Jun 6, 2009

മഞ്ഞുമുഖമുള്ള ഉടുക്കാത്ത പക്ഷി

ചില ആകസ്‌മികതകള്‍ അങ്ങനെയാണ്‌. വല്ലാത്തൊരു വീര്‍പ്പുമുട്ടലിലേക്കാണ്‌ അതു നമ്മെ വഴി നടത്തുക. കഴിഞ്ഞയാഴ്‌ച്ച, ക്യത്യമായി പറഞ്ഞാല്‍ ജൂണ്‍ 3, ക്വിന്റിന്‍ ടാരന്റീനോയുടെ സിനിമ, 'കില്‍ ബില്‍- രണ്ടു വോള്യം' കാണാനെടുക്കുമ്പോള്‍ ഡേവിഡ്‌ കാരഡിന്‍ എന്ന ഈ മഞ്ഞയില്‍ തവിട്ടു കലര്‍ന്ന, വെളുത്ത മുടിയുളള, മനുഷ്യന്‍ ഒരു ആകസ്‌മികതയുടെ നീണ്ട നിഴലുകള്‍ വലിച്ചുവയ്ക്കുമെന്നു തോന്നിയതേയില്ല. അയാളുടെ ശബ്ദത്തിനു ചിന്തേരിട്ടു പതപ്പിച്ച മഞ്ഞിന്‍കട്ടയുടെ ഘനമുണ്ടായിരുന്നു. 'കിസ്സോ' എന്ന്‌ ബിയാടീസിനെ ഒരു നീട്ടിവിളിയുടെ അരിവാള്‍ തലപ്പുകൊണ്ട്‌ ഉടക്കി നിര്‍ത്തുമ്പോഴും തന്റെ ചുളിഞ്ഞു കുതിര്‍ന്ന കവിളുകള്‍ പതുക്കെ വിറപ്പിച്ച്‌, കുസ്‌ൃതിയെ കടിഞ്ഞാണിട്ടു പിടിച്ച്‌ കണ്ണു കൊണ്ട്‌ പതിഞ്ഞ നോട്ടങ്ങള്‍ എറിഞ്ഞുടയ്ക്കുമ്പോഴും അയാള്‍ ഒരു ആഴമുളള ശൈഥില്യം പ്രകടമാക്കിയിരുന്ന പോലെ എനിക്ക്‌ തോന്നി. വളരെ സ്വാഭാവികമായ ഒരിഷ്ടത്തിന്റെ വിചാരിപ്പ്‌ ഞാനയാള്‍ക്കു വേണ്ടി തീര്‍ത്തു വച്ചു.

ഏതാണീ നടന്‍? ഹോളീവുഡോ? അതോ ലറ്റീനോ സിനിമാ ഫാക്ടറികളോ? ഡേവിഡ്‌ കാരഡിന്‍ ഒരു എങ്ങുമെടുക്കാപ്പേരായിതോന്നി. ചിലപ്പോള്‍ ചീനന്‍ തന്നെയുമാകാം, എങ്കിലും അമേരിക്കന്‍ അമ്മയ്‌ക്കു പിറന്നത്‌. പേരില്‍ പുതുമ നോക്കണ്ട. അമേരിക്കന്‍ പേരില്‍ ചീനനോ, മറിച്ചോ ആകാം. ലോകോത്തര ഛായാഗ്രാഹകന്‍ ക്രിസ്‌റ്റഫര്‍ ഡോയലി്‌ന്‌ ചൈനയില്‍ മറ്റൊരു പേരാണ്‌ : ദു കെഫെന്‍. ഇനി ആ മട്ടാണോ ഡേവിഡ്‌ കാരഡിന്‍?. ചീനനല്ലെങ്കില്‍ ഇയാളെങ്ങനെ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ഇത്രയും വഴക്കത്തോടെ ചെയ്യുന്നു? ഒപ്പം മികച്ച അഭിനയ പാടവവും. പതിയെ പതിയെ എനിക്കയാളെ പെരുത്തു പിടിച്ചു. കില്‍ ബില്‍ രണ്ടു വോള്യവും കണ്ടു തീര്‍ത്തു. ടാരന്റീനോ എന്ന സംവിധായകന്റെ ഒരു വമ്പന്‍ കസര്‍ത്താണ്‌ പടം. എനിക്കു, പക്ഷേ പിടിച്ചു. വയലന്‍സിന്റെ ഒരാഘോഷം. ചോരകൊണ്ടൊരു 'ഹോളിത്തിമര്‍പ്പ്‌'. അറ്റു വീഴുന്ന തലകളുടെ സുനാമിപ്പിടച്ചില്‍. ചീറ്റിയുറയുന്ന ചോരക്കുഴലുകളുടെ പാമ്പുതലകള്‍. ഒരു പിടച്ചിലിന്റെ പുള്ളുവന്‍ പാട്ടാണു കില്‍ ബില്‍. മുഖ്യധാരയുടെ നെഞ്ചത്തു കയറിയൊരു തിമര്‍പ്പ്‌. തികച്ചും ടാരന്റീനോ മട്ട്‌‌. ആ മട്ടു തീര്‍ത്തെടുക്കാന്‍ ഡേവിഡ്‌ കാരന്റീനെന്ന മഞ്ഞു മുഖന്റെ ചലനങ്ങള്‍ ഒരനിവാര്യതയായി തോന്നി.

