Jun 18, 2009

പേഴ്സ്യന്‍ പോസ്റ്റ് II: തെഹ്റാന്‍ കുറിപ്പുകള്‍

പെട്രോകെമിക്കല്‍ കണ്‍സല്‍റ്റന്റായി ജോലി നോക്കുന്ന ഞങ്ങളുടെ ഒരു സുഹൃത്തിന്റെ അച്ഛന്‍ ‍, അമിതാഭ് ബാഗ്ചി, ഈ ദിവസങ്ങളില്‍ ഇറേനിയന്‍ തലസ്ഥാനമായ തെഹ്റാനിലുണ്ട്. ഔദ്യോഗികാവശ്യത്തിനായി അദ്ദേഹം ജൂണ്‍ 12ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ഒരാഴ്ച മുമ്പേ ഇറാനിലെത്തിയിരുന്നു. വിവാദമായ തെരഞ്ഞെടുപ്പിനെക്കുറിച്ചും അതിനു ശേഷം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം തന്റെ മകള്‍ക്കയച്ച കുറിപ്പുകളാണ് ചുവടെ.

ജൂണ്‍ 12, വെള്ളി - പ്രചാരണ വേലിയേറ്റം

മാമോന്‍ ‍,

അടുത്തിടെ നടന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഓര്‍മ‍കള്‍ ഇനിയും മനസില്‍ നിന്നു മായതെ നില്‍ക്കുന്നതു കൊണ്ടാവം മറ്റൊരു രാജ്യത്തെ ഇലക്ഷന്‍ നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ അല്പം കൗതുകം തോന്നിയത്. ഫലം എന്താവും എന്നറിയാന്‍ വലിയ താല്പര്യമൊന്നു മുണ്ടായിരുന്നില്ലെങ്കിലും എങ്ങിനെയാണ് ഇറാന്‍ പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പു നടക്കുന്നതെന്നറിയാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു.തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പാണല്ലോ ഞാന്‍ ഇവിടെയെത്തിയത്. തലസ്ഥാന നഗരിയിലൂടെ താമസസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍, ഞാന്‍ തെരഞ്ഞെടുപ്പു പോസ്റ്ററുകളും, ചുമരെഴുത്തും, ബാനറുകളും മറ്റും ചുറ്റിനും തിരയുകയായിരുന്നു. പക്ഷേ നിരാശപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പെന്നല്ല, യാതൊന്നും ഇവിടെ നടക്കുന്നില്ല എന്ന മട്ടായിരുന്നു നഗരത്തിന്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും അതു തന്നെയായിരുന്നു അവസ്ഥ. ജോലിസ്ഥലത്തിനും ഹോട്ടലിനും ഇടയ്ക്കുള്ള ഹ്രസ്വയാത്രയില്‍ ഒരു പ്രധാന തെരഞ്ഞെടുപ്പു റാലി പോലും എനിക്കു കാണാനായില്ല. മുദ്രാവാക്യങ്ങളോ, വമ്പിച്ച പ്രകടനങ്ങളോ, എന്തിന്, അവേശം നിറഞ്ഞ ഒരു പ്രചാരണ പരിപാടി പോലുമോ ഇല്ലാത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അതെത്ര വിരസമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.

മൂന്നാം ദിവസം അതായിരുന്നില്ല സ്ഥിതി. ചെറുപ്പക്കാരനായ ഒരു ഇറേനിയന്‍ സഹപ്രവര്‍ത്തകന്‍ എന്നെ ആപ്പീസിനു പുറത്തേക്കു കൊണ്ടു പോയി നഗരമധ്യത്തില്‍ വന്നു നിറയുന്ന പച്ച റിബ്ബണ്‍ധാരികളെ കാണിച്ചു തന്നു. പ്രസിഡന്റ് (മൊഹമ്മദ്) അഹമ്മദിനെജാദിന്റെ പ്രധാന എതിരാളി (മിര്‍ ഹൊസൈന്‍) മൗസവിയുടെ അനുയായികളായിരുന്നു അവര്‍. വിവിധ നിറങ്ങളിലുള്ള റിബ്ബണുകള്‍ കെട്ടിയ വാഹനങ്ങളും വരുന്നുണ്ടായിരുന്നു. അവയുടെ വിന്‍ഡ് ഷീല്‍‍ഡില്‍ പ്രധാന സ്ഥാനാര്‍ത്ഥികളുടെ ചെറിയ പോസ്റ്ററുകളും എനിക്കു കാണാന്‍ കഴിഞ്ഞു. പോസ്റ്ററുകളെല്ലാം A4 വലിപ്പത്തിലുളളവയായിരുന്നു.

