന വിഡി സവര്‍ക്കറുടെ ചിത്രം എടുത്തു മാറ്റണമെന്ന് അവര്‍ സര്‍ക്കാരിനോടാവശ്യപ്പെടണം. എന്‍ഡിഎ ഭരണകാലത്ത് 2003ലാണ് സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റില്‍ വയ്ക്കുന്നത്. സവര്‍ക്കറുടെ ചിത്രം നീക്കാന്‍ തെയ്യാറായില്ലെങ്കില്‍ അതോടൊപ്പം ചാരുമജുംദാറുടെ ചിത്രം കൂടി വയ്ക്കണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. എന്തുകൊണ്ട് പാടില്ല? രണ്ടൂ പേരും തീവ്രവാദികളായ രാജ്യ സ്നേഹികളായിരുന്നു. രണ്ടു പേരും രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിശ്വസിച്ചിരുന്നു. രണ്ടു പേരും ഗാന്ധിയെ വെറുത്തു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന് രണ്ടു പേരും വിശ്വസിച്ചു.
ഈ നിര്‍ദേശം പലരേയും ചൊടിപ്പിച്ചേക്കാം. എന്നാല്‍ ഈ രണ്ടൂ തീവ്രവാദ സംഘങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഇന്ത്യന്‍ ചരിത്രത്തിലെ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ വസ്തുതയാണ്. പണക്കാരുടെ മാവോയിസമാണ് ഹിന്ദുത്വ. 1969ല്‍ ഒരു തീവ്ര ഇടതുപക്ഷ ഹിന്ദി എഴുത്തുകാരന്‍ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ട് 'ഗാന്ധി ബേനകാബ്' എന്ന പേരില്‍ ഒരു ലേഖനമെഴുതിയിരുന്നു. അതില്‍ നാഥുറാം ഗോഡ്സെയെ 'ഇന്ത്യയുടെ യഥാര്‍ത്ഥ പുത്രയ്'നെന്നായിരുന്നു എഴുത്തുകാരന്‍ വിളിച്ചത്. കഴിഞ്ഞ നാലു പതിറ്റാണ്ടു നീണ്ട കാലയളവില്‍ നക്സലൈറ്റുകള്‍ ഹിന്ദുത്വ ശക്തികളെ പരാജപ്പെടുത്തുന്നതിനായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്നതല്ലെ വാസ്തവം! കഴിഞ്ഞ ആഗസ്റ്റില്‍ ഒറീസയിലെ കാന്ധമാലില്‍ വിശ്വ ഹിന്ദു പരിഷദ് നേതാവ് സ്വാമിയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവം തന്നെ നോക്കുക. കുറ്റം ചെയ്തത് മാവോയിസ്റ്റുകള്‍. പക്ഷേ, സംഘപരിവാര്‍ ഇതിന്റെ പേരില്‍ വേട്ടയാടിയതാകട്ടെ പാവപ്പെട്ട ക്രിസ്ത്യന്‍ ഗ്രാമീണരേയും. ആയിരക്കണക്കിനാളുകള്‍ക്ക് അവരുടെ കിടപ്പാടം വിട്ടു പോകേണ്ടി വന്നു. മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഈ അക്രമപരമ്പരയെ ചെറുത്തു തോല്പ്പിക്കാന്‍ ഒന്നും ചെയ്യാന്‍ മാവോയിസ്റ്റുകള്‍ക്കായില്ല. അത്രയ്ക്കുണ്ട് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ക്കുള്ള പ്രതിബദ്ധത.

സവര്‍ക്കറുടെ അരുമ ശിഷ്യന്‍ ഗോഡ്സെ 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി. ഗാന്ധിയുടെ കൊലപാതകം സത്യത്തില്‍ ആസൂത്രണം ചെയ്തത് സാക്ഷാല്‍ സവര്‍ക്കര്‍ തന്നെയായിരുന്നുവെന്ന് ജസ്റ്റിസ് ജിവന്‍ലാല്‍ കപൂര്‍ കമ്മിഷന്‍ 1969ല്‍ കണ്ടെത്തിയിരുന്നു. ഇതേ കാര്യം 1948ല്‍ സര്‍ദാര്‍ പട്ടേല്‍ നെഹ്രുവിനോടു പറഞ്ഞിരുന്നു. അങ്ങിനെയുള്ള സവര്‍ക്കറെ രാഷ്ട്രം ആദരിക്കുന്നുണ്ടെങ്കില്‍ ചാരുമജുംദാറിനേയും ആദരിക്കാം. ഇന്ത്യന്‍ ഭരണകൂടം ഇതിനു തെയ്യാറാവില്ലെന്നുറപ്പുള്ളതു കൊണ്ട് നമുക്ക് ചര്‍ച്ച വേറൊരു രീതിയിലാക്കാം. എന്തു കൊണ്ടാണ് ചില രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏവര്‍ക്കും സ്വീകാര്യമാവുന്നതും മറ്റു ചിലത് അസ്വീകാര്യമാവുന്നതും?

ചരിത്രകാരനായ ദിലീപ് സൈമണ്‍ ഹിമാല്‍ മാസികയിലെഴുതിയ ലേഖനത്തിന്റെ തര്‍ജമ

Oct 24, 2009

താക്കറെ ഇനി താടി വടിക്കുമോ?

ശിവസേന ബിജെപിയേയും, ബിജെപി സേനയേയും പിന്തുടരുന്നുവെന്ന് എംജെഎസ്2004ലെ മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് കാവിപ്പടയെ സംബന്ധിച്ചിടത്തോളം നിര്‍ണായക പോരാട്ടമയിരുന്നു. അന്ന് ബിജെപിയും ശിവസേനയും സംഘടനാപരമായി ഇന്നത്തെയത്രയും ദുര്‍ബലമല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത പരാജയത്തില്‍ നിന്നും കര കേറാനുള്ള അവസരം. പോരാത്തതിന്, ഭരണകൂടവിരുദ്ധ വികാരം കോണ്‍ഗ്രസ്-എന്‍സിപി മുന്നണി സര്‍ക്കാരിനെ മറിച്ചിടുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളും. ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറാന്‍ കടുവയായി ജീവിക്കുന്ന ബാലാസാഹേബ് താക്കറെക്ക് വേറെയെന്തു വേണം? ഇനി ശിവസേന അധികാരത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷമേ താനിനി താടി വടിക്കുകയുള്ളൂ എന്ന സേനാ തലവന്റെ വാക്കുകള്‍ അണികടുവകളെ ആവേശം കൊള്ളിച്ചിരിക്കുമെന്നുറപ്പ്. പക്ഷേ, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആ ആവേശം ഏറ്റു വാങ്ങിയില്ല. 288-അംഗ നിയമസഭയില്‍ ശിവസേനാ-ബിജെപി നേടിയത് 116 സീറ്റ്. ഭരണമുന്നണിക്ക് കിട്ടിയത് 140.

