Aug 1, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് I

കാജാബീഡിയും, കമ്പ്യൂട്ടര്‍ ഗെയിമും
"ഒരു കപ്പൂചിനൊ തരൂ," ഞാന്‍ പറഞ്ഞു. "അത് മധുരമില്ലാത്ത കട്ടന്‍ ചായ പോലെയാണ്...." അതു തന്നെയാണോ വേണ്ടത് എന്ന ധ്വനിയോടെയുള്ള കാപ്പിക്കടക്കാരന്റെ ചോദ്യത്തിനു മുന്‍പില്‍ സാധാരണ ഗതിയില്‍ ഞാന്‍ പതറി പോകേണ്ടതായിരുന്നു. പക്ഷേ അന്നങ്ങിനെയുണ്ടായില്ല. "എങ്കില്‍ പാലു ചേര്‍ത്ത് നല്ല കടുപ്പത്തില്‍ എന്തെങ്കിലും തരൂ..." എന്ന് ആത്മ വിശ്വാസത്തോടെ തന്നെ പറഞ്ഞു. സ്ഥലം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ഡിപാര്‍ചര്‍ ലോഞ്ചിനു സമീപമുള്ള കോഫി ഷോപ്പ്. ബ്രിട്ടണിനിലെ സതാംപ്റ്റണ്‍ സര്‍വകലാശാലയിലെ ഒരു സംഘം പുരാവസ്തു ഗവേഷകര്‍ക്കൊപ്പം ഈജിപ്ഷ്യന്‍ നഗരമായ അലക്സാന്‍ഡ്രിയയിലേക്കുള്ള യാത്രയുടെ കീഴറ്റത്താണു ഞാന്‍ -എന്റെ ആദ്യ വിദേശയാത്ര. ഒരു മാസത്തോളം നീളുന്ന ഈജിപ്ഷ്യന്‍ വാസം. ഇന്നു തിയതി ജൂലെ മുപ്പത്, ബുധന്‍ .

കാപ്പി മൊത്തിക്കുടിച്ച് ലോഞ്ചിലെ ഒരു കസേരയില്‍ ചടഞ്ഞിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എത്ര മോശം നിരീക്ഷകയാണ് ഞാനെന്ന തിരിച്ചറിവുണ്ടായത്. പതിവു പോലെ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ തീര്‍ക്കുന്ന ചടങ്ങായിരുന്നു ആദ്യം. ഏതാനും സമയത്തിനുള്ളില്‍ രാജ്യം വിട്ടു പോകുമെന്ന തോന്നലും, എയര്‍പോര്‍ട്ടിലെ അന്നോളം അപരിചിതമായിരുന്ന നടപടി ക്രമങ്ങളും കൂടിയായപ്പോള്‍ ഞാനുമൊരു റ്റൂറിസ്റ്റായി പോയോ എന്ന ചിന്തയാണുണ്ടായത്. ആ ചിന്തയില്‍, ലോഞ്ചില്‍ ഫ്ലൈറ്റ് അനൗണ്‍സ്മെന്റും കാത്തിരിക്കുമ്പോഴാണ് മുന്‍വശത്തുള്ള ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന ഒരു പരിചിത മുഖം: കാജാ ബീഡി. വില ഒരു ഡസന് 20 ഡോളര്‍! "ഇന്ത്യക്കാര്‍ കൈകൊണ്ടു തെറുത്ത സിഗരറ്റ്" എന്ന പരസ്യവാചകവും. ചില യാത്രാത്തുടക്കങ്ങള്‍ ഇത്തരം അതിശയങ്ങള്‍ പൊതിഞ്ഞു കയ്യില്‍ത്തന്നു വിടും.

