മനു വി ദേവദേവന്‍
കഴിഞ്ഞ ഡിസംബര്‍ 6ന് ചാലക്കുടിയില്‍ നിന്നും കായംകുളത്തേക്ക് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്ത സീറ്റില്‍ ഒരു കാരണവരുമുണ്ട്. നേരം പോക്കാന്‍ വേണ്ടി അദ്ദേഹത്തോട് കുശലം ചോദിച്ചുകൊണ്ടിരുന്നു. വണ്ടി കോട്ടയത്തെത്തിയപ്പോള്‍ രണ്ട് പായ്ക്കറ്റ് സംഭാരം വാങ്ങി. ഒന്നു കാരണവര്‍ക്കു കൊടുത്തു. "വേണ്ടായിരുന്നു" എന്നാണ് പറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ മുഖം വിടര്‍ന്നു. കാരണവര്‍ പറഞ്ഞു: "സംഭാരമാണ് നല്ലത് , നമ്മള്‍ ഹിന്ദുക്കള്‍ പണ്ടൊക്കെ ചായയൊന്നും കുടിക്കാറില്ല. സംഭാരമാണ് പതിവ്."നിര്‍ദോഷമായ ഒരു വാചകം. അദ്ദേഹം പറഞ്ഞത് നേരാണു താനും. പക്ഷേ, എന്തോ ഒരു ചേര്‍ച്ചക്കുറവുണ്ടായിരുന്നു ആ പറഞ്ഞതില്‍, പൊന്നുരുക്കുന്നിടത്തു വന്നു നില്‍ക്കുന്ന പൂച്ചയെപ്പോലെ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ആശങ്കാജനകമായ പല സംഭവവികാസങ്ങളുടെയും അടയാളം കാരണവരുടെ അറിവുകൂടാതെ തന്നെ പതിഞ്ഞു കിടന്നിരുന്ന വാചകമാണത്. "നമ്മള്‍ ഹിന്ദുക്കള്‍" വര്‍ഗീയ പ്രലോഭനമോ മതപരമായ പ്രചോദനമോ ഇല്ലാത്ത ഒരു സംഭാഷണ ശകലത്തിലാണ് ഈ പ്രയോഗം. അതുവരെ ഞങ്ങള്‍ സംസാരിച്ചിരുന്നത് വിലക്കയറ്റത്തെ പറ്റിയും ചാലിയാര്‍ ബോട്ടപകടത്തെ പറ്റിയും ഒക്കെയായിരുന്നു. അതിനിടയ്ക്കാണ് "നമ്മള്‍ ഹിന്ദുക്കള്‍" കടന്നു വരുന്നത്. അതു പറയുമ്പോള്‍ ഇന്നു ഡിസംബര്‍ 6 ആണെന്നും നാട്ടിലെങ്ങും ചുവരുകളില്‍ "ഹിന്ദു ശൗര്യ ദിനം" എന്ന തലക്കെട്ടോടെ സംഘ പരിവാര്‍ "വിജയ ദിവസം" ആഘോഷിക്കുന്നതിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചു വച്ചിട്ടുണ്ടോ എന്നും ഓര്‍ത്തിരിക്കാന്‍ ഇടയില്ല അദ്ദേഹം. സംഭാരവും ഹിന്ദു ശൗര്യവും തമ്മില്‍ എന്തു ബന്ധം?
"നമ്മള്‍ ഹിന്ദുക്കള്‍". ഒരുപക്ഷേ അറുപതുകളിലും എഴുപതുകളിലുമൊക്കെ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഊഹിക്കാന്‍ പോലും സാധ്യമല്ലാത്ത ഒരു പ്രയോഗമായിരുന്നു അത് . ഇന്നത് നമ്മുടെ നിത്യ സംഭാഷണത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് പെട്ടന്നുണ്ടായ ഒരു മാറ്റമല്ല. ചുരുങ്ങിയത് മൂന്നു നാലു പതിറ്റാണ്ടുകളുടെയെങ്കിലും ചരിത്രമുണ്ട് ഇതിനു പിന്നില്‍. ബിന്‍ ലദനെ "ലാദാ, സഹോദരാ" എന്നു വിളിക്കാന്‍ മുതിര്‍ന്ന ഒവി വിജയനു പോലും ഖസാക്കിന്റെ ഇതിഹാസം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ പണിക്കന്മാരെ ഹിന്ദൂസാക്കാനും റാവുത്തന്മാരെ മുസ്ലിംസാക്കാനും പ്രേരിപ്പിച്ച മാറ്റമാണത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. പറഞ്ഞുവരുന്നത്, നമ്മുടെ അബോധ തലങ്ങളെ പോലും കുറേശെ സ്വാധീനിച്ചു തുടങ്ങിയ മാറ്റമാണിത് എന്നാണ്.
