Showing posts with label അഭിമുഖം. Show all posts
Showing posts with label അഭിമുഖം. Show all posts

Mar 12, 2010

DP Interview: വനിതാ ബില്‍ വിമര്‍ശനത്തില്‍ കഴമ്പുണ്ട്

ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് വനിതാ ബില്‍ രാജ്യസഭയില്‍ പാസാക്കപ്പെട്ടത്. അതും, കടുത്ത രാഷ്ട്രീയ പ്രതിഷേധത്തിനു നടുവിലും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തിയേക്കാവുന്ന ഒരു ബില്ലാണ് ഉപരിസഭ പാസാക്കിയതെന്ന അഭിപ്രായം ശക്തമാണെങ്കിലും ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തോടുള്ള എതിര്‍പ്പില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നു. നിയമം കൂടുതല്‍ സമഗ്രമാവേണ്ടിയിരുന്നുവെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ മാറ്റിയെഴുതപ്പെടേണ്ടതായിരുന്നുവെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നുമുയരുന്നു. ഈ പശ്ചാത്തലത്തില്‍, വനിതാ ബില്ലിനെ കുറിച്ചും, അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും, അത്തരം എതിര്‍പ്പുകള്‍ ഉയരാനുള്ള കാരണങ്ങളെ കുറിച്ചുമെല്ലാം  പ്രൊഫെസര്‍ എകെ രാമകൃഷ്ണന്‍ ദില്ലിപോസ്റ്റുമായി സംസാരിക്കുന്നു.  

വനിതാ സംവരണ നിയമം ഏറെ ഒച്ചപ്പാടുകള്‍ക്കിടയില്‍ രാജ്യസഭ പാസാക്കിയിരിക്കുകയാണ്. ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തോട് ലാലുവും, മുലായവും, മായാവതിയുമെല്ലാം ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധം വനിതാ പ്രാതിനിധ്യത്തോടു തന്നെയുള്ള എതിര്‍പ്പായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇതേ കുറിച്ച് എന്തു തോന്നുന്നു?

വാസ്തവത്തില്‍ ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തില്‍ കാമ്പുണ്ടെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം തന്നെ. വനിതാ ബില്‍ പാസാവുന്നത് തീര്‍ച്ചയായും ഒരു വലിയ നേട്ടം തന്നെയാണ്. പക്ഷേ, ഇന്ത്യയിലെ ജാതി-മത-ലിംഗ അധികാര ശ്രേണി പരിഗണിക്കുമ്പോള്‍, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ സംവരണ നിയമം കൊണ്ട് ഗുണം കിട്ടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് പറഞ്ഞത്, ഇതു കുറേ കൂടി inclusive ആക്കാമായിരുന്നു. പതിനാലു വര്‍ഷങ്ങളായില്ല്ലെ ചര്‍ച്ചയും കാത്തിരിപ്പും തുടങ്ങിയിട്ട്. എന്നിട്ടും, ബില്ലിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാര്യമായി പരിഗണിക്കാന്‍ പോലും ഭരിക്കുന്നവര്‍ തെയ്യാറായില്ല. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നതല്ലേ പ്രധാന ആവശ്യം. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാവുന്ന രീതിയില്‍ നിയമം അവതരിപ്പിച്ചെങ്കില്‍ എന്താണ് പ്രശ്നം. സംവരണം വേണ്ട എന്നല്ലല്ലോ ഇവരാരും പറയുന്നത്. പക്ഷേ അതു മനസിലാക്കുന്നതിനു പകരം ഇപ്പോഴത്തെ രീതിയിലുള്ള ബില്ലിനെ തൊട്ടു കളിക്കരുതെന്ന നിലപാടാണ് പലരും എടുത്തത്. ഇതൊരു തരം casteist consciousness ആണ്.

ലാലുവിന്റേയും മറ്റും എതിര്‍പ്പ് കേവലം വോട്ട് ബാക് പൊളിറ്റിക്സായാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്...

ഇതാണ് നമ്മുടെ മാധ്യമ ചര്‍ച്ചകളുടെ ഒരു പ്രധാന പ്രശ്നം. ഇതില്‍ അതിശയിക്കേണ്ട കാര്യമൊന്നുമില്ല. The media is bankrupt. വോട്ട് ബാങ്ക് അവരുടെ ലക്ഷ്യമായിരിക്കും. രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ നോക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, അതു കൊണ്ട് അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ താഴ്ത്തികെട്ടേണ്ടതില്ലല്ലോ. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ രാജ്യത്തെ ഭൂരിപക്ഷമാണ് ഒബിസി വിഭാഗങ്ങള്‍. അവരുടെ പ്രാതിനിധ്യ കണക്കൊന്നെടുത്തു നോക്കു. അല്ലെങ്കില്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളുടെ കാര്യം തന്നെ നോക്കാം. അതായത് നില നില്‍ക്കുന്ന സാമൂഹ്യ സംവിധാനത്തില്‍ ഇക്കൂട്ടര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യത വിരളമാണെന്നു ചുരുക്കം. അതുകൊണ്ടാണ് വനിതാ പ്രാതിനിധ്യ നിയമം കൂടുതല്‍ സമഗ്രമാവേണ്ടിയിരുന്നു എന്നു പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പൊളിറ്റിക്കല്‍ റിസ്കും വലുതായിരിക്കും. മുസ്ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയെന്നു കരുതുക. ബിജെപി തീര്‍ച്ചയായും അതിനെ എതിര്‍ക്കും. ദലിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാല്‍ ഇന്ന് ബില്ലിനെ പിന്തുണയ്ക്കുന്ന പലരും അതിനെതിരെ വരും. അതിനെ നേരിടാനുള്ള ആര്‍ജവം സാമൂഹ്യ സമത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ടികള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. ബിജെപി എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ അതുവഴി അവരെ തുറന്നു കാണിക്കാന്‍ കഴിയും. ഈയൊരു സെന്‍സിറ്റിവിറ്റി മറ്റാരും മനസിലാക്കിയില്ലെങ്കിലും ഇടതുപക്ഷമെങ്കിലും മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ജാതി-മത യാഥാര്‍ത്ഥ്യങ്ങളെ വര്‍ഗ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേറിട്ടു കാണുകയെന്ന പതിവു ശ്രമമാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായത്. ജാതി-വര്‍ഗ-ലിംഗാടിസ്ഥാനത്തില്‍ നടക്കുന്ന ചൂഷണങ്ങളെ മനസിലാക്കാന്‍ സമഗ്രമായ ഒരു കാഴ്ചപ്പാടാണ് വേണ്ടത്.

