അവള്‍.
അവള്‍ ഒരു വല്ലായ്കയാണ്.
നീളാനെയന്നും, ചുരുളാനെയെന്നും
ഉരുളാനെയെന്നും, കുനിയാനെയെന്നും
ഒതുങ്ങി മടങ്ങി, മടിച്ച്, പി-
ടിച്ച്, ഒടിഞ്ഞു കുത്തുന്ന, യെന്നെ-
യുറുമ്പടക്കം പിടിച്ചുടക്കുന്ന ഒന്ന്.
=============
പനി.
ഉള്ളിലൊരു താമരച്ചുഴി,നനഞ്ഞുതണു-
ത്തുരുകുന്നൊരായിരമിതളുകള്‍
അതങ്ങനെ വിറച്ചു, വിതുമ്പി
തുടിച്ചുതുള്ളിയെന്റെയൊ-
ടുവിലത്തെത്തിമിര്‍പ്പി-
നെയുംചവിട്ടിത്തള്ളിയിട്ടങ്ങ-
നെ നീണ്ടുനീര്‍ന്നാടിയമര്‍ന്നങ്ങ-
നെ നെഞ്ചിലൂടെപ്പടര്‍ന്ന്! ഹോ!
===============
ചക്ക.
പച്ചയില്‍ പൊതിഞ്ഞ ലാവണ്യമേ
നിന്റെ മേല്‍മുഴുവന്‍
ഏതു ഒടുങ്ങാപ്രണയത്തിന്റെ
നിലക്കാത്തനിര്‍വ്രുതിയാ-
ണിത്രയും തുടിപ്പാര്‍ന്ന
പുളകത്തിന്റെ പുതപ്പിട്ടത്?
=================
ഇസ്തിരിപ്പെട്ടി.
കനലെരിയുന്ന ഒരു നെഞ്ചകം
നിന്റെ ഭൂതം.
അതിന്റെ ചുവന്ന ചിരിയില്‍
വിരിഞ്ഞു നിവര്‍ന്ന
എന്റെ സ്കൂള്‍ക്കുപ്പായത്തിനു
ഇന്നു പെന്‍ഷനായി.
അതിനിടയില്‍
മിന്നലും, മാരിയും
വന്നു നിറഞ്ഞു നീ
പുതിയ വര്‍ത്തമാനങ്ങ-
ളില്‍ ഉഷ്ണിച്ചു പുകഞ്ഞു.
ചുളിവിന്റെ ചാര്‍ച്ചയില്ലാത്ത
ഒരു വരുംകാലത്തു
നിനക്കും പെന്‍ഷനാകും.
================
ബോധി
ഒരു തുടക്കക്കാരന്‍ കവി
