വരുണ്‍ ഗാന്ധി
പിലിഭിത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ വരുണ്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം മതി ഭാരതീയ ജനതാ പാര്‍ടി (ബിജെപി) എന്ന തീവ്ര ഹിന്ദു വലതുപക്ഷ സംഘത്തിന്റെ രാഷ്ട്രീയം മനസിലാക്കാന്‍. ന്യൂനപക്ഷത്തിന്റെ രക്തത്തിനു വേണ്ടി ഇതു പോലെ പരസ്യമായി മുറവിളി കൂട്ടുന്ന ഒരു വര്‍ഗീയവാദിക്ക് ബിജെപിയല്ലാതെ ഇന്ത്യയിലെ മറ്റേതു രാഷ്ട്രീയ പാര്‍ടിയാണ് അഭയം നല്‍കുക? ഗുജറാത്ത് വംശഹത്യക്കു ചുക്കാന്‍ പിടിച്ച നരേന്ദ്ര മോഡിയെ ഭാവി ഇന്ത്യന്‍ പ്രധാന മന്ത്രിയായി കാണുന്ന ഒരു പാര്‍ടിക്ക് വരുണ്‍ ഗാന്ധിമാരെ കൈയൊഴിയാനവില്ലെന്നു മനസിലാക്കാന്‍ സാമാന്യ യുക്തി മതി. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇറ്റാവ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ വരുണ്‍ ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. യുപിയിലെ പിലിഭിത്തില്‍ നിന്ന് മത്സരിക്കുകയും രണ്ടു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ, വരുണിനെ രണ്ടാം നരേന്ദ്ര മോഡിയായി ഉയര്‍ത്തി കാണിച്ച ബിജെപിക്ക് അഖിലേന്ത്യാ തലത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നാണം കെട്ട പരാജയമേറ്റു വാങ്ങേണ്ടി വന്നു. ഇതു തുടര്‍ച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലാണ് ഹിന്ദു തീവ്രവാദികള്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ അജന്‍ഡ പൂര്‍ണമായും തിരസ്കരിക്കപ്പെടുന്നത്. 2004ല്‍ അധികാരത്തില്‍ വരുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്ന ബിജെപി കോണ്‍ഗ്രസിനു പിന്നില്‍ രണ്ടാം സ്ഥാനത്തൊതുങ്ങിയപ്പോള്‍, അഞ്ചു വര്‍ഷത്തെ പ്രതിപക്ഷ വാസത്തിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പു നേരിട്ട ഹിന്ദുത്വ പാര്‍ടിക്ക് 20ലധികം സീറ്റുകള്‍ കൂടി നഷ്ടപ്പെടുന്നതാണ് നാം കണ്ടത്. എന്താണ് ഈ പരാജയങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന സന്ദേശം? ബിജെപി ഇതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ സാധ്യതയുണ്ടോ?
ഭാരതീയ ജനങ്ങളുപേക്ഷിച്ച പാര്‍ടി
അടല്‍ ബിഹാരി വാജ്പായിയുടെ ആറു വര്‍ഷം നീണ്ടു നിന്ന കിരാത കോര്‍പറേറ്റ് ഭരണത്തിനു ശേഷം ഒരു ബിജെപിയിതര സര്‍ക്കാര്‍ മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനില്പിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. വാജ്പായി സര്‍ക്കാരിന്റെ മുഖമുദ്രയായി എടുത്തു കാണിക്കാവുന്നത് രണ്ടു കാര്യങ്ങളാണ് - കോര്‍പറേറ്റ് മുതലാളിത്തത്തിനുള്ള ദാസ്യ വൃത്തിയും വര്‍ഗീയശക്തികള്‍ക്കുള്ള പ്രോത്സാഹനവും. ഈ നിലപാടാണ് 2004ല്‍ തള്ളിക്കളയപ്പെട്ടതെന്ന് ഇന്ത്യയില്‍ വിവരമുള്ള രാഷ്ട്രീയനിരീക്ഷകരെല്ലാം എഴുതിയിട്ടും ആര്‍എസ്എസ് നടത്തിയ കണ്ടെത്തല്‍ അതിവിചിത്രമായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിചലന(?)