Jun 1, 2009

കലാപത്തിന്റെ അക്ഷരമാലകള്‍

ഞാന്‍ സംസാരിക്കുന്ന ഭാഷ
എന്റേതാകുന്നു.
അതിന്റെ പൊരുത്തക്കേടുകള്‍, അഴകില്ലായ്മകള്‍
എല്ലാം എന്റേതാണ്; എന്റേതു മാത്രം
അതു പാതി ആംഗലേയവും
മറുപാതി ഇന്ത്യനുമാണ്
തമാശയായി തോന്നാമെങ്കിലും
അതു സത്യസന്ധമാണ്.


'An Introduction' എ‍ന്ന ഇംഗ്ലീഷ് കവിതയിലെ ഈ വരികള്‍ നായാടികളായ തന്റെ വിമര്‍ശകര്‍ക്ക് മാധവിക്കുട്ടി നല്‍കിയ ഉത്തരം മാത്രമല്ല, തന്റെ ജീവിതത്തെ, ഓരോ കാലഘട്ടങ്ങളില്‍ അതു കൈക്കൊണ്ട സമീപനങ്ങളെ, നിര്‍വചിക്കുക കൂടിയായിരുന്നു അവര്‍. ഇന്ത്യന്‍ സാഹിത്യത്തിലെ വൈവിധ്യങ്ങളുടെ ഭൂമികയായിരുന്നു മാധവിക്കുട്ടി/കമലാ ദാസ്/ കമലാ സുരയ്യ. ഒരിക്കലും ഒരു മുന്‍വിധിക്കും ആ ഭൂമിയുടെ സ്വത്വ പരിസരങ്ങളെ അടയാളപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതു ബാല്യകൗമാരങ്ങളുടെ നീര്‍മാതള പൂക്കളുടെ സൗരഭ്യം ആസ്വദിക്കുന്നതില്‍ നിന്നും തുടങ്ങി, ശ്വാസം മുട്ടുന്ന വിവഹബന്ധത്തിന്റെ തെറ്റിയ സമവാക്യങ്ങള്‍ വിളിച്ചുകൂവുന്നതിലേക്കും പിന്നീട് ഒരിക്കലും അണഞ്ഞുപോകാത്ത സുരയ്യയെന്ന നക്ഷത്രമായി മാറുന്നതിലേക്കും ചെന്നെത്തി. മാധവിക്കുട്ടിയുടെ കലാപങ്ങള്‍ ഒരേ സമയം വ്യക്തവും സമസ്യാപൂര്‍ണവുമായിരുന്നു. അതു തന്നെയായിരുന്നു പ്രണയവും, ലൈംഗികതയും, സ്വാതന്ത്ര്യവും, പ്രക്രുതിയുമൊക്കെ ഇടകലരുന്ന അവരുടെ എഴുത്തിന്റെ ഏറ്റവും വലിയ പ്രചോദനവും.

തുറന്നെഴുത്ത്

എഴുത്തുകാരി/എഴുത്തുകാരന്‍ എങ്ങിനെ എഴുതണം? ജീവിതാനുഭവങ്ങളുടെ വിവരണത്തില്‍ എത്ര അളവില്‍ യാഥാര്‍ഥ്യവും കെട്ടുകഥയും ചേര്‍ക്കേണ്ടതുണ്ട്? സത്യസന്ധമായ എഴുത്തിനെ സമൂഹം എങ്ങിനെയാണ് സ്വീകരിക്കുക? ഈ ചോദ്യങ്ങള്‍ മാധവിക്കുട്ടിയുടെ ക്രുതികളെ സംബന്ധിച്ചിടത്തോളം കേട്ടു പഴകിയ നേരമ്പോക്കുകളാണ്. 1976ല്‍ 'എന്റെ കഥ' പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ നിരൂപകരേയും വയനക്കാരേയും ഒരുപോലെ അസ്വസ്ഥമാക്കിയിരുന്നു അവരുടെ രചനകള്‍. 1965ല്‍ പുറത്തിറങ്ങിയ 'Summer in Calcutta' എന്ന കവിതാ സമാഹാരമാണ് ഇംഗ്ലീഷില്‍ ശ്രദ്ധേയമായ ആദ്യ രചന. അതിനു ശേഷം 'The Descendents' (1967), 'The old play house and other poems' (1973), 'Alphabet of Lust' (1977) എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തില്‍ എഴുതിയ 'വണ്ടിക്കാളകളാ'ണ് അവസാന രചന.