പക്ഷേ താക്കറെ വാക്കു പാലിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശിവസേനാ നേതാവ് മുഖം വടിച്ചിട്ടില്ല. താടി വളര്‍ന്നെങ്കിലും, പക്ഷേ ശിവസേനയെ വളര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കഴിഞ്ഞ മെയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം ഈ മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വിജയം കണ്ടപ്പോള്‍, താക്കറേക്ക് നഷ്ടപ്പെട്ടത് ഭരണം മാത്രമല്ല, താടി വടിക്കാനുള്ള അവസരം കൂടിയാണ്. ഇനിയെന്നാണ് ഇത് രണ്ടും ശിവസേനാ നേതാവ് വീണ്ടെടുക്കുക?

സേനോദയം
ബിജെപിയേക്കാള്‍ പഴക്കമുള്ള പാര്‍ടിയാണ് ശിവസേനയെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടു സംഘങ്ങളുടേയും വളര്‍ച്ച ഏകദേശം ഒരേ സമയത്തായിരുന്നു. 1966ല്‍ സ്ഥാപിതമായ സേനയ്ക്ക് മഹാരാഷ്ട്രയില്‍ ശക്തമായ വേരോട്ടം ലഭിക്കുന്നത് ബിജെപി അഖിലേന്ത്യാ തലത്തില്‍ രാമജന്മഭൂമി പ്രസ്ഥാനം എന്ന പേരില്‍ വര്‍ഗീയ ധ്രുവീകരണ പ്രചാരണം ആരംഭിച്ചതിനു ശേഷമാണ്. സേനയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഗ്രാഫ് നോക്കിയാല്‍ ഇതു മനസിലാവും. 1966നും 1991നുമിടയില്‍ ശിവസേനയ്ക്കുണ്ടായിരുന്നത് വെറും ഒരു പാര്‍ലമെന്റംഗം മാത്രമാണ്. അയോധ്യയിലേക്കുള്ള അദ്വാനിയുടെ 'രക്തയാത്ര' തുടങ്ങിയതിനു ശേഷം നടന്ന 1991ലെ തെരഞ്ഞെടുപ്പില്‍ സേന നാലു സീറ്റുകളില്‍ വിജയിച്ചു. ഇതേ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഖിലേന്ത്യാ പ്രകടനം 86ല്‍ നിന്ന് 120ലേക്കുയര്‍ന്നു. 1996ല്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായുയര്‍ന്നപ്പോള്‍ സേന 15 സീറ്റു നേടി.

രണ്ടു വര്‍ഗീയ പാര്‍ടികളുടെ വളര്‍ച്ചയുടെ ഈ രേഖീയത മനസിലാക്കാന്‍ വലിയ വ്യാഖ്യാന ശേഷിയൊന്നും വേണ്ട. മണ്ണിന്റെ മക്കള്‍ വാദവുമായി രാഷ്ട്രീയം തുടങ്ങിയ ശിവസേന ആദ്യകാലത്ത് ലക്ഷ്യമിട്ടത് ദക്ഷിണേന്ത്യക്കാരെയായിരുന്നു. പുങ്കി ബചാവോ, ലുങ്കി ഭഗാവോ (കുഴലൂതു, ലുങ്കിക്കാരെ തുരത്തൂ) എന്നായിരുന്നു സേനയുടെ മുദ്രാവാക്യം തന്നെ. മറാത്താ വാദത്തിന്റെ പേരില്‍ ശക്തമായ ഒരു കേഡര്‍ പാര്‍ടി കെട്ടിയുയര്‍ത്താന്‍ താക്കറെക്ക് കഴിഞ്ഞു. എങ്കിലും, അതിനെ രാഷ്ട്രീയ ലാഭമാക്കി മാറ്റാന്‍ കഴിയുന്നത് ആര്‍എസ്എസിന്റെ ഹിന്ദുത്വ സ്വന്തം പ്രത്യയശാസ്ത്രമായി സ്വീകരിച്ചതിനു ശേഷമാണ്. ബിജെപിയേക്കാള്‍ ശക്തമായി ആര്‍എസ്എസിന്റെ മുസ്ലിം വിരുദ്ധ അജന്‍ഡ പലപ്പോഴും നടപ്പാക്കിയിട്ടുള്ള പാര്‍ടിയാണ് സേന. അയോധ്യയില്‍ ബാബ്റി പള്ളി പൊളിച്ച കര്‍സേവകരുടെ കൂട്ടത്തില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നും വന്ന ശിവസേനക്കരാണെന്ന് ആദ്യം പറഞ്ഞത് ബിജെപി സൈദ്ധാന്തികന്‍ കെആര്‍ മല്‍ക്കാനിയായിരുന്നു. മസ്ജിദ് പൊളിച്ച 1992 ഡിസംബര്‍ 6ന് രാത്രി ദില്ലിയില്‍ വച്ച് പത്രലേഖകരോട് സംസാരിക്കവേയാണ് മല്‍ക്കാനി ശിവസേനയുടെ പേരെടുത്ത് പറഞ്ഞത്. ഡിസംബര്‍ 9ന് ശിവസേനയും ബിജെപിയും സംയുക്തമായി വിളിച്ച ബന്ദ് ഫലത്തില്‍ അക്രമത്തിനും കലാപത്തിനുമുള്ള അഹ്വാനമായിരുന്നു. മുസ്ലിം ഭവനങ്ങള്‍ കാണിച്ചു കൊടുക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ട് ശിവസേന ബോംബെയില്‍ ചിലയിടത്ത് ബോര്‍ഡുകള്‍ വച്ചിരുന്നതായി രാമ ചന്ദ്ര ഗുഹ തന്റെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഡിസംബര്‍ 10ന് ശിവസേനാ പത്രമായ 'സാംന'യുടെ എഡിറ്റോറിയലില്‍ താക്കറെ ഇങ്ങിനെ എഴുതി: "ഇത് പ്രതികാര യുദ്ധത്തിന്റെ ആരംഭമാണ്. അഖണ്ഡ ഹൈന്ദവ രാഷ്ട്രം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. പാപികളായ മതഭ്രാന്തന്മാരുടെ നിഴലുകള്‍ പോലും ഈ മണ്ണില്‍ നിന്ന് നാം തുടച്ചു നീക്കും. എന്നിട്ട് നമ്മള്‍ സന്തോഷത്തോടെ ജീവിക്കും, സന്തോഷത്തോടെ തന്നെ മരിക്കും." താക്കറെയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയില്ലെന്ന് പിന്നീടുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. 1994ല്‍ ശിവസേന മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി. ബിജെപി നയിച്ച രണ്ടു കേന്ദ്രമന്ത്രി സഭകളിലും പങ്കാളിയുമായി.

