Jun 3, 2009

കര്‍ണാടകത്തിന്റെ കാവി കമലം

കര്‍ണാടകത്തിലെ ലോക് സഭാ തെരഞ്ഞെടുപ്പുഫലത്തില്‍ അന്തര്‍ലീനമായിരുന്ന വൈരുധ്യം മേയ് 17ലെ ദ ഹിന്ദു ദിനപത്രത്തിന്റെ ഒന്നാം പേജ് തലക്കെട്ടില്‍ തന്നെ വ്യക്തമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഇത് 'മധുരവും കയ്പുമേറിയ' വിജയമാണെന്നാണ് മൗണ്ട് റോഡ് മഹാവിഷ്ണു എഴുതിയത്. കര്‍ണാടകത്തില്‍ നിന്നും പര്‍ലമെന്റിലെത്തിയ കവിപ്പടയുടെ എണ്ണം 18ല്‍ നിന്ന് 19ലേക്കുയര്‍ന്നെങ്കിലും ദേശീയതലത്തില്‍ ബിജെപി നേരിട്ട കനത്ത പരാജയത്തിന്റെ ആഘാതത്തിലായിരുന്നു ഹിന്ദുത്വ പാര്‍ടി. എന്നാല്‍, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ നേര്‍ വിപരീതമായിരുന്നു. ദേശീയതലത്തില്‍ വന്‍ വിജയം നേടിയെങ്കിലും, സംസ്ഥാനത്ത് കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം എട്ടില്‍‍ നിന്ന് ആറിലേക്ക് ചുരുങ്ങി.

തെരഞ്ഞെടുപ്പിനു മുമ്പേ തോറ്റവര്‍

ബിജെപി ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയതിനു ശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയത്. അതുകൊണ്ട് തന്നെ, തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്നതിനു മുമ്പായി കര്‍ണാടകത്തിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് (Operation Lotus) 'വേറിട്ട പാര്‍ടി'യെന്നു സ്വയം അവകാശപ്പെടുന്ന ബിജെപി ഭരിക്കാനുള്ള ഭൂരിപക്ഷം തികച്ചു. (ഓപറേഷന്‍ ലോട്ടസിനു വേണ്ട സാമ്പത്തിക സഹായം നല്‍കിയത് ധാതു ഘനന രാജാക്കന്മാരായ കരുണാകര റെഡ്ഡിയും ജനാര്‍ദന റെഡ്ഡിയുമാണെന്ന - രണ്ടു പേരും ബിഎസ് യെദിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാര്‍ - ഒരു പറച്ചിലുണ്ട്.) സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സംഘപരിവാര സംഘടനകള്‍ നടത്തിയ ന്യൂനപക്ഷ വേട്ടയും ശ്രീറാം സേന എന്ന അതു വരെ അറിയപ്പെടാതിരുന്ന ഒരു സംഘം സദാചര പൊലീസായി രംഗത്തെത്തിയതും ഹിന്ദുത്വ പാര്‍ടി കര്‍ണാടകത്തെ മറ്റൊരു ഗുജറാത്തായി മാറ്റാന്‍ ശ്രമിക്കുകയാണോ എന്ന ഭീതി പലരിലും ജനിപ്പിച്ചു. (ബിജെപി സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മുഖ്യാതിഥികളിലൊരാളയിരുന്നു. കര്‍ണാടകത്തിലും ഗുജറാത്ത് മോഡല്‍ ഭരണരീതി പിന്തുടരുമെന്ന സംസ്ഥാന ബിജെപി നേതാക്കളുടെ പ്രസ്താവന ഏറെ വിവാദത്തിനു വഴി വച്ചിരുന്നു. ഗുജറാത്തിന്റെ വികസനമാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് അവര്‍ക്കു തിരുത്തേണ്ടി വന്നു.)

പ്രധാന പ്രതിപക്ഷ പാര്‍ടികളായ ജനതാദള്‍ സെക്കുലറിന്റേയും (ജെഡിഎസ്) കോണ്‍ഗ്രസിന്റേയും ബിജെപി വിരുദ്ധ പ്രചാരണത്തെ ഈ വിവാദങ്ങള്‍ ശക്തിപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കാനുള്ള ഈ പാര്‍ടികളുടെ തീരുമാനം മതേതര ക്യാമ്പിനു കിട്ടിയ ആദ്യ തിരി‍ച്ചടിയായിരുന്നു. കോണ്‍ഗ്രസും ദളും തമ്മില്‍ കൈകോര്‍ക്കാതിരുന്നതിന്റെ പ്രധാന കാരണം മൂന്നാം മുന്നണിയായിരുന്നുവെന്നു കാണാം. ജനതാ ദള്‍ നേതവ് എച്ച് ഡി ദേവഗൗഡ മൂന്നാം മുന്നണിയുടെ ശക്തമായ വക്താക്കളിലൊന്നായിരുന്നുവല്ലോ. മത്രമല്ല, അച്ഛന്‍ ഗൗഡയും മകന്‍ (കുമാര) സ്വാമിയും ചേര്‍ന്നു നയിക്കുന്ന ദളുമായി ഒരു സഖ്യവും പാടില്ലെന്നു സിദ്ധരാമയ്യ, ആര്‍വി ദേശ്പാണ്ഡെ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ശക്തമായി വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മകളെ തുറന്നു കാണിക്കുന്നതിനു പകരം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം മുഖ്യമായും കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പരിപാടികളിലും മന്മോഹന്‍ സിംഗിന്റെ 'നേത്രുപാടവ'ത്തിലും ഊന്നിയുള്ളതായിരുന്നു. ബിജെപിക്കെതിരെ ഉയര്‍ത്താവുന്ന പല വിഷയങ്ങളും അതിനാല്‍ തന്നെ പിന്‍സീറ്റിലേക്കു തള്ളപ്പെട്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ദരാമയ്യ എന്നിവര്‍ക്കിടയിലുള്ള തര്‍ക്കം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണു ചെയ്തത്.

