Jul 23, 2009

പിണറായിയില്‍ നിന്ന് പിണറായിലേക്ക്

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തരംതാഴ്ത്താനുള്ള കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പാര്‍ടി പ്രവര്‍ത്തകന്‍ നാട്ടില്‍ നിന്നും ഞങ്ങള്‍ക്കയച്ചു തന്ന കുറിപ്പാണ് ചുവടെ.

1939ലെ ഒരു ഡിസംബര്‍ രാത്രി. കുറ്റിക്കാടുകളുടെ മറ പറ്റി 40 വിപ്ലവകാരികള്‍ തലശ്ശേരിക്കടുത്ത് പിണറായിയിലെ പാറപ്പുറത്ത് അതീവ രഹസ്യമായി സമ്മേളിച്ചു. വറുതി കത്തുന്ന ആ നാളുകളില്‍ സമ്മേളനം നടത്താന്‍ കുറ്റിക്കാടുകളുടെ മറവിലുള്ള പാറപ്പുറമേ കിട്ടിയുള്ളൂ. സ്പോണ്‍സര്‍ ചെയ്യാന്‍ ലോട്ടറി മാര്‍ട്ടിനും ഫാരിസ് അബൂബക്കറും തയ്യാറായി ചെന്നാല്‍ പോലും ആട്ടിയോടിക്കപ്പെടുന്ന കടുത്ത ധാര്‍മികതയുടേയും വിപ്ലവ വീര്യത്തിന്റേയും കാലം. മര്‍ദക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ഭീഷണികളെ സമരവീര്യം കൊണ്ട് തോല്പിക്കാന്‍ പോന്നവരുടെ ഒത്തുചേരല്‍. അവിടെ കമ്യൂണിസ്റ്റ് പാര്‍ടി ജനിച്ചു. ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് സഖാക്കള്‍ ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു: 'വിപ്ലവം വിജയിക്കട്ടെ'.

കൃത്യം അഞ്ചു കൊല്ലത്തിനു ശേഷം അതേ പിണറായി ഗ്രാമത്തില്‍ ഒരു തിരുപ്പിറവി നടന്നു. പാവപ്പെട്ട ഒരു ചെത്തു തൊഴിലാളിയുടെ വീട്ടിലാണ് കുഞ്ഞു ജനിച്ചത് എന്നതിനാല്‍ അവന്റെ മാഹാത്മ്യം ആരാലും മുന്‍കൂര്‍ പ്രവചിക്കപ്പെട്ടില്ല. കമ്യൂണിസത്തോടൊപ്പം കടുത്ത ഭൗതികവാദവും നാടെങ്ങും പ്രചരിക്കപ്പെട്ടിരുന്നതിനാല്‍ ദീര്‍ഘ ദര്‍ശികള്‍ക്കും പ്രവാചകന്മാര്‍ക്കും കുട്ടിയെ കണ്ടെത്തി അവന്‍ രചിക്കാന്‍ പോകുന്ന ചരിത്രത്തെ പറ്റി മുന്‍കൂര്‍ ഘോഷിക്കാനുമായില്ല. തന്റെ വീടിനടുത്ത പാറപ്പുറത്തു ജനിച്ച പാര്‍ടിയുടെ പ്രധാന കാര്യക്കാരനായി കേരളമാകെ വിരാജിക്കുകയാണ് ആ കുട്ടിയിപ്പോള്‍. പാര്‍ടിയുടെ സ്ഥാപക നേതാക്കള്‍ പാവങ്ങളുടെ പടത്തലവരായിരുന്നെങ്കില്‍ പിണറായി വിജയന്‍ പണക്കാരുടെ പടത്തലവന്‍ ആയി മാറിയിരിക്കുന്നുവെന്നാണ് ആരോപണം. 'പണമില്ലാത്തവന്‍ പിണം. പണമുള്ളവന്‍ പിണറായി', എന്ന മട്ടില്‍ നാട്ടിലെ മൂല്യ സങ്കല്പങ്ങളും മാറിപ്പോയിരിക്കുന്നു. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ആദ്യത്തെ പാര്‍ടി പോളിറ്റ് ബ്യൂറോ അംഗവും ആയിരിക്കുന്നു, ഈ പിണറായിക്കാരന്‍ ‍‍. എന്നാല്‍ അതിലൊന്നും തനിക്കോ തന്റെ പാര്‍ടിക്കോ ജാള്യത തോന്നാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് ഒരു നിസാര കാര്യമല്ല.

