Jan 15, 2010

വിശ്വാസം, അതാണോ എല്ലാം?

ഒരു പരസ്യം, ഒപ്പം അതു വെളിവാക്കുന്ന ചില നാറുന്ന രഹസ്യങ്ങളെപ്പറ്റി
അനു അഗസ്ത്യന്‍


"Advertising: the science of arresting human intelligence long enough to get money from it." - Stephen Leacock


മലയാളനാടു ഒരു കാലത്തുപാടിപ്പാടിനടന്ന നാടോടിട്രാജടിയാണ് സരോജിനിയുടെ കടുംകൈ. അതില്‍ നിന്നും കല്യാണിന്റെ കടുംകൈ എന്ന കലികാല കോമഡിയിലേക്കു കൊച്ചുകേരളം വേച്ചുവേച്ചെത്തുമ്പോള്‍ കാര്യങ്ങളെത്ര കറങ്ങിമറിയുന്നു. ഇതുവായിക്കുന്ന എല്ലാവരും കണ്ടിട്ടുണ്ടാകും കല്യാണ്‍ ജുവലറിയുടെ ആ വിഖ്യാത പരസ്യം. അതിലെ കഥയിതാണ്: പാതിരാത്രി പ്രേമിച്ചവനുമായി ഒളിച്ചോടിപ്പോകുന്ന പെങ്കിടാവ്. പെണ്ണു പോയതറിഞ്ഞു അലറുന്ന അമ്മ (ഇത്തരം സന്ദര്‍ഭത്തില്‍ പാട്രിയാര്‍ക്കിക്കുമ്മാട്ടികളായ അമ്മച്ചിമാര്‍ ചെയ്യുന്ന ഏകകാര്യവും ഈ കരച്ചില്‍ തന്നെയാണല്ലോ). സംഭവമറിഞ്ഞു ആത്മസംഘര്‍ഷങ്ങളുടെ ഈറ്റുനോവുറ്റുന്ന ശൈലിയില്‍ ഷേക്സ്പീരിയന്‍ സോളിലൊക്വി കളിച്ച് ആട്ടുകട്ടിലില്‍ തിളച്ചു മറിയുന്ന അച്ഛന്‍ ശിങ്കത്തിന്റെ ചാരിത്ര്യശുദ്ധിയുടെ മികവില്‍ക്കുടുങ്ങി, എരിഞ്ഞു പുകഞ്ഞു, യാത്ര മതിയാക്കി, ചെക്കനെക്കാണാതെ, പണ്ടൊക്കെ ഇന്ത്യവിടുന്ന റോക്കറ്റുകണക്കെ ഇരുട്ടുവെളുക്കും മുന്‍പേ തിരിച്ചു വീട്ടില്‍ വന്നു തന്തപ്പടിയുടെ നെഞ്ചില്‍തലവച്ചു, ആദ്യരാത്രിയില്‍ അമ്മ നിന്ന അതേ നില്‍പു നിന്ന് ഒരു ( ഫ്രോയിഡിയന്‍ ) കരച്ചില്‍ കരയുന്ന മകള്‍ -- ഒപ്പം തെളിയുന്ന തലവാചകം "വിശ്വാസം അതല്ലെ എല്ലാം!".

