Jun 14, 2009

ഗാസാ കുരുതിയും കെയ്റോ പ്രസംഗവും

ജൂണ്‍ 3 ബുധനാഴ്ച രാവിലെ 7.30ന് ഗാസാ ചീന്തിലെ യൂറോപ്യന്‍ ഗാസ ഹോസ്പിറ്റലിന്റെ തീവ്ര പരിചരണ വിഭാഗത്തില്‍ ഏഴു മാസം പ്രായമുള്ള ഒരു കുട്ടി മരിക്കുകയുണ്ടായി. ശ്വാസകോശത്തില്‍ പഴുപ്പു ബാധിച്ചു ചികിത്സയിലായിരുന്നു സെയിന്‍ അദ്ദിന്‍ മൊഹമ്മദ് സുറോബ്.

സുറോബിന്റെ അസുഖം പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാമായിരുന്നുവെന്ന് ഡോക്റ്റര്‍മാര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, അടിസ്ഥാന ചികിത്സാ ഉപകരണങ്ങള്‍ പോലും ലഭ്യമല്ലാതിരുന്ന അവര്‍ക്കു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സുറോബിനെ ജറുസലേമിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അവന്റെ മാതാപിതാക്കള്‍ ആവതും ശ്രമിച്ചതാണ്. എന്നാല്‍, ഗാസയില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നതിനാവശ്യമായ പെര്‍മിറ്റ് ഇസ്രയേല്‍ അധികാരികളില്‍ നിന്നും അവര്‍ക്കു ലഭിച്ചില്ല. ഇത്തരം പെര്‍മിറ്റിന് അപേക്ഷ നല്‍കി നിരാശയോടെ കാത്തിരിക്കുന്ന നിരവധി രോഗികളെ പോലെ ഈ മാതാപിതാക്കളും കാത്തിരുന്നു. ഇനി അനുമതി കിട്ടിയെന്നു തന്നെയിരിക്കുക. പെര്‍മിറ്റുമായി അവര്‍ ഇറേസ് ക്രോസിംഗിലെത്തുമ്പോള്‍, ഇസ്രയേലിനു വേണ്ടി ചാരപണി ചെയ്യാനായിരിക്കും അതിര്‍ത്തിയിലെ പട്ടാളക്കാരുടെ നിര്‍ദേശം. ഇല്ലെന്നു പറഞ്ഞാല്‍ അവര്‍ തിരിച്ചയയ്ക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

"പലസ്തീന്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥയെ നാസി ജര്‍മനിയുടെ കീഴില്‍ കൊടും ക്രൂരതകള്‍ക്കു വിധേയരാവേണ്ടി വന്ന യഹൂദരുടെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നതില്‍ എന്തെങ്കിലും അന്യായമുണ്ടോ?" അധിനിവേശിത പലസ്തീനിലെ യുഎന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ് ഫാല്‍ക് ചോദിക്കുന്നു. "ഇല്ലെന്നാണ് എനിക്കു തോന്നുന്നത്." ഡിസംബര്‍-ജനുവരി കാലയളവില്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ കൂട്ടക്കുരുതിയെ വിവരിക്കുകയായിരുന്നു പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ ലോയില്‍ പ്രൊഫസര്‍ കൂടിയായ ഫാല്‍ക്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഈ കൂട്ടക്കൊല 'യുദ്ധ'മായിരുന്നു. അന്നു മുതല്‍ ഇന്നു വരെ ഗാസയില്‍ സമാധന ജീവിതം എന്നൊന്നുണ്ടായിട്ടില്ല. മിക്കവാറും കുട്ടികള്‍ പോഷക ദൗര്‍ലഭ്യമുള്ളവരോ അസുഖബാധിതരോ ആണ്. പലരുടെയും മാനസികനില തന്നെ അപകടത്തിലുമാണ്. ഗാസയില്‍ ഇസ്രയേല്‍ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. ഇതില്‍ മരുന്നും ചികിത്സാ ഉപകരണങ്ങളും മുതല്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വരെയുള്‍പ്പെടും.

