Jul 18, 2009

തവളക്കരച്ചിലിന്റെ രാഷ്ട്രീയം

'ക്രോം' എന്നത് ഇന്നു ലോകത്തിലെ ഇന്റര്‍നെറ്റ് നിഖണ്ടുവിലെ ഏറ്റവും ചൂടാര്‍ന്ന വാക്കാണു. ഈ 'തവളക്കരച്ചില്‍' കേള്‍ക്കുമ്പോള്‍ ചുട്ടുപൊള്ളുന്നതു മറ്റാര്‍ക്കുമല്ല, സോഫ്റ്റ്വെയര്‍ ഗുണ്ട മൈക്രൊസോഫ്റ്റിനു തന്നെ. ഗുണ്ട എന്നു അറിഞ്ഞു വിളിച്ചതാണ്. സോഫ്റ്റ്വെയര്‍ രംഗത്ത് മൈക്രൊസോഫ്റ്റിന്റെ ഗുണ്ടായിസം തുടങ്ങിയിട്ടു കാലം കുറച്ചായി. ബില്‍ ഗേറ്റ്സിന്റെ തിണ്ണമിടുക്കിന്റെ ഏറ്റവും ജനപ്രിയ ഉദാഹരണമാണല്ലോ വിന്‍ഡോസ്. ക്രോം എന്നു കേള്‍ക്കുമ്പോള്‍ ഏറ്റവുമധികം അസ്വസ്ഥമാകുന്നതും ഈ വിന്‍ഡോസ് തന്നെ. "ആര്‍ക്കറിയാം അതെന്താണെന്ന്?," മൈക്രൊസോഫ്റ്റ് ചീഫ് എക്സിക്യുട്ടീവ് സ്റ്റീവ് ബാമറുടേതാണ് ആകുലത നിറഞ്ഞ ഈ വാക്കുകള്‍. ബാമര്‍ പരാമര്‍ശിക്കുന്ന 'തവളക്കരച്ചില്‍' വരുന്നത് കാലിഫോര്‍നിയയിലെ മൗണ്ടന്‍വ്യൂവില്‍ നിന്ന്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഇന്റര്‍നെറ്റ് സെര്‍ച്ച് വമ്പന്‍ ഗൂഗിള്‍ അധിവസിക്കുന്നിടം.

ക്രോം കരയുന്നതാര്‍ക്കു വേണ്ടി?