ഹോട്ടലില്‍ തിരിച്ചെത്തിയ ഞാന്‍ ഉടനെ തന്നെ റ്റെലിവിഷനിലേക്കു തിരിഞ്ഞെങ്കിലും ലോക്കല്‍ ചാനലുകള്‍ പ്രചാരണ ദൃശ്യങ്ങള്‍ പോലും നേരാംവണ്ണം സംപ്രേക്ഷണം ചെയ്യുന്നില്ലെന്നു കണ്ട് നിരാശപ്പെടേണ്ടി വന്നു. എനിക്കു ലോക്കല്‍ ഭാഷ (പേഴ്സ്യന്‍) അറിയില്ല എന്നത് വാര്‍ത്തകള്‍ അറിയുന്നതിനു മറ്റൊരു പോരായ്മയായി. പിന്നെയുള്ള ഒരു വഴി ഇറേനിയന്‍ സുഹൃത്തുക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയെന്നതാണ്. വളരെ ശ്രദ്ധാപൂര്‍വമാണ് അവര്‍ രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ എന്റെ താല്പര്യം മനസിലായപ്പോള്‍ ചര്‍ച്ചയുടെ ഗതി മാറി. ഞങ്ങളുടെ കൂട്ടത്തിലെ ചെറുപ്പക്കാര്‍ എല്ലാവരും തന്നെ ഭരണതലത്തില്‍ മാറ്റം വരണമെന്ന അഭിപ്രായക്കാരായിരുന്നു. മറ്റമുണ്ടാവും എന്ന പ്രതീക്ഷയുള്ളവരുമായിരുന്നു. പക്ഷെ മമോന്‍ , വളരെ കുറച്ചാളുകളുമായേ എനിക്കു ഇക്കാര്യങ്ങള്‍ സംസാരിക്കാനായുള്ളൂ എന്നു കൂടി ഓര്‍ക്കുമല്ലോ. അവരാകട്ടെ ഒരു പ്രത്യേക സാമ്പത്തിക വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു. മിക്കവാറും പേര്‍ ചെറുപ്പക്കാരായ എഞ്ചിനിയര്‍മാരായിരുന്നു

നാലാം ദിവസം ജോലിസ്ഥലത്തു നിന്നും തിരിച്ചു പോരവെയാണ് ഞങ്ങള്‍ ആദ്യമായി ഒരു വലിയ തെരഞ്ഞെടുപ്പു പ്രചാരണ റാലി കാണുന്നത്. കൂടെയുണ്ടായിരുന്നവരാണ് പറഞ്ഞത് അവര്‍ മൗസവിയുടെ അനുയായികളാണെന്ന്. എണ്ണമറ്റ കാറുകളും, ട്രക്കുകളും, ഇരുചക്രവാഹനങ്ങളുമെല്ലാം പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ചെറുപ്പക്കാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. ചില തെരുവു മൂലകളില്‍ അവര്‍ മൗസവിക്കനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ബാനറുകള്‍ വീശുകയും ചെയ്യുന്നതു കാണാം. നിരത്തിന്റെ ഇരു വശവും അവര്‍ മനുഷ്യചങ്ങല തീര്‍ത്ത് തിങ്ങി നിന്നിരുന്നു. നടുക്കുകൂടെ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പ്രകടനക്കാര്‍ക്കൊപ്പം വളരെ പതുക്കെയാണ് ഞങ്ങളുടെ കാറും നീങ്ങിയത്. പലയിടത്തും മുദ്രാവാക്യം മുഴക്കുന്ന ചെറുപ്പക്കാര്‍ തന്നെ ഞങ്ങള്‍ക്കു മുന്നോട്ടു പോകാനായി വഴിയൊരുക്കിതന്നു. അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി!

ഒടുവില്‍ 45 മിനറ്റിന്റെ യാത്രക്കു ശേഷം ഞങ്ങള്‍ താമസസ്ഥലത്തെത്തി. സാധാരണ 15 മിനറ്റാണ് ആപ്പീസില്‍ നിന്നും ഹോട്ടലിലേക്കെടുക്കാറ്. പുറത്തെന്തു നടക്കുന്നുവെന്ന ആകാംക്ഷ സഹിക്കാന്‍ വയ്യാതെ രത്രി 10 മണിയോടെ ഞാന്‍ നിരത്തിലിറങ്ങി നോക്കി. വാഹനറാലി അപ്പോഴും തുടരുന്നുണ്ടായിരുന്നു. ജനക്കൂട്ടം തെരുവിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്നു. ആ പ്രചാരണ രീതിയോടും, പ്രകടനക്കാരുടെ സൗഹൃദം നിറഞ്ഞ പെരുമാറ്റത്തോടും എനിക്ക് എന്തെന്നില്ലാത്ത മതിപ്പു തോന്നി. അത്തരമൊരനുഭവം ആദ്യമായിരുന്നു.

