Jul 27, 2009

റീടേക്ക്: ജാതിയുടെ ഇരുപതുകളി

എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും തങ്ങളുടെ താരസ്വത്വത്തോടിണങ്ങുന്നതായ റോളുകള്‍ നല്‍കിയ ചിത്രം (Star Vehicle) എന്ന തോന്നലാണ് ആദ്യമായി ട്വന്റി ട്വന്റി കണ്ടെപ്പോള്‍ തോന്നിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി, ദിലീപ്, ജയറാം എന്നീ നടന്മാരെല്ലാം തങ്ങള്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ചെയ്ത കഥാപാത്രങ്ങളുമായാണ് വെള്ളിത്തിരയിലെത്തിയതും. മമ്മൂട്ടിയുടെ രമേഷ് നമ്പ്യാര്‍ നരസിംഹത്തിലെ വക്കീലിന്റേയും, മോഹന്‍ലാലിന്റെ ദേവന്‍ അദ്ദേഹത്തിന്റെ തന്നെ മീശപിരിയന്‍ നായകന്മാരുടേയും ഫോട്ടോസ്റ്റാറ്റ് കോപ്പിയായാണ് അനുഭവപ്പെട്ടത്. സുരേഷ്ഗോപിയുടെ ആന്റണി പുന്നക്കാടനാകട്ടെ തന്റെ സ്ഥിരംവേഷമായ ക്ഷുഭിതനായ പൊലീസ് ഓഫീസറുടേയും. ദീലീപും ജയറാമും തങ്ങളുടെ സ്ഥിരം നമ്പറുകളുമായി വരുന്നു.

ഇതു ആദ്യക്കാഴ്ചയിലെ ചിന്ത. എന്നാല്‍ ഈ ഉപരിപ്ലവമായ വിലയിരുത്തലിനു ശേഷം, ഈയിടെ ട്വന്റി ട്വന്റി വീണ്ടും കണ്ടപ്പോഴാണ് മറ്റു ചിലതുകൂടി ഇതില്‍ നിന്നും വായിച്ചെടുക്കാമെന്നു തോന്നിയത്. പ്രധാന കാരണം ചിത്രത്തിലെ നായക കഥാപാത്രങ്ങളോടൊപ്പം കണ്ട ചില ജാതിപ്പേരുകളാണ്. ഒരു സൂക്ഷ്മമായ നിരീക്ഷണത്തില്‍ അതുമാത്രമല്ലെന്നു മനസ്സിലായി. ചിത്രത്തിലുടനീളം ലിംഗപരവും വര്‍ഗീയവും ജാതീയവുമായ ഒരു വിഭജനം നിലനില്ക്കുന്നതായി അനുഭവപ്പെട്ടു.

ട്വന്റി ട്വന്റി തുടങ്ങുന്നത് സുപ്രീം കോടതി ജസ്റ്റിസ് ആയ വിശ്വനാഥ മേനോന്റെ തറവാട്ടു വീടിലേയ്ക്കുള്ള മടങ്ങിവരവോടെയാണ്. പുതിയ മട്ടിലുള്ള ഒരു വീടാണു ചിത്രത്തിലുള്ളതെങ്കിലും ഒരു പാട് ഓട്ടുപാത്രങ്ങളും സ്വര്‍ണാഭരണങ്ങളും അവിടെയുണ്ടെന്ന സൂചന ചിത്രം നല്‍കുന്നുണ്ട്. ഇത് കുലമഹിമയുടേയും പാരമ്പര്യത്തിന്റേയും ഒരടയാളമായിട്ടാണു ഉപയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒരവസരത്തില്‍ കര്‍ക്കശക്കാരനായ ജസ്റ്റിസിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഓടി നടക്കുന്ന അരവട്ടനായ കുട്ടികൃഷ്ണന്‍ പോലും പാചകക്കാരായി ബ്രാഹ്മണരെ കിട്ടുമോ എന്നന്വേഷിക്കുന്നുണ്ട്. ബ്രാഹ്മണര്‍, പ്രത്യേകിച്ച് പട്ടന്മാര്‍, പാചകരംഗത്തു പ്രശസ്തരാണെങ്കിലും തുടരെത്തുടരെയുള്ള ഇത്തരം സവര്‍ണതാഘോഷങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. പോരാത്തതിന് നായക കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും ജാതിപ്പേരുകളാല്‍ മുദ്രിതരാണ്. മമ്മൂട്ടിയുടെ കഥാപാത്രം രമേഷ് നമ്പ്യാര്‍ ആണ്. മോഹന്‍ലാലിന്റെ കഥാപാത്രമാകട്ടെ സ്വയം പരിചയപ്പെടുത്തുന്നത് താനൊരു പാവം വര്‍മയാണെന്നാണ്. പിന്നീട് ദേവന്‍, ദേവരാജന്‍, ദേവരാജ പ്രതാപ വര്‍മ എന്നിങ്ങനെ തെല്ലൊരു അഹങ്കാരത്തോടെ വിവരണം തുടരുന്നു. ഒരു പക്ഷെ, മലയാളത്തില്‍, ഏതെങ്കിലും ഒരു പ്രത്യേക സമുദായകഥയല്ലാത്ത സിനിമയില്‍, ഇത്രയേറെ സവര്‍ണ കഥാപാത്രങ്ങള്‍ ഒരുമിച്ചു വന്നത് ട്വന്റി ട്വന്റിയിലാണെന്നു തോന്നുന്നു. ധ്രുവത്തിലെ നരസിംഹ മന്നാടിയാരെപ്പോലെ, നീതി നടത്താന്‍ തുനിഞ്ഞിറങ്ങുന്ന കഥാപാത്രങ്ങള്‍ എന്തുകൊണ്ട് എപ്പോഴും സവര്‍ണതയുടെ അടയാളങ്ങളെക്കൊണ്ട് രേഖപ്പെടുത്തപ്പെടുന്നുവെന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

