2004ലെ മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പ് കാവിപ്പടയെ സംബന്ധിച്ചിടത്തോളം നിര്‍ണായക പോരാട്ടമയിരുന്നു. അന്ന് ബിജെപിയും ശിവസേനയും സംഘടനാപരമായി ഇന്നത്തെയത്രയും ദുര്‍ബലമല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത പരാജയത്തില്‍ നിന്നും കര കേറാനുള്ള അവസരം. പോരാത്തതിന്, ഭരണകൂടവിരുദ്ധ വികാരം കോണ്‍ഗ്രസ്-എന്‍സിപി മുന്നണി സര്‍ക്കാരിനെ മറിച്ചിടുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളും. ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറാന്‍ കടുവയായി ജീവിക്കുന്ന ബാലാസാഹേബ് താക്കറെക്ക് വേറെയെന്തു വേണം? ഇനി ശിവസേന അധികാരത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷമേ താനിനി താടി വടിക്കുകയുള്ളൂ എന്ന സേനാ തലവന്റെ വാക്കുകള്‍ അണികടുവകളെ ആവേശം കൊള്ളിച്ചിരിക്കുമെന്നുറപ്പ്. പക്ഷേ, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആ ആവേശം ഏറ്റു വാങ്ങിയില്ല. 288-അംഗ നിയമസഭയില്‍ ശിവസേനാ-ബിജെപി നേടിയത് 116 സീറ്റ്. ഭരണമുന്നണിക്ക് കിട്ടിയത് 140.പക്ഷേ താക്കറെ വാക്കു പാലിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശിവസേനാ നേതാവ് മുഖം വടിച്ചിട്ടില്ല. താടി വളര്‍ന്നെങ്കിലും, പക്ഷേ ശിവസേനയെ വളര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കഴിഞ്ഞ മെയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം ഈ മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചരിത്രം ആവര്‍ത്തിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വിജയം കണ്ടപ്പോള്‍, താക്കറേക്ക് നഷ്ടപ്പെട്ടത് ഭരണം മാത്രമല്ല, താടി വടിക്കാനുള്ള അവസരം കൂടിയാണ്. ഇനിയെന്നാണ് ഇത് രണ്ടും ശിവസേനാ നേതാവ് വീണ്ടെടുക്കുക?
സേനോദയം
ബിജെപിയേക്കാള്‍ പഴക്കമുള്ള പാര്‍ടിയാണ് ശിവസേനയെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടു സംഘങ്ങളുടേയും വളര്‍ച്ച ഏകദേശം ഒരേ സമയത്തായിരുന്നു. 1966ല്‍ സ്ഥാപിതമായ സേനയ്ക്ക് മഹാരാഷ്ട്രയില്‍ ശക്തമായ വേരോട്ടം ലഭിക്കുന്നത് ബിജെപി അഖിലേന്ത്യാ തലത്തില്‍ രാമജന്മഭൂമി പ്രസ്ഥാനം എന്ന പേരില്‍ വര്‍ഗീയ ധ്രുവീകരണ പ്രചാരണം ആരംഭിച്ചതിനു ശേഷമാണ്. സേനയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഗ്രാഫ് നോക്കിയാല്‍ ഇതു മനസിലാവും. 1966നും 1991നുമിടയില്‍ ശിവസേനയ്ക്കുണ്ടായിരുന്നത് വെറും ഒരു പാര്‍ലമെന്റംഗം മാത്രമാണ്. അയോധ്യയിലേക്കുള്ള അദ്വാനിയുടെ 'രക്തയാത്ര' തുടങ്ങിയതിനു ശേഷം നടന്ന 1991ലെ തെരഞ്ഞെടുപ്പില്‍ സേന നാലു സീറ്റുകളില്‍ വിജയിച്ചു. ഇതേ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഖിലേന്ത്യാ പ്രകടനം 86ല്‍ നിന്ന് 120ലേക്കുയര്‍ന്നു. 1996ല്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായുയര്‍ന്നപ്പോള്‍ സേന 15 സീറ്റു നേടി.
രണ്ടു വര്‍ഗീയ പാര്‍ടികളുടെ വളര്‍ച്ചയുടെ ഈ രേഖീയത മനസിലാക്കാന്‍ വലിയ വ്യാഖ്യാന ശേഷിയൊന്നും വേണ്ട. മണ്ണിന്റെ മക്കള്‍ വാദവുമായി രാഷ്ട്രീയം തുടങ്ങിയ ശിവസേന ആദ്യകാലത്ത് ലക്ഷ്യമിട്ടത് ദക്ഷിണേന്ത്യക്കാരെയായിരുന്നു. പുങ്കി ബചാവോ, ലുങ്കി ഭഗാവോ (കുഴലൂതു, ലുങ്കിക്കാരെ തുരത്തൂ) എന്നായിരുന്നു സേനയുടെ മുദ്രാവാക്യം തന്നെ. മറാത്താ വാദത്തിന്റെ പേരില്‍ ശക്തമായ ഒരു കേഡര്‍ പാര്‍ടി കെട്ടിയുയര്‍ത്താന്‍ താക്കറെക്ക് കഴിഞ്ഞു. എങ്കിലും, അതിനെ രാഷ്ട്രീയ ലാഭമാക്കി മാറ്റാന്‍ കഴിയുന്നത് ആര്‍എസ്എസിന്റെ ഹിന്ദുത്വ സ്വന്തം പ്രത്യയശാസ്ത്രമായി സ്വീകരിച്ചതിനു ശേഷമാണ്. ബിജെപിയേക്കാള്‍ ശക്തമായി ആര്‍എസ്എസിന്റെ മുസ്ലിം വിരുദ്ധ അജന്‍ഡ പലപ്പോഴും നടപ്പാക്കിയിട്ടുള്ള പാര്‍ടിയാണ് സേന. അയോധ്യയില്‍ ബാബ്റി പള്ളി പൊളിച്ച കര്‍സേവകരുടെ കൂട്ടത്തില്‍ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നും വന്ന ശിവസേനക്കരാണെന്ന് ആദ്യം പറഞ്ഞത് ബിജെപി സൈദ്ധാന്തികന്‍ കെആര്‍ മല്‍ക്കാനിയായിരുന്നു. മസ്ജിദ് പൊളിച്ച 1992 ഡിസംബര്‍ 6ന് രാത്രി ദില്ലിയില്‍ വച്ച് പത്രലേഖകരോട് സംസാരിക്കവേയാണ് മല്‍ക്കാനി ശിവസേനയുടെ പേരെടുത്ത് പറഞ്ഞത്. ഡിസംബര്‍ 9ന് ശിവസേനയും ബിജെപിയും സംയുക്തമായി വിളിച്ച ബന്ദ് ഫലത്തില്‍ അക്രമത്തിനും കലാപത്തിനുമുള്ള അഹ്വാനമായിരുന്നു. മുസ്ലിം ഭവനങ്ങള്‍ കാണിച്ചു കൊടുക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ട് ശിവസേന ബോംബെയില്‍ ചിലയിടത്ത് ബോര്‍ഡുകള്‍ വച്ചിരുന്നതായി രാമ ചന്ദ്ര ഗുഹ തന്റെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഡിസംബര്‍ 10ന് ശിവസേനാ പത്രമായ 'സാംന'യുടെ എഡിറ്റോറിയലില്‍ താക്കറെ ഇങ്ങിനെ എഴുതി: "ഇത് പ്രതികാര യുദ്ധത്തിന്റെ ആരംഭമാണ്. അഖണ്ഡ ഹൈന്ദവ രാഷ്ട്രം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. പാപികളായ മതഭ്രാന്തന്മാരുടെ നിഴലുകള്‍ പോലും ഈ മണ്ണില്‍ നിന്ന് നാം തുടച്ചു നീക്കും. എന്നിട്ട് നമ്മള്‍ സന്തോഷത്തോടെ ജീവിക്കും, സന്തോഷത്തോടെ തന്നെ മരിക്കും." താക്കറെയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയില്ലെന്ന് പിന്നീടുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. 1994ല്‍ ശിവസേന മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി. ബിജെപി നയിച്ച രണ്ടു കേന്ദ്രമന്ത്രി സഭകളിലും പങ്കാളിയുമായി.