ചിത്രത്തിന്റെ അവസാനമാണ്‌ ബില്‍ എന്ന കൊലപാതകിയുടെ ഉളളം ചുരുളഴിയുന്നത്‌. മിതമായ മുഴക്കമുളള അഭിനയം കൊളുത്തിപിടിപ്പിക്കുന്നുണ്ട്‌ കാരഡിന്‍ ഇവിടെ. ഇതു കേള്‍ക്കു. ഈ വാചകത്തില്‍: " But if that's too cryptic, lets get literal. I'm a killer. I'm a murdering bastard. You know that. And there are consequences.... to breaking the heart of a murdering bastard... " പ്രണയം തകരുമെന്ന വേപഥുവില്‍ വഴിവിട്ടു നീങ്ങുന്ന ആ മധ്യവയസ്‌കനായ കാമുകന്‍. അയാളെ തേടിപ്പിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒന്നു പരതിയപ്പോള്‍ ഇതു കിട്ടി. പ്രശസ്‌ത ഹോളിവുഡ്‌ നടന്‍ ജോണ്‍ കാരഡിന്റെ മകന്‍. കുടുംബത്തില്‍ എല്ലാവരും അഭിനേതാക്കള്‍; പ്രശസ്‌തര്‍. ഡേവിഡ്‌ പ്രശസ്‌തിയിലേക്കുയരുന്നത്‌ 1970 കളില്‍ അമേരിക്കയില്‍ ജനപ്രീതിയാര്‍ജിച്ച കുങ്‌-ഫു ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്‌. 1972 ല്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ബോക്‌സ്‌ കാര്‍ ബെര്‍ത്തയില്‍ വേഷമിട്ടു. മറ്റു പ്രധാന വേഷങ്ങളൊന്നുമില്ല. അഞ്ചു വിവാഹം. രണ്ടു മക്കള്‍. അങ്ങനെയങ്ങിനെ...

കില്‍ ബില്‍ രണ്ടും കണ്ടു കഴിഞ്ഞപ്പോള്‍ വൈകുന്നേരമായി. ഒന്നു കഴിഞ്ഞ്‌ മറ്റൊന്നിനിടയ്‌ക്ക്‌ ചില്ലറ പണികള്‍ വന്നു പെട്ടു. സിനിമ കഴിഞ്ഞപ്പോള്‍ മനസില്‍ ഡേവിഡിനെ പിടിച്ചിരുത്തി കഴിഞ്ഞിരുന്നു. അയാളുടെ മറ്റു ചിത്രങ്ങള്‍ കണ്ടേക്കാമെന്നു തോന്നി. അതിനിടയ്‌ക്ക്‌ ഒന്നു ടെലിവിഷന്‍ ഓണ്‍ ചെയ്‌തു. ബിബിസിയില്‍ ഒരു ഫ്‌ളാഷ്‌ ന്യൂസ്‌. കില്‍ ബില്‍ താരം ഡേവിഡ്‌ കാരഡിന്‍ അല്‌പം മുന്‍പ്‌ ആത്മഹത്യചെയ്‌ത നിലയില്‍ കാണപ്പെട്ടു. തായ് ലാന്‍ഡിലെ ഒരു ഹോട്ടലിലാണ്‌ സംഭവം. ഒരു വയറില്‍ തൂങ്ങി നഗ്നനായി ഡേവിഡ്‌ കാരഡിന്‍ കാണപ്പെട്ടു. എന്റെ നെഞ്ചില്‍ ഒരു മിന്നല്‍ വീണു പൊട്ടി. 'Bird on a wire' എന്ന സിനിമയില്‍ കാരഡിന്‍ അഭിനയിച്ചിട്ടുണ്ടല്ലോ എന്ന്‌ ഞാനോര്‍ത്തു. അയാള്‍ മരിച്ച്‌ ഒരു ഉടുക്കാത്ത പക്ഷിയെ പോലെ ഒരു വയറില്‍ തൂങ്ങിനില്‍ക്കുകയാവാം. പിന്നീടറിഞ്ഞു, 72 കാരനായ ഡേവിഡ്‌ ഒരു കൃത്രിമ രതിക്കുളള തയ്യാറെടുപ്പിലായിരുന്നു. ചരടു കൊണ്ട്‌ കഴുത്തും ലിംഗവും മുറുക്കി ശ്വാസം മുട്ടിച്ച്‌ സ്വയം ഭോഗിക്കുന്ന വിദ്യക്കിടയില്‍ നെഞ്ചില്‍ ശ്വാസം കുരുങ്ങി മരിച്ചതാണ്‌. Deathspot എന്നൊരു സിനിമയിലും ഡേവിഡ്‌ വേഷമിട്ടിരുന്നു പണ്ട്‌.

കില്‍ബില്‍ ഒന്നു കൂടി കാണണമെന്നെനിക്കു തോന്നി, എപ്പോഴെന്നറിയില്ല.

ജെജെ