യാത്ര തുടങ്ങി. ദുബായ് വഴിയാണു സഞ്ചാരം. എനിക്കു പരിചിതമായിരുന്ന നാട്ടുയാത്രാവിമാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വിശാലമായ ഒരു ലോകമാണ് എമിറേറ്റ്സിന്റെ ആകാശനൗക. അതിനകത്ത്, നാലാമത്തെ ക്യാബിനിലെ ജനാലയ്ക്കരുകിലെ സീറ്റായിരുന്നു എന്റേത്. ആ വരിയില്‍ സഹയാത്രികരായി ആരുമില്ല. തൊട്ടുമുമ്പിലെ റ്റെലിവിഷന്‍ സ്ക്രീനില്‍ ഭൂപടവും അതിനു മീതെ വിമാനത്തിന്റെ സ്ഥാനവും തെളിഞ്ഞു. അധികസമയം അങ്ങിനെയിരുന്നില്ല. എപ്പോഴോ ഉറക്കത്തിലേക്കു വീണു. ഉണര്‍ന്നപ്പൊള്‍ നൂറുകണക്കിനടി താഴെ ദുബായ്!

ആകാശക്കഴ്ചയില്‍ ദുബായ് ഒരു കംമ്പ്യൂട്ടര്‍ ഗെയിം പോലെ. അംബരചുംബികളായ കെട്ടിടങ്ങളും അവയ്ക്കിടയിലൂടെ വളഞ്ഞൊഴുകുന്ന പാതകളും മാത്രം. തവിട്ടു നിറത്തില്‍ കുളിച്ചു നില്‍ക്കുന്ന മഹാനഗരി. ഈ വന്യതയില്‍ പാവപ്പെട്ടവര്‍ക്ക് ഒരിടം എവിടെ കിട്ടും? കേരളത്തില്‍ നിന്നും ഇത്ര ദൂരം യാത്ര ചെയ്ത് ഇവിടെയെത്തുന്ന ഒരാളെ ദുബായ് എങ്ങിനെയായിരിക്കും സ്വാഗതം ചെയ്യുക? ഇങ്ങിനെ ചിന്തിച്ചിരിക്കെ വിമാനം താഴെയിറങ്ങി. ഈ വിമാനത്താവളം എനിക്കൊരു ഇടത്താവളം മാത്രമാണ്. എന്നിട്ടും സെക്യൂരിറ്റി ചിട്ടകള്‍. വലിഞ്ഞു മുറുകിയ മുഖവുമായി നില്‍ക്കുന്ന സുരക്ഷാപരിശോധകര്‍. ഒരവസരം കിട്ടിയാല്‍ ഒറ്റ ചവിട്ടിനു നിങ്ങളെ തിരിച്ച് നാട്ടിലേക്കു പറപ്പിക്കാന്‍ തയ്യാര്‍ എന്ന മട്ടില്‍ ചിലര്‍. പരിശോധനക്കിടയില്‍ അതിലൊരാള്‍ എന്നെ നോക്കി മുറിഞ്ഞ ഹിന്ദിയില്‍ മുരണ്ടു: "ബാങ്കിള്‍സ് നികാലോ". എനിക്കു പുറകെ വന്നിരുന്ന ഒരു മനുഷ്യന്‍ (യൂറോപ്യനാണെന്നു തോന്നുന്നു) പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥരുടെ നേരെ ഷേയ്ക് ഹാന്‍ഡിനായി കൈ നീട്ടി, അവിടെ നിന്നിരുന്ന ഒരു വനിതാ ഉദ്യോഗസ്ഥ അതു ഉടനെ തിരസ്കരിച്ചു.