കാര്യത്തിലേക്കു കടക്കാം. വര്‍ഷങ്ങളായി മൈക്രൊസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം കയ്യടക്കി വച്ചിരിക്കുന്ന കുത്തകയില്‍ ഗൂഗിള്‍ ഇപ്പോള്‍ കണ്ണു വയ്ക്കുന്നു. മൈക്രൊസോഫ്റ്റിനുള്ള ഗൂഗിളിന്റെ മറുപടിയുടെ പേരാണ് ക്രോം. ഇതേ പേരില്‍ തന്നെയുള്ള ഗൂഗിളിന്റെ വെബ് ബ്രൗസറിന്റെ ഒരു പുത്തനവതാരമെന്നു വിളിക്കാവുന്ന ഈ സ്വതന്ത്ര ഓപറേറ്റിങ് സിസ്റ്റം അടുത്തവര്‍ഷം പുറത്തിറങ്ങുമെന്നു ഗൂഗിള്‍ ഈയിടെ സൂചിപ്പിച്ചു. പേറ്റന്റില്‍, ഏകപക്ഷീയമായ ഉടമസ്ഥാവകാശത്തില്‍, കുറ്റിയുറപ്പിച്ചു നില്‍ക്കുന്ന വിന്‍ഡോസിന്റെ നേര്‍വിപരീതമാണ് ക്രോം. അതു സ്വതന്ത്ര സോഫ്റ്റ്വെയര്‍ തത്വശാസ്ത്രത്തോടു മമത പുലര്‍ത്തുന്നുവെന്നു മാത്രമല്ല, ഇതിനോടകം തന്നെ ലോകമൊട്ടാകെ ജനപ്രീതിയാര്‍ജിച്ച ലിനക്സ് മാനദണ്ഠങ്ങളില്‍ നിലയുറപ്പിക്കുന്നതുമാണ്. അതായത് ആരുടെയും സ്വന്തമല്ലാത്ത, ആര്‍ക്കും അധികം മുതല്‍മുടക്കില്ലാതെ ഉപയോഗിക്കാവുന്ന ഒരു ഓപറേറ്റിങ് സിസ്റ്റം. ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന് വേണ്ടിയാണ് ആദ്യം ക്രോം പുറത്തിറങ്ങുന്നത്. പെട്ടെന്ന് ബൂട്ട് ചെയ്യാവുന്ന ലൈറ്റ് വൈറ്റ്‌ പ്രോഗ്രാം ആണ് ക്രോം. ഫോണ്‍, സെറ്റ്-റ്റോപ്‌ ബോക്സ്‌ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് വേണ്ടി ഗൂഗിള്‍ തന്നെ പുറത്തിറക്കിയ ആന്‍ഡ്റോയിഡ് സോഫ്റ്റ്വെയറില്‍ നിന്നും വ്യത്യസ്തമാണ് ക്രോം. കൂടുതല്‍ സമയം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചാണ് ക്രോം ഇറക്കുന്നതെന്ന് ഗൂഗിള്‍ തന്നെ പറയുന്നു. ഇമെയില്‍, ചാറ്റ് തുടങ്ങിയവയെ വേഗത്തില്‍ ഓടാന്‍ ക്രോം സഹായികുമെന്നര്‍ത്ഥം. ഈ പുതിയ അവതാരം വരുന്നതോടെ കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് തുടങ്ങുമെന്നും അതു പരസ്യ വരുമാനം വര്‍ധിപ്പിക്കുമെന്നുമാണ് ഗൂഗിളിന്റെ ഭാഷ്യം. നിലവില്‍ ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിനിലെ പരസ്യമാണ് കമ്പനിയുടെ പ്രധാന വരുമാനം. അത് കൊണ്ടുതന്നെ ക്രോമിന്റെ കരച്ചലിനു പുറകില്‍ വേറെ പല ലക്ഷ്യങ്ങളും ഉണ്ടെന്നാണ്‌ അണിയറ വര്‍ത്തമാനം.

സോഫ്റ്റ്വെയര്‍ മഹായുദ്ധം

സെര്‍ച്ച്‌ എഞ്ചിന്‍ ലോകത്ത് ഗൂഗിളിന്റെ കുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മൈക്രൊസോഫ്റ്റ് പുറത്തിറക്കിയ സെര്‍ച്ച്‌ എഞ്ചിന്‍ 'ബിംഗി'നുള്ള മറുപടിയായിട്ടാണ് ഗൂഗിളിന്റെ നീക്കത്തെ പല സാങ്കേതിക വിദഗ്ധരും കാണുന്നത്. "Find cure from bing - ഇത് വെറുമൊരു സെര്‍ച്ച്‌ എഞ്ചിന്‍ അല്ല , മറിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ള സെര്‍ച്ച്‌ എഞ്ചിന്‍ ആണ്" എന്നാണ് ബിംഗിന്റെ പരസ്യ വാചകം തന്നെ. സെര്‍ച്ച്‌ രംഗത്ത് രണ്ടാമനായിരുന്ന യാഹൂവിനെ ബിംഗ് പുറകിലാക്കി കഴിഞ്ഞു എന്നാണ് വെബ്‌ ട്രാഫിക് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഗൂഗിളിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി യാഹുവിനെ 40 ബില്യണ്‍ ഡോളിന് സ്വന്തമാക്കാന്‍ കഴിഞ്ഞ വാര്‍ഷം മൈക്രൊസോഫ്റ്റ്‌ ഒരു ശ്രമം നടത്തി നോക്കിയിരുന്നു, എന്നാല്‍ അന്നത് വിജയിച്ചില്ല. അതുകൊണ്ട് സ്വന്തമായി ഒരു സെര്‍ച്ച്‌ എഞ്ചിന്‍ നിര്‍മിച്ചായി യുദ്ധം. സെര്‍ച്ച്‌ എഞ്ചിന്‍ രംഗത്ത് മാത്രമല്ല ബിസിനസ്‌ സോഫ്റ്റ്‌വെയറുകളുടെ രംഗത്തുമുണ്ട് ഈ ബാലി-സുഗ്രീവ യുദ്ധം. മൈക്രൊസോഫ്റ്റ് ഓഫീസിനെ ഗൂഗിള്‍ വെല്ലുവിളിച്ചത് 'ഡോക്സ്‌' എന്ന പുത്തന്‍ സോഫ്റ്റ്വെയറുമായാണ്. ഗൂഗിള്‍ ഡോക്സില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, അതു സ്വന്തമാക്കാന്‍ പണം മുടക്കേണ്ട ആവശ്യവുമില്ല. ഈ വെല്ലുവിളി നേരിടാനായി മൈക്രോസോഫ്റ്റ്‌ പുതിയ ഓഫീസ് വെര്‍ഷന്‍ അടുത്ത വാര്‍ഷം പുറത്തിറക്കുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത‍. ഈ പുതിയ വെര്‍ഷന്‍ തികച്ചും ഫ്രീ ആയിരിക്കുമത്രെ! ഈ യുദ്ധങ്ങളുടെ ഒരു വിപുലീകരിച്ച പതിപ്പാണ് വിന്‍ഡോസും ക്രോമും തമ്മില്‍ അരങ്ങേറാന്‍ പോകുന്നത്. എന്നാല്‍ ഇത്തവണ വടിവാളും കത്തിയുമൊന്നുമല്ല, ഓപറേറ്റിംഗ് സിസ്റ്റം എന്ന സാക്ഷാല്‍ സാക്ഷാല്‍ ആറ്റം ബോംബുമായിട്ടാണ് ഭീമന്മാരുടെ കളി.

