മുകളിലെ ചിത്രങ്ങള്‍ക്ക് ഒരടിക്കുറിപ്പാവശ്യമില്ല. ജനുവരി 24നാണ് ഹൈന്ദവ തീവ്രവാദിസംഘം ശ്രീരാമസേന മംഗലാപുരത്തെ അംനേഷ്യ പബ്ബിലൂണ്ടായിരുന്ന ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ, അടിച്ചോടിച്ചത്. പബ്ബില്‍ പോകുന്ന പെണ്‍കുട്ടികള്‍ ആര്‍ഷഭാരത സംസ്കാരത്തെ കളങ്കപ്പെടുത്തുന്നുവെന്നാണ് രാമസേനയുടെ മതം. സേനാത്തലവന്‍ പ്രമോദ് മുത്താലിക്കിന്റെ മൊഴിയില്‍ "നമ്മുടെ അമ്മമാരേയും പെണ്‍മക്കളേയും രക്ഷിക്കാനാണ്" അംനേഷ്യ ആക്രമിച്ചത്. മനുമുത്താലിക്കിനെ ഇങ്ങനെയും വായിക്കാം: ഈ നാട്ടിലെ സ്ത്രീകളുടെ രക്ഷാമാര്‍ഗം ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പെണ്ണുങ്ങള്‍ ആ വഴി പോയാല്‍ മതി, ഇനി പോയില്ലെങ്കില്‍ ധര്‍മ്മരക്ഷാര്‍ത്ഥം ബലം പ്രയോഗിക്കും.പെണ്ണുങ്ങള്‍ പൊതുവെ ഒരു പിശകാണെന്ന് കാര്യത്തില്‍ മുത്താലിക്കും, മൊല്ലാക്കയും, മെത്രാനും ഒന്നിക്കും. കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയില്ലെങ്കില്‍ ചിന്നം വിളിച്ചോടിപ്പോകുന്ന വര്‍ഗം. സ്ത്രീകളോടുള്ള മതമൗലിക വാദികളുടെ ഈ നിലപാട് പുതിയ കാര്യമല്ല. സ്ത്രീയുടെ സ്വതന്ത്രമായ സാമൂഹ്യജീവിതത്തെ ഭയക്കുന്ന നേതൃത്വങ്ങളും, മൗലികവാദ സംഘങ്ങളും അവളുടെ ശരീരത്തിനും ലൈംഗികതയ്ക്കും മേല്‍ സംസ്കാരത്തിന്റേയും, പാരമ്പര്യ മൂല്യങ്ങളുടേയും പേരില്‍ ആധിപത്യമുറപ്പിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഉദാഹരണങ്ങള്‍ നിരവധി: മുടിമൂടിമാത്രമെ പെണ്ണുങ്ങള്‍ പള്ളിയില്‍ക്കയറാവു എന്നു ശാസിച്ച കത്തോലിക്കരുടെ ശങ്കരന്‍ വിശുദ്ധ പൗലോ മുതല്‍ ആര്‍ത്തവരക്തത്തെ പേടിക്കുന്ന ദൈവങ്ങള്‍ വരെ. ചരിത്രപരമായ ഈ കിഴട്ടു കുന്നായ്മകള്‍ക്കെല്ലാം ശാസ്ത്രവും, സാഹിത്യവും ചമയ്ക്കുന്ന പൗരോഹിത്യം എന്നും ഈ തീട്ടൂരങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്സാഹവും കാട്ടിപ്പോന്നു.
ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് കേരളത്തില്‍ ഇപ്പോള്‍ പടര്‍ന്നുപരക്കുന്ന ലവ് ജിഹാദ് ജ്വരം. അതിന്റെ ഏറ്റവും അടുത്ത ഉന്നം മുസ്ലിം സമുദായവും, അതിലേറെ പ്രാധാന്യമുള്ള വിശാല ലക്ഷ്യം സ്ത്രീകളുടെ സ്വാതന്ത്ര്യവും, ലൈംഗികതയുമാണ്. പ്രണയം നടിച്ച് യുവതികളെ വിവാഹം കഴിച്ചതിനു ശേഷം അവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്ന ഒരു മുസ്ലിം സംഘം നിലവിലുണ്ടെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വാദം. ഇത്തരത്തിലൊരു സംഘം യഥാര്‍ത്ഥത്തിലുണ്ടോ, അവര്‍ക്കു പിന്നില്‍ വിദേശകരങ്ങളുണ്ടോ എന്നന്വേഷിക്കാനുള്ള സെപ്റ്റംബര്‍ 30ലെ കേരള ഹൈക്കോടതി വിധി ഈ പ്രചാരണത്തിന് ആക്കവും കൊഴുപ്പും കൂട്ടി.