സംഘ പരിവാറിന്റെ കൊടിക്കീഴില്‍ രൂപം കൊണ്ട ഈ വ്യതിയാനങ്ങള്‍ക്ക് കഴിഞ്ഞ ചില മാസങ്ങളില്‍, അതായത് മന്‍മോഹന്‍ സിംഗ് ഭരണം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചതിനു ശേഷം, പുതിയൊരു ഊര്‍ജം കൈവന്നിട്ടുണ്ട്. ഇതിന്റെ അലകള്‍ കേരളത്തില്‍ എമ്പാടും കണ്മാനുണ്ടു താനും. പരിവാറിന്റെ തിരിച്ചു വരവു എന്നു വേണം ഇതിനെ വിശേഷിപ്പിക്കാന്‍. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നു സംഘടനാ തലത്തിലും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിവാറിന്റെ നയത്തിലും ഉണ്ടായിട്ടുള്ള അഴിച്ചുപണികള്‍ ചില്ലറയൊന്നുമല്ല.
തുക്കിടി ഹിന്ദുക്കള്‍
2002-ലെ ഗോധ്രാ സംഭവത്തിനു ശേഷം ഇന്ത്യയിലെങ്ങും എന്ന പോലെ കേരളത്തിലും സംഘ പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ പുതിയൊരു ദിശയിലേക്ക് തിരിഞ്ഞിരുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്നതായിരുന്നു പരിവാറിന്റെ പുതിയ അപ്രഖ്യാപിത നയം. അതുവരെ ക്ഷേത്രങ്ങള്‍ക്ക് പരിവാറിന്റെ അജന്‍ഡയില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ക്ഷേത്രങ്ങള്‍ അവരുടെ ഫോക്കല്‍ പോയിന്റായി മാറി. അതിന്റെ ഭാഗമായിട്ട് ആദ്യം തന്നെ കേരളത്തിലെ ക്ഷേത്രങ്ങളുടെ കണക്കെടുപ്പും, ക്ഷേത്ര മാഹത്മ്യം, സ്ഥല പുരാണം എന്നിവയുടെ ശേഖരണവും നടന്നു. അങ്ങനെ ക്ഷേത്രങ്ങളെക്കുറിച്ച് റെവന്യൂ വകുപ്പിലുള്ളതിനെക്കാള്‍ ആധികാരികമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കാന്‍ പരിവാറിനു സാധിച്ചു. പിന്നീട് പല ക്ഷേത്രങ്ങളുടേയും സ്വര്‍ണപ്രശ്നവും, പുനരുദ്ധാരണവും, പുനപ്രതിഷ്ഠയും ശുദ്ധികലശവും നടന്നു. പ്രശ്നം വയ്പ്പില്‍ ഔചിത്യം കുറഞ്ഞ കണ്ടെത്തലുകള്‍ ഉണ്ടായ ചില സാഹചര്യങ്ങളിലെങ്കിലും "പ്രശ്നക്കാരന്‍" വൈകാതെ തന്നെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കഥകള്‍ അതാതു ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ക്കു പറയാനുണ്ട്. പുനരുദ്ധാരണത്തിനും, പുനപ്രതിഷ്ഠയ്ക്കും വലിയ തോതില്‍ ചിലവായത് ഗള്‍ഫ് പണമാണെന്ന് അടുത്ത കാലത്ത് ഈ ലേഖകന്‍ നടത്തിയ ഒരു പൈലറ്റ് സര്‍വേ വെളിപ്പെടുത്തുന്നു.
