Aug 20, 2009

പിണറായിക്കെന്താ സിന്‍ഡിക്കേറ്റ് പാടില്ലെ?

പാര്‍ടിയില്‍ ഗ്രൂപ്പുണ്ടെങ്കില്‍ പത്രങ്ങളില്‍ സിന്‍ഡിക്കേറ്റുമുണ്ടാകും എന്നതാണ് ഇന്നത്തെ അവസ്ഥ. അതിനാരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വിഎസിനെ ഉപദേശിക്കാന്‍ 'എടോ ഗോപാലകൃഷ്ണ' നുണ്ടെങ്കില്‍ പിണറായി വിജയനു ഹിറ്റ്ലര്‍ മാക്കുട്ടിയുണ്ട്. വിഎസിന് സിന്‍ഡിക്കേറ്റാവാമെങ്കില്‍ അതു വിജയനുമാവാം. എന്നാല്‍ വിഎസ് സിന്‍ഡിക്കേറ്റ് പോലെ പുറത്തായ പാര്‍ടിക്കാരും കാല്പനിക വിപ്ലവകാരികളും ചേര്‍ന്നതല്ല, വിജയന്റെ മാധ്യമ ദര്‍ബാര്‍ എന്നു മാത്രം. അതില്‍ പുതിയ തലമുറയിലെ എഴുത്തു തുര്‍ക്കികള്‍ മുതല്‍ പഴയ തലമുറയിലെ നക്സലൈറ്റുകള്‍ വരെയുണ്ട്. 'കുട്ടി'യെഡിറ്റര്‍മാര്‍ മുതല്‍ കവി വര്‍മകള്‍ വരെ അതിലുള്‍പ്പെടും.

കേരളത്തില്‍ പാര്‍ടിയെ ഒരു വഴിയ്ക്കാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് സമാനമായ ദൗത്യം കണ്ണൂരിലെ കാല്‍ഡസന്‍ ജയരാജന്മാര്‍ ഒറ്റക്കും കൂട്ടായും നടത്തുന്നുണ്ടെങ്കിലും ദര്‍ബാര്‍ ബുദ്ധിജീവികളുടെ സംഭാവനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതെത്ര നിസാരം. പാര്‍ടി പത്രത്തിന്റെ വായനക്കാരുടേയും ചാനല്‍ ചര്‍ച്ചകളുടെ പ്രേക്ഷകരുടേയും സാമാന്യ ബുദ്ധി, കാര്യഗ്രഹണ ശേഷി, പാര്‍ടി കൂറ്, വിവേചന ശക്തി, നര്‍മ ബോധം, സമൂഹ്യ പരിപ്രേക്ഷ്യം, മാര്‍ക്സിസ്റ്റ് ദര്‍ശനം എന്നിവയെയെല്ലാം വെല്ലുവിളിക്കാനും കഴിയുന്നത്ര ആളുകളെ മാര്‍ക്സിസ്റ്റ് വിരുദ്ധരാക്കാനും പോന്ന കോപ്പ് ഇവരുടെയെല്ലാം കയ്യിലുണ്ടെന്നത് നൂറുതരം. വാമൊഴി വഴക്കത്തിന്റേയും തനി നാടന്‍ തെറിവിളിയുടേയും ഈ നിതാന്ത ഉപാസകരുള്ളപ്പോള്‍ പിന്നെയെന്തിനാണ് കേരളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചും പ്രകടനം സ്പോണ്‍സര്‍ ചെയ്തും സമയം കളയുന്നതെന്നാണ് അമേരിക്കന്‍ സിഐഎ ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതത്രെ!

