Feb 16, 2010

നമുക്കു പാര്‍ക്കാന്‍ വെള്ളരിക്കാപ്പട്ടണങ്ങള്‍

അമേരിക്കക്കാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെ പൂനെ സ്ഫോടനത്തിലേക്ക് ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം പോലും ഇന്ത്യന്‍ മാധ്യമങ്ങള്‍ വിട്ടു കളയുകയായിരുന്നുവെന്ന് എ റശീദുദീന്‍  
 "രാഹുല്‍ ഗാന്ധി ഉത്തരവിട്ടത്തിനെ തുടര്‍ന്ന് 'മൈ നെയിം ഈസ് ഖാന്‍' എന്ന സിനിമയുടെ സംവിധായകന്റെയും നായകന്റെയും നിര്‍മാതാവിന്റെയും വിതരണക്കാരുടെയും താല്പ്പര്യം സംരക്ഷിക്കാന്‍ മഹാരാഷ്ട്രയിലെ  പൊലീസും സുരക്ഷാസംവിധാനവും കൂട്ടത്തോടെ ഇറങ്ങിപ്പുറപ്പെട്ടതാണ് സാധാരണക്കാരെ ലക്ഷ്യം വയ്ക്കാന്‍ പൂനെയില്‍ ഭീകരര്‍ക്കു അവസരമൊരുക്കിയത്." ശനിയാഴ്ച രാത്രി പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍ ബോംബ് സ്ഫോടനം നടന്നയുടന്‍ ബിജെപി നേതാവ് മുഖ്തര്‍ അബ്ബാസ് നഖ്വി നടത്തിയ പ്രതികരണമാണിത്. ഉണ്ടായ സംഭവത്തിന്  ലഭിച്ച ഏറ്റവും പരിതാപകരമായ വിശദീകരണവും ഇതാണ്. ജാവദേക്കറും അരുണ്‍ ജെയ്റ്റ്ലിയും സംഭവത്തെ പഴയപോലെ പാക് തീവ്രവാദവുമായി ചേര്‍ത്തു പറഞ്ഞു. ശവപ്പെട്ടി കുംഭകോണകാലത്തെ പാര്‍ലമെന്റ് അക്രമണകാരികളെ പോലെ  സ്ഥലകാലബോധമില്ലാത്ത കോമാളികളാവുകയാണ് പാകിസ്താനിലെ ഭീകരര്‍. 'ഖാന്‍ സാഹിബു'മാരെ അമേരിക്കക്കാരന്‍ ഭീകരന്മാരാക്കുന്നതിനെതിരെയുള്ള സിനിമ പോലും ഈ അലമ്പുകള്‍ സമ്മതിച്ചുകൊടുക്കില്ല!  സംഭവസമയത്ത് ഷാരൂഖ് ഖാന്‍  ബെര്‍ലിനില്‍ ആയതുകൊണ്ടാണ് പൂനെയിലെ ജര്‍മന്‍ ബേക്കറി തന്നെ ഭീകരര്‍ തെരഞ്ഞെടുത്തത് എന്നും കൂടി ബിജെപി നേതാക്കളില്‍ ആരെങ്കിലും പറഞ്ഞെങ്കില്‍ കാര്യങ്ങള്‍ വൃത്തിയായേനെ.

ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു വരുന്ന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇന്ത്യന്‍ മുജാഹിദീനും ലഷ്കര്‍-ഇ തൊയ്ബയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി പളനിയപ്പന്‍ ചിദംബരം വിരല്‍ ചൂണ്ടുന്നത് ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയുടെ നേര്‍ക്കും. അങ്ങോരെ അമേരിക്കയില്‍ നിന്നും വിട്ടുകിട്ടാന്‍ എല്ലാ ശ്രമവും ഇന്ത്യ നടത്തുന്നുണ്ടത്രെ. ഈ അവസരത്തില്‍ ഹെഡ് ലിയുടെ പേര് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയിലേക്ക് എടുത്തിട്ടു എന്നതാണ് ശ്രദ്ധേയമായ വസ്തുത. അമേരിക്കന്‍ താല്പര്യമനുസരിച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇപ്പോഴത്തെ ചര്‍ച്ച നടത്താനൊരുങ്ങുന്നതെന്ന് പുനരാരംഭിച്ച ബ്ലോഗെഴുത്തില്‍ അദ്വാനി അവര്‍കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വല്ലാത്തൊരു 'കോഞ്ഞാട്ട' സാഹചര്യത്തിലാണ് ഈ ഹെഡ് ലി വലിഞ്ഞു കയറി വരുന്നതെന്ന് സ്പഷ്ടം. പാകിസ്ഥാന്‍ കളിക്കാരെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താത്തതില്‍ കെറുവിച്ച ഷാരൂഖ് ഖാന്റെ സിനിമയാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ആളും അര്‍ത്ഥവും ഉപയോഗിച്ച് വിജയിപ്പിക്കുന്നത്.

ബിജെപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം പാന്‍-ഇസ്ലാമിക് നിലപാട്. രാഹുല്‍ ഗാന്ധി ചെന്ന് താക്കറെയുടെ കടുവാ മീശക്ക് തോണ്ടി തിരിച്ച് പോന്നു. സിനിമയാവട്ടെ എല്ലായിടത്തും റിലീസ് ആവുകയും ചെയ്തു. മൊത്തത്തില്‍ നോക്കുമ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിപക്ഷ ബഹുമാനമില്ലാത്തവിധം പ്രകോപിപ്പിക്കപ്പെട്ടിരിക്കുന്നു. ശിവസേനയുമായുള്ള ബിജെപിയുടെ ഇടപാടുകളെക്കുറിച്ച് മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെയും ഇവിടെയും ചോദ്യമുന്നയിക്കാനും തുടങ്ങി. കഴിഞ്ഞ കുറേക്കലമായി സംഘപരിവാറിനു പിഴയ്ക്കുമ്പോഴൊക്കെയും വിളിപ്പുറത്താണ് കാലന്‍ ലഷ്കര്‍-ഇ തൊയ്ബയുടെ രൂപത്തില്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും എപ്പോഴൊക്കെ പ്രതിസന്ധികളില്‍ ബിജെപിയുടെ നാഷനല്‍ എക്സിക്യൂട്ടിവ് നടന്നിട്ടുണ്ടോ, അപ്പോഴൊക്കെയും. ബാംഗ്ലൂര്‍ സ്ഫോടനം ഓര്‍ക്കുക. പക്ഷെ, ലഷ്കറിനെ എതിര്‍ക്കുമ്പോള്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുമെങ്കിലും കേസ് ഹെഡ് ലിയുടേതാണെങ്കില്‍ ഇന്ത്യ അനിവാര്യമായും പാകിസ്ഥാനോട് വിരോധിക്കണമെന്നില്ല. അമേരിക്ക സഹായിച്ചുകൊള്ളണമെന്നുമില്ല. എന്നല്ല, ഇന്ത്യയില്‍ ഈ പിശാചിന്റെ ബാധയേല്‍ക്കുന്നവരില്‍ മുസ്ലീങ്ങളല്ലാത്തവരും ഉണ്ടായേക്കാം.