അത്തരമൊരു കാഴ്ചപ്പാട് ജാതിപാര്‍ടികളെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ടെന്നാണോ പറയുന്നത്?

ജാതിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ചൂഷണങ്ങളെ ശരിയായി മനസിലാക്കാനും, ആ ചൂഷിത വിഭാഗങ്ങളെ സംഘടിപ്പിക്കാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നുണ്ടെന്ന് കാണാം. ലാലുവിനേയും, മുലായത്തിനേയും, മായാവതിയേയും പോലുള്ള നേതാക്കളുടെ ഉദയം തന്നെ കാണിക്കുന്നത് അതാണ്. അടിയന്തിരാവസ്ഥയ്ക്കു മുന്‍പ് ഇവരൊന്നും ആരുമായിരുന്നില്ലെന്നോര്‍ക്കണം. അതിനു ശേഷം രൂപപ്പെട്ട പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ ജാതിയെ ശരിയായ രീതിയില്‍ മനസിലാക്കാനും, ജാതിയുമായി ബന്ധപ്പെട്ട ചൂഷണങ്ങളെ തുറന്നു കാണിക്കാനും, ചൂഷിതരെ സംഘടിപ്പിക്കാനും ശ്രമിച്ചതു കൊണ്ടാണ് ഇവര്‍ വലിയ പൊളീറ്റിക്കല്‍ ഫോഴ്സായി മാറുന്നത്. ജാതിപാര്‍ടികളെന്ന് പൊതുവെ അറിയപ്പെടുന്ന ഇവരെല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ ഉണ്ടാവുന്നത് ഇന്നത്തെ ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ ശക്തിയാണ്.

ഇത്തരം വിഷയങ്ങളോട് അറച്ചു നിന്ന മുഖ്യധാര ഇടതുപക്ഷം ഇന്നും ചില പോക്കറ്റുകളില്‍ ഒതുങ്ങി നില്‍ക്കുന്നു. ഇതു തന്നെ വലിയൊരു തെളിവല്ലെ? എണ്‍പതുകളിലെ പ്രാദേശിക പാര്‍ടികളുടെ ഉദയം ഇന്ത്യന്‍ രാഷ്ട്രീയത്തെ ശിഥിലീകരിച്ചു എന്നൊരു വാദമുണ്ട്. എന്നാല്‍ എനിക്കങ്ങിനെയല്ല തോന്നിയിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാമൂഹികാടിത്തറ പരിശോധിച്ചു നോക്കിയാല്‍, പരമ്പരാഗതമായി ഭരണകൂടാധികാരവും പങ്കാളിത്തവും ആവശ്യപ്പെടാതിരുന്ന ഒട്ടേറെ ജാതി-ലിംഗ വിഭാഗങ്ങള്‍ പങ്കാളിത്തത്തിനു വേണ്ടിയും, ഭരണകൂടാധികാരത്തിനു വേണ്ടിയും മുറവിളി കൂട്ടി തുടങ്ങിയ ഒരു സമയമാണിത്. ജനാധിപത്യത്തിന്റെ സാമൂഹികാടിത്തറ ഈ ആവശ്യങ്ങളിലൂടെയും, തെരഞ്ഞെടുപ്പ് അടക്കമുള്ള രാഷ്ട്റീയ പ്രക്രിയകളിലൂടെയും വളരെ വിപുലപ്പെടുകയുണ്ടായി. അത് ഗുണപരമായ മാറ്റമാണ്. കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിലേക്കു വരുന്നു. മാറ്റം ഉണ്ടാവുന്നില്ലെ? മായാവതിമാര്‍ ഉണ്ടാവുന്നു. യുപി പോലൊരു സ്ഥലത്ത്, പറയത്തക്ക സാമൂഹ്യ നവോത്ഥാനമൊന്നും നടന്നിട്ടില്ലാത്ത ഒരു സ്ഥലത്താണ് ഇത്തരം മാറ്റങ്ങളുണ്ടാവുന്നതെന്ന് കാണണം. ദലിതര്‍ക്കും മറ്റും ഇന്ന് ഡിഗ്നിറ്റിയെങ്കിലും കിട്ടുന്നുണ്ട്. ഇത് ഈ പൊളിറ്റിക്കല്‍ പ്രൊസസിന്റെ ഭാഗമായുണ്ടാവുന്ന മാറ്റമാണ്.

കേരളത്തിലെ കാര്യമെടുത്താല്‍ നവോത്ഥാനം വലിയ മാറ്റമാണുണ്ടാക്കിയത്. നവോത്ഥാനം ഉഴുതു മറിച്ച മണ്ണിലാണ് ഇടതുപക്ഷം വളര്‍ന്നത്. കേരളത്തിനെ സാമൂഹ്യമാറ്റം താഴെ നിന്ന് മുകളിലോട്ടാണെന്നു പറയാം. എന്നാല്‍ വടക്കേ ഇന്ത്യയില്‍, മായാവതിമാരും, ലാലുമാരുമെല്ലാം അധികാരത്തില്‍ വരുന്നു. പക്ഷേ സാമൂഹ്യ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നുണ്ടോ? ഇവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ പലപ്പോഴും അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുകയല്ലെ?

