May 2, 2009

ഒടുവില്‍ അവര്‍ കടലാസുപുലികളാകുമ്പോള്‍


ശ്രീകാന്തമലരെന്നൊരു പെണ്ണ്...
അവളെ അറസ്റ്റ് ചെയ്ത സിഐഡി പോലിസുകാരന് ‍
അവളെ ലൈംഗീകമായി പീഡിപ്പിച്ചുവത്രെ...
അവളുടെ യോനിയില്‍ കത്തുന്ന സിഗരറ്റ് വച്ചുവത്രെ
ദാഹിച്ചു കരഞ്ഞപ്പോള്‍ അഴുക്കുചാലിലെ വെള്ളം കുടിപ്പിച്ചത്രെ...
അവളെ തങ്ങളുടെ മുന്നിലിരുത്തി മൂത്രമൊഴിപ്പിച്ച്അതുകണ്ട് ചിരിച്ചുവത്രെ...
ഒടുവില്‍ അവളെ കൊന്ന് ശവം അവളുടെ സാരിയില്‍ തന്നെ കെട്ടിത്തൂക്കിയത്രെ...
അവളോടു ബന്ധമുള്ളമറ്റൊരു പോരാളിയും സര്‍വകലാശാല വിദ്യാര്ഥിയുമായ കലൈചെല്‍വനെ തേടി പൊലീസുകാര്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ അവരിലെരുത്തനെ വെടിവെച്ചു രക്ഷപെട്ടത്രെ...
തന്നെത്തേടിവന്ന് തന്റെ വീട്ടു മുറ്റം മുഴുവന്‍ ചവിട്ടിമെതിച്ച പൊലിസുകാരോട് മുഴുവനും പ്രതികാരം ചെയ്യുമെന്നവന്‍ ശപഥം ചെയ്തിട്ടുണ്ടത്രെ...
- മ്മ്, ഷോഭാശക്തി

"ആകാശവാണി, പ്രധാന വാര്ത്തകള്, ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ മേഘലയില്‍ സൈന്യവും എല്‍‍ടിടിഇയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പത്തു എല്‍‍ടിടിഇ പ്രവര്ത്തകര്‍ കൊല്ലപ്പെടുകയും മൂന്ന് സൈനീകര്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു." ഇത്തരം വാര്ത്തകള്‍ ഒരുകാലത്തു നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരുപക്ഷേ ഭാവിയില്‍ ഇത്തരം വാര്ത്തകള്‍ നമുക്കു കേള്‍ക്കേണ്ടി വരില്ലായിരിക്കാം. പകരം യുദ്ധാനന്തര പുനര്‍നിര്‍മാണ പ്രവര്ത്തനങ്ങളെക്കുറിചുള്ള വാര്ത്തകളാവും ശ്രീലങ്കയില്‍ നിന്നു വരിക.

