May 4, 2009

ബ്രട്ടന്‍വുഡ്സ് സാമ്പത്തിക ക്രമത്തിന്റെ അന്ത്യം


ഏപ്രില്‍ 2നു നടന്ന ജി20 ഉച്ചകോടി ആഗോള സാമ്പത്തിക രംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കുമെന്നൊന്നും ആരും കരുതുന്നില്ല. പക്ഷെ, ഒന്നാം ഉച്ചകോടിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാമത്തേത് മുന്നോട്ടു വയ്ക്കുന്ന സന്ദേശം വലുതാണ്. ലോകത്തെ സമ്പത്തിക സമതുലനം പടിഞ്ഞാറന്‍ വികസിത രജ്യങ്ങളില്‍ നിന്ന് വികസ്വര രാജ്യങ്ങളിലേക്കു മാറിയെന്ന തിരിച്ചറിവിലാണു ലോകരാജ്യങ്ങള്‍ ലണ്‍ഡനില്‍ ഇത്തവണ ഒത്തുചേര്‍ന്നത് എന്നതു തന്നെ ഉച്ചകോടിയുടെ പ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ജപ്പാനും ഈ പ്രതിസന്ധി ജി-എട്ടില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ ആ വഴി തന്നെ തെരഞ്ഞെടുക്കുമായിരുന്നു എന്നതുറപ്പാണ്. ഏറെക്കുറെ ഒരേ സാമ്പത്തിക താല്പര്യങ്ങളുള്ള ജി-എട്ടു രാജ്യങ്ങള്‍ക്ക് - റഷ്യയടക്കം ജി-ഒമ്പത് - ലോക സമ്പദ് രഗത്തെക്കുറിച്ച് അഭിപ്രായ സമന്വയത്തിലെത്തിചേരുകയോ, പ്രതിവിധികള്‍ നിര്‍ദേശിക്കുകയോ ചെയ്യുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, ആ പ്രതിവിധികള്‍ക്ക് ലോകത്തെ കര കയറ്റാന്‍ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കഴിയില്ലെന്നുറപ്പുള്ളതു കൊണ്ടാണല്ലൊ, തങ്ങളുടേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ചരിത്രവും താല്പര്യങ്ങളും ഉള്ള രാജ്യങ്ങളുമായി അധികാരം പങ്കു വയ്ക്കുക എന്ന തീരുമാനത്തില്‍ എത്തിച്ചേരാന്‍ ലോകയജമാനന്മാര്‍ തയ്യാറായത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, അന്തര്‍ദേശീയ രംഗത്തു വന്നിട്ടുള്ള മാറ്റങ്ങള്‍ നോക്കൂ. 2001-ല്‍ ലോകത്തെ ഒരേയൊരു വന്‍ശക്തി അമേരിക്കയായിരുന്നു. വികസ്വര രാജ്യങ്ങള്‍ പോയിട്ട്, തങ്ങളുടെ പരമ്പരാഗത സഖ്യശക്തികളെ പോലും വിശ്വാസത്തിലെടുക്കാന്‍ അന്നത്തെ അമേരിക്കന്‍ സാമ്രാജ്യം തയ്യാറായിരുന്നില്ല. എന്നാല്‍ എട്ടു വര്‍ഷത്തിനു ശേഷം, പുതിയ അമേരിക്കന്‍ പ്രസിഡന്റ് സംസാരിക്കുന്നത് ജോര്‍ജ് ബുഷിനു തീരെ അപരിചിതമായ ഭാഷയിലാണ്. 'സൂപ്പര്‍ ശക്തി'യായ അമേരിക്കക്ക് മറ്റു രാജ്യങ്ങളുമായി സഹകരിച്ചല്ലാതെ ഇന്നു മുന്നോട്ടു പോകാനാവില്ല. മാത്രമല്ല, ഇപ്പോള്‍ ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയെകൊണ്ട് സാധിക്കില്ല എന്ന വസ്തുതയും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