2005-നു ശേഷം കേരളത്തില്‍ സംഘപരിവാറിന്റെ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് കുറേശെ മങ്ങലേറ്റു തുടങ്ങിയതായി കാണുന്നു. നാട്ടിലെങ്ങും തങ്ങളുടെ അജന്‍ഡ നടപ്പിലാക്കാന്‍ സ്ഥലങ്ങളിലെ പ്രമാണിമാര്‍ പലരും സഹര്‍ഷം മുന്നോട്ടു വന്നതാണ് ഇതിനു കരണം എന്നു പറയാം. ഗ്രാമതലത്തിലും പഞ്ചായത്ത് തലത്തിലുമൊക്കെ സ്ഥാപിത താല്പര്യങ്ങളുള്ള പല നാട്ടു പ്രമാണിമാരും 2005-നു ശേഷം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും സ്വര്‍ണപ്രശ്നം പോലെയുള്ള സംരംഭങ്ങള്‍ സ്പോണ്‍സര്‍ ചെയ്യന്‍ മുന്നോട്ടു വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ അജന്‍ഡ വിജയിച്ചു തുടങ്ങി എന്ന വിശ്വാസത്തില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി പരിവാര്‍. ഒരുതരം ഔട്ട്-സോഴ്സിങ്ങ് എന്നു വിളിക്കാം ഇതിനെ. വികസനം എന്ന മുദ്രാവാക്യം സ്വീകരിക്കുവാന്‍ തുടങ്ങിയ പരിവാര്‍ പൊതുവേദികളിലും മറ്റും ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കാതെയായി. അതാതു സ്ഥലത്തെ (ഔട്ട്-സോഴ്സിങ്ങ് ഏറ്റെടുത്ത) തുക്കിടി ഹിന്ദുക്കള്‍ അതു ഭംഗിയായി നിറവേറ്റുന്നുണ്ട് എന്ന വിശ്വാസമായിരുന്നു ഈ പുതിയ നയത്തിനു പിന്നില്‍.
ഈ വിശ്വാസം അസ്ഥാനത്തായിരുന്നു എന്ന് 2009-ലെ പൊതു തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അഖിലേന്ത്യാ തലത്തില്‍ ബിജെപിയുടെ വോട്ട് 2004ലേതില്‍ നിന്നും 3.5 ശതമാനം കുറഞ്ഞ് 18.8 ശതമാനത്തിലേക്കെത്തി. കേരളത്തിലാണെങ്കില്‍ ഇത് 2004ലെ 10.39 ശതമാനത്തില്‍ നിന്നും 6.43 ശതമാനത്തിലേക്ക് കൂപ്പു കുത്തി. ഇതാകട്ടെ 1999ല്‍ ലഭിച്ച 6.56 ശതമാനത്തിനും താഴെയായിരുന്നു. ഇത് നിര്‍ണായകമായ ഒരു തിരിച്ചറിവിലേക്കാണ് സംഘപരിവാറിനെ കൊണ്ടെത്തിച്ചത്. തുക്കിടി ഹിന്ദുക്കള്‍ പ്രവര്‍ത്തിക്കുന്നത് പരിവാറിനു വേണ്ടിയല്ല, അവരവരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. അതോടൊപ്പം തന്നെ മറ്റൊരു സത്യം കൂടി പരിവാര്‍ മനസിലാക്കി. ഹിന്ദുത്വ പോലുള്ള ആശയം പ്രചരിപ്പിക്കാന്‍ ബിജെപിയും, ആര്‍എസ്എസും, ബജരംഗ് ദളും ഒന്നും വേണ്ട. സംഘടിത കൂട്ടായ്മകളുടെ ആവശ്യമില്ല വര്‍ഗീയത പ്രചരിക്കാന്‍. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നു പോയാല്‍ വൈകാതെ തന്നെ സംഘപരിവാര്‍ പ്രസക്തി നഷ്ടപ്പെട്ട ഒരു കൂട്ടായ്മയായിത്തീരും. അതുകൊണ്ട് ഉടന്‍ തന്നെ ഗ്രാസ് റൂട്ട് തലത്തിലെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താതെ നിര്‍വാഹമില്ല. ഈ തിരിച്ചറിവാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാണുന്ന ആര്‍എസ്എസിന്റെ ആവേശം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍.
ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുക
ഇന്നു കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ്. തലശേരി തിരുവങ്ങാട് ക്ഷേത്രം പോലുള്ള ചിലയിടത്ത് പ്രകോപനകരമായ രീതിയില്‍ തന്നെ സാന്നിധ്യം അറിയാനുണ്ട്. മിക്ക ഉത്സവങ്ങളിലും ആര്‍എസ്എസ് സ്വാധീനം പ്രകടമായി കാണാം. കഴിഞ്ഞ നവംബര്‍ പത്താം തിയതി അവസാനിച്ച പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമൊക്കെ ശക്തമായ ആര്‍എസ്എസ് മേല്‍നോട്ടത്തിലായിരുന്നു നടന്നത്. കാലദോഷം ബാധിച്ചു കിടന്നിരുന്ന ചക്കുളത്തു കാവിലമ്മയും ആറ്റുകാലമ്മയും ഒക്കെ ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പെട്ടന്ന് സെലിബ്രിറ്റികളായി മാറിയത് നമ്മുടെ കണ്‍മുന്‍പില്‍ വച്ചാണ്. ഇന്ന് അവിടങ്ങളില്‍ പൊങ്കാലയിടാന്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ എത്തിച്ചേരുന്നു. (ചക്കുളത്തുകാവിന്റെ തലപ്പത്തിരിക്കുന്ന ഭാരവാഹികളില്‍ രണ്ട് പേര്‍ എംബിഎക്കാരാണ്). കഴിഞ്ഞ പൊങ്കാല നടന്നത് ആര്‍എസ്എസിന്റെ പെനോപ്റ്റിക്കണ്‍ ചുവട്ടിലായിരുന്നു. മണ്ണാര്‍കാട്-ശ്രീക്രഷ്ണപുരം റൂട്ടിലുള്ള തീരെ അറിയപ്പെടാത്ത ഒരു കൊച്ചു ക്ഷേത്രമാണ് തിരുവളയനാട് ഭഗവതി ക്ഷേത്രം. അവിടെ കഴിഞ്ഞ ഡിസംബര്‍ ഒന്നാം തിയതി, കാര്‍ത്തികവിളക്കിന്റെയന്ന്, പരിവാര്‍ പിന്‍ബലത്തോടെ ലക്ഷം ദീപ സമര്‍പ്പണം നടന്നു. പറയാതെ നിവൃത്തിയില്ല, കണ്ണഞ്ചിപ്പിക്കുന്ന ഒരു ദ്ര്യശ്യവിസ്മയമായിരുന്നു അത്. ചെര്‍പ്പുളശേരി അയ്യപ്പന്‍ കാവിലും, കല്ലടിക്കോട്ട് കാട്ടുശേരി അയ്യപ്പക്ഷേത്രത്തിലും, തേനൂര്‍ സുബ്രമണ്യ ക്ഷേത്രത്തിലും, അതുപോലെ മാങ്കുറിശിയിലും, പത്തിരിപ്പാലയിലും, അങ്ങേക്കാവിലും, ഇങ്ങേക്കാവിലും എല്ലായിടത്തും കാര്‍ത്തിക വിളക്കു പൊടിച്ചു.
ആരോരും അറിയാത്ത കോഴഞ്ചേരി മേലുകര സുബ്രമണ്യ ക്ഷേത്രം തുടങ്ങി കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവണ്‍വണ്ടൂര്‍ ക്ഷേത്രം വരെ പലയിടത്തും ഭാഗവത പാരായണവും സപ്താഹവായനയും നടന്നു. പാമ്പാടിയിലുള്ള പാമ്പ് കാവില്‍ പോലും നവംബര്‍ 15മുതല്‍ 21 വരെ ഭാഗവത സപ്താഹ യജ്ഞം ആചരിക്കുകയുണ്ടായി. കുചേലവൃത്തവും, രുഗ്മിണി സ്വയംവരവും, കൃഷ്ണാവതാരവും അജാമിളമോക്ഷവുമൊക്കെയാണ് അവിടെ പാരായണത്തിനു തെരഞ്ഞെടുത്തത്. നാഗാരാധനയുടെ കേന്ദ്രമായ ഈ കാവില്‍ കാളിയമര്‍ദ്ദനം കൂടി അവതരിപ്പിക്കാന്‍ മടിച്ചില്ല സംഘാടകര്‍. ഹിന്ദുത്വ എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്ന വൈഷ്ണവൈസേഷന്‍ എത്രകണ്ട് വികൃതമായിത്തീരാം എന്നതിന്റെ നല്ല ഉദാഹരണമാണ് പാമ്പാടിയില്‍ അരങ്ങേറിയത്.മാറുന്ന ചിഹ്നങ്ങള്‍