'അമേരിക്കന്‍ ഇസ്ലാമിസ്റ്റായ ഹെഡ് ലിയെ ആണ് സംശയിക്കുന്നതെന്ന' സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ ഓര്‍മപ്പെടുത്തലില്‍ എല്ലാമുണ്ട്. ഭീകരതയെ കുറിച്ച് ചൂണ്ടുവിരല്‍ അമേരിക്കക്കെതിരെ തിരിയുന്ന അവസരങ്ങളില്‍ എങ്ങിനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നതിന് ഒറിജിനല്‍ സിഎന്‍എന്‍ മുദ്ര പതിപ്പിച്ച ഇന്ത്യന്‍ ശീര്‍ഷകം. "ഇസ്ലാമിസ്റ്റ്" എന്ന വാക്കിന്  കൂട്ടത്തില്‍ ഒരു അടിവരയും ഇട്ടേക്കുക. (ഏയ്, രാജ്ദീപ് സര്‍ദേശായിക്ക് അങ്ങിനെ മതവിദ്വേഷമൊന്നുമില്ല. അതൊരു രാഷ്ട്രീയ പ്രയോഗമല്ലേ?) പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍  വിശേഷിച്ച് മറുപടിയൊന്നും പറയാതെ അര്‍ഥഗര്‍ഭമായ മറുപടിയുമായി ഒഴിഞ്ഞു മാറുകയാണ് വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ. ബിജെപിയുടേതടക്കമുള്ള മുഴുവന്‍ ചരടുകളും വലിയുന്നത് വിദേശകരങ്ങളുടെ നേര്‍ക്ക് തന്നെയാണ്. അവര്‍ പറയുന്നതിനെ ഒന്നിച്ചെടുക്കുമ്പോള്‍ നമുക്ക് മനസിലാക്കാനാവുന്നത് പൂനെയിലെ ജര്‍മന്‍ ബേക്കറിയിലാണ് ഇന്തോ-പാക് ബന്ധങ്ങളുടെ എല്ലാ സുനാപ്പികളും കിടക്കുന്നത് എന്നാണ്. അപ്പുറത്ത് ഓഷോ ആശ്രമം, അതായത്, ആചാര്യ രജനീഷ് മുതല്‍ ഹെഡ് ലി വരെയുള്ള മുഴുവന്‍ അമേരിക്കന്‍ ഏടാകൂടങ്ങളുടെയും മേച്ചില്‍പുറം. ഇപ്പുറത്ത് ചബാദ് ലുബാവിക് എന്ന ജൂത സാംസ്കാരിക കേന്ദ്രം. ഈ കേന്ദ്രം മുംബെയിലും ആക്രമിക്കപ്പെട്ടിരുന്നല്ലോ. പൂനെ അപ്-മാര്‍ക്കറ്റിലെ ഈ ജൂത-അമേരിക്കന്‍ ഇടപാട് കൗണ്ടറുകളും, ഇന്തോ-പാക് ചര്‍ച്ചയുടെ കരട് അജന്‍ഡയും, സര്‍വോപരി ഷാരുഖ് ഖാന്റെ ജിപിഎസ് പൊസിഷനുകളും സാറ്റലൈറ്റ് ക്യാമറകള്‍ വഴി വീക്ഷിച്ച് കിറുകൃത്യം ബോംബു വച്ച പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരുടെ പേരുകള്‍ എത്രയും പെട്ടന്ന് വെളിപ്പെടുമെന്ന് ആശിക്കുക. മുംബെ, കറാച്ചി, പൂനെ... പറപറന്നല്ലെ നാറികള്‍ ആഞ്ഞടിക്കുന്നത്!

സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്ന ഏര്‍പ്പാട് അടുത്തകാലത്തൊന്നും നാം അനുഭവിക്കാന്‍ പോവുന്നില്ലന്നു വ്യക്തം. ഇന്ത്യയിലെ സാധാരണക്കാരന്റെ നേര്‍ക്ക് കണ്ണില്‍ ചോരയില്ലാത്ത ഒരു കൂട്ടം തെമ്മാടികള്‍ അഴിഞ്ഞാടുന്നതിന്റെ മുഖ്യ കാരണമായി മാറുന്നത് ഷണ്ടന്മാരായിത്തീരുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ അനവധാത കൂടിയാണ്. ഊരും പേരുമില്ലാതെ പൊട്ടുന്ന ബോംബുകള്‍ക്ക് ഇസ്ലാമിക വിലാസമായിരുന്നു ഇതേവരെ കല്പ്പിക്കപ്പെട്ടിരുന്നത്.  ഹെഡ് ലിയെ പൂനെ സംഭവത്തിലേക്ക്  ആഭ്യന്തര മന്ത്രി വലിച്ചിഴക്കുമ്പോള്‍ അതിന്റെ സ്വാഭാവികമായ വ്യാഖ്യാനം മാധ്യമങ്ങള്‍ വിട്ടുകളയുകയാണ് ചെയ്യുന്നത്. ഒന്നുകില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ പൂര്‍ണമായ അറിവോടു കൂടി. അല്ലെങ്കില്‍ അവരുടെ കഴിവുകേടിന് അടിവരയിട്ടുകൊണ്ട്. ഇതു രണ്ടുമല്ലാതെ ഇപ്പോഴത്തെ ആക്രമണം സാധ്യമാകുമായിരുന്നില്ല. വളരെ നേരിയ ഒരു സംശയത്തിന്റെ മുന തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആരോപണമുന്നയിക്കാന്‍ എമ്പാടും മതി. അറിഞ്ഞിടത്തോളം ടെക്സാസിലെ ജയിലിലാണ് ഹെഡ് ലിയാശാന്‍ ഇപ്പോഴുള്ളത്.  