കുത്തക തകരുമോ?

നിലവില്‍ ലിനക്സ്‌ ഓപറേറ്റിങ്ങ്‌ സിസ്റ്റത്തിന്റെ ഭാഗമായ 'ഉബുണ്ടു'വും, 'സുസേ'യുമോക്കെ അത്യാവശ്യം ജനപ്രിയമാണെങ്കിലും മൈക്രൊസോഫ്റ്റിന്റെ കുത്തകയെ വെല്ലുവിളിക്കാന്‍ അവയ്ക്കൊന്നുമായിട്ടില്ല. സോഫ്റ്റ്വെയര്‍ ഭീമനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയെല്ലാം ഇപ്പോഴും ചെറിയ കൂട്ടായ്മകള്‍ മാത്രമാണ്. മാത്രമല്ല, നിലവില്‍ ലോകത്തെ 80 ശതമാനത്തിലധികം കമ്പ്യൂട്ടറുകളും പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ്‌ ഉപയോഗിച്ചാണ്‌. ക്രോമിന്റെ വരവ് ഈ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുത്തുമോ?

അതോ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നടത്തുന്ന കൂട്ടായ്മകളെ വികേന്ദ്രീകരിക്കാനുള്ള ഒരു ഹേതു മാത്രമായി ഒതുങ്ങുമോ ഗൂഗിളിന്റെ നീക്കം? മൈക്രൊസോഫ്റ്റിന്റെ വിന്‍ഡോസ്‌-7 ഈ ഒക്ടോബറില്‍ പുറത്തിറങ്ങും. ക്രോം പുറത്തു വരുമ്പോഴേക്കും വിന്‍ഡോസ്‌-7 വിപണിയിലുണ്ടാവും. അത് കൊണ്ടുതന്നെ ക്രോമിന്റെ മുഖ്യ എതിരാളി ഈ എഴാം നമ്പരുകാരനാ‍യിരിക്കും. ഇവ രണ്ടും ഇപ്പോള്‍ ലഭ്യമല്ലത്തതിനാല്‍ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കി പ്രവചനങ്ങള്‍ നടത്താന്‍ മാത്രമേ സാങ്കേതിക വിദഗ്ധര്‍ക്കു ഇപ്പോള്‍ കഴിയു..കാത്തിരുന്നു കാണാം.

കെടിപിആര്‍