Nov 8, 2009

റിടേക്ക്: കാണാകണ്മണിക്ക് പറയാനുള്ളത്

അക്കു അക്ബറിന്റെ കാണാകണ്മണി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് ജിപ്സന്‍ ജേക്കബ്പ്രേതസിനിമകള്‍ എന്തെങ്കിലും ഗുണപരമായ ആശയങ്ങള്‍ എന്നെങ്കിലും പങ്കു വച്ചിട്ടുണ്ടോ എന്നു സംശയമാണ്. പലപ്പോഴും അവ അന്ധവിശ്വാസങ്ങളുടെ ദൃശ്യവല്‍ക്കരണമായിത്തീരാറാണ് പതിവ്. പ്രേതസിനിമയെന്നു വിളിക്കാമോയെന്ന് അറിയില്ലെങ്കിലും നമ്മുടെ സൂപ്പര്‍ഹിറ്റുകളിലൊന്നായ മണിചിത്രത്താഴുപോലും ഇതില്‍ നിന്നും വ്യത്യസ്തമല്ല.* എന്നാല്‍ ഇത്തരമൊരു ഴാനിലൂടെ(genre) ആരെങ്കിലും ഒരു ഗുണപാഠം നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഹിന്ദി ചിത്രമായ 'ഗൌരി ദി അണ്‍ബോണിന്റേയും(2007) അതിന്റെ റീമേക്ക് ആയ ' കാണാകണ്‍മണി(2009)'യുടേയും സംവിധായകന്‍ അക്കു അക്ബര്‍ മാത്രമാവാനാണു സാധ്യത. ഈ തിരഞ്ഞെടുപ്പുതന്നെയാണ് കാണാകണ്‍മണിയുടെ ഏറ്റവും വലിയ പോരായ്മയും.

ഗര്‍ഭചിദ്രം തെറ്റാണെന്നാണ് ഈ ചിത്രം പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിനുവേണ്ടി നമ്മുടെ സ്വന്തം പ്രേതകഥാരൂപം കടമെടുത്തപ്പോഴാണ് അത് പറയാനുദ്ദേശിക്കുന്ന സന്ദേശത്തെപ്പോലും വികൃതമാക്കിയത്. പ്രേക്ഷകന്റെ സഹതാപവും സഹാനുഭൂതിയും പിടിച്ചു പറ്റേണ്ടതിനു പകരം മാതാപിതാക്കളെ വേട്ടയാടുന്ന ഒരു സര്‍വ്വസംഹാരിണിയായാണ് ഗര്‍ഭചിദ്രം വഴി വധിക്കപ്പെട്ട ഗര്‍ഭസ്ഥശിശു(ശിവാനി) ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്. മറ്റുപല പ്രേതസിനിമകളും അവസാനിക്കുന്നതു പോലെ മന്ത്രവാദവും പ്രേതോച്ചാടനവും ഇല്ലാത്തതു കൊണ്ട് ഗുണപാഠം പൂര്‍ണമായും വിപരീതാര്‍ത്ഥത്തില്‍ കലാശിച്ചില്ലെന്നു നമ്മുക്കു സമാധാനിക്കാം.