അതെ, മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന തമിഴ് പുലികളുടെ സായുധ സമരം അതിന്റെ അവസാനത്തിലെത്തിയിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സിന്‍ഹള ഭരണത്തിന്‍ കീഴില്‍ സ്വത്വം നഷ്ടമായ ശ്രീലങ്കന്‍ തമിഴരുടെ സ്വയംനിര്‍ണയാവകാശങ്ങള്‍ക്കായി നിലകൊണ്ട അനവധി സംഘടനകളില്‍ ഒന്നായിരുന്നു എല്‍ടിടിഇ. സായുധ പോരാട്ടത്തലൂടെ സര്‍ക്കാരിനെ കീഴ്പ്പെടുത്തി തമിഴര്ക്ക് വേണ്ടി സ്വന്തം രാജ്യം (ഈലം) കെട്ടിപ്പെടുക്കാമെന്നു കരുതിയ ഇവര്‍ തങ്ങളുടെ വിമര്‍ശകരേയും രൂക്ഷമായാണ് നേരിട്ടത്. തങ്ങള്‍ക്ക് മുമ്പും ശേഷവും വന്ന എല്ലാ മിത/തീവ്ര തമിഴ് പ്രസ്ഥാനങ്ങളേയും നിശബ്ദമാക്കി തമിഴ് പ്രശ്നത്തിന്റെ പ്രധാന വക്താവായി എല്‍ടിടിഇ മാറി. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റയും സിന്ഹള വംശീയവാദികളുടെയും ഇരയായിത്തീര്ന്ന തമിഴര്ക്കു എല്‍ടിടിഇ ആരായിരുന്നു? എങ്ങിനെയാണു തമിഴ് വിമോചന പ്രസ്ഥാനങ്ങളുടെ മുന്‍നിരപ്പോരാളിയയി ഇവര്‍ മാറിയതു? ഒടുവില്‍ മുപ്പതു വര്ഷ‍ത്തെ പോരാട്ടത്തിനു ശേഷം അതു കത്തിയമരുമ്പോള്‍ ശ്രീലങ്കന്‍ തമിഴന്റെ ഭാവി എന്താണു?ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ചികയുമ്പോള്‍ സിന്ഹള വംശീയതയെ ചെറുക്കുന്നതിനും തമിഴന്റെ സ്വയം നിര്‍ണയാവകാശത്തെ സംരക്ഷിക്കാനും വേണ്ടി ഉണ്ടായ തമിഴ് ഈലം എന്ന ആശയത്തിന്റെ ഉദയം വരെ പോവേണ്ടി വരും. 1976ല്‍ മിതവാദ സംഘടനയായ തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഓര്ഗനൈസേഷന്റെ (TULF) വഡുക്കൊഡൈ കോണ്‍ഫറന്‍സില്‍ തമിഴ് നേതാവു എസ്ജെവി ചെല്‍വനായകമാണു ഈലം എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത്. ശ്രീലങ്കന്‍ തമിഴര്‍ക്കു വേണ്ടി ഒരു സ്വതന്ത്ര, പരമാധികാര, മതേതര, സോഷ്യലിസ്റ്റ് സ്റ്റേറ്റായിരുന്നു ചെല്‍വനായകം മുന്നോട്ടു വച്ച ഈലം. സംഘകാല തമിഴ് സാഹിത്യത്തില്‍ 'ഇള' അല്ലെങ്കില്‍ ഈഴ്ലം' എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് അന്നത്തെ സിലേണിനെയായിരുന്നു. അതായത്, ചരിത്രപരമായി തമിഴ് ഈലം എന്ന ആശയത്തിനു ശ്രീലങ്കയില്‍ നിന്നും വേറിട്ടൊരു നിലനില്പ് ഇല്ലെന്നു കാണാം. മറിച്ച്, ലങ്കയുടെ വടക്കു കിഴക്കന്‍ മേഘലയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളുടെ മേലുള്ള അവകാശം സൂചിപ്പിക്കുന്നതിനായി 'തമിഴ്' എന്നു ഈലത്തിനു മുന്നില്‍ പിന്നീട് കൂട്ടിചേര്ക്കുകയുണ്ടായി.

തമിഴ് ഈലത്തിന്റെ സ്ഥാപനത്തിനായി ആയുധമെടുത്ത് പോരാടാന്‍ ടുള്‍ഫ് കോണ്‍ഫറന്‍സ് തീരുമാനിച്ചു. ഇതേ തുടര്ന്ന് ഈലം തമിഴര്‍ക്കിടയില്‍ പെട്ടെന്നു തന്നെ ഒരു ശക്തമായ വികാരമായി മാറി. എന്നാല്‍ എണ്‍പതുകളില്‍ രൂപമെടുത്ത തമിഴ് പ്രസ്ഥാനങ്ങളില്‍ എല്‍ടിടിഇ, പീപ്പിള്സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ തമിഴ് ഈലം എന്നിവര്‍ മാത്രമെ പേരിനൊപ്പം 'തമിഴ്' എന്ന പദം ഉപയോഗിച്ചുള്ളൂ. മറിച്ച്, ഈലം പീപ്പിള്‍സ് റെവലൂഷനറി ലിബറേഷന്‍ ഫ്രന്റ്, ഈലം റെവലൂഷനറി ഓര്ഗനൈസേഷന്‍ ഓഫ് സ്റ്റുഡന്റ്സ്, ഈലം പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരാരും തന്നെ പേരിനൊപ്പം തമിഴ് എന്നു ചേര്ത്തിരുന്നില്ല. അതായത് അക്കാലത്ത് തമിഴ് ഈലം എന്നാല്‍ ലങ്കയില്‍ നിന്നും വേര്‍പ്പെട്ട് തമിഴര്ക്കായുള്ള പ്രത്യേക രാജ്യമാണെന്ന എല്‍ടിടിഇ പ്രഖ്യാപനത്തെ എല്ലാവരും പിന്തുണച്ചിരുന്നില്ല.