ജൂണ്‍ 13, ശനി - ക്ഷോഭിക്കുന്ന നഗരത്തിലൂടെ

ഇന്നിവിടെ ഓഫീസില്‍ ആരും പണിയെടുക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല. തെരഞ്ഞെടുപ്പുഫലത്തില്‍ സന്തോഷിക്കുന്ന ഒരാളെ പോലും ഞാനിവിടെ കണ്ടില്ല. "ഇതു വഞ്ചനയാണെന്നുറപ്പ്," എന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടി രോഷത്തോടെ പറയുന്നു. രാവിലത്തെ മീറ്റിങ്ങില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കു പകരം തെരഞ്ഞെടുപ്പുഫലമായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്. ഉച്ചയ്ക്കു രണ്ടു മണിയോടെ അഹമ്മദിനെജാദ് ജയിച്ചെന്നു ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടായി. എല്ലാവരുടെ മുഖത്തും നിരാശ നിഴലിച്ചിരുന്നു. മാറ്റത്തിനനുകൂലമായുള്ള ജനവികാരം ശക്തമായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. മൗസവി വിജയിക്കുമെന്നു അവര്‍ക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നുവത്രെ. മീറ്റിംഗ് എനിക്കു പകുതിക്കു വച്ചു നിര്‍ത്തേണ്ടി വന്നു. പതിവു പോലെ, ഞാന്‍ റ്റാക്സിയില്‍ താമസസ്ഥലത്തേക്കു തിരിച്ചു. എന്നാല്‍ 100 മീറ്ററിനപ്പുറത്തേക്കു ഞങ്ങള്‍ക്കു നീങ്ങാനായില്ല.തെരഞ്ഞെടുപ്പുഫലത്തിനെതിരായി തെരുവില്‍ അപ്പ്പോഴേക്കും വന്‍ പ്രകടനം ആരംഭിച്ചിരുന്നു. ഒരു വാഹനം പോലും മുന്നോട്ടു നീങ്ങുന്നില്ല. മറ്റൊരു നിരത്തു വഴി ഡ്രൈവര്‍ ഞങ്ങളെ ആപ്പീസില്‍ തിരിച്ചെത്തിച്ചു. ഹോട്ടലിലെക്കു നടന്നു പോകാം എന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ പൊലീസിന്റെ കണ്ണില്‍ പെട്ടാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകുമെന്നു ആപ്പീസിലുള്ളവര്‍ മുന്നറിയിപ്പു തന്നു. നഗരത്തില്‍ വന്‍ പ്രകടനം നടക്കുകയാണെന്നും ഒരു വാഹനവും ലഭിക്കില്ലെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. മുപ്പതു മിനറ്റു കാത്തിരുന്നതിനു ശേഷം, ഇന്നു പുറത്തെ സാഹചര്യത്തില്‍ കാര്യമായ മറ്റമൊന്നുമുണ്ടാവില്ല എന്നുറപ്പായപ്പോള്‍ ഞങ്ങള്‍ നടന്നു പോകാന്‍ തന്നെയൊരുങ്ങി. ഞങ്ങളെ ഒറ്റക്കു വിടാനുള്ള ധൈര്യമില്ലാതിരുന്ന ആപ്പീസിലെ സുഹൃത്തുക്കള്‍ രണ്ടു ഇറാന്‍കാരെ ഞങ്ങളോടൊപ്പമയച്ചു.

താമസസ്ഥലത്തേക്കുള്ള വഴി ചെറിയൊരു കയറ്റമായിരുന്നു. കൂടെയുണ്ടായിരുന്ന തദ്ദേശീയര്‍ അധികം പ്രശ്നങ്ങളില്ലാത്ത നിരത്തുകളിലൂടെ ഞങ്ങളെ മുന്നോട്ടു നയിച്ചു. ചില സ്ഥലങ്ങളിലെത്തിയപ്പോള്‍, പലരും തലങ്ങും വിലങ്ങും ഓടുന്നതു കണ്ട് ഞങ്ങള്‍ക്കും ഓടേണ്ടി വന്നു. പല സ്ഥലങ്ങളില്‍ നിന്നും പുകയുടെ വലിയ കൂണുകള്‍ ഉയരുന്നത് ഞങ്ങള്‍ക്കു കാണാമായിരുന്നു. തൊണ്ടയില്‍ അസ്വസ്ഥതയും കണ്ണുകളില്‍ എരിവും പടര്‍ന്നു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു മനസിലായി അധികം ദൂരെയല്ലാതെ കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന്. പോകും വഴി പലയിടങ്ങളിലും ചവറുകൂനകള്‍ ആളിക്കത്തുന്നതും കാണാമായിരുന്നു.