ഒടുവില്‍ കടലാസു പുലികള്‍
ഉയര്‍ച്ച പോലെ തന്നെ പടിപടിയായി തന്നെയായിരുന്നു സേനയുടെ തളര്‍ച്ചയും. രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയത്തിന് ഏറ്റവും അനുകൂല സാഹചര്യമുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ ശക്തിയാര്‍ജിച്ച സേനയ്ക്ക്, അതിനപ്പുറത്തേക്ക് മറ്റു രാഷ്ട്രീയമൊന്നും മുന്നോട്ടു വയ്ക്കാനില്ലാതിരുന്ന ഈ വര്‍ഗീയ പാര്‍ടിക്ക്, ആ ആധിപത്യം നില നിര്‍ത്താനായില്ല എന്നത് സ്വാഭാവികമാണ്. 1994-99 കാലത്തെ ഭരണം ഒരു ദുരന്തമായിരുന്നുവെന്ന് മഹാരാഷ്ട്രക്കാര്‍ ഒന്നടങ്കം സമ്മതിക്കും. ക്ഷയിക്കപ്പെട്ട പാര്‍ലമെന്ററി ശക്തി വര്‍ഗീയധ്രുവീകരണത്തിലൂടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗുജറാത്ത് വംശഹത്യക്കു ശേഷം രാജ്യത്തെ പൊതുബോധത്തില്‍ രൂപപ്പെട്ടിട്ടുള്ള/രൂപപ്പെട്ടു വരുന്ന വര്‍ഗീയ വിരുദ്ധ രാഷ്ട്രീയം തടസമായി. ഫലം 2004ല്‍ ആവര്‍ത്തിക്കപ്പെട്ട പരാജയം. അതിനു ശേഷവും, നയങ്ങളില്‍ മാറ്റം വരുത്താനോ, കൂടുതല്‍ ജന-കേന്ദ്രിതമായി പ്രവര്‍ത്തിക്കാനോ ശിവസേനയ്ക്കു കഴിഞ്ഞിട്ടില്ല. സംഘടനാ പ്രശ്നങ്ങള്‍ കൂനിന്മേല്‍ കുരുവായി വന്നു. നേതൃനിരയിലെ കരുത്തനായിരുന്ന നാരായണ്‍ റാണെക്കെതിരെ നടപടിയെടുത്തപ്പോള്‍, ഈ മുന്‍ മുഖ്യമന്ത്രി പോയത് 11 എംഎല്‍എമാരുമായാണ്. ഒടുവില്‍ അവകാശത്തര്‍ക്കം കഴിഞ്ഞപ്പോള്‍, 'മണ്ണിന്റെ മക്കള്‍ വാദ'വുമായി ഇറങ്ങിപ്പോയ മരുമകനും, ആര്‍ക്കും വേണ്ടാത്ത ഹിന്ദുത്വയുടെ നടത്തിപ്പുകാരനായ പുത്രനുമിടയില്‍ കുരുങ്ങിപ്പോയ ഒരു കടലാസു പുലിയാണിന്ന് ബാലാസഹേബ് താക്കറെ.

അങ്ങിനെ വാര്‍ധക്യത്തിന്റേയും, പരാജയങ്ങളുടേയും ഏകാന്തതയില്‍ ജീവിക്കുന്ന താക്കറെക്ക് ഇനി ശിവസേനയുടെ വിജയം കണ്ട് ഈ ജീവിതകാലത്ത് താടി വടിക്കാനാവുമെന്ന് തോന്നുന്നില്ല. തിരിച്ചു വരവിനുള്ള അവസാന സാധ്യതയാണ് ഇപ്പോഴത്തെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇല്ലാതായത്. ബിജെപി-ശിവസേനയുടെ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, ഇത്ര ദയനീയനമായ പരാജയം കാവിപ്പടയുടെ കണക്കു കൂട്ടലുകള്‍ക്കും അപ്പുറത്തേക്കു പോയി. 2004ല്‍ 62 സീറ്റുണ്ടായിരുന്ന ശിവസേനയുടെ ശക്തി 44ലേക്കു വീണു. നാല്പത്തിയാറു സീറ്റു നേടിയ ബിജെപിക്കും പുറകില്‍ നാലാം സ്ഥാനത്താണ് സേനയിന്ന്. സേന-ബിജെപി മുന്നണി 90 സീറ്റു നേടിയപ്പോള്‍, ഭരണമുന്നണിയുടെ ശക്തി 2004ലെ 140ല്‍ നിന്നും ഈ വര്‍ഷം 144ലേക്കുയര്‍ന്നു.

ആശങ്കകള്‍ ബാക്കി
കോണ്‍ഗ്രസിനനുകൂലവും, വര്‍ഗീയ പാര്‍ടികള്‍ക്കെതിരുമായ ഒരു രാഷ്ട്രീയ സാഹചര്യം ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത്രയൊന്നും മെച്ചപ്പെട്ട പ്രകടനമല്ലാതിരുന്നിട്ടു കൂടി കോണ്‍ഗ്രസ്-എന്‍സിപി മുന്നണി മഹാരാഷ്ട്രയില്‍ അധികാരം നില നിര്‍ത്തിയത് ഈ സാഹചര്യത്തില്‍ വേണം കാണാന്‍. ചരിത്ര ഗവേഷകനും ദലിത് രാഷ്ട്രീയ പ്രവര്‍ത്തകനുമായ സന്തോഷ് സുരാഡ്കര്‍ പറയുന്നതു പോലെ, മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മറ്റു വഴികളില്ല. "ബിജെപിയും ശിവസേനയും മതത്തിന്റേയും ദേശത്തിന്റേയും പേരില്‍ ആളുകളെ കൊല്ലുമ്പോള്‍, കോണ്‍ഗ്രസ് കര്‍ഷകരേയും പാവങ്ങളേയും കൊല്ലാക്കൊല ചെയ്യുന്നു. എത്ര കര്‍ഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയിലുണ്ടായത്? ഖൈര്‍ലാഞ്ചിയില്‍ ദലിതരെ കൂട്ടക്കൊല ചെയ്തതും ഈ സര്‍ക്കാരിന്റെ കാലത്താണ്. എങ്കിലും കോണ്‍ഗ്രസിനെ തന്നെ തെരഞ്ഞെടുക്കേണ്ടി വരുന്നു എന്നതാണ് മഹാരാഷ്ട്രക്കാരുടെ ദുര്യോഗം," മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയില്‍ നിന്നുള്ള സുരാഡ്കര്‍ പറയുന്നു. ജങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളൊന്നും ഏറ്റെടുക്കാനോ, സമരങ്ങള്‍ സംഘടിപ്പിക്കാനോ, ബിജെപിക്കോ ശിവസേനക്കോ താല്പര്യമുണ്ടായിരുന്നില്ല. നഗരങ്ങളില്‍ വ്യാപിക്കുന്ന തൊഴിലില്ലായ്മയ്ക്കു നേരെയും ഇക്കൂട്ടര്‍ കണ്ണടച്ചു. ബാല്‍ താക്കറെയുമായി തെറ്റി പിരിഞ്ഞ് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുണ്ടാക്കിയ രാജ് താക്കറെ നേട്ടമുണ്ടാക്കിയത് ഈ സാഹചര്യത്തിലാണ്.

