
അതിന്റെ ശീതംപുരണ്ട, ഘനീഭൂതമായ
ആലിംഗനത്തിലേക്കു
ഞാന്‍ മടങ്ങിയെത്തുമെന്ന്
എന്റെ മുറിക്ക് തിട്ടമുണ്ട്.
അതിന്റെ ചുവരുകള്‍ മുറിച്ചു ഞാന്‍ എന്നും
തെരുവുകളിലേക്കിറങ്ങും. ഒരിക്കലെങ്കിലും
സ്വന്തം പേരു തിരിഞ്ഞുകിട്ടാനുള്ള ഒരു
തെളിവെങ്കിലും തടയുമെന്നെ പൂതിയില്‍.
കിളിക്കലമ്പലിന്റെ പൊരുളോര്‍മ്മിച്ചെടുക്കാനുള്ള
ഒരു സൂചനയെങ്കിലും പരതിപ്പിടിക്കാമെന്ന പടുതിയില്‍.
എന്നെ വെള്ളച്ചാട്ടത്തിനരികെ-
യെത്തിക്കുമെന്നു ഞാന്‍ നിനക്കുന്ന
ആ വഴിയും തേടി.
തെളിഞ്ഞവെള്ളത്തിന്‍
തണുത്ത ദര്‍പ്പണത്തില്‍
ഒന്നു നീട്ടിനോക്കണം,
മുഖം മറന്നേപോയി.
പകല്‍ എന്റെയുടലില്‍
സിഗരറ്റു കൊണ്ടു
എരിയുന്ന തുളകള്‍ കുത്തിയുണര്‍ത്തുമ്പോള്‍
എന്റെ വെളുമ്പന്‍ എല്ലുകളുടെ
ഉള്ളറകളില്‍ നിന്നും
പുക ശീല്‍ക്കാരത്തോടെ ഇഴഞ്ഞുയരുന്നു.
മുറിയില്‍, തറക്കുകീഴെ,
ഒരു ജലധാരയുടെ
സ്വനപേടകമുണ്ട്.
ഈ നഗരം ഒരു വലിയ കപ്പലാണ്.
നമ്മള്‍
കൈമോശം വന്ന പുല്‍മേടുകള്‍
തിരഞ്ഞു കരയുന്ന
അഭയാര്‍ഥികളും.
നവന്‍
മുംബെയില്‍ പത്രപ്രവര്‍ത്തകനാണ്. ഇംഗ്ലീഷിലും മലയാളത്തിലും കവിതകള്‍ എഴുതുന്നു.