ഇനി ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അല്‍പം ആലോചനയാവാം. 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ടാണ് (MTP Act,1971) ഗര്‍ഭചിദ്രം ചില വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിയമപരമാക്കിയത്. ഇതുപ്രകാരം അമ്മയുടെ ജീവനു ഭീഷണിയാകുമ്പോഴോ, കുട്ടിയ്ക്ക് എന്തെങ്കിലും സാരമായ വൈകല്യങ്ങള്‍ ഉണ്ടാകാമെന്നുണ്ടെങ്കിലോ ഗര്‍ഭചിദ്രമാകാം. ബലാല്‍സംഗത്തിലൂടെ ഗര്‍ഭിണിയായതാണെങ്കിലും ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ പരാജയപ്പെട്ടുണ്ടായ ഗര്‍ഭമാണെങ്കിലും അബോര്‍ഷന് നിയമപരിരക്ഷ ലഭിക്കാം. എങ്കിലും ആദ്യത്തെ 12 (രണ്ടു ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരമാണെങ്കില്‍ 20) ആഴ്ചകള്‍ക്കുള്ളില്‍ യോഗ്യതയുള്ള ഡോക്ടറുടെ നേതൃത്വത്തില്‍ ഗര്‍ഭിണിയുടെ സമ്മതത്തോടെ അതു നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. **എന്നാല്‍ ഈ നിയമത്തിലെ പല പഴുതുകളും മുതലെടുത്ത് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണങ്ങളെ തിരഞ്ഞുപിടിച്ച് അബോര്‍ഷനു വിധേയമാക്കുവാന്‍ തുടങ്ങിയപ്പോഴാണ് 1994ല്‍ പ്രീനാറ്റല്‍ ഡയഗ്നോസ്റ്റിക്ക് ടെക്നിക്സ് റെഗുലേഷന്‍സ് ആന്‍ഡ് പ്രിവെന്‍ഷന്‍ ഓഫ് മിസ്യൂസ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2002ല്‍ 1971ലെ MTP ആക്ടിനു ചില ഭേദഗതികളും കൊണ്ടുവന്നു.

പക്ഷെ അതുകൊണ്ടൊന്നും പെണ്‍ഭ്രൂണഹത്യയും പെണ്‍ശിശുഹത്യയും തടയിടാനായില്ലെന്നതാണ് സത്യം. എന്നാല്‍ 'കാണാകണ്‍മണി' നമ്മുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നത് ഇത്തരം പ്രശ്നങ്ങളിലേയ്ക്കല്ല. കാരണം മിശ്രവിവാഹിതരായ റോയിയും മായയും തങ്ങളുടെ ആദ്യത്തെ കുഞ്ഞ് പെണ്‍കുഞ്ഞ് ആവണമെന്ന് ആഗ്രഹിക്കുന്നവരാണ്. കൂടാതെ അവള്‍ക്കായി ശിവാനിയെന്നൊരു പേരും അവര്‍ ‍കണ്ടുവയ്ക്കുന്നു. എന്നാല്‍ ആദ്യത്തെ കുഞ്ഞു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മതിയെന്ന തീരുമാനമെടുത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഗര്‍ഭധാരണം. ഇത് ഗര്‍ഭനിയന്ത്രണോപാധികളുടെ പരാജയം മൂലമാവാമെന്ന് പ്രേക്ഷകന് അനുമാനിക്കാവുന്നതാണ്. പിന്നീട് കുഞ്ഞിനെ ഇല്ലാതാക്കാന്‍ അവര്‍ തീരുമാനമെടുക്കുന്നു. തങ്ങള്‍ തീരുമാനിക്കുന്ന സമയത്താണ് തങ്ങളുടെ കുഞ്ഞു ജനിക്കേണ്ടെതെന്നാണ് റോയി ഇതിനു പറയുന്ന ന്യായികരണം. പോരാത്തതിന് നിയമപ്രകാരം ഇതു ശരിയാണു താനും. എന്നാല്‍ ഇതില്‍ വിയോജിപ്പു പ്രകടിപ്പിക്കുന്ന മായയുടെ അച്ഛന്‍ കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്ന പക്ഷക്കാരനാണ്. അബോര്‍ഷനുവേണ്ടി അവര്‍ സമീപിക്കുന്ന ഡോക്ടര്‍ക്കും മറ്റൊരഭിപ്രായമില്ല. അമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഉറപ്പുള്ള ഘട്ടത്തില്‍ മാത്രമേ ഗര്‍ഭചിദ്രത്തിന് അല്‍പ്പമെങ്കിലും ന്യായീകരണമുള്ളൂവെന്നാണ് അവരുടെ വാദം. ഇങ്ങനെ സിനിമയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ചില പരാമര്‍ശങ്ങളാണ് ഈ സിനിമയുടെ രാഷ്ട്രീയമെന്ത് എന്ന ചോദ്യമുയര്‍ത്തുന്നത്? അവിടെയാണ് പ്രോലൈഫ് (Prolife)എന്ന പ്രസ്ഥാനം കടന്നുവരുന്നത്. ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രത്യേകിച്ച് കത്തോലിക്കരുടെ ഇടയില്‍ വേരോട്ടമുള്ള ഒരു സംഘടനയാണിത്. ഗര്‍ഭചിദ്രം, ദയാവധം, വധശിക്ഷ,ഹ്യൂമന്‍ ക്ലോണിങ്ങ് എന്നിവയോട് ശക്തമായ വിയോജിപ്പാണ് പ്രോലൈഫിനുള്ളത്. ഇതിലെ ചില വിഭാഗങ്ങള്‍ കൃത്രിമജനനനിയന്ത്രണത്തേയും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പ്രൊലൈഫിന്റെ നിലപാടുകളോട് എതിര്‍പ്പുള്ള പ്രോ-ചോയ്സെന്ന മറ്റൊരു സംഘടനയുണ്ട്. വ്യക്തിസ്വാതന്ത്ര്യം, പ്രത്യുത്പാദനസ്വാതന്ത്ര്യം, പ്രത്യുത്പാദന അവകാശം എന്നീ നിലാപാടുകളിലൂന്നിയാണ് ഈ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ്. ഒന്നു സെറ്റിലായിട്ടുമതി കുഞ്ഞുങ്ങള്‍ എന്ന റോയിയുടേയും മായയുടേയും അഭിപ്രായം പ്രോചോയ്സിന്റെ വാദങ്ങളുമായി ഒത്തുപോകുന്നതാണ്.