എഴുപതുകളില്‍ എങ്ങിനെയാണോ തൊഴില്‍രഹിതരായ ചെറുപ്പക്കാരെ ബാല്‍ താക്കറെ സംഘടിപ്പിച്ചത്, അതെ തന്ത്രങ്ങള്‍ തന്നെയാണ് രാജും ഉപയോഗിച്ചത്. ബാല്‍ താക്കറെ ഉന്നം വച്ചത് ദക്ഷിണേന്ത്യക്കാരെയാണെങ്കില്‍, രാജ് വേട്ടയാടുന്നത് വടക്കേ ഇന്ത്യക്കാരെയാണ്. ശിവസേന മഹാരാഷ്ട്രയില്‍ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറാന്‍ രണ്ടു പതിറ്റാണ്ടിലേറെയെടുത്തെങ്കില്‍ വെറും മൂന്നു വര്‍ഷം മുന്‍പ് നിലവില്‍ വന്ന എംഎന്‍എസ് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയത് 13 സീറ്റുകളാണ്. എംഎന്‍എസിന്റെ വിജയം ഫലത്തില്‍ കോണ്‍ഗ്രസിന് സഹായകരമായെങ്കിലും, അതുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. അതായത്, ശിവസേനയുടെ ഉദയത്തോടെ ബോംബെക്കു നഷ്ടപ്പെട്ട 'കോസ്മോപൊളിറ്റന്‍' പ്രതിച്ഛായ ശിവസേന അസ്തമിച്ചാലും മഹാനഗരത്തിന് തിരിച്ചു കിട്ടാന്‍ പോകുന്നില്ലെന്നര്‍ത്ഥം.

Oct 16, 2009

ലവ് ജിഹാദ് : അപകടം വരുന്ന വഴി

എഡിറ്റോറിയല്‍മുകളിലെ ചിത്രങ്ങള്‍ക്ക് ഒരടിക്കുറിപ്പാവശ്യമില്ല. ജനുവരി 24നാണ് ഹൈന്ദവ തീവ്രവാദിസംഘം ശ്രീരാമസേന മംഗലാപുരത്തെ അംനേഷ്യ പബ്ബിലൂണ്ടായിരുന്ന ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ, അടിച്ചോടിച്ചത്. പബ്ബില്‍ പോകുന്ന പെണ്‍കുട്ടികള്‍ ആര്‍ഷഭാരത സംസ്കാരത്തെ കളങ്കപ്പെടുത്തുന്നുവെന്നാണ് രാമസേനയുടെ മതം. സേനാത്തലവന്‍ പ്രമോദ് മുത്താലിക്കിന്റെ മൊഴിയില്‍ "നമ്മുടെ അമ്മമാരേയും പെണ്‍മക്കളേയും രക്ഷിക്കാനാണ്" അംനേഷ്യ ആക്രമിച്ചത്. മനുമുത്താലിക്കിനെ ഇങ്ങനെയും വായിക്കാം: ഈ നാട്ടിലെ സ്ത്രീകളുടെ രക്ഷാമാര്‍ഗം ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പെണ്ണുങ്ങള്‍ ആ വഴി പോയാല്‍ മതി, ഇനി പോയില്ലെങ്കില്‍ ധര്‍മ്മരക്ഷാര്‍ത്ഥം ബലം പ്രയോഗിക്കും.

പെണ്ണുങ്ങള്‍ പൊതുവെ ഒരു പിശകാണെന്ന് കാര്യത്തില്‍ മുത്താലിക്കും, മൊല്ലാക്കയും, മെത്രാനും ഒന്നിക്കും. കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയില്ലെങ്കില്‍ ചിന്നം വിളിച്ചോടിപ്പോകുന്ന വര്‍ഗം. സ്ത്രീകളോടുള്ള മതമൗലിക വാദികളുടെ ഈ നിലപാട് പുതിയ കാര്യമല്ല. സ്ത്രീയുടെ സ്വതന്ത്രമായ സാമൂഹ്യജീവിതത്തെ ഭയക്കുന്ന നേതൃത്വങ്ങളും, മൗലികവാദ സംഘങ്ങളും അവളുടെ ശരീരത്തിനും ലൈംഗികതയ്ക്കും മേല്‍ സംസ്കാരത്തിന്റേയും, പാരമ്പര്യ മൂല്യങ്ങളുടേയും പേരില്‍ ആധിപത്യമുറപ്പിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഉദാഹരണങ്ങള്‍ നിരവധി: മുടിമൂടിമാത്രമെ പെണ്ണുങ്ങള്‍ പള്ളിയില്‍ക്കയറാവു എന്നു ശാസിച്ച കത്തോലിക്കരുടെ ശങ്കരന്‍ വിശുദ്ധ പൗലോ മുതല്‍ ആര്‍ത്തവരക്തത്തെ പേടിക്കുന്ന ദൈവങ്ങള്‍ വരെ. ചരിത്രപരമായ ഈ കിഴട്ടു കുന്നായ്മകള്‍ക്കെല്ലാം ശാസ്ത്രവും, സാഹിത്യവും ചമയ്ക്കുന്ന പൗരോഹിത്യം എന്നും ഈ തീട്ടൂരങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്സാഹവും കാട്ടിപ്പോന്നു.

ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് കേരളത്തില്‍ ഇപ്പോള്‍ പടര്‍ന്നുപരക്കുന്ന ലവ് ജിഹാദ് ജ്വരം. അതിന്റെ ഏറ്റവും അടുത്ത ഉന്നം മുസ്ലിം സമുദായവും, അതിലേറെ പ്രാധാന്യമുള്ള വിശാല ലക്ഷ്യം സ്ത്രീകളുടെ സ്വാതന്ത്ര്യവും, ലൈംഗികതയുമാണ്. പ്രണയം നടിച്ച് യുവതികളെ വിവാഹം കഴിച്ചതിനു ശേഷം അവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്ന ഒരു മുസ്ലിം സംഘം നിലവിലുണ്ടെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വാദം. ഇത്തരത്തിലൊരു സംഘം യഥാര്‍ത്ഥത്തിലുണ്ടോ, അവര്‍ക്കു പിന്നില്‍ വിദേശകരങ്ങളുണ്ടോ എന്നന്വേഷിക്കാനുള്ള സെപ്റ്റംബര്‍ 30ലെ കേരള ഹൈക്കോടതി വിധി ഈ പ്രചാരണത്തിന് ആക്കവും കൊഴുപ്പും കൂട്ടി.

ഒക്ടോബര്‍ 10ന്, പൂനെയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കവേ മുത്താലിക് പറഞ്ഞത് ലവ് ജിഹാദിനെതിരെ രാമസേന മറ്റു ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് രാജ്യം മുഴുവന്‍ പ്രക്ഷോഭം അഴിച്ചു വിടുമെന്നാണ്. രാമസേനയുടെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 4,000ലധികം പെണ്‍കുട്ടിള്‍ ലവ് ജിഹാദില്‍ വീണുകഴിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവകേരളം വെബ്സൈറ്റ് ലവ് ജിഹാദ് സംഭവങ്ങളെന്ന പേരില്‍ നിരവധി ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. പെണ്ണിനു കോട്ടകെട്ടുന്ന ഏര്‍പ്പാടായതിനാല്‍ പള്ളിക്കും കമ്പം. ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളാണ് ലവ് ജിഹാദിന്റെ ഇരകളെന്നും, ഇതു ചെറുക്കാനായി തങ്ങള്‍ വിശ്വഹിന്ദു പരിഷദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കൊച്ചി ആസ്ഥാനമായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) നേതാവ് എസ് സാംസന്‍ പറയുന്നു. സാംസന്റെ കാസ ഏറ്റുവാങ്ങിക്കുടിക്കാന്‍ ആവേശത്തോടെ വെള്ളാപ്പിള്ളിക്കു വിശറിവീശുന്ന കേരളകൗമുദിയും, കത്തോലിക്കാ സഭയുടെ ദീപികയും.

എന്നാല്‍ വസ്തുതകളെന്താണ്? കോടതിവിധിക്കാധാരമായ സംഭവമിതാണ്. പത്തനംതിട്ടയില്‍ എംബിഎക്കു പഠിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ഷഹന്‍ഷ, സിറാജുദീന്‍ എന്നീ ചെറുപ്പക്കാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷാ വാദം കേള്‍ക്കവെയാണ് ലവ് ജിഹാദിനെ കുറിച്ചന്വേഷിക്കാന്‍ കോടതി ആവശ്യപ്പെടുന്നത്. പത്തനംതിട്ടയിലെ കോളജില്‍ പഠിച്ചിരുന്ന ഷഹന്‍ഷ അതേ കോളജിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പത്രറിപ്പോര്‍ട്ടുകളനുസരിച്ച്, ഈ പെണ്‍കുട്ടിയും ഒരു കൂട്ടുകാരിയും ജൂലൈ 17ന് ഷഹന്‍ഷായോടൊപ്പം വീടു വിട്ടിറങ്ങി. മാതാപിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതിനു ശേഷം പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടക്കത്തില്‍ മാതാപിതാക്കളോടൊപ്പം പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികള്‍ കോടതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ സമ്മതിച്ചു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരായ ഇവര്‍ ഷഹന്‍ഷയോടും, സിറാജുദീനുമൊപ്പവും പോകാന്‍ താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു. അതിനു ശേഷമാണ്, ഷഹന്‍ഷാ കാമുകിയായിരുന്ന പെണ്‍കുട്ടിയെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും, അവരുടെ കൂട്ടുകാരിയെ സിറാജുദീനു വിവാഹം കഴിച്ചു കൊടുക്കാന്‍ ശ്രമിച്ചെന്നും വാര്‍ത്ത വരുന്നത്. ഈ കേസില്‍ അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടിയ യുവാക്കളുടെ ഹര്‍ജി പരിഗണിക്കവെയാണ് ലവ് ജിഹാദിനെ പറ്റി അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെടുന്നത്. പല റിപോര്‍ട്ടുകളിലും യുവാക്കളുടെയോ, അവരുടെ രക്ഷിതാക്കളുടെയൊ മൊഴികള്‍ വരുന്നേയില്ല.

ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. ഇതരമതസ്ഥര്‍ പ്രേമിക്കുന്നതും, വിവാഹം കഴിക്കുന്നതിനായി മതം മാറുന്നതും, അതിനെ മാതാപിതാക്കള്‍ എതിര്‍ക്കുന്നതും, അതു കേസാവുന്നതുമെല്ലാം ഇതാദ്യമയാണോ കേരളത്തിലുണ്ടാവുന്നത്?. ഇഷ്ടപ്പെട്ടവരോടൊപ്പം ജീവിക്കാനും, ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുക്കാനും ഇന്ത്യക്കാര്‍ക്കെല്ലാം ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെങ്കിലും, ആ പാത തെരഞ്ഞെടുക്കുന്നവര്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്, യാഥാസ്ഥിതികത്വത്തിന്റെ കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. കുടുംബ കല്പനകള്‍ ലംഘിച്ച് ഇറങ്ങി പോകുന്ന യുവതികളുടെ മാതാപിതാക്കള്‍ പലപ്പോഴും ഹീനമായ നടപടികള്‍ക്കു മുതിരാറുണ്ട്. ഇതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികവും, ശാരീരികവുമായ പീഢനം ഭീകരമാണ്. പത്തനംതിട്ട സംഭവത്തിലുള്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ പിതാവ് ഉന്നത റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നത് ഇതിനോട് ചേര്‍ത്തു വായിക്കുക.

