Jun 12, 2009

മൂന്നു കല്ലും മുപ്പതു വേവും


രണ്ടായ നിന്നെ ഇഹ...

ആധുനികതയുടെ ഭാഗമായി എല്ലാ കലകളിലും ശ്രേഷ്ഠം/ജനപ്രിയം എന്നിങ്ങനെ ചേരിതിരിവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്തരാധുനികതയാകട്ടെ ഈ വിടവുനികത്താനാണ് പാടുപെടുന്നത്. എങ്കിലും എത്രമാത്രം അതില്‍ വിജയിക്കാനായി എന്നതു പരിശോധിക്കേണ്ട വസ്തുതതന്നെയാണ്. നമ്മുടെ നാട്ടിലെ കാര്യമെടുത്താല്‍ തന്നെ ആര്‍ട്ടു സിനിമ/വാണിജ്യ സിനിമ, ശാസ്ത്രീയ സംഗീതം/സിനിമാ/നാടന്‍ പാട്ട്, ഉത്തമസാഹിത്യം/ പൈങ്കിളി എന്നീ വിഭജനങ്ങളില്‍ കാര്യമായ മാറ്റമുള്ളതായിത്തോന്നുന്നില്ല. ഇവയില്‍ ഒന്ന് മറ്റേതിനേക്കാള്‍ ശ്രേഷ്ഠമാണെന്നൊരു പെതുധാരണയും നിലനില്‍ക്കുന്നതായിക്കാണാം. പാശ്ചാത്യലോകത്തു കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്നുവേണമെങ്കില്‍ പറയാം. എങ്കിലും പൂര്‍ണ്ണമായും ഈ ദ്വന്ദങ്ങള്‍ ഇഴുകിച്ചേര്‍ന്നുവെന്നു തോന്നുന്നില്ല. എന്നാല്‍ ഇങ്ങനെ രണ്ടുതട്ടായി നിലനില്‍ക്കുമ്പോളും ശ്രേഷ്ഠവും ജനപ്രിയവും തമ്മില്‍ രസകരമായ ചില കൂടിക്കലരുകള്‍ കണ്ടില്ലെന്നു നടിച്ചുകൂടാ.

ഉദാഹരണമായി മലയാളത്തിലെ ഒരു കാലത്തെ സൂപ്പര്‍ഹിറ്റായിരുന്ന സിനിമ "ചിത്രം" തന്നെയെടുക്കാം. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആഭേരി രാഗത്തിലെ നഗുമോമു എന്നു തുടങ്ങുന്ന കീര്‍ത്തനമാലപിക്കുന്നുണ്ട്. ജനപ്രിയകലയും ശ്രേഷ്ഠകലയും തമ്മില്‍ ഉള്ള ഒരു ഒത്തുചേരലാണ് ഇവിടെ സാദ്ധ്യമാകുന്നത്. ഇത് ഏതെങ്കിലും ഒരു സിനിമയുടെ മാത്രം കാര്യമല്ല. നമ്മുടെ പല സിനിമകളിലും ഇത്തരത്തിലുള്ള ക്ലാസിക്കല്‍/സെമിക്ലാസിക്കല്‍ സംഗീതത്തിന്റെ സാന്നിധ്യമുണ്ട് (ഗാനം, ശങ്കരാഭരണം, സോപാനം, സര്‍ഗ്ഗം, ഭരതം, ഹിസ് ഹൈനസ് അബ്ദുല്ല, ആനന്ദഭൈരവി എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം). ശാസ്ത്രീയസംഗീതജ്ഞരുടെ കഥ പറയുന്നതുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നതെന്നു വേണമെങ്കില്‍ വാദിക്കാവുന്നതാണ്. എന്നാല്‍ സാധാരണക്കാരുടെ കലയില്‍ അവര്‍ക്കു ദുര്‍ഗ്രാഹ്യമെന്നു കരുതപ്പെടുന്ന സംഗീതം തിരുകികയറ്റുന്നതിന്റെ സാംഗത്യമെന്താണെന്നു മനസ്സിലാകുന്നില്ല.

ഹോളിവുഡ് സുപ്പര്‍ഹിറ്റുകളില്‍ ഒന്നായ ഡൈ ഹാര്‍ഡാണ് (Die Hard - 1) പാശ്ചാത്യ സിനിമയില്‍ നിന്നുള്ള ഒരു ഉദാഹരണം. ഈ സിനിമയിലുടനീളം ബീഥോവന്റെ പ്രശസ്തമായ ഒന്‍പതാം സിഫണിയിലെ ഓഡ് ടു ജോയ് (Ode to Joy) പശ്ചാത്തലസംഗീതമായി ഉപയോഗിക്കുന്നതായിക്കാണാം. യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക ഗീതമായി ​അംഗീകരിക്കപ്പെട്ടിട്ടുള്ള ഇത് പശ്ചാത്തലസംഗീതമായി ഉപയോഗിക്കുന്നതിലെ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നു തോന്നുന്നു. എന്നാല്‍ ഈ ലേഖനത്തിനു ചില വൈരുധ്യങ്ങളെ എടുത്തുകാട്ടുകയെന്നല്ലാതെ മറ്റൊരുദ്ദേശ്യമില്ലാത്തതുകൊണ്ട് അതിലേയ്ക്കൊന്നും കടക്കുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നുപറഞ്ഞുകൊണ്ടു നിറുത്തട്ടെ.

ജിപ്പന്‍ പൊന്നാനിയില്‍ ഹൈസ്കൂള്‍ മാഷാണ്; ഒപ്പം സിബിഐ സിനിമകളില്‍ ഡോക്ടറല്‍ ഗവേഷണവും.