എഫ്ബിഐ നിരന്തരം ഇങ്ങേരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഏകദേശം പത്തു മാസം മുമ്പ്  അവസാനമായി ഇന്ത്യയില്‍ വന്ന ഹെഡ് ലി ഇപ്പോഴും തന്റെ ഇന്ത്യന്‍ റാക്കറ്റുകളെ സജീവമായി നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അതുതന്നെയല്ലേ പൂനെയിലെ സ്ഫോടനെത്തെക്കാള്‍ വലിയ വാര്‍ത്ത? അതു സത്യമാണെങ്കില്‍ എള്ളുണക്കുന്നിടത്തു കാക്കയെ ആട്ടാന്‍ തൂക്കിയിട്ട ഒരു പ്ലാസ്റ്റിക് പേക്കോലത്തെയല്ലേ എഫ്ബിഐ ഓര്‍മ്മിപ്പിക്കുന്നത്.

ഇനി സംഭവത്തില്‍ അമേരിക്കന്‍ കേന്ദ്രീകൃത ഭീകരരല്ല, പാക്കിസ്ഥാനിലെ വിദൂഷകന്മാരാണെന്നു വയ്ക്കുക. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തിരക്കഥ അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തുന്നത് എക്കാലവും സുഖിക്കാത്തവരാണ് ഇവര്‍. പാക് അധീന കാഷ്മീരിലേക്ക് കുടിയേറിയ ഇന്ത്യന്‍ കാഷ്മീരികള്‍ സമാധാന ചര്‍ച്ചയുടെ മുന്നോടിയായി ചകോടി പാലം കടന്ന് തംഗ്ദാറിലേക്ക് തിരിച്ചൊഴുകിയതിനെയാണത്ര പാകിസ്ഥാനു ഭയം (അക്കൂട്ടത്തില്‍ യഥാര്‍ത്ഥ ഭീകരന്മാര്‍ ഉണ്ടാവില്ല കേട്ടോ, കാരണം നാം പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നുണ്ട്). മുസഫറാബാദിലെ ഭീകരവാദ പള്ളിക്കൂടങ്ങളില്‍ തലവരി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്. വലിയ സംഭവമല്ലേ ഇത്? നിയന്ത്രണ രേഖയുടെ അതിരുകളെ മറികടന്ന് കാശ്മീര്‍ ജനത മാത്രമല്ല ഭീകരര്‍ പോലും ഒന്നാവുന്ന കാലമുണ്ടായാല്‍ എങ്ങിനെ  സഹിക്കും ലഷ്കര്‍-ഇ തൊയ്ബ? പൂനെയില്‍ അല്ല അട്ടപ്പാടിയില്‍ വരെ പൊട്ടിക്കില്ലേ ബോംബ്? പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ പ്രകോപിതരാവുന്ന ഈ സാഹചര്യം നമ്മള്‍ വിശ്വസിച്ചേ മതിയാവൂ. ഭീകരത് എന്നു പറയുന്നത് അങ്ങിനെയാണ്. തങ്ങള്‍ക്ക് ഗുണം കിട്ടുന്ന ഏര്‍പ്പാടുകളാണ് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്തത്. മാത്രമല്ല ഇന്തോ-പാക് ചര്‍ച്ചയുടെ നാളും തരവും അജന്‍ഡയുമൊക്കെ ചകോടി പാലത്തിനക്കരെയുള്ള ടാര്‍പോളിന്‍ ഷെഡ്ഡുകളിലിരിക്കുന്നവര്‍ക്കാണ് ഇസ്ലാമബാദിലെയും നയീദില്ലിയിലെയും വാഷിംഗ്ടണിലെയും നയതന്ത്രകാര്യാലയങ്ങളില്‍ നടക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി വിലയിരുത്താന്‍ കഴിയുന്നതും. പാടത്തെ പണിക്ക് വരമ്പത്തെ കൂലി പോലെ പ്രതികരിക്കാനും എളുപ്പമുണ്ട്. ഡെല്‍ഹിയിലാകെ എന്തൊരു കനത്ത സെക്യൂരിറ്റിയാണപ്പാ! ഇനി സെക്യൂരിറ്റി ഇല്ലെങ്കില്‍ പോലും നയതന്ത്ര പ്രാധാന്യം കിടക്കുന്നത് പൂനെയിലല്ലേ?