മാത്രുഭൂമി മാനേജിംഗ് എഡിറ്ററായിരുന്ന വിഎം നായരുടേയും പ്രശസ്ത മലയാളം എഴുത്തുകാരി ബാലാമണിയമ്മയുടേയും മകളായാണ് 1934 മാര്‍ച്ച് 31ന് മാധവിക്കുട്ടി ജനിച്ചത്. കല്‍ക്കട്ടയിലും നാലപ്പാട്ടുമായി പങ്കു വയ്ക്കപ്പെട്ട ബാല്യം തന്നെ എഴുത്തിന്റെ വിത്തുകള്‍‍ അവരില്‍ പാകിയിരുന്നു. 'ബാല്യകാല സ്മരണകള്‍' (1987), 'ഡയറിക്കുറിപ്പുകള്‍' (1992), 'നീര്‍മാതളം പൂത്തകാലം' (1994) തുടങ്ങി നിരവധി രചനകള്‍ക്ക് വിഷയമായത് ഈ ബാല്യകാലാനുഭവങ്ങളാണ്. 'My Grandmother's House' എന്ന കവിതയില്‍ മുത്തശ്ശിയുടെ തറവാട്ടുവീടിനെക്കുറിച്ചുള്ള ഓര്‍മകള്‍ വാക്കുകളായിമാറുന്നത് കാണാം. ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത, അനാഥമായി ഉപേക്ഷിക്കപ്പെട്ട മുത്തശ്ശിയുടെ വീട്ടിലേക്കു തിരിച്ചു പോകാനും പഴയ സ്നേഹം വീണ്ടെടുക്കാനും എഴുത്തുകാരി വെമ്പല്‍ കൊള്ളുന്നുണ്ട്. "ഒരിക്കല്‍ അവിടെ സ്നേഹം നുണഞ്ഞിരുന്നു' എന്നെഴുതുന്ന കവയിത്രി നഷ്ടസ്നേഹത്തെയോര്‍ത്ത് വേദനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭാഷയിലാണ് സംസാരിക്കുന്നത്.

നീര്‍മാതളം പൂത്തകാലത്തിലൂടെ കുടുംബ വ്രുക്ഷത്തെ വര്‍ണിക്കുന്നതിനോടൊപ്പം അന്നത്തെ സാമൂഹ്യസാംസ്കാരിക കാലഘട്ടത്തെ നോക്കികാണുക കൂടിയാണ് മാധവിക്കുട്ടി ചെയ്യുന്നത്. അടുക്കളയിലെ കുശിനിക്കാരുടെ കഷ്ടപ്പാടുകളേയും, തന്റെ സമപ്രായക്കാരിയായ അലക്കുകാരന്റെ മകളുടെ കല്യാണത്തെക്കുറിച്ചുമെല്ലാം ആമി വേവലാതിപ്പെടുന്നതു കാണാം. പ്രതികരിക്കാനാകാതെ പകച്ചു നില്‍ക്കുന്ന ബാല്യത്തിന്റെ വിഹ്വലതകളെക്കുറിച്ചു ഇവിടെ എഴുത്തുകാരിക്കു സംസാരിക്കാതിരിക്കാനാവുന്നില്ല. അവര്‍ തന്റെ മാനസികഭാരം ഇങ്ങിനെയാണ് കോറിയിടുന്നത്: "മേശപ്പുറത്തെ വെളുത്ത പേപ്പറിലേക്ക് തേന്‍ തുള്ളികളെ പോലെ എന്റെ വേദന ഊര്‍ന്നു വീഴുന്നു."