അപ്രതീക്ഷിതവും ക്രിത്യതയുള്ളതുമായ ഗറില്ലാ ആക്രമണങ്ങള്‍ കൊണ്ടു എല്‍ടിടിഇ കൊളംമ്പോയ്ക്കു മേല്‍ നേരിയ സൈനീക മേല്ക്കോയ്മ നേടിയിരുന്നുവെന്നത് ചരിത്രം. എണ്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നിന്നും ലഭിച്ച സായുധ പരിശീലനവും സാമ്പത്തിക സഹായവും പിന്നീട് ഇന്ത്യന്‍ (അ)സമാധാന സംരക്ഷണ സേനക്കെതിരെയുള്ള ചെറുത്തുനില്പ്പും പുലി നേത്രുത്വത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇങ്ങനെ ലഭിച്ച ആത്മവിശ്വാസവും സൈനീക ശക്തിയും സമാധാന ചര്ച്ചകളോടുള്ള എല്‍ടിടിഇയുടെ വിമുഖതക്കു കാരണമായതായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1985 മുതല്‍ 1995 വരെ നടന്ന മൂന്നു സമാധാനശ്രമങ്ങളോടും പുലികള്‍ തണുപ്പന്‍ സമീപനമായിരുന്നു പുലര്ത്തിയതു. പിന്നീട് 2001 സെപ്റ്റംബര്‍ 11ശേഷം യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഭീകര സംഘടനയായി പ്രഖ്യാപിച്ചപ്പൊഴാണ് സമാധാന ചര്ച്ചകളുടെ ആവശ്യം തന്നെ അവര്ക്ക് 'ബോധ്യപ്പെട്ടതു'. എന്നാല് ഇത്തരം ചര്ച്ചകള്‍ വഴിയുണ്ടാവുന്ന തീരുമാനത്തെ ബഹുമാനിക്കാന്‍ പുലികള്‍ തയ്യാറായിരുന്നൊ? 2002 ഡിസംമ്പറില്‍‍ നോര്‍വെയുടെ ഇടനിലയില്‍ ഒസ്ലൊയില്‍ നടന്ന ചര്ച്ചയില്‍ 'ആന്തരിക സ്വയം നിര്ണ്ണയ സംവിധാനം' (Internal self-determination) എന്ന ആശയം അവര്‍ ആദ്യം അംഗീകരിക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്തു. അതായത് ഈലം എന്നത് ആത്യന്തിക ലക്ഷ്യമാണെന്നും, അതു സാധ്യമാവുന്നതിനുള്ള മാര്‍ഗം കൊളംബൊയെ സായുധമായി പരാജയപ്പെടുത്തുകയാണെന്നുമുള്ള ആശയം ആഭ്യന്തര/അന്തര്‍ദേശീയ പരിതസ്ഥിതികള്‍ മാറിയിട്ടും എല്‍ടിടിഇ കൊണ്ട് നടന്നു. അത്തരമൊരു തീരുമാനത്തിലൂടെ പുലികള്‍ ചരിത്രത്തിനു പുറകോട്ടു നടക്കുകയായിരുന്നുവോ? സൈന്യത്തെ തോല്പ്പിച്ച് വടക്കു കിഴക്കന്‍ മേഘലയില്‍ ഒരു സമാന്തര ഭരണസംവിധാനം സ്ഥാപിച്ച പുലികള്‍ സ്വന്തമായി നീതിന്യായ വ്യവസ്ഥ, പൊലീസ്, സ്കൂളുകള്‍ എന്നിവ കെട്ടിപ്പെടുക്കുകയും ഒരിക്കല്‍ സ്വന്തമായി കറന്‍സി വരെ ഇറക്കാന്‍ സന്നദ്ധത കാണിക്കുകയും ചെയ്തു.

