ക്രിക്കറ്റിനെ ഒരേസമയം കലയും പോരാട്ടവുമായി ഉയര്‍ത്തിയ മഹാനായ കലാകാരനാണ് സചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പികെ ആനന്ദ്
തിങ്ങിനിറഞ്ഞ, ഗ്വാളിയറിലെ ക്യാപ്റ്റന്‍ രൂപ് സിംഗ് മൈതാനം. മഞ്ഞുകാലത്തിനു മേല്‍ ജയമുറപ്പിച്ചെരിയുന്ന സായംകാല സൂര്യനെ അവഗണിച്ചു കൊണ്ട് ആരവങ്ങളുമായി ആ അപൂര്‍വ നിമിഷത്തിന് കാത്തിരിക്കുന്ന പതിനായിരങ്ങള്‍. ഗ്രൗണ്ടിനു നടുവില്‍ തന്റെ വില്ലോയെ ആയുധമാക്കി ശക്തരായ ദക്ഷിണാഫ്രിക്കന്‍ ബോളിംഗ്-ഫീല്‍ഡിംഗ് നിരയെ തരിപ്പണമാക്കി കൊണ്ടിരിക്കുന്ന ഗ്ലാഡിയേറ്റര്‍. ചരിത്രത്തിലേക്ക് ഏതാനും ചുവടുകള്‍ മാത്രം. സൂര്യ ചിഹ്നം പതിച്ചിട്ടുള്ള ആ ഹെല്മെറ്റിനു കീഴെയുള്ള കണ്ണുകള്‍ക്ക് ലക്ഷ്യം തെറ്റുക അപൂര്‍വം. ഫെബ്രുവരി 24-ലെ ആ സായന്തനത്തില്‍ സചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ക്ക് ലക്ഷ്യം തെറ്റുക എന്നത് നൂറു കോടി ആരാധകര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. പതിവു പോലെ അദ്ദേഹം ആരേയും നിരാശരാക്കിയില്ല. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സച്ചിന്‍ വരച്ചെടുത്തപ്പോള്‍ അദ്ദേഹത്തിനേയും ക്രിക്കറ്റിന്റേയും മഹത്വം ഒരു കൊടുമുടി കൂടി കയറുകയായിരുന്നു. സചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങിനെയാണ്. ക്രീസിലെ സചിന്‍ ചക്രവ്യൂഹത്തിലകപ്പെട്ട പോരാളിയെ പോലെയാണ്. പതിനൊന്നു ശത്രുക്കളുടെ ഒരു വലയത്തിനെതിരെ ഒറ്റയ്ക്കു പൊരുതുന്ന യോദ്ധാവ്. സചിന്‍ ക്രിക്കറ്റിനെ ഒരേ സമയം കലയും പോരട്ടവുമാക്കി മാറ്റുന്നു.
പതിനാറാം വയസ്സില്‍, 1989ല്‍ തുടങ്ങിയ ആ യത്ര, അടങ്ങാതെ ഒതുങ്ങാതെ ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലേക്ക് നടത്തിയ ആദ്യ റ്റൂര്‍ണമെന്റ് തന്നെ സചിന് തീ കൊണ്ടുള്ള മമോദീസയായിരുന്നു. വസിം അക്രമും വാഖ്‌ആര്‍ യുനിസും മറ്റുമടങ്ങുന്ന ഉശിരന്‍ പേയ്സ് നിരയും അവരെ നയിക്കുന്ന നായകനായ ഇമ്രാന്‍ ഖാനും സച്ചിനും കൂട്ടര്‍ക്കും കൂറ്റന്‍ വെല്ലുവിളിയാണ് മുന്നോട്ടു വച്ചത്. തന്റെ ആദ്യ റ്റെസ്റ്റില്‍ കാര്യമായ പ്രകടനം കാഴ്ച്ചവയ്ക്കാനാവാത്ത സച്ചിന്‍ രണ്ടാം റ്റെസ്റ്റില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍, വഖ്‌ആറിന്റെ കുതിച്ചുയര്‍ന്ന പന്ത് നേരെ വന്നു പതിച്ചത് മുഖത്ത്. മൂക്കില്‍ നിന്നും ചോര വാര്‍ന്നൊഴുകിയിട്ടും പതറാതെ സച്ചിന്‍ വാഖ്‌ആറിന്റെ അതേ ഓവറില്‍ ബൌണ്ടറി നേടി; കൂടാതെ ആ ഇന്നിങ്ങ്സില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. വാസ്തവത്തില്‍ സച്ചിന്റെ പോരാട്ടങ്ങള്‍ മുംബൈ മണ്ണില്‍ ഇതിനകം തന്നെ വിഖ്യാതമായിരുന്നു. ഹാരിസ് ഷീല്‍ഡ് മത്സരങ്ങളില്‍ മാറ്റുരച്ചു കൊണ്ട് ഈ പയ്യന്‍സ് സ്കൂള്‍ ക്രിക്കറ്റ് അരങ്ങു കൈയ്യേറിയിരുന്നു. തന്റെ സ്കൂളായ ശാരധാശ്രത്തിന്നു വേണ്ടി ചങ്ങാതിയായ വിനോദ് കാംബ്ലിയോടൊപ്പം 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും പണിതുയര്‍ത്തു. നന്നേ ചെറു പ്രായത്തില്‍ തന്നെ തന്റെ ജേഷ്ഠനായ അജിത്തിന്റെ സ്നേഹാദരങ്ങളോടെ കോച്ച് രമാകാന്ത് അച്ച്രെക്കറുടെ കളരിയായ ശിവാജി പാര്‍ക്കില്‍ പരിശീലനമാരംഭിച്ചു. ക്രിക്കറ്റിനോട് സമ്പൂര്‍ണമായ അര്‍പണ ബോധവും ആത്മാര്‍ഥതയും അന്ന് മുതലേ സച്ചിന്‍ തന്റെയുള്ളില്‍ സ്വരുക്കൂട്ടിയിരുന്നു. ആ മുതല്‍ക്കൂട്ട് ആഭ്യന്തര റ്റൂര്‍ണമെന്റുകളായ രണ്‍ജി ട്രോഫി, ഇറാനി ട്രോഫി എന്നിവയില്‍ തെളയിക്കാനും സച്ചിനു കഴിഞ്ഞു. തകര്‍പ്പന്‍ ഫോമോടുകൂടിയായിരുന്നു സച്ചിന്‍ അന്താരാഷ്ട്രിയ ക്രിക്കറ്റ് ലോകത്തേക്ക് കയറി വന്നത്. ആ ചെറു പ്രായത്തില്‍ നിന്നും സച്ചിന്‍ കൂറ്റന്‍ കോട്ടകള്‍ പണിയാന്‍ തുടങ്ങിയത് വളരെ വേഗത്തിലായിരുന്നു. തൊണ്ണൂറുകളുടെ കാലഘട്ടം സചിന്റെ പല വിസ്മയങ്ങള്‍ക്കും സാക്ഷിയായി. ആ കാലം സച്ചിന്റെ ബാറ്റിംഗ് ഇന്നിങ്ങ്സുകളുടേതായിരുന്നു; അന്ന് ഇന്ത്യ ജയിക്കുന്നതിനേക്കാള്‍ സചിന്‍ പടു കൂറ്റന്‍ സ്കോറുകള്‍ ഉയര്‍ത്തണമെന്നായിരുന്നു ഏവരുടെയും പ്രാര്‍ത്ഥനയും ശരണംവിളികളും. ആ കാലഘട്ടത്തില്‍ പിറന്ന ചില ഇന്നിങ്ങ്സുകളെ കുറിച്ച് മനസ്സൊന്നു പിന്നോട്ട് പായിച്ചാല്‍ ഓടി വരുന്നത് പല നല്ല ഓര്‍മകളാണ്. റ്റെസ്റ്റുകളില്‍ ലോകത്തെ വേഗമേറിയ പിച്ചായ പെര്‍ത്തില്‍ മക്ടെര്‍മോട്ടും മെര്‍വ്ഹുഘ്സും, മൈക്ക് വിട്നിയും അടങ്ങുന്ന ശക്തമായ ഓസ്സി പേസ് നിരയെ കണ്ണഞ്ചിപിക്കുന്ന രീതിയല്‍ ഫ്രന്റ് ഫുട്ടിലും ബാക്ക് ഫുട്ടിലും രചിച്ച കാവ്യമായ സെഞ്ച്വറി; അതെ പര്യടനത്തില്‍ സിഡ്നിയില്‍ നേടിയ മറ്റൊരു ശതകം; ഏകദിനത്തില്‍ '96 ലോക കപ്പില്‍ നേടിയ ഉയര്‍ന്ന സ്കോറുകള്‍; ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി നേടിയ രണ്ടു സെഞ്ച്വറികള്‍ - പ്രത്യേകിച്ച് കാസ്പ്രോവിചിനെയും ഷെയിന്‍ വാര്‍നിനെയും പേടി സ്വപ്നങ്ങള്‍ കാണിച്ച ചില ഷോട്ടുകള്‍.
