Jan 28, 2010

പരിണാമത്തിന്റെ പുതുവഴികള്‍

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പുതിയ പുസ്തകമായ "ദ ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്തി"നെ കുറിച്ച് ജെജെ
ഒരു പത്തു നൂറു കൊല്ലം കൊണ്ട് കാര്യങ്ങളൊക്കെ എന്തായാലും ഒരുമാതിരിയൊക്കെ ശരിയാകുമെന്നായിരിക്കും മഹാനായ ചാള്‍സ് ഡാര്‍വിന്‍ ചിന്തിച്ചിട്ടുണ്ടായിരിക്കുക. എന്നാല്‍, മനുഷ്യനു ബോധം വരാന്‍ വേണ്ട കാലയളവിനെപ്പറ്റി ആ നല്ല മനുഷ്യനു അത്ര തിട്ടമില്ലായിരുന്നു എന്നു വേണം അനുമാനിക്കാന്‍. ഡാര്‍‌വിനു നേരെ ഒരു ഗോഷ്ടി പായിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ വിശിഷ്ടകൃതിയായ "ഒറിജിന്‍ ഓഫ് സ്പീഷീസ്" പ്രസിദ്ധീകരിച്ച് 150 വര്‍ഷം കഴിഞ്ഞിട്ടും, മനുഷ്യരില്‍ ഒട്ടുമിക്കയെണ്ണവും ഏതാണ്ട് ആറായിരം കൊല്ലം മുന്‍പ് തങ്ങളെ ഒരു ചങ്ങായ് പടച്ചുണ്ടാക്കിയതാണെന്നു വിശ്വസിക്കുന്ന കാഴ്ചകാണാന്‍ ഡാര്‍‌വിന്‍ ഇല്ലാത്തതു നന്നായി.

പരിണാമത്തിന്റെ മനോഹാരിതയും, പ്രസക്തിയും മനുഷ്യരാശിയെ തെളിവുസഹിതം ബോധ്യപ്പെടുത്തിയ ഡാര്‍‌വിന്റെ പുസ്തകത്തിന്റെ ഒരു അനുബന്ധമെന്നോണം വായിക്കാവുന്ന കൃതിയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഏറ്റവും പുതിയ പുസ്തകമായ "ദ ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത്". വസ്തുതളോട് ഡാര്‍‌വിനുണ്ടായിരുന്ന അതേ പ്രതിപത്തി തന്നെയാണ് ഡോക്കിന്‍സിനുമുള്ളത്. ഒരല്പം കൂടെ നിശിതമാണു സമീപനം എന്നു മാത്രം. ഒരു പക്ഷേ ഇത്രയും കാലമായിട്ടും കാര്യങ്ങളെ ശരിയാം‌വണ്ണം മനസ്സിലാക്കത്ത മനുഷ്യരോടു ഡാര്‍വിനുണ്ടായിരിക്കാനിടയുള്ള അരിശം ഡോക്കിന്‍സിലൂടെയാണ് പുറത്തുവരുന്നത്.

പരിണാമമാണ് ഈ പുസ്തകത്തിലേയും വിഷയം. പരിണാമത്തിനുള്ള തെളിവുകള്‍ എന്നാണ് കൃതിയുടെ ഉപതലക്കെട്ടുതന്നെ. ശക്തിയുള്ളതും, യുക്തിസഹവുമായ പരിണാമത്തെളിവുകള്‍ തേടി ഈ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞന്‍ ശാസ്ത്രത്തിന്റെ ഒരു പാടു ചാലുകളിലൂടെ അലയുന്നുണ്ട്. ശരീരശാസ്ത്രം, ജനിതകശാസ്ത്രം, ഭൂമിശാസ്ത്രം എന്നിങ്ങനെ പലതലങ്ങളില്‍ കിടക്കുന്ന വസ്തുതകളെ കൂട്ടിയോജിപ്പിച്ചു പരിണാമപ്രക്രിയയുടെ ഒരു അതിമനോഹരമായ, ഒപ്പം അതിശക്തമായ, ഒരു പാഠപുസ്തകം ഡോക്കിന്‍സ് സൃഷ്ടിക്കുന്നു. എന്താണ് പരിണാമം, അതിന്റെ പ്രസക്തി എന്ത്, അതു എത്രമാത്രം സത്യമാണ്, എന്താണതിനുള്ള തെളിവുകള്‍, എന്തു കൊണ്ട് നമ്മുടെ സമൂഹം ഈ പച്ചപ്പരമാര്‍ത്ഥത്തിനു നേരെ ഇങ്ങനെ മുഖം തിരിക്കുന്നു, എന്നിങ്ങനെ ഒരു പാടു ചോദ്യങ്ങള്‍ക്ക് ഡോക്കിന്‍സ് മറുപടി നല്‍കുന്നുണ്ട്.