ഒക്ടോബര്‍ 10ന്, പൂനെയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കവേ മുത്താലിക് പറഞ്ഞത് ലവ് ജിഹാദിനെതിരെ രാമസേന മറ്റു ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് രാജ്യം മുഴുവന്‍ പ്രക്ഷോഭം അഴിച്ചു വിടുമെന്നാണ്. രാമസേനയുടെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 4,000ലധികം പെണ്‍കുട്ടിള്‍ ലവ് ജിഹാദില്‍ വീണുകഴിഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവകേരളം വെബ്സൈറ്റ് ലവ് ജിഹാദ് സംഭവങ്ങളെന്ന പേരില്‍ നിരവധി ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. പെണ്ണിനു കോട്ടകെട്ടുന്ന ഏര്‍പ്പാടായതിനാല്‍ പള്ളിക്കും കമ്പം. ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളാണ് ലവ് ജിഹാദിന്റെ ഇരകളെന്നും, ഇതു ചെറുക്കാനായി തങ്ങള്‍ വിശ്വഹിന്ദു പരിഷദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കൊച്ചി ആസ്ഥാനമായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) നേതാവ് എസ് സാംസന്‍ പറയുന്നു. സാംസന്റെ കാസ ഏറ്റുവാങ്ങിക്കുടിക്കാന്‍ ആവേശത്തോടെ വെള്ളാപ്പിള്ളിക്കു വിശറിവീശുന്ന കേരളകൗമുദിയും, കത്തോലിക്കാ സഭയുടെ ദീപികയും.
എന്നാല്‍ വസ്തുതകളെന്താണ്? കോടതിവിധിക്കാധാരമായ സംഭവമിതാണ്. പത്തനംതിട്ടയില്‍ എംബിഎക്കു പഠിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ഷഹന്‍ഷ, സിറാജുദീന്‍ എന്നീ ചെറുപ്പക്കാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷാ വാദം കേള്‍ക്കവെയാണ് ലവ് ജിഹാദിനെ കുറിച്ചന്വേഷിക്കാന്‍ കോടതി ആവശ്യപ്പെടുന്നത്. പത്തനംതിട്ടയിലെ കോളജില്‍ പഠിച്ചിരുന്ന ഷഹന്‍ഷ അതേ കോളജിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പത്രറിപ്പോര്‍ട്ടുകളനുസരിച്ച്, ഈ പെണ്‍കുട്ടിയും ഒരു കൂട്ടുകാരിയും ജൂലൈ 17ന് ഷഹന്‍ഷായോടൊപ്പം വീടു വിട്ടിറങ്ങി. മാതാപിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതിനു ശേഷം പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടക്കത്തില്‍ മാതാപിതാക്കളോടൊപ്പം പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികള്‍ കോടതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ സമ്മതിച്ചു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരായ ഇവര്‍ ഷഹന്‍ഷയോടും, സിറാജുദീനുമൊപ്പവും പോകാന്‍ താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു. അതിനു ശേഷമാണ്, ഷഹന്‍ഷാ കാമുകിയായിരുന്ന പെണ്‍കുട്ടിയെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും, അവരുടെ കൂട്ടുകാരിയെ സിറാജുദീനു വിവാഹം കഴിച്ചു കൊടുക്കാന്‍ ശ്രമിച്ചെന്നും വാര്‍ത്ത വരുന്നത്. ഈ കേസില്‍ അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടിയ യുവാക്കളുടെ ഹര്‍ജി പരിഗണിക്കവെയാണ് ലവ് ജിഹാദിനെ പറ്റി അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെടുന്നത്. പല റിപോര്‍ട്ടുകളിലും യുവാക്കളുടെയോ, അവരുടെ രക്ഷിതാക്കളുടെയൊ മൊഴികള്‍ വരുന്നേയില്ല.