ഒടുവില്‍, അസ്വസ്ഥത ആളിപ്പടരുന്ന ഒരു നഗരത്തിലൂടെ കാല്‍നടയായി സഞ്ചരിച്ചു വളരെ ദൂരത്തു നിന്നും ഹോട്ടല്‍ കാണാവുന്ന അത്രയും അടുത്തെര്‍ത്തി ഞങ്ങള്‍. അതിനു മുന്നിലുള്ള നിരത്തു മുഴുവന്‍ ആരെയോ നേരിടാനെന്നവണ്ണം നിലയുറപ്പിച്ചിരിക്കുന്ന പൊലീസുകാരായിരുന്നു. അവസാനം ഒരു വിധേന ഞങ്ങള്‍ ഹോട്ടലില്‍ കയറി പറ്റി. കെട്ടിടത്തിനു മുന്നില്‍ രണ്ടിടങ്ങളില്‍ തീ ആളിപ്പടരുന്നുണ്ടായിരുന്നു. സഹപ്രവര്‍ത്തകന്‍ ലൂക്കിനോട് കഴിയുമെങ്കില്‍ അതിന്റെ ഏതാനും ചിത്രങ്ങള്‍ എടുക്കാനും ഇമെയില്‍ വഴി അയച്ചു തരാനും ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹോട്ടല്‍ മുറിയിലാണ്. പുറത്ത് എന്താണെന്നു നടക്കുന്നതെന്നറിയാന്‍ ഇനി റ്റിവിയെ ആശ്രയിക്കണം.

ജൂണ്‍ 14 ഞായര്‍ - രോഷവും നിരാശയും

ഇന്നലെ അഹമ്മദിനെജാദ് റ്റിവിയില്‍ പ്രത്യക്ഷപ്പെട്ട് ഇന്നു വിജയ പ്രകടനം നടത്താന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ നഗരത്തിലെ എല്ലാ ആപ്പീസുകളും കടകളും ഇന്നു നേരത്തേ അടച്ചു. ഞങ്ങളും 2.30-ഓടെ ജോലി അവസാനിപ്പിച്ചു. വാഹനസൗകര്യം ലഭ്യമല്ലാതിരുന്നതിനാല്‍ ഇന്നും ഹോട്ടലിലേക്കു നടന്നു പോകേണ്ടി വന്നു. പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണ്‍ സര്‍വീസും മറ്റു വാര്‍ത്ത വിനിമയോപാധികളും നിന്നു പോയിരിക്കുന്നുവെന്ന് ഞാന്‍ സുഹൃത്തുക്കളില്‍ നിന്നറിഞ്ഞു. ഹോട്ടലില്‍ കുറേ നേരത്തേക്കു ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിരുന്നില്ല. ഇപ്പോള്‍ കണക്ഷന്‍ കിട്ടിയെങ്കിലും‍ നെറ്റിന്റെ വേഗത വളരെ കുറവാണ്. ഞാനിന്ന് ഇവിടെ കണ്ടു മുട്ടിയ എല്ലവരും ദുഖിതരായിരുന്നു. ഹോട്ടലിലെ ഇന്റര്‍നെറ്റ് സര്‍ഫിംഗ് പോലും സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. ഇവിടുത്തെ സാഹചര്യത്തിന്റെ ഒരു ഏകദേശ രൂപം അതില്‍ നിന്നു തന്നെ മനസിലാക്കാമല്ലോ. ശേഷം പിന്നീട്.

എന്ന്
ബാബ

ജൂണ്‍ 15 തിങ്കളാഴ്ച വിപ്ലവാനന്തര ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനത്തിനു തെഹ്റാന്‍ നഗരം സാക്ഷ്യം വഹിച്ചു. അന്നു ബാബയില്‍ നിന്നും കത്തൊന്നും ലഭിച്ചില്ലെന്നു ഞങ്ങളുടെ സുഹൃത്ത്‌ പറയുന്നു. ചൊവ്വാഴ്ച ഒരു ചെറിയ മെയില്‍ വന്നു. നഗരം മുഴുവന്‍ പൊലീസ് കാവലാണെന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ വളരെ വിരളമായേ പ്രവര്‍ത്തിക്കുന്നുവുള്ളൂവെന്നും ആ മെയില്‍ പറയുന്നു. അന്നു മുഴുവന്‍ തെരുവില്‍ ചെറിയ പ്രതിഷേധ റാലികള്‍ നടക്കുന്നുണ്ടായിരുന്നുവെന്നും ലോക്കല്‍ ചാനലുകള്‍ അവയിലൊന്നു പൊലും റിപ്പോര്‍ട്ടു ചെയ്യുന്നില്ലെന്നും ആ കുറിപ്പില്‍ പറയുന്നു.

അമിതാഭ് ബാഗ്ചി ഇപ്പോഴും തെഹ്റാനിലുണ്ട്.