വടക്കേ ഇന്ത്യയിലെ സാമൂഹ്യമാറ്റം top-down ആണെന്ന് പറയാം. പക്ഷേ അതിനെ കുറച്ചു കാണേണ്ടതില്ല. There's a huge difference in the quality of life in these northern states. കേരളത്തിലും മറ്റും നടന്നതു പോലെ പറയത്തക്ക നവോത്ഥാന മുന്നേറ്റങ്ങളൊന്നും ഇവിടങ്ങളിലുണ്ടായിട്ടില്ല. ഇവിടെയുണ്ടായ ഭക്തിപ്രസ്ഥാനങ്ങളുടെ അജന്‍ഡയും വേറെയായിരുന്നു. അങ്ങിനെയൊരു മണ്ണിലാണ് ഒരു ദലിത് സ്ത്രീ മുഖ്യമന്ത്രിയാവുന്നത്. ചൂഷണത്തിനെ മുഖ്യകാരണം ജാതിയാണെങ്കിലും ഭരണകൂടോപാധികള്‍ ഈ അടിച്ചമര്‍ത്തലിന്റെ ഭാഗമാണ്. അപ്പോള്‍, മുഖ്യമന്ത്രിയായി ഒരു ദലിത് സ്ത്രീ വരുമ്പോള്‍ തന്നെ, അങ്ങേയറ്റം oppressive ആയ ഈ ഭരണകൂടോപകരണങ്ങള്‍ ഒരടി പിന്നോട്ടു പോകുന്നു. യുപിയിലും മറ്റും ഒരു ദലിത് സ്ത്രീക്ക് ഇന്ന് പൊലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, അതൊരു ചെറിയ മാറ്റമല്ല.

അതായത്, ചൂഷിത വിഭാഗങ്ങള്‍ക്ക് ഡിഗ്നിറ്റി ഉറപ്പു വരുത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞെന്നാണ് പറയുന്നത്. എന്നാല്‍ ഇവര്‍ ഭരിച്ച/ഭരിക്കുന്ന സംവിധാനങ്ങളിലൊന്നും, ദുര്‍ബല വിഭാഗങ്ങളുടെ ജീവിതനിലവാരത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുമില്ല. അത്തരമൊരു മാറ്റം സാധ്യമല്ലെന്നാണോ? എങ്കില്‍ എന്തായിരിക്കും അതിനുള്ള മുഖ്യ കാരണം?

സാധ്യമല്ലെന്നു തന്നെ പറയാം. എന്നാല്‍ അതിന് ദലിത്-ഒബിസി രാഷ്ട്രീയം പറയുന്ന നേതാക്കളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നതിലോ, ഇവര്‍ കഴിവു കെട്ടവരാണെന്നു പറയുന്നതിലോ വലിയ കാര്യമില്ല. ഇത് നവലിബറല്‍ ഭരണകൂടങ്ങളുടെ ഒരു പ്രശ്നമാണ്. മുന്‍പ് പറഞ്ഞ പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാമൂഹ്യാടിത്തറ വിപുലമാകുന്ന ഒരു സമയത്തു തന്നെയാണ് ഭരണകൂടം നവലിബറല്‍ സ്വഭാവം കൈ വരിക്കുന്നത്. ഈ പരിവര്‍ത്തനം ദുര്‍ബല വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഹാനികരമായിരുന്നു. ജനങ്ങളില്‍ നിന്നും അകന്നു പോകുന്ന, സൈനിക സ്വഭാവം കൈ വരിക്കുന്ന, കോര്‍പറേറ്റുകളുടെ സംരക്ഷകരായി മാറുന്ന ഒന്നാണ് നവലിബറല്‍ ഭരണകൂടം. ജനാഭിമുഖ്യമുള്ള പദ്ധതികളില്‍ നിന്നും, തൊഴില്‍ ആരോഗ്യം, വിദ്യാഭ്യാസം, സേവനം മുതലായ മേഖലകളില്‍ നിന്നും പിന്‍മാറുകയും സ്വന്തം സൈനിക സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭരണകൂട രൂപത്തെയാണ് പങ്കാളിത്ത രാഷ്ട്രീയത്തിന് നേരിടേണ്ടി വരുന്നതെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്നു കാണുന്ന വലിയ വൈരുധ്യം. നവലിബറലിസം ഒരുക്കുന്ന ഈ ഭീഷണികള്‍ ഇന്ത്യന്‍ ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. എന്നാല്‍ അതേ സമയം, ജാതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അവര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. അവിടെയാണ് പ്രശ്നം.

സ്വത്വരാഷ്ടീയത്തിന്റെ ഭാവിയെ എങ്ങിനെയാണ് നോക്കികാണുന്നത്?

സ്വത്വത്തേയും, മാക്രോ പൊളിറ്റിക്സിനേയും രണ്ടു ധ്രുവങ്ങളിലേക്ക് മാറ്റി നിര്‍ത്തുന്നതില്‍ കാര്യമില്ല. രാഷ്ട്രത്തിന്റെ സ്ഥൂല രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് സൂക്ഷ്മ രാഷ്ടീയം നിലനില്‍ക്കുന്നത്. ഈ തിരിച്ചറിവാണ് വേണ്ടത്.