പിണറായിയില്‍ ജനിച്ച പാര്‍ടി ഇന്ന് പിണറായിക്കാരന്റെ കൈകളില്‍ മരിച്ചു കൊണ്ടിരിക്കുകയാണോ? മറ്റൊരു ഗോര്‍ബച്ചേവായി ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ ഇന്നു നമുക്കു മുന്നിലിണ്ട്. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി പാര്‍ടി നേതൃത്വത്തിലെത്തിയ പ്രകാശ് കാരാട്ടിനും സിതാറാം യെച്ചൂരിക്കും ഇതൊന്നും മനസിലാകുന്നില്ലെങ്കിലും ജനങ്ങള്‍ക്കു മനസിലാകുന്നുണ്ട്.

പിണറായി ഇന്നും ഒരു പാര്‍ടി ഗ്രാമമാണ്. എതിര്‍ രാഷ്ട്രീയമുള്ളവരെ അവിടെ മഷിയിട്ടു നോക്കിയാല്‍ കിട്ടില്ല. യുഡിഎഫുകാര്‍ അവിടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോലും പോകാറില്ല. പാര്‍ടിയിലെ വിഭാഗീയതയുടെ പ്രാണേക്താക്കളെ ഇവിടെക്കു ഒരിക്കലും അടുപ്പിച്ചിട്ടുമില്ല. എന്നിട്ടും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പിണറായി ഗ്രാമം പാര്‍ടി മുതലാളിയെ ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഇവിടെ നിന്നും ഭൂരിപക്ഷം വോട്ടുകളും ലഭിച്ചു. പാര്‍ടിയിലെ തോല്‍വിക്ക് അച്യുതാനന്ദനെതിരെ മാത്രം നടപടിയെടുത്തവര്‍ ശ്രദ്ധിക്കേണ്ട കാര്യമല്ലെ ഇത്? പിണറായി എങ്ങിനെ കൈവിട്ടു പോയി? അതു പോലെ തന്നെ തലശ്ശേരി താലൂക്കിലെ മറ്റു പല പാര്‍ടി ഗ്രാമങ്ങളും. ഇവിടെയുള്ളവരെല്ലാവരും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്നവരല്ലല്ലോ.

കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി വിജയനായിരുന്നുവെന്നാണ് സ്തുതി പാഠകര്‍ നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ അതില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതാണോ അദ്ദേഹത്തിന്റെ മിടുക്ക്. ദരിദ്രനായ ചെത്തുകാരന്റെ മകന്‍ വിവാഹം കഴിച്ചത് ഒരു സാദാ സ്കൂള്‍ അധ്യാപികയെ. മുഴുവന്‍ സമയ രാഷ്ട്രീയമല്ലാതെ വിജയനു മറ്റൊരു തൊഴിലില്ല. വരുമാനം പൂജ്യം. എന്നിട്ടും സമീപകാലത്ത് അദ്ദേഹം നിരവധി ലക്ഷങ്ങള്‍ വില വരുന്ന വീടു വച്ചു. ആ വീടിനെ പറ്റി പത്രത്തില്‍ വാര്‍ത്ത വന്നപ്പോള്‍ സത്യാവസ്ഥ കണ്ട് ബോധ്യപ്പെടാനായി ഏതാനും സഖാക്കള്‍ വടകരയില്‍ നിന്നും പിണറായിയിലെത്തി. കാണാതെ വിശ്വസിക്കില്ലെന്നു ശഠിച്ചവര്‍ക്ക് വീടു കാണാനായില്ലെനു മാത്രമല്ല പൊതിരെ അടിയും കിട്ടി. തിരികെ എത്തിയപ്പോള്‍ പാര്‍ടിയില്‍ നിന്നു പുറത്തുമായി. വാസ്തവത്തില്‍ ഇത്ര വലിയൊരു കൊട്ടാരം പണിയാന്‍ തനിക്കെങ്ങിനെ കഴിഞ്ഞു എന്ന് മഹാ വിപ്ലവകാരി വെളിപ്പെടുത്തിയാല്‍ അതു അദ്ദേഹത്തിന്റെ വലിയൊരു മിടുക്കായി നാട്ടുകാര്‍ കണക്കാക്കില്ലെ? ചെറിയ വരുമാനക്കാരായ കേരളത്തിലെ ലക്ഷോപലക്ഷങ്ങള്‍ക്ക് കൊട്ടാര സദൃശ്യമായ വീടുകള്‍ പണിയാന്‍ അതു മാതൃകയാകും. പാര്‍ടി നേതാക്കളുടെ ഇടയില്‍ ആഡംബര ഭ്രമവും സ്വത്തു സമ്പാദന വ്യഗ്രതയും വളരുന്നുവെന്ന കേന്ദ്രകമ്മിറ്റിയുടെ കണ്ടെത്തല്‍ പുതിയതൊന്നുമല്ലല്ലോ.