ദുബായ് വിമാനത്താവളം ഒരു "വെച്ചുവാണിക്കട" കൂടിയാണ്. അന്താരാഷ്ട്ര റ്റെര്‍മിനല്‍ ഗേറ്റിന്റെ ഇരുവശവും ഡൂട്ടി പെയ്ഡ് ഷോപ്പുകാര്‍ കയ്യടിക്കിയിരിക്കുന്നു. മദ്യം നിറച്ച ചോക്കലേറ്റ്, വിവിധ സിഗരറ്റുകള്‍, ക്യൂബന്‍ ചുരുട്ടുകള്‍ എന്നിങ്ങനെ പലതും ലഭിക്കും. ഞാന്‍ അവിടമൊക്കെ ഒന്നു ചുറ്റി നടന്നു. യാത്രക്കാരില്‍ പലരും തറയില്‍ കിടന്നുറങ്ങുന്നത് കണ്ട് ശരിക്കും അമ്പരന്നു. ദില്ലി തീവണ്ടിയാപ്പീസിലെപ്പോലെ. സുന്ദരികളായ കുറച്ചു സ്ത്രീകളും (നിര്‍ഭാഗ്യവശാല്‍) സുന്ദരന്മാരല്ലാത്ത കുറച്ചു പുരുഷന്മാരും! അവരുടെ ഇടയില്‍ പ്രതീക്ഷിച്ച പോലെ തന്നെ ചില മലയാളികളും.

ആഗോളവല്‍ക്കരിക്കപ്പെട്ട താടി

അലക്സാന്‍ഡ്രിയയിലേക്കുള്ള വിമാനം രാവിലെ 9:15നായിരുന്നു (ഇന്ത്യന്‍ സമയം 10:45). യാത്രയുടെ തുടക്കത്തില്‍ തന്നെ ഞാനൊന്നു മയങ്ങി. കണ്ണ് തുറന്നപ്പോള്‍ താഴെ ഭൂപ്രകൃതി ആകെ മാറിയിരുന്നു. ഒരു വശത്ത് കടലും, മറുവശത്തു കരയും കൂടി ചേര്‍ന്ന ഛായാപടം താഴെ. അല്പസമയത്തിനു ശേഷം ഞങ്ങള്‍ സൈനായ് മുറിച്ചു കടക്കുകയാണ്. സൂക്ഷിച്ചു നോക്കിയാല്‍ താഴെ മോശയെയും ഇസ്രയേലിന്റെ സന്തതികളെയും കാണാം! താഴെ നീലനിറത്തില്‍ ചെങ്കടല്‍. അതിനു പിന്നാലെ, ചരിത്രം ഘനീഭവിച്ചു കിടക്കുന്ന സൂയസ് കാനാല്‍...നൈല്‍ നദിയും കടന്നു വിമാനം ഈജിപ്റ്റിന്റെ വടക്കന്‍ തുറമുഖ നഗരമായ അലക്സാന്‍ഡ്രിയയിലേക്കടുക്കുമ്പോള്‍ തലസ്ഥാനമയ കെയ്റോ പടിഞ്ഞാറാണെന്ന് എനിക്കു മുന്നിലെ മാപ്പ് പറഞ്ഞു. താഴേക്കു വരുന്തോറും ഭൂപ്രകൃതിയില്‍ തെളിഞ്ഞ മഞ്ഞ നിറം കൂടി വന്നു. പച്ചപ്പിന്റെ ഒരു കണിക പോലുമില്ല. ഞാനിരുന്ന വശത്തായി താഴെ വരിവരിയായി നില്‍ക്കുന്ന പിരമിഡുകളെ കാണാം.

അല്പം ചരിത്രം ചാലിച്ച് പറഞ്ഞാല്‍, അലക്സാന്‍ഡ്രിയ ഒരു ടോളമിക്-ഗ്രീക്കോ-റോമന്‍ നഗരമാണ്. ഞങ്ങളുടെ പ്രൊജെക്റ്റ് (കുഴിക്കലും, കക്കയും കല്ലും പെറുക്കലും, തെണ്ടിനടക്കലുമെന്ന് കൂട്ടുകാര്‍) ബിസി അവസാന നൂറ്റാണ്ടുകള്‍ മുതല്‍ എഡി ആദ്യ വര്‍ഷങ്ങള്‍ വരെയുള്ള കാലത്തെ കുറിച്ചുള്ള പഠനമാണ്. എനിക്കു താല്പര്യമുള്ള കാലവും അതു തന്നെ. പഴമയ്ക്കു ഒരു വല്ലാത്ത പുതുമയുണ്ട്. ഇല്ലെ?