എല്ലാവരുടേയും കഥ

സ്വത്വ പ്രകാശനത്തിനുള്ള ഏറ്റവും ശക്തമായ ഉപാധിയായാണ് ആത്മകഥകള്‍ അറിയപ്പെടുന്നത്. മനസിന്റെ ഉള്‍മുറികള്‍ ലോകത്തിനു മുന്നില്‍ തുറന്നു വയ്ക്കുക. ആരൊക്കെയാണ് തന്നെ വേദനിപ്പിച്ചതെന്ന്, സ്വാധീനിച്ചതെന്ന്, സ്നേഹിച്ചതെന്ന് പുരപ്പുറത്തു നിന്നു തന്നെ വിളിച്ചുകൂവുക. 'എന്റെ കഥ'യും ശ്രമിച്ചത് മറ്റൊന്നായിരുന്നില്ല. സ്വന്തം ഭര്‍ത്താവിനെ കരി വാരിത്തേക്കാന്‍ വിഭ്രാന്തിയുള്ള ഒരു സ്ത്രീയുടെ ശ്രമം എന്നുപോലും വ്യഖ്യാനിക്കപ്പെട്ട ആ പുസ്തകം മുന്നോട്ടു വച്ച യഥര്‍ത്ഥ രാഷ്ട്രീയം മനസിലാക്കുന്നതില്‍ മലയാളികള്‍ പരാജയപ്പെട്ടൊ? 'A Room of One's Own'-ല്‍ വെര്‍ജീനിയ വുള്‍‍ഫ് പറയുന്ന എഴുത്തുകാരിയുടെ പ്രതിസന്ധി നമുക്കു ഇവിടേയും കാണാന്‍ കഴിയും. ഷെയ്ക്സ്പിയര്‍ ഒരു സ്ത്രീയായിരുന്നെങ്കില്‍ അദ്ദേഹത്തെ പുറംലോകം അറിയുമായിരുന്നോ എന്ന് വുള്‍‍ഫിനെക്കൊണ്ട് ചോദിപ്പിച്ചത് സ്ത്രീയുടെ പരിതാപകരമായ സാമൂഹികാവസ്ഥയാണ്. ഒരേ സമയം ഭാര്യയും, അമ്മയും, വീട്ടുജോലിക്കാരിയും ആവേണ്ടി വരുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു ബാലികേറാമലയായിത്തീരുന്നു. എല്ലാ വേഷങ്ങള്‍ക്കുമായി സ്വയം പങ്കു വച്ചൊഴിയാന്‍ അവള്‍ക്കു കഴിയാതാവുന്നു. ആ പ്രതിസന്ധിയിലാണ് പല അപരിചിത മുഖങ്ങളും ആശ്വാസകേന്ദ്രങ്ങളാകുന്നത്. സ്ത്രീയുടെ ഇടങ്ങളെ അനുഭവിക്കുകയും, അവള്‍ക്കു ചുറ്റിലുമുള്ള വ്യക്തിബന്ധങ്ങളെ നിര്‍വചിക്കുകയും ചെയ്യുന്ന എതിര്‍പ്പിന്റെ ഭാഷയാണ് 'എന്റെ കഥ'യുടേത്. സ്ത്രീയും സമൂഹവും തമ്മിലുള്ള അധികാരബന്ധങ്ങളുടെ തകര്‍ച്ചയെ വര്‍ണിക്കുകയും നേരിടാന്‍ ശക്തി പകരുകയും ചെയ്യുന്നിടത്താണ് ഈ ക്രുതിയുടെ രാഷ്ട്രീയ പ്രസക്തി.

പാരമ്പര്യത്തിന്റെ ചട്ടക്കൂട് പൊളിച്ചു പുറത്തുകടക്കാന്‍ വെമ്പല്‍ കൊള്ളുന്നവരാണ് മാധവിക്കുട്ടിയുടെ സ്ത്രീകള്‍. തങ്ങളുടെ പ്രതിസന്ധികള്‍ സമൂഹത്തിന്റെ താത്പര്യങ്ങള്‍ മൂലം വന്നു ചേര്‍ന്നതാണെന്ന് ഈ കഥാപാത്രങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ആ താത്പര്യങ്ങളെ പരാജയപ്പെടുത്താനായി അവര്‍ സ്വന്തം ജീവിതം കൊണ്ട് യത്നിക്കുന്നുണ്ട്. സ്ത്രീവാദത്തിന്റെ മിത/തീവ്ര നിലപാടുകളുടെ വളരെ സങ്കീര്‍ണമായ ഒരു സങ്കലനമാണ് ഈ സ്ത്രീകളുടെ നിലപാടുകള്‍ പലപ്പോഴും. 'പക്ഷിയുടെ മണം' എന്ന ചെറുകഥയില്‍ വെറും ലൈംഗിക ഉപകരണമായി മെരുക്കപ്പെടുന്ന സ്ത്രീയുടെ പ്രതിസന്ധി നമുക്കു കാണാം. ഒടുവില്‍ പുരുഷന്റെ അധികാരത്തിനും താല്പര്യങ്ങള്‍ക്കും മുന്നില്‍ അവള്‍ ചിറകറ്റു വീഴുകയാണ്. എന്നാല്‍ 'Looking Glass' എന്ന കവിതയില്‍ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ വേറൊരു ഭാഷയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

"നിങ്ങളെ സ്നേഹിക്കാന്‍ ഒരു
പുരുഷനെ കിട്ടുകയെന്നത്
വളരെ എളുപ്പമാണ്.
നിന്റെ കുറവുകളെക്കുറിച്ചു
സത്യസന്ധയായിരിക്കുക
അവനോടൊപ്പം കണ്ണാടിയുടെ മുമ്പില്‍
നഗ്നയായി നില്‍ക്കുക
അപ്പോള്‍ അവന്‍ കരുത്തനായി
കാണപ്പെടും
നിനക്കവനോടു തോന്നുന്ന കടുത്ത
ആരാധനയെ അംഗീകരിച്ചേക്കുക."

