മലയാള സിനിമയില്‍ ഒരു പരീക്ഷണം നടന്നിരിക്കുന്നു എന്നാണ് പുതിയ വര്‍ത്തമാനം. കേരള കഫേയുടെ വരവാണ് അത്തരത്തില്‍ പരീക്ഷണമായത്. എത്ര സംവിധായകര്‍ ബോക്‌സോഫീസ് തകര്‍ക്കും പടങ്ങള്‍ എടുത്തു. എന്നിട്ട് അവര്‍ക്കാര്‍ക്കും കഴിയാത്ത കാര്യമാണ് രഞ്ജിതിന്റെ നേതൃത്വത്തില്‍ 10 സംവിധായകര്‍ ഒരുചിത്രത്തിന് ഒരുമിച്ചത്. പരീക്ഷണത്തെ കുറിച്ചും ആസ്വാദകര്‍ കാണേണ്ട പടമാണെന്നും പറയുന്നത് നമ്മളൊന്നുമല്ല. സാക്ഷാല്‍ സത്യന്‍ അന്തിക്കാടാണ്.ചിത്രം കുണ്ടു തുടങ്ങുന്നതിന് മുമ്പ് അന്തിക്കാടിന്റെ പരസ്യവാചകം കേള്‍ക്കാം. മുപ്പത്തഞ്ചുരൂപ കൊടുത്ത് പടം കാണുന്നവര്‍ക്ക് മുന്നിലാണ് സത്യന്‍ അന്തിക്കാട് പരീക്ഷണചിത്രത്തെ കുറിച്ച് വാചാലനാവുന്നത്. കാശ് പോയാല്‍ പരീക്ഷണചിത്രമെന്ന് ആശ്വസിക്കാമെന്ന് ചുരുക്കം. മണിക്കൂറില്‍ നാല്‍പ്പത് വട്ടം മലയാളിയുടെ ആസ്വാദനനിലവാര തകര്‍ച്ചയെ കുറിച്ച് കുറ്റം പറയുന്നവര്‍ക്കുള്ള മറുപടിയാണ് കേരള കഫേയുടെ തരക്കേടില്ലാത്ത പ്രദര്‍ശനവിജയം. പത്തുസിനിമകള്‍ രുമണിക്കൂറിലേറെ നേരം ആസ്വദിക്കാന്‍ കഴിയുന്ന മലയാളിക്ക് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യത്വവും സ്‌നേഹവും ബാക്കിയുള്ളത് കൊണ്ടാണെന്ന് സമ്മതിക്കുകയും വേണം.
കഫേയില്‍ നിന്ന് തുടക്കം
പലതരം ജീവിതങ്ങളിലൂടെയും കടന്നുപോകാന്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും നിര്‍ബന്ധിതരാകുന്ന സാഹചര്യം മലയാളിക്ക് വന്നു ചേര്‍ന്നിട്ടു്. ഇങ്ങനെയൊരു ഗുണകരമായ പാഠമാകാം ഐലന്റ് എക്പ്രസിലെ നായകന്‍ നല്‍കുന്നത്. പെരുമണ്‍ ദുരന്തത്തിലെ ജീവിക്കുന്ന മുഖങ്ങളെ കണ്ടുമുട്ടാനിടയായതിന് അയാള്‍ റ്റെക്‌നോളജിയോടാണ് നന്ദി പറയുന്നത്.
നൊസ്റ്റാള്‍ജിയ (എം പത്മകുമാര്‍), ഐലന്റ് എക്‌സ്പ്രസ്(ശങ്കര്‍ രാമകൃഷ്ണന്‍), ലളിതം ഹിരണ്‍മയം (ഷാജി കൈലാസ്), മൃത്യുഞ്ജയം (ഉദയ് അനന്തന്‍), ഹാപ്പി ജേണി (അഞ്ജലി മേനോന്‍), ഓഫ് സീസണ് (ശ്യാമപ്രസാദ്), മകള്‍ (രേവതി), അവിരാമം (ബി ഉണ്ണികൃഷ്ണന്‍), ദ ബ്രിഡ്ജ് (അന്‍വര്‍ റഷീദ്) ,പുറം കാഴ്ചകള്‍ (ലാല്‍ ജോസ്) എന്നിങ്ങനെ 10 ഹ്രസ്വ സിനിമകളാണ് കേരള കഫേയില്‍ ഉള്ളത്. ശ്യാമപ്രസാദ് മുതല്‍ ഉദയ് അനന്തന്‍ വരെയുള്ള മുതിര്‍ന്നവരും പുതുതലമുറയില്‍ പെടുന്ന സംവിധായകരും സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നു. കേരള കഫേയില്‍ എത്തുന്ന 10 യാത്രക്കാരുടെ കഥകളാണ് സിനിമ.