ഇതൊക്കെ എഴുതുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ 'ബുദ്ധിസാമര്‍ഥ്യം' സമ്മതിക്കുക തന്നെ വേണം. പക്ഷെ ഈ ബുദ്ധി രാക്ഷസന്മാര്‍ എളുപ്പം മറന്നു കളയുന്ന ചില സാഹചര്യങ്ങളുണ്ട്. 'പാകിസ്ഥാനുമായി ചര്‍ച്ച നടത്താനൊരുങ്ങുന്ന സാഹചര്യത്തില്‍' ഇതാദ്യമല്ല ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുന്നത്. ഖുര്‍ഷിദ് അഹമ്മദ് കസൂരി വിദേശകാര്യ മന്ത്രിയായിരിക്കവെ നടന്ന സംഝോത്ത  എക്സ്പ്രസ് ആക്രമണം ഉദാഹരണം. സമാധാന ചര്‍ച്ചകള്‍ നടക്കുന്ന വിവരം മുസഫറാബാദിലെ വൈതാളികരെക്കാള്‍ മുമ്പേ ആര്‍എസ്എസിന്റെ ഇന്‍ഡോറിലെ നേതാവ് സമീര്‍ കുല്‍ക്കര്‍ണിയാണ് അറിഞ്ഞതെന്നു മാത്രം! കുറ്റവാളികളെ പാകിസ്ഥാന്‍ വിട്ടു തരാതിരുന്നതുകൊണ്ട് മാത്രമാണോ ആ കേസ് എവിടെയും എത്താതെ പോയത്? സന്യാസി അമ്മയെയും സ്വാമിജിയെയും മറ്റും ഈ കേസില്‍  പെടുത്തിയത് ഹേമന്ദ് കാര്‍ക്കറെയുടെ ഉച്ചക്കിറുക്ക് ആയിരുന്നോ? അദ്വാനി ആവശ്യപ്പെട്ടതുപോലെ ഈ കേസുകള്‍ പുനരന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ടല്ലോ?  അല്ലാത്തിടത്തോളം സാധ്യതയിലെ ഒന്നാമത്തെ ഇനം സ്വദേശി ബ്രാന്‍ഡ് ചര്‍ച്ചാ വിരോധം തന്നെയല്ലേ?

