Jun 24, 2009

ഡബ്ല്യുടിഒ: ഇന്ത്യ അയയുന്നു?

കഴിഞ്ഞ മേയ് 27ന്, പുതിയ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യപിക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പ്, ആരായിരിക്കും ഇന്ത്യയുടെ പുതിയ വാണിജ്യ മന്ത്രിയെന്നറിയാന്‍ അതിയായ താല്പര്യമുണ്ടെന്ന് ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തലവന്‍ പാസ്കല്‍ ലാമി ജനീവയില്‍ വച്ചു പറയുകയുണ്ടായി. ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ വാണിജ്യമന്ത്രിയായിരുന്ന കമല്‍ നാഥ് തല്‍സ്ഥാനത്ത് തുടരില്ലെന്ന് ജനീവയിലിരുന്ന ലാമി ശരിയായി ഊഹിച്ചുവോ എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ ഡബ്ല്യുടിഒയിലെ വരേണ്യവിഭാഗത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പമുയരാന്‍ ലഭിച്ച ഒരവസരം ഇന്ത്യന്‍ പ്രധാനമന്ത്രി പാഴാക്കിയില്ലെന്നു വേണം പറയാന്‍ . മേയ് 28 രാത്രി ദില്ലിയില്‍ വകുപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, പലരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കമല്‍ നാഥ് വാണിജ്യ മന്ത്രാലയത്തിനു പുറത്ത്! പകരം അകത്തെത്തിയതോ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ സഹമന്ത്രിയായിരുന്ന ആനന്ദ് ശര്‍മയും.

മന്‍മോഹന്‍ സിംഗ് പ്രതിനിധാനം ചെയ്യുന്ന നവലിബറല്‍ മുതലാളിത്തത്തോട് ആശയപരമായി എതിര്‍പ്പുള്ള ആളൊന്നുമല്ല കമല്‍ നാഥ്. ഇന്ത്യയിലെ കോര്‍പറേറ്റ് ലോബിക്ക് പ്രിയപ്പെട്ട മുഖം തന്നെയാണ് അദ്ദേഹത്തിന്റേതും. 1984ലെ സിഖ് വിരുദ്ധകലാപത്തില്‍ കുറ്റാരോപിതനായപ്പോള്‍ പോലും കോണ്‍ഗ്രസിന്റെ അരുമയായിരുന്ന ഈ പഴയ ഡൂണ്‍ വിദ്യാര്‍ഥി എങ്ങിനെയാണ് പ്രധാന മന്ത്രിക്കും പടിഞ്ഞാറുള്ള ലിബറല്‍ ലോബിക്കും ഒരേ പോലെ അപ്രിയനായത്? ഇതിനുത്തരം തേടി തല പുകക്കേണ്ട കാര്യമൊന്നുമില്ല. ഡബ്ല്യുടിഒയുടെ ദോഹ റൗണ്ട് വാണിജ്യ ചര്‍ച്ചയില്‍ ഇന്ത്യയെ നയിച്ച കമല്‍ നാഥ് കഴിഞ്ഞ ജൂലായില്‍ ചര്‍ച്ച പരാജയപ്പെട്ടതിന്റെ പഴി മുഴുവന്‍ കേള്‍ക്കേണ്ടി വന്നവനാണ്. നയപരമായ ഏതാനും കാര്യങ്ങളില്‍ ഇന്ത്യ "കടുംപിടുത്തം" പിടിച്ചതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നാണ് സമ്പന്ന രാഷ്ട്രങ്ങളുടെ ഭാഷ്യം.

കമല്‍ നാഥിന്റെ 'കടുംപിടുത്തം'