ബാറ്സ്മന്ഷിപ്പിനെ (batsmanship) ഒരു ജനപ്രിയ കലയായുയര്‍ത്തിയ കലാകാരന്‍ സചിനാണെന്ന് പറയാം. ഒരു കലാകാരന്‍ വലിയ ക്യാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചമച്ചു ഒരു ചിത്രം തീര്‍ക്കുന്നതുപോലെ, ഒരു സംഗീതജ്ഞന്‍ സ്വരമാധുര്യത്തോടെ രചിക്കുന്ന സൃഷ്ടിയെ പോലെയാണ് സചിന്‍ തന്റെ ബാറ്റിംഗ് ലോകത്തിനു മുന്നില്‍ അര്‍പിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സചിന്റെ ബാറ്റിംഗ് ഒരു ചിത്രമാണ്, കാവ്യമാണ്. മനോഹരതയാര്‍ന്ന ചിത്രങ്ങളും, ശോഭിതമായ കാവ്യങ്ങളും, ഗാനങ്ങളും തീര്‍ക്കപെടുന്ന കലതന്നെയാണ് സചിന്‍ തന്റെ ബാറ്റുകൊണ്ട് തീര്‍ക്കുന്നത്. ആ ദൃശ്യചാരുതയില്‍ ഈ നാടിന്റെ നൂറു കോടി ജനങ്ങള്‍; ജാതിയുടെയും, മതത്തിന്റേയും, ഭാഷയുടെയും അതിര്‍വരമ്പുകള്‍ താണ്ടി പ്രതീക്ഷകളും, സ്വപ്നങ്ങളും നെഞ്ചിലേറ്റി കഴിയുന്ന ആരാധകര്‍ക്ക് നാവിന്‍തുമ്പത്തുള്ള ഒരേ നാമമാണ് സചിന്‍. ആ ഭാരമേറിയ വില്ലോ ബാറ്റില്‍ നിന്നും ഉയരുന്ന ഷോട്ടുകളുടെ പ്രവാഹം കണ്ടാലും മതി -- ആധികാരികമായ സ്ട്രിയിറ്റ് ഡ്രൈവ്, കനത്ത ഹുക്കും, പുള്‍ ഷോട്ടും, മനോഹരമായ പാട്ല്‍ സ്വീപ്, കണ്ണഞ്ചിപ്പിക്കുന്ന രീതിയില്‍ പിച്ചിന്റെ താഴേക്കു കുതിച്ചു ബൌളറിന്റെ തലയ്ക്കു മുകളിലൂടെ പായുന്ന ഷോട്ട്, ത്രസിപ്പിക്കുന്ന ലേറ്റ്-കട്ട്, ഉഗ്രന്‍ സ്ക്വയര്‍ കട്ട്, ചാരുതയാര്‍ന്ന ലെഗ്-സൈഡ് ഫ്ലിക്.....ഒന്നിനോട് ഒന്ന് മെച്ചമുള്ള ഷോട്ടുകള്‍ (ഗ്വാളിയറില്‍ കണ്ടത് ആ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു). ക്രീസില്‍ കാലുകള്‍ പതിച്ച് ഓരോ പന്തിനേയും നൂതനമായ രീതിയില്‍ നേരിട്ടു കൊണ്ട്, വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയാണ് സചിന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്.
