Mar 12, 2010

DP Interview: വനിതാ ബില്‍ വിമര്‍ശനത്തില്‍ കഴമ്പുണ്ട്

ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് വനിതാ ബില്‍ രാജ്യസഭയില്‍ പാസാക്കപ്പെട്ടത്. അതും, കടുത്ത രാഷ്ട്രീയ പ്രതിഷേധത്തിനു നടുവിലും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തിയേക്കാവുന്ന ഒരു ബില്ലാണ് ഉപരിസഭ പാസാക്കിയതെന്ന അഭിപ്രായം ശക്തമാണെങ്കിലും ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തോടുള്ള എതിര്‍പ്പില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നു. നിയമം കൂടുതല്‍ സമഗ്രമാവേണ്ടിയിരുന്നുവെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ മാറ്റിയെഴുതപ്പെടേണ്ടതായിരുന്നുവെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നുമുയരുന്നു. ഈ പശ്ചാത്തലത്തില്‍, വനിതാ ബില്ലിനെ കുറിച്ചും, അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും, അത്തരം എതിര്‍പ്പുകള്‍ ഉയരാനുള്ള കാരണങ്ങളെ കുറിച്ചുമെല്ലാം  പ്രൊഫെസര്‍ എകെ രാമകൃഷ്ണന്‍ ദില്ലിപോസ്റ്റുമായി സംസാരിക്കുന്നു.  

വനിതാ സംവരണ നിയമം ഏറെ ഒച്ചപ്പാടുകള്‍ക്കിടയില്‍ രാജ്യസഭ പാസാക്കിയിരിക്കുകയാണ്. ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തോട് ലാലുവും, മുലായവും, മായാവതിയുമെല്ലാം ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധം വനിതാ പ്രാതിനിധ്യത്തോടു തന്നെയുള്ള എതിര്‍പ്പായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇതേ കുറിച്ച് എന്തു തോന്നുന്നു?

വാസ്തവത്തില്‍ ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തില്‍ കാമ്പുണ്ടെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്ഷ്യം തന്നെ. വനിതാ ബില്‍ പാസാവുന്നത് തീര്‍ച്ചയായും ഒരു വലിയ നേട്ടം തന്നെയാണ്. പക്ഷേ, ഇന്ത്യയിലെ ജാതി-മത-ലിംഗ അധികാര ശ്രേണി പരിഗണിക്കുമ്പോള്‍, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഇപ്പോഴത്തെ സംവരണ നിയമം കൊണ്ട് ഗുണം കിട്ടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് പറഞ്ഞത്, ഇതു കുറേ കൂടി inclusive ആക്കാമായിരുന്നു. പതിനാലു വര്‍ഷങ്ങളായില്ല്ലെ ചര്‍ച്ചയും കാത്തിരിപ്പും തുടങ്ങിയിട്ട്. എന്നിട്ടും, ബില്ലിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാര്യമായി പരിഗണിക്കാന്‍ പോലും ഭരിക്കുന്നവര്‍ തെയ്യാറായില്ല. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്നതല്ലേ പ്രധാന ആവശ്യം. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാവുന്ന രീതിയില്‍ നിയമം അവതരിപ്പിച്ചെങ്കില്‍ എന്താണ് പ്രശ്നം. സംവരണം വേണ്ട എന്നല്ലല്ലോ ഇവരാരും പറയുന്നത്. പക്ഷേ അതു മനസിലാക്കുന്നതിനു പകരം ഇപ്പോഴത്തെ രീതിയിലുള്ള ബില്ലിനെ തൊട്ടു കളിക്കരുതെന്ന നിലപാടാണ് പലരും എടുത്തത്. ഇതൊരു തരം casteist consciousness ആണ്.

ലാലുവിന്റേയും മറ്റും എതിര്‍പ്പ് കേവലം വോട്ട് ബാക് പൊളിറ്റിക്സായാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്...

