കടുത്ത വര്‍ഗ്ഗീയതയുടെ നിറക്കൂട്ടില്‍ ചാലിച്ചെഴുതിയ സിനിമയായിരുന്നു 2006 ല്‍ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ്. നിസ്കാരപ്പായയില്‍ വച്ചു സ്വന്തം അദ്ധ്യാപികയെ ബലാല്‍സംഗം ചെയ്തു കൊന്ന ഇസ്ര ഖൂറൈഷിയേയും, സ്വന്തം മകളെ വെപ്പാട്ടിയായി വച്ചുകൊണ്ടിരിക്കുന്ന ഡേവിഡ് രാജ രത്നത്തിന്റേയും മേല്‍ 'കോസ്മിക്ക് ലോ' നടപ്പിലാക്കാന്‍ അവതരിച്ച ലാല്‍ കൃഷ്ണ വിരാഡിയാര്‍ എന്ന സവര്‍ണ പുരുഷകേസരിയുടെ അശ്വമേധമാണീ സിനിമ. നായകന്റെ പേരിലുള്ള 'ലാല്‍ കൃഷ്ണയും' സിനിമയില്‍ ഇടയ്ക്കൊക്കെ ഉപയോഗിക്കപ്പെടുന്നതുമായ അതിന്റെ ചുരുക്കെഴുത്തും (എല്‍. കെ) സൂചിപ്പിക്കുന്നത് ഈ സിനിമയുടെ രാഷ്ട്രീയം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാവണം ചിന്താമണി വാരസ്യാര്‍ എന്ന കഥാനായികയുടെ യഥാര്‍ത്ഥ കൊലയാളി കമ്യൂണിസ്റ്റുകാരനായ കണ്ണായി വക്കീലായതും.ഇങ്ങനെ ഈ സിനിമയെ നോക്കികാണുമ്പോള്‍ മറ്റു ചില ചോദ്യങ്ങള്‍ ഉയരാവുന്നതാണ്. ഉദാഹരണത്തിന്, കമ്യൂണിസ്റ്റുകാരനേയോ, ദളിതനേയോ, ക്രിസ്ത്യാനിയേയോ, മുസ്ലീമിനേയോ നായക സ്ഥാനത്തുകൊണ്ടുവരുന്ന സിനിമകളാണോ നമ്മുക്കുവേണ്ടത് എന്നതാവാം അതിലൊന്ന്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകാരും കുറ്റകൃത്യങ്ങളൊന്നും ചെയ്യാറില്ലേ എന്നതായിരിക്കും മറ്റൊന്ന്. ഇതിനു ആദ്യത്തേതിനു ഉത്തരം നല്‍കുവാന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയറിന്റെ പ്രശസ്തമായ "I've Been to the Mountaintop" എന്ന പ്രസംഗത്തില്‍ ആദ്ദേഹം വിവരിക്കുന്ന ഒരു അനുഭവം ചുവടെ ചേര്‍ക്കാം. ഒരിക്കല്‍ അദ്ദേഹത്തിന് മാനസികാസ്വാസ്ഥമുള്ള ഒരു കറുത്തവര്‍ഗ്ഗക്കാരി സ്ത്രീയുടെ കുത്തേറ്റു. നെഞ്ചില്‍ തുളഞ്ഞു കയറിയ കത്തി അയോര്‍ട്ട (aorta)യുടെ അടുത്തെത്തി. ഹോസ്പിറ്റലില്‍ സുഖംപ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു വെള്ളക്കാരി പെണ്‍കുട്ടിയുടെ കത്തുകിട്ടി. ആ കത്ത് ഇങ്ങനെയായിരുന്നു. "പ്രിയ ഡോ. കിങ്, ഞാന്‍ വൈറ്റ് പ്ലെയിന്‍സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അത്ര കാര്യമാക്കാനില്ലാത്ത മറ്റൊന്നുകൂടി, ഞാനൊരു വെള്ളക്കാരി പെണ്‍കുട്ടിയാണ്. നിങ്ങള്‍ക്കു പറ്റിയ ദുരന്തത്തെപ്പറ്റി ഞാന്‍ പത്രങ്ങളില്‍ വായിച്ചു. ഒന്നു തുമ്മിപ്പോയാല്‍ മരണം സംഭവിക്കുമായിരുന്ന ഒരു അവസ്ഥയിലായിരുന്നു നിങ്ങളെന്നും ഞാനറിഞ്ഞു. ഒരൊറ്റ കാര്യം നിങ്ങളെ അറിയിക്കാനാണ് ഞാന്‍ ഇതെഴുതുന്നതു: നിങ്ങള്‍ തുമ്മിയില്ല എന്നതില്‍ എനിക്കെത്ര സന്തോഷമുണ്ടെന്നോ!"