കളിയെ എല്ലാ മേഖലകളിലും എന്നും 100 ശതമാനം സ്വയം അര്‍പിക്കണം എന്ന ഒറ്റ മന്ത്രമാണ് സചിന്‍ എന്ന പ്രതിഭയ്ക്ക് പത്തര മാറ്റിന്റെ ഭംഗി നല്‍കി, നമ്മള്‍ ഏവരെയും പുളകം കൊള്ളിക്കുന്നത്. ബാറ്റില്‍ നിന്ന് മാത്രമല്ല ബോളിലും സചിന്‍ തന്റെ തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. ഓസ്ട്രെലിയക്കെതിരെ കൊല്‍ക്കത്തയിലെ ഇതിഹാസ റ്റെസ്റ്റില്‍ (2001), അവസാന ദിവസം മൂന്നു വിക്കറ്റുകളാണ് നേടിയത്; അത് പോലെ അഡലയ്ദ് മൈദാനത്തില്‍ (2003) സ്റ്റീവ് വോയുടെയും, ദാമിയെന്‍ മാര്‍ടിന്റെയും വിക്കറ്റുകളും വീഴ്ത്തി ഒരു വന്‍ ജയത്തിന്നു വഴി വച്ചുകൊടുത്തു; ഏകദിനത്തില്‍, കൊച്ചിയില്‍ നേടിയ കരിയറിലെ മികച്ച നേട്ടമായ 5/32 ഓര്‍മയില്‍ വരും. കൂട്ടുകെട്ടുകളെ ഭേദിക്കാന്‍ എന്നും ഇന്ത്യന്‍ ക്യാപറ്റന്‍മാരുടെ മാന്‍ ഫ്രൈഡെയാണ് സചിന്‍.
ക്രിക്കറ്റാണ് എന്നും സചിന്റെ ഭാഷ. വിമര്‍ശകര്‍ക്ക് മറുപടി ഗ്രൗണ്ടില്‍ നിന്ന് കിട്ടും. ക്യപ്റ്റന്‍സിയില്‍ അല്പകാലമുണ്ടയിരുന്നെകിലും, അത് ഒരു കനത്ത ഭാരമായി തന്റെ കളിയെ ബാധിക്കുന്ന ഘട്ടം വന്നപ്പോള്‍, ആ മുള്‍ക്കിരീടം താഴെ വയ്ക്കാനും സച്ചിന്‍ തീരുമാനിച്ചു. ഗാംഗുലിയും, ദ്രാവിഡും, ലക്ഷ്മണും; പിന്നീട് ധോണി, സെഹവാഗ്, ഗംഭീര്‍, റൈന, രോഹിത് ശര്‍മ, യുസുഫ് പത്താന്‍ എന്നിവരും സചിന്റെ ഭാരത്തെ പങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. തന്റെ പ്രതിഭയുടെ സര്‍വ്വ പ്രസരിപ്പും പുറത്തുകൊണ്ടുവന്നു തെളിയിക്കാന്‍ സചിനു ഇന്ന് കഴിഞ്ഞിടുണ്ടെങ്കില്‍ അതിനു ഈ കളിക്കാരുടെ സഹായം കുറച്ചൊന്നുമല്ല ഉപകരിച്ചിട്ടുള്ളത്. പരിക്കുകള്‍ കാരണം പല ഷോട്ടുകളും ഉപേക്ഷിച്ചു എന്ന കിംവദന്തിയും, അടുത്തിടെ കളിച്ച പല രോമാഞ്ചകരമായ ഇന്നിങ്ങ്സുകളിലൂടെയും സചിന്‍ പൊളിച്ചിട്ടുണ്ട്. പല കൂറ്റന്‍ അടികളും തന്നെ വിട്ടു പോയിട്ടില്ല എന്ന
പല ഒറ്റയാന്‍ പോരാട്ടങ്ങളും ഈ യാത്രയിലുള്‍പ്പെടുന്നു. പൊള്ളുന്ന ചെന്നൈ ചൂടില്‍, പന്ത് കുത്തി എല്ലാ വശങ്ങളിലേക്കും തിരിയുന്ന പിച്ചില്‍, പുറം വേദനയും കടിച്ചു പിടിച്ചു, 1999-ഇല്‍ പാകിസ്ഥാനെതിരെ വിജയത്തിന്റെ അരികു വരെ കൊണ്ടെത്തിച്ച ആ ധീരമായ മറക്കാനാവാത്ത സെഞ്ച്വറി; തന്റെ അച്ഛന്റെ വേര്‍പാടില്‍ മനം നൊന്തിട്ടും, റ്റീമിന് വേണ്ടിയും, നാടിനു