മാലെഗാവ് അറസ്റ്റുകള്‍ക്കു ശേഷം ചില കേസുകള്‍ ലഷ്കറിന്റെ  തലയില്‍ നിന്നും ഒഴിവാക്കാനെങ്കിലും ഭീകരതവിചാരിപ്പുകാര്‍ സന്മനസ് കാണിക്കുന്നുണ്ട്. സാമൂഹിക മലിനീകരണത്തിന് അത്രയെങ്കിലും ആക്കം  ബി രാമന്റെ ഒടുവിലത്തെ ലേഖനത്തില്‍ ജെയ്പൂര്‍, അജ്മീര്‍, അയോധ്യ, വാരണാസി കേസുകളേ ഇന്ത്യന്‍ മുജാഹിദീന്റെ പട്ടികയിലുള്ളൂ. ഹൈദരാബാദ്, സംഝോത്ത, മാലെഗാവ്, മുബൈ ട്രയിന്‍ മുതലായവ ഇല്ല. പാക് ഭീകരരെയും പാകിസ്ഥാന്‍ എന്ന രാജ്യത്തെയും വേര്‍തിരിച്ചു കാണേണ്ട ആവശ്യമൊന്നും സാധാരണ ഗതിയില്‍ നമ്മുടെ പത്രപ്രവര്‍ത്തകര്‍ക്കില്ല. സമവാക്യങ്ങള്‍ രൂപീകരിക്കുന്നതില്‍ സാമാന്യബുദ്ധിയടെ ആവശ്യവും അവര്‍ക്കില്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ സമാധാന സംഭാഷണത്തിനൊരുങ്ങുതെന്ന് പറയുന്ന അദ്വാനിയുടെ രാഷ്ട്രീയ താല്‍പര്യം പോലും മനസിലാക്കാന്‍ കഴിയാത്തവരാണ് പൂനെയിലേക്ക് ഹെഡ് ലിയെ ആട്ടിത്തെളിച്ച് കൊണ്ടുവരുന്നത്.

ഹെഡ് ലി എന്ന പേര് ഇന്ത്യന്‍ ഭരണകൂടം ഉപയോഗിച്ചത് പശുവിന്റെ വാലു പൊങ്ങിയെതിനെയാണ് അനുസ്മരിപ്പിച്ചത്. സാധ്യതകള്‍ വല്ലാതെ കണ്ട് ചുരുങ്ങിപ്പോയി. ഒരു പക്ഷെ പാക് ചര്‍ച്ചയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അവസാന നിമിഷം വിമ്മിട്ടമുണ്ടയിക്കാണണം. അമേരിക്കയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് പോവുന്നതും മുസഫറാബാദിലെ  കാശ്മീരികളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കുന്നതെന്നുമുള്ള പ്രചാരണം ബിജെപി അഴിച്ചുവിടുന്നത് ഒരു കാരണവുമായിരിക്കാം. എന്നാല്‍ ഹെഡ് ലിയെ നേര്‍ക്കുനേരെ പാകിസ്ഥാനുമായോ അമേരിക്കയുമായോ ബന്ധപ്പെടുത്തുന്ന  പ്രസ്താവനകളൊന്നും ഇതേവരെയില്ല. ചര്‍ച്ച നടക്കും, അമേരിക്ക പറഞ്ഞിട്ടുണ്ടെങ്കില്‍ അതു കേള്‍ക്കുകയും ചെയ്യും എന്നതാണ് ഇതിന്റെ അര്‍ഥം. 26/11ല്‍ ഹെഡ് ലിക്ക് ഇന്ത്യയില്‍ ചില സഹായികളുണ്ടായിരുന്നുവെന്ന് പോയവാരം മാത്രമാണ് ചിദംബരം വ്യക്തമാക്കിയത്.
ഒന്നുകില്‍ ജര്‍മന്‍ ബേക്കറിയുടെ അപ്പുറത്തെയോ ഇപ്പുറത്തയോ കെട്ടിടങ്ങളില്‍ ഒന്ന്. അല്ലെങ്കില്‍ കര്‍ക്കറയെ വധിക്കാനുണ്ടായിരുന്നു എന്ന് പറയുന്ന നാലാമത്തെ 'ചാത്തന്‍'. മുംബൈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഹെഡ് ലിക്കും 'ചാത്തനും' ഈ രണ്ട് കെട്ടിടങ്ങളുമായും ഇടപാടുകളുണ്ടെന്ന് എഴുതിവച്ചവരുമുണ്ട്.  എങ്ങിനെ നോക്കിയാലും മുബൈയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുക എന്ന ചാത്തന്റെ ആവശ്യം മാത്രമാണ് മറ്റാരുടേതിനേക്കാളും മുഴത്തതായി ബാക്കിനില്‍ക്കുന്നത്. ഹെഡ് ലിയുടെ 'ഇന്ത്യന്‍ സേവകന്മാര്‍ക്ക് ' പശു ചത്തിട്ടും മോരിലെ പുളി മാറിയിട്ടില്ലെന്നും നിരൂപിക്കാവുന്നതാണ്.