ഇന്ന് കേരളത്തിലുള്ള ശരാശരി "ഹിന്ദുക്കള്‍" പലരും കൈയ്യില്‍ രക്ഷ കെട്ടിക്കൊണ്ടു നടക്കുന്നത് ഒരു സാധാരണ ദൃശ്യമത്രെ. ചന്ദനക്കുറി തൊടുന്ന മലയാളിക്കു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. പകരം ചുവന്ന കുറി തൊടുന്നവരാണ് ഇപ്പോള്‍. ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ്മ പഴശ്ശിരാജാ എന്ന സിനിമയില്‍ പോലും മാക്കം എന്ന കഥാപാത്രം ചില അവസരങ്ങളില്‍ ചുവന്ന കുറി തൊട്ടുകൊണ്ട് രംഗത്തെത്തുന്നു. വിവഹിതരായ സ്ത്രീകള്‍ മുടി പകുത്തിട്ട് അവിടെ കുങ്കുമം പൂശുന്ന ഒരു ട്രൈബല്‍ ആചാരമുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ഈ ആചാരം കേരളം ഒഴികെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രചാരം നേടി. കൊളോനിയല്‍ കാലഘട്ടത്തില്‍ വടക്കെ ഇന്ത്യയിലും ചില ഇടങ്ങളില്‍ സുമംഗലികള്‍ ഈ ആചാരം സ്വന്തമാക്കി.എന്നാല്‍ കേരളത്തിലെ "ഹിന്ദു" വനിതകള്‍ അടുത്ത കാലം വരെ കുങ്കുമം കൊണ്ടുള്ള ഈ നെറ്റിപ്പട്ടം അണിയാന്‍ കൂട്ടാക്കിയിരുന്നില്ല. പക്ഷെ ഇന്നത് ദ്രൗപതിയുടെ അഴിഞ്ഞ മുടിയേക്കാള്‍ പ്രക്ഷോഭകരമായ ഒരു ചിഹ്നമായി മാറിയിട്ടുണ്ട് കേരളത്തില്‍.
അതുപോലെ മറ്റൊരു ചിഹ്നമാണ് പ്രവീണ്‍ തൊഗാഡിയ. വടക്കെ ഇന്ത്യയിലെ സംഘ പരിവാര്‍ അനുയായികളില്‍ തന്നെ പലരും അയളെ ഇതിനകം മറന്നുകാണും. പക്ഷെ കേരളത്തില്‍ അയാളുടെ സാന്നിധ്യം ഇപ്പോഴും സജീവമാണ്. അടുത്ത കാലത്തു നടന്ന രണ്ട് ജാഥകളില്‍ തൊഗാഡിയയുടെ ചിത്രം കാണാനിടയായി ഈ ലേഖകന്‍. ഒന്നു വര്‍ക്കലയില്‍, മറ്റൊന്ന് കൊടുങ്ങല്ലൂരില്‍. പട്ടാമ്പിയില്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിനടുത്ത് ഒരു മാസത്തിലേറെക്കാലം തൊഗാഡിയയുടെ ഒരു ചിത്രം കാണാനുണ്ടായിരുന്നു. ഇപ്പോഴും കാണും ചിലപ്പോള്‍.
ഇന്നു കേരളത്തില്‍ ഏറ്റവുമധികം സൈന്‍-ബോര്‍ഡുകളുള്ളത് ക്ഷേത്രത്തിന്റെതാണ്. ഏറ്റവുമധികം വിറ്റ് പോവുന്നത് കുരുക്ഷേത്ര, വിദ്യാരംഗം, ദേവി ബുക്സ്റ്റാള്‍ എന്നീ പ്രസാധകര്‍ ഇറക്കുന്ന വ്യാഖ്യാനസഹിതമായ ഭാഗവതവും ഗീതയും, നാരായണീയവും വേദോപനിഷത്തുകളും, പിന്നെ സഹസ്രനാമം, മുകുന്ദമാല തുടങ്ങിയ സ്തോത്രങ്ങളും. ഹിന്ദു ദേവാലയങ്ങള്‍, ഹിന്ദു ആചാരങ്ങള്‍, ഹിന്ദു പൂജാവിധി എന്നൊക്കെ പേരുകളുള്ള കൃതികളും. ഗോല്‍വാക്കറെ പോലെയുള്ള "ഗുരു"ക്കന്മാരുടെ ജീവചരിത്രങ്ങളുമാണ്. ഗുരുവായൂര്‍ കൃഷ്ണ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹദേവ ക്ഷേത്രം, പെരളശേരി സുബ്രമണ്യ ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവയുടെ നടയ്ക്കല്‍ ആര്‍എസ്എസ് സ്വാധീനമുള്ള ബുക്സ്റ്റാളുകളുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് സംഘപരിവാറിന്റെ ധനസഹായം ഒഴുകിയെത്തുന്നു. മാടായിക്കാവിന്റെ പുനരുദ്ധാരണത്തിനു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് എഡിയൂരപ്പ സംഭാവന ചെയ്തത് 27 ലക്ഷം രൂപയാണ്. 2008ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അദ്ദേഹം മാടായിക്കവില്‍ തൊഴാനെത്തി. തെരഞ്ഞെടുപ്പു കഴിഞ്ഞ് മുഖ്യമന്ത്രിയായ ശേഷവും പലതവണ മാടായിക്കാവ് സന്ദര്‍ശിക്കുകയുണ്ടായി എഡിയൂരപ്പ.