പുതിയ സമ്പത്തിക മാന്ദ്യം എങ്ങിനെയൊക്കെ നമ്മളെ ബധിക്കുമെന്നു ഇനിയും വ്യക്തമായിട്ടില്ല. എന്താണ് ഇങ്ങിനെയൊരു പ്രതിസന്ധിയുണ്ടാവാന്‍ കാരണം, എത്ര നാള്‍ ഇതു നീണ്ടു നില്‍ക്കും, എന്തൊക്കെയാണ് ഇതിന്റെ അനന്തരഫലങ്ങള്‍, എന്തൊക്കെയാണ് ഇതിനുള്ള പരിഹാരം... ഇതുപോലെയുള്ള ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി ഇനിയുമില്ല. എന്നാലും ഒരു കാര്യം വ്യക്തമാണ് - ഇപ്പോഴത്തെ പ്രതിസന്ധി അഗോള ശാക്തിക സമതുലനത്തില്‍ കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു. ഇതു ഒരു അര്‍ധരാത്രി കൊണ്ട് ഉണ്ടായ സംഭവവികാസമല്ല. ചൈനയുടെ അത്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച തുടങ്ങിയിട്ട് മൂന്ന് ദശാബ്ദത്തോളമായി. ലോകത്തെ മൊത്തം ജിഡിപിയുടെ പകുതിയില്‍ താഴെ മാത്രമെ ഇന്നു സമ്പന്ന രാഷ്ട്രങ്ങളുടേതായുള്ളൂ.

കഴിഞ്ഞ വേനലില്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി ഒരേ സമയം പടിഞ്ഞാറന്‍ കേന്ദ്രിത ലോകക്രമത്തിന്റെ തകര്‍ച്ചയും, ഒരു വന്‍ ശക്തിയെന്ന നിലയില്‍ അമേരിക്കയുടെ അവസാനവും കുറിക്കുന്നു. 1945 മുതല്‍ അമേരിക്ക കൈയടക്കിയിരുന്ന സ്ഥാനമാണ് ഇപ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി ആരംഭിചത് അമേരിക്കയിലല്ലാതെ മറ്റെവിടെയുമല്ല. 1990കള്‍ മുതല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില് ഉണ്ടായിരുന്ന വൈരുധ്യങ്ങളാണ് ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. പടിഞ്ഞാറന്‍ ചിന്താരീതിയെ 1970കള്‍ മുതല്‍ സ്വാധീനിച്ചിരുന്ന നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പരാജമാണ് ഇതു വിളിച്ചോതുന്നത്. അതായത്, 1930കള്‍ മുതല്‍ പടിഞ്ഞാറന്‍ ലോകം നേരിടുന്ന ഏറ്റവും ശക്തമായ സമ്പത്തിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ് ഇപ്പോഴത്തേത് എന്നു പറയാം.


അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ ദശകത്തില്‍ കൂപ്പുകുത്തിയപ്പോള്‍, വളര്‍ച്ചയില്‍ ഏറെ മുന്നോട്ടു പോയ ചൈന വന്‍ തോതില്‍ മൂലധനം സമാഹരിക്കുകയും അതുപയോഗിച്ച് അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. അമേരിക്കയുടെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും ധനക്കമ്മി ഒരു ഭാഗത്ത്, ചൈനയുടെ മിച്ച മൂലധനം മറുഭാഗത്ത്. ഈ യാഥാര്‍ഥ്യം, ലോകസാമ്പത്തിക രംഗത്ത് വന്നിട്ടുള്ള വിപ്ലവകരമായ മാറ്റം വെളിപ്പെടുത്തി തരുന്നു. ചൈനയില്‍ നിന്നു കടം വാങ്ങിയല്ലാതെ ഇപ്പോഴത്തെ ജീവിത നിലവാരം നില നിര്‍ത്താന്‍ അമേരിക്കക്ക് കഴിയില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

നമ്മള്‍ ഇപ്പോള്‍ 1930കള്‍ക്കു ശേഷമുള്ള ഏറ്റവും ശക്തമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുക മാത്രമല്ല, പുതിയൊരു ലോകക്രമത്തിലേക്കു പ്രവേശിക്കുക കൂടിയാണ് ചെയ്യുന്നത്. ഇത് അമേരിക്കന്‍ കേന്ദ്രിത ബ്രട്ടന്‍വുഡ്സ് സാമ്പത്തിക ക്രമത്തിന്റെ അന്ത്യം കുറിക്കുന്നു. ആ സാമ്പത്തിക ക്രമത്തെ നില നിര്‍ത്താനുള്ള ശേഷി ഇപ്പോഴത്തെ അമേരിക്കക്കില്ല. അമേരിക്കന്‍ കേന്ദ്രിത ലോകക്രമം അതിന്റെ മരണക്കിടക്കയിലാണെങ്കില്‍, അതിനു പകരം സാധ്യമാവുന്നതെന്താണ്? ഇതാണ് ഇന്നത്തെ ആഗോള സാമ്പത്തിക രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ ചോദ്യത്തിന് ഉത്തരം കിട്ടാത്തിടത്തോളം, സാമ്പത്തിക മെല്ലെപ്പോക്കിനു ഒരു പരിഹാരം കണ്ടെത്താനുള്ള സാധ്യതയും കുറവാണ്.