വിമാനം ഫറവോയെ വന്ദിച്ചു താഴെയിറങ്ങി. ദില്ലിയുമായി താരതമ്യപ്പെടുത്തിയാല്‍ അലക്സാന്‍ഡ്രിയയിലെ എച്ച്ബിഇ എയര്‍പാര്‍ട്ട് വളരെ ചെറുതാണ്. പാസ്പോര്‍ട്ട് പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ വരിയില്‍. എന്റെ ഊഴമെത്തിയപ്പോള്‍, വെറുതെ ഞാന്‍ ഭയന്നതു പോലെ തന്നെ, അവരെന്നെ കടത്തിവിട്ടില്ല. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഓഫീസര്‍ എന്തൊക്കയോ പറയുന്നുമുണ്ട്; പക്ഷെ ആര്‍ക്കു മനസിലാവാന്‍ . പാസ്പോര്‍ട്ട് അയാളുടെ കയ്യിലായതുകൊണ്ട് അവിടെ നിന്നും പോകാനും വയ്യ. ചുറ്റുപാടും നോക്കിയപ്പോള്‍ എനിക്കു കൂട്ടായി ഒരുപാടു പേരുണ്ടെന്നു കണ്ടു. എല്ലാം ഏഷ്യക്കാര്‍. ഭൂരിഭാഗവും താടിക്കാര്‍. കാര്യം ഇപ്പോള്‍ നില്‍ക്കുന്നത് ഈപ്ഷ്യന്‍ റിപബ്ലിക്കിലായിരിക്കാം. പക്ഷേ, മുന്‍വിധികള്‍ പോലും ആഗോളവത്കരിക്കപ്പെട്ട ഒരു കാലത്താണ് നമ്മള്‍ ഭൂമികുഴിക്കാനിറങ്ങിയിരിക്കുന്നത്. കാത്തിരിപ്പ് തുടര്‍ന്നു. എനിക്ക് രോഷവും വേദനയും. പക്ഷേ കാത്തിരിക്കുകയല്ലാതെ എന്തു ചെയ്യും?

താമസ സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകാനായി വിമാനത്താവളത്തിലേക്കു വരാമെന്നു പറഞ്ഞ എമാദ് ആളെ കാണാതെ തിരിച്ചു പോയിട്ടുണ്ടാവുമോ? അങ്ങിനെ ചിന്തിച്ചിരിക്കുമ്പോള്‍ എന്റെ പേരുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ച് ഒരാള്‍ നടന്നടുക്കുന്നത് കണ്ടു. ഈജിപ്റ്റിലെ കുപ്രസിദ്ധമായ ജയിലുകള്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ലെന്നു തോന്നുന്നു. അതു എമാദ് തന്നെ! ഉദ്യോഗസ്ഥര്‍ പെട്ടെന്നൊന്നും അയഞ്ഞില്ല. വിചിത്രമായ ഇംഗ്ലിഷില്‍ എന്തൊക്കെയോ ചോദിച്ചറിഞ്ഞതിനു ശേഷം അവരെന്നെ പോകാനനുവദിച്ചു (പിന്നീട് അലക്സാന്‍ഡ്രിയയിലുള്ള ചാച്ചയുടെ (ചേട്ടന്റെ) സുഹൃത്ത്‌ രാജേഷിനെ വിളിച്ചപ്പോഴാണറിഞ്ഞത് ഏഷ്യക്കാരെ തടഞ്ഞുവയ്ക്കുന്നത് ഇവിടുത്തെ ഒരു സ്ഥിരം പരിപാടിയണെന്ന്).