എന്നാല്‍ അതു കൊണ്ടും അദ്ദേഹം നിറുത്തുന്നില്ല. പുസ്തകത്തിന്റെ ആമുഖത്തില്‍ തന്നെ വിശദമാക്കുന്നപോലെ, ഈ ചരിത്ര ശാസ്ത്ര വസ്തുതകളെയെല്ലാം വളച്ചൊടിച്ച്, മറച്ചുവെച്ചു തന്നിഷ്ടം സാധിക്കുന്ന മതപ്രസ്ഥാനങ്ങളെയും, തത്വസംഹിതകളെയും ഈ പുസ്തകം കടന്നാക്രമിക്കുന്നുണ്ട്. ഡോക്കിന്‍സിനെ പരിചയമുള്ളവര്‍ക്ക് ഒട്ടും അതിശയം തോന്നാത്ത ഈ ആക്രമണത്തിനായി അദ്ദേഹം ഡാര്‍‌വിനെയും പരിണാമസിദ്ധാന്തത്തേയും കൂട്ടുപിടിക്കുന്നു. ഏതാനും ദശകങ്ങളായി ഡോക്കിന്‍സ് മതസംഹിതകള്‍, പ്രത്യേകിച്ചും സെമെറ്റിക് മതങ്ങള്‍, മുന്നോട്ടുവക്കുന്ന സൃഷ്ടിവാദത്തിന്റെ അതിനിശിത വിമര്‍ശകനാണ്.

തന്റെ പുസ്തകങ്ങളിലൂടെ, പ്രത്യേകിച്ചും 2006ല്‍ പുറത്തിറങ്ങിയ "ഗോഡ് ഡെലുഷന്‍" എന്ന നിരീശ്വരവാദ കൃതിയിലൂടെ അദ്ദേഹം ക്രിയേഷനിസത്തിന്റെ അപകടങ്ങളെപ്പറ്റിയും, അബദ്ധവിശ്വാസങ്ങളിലുറച്ച മതപഠനങ്ങളെപ്പറ്റിയും മുന്നറിയിപ്പുകള്‍ തന്നിരുന്നു. കൂട്ടത്തില്‍ പറയട്ടെ, ഗോഡ് ഡെലൂഷന് ബ്രിട്ടീഷ് ചിന്തകനായ ടെറി ഈഗ്ഗള്‍ട്ടണ്‍ അതിമനോഹരമായ ഒരു മറുപടി അതേ വര്‍ഷം തന്നെ "ലണ്ടന്‍ റിവ്യൂ ഓഫ് ബൂക്ക്സി"ല്‍ എഴുതുകയുണ്ടായി. പിന്നീടത് ശാസ്ത്രലോകത്ത് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് വഴിതെളിക്കുകയും ചെയ്തു.

തിരിച്ച് 'ദ ഗ്രേറ്റസ്റ്റ് ഷോ ഓഫ് എര്‍ത്തി'ല്‍ (Bantam Press) എത്തുമ്പോള്‍ ഡോക്കിന്‍സിന്റെ ചിന്ത തന്റെ ആദ്യപുസ്തകമായ "സ്വാര്‍ത്ഥ ജീനിന്റെ" (The Selfish Gene) ഗതിയില്‍ നിന്നും നീങ്ങി നങ്കൂരമിടുകയാണ്. ഒരു ഹാര്‍പ്പൂണിന്റെ കൂര്‍മതയോടെ തുളച്ചുകയറുന്ന ചിന്തയുടെ ക്രോഡീകരിച്ച സമാഹാരമാണ് ഡോക്കിന്‍സിന്റെ ഓരോ പുസ്തകവും. ഈ പുതിയ പുസ്തകവും അതിനപവാദമല്ല. ശാസ്ത്രസത്യങ്ങളില്‍ താല്പര്യമുള്ള ആരും വായിക്കേണ്ട പുസ്തകമാണിത്.

തുറന്നമനസ്സോടെ ഡോക്കിന്‍സിനെ വായിക്കുമ്പോള്‍ ചെലവില്ലാതെ തിരിഞ്ഞുകിട്ടുന്ന ഒന്നുണ്ട്: മനുഷ്യനെ ഇനിയും സൃഷ്ടിയുടെ പിപ്പാടാച്ചി കാണിച്ച് പേടിപ്പിച്ചു കിതപ്പിച്ചു അടക്കി നിറുത്തുന്ന മതങ്ങള്‍ക്കും, അതിനു ഓശാനപാടുകയും, ശംഖും, ബാങ്കും വിളിക്കുന്ന ആള്‍‌രൂപങ്ങള്‍ക്കും നേരെ ഒന്നും കനപ്പിച്ചു നോക്കി, "നാണമില്ലയ്യേ, പുപ്പൂയ്!" എന്നു വിളിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ജെജെയുടെ മറ്റു കുറിപ്പുകള്‍
മിഖായീലിന്റെ ചരിതം
മഞ്ഞുമുഖമുള്ള പക്ഷി