ഇതാണ് നമ്മുടെ മാധ്യമ ചര്‍ച്ചകളുടെ ഒരു പ്രധാന പ്രശ്നം. ഇതില്‍ അതിശയിക്കേണ്ട കാര്യമൊന്നുമില്ല. The media is bankrupt. വോട്ട് ബാങ്ക് അവരുടെ ലക്ഷ്യമായിരിക്കും. രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ നോക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, അതു കൊണ്ട് അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ താഴ്ത്തികെട്ടേണ്ടതില്ലല്ലോ. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ രാജ്യത്തെ ഭൂരിപക്ഷമാണ് ഒബിസി വിഭാഗങ്ങള്‍. അവരുടെ പ്രാതിനിധ്യ കണക്കൊന്നെടുത്തു നോക്കു. അല്ലെങ്കില്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്ന മുസ്ലിങ്ങളുടെ കാര്യം തന്നെ നോക്കാം. അതായത് നില നില്‍ക്കുന്ന സാമൂഹ്യ സംവിധാനത്തില്‍ ഇക്കൂട്ടര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യത വിരളമാണെന്നു ചുരുക്കം. അതുകൊണ്ടാണ് വനിതാ പ്രാതിനിധ്യ നിയമം കൂടുതല്‍ സമഗ്രമാവേണ്ടിയിരുന്നു എന്നു പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന പൊളിറ്റിക്കല്‍ റിസ്കും വലുതായിരിക്കും. മുസ്ലിങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയെന്നു കരുതുക. ബിജെപി തീര്‍ച്ചയായും അതിനെ എതിര്‍ക്കും. ദലിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാല്‍ ഇന്ന് ബില്ലിനെ പിന്തുണയ്ക്കുന്ന പലരും അതിനെതിരെ വരും. അതിനെ നേരിടാനുള്ള ആര്‍ജവം സാമൂഹ്യ സമത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ടികള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. ബിജെപി എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ അതുവഴി അവരെ തുറന്നു കാണിക്കാന്‍ കഴിയും. ഈയൊരു സെന്‍സിറ്റിവിറ്റി മറ്റാരും മനസിലാക്കിയില്ലെങ്കിലും ഇടതുപക്ഷമെങ്കിലും മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ജാതി-മത യാഥാര്‍ത്ഥ്യങ്ങളെ വര്‍ഗ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേറിട്ടു കാണുകയെന്ന പതിവു ശ്രമമാണ് അവരുടെ ഭാഗത്തു നിന്നുമുണ്ടായത്. ജാതി-വര്‍ഗ-ലിംഗാടിസ്ഥാനത്തില്‍ നടക്കുന്ന ചൂഷണങ്ങളെ മനസിലാക്കാന്‍ സമഗ്രമായ ഒരു കാഴ്ചപ്പാടാണ് വേണ്ടത്.

അത്തരമൊരു കാഴ്ചപ്പാട് ജാതിപാര്‍ടികളെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ടെന്നാണോ പറയുന്നത്?

ജാതിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ചൂഷണങ്ങളെ ശരിയായി മനസിലാക്കാനും, ആ ചൂഷിത വിഭാഗങ്ങളെ സംഘടിപ്പിക്കാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നുണ്ടെന്ന് കാണാം. ലാലുവിനേയും, മുലായത്തിനേയും, മായാവതിയേയും പോലുള്ള നേതാക്കളുടെ ഉദയം തന്നെ കാണിക്കുന്നത് അതാണ്. അടിയന്തിരാവസ്ഥയ്ക്കു മുന്‍പ് ഇവരൊന്നും ആരുമായിരുന്നില്ലെന്നോര്‍ക്കണം. അതിനു ശേഷം രൂപപ്പെട്ട പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ ജാതിയെ ശരിയായ രീതിയില്‍ മനസിലാക്കാനും, ജാതിയുമായി ബന്ധപ്പെട്ട ചൂഷണങ്ങളെ തുറന്നു കാണിക്കാനും, ചൂഷിതരെ സംഘടിപ്പിക്കാനും ശ്രമിച്ചതു കൊണ്ടാണ് ഇവര്‍ വലിയ പൊളീറ്റിക്കല്‍ ഫോഴ്സായി മാറുന്നത്. ജാതിപാര്‍ടികളെന്ന് പൊതുവെ അറിയപ്പെടുന്ന ഇവരെല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ ഉണ്ടാവുന്നത് ഇന്നത്തെ ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ ശക്തിയാണ്.