'കൂത്താടികളി'ല്‍ തന്റെ ചുംബനത്തെക്കുറിച്ചു ചോദിക്കുന്ന ഭര്‍ത്താവിനോട് "കൂത്താടികള്‍ നോവിച്ചാല്‍ ഒരു മ്രുത ദേഹത്തിനു എന്തു സംഭവിക്കാനാണ്" എന്നാണ് ഭാര്യ തിരിച്ചു ചോദിക്കുന്നത്. രാധാ-ക്രുഷ്ണ പ്രണയമായിരുന്നു മാധവിക്കുട്ടിയുടെ മറ്റൊരു ഇഷ്ട വിഷയം. ക്രുഷ്ണന്‍ തനിക്ക് കാമുകനോ ഭര്‍ത്താവോ ഒക്കെയാണെന്നു പറയാന്‍ മടിക്കാതിരുന്ന എഴുത്തുകാരിയാണ് ഇങ്ങിനെയെഴുതിയത്:

"ക്രുഷ്ണാ,
നിന്റെ ദേഹം എന്റെ തടവറയാണ്.
ഇതിനുമപ്പുറത്തേക്ക് എനിക്കൊന്നും
കാണാന്‍ സാധിക്കയില്ല
നിന്റെ കറുപ്പു എന്നെ അന്ധയാക്കുന്നു
നിന്റെ സ്നേഹമൊഴികള്‍
ജ്ഞാനിയുടെ വചനങ്ങളെ
എന്നില്‍ നിന്നകറ്റിക്കളയുന്നു..."

എന്നാല്‍ പ്രണയം കമലക്കു മതത്തിന്റെ കാലടികളില്‍ കുരുങ്ങിക്കിടക്കുന്ന ഒന്നായിരുന്നില്ല. ഹിന്ദു സ്വത്വത്തിന്റെ പുറന്തോല്‍ പൊളിച്ചു കളഞ്ഞ് 1999 ഡിസംബറില്‍ അവര്‍ ഇസ്ലാം മതം സ്വീകരിച്ചു.

"യാ അള്ളാ
പ്രവാചകന്റെ അടയാളങ്ങള്‍
ഞാന്‍ ദര്‍ശിക്കുന്നു
ഇനിയും വെളിപ്പെടാത്ത എന്റെ പ്രണയിയുടെ
മുഖദാവില്‍.."

നഷ്ടപ്പെട്ട നീലാംബരി

അങ്ങിനെ കലാപത്തിന്റെ അക്ഷരമാലകള്‍ കൊണ്ട് ഭാഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന ആകാശ ഗോപുരം കെട്ടിയുയര്‍ത്തിയ ഒരു മാസ്റ്റര്‍ ബില്‍ഡറാണ് 2009 മേയ് 31ന് നിത്യമായ ഗ്രുഹാതുരതയിലേക്ക് പിന്മടങ്ങിയത്. നഷ്ടത്തിന്റെ നടുമുറ്റത്തു നിന്നു കൊണ്ട് 'സാഹിത്യ സംഭാവനകളുടെ' കണക്കെടുക്കേണ്ടി വരുന്നത് കഷ്ടമാണെങ്കിലും, മലയാളത്തിനു നഷ്ടപ്പെട്ടതു അവളുടെ മധുരമുള്ള നീലാംബരിയെയാണെന്ന് പറയാതിരിക്കാന്‍ വയ്യ. സ്വന്തം ജീവിതവും എഴുത്തുമായിരുന്നു അവരുടെ ആയുധങ്ങള്‍. ആ ജീവിതം മുഴുവനും സ്നേഹത്തിനും സ്വതന്ത്ര്യത്തിനും വേണ്ടി സ്തീകളുടെ പക്ഷത്തു നിന്നുകൊണ്ട് (നിഗൂഢമായി) പോരാടിയ (എഴുത്തിലെ) കലാപകാരിയായിരുന്നു കമലാ ദാസ്.

മരണത്തെക്കുറിച്ച് അവര്‍ ഇങ്ങിനെ എഴുതി:

"ഞാന്‍ മരിക്കുമ്പോള്‍
എന്റെ എല്ലുകളും മംസവും വലിച്ചെറിയരുത്
അവയെ ചേര്‍ത്തു വയ്ക്കുക
ഗന്ധത്തിലൂടെ സംസാരിക്കാനനുവദിക്കുക
ഈ ഭൂമിയില്‍
ജീവിതത്തിന്റെ വിലയെന്തായിരുന്നുവെന്ന്
പ്രേമത്തിന്റെ വിലയെന്തായിരുനുവെന്ന്
അവ വിളിച്ചുപറയട്ടെ.."

ഒരുപക്ഷേ മാധവിക്കുട്ടിയുടെ എല്ലുകള്‍ക്കും മാംസത്തിനും ഇനിയും കഥകള്‍ പറയനുണ്ടാവും. സ്നേഹത്തിന്റെ ഒരുപാട് 'എന്റെ കഥകള്‍'.

ആര്‍ ജാനകി