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍, പല മണ്ഡലങ്ങളിലും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണവും മദ്യവും ഒഴുകിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ ആംബുലന്‍സുകളിലാണ് മദ്യവും പണവുമായി യാത്ര ചെയ്തിരുന്നത്. അനവധി മുസ്ലിം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ദുരൂഹമായി നീക്കം ചെയ്യപ്പെട്ടിരുന്നതായും പരാതികളുയര്‍ന്നു. എന്നല്‍, ഇതൊന്നും ജനശ്രദ്ധയിലേക്കു ഉയര്‍ത്തിക്കൊണ്ടു വരാന്‍ സംസ്ഥാനത്തെ പ്രതിപക്ഷപാര്‍ടികള്‍ക്കായില്ല.

എന്തൊക്കെയാണ് ബിജെപിക്ക് അനുകൂലമായി ഭവിച്ച ഘടകങ്ങള്‍? ഹിന്ദുത്വ പാര്‍ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണം പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെ സമൂഹ്യക്ഷേമ നടപടികളെ അടിസ്ഥാനമാക്കി യുള്ളതായിരുന്നു. സംസ്ഥാനത്തെ രണ്ടു പ്രധാന ജാതികളില്‍ - ലിംഗായത്തും വൊക്കലിഗയും - ഒന്നിന്റെ പിന്തുണ പൂര്‍ണമായും ഉറപ്പു വരുത്താന്‍ ബിജെപിക്കു കഴിഞ്ഞു. ലിംഗായത്ത് വിഭാഗത്തിനു പുറമെ, ദലിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും ബിജെപി തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തി. വടക്കന്‍ തീരദേശ മേഖലകളിലെ സ്വാധീനം നില നിര്‍ത്തിയ സംഘപരിവാരം ഓള്‍ഡ് മൈസൂര്‍ പ്രദേശത്തേക്കും അതു വ്യാപിപ്പിച്ചു. ജനതാ ദളാകട്ടെ ചില പോക്കറ്റുകളില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ആ മണ്ഡലങ്ങളില്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. ‍ കോണ്‍ഗ്രസിനുള്ളിലെ അനൈക്യമാണ് ബിജെപിക്ക് അനുകൂലമായി മാറിയ മറ്റൊരു ഘടകം. യെദിയൂരപ്പക്കൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസിനായില്ല. രാഹുല്‍ ഗാന്ധിക്കും ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അത്ഭുതങ്ങളൊന്നും കാണിക്കാനായില്ല. രാഹുലിന്റെ വലംകൈയും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ ക്രിഷ്ണബൈരെ ഗൗഡ ദക്ഷിണ ബാംഗ്ലൂര്‍ മണ്ഡലത്തില്‍ മുതിര്‍ന്ന ബിജെപി നേതാവായ അനന്ത് കുമാറിനോട് പരാജയപ്പെടുകയാണുണ്ടായത്.

കാവിവത്കരണം മുന്നോട്ട്

സര്‍ക്കാരിന്റെ ക്ഷേമ നടപടികളും, വര്‍ഗീയ അജന്‍ഡയും, ദുര്‍ബലവും തമ്മില്‍ പോരടിക്കുന്നതുമായ ഒരു പ്രതിപക്ഷവുമാണ് ബിജെപിക്ക് ഇപ്പോഴത്തെ വിജയം സമ്മാനിച്ചതെന്നു കാണാം. എന്തൊക്കെയായിരിക്കും ഇതിന്റെ അനന്തിരഫലങ്ങള്‍? കര്‍ണാടകത്തില്‍ വിരിഞ്ഞ കമലം അതിന്റെ കാവി നിറം ഉപേക്ഷിക്കുമെന്നു കരുതുക വയ്യ. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സംഘപരിവാറിന്റെ കാവിവത്കരണ പദ്ധതികള്‍ നടപ്പാക്കാന്‍ അമിത പ്രയത്നം നടത്തുകയാണ് യെദിയൂരപ്പ സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ മഠങ്ങള്‍ക്കും ഹിന്ദു മതസ്ഥാപനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഏകദേശം 30 കോടി രൂപ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ അനുവദിച്ചു കഴിഞ്ഞു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാന്‍ ഒരു പ്രത്യേക വിഭാഗത്തിനും അവരുടെ മഠത്തിനും അനുമതി നല്‍കി. തീരദേശ പ്രദേശത്തു നിന്നും വര്‍ഗീയ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം വരുന്നുണ്ട്. ബിജെപി സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് മുസ്ലിം ജനവിഭാഗത്തിന് ഇപ്പോഴും ആശങ്കകളാണുള്ളത്. വരുന്ന നാലു വര്‍ഷം സംഘപരിവാരം എന്തൊക്കെ മുറകള്‍ പുറത്തെടുക്കുമെന്നു കാത്തിരുന്നു കാണണം.

ജയന്ത് ബാംഗ്ലൂര്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ സീനിയര്‍ സബ് എഡിറ്ററാണ്.