2001ല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന ഡബ്ല്യുടിഒ മന്ത്രിതല യോഗം അവതരിപ്പിച്ച നിര്‍ദേശങ്ങളാണ് പിന്നീട് ദോഹ നിര്‍ദേശങ്ങളായി അറിയപ്പെട്ടത്. നിലവില്‍ പല രാജ്യങ്ങളിലുമുള്ള കച്ചവട നിയന്ത്രണങ്ങള്‍ നീക്കി അന്തര്‍ദേശീയ വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് ദോഹ ഡെവലപ്മെന്റ് അജന്‍ഡയുടെ പ്രധാന ലക്ഷ്യം. ആഗോള വിപണി വിപുലീകരിക്കുക, കയറ്റുമതി ഉല്പന്നങ്ങളില്‍ മേലുള്ള സബ്സിഡിയും ഇറക്കുമതിയിന്മേലുള്ള തീരുവയും പതുക്കെ കുറച്ചുകൊണ്ട് വന്നു ഒടുവില്‍ പൂര്‍ണമായും ഇല്ലാതാക്കുക, ആഭ്യന്തര വ്യാപരത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കുറയ്ക്കുക എന്നിവയാണ് ആ ലക്ഷ്യം നേടുന്നതിനായി ദോഹ യോഗം മുന്നോട്ടു വച്ച പ്രധാന നിര്‍ദേശങ്ങള്‍. 2001നു ശേഷം രണ്ടു ഡബ്ല്യുടിഒ മന്ത്രിതല യോഗങ്ങളും (കാന്‍കണ്‍ 2003, ഹോങ്കോങ് 2005), നിരവധി അനുബന്ധ സമ്മേളനങ്ങളും (ജനീവ 2004, 2006, 2008; പാരീസ് 2005, പോട്സ്ഡാം 2007) നടന്നെങ്കിലും പല വിഷയങ്ങളിലും അഭിപ്രായ സമന്വയത്തിലെത്തിച്ചേരാന്‍ ലോകരാജ്യങ്ങള്‍ക്കായില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചര്‍ച്ച എങ്ങുമെത്താതെ കൂപ്പുകുത്താനുള്ള പ്രധാന കാരണം വികസ്വര രാജ്യങ്ങളുടെ പ്രത്യേക സംരക്ഷണാവകാശത്തെ (Special Safeguard Mechanism - എസ്എസ്എം ) ചൊല്ലിയുള്ള തര്‍ക്കമായിരുന്നു - പ്രത്യേകിച്ചും ഇന്ത്യയും അമേരിക്കയും തമ്മില്‍. കാര്‍ഷികോല്പന്നങ്ങള്‍ക്കു വിലത്തകര്‍ച്ചയുണ്ടാകുമ്പോഴോ, അവയുടെ ഇറക്കുമതി ക്രമാതീതമായി വര്‍ധിക്കുമ്പോഴോ, സ്വന്തം രാജ്യങ്ങളിലെ ദരിദ്രകര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി ഇറക്കുമതിയിന്മേല്‍ പ്രത്യേക തീരുവ ചൊലുത്താന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്കു അധികാരം നല്‍കുന്ന സംവിധാനമാണ് എസ്എസ്എം. ഇറക്കുമതി 40 ശതമാനത്തില്‍ അധികമായാല്‍ മത്രമേ പ്രത്യേക നികുതി ചുമത്താവൂ എന്നായിരുന്നു ജനീവ ചര്‍ച്ചയില്‍ അമേരിക്കയുടേയും മറ്റു വ്യവസായവത്കൃത രാഷ്ട്രങ്ങളുടേയും നിലപാട്. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന കാര്‍ഷിക സബ്സിഡി നിലനില്‍ക്കുമ്പോള്‍ എസ്എസ്എം പരിധി 10 ശതമാനത്തേക്കാള്‍ കൂടിയാല്‍ അതു ഇന്ത്യയുടെ കാര്‍ഷികവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് കമല്‍ നാഥും സംഘവും വാദിച്ചു. സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ അമേരിക്കയും, യൂറോപ്പും, ജപ്പാനുമടങ്ങുന്ന സമ്പന്ന ലോബി തയ്യാറാവാതായപ്പോള്‍ എസ്എസ്എമ്മിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇന്ത്യയും ചൈനയും വിസമ്മതിച്ചു, ഫലമോ, ജനീവ ചര്‍ച്ചയുടെ പരാജയവും.

ഇന്ത്യ മലക്കം മറിയുന്നു?

ദോഹ ചര്‍ച്ചയുടെ മുന്നോട്ടു പോക്കില്‍ പ്രധാന തടസമായി നിന്നിരുന്നുവെന്നു ലിബറല്‍ ലോബി കുറ്റപ്പെടുത്തിയ കമല്‍ നാഥിനെ വ്യവസായ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ മന്‍മോഹന്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ മന്ത്രിസഭാരൂപീകരണത്തില്‍ അതാണ് സാധ്യമായിരിക്കുന്നത്. പുതിയ വ്യവസായ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ആനന്ദ് ശര്‍മ ആദ്യം നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്‍ ദോഹ റൗണ്ട് ചര്‍ച്ച പുനരാരംഭിക്കാന്‍ നടപടിയെടുക്കുമെന്നാണ്. തുടര്‍ന്ന് അദ്ദേഹം ഈ വിഷയത്തെപറ്റി നടത്തിയിട്ടുള്ള പ്രസ്താവനകളും, ഇതില്‍ കാണിക്കുന്ന അമിത താല്പര്യവും മുഖവിലയ്ക്കെടുത്താല്‍ ഇന്ത്യയുടെ മുന്‍നിലപാടില്‍ അയവു വരുന്നതായി കാണാം. അധികാരമേറ്റെടുത്ത് ഒരു മാസം തികയുന്നതിനു മുമ്പേ ചര്‍ച്ചകള്‍ക്കു തുടക്കമിടാനായി മന്ത്രി അമേരിക്കയിലേക്കു പറന്നു. ജൂണ്‍ 23ന് 'ഫൈനാന്‍ഷ്യല്‍ റ്റൈംസിനു നല്‍കിയ അഭിമുഖത്തില്‍, ദോഹ റൗണ്ടിനോടുള്ള ഇന്ത്യയുടെ 'പ്രതിബദ്ധത' ശര്‍മ ആവര്‍ത്തിച്ചുറപ്പിച്ചു. വ്യവസായ കാര്‍ഷിക മേഖലകളിലെ ഉദാരവത്കരണം ത്വരിതപ്പെടുത്താനായി ഡബ്ല്യുടിഒ 2008 ഡിസംബറില്‍ മുന്നോട്ടു വച്ച രണ്ടു കരടു രേഖകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച വീണ്ടും തുടങ്ങാനാവും എന്നാണ് ശര്‍മ പറഞ്ഞത്.