Mar 2, 2010

Dillipost Interview: കെഇ‌എന്‍ കുഞ്ഞഹമ്മദ്

മതവും മദിരാക്ഷിയും എഴുന്നു നില്‍ക്കുന്ന ഒരു പുതുകാല മാനിഫെസ്റ്റൊ പടക്കുന്ന തിരക്കിലാണ് സാമ്പത്തീക ഉദാരീകരണ കാലത്തെ കേരളം. അവിടെ, ഇതു രണ്ടിനെയും തള്ളിപ്പറയുന്ന യഥാര്‍ത്ഥ ഇടതു പക്ഷം പലര്‍ക്കും ഒരു രസക്കേടാകുന്നത് സ്വാഭാവികം. വെള്ളം ചേര്‍ക്കപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ശിങ്കിടികള്‍ കൂടുന്നതും അതിനാല്‍ തന്നെ. ലൈംഗിക ഉദാരീകരണത്തിന്റെ ഈ അതിവിപ്ലവക്കാലത്ത് ഇടതു പക്ഷത്തിന്റെ വെല്ലുവിളികള്‍ എന്തൊക്കെയാണ്? ലെനീഷ് കെ ദില്ലിപോസ്റ്റിനുവേണ്ടി പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനായ കെഇ‌എന്‍ കുഞ്ഞഹമ്മദ്ദുമായി സംസാരിക്കുന്നു.
ലൈംഗീക സ്വതന്ത്ര്യത്തെക്കുറിച്ച്‌ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയെ ഇടതുപക്ഷം എതിരിടുന്നുണ്ട്. പ്രത്യേകിച്ചും സക്കറിയ-രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രശ്നങ്ങളില്‍. ഈ എതിര്‍പ്പിനെ സങ്കുചിത സദാചാരം എന്നാണ്‌ ഇടതുപക്ഷ വിരോധികള്‍ പറയുന്നത്‌. ഇതിന്റെ വാസ്തവമെന്താണ്?
നമ്മുടെ സംസ്‌കാരം നിയന്ത്രണങ്ങളുടെ ഒരു സമാഹാരമാണ്‌. ഈ നിയന്ത്രണങ്ങള്‍ തകര്‍ക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നതുകൊണ്ട് സമൂഹത്തിന്‌ ഏതെങ്കിലും തരത്തിലുള്ള വളര്‍ച്ചയാണോ അതോ തളര്‍ച്ചയാണോ ഉണ്ടാകുക എന്ന്‌ പരിശോധിക്കണം. ഏതെങ്കിലും അര്‍ത്ഥത്തില്‍ മനുഷ്യസമൂഹത്തെ ഒന്നിച്ചോ വ്യക്തികളെ വേറിട്ടോ മുന്നോട്ട്‌ നയിക്കാത്ത ഏതൊരുകാഴ്‌ചപ്പാടും ചരിത്രത്തിന്റെ നിലപാടില്‍ നിന്നും നോക്കുബോള്‍ കാലഹരണപ്പെട്ടതാണ്‌. പ്രാചീന കാലത്തെ മനുഷ്യജീവിതത്തില്‍ നിന്നും, അതായത്‌ ആധുനിക കുടുംബബന്ധങ്ങള്‍ നിലവില്‍വന്നതിനു മുമ്പ്‌ നിലനിന്ന അവസ്ഥയില്‍നിന്നും, ഇന്നത്തെ സമൂഹം വളര്‍ന്നിട്ടുെങ്കില്‍ തിര്‍ച്ചയായും സാംസ്‌കാരികമായ ഒരു ക്രമീകരണം ആവശ്യമാണെന്ന്‌ അംഗീകരിച്ചേ മതിയാകൂ. അല്ല അന്നത്തെ ജീവിതത്തെ അപേക്ഷിച്ച്‌ ഇന്നത്തെ ജീവിതം സാംസ്‌കാരികമായും സാമൂഹ്യമായും തകരുകയാണ്‌ എന്നാണ്‌ കരുതുന്നതെങ്കില്‍ ഈ നിയന്ത്രണങ്ങളെ ചോദ്യംചെയ്യേിവരും. 
ഫ്രോയിഡ്‌ അക്രമാസക്തമായ ജന്മവാസനകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ അക്രമാസക്തമായ ജന്മവാസനകള്‍ നിരന്തരം ആഹ്ലാദം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പ്ലെഷര്‍ പ്രിന്‍സിപ്പിള്‍സിനൊപ്പം റിയാലിറ്റി പ്രിന്‍സിപ്പിള്‍സിനെ കുറിച്ചും ഫ്രോയിഡ്‌ പറയാന്‍ നിര്‍ബന്ധിതനായി. ഒരര്‍ത്ഥത്തില്‍, ഇതൊരു സംഘര്‍ഷ മേഖലയാണ്‌. ജന്മവാസനകള്‍ ഒരുഭാഗത്തും സാംസ്‌കാരിക വികാസം മറ്റൊരു ഭാഗത്തും; ശരീര കാമനകള്‍ ഒരുഭാഗത്തും സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ മറ്റൊരു ഭാഗത്തും. ഈ സംഘര്‍ഷത്തില്‍ ശരീര കാമനകളുടെ അനിയന്ത്രിതമായ ആവിഷ്‌ക്കാരമാണോ അതോ സാംസ്‌കാരിക വികാസത്തിന്‌ അനുയോജ്യമാകും വിധം ക്രമീകരണമാണോ ആവശ്യം? ഈയൊരു പശ്ചാത്തലത്തിലാണ്‌ ജനാധിപത്യവാദികള്‍ ലൈംഗീക അരാജകത്വത്തെ വിമര്‍ശിക്കുന്നത്‌. 
പഴയ ലൈംഗീക ആവിഷ്‌ക്കാരമല്ല ഇന്നത്തെ ലൈംഗീക ആവിഷ്‌ക്കാരം. പഴയ ലൈംഗീക ആവിഷഷ്‌ക്കാരത്തില്‍ പ്രതിഷേധത്തിന്റെ, കലാപത്തിന്റെ, ഒരുപക്ഷേ വികലമായ, ഒരു പ്രച്ഛനരൂപം നമുക്ക്‌ കാണാന്‍ കഴിയുമായിരുന്നു. ഇന്ന്‌ വികലമായ കലാപത്തെപോലും മൂലധന ശക്തികള്‍ സ്വാംശീകരിച്ചുകൊണ്ട്  വ്യവസായമാക്കി മാറ്റിയിരിക്കുന്നു. മുമ്പ്‌ ലൈംഗീക അരാജകത്വം സാമൂഹ്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവരുടെ വികലമായ പ്രതിഷേധത്തിന്റെ രൂപമായിരുന്നെങ്കില്‍ ഇന്നത്‌ ആധിപത്യം വഹിക്കുന്ന, വ്യവസ്ഥയെ കുറേക്കൂടി സുരക്ഷിതമാക്കുന്ന ഒന്നാണ്‌. മുമ്പ്‌ പുകവലി പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായിരുന്നു. ലോകത്താകമാനം ആരോഗ്യ ബോധവത്‌കരണത്തിന്റെ ഭാഗമായി പുകവലിക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ പ്രതിസന്ധിയിലായ അമേരിക്കന്‍ പുകയില കമ്പനികള്‍ മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ പുകയില അടിച്ചേല്‍പ്പിച്ചു. അതോടുകുടി പുകവലിയുടെ നാമമാത്ര പ്രതിഷേധമൂല്യവും ഇല്ലാതായി. ഏറെക്കുറേ ഇതേ രുപത്തില്‍ കാണേണ്ടതാണ്‌ സെക്‌സ്‌ ഇന്‍സ്‌ട്രി. അതായത്‌ സെക്‌സ്‌ ഇന്‍സ്‌ട്രിയുടെ പ്രചാരണമായി പരിണമിക്കാന്‍ സാധ്യതയുണ്ട് സ്വതന്ത്ര ലൈംഗീക വാദം.
മലയാളി ലൈംഗീക ദാരിദ്യം അനുഭവിക്കുന്നു എന്ന് സക്കറിയ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നു. ദാരിദ്യം ലൈംഗീകതയുമായി ബന്ധപ്പെടുത്തേണ്ട ഒന്നാണോ? 