ഇത്രയൊക്കെയായിട്ടും, എല്‍ടിടിഇ മുന്നോട്ടു വച്ച ഈലം എന്ന തമിഴന്റെ സ്വപ്നഭൂമി എന്തുകൊണ്ട് സക്ഷാല്‍കരിക്കാനായില്ല? തൊണ്ണൂറുകളുടെ അവസാനത്തില്‍ തന്നെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ പുലികളുടെ സമന്തര ഭരണകൂടം നിലവില്‍ വന്നെങ്കിലും, അതിനു ഒരിക്കലും അന്തര്ദേശീയ നിയമ സാധുത്വം ലഭിച്ചില്ല. മാത്രമല്ല, വടക്കു കിഴക്കന്‍ മേഘലയുടെ മുഴുവന്‍ നിയന്ത്രണവും പുലികള്‍ക്കുണ്ടായിരുന്നുമില്ല. ഈലം ആസ്ഥാനമായി അവര്‍ സ്വപ്നം കണ്ട ജാഫ്ന നഗരവും ഉപദ്വീപും എക്കാലവും സൈന്യത്തിന്റെ കൈയ്യിലയിരുന്നു. തന്ത്ര പ്രധാനമായ എലിഫന്റ് പാസ് 1994ല്‍ സൈന്യം തിരിച്ച് പിടിച്ചതിനു ശേഷം അത് വീണ്ടെടുക്കാന്‍ 2000 വരെ കാത്തിരിക്കേണ്ടി വന്നു. വടക്കു കിഴക്കന്‍ മേഘലയില്‍ പുലികള്‍ക്ക് സര്‍വാധിപത്യം നേടണമെങ്കില്‍ സൈന്യത്തെ പുറത്താക്കുക തന്നെ വേണം. പുലികളുടെ സായുധ ശേഷിക്ക് കഴിയാത്ത ഒരു കാര്യമാണിത്. ഒറ്റപ്പെട്ട വിജയങ്ങള്‍ പലപ്പോഴും ഉണ്ടായുട്ടുണ്ടെങ്കിലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴൊക്കെ വിജയം സൈന്യത്തിനായിരുന്നു. സംഘടനക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതിരുന്നത് ബട്ടൊക്കലോവ ചീഫ് കമന്‍ഡര്‍ വിനായക മുരളിതരന്‍ പ്രസ്ഥാനം വിടുന്നതിനും, പിന്നിട് സര്ക്കാര്‍ പക്ഷത്തു ചേരുന്നതിനും കാരണമായി. ഇത് പുലികള്‍ക്കേല്പ്പിച്ച പ്രഹരം എത്ര വലുതായിരുന്നുവെന്നു സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപാക്സെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയയിരുന്ന തമിഴ് വംശജന്‍ ലക്ഷ്മണ്‍ കാദിര്ഗ്രാമര്‍ ശ്രീലങ്കന്‍ തമിഴന്റെ പ്രശ്നം എല്‍ടിടിഇ പറയുന്നതല്ലെന്നും മറിച്ച് അത് നിലനില്ക്കുന്ന ഫെഡറല്‍ സംവിധാനത്തിനകത്തു തന്നെ പരിഹരിക്കപ്പെടേണ്ടതാണന്നും ശക്തമായി വാദിച്ചയാളാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങളെ തുടര്‍ന്നാണ്, യൂറോപ്യന്‍ യൂനി‍‍യനും അമേരിക്കയും എല്‍ടിടിയെ ഭീകര സംഘടനയായി പ്രഘ്യാപിക്കുകയും ഫണ്ടുകള് മരവിപ്പിക്കുകയും ചെയ്തത്. ഇതിനു പ്രതികാരമായാണ് പുലികള്‍ കാദിര്ഗ്രാമറെ കൊല്ലപ്പെടുത്തിയതെന്ന് നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഈ സംഭവം അന്തര്‍ദേശീയ രംഗത്ത് പുലികളുടെ ഭീകര പ്രതിച്ഛായ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ആ പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ പുലികള്‍ക്ക് പിന്നീടൊരിക്കലും കഴിഞ്ഞിട്ടില്ല. ഇന്ന് ശ്രീലങ്കന്‍ പ്രശ്നത്തിന്റെ മാനുഷിക/അഭയാര്ഥി വശങ്ങള്‍ മാത്രമെ ലോകജനതയെ അലോസരപ്പെടുത്തുന്നുള്ളൂ. മാറിയ സാഹചര്യത്തില്‍, ഒരു വിമോചന പ്രസ്ഥാനം എന്ന നിലയില്‍ എല്‍ടിടിഇയെ കാണുന്നവര് പ്രഭാകരന്റെ ആരാധകരും ഏതാനും ബുദ്ധിജീവികളും മാത്രമാണു.