കിഴക്കോട്ടു നോക്കുന്ന ജനാലകള്‍

എമാദിനു ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നായറിയാമെന്നു തോന്നുന്നു. സ്ഥൂലഗാത്രനായ എമാദ് വളരെ ഊഷ്മളതയോടെയാണ് എന്നെ സ്വാഗതം ചെയ്തത്. വിമാനത്തവളത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് കക്ഷി എന്നോട് ക്ഷമ പറഞ്ഞു (അതൊന്നും അദ്ദേഹത്തിന്റെ തെറ്റല്ലായിരുന്നുവെങ്കിലും). ഞങ്ങളെ കൊണ്ടുപോകാനായെത്തിയിരുന്ന ക്യാബ് ഡ്രൈവറുടെ പേര് സമീര്‍. വണ്ടി നീങ്ങവെ, എമാദും സമീറും തമ്മില്‍ അറബിയില്‍ കലപില സംസാരിച്ചു തുടങ്ങി. എനിക്കതിന്റെ തുമ്പും വാലും കിട്ടിയില്ല. ഞാന്‍ പുറത്തെ കാഴ്ച്ചകളില്‍ മുഴുകി. ഇടയ്ക്ക് എമാദ് എന്റെ നേരെ തിരിഞ്ഞു, പുറത്തു കാണപ്പെടുന്ന പോളെ അലക്സാന്‍ഡ്രിയ മുഴുവനും മരുഭൂമിയല്ലന്നു പറഞ്ഞു. വിമാനം ഇറങ്ങുമ്പോള്‍ തന്നെ എയര്‍പോര്‍ട്ടിനു ചുറ്റുമുള്ള ഈന്തപ്പന തലപ്പുകള്‍ ഞാന്‍ കണ്ടിരുന്നു. കാര്‍ യാത്ര തുടരവെ ഇടയ്ക്കെപ്പോഴോ സൂര്യകാന്തി ചെടികളുടെ മിന്നലാട്ടവും കണ്ടു. എന്നാല്‍ അതും വ്യാപകമായി ഈ മേഖലയില്‍ കൃഷി ചെയ്യുന്നുണ്ടെന്നു തോന്നിയില്ല.

വണ്ടി മരുഭുമിയുടെ ഒരു തുണ്ടിലേക്കു കടന്നു. ഈ വഴിക്കാണ് മാരിയട്ട് തടാകം. ഇതിന്റെ പരിസരപ്രദേശങ്ങളാണ് ഞങ്ങളുടെ പഠനസ്ഥലം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തടാകത്തിന്റെ വടക്കന്‍ തീരത്തും അതിന്റെ മധ്യത്തിലുള്ള ദ്വീപിലുമായി പുരാവസ്തു ഗവേഷണങ്ങള്‍ ഏറെ നടന്നു കഴിഞ്ഞു. ഈ വര്‍ഷം പഠനം നടക്കുന്നത് മാരിയട്ടിന്റെ തെക്കന്‍ തീരത്തു മാത്രമാണ്. ഇത്തവണ കുഴിക്കല്‍ ഇല്ല, സര്‍വെ മാത്രമേ ഉണ്ടാവൂ എന്ന് യാത്ര തുടങ്ങുന്നതിനു മുന്‍പു തന്നെ റ്റീം ക്യാപ്റ്റനും സതാംപ്റ്റണിലെ അധ്യാപികയുമായ ലൂസി ബ്ലൂ ഞങ്ങളെയെല്ലാം അറിയിച്ചിരുന്നു.