ഫാഷിസത്തിന്റെ തിരിച്ചുവരവ്
ട്രെയിനില്‍ വെച്ച് കണ്ടുമുട്ടിയ കാരണവര്‍ "നമ്മള്‍ ഹിന്ദുക്കള്‍ പണ്ടൊക്കെ ചായയൊന്നും കുടിക്കാറില്ല" എന്നു പറഞ്ഞത് കഴിഞ്ഞ ഡിസംബര്‍ 6നാണ്. അന്ന് കേരളത്തില്‍ വിജയദിവസം ആഘോഷിക്കപ്പെട്ടു. സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു എല്ലാ ആഘോഷങ്ങളും. കേരളത്തില്‍ എല്ലാ വര്‍ഷവും ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം ആഘോഷിക്കുക പതിവാണ്. അതാതു സ്ഥലത്തെ ആര്‍എസ്എസ് കാരും, തുക്കിടി ഹിന്ദുക്കളായ നാട്ടുപ്രമാണിമാരുമാണ് ഇതിനു നേതൃത്വം വഹിക്കാറ്. ഹിന്ദു ശൗര്യത്തെപ്പറ്റിയും ഹിന്ദുമതം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയുമൊക്കെ ജനങ്ങളെ "ബോധവാന്മാരക്കുന്ന", കൈകൊണ്ടെഴുതിയ പോസ്റ്ററുകള്‍ ഡിസംബര്‍ മാസത്തില്‍ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. പതിനെട്ട് വര്‍ഷമായി മുടങ്ങാതെ നടന്നുപോരുന്ന അനുഷ്ഠാനം. പക്ഷേ കഴിഞ്ഞ ഡിസംബര്‍ വ്യത്യസ്തമായിരുന്നു. കൂടുതല്‍ കേന്ദ്രീകൃതമായിരുന്നു ഇത്തവണ ആഘോഷങ്ങള്‍. എല്ലായിടത്തും ഒരേതരത്തിലുള്ള പോസ്റ്ററുകള്‍. കൈകൊണ്ടെഴുതിയതല്ല, അച്ചടിച്ചതു തന്നെ.അതില്‍ അമ്പെയ്തുകൊണ്ടു നില്‍ക്കുന്ന രാമന്റെ ചിത്രവും "ഹിന്ദു ശൗര്യ ദിനം" എന്ന പ്രഖ്യാപനവും. അതുപോലെ പതിനെട്ടാം നൂറ്റാണ്ടില്‍ ബംഗാളിലെ ബ്രാഹ്മണനു തോന്നിയ വികൃതിയുടെ ഫലമായി രാമായണത്തില്‍ നുഴഞ്ഞുകയറിയ "ജനനി ജന്മഭുമിശ്ച സ്വര്‍ഗാതപി ഗരീയസി"എന്ന ശ്ലോകത്തിന്റെ മലയാള വിവര്‍ത്തനം അടങ്ങിയ മറ്റൊരു പോസ്റ്ററും. ഒറ്റക്കെട്ടായിട്ടണ് ഇത്തവണ സംഘപരിവാര്‍ കേരളത്തില്‍ "വിജയ ദിവസം" ആചരിച്ചത്.
സംഘപരിവാര്‍ തിരിച്ചു വരുന്നു. അവസാനം അത്രയെ പറയാനുള്ളു. കുറേ വിട്ടുവീഴ്ച്ചകള്‍ക്കുശേഷം, കുറേ പരാജയങ്ങള്‍ക്ക് ശേഷം സംഘപരിവാര്‍ തിരിച്ചുവരുന്നു.
ലേഖകന്‍ മംഗലാപുരം സര്‍വകലാശാലയില്‍ ചരിത്ര ഗവേഷകനാണ്.