അടൂര്‍ ഗോപാലകൃഷ്ണന്‍ തകഴിയുടെ ചെറുകഥകള്‍ക്ക് സിനിമാവിഷ്കാരം ഉണ്ടാക്കിയത് രണ്ടു വര്‍ഷം മുമ്പാണ്. അന്നതൊരു പുതുമ എന്നതിന് പകരം വിഖ്യാത സാഹിത്യകാരന്റെ കഥകള്‍ക്ക് സിനിമ എന്ന മാധ്യമത്തില്‍ പകര്‍പ്പ് ഉണ്ടാക്കുകയാണെന്ന തോന്നലുകളാണ് പൊതുവെ കണ്ടത്. കേരളത്തിലെ പഴയകാല ജീവിതാനുഭവങ്ങള്‍ നല്‍കാന്‍ അതിലെ നാലു ചെറു സിനിമകള്‍ സാധിക്കുന്നുണ്ടെന്നെ നിലയിലാണ് പുറത്തെ ചലച്ചിത്രപ്രേമികള്‍ ചിത്രത്തെ സമീപിച്ചതും.
പുറത്ത് കളയുന്നത്
കേരള കഫെയില്‍ മികച്ച സിനിമ എന്ന് രണ്ടാമതൊരു വട്ടം ആലോചിക്കാതെ പറയാന്‍ കഴിയുന്ന ചിത്രമാണ് 'ദ ബ്രിഡ്ജ്'. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പടം രുതരം ജീവിതാനുഭവങ്ങളെ കുറിച്ചാണ് പറയുന്നത്. ഇഷ്ടവും ഇഷ്ടക്കേടും എന്ന് അതിനെചുരുക്കി പറയാം.
കുട്ടിക്ക് പൂച്ചയോടുള്ള ഇഷ്ടവും അലക്കുകാരന് അമ്മയോടുള്ള ഇഷ്ടക്കേടുമാണ് കഥ. പൂച്ചയെ കുട്ടിയുടെ പപ്പ നഗരത്തിന്റെ കുപ്പ തൊട്ടിയിലേക്ക് വലിച്ചെറിയുകയാണ്. അലക്കുകാരന്‍ അമ്മയെ നഗരത്തിലെ സിനിമാ തിയറ്ററില്‍ ഉപേക്ഷിക്കുന്നു. വലിച്ചെറിയപ്പെടുന്ന പൂച്ചയെ കുട്ടി പനിച്ചു വിറയ്ക്കുമ്പോള്‍ പപ്പ അന്വേഷിക്കുന്നുണ്ട്. കണ്ണു കാണാത്ത, പ്രായാധിക്യം തളര്‍ത്തിയ പെറ്റമ്മയെ ഉപേക്ഷിക്കുന്നയാള്‍ക്ക് ഒരുപക്ഷേ സങ്കടമുണ്ടായിരിക്കാം.എന്നാല്‍ അതിനെക്കാളൊക്കെ വലുതായി അയാളെ നയിക്കുന്നത് ഭാര്യയും മകളും നൂറുകൂട്ടം പ്രശ്‌നങ്ങളും അവരുടെ സന്തോഷവുമാണ്.
അമ്മയെയും പൂച്ചക്കുട്ടിയെയും നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് കാഴ്ചക്കാര്‍ കണ്ടെത്തുന്നു. അലക്കുകാരന്റെയും അലക്കുക്കാരിയുടെയും ജീവിതം മനോഹരമായി ഛായാഗ്രാഹകന്‍ പകര്‍ത്തിയിരിക്കുന്നു. വൃദ്ധയുടെ ഒറ്റപ്പെടലിനെയും സങ്കടത്തെയും എത്രമനോഹരമായാണ് കോഴിക്കോട് ശാന്താദേവി അവതരിപ്പിച്ചിരിക്കുന്നത്!
