ചെറുകഥ എന്ന
രൂപത്തെ മാത്രമായി സമീപിക്കുമ്പോള്‍, വീണ്ടും പഴയ കാലത്തിന്റെ കണക്കെടുക്കുമ്പോള്‍, നമുക്ക് മൂര്‍ക്കോത്ത് കുമാരനിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. ആദ്യകാല കഥാകൃത്തുകളില്‍, ചെറുകഥ എന്ന മീഡിയത്തെക്കുറിച്ച് വ്യക്തമായ ധാരണ പുലര്‍ത്തിയ ഒരു കഥയുണ്ടാക്കല്‍ക്കാരന്‍ എന്ന സവിശേഷത കൂടി മൂര്‍ക്കോത്തു കുമാരനുണ്ട്. ഹാസ്യരസം പൊതുവേ സമം ചേര്‍ത്തു പരുവപ്പെടുത്തിയ ഗദ്യ ഭാവനകളായിട്ടാണ് മൂര്‍ക്കോത്തിന്റെ രചനകളെ ഇന്നു നമുക്ക് വായിക്കാനാവുക. സമൂഹത്തോട് തനിക്കു പറയാനുളള സന്ദേശ വിനിമയങ്ങള്‍, പ്രതിഷേധ സ്വരങ്ങള്‍, ഇടപെടലുകള്‍ എന്നിവയൊക്കെയും ഈ കഥാകാരന് നല്ല വിധം കഥാ മുഹൂര്‍ത്തങ്ങളൊരുക്കി. പ്രത്യേകിച്ചും അന്ധവിശ്വാസങ്ങളും അബന്ധ ധാരണകളും ഭരിച്ചിരുന്ന ഒരു സമൂഹത്തെ തന്റെ കഥകളുടെ പ്രഹര ശേഷികൊണ്ട് ഒന്നു അനക്കിയെടുക്കുകയെങ്കിലും ചെയ്യാം എന്നുള്ള ആത്മവിശ്വാസം അദ്ദേഹം പുലര്‍ത്തിയിരുന്നു എന്നു വേണം കരുതാന്‍. ഇത്തരത്തില്‍ നോക്കുമ്പോള്‍ ആദ്യകാല കഥകളില്‍ മൂര്‍ക്കോത്ത് കുമാരന്‍ എഴുതിയ 'ഒരൊറ്റ നോക്ക്' എന്ന കഥയ്‌ക്ക് ഒരു സവിശേഷ ഇടമുണ്ട്. ഇന്നത്തെപ്പോലെ അന്നും ആളുകള്‍ക്കിടയില്‍ സജീവമായിരുന്ന ഏഷണിയേയും, അസൂയയേയും അന്ധ ധാരണകളേയുമെല്ലാം കണക്കിന് അപഹസിക്കുന്നുണ്ട് ഈ കഥ.വാസുദേവന്‍-മാധവി എന്നീ യുവ ദമ്പതികള്‍ക്ക് ഒരു ചെറിയ ഏഷണിമൂലം വന്നു ഭവിക്കുന്ന ജീവിത ക്ലേശങ്ങളാണ് പ്രസ്‌തുത കഥയുടെ ഇതിവൃത്തം. വക്കീല്‍ വേലയുള്ള, ജനഞ്‌ജനയും ജാത്യഭിമാനവും ഒക്കെയുള്ള ഗോവിന്ദന്റേയും കല്യാണിഅമ്മയുടേയും മകളാണ് മാധവി. അതേ സമയം ഗവണ്‍മെന്റ് ഉദ്യോഗത്തില്‍ യൂറോപ്യന്മാരെ പാദസേവ ചെയ്‌ത് പണക്കാരനായിമാറി ജീവിതം ആനന്ദിക്കുന്ന കൃഷണന്റെ മകനാണ് വാസുദേവന്‍. മാധവി-വാസുദേവന്‍ വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ തന്നെ രണ്ടു പേരുടേയും അച്ഛന്‍മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാത്ത അവസ്ഥ വരുന്നു. ഇക്കാലത്തിലൊരിക്കല്‍ സ്വന്തം വീട്ടില്‍ താമസിക്കാനായി പോയ മാധവി അചഛനുമൊത്ത് ഒരു വിവാഹത്തിനു പോയതാണ് ഈ സംഭവകഥയുടെ കാതല്‍. വിവാഹം എന്ന കര്‍മ്മത്തില്‍ ശൈശവ കാലത്തെ താലി കെട്ടിനു ശേഷമുള്ള, യഥാര്‍ത്ഥ വിവാഹ കാല താലികെട്ടിനുള്ള പ്രസക്തി / പ്രസക്തിയില്ലായ്‌മയെപ്പറ്റി സജീവമായി ചര്‍ച്ചകള്‍ നടന്നിരുന്ന ഒരു കാലമാകയാല്‍ മാധവിയുടെ വിവാഹ സന്ദര്‍ശനം ഒരു വിവാദത്തെയാണ് രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ കൊണ്ടു വരുന്നത്.
