അടുത്തിടെ ദില്ലിയില്‍ നടന്ന ഇടതുപക്ഷാഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍ സമരങ്ങള്‍ പോലും തൊഴിലാളികള്‍ക്ക് സ്വന്തമല്ലാതാവുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നെന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെടുകയുണ്ടായി. "തൊഴിലാളിവര്‍ഗത്തിന്റെ കയ്യില്‍ നിന്നും സമരങ്ങള്‍ മുതലാളിമാര്‍ തട്ടിയെടുക്കുന്നു," എന്നതായിരുന്നു ആ ഗവേഷക വിദ്യാര്‍ത്ഥിയുടെ ആശങ്ക. തൊഴിലാളിവര്‍ഗം ബഹുമുഖമായ സമരങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുമ്പോള്‍ പൗരസമൂഹ വക്താക്കള്‍ ആ ഇടത്തിലേക്ക് കടന്നു വരുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്നാല്‍, ഈ അരാജക വാദികളേയും മറികടന്നുകൊണ്ട് മുതലാളി വര്‍ഗം തന്നെ സംഘടിതമായി സമരം ചെയ്തു തുടങ്ങിയാലോ? യാദൃശ്ചികമെന്നേ പറയേണ്ടൂ, മുകളില്‍ പറഞ്ഞ യോഗം നടന്ന് മൂന്നാം ദിവസം ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികള്‍ ഒരു സമര ഭീഷണി മുഴക്കുകയുണ്ടായി. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാന മേഖലയെ രക്ഷിക്കാനായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ജെറ്റ് എയര്‍വെയ്സ്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോഎയര്‍ എന്നീ വിമാന കമ്പനികള്‍ ആഗസ്റ്റ് 18ന് സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്നാണ് ഭീഷണി. സമരതീരുമാനം കൈക്കൊണ്ടത് വിമാന കമ്പനികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ (എഫ്ഐഎ) യോഗത്തില്‍ വച്ച്. യോഗതീരുമാനം ജൂലൈ 31ന് പത്രക്കാര്‍ക്കു മുന്നില്‍ വിശദീകരിച്ചത് ഫെഡറേഷന്‍ സെക്രട്ടറി അനില്‍ ബൈജാലും കൂടെ ഇന്ത്യന്‍ വിമാന രംഗത്തെ രാജാക്കന്മാരായ നരേഷ് ഗോയലും വിജയ് മല്യയും ചേര്‍ന്ന്.ഇന്ത്യന്‍ വിമാനകമ്പനികളുടെ മൊത്തം നഷ്ടം 10,000 കോടി കവിഞ്ഞെന്നും സര്‍ക്കാര്‍ സഹായമില്ലാതെ ഇനി മുന്നോട്ടു പോകാനാവില്ലെന്നുമാണ് ഈ ഭീമന്മാരുടെ അവകാശവാദം. "എല്ലാവരേയും പോലെ ഞങ്ങളും വന്‍ പ്രതിസന്ധിയിലാണ്. മറ്റു പല രാജ്യങ്ങളിലും വിമാന രംഗത്തിന് സര്‍ക്കാരുകള്‍ സഹായം നല്‍കി കഴിഞ്ഞു," പറയുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്റെ ഉടമ നരേഷ് ഗോയല്‍. മറ്റൊരു കോടീശ്വരന്‍ വിജയ് മല്യയുടെ ഭീഷണി അല്പം കൂടി കടന്നതാണ്. "സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും," കിംഗ്ഫിഷര്‍ ചെയര്‍മാന്‍ പറയുന്നു. അതായത് പന്ത് ഇനി സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്ന്.
ലാഭമൊക്കെ എവിടെപ്പോയി?
ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കും എന്ന മാര്‍ക്സ് മൊഴിയില്‍ ഇന്നു പുതുമയില്ല. പക്ഷേ ഇതു പോലെയുള്ള ചില സന്ദര്‍ഭങ്ങളില്‍ ആ വാചകത്തിന്റെ ചരിത്രപ്രസക്തിക്ക് വീര്യമേറും. അടിസ്ഥാനാവകാശങ്ങള്‍ പൊരുതി നേരിടുന്നതിനു വേണ്ടി തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായിരുന്നു പണിമുടക്ക് സമരം. ആര്‍ക്കെതിരെ സമരം ചെയ്താണ് തൊഴിലാളി വര്‍ഗം അവരുടെ പല അവകാശങ്ങളും നേടിയെടുത്തത്, ആരാണോ തൊഴിലാളിയുടെ സമരത്തേയും സമര രീതികളേയും പുച്ഛിച്ചുകൊണ്ടിരുന്നത് അതേ മുതലാളിമാരാണ് ഇന്ന് സമര ഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുന്നത്. ശമ്പളവര്‍ധനവിനു വേണ്ടിയോ സ്വകാര്യവത്കരണത്തിനെതിരെയോ സമരം ചെയ്യുന്ന തൊഴിലാളികളെ വേണ്ടി വന്നാല്‍ കരിനിയമം ഉപയോഗിച്ചു പോലും നേരിടാന്‍ മടി കാണിക്കാത്ത ഭരണകൂടവും, അതിന് ഒത്താശ ചെയ്യുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും, കോടീശ്വരന്മാരുടെ സമരാഹ്വാനത്തോട് എങ്ങിനെയാണ് പ്രതികരിക്കുക എന്നറിയുക രസാവഹമായിരിക്കും.