വിജയന്റെ മറ്റൊരു മിടുക്ക് മകന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ്. എസ്എസ്എല്‍സിക്കും പ്ലസ്റ്റുവിനും കഷ്ടി മാര്‍ക്കു വാങ്ങി കടന്നു കൂടിയ മകന്‍ പഠിക്കുന്നത് ബ്രിട്ടനിലെ ഒരു സര്‍വകലാശാലയില്‍. ഈ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന പിള്ളേര്‍ക്ക് കൊടുക്കുന്ന സ്കോളര്‍ഷിപ് വിജയന്റെ മകന്‍ വാങ്ങിയെടുത്താണ് പഠിച്ചതെന്ന് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെന്നു പറയുന്നവര്‍ ഒരിക്കല്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ മകന്റെ പഠന മികവിന്റെ രേഖകള്‍ പുറത്തു വന്നപ്പോള്‍ വിജയന്‍ തന്നെ സ്കോളര്‍ഷിപ്പ് കാര്യം നിഷേധിച്ചു. ഇവിടേയും അദ്ദേഹത്തിനു കേരള ജനതയോടു ചെയ്യാവുന്ന വലിയൊരു ഉപകാരമുണ്ട്. ഒരു പാവപ്പെട്ട ചെത്തുതൊഴിലാളിയുടെ രാഷ്ട്രീയക്കാരനായ മകന് എങ്ങിനെ തന്റെ കുട്ടിയെ വിദേശ സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞു എന്ന വിവരം ജനങ്ങളുമായി പങ്കു വയ്ക്കണം. അതും ഒട്ടും മാര്‍ക്കില്ലാത്ത മകനെ. ഇക്കാര്യത്തിലുള്ള വിജയന്റെ മിടുക്ക് അനുകരിക്കാന്‍ മറ്റു കേരളീയര്‍ക്കായാല്‍ നമ്മുടെ നാട്ടിലെ സ്വാശ്രയ കോളെജ് പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. രജനി എസ് ആനന്ദുമാര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിയും വരില്ല. ഏതു പണമില്ലാത്തവനും മാര്‍ക്കു പോലുമില്ലാതെ നല്ല സ്ഥാപനത്തില്‍ അഡ്മിഷന്‍ ‍. എന്തിനാണദ്ദേഹം ആ രഹസ്യം മറച്ചു പിടിക്കുന്നത്?

ഇത്രയേറെ വെല്ലുവിളികളുയര്‍ന്നിട്ടും, കൊടുങ്കാറ്റുകള്‍ വീശിയടിച്ചിട്ടും കേരളത്തിലെ പാര്‍ടിയിലെ നേതൃനിരയിലുള്ള ഭൂരിപക്ഷത്തെയും തന്നോടൊപ്പം നിര്‍ത്താന്‍ പിണറായിക്കു കഴിഞ്ഞു എന്നത് സമ്മതിച്ചു കൊടുക്കുക തന്നെ വേണം. കടിച്ചു പിടിച്ചു മാത്രം സംസാരിക്കുകയും സ്വന്തം മക്കളുടെ മുഖത്തു നോക്കി പോലും ഒന്നു ചിരിച്ചാല്‍ വിപ്ലവം നടക്കാതെ പോകുമെന്ന് കരുതുകയും ചെയ്ത ഒരുപാടു നേതാക്കളെ സ്ഥാനമാനങ്ങള്‍ നല്‍കി വിലക്കെടുത്ത വിജയന്‍ നവ ലിബറല്‍ കാലത്തെ ഏതു സഖാവും 'പര്‍ച്ചേസബള്‍' ആണെനു തെളിയിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ അഖിലേന്ത്യാ സെക്രട്ടറി കാരാട്ടിനെ പോലും സ്വന്തം കുഴലൂത്തുകാരനായി മാറ്റാനായി. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഒരു കേന്ദ്ര കമ്മിറ്റി അംഗത്തെക്കൊണ്ട് തന്നെ ഭഗത് സിംഗുമായി താരതമ്യം ചെയ്യിക്കാനും വിജയനു കഴിഞ്ഞു.