ഈ പദാവലികള്‍ കൃത്യമായ രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ്‌ ഇവിടെ ഉപയോഗിക്കപ്പെടുന്നത്‌. മൂലധനാധിപത്യത്തിന്റെ അജണ്ടയാണത്‌. മൂലധനം എങ്ങനെയാണോ മനുഷ്യസഹായിയാകേണ്ട സാങ്കേതിക വിദ്യയെ മനുഷ്യ വിരുദ്ധമാക്കിയത്‌ അതുപോലെ മനുഷ്യസഹായിയായ പദാവലികളെയും മനുഷ്യവിരുദ്ധമാക്കിത്തീര്‍ക്കുന്നു. 
ഒന്നു പറയട്ടെ, ആഗോളവത്‌ക്കരണത്തിന്‌ ഏകലോകവാദവുമായി ബന്ധമില്ല. അത്‌ മൂലധനാധിപത്യമാണ്‌. മൂലധനത്തിന്റെ ചേഷ്‌ടകള്‍ മറച്ചുവയ്‌ക്കുന്നതിനായി വളരെ മനോഹരമായ ഒരു പദം ഉപയോഗിക്കുന്നു. അതുപോലെയാണ്‌ ലൈംഗീക തൊഴിലാളി എന്ന പദം. തൊഴിലാളി എന്നത്‌ മൂല്യം ഉത്‌പാദിപ്പികുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മഹത്തായ വാക്കാണ്‌. ഇതിനെ ആദര്‍ശവത്‌കരിക്കുന്നത്‌ ശരിയല്ല. ആ അര്‍ത്ഥത്തില്‍, ആഗോളവത്‌കരണം മുതല്‍ ലൈംഗീക തൊഴിലാളി വരെയുള്ള പട്ടികയിലാണ്‌ ലൈംഗിക പട്ടിണിയെന്ന പദവും ഉള്‍പ്പെടുത്തേത്‌.
ലൈംഗിക ദാരിദ്രത്തെ പറ്റി പറയുന്നവര്‍, ഇന്നു അനുരാഗം എന്നത് മുടക്കാച്ചരക്കായതിനെ പറ്റി പറയുന്നില്ല. തുറന്ന രതിയും രതിബന്ധവും സ്വതന്ത്ര്യത്തിന്റെ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. പുതിയ തലമുറക്ക്‌ എവിടെയാണ്‌ പിശക്‌ സംഭവിച്ചത്‌?
ലൈംഗീക ജനാധിപത്യത്തിന്റെ സ്ഥാനത്ത്‌ ലൈംഗീക ഉദാരീകരണമാണ്‌ ഇന്ന്‌ മേല്‍ക്കോയ്മ സ്ഥാപിച്ചുവരുന്നത്‌. ലൈംഗീക ഉദാരീകരണത്തില്‍ പ്രണയം സാധ്യമല്ല. അത്‌ വില്‌പ്പനയുടെ ഒരു ലോകമാണ്‌. നമ്മള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടയില്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാത്ത വിധം അകപ്പെട്ടിരിക്കുന്നു. അതാണ്‌ ഉദാരീകരണത്തിന്റെ പ്രത്യേകത. മനുഷ്യരെ വിപണിയിലേക്ക്‌ വെട്ടിച്ചുരുക്കുന്നു. മാര്‍ക്കറ്റിലേക്ക്‌ പോകുമ്പേള്‍ നമ്മള്‍ മാര്‍ക്കറ്റിനകത്തും, മാര്‍ക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുബോള്‍ മാര്‍ക്കറ്റ്‌ നമ്മുടെ അകത്തുമാണ്‌. ലൈംഗീക ജനാധിപത്യമുള്ളയിടത്താണ്‌ അനുരാഗം സാധ്യമാകുന്നത്‌. ഉദാരീകരണത്തെ സംബന്ധിച്ചെടുത്തോളം അത് ഉപയോഗിക്കുക വലിച്ചെറിയുക എന്നാണ്‌. സാമ്പത്തിക രംഗത്തെന്നതുപോലെ സാംസ്കാരിക രംഗത്തും ഇന്ന്‌ വിപണി മേല്‍ക്കോയ്‌മ വ്യക്തമാണ്‌.
കേരളത്തിലെ ഇടതുപക്ഷ വിരുദ്ധത മതത്തേക്കാള്‍ സംഘടിതവും ശക്തവുമാണ്‌. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
ആഗോള മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട സംഘടനകളില്ലാത്ത ഒരു ലോകം സാധ്യമാക്കുക എന്നതാണ്‌. അതിന്‌ തൊഴിലാളി സംഘടനകള്‍ തടസ്സമാണ്‌. അതുകൊണ്ട് ഇടതുപക്ഷമില്ലാത്ത ലോകം സാധ്യമാക്കണം. കണ്ണുതുറക്കാന്‍ സാധ്യതയുള്ള മനുഷ്യരെ മുഴുവന്‍ അന്ധരാക്കണം. ഇതിന്‌ അനുയോജ്യമായ പ്രത്യയ ശാസ്‌ത്രത്തേയാണ്‌ അവര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. 
പക്ഷേ, ഇടതുപക്ഷം ജനങ്ങളില്‍നിന്നും അകലുന്നു എന്നാണ്‌ കേരള രാഷ്‌ട്രീയത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം. ഈ അകല്‍ച്ച സത്യമാണോ? 
ഇതൊരു പരിവര്‍ത്തന കാലമാണ്‌. ചരിത്രത്തില്‍ മുമ്പില്ലാത്തവിധം പുതിയൊരു പരിവര്‍ത്തന ഘട്ടം. ഏതു പരിവര്‍ത്തന ഘട്ടത്തിലും കുറേ പകര്‍പ്പുകളൂണ്ട് . എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഇതിലൂടെ കടന്നുപേകണം. ആ പ്രതിസന്ധി ഇടതുപക്ഷവും അഭിമുഖീകരിക്കുന്നുണ്ട്.
നമുക്കുചുറ്റും മതാത്മകത ശക്തിപ്പെടുന്നു. പ്രത്യേകിച്ച്‌ ഭൂരിപക്ഷ മതാത്മകത. ഇതിനര്‍ത്ഥം കേരളത്തിന്റെ മതേതര ചട്ടക്കൂടിന്‌ ക്ഷതം സംഭവിച്ചു എന്നാണോ?
മതപരിവര്‍ത്തനത്തെ കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാന്‍ കഴിയും. പക്ഷേ ജാതി പരിവര്‍ത്തനത്തെ കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുന്നില്ല. ജാതിയെ കുറിച്ച്‌ പറയുബോള്‍ മര്‍ദ്ദക ജാതികള്‍ മര്‍ദ്ദിത ജാതികള്‍ എന്ന വിഭജനം പ്രസക്തമാണ്‌. മര്‍ദ്ദക ജാതികള്‍ കേരള സമൂഹത്തില്‍ കൂടുതല്‍ കുടുതല്‍ മേല്‍കൈ നേടിക്കൊിരിക്കുന്നു.
താക്കറയടക്കമുള്ള ഭൂരിപക്ഷ മതാത്മകതയുടെ വക്താക്കള്‍ ഇന്ത്യന്‍ ദേശീതയെ വെല്ലുവിളിക്കുബോള്‍ കോടതി വെറുതെ വിട്ട മദനി ക്രൂശിക്കപ്പെടുന്നു. ഇതിനെ എങ്ങനെ വീക്ഷിക്കുന്നു?
താക്കറെ അടക്കമുള്ള കാഴ്‌ചപ്പാട്‌ ഒരു സമാന്തര സര്‍ക്കാറാണ്‌. ശിവസേനയും സംഘപരിവാറും ഉള്‍ക്കൊള്ളുന്ന ഒരു സമാന്തര സര്‍ക്കാര്‍. ന്യൂനപക്ഷത്തുനിന്നും പ്രതിക്ഷേധം വരുബോള്‍ അതൊരു അദൃശ്യ സര്‍ക്കാറല്ല. ആധിപത്യം വഹിക്കുന്ന വ്യവസ്ഥയോടുള്ള ഒരു തരം വികലമായ പ്രതികരണമാണ്‌. പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ ആരെയെങ്കിലും അറസ്റ്റ്‌ ചെയ്യാമെങ്കില്‍ അത്‌ ഉമാഭാരതി തൊട്ട്‌ അദ്വാനിതൊട്ടുള്ള ആളുകളെയാണ്‌.