സ്വഭാവികമായും ഈ പുതിയ ലോകക്രമത്തിന്റെ കേന്ദ്രം അവേണ്ടത് ചൈനയാണ്. എന്നാല്‍ അത്രയും ഭാരിച്ച ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ചൈനക്കു പ്രാപ്തിയുണ്ടോ എന്നതാണ് ചോദ്യം. ഏതൊരു വികസ്വര രാജ്യത്തേയും പോലെ ചൈന നേരിടുന്ന പ്രശ്നങ്ങളും അനവധിയാണ്. ഒരേ സമയം തന്നെ ഒരു വികസ്വര രാജ്യവും വികസിത രാജ്യവുമാണ് ചൈന. ലോകസമ്പദ് രംഗത്തെ നയിക്കാന്‍ അമേരിക്കക്ക് ശേഷിയില്ലെന്നതും ചൈന അതിനു ഇനിയും തയ്യാറല്ലെന്നതുമാണു ഇപ്പോഴത്തെ സ്ഥിതിവിശേഷം. അതുകൊണ്ട് തന്നെ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതി‍നു വളരെ നിര്‍ണായകമാണു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, നമ്മള്‍ വീണ്ടും ഒരു ദ്വിധ്രുവ ലോകത്തിലാണ് ജീവിക്കുന്നത് എന്നര്‍ത്ഥം. ശീതയുദ്ധകാലത്തെ ഇരട്ടധ്രുവ ലോകത്തേതില്‍ നിന്നും വ്യത്യസ്തമായ ഒരു ലോകക്രമം.

ഇപ്പോഴത്തെ പ്രതിസന്ധിയേയും 1930കളിലെ പ്രതിസന്ധിയെയും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷവും അന്തര്‍ദേശീയ സ്വര്‍ണമാന സംവിധാനത്തിന്റെ (international gold standard system) നട്ടെല്ലായി തുടര്‍ന്നത് ബ്രിട്ടന്‍ തന്നെയായിരുന്നു. എന്നാല്‍ അത്തരമൊരു നിര്‍ണ്ണായക സ്ഥാനത്തു തുടരാന്‍ യുദ്ധാനന്തര ബ്രിട്ടീഷ് സമ്പദ് വ്വവസ്ഥക്ക് കെല്പ്പുണ്ടായിരുന്നില്ല. 1931ലെ പ്രതിസന്ധിയെ തു‍ടര്‍ന്ന് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഉപേക്ഷിച്ച ബ്രിട്ടന്‍, അതു വഴി അന്തര്‍ദേശീയ സമ്പദ് രംഗത്തെ തങ്ങളുടെ ചോദ്യം ചെയ്യാനാവത്ത സ്വാധീനം അവസാനിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത സമ്പത്തിക ശക്തിയായ അമേരിക്കയാവട്ടെ അന്ന് ബ്രിട്ടന്‍ വച്ചൊഴിഞ്ഞ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നുമില്ല. ഫലമോ, ലോകം നിരവധി വ്യാപാര സംഘങ്ങളായി പിരിഞ്ഞു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഒരു വന്‍സാമ്പത്തിക ശക്തിയായി അമേരിക്ക മാറുന്നതു വരെ സാമ്പത്തിക ഈ പ്രതിസന്ധി നിലനിന്നു.