ഇത്തരം വിഷയങ്ങളോട് അറച്ചു നിന്ന മുഖ്യധാര ഇടതുപക്ഷം ഇന്നും ചില പോക്കറ്റുകളില്‍ ഒതുങ്ങി നില്‍ക്കുന്നു. ഇതു തന്നെ വലിയൊരു തെളിവല്ലെ? എണ്‍പതുകളിലെ പ്രാദേശിക പാര്‍ടികളുടെ ഉദയം ഇന്ത്യന്‍ രാഷ്ട്രീയത്തെ ശിഥിലീകരിച്ചു എന്നൊരു വാദമുണ്ട്. എന്നാല്‍ എനിക്കങ്ങിനെയല്ല തോന്നിയിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാമൂഹികാടിത്തറ പരിശോധിച്ചു നോക്കിയാല്‍, പരമ്പരാഗതമായി ഭരണകൂടാധികാരവും പങ്കാളിത്തവും ആവശ്യപ്പെടാതിരുന്ന ഒട്ടേറെ ജാതി-ലിംഗ വിഭാഗങ്ങള്‍ പങ്കാളിത്തത്തിനു വേണ്ടിയും, ഭരണകൂടാധികാരത്തിനു വേണ്ടിയും മുറവിളി കൂട്ടി തുടങ്ങിയ ഒരു സമയമാണിത്. ജനാധിപത്യത്തിന്റെ സാമൂഹികാടിത്തറ ഈ ആവശ്യങ്ങളിലൂടെയും, തെരഞ്ഞെടുപ്പ് അടക്കമുള്ള രാഷ്ട്റീയ പ്രക്രിയകളിലൂടെയും വളരെ വിപുലപ്പെടുകയുണ്ടായി. അത് ഗുണപരമായ മാറ്റമാണ്. കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിലേക്കു വരുന്നു. മാറ്റം ഉണ്ടാവുന്നില്ലെ? മായാവതിമാര്‍ ഉണ്ടാവുന്നു. യുപി പോലൊരു സ്ഥലത്ത്, പറയത്തക്ക സാമൂഹ്യ നവോത്ഥാനമൊന്നും നടന്നിട്ടില്ലാത്ത ഒരു സ്ഥലത്താണ് ഇത്തരം മാറ്റങ്ങളുണ്ടാവുന്നതെന്ന് കാണണം. ദലിതര്‍ക്കും മറ്റും ഇന്ന് ഡിഗ്നിറ്റിയെങ്കിലും കിട്ടുന്നുണ്ട്. ഇത് ഈ പൊളിറ്റിക്കല്‍ പ്രൊസസിന്റെ ഭാഗമായുണ്ടാവുന്ന മാറ്റമാണ്.

കേരളത്തിലെ കാര്യമെടുത്താല്‍ നവോത്ഥാനം വലിയ മാറ്റമാണുണ്ടാക്കിയത്. നവോത്ഥാനം ഉഴുതു മറിച്ച മണ്ണിലാണ് ഇടതുപക്ഷം വളര്‍ന്നത്. കേരളത്തിനെ സാമൂഹ്യമാറ്റം താഴെ നിന്ന് മുകളിലോട്ടാണെന്നു പറയാം. എന്നാല്‍ വടക്കേ ഇന്ത്യയില്‍, മായാവതിമാരും, ലാലുമാരുമെല്ലാം അധികാരത്തില്‍ വരുന്നു. പക്ഷേ സാമൂഹ്യ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നുണ്ടോ? ഇവരുടെ രാഷ്ട്രീയ നീക്കങ്ങള്‍ പലപ്പോഴും അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുകയല്ലെ?

വടക്കേ ഇന്ത്യയിലെ സാമൂഹ്യമാറ്റം top-down ആണെന്ന് പറയാം. പക്ഷേ അതിനെ കുറച്ചു കാണേണ്ടതില്ല. There's a huge difference in the quality of life in these northern states. കേരളത്തിലും മറ്റും നടന്നതു പോലെ പറയത്തക്ക നവോത്ഥാന മുന്നേറ്റങ്ങളൊന്നും ഇവിടങ്ങളിലുണ്ടായിട്ടില്ല. ഇവിടെയുണ്ടായ ഭക്തിപ്രസ്ഥാനങ്ങളുടെ അജന്‍ഡയും വേറെയായിരുന്നു. അങ്ങിനെയൊരു മണ്ണിലാണ് ഒരു ദലിത് സ്ത്രീ മുഖ്യമന്ത്രിയാവുന്നത്. ചൂഷണത്തിനെ മുഖ്യകാരണം ജാതിയാണെങ്കിലും ഭരണകൂടോപാധികള്‍ ഈ അടിച്ചമര്‍ത്തലിന്റെ ഭാഗമാണ്. അപ്പോള്‍, മുഖ്യമന്ത്രിയായി ഒരു ദലിത് സ്ത്രീ വരുമ്പോള്‍ തന്നെ, അങ്ങേയറ്റം oppressive ആയ ഈ ഭരണകൂടോപകരണങ്ങള്‍ ഒരടി പിന്നോട്ടു പോകുന്നു. യുപിയിലും മറ്റും ഒരു ദലിത് സ്ത്രീക്ക് ഇന്ന് പൊലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, അതൊരു ചെറിയ മാറ്റമല്ല.