പൂച്ചക്കുട്ടിയോട് ഇഷ്ടമുള്ള കുട്ടിയുടെ കഥയും ഹൃദ്യമാണ്. വെട്ടിമാറ്റാനും മാറ്റി പറയാനും സാധിക്കാത്ത വിധത്തില്‍ അത്രയും കെട്ടുറപ്പിലാണ് സിനിമ നില്‍ക്കുന്നത്. കമല്‍ മുഹമ്മദ് സംവിധാനം ചെയ്ത സുഭാഷ്ചന്ദ്രന്റെ 'വധക്രമം' എന്ന ഹ്രസ്വ സിനിമയുടെയും മജീദ് മജീദിയുടെ ഇറാന്‍ സിനിമയായ 'കളര്‍ ഓഫ് പാരഡൈസി'ന്റെ ഓര്‍മകളിലേക്കാവും ശരാശരി സിനിമയുടെ ആസ്വാദകന്‍ ഈ സിനിമ കണ്ടുകൊണ്ടിരിക്കെ വീഴുക.
വധക്രമത്തില്‍ അന്ധയായ സഹോദരിയെ തീവണ്ടി പാളത്തില്‍ ഉപേക്ഷിക്കുന്ന സഹോദരാണ് എങ്കില്‍ മജീദിയുടെ പടത്തില്‍ അച്ഛനാണ് സ്വന്തം മകനെ വെള്ളച്ചാട്ടത്തില്‍ ഉപേക്ഷിക്കുന്നത്. രണ്ട് ഉപേക്ഷിക്കലുകളും അവരവരുടെ സ്വന്തം ഇഷ്ടത്തിനും തനിക്ക് ഉണ്ടാകുന്ന കുറച്ചിലുകളും കൊണ്ടാണെന്ന് കാണാം.
ശുഭയാത്ര
അഞ്ജലി മേനോന്റെ 'ഹാപ്പി ജേണി'യും എടുത്ത പറയേണ്ട ചിത്രമാണ്. 'മഞ്ചാടിക്കുരു' എന്ന ചിത്രത്തിലൂടെ രാജ്യാന്തര പ്രശസ്തയായ സിനിമാക്കാരിയാണ് അഞ്ജലി മേനോന്‍. സൂക്ഷ്മമായ നിരീക്ഷണമാണ് ഈസിനിമയുടെ തിരക്കഥയും അതിലെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വ്യക്തമാക്കുന്നത്. തനിച്ച് യാത്രചെയ്യുന്ന കേരളത്തിലെ ഒരു പെണ്‍കുട്ടിക്ക് വന്നു ചേരുന്ന അനുഭവമാണിത്. മോശമായി കൊണ്ടിരിക്കുന്ന അനുഭവത്തില്‍ നിന്ന് വിദഗ്ധമായി പെണ്‍കുട്ടി നടത്തുന്ന രക്ഷപ്പെടല്‍ കാഴ്ചയിലെ തമാശയും അനുഭവത്തിലെ കറുപ്പുമായി മാറുന്നു.
പെണ്‍കുട്ടിയുടെ ചെറുസംഭാഷണങ്ങളിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. അവ പ്രസംഗത്തിലേക്കോ വിരസതയിലേക്കോ പോകുന്നതിന് പകരം താന്‍ പറയുന്നത് സിനിമ എന്ന മാധ്യമം ഉപയോഗിച്ചാണ് എന്ന പൂര്‍ണ ബോധ്യം കഥയെ നല്ല ക്ലൈമാക്‌സിലേക്ക് കൊണ്ടു പോകുന്നു. ജഗതി ശ്രീകുമാറിന്റെ ഗംഭീരമായ ഭാവാഭിനയപ്രകടനത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. സത്യം പറയാമല്ലോ, ആസ്വാദകരെ പിടിച്ചിരുത്തുന്നു ഹാപ്പി ജേണി.
മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളെയും ഗ്രാമങ്ങളെയും സ്‌നേഹിക്കുന്ന പ്രവാസി മലയാളിയാണ് 'നൊസ്റ്റാള്‍ജിയ'യിലെ ദിലീപിന്റെ കഥാപാത്രം. റിംഗ് ടോണ്‍ അറബിക്കഥയിലെ `തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുന്നെ' പാട്ടാണ്. ഇങ്ങനെഒക്കെയാണെങ്കിലും അയാളെ അടിമുടി ഭരിക്കുന്നത് ബിസിനസുകാരന്റെ ബുദ്ധിയും വിചാരവുമാണ്. അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലേക്കും മക്കളെ കോണ്‍വെന്റിലേക്കും അയക്കുന്ന സ്‌നേഹമാണ് അയാളുടേത്. സുഹൃത്തിന്റെ സ്‌നേഹസ്പര്‍ശം കാത്തിരിക്കുന്ന സഹപാഠിയാണ് കേരള കഫേയിലെ വെയ്റ്ററായ സുധീഷ്.