ചിത്രത്തിലെ മറ്റു ചില പ്രശ്നങ്ങളിലേക്കു കൂടി കടക്കാം. ഇതിലൊന്ന് മുമ്പ് കിഴക്കുനോക്കിയന്ത്രം എന്ന ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. പോസ്റ്ററുകളില്‍ പോലും പ്രകടമായ സ്ത്രീ കഥാപാത്രങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ചാണത്. ഇത്രയധികം നായകരെ അണിനിരത്തിയിട്ടും ഒരു നായികയെപ്പോലും എടുത്തുകാട്ടാനോ, കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കാനോ ഈ ചിത്രത്തിനു സാധിക്കുന്നില്ല. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല അപ്രത്യക്ഷമാകുന്നത്. ചിത്രത്തിലെ മുസ്ലിം കഥാപാത്രങ്ങള്‍ക്കും ഇതു തന്നെ ഗതി. വള്ളക്കാരന്‍ ഖാദര്‍ എന്ന മമ്മുക്കോയയുടെ കഥാപാത്രമല്ലാതെ ഒരു വാചകമെങ്കിലും പറയുന്ന ഏതെങ്കിലും മുസ്ലീം കഥാപാത്രം ചിത്രത്തിലുണ്ടോ? മലയാളസിനിമക്ക് മുസ്ലീങ്ങളോട് സമീപകാലത്തു തുടങ്ങിയ അസ്പര്‍ശ്യതയുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ചിത്രത്തിലെ മുസ്ലീം കഥാപാത്രങ്ങളേക്കാളധികം ഇസ്ലാം മതവിശ്വാസികളായ നടന്മാര്‍ ഈ ചിത്രത്തിലുണ്ടെന്നതാണ് ഒരു വിരോധാഭാസം.
ക്രിസ്ത്യാനികളായ കഥാപാത്രങ്ങളുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല . ഒറ്റയിരിപ്പിനു ഒരു ഫുള്ള് അകത്താക്കുന്ന ആന്റണി പുന്നക്കാടന്‍ IPS പലവട്ടം പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു വാര്‍പ്പു മാതൃകയാണ്. ജനപ്രിയ സിനിമകളില്‍ ഒരു കയ്യില്‍ മദ്യക്കുപ്പിയോടല്ലാതെ ക്രിസ്ത്യാനികളെ ചിത്രീകരിക്കാനാവുകയില്ലേ? പോരാത്തതിന് പുന്നക്കാടന്റെ ഭാര്യ ആലീസ് തന്റെ ഭര്‍ത്താവിനെ പേരെടുത്തു വിളിക്കുന്നതും, അയാള് ഇവളെന്റെ ഡിജിപി യാണെന്നു സമ്മതിക്കുന്നതും, തനിക്കു സ്ത്രീധനം കിട്ടിയ വീട്ടിലാണു താന്‍ താമസിക്കുന്നതെന്നു പറയുന്നതും ഒക്കെ അറപ്പിക്കുന്ന വാര്‍പ്പുരൂപങ്ങളാണ്. ഇതെല്ലാം കരോളിന്‍ ഒസല്ലോയും ഫിലിപ്പോ ഒസല്ലോയും തങ്ങളുടെ "മലയാളി യുവാക്കളും അവരുടെ നായകരും" (Young Malayali men and their movie heroes) എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വസ്തുതയാണ്. "Christians, in this fantasy ethnic landscape, are represented as too modern, willing to ignore demands of family and tradition in their eagerness to make money, permitting their woman folk a dangerous and scandalous degree of freedom".