Feb 11, 2010

Dillipost Interview: കോഴിമല രാജാവ്

വനസംരക്ഷണക്കാരുടെ ലക്ഷ്യം ആദിവാസികളെ പുറത്താക്കല്‍
കോഴിമല അരിയന്‍ രാജമന്നാന്‍ രാജാവിനെ കാണാന്‍ ഇടുക്കി ജില്ലയിലെ കോഴിമലയിലേക്ക് പോകുമ്പോള്‍ കിരീടവും ചെങ്കോലും തിളങ്ങുന്ന വസ്ത്രങ്ങളുമണിഞ്ഞ ഒരു പ്രമാണിയായിരുന്നു മനസില്‍. എന്നാല്‍ കോഴിമലയിലെ മുരിക്കാട്ടുകുടിയില്‍ ഞങ്ങള്‍ കണ്ട കേരളത്തിലെ ഏക ആദിവാസി രാജാവ് നിലനില്പ്പിനായി അനുദിനം പോരാടേണ്ടി വരുന്ന ഒരു സമൂഹത്തെ മുന്നില്‍ നിന്നും നയിക്കുന്ന ഒരു സാധാരണ ആദിവാസി യുവാവായിരുന്നു. 2007ല്‍ അമ്മാവന്‍ കോവില്‍മല തേവന്‍ രാജമന്നാന്റെ മരണശേഷമാണ് അരിയന്‍ രാജാവാകുന്നത്. മന്നാന്മാര്‍ക്കിടയില്‍ മരുമക്കത്തായ സംവിധാനമാണ് നില നില്‍ക്കുന്നതെന്ന് രാജാവ് പറയുന്നു. കേരളത്തിലെ ആദിവാസികളുടെ ഭൂമി പ്രശ്നത്തെ കുറിച്ചും, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യത്തേക്കുറിച്ചും, ഉദ്യോഗസ്ഥ പ്രഭുത്വത്തത്തിന്റെ ചൂഷണങ്ങളെ കുറിച്ചുമെല്ലാം കോഴിമല രാജാവ് ദില്ലിപോസ്റ്റിന്റെ അഭിലാഷ് ടിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:       

രാജാവ് എന്ന നിലയിലുള്ള അധികാരങ്ങള്‍ എന്തൊക്കെയാണ്?
നമ്മുടെ കൂട്ടം ഏപ്പിച്ചു തന്നിരിക്കുന്ന ഒരു പദവിയാണിത്. ഇതിനങ്ങിനെ അത്ര വലിയ അധികാരങ്ങളൊന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ അധികാരം എന്ന് പറയാനും പറ്റില്ല. നിങ്ങക്കും നമ്മക്കും ഒക്കെ അറിയാം രാജാധികാരം അവസനിച്ചിട്ട് നാളുകളായെന്ന്. നമ്മുടെ കൂട്ടത്തിനെ കൂട്ടായ്മയില്‍ നിര്‍ത്തുക, സ്വന്തം കലയെയും ആചാരങ്ങളെയും സംരക്ഷിക്കാനായി നമ്മുടെ തലമുറയ്ക്ക് വഴികാട്ടിയാവുക. പിന്നെ നമ്മുടെ ആവകാശങ്ങളൊക്കെ സര്‍ക്കാരിനോട് പറയാനും നേടിയെടുക്കാനും സ്വന്തം ആള്‍ക്കാരെ പ്രാപ്തരാക്കുക. ഇതൊക്കെയാണ് ഈ പദവികൊണ്ട് ഉദ്ദേശിക്കുന്നത്.