സത്യത്തില്‍ ഒരടിക്കുറിപ്പുകൂടി വേണമായിരുന്നു. കുറഞ്ഞപക്ഷം ഇതെങ്കിലും: അച്ചന്റെ വിശ്വാസം, അതെല്ലേ എല്ലാം. അച്ചന്റെ വിശ്വാസം എന്നു പറയാന്‍ കാരണം ഉണ്ട്. തന്നെ പ്രേമിച്ച പെണ്ണ് വഞ്ചിച്ചു വീട്ടില്‍പ്പോയതറിയാതെ ബ്ലീച്ചടിച്ചു നില്‍ക്കുന്ന ആ പയ്യന്റെ ഒരു ഷോട്ടും ചിത്രത്തില്‍ ഉണ്ട്. പക്ഷെ, അവനു തന്റെ കൂട്ടുകാരിയിലുള്ള -- ഉണ്ടായിരുന്ന -- വിശ്വാസത്തെ ചൊല്ലി കല്യാണ്‍ വേവലാതിപ്പെടുമെന്നു തോന്നുന്നില്ല. അതിനുള്ള കാരണം കാമുകന്മാര്‍ സ്വര്‍ണ്ണക്കടയില്‍ പോകാറില്ലെന്ന അടിസ്ഥാന ഇക്കണോമിക്സ് മാത്രമാണ്. പണ്ടം വാങ്ങി പെണ്ണിനെ പണ്ടാരമടക്കുന്നത് തന്ത തന്നെ. അതു കൊണ്ടു ടിയാന്റെ വിശ്വാസം ഒരു വലിയ പണത്തൂക്കം മുന്നില്‍.

എന്നാല്‍, ഇങ്ങനെ മാത്രം പറഞ്ഞ് ഈ പരസ്യത്തെ അങ്ങിനെ വിടാന്‍ പറ്റില്ല എന്ന് ഏതാനും ദിവസത്തിനുളള്ളില്‍ മനസ്സിലായി. ഈ പരസ്യത്തിന്റെ ടൈമിങാണ് ചിലതു തോന്നിപ്പിച്ചത്. പരസ്യം വന്ന അതേ ദിവസങ്ങളില്‍, പ്രായമായ പെണ്‍പിള്ളാര്‍ പുരനിറഞ്ഞു നില്‍ക്കുന്ന കാര്‍ന്നോര്‍മാരെല്ലാം, കല്യാണിനു ജെയ് വിളിച്ചു, നെഞ്ചുതിരുമ്മി നിന്ന അതേ രാവുകളില്‍ തന്നെയാണ്, ചാനലുകള്‍ അനുരാഗമെന്ന അപകടത്തിന്റെ മറ്റൊരു അവതാരത്തെ മലയാളീകളുടെ സ്വീകരണമുറികളിലേക്ക് ചുഴറ്റിയെറിഞ്ഞത്: ലവ് ജിഹാദ്.

കല്യാണിന്റെ കടുംകൈ 
ഒരു ബയോളജിക്കല്‍ വെപ്പണിന്റെ ചാരുതയൊടെ ലവ് ജിഹാദ് ജ്വരം കേരളത്തെ അടക്കിഭരിച്ച അതേ ദിവസങ്ങളില്‍ എല്ലാം തന്നെ കല്യാണിന്റെ വിശ്വാസവും സ്വീകരണമുറികളില്‍ ചിതറിനടന്നു. വീട്ടിലെ തന്തമാര്‍ എല്ലവരും, പ്രണയം ,ഒളിച്ചോട്ടം തുടങ്ങിയ സുകുമാര കലകളെല്ലാം പയറ്റുന്ന പ്രതിഭാശാലികളെ വല്ലാതെയങ്ങ് 'ഫ'യന്നു. ആ പരസ്യം കണ്ട് പല സുമതികളും ഒരു നെടുവീര്‍പ്പോടെ റെസ്പക്ടീവ് അച്ചന്മാരെ നോക്കിവിതുമ്പി എന്നൊക്കെ പേരറിയാത്ത ഒരു പെണ്‍കുട്ടിയുടെ എഴുതപ്പെടാത്ത കവിതയില്‍ ഉണ്ടത്രേ.