അതാണ് വിമര്‍ശനവിധേയമാകുന്നതും. കുട്ടികള്‍ വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം നമുക്കല്ലല്ലോയെന്നു സൂചിപ്പിക്കുന്ന അയ്യര്‍ (നെടുമുടി വേണു) വെറുമൊരു ഈശ്വരവിശ്വാസി മാത്രമാണെന്നു കരുതുക വയ്യ. കൂടാതെ ഗര്‍ഭചിദ്രം മൂലമുണ്ടായേക്കാവുന്ന മറ്റു പ്രശ്നങ്ങളിലേയ്ക്ക് ഒരു കഥാപാത്രം പോലും വിരല്‍ ചൂണ്ടുന്നുമില്ല. അങ്ങിനെ നോക്കുമ്പോള്‍ പ്രശ്നം ധാര്‍മ്മികതയുടെ തലത്തില്‍ മാത്രമേ ഈ സിനിമയില്‍ കൈകാര്യം ചെയ്യപ്പെടുന്നുള്ളൂവെന്നു കാണാവുന്നതാണ്. എന്നാല്‍ നമ്മുടെ പൊതുസമൂഹത്തില്‍ അങ്ങിനെയൊരു തലത്തില്‍ മാത്രമൊതുങ്ങുന്ന അഭിപ്രായസമന്വയം നടന്നിട്ടുണ്ടെന്നു തോന്നുന്നില്ല. ഇതുകൂടാതെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് യുക്തിവാദിയാണെന്നു സ്വയം അവകാശപ്പെടുന്ന ഭാസ്കരനെ(സുരാജ് വെഞ്ഞാറമൂട്)സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന രീതി. ഭൂമിയില്ലാത്ത രണ്ടു കാര്യങ്ങള്‍ ദൈവവും പിശാചുമാണെന്നു പറയുന്ന അയാള്‍ ഏണിയില്‍ നിന്നു കാലു തെറ്റിവീഴുമ്പോള്‍ എന്റെ ദൈവമേ, കാത്തോളണേയെന്നു നിലവിളിക്കുന്നു. ഇവിടെ എല്ലാ യുക്തിവാദികളും പ്രതിസന്ധികളില്‍ അകപ്പെടുമ്പോള്‍ ഈശ്വരനെ വിളിക്കുമെന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതു മാത്രമല്ല അങ്ങിനെയൊരു ചിത്രീകരണത്തിനു കാരണമെന്നുവേണം കരുതാന്‍. കാരണം ദയാവധം പോലുള്ള കാര്യങ്ങളില്‍ യുക്തിവാദികളുടെ നിലപാടുകള്‍ പലപ്പോഴും പ്രൊലൈഫ് പോലുള്ള സംഘടനകളുടെ സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെട്ടുപോകാറില്ല. ഇതുതന്നെയാവണം യുക്തിവാദിയെത്തന്നെ പരിഹാസപാത്രമാക്കാനുള്ള ശ്രമത്തിനു പിന്നിലും. പക്ഷെ എന്തുകൊണ്ടാണ് പ്രൊലൈഫിന്റെ നിലപാടുകള്‍ സിനിമയില്‍ വരുന്നുവെന്നതിന് കൃത്യമായ ഒരു ഉത്തരം പറയാനാവുന്നില്ല. ഒരു പക്ഷേ നിര്‍മ്മാതാക്കളെ (മലയാളത്തില്‍ നീതാ ആന്റോയും ഹിന്ദിയില്‍ ഗുഡ്നൈറ്റ് മോഹനും) ചുറ്റിപറ്റിയൊരന്വേഷണം എന്തെങ്കിലും സൂചന നല്‍കാതിരിക്കുകയില്ല.