സാമ്പത്തിക മാന്ദ്യവും, എണ്ണ വിലയിലെ അസ്ഥിരതയും, ഉയര്‍ന്ന എയര്‍പോര്‍ട്ട് ഫീസുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് വിമാന കമ്പനികള്‍ പറയുന്നു. വിമാനത്താവള രംഗത്ത് സ്വകാര്യ മൂലധനം അനുവദിച്ചതിനു ശേഷം എയര്‍പോര്‍ട്ട് ഫീസ് ക്രമാതീതമായി കുതിച്ചുയര്‍ന്നെന്ന് ഇപ്പോള്‍ വിലപിക്കുന്നത് ഈ കോടീശ്വരന്മാര്‍ തന്നെയാണ്. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിനെതിരെ ദില്ലിയിലേയും മുംബൈയിലേയും തൊഴിലാളികള്‍ പണി മുടക്കിയപ്പോള്‍ അതിനെതിരെ രംഗത്തു വന്നതും ഇവര്‍ തന്നെയല്ലെ എന്നു ചോദിക്കരുത്. ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല. ഇന്ന് ജെറ്റ്, കിംഗ്ഫിഷര്‍, സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ എന്നീ കമ്പനികള്‍ എയര്‍പോര്‍ട്ട് ഫീസിനത്തില്‍ മാത്രം സര്‍ക്കാരിന് (എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്) കൊടുക്കാനുള്ളത് 212 കോടി രൂപയാണ്. എണ്ണക്കമ്പനികള്‍ക്കും, നികുതിയിനത്തില്‍ സര്‍ക്കാരിനും, കൊടുക്കാനുള്ളത് വേറെയും. അങ്ങിനെ അടച്ചു തീര്‍ക്കാനുള്ള വലിയ ബില്ലുകള്‍ക്കു മീതെയിരുന്നു കൊണ്ടാണ് പറക്കും പ്രഭുക്കളുടെ സമര പ്രഖ്യാപനം. ഇവര്‍ക്കു കടം വീട്ടാന്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പണം (നാട്ടുകാരുടെ നികുതിപ്പണം) വേണമത്രെ. 'ചെലവു വെട്ടിച്ചുരുക്കാന്‍' നഷ്ടത്തിലോടുന്ന വിമാന കമ്പനികളെ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങളുടെ ഭാഷ്യം. യുപിഎ കര്‍ഷകരുടെ കടം എഴുതി തള്ളിയതിനും തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയതിനും എതിരെ രംഗത്തു വന്ന അതേ വരേണ്യ മാധ്യമപ്പട.
ഇന്ത്യന്‍ വായുരംഗത്ത് സ്വകാര്യ നിക്ഷേപം അനുവദിച്ചതു മുതല്‍ ഏകദേശം രണ്ടു വര്‍ഷം മുന്‍പു വരെ സ്വകാര്യ വിമാന കമ്പനികള്‍ ഉണ്ടാക്കിയിട്ടുള്ള വന്‍ ലാഭമെല്ലാം എവിടെ പോയി എന്നതാണ് ഈ സാഹചര്യത്തില്‍ ചോദിക്കാവുന്ന ഒരു കാര്യം. വിളവെടുപ്പുകാലത്ത് ഈ മല്യമാരും ഗോയല്‍മാരുമൊക്കെ എന്തു ചെയ്യുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ വിമാന കമ്പനികളുടെ മൊത്തം നഷ്ടം - അവരുടെ കണക്കനുസരിച്ച് - 10,000 കോടിയാണ്. എന്നാല്‍ മറ്റു ചില കണക്കുകള്‍ നോക്കുക: ജെറ്റ് എയര്‍വെയ്സ് ചെയര്‍മാന്‍ ഗോയലിന്റെ മൊത്തം ആസ്തി ഫോബ്സ് മാസികയുടെ റിപ്പോര്‍ട്ടനുസരിച്ച് 9,200 കോടി രൂപയോളം വരും (1.9 ബില്യണ്‍ ഡോളര്‍). ഇന്ത്യയിലെ ഏറ്റവും വലിയ പതിനാറാമത്തെ പണക്കാരനാണ് ഗോയല്‍. മറ്റൊരു സമരക്കാരന്‍ മല്യയുടെ കഥയും വ്യത്യസ്ഥമല്ല. 2008ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 5,800 കോടി രൂപ (1.2 