ഈലം എന്ന വാഗ്ദത്ത ഭൂമിക്കായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പൊരുതുന്ന എല്‍ടിടിഇക്ക് തങ്ങളേക്കാള്‍ വംശീയവാദിയായ സിന്ഹള സ്റ്റേറ്റിന്റെ ആത്മവിശ്വാസത്തിനു ഒരു പോറല്‍ പോലും ഏല്പ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണു സത്യം. 1987ല്‍ പുലികളെ സായുധമായി പരാജയപ്പെടുത്തണമെന്ന നയത്തിന്റെ ഭാഗമായി ഇന്ത്യന്‍ സേനയെ സ്വന്തം മണ്ണിലേക്കു വിളിച്ചു വരുത്തിയ അന്നത്തെ പ്രസിഡന്റ് ജുനിയസ് റിച്ചാര്ഡ് ജയവര്ധനയുടെ നയമാണ് രാജപക്സെയും പിന്തുടരുന്നതെന്നു കണാം. ഇതിനിടയില്‍ രാജ്യം ഭരിച്ച, ചന്ദ്രിക കുമാരതുംഗെ, റനില്‍ വിക്രമസിംഗെ എന്നിവര് ഏറെ സങ്കീര്ണ്ണവും സിന്ഹള കേന്ദ്രിതവുമായ വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് പ്രശ്ന്പരിഹാരത്തിനായി ശ്രമിച്ചവരാണ്. അന്ന് സൈനിക മുന്നേറ്റങ്ങളിലൂടെ കൊളംബോയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാമെന്നുള്ള ആത്മവിശ്വാസം ഒരു ചര്‍ച്ചകളില്‍ നിന്നും പുലികളെ പിന്നോക്കം നടത്തിയെങ്കില്‍, ഇന്നു നീക്കുപോക്കുകള്‍ക്കു തയാറാവാത്ത സിന്‍ഹള വംശീയതെയാണ് രാജപാക്സെ പ്രതിനിധീകരിക്കുന്നത്. പുലികളില്‍ നിന്നും വീണ്ടെടുത്ത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കയറ്റിപ്പോയ ട്രക്കുകളില്‍ ചിലതില്‍ ബുദ്ധ പ്രതിമകളായിരുന്നുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാര്‍ച്ചു മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷ്യം വ്യക്തം - സിന്‍ഹളവല്‍കരണം തന്നെ. ലങ്ക വീണ്ടും എണ്‍പതുകളിലെ വംശവെറിയിലേക്ക് തിരിച്ചുനടക്കുകയാണ്.

ഇതെഴുതുമ്പോള്‍ വടക്കു കിഴക്കന്‍ ശ്രീലങ്കയില്‍ സമുദ്രത്തോടു ചേര്‍ന്ന് നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപതിനായിരത്തോളം വരുന്ന തമിഴര്ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഒരുപറ്റം തോക്കുധാരികള്‍ മാത്രമാണ് ഇന്ന് എല്‍ടിടിഇ. അമിതാത്മവിശ്വാസമാണു തങ്ങളുടെ ശക്തിയും ദൗര്‍ബല്ല്യവുമെന്ന് പ്രഭാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഒടുവില്‍ അതു തന്നെയാണ് അവരെ ചരിത്രത്തിന്റെ ഇരുട്ടിലേക്ക് നയിക്കുന്നതും. ചുരുക്കത്തില്‍, തമിഴന്റെ ജീവിതത്തിനും യാതനകള്‍ക്കും ഏറെ മുകളിലായിരുന്നു ഈലം എന്ന സ്വപ്നഭൂമിയെ പ്രഭാകരന്‍ പ്രഷ്ഠിച്ചതും അതിന് ജീവന്‍ നല്‍കാന്‍ ശ്രമിച്ചതും. അതുകൊണ്ടായിരിക്കം പത്തു വയസു മാത്രമുള്ള കുട്ടികളെ സയനൈഡും എകെ-47ഉം കൊടുത്തു യുദ്ധത്തിലേക്കു തള്ളിവിടാനും, യുദ്ധഭൂമിയില്‍ നിന്നും രക്ഷപെടുന്ന സ്വന്തം ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കാനും അവര്‍ക്കു കഴിയുന്നത്. ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെട്ട സ്വന്തം ജനതക്കു വേണ്ടി യാഥാര്‍ഥ്യബോധത്തോടെ പോരാടുന്നതിനു പകരം സ്വയം സ്രഷ്ടിച്ച മിത്തുകളുടെ തടവുകാരായിപോയിടത്താണ് പുലികള്‍ പരാജയപ്പെട്ടതെന്ന് ഭാവിയില്‍ ചരിത്രകാരന്മാര്‍ വിലയിരുത്തുമായിരിക്കും.
എ. ടി