ഇതിനെല്ലാമുള്ള ശക്തി അദ്ദേഹത്തിന് എവിടെ നിന്നും വരുന്നു? അതിന്റെ ഉത്തരം പറയാന്‍ കെല്പ്പുള്ള ഒരാള്‍ ജീവിച്ചിരികുന്നത് എര്‍ണാകുളം ജില്ലയിലെ കിഴക്കമ്പലത്താണ്. അലൂമിനിയം പാത്രങ്ങളും, കറി പൗഡറും, കൈലി മുണ്ടും ഒക്കെയാണ് ഇദ്ദേഹത്തിന്റെ വ്യവസായം. പക്ഷേ ഇങ്ങേരുടെ വീട്ടില്‍ താമസിച്ച് എല്ലാ കര്‍ക്കിടകത്തിലും ഒരു സുഖചികിത്സയുണ്ട് വിജയന്. ആ ചികിത്സയിലാണ് എല്ലാം വെട്ടി പിടിക്കാനുള്ള ശക്തി കൈ വരുന്നതത്രെ! കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് വര്‍ഷാവര്‍ഷം സുഖ ചികിത്സ നല്‍കുന്ന ആളിന്റെ രാഷ്ട്രീയം ചോദിക്കരുത്. തൊഴില്‍ നിയമം ലംഘിച്ചതിനു ഇദ്ദേഹത്തിനെതിരെ സമരം ചെയ്ത് പണി പോയ സിഐടിയു തൊഴിലാളികള്‍ പോലും ഒന്നും പറയില്ല. പറഞ്ഞാല്‍ പണ്ടു വീടു കാണാന്‍ പോയ സഖാക്കളുടെ ഗതിയാവും.

വിജയനെ കേരളത്തിന്റെ ഒരു ബാധ്യതയായി വളര്‍ത്തിയെടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രണ്ടു പേര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാകില്ല. സാക്ഷാല്‍ വിഎസ് അച്യുതാനന്ദനും പിന്നെ എംവി രാഘവനും. കണ്ണൂരില്‍ രാഘവന്‍ പയറ്റി വിജയിച്ച ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഒരു ചോട്ടാ ദാദയായി തീരേണ്ടതായിരുന്നു വിജയന്‍ . രാഘവന്‍ എന്ന വലിയ ഗൂണ്ടയുടെ ശിങ്കിടി ഗൂണ്ട എന്നതിനപ്പുറം വിജയന്‍ ഒരിക്കല്‍ ഒന്നുമല്ലായിരുന്നു. പിന്നീട് രാഘവനെ പുറത്താക്കിയപ്പോള്‍ പാര്‍ടിക്ക് സമാനമായ കയൂക്കുള്ള ഒരാളെ വേണമെന്നു തോന്നി. അങ്ങിനെ പിണറായി വിജയന്‍ പകരക്കാരനായി. പില്‍ക്കാലത്ത് സംസ്ഥാന സമിതിയിലും മന്ത്രി സഭയിലും പാര്‍ടി സെക്രട്ടറി സ്ഥാനത്തുമെല്ലാമെത്തിയത് വിഎസിന്റെ കാരുണ്യം കൊണ്ട് മാത്രം. പാര്‍ടിയിലെ താരതമ്യേന നിസാരക്കാരായ ശത്രുക്കളെ നേരിടാന്‍ തനിക്കു ഭാവിയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പോന്ന ഒരാളെ വിഎസ് വളര്‍ത്തിയെടുക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ വിഎസിന്റെ കാര്യം രസാവഹമാണ്. തന്റെ ഭാവികാല ശത്രുകളെയെല്ലാം അദ്ദേഹം തന്നെ വളര്‍ത്തി വലുതാക്കി കൊള്ളാവുന്ന സ്ഥാനങ്ങളിലെത്തിച്ചു. ഒടുവില്‍ അവരെല്ലാം കൂടി അനായാസമായി അദ്ദേഹത്തെ നേരിടുന്നു. വിജയന്‍ ‍, ഐസക്, ബേബി, വിജയരാഘവന്‍ ‍, സുധാകരന്‍ എന്നിങ്ങനെ ആ പട്ടിക നീളും.