ഇനി ഷഹന്‍ഷായും, സിറാജുദീനും ഒരു മതംമാറ്റ സംഘത്തിന്റെ ഭാഗമാണ് എന്ന വാദം പരിഗണിച്ചാല്‍ തന്നെ, ഈ വിഷയത്തില്‍ ആധികാരികമായ എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ? ഹിന്ദു-ക്രിസ്ത്യന്‍ മതപ്രവര്‍ത്തകര്‍ അവരുടെ വെബ്സൈറ്റുകളിലും ലഘുലേഖകളിലും ലവ് ജിഹാദ് എന്ന സംഘമുണ്ടെന്നും, ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കെണിയില്‍ വീണു എന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ഈ കണക്കൊക്കെ എവിടെ നിന്നു കിട്ടി എന്നു വ്യക്തമല്ല. ക്ഷേത്ര സംരക്ഷണ സമിതിയുടെ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം പറഞ്ഞത്, പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തയ്ബയാണ് വടക്കന്‍ കേരളത്തില്‍ ലവ് ജിഹാദിന് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു. ഇന്റലിജന്‍സ് വിഭാഗത്തിനു പോലും പിടിയില്ലാത്ത ഈ വിവരങ്ങള്‍ അമ്പലക്കമ്മിറ്റി എവിടെ നിന്നറിയുന്നു എന്നു ചോദിച്ചാല്‍ ഉത്തരമില്ല; ആരും ചോദിക്കുന്നില്ലെന്നതാണ് വാസ്തവം.

മതമൗലികവാദത്തിന്റെ ഭീതിതമായ ഒരു വശം, അത് വ്യക്തിയുടേയോ, സമൂഹത്തിന്റേയോ നിലനില്പ്പ് പൂര്‍ണമായും നിരാകരിക്കുകയും, അതിനു പകരം അങ്ങേയറ്റം ഹിംസാത്മകവും, ജനാധിപത്യ വിരുദ്ധവുമായ മത-സാമുദായിക രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുവെന്നതാണ്. ഈ കടന്നു കയറ്റത്തിന്റെ വ്യാപ്തി ഓരോ രാജ്യങ്ങളിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. അഫ്ഘാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയ താലിബാന്റെ അഭിപ്രായത്തില്‍ "പാപത്തിന്റെ ഉറവിടമാണ് സ്ത്രീയുടെ മുഖ"മെങ്കില്‍, ഇന്ത്യയിലെ മതയാഥാസ്തികത്വത്തിന് ഒരുപറ്റം 'റോമിയോ ജിഹാദികള്‍' തുനിഞ്ഞിറങ്ങിയാല്‍ അതില്‍ 'വീണു പോയി' സംസ്കാരത്തെ മലിനപ്പെടുത്തിയേക്കാവുന്ന ബലഹീനകളാണ് സ്ത്രീകള്‍. അടുത്തിടെ ദില്ലിയിലെ ഒരു ക്യാമ്പസില്‍ എബിവിപി ഇറക്കിയ ഒരു നോട്ടീസ് പറയുന്നു: "പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍, സിനിമ, ഐസ്ക്രീം, ഉല്ലാസയാത്രകള്‍ എന്നിങ്ങനെയുള്ള സ്ത്രീകളൂടെ ബലഹീനതകള്‍ ചൂഷണം ചെയ്താണ് ലവ് ജിഹാദികള്‍ അവരുടെ ലക്ഷ്യം നേടൂന്നത്." അതായത്, "ബലഹീനരായ"സ്ത്രീകളെ ലവ് ജിഹാദികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള മാര്‍ഗം അവരുടെ സാമൂഹ്യജീവിതത്തിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയെന്നതാണ്.

പ്രണയത്തെ പോലും ഇനിയും അംഗീകരിച്ചിട്ടില്ലാത്ത നമ്മുടെ പിതൃദായക കുടുംബക്രമത്തിന്റെ അടുക്കളയില്‍ ഇതു എളുപ്പം വേവുമെന്നു പറയേണ്ടതില്ലല്ലോ. ഇക്കഴിഞ്ഞ മാസം കേരളത്തിലെ കല്യാണ്‍ ജുവല്ലറിയുടെ ജനപ്രിയമായ പരസ്യം, "വിശ്വാസം അതല്ലേ, എല്ലാം" ഉഴുതുമറിച്ചിട്ട നിലത്താണ് ലവ് ജിഹാദിന്റെ വിഷവിത്തു വീണുമുളക്കുന്നത്. സവര്‍ണ ഹൈന്ദവതയുടെയും, ആണ്‍കോയ്മയുടെയും സുന്ദരസങ്കല്പ പൂങ്കാവനത്തിലാണ് ഒരു പ്രണയം 'വിശ്വാസത്തകര്‍ച്ച'യാകുന്നത്. അതുകൊണ്ടാണ്, വ്യക്തവും വിശ്വസനീയവുമായ ഒരു തെളിവു പോലുമില്ലാത്ത ലവ് ജിഹാദ് എന്ന ഭീതി സാമൂഹ്യജീവിതത്തിനു മേല്‍ അടിച്ചേല്പ്പിക്കാന്‍ യാഥാസ്തിതികത്വത്തിനു കഴിയുന്നതും. ഇത്തരം പ്രചാരണങ്ങളെ പ്രണയത്തിനെതിരെയുള്ള ജിഹാദായിക്കണ്ട്, ചങ്കൂറ്റത്തോടെ ഇതരമതസ്ഥരെ പ്രണയിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യാന്‍ നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് മുട്ടുവിറയ്ക്കുന്നതും ഇതേ കോയ്മകള്‍ക്ക് കുടപിടിക്കുന്നതു കൊണ്ടാണ്.

ഇസ്ലാമിനെ ഭീകരതയുടെ ചിഹ്നങ്ങളാക്കി മാറ്റിയ മുഖ്യധാരാ സംസ്കാരത്തിന് ഇനി മുസ്ലിം യുവാക്കളുടെ പ്രണയത്തേയും, സൌഹൃദത്തെയും ഭീകരതയായി ചിത്രീകരിക്കാന്‍ എളുപ്പം കഴിയും. ഒപ്പം, തങ്ങളുടെ സമുദായങ്ങളില്‍പെട്ട സ്ത്രീകളുടെ സാമൂഹ്യജീവിതത്തെ നിയന്ത്രിക്കാനും അവര്‍ ശ്രമിക്കും. ഇത്, നമ്മുടെ മതേതരമൂല്യങ്ങളിലും, ലിംഗ നീതിയിലുമുണ്ടാക്കുന്ന ആഘാതം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഭീകരമായിരിക്കും. മുതാലിക്കും, മെത്രാനും, മൊല്ലാക്കയുമൊന്നും അതില്‍ വേവലാതിപ്പെട്ടെന്നു വരില്ല.