എന്തിനാണ് ഈ മലക്കം മറിച്ചില്‍? ജൂണ്‍ 20ലെ 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലി' എഡിറ്റോറിയല്‍ ചോദിച്ചതു പോലെ ഈ നിലപാടു മാറ്റത്തില്‍ നിന്നു എന്തു നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്? ജനീവ ചര്‍ച്ചയില്‍ ചൈനയേയും, ബ്രസീലിനേയും, ദക്ഷിണാഫ്രിക്കയേയും കൂടെ നിര്‍ത്താന്‍‍ ഇന്ത്യക്കായി. തങ്ങളുടെ നിലപാടിന് നൂറിലധികം രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നാണ് കമല്‍ നാഥും സംഘവും അന്നവകാശപ്പെട്ടത്. ഇന്നു, സമ്പന്നരാജ്യങ്ങളില്‍ നിന്ന് പുതിയ വാഗ്ദാനങ്ങളൊന്നും - സബ്സിഡിയുടെ കാര്യത്തില്‍ പോലും - ലഭിച്ചിട്ടില്ലെങ്കിലും ദോഹ ചര്‍ച്ച പുനരാരംഭിക്കണം എന്ന നിലപാട് ഇന്ത്യയെടുക്കുമ്പോള്‍ ജനീവയില്‍ തങ്ങളുടെ കൂടെ നിന്ന ദരിദ്രരാജ്യങ്ങളോട് എന്താണ് മന്‍മോഹന്‍ സിംഗിനും ആനന്ദ് ശര്‍മക്കും പറയാനുള്ളത്?

2009 നവംബറില്‍ ചേരാനിരിക്കുന്ന അടുത്ത ഡബ്ല്യുടിഒ മന്ത്രിതല യോഗത്തിനു മുമ്പായി ദോഹ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് അമേരിക്കയുടെയും മറ്റു സമ്പന്ന രാജ്യങ്ങളുടേയും ആവശ്യം.അതിനായി വികസ്വര രാജ്യങ്ങളെ നയിക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും ബ്രസീലിന്റേയും പിന്തുണ വേണം. ബ്രസീല്‍ തങ്ങളുടെ മുന്‍ നിലപാടില്‍ ഇപ്പോള്‍ തന്നെ അയവു വരുത്തിയ മട്ടാണ്. വിട്ടുവീഴ്ചകള്‍ക്കു തയ്യാറായാലും ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോണം എന്ന നിലപാടാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയുടേത്. ഇന്ത്യ കൂടി നിലപാടു മാറ്റിയാല്‍ ഡബ്ല്യുടിഒയിലെ വരേണ്യ ലോബിക്ക് അതു വന്‍ നേട്ടമാകും.

വരുന്ന സെപ്റ്റംബറില്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി-20 യോഗത്തിനു മുമ്പായി ഒരു വ്യാപാര മന്ത്രിതല സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ താത്പര്യമുണ്ടെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആ യോഗത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ദോഹ ചര്‍ച്ചകളോടുള്ള അതിന്റെ പുതിയ നയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം തങ്ങളോടൊപ്പം നിന്ന വികസ്വര രാജ്യങ്ങളെയെല്ലാം പിണക്കി പടിഞ്ഞാറൊരുങ്ങുന്ന കെണിയിലേക്കു ഇന്ത്യയിലെ ദരിദ്ര കര്‍ഷകരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളി വിടുമോ എന്നാണ് അറിയേണ്ടത്. അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ ഇക്കാരണങ്ങള്‍ തന്നെ ധാരാളമാണ്.

എംജെഎസ്