ഭ്രൂണത്തേയും ഗര്‍ഭസ്ഥശിശുവിനയും വ്യക്തികളായി പരിഗണിക്കുന്ന സംഘടനയായതുകൊണ്ടാകണം ചിത്രത്തില്‍ വധിക്കപ്പെട്ട ശിശു പ്രേതമായി വീണ്ടും പ്രത്യക്ഷപ്പെടുന്നതും മാതാപിതാക്കളെ വേട്ടയാടാനൊരുങ്ങുന്നതും. പക്ഷെ അപ്പോഴും ഉത്തരം കിട്ടാതെ ബാക്കിനില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. അത് ശിവാനി എന്ന പേര് പ്രേതത്തിനു വന്നതിനെക്കുറിച്ചുള്ളതാണ്. റോയിയും മായയും തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞിനിടാന്‍ വച്ചിരുന്ന പേരാണ് ശിവാനി. എന്നാല്‍ ആദ്യത്തെ കുഞ്ഞിനെ അബോര്‍ട്ടുചെയ്യുന്ന അവര്‍ ആദ്യമുണ്ടാകുന്ന പെണ്‍കുഞ്ഞിന് അനഘ എന്നാണ് പേരിടുന്നത്. അദ്യത്തെ കുഞ്ഞു പെണ്‍കുട്ടിയായുരുന്നുവെന്ന് അവരെങ്ങിനെ ഉറപ്പിച്ചു? ലിംഗനിര്‍ണയം നടത്തിയോ? അങ്ങിനെ ചിന്തിച്ചു തുടങ്ങിയാല്‍ സിനിമയുടെ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമായി മാറിയേക്കാം!

കുറിപ്പുകള്‍: * ജനപ്രിയത: ഹര്‍ഷവും അതിവര്‍ത്തനവും (ഭാഷാപോഷിണി, നവംബര്‍ 2002) എന്ന ലേഖനത്തില്‍ ഉണ്ണികൃഷ്ണന്‍. ബി മണിചിത്രത്താഴില്‍ ശാസ്ത്രത്തിന് ജോതിഷം സര്‍ട്ടഫിക്കറ്റ് നല്‍കുന്നതിനെ എടുത്തുകാട്ടുന്നുണ്ട്.

** ഗര്‍ഭിണി മൈനറോ മാനസികാസ്വാസ്ഥ്യം ഉള്ളവളോ ആണെങ്കില്‍ രക്ഷിതാവിന്റെ സമ്മതത്തോടെ വേണം ഗര്‍ഭചിദ്രം.

അവലംബം:
Patel, Rita. The Practice of Sex Selective Abortion in India: May You Be the Mother of a Hundred Sons(http://cgi.unc.edu/research/pdf/abortion.pdf)
http://www.cehat.org/aap1/kerala.pdf
http://www.mohfw.nic.in/MTP.htm
http://www.bbc.co.uk/ethics/abortion/