വേണ്ടിയും, തിരിച്ചു വന്നു, കെനിയക്കെതിരെ '99 ലോക കപ്പില്‍ നേടിയ സെഞ്ച്വറി; മുംബൈ തീവ്രവാത്ത ആക്രമണത്തിനു ശേഷം ചെന്നൈ - തന്റെ പ്രിയപ്പെട്ട ഗ്രൌണ്ടുകളില്‍ ഒന്ന് - റ്റെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലാമിന്നിങ്ങ്സില്‍ നേടിയ വിജയ ശതകം; അടുത്തിടെ ഹൈദ്രബാദില്‍ ഓസ്ട്രേലിയ കെട്ടിപൊക്കിയ 350 എന്ന വിശാലമായ ലക്ഷ്യം, ഒറ്റയ്ക്ക് മറികടക്കാന്‍ നടത്തിയ അങ്കപുറപ്പാടില്‍, അടിച്ചുയര്‍ത്തിയ 175 -വീണ്ടും ജയത്തിനരികെ വന്നു കാല്‍ വഴുതിപ്പോയ അവസരം. ഇത്തരം പല ഇന്നിങ്ങ്സുകളും കാഴ്ച്ചവസ്തുക്കളായി സചിന്‍ നമ്മുക്ക് നല്‍കിയിട്ടുണ്ട്.
ഇതിഹാസങ്ങള്‍ രചിക്കപെടുമ്പോള്‍ നമ്മള്‍ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ന്നാല്‍, കൊടുക്കേണ്ട ഉത്തരം വ്യക്തമാണ്. ഗ്വാളിയറില്‍ ഇതിഹാസത്തിന്റെ എടുകളിലേക്ക് കുറിക്കപ്പെട്ട ആ 200 റണ്‍സിന്റെ മഹാമേരുവിന്റെ ദൃക്സാക്ഷികളായി നാം ഇന്ന് നിലകൊള്ളുന്നു. നീണ്ട 21 വര്‍ഷങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍പ്പിച്ചു സചിന്റെ ജൈത്രയാത്ര തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിക്കപെടാനായാണ് ഉണ്ടാക്കപെടുന്നത്. പല റെക്കോര്‍ഡുകളും സചിന്‍ ഇതിനകം സ്വരുക്കൂട്ടികഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വെറും റെക്കോര്‍ഡുകളുടെ അളവുകോലില്‍ മാത്രം ഈ പ്രതിഭയെ, അളക്കാന്‍ സാധിക്കില്ല. സ്പോര്‍ട്സിനെ ഒരു transcendental വികാരമായാണ് പലരും കണക്കാക്കിയിരിക്കുന്നത്. വേദനയും, മുറിപ്പടുകളും, ദാരിദ്ര്യവും, കഷ്ടപ്പാടും മറ്റും സഹിച്ചു കഴിയുന്ന ജനതയ്ക്ക് ആശ്വാസം പകരുന്ന ഓക്സിജന്‍ ആയാണ് ലോകത്തിന്റെ ഈ ഭാഗത്ത് ആളുകള്‍ ക്രിക്കറ്റിനെ കാണുന്നത്. അതിലും വിശേഷമായി സച്ചിന്റെ ഇന്നിങ്ങ്സുകള്‍ നുകരുന്നത്. കോടാനുകോടി ജനങ്ങളുടെ ആകാംക്ഷകളും, പ്രതീക്ഷകളും, സങ്കല്‍പ്പങ്ങളും, നെഞ്ചോടു ചേര്‍ത്തുപിടിച്ച് സചിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു; പഴയ ആ പതിനാറു വയസുകാരന്റെ അതെ ആവേശത്തോടെയും, ശൌര്യത്തോടെയും. ഇനിയും പല നാഴികക്കല്ലുകള്‍ തീര്‍ക്കാന്‍, പല കൊടുമുടികളും ചുംബിക്കാന്‍. അത് പോലെ കാത്തിരിപ്പുകളും അവസാനിക്കുന്നില്ല.