ബില്യണ്‍ ഡോളര്‍). ലോകത്തെ ഏറ്റവും വലിയ 162-മത്തെയും ഇന്ത്യയിലെ നാല്പത്തിയൊന്നാമത്തെയും ധനികനാണ് മല്യ. വിമാനക്കമ്പനിക്കു പുറമേ യുനൈറ്റഡ് ബീവറേജസ് എന്ന മദ്യക്കമ്പനി, റോയല്‍ ചലഞ്ചേഴ്സ് എന്ന ക്രിക്കറ്റ് റ്റീം, ഫോഴ്സ് ഇന്ത്യ എന്ന ഫോര്‍മുലാ വണ്‍ റ്റീം എന്നിവയും മല്യക്കു സ്വന്തം. ഇതു പോരെങ്കില്‍, ലോകത്തെ ഏറ്റവും വലിയ ഉല്ലാസ നൗകകളിലൊന്നായ 'ഇന്ത്യ എംപ്രസും' ഈ മദ്യ രാജാവിന്റേതാണ്. ഈ മല്യ-ഗോയല്‍മാരാണ് വിമാന രംഗത്തെ നഷ്ടത്തിന്റെ പേരില്‍ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാനായി സമരം ചെയ്യാന്‍ പോകുന്നത്. ഇതിലും വലിയ പ്രഹസനമായി ചരിത്രം എങ്ങിനെ ആവര്‍ത്തിക്കാനാണ്.
പണക്കാരുടെ സോഷ്യലിസംപക്ഷേ, ഇതില്‍ അത്ഭുതപ്പെടാനെന്തെങ്കിലുമുണ്ടോ, പ്രത്യേകിച്ചും നവലിബറല്‍ സാമ്പത്തിക ക്രമത്തില്‍ ജീവിക്കുമ്പോള്‍? സമ്പന്നര്‍ക്ക് സോഷ്യലിസവും ദരിദ്രര്‍ക്കു മുതലാളിത്തവും എന്ന് സ്വതന്ത്ര കമ്പോളവാദത്തെ ചുരുക്കത്തില്‍ നിര്‍വചിക്കാം. സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന് എല്ലാവിധ പരിരക്ഷയും നല്‍കുകയാണല്ലോ നവലിബറല്‍ ഭരണകൂടത്തിന്റെ കടമ. സമൂഹ്യ ക്ഷേമത്തിനു പകരം കോര്‍പറേറ്റ് വെല്‍ഫെയറിസത്തിനാണ് ഭരണകൂടത്തിന്റേയും ബൂര്‍ഷ്വാ മാധ്യമങ്ങളുടേയും മുന്‍ഗണന. അതുകൊണ്ടാണ് കര്‍ഷകരുടെ കടം എഴുതി തള്ളുന്നത് 'വിപണിയിലുള്ള ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലാവുന്നതും' ഭീമന്‍ നിക്ഷേപ ബാങ്കുകള്‍ക്ക് ബില്യണ്‍ കണക്കിന് ഡോളര്‍ നല്‍കി ബാങ്കര്‍മാരെ രക്ഷിക്കേണ്ടത് അതിന്റെ കടമയാവുന്നതും. അതുകൊണ്ടാണ് ബാങ്കിങ് മേഖലയെ പുനസംഘടിപ്പിക്കാനായി ഒരു ചെറു വിരല്‍ പോലും അനക്കാതെ കൂറ്റന്‍ ബാങ്കുമുതലാളിമാര്‍ക്കായി നികുതി പണം ഒഴുക്കി കളയുന്ന ബറാക്ക് ഒബാമ ഊഹമൂലധനത്തിന് പ്രിയങ്കരനാവുന്നതും.
നോബല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ അഭിപ്രായത്തില്‍, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട 'എര്‍സാറ്റ്സ് മുതലാളിത്ത'ത്തിന്റെ (Ersatz Capitalism) നൂതന രൂപം മാത്രമാണ് ഇപ്പോള്‍ ഭരണകൂടങ്ങള്‍ പിന്തുടരുന്നത്. ലാഭത്തിന്റെ സ്വകാര്യവത്കരണവും നഷ്ടത്തിന്റെ സമൂഹ്യവത്കരണവുമാണ് (privatisation of profits and socialisation of losses) ഇക്കൂട്ടരുടെ ലക്ഷ്യം. ഇന്ത്യയില്‍ മല്യമാര്‍ കരയുന്നതും ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു തന്നെയാണ്. അതുകൊണ്ടുതന്നെ, ഇനി വരുംകാലത്ത് മുകേഷ് അംബാനി സമരം ചെയ്താല്‍ പോലും അത്ഭുതപ്പെടാനില്ല. അത്തരം സമരങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മാധ്യമങ്ങളേയും പ്രതീക്ഷിക്കുക.
എംജെഎസ്