ഒടുവില്‍ കടലാസു പുലികള്‍
ഉയര്‍ച്ച പോലെ തന്നെ പടിപടിയായി തന്നെയായിരുന്നു സേനയുടെ തളര്‍ച്ചയും. രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയത്തിന് ഏറ്റവും അനുകൂല സാഹചര്യമുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ ശക്തിയാര്‍ജിച്ച സേനയ്ക്ക്, അതിനപ്പുറത്തേക്ക് മറ്റു രാഷ്ട്രീയമൊന്നും മുന്നോട്ടു വയ്ക്കാനില്ലാതിരുന്ന ഈ വര്‍ഗീയ പാര്‍ടിക്ക്, ആ ആധിപത്യം നില നിര്‍ത്താനായില്ല എന്നത് സ്വാഭാവികമാണ്. 1994-99 കാലത്തെ ഭരണം ഒരു ദുരന്തമായിരുന്നുവെന്ന് മഹാരാഷ്ട്രക്കാര്‍ ഒന്നടങ്കം സമ്മതിക്കും. ക്ഷയിക്കപ്പെട്ട പാര്‍ലമെന്ററി ശക്തി വര്‍ഗീയധ്രുവീകരണത്തിലൂടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗുജറാത്ത് വംശഹത്യക്കു ശേഷം രാജ്യത്തെ പൊതുബോധത്തില്‍ രൂപപ്പെട്ടിട്ടുള്ള/രൂപപ്പെട്ടു വരുന്ന വര്‍ഗീയ വിരുദ്ധ രാഷ്ട്രീയം തടസമായി. ഫലം 2004ല്‍ ആവര്‍ത്തിക്കപ്പെട്ട പരാജയം. അതിനു ശേഷവും, നയങ്ങളില്‍ മാറ്റം വരുത്താനോ, കൂടുതല്‍ ജന-കേന്ദ്രിതമായി പ്രവര്‍ത്തിക്കാനോ ശിവസേനയ്ക്കു കഴിഞ്ഞിട്ടില്ല. സംഘടനാ പ്രശ്നങ്ങള്‍ കൂനിന്മേല്‍ കുരുവായി വന്നു. നേതൃനിരയിലെ കരുത്തനായിരുന്ന നാരായണ്‍ റാണെക്കെതിരെ നടപടിയെടുത്തപ്പോള്‍, ഈ മുന്‍ മുഖ്യമന്ത്രി പോയത് 11 എംഎല്‍എമാരുമായാണ്. ഒടുവില്‍ അവകാശത്തര്‍ക്കം കഴിഞ്ഞപ്പോള്‍, 'മണ്ണിന്റെ മക്കള്‍ വാദ'വുമായി ഇറങ്ങിപ്പോയ മരുമകനും, ആര്‍ക്കും വേണ്ടാത്ത ഹിന്ദുത്വയുടെ നടത്തിപ്പുകാരനായ പുത്രനുമിടയില്‍ കുരുങ്ങിപ്പോയ ഒരു കടലാസു പുലിയാണിന്ന് ബാലാസഹേബ് താക്കറെ.
അങ്ങിനെ വാര്‍ധക്യത്തിന്റേയും, പരാജയങ്ങളുടേയും ഏകാന്തതയില്‍ ജീവിക്കുന്ന താക്കറെക്ക് ഇനി ശിവസേനയുടെ വിജയം കണ്ട് ഈ ജീവിതകാലത്ത് താടി വടിക്കാനാവുമെന്ന് തോന്നുന്നില്ല. തിരിച്ചു വരവിനുള്ള അവസാന സാധ്യതയാണ് ഇപ്പോഴത്തെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇല്ലാതായത്. ബിജെപി-ശിവസേനയുടെ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും, ഇത്ര ദയനീയനമായ പരാജയം കാവിപ്പടയുടെ കണക്കു കൂട്ടലുകള്‍ക്കും അപ്പുറത്തേക്കു പോയി. 2004ല്‍ 62 സീറ്റുണ്ടായിരുന്ന ശിവസേനയുടെ ശക്തി 44ലേക്കു വീണു. നാല്പത്തിയാറു സീറ്റു നേടിയ ബിജെപിക്കും പുറകില്‍ നാലാം സ്ഥാനത്താണ് സേനയിന്ന്. സേന-ബിജെപി മുന്നണി 90 സീറ്റു നേടിയപ്പോള്‍, ഭരണമുന്നണിയുടെ ശക്തി 2004ലെ 140ല്‍ നിന്നും ഈ വര്‍ഷം 144ലേക്കുയര്‍ന്നു.