ഇവിടെ വെളുത്തവര്‍ഗ്ഗക്കാരി ആയിരുന്നിട്ടുകൂടി ആ പെണ്‍കുട്ടിക്ക് കറുത്തവര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ നോക്കി കാണാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഈ സംഭവം നമ്മോടു പറയുന്നത് വര്‍ഗ്ഗമോ, വര്‍ണ്ണമോ, ജാതിയോ അല്ല നിലപാടാണു പ്രധാനം എന്നാണ്. അതുതന്നെയാണ് തന്റെ Reel to Real : Race, Sex and Class at the Movies എന്ന പുസ്തകത്തില്‍ പ്രശസ്ത ഫെമിനിസ്റ്റ് സാംസ്കാരികചിന്തകയായ ബെല്‍ ഹൂക്കസും പറയുന്നത് :...it was not so much the color of the person who made the images that was crucial but the perspective, the standpoint, the politics.
മുകളില്‍ പറഞ്ഞ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം, ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകാരും കുറ്റകൃത്യങ്ങള്‍ ചെയ്യാറുണ്ട് എന്നു തന്നെയാണ്. അങ്ങിനെയുള്ള കുറ്റവാളികളായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതുകൊണ്ടും തെറ്റില്ല. എന്നാല്‍ അപ്പോഴും നിലപാടുതന്നെയാണ് പ്രധാനം. ഈ ചിത്രത്തിലെ വില്ലന്‍മാരെ തന്നെ എടുത്തുനോക്കാം. അവര്‍ക്കൊരു പ്രത്യേകതയുണ്ട്. അവര്‍ ഇരയുടെ അതേ മതത്തില്‍ പെട്ടവരാണ്. എന്നാല്‍ ചിന്താമണി വാരസ്യാരുടെ കാര്യത്തില്‍ മാത്രം വില്ലന്‍ ഹിന്ദുവെന്നതിലുപരി ഒരു കമ്യൂണിസ്റ്റുകാരനാണ്. ഇതിലൂടെ സിനിമ നമ്മോടു പറയാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും ശത്രുക്കള്‍ ആ മതങ്ങളില്‍പ്പെട്ടര്‍ തന്നെയാണ് എന്നതാണ്. എന്നാല്‍ സവര്‍ണ ഹിന്ദുവിന്റെ ശത്രു, ജാതിയുടെ വാലില്ലാത്ത കമ്യൂണിസ്റ്റുകാരും. ഈ വില്ലന്‍മാര്‍ക്കെല്ലാമെതിരെ പടപൊരുതാന്‍ ഇറങ്ങിയിരിക്കുന്ന നായകനാകട്ടെ പൂണൂലും ഉദ്ധരണികളും കൊണ്ടു തന്റെ സവര്‍ണത വിളിച്ചോതുന്ന വിരാഡിയാരും.