Sep 3, 2009

റീടേക്ക്: ചിന്താമണി എന്ന കൊലക്കേസ്

സവര്‍ണ്ണഹൈന്ദവതയുടെ അംബാസഡര്‍ പദവിയില്‍ നിന്നും മലയാള സിനിമക്കു വിരമിക്കാന്‍ സമയമായി. ഇല്ലെങ്കില്‍, ഇതിനു പകരം വെക്കേണ്ടി വരിക ഒരു സമൂഹത്തിന്റെ സെകുലര്‍ മൂല്യങ്ങളെയായിരിക്കും. ചിന്താമണി കൊലക്കേസ് എന്ന സിനിമയെ മുന്‍നിര്‍ത്തി ഒരു വിചാരം.
കടുത്ത വര്‍ഗ്ഗീയതയുടെ നിറക്കൂട്ടില്‍ ചാലിച്ചെഴുതിയ സിനിമയായിരുന്നു 2006 ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ്. നിസ്കാരപ്പായയില്‍ വച്ചു സ്വന്തം അദ്ധ്യാപികയെ ബലാല്‍സംഗം ചെയ്തു കൊന്ന ഇസ്ര ഖൂറൈഷിയേയും, സ്വന്തം മകളെ വെപ്പാട്ടിയായി വച്ചുകൊണ്ടിരിക്കുന്ന ഡേവിഡ് രാജ രത്നത്തിന്റേയും മേല്‍ 'കോസ്മിക്ക് ലോ' നടപ്പിലാക്കാന്‍ അവതരിച്ച ലാല്‍ കൃഷ്ണ വിരാഡിയാര്‍ എന്ന സവര്‍ണ പുരുഷകേസരിയുടെ അശ്വമേധമാണീ സിനിമ. നായകന്റെ പേരിലുള്ള 'ലാല്‍ കൃഷ്ണയും' സിനിമയില്‍ ഇടയ്ക്കൊക്കെ ഉപയോഗിക്കപ്പെടുന്നതുമായ അതിന്റെ ചുരുക്കെഴുത്തും (എല്‍. കെ) സൂചിപ്പിക്കുന്നത് ഈ സിനിമയുടെ രാഷ്ട്രീയം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാവണം ചിന്താമണി വാരസ്യാര്‍ എന്ന കഥാനായികയുടെ യഥാര്‍ത്ഥ കൊലയാളി കമ്യൂണിസ്റ്റുകാരനായ കണ്ണായി വക്കീലായതും.

ഇങ്ങനെ ഈ സിനിമയെ നോക്കികാണുമ്പോള്‍ മറ്റു ചില ചോദ്യങ്ങള്‍ ഉയരാവുന്നതാണ്. ഉദാഹരണത്തിന്, കമ്യൂണിസ്റ്റുകാരനേയോ, ദളിതനേയോ, ക്രിസ്ത്യാനിയേയോ, മുസ്ലീമിനേയോ നായക സ്ഥാനത്തുകൊണ്ടുവരുന്ന സിനിമകളാണോ നമ്മുക്കുവേണ്ടത് ​എന്നതാവാം അതിലൊന്ന്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകാരും കുറ്റകൃത്യങ്ങളൊന്നും ചെയ്യാറില്ലേ എന്നതായിരിക്കും മറ്റൊന്ന്. ഇതിനു ആദ്യത്തേതിനു ഉത്തരം നല്‍കുവാന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറിന്റെ പ്രശസ്തമായ "I've Been to the Mountaintop" എന്ന പ്രസംഗത്തില്‍ ആദ്ദേഹം വിവരിക്കുന്ന ഒരു അനുഭവം ചുവടെ ചേര്‍ക്കാം. ഒരിക്കല്‍ അദ്ദേഹത്തിന് മാനസികാസ്വാസ്ഥമുള്ള ഒരു കറുത്തവര്‍ഗ്ഗക്കാരി സ്ത്രീയുടെ കുത്തേറ്റു. നെഞ്ചില്‍ തുളഞ്ഞു കയറിയ കത്തി അയോര്‍ട്ട (aorta)യുടെ അടുത്തെത്തി. ഹോസ്പിറ്റലില്‍ സുഖംപ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു വെള്ളക്കാരി പെണ്‍കുട്ടിയുടെ കത്തുകിട്ടി. ആ കത്ത് ഇങ്ങനെയായിരുന്നു. "പ്രിയ ഡോ. കിങ്, ഞാന്‍ വൈറ്റ് പ്ലെയിന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അത്ര കാര്യമാക്കാനില്ലാത്ത മറ്റൊന്നുകൂടി, ഞാനൊരു വെള്ളക്കാരി പെണ്‍കുട്ടിയാണ്. നിങ്ങള്‍ക്കു പറ്റിയ ദുരന്തത്തെപ്പറ്റി ഞാന്‍ പത്രങ്ങളില്‍ വായിച്ചു. ഒന്നു തുമ്മിപ്പോയാല്‍ മരണം സംഭവിക്കുമായിരുന്ന ഒരു അവസ്ഥയിലായിരുന്നു നിങ്ങളെന്നും ഞാനറിഞ്ഞു. ഒരൊറ്റ കാര്യം നിങ്ങളെ അറിയിക്കാനാണ് ഞാന്‍ ഇതെഴുതുന്നതു: നിങ്ങള്‍ തുമ്മിയില്ല എന്നതില്‍ എനിക്കെത്ര സന്തോഷമുണ്ടെന്നോ!"

ഇവിടെ വെളുത്തവര്‍ഗ്ഗക്കാരി ആയിരുന്നിട്ടുകൂടി ആ പെണ്‍കുട്ടിക്ക് കറുത്തവര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ നോക്കി കാണാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഈ സംഭവം നമ്മോടു പറയുന്നത് വര്‍ഗ്ഗമോ, വര്‍ണ്ണമോ, ജാതിയോ അല്ല നിലപാടാണു പ്രധാനം എന്നാണ്. അതുതന്നെയാണ് തന്റെ Reel to Real : Race, Sex and Class at the Movies എന്ന പുസ്തകത്തില്‍ പ്രശസ്ത ഫെമിനിസ്റ്റ് സാംസ്കാരികചിന്തകയായ ബെല്‍ ഹൂക്കസും പറയുന്നത് :...it was not so much the color of the person who made the images that was crucial but the perspective, the standpoint, the politics.