ആശങ്കകള്‍ ബാക്കി
കോണ്‍ഗ്രസിനനുകൂലവും, വര്‍ഗീയ പാര്‍ടികള്‍ക്കെതിരുമായ ഒരു രാഷ്ട്രീയ സാഹചര്യം ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത്രയൊന്നും മെച്ചപ്പെട്ട പ്രകടനമല്ലാതിരുന്നിട്ടു കൂടി കോണ്‍ഗ്രസ്-എന്‍സിപി മുന്നണി മഹാരാഷ്ട്രയില്‍ അധികാരം നില നിര്‍ത്തിയത് ഈ സാഹചര്യത്തില്‍ വേണം കാണാന്‍. ചരിത്ര ഗവേഷകനും ദലിത് രാഷ്ട്രീയ പ്രവര്‍ത്തകനുമായ സന്തോഷ് സുരാഡ്കര്‍ പറയുന്നതു പോലെ, മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മറ്റു വഴികളില്ല. "ബിജെപിയും ശിവസേനയും മതത്തിന്റേയും ദേശത്തിന്റേയും പേരില്‍ ആളുകളെ കൊല്ലുമ്പോള്‍, കോണ്‍ഗ്രസ് കര്‍ഷകരേയും പാവങ്ങളേയും കൊല്ലാക്കൊല ചെയ്യുന്നു. എത്ര കര്‍ഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയിലുണ്ടായത്? ഖൈര്‍ലാഞ്ചിയില്‍ ദലിതരെ കൂട്ടക്കൊല ചെയ്തതും ഈ സര്‍ക്കാരിന്റെ കാലത്താണ്. എങ്കിലും കോണ്‍ഗ്രസിനെ തന്നെ തെരഞ്ഞെടുക്കേണ്ടി വരുന്നു എന്നതാണ് മഹാരാഷ്ട്രക്കാരുടെ ദുര്യോഗം," മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയില്‍ നിന്നുള്ള സുരാഡ്കര്‍ പറയുന്നു. ജങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളൊന്നും ഏറ്റെടുക്കാനോ, സമരങ്ങള്‍ സംഘടിപ്പിക്കാനോ, ബിജെപിക്കോ ശിവസേനക്കോ താല്പര്യമുണ്ടായിരുന്നില്ല. നഗരങ്ങളില്‍ വ്യാപിക്കുന്ന തൊഴിലില്ലായ്മയ്ക്കു നേരെയും ഇക്കൂട്ടര്‍ കണ്ണടച്ചു. ബാല്‍ താക്കറെയുമായി തെറ്റി പിരിഞ്ഞ് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുണ്ടാക്കിയ രാജ് താക്കറെ നേട്ടമുണ്ടാക്കിയത് ഈ സാഹചര്യത്തിലാണ്.
എഴുപതുകളില്‍ എങ്ങിനെയാണോ തൊഴില്‍രഹിതരായ ചെറുപ്പക്കാരെ ബാല്‍ താക്കറെ സംഘടിപ്പിച്ചത്, അതെ തന്ത്രങ്ങള്‍ തന്നെയാണ് രാജും ഉപയോഗിച്ചത്. ബാല്‍ താക്കറെ ഉന്നം വച്ചത് ദക്ഷിണേന്ത്യക്കാരെയാണെങ്കില്‍, രാജ് വേട്ടയാടുന്നത് വടക്കേ ഇന്ത്യക്കാരെയാണ്. ശിവസേന മഹാരാഷ്ട്രയില്‍ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറാന്‍ രണ്ടു പതിറ്റാണ്ടിലേറെയെടുത്തെങ്കില്‍ വെറും മൂന്നു വര്‍ഷം മുന്‍പ് നിലവില്‍ വന്ന എംഎന്‍എസ് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയത് 13 സീറ്റുകളാണ്. എംഎന്‍എസിന്റെ വിജയം ഫലത്തില്‍ കോണ്‍ഗ്രസിന് സഹായകരമായെങ്കിലും, അതുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. അതായത്, ശിവസേനയുടെ ഉദയത്തോടെ ബോംബെക്കു നഷ്ടപ്പെട്ട 'കോസ്മോപൊളിറ്റന്‍' പ്രതിച്ഛായ ശിവസേന അസ്തമിച്ചാലും മഹാനഗരത്തിന് തിരിച്ചു കിട്ടാന്‍ പോകുന്നില്ലെന്നര്‍ത്ഥം.