അതവിടെക്കിടക്കട്ടെ. മറ്റൊന്നു പറയാം. ദോഷം പറയരുതല്ലോ, കേരളം വിദ്ദേശ മലയാളികള്‍ക്കും സ്വദേശമലയാളികള്‍ക്കും കല്യാണം കഴിക്കാന്‍ നല്ല സൗകര്യമുള്ള സ്ഥലമാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ കാരണവന്മാരുടേയും മതക്കാരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം, കടമ, വെല്ലുവിളി, ചുമതല, (ചുമ, തല എന്നു രണ്ടായും വായിക്കാം) എന്നൊക്കെ പറയുന്നത് പെണ്‍പിള്ളേരെ കല്യാണം കഴിപ്പിച്ചയക്കുക എന്നുള്ളതാണ് -- വെറുതെ കഴിപ്പിച്ചാല്‍ മാത്രം പോരാ, കഴിപ്പിച്ചയക്കുക തന്നെ വേണം. പെണ്ണു പൊന്നാണ്, പെണ്ണു പോകണമെങ്കിലും പൊന്നു തന്നെ വേണം. കുറച്ചൊന്നുമല്ല, കടിതടനാഭീസ്തനസ്ഥലമൊക്കെ നിറഞ്ഞപൊന്നും തൂക്കിവിട്ടാലേ പെണ്ണു പോകൂ. ആ പെണ്ണിന്റെ നല്ലതങ്ക ഇളകിയാട്ടം കണ്ടാലേ ലിംഗാധിപന്‍, പരമശിവന്‍, പുപ്പുലി ആണ്‍പിറന്നവനു ത്രുപ്തിയാകൂ, അകവും, അരക്കെട്ടും നിറഞ്ഞുതുടിക്കൂ.  

ഈ ചടങ്ങ് ഇത്രതന്നെ ആവേശത്തോടെ ഉറ്റു നോക്കിയിരിക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്, മുകളില്പ്പറഞ്ഞ കല്യാണ്‍ പോലുള്ള ജൂവലറികള്‍. ഒരു പെണ്ണും ഒരാണും സ്ത്രീധനക്കച്ചവടമില്ലാതെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഏറ്റം ഫീമമമായ സാമ്പത്തിക നഷ്ടം അനുഭവിക്കുന്നത് ഇതുങ്ങളാണ്. ഈ നഗ്ന സത്യം (അയ്യേ!) മനസിലാക്കിയാണ് കല്യാണ്‍ ജൂവലറി ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയോ, പിമ്പേയൊ ആയി ഈ വിശ്വാസപ്പരസ്യം നീട്ടി എറിഞ്ഞത്. ഒരു പക്ഷേ, ലവ് ജിഹാദ് ജ്വരം ഇങ്ങനെ പടര്‍ന്നു പിടിക്കാന്‍ പത്തുപവനും മുടക്കിയൊ ഈ തങ്കമാനപൈതങ്ങള്‍ എന്നു കാലം തെളിയിക്കട്ടെ. എന്തായാലും, മലയാളിയുടെ വിശ്വാസം കാരറ്റിലാണ്. ആ പരസ്സ്യം തെളിയിക്കുന്നത്, ഒരര്‍ത്ഥത്തില്‍ വിശ്വാസം തന്നെയാണ് എല്ലാം, അച്ഛനമ്മമാര്ക്ക് പെണ്മക്കളെക്കാളും വിശ്വാസം ജൂവലറിക്കാരനെയാണ്.

കടിച്ച പാമ്പിനെ തിരിച്ചുവരുത്തി വിഷമിറക്കുന്ന ഈ കല്യാണ്‍ പരസ്യം, ഇനിയും ചിലതു കൂടി പറയുന്നുണ്ട്. ഈ പരസ്സ്യം കാണുന്ന ഓരോ വീട്ടിലും പ്രണയം ഒരു ചര്‍ച്ചാവിഷയമാകുന്നുണ്ട്. കാണുന്ന ഓരോ പെണ്‍കുട്ടിയും വിശ്വാസവഞ്ചകരാകാന്‍ പേടിച്ച് അച്ഛന്റെ മാറില് തലചായ്ക്കുന്നുണ്ട്. കേരളസംസ്കാരത്തിന്റെ അധീശദേവതകള് സന്തോഷക്കണ്ണീര്‍ തൂകുന്നുണ്ട്. ജൂവലറിക്കാരനും തുണിക്കടക്കാരനും നെഞ്ചില് കൈവച്ച് ആശ്വസിക്കുന്നുമുണ്ട്. ആ പരസ്യത്തിന്റെ കാശുമേടിച്ച് ലൗജിഹാദ് വെച്ചുവിളമ്പിത്തന്ന കേരളത്തിലെ ഓരോ മാധ്യമത്തിനും, പ്രത്യേകിച്ച് റ്റെലിവിഷന്‍ ചാനലുകള്‍ക്ക്, ഇതെപ്പറ്റി ഒരു ചിന്തയും, വേവലാതിയും ഉണ്ടാകാനിടയില്ല. (അങ്ങനെയെന്തെങ്കിലും വന്നാല്‍ കൊല്ലും ഞാന്‍!)