മാഡം ബ്ലു ഞായറാഴ്ച്ചയെ എത്തുകയുള്ളു എന്നു എമാദ് സൂചിപ്പിച്ചു. യാത്രാസംബന്ധിയായ കുറച്ചു പേപ്പര്‍ വര്‍ക്കുകള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ട്. മറ്റു ടീമംഗങ്ങള്‍ ഓഗസ്റ്റ് ഒന്നിനെത്തും. "അതുകൊണ്ട് പണി തുടങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ക്കു ഇവിടമൊക്കെ ഒന്നു ചുറ്റി നടന്നു കാണാവുന്നതാണ്," എമാദ് പറഞ്ഞു. കൊള്ളാം. അലക്സാന്‍ഡ്രിയ പോലെ ചരിത്ര പ്രധാനമായ നഗരത്തിലേക്ക് ഒരു തയ്യാറെടുപ്പുമില്ലാതെ വന്നതിനു എനിക്ക് സ്വയം ഈര്‍ഷ്യ തോന്നി. നഗരത്തിന്റെ ഒരു ഭൂപടം പോലും എന്റെ കൈയിലില്ല. ഇവിടുത്തെ ഭൂമിശാസ്ത്രത്തെ പറ്റിയോ ഇതിന്റെ ചരിത്രത്തെക്കുറിച്ചോ വലിയ പിടിയുമില്ല.
മണല്‍വഴികള്‍ പിന്നിട്ടോടി വലിയൊരു ഷോപ്പിങ്ങ് സ്മുച്ചയത്തിനു മുന്നില്‍ വണ്ടി നിന്നു. ഇവിടെ നിന്നാണ് എനിക്കു കറന്‍സി എക്സേഞ്ച് ചെയ്യേണ്ടതും പുതിയ ഫോണ്‍ കണക്ഷന്‍ എടുക്കേണ്ടതും. ചൂട് അസഹനീയമായി കൂടി വരുന്നു, എങ്കിലും വല്ലപ്പോഴും വീശുന്ന കാറ്റ് അന്തരീക്ഷത്തെ തണുപ്പിക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന ഡോളര്‍ നോട്ടുകള്‍ ഈജിപ്ഷ്യന്‍ പൗണ്ടാക്കി മാറ്റി, അവശ്യം വേണ്ട സാധനങ്ങളും വാങ്ങി തിരിച്ചു വണ്ടിയില്‍ കയറി.

ഇനി നേരെ താമസസ്ഥലത്തേക്ക്. ഒരു ഫ്രഞ്ച് പുരാവസ്തു ഗവേഷക സംഘത്തിന്റേതാണ് ഫ്ലാറ്റ്. ഇത്തരം പ്രൊജക്ടുകള്‍ക്കായി വരുന്നവര്‍ക്ക് അവര്‍ ഇതു വാടകയ്ക്കു നല്‍കുന്നു. നാലു വലിയ കിടപ്പറകളും, ഉയര്‍ന്ന മേല്‍തട്ടും, വലിയ ജനാലകളും, തടി വിരിച്ച നിലവുമുള്ള ആ കെട്ടിടത്തിന് കുറഞ്ഞത് 50-60 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടെന്നു തോന്നി. മൂന്നാം നിലയിലുള്ള എന്റെ മുറിയുടെ മുഖം കിഴക്കോട്ടാണ്. ഇതിനിടയില്‍ ആ പ്രദേശത്തെക്കുറിച്ച് എമാദ് ചെറിയൊരു വിവരണം തന്നു. ഞാന്‍ താമസിക്കുന്ന തെരുവിന്റെ പേരാണ് അബ്ദെല്‍ മെഗിദ് മോര്‍സി. ഫ്ലാറ്റിന്റെ തെക്കുഭാഗത്ത് നാഷണല്‍ മ്യൂസിയം ഓഫ് അലക്സാന്‍ഡ്രിയ. വടക്കോട്ട് അല്പം നടന്നാല്‍ 'ഹരിതഭവനം' എന്നറിയപ്പെടുന്ന ഒരു പൂന്തോട്ടത്തത്തിലെത്തും. അല്പം കൂടി വടക്കോട്ടു മാറി മെഡിറ്ററേനിയന്‍ കടല്‍ ഇരമ്പുന്നു.