കോഴിമലയില്‍ എത്ര ആദിവാസി കുടുംബങ്ങളുണ്ട്?
നമ്മള് മന്നാമ്മാര് മാത്രം ഏകദേശം 46 കുടികളിലായി 140 കുടുംബങ്ങളുണ്ട്. മലമ്പണ്ടാരത്തില്‍പ്പെടുന്നവര്‍ എത്രയാണെന്ന് പറയാന്‍ കഴിയില്ല. കാരണം അവര്‍ ഇപ്പോഴും കാട്ടില്‍ തന്നെയാണ് കഴിയുന്നത്.

ഇവര്‍ക്കെല്ലാവര്‍ക്കും സ്വന്തമായി ഭൂമിയുണ്ടോ?
മന്നാന്‍ സമുദായത്തില്‍പ്പെട്ട ഏകദേശം എല്ലാവര്‍ക്കും തന്നെ ഭൂമിയുണ്ട്. പക്ഷെ അതില്‍ തന്നെ കൂടുതലും അഞ്ചു സെന്റില്‍ താഴെയാണ്. അത് പലപ്പോഴും കൃഷിയോഗ്യവുമല്ല. 

കേരളാ സര്‍ക്കാരുമായുള്ള രാജാവിന്റെ ബന്ധമെങ്ങിനെയാണ്?
നിയമപരമായി രാജാവ് എന്ന നിലയില്‍ അധികാരമൊന്നുമില്ലെന്ന്  മുമ്പ് പറഞ്ഞല്ലോ. എങ്കിലും, നമ്മുടെ  അടിയന്തിര ആവശ്യങ്ങളൊക്കെ അധികാരികളെ അറിയിച്ചാല്‍ അവരത് ചെയ്തു തരാറുണ്ട്. ഉദാഹരണത്തിന് പദ്ധതിവിഹിതത്തിന്റെ ഭാഗമായ അരിവിതരണത്തിന് കാലതാമസം, പുര കെട്ടുന്നതിന്റെ ബില്ലു മാറുക, മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളുകളില്‍ പടിക്കുന്ന നമ്മടെ പിള്ളാരുടെ കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവയ്ക്കൊക്കെ അധികാരികളില്‍ നിന്നും സഹായം ലഭിക്കാറുണ്ട്.

ഇത്തരം പദ്ധതികളുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ടോ?
പഞ്ചവത്സര പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കലക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിയില്‍ നമ്മള്‍ക്ക് പങ്കാളിത്തമുണ്ട്. അവിടെ നമ്മള്‍ അഭിപ്രായങ്ങള്‍ പറയാറുമുണ്ട്.

ഗ്രാമ പഞ്ചായത്തിന്റെ ഭാഗമായ ഊരുകൂട്ടം ഇവിടെ നടക്കാറുണ്ടോ?
ഉണ്ട്. അതില്‍ എല്ലാവരും തന്നെ വരാറുണ്ട്.
ആദിവാസികളുമായി ചേര്‍ന്ന് വനം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ രൂപീകരിച്ച എക്കോ-ഡെവലപ്മെന്റ് കമ്മറ്റികളെക്കുറിച്ച് എന്താണഭിപ്രായം?
ആദിവാസികളെ വനത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ഇതുകൊണ്ട് പ്രയോജനം ലഭിക്കുമെന്ന്ആദ്യമൊക്കെ നമുക്കും തോന്നിയിരുന്നു. പക്ഷെ ഫലത്തില്‍ അതിനു ഗുണത്തേക്കാളേറെ ദോഷമാണുള്ളത്. അതാണ് നമ്മടെ അനുഭവം. അവരു നല്‍കിയ പൈസാ കൊണ്ട് കുളം കുഴിക്കല്‍, മരം നട്ടുപിടിപ്പിക്കല്‍ എന്നിവയൊക്കെ ചെയ്യാന്‍ കഴിഞ്ഞെങ്കിലും വനത്തിലേക്കുള്ള ആദിവാസികളുടെ സഞ്ചാരവും, വേട്ടയും , സ്വതന്ത്രമായുള്ള തേന്‍ ശേഖരണവും ഒക്കെ കര്‍ശനമായി നിയന്ത്രിക്കപ്പെട്ടു. നമ്മടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ പോലും ഈ കമ്മറ്റിക്കാര്‍ നമ്മെ അനുവദിക്കില്ല.      

ഇപ്പോഴും ഈ മേഖലയില്‍ ആദിവാസികളുടെ ഭൂമി കൈയ്യേറ്റം ചെയ്യപ്പെടുന്നുണ്ടോ?
വളരെ കുറച്ച്. കുറച്ചു നാളുകളായി ഇല്ലെന്നു തന്നെ പറയാം. നമ്മള്‍ മന്നാന്മാര്‍ കാട്ടുനായ്ക്കര്‍, മലമ്പണ്ടാരം എന്നിവരില്‍ നിന്നൊക്കെ മാറി. നമ്മളും മലയരയരയരെ പോലെ (കോട്ടയം ഇടുക്കി ജില്ലകളില്‍ കഴിയുന്നവര്‍) വളരെ നാളുകളായി ഒരു പ്രദേശത്ത് തന്നെ സ്ഥിരതാമസം നടത്തുന്നവരാണ്. പണ്ടുകാലത്താണങ്കില്‍ ഒരു മലയില്‍ കുറച്ചു കാലം കൃഷി ചെയ്ത് വിളവെടുപ്പും കഴിഞ്ഞ് അടുത്ത മലയിലേയ്ക്കു പോകും. എന്നാല്‍ ഇന്നത് പറ്റില്ല. ഒരു സ്ഥലത്തു മാത്രം താമസിക്കേണ്ടതിന്റെ ആവശ്യം ഇന്ന് നമ്മക്കറിയാം. അതു മാത്രമല്ല, നമ്മടെ സമുദായക്കാര്‍ ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയിട്ടുമുണ്ട്.