മുകളില്‍ പറഞ്ഞ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം, ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകാരും കുറ്റകൃത്യങ്ങള്‍ ചെയ്യാറുണ്ട് എന്നു തന്നെയാണ്. അങ്ങിനെയുള്ള കുറ്റവാളികളായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതുകൊണ്ടും തെറ്റില്ല. എന്നാല്‍ അപ്പോഴും നിലപാടുതന്നെയാണ് പ്രധാനം. ഈ ചിത്രത്തിലെ വില്ലന്‍മാരെ തന്നെ എടുത്തുനോക്കാം. അവര്‍ക്കൊരു പ്രത്യേകതയുണ്ട്. അവര്‍ ഇരയുടെ അതേ മതത്തില്‍ പെട്ടവരാണ്. എന്നാല്‍ ചിന്താമണി വാരസ്യാരുടെ കാര്യത്തില്‍ മാത്രം വില്ലന്‍ ഹിന്ദുവെന്നതിലുപരി ഒരു കമ്യൂണിസ്റ്റുകാരനാണ്. ഇതിലൂടെ സിനിമ നമ്മോടു പറയാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും ശത്രുക്കള്‍ ആ മതങ്ങളില്‍പ്പെട്ടര്‍ തന്നെയാണ് എന്നതാണ്. എന്നാല്‍ സവര്‍ണ ഹിന്ദുവിന്റെ ശത്രു, ജാതിയുടെ വാലില്ലാത്ത കമ്യൂണിസ്റ്റുകാരും. ഈ വില്ലന്‍മാര്‍ക്കെല്ലാമെതിരെ പടപൊരുതാന്‍ ഇറങ്ങിയിരിക്കുന്ന നായകനാകട്ടെ പൂണൂലും ഉദ്ധരണികളും കൊണ്ടു തന്റെ സവര്‍ണത വിളിച്ചോതുന്ന വിരാഡിയാരും.

പക്ഷെ അയാള്‍ അങ്ങിനെ ആയിത്തീരാന്‍ കാരണം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വന്തം അദ്ധ്യാപകനെ അക്രമികള്‍ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊല്ലുമ്പോള്‍ ചോരമുഖത്തയ്ക്കു തെറിച്ചതാണ്. അന്നു മാനസികാസ്വാസ്ഥ്യമുണ്ടായ അവന്‍ പിന്നീട് വക്കീലാവുകയും പ്രതികള്‍ക്കുവേണ്ടി വാദിച്ച് അവരെ രക്ഷപ്പെടുത്തിയശേഷം അവരെ നിഷ്കരുണം വധിക്കുകയും ചെയ്യാന്‍ തുടങ്ങി. സിനിമയില്‍ ഫ്ലാഷ്ബാക്കായി അവതരിപ്പിക്കപ്പെടുന്ന നായകന്റെ ഈ ഭൂതകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു സംഭവമുണ്ട്. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ടായിരുന്ന കെ. ടി. ജയകൃഷ്ണന്റെ വധമാണിത്. പ്രതീകാത്മകമായ തലത്തില്‍ നോക്കുമ്പോള്‍ അദ്ദഹത്തിന്റെ വധത്തിനാണ് വിരാഡിയാര്‍ ദൃസാക്ഷിയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ രാഷ്ടീയം ഹിന്ദുത്വ ലൈനില്‍ നീങ്ങുന്നത്. പാക്ഭീകരില്‍ നിന്നും ഇന്ത്യന്‍ മുസ്ലീമിനെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുത്വപാര്‍ട്ടികളെപ്പോലെയാണ് വിരാഡിയാര്‍.

ഒരു ചെറിയ ഉദാഹരണത്തിന് ചിത്രത്തിലെ റസിയാ ടീച്ചറുടെ വധം തന്നെ വിശകലനം ചെയ്യാം. അവര്‍ കൊല്ലപ്പെടുന്നത് നിസ്കാരപ്പായയില്‍ വച്ചാണ്. എന്നിട്ടുപോലും അവരോട് ആനുഭാവം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഈ സിനിമയില്‍ അവരുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളുടെ എക്സ്ട്രീം ക്ലോസപ്പ് ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങിനെ ക്യാമറ ഒരേ സമയം പ്രേക്ഷകരില്‍ സഹതാപവും കാമവും ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മറ്റൊരു ഇരയായ ചിന്താമണി വാരസ്യാരെ തികച്ചും അലൈംഗികമായിത്തന്നെയാണ് സിനിമയില്‍ ഉടനീളം ചിത്രീകരിക്കുന്നത്. റാഗിങ്ങിന്റെ ഭാഗമായി ചിന്താമണിയുടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവളോട് ശവശരീരത്തിനു കല്യാണമാല ചാര്‍ത്താനാവശ്യപ്പെടുമ്പോള്‍ "തമാശക്കാണെങ്കില്‍പ്പോലും അങ്ങെനെയൊന്നും പാടില്യാ" എന്ന് തനി വള്ളുവനാടന്‍ ശൈലിയില്‍ അവള്‍ അപേക്ഷിക്കുന്നു. ഇത് മലയാള സിനിമ സ്വീകരിച്ചുവരുന്ന മറ്റൊരു നിലപാടിന്റെ ഭാഗമാണ്.

സവര്‍ണ്ണസ്ത്രീകളെ ചിത്രീകരിക്കുമ്പോള്‍ എപ്പോഴും നമ്മുടെ സിനിമ 'ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി' തെളിയിക്കാന്‍ പാടുപെടുന്നു. ലൈംഗികത ചട്ടക്കാരികള്‍ക്കോ, സൂസന്നകള്‍ക്കോ, ദളിതര്‍ക്കോ മാത്രമുള്ള അലങ്കാരമാകുന്നു. അതുപോലെ നിസ്കാരപ്പായയില്‍ വച്ചുള്ള കൊലപാതകത്തിന് മറ്റൊരു അര്‍ത്ഥതലം കൂടിയുണ്ട്. കേസിലെ പ്രതിയായ ഇസ്ര ഖുറൈഷിയെ വിരാഡിയാര്‍ വധിക്കുമ്പോള്‍ ഉറപ്പുവരുത്തുന്നത് മുസ്ലീം മതാചാരങ്ങള്‍ അനുഷ്ടിക്കാനുള്ള സ്വാതന്ത്യം കൂടിയാണ്. അങ്ങിനെ സവര്‍ണപുരുഷന്‍ എല്ലാവരുടേയും രക്ഷകനാകുന്നു.

ഈ സിനിമയിലെ ജാതി പ്രതിനിധാനങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്.അത് മറ്റൊരിക്കല്‍.

ജിപ്സന്‍ ജേക്കബ്