പത്മനാഭന്‍ എന്നു പേരുള്ള ഒരു ഏഷണിക്കാരനാണ് ഈ കഥയിലെ വില്ലന്‍. കൃഷണ്‌ന്‍ എന്ന വ്യക്തി കല്ല്യാണ അടിയന്തിരത്തിനും രണ്ടാം താലി കെട്ടിനും എതിരാണ് എന്ന് അറിഞ്ഞു കൊണ്ടു തന്നെ, അയാളുടെ മകന്റെ ഭാര്യ അവളുടെ അച്ഛന്റെ കൂടെ അത്തരം ഒരു ചടങ്ങില്‍ പങ്കെടുത്ത കാര്യം പത്മനാഭന്‍ കൃഷ്‌ണനെ ധരിപ്പിക്കുന്നു. ഇവിടേയും ഈ ഏഷണിക്കാരന്‍ തന്റെ സ്വതസിദ്ധമായ കഴിവു കൊണ്ട് തുന്നിച്ചേര്‍ക്കുന്ന ചില പൊടിപ്പുകളുണ്ട്. ഫലത്തില്‍ ഇരു രക്ഷിതാക്കന്മാരും പ്രരസ്‌പരം തെറ്റിദ്ധരിക്കുകയും അത് തപാല്‍ തര്‍ക്കത്തിലേക്കും തുടര്‍ന്ന് വിവാഹമോചനത്തിനു തുല്യമായ ഒരു അവസ്ഥയിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ വാസുദേവന്‍ വീണ്ടും വിവാഹിതനാണ് എന്നൊരു ഇല്ലാക്കഥ കൂടി പ്‌ത്മനാഭന്‍ എന്ന നാരദന്‍ പാടിയെത്തിക്കുന്നുണ്ട്.
അങ്ങനെ ദമ്പതികളുടെ വിരഹത്തിന്റെ രണ്ടു കൊല്ലം കഴിയുന്നു. ഇതിനിടയില്‍ മെലിഞ്ഞ്, ക്ലേശധാരിയായ മാധവി കശലായ ക്ഷയ രോഗം കൊണ്ട് മൃതപ്രായയാകുന്നു. തുടര്‍ന്ന് മാധവിയുടെ അച്ഛന്‍ ഗോവിന്ദന്‍ വാസുദേവന് ഒരു കത്തെഴുതുന്നതും തന്റെ ഭാര്യയെ ഒരു നോക്കുകാണാനായി അയാള്‍ എത്തുന്നതുമാണ് ചുരുക്കത്തില്‍ 'ഒരൊറ്റ നോക്ക്' എന്ന കുമാരന്‍ കഥയുടെ വിഷയം. പല തരത്തിലും സിനിമാറ്റിക് ആണ് മൂര്‍ക്കോത്ത് കുമാരന്റെ ഈ കഥ. ഒരു തിരക്കഥയിലെന്ന വണ്ണം സന്ദര്‍ഭത്തിനൊത്തു ടെന്‍ഷന്‍ ബില്‍ഡപ്പു ചെയ്യുകയും അതിന് ക്രമാനുഗതമായ ഒരു താളം നല്‍കുകയും ചെയ്യുന്നു
കഥാകൃത്ത്.
ഈ പഴയ കഥയുടെ അവസാന രംഗം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭാര്യ അന്ത്യ ശ്വാസം വലിക്കുമ്പോള്‍ ഉറുമാല്‍ കൊണ്ട് മുഖം പൊത്തി വിങ്ങിക്കൊണ്ട് വാസുദേവന്‍ പുറത്ത് പോകുന്ന ഭാഗം നോക്കുക. കഥ തീരുന്നത് ഇങ്ങനെ: "അവന്‍ പടിയിറങ്ങിയപ്പോള്‍ ഒരാള്‍ പടി കയറി വരുന്നത് കണ്ടു. അത് പത്മനാഭനായിരുന്നു". വടക്കു നോക്കിയന്ത്രം എന്ന സിനിമയിലെ അവസാന രംഗത്തിലുള്ള തളത്തില്‍ ദിനേശന്റെ ജീവിതം പോലെ ഇനിയും തുടരാനിടയുളള ഒരു വിപത്തിനെയാണ് 1930-കളിലോ മറ്റോ എഴുതിയ ഈ കഥ ബാക്കിവെക്കുന്നത്.
സമൂഹത്തിലെ ചില ദുഷ് രൂപങ്ങള്‍ അവതാരങ്ങള്‍ പോലെ പല കാലങ്ങളില്‍ സഞ്ചരിക്കുമെന്നു്‌ള്ള ഒരു ഭീഷണി മൂര്‍ക്കോത്ത് കുമാരന്റെ ഈ കഥ ബാക്കി വെക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഓര്‍ക്കുട്ട്, ഫെയ്സ്ബുക് തുടങ്ങിയ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും 'ഒരൊറ്റ നോക്കി'ലെ പത്മനാഭന്റെ വിവിധ വേഷപ്പകര്‍ച്ചകള്‍ നാമിന്നു കണ്ടു കൊണ്ടിരിക്കുകയാണല്ലോ!
കുറിപ്പ് : നീട്ടെഴുത്തില്‍ മുന്‍കാല കഥകളേയും സമകാലിക ചെറുകഥകളേയും ഇനിമുതല്‍ ഇടവിട്ട ലക്കങ്ങളിലായി അവതരിപ്പിക്കും. അടുത്ത ലക്കം: പിവി ഷാജികുമാറിന്റെ കഥാലോകം.
വിഎച്ച് നിഷാദിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം 'ഷോക്ക്' ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