മന്നാന്‍ സമുദായക്കാരും ഒരു സ്ഥലത്ത് സ്ഥിരതാമസം തുടങ്ങിയെങ്കിലും  കാണിക്കാര്‍, മലയരയര്‍ എന്നീ സമുദായക്കാര്‍ നേടിയെടുത്ത സാമൂഹിക സാമ്പത്തിക പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഇല്ലെന്നു തന്നെ പറയേണ്ടിവരും. അതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. മലയരയരും കാണിക്കാരും വളരെ നേരത്തെ തന്നെ റബ്ബര്‍, കുരുമുളക് എന്നിങ്ങനെയുള്ള നാണ്യവിളകള്‍  കൃഷി ചെയ്തു തുടങ്ങുകയും അതുവഴി ഒരു സ്ഥിരമായ വരുമാനമുണ്ടാവുകയും ചെയ്തു. ഇതിനേക്കാളുപരി അവരുടെ കുട്ടികള്‍ക്ക് സാമന്യം ഭേദപ്പെട്ട വിദ്യാഭ്യാസം ലഭിച്ചതിനാല്‍ സര്‍ക്കാര്‍ ജോലിയും കിട്ടുകയുണ്ടായി. മന്നാന്‍ സമുദായത്തെ സംബന്ധിച്ച് ഈ വളര്‍ച്ച വളരെ പതുക്കെയാണ്. ഇതിനു കാരണം സാമുഹ്യമായ പിന്നോക്കാവസ്ഥയും ഭൂമിശാസ്ത്രപരമായ ചില കാരണങ്ങളുമാണ്. നിങ്ങള്‍ ഈ പറമ്പില്‍ തന്നെ നോക്കു. റബ്ബര്‍ ഇവിടെ വളരുന്നപോലുമില്ല. ഞാനിത് പറയുന്നത് റബ്ബര്‍ മാത്രമാണ് വരുമാനമുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലല്ല. നമ്മുടെ പുതുതലമുറ ഇപ്പോള്‍ വിദ്യാഭ്യാസത്തിലും മറ്റും മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അവരിലൂടെ ഒരു മാറ്റം നമ്മള് പ്രതീക്ഷിക്കുന്നുണ്ട്.

മറ്റ് ആദിവാസി വിഭാഗങ്ങളുമായിട്ടുള്ള ബന്ധം?
ഐക്യ മലയരയ മഹാസഭയുമായി ബന്ധപ്പെട്ട് പട്ടയത്തിന്റെ കാര്യത്തിനായി നമ്മള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നാഷണല്‍ ആദിവാസി ഫെഡറേഷന്‍ ഗോത്രമഹാസഭ എന്നിവരുമായി നല്ല സഹകരണത്തിലാണ്. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെ നമ്മെ അറിയിക്കാറുമുണ്ട് നമ്മള്‍ പങ്കെടുക്കാറുമുണ്ട്. 
ആദിവാസി മേഖലയില്‍ സ്വയംഭരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസാക്കിയ നിയമം കേരളത്തില്‍ നടപ്പിലാക്കിയിലാക്കിയിട്ടില്ല. അതിനെക്കുറിച്ച് എന്തു പറയുന്നു?
അതിവിടെ നടപ്പിലാക്കിയിരുന്നെങ്കില്‍  വളരെ നല്ലതായിരുന്നു. ഇപ്പോഴാണെങ്കില്‍ നമ്മള്‍ സര്‍വത്ര കാര്യത്തിനും ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും കാലു പിടിക്കേണ്ട അവസ്ഥയാണുള്ളത്. നമ്മക്ക് സര്‍ക്കാര്‍ ഒരു വീട്  അനുവദിച്ചാല്‍ അത് എങ്ങിനെ പണിയണം എന്നു തുടക്കം മുതല്‍ അവസാനം വരെ നമ്മളെ നിര്‍ബന്ധിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാവും. അവരു പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പണിയുടെ ഓരോ ഘട്ടത്തിലും ബില്ലു മാറുമ്പോള്‍ ഇല്ലാത്തെ കാരണം പറഞ്ഞ് നമ്മളെ ബുദ്ധിമുട്ടിക്കും. ഇതു തെന്നെയാണ് എല്ലാ ആദിവാസി കോളനികളിലും നടക്കുന്നത്. നിങ്ങള്‍ നോക്ക്.. നമ്മള്‍ പണിയുന്ന ഈ വീടിന്റെ കാര്യവും മറിച്ചല്ല. ഉദ്യോഗസ്ഥര്‍  പലപ്പോഴും അവരുടെ ഔദാര്യം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ ചെയ്തു തരുന്നത്. ഇതിനൊരു അവസാനമുണ്ടായെങ്കില്‍ മാത്രമേ നമുക്ക് മുന്നോട്ട് പോവാന്‍ കഴിയൂ.

ഈ പ്രദേശത്ത് ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
ഉണ്ട്..സായിപ്പമ്മാര്‍ നടത്തുന്ന ഒരു സംഘടന ഇവിടെ കുടികളില്‍ കക്കൂസ് കുളിമുറി എനിവയൊക്കെ വച്ചുതരാറുണ്ട്. ഞാനവരുടെ സംഘടനയുടെ പേര് ഓര്‍ക്കുന്നില്ല. 

കേരളത്തിലെ ആദിവാസികളുടെ അവകാശ സമരങ്ങളുടെ ഭാവിയെ എങ്ങിനെയാണ് കാണുന്നത് ?
നമ്മള്‍ ഇന്നും എല്ലാ കാര്യങ്ങളിലും പിന്നോക്കമാണ്. മത്രവുമല്ല നമ്മള്‍ പിന്നോക്കാവസ്ഥയില്‍ കിടക്കേണ്ടത് ആരുടെയോ ആവശ്യമാണെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ മുമ്പു പറഞ്ഞ നിയമം ഇവിടെ നടപ്പിലാക്കപ്പെടാതെ പോയത്. അതിനുള്ള സാഹചര്യം  നമ്മക്കും നമ്മടെ കുട്ടികള്‍ക്കും കിട്ടുന്നില്ല എന്നതാണ് സത്യം. മാത്രവുമല്ല നമ്മടെ ആവശ്യങ്ങള്‍ക്കായി നാം രാഷ്ടീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആശ്രയിക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഇത് അവസാനിക്കണം. അതിനുവേണ്ടി ആദിവാസിവിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നമ്മക്ക് തോന്നുന്നത്.

ഇതോടൊപ്പം വായിക്കേണ്ടത്
ആദിവാസി വികസനം: കേരള മോഡല്‍