അതായത്, ചൂഷിത വിഭാഗങ്ങള്‍ക്ക് ഡിഗ്നിറ്റി ഉറപ്പു വരുത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞെന്നാണ് പറയുന്നത്. എന്നാല്‍ ഇവര്‍ ഭരിച്ച/ഭരിക്കുന്ന സംവിധാനങ്ങളിലൊന്നും, ദുര്‍ബല വിഭാഗങ്ങളുടെ ജീവിതനിലവാരത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുമില്ല. അത്തരമൊരു മാറ്റം സാധ്യമല്ലെന്നാണോ? എങ്കില്‍ എന്തായിരിക്കും അതിനുള്ള മുഖ്യ കാരണം?

സാധ്യമല്ലെന്നു തന്നെ പറയാം. എന്നാല്‍ അതിന് ദലിത്-ഒബിസി രാഷ്ട്രീയം പറയുന്ന നേതാക്കളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നതിലോ, ഇവര്‍ കഴിവു കെട്ടവരാണെന്നു പറയുന്നതിലോ വലിയ കാര്യമില്ല. ഇത് നവലിബറല്‍ ഭരണകൂടങ്ങളുടെ ഒരു പ്രശ്നമാണ്. മുന്‍പ് പറഞ്ഞ പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാമൂഹ്യാടിത്തറ വിപുലമാകുന്ന ഒരു സമയത്തു തന്നെയാണ് ഭരണകൂടം നവലിബറല്‍ സ്വഭാവം കൈ വരിക്കുന്നത്. ഈ പരിവര്‍ത്തനം ദുര്‍ബല വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഹാനികരമായിരുന്നു. ജനങ്ങളില്‍ നിന്നും അകന്നു പോകുന്ന, സൈനിക സ്വഭാവം കൈ വരിക്കുന്ന, കോര്‍പറേറ്റുകളുടെ സംരക്ഷകരായി മാറുന്ന ഒന്നാണ് നവലിബറല്‍ ഭരണകൂടം. ജനാഭിമുഖ്യമുള്ള പദ്ധതികളില്‍ നിന്നും, തൊഴില്‍ ആരോഗ്യം, വിദ്യാഭ്യാസം, സേവനം മുതലായ മേഖലകളില്‍ നിന്നും പിന്‍മാറുകയും സ്വന്തം സൈനിക സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭരണകൂട രൂപത്തെയാണ് പങ്കാളിത്ത രാഷ്ട്രീയത്തിന് നേരിടേണ്ടി വരുന്നതെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്നു കാണുന്ന വലിയ വൈരുധ്യം. നവലിബറലിസം ഒരുക്കുന്ന ഈ ഭീഷണികള്‍ ഇന്ത്യന്‍ ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. എന്നാല്‍ അതേ സമയം, ജാതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അവര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. അവിടെയാണ് പ്രശ്നം.

സ്വത്വരാഷ്ടീയത്തിന്റെ ഭാവിയെ എങ്ങിനെയാണ് നോക്കികാണുന്നത്?

സ്വത്വത്തേയും, മാക്രോ പൊളിറ്റിക്സിനേയും രണ്ടു ധ്രുവങ്ങളിലേക്ക് മാറ്റി നിര്‍ത്തുന്നതില്‍ കാര്യമില്ല. രാഷ്ട്രത്തിന്റെ സ്ഥൂല രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് സൂക്ഷ്മ രാഷ്ടീയം നിലനില്‍ക്കുന്നത്. ഈ തിരിച്ചറിവാണ് വേണ്ടത്.