പക്ഷെ അയാള്‍ അങ്ങിനെ ആയിത്തീരാന്‍ കാരണം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വന്തം അദ്ധ്യാപകനെ അക്രമികള്‍ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊല്ലുമ്പോള്‍ ചോരമുഖത്തയ്ക്കു തെറിച്ചതാണ്. അന്നു മാനസികാസ്വാസ്ഥ്യമുണ്ടായ അവന്‍ പിന്നീട് വക്കീലാവുകയും പ്രതികള്‍ക്കുവേണ്ടി വാദിച്ച് അവരെ രക്ഷപ്പെടുത്തിയശേഷം അവരെ നിഷ്കരുണം വധിക്കുകയും ചെയ്യാന്‍ തുടങ്ങി. സിനിമയില്‍ ഫ്ലാഷ്ബാക്കായി അവതരിപ്പിക്കപ്പെടുന്ന നായകന്റെ ഈ ഭൂതകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു സംഭവമുണ്ട്. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ടായിരുന്ന കെ. ടി. ജയകൃഷ്ണന്റെ വധമാണിത്. പ്രതീകാത്മകമായ തലത്തില്‍ നോക്കുമ്പോള്‍ അദ്ദഹത്തിന്റെ വധത്തിനാണ് വിരാഡിയാര്‍ ദൃസാക്ഷിയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ രാഷ്ടീയം ഹിന്ദുത്വ ലൈനില്‍ നീങ്ങുന്നത്. പാക്ഭീകരില്‍ നിന്നും ഇന്ത്യന്‍ മുസ്ലീമിനെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുത്വപാര്‍ട്ടികളെപ്പോലെയാണ് വിരാഡിയാര്‍.
ഒരു ചെറിയ ഉദാഹരണത്തിന് ചിത്രത്തിലെ റസിയാ ടീച്ചറുടെ വധം തന്നെ വിശകലനം ചെയ്യാം. അവര്‍ കൊല്ലപ്പെടുന്നത് നിസ്കാരപ്പായയില്‍ വച്ചാണ്. എന്നിട്ടുപോലും അവരോട് ആനുഭാവം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഈ സിനിമയില്‍ അവരുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളുടെ എക്സ്ട്രീം ക്ലോസപ്പ് ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങിനെ ക്യാമറ ഒരേ സമയം പ്രേക്ഷകരില്‍ സഹതാപവും കാമവും ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മറ്റൊരു ഇരയായ ചിന്താമണി വാരസ്യാരെ തികച്ചും അലൈംഗികമായിത്തന്നെയാണ് സിനിമയില്‍ ഉടനീളം ചിത്രീകരിക്കുന്നത്. റാഗിങ്ങിന്റെ ഭാഗമായി ചിന്താമണിയുടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവളോട് ശവശരീരത്തിനു കല്യാണമാല ചാര്‍ത്താനാവശ്യപ്പെടുമ്പോള്‍ "തമാശക്കാണെങ്കില്‍പ്പോലും അങ്ങെനെയൊന്നും പാടില്യാ" എന്ന് തനി വള്ളുവനാടന്‍ ശൈലിയില്‍ അവള്‍ അപേക്ഷിക്കുന്നു. ഇത് മലയാള സിനിമ സ്വീകരിച്ചുവരുന്ന മറ്റൊരു നിലപാടിന്റെ ഭാഗമാണ്.
സവര്‍ണ്ണസ്ത്രീകളെ ചിത്രീകരിക്കുമ്പോള്‍ എപ്പോഴും നമ്മുടെ സിനിമ 'ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി' തെളിയിക്കാന്‍ പാടുപെടുന്നു. ലൈംഗികത ചട്ടക്കാരികള്‍ക്കോ, സൂസന്നകള്‍ക്കോ, ദളിതര്‍ക്കോ മാത്രമുള്ള അലങ്കാരമാകുന്നു. അതുപോലെ നിസ്കാരപ്പായയില്‍ വച്ചുള്ള കൊലപാതകത്തിന് മറ്റൊരു അര്‍ത്ഥതലം കൂടിയുണ്ട്. കേസിലെ പ്രതിയായ ഇസ്ര ഖുറൈഷിയെ വിരാഡിയാര്‍ വധിക്കുമ്പോള്‍ ഉറപ്പുവരുത്തുന്നത് മുസ്ലീം മതാചാരങ്ങള്‍ അനുഷ്ടിക്കാനുള്ള സ്വാതന്ത്യം കൂടിയാണ്. അങ്ങിനെ സവര്‍ണപുരുഷന്‍ എല്ലാവരുടേയും രക്ഷകനാകുന്നു.
ഈ സിനിമയിലെ ജാതി പ്രതിനിധാനങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്.അത് മറ്റൊരിക്കല്‍.
ജിപ്സന്‍ ജേക്കബ്