'അവിരാമം', 'ലളിതം ഹിരണ്‍മയം', 'മൃത്യുഞ്ജയം' എന്നീ ചിത്രങ്ങളും കണ്ടിരിക്കാമെന്ന ആശ്വാസം ആസ്വാദകര്‍ക്ക് ഉണ്ടാകാം. 'രേവതിയുടെ മകള്‍' എന്ന ചിത്രം കേട്ടുമടുത്ത പ്രമേയമാണ്. കുട്ടികളെ ദത്തെടുക്കുന്നവെന്ന വ്യാജേന പെണ്‍വാണിഭ റാക്കറ്റുകള്‍ വില്‍പ്പന നടത്തുന്നതിന്റെ കഥയാണ് മകള്‍. ദൃശ്യങ്ങള്‍ രൂപപ്പെടുത്തുന്നതിലും കഥാപാത്രങ്ങളുടെ അവതരണവും കാഴ്ചക്കാരെ ആകര്‍ഷിക്കില്ല.
സിവി ശ്രീരാമന്റെ 'പുറം കാഴ്ചകള്‍' ഏറെ ശ്രദ്ധനേടിയ ചെറുകഥയാണ്. ആ ചെറുകഥയുടെ ആവിഷ്കാരമാണ് പുറംകാഴ്ചകള് എന്ന ചിത്രം. ലാല്‍ജോസാണ് സംവിധായകന്‍. അടുത്തിരിക്കുന്നവരുടെ അനുഭവങ്ങളും ചിന്തകളും എന്തായിരിക്കുമെന്ന് പോലും സമീപത്തുള്ളവര്‍ ഓര്‍ക്കാറില്ല. എത്ര ഭീതിമായ കാഴ്ചയായിരിക്കാം അവ പങ്കുവയ്ക്കുക. എന്നാല്‍ അത്രത്തോളം ആഴത്തില്‍ പുറം കാഴ്ചകള്‍ ആസ്വാദകരെ അലോസരപ്പെടുത്തി എന്നുവരില്ല. കാഴ്ചയ്ക്ക് മമ്മൂട്ടിയും ശ്രിനീവാസനും സിനിമയിലുണ്ട്.
കേരള കഫേയുടെ സംവിധായകന്‍ രഞ്ജിതാണ്. നല്ല സിനിമകള്‍ കഫേയിലുണ്ടാവുമ്പോള്‍ തന്നെ നിരാശപ്പെടുത്തുന്ന ചിത്രങ്ങളുമുണ്ട് ഇതില്‍. സുരാജ് വെഞ്ഞാറമൂടിനെവെച്ച് തമാശപ്പടം ചെയ്യാനുള്ള ശ്യാമ പ്രസാദിന്റെ ശ്രമം പാളുന്നത് `ഓഫ് സീസണി'ലൂടെ കാണാം.മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഹ്രസ്വസിനിമകളുടെ സംരംഭം തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞതിലൂടെ ഉണ്ടായിരിക്കുന്നത്.ഹ്രസ്വ സിനിമയുടെ ഭംഗിയും പുതുമയും ശക്തിയും തിരിച്ചറിയാന്‍ തുടങ്ങിയ സമയത്ത് മലയാള സിനിമ ഒരു മുഴുനീള സിനിമയുണ്ടാക്കി ഒരു പടി കൂടി മുന്നോട്ടുപോയി.
പ്രതീക്ഷ
ചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ഇന്ത്യന്‍ ചിത്രമാണ് 'ദ മാന്‍സ് വുമണ്‍ ആന്‍ഡ് അദര്‍ സ്‌റ്റോറീസ്'. ന്യൂട്രെന്‍സ് ഇന്‍ വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്. മൂന്നു ഹിന്ദി കഥകളുടെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. അമിത്ത് ദത്തയാണ് ചിത്രത്തിന്റെ സംവിധായകന്‍. 74 വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ ചിത്രത്തിന് വെനീസ് മേളയില്‍ അംഗീകാരം ലഭിക്കുന്നത്. പറഞ്ഞു വരുന്ന കാര്യമിതാണ്, ഹ്രസ്വസിനിമകള്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. കേരള കഫേയ്ക്ക് ഈ നിലയില്‍ നല്ല തുടര്‍ച്ചകളാവും ഉണ്ടാകാന്‍ പോകുന്നത്.