മാണ് പരാജയകാരണമെന്ന് പരിവാര്‍ യജമാനന്മാര്‍ ഉദ്ഘോഷിച്ചു. അയോധ്യയിലെ പള്ളി പൊളിക്കാനായി ആയ കാലത്ത് എല്ലു മുറിയെ രഥയാത്ര നടത്തിയിട്ടുള്ള വൃദ്ധനായ് അദ്വാനിയെ ബിജെപി പ്രസിഡന്റായി തിരികെ കൊണ്ടു വരികയാണ് ആര്‍എസ്എസ് ചെയ്തത്. 2005 ജൂണില്‍ പാകിസ്താനില്‍ പോയി മുഹമ്മദലി ജിന്ന മതേതരവാദിയാണെന്ന് പ്രസംഗിച്ചതിനു ശേഷമാണ് അദ്വാനി സംഘപരിവാരത്തിന് അല്പമെങ്കിലും അനഭിമതനായതെന്നോര്‍ക്കുക. അതേ വര്‍ഷം ഡിസംബറിലാണ് തീവ്രവാദം ശക്തിപ്പെടുത്തുന്നതിനായി രാജ്നാഥ് സിംഗിനെ കേന്ദ്ര നേത്രുത്വത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ആര്‍എസ്എസ് തലവന്‍ സുദര്‍ശന്റെ നേരിട്ടുള്ള നോമിനിയായിരുന്നു മുന്‍ യുപി മുഖ്യമന്ത്രിയായിരുന്ന രാജ്നാഥ് സിംഗ്. പാര്‍ടി നേതൃത്വം 'ചെറുപ്പക്കാരുടെ' കൈയിലേല്‍പ്പിച്ച് വര്‍ഗീയ വികാരം ആളിക്കത്തിച്ചാല്‍ (തൊണ്ണൂറുകളിലെ തന്ത്രം) നേട്ടമുണ്ടാക്കാന്‍ കഴിയും എന്നായിരുന്നു സുദര്‍ശനാദികളുടെ കണക്കുകൂട്ടല്‍. രാജ്നാഥ് അവരുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല എന്നു പറയാനൊക്കില്ല. നാണ്യപെരുപ്പം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, കൂട്ടതൊഴില്‍ നഷ്ടം എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും, ബിജെപിക്കു പ്രിയം സ്ഥിരം അതിവൈകാരിക വിഷയങ്ങളായിരുന്നു. മന്മോഹന്‍ സിംഗ് ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന പ്രചാരണം ഭരണകൂടത്തിനു വേണ്ടത് മാച്ചോ ഏകാധിപതിമാരെയാണെന്ന ഫാഷിസ്റ്റ് വാദത്തിന്റെ തുടര്‍ച്ച മാത്രമാണ്. എന്നാല്‍ അത്തരമൊരു ഫാഷിസ്റ്റ് പുരുഷപ്രതീകമായി കിഴവനും ദുര്‍ബലനുമായ അദ്വാനിയെ ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമം മൃദു ഹിന്ദുത്വത്തോടു യോജിപ്പുള്ള മധ്യവര്‍ഗത്തിനിടയില്‍ പോലും ഫലം കണ്ടില്ല്ല. കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്ന് മസൂദ് അസ്ഹര്‍ എന്ന കൊടുംഭീകരനെ വിട്ടയച്ച ഒരു ആഭ്യന്തര മന്ത്രിയാണ് ഭീകരാക്രമണങ്ങളുടെ പേരില്‍ മന്മോഹനെ ദുര്‍ബലനെന്നു വിളിക്കുന്നത് എന്നതിലെ വൈരുധ്യം ബിജെപിയെ തന്നെ വേട്ടയാടി.
ഇടതുപക്ഷ സമ്മര്‍ദത്തോടെയാണെങ്കിലും യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യക്ഷേമ നടപടികള്‍ - ദേശീയതൊഴിലുറപ്പു പദ്ധതി, കര്‍ഷക കടാശ്വാസം, വനനിയമം തുടങ്ങിയവ - ഗ്രാമീണ ഇന്ത്യയില്‍ കോണ്‍ഗ്രസിന് അനുകൂലമായ വികാരം സ്രുഷ്ടിച്ചപ്പോള്‍ ആ പാവപ്പെട്ട ദരിദ്രനാരാനണന്‍മാരുടെ രാഷ്ട്രീയഭിലാഷങ്ങള്‍ മനസിലാക്കുന്നതില്‍ തീവ്രവാദപാര്‍ടി ഒരിക്കല്‍കൂടി പരാജയപ്പെടുകയാണു ചെയ്തത്. പകരം മറ്റു സംഘപരിവാര സംഘടനകളുടെ സഹായത്തോടെ ബിജെപി മുന്നോട്ടു വച്ച വര്‍ഗീയനിലപാടുകള്‍ക്കൊന്നും പഴയ പോലെ അലകളൊന്നും ഉണ്ടാക്കാനായില്ല. ഭീകരാക്രമണങ്ങള്‍ നടന്ന നഗരങ്ങളില്‍ പോലും ബിജെപി നേട്ടമുണ്ടാക്കിയില്ലെന്ന് ശ്രദ്ധിക്കുക. ദില്ലിയിലെ ഏഴു സീറ്റിലും ജയിച്ചത് കോണ്‍ഗ്രസാണ്. നവംബര്‍ 27ലെ ബോംബെ ആക്രമണത്തിന്റെ പേരില്‍ ഏറെ മുതലെടുപ്പു രാഷ്ട്രീയം കളിച്ച ബിജെപിക്ക് സംഭവം നടന്ന ദക്ഷിണ മുംബൈയില്‍ പൊലും ജയിക്കാനായില്ല. ജയ്പൂര്‍ സ്ഫോടനത്തെ രാഷ്ട്രീയവത്കരിക്കാന്‍ പണിപ്പെട്ട പരിവാരങ്ങള്‍ക്ക് രാജസ്ഥാനില്‍ നിന്നു കിട്ടിയത് 25ല്‍ നാലു സീറ്റു മാത്രമാണ്. തീവ്രഹിന്ദുത്വ വാദികളുടെ അഭിനവരാമനായ നരേന്ദ്ര മോഡി നയിക്കുന്ന ഗുജറാത്ത് തൂത്തുവാരുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് 26ല്‍ 15 സീറ്റു കൊണ്ട് ത്രുപ്തിപ്പെടേണ്ടി വന്നു. ഒറീസയിലെ കാന്ധമാലില്‍ നിരാലംബരായ ദലിത്-ആദിവാസി ക്രൈസ്തവരെ 2008ല്‍ മാസങ്ങളോളം വേട്ടയാടിയ പരിവാരത്തിന് അവിടെ നിന്നു ഒരു സീറ്റു പോലും ലഭിച്ചില്ലെന്നോര്‍ക്കുക. പതിനൊന്നാം മണിക്കൂറില്‍ ബിജെപിയുമായി ബന്ധം വിച്ഛേദിച്ച നവീന്‍ പട്നായിക്കിന്റെ ബിജു ജനദാദള്‍ (ബിജെഡി) ഒറീസ തൂത്തുവാരുകയാണ് ചെയ്തത്. ബിജെപിയുടെ വടക്കേയിന്ത്യന്‍ കോട്ടകളിലൊന്നായി കരുതപ്പെട്ടിരുന്ന മധ്യപ്രദേശില്‍ 29ല്‍ 12 സീറ്റു നേടിയ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വച്ചപ്പോള്‍, ഉത്തര്‍ പ്രദേശില്‍ 10 സീറ്റു നേടിയ ബിജെപി നാലാം സ്ഥാനത്തൊടുങ്ങി. എടുത്തു പറയത്തക്ക നേട്ടമുണ്ടാക്കിയ രണ്ടു സംസ്ഥാനങ്ങള്‍ ബീഹാറും കര്‍ണാടകയും മാത്രമാണ്. അതില്‍ ബീഹാറിലെ വിജയത്തിന്റെ ബഹുമതി നിതീഷ് കുമാറിന് അവകാശപ്പെട്ടതും.
മോഡിയില്‍ നിന്ന് വരുണിലേക്ക്
2004ല്‍ നിന്ന് 2009ലെത്തുമ്പോള്‍ ബിജെപി സഞ്ചരിച്ചത് നരേന്ദ്ര മോഡിയില്‍ നിന്ന് വരുണ്‍ ഗാന്ധിയിലേക്കുള്ള ദൂരം മാത്രമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഒരു ദേശീയ പാര്‍ടിയെന്ന നിലയില്‍ ബിജെപി എത്രമാത്രം പരാജയമാണെന്ന് വ്യക്തമായ അഞ്ചു വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. പകരം, ഹിന്ദുത്വ വാദികള്‍ മുന്നോട്ടു വച്ച വിഷയങ്ങള്‍ ഒന്നൊന്നായി തള്ളിക്കളയപ്പെട്ടു. തൊണ്ണൂറുകളില്‍ ബിജെപിയുടെ വര്‍ഗീയ നിലപാട് ഇരുകൈയും നീട്ടി സ്വീകരിച്ചവര്‍ പോലും 2002ലെ ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം പാര്‍ടിയെ കൈവിടുകയാണ് ചെയ്തത്. വംശഹത്യക്കു ശേഷം, ഗുജറാത്തിനു പുറത്തുള്ള എത്ര കാവികോട്ടകളാണ് തകര്‍ന്നടിഞ്ഞത്!
വിനായക ദാമോദര്‍ സവര്‍ക്കറുടെ 'ഹിന്ദുത്വ' അടിസ്ഥാന പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള ഒരു പാര്‍ടിക്കു ഇതു തിരിച്ചറിയാനുള്ള വകതിരിവുണ്ടാകുമെന്ന് കരുതുക വയ്യ. രാജ്നാഥ് സിംഗിന്റേയും അദ്വാനിയുടേയും തീവ്രവാദം കുറഞ്ഞു പോയെന്നായിരിക്കും മോഹന്‍ ഭഗവതിന്റേയും കൂട്ടരുടേയും പുതിയ കണ്ടെത്തല്‍. പുതിയ അയോധ്യകളും ഗോദ്രകളും സൃഷ്ടിക്കാനുള്ള ശ്രമങ്ങളും തള്ളികളഞ്ഞുകൂടാ. അതിനെതിരെ പാവപ്പെട്ടവരുടെ ഇന്ത്യയെ പ്രപ്തമാക്കാനാണ് പുരോഗമന ശക്തികള്‍ ശ്രമിക്കേണ്ടത്.
എംജെഎസ്