കണ്ണൂരില്‍ പാര്‍ടി ഭേദമില്ലാതെ തിമിര്‍ത്താടിയ ഗൂണ്ടാ രഷ്ട്രീയത്തെ കേരളത്തിന്റെ ആകെ രാഷ്ട്രീയമാക്കാന്‍ കഴിഞ്ഞു എന്നതാണ് വിജയന്റെ പ്രധാന നേട്ടം. അഹന്തയും അല്പത്തവും മുഖമുദ്രയാക്കിയ മൂന്നു ജയരാജന്മാരേയും അദ്ദേഹത്തിനു കൂട്ടിനു കിട്ടി. വെട്ടേറ്റ ജയരാജനും വെടിയേറ്റ ജയരാജനും മൂന്നാമത്തെ തറ രാജനും കൂടി ചാനല്‍ ചര്‍ച്ചകള്‍ പോലും മലിനമാക്കി. ഇവര്‍ക്കൊപ്പം നാട്ടുകാര്‍ക്കു തീരെ പരിചയമില്ലാത്ത എന്‍ ‍. മാധവന്‍കുട്ടി, പിഎം മനോജ്, ആര്‍എസ് ബാബു, ഭാസുരേന്ദ്ര ബാബു തുടങ്ങിയ വീരന്മാരും രംഗം കൊഴുപ്പിക്കുന്നു. ഇവിടെ പാര്‍ടി എന്ന പുറന്തോട് തകരാതെ നില്‍ക്കുന്നു. എന്നാല്‍ അണികളും ബഹുജനങ്ങളും അകന്നു പോയ്കൊണ്ടേയിരിക്കുന്നു.

ഒടുവില്‍ അഴിമതി ചെയ്യുന്നതോ അതു മൂടി വയ്ക്കുന്നതോ അല്ല, മറിച്ച് അതേ പറ്റി പരസ്യമായി അഭിപ്രായം പറയുന്നതാണ് പ്രശ്നം എന്നു പാര്‍ടി നേതൃത്വത്തെ കൊണ്ട് സമ്മതിപ്പിക്കാന്‍ വിജയനായിരിക്കുന്നു. എണ്‍പതുകളുടെ ഒടുവില്‍ ബോഫോഴ്സ് തോക്കിന്റെ മാതൃകയുണ്ടാക്കാന്‍ നാടു നീളെ നടന്നു കവുങ്ങു വെട്ടിയ ഡിവെഎഫ്ഐക്കാരെ ഓര്‍മയില്ലേ? രാജീവ് ഗാന്ധിയെ കള്ളനായി അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജീവ് ആ അഴിമതിയില്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയതായി അന്നുമിന്നും ആരെങ്കിലും പറയുന്നതായി അറിവില്ല. കരുണാകരന്റെ പാമോയില്‍ കേസില്‍ പോലും അങ്ങിനെ കണ്ടെത്തപ്പെട്ടിട്ടില്ല. അവിടെയൊന്നും കിട്ടാത്ത ദാക്ഷിണ്യം പിണറായി വിജയനു വേണം എന്നു കാരാട്ടും മറ്റു പോളിറ്റ് ബ്യൂറോ അംഗങ്ങളും ആവശ്യപ്പെടുന്നിടത്ത് എന്ത് യുക്തിയാണുള്ളത്?

അഴിമതിക്ക് കോണ്‍ഗ്രസ് അഴിമതി എന്നോ കമ്യൂണിസ്റ്റ് അഴിമതി എനോ വ്യത്യാസമുണ്ടോ? ലവാലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടാ എന്നു വാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നു ഹൈക്കോടതിയില്‍ ഇറക്കുമതി ചെയ്ത വമ്പന്‍ വക്കീലന്മാരുടെ വമ്പന്‍ ഫീസു കൊടുത്തത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. രാഷ്ട്രീയമായി നേരിടുമെന്നു പറയുന്നവര്‍ക്കു പിരിവെടുത്ത് ആ ഫീസു കൊടുക്കാനുള്ള നട്ടെല്ല് എന്തേ ഇല്ലാതെ പോയി? ധിക്കാരിയും താന്‍പ്രമാണിയും ജനവിരുദ്ധനുമായ, അനര്‍ഹനായ, ഒരാളുടെ കയ്യില്‍ കേരളത്തിലെ പാര്‍ടിയെ വച്ചു കൊടുത്ത പ്രകാശ് കരാട്ടിനു ചരിത്രം എന്താണു വിധിക്കുക? നമുക്കു കാത്തിരിക്കാം.

സി ബഷീര്‍ അഹമ്മദ്