വേട്ടക്കാര്‍ക്കൊപ്പം

ഗാസയില്‍ ചികിത്സ കിട്ടാതെ മരിച്ചതിന്റെ പിറ്റേന്ന്, അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കെയ്റോയില്‍ തന്റെ 'ചരിത്രപ്രധാനമായ' പ്രസംഗം നടത്തി. "പലസ്തീന്‍ കുടുംബങ്ങള്‍ക്കു നേരെയുളള ആക്രമണങ്ങളും ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനവും ഇസ്രയേലിന് ഒരു തരത്തിലും സുരക്ഷ പ്രദാനം ചെയ്യില്ല," മുസ്ലീം ലോകത്തിനു "സൌഹൃദഹസ്തം" നീട്ടികൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു. അതവിടെ തീരുന്നു. ഗാസയെന്ന കോണ്‍സണ്ട്രേഷന്‍ ക്യാമ്പില്‍ മരിച്ചു വീണ 1,300-ഓളം പലസ്തീന്‍കാര്‍ക്കായി 17 വാക്കുകള്‍ (ഇംഗ്ലിഷ് പ്രസംഗത്തില്‍)! അതിലും കൊലയാളികളുടെ സുരക്ഷയെ ഓര്‍ത്താണ് ഒബാമക്ക് ആശങ്ക. ഇതു മനസിലാക്കാവുന്നതേയുള്ളൂ. ജനുവരി കൂട്ടകൊലയുടെ സമയത്ത് ഇസ്രയേലിനുള്ള 'സ്മാര്‍ട് ബോംബു'കളുടെയും പീരങ്കികളുടെയും വിതരണത്തിനു തടസം നില്‍ക്കില്ലെന്ന് ഒബാമ സംഘം ബുഷ് ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്ന് സെയ്മുര്‍ ഹെര്‍ഷ് (പ്രശസ്തനായ 'ദ് ന്യൂയോര്‍ക്കര്‍' ഇന്‍വെസ്റ്റിഗേസ്റ്റിവ് റിപ്പോര്‍ട്ടര്‍) എഴുതിയിരുന്നു. ഈ ആയുധങ്ങളില്‍ ഭൂരിഭാഗവും ഗാസയില്‍ ഉപയോഗിക്കാനായാണ് ഇസ്രയേല്‍ വാങ്ങിക്കൂട്ടിയത്.

ഇസ്രയേലിനു നേരെയുള്ള ഒബാമയുടെ ഒരു വിമര്‍ശനം വെസ്റ്റ് ബാങ്കില്‍ തുടരുന്ന അനധികൃത ജൂത കുടിയേറ്റം അമേരിക്ക അംഗീകരിക്കില്ല എന്നതാണ്. "ഈ കുടിയേറ്റങ്ങള്‍ അവസാനിക്കനുള്ള സമയമായി," ഒബാമ പറഞ്ഞു. വര്‍ഷങ്ങളായി പലസ്തീന്‍ മണ്ണില്‍ തുടരുന്ന ഈ കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് യുഎന്‍ രക്ഷാ സമിതിയും ഹേഗിലെ ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസും ഒരുപോലെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കുടിയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നു പറഞ്ഞ ഒബാമ, ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്ന സങ്കല്പ്പത്തെ തന്നെ വെല്ലു വിളിച്ചുകൊണ്ട് പലസ്തീന്‍ മണ്ണില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജൂത കോളനികളെക്കുറിച്ചു ഒന്നും പറഞ്ഞതുമില്ല.

"സംശയത്തിന്റേയും ഭിന്നതകളുടേയും" ഈ മെല്ലെപ്പൊക്ക് ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഒബാമ പറഞ്ഞത്. പതിറ്റാണ്ടുകളായി, ഓരോ വര്‍ഷവും ഇസ്രയേലിനോട് അധിനിവേശം അവസാനിപ്പിക്കണമെന്ന് യുഎന്‍ ആവശ്യപ്പെടുന്നുണ്ട്. പലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തെ അംഗീകരിക്കണമെന്നും ലോകസമിതി ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഈ ആവശ്യങ്ങളെ എല്ലാ വര്‍ഷവും യുഎന്നില്‍ എതിര്‍ക്കുന്നത് യുഎസും, ഇസ്രയേലും പിന്നെ അമേരിക്കയുടെ ഏതാനും ആശ്രിത രാജ്യങ്ങളുമാണ്. കഴിഞ്ഞ വര്‍ഷം, റോബര്‍ട്ട് മുഗാബെയുടെ സിംബാബ്വേയും ഈ പട്ടികയില്‍ ചേര്‍ന്നു.

ഇതാണ് മിഡില്‍ ഈസ്റ്റിലെ യഥാര്‍ത്ഥ അവസ്ഥ. ഏതു അന്തര്‍ദേശീയ നിയമ വ്യവസ്ഥയുടെ പേരിലാണോ കുവൈത്തിനെ ആക്രമിച്ച ഇറാഖിനെതിരെ വാഷിംഗ്ടണ്‍ ബോംബര്‍ വിമാനങ്ങളെ അയച്ചത്, അതേ നിയമത്തെ പലസ്തീന്‍ വിഷയത്തില്‍ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് അമേരിക്കയും ഇസ്രയേലുമാണ്. എന്നാല്‍ താനും തന്റെ ഭരണകൂടവും നിക്ഷ്പക്ഷരാണ് എന്ന നിലയിലാണ് ഒബാമ കെയ്റോയില്‍ പ്രസംഗിച്ചത്. ഒരേ സമയം തന്നെ അധിനിവേശികള്‍ക്ക് ഒത്താശ ചെയ്യുകയും അവര്‍ക്കു വേണ്ട ആയുധം എത്തിച്ചു കൊടുക്കുകയും ചെയ്യുമ്പോഴാണ് ഈ നാട്യം.