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. ഇതരമതസ്ഥര്‍ പ്രേമിക്കുന്നതും, വിവാഹം കഴിക്കുന്നതിനായി മതം മാറുന്നതും, അതിനെ മാതാപിതാക്കള്‍ എതിര്‍ക്കുന്നതും, അതു കേസാവുന്നതുമെല്ലാം ഇതാദ്യമയാണോ കേരളത്തിലുണ്ടാവുന്നത്?. ഇഷ്ടപ്പെട്ടവരോടൊപ്പം ജീവിക്കാനും, ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുക്കാനും ഇന്ത്യക്കാര്‍ക്കെല്ലാം ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെങ്കിലും, ആ പാത തെരഞ്ഞെടുക്കുന്നവര്‍ക്ക്, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്, യാഥാസ്ഥിതികത്വത്തിന്റെ കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. കുടുംബ കല്പനകള്‍ ലംഘിച്ച് ഇറങ്ങി പോകുന്ന യുവതികളുടെ മാതാപിതാക്കള്‍ പലപ്പോഴും ഹീനമായ നടപടികള്‍ക്കു മുതിരാറുണ്ട്. ഇതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികവും, ശാരീരികവുമായ പീഢനം ഭീകരമാണ്. പത്തനംതിട്ട സംഭവത്തിലുള്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ പിതാവ് ഉന്നത റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നത് ഇതിനോട് ചേര്‍ത്തു വായിക്കുക.
ഇനി ഷഹന്‍ഷായും, സിറാജുദീനും ഒരു മതംമാറ്റ സംഘത്തിന്റെ ഭാഗമാണ് എന്ന വാദം പരിഗണിച്ചാല്‍ തന്നെ, ഈ വിഷയത്തില്‍ ആധികാരികമായ എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ? ഹിന്ദു-ക്രിസ്ത്യന്‍ മതപ്രവര്‍ത്തകര്‍ അവരുടെ വെബ്സൈറ്റുകളിലും ലഘുലേഖകളിലും ലവ് ജിഹാദ് എന്ന സംഘമുണ്ടെന്നും, ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കെണിയില്‍ വീണു എന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ഈ കണക്കൊക്കെ എവിടെ നിന്നു കിട്ടി എന്നു വ്യക്തമല്ല. ക്ഷേത്ര സംരക്ഷണ സമിതിയുടെ കണ്ണൂരില്‍ നടന്ന സംസ്ഥാന സമ്മേളനം പറഞ്ഞത്, പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തയ്ബയാണ് വടക്കന്‍ കേരളത്തില്‍ ലവ് ജിഹാദിന് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു. ഇന്റലിജന്‍സ് വിഭാഗത്തിനു പോലും പിടിയില്ലാത്ത ഈ വിവരങ്ങള്‍ അമ്പലക്കമ്മിറ്റി എവിടെ നിന്നറിയുന്നു എന്നു ചോദിച്ചാല്‍ ഉത്തരമില്ല; ആരും ചോദിക്കുന്നില്ലെന്നതാണ് വാസ്തവം.
മതമൗലികവാദത്തിന്റെ ഭീതിതമായ ഒരു വശം, അത് വ്യക്തിയുടേയോ, സമൂഹത്തിന്റേയോ നിലനില്പ്പ് പൂര്‍ണമായും നിരാകരിക്കുകയും, അതിനു പകരം അങ്ങേയറ്റം ഹിംസാത്മകവും, ജനാധിപത്യ വിരുദ്ധവുമായ മത-സാമുദായിക രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നുവെന്നതാണ്. ഈ കടന്നു കയറ്റത്തിന്റെ വ്യാപ്തി ഓരോ രാജ്യങ്ങളിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. അഫ്ഘാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയ താലിബാന്റെ അഭിപ്രായത്തില്‍ "പാപത്തിന്റെ ഉറവിടമാണ് സ്ത്രീയുടെ മുഖ"മെങ്കില്‍, ഇന്ത്യയിലെ മതയാഥാസ്തികത്വത്തിന് ഒരുപറ്റം 'റോമിയോ ജിഹാദികള്‍' തുനിഞ്ഞിറങ്ങിയാല്‍ അതില്‍ 'വീണു പോയി' സംസ്കാരത്തെ മലിനപ്പെടുത്തിയേക്കാവുന്ന ബലഹീനകളാണ് സ്ത്രീകള്‍. അടുത്തിടെ ദില്ലിയിലെ ഒരു ക്യാമ്പസില്‍ എബിവിപി ഇറക്കിയ ഒരു നോട്ടീസ് പറയുന്നു: "പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍, സിനിമ, ഐസ്ക്രീം, ഉല്ലാസയാത്രകള്‍ എന്നിങ്ങനെയുള്ള സ്ത്രീകളൂടെ ബലഹീനതകള്‍ ചൂഷണം ചെയ്താണ് ലവ് ജിഹാദികള്‍ അവരുടെ ലക്ഷ്യം നേടൂന്നത്." അതായത്, "ബലഹീനരായ"സ്ത്രീകളെ ലവ് ജിഹാദികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള മാര്‍ഗം അവരുടെ സാമൂഹ്യജീവിതത്തിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയെന്നതാണ്.