പരിസ്ഥിതി പ്രവര്‍ത്തകനും വിഎസിന്റെ അനൗദ്യോഗിക അനുയായിയുമായ സിആര്‍ നീലകണ്ഠനെ അടിമുടി വിമര്‍ശിച്ച് ഒരു ലേഖനം പാര്‍ടി പത്രത്തില്‍ വന്നിട്ടുണ്ടെന്നു കേട്ടാണ് അതു തേടി പിടിച്ച് വായിച്ചത്. എഡിറ്റോറിയല്‍ പേജ് നിറഞ്ഞു പരന്നു കിടക്കുന്ന ആ ലേഖനം പരലോകത്ത് ഓണ്‍ലൈനില്‍ ലഭ്യമാണോ എന്നറിയില്ല. ആണെങ്കില്‍ പാവം പാലോറ മാതയും പാര്‍ടി പത്രത്തെ നെഞ്ചേറ്റി വളര്‍ത്തിയ ഇഎംഎസും ഭൂമിയിലിറങ്ങി വന്ന് എഴുത്തുകാരനെ പുളിവാറു വെട്ടിയടിച്ചേനെ. വാക്കുകളുടെ എണ്ണം വച്ച് ലേഖനത്തിന്റെ നീളം അളക്കുക അസാധ്യം. ഉപയോഗിച്ചിരിക്കുന്ന ഭാഷ അയ്യപ്പ പണിക്കരുടെ ഈണത്തില്‍ പറഞ്ഞാല്‍ 'തം തകം പാതകം വാഴ കൊലപാതകം'.

അതു വായിക്കാനെടുക്കുന്ന സാധാരണ പാര്‍ടിക്കാര്‍ ഒരു ഖണ്ഡിക കഴിഞ്ഞാല്‍ പത്രം താഴെ വച്ച് നീലകണ്ഠനു ജയ് വിളിക്കും എന്നതാണ് അവസ്ഥ. നീലകണ്ഠനോടു യോജിപ്പുണ്ടോ ഇല്ലയോ എന്നതല്ല കാര്യം. വായിച്ച കാളകൂടത്തിന്റെ മൂര്‍ച്ഛ കൊണ്ടാണ്. ന്യൂസ്പ്രിന്റിന് അടിക്കടി വില കൂടുകയും സര്‍ക്കുലേഷന്‍ അതു പോലെ തന്നെ താഴോട്ടു പോരുകയും ചെയ്യുന്ന ഒരു കാലത്താണ് പാര്‍ടി പത്രം ഇത്രയേറെ ന്യൂസ്പ്രിന്റ് വെറുതെ കളയുന്നതെന്നോര്‍ക്കണം. തമിഴ് നാട്ടില്‍ തിരുക്കുറള്‍ മനപഠമാക്കി കരുണാനിധിയെ ചൊല്ലി കേള്‍പ്പിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് കേട്ടിട്ടുണ്ട്. അതു പോലെ ഇത്തരം അഭിമന്യു ലേഖനങ്ങള്‍ പടച്ചു വിടുന്നവരുടെ മനസമാധാനത്തിനെങ്കിലും വേണ്ടി അവ മുഴുവന്‍ വായിച്ച് സംഗ്രഹം പറയുന്നവരെ എകെജി സെന്ററില്‍ വിളിച്ചു വരുത്തി അര ഡസന്‍ ഹോട്ട് ഡോഗ്സ് (പട്ടിയിറച്ചിയല്ല!) മക്ഡൊണാള്‍ഡ്സിനെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിച്ച് നല്‍കണം. അഭിമന്യുവിന്റെ എല്ലാ ലേഖനങ്ങളും വായിച്ചിട്ട് ജീവിച്ചിരിക്കുന്നവരെ കര്‍ക്കിടക മാസത്തില്‍ പാര്‍ടി ചിലവില്‍ സംസ്ഥാന സെക്രട്ടറിക്കൊപ്പം കിഴക്കമ്പലത്ത് സുഖ ചികിത്സക്കും അയയ്ക്കാവുന്നതാണ്. എംഎന്‍ വിജയന്‍ ജീവിച്ചിരുന്ന കാലത്താണ് കവി വര്‍മയും, എഴുത്തു തുര്‍ക്കിയും മത്സരിച്ച് അദ്ദേഹത്തിനെതിരെ പരമ്പര ചമച്ചു കൊണ്ടിരുന്നത്. ഒടുവില്‍ വിജയന്മാഷുടെ പ്രതികരണം ശ്രദ്ദേയമായിരുന്നു: "കുട്ടികള്‍ വല്ലാതെ നിരാശപ്പെടുത്തി കളഞ്ഞു".

കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്ത പത്രക്കാര്‍ക്കെല്ലാം ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത് തമിഴ് നാട്ടിലെ പാര്‍ടി ഘടകമായിരുന്നു. നഗരപ്രാന്തത്തില്‍ ഒരു ഹോട്ടല്‍ പോലുമില്ലാത്ത സ്ഥലത്ത് നടന്ന ചടങ്ങ് റിപോര്‍ട്ട് ചെയ്തവരോടുള്ള മര്യാദ. അവിടെ കേന്ദ്രകമ്മിറ്റി അംഗവും പാര്‍ടി കോണ്‍ഗ്രസിന്റെ മീഡിയ റിലേഷന്‍ ചുമതലക്കാരനുമായ എകെ പത്മനാഭന്‍ നിര്‍ബന്ധിച്ചതിനാല്‍ ഊണു കഴിക്കാന്‍ ചെന്ന പത്രക്കാരില്‍ ചില 'മാധ്യമ (വിഎസ്) സിന്‍ഡിക്കേറ്റ്'കാരും പാര്‍ടിയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏതാനും ലേഖകരുമുണ്ടായിരുന്നു. പിറ്റേന്ന് ദേശാഭിമാനി അതിന്റെ പത്രത്താള്‍ വികൃതമാകിയത് അവര്‍ വെട്ടി വിഴുങ്ങിയ തൈരു സാദത്തിന്റെ കണക്കു വച്ചായിരുന്നു.

വിജയന്‍ സിന്‍ഡിക്കേറ്റിന്റെ നടുനായകരിലൊരാളായ ഒരു മുന്‍ നക്സലൈറ്റിന് ചാനലിലൂടെയുള്ള അന്തരീക്ഷ മലിനീകരണം ഉപജീവനമാണ്. നക്സലിസം വിട്ടതിനു ശേഷം 'മന്ദ ബുദ്ധികളുടെ മാര്‍ക്സിസ്റ്റ് സംവാദ'മെന്നൊക്കെ പറഞ്ഞു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു സഖാവിന്. ഇന്ന് അത്തരം ബൗദ്ധിക കസര്‍ത്തുകളൊക്കെ അവസാനിപ്പിച്ച് സമാധാനത്തോടെ പിണറായി സേവ നടത്തി വരുന്നു. പാര്‍ടി ചാനലിലെ തെറിവിളിക്കു മാന്യമായ കൂലി കിട്ടും. പക്ഷേ, എഡിറ്റര്‍ മാക്കുട്ടിയുടെ കാര്യമാണ് കഷ്ടം. ഒരുകാലത്ത് സിപിഎമ്മിനെതിരെ തെന്നിന്ത്യന്‍ ഇംഗ്ലിഷ് പത്രത്തില്‍ എഴുതി തിമിര്‍ത്തിരുന്ന വിദ്വാനാണ്. ആ ചരിത്രമെല്ലാം പുറകിലുപേക്ഷിച്ച് എന്തെല്ലാം കിനാവു കണ്ടാണ് സിന്‍ഡിക്കേറ്റിലേക്കു ചേക്കേറിയതെന്നോ! എന്നിട്ടെന്തുണ്ടായി? ഒടുവില്‍ കൊടുക്കാമെന്നു പറഞ്ഞു വ്യാമോഹിപ്പിച്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വവും പൊയ്പോയെന്നാണ് കേള്വി. പ്രകാശ് കാരട്ട് തന്നെ എഡിറ്ററെ അടുപ്പിക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി പോലും. എന്തൊരു കഷ്ടം. ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ദില്ലിയിലെ ചില പത്ര സ്ഥാപനങ്ങളിലും, കേരളത്തിലെ ഏതാനും കുട്ടിച്ചാത്തന്‍ സേവാ മഠങ്ങളിലും ഐസക് തോമസിന്റെ ആപ്പീസിലുമായവശേഷിക്കുന്ന എഡിറ്റര്‍ കുട്ടിയുടെ ശേഷിക്കുന്ന ശിഷ്യ പരമ്പരകളെ പോലും ഞെട്ടിച്ചു കളഞ്ഞു ഈ തീരുമാനം.