അധികാരത്തിന്റെ ഉദാര മുഖം

'ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം' നിയമത്തിന്റേയും, നീതിയുടെയും, ശരിയുടെയും ഭാഗത്തു നിന്ന് നോക്കികാണാന്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദാര്‍ഫറും, സിംബാബ്വേയുമെല്ലാം ഇവരുടെ ധാര്‍മിക മൂല്യ പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോള്‍, പലസ്തീന്‍ മാത്രം ഇതില്‍ പെട്ടില്ല. അഫ്ഘാനിസ്താനിലെയും പാകിസ്താനിലേയും 'അക്രമികളായ തീവ്രവാദികള്‍'ക്കെതിരെ ഒബാമ പ്രസംഗത്തില്‍ ആഞ്ഞടിച്ചപ്പോഴും മുഴച്ചു നിന്നത് പടിഞ്ഞാറന്‍ യുക്തിയുടെ ഈ വൈരുധ്യം തന്നെയായിരുന്നു. അമേരിക്കയുടെ അധിനിവേശത്തേയും ഈ രാജ്യങ്ങളില്‍ നടന്ന കൂട്ടക്കുരുതിയേയും പറ്റി ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല!

'നിങ്ങള്‍ ഒന്നുകില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിര്' എന്ന ബുഷ് വചനം ആവര്‍ത്തിക്കാന്‍ ഒബാമ മെനക്കെട്ടില്ല. പകരം, ധാരാളം ഖുറാന്‍ വചനങ്ങളുടെ അകമ്പടിയോടെയാണ് പ്രസംഗം പുരോഗമിച്ചത്. എന്നാല്‍, കേള്‍ക്കാന്‍ ഇമ്പമുണ്ടായിരുന്ന ഈ വാക്കുകള്‍ക്കപ്പുറം എന്തു നയ വ്യത്യാസമാണ് ഒബാമ മുന്നോട്ടു വച്ചത്? അമേരിക്കയും ഇസ്രയേലുമടങ്ങുന്ന ശക്തരാജ്യങ്ങള്‍ക്ക് ആയുധങ്ങളുപയോഗിക്കാന്‍ അവകാശമുണ്ടെന്നും, ദുര്‍ബല വിഭാഗങ്ങള്‍ എതിര്‍പ്പൊന്നും കൂടാതെ അവരുടെ വിധിയെ സ്വീകരിക്കണം എന്നതുമല്ലാതെ മറ്റെന്താണ് ഒബാമയുടെ പ്രസംഗത്തിന്റെ സന്ദേശം? മാത്രമല്ല, ലോകത്ത് ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്ലിങ്ങളാണെന്ന് അംഗീകരിക്കാന്‍ ഒബാമ തയ്യാറയില്ല. - അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ ലോകത്തിന്റെ ഭീകരമായ അഴിഞ്ഞാട്ടത്തിന്റെ ഇരകള്‍.

കെയ്റോ പ്രസംഗത്തിലായലും, ബെര്‍ലിനിലെ 'ആണവ വിരുദ്ധ' പ്രസംഗത്തിലായലും, അധികാരമേറ്റെടുത്തു നടത്തിയ 'പ്രത്യാശാ' പ്രസംഗത്തിലായാലും ബുദ്ധിമാനായ ഒബാമ ചരിത്രത്തിലെ തന്റെ റോള്‍ ഏറെ വിദഗ്ദമായി തന്നെ നിറവേറ്റുന്നതു കാണാം. അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുടെ ഉദാരമായ, സ്വീകാര്യമായ മുഖമാണ് ബരാക്ക് ഒബാമ. മനുഷ്യവ‍ംശത്തിന്റെ താല്പര്യങ്ങള്‍ക്കും, ജീവിക്കാനുള്ള നമ്മുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കുമുപരിയായി സാമ്രാജ്യത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടാനായി അമേരിക്കയുടെ അന്തമില്ലാത്ത അധികാരത്തെ ഉപയോഗിക്കുക തന്നെയാണ് ഒബാമയുടെയും ലക്ഷ്യം.

ജോണ്‍ പില്‍ജര്‍
കടപ്പാട്‌: http://www.johnpilger.com/