പ്രണയത്തെ പോലും ഇനിയും അംഗീകരിച്ചിട്ടില്ലാത്ത നമ്മുടെ പിതൃദായക കുടുംബക്രമത്തിന്റെ അടുക്കളയില്‍ ഇതു എളുപ്പം വേവുമെന്നു പറയേണ്ടതില്ലല്ലോ. ഇക്കഴിഞ്ഞ മാസം കേരളത്തിലെ കല്യാണ്‍ ജുവല്ലറിയുടെ ജനപ്രിയമായ പരസ്യം, "വിശ്വാസം അതല്ലേ, എല്ലാം" ഉഴുതുമറിച്ചിട്ട നിലത്താണ് ലവ് ജിഹാദിന്റെ വിഷവിത്തു വീണുമുളക്കുന്നത്. സവര്‍ണ ഹൈന്ദവതയുടെയും, ആണ്‍കോയ്മയുടെയും സുന്ദരസങ്കല്പ പൂങ്കാവനത്തിലാണ് ഒരു പ്രണയം 'വിശ്വാസത്തകര്‍ച്ച'യാകുന്നത്. അതുകൊണ്ടാണ്, വ്യക്തവും വിശ്വസനീയവുമായ ഒരു തെളിവു പോലുമില്ലാത്ത ലവ് ജിഹാദ് എന്ന ഭീതി സാമൂഹ്യജീവിതത്തിനു മേല്‍ അടിച്ചേല്പ്പിക്കാന്‍ യാഥാസ്തിതികത്വത്തിനു കഴിയുന്നതും. ഇത്തരം പ്രചാരണങ്ങളെ പ്രണയത്തിനെതിരെയുള്ള ജിഹാദായിക്കണ്ട്, ചങ്കൂറ്റത്തോടെ ഇതരമതസ്ഥരെ പ്രണയിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യാന്‍ നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് മുട്ടുവിറയ്ക്കുന്നതും ഇതേ കോയ്മകള്‍ക്ക് കുടപിടിക്കുന്നതു കൊണ്ടാണ്.
ഇസ്ലാമിനെ ഭീകരതയുടെ ചിഹ്നങ്ങളാക്കി മാറ്റിയ മുഖ്യധാരാ സംസ്കാരത്തിന് ഇനി മുസ്ലിം യുവാക്കളുടെ പ്രണയത്തേയും, സൌഹൃദത്തെയും ഭീകരതയായി ചിത്രീകരിക്കാന്‍ എളുപ്പം കഴിയും. ഒപ്പം, തങ്ങളുടെ സമുദായങ്ങളില്‍പെട്ട സ്ത്രീകളുടെ സാമൂഹ്യജീവിതത്തെ നിയന്ത്രിക്കാനും അവര്‍ ശ്രമിക്കും. ഇത്, നമ്മുടെ മതേതരമൂല്യങ്ങളിലും, ലിംഗ നീതിയിലുമുണ്ടാക്കുന്ന ആഘാതം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഭീകരമായിരിക്കും. മുതാലിക്കും, മെത്രാനും, മൊല്ലാക്കയുമൊന്നും അതില്‍ വേവലാതിപ്പെട്ടെന്നു വരില്ല.