കേരളത്തില്‍ സര്‍ക്കുലേഷനില്‍ മൂന്നാമതു നിന്ന പത്രത്തെ ഇന്നത്തെ ഗതിയിലാക്കിയതില്‍ ഇവരെല്ലാം വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്കു ചെറുതല്ല. ചാനല്‍ വാര്‍ത്തകളാണെങ്കില്‍ പിണറായി സഖാവു പോലും കാണാത്ത അവസ്ഥ. പാര്‍ടിയില്‍ നടക്കുന്നതിന്റെ നേരു നേരത്തെ അറിയാന്‍ വേറെ പത്രങ്ങള്‍ വായിക്കുകയും ചാനലുകള്‍ കാണുകയും വേണം. നുണ പോലും വൃത്തിയായി അവതരിപ്പിക്കാനറിയാത്ത അഭിനവ ഗീബല്‍സുമാരുടെ ഗീര്‍വാണം കേട്ടിരിക്കാന്‍ ഇന്നത്തെ കാലത്ത് ആരുണ്ട്?

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഎസിനെ മുഖ്യ പത്രാധിപ സ്ഥാനത്തു നിന്നു നീക്കി പകരം കോഴിക്കോടുകാരന്‍ ഒരു ഉഗ്രമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും അവിടെതന്നെയുണ്ടോ എന്നറിയില്ല. ഇന്നോവാ കാറില്‍ പാഞ്ഞു പോകുന്ന മാനേജരും, നവ മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയായ യുവ പത്രാധിപരുമാണ് പത്രത്തിന്റെ മുഖങ്ങള്‍. ഉഗ്രമൂര്‍ത്തിക്ക് പാര്‍ടി മുതലാളിയുടെ പാദുകപൂജയില്‍ കവിഞ്ഞ വലിയ പണിയൊന്നുമില്ലെന്നാണ് കേള്വി. പേരില്‍ മാത്രമേ ഇപ്പോള്‍ ഉഗ്രതയുള്ളുവത്രേ. പ്രവര്‍ത്തിയിലുള്ളത് പാലൊളിയും. അഭിമന്യു എഴുതും, ഏതെങ്കിലും കുറുഞ്ചാത്തന്‍ കമ്പോസ് ചെയ്യും, മനേജര്‍ അച്ചടിക്കും. അത്ര തന്നെ!

മേല്‍വിവരിച്ചത് കൂലി വാങ്ങി പണിയെടുക്കുന്ന ഉദരംഭാരികളെ പറ്റിയാണ്. ഇന്റര്‍നെറ്റിലും ബ്ലോഗിലും മത്സ്യമായും കൂര്‍മമായും വരാഹമായുമെല്ലാം അവതാരമെടുത്ത് സമാന ദൗത്യം നടപ്പാക്കുന്നവരുമുണ്ട്. അവര്‍ക്കു കൂലിയുണ്ടോ അതോ കണ്ണൂരിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് ആഴ്ചയിലൊരിക്കല്‍ സൗജന്യ റ്റിക്കറ്റ് ആണോ എന്നറിയില്ല. ഇവരെ പറ്റിയും വിജയന്മാഷ് പറഞ്ഞതേ പറയാനുള്ളൂ. 'കുട്ടികള്‍ നിരാശപ്പെടുത്തുന്നു'.

രാജാവു നഗ്നനാണ് എന്നു പറയുന്നവരെയെല്ലാം സാമ്രാജ്യത്വ ദല്ലാളന്മാരും സിഐഎ ഏജന്റുമാരുമാക്കിയാല്‍ ചിരിക്കാന്‍ മാത്രമല്ലേ തോന്നൂ. നേതാവു ചെയ്യുന്ന എല്ലാ തെറ്റും ശരിയാണെന്ന് വിചാരിച്ച് അതിനെ ന്യായീകരിച്ച് നടന്ന കുറേ പേര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലുണ്ടായിരുന്നു. വിശേഷിച്ച് സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്പിലും. ഈ സ്തുതി പാഠകര്‍ അവിടങ്ങളിലെ പാര്‍ടികളെ എവിടെയെത്തിച്ചു എന്നറിയണമെങ്കില്‍ പി ഗോവിന്ദപ്പിള്ളയോട് ചോദിച്ചാല്‍ മതിയായിരിക്കും. കിണറ്റിലെ തവളകള്‍ മാത്രമല്ല, തവളകളുടെ ഏജന്റുമാര്‍ പോലും വാഴുന്ന കാലമാണ്.

സി ബഷീര്‍ അഹമ്മദ്