ഒന്നു കുളിച്ച്, ഉഷാറായി. വൈകിട്ട് 6:30ന് ഞാന്‍ പുറത്തിറങ്ങി. മ്യൂസിയത്തില്‍ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു നഗര മധ്യത്തിലേക്കു നടന്നു. അത്യാവശ്യം തിരക്കുള്ള തെരുവ്. തെരുവിന്റെ ഇരുവശത്തും നാലഞ്ചു നില ഉയരമുള്ള കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അവയെല്ലാം ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മട്ടിലുള്ളതാണ്. യൂറോപ്യന്‍ വാസ്തുവിദ്യയുടെ പതിഞ്ഞ ഈണമുള്ള കെട്ടിടങ്ങള്‍. പുതിയ കേട്ടിടങ്ങള്‍ പോലും പഴയ രീതിയിലാണ് പണിതിരിക്കുന്നത്. തെരുവില്‍ പാന്റ്സും ഷേര്‍ട്ടുമാണ് ഭൂരിഭാഗം പുരുഷന്മാരുടേയും വേഷം. ഇടയ്ക്കെപ്പൊഴോ നീളന്‍ കുപ്പായവും തലക്കെട്ടും ധരിച്ച ചിലരും. ഞാന്‍ ചിരിയിലൂടെ മാത്രം ആശയവിനിമയം നടത്തിയിരുന്ന ഫ്ലാറ്റിന്റെ കെയര്‍ റ്റെയ്ക്കറുടെ വേഷവും ഇതു തന്നെയായിരുന്നു. സ്ത്രീകള്‍ പൊതുവേ ശിരോവസ്ത്രങ്ങള്‍ ധരിക്കുന്നവരാണ്. ജീന്‍സും സ്കര്‍ട്ടും ധരിച്ച ചെറുപ്പക്കാരികളൂം ധാരാളമുണ്ടായിരുന്നു.

മൂന്നു പിന്നുകളുള്ള ഒരു അഡാപ്റ്റര്‍ വാങ്ങാനായി റേഡിയോഷാക്ക് എന്നു പേരുള്ള ഒരു കടയില്‍ കയറി. കടക്കാരന്‍ വളരെ ഹൃദ്യമായി സംസാരിച്ചു, അഡാപ്റ്ററിന്റെ വില 45 ഈജിപ്ഷ്യന്‍ പൗണ്ട് (ഒരമേരിക്കന്‍ ഡോളര്‍ ഏകദേശം 5 ഈജിപ്ഷ്യന്‍ പൗണ്ട് വരും). ഞാന്‍ 1,000 ഈജിപ്ഷ്യന്‍ പൗണ്ട് കൈവശം വച്ചിരുന്നു. തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോള്‍ വളരെ ക്ഷീണിച്ചിരുന്നു. ഇഷ്ടമില്ലാത്ത ഭക്ഷണമാണെങ്കില്‍ കൂടി പാലും, ബ്രഡും പാല്‍ക്കട്ടിയും കഴിച്ചു. കാരണം ഞാന്‍ ചെന്ന കടയില്‍ പരിചയ്മുള്ളതായി അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് എമാദ് പറഞ്ഞത്, അരിഭക്ഷണത്തെ കുറിച്ച് ഇവിടെ ചിന്തിക്കുകയേ വേണ്ടെന്ന്. ഇതെന്ത്? ഈജിപ്ഷ്യന്‍ നഗരത്തില്‍ യൂറോപ്യന്‍ ഭക്ഷണ രീതികളോ? ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലേക്കു തുറക്കുന്ന പല വാതിലുകളും അടയ്ക്കാറില്ലെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. അപരിചിതമായ ഒരു വിദേശ നഗരത്തില്‍, ഒരു വലിയ തുറന്ന വീട്ടില്‍ ഞാനൊറ്റയ്ക്ക്! ഭയമില്ലാതില്ല. പക്ഷേ, അതിനേക്കാള്‍ വലുതായിരുന്നു ദീര്‍ഘയാത്രയുടെ ക്ഷീണം. വളരെ പെട്ടന്നു തന്നെ ഉറക്കത്തിലേക്ക് ഒഴുകിയൊലിച്ചു വീണു. (അവസാനിക്കുന്നില്ല)

റെയ്ച്ചല്‍ വര്‍ഗീസ്
കഴിഞ്ഞവര്‍ഷം ജുലൈ-ആഗസ്തിലായിരുന്നു റേച്ചലിന്റെ അലക്സാണ്ട്രിയന്‍ യാത്ര. ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്സിറ്റിയില്‍ ചരിത്രഗവേഷകയാണ് .