വനിത മാസികകളിലും, ലൈഫ് സ്റ്റൈല് മാന്വലുകളിലും ഒക്കെ ഫീച്ചറുകള്‍ പടക്കുന്ന സ്ത്രീരൂപങ്ങള്‍ക്കുമൊന്നും തന്നെ പാവം കാമുകന്റെ മനോവിഷമം അറിയാന്‍ വഴിയില്ല. സിനിമ കാണാനും സീരിയലില്‍ കാട്ടാനും പരസ്യമുണ്ടാക്കാനും കഥ പറയാനും വേണം നമുക്കു കാമുകന്മാരെ. എന്നാല്‍ നിങ്ങളുടെ പെണ്‍കുട്ടിയെ വിശ്വാസത്തിന്റെ മാത്രം പുറത്ത വിളിച്ചിറക്കി കൊണ്ടുപോകുമ്പോള്‍ അവന്‍ കൊള്ളരുതാത്തവനാകുന്ന കളിയുണ്ടല്ലൊ, അതിനു ഒരു പത്തുതവണ ഇനിയും പ്രേമിച്ചു പകരം വീട്ടാന്‍ നമ്മുടെ ആണ്‍ശിങ്കങ്ങളോടു ഒന്നു ആഹ്വാനം ചെയ്താലൊ എന്നാണ് എന്റെ ചിന്ത. വേറെ വല്ല നാട്ടിലുമായിരുന്നെങ്കില്‍ ഇത്തരം പരസ്യം കമ്പനിയുടെ നടുവൊടിച്ചേനെ; നിയമനടപടികള്‍ക്കു പോകാന്‍ വിവേകമുള്ള വിദ്യാര്‍ത്ഥി സംഘടനകളോ, സ്ത്രീവാദകൂട്ടായ്മകളോ മുമ്പോട്ടുവന്നേനെ. മിനിമം ഒരു ഗീതടീച്ചറൊ, ഒരു അരമുക്കാല്‍ ദേവികയെങ്കിലും വന്നിരുന്നെങ്കില്‍!

ഒന്നുകൂടി: വര്‍ഷങ്ങളോളം കയറ്റിവച്ച പൈതൃക ഫാരം ഇറക്കിവെയ്ക്കുമ്പോള് കാമുകി കാമുകന്മാര്‍ വിശ്വാസ വഞ്ചകരാകുന്നതെങ്ങനെ? പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്ത കൊള്ളാവുന്ന കടുംകൈകള്‍ നിരവധിയുണ്ട്. ഒളിച്ചോടുന്ന മകളെ ശ്രദ്ധിക്കാതെ കാറിന്റെ ഭംഗി കണ്ട് കാമുകനെ പോകാനനുവദിച്ച അച്ഛന്റെ പരസ്യമുള്ള ആള്‍ടോ കാറിനെ ഇവിടെ ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. പറ്റുമെങ്കില്‍ ഒന്നു വാങ്ങണം. അതിനു മുന്‍പ്, മനോവിശ്ലേഷണവും, ലകാനും, സിസകും, യുങ്ങും, ആധുനിക മാധ്യമ പഠനസങ്കേതങ്ങളും വച്ച്, ഇപ്പറഞ്ഞതു തന്നെ ഒന്നു മാത്രുഭൂമിവല്‍ക്കരിച്ച് ആരെങ്കിലും ഒന്നു കൂടി ഉറക്കെപ്പറയുമോ? ദയവായി.