ഇനി നമുക്കു ഇപ്പോഴത്തെ മാന്ദ്യത്തിലേക്കു വരാം. പ്രതിസന്ധിയെ നേരിടാന്‍ ദരിദ്ര രാജ്യങ്ങളെ പ്രാപ്തമാക്കുന്നതിനായി അന്താരാഷ്ട്ര നാണ്യനിധിയുടെ (International Monetary Fund) വിഭവസമാഹരണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്നാണു അമേരിക്കയുടെ നിര്‍ദേശം. അതിനു കുറഞ്ഞത് 50,000 കോടി ഡോളറെങ്കിലും അധികം വേണം. ഈ ഫണ്ടിലേക്കായി അമേരിക്കയും ജപ്പാനും 10,000 കോടി ഡോളര്‍ വീതം നല്‍കാമെന്നു വാഗ്ദാനം നല്‍കിയിട്ടുണ്ട്. എങ്കിലും ചൈനയുടെ സഹായമില്ലാതെ നാണ്യ നിധിയുടെ മൂലധനാവശ്യങ്ങള്‍ നിറവേറ്റപ്പെടില്ലെന്നുറപ്പാണ്. എന്നാല്‍, പണം നല്‍കുന്നതിനു മുമ്പ് നാണ്യ നിധിയെ മൗലീകമായി പരിഷ്കരിക്കെണ്ടതുണ്ട് എന്നതാണു ചൈനയുടെ നിലപാടു. ചൈനയുടെ നയം മനസിലാക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ നിധിയില്‍ ചൈനയുടെ വോട്ടവകാശം നാലു ശതമാനത്തില്‍ താഴ മാത്രമാണു - സ്വിറ്റ്സര്‍ലാന്‍ഡിനേക്കാള്‍ അല്‍പ്പം കൂടുതലും, ബെനലക്സിനേക്കാള്‍ കുറവും. തങ്ങള്‍ക്ക് കാര്യമായ അവകാശങ്ങളെന്നുമില്ലാത്ത ഒരു സ്ഥാപനത്തിനു വേണ്ടി ചൈന എന്തിനു സ്വന്തം വിഭവങ്ങള്‍ ചിലവഴിക്കണം? പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മേല്‍ക്കോയ്മ വെല്ലുവിളിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍, മാറുന്ന ലോകത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അന്തര്‍ദേശീയ സാമ്പത്തിക സ്ഥാപനങ്ങളിലും വരേണ്ടതുണ്ട്. അത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ നടത്തിയില്ലെങ്കില്‍, നാണ്യ നിധിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പുതിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ പരാജയപ്പെടുകയാണുണ്ടാവുക. നാണ്യ നിധിയും ലോകബാങ്കും അമേരിക്കന്‍ നിയന്ത്രിത ലോകക്രമത്തിന്റെ കേന്ദ്രമാണു. ഈ സ്ഥാപനങ്ങളുടെ വിഭവ മൂലധനം കഴിഞ്ഞ ഏതനും വര്‍ഷങ്ങളായി താഴോട്ടാണു. ചൈനയുടെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 14 ശതമാനത്തില്‍ താഴെ മത്രമാണ്‍ ഇപ്പോള്‍ ഈ രണ്ട് സ്ഥാപനങ്ങളുടേയും മൊത്തം മൂലധന ശേഷി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അമേരിക്കന്‍ സാമ്പത്തിക ശക്തിയുടെ നട്ടെല്ല് തകര്‍ച്ച നേരിടുകയാണെന്നര്‍ഥം.

ഇത് അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയുടെ ഒരു മുഖം മാത്രമാണ്. സമ്പത്തിക വളര്‍ച്ച പിന്നോട്ടാകുമ്പോഴും അമേരിക്കന്‍ ഡോളറിന്റെ മൂല്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയരുന്നതാണു കാണുന്നത്. വിരോധാഭാസമായി തോന്നാം. എന്നാല്‍ ഇതൊരു താല്‍കാലിക പ്രതിഭാസമാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു തരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ വന്‍ നിക്ഷേപമിറക്കിയിട്ടുള്ള ചൈന, ഈ നിക്ഷേപം പിന്‍ വലിക്കാന്‍ തീരുമാനിച്ചാല്‍ അത് ഡോളറിന്റെ വന്‍ തകര്‍ച്ചക്കു വഴി വക്കുമെന്നുറപ്പ്. അതായത് അമേരിക്കന്‍ ഡോളറിന്റെ വിലയും, ലോക കറന്‍സിയെന്ന അതിന്റെ സ്ഥാനവും ചൈനയെ ആശ്രയിച്ചിരിക്കുന്നുവെന്നര്‍ത്ഥം. തങ്ങളുടെ നിക്ഷേപകാര്യത്തില്‍ ആശങ്കകളുണ്ടെന്നും, ഡോളറിന്റെ മൂല്യം സംരക്ഷിക്കാന്‍ നടപടികളെടുക്കണമെന്നും ചൈന അടുത്തിടെ അമേരിക്കയോട് അഭ്യര്‍ഥിക്കുക കൂടി ചെയ്തിരുന്നു എന്നത് ഇതിനോടു ചേര്ത്തു വായിക്കുക.

അതായത്, ലോകസാമ്പത്തിക തലസ്ഥാനം എന്ന നിലയില്‍ ന്യൂയോര്‍ക്കിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.

മാര്‍ട്ടിന്‍
ജാക്വസ്
കടപ്പാട് : ന്യൂസ്റ്റേറ്റ്സ്മാന്‍