ലിംഗപരവും വര്‍ഗീയവുമായ ഈ കപട പ്രതിനിധാനങ്ങളെ അവഗണിച്ചാല്‍ പോലും ജാതീയമായ ചില അവഹേളനങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുകയില്ല. ഈ ചിത്രത്തില്‍ സലീം കുമാര്‍ അവതരിപ്പിക്കുന്ന ഇന്ദുചൂഡന്‍ IPS എന്ന കഥാപാത്രം ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ ഏറ്റു വാങ്ങുന്ന ഒന്നാണ്. അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിക്കുന്നതു തന്നെ കണ്ഫേര്‍ഡ് ഐപിഎസുകാരനായാണ്. കണ്ടാല്‍ പൊലീസാണെന്നു തോന്നാത്ത ഒരു കപീഷ് എന്നാണ് അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസര്‍ പോലും ഇന്ദുചൂഡനെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച് നേരിട്ടുപറയുന്നില്ലെങ്കിലും സിഐ ജയചന്ദ്രനെക്കാണ്ട് സല്യൂട്ട് ചെയ്യിച്ചശേഷം ഒരു നായരെക്കൊണ്ട് ഞാന് സല്യൂട്ടടിപ്പിച്ചുവെന്ന് താഴ്ന്ന സ്വരത്തില്‍ ഇന്ദുചൂഡന്‍ പറയുന്നുണ്ട്. ഇത് ഇന്ദുചൂഡന് ഒരു ദലിതനാണെന്നും ഉയര്‍ന്ന ജാതിയില്പ്പെട്ടവരില്‍ നിന്ന് ബഹുമാനം പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നവനാണെന്നും അര്‍ത്ഥം വരുത്തുന്നുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ഐപിഎസ് പദവി ഒരു ദാനമാണെന്നും ഒരു തരത്തിലും അദ്ദേഹമതു അര്‍ഹിക്കുന്നില്ലെന്നും കണ്ഫേര്‍ഡ് ഐപിഎസ് എന്ന് പ്രത്യേകം എടുത്തുപറയുന്നതിലൂടെ വരുത്തി തീര്‍ക്കുന്നു. ചിത്രത്തിലുടനീളം ഒരു കോമാളിയായല്ലാതെ ഇന്ദുചൂഡന്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. സിഐ ജയചന്ദ്രന്‍ തന്റെ സീനിയറായ എസ്പിയെപ്പറ്റി ദേവനോടു പറയുന്നത് അയാളൊരു പിച്ചക്കാരന് ലോട്ടറി അടിച്ചമട്ടാണ് എന്നാണ്. ഇത് ജാതി സംവരണത്തോടുള്ള മലയാളിയുടെ സവര്‍ണ കാഴ്പ്പാടു തന്നെയാണ്. ദലിതനു സര്‍ക്കാര്‍ ജോലിയെന്നത് പിച്ചക്കാരന് ഭാഗ്യം കൊണ്ടടിക്കുന്ന ലോട്ടറി പോലെയാണെന്നു വ്യംഗ്യം. സിനിമയില്‍ പിന്നീട് പല പ്രാവിശ്യവും ഇന്ദുചൂഡന്റെ നിറം പരാമര്‍ശ വിധേയമാകുന്നുണ്ട്. 'നീഗ്രോ ലുക്കുള്ള ഒരുത്തന്‍' 'മലയാളി നീഗ്രോ', 'കരിപുരണ്ട മലയാളി' എന്നിവയാണ് അവയില്‍ ചിലത്. പുന്നക്കാടന്‍ ഒരിക്കല്‍ ഇന്ദുചൂഡന്റെ കഴിവിനെക്കുറിച്ചു പറയുന്നത് 'ഇവനൊക്കെ ഒരേയൊരു സെന്‍സേയുള്ളൂ ...നോണ്‍സെന്‍സ്' എന്നാണ്. ഇവിടെയും കാണുന്നത് ജാതി സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാതെ വന്നവന്‍ അതു ലഭിച്ചവനോടുള്ള പുച്ഛം തന്നെയാണ്. കൂടാതെ വേഷം മാറി ദേവന്റെ നീക്കങ്ങള്‍ മനസ്സിലാക്കാനെത്തുന്ന ഇന്ദുചൂഡനെ എസ്പിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മര്‍ദിക്കുന്നുണ്ട്. ഇത് തങ്ങള്‍ക്കു ലഭിക്കുമായിരുന്ന സ്ഥാനമാനങ്ങള്‍ തട്ടിയെടുത്ത ദലിതരോടുള്ള സവര്‍ണന്റെ പ്രതീകാത്മകമായ പ്രതികാരമായി ആരെങ്കിലും വ്യഖ്യനിച്ചാല്‍ കുറ്റം പറയാനാകില്ല.

കടുത്ത ആണ്‍കോയ്മയും, വര്‍ഗീയതയും ജാതീയതയുമെല്ലാം കൊണ്ടാടുന്ന ഇത്തരം സിനിമകള്‍ക്കു കിട്ടുന്ന വിജയമെന്നത് ഇത്തരം മനോഭാവം നമ്മുക്കിടയില്‍ ശക്തമായിത്തന്നെ നിലനില്ക്കുന്നുവെന്ന സുചനയാണ് നല്കുന്നത്. അതിനെ വെളിച്ചത്തുകൊണ്ടുവരേണ്ടതും ചെറുത്തുതോല്പ്പിക്കേണ്ടതുമുണ്ട്.

ജിപ്സന്‍ ജേക്കബ്